പണ്ഡിത രമാബായി: ഭാരതത്തിലെ വിധവകള്‍ക്ക് ദൈവം അറിഞ്ഞ് നല്‍കിയ വരദാനം

അവന് പെണ്ണിനെ പഠിപ്പിക്കണമത്രെ! എന്നിട്ടീ കുടുംബത്തിനുമേല്‍ ആ ശാപം മുഴുവന്‍ കെട്ടിവയ്ക്കണം. കുരുത്തംകെട്ടവന്‍. വിനാശകാലേ വിപരീതബുദ്ധി എന്നു പറയുന്നതിതാണ്.''
പണ്ഡിത രമാബായി: ഭാരതത്തിലെ വിധവകള്‍ക്ക് ദൈവം അറിഞ്ഞ് നല്‍കിയ വരദാനം

''ഈ കുടുംബത്തെ നശിപ്പിച്ചേ അടങ്ങൂ എന്ന് നീ വല്ല ശപഥവും എടുത്തിട്ടുണ്ടോ? നീയെത്ര അട്ടഹസിച്ചാലും അവള്‍ വരില്ല. ഞാനാ പറയുന്നത്. കുടുംബത്തില്‍ പിറന്ന ഒരുവളും വരില്ല. നിഷേധി! അവന് പെണ്ണിനെ പഠിപ്പിക്കണമത്രെ! എന്നിട്ടീ കുടുംബത്തിനുമേല്‍ ആ ശാപം മുഴുവന്‍ കെട്ടിവയ്ക്കണം. കുരുത്തംകെട്ടവന്‍. വിനാശകാലേ വിപരീതബുദ്ധി എന്നു പറയുന്നതിതാണ്.''

''അമ്മേ, എന്നെ വിട്ടുകൊടുക്കരുതേ, എനിക്ക് പാപം കിട്ടും.'' അമ്മായിയമ്മയുടെ വാക്കുകളുടെ തുടര്‍ച്ചയില്‍ വാതിലിനു പിന്നില്‍ ഒളിച്ചുനിന്നിരുന്ന കുട്ടി അവിടെനിന്നലറിക്കരഞ്ഞു: ''അദ്ദേഹത്തെ തടയൂ. അടുത്ത ജന്മം ശൂദ്രനോ മൃഗമോ ആയി എനിക്ക് ജനിക്കേണ്ട. ഈ വീടിനെനിയ്ക്കപമാനമാകേണ്ട. പുസ്തകം കൈകൊണ്ടുതൊട്ടാല്‍ പിന്നെ നാട്ടുകാരും വീട്ടുകാരും എന്റെ മുഖത്ത് നോക്കില്ല. എന്റെ മുഖത്തവര്‍ ആഞ്ഞുതുപ്പും. ഞാന്‍ പിന്നെ ജീവിച്ചിരിക്കില്ല.''

അനന്ത്ശാസ്ത്രി ഡോങ്ങ്‌ഗ്രെ എന്ന മഹാനായ സംസ്‌കൃത പണ്ഡിതന്റെ അമ്മയും ബാലികയായ ഭാര്യയും ആയിരുന്നു ഇങ്ങനെ കരഞ്ഞു നിലവിളിച്ചത്. സ്വന്തം ഗുരുനാഥന്‍, രാജകുടുംബത്തിലെ പെണ്‍കുട്ടിയെ വിദ്യ അഭ്യസിപ്പിക്കുന്നത് കണ്ട ധൈര്യത്തില്‍, അതിന്റെ സാംഗത്യമറിഞ്ഞ ആഹ്ലാദത്തില്‍, ചെറിയ കുട്ടിയായ സ്വന്തം ഭാര്യയെ പഠിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു ശാസ്ത്രികള്‍. രോഷവും സങ്കടവുംകൊണ്ട് തളര്‍ന്നും വിറച്ചും നിന്ന അമ്മയുടെ മുന്നില്‍ ശാസ്ത്രികള്‍ അന്തംവിട്ടുനിന്നു. ഒട്ടും പ്രതീക്ഷിച്ചതല്ല ഇത്തരമൊരെതിര്‍പ്പ്. എന്തു ചെയ്യണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ ഒരു പിടിയും കിട്ടിയില്ല. 'കുരുത്തം കെട്ടവന്‍' എന്നാണ് അമ്മ വിളിച്ചത്. ഏതോ വലിയൊരു കുറ്റം ചെയ്തവനെ കാണാനെന്ന പോലെ വീടിനു ചുറ്റും ജനം കൂടിനില്‍ക്കുന്നു. കല്ലേറിന്റെ മൂര്‍ച്ചയുള്ള നോട്ടങ്ങള്‍. ശരീരം മുഴുവന്‍ നീറ്റുന്ന നിശ്ശബ്ദത. തീക്കട്ടകള്‍ പോലെ തെറിച്ചുവീഴുന്ന അമ്മയുടെ ശാപവാക്കുകള്‍. മനസ്സ് നെരിപ്പോട് പോലെ പുകഞ്ഞു. ''തന്റെ ഭാര്യയെ ഇനി ഒരിക്കലും ആരും വിദ്യ അഭ്യസിപ്പിക്കുകയുണ്ടാവില്ല. അത് മാത്രമായിരുന്നു ഗുരു എന്നും ശിഷ്യരോടാവശ്യപ്പെട്ട ഒരേ ഒരു ഗുരുദക്ഷിണ. നടക്കാനുള്ള വഴിയുടെ ഇരുപുറവും കാല്‍ ഉറയ്ക്കാനനുവദിക്കാത്ത വഴുക്കല്‍ പിടിച്ചപോലെ ഡോങ്ങ്‌ഗ്രെ പതറി. അജ്ഞതയുടെ അന്ധകാരം മൂടി അടഞ്ഞുപോകുന്ന വഴികളെക്കുറിച്ച് അനവരതം പറഞ്ഞുതന്നുകൊണ്ടിരുന്ന ഗുരു ഇതു കേട്ടാല്‍ ഒരക്ഷരം മിണ്ടിയെന്നുവരില്ല. പകരം ആ മുഖം ഒരിക്കലും പിഴുതെടുക്കാനാവാത്ത ഒരു മുള്ളുപോലെ ആജീവനാന്തം തന്റെ മനസ്സില്‍ കോറും. അപ്രാപ്യമായ ഗുരുദക്ഷിണയാണ് ഒരു ശിഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ശാപം.'' ഡോങ്ങ്‌ഗ്രെ കിതച്ചു. ''ഇനി ഈ ജീവിതത്തില്‍ സ്വന്തമെന്ന്, തന്റെ സ്വത്തെന്ന് പറയാന്‍ ആകെയുള്ളത് ഗുരുവിന്റെ വിങ്ങുന്ന വാക്കുകള്‍ മാത്രമാവും. 

''അജ്ഞതയെന്ന വിപത്തിനെ നേരിടാന്‍ വിദ്യ മാത്രമാണ് ഉപാധി'' അദ്ദേഹം പറയും. വിദ്യ പ്രചരിപ്പിക്കുകയാണ് നമ്മുടെ ദൗത്യം. അതുമാത്രമാണ് നമ്മുടെ ചുമതല. 
''സ്വന്തം വീട്ടില്‍ പോലും നടപ്പാക്കാനാവാത്ത ഉപാധി!'' ഇരുട്ടില്‍ വീട്ടിലേക്ക് തിരിച്ചുനടക്കുമ്പോള്‍ ശാസ്ത്രികള്‍ അടികൊണ്ട പാമ്പിനെപ്പോലെ പുളഞ്ഞു: ''മനസ്സില്‍ വരുന്ന ഏക പോംവഴി ഗുരു ഉപദേശിച്ച തീര്‍ത്ഥാടനയാത്രകളാണ്.''
മുന്നില്‍ നീണ്ടുകിടക്കുന്ന വിജനമായ പാതയിലേക്ക് നോക്കി ശാസ്ത്രികള്‍ ഒരു നിമിഷം നിന്നു. 
''പെണ്‍കുട്ടികളെ പഠിപ്പിക്കല്‍ യജ്ഞം പോലെയാണ്.'' ഗുരു പറയും: വീട്ടിലേക്കുള്ള വഴിയില്‍നിന്നു മാറിനടക്കാന്‍ തുടങ്ങിയ യാത്രയുടെ അടരുകളില്‍ നില്‍ക്കുമ്പോഴൊക്കെ ആ ഗുരുവചനം കാതില്‍ മുഴങ്ങി. ''അതാണ് എനിക്കുവേണ്ട ഗുരുദക്ഷിണ!''
ഉറങ്ങാനനുവദിക്കാത്ത, പൊറുതിമുട്ടിച്ച വാക്കുകള്‍. ഉപജീവനത്തിന് കണ്ടെത്തിയ തീര്‍ത്ഥാടനവേളകളിലൊന്നില്‍ കണ്ടുമുട്ടിയ മറ്റൊരു തീര്‍ത്ഥാടകനോട് അദ്ദേഹത്തിന്റെ മകളെ ഭാര്യയായിത്തരാമോ എന്നു ചോദിച്ചത് അതുകൊണ്ടാണ്. ആ യാത്രയ്ക്ക് മുന്‍പേ തന്നെ വിട്ടുപിരിഞ്ഞിരുന്ന, വാതിലിനു പിന്നില്‍നിന്നു അലറിവിളിച്ച ആദ്യ പത്‌നിയുടെ മുഖം മനസ്സില്‍ അപ്പോഴും മുള്ളുപോലെ നിന്നു. 

ലക്ഷ്മീബായിയെന്ന രണ്ടാം ഭാര്യയെയുംകൊണ്ട് ശാസ്ത്രികള്‍ വീട്ടിലേക്കല്ല വന്നതത്രെ. അക്ഷരാര്‍ത്ഥത്തില്‍ തന്നെ കാടുകയറി പര്‍ണ്ണശാലകെട്ടി അദ്ദേഹം അവിടെ താമസമാക്കി. പെണ്‍കുട്ടിയെ വിദ്യ അഭ്യസിപ്പിക്കണമെന്ന ഗുരുവചനമായിരുന്നു മുന്നില്‍. കാടിന്റെ ഘനഗംഭീരമായ നിശ്ശബ്ദതയില്‍ സംസ്‌കൃതത്തിലെ ആദ്യാക്ഷരങ്ങള്‍ സ്ഫുടതയോടും സൂക്ഷ്മതയോടും ഉതിര്‍ന്നുവീണു. ബാലികയായിരുന്ന ലക്ഷ്മീബായിയെ സംസ്‌കൃതവും വേദോപനിഷത്തുക്കളും അദ്ദേഹം പഠിപ്പിക്കാന്‍ തുടങ്ങി. 

