നാടന്‍ കലാരൂപങ്ങള്‍ തിരിച്ചു വരുമ്പോള്‍: സേതു എഴുതുന്നു

അമ്പലപ്പറമ്പുകളിലും കലാസമിതി വേദികളിലും ഒട്ടേറെ അമേച്ച്വര്‍ നാടകങ്ങള്‍ കണ്ടു ശീലിച്ച ഞങ്ങളുടെ തലമുറയുടെ ആസ്വാദനശീലങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നത് പില്‍ക്കാലത്തെ സാമൂഹ്യനാടകങ്ങളുടെ കടന്നുവരവോടെയാണ്.
നാടന്‍ കലാരൂപങ്ങള്‍ തിരിച്ചു വരുമ്പോള്‍: സേതു എഴുതുന്നു

താനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എം.കെ. അര്‍ജുനന്‍ മാഷ് ക്ഷണിച്ചിട്ട് ഫോര്‍ട്ടുകൊച്ചിയില്‍ വച്ചു നടന്ന 'ലോകനാടകദിനത്തില്‍' അതിഥിയായി പങ്കെടുത്തപ്പോഴാണ് സത്യത്തില്‍ ആ ദിവസത്തിന്റെ പ്രാധാന്യം  ഓര്‍മ്മവന്നത്. അന്നത്തെ ചടങ്ങില്‍ അദ്ദേഹത്തിനു പുറമെ കെ.പി.എ.സി. ബിയാട്രീസ് അടക്കമുള്ള ഒട്ടേറെ പഴയകാല നാടകപ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. അവര്‍ക്കൊക്കെ തമ്മില്‍ കൈമാറാന്‍ കുറേയേറെ പഴയകാല നാടക സ്മരണകളുമുണ്ടായിരുന്നു. ജീവിക്കാനായി ഇന്നത്തെപ്പോലെ സിനിമയും ടിവിയുമടക്കമുള്ള ദൃശ്യ മാദ്ധ്യമങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് കഷ്ടപ്പാടുകളുടെ  നടുവില്‍, സ്വന്തം ജീവിതം തന്നെ നാടകത്തിന് അര്‍പ്പിക്കേണ്ടിവന്നവരുടെ കഥകള്‍ ഉള്ളുരുക്കുന്നതായിരുന്നു. തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ചിലരുടെ കണ്ണുകള്‍ നിറയുന്നതും തൊണ്ട ഇടറുന്നതും കണ്ടു.

അമ്പലപ്പറമ്പുകളിലും കലാസമിതി വേദികളിലും ഒട്ടേറെ അമേച്ച്വര്‍ നാടകങ്ങള്‍ കണ്ടു ശീലിച്ച ഞങ്ങളുടെ തലമുറയുടെ ആസ്വാദനശീലങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നത് പില്‍ക്കാലത്തെ സാമൂഹ്യനാടകങ്ങളുടെ കടന്നുവരവോടെയാണ്. അതില്‍ വലിയൊരു പങ്ക് വഹിച്ചത് കെ.പി.എ.സി. തന്നെയായിരുന്നു. ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന നവോത്ഥാനത്തിനു വലിയ ആക്കം കൊടുത്തത് അന്നത്തെ ജനകീയ കലാപ്രസ്ഥാനങ്ങള്‍ തന്നെയായിരുന്നുവെന്നതിന് യാതൊരു സംശയവുമില്ല. ഇതില്‍ നാടകത്തിനു പുറമെ കഥാപ്രസംഗത്തിനും വലിയൊരു പങ്കുണ്ടായിരുന്നു. ലോകസാഹിത്യത്തെ സാമാന്യ ജനങ്ങളിലേക്ക് എത്തിക്കാനായി ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ചത്  കെടാമംഗലം സദാനന്ദന്‍, സാംബശിവന്‍ തുടങ്ങിയ പ്രഗല്‍ഭന്മാരായിരുന്നു. വിദേശഭാഷാ നോവലുകള്‍ക്കു പുറമെ ഒട്ടേറെ ബംഗാളി നോവലുകളും അമ്പലപ്പറമ്പുകളിലെ സാധാരണക്കാരിലേക്ക് എത്തിച്ചത് പ്രധാനമായും സാംബശിവനായിരുന്നു. അദ്ദേഹം പലയിടങ്ങളിലെ വേദികളിലായി, വെളുപ്പിന് രണ്ടു മണിവരെയൊക്കെ കഥകള്‍ പറഞ്ഞിരുന്നുവെന്ന് കേട്ടിട്ടുണ്ട്. 

