ഭാവവും വ്യവഹാരവും: ബാലചന്ദ്രന്‍ വടക്കേടത്ത് എഴുതുന്നു 

ഭാവകവിതയുടെ കാലം തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ വ്യവഹാര കവിതയുടെ കാലമാണ്.
ഭാവവും വ്യവഹാരവും: ബാലചന്ദ്രന്‍ വടക്കേടത്ത് എഴുതുന്നു 

ഭാവശൂന്യമായ വര്‍ത്തമാനം പറച്ചിലുകളായി മലയാള കവിത മാറിയിരിക്കുന്നു. ഈ വാക്യത്തിലൂടെ ഞാന്‍ ഊന്നുന്നത് രണ്ട് പ്രധാനപ്പെട്ട ആശയങ്ങളിലാണ്. ഒന്ന് കവിതയിലെ ഭാവരാഹിത്യം. മറ്റൊന്ന് സ്റ്റേറ്റ്‌മെന്റുകളിലൂടെ കാവ്യം സമാര്‍ജ്ജിക്കുന്ന ഭാഷയും രൂപത്തിന്റെ ചെറുതാവലും രൂപപ്പെടുത്തുന്ന ഭിന്നത. ഈ പ്രശ്‌നങ്ങളിലൂടെയല്ലാതെ കവിതയുടെ ഇന്നത്തെ പൊതുപ്രവണതകളെ സ്പര്‍ശിക്കാനാവില്ല എന്നതാണ് വസ്തുത. 

ഭാവകവിതയുടെ കാലം തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ വ്യവഹാര കവിതയുടെ കാലമാണ്. ഖണ്ഡകാവ്യങ്ങളില്‍നിന്ന് ലഘുഭാവകവിതയിലേക്കുണ്ടായ വ്യാപനം (ചുരുങ്ങലൊ) മലയാള കവിതയുടെ നല്ല കാലത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഭാഷ രസാസ്വാദ്യമായിരുന്നു. കെ.എസ്. നാരായണപിള്ള പറയുന്നതിങ്ങനെ: ''ക്ലാസ്സിക് മാതൃകയിലുള്ള യഥാതഥ പ്രമേയങ്ങള്‍ വലിയ സങ്കീര്‍ണ്ണത കൂടാതെ ഭാവസാന്ദ്രമാക്കി അവതരിപ്പിക്കാനും കാല്പനിക മാതൃകയിലുള്ള ഭാവങ്ങളെ പരിമിതമായ വൈചിത്ര്യത്തോടുകൂടി ശക്തി നല്‍കി വിന്യസിക്കാനും ചില കവികള്‍ നടത്തുന്ന ശ്രമവും നിസ്സാരമല്ല.'' ഇവിടെനിന്നും കവിത കുറേക്കൂടി മുന്‍പോട്ടുപോയി. ഭാവവും ഭാഷയും തുടക്കമിട്ട സംവേദനം ചര്‍ച്ചാവിഷയമായി. പിന്നീട് ആധുനികതയുടെ സംവേദനരീതിയും വിപ്ലവത്തെക്കുറിച്ചുള്ള ആശയങ്ങളും കോര്‍ത്തുവെയ്ക്കുന്ന കൃതികള്‍ വന്നു. നരേന്ദ്രപ്രസാദ് അതിന് 'ചുവന്ന വാല്‍' എന്ന പേരുകൊടുത്തു. എന്നാല്‍, വ്യവഹാര കവിത പ്രചാരപ്പെടാന്‍ ഇടയായതോടെ കവിതയില്‍നിന്ന് വായനക്കാര്‍ അകന്നുപോവുകയും വെറും സ്റ്റേറ്റ്‌മെന്റുകളായി കവിതയെ സ്വീകരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഈ കവിത വിലയിരുത്താവുന്ന മാനദണ്ഡങ്ങളുടെ അഭാവവും സംവാദവിഷയമായി. കവിതയുമായി ബന്ധപ്പെട്ട ചില ആശയവസ്തുതകള്‍ മാത്രം പറഞ്ഞ് കവിത വിലയിരുത്തപ്പെട്ടു. കവിതയുടെ ആന്തരികഘടനയില്‍ കവി ശ്രദ്ധിക്കുന്നില്ലെന്ന തിരിച്ചറിവ് രൂപഭാവങ്ങളെ സംബന്ധിക്കുന്ന തര്‍ക്കങ്ങളില്‍ കൊണ്ടെത്തിച്ചു. രൂപം ഭാവത്തില്‍നിന്ന്  വേര്‍പെടുന്നുണ്ടോ എന്ന് ചോദിക്കാന്‍ പോലും ചിലര്‍ പ്രയാസപ്പെട്ടു. കാരണം ഭാവമില്ലായ്മ കവിതയെ അര്‍ത്ഥമില്ലാത്ത രൂപമാക്കി മാറ്റിയിരുന്നു. വലിയ ഭാവങ്ങള്‍ ചോര്‍ന്നുപോവുകയും ചെറിയ ഭാവങ്ങള്‍ (സഞ്ചാരീ ഭാവങ്ങള്‍) അഥവാ മനോമൂലകങ്ങള്‍ വ്യവഹാരഖണ്ഡങ്ങളില്‍ നാം പിടിക്കുകയും ചെയ്തതോടെ, കാവ്യശരീരം ശിഥിലമായിത്തീര്‍ന്നു. അക്കാലത്ത് ഇപ്രകാരമെഴുതി:

''സര്‍വ്വനാമങ്ങളും ക്രിയാപദങ്ങളും ഉപയോഗിച്ച് വ്യഭിചാരീഭാവങ്ങളിലൂടെ കവിത വായിക്കാമെന്ന രസവാദമായിരിക്കണം വരുംകാലത്തേത്.''
കവിതയുടെ വായനയ്ക്കായി ഒരു മുഴക്കോല്‍ അന്വേഷിക്കുകയായിരുന്നു. പഴയ രസവാദം അപ്രായോഗികമാണ് എന്ന് മനസ്സിലാക്കുന്ന ഒരുവേളയില്‍, രസബോധത്തെ കീഴ്മേല്‍ മറിച്ചിട്ട രചനാവ്യവസ്ഥയെ എങ്ങനെ വിശദീകരിക്കും? ഇത് നമ്മുടെ സൗന്ദര്യശാസ്ത്രവാദത്തിന്റെ പരിമിതിയും അതേസമയം കവിതയുടെ ഭാവഘടനയില്‍ വന്ന ശോഷിപ്പിന്റെ അനുഭവവല്‍ക്കരണവും ആകുന്നു. രസമില്ലായ്മ ഭാവനിരാസത്തിന്റെ ഉല്പന്നമാണ്. അപ്പോള്‍ കവിതയുടെ രൂപത്തെ മാത്രം ആശ്രയിച്ചേ നിരൂപണത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ. അതുകൊണ്ട് ഇന്നത്തെ കവിത സമാര്‍ജ്ജിച്ചു നില്‍ക്കുന്ന വ്യവഹാര സ്വഭാവത്തെ നമുക്കാദ്യം പരിശോധിച്ചു നോക്കുന്നതാണ് ഉചിതം. 

