ഭാഷയില്‍ പുതുക്കിപ്പണിയുന്ന ശില്പങ്ങള്‍: ഡോ. ടിഎം മാത്യു എഴുതുന്നു

ഭാഷയേയും ഭാവനയേയും പുതുക്കിപ്പണിയുക എന്ന ചരിത്രധര്‍മ്മമാണ് ഓരോ തലമുറയിലേയും എഴുത്തുകാര്‍ നിര്‍വ്വഹിച്ചുപോന്നിട്ടുള്ളത്.
ഭാഷയില്‍ പുതുക്കിപ്പണിയുന്ന ശില്പങ്ങള്‍: ഡോ. ടിഎം മാത്യു എഴുതുന്നു

ഭാഷയേയും ഭാവനയേയും പുതുക്കിപ്പണിയുക എന്ന ചരിത്രധര്‍മ്മമാണ് ഓരോ തലമുറയിലേയും എഴുത്തുകാര്‍ നിര്‍വ്വഹിച്ചുപോന്നിട്ടുള്ളത്. മലയാളത്തിലെ ഏറ്റവും സജീവ സാഹിത്യശാഖയായ ചെറുകഥ സമീപകാല ചെറുകഥയില്‍നിന്ന് വളരെയധികം വ്യത്യാസം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. ആധുനികാനന്തര ചെറുകഥ സൃഷ്ടിച്ച സംവേദനങ്ങളെ ആദ്യമായി മറികടന്നത് സന്തോഷ് ഏച്ചിക്കാനത്തിന്റെ 'കൊമാല' എന്ന ചെറുകഥയിലൂടെയായിരുന്നു. പുതിയ അവതരണരീതിയും മനുഷ്യനെക്കുറിച്ചുള്ള പുതിയ ആശങ്കയും പങ്കുവച്ചുകൊണ്ട് പുതുകഥാകൃത്തുക്കള്‍ അനുഭവങ്ങളുടെ വലിയ വന്‍കരതന്നെ മലയാളത്തില്‍ സൃഷ്ടിച്ചു. എന്നാല്‍, പുതുകഥ സൃഷ്ടിച്ച അഭിരുചിയെ തിരുത്തിക്കൊണ്ടാണ് സമകാലിക കഥാകൃത്തുക്കള്‍ കടന്നു വരുന്നത്. 2015 ഓടുകൂടി ലാസര്‍ ഷൈന്‍, ഫ്രാന്‍സീസ് നൊറോണ,  പി.എസ്. റഫീക്ക്, വിനോയി തോമസ് തുടങ്ങിയ എഴുത്തുകാര്‍ സമീപകാല കഥകളില്‍നിന്ന് വ്യക്തമായ അകലം സൃഷ്ടിക്കുന്ന രചനാകൗശലങ്ങളും അനുഭവങ്ങളുമാണ് കഥാലോകത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മലയാളഭാവന കടന്നുചെല്ലാതിരുന്ന ഇടങ്ങളിലേക്ക് സമകാല ചെറുകഥ സഞ്ചരിക്കുന്നു. സ്ഥിരതയില്ലാത്ത കാലത്തിലെ ജീവിതത്തിന്റെ നശ്വരനിമിഷങ്ങള്‍ ചരിത്രവല്‍ക്കരിക്കുന്ന ധര്‍മ്മമാണ് സമകാലിക കഥാകൃത്തുക്കള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. ആധികാരികമായ ഏതെങ്കിലും ദര്‍ശനത്തിന്റെ വക്താവല്ല ഇന്നത്തെ കഥാകൃത്തുക്കള്‍. അങ്ങനെയൊരു ദര്‍ശനം ഇവിടെ അവശേഷിക്കുന്നുണ്ടെന്ന വിശ്വാസവും പുതിയ കഥാകൃത്തുക്കള്‍ പുലര്‍ത്തുന്നുണ്ടെന്ന് തോന്നുന്നില്ല. ആരെയും