അതുപോലെ തന്നെ എന്റെ നാട്ടുകാരനായ കെടാമംഗലം സദാനന്ദന്‍. കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങള്‍ എത്രയോ തവണ കേട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പില്‍ക്കാലത്ത് അദ്ദേഹത്തോടൊപ്പം ചില പ്രസംഗവേദികള്‍ പങ്കിടേണ്ടിവന്നപ്പോഴെല്ലാം ഞാന്‍ ജനഹൃദയങ്ങളെ കീഴടക്കിയ ആ വലിയ കലാകാരനോടുള്ള ആദരം പ്രകടിപ്പിച്ചിട്ടുമുണ്ട്.  സുഖമില്ലാതെ കിടക്കുമ്പോള്‍ കാണാന്‍ ചെന്ന എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് ഒപ്പം എഴുന്നേറ്റു നില്‍ക്കാന്‍ കഴിയുന്നില്ലല്ലോയെന്ന് അദ്ദേഹം കരഞ്ഞു പറഞ്ഞത് ഓര്‍മ്മവരുന്നു. മൂവായിരത്തോളം സ്റ്റേജുകളില്‍ രമണന്‍ പറയാനായി നിന്നു തന്റെ കാലുകള്‍ തളര്‍ന്നു പോയെന്നാണ് അദ്ദേഹം സങ്കടപ്പെട്ട് പറഞ്ഞത്. അതുകഴിഞ്ഞ് ഒരു മാസത്തിനുള്ളിലോ മറ്റോ അദ്ദേഹം വിടപറയുകയും ചെയ്തു. അതിനു മുന്‍പൊരിക്കല്‍ കഥാപ്രസംഗവേദിയില്‍ വീല്‍ ചെയറിലോ മറ്റോ ചെന്നിരുന്നതായി കേട്ടിട്ടുണ്ട്.  

എന്തായാലും, ഇക്കൊല്ലത്തെ ലോകനാടകദിനത്തില്‍ വൈപ്പിനടുത്തുള്ള നായരമ്പലത്തെ 'ലോകധര്‍മ്മി'യില്‍  അതിഥിയായി പങ്കെടുത്തപ്പോള്‍ ഈ പഴയ കഥകളില്‍ ചിലതൊക്കെ ഓര്‍ത്തുപോയി. കുട്ടിക്കാലത്ത് അമ്പലപ്പറമ്പിലെ മണലില്‍ ഇരുന്നും കിടന്നും മയങ്ങിയും ഉണര്‍ന്നുമൊക്കെ പുലരും വരെ കഥകളി കണ്ടിരുന്നത്... കലാമണ്ഡലം കൃഷ്ണന്‍നായരും, കുടമാളൂരും രാമന്‍കുട്ടിനായരും ശിവരാമനും തൊട്ട് എല്ലാ മഹാരഥന്മാരും അവിടെ കളിക്കാറുണ്ടായിരുന്നു. അതുപോലെ മേജര്‍ സെറ്റ് മേളക്കാര്‍, പാട്ടുകാര്‍. അന്ന് അമ്പലപ്പറമ്പിലെ മയക്കത്തില്‍നിന്ന് പലപ്പോഴും ഉണര്‍ത്തിയിരുന്നത് ചമ്പക്കുളം പാച്ചുപിള്ളയുടെ 'ചുവന്നാടിയുടെ' അലര്‍ച്ചയായിരുന്നു... പിന്നെ വിഷുവിനു ശേഷം നടക്കാറുണ്ടായിരുന്ന നാല്‍പ്പത്തൊന്ന് ദിവസത്തെ ചാക്യാര്‍ക്കൂത്ത്... അവിടെ വന്ന് കൂത്ത് പറയാത്ത മഹാരഥന്മാര്‍ ആരുമില്ലായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. കഥ കേള്‍ക്കാനും പറയാനുമുള്ള ആവേശം തുടങ്ങിയത് ഈ കൂത്തില്‍ നിന്നാണെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. 

ഈ ലോകധര്‍മ്മി ഒരു മഹാവിസ്മയം തന്നെയാണ്. ചന്ദ്രദാസന്‍ എന്ന നാടകപ്രവര്‍ത്തകന്‍ തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുന്നത് നാടകത്തിനുവേണ്ടിയാണ്. ഈ നാടകവേദിക്കായി നായരമ്പലത്ത് കായലിനടുത്തായി ചെറിയൊരു സ്ഥലം അദ്ദേഹം വാങ്ങിയത് തന്നെ സ്വന്തം വസ്തുവകകള്‍ വിറ്റിട്ടാണത്രെ. ഡോക്ടര്‍ കെ.ജി. പൗലോസാണ് ലോകധര്‍മ്മിയുടെ ചെയര്‍മാന്‍. ഷാജി ജോസഫ് സെക്രട്ടറിയും. ബിജിബാല്‍, മുത്തുമണി തുടങ്ങി ഒട്ടേറെ നാടകപ്രവര്‍ത്തകരും ഇവരുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്കുള്ള ഇവിടെയും പുറത്തുമായുള്ള നാടകപരിപാടികള്‍ക്കു പുറമെ നാടകം അഭ്യസിപ്പിക്കാനായി നാടകക്കളരിയുമുണ്ട്. ലോകനാടകങ്ങളില്‍ വന്നിട്ടുള്ള ചലനങ്ങളെപ്പറ്റി നാടകപ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര അവബോധമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. കൂട്ടത്തില്‍ നമ്മുടെ പരമ്പരാഗത നാട്യസമ്പ്രദായങ്ങളായ കഥകളി, കൂടിയാട്ടം എന്നിവയ്ക്കു പുറമെ കേരളീയ നാടന്‍ കലാരൂപങ്ങളായ മുടിയേറ്റ്, പടയണി, തെയ്യം തുടങ്ങിയവയും ഇവിടത്തെ പാഠ്യപദ്ധതിയിലുണ്ട്. ഷേക്സ്പിയര്‍, സ്റ്റാനിസ്ലാവ്‌സ്‌കി, ബ്രെഹ്ത്, പീറ്റര്‍ബ്രൂക്ക് തുടങ്ങിയവരുടെ സംഭാവനകളും ചര്‍ച്ചാ വിഷയമാക്കപ്പെടുന്നുണ്ട്. കുട്ടികള്‍ക്കായി മഴവില്ല്  എന്ന പേരില്‍ വേറെ സെഷനുകളുമുണ്ട്. സന്ദര്‍ശകരായി ധാരാളം വിദേശികളും വരുന്ന ഈ കലാകേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ചെറിയൊരു പിന്തുണ കിട്ടുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ കൂടി വലിയ സഹായം കൂടാതെ വയ്യ. അവര്‍ ചെയ്യുന്ന ശാകുന്തളം, കര്‍ണ്ണഭാരം തുടങ്ങിയ ചില നാടകങ്ങള്‍ ദേശീയ പ്രസക്തിയുള്ളവ കൂടിയാണ്.  