വ്യവഹാരഭാഷ കവിതയ്ക്ക് അന്യമാണ് എന്ന തോന്നല്‍ എനിക്കില്ല. നമ്മുടെ പാരമ്പര്യ കാവ്യനിരൂപണം അടിസ്ഥാനമാക്കിയത് മിക്കവാറും കാവ്യഭാഷയെയാണല്ലോ. പറച്ചിലിന്റെ ഭാഷയില്‍നിന്ന് വ്യത്യസ്തതയില്ലാത്ത ഒരു സാഹിത്യഭാഷ രൂപപ്പെടുകയില്ലെന്ന വിശ്വാസം പണ്ടേയുള്ളതാണ്. ഇന്നുമുണ്ട്. അതിനാല്‍ കാവ്യഭാഷയില്‍ വരുന്ന പരിവര്‍ത്തനങ്ങള്‍ വളരെ സംശയത്തോടെയാണ് പഴയ ശീലക്കാര്‍ നോക്കിക്കാണാറുള്ളത്. ആധുനികാനന്തര മലയാള കവിത ഇങ്ങനെയൊരു സന്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ചെറിയ ചെറിയ വാക്യങ്ങള്‍, ഒരു വാക്ക്, സംഭാഷണങ്ങള്‍ എന്നിവകൊണ്ട് കവിത നിറഞ്ഞുകിടക്കുന്നു. ചിലര്‍ വെറും സ്റ്റേറ്റുമെന്റുകളാക്കി കവിത ചെയ്യുന്നു. അലങ്കാരവും ഛന്ദസ്സും നിരാകരിക്കപ്പെട്ടതിനു പുറമെ ഭാവം ചോര്‍ത്തിക്കളയുന്ന ഒരു രീതിയും അവലംബിച്ചു കാണുന്നു. അവശേഷിക്കുന്നത് ഉണങ്ങി മരവിച്ച ഒരു ഗദ്യം. അതിനെ കാവ്യഭാഷയായി സ്വീകരിച്ച് ആദരിക്കാമോ? സത്യസന്ധമായ ഒരു സംശയം തന്നെയാണത്. ആചാര്യ മഹിമ ഭട്ടനെ ഞാന്‍ ഇവിടെ ഓര്‍ത്തുപോവുന്നു. കവിതയില്‍ പ്രത്യക്ഷപ്പെടുന്ന വ്യവഹാര ഭാഷയെ സാഹിത്യഭാഷയില്‍നിന്ന് വേര്‍പെടുത്തി കാണേണ്ടതില്ല എന്ന ഒരാശയം അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ടത്രെ. വ്യവഹാരത്തിനും ചില 'കീഴ്വഴക്കങ്ങളും രീതിബോധവു'മുണ്ടെന്നാണ് വാദം. അത് കാവ്യത്തിനും നിയാമകമാണ്. അതുകൊണ്ട് ഭാഷ ഏത് രീതിയിലുള്ളതായാലും അതിന്റെ ലക്ഷ്യം വിഭിന്നമല്ല കേള്‍വിക്കാരെ അനുഭവിപ്പിക്കാനാണ് ഭാഷ. അവരുടെ പ്രതികരണവും പ്രധാനമാകുന്നു. വ്യവഹാരിക സ്വഭാവം സമാഹരിച്ചു കഴിഞ്ഞ ഇന്നത്തെ കാവ്യഭാഷ അതിന്റെ ശ്രോതൃകര്‍മ്മം പൂര്‍ത്തിയാക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചാല്‍ മതി. കവിതയുടെ ഗതിക്രമം അതില്‍നിന്ന് ലഭ്യമായേക്കും. അതിനാല്‍ ഈ വ്യവഹാരകവിത വായനക്കാരുടെ അല്ലെങ്കില്‍ കേള്‍വിക്കാരുടെ സംതൃപ്തിയെ എങ്ങനെ സ്വാംശീകരിക്കുന്നു എന്നതാണ് പ്രധാനം. ഒരു സൗന്ദര്യബോധത്തെയാണ് കവിത അഭിസംബോധന ചെയ്യുക. ഭാഷയുടെ 'കീഴ്വഴക്കവും തത്ത്വവും' ആണ് കവിത എന്നുകൂടി അത് ധ്വനിപ്പിക്കുന്നു. 

അസിം താന്നിമൂട്
അസിം താന്നിമൂട്

'കീഴ്വഴക്കവും തത്ത്വവും' എന്ന പ്രയോഗം എന്റേതല്ല. എന്നാല്‍, ഭാഷയുടെ കീഴ്വഴക്കം എന്നത് കവിതയെ ഭൂതകാലവുമായി അടുപ്പിക്കുന്ന മനോഹരമായ ഒരു ധര്‍മ്മമാണ്. ഭാഷ എല്ലായ്പോഴും ഒരു തുടര്‍ച്ചയാണ് എന്ന് പറയാതെ വയ്യ. പോയകാല ഭാഷയില്‍നിന്നുള്ള ഒരു നീട്ടല്‍ പുതിയകാല ഭാഷയില്‍ കാണാതിരിക്കില്ല. അതായത് പോയകാല ഭാഷയുടെ ഒരു തുടര്‍ച്ചയും പരിണാമവുമാണ് ഇപ്പോഴത്തെ ഭാഷ. കവിതയും ഭൂതകാലവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ഒരു കവിതയും വര്‍ത്തമാനകാലത്തില്‍നിന്ന് തുടങ്ങുന്നില്ല. പിറകിലാണ് അതിന്റെ വേരുകള്‍. ആ കവിത ഒരു ഓര്‍മ്മയാകാം. ഇന്നലെകളോടുള്ള അഭിരുചി സംവാദമാകാം. ഒരുപക്ഷേ, ഭൂതകാലവുമായുള്ള ഒരു ഏറ്റുമുട്ടലുമാകാം. അതുകൊണ്ടാണ് ആറ്റൂര്‍ രവിവര്‍മ്മയുടെ കവിത വായിക്കുമ്പോള്‍, ആശാന്റെ കാല്പനികതയെ അറിയാതെ ഓര്‍ത്തുപോവുന്നത്. ആധുനിക കവിതയാണ് പാരായണം ചെയ്യുന്നതെങ്കില്‍, ജീര്‍ണ്ണ കാല്പനികതയും ഇടശ്ശേരിയുമൊക്കെ തികട്ടിവരുന്നതും കവിതയുടെ ഈ നില്പ് രീതികൊണ്ടാണ്. വ്യവഹാര കവിതയെ ഉത്തരാധുനികതയില്‍നിന്ന്, വേര്‍പെടുത്തി പഠിക്കാനാവില്ല. കെ.ജി.എസ്, സച്ചിദാനന്ദന്‍ എന്നിവരുടെ കാവ്യരചനാ സമ്പ്രദായങ്ങളുമായി ചേര്‍ന്നുകിടക്കുന്ന ഒട്ടേറെ കവിതകളും ഈ പുതിയ കാലത്തുണ്ട്. വ്യവഹാര കവിതയുടെ തുടക്കം ആധുനികതയില്‍നിന്നാണോ എന്ന് പരിശോധിക്കേണ്ടിവരുന്നത് ഈ കാരണത്താലാണ്.