കാത്തുനില്‍ക്കാതെ, ഒന്നിനേയും താലോലിക്കാതെ തകര്‍ത്തൊഴുകുന്ന ജീവിത നദിയെ വെറുതെ നോക്കിനില്‍ക്കുന്നവരാണ് ഇന്നത്തെ കഥാകൃത്തുക്കള്‍. അവര്‍ കാലഘട്ടം നല്‍കിയിട്ടുള്ള എല്ലാവിധ പ്രത്യേകതകളോടും കൂടി മനുഷ്യനിലേക്ക് നോക്കുന്നതാണ് ഇന്നത്തെ കഥകളില്‍ കാണുന്നത് 

പുഴകത്തുമ്പോള്‍ മീനുകള്‍, കൂ എന്നീ കഥാസമാഹാരങ്ങളിലൂടെ സമകാലിക ചെറുകഥയില്‍ സ്വന്തമായ ഒരനുഭവലോകം സൃഷ്ടിച്ച കഥാകൃത്താണ് ലാസര്‍ ഷൈന്‍. സോദ്ദേശ്യ സാഹിത്യസങ്കല്പങ്ങളെ തകിടംമറിച്ച് എഴുത്തിനെ അനുഭവസത്യം എന്ന നിലയില്‍ ശാശ്വതീകരിക്കുകയാണ് ലാസര്‍ ഷൈന്‍ കഥകളിലൂടെ നിര്‍വ്വഹിച്ചുപോരുന്നത്. മലയാളസാഹിത്യം തമസ്‌കരിച്ച അല്ലെങ്കില്‍ ആവിഷ്‌കരിക്കാന്‍ മടിച്ച് മാറ്റിനിര്‍ത്തപ്പെട്ട ഒരനുഭവലോകമുണ്ട്. അവ റിയലിസത്തിന്റെ നിയമങ്ങളില്‍നിന്നും മറനീക്കി പുറത്തുവരുന്നു. റിയലിസം പോലും ചില പ്രത്യേക കാഴ്ചകളെയാണ് ആവിഷ്‌കരിച്ചത്. അവയിലും കടന്നുവരാത്ത, ഇരുളുകളില്‍ പതിഞ്ഞുപോയ ജീവിതഭാഗങ്ങള്‍ ബാക്കിയുണ്ടെന്ന് തിരിച്ചറിയുന്ന കഥാകാരനാണ് ലാസര്‍ ഷൈന്‍. ഖനനം ചെയ്‌തെടുക്കുന്ന പുതിയ അനുഭവങ്ങള്‍ പുതിയ യാഥാര്‍ത്ഥ്യമായി കഥയില്‍ പരിണമിക്കുന്നു. 'മഞ്ഞചുവന്നപച്ച' എന്ന കഥയില്‍ ആഷേപഹാസ്യരീതിയില്‍ മാത്തന്‍ എന്ന വ്യക്തിയുടെ പുകവലിശീലത്തെ കഥയില്‍ അവതരിപ്പിക്കുന്നു. സിഗരറ്റ് വലിക്കുമ്പോള്‍ നൂറുരൂപാ  പിഴയിടാന്‍ എപ്പോഴും പോക്കറ്റില്‍ സൂക്ഷിക്കുന്നയാളാണ് മാത്തന്‍. പുകവലിയുടെ അഴുക്കും ദുര്‍ന്ധവും അറപ്പും അത് സൃഷ്ടിക്കുന്ന അടിമത്തവും അതില്‍നിന്ന് കുതറിമാറാനുള്ള ശ്രമവും വൈകാരികതയെ അകറ്റിനിര്‍ത്തിക്കൊണ്ട്, കഥാകൃത്ത് വ്യത്യസ്തതയോടെ നിരീക്ഷിച്ച് അവതരിപ്പിക്കുന്നു. കഥാവസാനം മാത്തന്‍ പുകവലി നിര്‍ത്താന്‍ നിശ്ചയിച്ചശേഷം അവസാനത്തേതായി ഒരു സിഗരറ്റുകൂടി വലിക്കുന്നു. അപ്പോള്‍ അവിടെയെത്തുന്ന പൊലീസ് മാത്തന്‍ വലിച്ചത് കഞ്ചാവാണെന്ന നിഗമനത്തില്‍ പിടികൂടുന്നതുമാണ് അവതരിപ്പിച്ചിട്ടുള്ളത്. നിസ്സാരമെന്നു തോന്നുന്ന ഈ പ്രമേയത്തിനുള്ളില്‍ വലിയൊരു ജീവിതത്തെ അടയാളപ്പെടുത്താന്‍ കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. ജീവിതത്തെ ഖനനം ചെയ്‌തെടുക്കുന്ന നിരീക്ഷണങ്ങളാണ് കഥയെ ആഴമുള്ളതാക്കുന്നതും നിലനിര്‍ത്തുന്നതും. ഒട്ടേറെ ജീവിതനിരീക്ഷണ സന്ദര്‍ഭങ്ങള്‍ കഥയില്‍ കടന്നുവരുന്നുണ്ട്. ഒരുദാഹരണം കാണുക. മാത്തന്‍ അച്ഛനാകാന്‍ പോകുന്നുവെന്നതറിഞ്ഞ സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി കഥാകൃത്ത് എഴുതുന്നു. ''ജീവിതത്തില്‍ അതേവരെയില്ലാതിരുന്ന എന്തോ ഒരാശ്വാസം മാത്തന് അനുഭവപ്പെട്ടു. മാത്തന്‍ അച്ഛനായി തുടങ്ങിയതിന്റെയാണ്. ഒരാള്‍ അച്ഛനാകുമ്പോള്‍ എവിടെനിന്നൊക്കെയോ അയാള്‍ക്ക് ചിറകുകള്‍ മുളയ്ക്കും. ഞാനെന്നത് പെരുകുന്നതിന്റെ അഹങ്കാരമാണത്'' ജീവിതത്തിന്റെ അകം യാഥാര്‍ത്ഥ്യങ്ങളിലൂടെയാണ് കഥാകൃത്ത് സഞ്ചരിക്കുന്നത്. മാത്തന്‍ അവസാനമായി സിഗരറ്റ് കത്തിക്കാനായി ശ്രമിക്കുന്ന രംഗം കഥാകൃത്ത് ചിത്രീകരിക്കുന്നതു നോക്കുക. ''ഉരച്ചയുടന്‍ നേരിട്ട് സിഗരറ്റിലേക്ക് കൊളുത്താനായി അടുപ്പിച്ചതും കൊള്ളി കെട്ടു. വീണ്ടും അതേപോലെ തന്നെ പലതവണ കെട്ടു. ധൃതിയില്ല. ചെയ്യാനുറപ്പിച്ചത് ചെയ്യുന്നവന്റെ ശാന്തത. ആസ്വദിച്ച് ചെയ്യുന്ന ഒരു കൊലപാതകത്തില്‍ മാത്രം സാധ്യമായൊരു സാവകാശം. ഇത്തവണ സിഗരറ്റില്‍ തുമ്പോളം തീയെത്തി. അതില്‍നിന്നും ചുവന്ന നാവ് പുറത്തേയ്ക്കു വന്നു. അവസാന സിഗരറ്റിന്റെ ആദ്യത്തെ പുക. ആദ്യ കാമുകിയെ, ആയത്തില്‍ ചെന്ന് ഓര്‍ത്തുപോകുന്ന നിമിഷം. മാത്തന്‍ കാല്‍വിരലോളം പുകയെത്തണമേയെന്ന വിധം അകത്തേയ്ക്ക് ഇരുത്തി വലിച്ചു മാത്തന്‍ റഹ്മത്തിനെ ഓര്‍ത്തു. അവന്‍ ഒന്നിലും അവള്‍ നാലിലുമായിരുന്നു.'' കഥയെ അനുഭവത്ക്കരിക്കുന്ന ജൈവമായ ഊര്‍ജ്ജം ലാസറിന്റെ ആഖ്യാനത്തിനുണ്ട്. ഏതു സംഭവത്തിന്റേയം ചുരുളഴിച്ച് ഉള്ളിലേക്ക് ഇറങ്ങുന്ന രീതിയിലുള്ള വിവരണമാണ് ലാസറിന്റെ കഥകളിലുള്ളത്.    