കനത്ത ഇരുട്ടില്‍ ഒരുതിരി കൊളുത്തിവയ്ക്കുന്ന ഭാവത്തിലാവണം! കരച്ചിലും പാപഭീതിയും ഇല്ലാതെ 9 വയസ്സുകാരി മുന്നിലിരുന്നു. അനിതരസാധാരണമായ ഒരു യാത്രയുടെ തുടക്കമായിരുന്നു അതെന്ന് അപ്പോള്‍ ലക്ഷ്മീബായിയും ശാസ്ത്രികളും ഓര്‍ത്തിരിക്കാന്‍ വഴിയില്ല. ഗുരുവിനോടുള്ള കടപ്പാട് മാത്രമായിരുന്നിരിക്കണം ശാസ്ത്രികളുടെ മനസ്സില്‍. ഒരാള്‍ക്ക് വെളിച്ചമേകാന്‍ കഴിഞ്ഞാല്‍ അതാവും ഏറ്റവും വലിയ ഗുരുദക്ഷിണ. ചരിത്രത്തിലേക്കുള്ള വാതില്‍ തുറന്നാണ് വിദ്യാരംഭം കുറിക്കുന്നതെന്ന് ലക്ഷ്മീബായിയും അറിഞ്ഞിരിക്കാന്‍ ഇടയില്ല. സമൂഹത്തിന്റെ രോഷം മുഴുവന്‍ ഏറ്റുവാങ്ങുകയാണെന്നും തന്റെ പാത വിജനമായിരിക്കുമെന്നും അറിയാനുള്ള പ്രായം ആ ബാലികയ്ക്കുമില്ലായിരുന്നു. ഭര്‍ത്താവിന്റെ ആജ്ഞ ഏതൊരു ഭാര്യയേയും പോലെ ലക്ഷ്മീബായിയും ഏറ്റെടുക്കുക മാത്രമാണ് ചെയ്തത്. ഭാര്യയായി ലക്ഷ്മീബായിയെ ഏറ്റെടുക്കുമ്പോള്‍, പെണ്ണായ തന്റെ ഭാര്യയെ വിദ്യ അഭ്യസിപ്പിക്കുമെന്നും അതിന് തയ്യാറാണെങ്കില്‍ മാത്രമേ താന്‍ വിവാഹത്തിന് തയ്യാറാകൂ എന്നുമുള്ള ഒരു കരാര്‍ അനന്തശാസ്ത്രികള്‍ ഭാവിശ്വശരനു മുന്നില്‍ വച്ചിരുന്നത്രെ! പെണ്ണ് പഠിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, തുടര്‍ന്നുള്ള സമൂഹത്തിന്റെ ഒറ്റുപ്പെടുത്തലുകള്‍ എല്ലാം രണ്ടു പേര്‍ക്കും ബോധ്യമുണ്ടായിരിക്കണം. കാലത്തിന്റെ മുന്നേ നടക്കാന്‍ നിശ്ചയിക്കുന്നവര്‍ക്ക് പക്ഷേ, സ്വന്തം വഴികള്‍ വെട്ടിത്തെളിയിച്ചേ പറ്റൂ. കല്ലും മുള്ളും നിറഞ്ഞതാവും ഏതു പുതിയ വഴിയും. പട്ടിണിയായാലും പ്രതിരോധമായാലും എപ്പോഴും അതങ്ങനയേ ആകൂ. സുഗമമായ വഴികള്‍ എന്നും പിന്‍പേനടക്കുന്നവര്‍ക്കുള്ളതാണ്. അനുയായികള്‍ക്ക്. അതാണ് പ്രകൃതി നിയമം. 

അനന്തശാസ്ത്രികള്‍ക്കും ലക്ഷ്മീബായിക്കും ജനിച്ച മൂന്നു സന്തതികളില്‍ ഒടുവിലത്തെ കുട്ടിയായിരുന്നു രമാബായി. മിക്കവാറും അച്ഛന്‍ യാത്രയിലായിരുന്നതിനാല്‍ അമ്മയായി മക്കള്‍ക്ക് ഗുരു. വെറും 9 വയസ്സാവുമ്പോഴേക്കും 18000 സംസ്‌കൃത ശ്ലോകങ്ങള്‍ രമാബായി ഹൃദിസ്ഥമാക്കിയിരുന്നുവത്രെ. അത് അവരുടെ പഠനശേഷിക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വേദങ്ങളും പുരാണേതിഹാസങ്ങളും അനായാസേന പഠിച്ചെടുത്ത അവര്‍ക്ക് അതിനാല്‍ത്തന്നെ അവയുടെ വിശകലനങ്ങളും പ്രതിപാദനങ്ങളും വളരെ ചെറുപ്പത്തിലേ സുസാധ്യമായി. ആ പ്രാവീണ്യം വേദവിശാരദന്‍മാരെപ്പോലും അത്ഭുതാധീനരാക്കി. എന്നാല്‍, പെണ്‍കുട്ടി പഠിക്കുന്നതിലും അവളെ പഠിപ്പിക്കുന്നതിലും കടുത്ത എതിര്‍പ്പുണ്ടായിരുന്ന സമൂഹത്തില്‍ സ്വാഭാവികമായും മുറുമുറുപ്പുകള്‍ അലയടിച്ചുയര്‍ന്നു. രമാബായിയും കുടുംബവും ഒറ്റപ്പെട്ടു. കാട്ടിലെ കുടിലില്‍ എത്തുന്ന എല്ലാവര്‍ക്കും സ്വാഗതമരുളിയ ശാസ്ത്രികളുടെ ഏക മൂലധനം പട്ടിണിയായി. 

''പട്ടിണി ഞങ്ങളുടെ കൂടപ്പിറപ്പാണ്.'' ജനിച്ച മാംഗളൂരില്‍നിന്ന് കടല്‍വഴി മുംബൈയിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് രമാബായി എഴുതുന്നതിങ്ങനെയാണ്: ''മൂന്ന് ദിവസം ഭക്ഷണമോ ജലപാനമോ ഇല്ലാതെ ഞങ്ങള്‍ യാത്ര ചെയ്തു! സഹനവും നിയന്ത്രണവും അങ്ങനെയാണ് ഞങ്ങളുടെ ജീവിതത്തിന്റെ അനിവാര്യ ഭാഗങ്ങളായത്.'' 
ദിവസത്തില്‍ ഒരിക്കല്‍പ്പോലും അന്നമുണ്ണാന്‍ കഴിയാത്ത കുടുംബം. വേദപ്രഭാഷണങ്ങള്‍ നടത്തിക്കിട്ടുന്ന പ്രതിഫലം ഒന്നിനും എവിടെയും എത്തിയില്ല. കൂടാതെ, കാലത്തിനെത്രയോ മുന്നില്‍ നടന്ന ശാസ്ത്രികളുടെ സ്ത്രീ വിദ്യാഭ്യാസമെന്ന കാലോചിതമല്ലാത്ത പ്രവൃത്തിയാവട്ടെ, സമൂഹത്തില്‍നിന്ന് അവരെ വല്ലാതെ മാറ്റിനിര്‍ത്തുകയും ചെയ്തു. കാട്ടിനുള്ളിലെ ഒറ്റപ്പെട്ട ഒരു കുടുംബമായി അവര്‍ മാറി.

''അതിനാല്‍ ഞാന്‍ ശൈശവവിവാഹത്തിനിരയായില്ല'' രമാബായി ആശ്വാസത്തോടെ ഓര്‍ക്കുന്നു: ''എന്റെ ജീവിതത്തെ രൂപപ്പെടുത്തിയ പ്രധാന ഘടകങ്ങളില്‍ ഒന്നായിരുന്നു അത്. എനിക്ക് പഠിക്കാന്‍ കഴിഞ്ഞു.'' ശാസ്ത്രികളുടെ ആരോഗ്യം അടിക്കടി തകര്‍ന്നുകൊണ്ടിരുന്നു. നിരന്തരമായ പട്ടിണി; യാത്രകളെ, കണ്ണിന്റെ കാഴ്ചയെ എല്ലാം ബാധിച്ചു. ''വീട്ടില്‍ ഭക്ഷണമായി ഒന്നുമുണ്ടായിരുന്നില്ല.'' രമാബായി ആ ദിവസങ്ങളെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. ''അന്നം കണ്ട ദിവസങ്ങള്‍ അപൂര്‍വ്വമായിരുന്നു. അവസാനം നിവൃത്തികെട്ട്, പട്ടിണികിടക്കയല്ലാതെ ഒന്നും ചെയ്യാനില്ലാതായപ്പോള്‍, ആര്‍ക്കും ഒരുപകാരവുമില്ലെന്നുറപ്പായപ്പോള്‍ അച്ഛന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അമ്മയേയും മക്കളേയും അടുത്ത് വിളിച്ചുവരുത്തി ജലസമാധിക്കൊരുങ്ങുകയാണെന്നാണ് പറഞ്ഞത്. ജലസമാധി എന്തെന്ന് എനിക്ക് അറിയില്ലായിരുന്നു. മരിക്കുമെന്നല്ലാതെ. പട്ടിണി തീര്‍ക്കാന്‍ യാതൊരു വഴികളും ഞങ്ങളുടെ പക്കലില്ലായിതിരുന്നതിനാല്‍  സഹോദരനടക്കം ഞങ്ങളെല്ലാവരും പൂര്‍ണ്ണ നിശ്ശബ്ദത പാലിച്ചതേയുള്ളൂ. എന്നാല്‍, കുത്തൊഴുക്കുള്ള പുഴയിലേക്കിറങ്ങി പോയി സ്വയം മുങ്ങിമരിക്കാനുള്ള തീരുമാനമെടുത്തു എന്ന് അറിയിച്ചപ്പോഴും അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു അരികിലുരുത്തി. ''ജ്ഞാനമാണ് ധനം'' അദ്ദേഹം പറഞ്ഞു: ''അത് ഒരിക്കലും മറക്കരുത്. അത് കൈവെടിയരുത്. ഞാന്‍ പഠിപ്പിച്ചുതന്ന മൂല്യങ്ങള്‍, നന്മ, പരോപകാരം എന്നിവ ആവുന്നത്ര പേര്‍ക്ക് പകര്‍ന്നുകൊടുക്കണം.'' എന്തേ, തന്നോട് എന്ന് പലവതവണ ആലോചിച്ചിട്ടുണ്ട്. സ്വന്തം സ്വപ്നങ്ങള്‍ അദ്ദേഹം തന്നെ ഏല്പിക്കയായിരുന്നോ എന്നുമറിയില്ല. മുങ്ങി മരിക്കാന്‍ തീര്‍ച്ചയാക്കിയ ദിവസത്തിനു തലേന്ന് പക്ഷേ അനന്തശാസ്ത്രി വീട്ടിലെ കിടക്കയില്‍ കിടന്നുതന്നെ മരിക്കുകയാണുണ്ടായത്. സമൂഹഭ്രഷ്ടാവാം കാരണം, രമാബായി എഴുതി. ''ആരും ശവമെടുപ്പിനെത്തിയില്ല. സഹായിക്കാനുമെത്തിയില്ല. അച്ഛന്റെ ഏക മകനായ എന്റെ സഹോദരന്‍ ശവത്തെയുമെടുത്ത് രണ്ടിലധികം കിലോമീറ്റര്‍ നടന്നു. ചിതയൊരുക്കി കത്തിച്ചു ഒറ്റയ്ക്ക്! പട്ടിണിയുടെ താണ്ഡവനൃത്തത്തിനടിയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്നുകൊണ്ടിരുന്ന അക്കാലത്താണ് നാടിനെ മുഴുവന്‍ കശക്കി കയ്യിലെടുത്തുകൊണ്ട് ക്ഷാമം കടന്നുവന്നത്. 
ഒരു കവിള്‍ കഞ്ഞിക്കുവേണ്ടി പിടഞ്ഞുനിലവിളിക്കുന്ന അമ്മയുടെ കരച്ചില്‍ സഹിക്കാതെയാണത്രെ അകലെയുള്ള അയല്‍വീട്ടിലേക്ക് രമാബായി ഓടിയത്. കഞ്ഞിയുമായി തിരിച്ചെത്തുമ്പോഴേക്കും പക്ഷേ, അമ്മ ബോധരഹിതയായിക്കഴിഞ്ഞിരുന്നു. മൂന്നാം ദിവസം ബോധം വരാതെതന്നെ അമ്മ ഈ ലോകത്തോട് യാത്ര പറഞ്ഞു. പിന്നെ, ഇടിഞ്ഞുപൊളിഞ്ഞു വീഴാറായി നില്‍ക്കുന്ന കുടിലില്‍നിന്ന് രമാബായിയും സഹോദരനും തങ്ങളുടെ  യാത്രകള്‍ക്കായി എവിടേയ്‌ക്കെന്നില്ലാതെ പുറംലോകത്തേക്കിറങ്ങി. 
ദൂരം നിലയ്ക്കാത്ത വഴികള്‍. പ്രത്യേക ലക്ഷ്യസ്ഥാനങ്ങളില്ലാത്ത  യാത്രകള്‍, പട്ടിണി അകമ്പടി. അവിടവിടെ നടത്തുന്ന വേദപ്രഭാഷണങ്ങള്‍ നല്‍കുന്ന ഇത്തിരി അന്നം. സംസ്‌കൃത പാണ്ഡിത്യവും വേദേതിഹാസങ്ങളെക്കുറിച്ചുള്ള  ജ്ഞാനവും മാത്രമായിരുന്നു ആ നടത്തത്തിനുള്ള ഊന്നുവടികള്‍. ഭക്ഷണത്തിനും! 'ജ്ഞാനം' അച്ഛന്റെ വാക്കുകള്‍ ഒരു ശാസനപോലെ കാതില്‍ മുഴങ്ങി. ''അത് മാത്രം കൈവെടിയരുത്. അതാണ് അന്നദാതാവ്.'' നിര്‍ത്താതെയുള്ള ഊരുചുറ്റലിനും ഇത്തിരി പ്രഭാഷണങ്ങള്‍ക്കുമിടയില്‍ പട്ടിണിയെ ജയിക്കാനാവാതെ മുംബൈയില്‍നിന്നും കല്‍ക്കത്തയിലേക്കുള്ള യാത്രയ്ക്കിടയില്‍ വഴിയില്‍ സഹോദരന്‍ മരിച്ചുവീണു. മരണം എന്നും സന്ദര്‍ഭമറിയാത്ത കോമാളിയായിട്ടാണ് ജീവിതത്തിലേക്കെത്തിയിട്ടുള്ളത്. പെരുവഴിയില്‍ ആ ശവശരീരവും നോക്കിയിരുന്നതോര്‍മ്മയുണ്ട് ഒറ്റയ്ക്ക്! തലയ്ക്കു മീതെ ആകാശവും കാലിനു താഴെ തെന്നുന്ന ഭൂമിയും മാത്രമുള്ള ഏകാന്തമായ പാത. അതുമാത്രമാണ് മുന്നില്‍.