ഈ പശ്ചാത്തലത്തില്‍ ഞങ്ങളുടെ പ്രദേശത്ത് തഴച്ചുവളര്‍ന്ന 'ചവിട്ടുനാടക'മായിരുന്നു ഈ ലോകനാടകദിനത്തിലെ അരങ്ങിലെത്തിയതെന്നത് ഉചിതമായി തോന്നി. കൂട്ടത്തില്‍ ഏറെ പ്രശസ്തവും ആകര്‍ഷകവുമായ 'കാറല്‍സ്മാന്‍ ചരിതം' തന്നെയായിരുന്നു അന്നവിടെ അരങ്ങേറിയത്. കുട്ടിക്കാലത്ത് നാട്ടിലെ ഏതോ പള്ളിവേദിയില്‍ ഒരു ചവിട്ടുനാടകം കണ്ട ഓര്‍മ്മയുണ്ട്. ഞങ്ങള്‍ക്കൊക്കെ സുപരിചിതമായ കഥകളി, കൂത്ത്, കൂടിയാട്ടം, ഓട്ടന്‍തുള്ളല്‍, പാഠകം എന്നിവയില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായി വേറൊരു ഭാഷയില്‍, മറ്റൊരു നാടിന്റെ ചരിത്രം പറയുന്ന ആ കഥയിലെ പാട്ടുകളും വെട്ടിത്തിളങ്ങുന്ന വേഷമണിഞ്ഞ നടന്മാരുടെ ചടുലമായ ചലനങ്ങളുമെല്ലാം ആകര്‍ഷണീയമായിരുന്നു. അന്ന് പ്രധാന നടന്മാരുടെ ഉടയാടകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവച്ച നിറമുള്ള ബള്‍ബുകള്‍ മിന്നിയിരുന്നതായി ചെറിയൊരു ഓര്‍മ്മയുണ്ട്. ആ നാടകത്തിന്റെ പശ്ചാത്തലത്തെപ്പറ്റിയോ ചരിത്രത്തെപ്പറ്റിയോ  അന്നത്തെ കാലത്ത് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവിടെയും ഇവിടെയുമായി ചില നുറുങ്ങുകള്‍ അന്ന് കിട്ടിയിരുന്നു. 

അതുകൊണ്ടുതന്നെ പതിറ്റാണ്ടുകള്‍ക്ക് ശേഷം, ചേന്ദമംഗലത്തിന്റെ പശ്ചാത്തലത്തില്‍ 'മറുപിറവി' എന്ന നോവല്‍ എഴുതാനിരുന്നപ്പോള്‍ ഞങ്ങളുടെ നാട്ടിലെ ഒരു പ്രബല സമുദായമായ ലത്തീന്‍ ക്രിസ്ത്യാനികളുടെ ജീവിതം കൂടി അതില്‍ കടന്നുവരണമെന്ന് എനിക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു. അവരുടെ കുറേ കുടുംബങ്ങള്‍ ഞങ്ങളുടെ ചുറ്റുപാടുമുണ്ടായിരുന്നു. അങ്ങനെയാണ് ചവിട്ടുനാടകമെന്ന അവരുടെ തനതു കലാരൂപത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത്. ഇതേപ്പറ്റി ആധികാരികമായി പറയുന്ന ഒരേയൊരു പുസ്തകം പോഞ്ഞിക്കര റാഫിയുടെ പത്‌നിയും ചവിട്ടുനാടകത്തിന്റെ കേന്ദ്രമായ ഗോതുരുത്തുകാരി കൂടിയായ സെബീന റാഫിയുടേത് മാത്രമേയുള്ളുവെന്ന് അന്നാണ് മനസ്സിലായത്. അച്ചടിയിലില്ലാതിരുന്ന ആ പുസ്തകത്തിന്റെ ഒരു കോപ്പി കിട്ടാന്‍ വഴിയില്ലാതിരുന്നതുകൊണ്ട്, ഉപയോഗം കഴിഞ്ഞു  തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിലാണ് ആ പഴയ പുസ്തകത്തിന്റെ അവിടവിടെ കീറിയ ഒരു കോപ്പിയിലൂടെ കടന്നു പോകാനായത്. 