വിഷ്ണുപ്രസാദ്
വിഷ്ണുപ്രസാദ്

ഗദ്യസാന്നിധ്യം കവിതയില്‍ സമാരംഭിക്കുന്നത് ആ കാലത്താണ്. ഗദ്യം ഒന്നുകൂടി ലഘുവായതും പ്രസ്താവനരൂപത്തിലെത്തിയതും ഇപ്പോള്‍ മാത്രം. കവിതയെക്കുറിച്ചെഴുതുമ്പോള്‍ ഈവ്ജനി വിനോകുറോവ് (Evgeni Vinokurov) പറഞ്ഞ ചില കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു കലാകാരന്‍ അവന്റെ ഭൂതകാലവുമായി സംവദിച്ചുകൊണ്ടാണ് നിലനില്‍ക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ആ കാലത്തിന് അകത്തോ പുറത്തോ ഒരാളില്ല. ഭൂതകാലത്തിന്റെ ഒരു തുടര്‍ച്ചയെന്നോണം ആ കാലവുമായി തര്‍ക്കത്തിലോ വിവാദത്തിലോ ആകാം. തീര്‍ച്ചയായും കവിതയും ഭാഷയും ഒരു വ്യക്തിയെപ്പോലെ പൂര്‍വ്വകാലവുമായി സമ്പര്‍ക്കത്തിലോ തര്‍ക്കത്തിലോ ആകാം എന്നതാണ് ശരി. വിനോകുറോവ് ഒരു കാര്യം കൂടി പറയുന്നുണ്ട്; പാരമ്പര്യബന്ധം നിലനിര്‍ത്താന്‍ കവിതയ്ക്ക് ഒരു സംഭാഷണവാക്യം മതി. ആ ഒരു വഴിയേ കവിയുടെ മുന്‍പിലുള്ളൂ. 
''ഉപ്പാപ്പ, 
ഈ ചാരുകസേര ഞാന്‍ 
പൊടിതട്ടിയെടുക്കുന്നു
ആ ബീഡിക്കറയുടേയും
വിയര്‍പ്പിന്റേയും ഗന്ധം
ഞാന്‍ കഴുകിക്കളയുന്നു
സമരായുധങ്ങളില്‍നിന്നും
തഴമ്പേറ്റുവാങ്ങാത്ത 
എന്റെ ശരീരവും വേര്‍പ്പും 
അതിനോട് പൊരുത്തപ്പെടില്ലല്ലോ.''
ഈ കവിതയിലെ ഭൂതകാല രതിയെക്കുറിച്ചൊന്നും പറയാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല. അസീം താന്നിമൂട് തന്റെ 'ചാരുകസേല' എന്ന കവിത തുടങ്ങുന്നതാണ് നാം വായിച്ചത്. അത് ഒരു ഓര്‍മ്മയുണര്‍ത്തലാണ്. പോയ കാലത്തിന്റെ 'കിതപ്പ്' കവിതയിലുടനീളം നീറി നിറയുന്നു. വ്യക്തിജീവിതവും കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നു. വിയര്‍പ്പും ഗന്ധവും വൃത്തിയാക്കി പാരമ്പര്യത്തെ പൊരുത്തപ്പെടുത്താമോ എന്ന പരിശോധനയാണ്. അത് പൊരുത്തപ്പെടില്ല എന്ന് മനസ്സിലാക്കിയിട്ടും താന്‍ ഭൂതകാലത്തിനു പുറത്തല്ല എന്ന് വരുത്തുന്നതിലാണ്  കവി ശ്രദ്ധ. കവിതയില്‍ ഒരു ഗൃഹാതുരത നിലീനമായിരിക്കുന്നു. ഇളംതലമുറക്കാരന്‍ ഉപ്പൂപ്പയെ ഓര്‍മ്മിച്ചെടുക്കുന്ന വ്യവഹാരത്തിലൂടെ ഒരു കാവ്യഘടന രൂപപ്പെടുത്തുന്നു. ഓര്‍മ്മയുടെ ഘടനയാണ് കവിതയ്ക്ക് എന്ന് പറയാം. ആരാണ് ഈ കവിതയിലെ 'ഞാന്‍'? കഥ കേട്ടുറങ്ങിയ കാലത്തിലേക്ക് സ്വത്വം തിരിച്ചുവെച്ചതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ഞാന്‍. വ്യക്തിനിഷ്ഠമാണ് രചന എന്നര്‍ത്ഥം. 'ഞാന്‍' ഇല്ലാത്ത ഒരു കവിതയും  ഈ വ്യവഹാര കാലത്ത് എഴുതപ്പെടുന്നില്ല എന്നു പറഞ്ഞാല്‍ അത് തെറ്റാവില്ല. അതേസമയം, ജീവിതത്തെ സ്വയം വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതിന്റെ അടയാളപ്പെടുത്തലാണ് അനുഭവമാവുന്നത് എന്ന് തുറന്നുപറയുന്നു ഈ രൂപകം. കവിത തുടങ്ങുന്നതും ഒടുങ്ങുന്നതും വര്‍ത്തമാനത്തില്‍നിന്നാണെങ്കിലും ഭൂതകാലത്തെ അഭിസംബോധന ചെയ്തുകൊണ്ട്  ഉള്ളില്‍ ഗൃഹാതുരത നിറയ്ക്കുന്ന കവി പാരമ്പര്യത്തിലാണ് എന്ന് ധ്വനിപ്പിക്കുന്നു കവിത. കവിത വ്യവഹാരികമാവുന്നു എന്നതിനര്‍ത്ഥം കവിത നൊസ്റ്റാള്‍ജിക്കാവുന്നു എന്നാണോ?
'ശബ്ദമഹാസമുദ്രം' എന്ന കവിതയില്‍ എസ്. കലേഷ് ഒരു വാക്യത്തില്‍ ചെറുതല്ലാത്ത അനുഭവതലം കൊണ്ടുവരുന്നത് ശ്രദ്ധേയമാണ്. വാക്യം ഗൃഹാതുരതയുടെ ശില്പമാവുന്നു.