വയര്‍ വിശപ്പുകൊണ്ട് കത്തിക്കാളുമ്പോള്‍ വഴിയോരത്ത് നിന്നുകൊണ്ട് പറഞ്ഞ വാക്കുകള്‍ കൊണ്ടുതരുന്ന ചില്ലറ നാണയത്തുട്ടുകള്‍ ഒരിടത്തുനിന്ന് നടക്കാനാവുന്ന ദൂരം താണ്ടിയാല്‍ പിന്നെ അവിടെനിന്നുകൊണ്ട് പറയുന്ന ചെറുപ്രഭാഷണങ്ങള്‍(!) നീട്ടുന്ന ഔദാര്യങ്ങള്‍. അതായി പതിവ്. ലോകം തുറിച്ചുനോക്കി മുന്നില്‍ നിന്നു. പെണ്ണ്! അതും ബ്രാഹ്മണയുവതി. വഴിവക്കിലിരുന്ന് വേദമോതുന്നു! പെണ്ണായതും ചെറുപ്പക്കാരിയായതും കൊണ്ടാവണം, പരിഹാസങ്ങള്‍ പലയിടത്തും പ്രചരണങ്ങളായി മാറിയത് തീപടരുന്ന വേഗത്തിലാണ്. കല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍നിന്ന് പ്രഭാഷണം നടത്താന്‍ ലഭിച്ച ക്ഷണത്തിനു മുന്നില്‍ ഒരു മായക്കാഴ്ച കണ്ടപോലെ അമ്പരന്നു നിന്നതും അച്ഛനെ വിളിച്ചുമൊക്കെ കരഞ്ഞതും മായാതെ മനസ്സിലുണ്ട്. ഒരു വലിയ പണ്ഡിതസദസ്സിനു മുന്നില്‍നിന്ന് വെറും 22 കാരിയായ താന്‍ വേദപ്രഭാഷണം നടത്തുക തെറ്റിച്ചാല്‍, തോറ്റാല്‍ അതോടെ തീരും എല്ലാം. 
അച്ഛന്റെ മുഖം പല തവണ മനസ്സില്‍ മിന്നി.
''അവസരങ്ങള്‍ നിമിത്തങ്ങളാവാം.'' അച്ഛന്‍ പറഞ്ഞു: ''കൈയേല്‍ക്കുക. മുന്നോട്ടുള്ള ഊന്നുവടികളാവും അവ.''
പ്രഭാഷണം കേട്ടുനിന്ന പണ്ഡിതസദസ്സ് പ്രഭാഷണത്തിന്റെ ആഴവും വ്യാപ്തിയും കണ്ട് അമ്പരന്നു നിന്നുപോയത്രെ! അതിനെക്കുറിച്ച് എഴുതിയ ഡോ. സെന്‍ പറയുന്നു: ''ഒരു യുവതിയില്‍നിന്ന് പ്രതീക്ഷിക്കാന്‍ പോലുമാവാത്ത വാഗ്‌ധോരണിയിലും ഉള്‍ക്കാഴ്ചയിലും മുഗ്ദ്ധരായ ആ പണ്ഡിതന്മാര്‍, സങ്കല്പിക്കാവുന്നതിന്റെ പരമാവധി ബഹുമാനം നല്‍കി രമാബായിയെ 'പണ്ഡിത' എന്ന സ്ഥാനപ്പേരു നല്‍കി പ്രണമിച്ചുനിന്നു. വെറും ഇരുപത്തിരണ്ട് വയസ്സായിരുന്നു അന്ന് രമാബായിക്ക്.''
അതായിരുന്നു വഴിത്തിരിവ്. ബ്രാഹ്മണനല്ലാത്ത ബിപിന്‍ ബിഹാരി മേധ്വിയുമായുള്ള പ്രണയ വിവാഹത്തിലാണ് അത് പിന്നീട് കലാശിച്ചത്. സ്വാഭാവികമായും സമൂഹം ഇളകിമറിഞ്ഞു. ''ബ്രാഹ്മണയുവതി താണജാതിക്കാരനെ വിവാഹം കഴിക്കയോ! കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത തോന്നിവാസം!''

പണ്ഡിത രമാഭായ് മകളോടൊപ്പം ലണ്ടനില്‍
പണ്ഡിത രമാഭായ് മകളോടൊപ്പം ലണ്ടനില്‍


''അതെ! അതിനെന്താ?'' എന്ന ലളിതമായ ചോദ്യവുമായാണ് രമാബായി അതിനെ എതിരേറ്റതത്രെ! ഉത്തരമില്ലാതെ സമൂഹം മുഖത്തോടു മുഖം നോക്കി. ഒരുപക്ഷേ, അതില്‍ ചിലരെങ്കിലും ആ ചോദ്യം അവനവനോടുതന്നെ ചോദിച്ചിരിക്കണം. അതുതന്നെയാണ് രമാബായി ഉദ്ദേശിച്ചതും. 
രണ്ടു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഒരു മകളെയും സമ്മാനിച്ചുകൊണ്ട് ഭര്‍ത്താവ് അകാലചരമം പ്രാപിച്ചതായിരുന്നു രമാബായിക്ക് വിധിയേല്പിച്ച ഏറ്റവും ക്രൂരമായ ആഘാതം. താന്‍ വിധവ. കയ്യിലൊരു പിഞ്ചുകുഞ്ഞ്. തളിര്‍ക്കാനും പൂക്കാനും തുടങ്ങിയിരുന്ന ഒരു മരത്തിന്റെ കടയ്ക്കല്‍ ആരോ ആഞ്ഞുവെട്ടിയ പോലെയാണ് രമാബായിക്ക് തോന്നിയത്. വിധവ എന്ന വാക്ക് സ്ത്രീക്ക് ഒരു പേടിസ്വപ്നമാണ്. അന്യജാതിക്കാരനെ വിവാഹം ചെയ്ത ബ്രാഹ്മണ കന്യകയെ പരമപുച്ഛത്തോടെ നോക്കുന്ന സമൂഹം ഒരുവശത്ത്. അതിരുകളില്ലാത്ത മരുഭൂമി പോലെ കിടക്കുന്ന ജീവിതം മറുവശത്ത്. വിധവ ആര്‍ക്കും വേണ്ടാത്ത ഒരു വെറും മുടക്കാചരക്കാണ്. പാപി! മുജ്ജന്മത്തിലെ പാപത്തിന്റെ വിഷസന്തതി! ഭര്‍ത്താവിനെ കൊന്നുതിന്നവള്‍.* നരകത്തില്‍ ജീവിക്കേണ്ടവള്‍. ആരു വരുന്നു അവളെ സംരക്ഷിക്കാന്‍? ആര്‍ക്ക് വേണം ഒരപശകുനത്തെ?

'തീയില്‍ മുളച്ചത് വെയിലത്ത് വാടില്ലെ'ന്ന ആപ്തവാക്യത്തിന്റെ സാക്ഷാല്‍ക്കാരം പോലെ രമാബായി ഇതെല്ലാം കേട്ടത് ഒരു പ്രതികാരവാഞ്ഛയോടെയാണ്. ഭര്‍ത്താവിന്റെയും രമാബായിയുടേയും സ്വപ്നമായിരുന്നു വിധവകളായ പെണ്‍കുട്ടികള്‍ക്കുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. രമാബായി തന്റെ സ്വപ്നങ്ങള്‍ മുഴുവന്‍ പെറുക്കിക്കൂട്ടി ബോംബെയിലേക്ക് മടങ്ങി. 1882-ല്‍ രമാബായി പൂനയിലെത്തി. 
ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ക്രിസ്ത്യാനിറ്റിയും ക്രിസ്ത്യന്‍ മിഷണറിമാരുടെ പല മേഖലയിലുള്ള പ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍ ചുവടുറപ്പിച്ചുകൊണ്ടിരുന്ന കാലം കൂടിയായിരുന്നു ഇക്കാലം. ഹിന്ദുമതാചാരങ്ങള്‍ സ്ത്രീവിദ്യാഭ്യാസത്തിനെതിരുനിന്നപ്പോള്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍  വിദ്യാഭ്യാസം പ്രചരിപ്പിക്കാന്‍ നിലകൊണ്ടു. രമാബായി കണ്ട വലിയ വ്യത്യാസങ്ങളില്‍ ഒന്നായിരുന്നു ഇത്. വിധവകള്‍ക്ക് എങ്ങനെ താമസസ്ഥലവും വിദ്യാഭ്യാസവും ഒരുക്കിക്കൊടുക്കാമെന്നതിനുള്ള  പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ രമാബായി ക്രിസ്ത്യന്‍ മിഷണറികളുമായി പരിചയപ്പെടാനും അവരുമായി വിദ്യാഭ്യാസത്തെക്കുറിച്ച്  ആശയവിനിമയം നടത്താനുമുള്ള സന്ദര്‍ഭങ്ങളൊരുങ്ങി. അതൊരു വലിയ വാതില്‍ തുറക്കലായിരുന്നു. പരോക്ഷവും പ്രത്യക്ഷവുമായ സഹകരണം അവരുടെ പ്രവര്‍ത്തനങ്ങളിലേക്ക് ഒഴുകി. 