അങ്ങനെ ചവിട്ടുനാടകത്തിന്റെ മുഴുവന്‍ ചരിത്രവും തെളിഞ്ഞുകിട്ടി. അതില്‍ സെബീന ടീച്ചറും ഗോതുരുത്തിലെ ചവിട്ടുനാടകസംഘവും കൂടി 1950-ല്‍ ആദ്യത്തെ  റിപ്പബ്ലിക് പരേഡിന്റെ സമയത്ത് ദില്ലിയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനു മുന്‍പില്‍ ഈ കലാരൂപം അവതരിപ്പിച്ചെന്നു പറഞ്ഞിട്ടുണ്ട്. അവരെല്ലാം കൂടി നെഹ്റുവിനോടൊപ്പം നില്‍ക്കുന്ന ഒരു പടവുമുണ്ട്. ഈ അവതരണത്തിനുശേഷം ആവേശഭരിതനായ പണ്ഡിറ്റ്ജി  സകല  പ്രോട്ടോക്കോളുകളും മാറ്റി വച്ച്, അവരെ ഓരോരുത്തരെയായി വിളിച്ച് അഭിനന്ദിച്ചതിനു പുറമെ വര്‍ണ്ണത്തൂവലുകള്‍ തിരുകിയ അവരുടെ കിരീടം സ്വന്തം തലയില്‍ വച്ച് ഫോട്ടോവിന് പോസ് ചെയ്യുകയും ചെയ്തു. അന്ന് കിട്ടിയ പ്രശസ്തി കുറേക്കാലം കൂടി നിന്നെങ്കിലും കൊച്ചി, കൊല്ലം, ആലപ്പുഴ തുടങ്ങിയ  കടലോരപ്രദേശങ്ങളില്‍ ചില സംഘങ്ങള്‍ രൂപം കൊണ്ടെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അവയ്ക്ക് മുന്നോട്ടു പോകാനായില്ല. തങ്ങളുടെ തൊഴില്‍ മാറ്റിവച്ച് ഏറെ മിനക്കെടാന്‍ തയ്യാറായ കലാകാരന്മാര്‍ കുറഞ്ഞതുകൊണ്ടും മറ്റു പ്രൊഫഷണല്‍ നാടകങ്ങളെപ്പോലെ ജനപിന്തുണ കിട്ടാത്തതുകൊണ്ടും ചെലവ് കൂടിയ ഈ  പരിപാടി അധികകാലം മുന്നോട്ടുപോയില്ലെന്നതാണ് സത്യം. പിന്നീട് ഇതിന് ശക്തമായൊരു പിന്തുണ കിട്ടിയത് ചേന്ദമംഗലത്തെ ഗോതുരുത്തില്‍ നിന്നുതന്നെയായിരുന്നു. ഇന്ന് തമ്പി പയ്യപ്പിള്ളി ആശാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സജീവമായി ഈ രംഗത്തുണ്ട്. മാത്രമല്ല, ഒരു ചവിട്ടുനാടക അക്കാദമിയും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.  

അല്പം ചരിത്രം
രസകരമാണ് ചവിട്ടുനാടകത്തിന്റെ ചരിത്രം. 16-ാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് അധിനിവേശ കാലം. അന്നത്തെ അവരുടെ ആര്‍ച്ചു ബിഷപ്പായിരുന്ന, മതഭ്രാന്തനായ ഡോ. മെനിസിസിന് പള്ളിയങ്കണങ്ങളില്‍ ഹിന്ദുക്കളുടെ കലാരൂപങ്ങള്‍ അരങ്ങേറപ്പെടുന്നതില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു. എന്തുകൊണ്ടു നമുക്ക് നമ്മുടെ ജനങ്ങളുടെ ജീവിതവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന ഒരു തനതു കലാരൂപം ഉണ്ടായിക്കൂടായെന്ന് അദ്ദേഹം ചോദിച്ചുവത്രെ. പരിചമുട്ടുകളി, മാര്‍ഗ്ഗംകളി എന്നിവയുണ്ടായിരുന്നെങ്കിലും കുറേക്കൂടി ആകര്‍ഷകവും ജനകീയവുമായൊരു കലാരൂപമായിരുന്നിരിക്കണം അദ്ദേഹത്തിന്റെ മനസ്സില്‍. അതായത് നമ്മുടെ കളരിപ്പയറ്റ്, കര്‍ണാടകത്തിലെ യക്ഷഗാനം, തമിഴ്നാട്ടിലെ നാട്ടുവാ തുടങ്ങിയവയുടെ മാതൃകയില്‍   ജനശ്രദ്ധ പിടിച്ചെടുക്കാന്‍ പറ്റിയ, ആകര്‍ഷകമായ വേഷവിധാനങ്ങളും ചടുലമായ ചുവടുവെയ്പുകളും ഇമ്പമുള്ള സംഗീതവുമുള്ള ഒരു നാടകരൂപമായിരുന്നു അദ്ദേഹത്തിന്റെ പരിഗണനയില്‍. ഇതേപ്പറ്റി പ്രസിദ്ധമായ ഉദയംപേരൂര്‍ സൂനഹദോസില്‍ അദ്ദേഹം സംസാരിച്ചിരുന്നതായി കേട്ടിട്ടുണ്ട്. 
അങ്ങനെയാണ് ചിന്നത്തമ്പി അണ്ണാവി എന്ന പദ്യകാരന്‍ രംഗത്തു വരുന്നത്. അദ്ദേഹത്തെപ്പറ്റി  കൃത്യമായ രേഖകളില്ലെങ്കിലും ഇന്ത്യയില്‍ ഏറെക്കാലം മിഷനറി പ്രവര്‍ത്തനം ചെയ്തുകൊണ്ടിരുന്ന, തമിഴ് അറിയാമായിരുന്ന  പോര്‍ച്ചുഗീസുകാരന്‍ പാതിരിയാണെന്ന് പറയപ്പെടുന്നു. ലാറ്റിനിലും ചെന്തമിഴിലുമുള്ള കേള്‍ക്കാന്‍ ഇമ്പമുള്ള ചുവടി ഗാനങ്ങള്‍, പക്കമേളങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുമ്പോള്‍, അതോടൊപ്പം അരങ്ങില്‍ ശക്തമായി ചവിട്ടിക്കൊണ്ടാണ് നടന്മാര്‍ ചുവടുവയ്ക്കുന്നത്. ആദ്യകാലങ്ങളില്‍ പുരുഷന്മാര്‍ മാത്രമാണ് അഭിനയിച്ചുകൊണ്ടിരുന്നതെങ്കിലും 1956-ല്‍ ആദ്യമായി 'ഗീവര്‍ഗീസ് ചരിതം' എന്ന നാടകത്തില്‍ സ്ത്രീകളുടെ റോള്‍ അവര്‍ തന്നെയാണ് അഭിനയിച്ചതത്രെ.  പിന്നീട് 1960-ല്‍ ഗോതുരുത്തില്‍ സ്ത്രീകളുടേത് മാത്രമായൊരു ട്രൂപ്പും ഉണ്ടായി. ദാവീദ് ജയം, ഗീവര്‍ഗീസ് ചരിത്രം, സെന്റ് ഫിലോമിന ചരിത്രം, ആഞ്ചലിക്ക, സത്യപാലകന്‍... അങ്ങനെ ചവിട്ടുനാടകങ്ങള്‍ പലതും പിന്നീട് രചിക്കപ്പെട്ടുവെങ്കിലും കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധം ചിന്നത്തമ്പി അണ്ണാവിയുടെ രചനകളായ കാറല്‍സ്മാനും ബ്രിജീനാ ചരിതവുമാണ്. പ്രത്യേകിച്ചും നാട്യപ്രധാനമായ കാറല്‍സ്മാന്‍ തന്നെ.