ആഖ്യാനത്തിന്റെ സൗന്ദര്യമാണ് ലാസറിന്റെ കഥയെ വ്യത്യസ്തമാക്കുന്നത്. 'കൂ' എന്ന കഥ ആഖ്യാനത്തില്‍ വലിയ പരീക്ഷണം തന്നെ സൃഷ്ടിക്കുന്നു. യാഥാര്‍ത്ഥ്യവും അയഥാര്‍ത്ഥ്യവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റെ യുക്തിയില്‍നിന്നും അയഥാര്‍ത്ഥതയിലേക്ക് കഥയെ കൊണ്ടുപോകന്നു. അനുഭവിപ്പിക്കുന്നു എന്നതല്ലാതെ മറ്റുത്തരമൊന്നും കഥകൊണ്ട് കഥാകൃത്ത് സൃഷ്ടിക്കുന്നില്ല. സ്വപ്നത്തില്‍നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് പരിണമിക്കുന്ന കഥകളാണ് 'ദ്വാരക' പോലെ സാധാരണ കഥകള്‍. ഈ രീതിയല്ല 'കൂ' എന്ന കഥയിലുള്ളത്. സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് വെളിപ്പെടുന്നില്ല. സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മില്‍ അഭേദാത്മകമായി കൂട്ടിക്കെട്ടിക്കൊണ്ടു കഥാഭാവന വികസിക്കുന്നു. റാഫേല്‍ എന്ന സ്ത്രീയുടെ അബോധത്തിലൂടെ കടന്നുവരുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കഥയായിത്തീരുന്നു. വീട്ടിനുള്ളില്‍ പുലിയെ വളര്‍ത്തുന്നതും ജനലഴികളിലൂടെ പുലിയെ മയക്കുവെടി വയ്ക്കുന്നതും റാഫേലിന്റെ കെട്ടിയോന്‍ ആകാശത്തിലൂടെ പറന്നകലുന്നതുമെല്ലാം രസകരമായ ഭാവനകളാണ്. ഭയപ്പെടുത്തുകയോ വിഭ്രമപ്പെടുത്തുകയോ ചെയ്യാത്ത ഈ കഥ ഭ്രമാത്മക കഥകളില്‍നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നു. സ്വപ്നത്തിലൂടെ പുതിയ യാഥാര്‍ത്ഥ്യം, മനസ്സിന്റെ സഞ്ചാരപഥങ്ങള്‍ ഇവ കഥാകൃത്ത് വരച്ചുവയ്ക്കുന്നു.

സോദ്ദേശ്യസാഹിത്യത്തിന്റെ ഗുണപാഠസങ്കല്പത്തെ മറികടക്കാനുള്ള ശ്രമമാണ് 'കൂ' എന്ന് ആമുഖത്തില്‍ എസ്. ഹരീഷ് സൂചിപ്പിക്കുന്നുണ്ട്. പ്രത്യയശാസ്ത്രമോ ദര്‍ശനമോ ഗുണപാഠമൂല്യങ്ങളോ അടിച്ചേല്‍പ്പിക്കാതെ കഥയെ അനുഭവം മാത്രമാക്കി അവതരിപ്പിക്കാനുള്ള നിലപാട് ഈ കഥയില്‍ കാണാം.