''സ്വന്തം ശബ്ദത്താല്‍ 
വെറുപ്പിക്കപ്പെട്ട നിലയിലെത്തിയ ഒരാള്‍ 
പെട്ടെന്ന് ഒരു ദിവസം 
കനത്ത നിശ്ശബ്ദതയുണ്ടാക്കി 
കളിക്കാനിറങ്ങുന്നതിനിടെ
ഒരു പറ്റം ചെറുശബ്ദങ്ങള്‍ 
അയാളെ ചുറ്റിവളഞ്ഞു.''
ഒറ്റ വരിയാണ് ഈ കാവ്യഖണ്ഡിക. ഛന്ദസ്സുള്ള വ്യവഹാരം എന്നു പറയാമോ എന്നറിയില്ല. പക്ഷേ, ഒരനുഭവമുണ്ട് ആ വാക്യത്തില്‍. വാച്യാര്‍ത്ഥ പരിശോധനകൊണ്ട് ആസ്വാദ്യതയിലെത്താമെന്ന് സങ്കല്പിച്ചെഴുതിയ ഒരു വരിപോലെയില്ലെ? ഒരു പൂര്‍ണ്ണ വ്യവഹാരവും. ഒരു വലിയ ശബ്ദത്തെ കുറേ ചെറിയ ശബ്ദങ്ങള്‍ ചേര്‍ന്ന് നിശ്ശബ്ദമാക്കി എന്നൊരു അര്‍ത്ഥം വായിച്ചെടുക്കുകയുമാവാം. വെറുക്കപ്പെട്ട ഒരു വ്യക്തിയെയാണ് ചെറുശബ്ദങ്ങള്‍ വളഞ്ഞത് എന്ന സാധ്യതാ അര്‍ത്ഥവും വിടര്‍ത്തിയെടുക്കാവുന്നതേയുള്ളു. അതായത് ഒരു യുക്തി ഉപയോഗിച്ചാല്‍ കവിതയിലെ 'ഒരാള്‍' 'ഞാന്‍' തന്നെയാണ് എന്ന് നിരീക്ഷിച്ചുറപ്പിക്കയും ആവാം. എന്താണ് കവിത എന്ന ചോദ്യത്തിന് പുതിയ കവിത നല്‍കുന്ന ഉത്തരം വായനക്കാരുടെ യുക്തിബോധത്തെ ഉണര്‍ത്തുന്ന വ്യവഹാരം എന്നാണ്. അതാണ് പുതിയ അര്‍ത്ഥത്തെ ഉല്പാദിപ്പിക്കുക. ചുരുക്കിപ്പറഞ്ഞാല്‍ വായനക്കാരന്റെ അഥവാ ശ്രോതാവിന്റെ യുക്തിബോധത്തെ ആധാരമാക്കി കവിതയ്ക്ക് അര്‍ത്ഥങ്ങള്‍ കല്പിച്ചുകൊടുക്കുന്ന ഒരു പ്രക്രിയ, വ്യവഹാരത്തിലൂടെ സാധ്യമാക്കുന്നു. 'ആട്ടിടയന്‍' എന്ന കവിത  നോക്കുക. പല വ്യവഹാരങ്ങള്‍ നിറച്ചു ഈ കവിത സ്വത്വനിര്‍ദ്ധാരണത്തിന്റെ രൂപമായി പരിണമിച്ചു നില്‍ക്കുന്നു. 'ഞാന്‍' തന്നെയാണ് കഥാപാത്രം.   ഭൂപണയബാങ്കില്‍നിന്ന് പണം കടമെടുത്തവന്‍, അയല്‍വക്കപ്പറമ്പിലെ മണ്ണിളക്കിമറിച്ച് വാഴവിത്തുകള്‍ കൂട്ടിയിട്ടവന്‍, നാമ്പിട്ട വാഴയിലകളും ചിരിക്കുന്ന കൂമ്പുകളും നോക്കി നിന്നവന്‍, കാറ്റ് വാഴകള്‍ വെട്ടിയിട്ടപ്പോള്‍ കടം കേറിയവന്‍, പിന്നീട് കടങ്ങള്‍ മറന്നവന്‍.
''രാത്രി
മുറ്റത്തിറങ്ങി 
നിന്നപ്പോഴാകട്ടെ,
നിരനിരയായ് നാമ്പിട്ടുനില്‍ക്കുന്ന
ചെറുവാഴത്തൈകള്‍
പെട്ടെന്നൊരാട്ടിന്‍പറ്റമായി മാറി
കാറ്റത്ത് തലയാട്ടി''
പലതരം വ്യക്തിത്വത്തെ ആട്ടിടയനിലേക്ക് സമന്വയിപ്പിച്ച് വ്യത്യസ്ത കാലങ്ങളെ ഉദീരണം ചെയ്യുന്നു. ഇവിടെ കവിത ഒരു തോന്നലാണ്. പ്രകൃതിയിലുണ്ടാവുന്ന പരിണാമമാണ് യാഥാര്‍ത്ഥ്യത്തെ തോന്നലുമായി ഇണക്കുന്നത്. യുക്തി ഉപയോഗിക്കാതെ വാച്യാര്‍ത്ഥത്തില്‍നിന്ന് വിമോചനമില്ല. വായനക്കാരനെ അനുമാനിക്കാന്‍ പ്രേരിപ്പിക്കുകയാണ്. കലേഷിന്റെ മിക്ക കവിതകളിലും ശ്രോതാവിന്റെ ഇണക്കവും യുക്തിയുടെ ഇടപെടലും സംഭവിക്കുന്നു. മറ്റൊന്ന് ധ്വനിപ്പിക്കുകയാണ് കവിത. കവിതയിലെ ഞാന്‍, മറ്റൊരാളായി രൂപാന്തരപ്പെട്ട് അഗാധവും ആത്മനിഷ്ഠവുമാക്കുന്നു കവിതയെ. ചെറുവാഴത്തൈകള്‍ ആട്ടിന്‍പറ്റമായ് തീര്‍ന്നപ്പോള്‍ കവിക്ക് ആട്ടിടയനാകാതെ വയ്യല്ലൊ. ഒരാളുടെ പലതായുള്ള ഈ വ്യതിയാനം പുതുകവിതയുടെ ഒരു ശ്രദ്ധക്ഷണിക്കലാകുന്നു. ഈ സമൂഹത്തില്‍ ഒരാളായി, ഒരൊറ്റ ശബ്ദമായി നിലനില്‍ക്കാനാവില്ല. പല ശബ്ദങ്ങളുടെ കൂടിച്ചേരലാണ് ഒരാള്‍. ഗൃഹാതുരമാവുകയാണ് കാവ്യത്തിന്റെ അനുഭവഘടന. 