ഭര്‍ത്താവിന്റെ മരണശേഷം ഭര്‍ത്താവിന്റേയും തന്റെയും ജീവിതലക്ഷ്യമായിരുന്ന  സ്ത്രീവിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കാനായി കല്‍ക്കത്തയില്‍നിന്ന് മടങ്ങിയ രമാബായി, തന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആദ്യം ചെയ്തത് പൂനയില്‍ ആര്യമഹിളാസമാജം സ്ഥാപിക്കുകയായിരുന്നു. സ്ത്രീക്ക് വിദ്യാഭ്യാസം നിഷിദ്ധമായി കരുതിയിരുന്ന ഒരു സമൂഹത്തില്‍ അത് ഒരു വിപ്ലവത്തിന് തിരികൊളുത്തലായി എന്നുവേണം പറയാന്‍. എന്നാല്‍, അത്ഭുതമെന്ന് പറയട്ടെ, പൂനയിലെ പുരോഗമനവാദികളായ ബ്രാഹ്മണര്‍പോലും, പുരാണേതിഹാസങ്ങളിലെ പണ്ഡിതകളായ മഹിളകള്‍ക്കൊപ്പം നിര്‍ത്തി രമാബായിയുടെ സംരംഭത്തെ വാഴ്ത്തുകയാണുണ്ടായത്! അതൊരു വലിയ കൈത്താങ്ങായിരുന്നു. അതോടെ പെണ്‍കുട്ടികള്‍, വിധവകളടക്കം, ആ സംരംഭത്തിന്റെ ഭാഗമാകാന്‍ തുടങ്ങി. മഹാരാഷ്ട്രയില്‍ പൊതുവെ ജ്യോതിറാവ് ഫൂലെ പോലെയുള്ള പല സാമൂഹ്യപരിഷ്‌കര്‍ത്താക്കളും സ്ത്രീവിദ്യാഭ്യാസത്തിനായി സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. ഇന്ത്യയിലെ സ്ത്രീവാദത്തിന്റെ തലതൊട്ടമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, താരാബായ്ശിന്ദെയുടെ 'സ്ത്രീ-പുരുഷ തുലനം' എന്ന പുസ്തകം പ്രകാശിപ്പിക്കപ്പെടുന്നത് ഈ 1882-ലാണ് എന്നോര്‍ക്കണം. സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ച് അക്കാലത്ത് നടന്ന തീവ്ര ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ 1882-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമിച്ച കമ്മീഷനില്‍ സംസാരിക്കാന്‍ രമാബായി ക്ഷണിക്കപ്പെട്ടു! ഈ രംഗത്തെ (രമാബായിക്ക് വെറും 23-24 വയസ്സോ ഉള്ളപ്പോഴാണ് കമ്മിഷന്‍ രൂപീകരിക്കപ്പെടുന്നത്.) രമാബായിയുടെ അതുല്യപ്രവര്‍ത്തനത്തിന് ഇത് സാക്ഷ്യം വഹിക്കുന്നു എന്നതിനേക്കാള്‍ പ്രാധാന്യം, ഇന്ത്യയിലെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ അവസ്ഥയെക്കുറിച്ചും അതിനോട് സമൂഹത്തിനുള്ള കാഴ്ചപ്പാടിനെക്കുറിച്ചും കമ്മിഷനു മുന്നില്‍ പൊട്ടിത്തെറിച്ചുകൊണ്ട് അവര്‍ പറഞ്ഞ വാക്കുകള്‍ അവിടെ സന്നിഹിതരായിരുന്നവരില്‍ ഉണ്ടാക്കിയ ആഘാതമായിരുന്നു.
''ഇവിടെ സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അഭിപ്രായം ആരോടാണ് നിങ്ങള്‍ ചോദിക്കുന്നത്? പഠിപ്പും അറിവുമുള്ള ഇവിടത്തെ ഈ പുരുഷന്മാരോടോ?'' രമാബായി വിങ്ങുന്ന ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു: ''സര്‍, തൊണ്ണൂറ് ശതമാനം പുരുഷന്മാരും സ്ത്രീകളെ പഠിപ്പിക്കരുതെന്നേ പറയൂ. ഇതുവരേയും അവര്‍ അങ്ങനെ മാത്രമേ ചെയ്തിട്ടുള്ളൂ. വിദ്യാഭ്യാസം നല്‍കിയാല്‍ സ്ത്രീകള്‍ മുന്നോട്ടുവരും. അതവര്‍ക്കറിയാം. അതിനാല്‍ അവരത് സമ്മതിക്കില്ല. സര്‍, അവരില്‍നിന്നും മറ്റൊന്നും നിങ്ങള്‍ പ്രതീക്ഷിക്കരുത്. അപവാദങ്ങളുണ്ടാക്കി  സ്ത്രീകളെ അപമാനിക്കാന്‍ മാത്രമേ ഇവര്‍ ശ്രമിക്കൂ.''
'മാത്രമല്ല', അവര്‍ സ്വപ്നം കാണുംപോലെ തുടര്‍ന്നു: ''സ്ത്രീകള്‍ ചികിത്സയ്ക്കായി പെണ്‍ഡോക്ടറെ മാത്രം കഴിവതും ആശ്രയിക്കുന്ന ഒരു രാജ്യത്ത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കാതെ എങ്ങനെയാണ് സര്‍, ലേഡീഡോക്ടര്‍മാരുണ്ടാവുക? പെണ്‍കുട്ടികളെ ലേഡീ ടീച്ചര്‍മാര്‍തന്നെ പഠിപ്പിക്കണമെന്ന് ശഠിക്കുന്ന ഒരു രാജ്യത്ത്, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കിയില്ലെങ്കില്‍ എങ്ങനെയാണ് സര്‍, ലേഡീ ടീച്ചര്‍മാര്‍ ഉണ്ടാവുക? ഒരു ഭാഗത്ത് ലേഡീഡോക്ടര്‍മാരും ടീച്ചര്‍മാരും ഉണ്ടായാലേ സ്ത്രീകള്‍ക്ക് ചികിത്സയും വിദ്യാഭ്യാസവും ഉണ്ടാകൂ എന്ന് പറയുകയും മറുഭാഗത്ത് സ്ത്രീകളെ പഠിപ്പിക്കാന്‍ അനുവദിക്കരുതെന്ന് പറയുകയും ചെയ്യുന്നതിലെ വിരോധാഭാസം സര്‍ക്കാര്‍ കാണാതെ പോവരുത്.'' തലതാഴ്ത്തി ഇരുന്ന സദസ്സിനു മുന്നില്‍ രമാബായി ഗര്‍ജ്ജിച്ചു. സ്ത്രീകള്‍ക്ക് മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനം വേണമെന്നും ടീച്ചേഴ്സ് ട്രെയിനിങ്ങ് സ്ത്രീകള്‍ക്കു നല്‍കണമെന്നും ശക്തിയുക്തം വാദിച്ച രമാബായിയുടെ വാദമുഖങ്ങളും ആശയങ്ങളും എത്തിനിന്നത് ഇന്ത്യയും കടന്ന് ബ്രിട്ടീഷ് രാജ്ഞിയുടെ അധികാരത്തിന്റെ കോട്ടകൊത്തളങ്ങളിലാണ്. അതിന്റെ ശക്തിയും യുക്തിയും വിക്ടോറിയ രാജ്ഞിയെ ഞെട്ടിച്ചുകളഞ്ഞു. കൊട്ടാരത്തില്‍നിന്നും ഇന്ത്യയിലേക്ക് കല്പനകള്‍ തുരുതുരാ ഒഴുകി. വിദൂര ഫലങ്ങള്‍ ഉളവാക്കിക്കൊണ്ട് ഇന്ത്യയുടെ സാമൂഹ്യചരിത്രത്തിലാദ്യമായി സ്ത്രീ വിദ്യാഭ്യാസത്തിന് ഇവിടെ ഊന്നലും അംഗീകാരവും കിട്ടി. ലോഡ് ഡുഫെറിന്‍ രാജ്ഞിയുടെ ആജ്ഞയനുസരിച്ച് ഇന്ത്യയില്‍ വിമന്‍സ് മെഡിക്കല്‍ മൂവ്‌മെന്റ് തുടങ്ങി. പതുക്കെ പതുക്കെ സ്ത്രീ വിദ്യാഭ്യാസം  ഇന്ത്യയില്‍ അംഗീകരിക്കപ്പെടുകയായിരുന്നു. 
രമാബായിയുടെ ആശയങ്ങളും സ്ത്രീവിദ്യാഭ്യാസം ദൗത്യമാക്കിയ ആര്യ മഹിളാസമാജവും മഹാരാഷ്ട്രയുടെ മാത്രമല്ല, ഇന്ത്യയിലേയും ഇംഗ്ലീഷുകാരുടേയും മറ്റു പുരോഗമന വാദികളുടേയും അംഗീകാരവും പിന്തുണയും നേടാന്‍ തുടങ്ങുന്നതിന്റെ ആദ്യപടികളായിരുന്നു അവ. ഇതോടെ, രമാബായി സ്ത്രീ വിദ്യാഭ്യാസരംഗത്തെ അവഗണിക്കാനാവാത്ത ആശയപ്രചരണത്തിന്റെ വക്താവായി മാറി. 1882-ല്‍ സ്ത്രീ വിദ്യാഭ്യാസരംഗത്തെ മെഡിക്കല്‍ ട്രെയിനിങ്ങിനുവേണ്ടി ബ്രിട്ടനിലേക്ക് പോകാന്‍ രമാബായി തീരുമാനിക്കുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്. പഠനത്തോടൊപ്പം അവര്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ഇന്ത്യയിലെ ഹിന്ദുസ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് വ്യാപകമായി എഴുതുകയും ചെയ്തത്. വലിയ ഒരു ലോകം അവര്‍ക്കു മുന്നില്‍ തുറന്നിട്ടു മിഷണറിമാരും അക്കാദമിക വിദഗ്ദ്ധരും സാമൂഹ്യപ്രവര്‍ത്തകരും അവരുടെ സൗഹൃദങ്ങള്‍ രമാബായിക്കു നേരെ നീട്ടി. ക്രിസ്തുവിനെക്കുറിച്ച് ധാരാളം വായിച്ചറിഞ്ഞ ഇക്കാലത്താണ് രമാബായി ക്രിസ്തുമതത്തിലേക്കാകര്‍ഷിക്കപ്പെടുന്നതും ക്രിസ്തുമതം സ്വീകരിക്കുന്നതും. അക്കാലത്ത് എഴുതിയ 'The High - Caste Hindu Woman' എന്ന അവരുടെ പുകഴ്പെറ്റ പുസ്തകം അവര്‍ എഴുതിയത് ഇംഗ്ലീഷിലായിരുന്നതിനാല്‍ അവരുടെ പ്രവര്‍ത്തനമണ്ഡലവുമായി ബന്ധപ്പെട്ട നിരവധി ആള്‍ക്കാര്‍ ആ പുസ്തകം വായിക്കാന്‍ ഇടയായി. ഇന്ത്യയിലെ ഹിന്ദുസ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി. അവരില്‍ പലരും  അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ വാഗ്ദാനമേകി എത്താനുണ്ടായ കാരണം ആ പുസ്തകം തന്നെ.