ആര്‍ച്ച് ബിഷപ്പ് മെനിസിസ് നിര്‍ദ്ദേശിച്ചതനുസരിച്ച് ഒരു നാടകത്തിനു രൂപം കൊടുക്കുമ്പോള്‍ വീരശൂരപരാക്രമിയായ ഒരു നായകന്റേയും അയാളുടേയും അനുയായികളുടേയും പ്രകടനങ്ങള്‍ക്ക് സ്ഥാനം കൊടുക്കേണ്ടിവരും. സ്വാഭാവികമായും, വില്ലനുമായുള്ള ഏറ്റുമുട്ടലില്‍ അവസാനം സത്യവും നീതിയും ജയിക്കുന്ന സന്ദേശവും കൊടുക്കാതെ വയ്യ. ഇതെല്ലാം മനസ്സില്‍ വച്ചുകൊണ്ടു തന്നെയാണ് ചിന്നത്തമ്പി അണ്ണാവി കാറല്‍സിനു രൂപം കൊടുത്തിരിക്കുന്നത്. നമ്മുടെ നാട്ടില്‍ നിന്ന് തങ്ങളുടേതായൊരു ഹീറോവിനെ കണ്ടെത്താനാകാതെ ഒടുവില്‍ അദ്ദേഹത്തിന് യൂറോപ്പിലേക്കുതന്നെ പോകേണ്ടിവന്നു. എട്ടാം നൂറ്റാണ്ടില്‍ മദ്ധ്യകാല യൂറോപ്പില്‍ വിശാലമായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ആളായിരുന്നു ചാള്‍സ്മെയിന്‍. ആദ്യകാലത്ത് ഫ്രാങ്കുകളുടെ രാജാവായിരുന്ന അദ്ദേഹം പടിപടിയായി തന്റെ സാമ്രാജ്യം വിപുലീകരിക്കുകയും റോമന്‍ ചക്രവര്‍ത്തി എന്ന പദവി സ്വീകരിക്കുകയും ചെയ്തുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടണ്ട്. 