ഒപി സുരേഷ്
ഒപി സുരേഷ്

ഭാവോപേക്ഷയല്ല, ഭാവനിയന്ത്രണമാണ് വ്യവഹാരസവിശേഷതയായി ബോധ്യപ്പെടുന്നത്. ഓരോ നല്ല സൃഷ്ടിയും ഓരോ അന്തര്‍ഭാവത്തെ രൂപപ്പെടുത്തുമെന്ന് ജോസഫ് മുണ്ടശ്ശേരി അഭിപ്രായപ്പെട്ടത് ഞാന്‍ ഓര്‍മ്മിക്കുന്നു. ഭാവം ഉച്ചസ്ഥായിയിലാണെങ്കില്‍ ആസ്വാദനത്തിന്റെ മധ്യമാവസ്ഥയില്‍ രസവൈവിധ്യം അനുഭവപ്പെടുകയും ചെയ്യും. പക്ഷേ, ഭാവനിയന്ത്രണം വരുമ്പോള്‍ അന്തര്‍ഭാവത്തില്‍ ഒരു പിളര്‍പ്പ് സംഭവിക്കുകയും രസവൈവിധ്യം ഇല്ലാതെ പോവുകയും ചെയ്യും. അതായത് ഭാവമില്ലെങ്കില്‍ രസമുണ്ടാവുകയില്ല. ഭാവം നിയന്ത്രിക്കപ്പെടുന്നു, ചുരുങ്ങുന്നു എന്നു മാത്രമല്ല, ഏതാനും വരികളുള്ള കവിതയില്‍ത്തന്നെ അപൂര്‍വ്വമായി മാത്രം ഭാവസ്പര്‍ശം കാണുന്നു എന്നതാണ് പുതിയ കവിതയുടെ അനുഭവം. ഇത് ശ്രോതാക്കളെ ഒരു പ്രതിസന്ധിയിലെത്തിക്കുന്നുണ്ടോ? വസ്തുപ്രതീതി കവിതയില്‍നിന്നു ലഭിച്ചാലും യുക്തിയില്ലാതെ ഭാവോന്മീലനം സംഭവിക്കാതിരിക്കുന്ന ഒരു രചനാരീതിയും പൊതുവെ കാണുന്നു. വിഷ്ണുപ്രസാദിന്റെ 'പതിന്നാലാം നമ്പര്‍ സീറ്റ്' എന്ന കവിതയിലേക്ക് വരിക. കവി ബസിലെ പതിന്നാലാം നമ്പര്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുകയാണ്. ആരൊക്കെയോ കയറിയിറങ്ങുന്നു. ''എന്നെ നോക്കൂ'' എന്ന് കവി അപേക്ഷിക്കുന്നു. നൂറ്റമ്പതില്‍പ്പരം കവിതയെഴുതിയിട്ടുള്ള ഒരാള്‍, ഇനിയും എഴുതാന്‍ സാധ്യതയുള്ളയാള്‍. പക്ഷേ, 'ക്രൈം', 'മംഗളം' മാസികകള്‍ വാങ്ങി വായിക്കുന്നവരും മുന്‍സീറ്റിലിരുന്ന് മുറുക്കിത്തുപ്പുന്നവനും കവിയെ ശ്രദ്ധിക്കുന്നേയില്ല. എന്നാല്‍, പോക്കറ്റടിക്കപ്പെട്ടു. ഈ അനുഭവപശ്ചാത്തലത്തില്‍ സ്വയം നിര്‍വ്വചിക്കാനുള്ള ബദ്ധപ്പാടിലാണ് കവി. 
''ഇറങ്ങേണ്ടിടത്ത് ഇറങ്ങാതെ
ഒന്നുമില്ലാതെ, ഒന്നുമല്ലാതെ
ഏതുറക്കത്തിലേക്കാണ് 
ഈ പതിന്നാലാം  നമ്പര്‍ സീറ്റ് ഒറ്റയ്ക്ക് 
പോയിക്കൊണ്ടിരിക്കുന്നത്.''