മകളോടൊപ്പം മറ്റൊരു ചിത്രം
മകളോടൊപ്പം മറ്റൊരു ചിത്രം


കേള്‍വിക്കുറവ് വന്നതുമൂലം പഠനം മുഴുവനാക്കാനാവാതെ രമാബായി ബ്രിട്ടനില്‍നിന്ന് പോയത് അമേരിക്കയിലേക്കായിരുന്നു. ഇന്ത്യയിലെ ആദ്യ ലേഡീ ഡോക്ടറായ ആനന്ദിബായി ജോഷിയുടെ ബിരുദദാനച്ചടങ്ങില്‍ സംബന്ധിക്കാനാണ് രമാബായി പോയതെങ്കിലും അവിടെ താമസിച്ച് രണ്ടു വര്‍ഷവും ഇന്ത്യയില്‍ വന്ന് നടത്താനിരിക്കുന്ന  പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹ്യവുമായ ഒരടിത്തറയുണ്ടാക്കാനാണ് അവര്‍ ഉപയോഗിച്ചത്. ചെറിയ ചെറിയ കൂട്ടായ്മകള്‍ അവിടവിടെ അവര്‍ ഇതിനായി ഉണ്ടാക്കി. ഒരു വലിയ നെറ്റ്വര്‍ക്കായി അവയെ രൂപപ്പെടുത്താന്‍ പ്രഭാഷണങ്ങള്‍ നടത്തി. എഴുതി. വിവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. പല സ്ഥലങ്ങളിലേക്കും സഞ്ചരിച്ചു. അച്ഛനേല്പിച്ച ദൗത്യം അതിന്റെ എല്ലാ ഗാംഭീര്യത്തോടുംകൂടി ഏറ്റെടുക്കുകയായിരുന്നു രമാബായി. 

അതോടെ, സംസ്‌കൃത വിദുഷിയും പുരാണേതിഹാസങ്ങളില്‍ നിപുണയുമായ പണ്ഡിത രമാബായി, സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ വലിയ ലോകത്തിലേക്ക് ഊളിയിടുന്നതാണ് ചരിത്രം കണ്ടത്. അമേരിക്കയിലെ താമസത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അവര്‍ ആദ്യം ചെയ്തത് മുംബൈയിലെ ചൗപ്പാത്തിയില്‍ വിധവകള്‍ക്ക് താമസിച്ചു പഠിക്കാനുള്ള 'ശാരദാസദന്‍' സ്ഥാപിക്കുകയാണ്. 1889-ല്‍ അത് ആരംഭിക്കുമ്പോള്‍ അന്തേവാസികളായി ഉണ്ടായിരുന്നത് രണ്ടേ രണ്ടു ബാല വിധവകളാണത്രെ. ഒന്ന് ഒരു പന്ത്രണ്ടുകാരി! മറ്റേത് ഒരു ഒന്‍പതു വയസ്സുകാരി! ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള ആദ്യത്തെ റസിഡന്‍സി സ്‌കൂള്‍ ആയിരുന്നു 'ശാരദാസദന്‍.'
വിധവകളെ വിധിക്കു വിട്ടുകൊടുക്കില്ലെന്ന് കല്‍ക്കത്തയില്‍നിന്ന് മടങ്ങുമ്പോഴേ രമാബായി തീരുമാനിച്ചിരുന്നു എന്നതിന്റെ പ്രത്യക്ഷോദാഹരണം കൂടിയായിരുന്നു ശാരദാസദന്‍. വിധവയാകുന്നത് അന്നത്തെ ഇന്ത്യയില്‍ മരണത്തേക്കാള്‍ ഭീകരമായിരുന്നു എന്നതിന്റെ തെളിവുകള്‍ ചരിത്രത്തിലാകമാനം നമുക്ക് കാണാം. സ്വത്തില്ല. വിദ്യാഭ്യാസമില്ല. സ്വന്തമായി വരുമാനമില്ല. 'സ്വന്തം' വീട്ടുകാരില്ല. പാപിനി. സംരക്ഷകനായിരുന്ന ഭര്‍ത്താവിനെ കൊന്നുതിന്നവള്‍! അശ്രീകരം! പ്രായശ്ചിത്തം ഒന്നേയുള്ളൂ. തല മൊട്ടയടിച്ച്, ശരീരം ഒറ്റത്തുണിയില്‍ പൊതിഞ്ഞ്, എല്ലാവരുടേയും എല്ലാ ഭര്‍ത്സനങ്ങളും ഏറ്റുവാങ്ങി, മരിക്കാന്‍ പറ്റാത്തതിനാല്‍മാത്രം ജീവിതാവസാനംവരെ ഇരുട്ടില്‍ കഴിയുക. പുറത്തേക്ക് വലിച്ചെറിയുന്ന ഒരു ചൂലുപോലെ വീട്ടുകാര്‍ കൊണ്ടുചെന്ന് തള്ളുന്ന ആശ്രമങ്ങളില്‍ ഭിക്ഷ യാചിച്ചോ ശരീരം വിറ്റോ ജീവിക്കുക. അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുകയോ കൊല്ലുകയോ ചെയ്യുക. 

ബാലവിധവകള്‍ കൂട്ടംകൂടിയിരുന്ന് സ്വന്തം അനുഭവങ്ങള്‍ വിവരിക്കുന്നതിനെപ്പറ്റി രമാബായി പരാമര്‍ശിക്കുന്നത് വല്ലാത്ത ഉള്‍ക്കിടിലത്തോടെയാണ്. ''വിധവാശ്രമങ്ങള്‍ മാത്രമായിരുന്നു അവര്‍ക്കുള്ള ഏക പോംവഴി.'' രമാബായി എഴുതി. ''കാലത്തിന്റെ ആവശ്യമായിരുന്നു ശാരദാസദന്‍. പഠിപ്പിക്കാത്ത ആശ്രമങ്ങളല്ല, വിധവകളെ പഠിപ്പിക്കുന്ന ആശ്രമങ്ങളാണ് ആവശ്യം. അവിടെ നിന്നുകൊണ്ടേ മുന്നോട്ട് നടക്കാനാവൂ.''
''അടുപ്പിലെ കനലില്‍ ഉണങ്ങിയ മുളകെറിഞ്ഞു പുകച്ച് അടുക്കളയിലിട്ടു പൂട്ടുകയായിരുന്നു അമ്മായിയമ്മയുടെ പതിവ്.'' ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച പാടില്‍ പാര്‍വതി വെറുതെ തലോടി. ഏഴുവയസായിരുന്ന പാര്‍വതിയെ 50-കാരന് കല്യാണം കഴിച്ച് കൊടുത്തതായിരുന്നത്രെ. കല്യാണം കഴിഞ്ഞാലും ഋതുമതിയായതിനുശേഷം മാത്രമേ ഭര്‍തൃഗൃഹത്തിലേക്ക് പോകൂ എന്നതായിരുന്നു അന്നത്തെ പതിവ്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് മരിച്ചു. അതോടെ പാര്‍വതിയുടെ തല മൊട്ടയടിച്ച് വീട്ടുകാര്‍ വെള്ളയുടുപ്പിച്ചു. വളകളും മാലകളും തല്ലിയുടച്ച് ഊരിയെടുത്തു. ഒരു ചെറിയ മുറിയിലിട്ട് പൂട്ടി. ഭര്‍ത്താവിനെ ഒരിക്കല്‍പ്പോലും കാണാത്ത വിധവ! വിധവ എന്തെന്നറിയാത്ത വിധവ! പക്ഷേ, വിധവ ജീവിക്കേണ്ടത് ഭര്‍ത്തൃഗൃഹത്തിലാണ്!

''അപശകുനമായ 9-കാരിയെ വീട്ടില്‍ പാര്‍പ്പിക്കില്ലെന്ന് സ്വന്തം അമ്മ ശഠിച്ചു. ഭര്‍ത്താവിനെ കാണും മുന്‍പേ അദ്ദേഹത്തെ കൊന്നുതിന്ന പെണ്ണിനെ വേണ്ടെന്ന് അമ്മായിഅമ്മയും അലറി. ശാരദാസദനില്‍ പാര്‍വ്വതി എത്തിയത് അങ്ങനെയാണ്! ഇവിടെ എന്തു സുഖമാണ്! തന്റെ സാറ്റിന്‍ പാവാടയില്‍ തിരുപ്പിടിച്ചുകൊണ്ട് പാര്‍വതി ഇരുപത്തിനാലുകാരി ശുഭയുടെ മടിയിലേക്ക് ചാരി. തന്നില്‍ താഴെയുള്ള വിധവകളെ നോക്കാന്‍ ചുമതലയുള്ള 24-കാരി ശുഭ, പാര്‍വ്വതിയെ മടിയിലേക്ക് വലിച്ചിരുത്തി. ''എന്നെ മുറിയുടെ ഉത്തരത്തില്‍നിന്ന് കൈ രണ്ടും കൂട്ടിക്കെട്ടി തൂക്കിയിടുകയാണ് ചെയ്തത്.'' സുലോചന പറഞ്ഞു: ''നൂറു രൂപ വാങ്ങിയാണ് അച്ഛന്‍ എന്നെ രോഗിയായ അയാളുടെ കൂടെ പോകാന്‍ പറഞ്ഞത്. അയാളെ വല്ലാത്ത പേടിയായിരുന്നു എനിക്ക്. ആ വീട്ടില്‍ ആരും എന്നോടൊരിക്കലും ചിരിച്ചില്ല. മൂന്നാമത്തെ മാസം അയാള്‍ മരിച്ചു. അതോടെ പുറത്ത് ഒരു ചെറിയ മുറിയിലാക്കി. രാത്രിയുടെ ഇരുട്ടില്‍ പേടിച്ചുനിലവിളിച്ചതിനാണ് അവര്‍ അട്ടത്തു കെട്ടിത്തൂക്കിയത്.'' സുലോചനയും ചിരിച്ചു. ചുവട്ടില്‍ മുള്ള് പരത്തിയിരുന്നു. പിടഞ്ഞ് കയര്‍ പൊട്ടിയാല്‍ മുള്ളില്‍ വീഴണം. ഭാഗ്യം, ഞാന്‍ വീണില്ല. 