എങ്കിലും ലാസറിന്റെ ചില കഥകളില്‍ അതിശക്തമായി ഇന്ത്യന്‍ വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളോടുള്ള എഴുത്തുകാരന്‍ എന്ന നിലയിലുള്ള ശക്തമായ പ്രതിഷേധം കടന്നുവരുന്നുണ്ട്. കാലത്തിന്റെ ചങ്കില്‍ കുത്തുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. മഞ്ഞചുവന്നപച്ച എന്ന കഥയില്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയ മനുഷ്യന്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാണ്. ''ഞാനിതുവരെ വോട്ടു ചെയ്തിട്ടില്ല. ആര്‍ക്കിട്ടു കുത്തിയാലും കൊള്ളുന്നത് ഒരാള്‍ക്കാ.'' വിശദമായ വിവരണത്തെ അനാവശ്യമാക്കുന്നതാണ് ലാസറിന്റെ രാഷ്ട്രീയ സൂചനകള്‍. ഇന്ത്യന്‍ ജനാധിപത്യം വീണുകിടക്കുന്നതെവിടെയെന്ന് കഥാകൃത്ത് സൂചിപ്പിക്കുകയാണ്. ഈ കഥാപാത്രത്തിലൂടെ തന്നെ അംബാനിയുടെ കഥയും കടന്നുവരുന്നുണ്ട്. ''അംബാനിയെ അറിയില്ലേ. പുള്ളി പെട്രോള്‍ പമ്പിലെ ജീവനക്കാരനായിട്ടു തുടങ്ങിയതാ. ഞാനൊക്കെ പണി തുടങ്ങുമ്പോ ക്ലാസ്സെടുക്കാന്‍ വരുന്ന ട്രെയിനേഴ്സ് അക്കഥ എപ്പോഴും പറയും. ഇന്‍സ്പിരേഷനുണ്ടാകാന്‍. എല്ലാരിലും ഒരംബാനിക്കുള്ള സാധ്യതയുണ്ടെന്ന്. ആ അംബാനി വളര്‍ന്നു വളര്‍ന്ന് ഇന്ത്യയായി. ഇനി ലോകം. പിന്നെ പ്രപഞ്ചം. അതൊക്കെ ഇവിടെ ഇന്ത്യയിലായതുകൊണ്ടാ. അതാണ് നമ്മുടെ ജനാധിപത്യം. പമ്പില് പെട്രോളടിക്കാന്‍ നിന്നൊരാള്‍ക്ക്, ഇന്ത്യയില്‍ അംബാനിയാകാന്‍ പറ്റും.'' ഒരു വല്ലാത്ത ചിരി പതിയിരിക്കുന്നുണ്ട് ലാസറിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളില്‍. 'ബീഡിപോലെ ഇടയ്ക്കിടെ കെട്ടുപോകുന്ന വിപ്ലവ'ത്തെക്കുറിച്ചുള്ള പരാമര്‍ശം മഞ്ഞചുവന്നപച്ച എന്ന കഥയില്‍ കടന്നുവരുന്നുണ്ട്. മനുഷ്യന്റെ പഠിച്ചുറപ്പിക്കപ്പെട്ട രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കാള്‍ ജൈവികമായ ഭാവനകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് മനുഷ്യന്റെ സാധ്യതകള്‍ കണ്ടെത്തുകയാണ് ലാസര്‍ തന്റെ കഥകളിലൂടെ നിര്‍വ്വഹിക്കുന്നത്. 