മാധവന്‍ പുറച്ചേരി
മാധവന്‍ പുറച്ചേരി


ഒരസംതൃപ്തി ഈ കാവ്യവരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നു. രസാത്മകമായ വാക്യങ്ങളൊന്നും ഈ കവിതയിലില്ല. ഒരു ഭാവ കവിതയുമല്ല. പക്ഷേ, കവിതയിലെ ഓരോ വാക്യവും ഖണ്ഡവും ഒരു ഏകാന്തതയെ നിര്‍വ്വചിക്കുന്നുണ്ട്. അനുമാനത്തിലൂടെയാണ് ആ നിര്‍വ്വചനം സാധ്യമാവുക. ഒരു സീറ്റിലിരുന്ന് 'ഒന്നുമില്ലാതെ ഒന്നുമല്ലാതെ' ഉറക്കത്തിലേക്ക് വീണുപോകുന്ന ഒരാള്‍ മാത്രമാണ് കവി. വലിയ പ്രതിഭാസമൊന്നുമല്ല. ഒരു പോക്കറ്റടിക്കാരന്റെ മുന്നില്‍ നിഷ്പ്രഭനായിപ്പോവുന്ന ഒരു പച്ചമനുഷ്യന്‍! ഇങ്ങനെ നിസ്സഹായതയുടെ നിലവിളി ഓര്‍ത്തെടുക്കുന്ന കുറേ മനുഷ്യരെ വ്യാകുലപ്പെടുത്തുകയാണോ പുതിയ കവിത ചെയ്യുന്നത്. കുഴൂര്‍ വിത്സന്‍, ബിജോയ് ചന്ദ്രന്‍, സുരേഷ്‌കുമാര്‍ എം.എസ്., നന്ദന്‍ മുള്ളമ്പത്ത് തുടങ്ങി ഈ തലമുറയിലെ ഒരുപറ്റം എഴുത്തുകാരുടെ കവിതകളിലൂടെ കടന്നുപോകുമ്പോള്‍, മനുഷ്യനിലേക്കുള്ള ദൂരം നമുക്ക് സ്പര്‍ശിച്ചറിയേണ്ടിവന്നേയ്ക്കും. വിടരുവാനാവാത്ത സ്വപ്നത്തിന്റെ ദൂരമേയുള്ളൂവെന്ന് ഒരു കവി പറയും. അത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അകല്‍ച്ച തന്നെയാണ്. ജീവിതത്തെ തിരിച്ചുപിടിക്കാനാഗ്രഹിക്കുന്ന ഒരു കവിക്ക് ഓര്‍മ്മകളേയും സ്വപ്നങ്ങളേയും സമീപിക്കേണ്ടിവരുന്നതും മറ്റൊന്നുകൊണ്ടുമല്ല. ദിവാകര്‍ വിഷ്ണുമംഗലം പറയുന്നു: '...ജീവിതമുക്തിമാര്‍ഗ്ഗം വളര്‍ത്തുവാന്‍, അന്യനില്‍ നിത്യവൈര്യം തിളപ്പിക്കുമി കൊടും ഹത്യതന്‍ പാഠശാലയിലാണ് ഇന്ന് ഞാന്‍.'' ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. കവിതയും ലോകവും എന്ന ഒരു സമാശ്വാസം ആ കവിത മുന്നോട്ടുവെയ്ക്കുന്നു. 'ഗുജറാത്ത്' എല്ലാ കവിതകള്‍ക്കുമപ്പുറത്താണ് എന്ന് എഴുതിയപ്പോള്‍ മനുഷ്യനീതി തന്നെയാണ് ബക്കര്‍ മേത്തല ലക്ഷ്യം വച്ചത്. അമ്മയിലേക്കുള്ള വഴിയളന്ന് വൈകാരികതയെ അടുപ്പിച്ചുനിര്‍ത്തുന്നു വിജേഷ് എടക്കുന്നി 'ഓര്‍മ്മയുടെ താക്കോല്‍' എന്ന കവിതയില്‍. ആറാം തലമുറക്കവികളില്‍ ചിലരുടെയെങ്കിലും കവിതകളിലെ ഭാഷ ഋജുവാകുന്നതും കവിത ധ്വന്യാത്മകമല്ലാതാവുന്നതും ശ്രദ്ധയില്‍പ്പെടുന്നു. 
ആസ്വാദനം വാച്യാര്‍ത്ഥപരിശോധനയായി അധഃപതിക്കുന്ന ഒരു സന്ദര്‍ഭം സച്ചിദാനന്ദന്റെ കവിതയെക്കുറിച്ചെഴുതുന്നതിനിടയില്‍  നിരൂപകന്‍ നരേന്ദ്രപ്രസാദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. 'എന്നെ'പ്പറ്റി പറയാന്‍ തുടങ്ങി സൂര്യനെ കണ്ടുകൊണ്ടവസാനിക്കുന്ന രീതി (അഞ്ചുസൂര്യന്‍) ഉദാഹരിക്കുന്നു. ഇവിടെനിന്നൊക്കെ കവിത വളരെ മുന്നോട്ടുപോയി. സ്വാധീനം ഇപ്പോഴും ഒരു പരാതിയായി അവശേഷിക്കുന്നു. 