ശുഭ അവളെയും അടുത്തേക്ക് വലിച്ചിരുത്തി. 
ശൈശവവിവാഹം - പത്ത് വയസ്സായിരുന്നു അന്ന് പെണ്‍കുട്ടികളുടെ പരമാവധി വിവാഹപ്രായം- കര്‍ശനമായി നിര്‍ബന്ധിക്കപ്പെട്ടിരുന്ന അക്കാലത്ത് വിധവകള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. സമൂഹത്തില്‍നിന്ന് കുടുംബം ഭ്രഷ്ടാവാതിരിക്കാന്‍, വരന്‍ എങ്ങനത്തവനായാലും പെണ്‍കുട്ടിയെ പത്ത് വയസ്സ് തികയും മുന്‍പ് വിവാഹം കഴിപ്പിക്കണം എന്നതായിരുന്നു നാട്ടുനടപ്പ്. എണ്ണം ദിവസംപ്രതി കൂടിക്കൊണ്ടിരുന്നു. 

1889-ല്‍ തന്നെ രമാബായി പൂനയില്‍ മുക്തിമിഷന്‍ സ്ഥാപിക്കാനുദ്യമിച്ചതിന്റെ കാരണം വിധവകളുടേയും കുട്ടികളുടേയും എണ്ണം തന്നെയായിരുന്നു. ശാരദാസദന്‍ മുംബൈയില്‍ താങ്ങാനാവാത്ത ചെലവായതും മുക്തിമിഷനിലേക്ക് പ്രവര്‍ത്തനങ്ങള്‍ പറിച്ചുനടാന്‍ മറ്റൊരു കാരണംകൂടിയായി. 
പൂനയില്‍ വളരെ വലിയ ഒരു സ്ഥലം (ഏതാണ്ട് 100 ഏക്കറിലധികം) വാങ്ങിക്കൊണ്ടാണ് രമാബായി തന്റെ ആസ്ഥാനം അവിടേക്ക് മാറ്റിയത്. വിധവകള്‍ക്കും അശരണരായ സ്ത്രീകള്‍ക്കും വേണ്ടിയാണ് മുക്തിമിഷന്‍ സ്ഥാപിക്കപ്പെട്ടതെങ്കിലും ഇവരെ കൂടാതെ മാതാപിതാക്കള്‍ ഉപേക്ഷിച്ച കുട്ടികളും പണത്തിനായി അമ്മയച്ഛന്മാര്‍ വിറ്റ കുട്ടികളും വിവാഹത്തിനു മുന്‍പ് ഗര്‍ഭം ധരിച്ച് ഉപേക്ഷിക്കപ്പെട്ടവരും ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവരും ഒക്കെ മുക്തിമിഷന്റെ 'മുക്തിസദ'നില്‍ അന്തേവാസികളായി. ദിവസംപ്രതി എത്തുകയും എത്തിക്കുകയും ചെയ്തുകൊണ്ടിരുന്ന വിധവകള്‍ക്കായി - ഏറെയും ബാലികമാരായിരുന്നു അവര്‍ - രമാബായി അവിടെ സ്‌കൂള്‍ തുറന്നു. തലമൊട്ടയടിച്ച് ഉടുത്ത പുടവയും കണ്ണുകളില്‍ എന്താണ് തനിക്ക് സംഭവിക്കുന്നതറിയാത്ത  അമ്പരപ്പും പേടിയുമായെത്തിയ ബാല്യം മാറാത്ത കുട്ടികള്‍. അവരുടെ മുഖത്ത് നോക്കിയപ്പോഴെല്ലാം അച്ഛന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങി. ''വിദ്യയാണ് ധനം. തളരരുത്. അതു മാത്രമാണ് ഇവര്‍ക്കൊരു വഴി കാട്ടി.''
അന്തേവാസികള്‍ കൂടിയതനുസരിച്ച് ആവശ്യങ്ങളും കൂടി. സ്‌കൂള്‍ മാത്രമല്ല, ആശുപത്രി വേണം. വളരെ അകലെയുള്ള നഗരത്തിലേക്കെത്തിച്ച് ചികിത്സതേടുക അപ്രായോഗികമായിരുന്നു. കുട്ടികള്‍ക്ക് പാലിനായി പശുക്കളെ വളര്‍ത്തിയും കുട്ടികളുടേയും പാചകത്തിന്റേയും കാര്‍ഷികോല്പാദനത്തിന്റേയും ചുമതലകള്‍ മുതിര്‍ന്ന അന്തേവാസികള്‍തന്നെ കൈകാര്യം ചെയ്തും നടത്തുന്ന ഒരു സ്വയംപര്യാപ്ത സ്ഥാപനമായിരുന്നു രമാബായിയുടെ സ്വപ്നം. അതിന്റെ ഉദ്ദേശ്യശുദ്ധി സ്വദേശികളേയും വിദേശികളേയും ഒരുപോലെ ആകര്‍ഷിച്ചു.

സഹായങ്ങള്‍ ഒഴുകി. അതിന്റെ ധാരാളിത്തത്തില്‍ അവര്‍ അമ്പരന്നു നിന്നു. 
രമാബായി ക്രിസ്തുമതം സ്വീകരിച്ചിരുന്നെങ്കിലും അവിടത്തെ അന്തേവാസികള്‍ക്ക് ദൈവവിശ്വാസത്തിന്റെ കാര്യത്തിലോ ആരാധനയുടെ കാര്യത്തിലോ യാതൊരുവിധ നിയന്ത്രണങ്ങളുമുണ്ടായിരുന്നില്ല. പല 'ആദ്യ'ങ്ങളും തുടങ്ങിവച്ചിരുന്ന രമാബായി അവരവര്‍ക്കിഷ്ടമുള്ള ആരാധാനാരീതികള്‍ പിന്തുടരാനാണ് അന്തേവാസികളോട് നിര്‍ദ്ദേശിച്ചത്. 
''നിങ്ങളുടെ ദൈവത്തെ നിങ്ങള്‍ തെരഞ്ഞെടുക്കണം'' അവര്‍ അവിടത്തെ അന്തേവാസികളുടെ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു: ''എങ്ങനെ, എന്ത് സ്വന്തം ദൈവത്തോട് സംസാരിക്കണമെന്ന് നിങ്ങള്‍ നിശ്ചയിക്കണം. ഞാന്‍ എങ്ങനെ പ്രാര്‍ത്ഥിക്കുന്നു എന്നോ എന്റെ ദൈവം ആരാണെന്നോ ഉള്ളത് നിങ്ങളിലൊരാളേയും ബാധിക്കുന്ന കാര്യമല്ല.'' പൂനയിലെ ബ്രാഹ്മണര്‍ക്കും ഉല്‍പതിഷ്ണുക്കള്‍ക്കും ഒരുപോലെ സമ്മതമായ ആ പ്രസ്താവന രമാബായിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. തന്റെ പ്രവര്‍ത്തനങ്ങള്‍ സ്ത്രീയുടെ ഉന്നമനത്തിനുവേണ്ടിയാണെന്നും ജാതിക്കോ മതത്തിനോ അതില്‍ സ്ഥാനമില്ലെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്ന അവര്‍ സ്വന്തം ജീവിതത്തിലോ ആശ്രമത്തിലോ പാശ്ചാത്യമായ രീതികളൊന്നും നടപ്പാക്കിയില്ല എന്നത് അവര്‍ നടപ്പാക്കിയ മറ്റൊരു 'ആദ്യ'മായിരുന്നു. മഹാരാഷ്ട്രയിലെ വസ്ത്രധാരണവും ഭക്ഷണരീതികളും അഭിവാദന രീതികളും അവര്‍ ആശ്രമത്തിലെ അന്തേവാസികള്‍ക്കും തനിക്കുംവേണ്ടി അതേപടി നിലനിര്‍ത്തി. അവരുടെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഷേധങ്ങളില്ലാതെ അംഗീകാരമേകാന്‍ അത് എല്ലാവരേയും ഒരു പരിധി വരെ പ്രേരിപ്പിച്ചു എന്നതായിരുന്നു വാസ്തവം. 
മുക്തിമിഷനിന്റെ 'മുക്തിസദനി'ല്‍ ക്രിസ്തുമത വിശ്വാസികള്‍ക്കും രമാബായിക്കും പ്രത്യേക ഹാള്‍ ഉണ്ടാക്കിയിരുന്നെങ്കിലും അവിടെ ആര്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നില്ല. ഹിന്ദുമതാചാരങ്ങള്‍മൂലം കഷ്ടപ്പെട്ടു മടുത്ത പല വിധവകളും സ്ത്രീകളും ക്രിസ്തുമതം സ്വീകരിക്കാനും ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കാനും ഇടയായത് പക്ഷേ, പുറം സമൂഹത്തിലെ പലരേയും ചൊടിപ്പിച്ചു. ഹിന്ദുക്കളെ ക്രിസ്ത്യാനിക്കളാക്കി മാറ്റാനുള്ള മറയാണ് മുക്തിമിഷന്‍ എന്ന കഠിനാരോപണം വരെ രമാബായിക്കു നേരെ ഉയര്‍ന്നു. മിഷണറിമാരുടെ സന്ദര്‍ശനങ്ങളും സമ്മേളനങ്ങളും ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍, ക്രിസ്തുമതത്തിലെ പല ആചാരങ്ങളേയും രമാബായി യുക്തിയുക്തം നോക്കിക്കാണുകയും തന്നോട് തന്നെ വിമര്‍ശനാത്മകമായ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്തിരുന്ന കാലമായിരുന്നു അത്. ''ക്രിസ്തുമതത്തിലൂടെ ക്രിസ്തുവിനെ സമീപിക്കുക അസാധ്യമാണ്.'' പലരേയും ഞെട്ടിച്ചുകൊണ്ട് രമാബായി ധീരമായ പൊതുപ്രസ്താവനകള്‍ നടത്തി. ''ക്രിസ്തുമതവും ക്രിസ്തുവും ഒന്നല്ല. അവ രണ്ടും തികച്ചും വിഭിന്നമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.'' ഹിന്ദുമതത്തിലുള്ളതുപോലെയുള്ള ദുരാചാരങ്ങള്‍ മറ്റു മതങ്ങളിലും നിലനില്‍ക്കുന്നു എന്ന തിരിച്ചറിവില്‍ അവരുടെ മനസ്സ് സംഘര്‍ഷഭരിതമാകുന്നതിനെക്കുറിച്ച് അവര്‍ വ്യക്തമായിതന്നെ വേവലാതിപ്പെടുന്നുമുണ്ട്. 


''അല്ല, ഇതല്ല ഞാന്‍ തിരഞ്ഞുനടക്കുന്നത്. തിരയുന്നതിനെ കാണാന്‍ എനിക്കാവുന്നില്ല.'' അവര്‍ സ്വകാര്യമായും പരസ്യമായും വിലപിച്ചു. ''ഇതല്ല ക്രിസ്തു. ഇതല്ല ആത്മീയത. അതറിയാന്‍ എനിക്കിനിയും ഏറെ ദൂരം നടക്കേണ്ടിവരും.'' ''വഴിതെറ്റിയോ?'' എന്ന് മനസ്സിനോട് പല തവണ ചോദിക്കുന്ന അവര്‍ തത്ത്വചിന്താപരമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ വല്ലാതെ ആടിയുലഞ്ഞ കാലം കൂടിയായിരുന്നു അത്. 