പുതിയ കാലത്തെ മാറിയ ജീവിതവും മനുഷ്യന്റെ പരിണാമവും ആഴത്തില്‍ പഠനവിധേയമാകുന്ന കഥകളും ലാസര്‍ ഷൈന്‍ രചിച്ചിട്ടുണ്ട്. ജോര്‍ജ്ജ് ഓര്‍വെല്‍ വ്യക്തിയുടെ സ്വകാര്യതയെ ഇല്ലാതാക്കുന്ന ഭരണകൂടഭീകരതയെ 1984 എന്ന നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്. പ്രവാചകശേഷിയുള്ള ഒരെഴുത്തുകാരനായിരുന്നു ഓര്‍വെല്‍. വ്യക്തിയുടെ സ്വകാര്യതയുടെ അവകാശം ഇന്ന് എല്ലായിടത്തും നിഷേധിക്കപ്പെടുന്നുണ്ട്. വിശ്വാസിയുടെ ദൈവത്തെപ്പോലെ ആരും കാണാതെ എല്ലാം കാണുന്ന കണ്ണുകള്‍ ഇന്ന് എവിടെയൊക്കെയോ ഉണ്ട്. മനുഷ്യന്റെ ഓരോ നിമിഷവും ഇന്ന് രേഖപ്പെടുത്തപ്പെടുന്ന സമയമുഹൂര്‍ത്തങ്ങളിലാണ്. ജീവിതം ചതുരവടിവില്‍ തളയ്ക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രത്തിന്റെ നിലനില്പിനുവേണ്ടിയുള്ള ഭയാനകമായ ദുസ്സൂചനകള്‍ 1984-ല്‍ ഉറക്കം കെടുത്തിയപ്പോള്‍ കുടുംബത്തിന്റെയുള്ളിലെ ശ്വാസനിശ്വാസങ്ങള്‍ പോലും പകര്‍ത്തപ്പെടുന്നതിന്റെ ചിത്രീകരണം സര്‍വയലന്‍സ് എന്ന കഥയില്‍ കാണാം. ആധുനികതയുടെ കാലയളവില്‍ മനുഷ്യന്‍ ഭയന്നിരുന്ന യാന്ത്രികതയുടെ പിടിമുറുക്കം ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. മനുഷ്യന്‍ പൊരുത്തപ്പെടലുകളുടെ അപാരസാധ്യതകളുമായി പുതിയ ഭാവത്തോടെ പ്രത്യക്ഷപ്പെടുന്നു. പൊരുത്തപ്പെടലിനുവേണ്ടി മനുഷ്യന്‍ നടത്തുന്ന ഓരോ ശ്രമത്തിലും മനുഷ്യത്വത്തിന്റെ ഒരു പിടച്ചിലുണ്ട്. പ്രായോഗിക ജീവിതത്തിന്റെ വിജയത്തിനുവേണ്ടി മനുഷ്യന്‍ സ്വയം സൃഷ്ടിച്ച കണക്കനുസരിക്കാന്‍ ബാദ്ധ്യസ്ഥനായിത്തീര്‍ന്നിരിക്കുന്നു. മനുഷ്യന്റെ ഇലാസ്തികത ഭയാനകമാംവിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 'കോട്ടയത്ത് എത്ര മത്തായിമാരുണ്ട്' എന്ന കഥയില്‍ ചിത്രീകരിച്ച  യാന്ത്രികസ്വഭാവം വളരെ ദൂരം പിന്നിടുന്നുണ്ട് 'സര്‍വയലന്‍സ്' എന്ന കഥയിലേക്ക് എത്തിച്ചേരാന്‍. ഭാര്യയുടെ സ്വകാര്യതയെ ഓരോ നിമിഷവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഭര്‍ത്താവെന്ന ക്യാമറക്കണ്ണിനെയാണ് ഈ കഥയില്‍ ലാസര്‍ ചിത്രീകരിക്കുന്നത്. സാമൂഹ്യശാസ്ത്രപരമോ ജീവശാസ്ത്രപരമോ ആയി മനുഷ്യര്‍ എങ്ങോട്ട് സഞ്ചരിക്കുന്നു എന്ന ആശങ്ക ഈ കഥ ജനിപ്പിക്കുന്നു.  