ഇദ്ദേഹത്തെ നായകനാക്കിയാണ് കാറല്‍സ്മാന്‍ നാടകം ചിന്നത്തമ്പി അണ്ണാവി രചിച്ചിരിക്കു ന്നത്. തന്റെ ഇതിവൃത്തത്തെ പൊലിപ്പിക്കാനായി ചരിത്രത്തില്‍നിന്ന് വളരെയേറെ വഴുതിമാറി ഭാവനയില്‍നിന്ന് നാടകത്തിലെ നായകന് വീരപരിവേഷം കൊടുക്കേണ്ടിവന്നിട്ടുണ്ട്. നാടകത്തില്‍  കാറല്‍സ്മാന്‍ തുര്‍ക്കി ചക്രവര്‍ത്തിയായ അല്‍ബിരാന്തിനെ യുദ്ധത്തില്‍ തോല്‍പ്പിക്കുന്നുണ്ടെങ്കിലും ചരിത്രത്തില്‍ ചാള്‍സ്മെയിന്‍ തുര്‍ക്കിയുമായി ഒരിക്കലും യുദ്ധം ചെയ്തിട്ടില്ലത്രെ. പണ്ടുകാലത്ത് പല രാത്രികളോളം നീണ്ടുനില്‍ക്കുന്ന കഥയായാണ് കാറല്‍സ്മാന്‍ അവതരിപ്പിച്ചിരുന്നതെങ്കിലും പിന്നീടത് ഏതാനും മണിക്കൂറുകളിലേക്ക് ചുരുങ്ങി. കഥകളിക്ക് പില്‍ക്കാലത്ത് സംഭവിച്ച മാറ്റങ്ങള്‍പോലെ തന്നെ. ഇന്നത്തെ കാലത്ത് വല്ലാതെ നീണ്ടുപോകുന്ന നാടകരൂപങ്ങള്‍ക്ക് കാണികളെ കിട്ടാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഒന്നുകൂടി ചുരുക്കി ഏതാണ്ട് രണ്ടുമണിക്കൂറിനകത്ത് ഒതുങ്ങുന്ന രൂപത്തിലാക്കി. 
ആട്ടക്കളരിയിലെ ആശാനാണ് ഇവിടെ ഗുരു. പഴയ കളരി സമ്പ്രദായത്തിലെന്നപോലെ ആശാന്റെ കഠിനശിക്ഷണത്തില്‍ മാസങ്ങളോളം ശീലിച്ചാലേ മെയ്വഴക്കവും ചുവടുകളും ശരിയായിക്കിട്ടൂ. നല്ല ശകാരവും അവഗണനയും സഹിച്ചാലേ മുന്നോട്ടുപോകാനാകൂ.  കളരിയിലേക്കുള്ള പ്രവേശനച്ചടങ്ങുകള്‍ക്കും ചില ചിട്ടകളുണ്ട്. അവിടത്തെ നിലവിളക്കിനും കുരിശിനും മുന്‍പില്‍ വെറ്റിലയില്‍ പുത്തന്‍ വച്ചു ആശാനു ദക്ഷിണ കൊടുക്കണം. പിന്നീട് കാലു തൊട്ട് നെഞ്ചില്‍ വെയ്ക്കുമ്പോള്‍, ആശാന്മാര്‍ തലയില്‍ കൈവെച്ചനുഗ്രഹിക്കാറുണ്ട്. അത് കഴിഞ്ഞുള്ള ചുവടി വഴങ്ങലില്‍ നാടകത്തിലെ ആദ്യ പേജില്‍ ദക്ഷിണ വെച്ചു തൊട്ടു നെഞ്ചിലും നെറ്റിയിലും വെയ്ക്കുമ്പോള്‍, ഗ്രന്ഥം തലയില്‍വെച്ചു അനുഗ്രഹിക്കുമ്പോള്‍, ആശാന്റെ കണ്ണുകളിലെ തിളക്കത്തിനു വേണ്ടിയാവും ശിഷ്യന്മാര്‍ മോഹിക്കുക. ചുവടുകള്‍ വശമായ ശേഷമാണ് വാള്‍, കുന്തം, വടി തുടങ്ങിയവ കൊണ്ടുള്ള അടവുകള്‍ പഠിപ്പിക്കുന്നത്. അങ്ങനെ ചുവടുകളും അത്യാവശ്യം പയറ്റുമുറകളും ശീലിച്ച ശേഷമാണ് ശരിക്കുള്ള ചൊല്ലിയാട്ടം തുടങ്ങുന്നത്. 

ജന്മസിദ്ധമായ കഴിവും താല്പര്യവുമുണ്ടെങ്കില്‍, അധ്വാനിക്കാന്‍ തയ്യാറാണെങ്കില്‍, ആശാന്റെ കണ്ണില്‍ പിടിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ അരങ്ങേറ്റം. ആദ്യം ബാലാപ്പാര്‍ട്ട് തന്നെ. സ്റ്റേജിന്റെ ഇരുവശങ്ങളില്‍ നിന്നുമായി ചുവട് വെച്ചു കയറുന്ന മുതിര്‍ന്ന കുട്ടികള്‍ ദക്ഷിണ വച്ചു നമസ്‌കരിച്ച്, ആശാന്‍ പറയുന്ന  ചുവടുകളും കവിത്തവും മറ്റും കാണിക്കുന്നു. എന്നിട്ട് അന്നവിടെ ആടാന്‍ പോകുന്ന കഥയുടെ ചുരുക്കം സദസ്സിനു പറഞ്ഞുകൊടുക്കുന്നു. സദസ്സിനെ കളിയിലേക്ക് പരുവപ്പെടുത്താനുള്ള ചുമതല ബാലാപ്പാര്‍ട്ടുകാര്‍ക്കാണ്. 