മനസ്സില്‍ വ്യക്തിപരമായ സംഘര്‍ഷങ്ങള്‍ പെരുമഴപോലെ പെയ്തിറങ്ങുമ്പോഴും സ്വന്തം ജീവിതം ഇന്ത്യയിലെ വിധവകള്‍ക്കുവേണ്ടി അര്‍പ്പിച്ചതാണെന്നതില്‍ അവര്‍ക്കൊരു സംശയവുമുണ്ടായിരുന്നില്ല. മഹാരാഷ്ട്രയില്‍ ക്ഷാമം കൊടുമ്പിരികൊള്ളുന്ന വാര്‍ത്ത, വിദൂരഗ്രാമങ്ങളില്‍ മനുഷ്യര്‍ പട്ടിണിയില്‍ പിടഞ്ഞുവീഴുന്ന വാര്‍ത്ത അവരെ ശ്വാസം മുട്ടിച്ചു. ഒരു കാളവണ്ടിയില്‍ കയറി ക്ഷാമബാധിത പ്രദേശങ്ങളിലൂടെ സഹായഹസ്തവുമായി ഒറ്റയ്ക്ക് നടത്തിയ സാഹസികമായ അവരുടെ യാത്ര സമൂഹം സഹപ്രവര്‍ത്തകരോടൊപ്പം സ്തബ്ധമായി നോക്കിനിന്നു. വെള്ളമോ ഭക്ഷണമോ കിട്ടിയെന്നുവരില്ല. അകലങ്ങളില്‍നിന്ന് നഗരങ്ങളിലെത്തുക എളുപ്പമല്ല. പക്ഷേ, മുന്‍പങ്ങനെ ആരെങ്കിലും ചെയ്തിരുന്നോ എന്ന് നോക്കി തീരുമാനങ്ങളെടുക്കുക തന്റെ പതിവല്ലാത്തതുകൊണ്ട് രമാബായി അത്യപൂര്‍വ്വമായ ആ 'ആദ്യ'ത്തില്‍ പതിവുപോലെ ഉറച്ചുനിന്നു. വഴിയോരത്തുനിന്നും വിജനപ്രദേശങ്ങളില്‍നിന്നും മൃതപ്രായരായ സ്ത്രീകളേയും കുട്ടികളേയും ശേഖരിച്ച് ദിവസങ്ങള്‍ക്കുശേഷം യാത്ര അവസാനിപ്പിക്കുമ്പോള്‍ ഒരു തുള്ളി കഞ്ഞിക്കുവേണ്ടി നടുറോട്ടിലൂടെ പിടഞ്ഞുനടന്ന ഒരു ബാല്യത്തെ അവര്‍ ഓര്‍ത്തിരിക്കണം. ആ യാത്രയെ മറ്റൊരാ'ദ്യ'മാക്കിയത് അതിന്റെ അപൂര്‍വതതന്നെയായിരുന്നു. മധുരയിലെ 'വൃന്ദാവന'ത്തില്‍  നൂറുകണക്കിന് മറ്റു വിധവകളോടൊപ്പം ഇരന്നും ഇഴഞ്ഞും ജീവിക്കേണ്ടി വന്നേക്കുമായിരുന്ന തന്റെ ജീവിതം കൊണ്ട് അവര്‍ പടുത്തുയര്‍ത്തിയത് ആയിരമായിരം ജീവിതങ്ങളെയാണ്. അതുതന്നെയായിരുന്നു അതിന്റെ ഭംഗിയും പ്രസക്തിയും. ''തലയില്‍നിന്ന് ഭാരിച്ച ചുമട് താഴേക്കിടും പോലെയാണ് രക്ഷിതാക്കള്‍ ആശ്രമമുറ്റത്ത് ആ കുട്ടികളെ കൊണ്ടിട്ടത്. ഒരു ജീവിതത്തെ വെറും ഒരു സാധനം മാത്രമാക്കുന്ന വൈധവ്യത്തെ തീയും ചൂടും അപവാദങ്ങളും പട്ടിണിയും പീഡനങ്ങളും കൊണ്ട് നരകതുല്യമാക്കുന്ന, മരിക്കാന്‍പോലുമനുവദിക്കാത്ത യാതനകളുടെ ആചാരങ്ങള്‍. ''ഭര്‍ത്താവിന്റെ മരണത്തിന്റെ പാതകവും തലയിലേറ്റി അന്തിച്ചുനില്‍ക്കുന്ന അവരെല്ലാവരും ഞാന്‍ തന്നെയായിരുന്നു. ഒരൊറ്റപ്പേരേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ'' അവര്‍ എഴുതി: ''വിധവ. അതുമാത്രമായിരുന്നു ഞങ്ങളുടെയെല്ലാം പേര്.''

പുറത്തേക്ക് വഴികളില്ലാത്ത, ചാടിക്കടക്കാനെളുപ്പമല്ലാത്ത വലിയൊരു വിടവാണതെന്നത് അവര്‍ വീണ്ടും വീണ്ടും ഓര്‍ക്കുന്നുണ്ട്. നാനാ ഭാഗത്തുനിന്നും ഇരുട്ട് മാത്രം നിറയുന്ന വിടവ്. 
''എത്ര ചുരുണ്ടുമടങ്ങിയിട്ടായാലും കൈകാലുകള്‍ പെരുവഴിയിലേക്ക് നീട്ടാതെ ആത്മാഭിമാനത്തോടെ സ്ത്രീക്ക് ജീവിക്കാന്‍ കഴിയുന്ന ഒരു തുരുത്ത്; ഭര്‍ത്താവായ ബിപിന്‍ പറയും: 'ഒരു സ്ത്രീ തുരുത്ത്' അതാവണം നമ്മുടെ സ്വപ്നം. അതാവണം നമ്മുടെ ലക്ഷ്യം.''
ക്ഷാമബാധിത പ്രദേശങ്ങളില്‍നിന്ന് കൊണ്ടുവന്നവരെക്കൂടി  പാര്‍പ്പിക്കുക എന്നത് പക്ഷേ, ഒരു വലിയ വെല്ലുവിളിയായി. എല്ലാവരുമുണ്ടായിരുന്നു അവരില്‍. പെണ്‍കുട്ടികള്‍. വിധവകള്‍. അച്ഛനമ്മമാര്‍ ഉപേക്ഷിച്ചുപോയവര്‍. അച്ഛനില്ലാത്ത അനാഥര്‍. രോഗബാധിതര്‍. അന്ധര്‍. 
മരുഭൂമിപോലെ ഊഷരമെങ്കിലും 'ഖേഡ്' ഗ്രാമത്തിലെ 200 ഏക്കര്‍ ഭൂമികൂടി  രമാബായി വാങ്ങിയത് ആ മുഖങ്ങള്‍ നല്‍കിയ ഉറങ്ങാനനുവദിക്കാത്ത ഇരിക്കപ്പെറുതിയില്ലായ്മയില്‍നിന്നാണ്. പടര്‍ന്നു പന്തലിക്കുന്ന ഒരു വടവൃക്ഷം കണക്കെ മുക്തിസദന്റെ പ്രവര്‍ത്തനങ്ങള്‍ നാലുഭാഗത്തേക്കും പടര്‍ന്നു. അന്നുവരെ ഇത്തരം സ്ഥാപനങ്ങളില്‍ ആരും ചെയ്തിട്ടില്ലാത്തവിധം ലൈംഗികത്തൊഴിലാളികളുടെ കുട്ടികളെ മുക്തിമിഷന്‍ പാഠശാലകളില്‍ അവര്‍ ആനയിച്ചിരുത്തി. ലൈംഗികത്തൊഴിലാളികളുടെ എട്ടും പൊട്ടും തിരിയാത്ത കുട്ടികള്‍ക്ക് മുക്തിസദന്‍ രാത്രിയില്‍ അഭയസ്ഥാനമായി! അത് വിപ്ലവാത്മകമായ മറ്റൊരാ'ദ്യ'മായിരുന്നു. ലൈംഗികത്തൊഴിലാളികളുടെ കുട്ടികള്‍ക്കായി ക്യാമ്പുകളും ക്ലാസ്സുകളും പ്രത്യേക പഠന പദ്ധതികളും തയ്യാറാക്കുമ്പോള്‍ അവര്‍ ഒരിക്കലും 'ശരി തെറ്റുകള്‍' വിധിച്ചില്ല. 'സഹായം വേണ്ടവര്‍' എന്ന ലേബല്‍ മാത്രമായിരുന്നു അശരണരെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്താന്‍ അവര്‍ തെരഞ്ഞെടുത്ത ഉപാധി. സാമ്പത്തിക സ്രോതസ്സുകള്‍ വരളുമ്പോഴായാലും മറ്റു കൈത്താങ്ങുകള്‍ മരവിക്കുമ്പോഴായാലും തന്റെ ആശ്രയം തേടി വന്ന ആരേയും രമാബായി മുക്തിസദനില്‍നിന്ന് തിരിച്ചയച്ചില്ല. അല്ലെങ്കില്‍ത്തന്നെ അവരെ എവിടേക്കാണ് തിരിച്ചയയ്ക്കുക? തലയ്ക്കുമുകളില്‍ ചിതപോലെ കത്തുന്ന ആകാശവും, ഒരുസ്ഥലത്ത് നില്‍ക്കാനനുവദിക്കാതെ ഓടിപ്പിച്ചു കൊണ്ടേയിരിക്കുന്ന വഴികളും മാത്രമാണ് അവരെ കാത്തിരിക്കുന്നത്. ജീവിതത്തിന്റെ വഴുവഴുപ്പിലൂടെ നിര്‍ത്താതെ തെന്നിക്കൊണ്ടിരിക്കുന്ന കല്ലിന്റെ ജീവിതം. തന്നെപ്പോലെ അതറിയുന്ന മറ്റൊരാളുണ്ടാവില്ല. 

വരണ്ടുണങ്ങിയ 'ഖേഡ്' ഗ്രാമത്തിലെ 200 ഏക്കറില്‍ മുക്തിമിഷന്‍ നട്ടുവളര്‍ത്താന്‍ ശ്രമിച്ചത് ഉണങ്ങിക്കരിയാറായ ഒരുപാട് ജീവിതങ്ങളെയായിരുന്നു. പലതും തളിര്‍ക്കുകയും പൂക്കുകയും ചെയ്തു. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കുമൊപ്പം കാര്‍ഷികോല്പാദനത്തിനുള്ള നിരവധി പദ്ധതികള്‍ മുക്തിമുഷന്‍ പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഭാഗമായി. ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ വെല്ലുവിളികളും പുതിയ പുതിയ ചുമതലകളും കൊണ്ട് ജീവിതം നിറഞ്ഞു. പിന്‍വാങ്ങാന്‍ ഇടമില്ല! പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ ജീവിതം തള്ളക്കോഴിയുടെ ചുമതലയാണ്! സ്വയം പര്യാപ്തത മാത്രമാണ് മാര്‍ഗ്ഗം. 