എംഎസ് ബനേഷ്
എംഎസ് ബനേഷ്


നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം കവികളുണ്ട് കൂട്ടത്തില്‍. ആധുനികാനന്തര കവിതയുമായി ചേര്‍ന്നുനിന്ന് എഴുതിത്തുടങ്ങിയവരാണ്. അവര്‍ പുതിയ സിദ്ധാന്തങ്ങള്‍ ഒന്നും കവിതയില്‍ അന്വേഷിക്കുന്നില്ല. സ്വാനുഭവങ്ങളോട് കൂറുപുലര്‍ത്തുകയും തങ്ങള്‍ക്ക് ലഭ്യമായ ബിംബാവലികള്‍ ഉപയോഗിച്ച് കവിതയെഴുതുകയും ചെയ്യുന്നു. ഇക്കൂട്ടത്തില്‍ ചിലരുടെ ഇഷ്ടവിഷയം രാഷ്ട്രീയമാണ്. എന്നാല്‍ നമ്മുടെ വിപ്ലവകവിത സൃഷ്ടിച്ച പ്രതിസന്ധികളൊന്നും ഇവരുടെ കവിതകളില്‍ കാണുന്നില്ല. ഭാവനിയന്ത്രണം ഉണ്ടോ എന്ന് ചോദിച്ചാല്‍, രൂപത്തെ നിയന്ത്രിക്കുന്നുണ്ട് എന്ന് ഉറക്കെ പറയാന്‍ കഴിയും. കെ.ജി.എസ്, സച്ചിദാനന്ദന്‍ എന്നീ കവികളുടെ തുടര്‍ച്ചയുമല്ല ഈ കവികള്‍. കവിതയുടെ സ്വരാജ്യം അന്വേഷിച്ചുപോകുന്നു അവര്‍. 
''കവിതയുടെ സ്വരാജ്യം പുനര്‍നിര്‍മ്മിക്കുന്നു'' എന്ന ഒരു തലവാചകത്തിന് കീഴെയാണ് ഒ.പി. സുരേഷിന്റെ കവിതകളെ ഞാന്‍ വിലയിരുത്തിയത്. ജീവിതത്തിനുവേണ്ടി എഴുതുന്ന ജീവിതമാണ് ഇവിടെ കവിത. ഫോക്കസ് തെറ്റിയ ഛായാചിത്രങ്ങളായി കവിതയെ സംവീക്ഷിക്കുന്നു. ഈ കവിതയും ഒരു രാഷ്ട്രീയതലം സ്വീകരിക്കുന്നത് കാണാം. ഭാവത്തിന്റെ നേരിയ ഉള്ള തക്കങ്ങള്‍ സൃഷ്ടിച്ച്, ധാരാളം വാതിലുകളുള്ള ഒരു വീടിനെ സങ്കല്പിച്ചെടുത്ത്, ചുമരുകള്‍ വിണ്ടുകീറി എന്നെഴുതുമ്പോള്‍ ഒരു രാഷ്ട്രീയം പറയുകയാണ് എന്ന് അനുമാനിച്ചെടുക്കാന്‍ ശ്രോതാവിന് കഴിയുന്നു. വാക്യാനുചിതങ്ങളാണ് കവിത എന്ന് നിര്‍വ്വചിക്കാമോ? നമ്മുടെ വ്യവഹാരസമൂഹം അതെങ്ങനെ സ്വീകരിക്കും എന്നതാണ് മൗലികമായ പ്രശ്‌നം. ഒ.പിയുടെ ഒരു കവിതയില്‍ ഇപ്രകാരം നാം വായിക്കുന്നു: ''വാക്കുകളുടെ ശവങ്ങള്‍ നിറഞ്ഞ്/ഭാഷ, ശ്മശാനമായി എരിഞ്ഞു.'' ഇത് മറ്റൊരു പ്രതിസന്ധിയെ സൂചിപ്പിക്കുന്നു. പാഴായ വാക്കുകളും അലങ്കോലപ്പെട്ട പദാവലികളും അജീര്‍ണ്ണം പിടിച്ച വാക്കുകളും നിറഞ്ഞ ഒരു വ്യവഹാര വ്യവസ്ഥയില്‍ ഭാഷയെക്കുറിച്ച് കവി പ്രതികരിക്കുകയാണ്. വാക്കുകളെ കവി വീണ്ടെടുക്കേണ്ടതുണ്ട് എന്ന സൂചനകൂടിയുണ്ട് അതില്‍. ഭാഷയുടെ ഈ ഉണര്‍വ്വില്ലായ്മ കവിതയുടെ ശ്മശാനതുല്യതയാണ്. ഇതില്‍നിന്നുള്ള വിമോചനമാണ് പുതിയ വ്യവഹാര കവിത തേടുന്നത് എന്ന് പറയാമോ? കവിതയുടെ സ്വരാജ്യം പുനര്‍നിര്‍മ്മിക്കപ്പെടണം. 
മാധവന്‍ പുറച്ചേരി, എം.എസ്. ബനേഷ്, ശൈലന്‍ തുടങ്ങി കുറേ കവികള്‍ ഭാഷയില്‍ സ്വന്തം പടക്കോപ്പുകള്‍ ഒരുക്കിനിര്‍ത്തുന്നു. തങ്ങളുടെ കവിത ആധുനികാന്തതയ്ക്ക് ഒരു നീട്ടല്‍ ആണ് എന്നവര്‍ സമ്മതിക്കില്ല. അവനവന്റെ സ്വത്വത്തെ വാക്യങ്ങളിലൂടെയും വാക്കുകളിലൂടെയും വേര്‍തിരിച്ചെടുക്കുകയാണ്. വേദനയും വിഷാദവും സംഘര്‍ഷങ്ങളും കവിതയ്ക്കുള്ളില്‍ സ്വരഭേദവിതാനങ്ങള്‍ തീര്‍ക്കുന്നു. 