കാറല്‍സ്മാനെപ്പറ്റി അല്പം
കാറല്‍സ്മാന്റെ ദര്‍ബാറില്‍നിന്നുതന്നെയാണ് നാടകത്തിന്റെ തുടക്കം. പകിട്ടുള്ളഉടയാടകളില്‍,  ശൂരന്മാരായ പടയാളികളുടെ അകമ്പടിയോടെ എഴുന്നള്ളുന്ന പ്രാംസ് ചക്രവര്‍ത്തിയായ കാറല്‍സ്മാന്‍ എമ്പ്രദോര്‍, പാരിമാര്‍ എന്ന പടയാളികളുടെ കവിത്തം ചൊല്ലിയുള്ള വരവേല്‌പോടെയാണ് അരങ്ങ് കൊഴുക്കുന്നത്. ആ സമയത്ത് ഭടന്മാര്‍ ചുവട് വച്ചു പാടുന്ന പാത്രപ്രവേശദാരുവിന്റെ ചില വരികള്‍ ഇങ്ങനെയാണ്:
എങ്കും പുകഴ്ചിറൈ...പൊങ്കും പ്രാംസൈനകരില്‍, 
തുങ്കനായി വാഴുകിന്റ...തങ്കമുടിയരന്‍.
ആണ്ടോനരുള്‍പ്പടിക്ക്...മണ്ടലമീതിലെങ്കും
കണ്ടണി വീരര്‍കളെ...തുണ്ടായിത്തുരത്തീടുവേന്‍
അതൊക്കെ കേട്ട് ചെങ്കോലുമേന്തി സിംഹാസനത്തില്‍ ഞെളിഞ്ഞിരിക്കുകയാണ് ചക്രവര്‍ത്തി. അങ്ങനെ തന്റെ വീരകൃത്യങ്ങളുടെ അപദാനങ്ങള്‍ കേട്ടു രസിച്ച ശേഷം ചക്രവര്‍ത്തി മന്ത്രിയോട് നാട്ടുവളര്‍മ അന്വേഷിക്കാന്‍ തുടങ്ങുന്നതോടെ കാണികള്‍ നാടകത്തില്‍ അലിയുകയായി... ഇങ്ങനെ രാജ്യവിസ്താരം കഴിഞ്ഞ ശേഷം ചക്രവര്‍ത്തി തന്റെ എതിരാളിയായ തുര്‍ക്കിയിലെ അള്‍ബിരാന്തു ചക്രവര്‍ത്തിയെ പോരിനു വിളിച്ചു ദൂതനെ അയക്കുന്നു...അള്‍ബിരാന്തിനെപ്പോലെ പരാക്രമിയാണ് അയാളുടെ പുത്രനായ പെരബ്രാസ് രാജകുമാരനും. സ്വാഭാവികമായും ദൂതനെ പുച്ഛിച്ച് മടക്കി അയക്കുകയാണ് തുര്‍ക്കി രാജാവ്. പിന്നീടങ്ങോട്ട് അരങ്ങ് തകര്‍ക്കുന്ന പൊരിഞ്ഞ പോരാണ്. തിമര്‍പ്പന്‍ ചുവടുകളിലൂടെ, പയറ്റുമുറകളിലൂടെ, അരങ്ങ് കൊഴുപ്പിക്കുന്നത് എപ്പോഴും പടയാളികളാണ്...
എന്റെ 'മറുപിറവിയില്‍' ചവിട്ടുനാടകത്തിന്റെ ഭാഗം നോവലിന്റെ ശില്പവുമായി ഇണങ്ങിപ്പോ കുന്ന വിധത്തില്‍ ചിത്രീകരിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. വെങ്കിളിപ്പാപ്പുവിന്റെ മകന്‍ ജോസ തങ്ങളുടെ കുടുംബത്തിന്റെ  പരമ്പരാഗത തൊഴിലായ കെട്ടിടങ്ങളുടെ വെള്ളപൂശല്‍, പെയിന്റിംഗ് തുടങ്ങിയവ തന്നെ ചെയ്യണമെന്നായിരുന്നു അപ്പന്‍ പാപ്പുവിന്റെ മോഹമെങ്കിലും മകന്‍ തെരഞ്ഞെടുത്ത വഴി വേറൊന്നായിരുന്നു. പള്ളിയങ്കണങ്ങളില്‍ ചവിട്ടുനാടകങ്ങള്‍ കണ്ട് ഭ്രമിച്ച അവന് അതില്‍ അഭിനയിക്കണമെന്നാണ് പൂതി. അതിനായി തെല്ലൊരു പേടിയോടെ ളൂവീസാശാന്റെ കളരിയിലും ചെന്ന് എത്തിനോക്കുന്നുണ്ട്.  
പക്ഷേ, സ്ഥലത്തെ എല്ലാ വലിയ പരിപാടികളുടേയും സ്വയം പ്രഖ്യാപിത രക്ഷാധികാരിയായ പൈലപ്പന്‍ മാഷടക്കം പലരും പിന്തിരിപ്പിക്കാന്‍ നോക്കുന്നു. 