അക്കാലമാകുമ്പോഴേക്കും മുക്തിസദനിലെ അന്തേവാസികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് 1900-ത്തിനടുത്തെത്തിക്കൊണ്ടിരുന്നു. വിവിധ മതസ്ഥര്‍. വിവിധ ജാതിക്കാര്‍. വിവിധ പ്രായക്കാര്‍. വിവിധ ലിംഗക്കാര്‍. അന്ധരായ കുട്ടികളേയും രമാബായി ഇവരോട് ചേര്‍ത്തുനിര്‍ത്തി. അവരെ പഠിപ്പിക്കാനുള്ള സൗകര്യമൊരുക്കി. മറ്റൊരാ'ദ്യം'കൂടി അവിടെ ഉരുവം കൊണ്ടു. 
ചുമതലകളുടെ വെള്ളപ്പൊക്കത്തില്‍ മുങ്ങിത്താഴുമ്പോള്‍ ''ഇതൊക്കെ യാഥാര്‍ത്ഥ്യമോ'' എന്ന് ചിലപ്പോഴെങ്കിലും അവര്‍ സ്വയം ചോദിച്ചിരിക്കണം. പിന്നിട്ടുപോന്ന കാല്‍പ്പാടുകളിലേക്ക് അവിശ്വാസത്തോടെ നോക്കിയിരിക്കണം. എവിടെനിന്ന് എവിടം വരെ എന്ന്  ചിന്തിച്ച് സ്വയം അന്തിച്ചിരിക്കണം. പുത്തന്‍ ആകാശങ്ങള്‍ക്കു നേരെ ചിറകുവിടര്‍ത്തുമ്പോഴൊക്കെ എന്നും കൂടെയുണ്ടായിരുന്നത് ഒരുപിടി വാക്കുകള്‍ മാത്രമായിരുന്നു. ''തളരരുത്.'' അച്ഛന്റെ വാക്കുകള്‍ തൂവലിന്റെ ലാഘവത്തോടെ ചുറ്റും പാറി: ''നില്‍ക്കാതിരിക്കുക. നിന്നാല്‍ വീണുപോയെന്നുവരും യാത്രയുടെ അനിവാര്യ ഭാഗമാണത്.''

രമാഭായ് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്ന ചിത്രം
രമാഭായ് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്ന ചിത്രം


''സംഘര്‍ഷങ്ങളും സംശയങ്ങളും കൊണ്ട് സ്വകാര്യമായി പൊട്ടിത്തെറിക്കുമ്പോഴും;'' രമാബായി എഴുതുന്നു: ''ആ വാക്കുകളില്‍നിന്ന് കണ്ണ് തിരിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം. കല്ലിലും മുള്ളിലും കമിഴ്ന്നടിച്ച് വീഴുമ്പോഴും മുന്നോട്ട് നടക്കാനുള്ള ആജ്ഞയുമായി ഒരു കാലഘട്ടത്തെ മുഴുവന്‍ അച്ഛന്‍ പൊള്ളുന്ന ചൂടോടെ നേര്‍ക്കുനേര്‍ നിര്‍ത്തി. അവസാനമില്ല  ആ നടത്തത്തിന് എന്ന് അച്ഛനുമറിയാമായിരുന്നിരിക്കണം. 
ജീവിതം നിര്‍ത്താത്ത ഒരന്വേഷണമാകുക എന്നത് കാലത്തിന് മുന്‍പേ നടന്ന എല്ലാ പ്രതിഭകളുടേയും അനിവാര്യമായ ശാപമാണ് എന്നതാണ് ചരിത്രം. സ്വയം ഉത്തരങ്ങള്‍ തേടേണ്ട ചോദ്യങ്ങള്‍ തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്ന വിജനമായ പാതകളാവും ചുറ്റും! മുന്‍ മാതൃകകളില്ല. നിയതമായ വഴികളില്ല. പുച്ഛവും പരിഹാസവും വിമര്‍ശനങ്ങളും കടമ്പകളും മാത്രമാകും ഒപ്പം കൂട്ട്. മുന്നോട്ട് നടക്കണമെങ്കില്‍ അതിജീവിച്ചേ പറ്റൂ. 'ആദ്യ'ങ്ങള്‍ നേടിയെടുക്കേണ്ടിവരുന്നത് അങ്ങനെയാണ്. 'ആദ്യങ്ങള്‍' നേടിയെടുക്കുകയല്ല, ഒരുപക്ഷേ, ആദ്യങ്ങളില്‍ എത്തിപ്പെടുകയാണ് എന്നതാണ് സത്യം. 
ക്രിസ്തുവിനെ അറിയാനുള്ള നിതാന്തമായ യാത്രയില്‍ അദ്ദേഹത്തിന്റെ വാക്കുകളെ കൃത്യമായി അടയാളപ്പെടുത്താന്‍ രമാബായി ഹിബ്രുവും ലാറ്റിനും പഠിച്ചു. ഏഴില്‍പ്പരം ഭാഷകള്‍ നന്നായി അറിയാമായിരുന്ന രമാബായിക്ക് പുതിയ പുതിയ ഭാഷകള്‍ എന്നും ഒരു ഹരമായിരുന്നു. ഒരധ്വാനവും അവര്‍ അവര്‍ക്കായി മാത്രം നീക്കിവച്ചില്ല. മൂലരൂപത്തിലുള്ള ബൈബിള്‍ മൂലഭാഷയില്‍നിന്ന് മറാത്തിയിലേക്ക് പരിഭാഷപ്പെടുത്തിയത് വെറും ഏഴു വര്‍ഷം കൊണ്ടാണ്. അന്നുവരെ ലോകത്തിലാരും അതില്‍ക്കുറഞ്ഞ സമയത്തില്‍ ബൈബിള്‍ ഒരു ഭാഷയിലേക്കും പരിഭാഷപ്പെടുത്തിയിരുന്നില്ല. ഒരു വനിത, ബൈബിള്‍ പരിഭാഷപ്പെടുത്തുന്നതും അതും ഒരു പ്രാദേശിക ഭാഷയിലാക്കുന്നതും ലോകത്തില്‍ ആദ്യമായിട്ടായിരുന്നു. അതായത് രമാബായിയുടെ മറ്റൊരാ'ദ്യം' കൂടിയായി ബൈബിളിന്റെ മറാഠി പരിഭാഷ! 
ഒരുപാട് ഒരുപാട് 'ആദ്യ'ങ്ങളിലൂടെയാണ് പണ്ഡിത രമാബായി ഇന്ത്യന്‍ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയത്. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്കുള്ള ആദ്യത്തെ റസിഡന്‍സി സ്‌കൂളായ 'ശാരദാസദന്‍' ഇന്ന് ആയിരങ്ങള്‍ക്ക് അഭയവും പഠിപ്പും ജോലിയും നല്‍കുന്ന 'മുക്തിസദന്‍' ആയി പടര്‍ന്നു പന്തലിച്ചതിന്റെ  കഥ ഒരു സാധാരണക്കാരന് എത്തിപ്പിടിക്കാനാവാത്ത നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിഭയുടെയും കഥ കൂടിയാണ്. അവരുടെ പ്രവര്‍ത്തനങ്ങളിലെ 'ആദ്യ'ങ്ങളേയും ആഴങ്ങളേയും തിരിച്ചറിയുകയും അവ സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ ശിരസാവഹിച്ചും പ്രകീര്‍ത്തിച്ചും അവരുടെ ഓര്‍മ്മക്കായി സര്‍ക്കാര്‍ ഒരു സ്റ്റാമ്പ് ഇറക്കിയത് യാദൃച്ഛികതയായിരുന്നില്ല. മറിച്ച്, ആ പ്രവര്‍ത്തനങ്ങളുടെ അനിവാര്യതയും സാമൂഹിക പ്രസക്തിയും രേഖീയമാക്കുകയായിരുന്നു.
ആരായിരുന്നു നമുക്ക് പണ്ഡിത രമാബായി? ഭാരതത്തിലെ വിധവകള്‍ക്ക് ദൈവം അറിഞ്ഞുനല്‍കിയ വരദാനം എന്നാവും ഒറ്റശ്വാസത്തില്‍ ഞാന്‍ പറഞ്ഞുനിര്‍ത്തുക! പട്ടിണി കിടന്ന് ജീവനറ്റുപോകാറായ ഒരന്തരീക്ഷത്തില്‍നിന്ന് സ്വന്തം അറിവിന്റെ ബലത്തില്‍ മാത്രം ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റുവന്ന ഒരു ജീവന്റെ കഥ. അമ്മയും അച്ഛനും സഹോദരിയും സഹോദരനും ഭര്‍ത്താവും അവസാനം തുണയ്ക്കുണ്ടായിരുന്ന ഒരേ ഒരു മകളും വിട്ടുപിരിഞ്ഞിട്ടും, സ്വന്തം ജീവിതത്തെ മറ്റുള്ളവര്‍ക്കായി ഉഴിഞ്ഞുവച്ച, നടന്ന വഴിയില്‍ മുഴുവന്‍ വെളിച്ചം വിതറിയ ഏകാകിനിയുടെ കഥ. പണ്ഡിത രമാബായിയുടെ കഥ. അവര്‍ തുടങ്ങിയ 'ആദ്യ'ങ്ങള്‍ക്കൊന്നിനും സമാനതകളില്ലായിരുന്നു. നീറിപ്പുകഞ്ഞ ഒരു ജീവിതം മാറ്റുരച്ച് ഭാരതത്തിലെ പെണ്‍കുട്ടികള്‍ക്കും വിധവകള്‍ക്കുമായി അവര്‍ ഒരുപാട് 'ആദ്യങ്ങള്‍' പണിതു. വിദ്യയെന്ന താക്കോല്‍ കയ്യില്‍ പിടിപ്പിച്ച് അവരെ മാന്യമായ നിലനില്പിന്റെ വാതിലുകള്‍ക്കു മുന്നില്‍ കൊണ്ടുപോയി നിര്‍ത്തി! ആദ്യങ്ങളുടെ നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തിയ വഴിയിലൂടെ കൈയും കാലും വീശി ഒറ്റയ്ക്ക് നടന്ന രമാബായിക്കു മുന്നില്‍ കാലം കൈകൂപ്പിനിന്നിരിക്കണം. ആ വഴിയിലേക്ക് ഇതുപോലെ മറ്റൊരാള്‍ കടന്നുവരാന്‍ ഇനിയും എത്ര കാലം കാക്കേണ്ടിവരുമെന്നായിരിക്കാം കാലവും ഓര്‍ത്തുപോയത്. പ്രണാമം. ആദ്യങ്ങളുടെ അമ്മേ, പ്രണാമം. 1858 ഏപ്രില്‍ മുതല്‍ 1922 ഏപ്രില്‍ വരെ ഒരു തീപ്പൊരിപോലെ കൊണ്ടുനടന്ന സ്വന്തം ജീവിതംകൊണ്ട് അടയാളപ്പെടുത്തിയതൊന്നു വൃഥാവിലായില്ലെന്ന് ഞങ്ങള്‍ വിനയപൂര്‍വ്വം സാക്ഷ്യപ്പെടുത്തട്ടെ. 
 
*ഭാര്യയുടെ മുജ്ജന്മ പാപഫലമാണ് ഭര്‍ത്താവിന്റെ മരണമെന്ന വിശ്വാസം.
*1858 ഏപ്രില്‍ ജനിച്ച രമാബായി 1922 ഏപ്രിലില്‍ അന്തരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com