ഗിരിജ പി പാതേക്കര
ഗിരിജ പി പാതേക്കര


ഇല്ലലങ്കാരമൊന്നുമേ വാക്കിങ്കല്‍
കണ്ടകാര്യങ്ങള്‍ കവി പറയേണ്ടയോ  
എന്നെഴുതിയത് മാധവന്‍ പുറച്ചേരിയാണ്. വ്യക്തമായി ഒരു കാര്യം അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. അലങ്കാരങ്ങളോ അതുപോലെയുള്ള കാവ്യാടകളോ ഒന്നും വാക്കുകള്‍ക്കാവശ്യമില്ല. ആശയനിവേദനമാണ് മുഖ്യം. ജീവിതാനുഭവങ്ങളാണ് കവി കൊണ്ടുവരുന്നത്. വാക്കും വാക്യവും അതിനായി ക്രമപ്പെടുത്തുന്നു. വാക്യത്തില്‍ മാത്രമല്ല, വാക്കിലും രസാത്മകതയുണ്ട് എന്ന് കവിതകള്‍ പരിശോധിക്കുന്ന ഒരു സൈദ്ധാന്തികന്‍ വ്യാഖ്യാനിക്കാന്‍ ഇടയുണ്ട്. ഇതും ഒരു കാവ്യനിര്‍വ്വചനം തന്നെ. വാക്യം രസാത്മകമായാല്‍ അത് കവിതയാവും. എന്നിടം വരെ എത്തിനിന്ന ആചാര്യന്മാര്‍ ഈയൊരു മാറ്റം ഭാവനചെയ്തു കാണില്ല. ഒരു വാക്ക് മതി കവിത ആസ്വദിക്കാന്‍ എന്നതാണ് പുതിയ സങ്കല്പം. 
ശബ്ദം, വാക്ക്, വ്യവഹാരം എന്നിവ ഉപയോഗിച്ച് എം.എസ്. ബനേഷ് രാഷ്ട്രീയ യുക്തിയിലേക്ക് വായനയെ കൊണ്ടുപോവുന്നു. 'നല്ലയിനം പുലയ അച്ചാറുകള്‍' എന്ന സമാഹാരത്തിലെ, ചില കവിതകളില്‍ പ്രണയവും വേദനയും രതിയും ഒക്കെ ഉണ്ടെങ്കിലും സാംസ്‌കാരിക നീതി രാഷ്ട്രീയമാണ്. 'പുലയ അച്ചാറുകള്‍' എന്ന തലവാചകം തന്നെ, അതിരുവല്‍ക്കരിക്കപ്പെട്ടവരിലേക്കും കുടിലതയിലേക്കും ഭൂമിയില്ലായ്മയിലേക്കുമെല്ലാം നമ്മെ കൊണ്ടുപോകും. ദളിത് രാഷ്ട്രീയത്തിന്റെ ധ്വനിമൂലകങ്ങള്‍ ഒളിപ്പിച്ചുവെച്ചുകൊണ്ട് ഒരു കവിത. പ്രതിരോധ രാഷ്ട്രീയത്തിന്റെ സ്വരവ്യജ്ഞതകള്‍ ഈ കവിത പ്രക്ഷേപിക്കുന്നു. കവി തന്നെ പറയുന്നുണ്ട് താന്‍ 'അടിയന്‍' എന്നു പ്രയോഗിക്കുമ്പോള്‍ അതില്‍ ഒരു രാഷ്ട്രീയമുണ്ട് എന്ന്. ഇങ്ങനെയൊക്കെ പറയുന്നു നമ്മുടെ പുതിയ കവികള്‍ എന്നല്ലാതെ, ആധുനികോത്തരതയ്ക്ക് ഒരു പുതിയ കിളിര്‍പ്പുണ്ട് എന്ന് ഒരു നിരൂപകനും പറഞ്ഞില്ല ഇതുവരെ. ഇടതുപക്ഷ മനോഭാവമുള്ള കവികള്‍പോലും ഓരോ വാക്കും ഓരോ വ്യവഹാരവും രാഷ്ട്രീയമാക്കി മാറ്റുകയാണ്. പ്രത്യയശാസ്ത്രം ചോര്‍ത്തിക്കളഞ്ഞാല്‍ അത് കവിതയാവില്ല എന്ന ആ പഴയ മനോദുഃഖത്തെ ശിഥിലീകരിക്കുകയാണോ വ്യവഹാര കവിത? പ്രത്യയശാസ്ത്രം ഒരു അവബോധമായി പരിണമിച്ചു നില്‍ക്കുന്നുണ്ട് ചില കവിതകളില്‍. അതുകൊണ്ട് നമ്മുടെ പുതിയവര്‍ മലയാളത്തിന്റെ രാഷ്ട്രീയ കവിതയെ സ്വല്പം അകറ്റിനിര്‍ത്തുന്നു. അതിന്റെ തുടര്‍ച്ചയല്ല പുതിയ കവിത. രാഷ്ട്രീയ ഭാവുകത്വത്തെ സ്വതന്ത്രമായും അനുഭവാത്മകമായും അവര്‍ വ്യവഹരിക്കുന്നു. ഭാവമേത് രൂപമേത് എന്ന ചര്‍ച്ചയോളമെത്തുന്നില്ല. അങ്ങനെയൊരു വേര്‍തിരിവും ലക്ഷ്യമാക്കുന്നേയില്ല. രൂപത്തില്‍ ഊന്നിനില്‍ക്കുന്ന വ്യവഹാര കവിതകള്‍ എന്നു അഭിപ്രായപ്പെടാന്‍ ഇടം നല്‍കുന്നില്ല. സഞ്ചാരീഭാവങ്ങള്‍കൊണ്ടും അതിന്റേതായ രൂപഭേദങ്ങള്‍കൊണ്ടും സമൃദ്ധമാണ് കവിത എന്ന് പറയാനാണ് എനിക്കിഷ്ടം. പ്രതികരണ സ്വഭാവമുള്ളവയാണ് മിക്കവാറും കവിതാവാക്യങ്ങള്‍. അല്ലെങ്കില്‍ വ്യവഹാരങ്ങള്‍. വസ്തുവിനോടുള്ള ആദ്യ പ്രതികരണമെന്ന മട്ടില്‍ ആകൃതിപ്പെടുന്ന വ്യവഹാരങ്ങള്‍ എത്രമാത്രം ഭാവസന്നദ്ധമാണ് എന്നു നോക്കുക. കവിതയിലെ ശബ്ദരൂപങ്ങളായി അവ നിലനില്‍ക്കുന്നു. ഭാവങ്ങള്‍ പൊലിഞ്ഞുപോയതോടെ നിശ്ചലമായ ശബ്ദക്രമമായി വ്യവഹാരങ്ങള്‍ പരിണമിച്ചു. ആസ്വാദനത്തെ അത് ദുസ്സഹമാക്കുന്നുണ്ടോ എന്നാരായേണ്ടത് വായനക്കാരാണ്.  അവര്‍ വ്യവഹാര കവിതകള്‍ക്കു മുന്‍പില്‍ തളര്‍ന്നുനില്‍ക്കുന്നോ? അനുവാചകരെ യുക്തിവിചാരത്തിന്റെ ഭാഗമാക്കുക എന്നേ കവിതയെ പ്രതിവചിക്കാനാവൂ. 
ദളിത്, സ്ത്രീ, അവന്‍/അവള്‍ വിഭജനങ്ങളും കവിതയില്‍ വരുന്നുണ്ട്. എം.ആര്‍. രേണുകുമാര്‍ ദളിത്പക്ഷത്തുനിന്ന് കവിതകളെഴുതുന്നു. ഗിരിജ പി. പാതേക്കര സ്ത്രീയുടെ ജീവിതമാണ് എഴുതുന്നത്. നിന്റേത്/എന്റേത് എന്ന ഒരു വിഭാഗീകരണം കൊണ്ടുവന്ന് അവളുടെ സ്വത്വത്തെ നിര്‍വചിക്കുകയാണ് പെണ്‍കവികള്‍. ദിനചര്യകള്‍ എന്ന കവിതയില്‍ ഗിരിജ സ്ത്രീയുടേയും പുരുഷന്റേയും ഭാവ കാമനകളെ, സ്വത്വ നിരീക്ഷണങ്ങളെ അപനിര്‍മ്മിച്ച് കാണുന്നുണ്ട്:
''എരിവും പുളിയും 
ചേര്‍ത്ത് കറികളും
മധുരംവെച്ചു പൊതി-
ഞ്ഞിലയടയുമുണ്ടാക്കുമ്പോള്‍ 
ഞാന്‍ സങ്കല്പിക്കും
ഞാനൊരു കവയിത്രിയാണ് എന്ന്.''
ഇതാണ് പ്രശ്‌നം. സ്ത്രീ-പുരുഷ ദ്വന്ദ്വം തന്നെയാണ് അനുഭവഘടനയെ നിയന്ത്രിച്ചു നിര്‍ത്തുന്നത്. 
ധൈഷണിക സംതൃപ്തിയും അനുഭവ സംതൃപ്തിയും ലക്ഷ്യംവെച്ചുള്ള വ്യവഹാരങ്ങള്‍ മാത്രം നിര്‍മ്മിക്കപ്പെടുന്നു. കവി ഈ പുതിയ വഴിയിലാണ്. ആ വ്യവഹാരങ്ങള്‍ എത്രമാത്രം ഭൂതകാലവുമായി തര്‍ക്കത്തിലാണോ, അത്രയും ആഴത്തിലാണ് പുതിയ കവിത, ശക്തമാണ് പുതിയ കവിത എന്നു വ്യാഖ്യാനിക്കേണ്ടിവരും. കാലമാണ് കവിത എന്ന് നമുക്ക് നിര്‍വ്വചിക്കയും ആവാം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com