''വല്ല്യ മെനക്കേടാടാ.'' മാഷ് ആവര്‍ത്തിക്കുന്നു. ''ആദ്യം ചുവടുകളുടെ ഒന്നാം പാഠം. അതു കഴിഞ്ഞു ഇരട്ടിപ്പുകള്‍, കലാശങ്ങള്‍, കവിത്തങ്ങള്‍, അങ്ങനെ എന്തൊക്കെ. ചുവടൊന്നുറച്ചു കിട്ടുമ്പോഴേയ്ക്കും വയ്യാണ്ടാവും പിള്ളേര്‍ക്ക്. ചേര്‍ന്നതില്‍ പാതീം അപ്പഴേക്കും കൊഴിഞ്ഞു പോയിക്കാണും... പിന്നെ പണ്ടൊക്കെ സ്റ്റേജില് ശര്യായ ഫൈറ്റായിരുന്നു. രണ്ടു കൊല്ലത്തെ മെയ്യുഴിച്ചിലും ട്രെയിനിങ്ങും കഴിഞ്ഞാ  സ്റ്റേജീക്കേറ്വാ.'' 
എല്ലാറ്റിനും തയ്യാറാണ് ജോസ. പക്ഷേ, മാഷ് വിടുന്നില്ല.
''അന്നൊക്കെ പ്രധാന വേഷങ്ങള് കുടുമ്മക്കാര്‍ക്ക് മാത്രം പറഞ്ഞതായിരുന്നു. അതായത് കാറല്‍സ്മാന്‍, അള്‍ബിരാന്തു, ഡയോക്ലീഷ്യന്‍, പിന്നെ മന്ത്രിമാര്, വീരനായ റോള്‍ദോന്‍...''
കുടുമ്മക്കാര് ! അവിടെ ജോസയൊന്നു പരുങ്ങി. 
പറഞ്ഞു കഴിഞ്ഞപ്പോഴാണ്  വേണ്ടായിരുന്നുവെന്ന് മാഷ്‌ക്ക് തന്നെ തോന്നിയത്. ഉടനെ തിരുത്താന്‍ നോക്കി.
''ഓ അതൊക്കെ പഴേ കാലം. കരപ്രമാണികള്‌ടെ കാലം. ഇതിപ്പ ജനങ്ങള്‍ടെ കലയല്ലേ? കഴിവുള്ളവനെല്ലാം വരാം, കളിക്കാം...പണ്ടൊക്കെ സൊന്തം കാശും പണോം മുടക്കി ഉടുപ്പും വേഷോം തുന്നിക്കുന്നോരായിരുന്നു പ്രമാണിമാര്‍.''
അതോടെ വാശിയായി ജോസയ്ക്ക്. മുഖ്യവേഷങ്ങളായ കാറല്‍സ്മാനും അള്‍ബിരാന്തും പെരബ്രാസുമൊന്നും ആകേണ്ട. സാധാരണ ഭടന്മാരില്‍നിന്നു തുടങ്ങി അവരില്‍ പ്രമാണിയായ റോള്‍ദോനെങ്കിലും തനിക്ക് കെട്ടാനാവില്ലേ? 
അങ്ങനെ പോകുന്നു കഥ... 

വളരെക്കാലം വലിയ അവഗണന നേരിടേണ്ടിവന്ന ഒരു ജനകീയമായ കലാരൂപമാണ് ചവിട്ടു നാടകം. ഏത് സാധാരണക്കാരനും ആസ്വദിക്കാവുന്ന ഒന്ന്.  ഒരുകാലത്ത് അതിനെ ലത്തീന്‍കാരുടെ മാത്രം കലാരൂപമാക്കി ചിത്രീകരിച്ച്  കത്തോലിക്കരിലെ മറ്റു വിഭാഗങ്ങള്‍ വേണ്ടത്ര പരിഗണന കൊടുക്കാതെ  അകറ്റിനിറുത്തിയെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടാവാം ലത്തീന്‍കാര്‍ കൂടുതലായി പാര്‍ക്കുന്ന തീരപ്രദേശങ്ങളില്‍ കൂടുതല്‍ സ്വീകാര്യത കിട്ടിയത്. എന്തായാലും, ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. ഇപ്പോള്‍ തങ്ങള്‍ക്ക് ധാരാളം വേദികള്‍ കിട്ടുന്നുണ്ടെന്നാണ് ഗോതുരുത്തിലെ തമ്പി പയ്യപ്പിള്ളി ആശാന്‍ എന്നോട് പറഞ്ഞത്. ഞാന്‍ എന്‍.ബി.ടിയില്‍ ഉണ്ടായിരുന്ന കാലത്ത് ഞങ്ങളുടെ അന്താരാഷ്ട്ര പുസ്തകോത്സവ സമയത്ത്, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ സഹകരണത്തോടെ ഡല്‍ഹിയിലെ പ്രഗതിമൈതാനത്ത് കാറല്‍സ്മാന്‍ അവതരിപ്പിക്കുകയുണ്ടായി. ഈ നാടക സമ്പ്രദായത്തെക്കുറിച്ച് ഒന്നുമറിയാത്ത കാണികളില്‍നിന്ന് മികച്ച പ്രതികരണമാണ് അന്ന് കിട്ടിയത്.

നമ്മുടെ തനത് കലാരൂപങ്ങളെ ഏതെങ്കിലും മതത്തിന്റേയോ ജാതിയുടേയോ വിഭാഗത്തിന്റേയോ വിശ്വാസങ്ങളേയോ ആചാരാനുഷ്ഠാനങ്ങളേയോ ആയി ബന്ധപ്പെടുത്തി വേര്‍തിരിച്ചു കാണാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. കലയെന്നത്         ഒരു സമൂഹത്തിന്റെ പൊതുസ്വത്താണ്. അത് ഓരോരുത്തര്‍ക്കും അവരവരുടെ രുചിഭേദങ്ങള്‍ക്കനുസരിച്ച് ആസ്വദിക്കാനാകണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com