പുതിയ ജീവിതാവിഷ്‌ക്കരണത്തിനു ഭാഷയുടെമേല്‍ പുതിയ പൊളിച്ചെഴുതലുകള്‍ ആവശ്യമാണെന്ന കാഴ്ചപ്പാട് ലാസറിന്റെ കഥകളിലെങ്ങുമുണ്ട്. 'സര്‍വയലന്‍സ്' എന്ന കഥയിലെ ശൈലീവല്‍ക്കരിക്കപ്പെട്ട, ഒടിച്ചുമടക്കപ്പെട്ട വ്യക്തിത്വത്തിന്റെ പ്രകാശനത്തിന് സാര്‍, മാഡം തുടങ്ങിയ വാക്കുകള്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നു. മനസ്സിലില്ലാത്തതത്രയും ഭാഷയില്‍ അലങ്കരിക്കപ്പെട്ട് കൃത്യതയിലും ബഹുമാന്യതയിലും ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. വടിവൊത്ത ഇത്തരം ഭാഷാപ്രയോഗങ്ങള്‍ ശവക്കല്ലറകളെ ഓര്‍മ്മിപ്പിക്കുന്നു. അഴുകുന്ന, നാറുന്ന മനസ്സ് ആദരണീയമായ വാക്കുകള്‍ക്ക് പിന്നില്‍ ഉണ്ടായെന്നു വരാം. ഇവിടെയാണ് ആദരണീയമായി കരുതുന്ന ഭാഷയെപ്പോലും തെറിവല്‍ക്കരിക്കുന്നതായി തോന്നുന്നത്. ഭാഷാപദങ്ങളുടെ അര്‍ത്ഥം സംസ്‌കാര നിര്‍മ്മിതിയാണെന്ന് കരുതിയിരുന്നു. എന്നാല്‍, ഇന്ന് അര്‍ത്ഥം മാനസികാവസ്ഥകളുടെ ഊന്നലുകള്‍ക്ക് അനുസരിച്ച് മാറുന്നു. പദങ്ങള്‍ക്ക് അര്‍ത്ഥാദേശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഭാഷയില്‍ പുതുക്കിപ്പണിയുന്ന ശില്പമാണ് ലാസര്‍ ഷൈന്റെ കഥകള്‍. അനുഭവത്തിനുവേണ്ടിയുള്ള കഥാകൃത്തിന്റെ തപസ്സ് ഭാഷയുടെ ഗദ്യാത്മകവിതാനത്തിന് അപ്പുറം എത്തിച്ചേരുന്നു. ഗദ്യത്തിന്റെ വിനിമയ സാധ്യതകള്‍ അവസാനിക്കുകയും കാവ്യാത്മക അനുഭവത്തിനും ധ്വനനത്തിനും ഇടനല്‍കുകയും ചെയ്യുന്നു. സ്വന്തമായ കഥാഭാഷ കണ്ടെത്താനായ കഥാകൃത്താണ് ലാസര്‍ ഷൈന്‍. അണ്ഡം എന്ന കഥയിലെ ഒരു വാക്യം നോക്കുക. ''വീണ്ടും വാള്‍ത്തിളക്കമുള്ള വെയില്‍ തലങ്ങും വിലങ്ങും വെളിച്ചം വെട്ടിയിട്ടു. രക്തം വിയര്‍ത്തു.  ഫസലിന്റെ ഉള്ളം കൊത്തിയൊലിച്ചു.'' ഭാഷ പുതിയ സാധ്യതകള്‍ തേടുന്നു. പുതിയ അനുഭവത്തെ പുതിയ ഭാഷയിലൂടെ ആവാഹിക്കാന്‍ കഥാകൃത്ത് ശ്രമിക്കുന്നു. ആവിഷ്‌കരിക്കപ്പെടുന്ന വിഷയത്തെ, അതുള്‍ക്കൊള്ളുന്ന സാംസ്‌കാരികാന്തരീക്ഷത്തെയാകെ സ്വാംശീകരിക്കാന്‍ ലാസറിന്റെ ഭാഷയ്ക്ക് കഴിയുന്നു. 'നിര്‍ത്തിക്കൊട്ട്' എന്ന കഥയിലെ ഒരു വിവരണം നോക്കുക: ''കുമ്പസാരക്കൂടിന്റെ ചെവിയില്‍ പാപമിറക്കി ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവേയും പത്തു നന്മനിറഞ്ഞ മറിയമേയും ഒരു ത്രിത്വവും ചൊല്ലി നൈനാമ്മ വീട്ടിലെത്തി. പത്രോച്ചനും മക്കള്‍ക്കും കള്ളപ്പവും മപ്പാസും വിളമ്പി തിരുകുടുംബിനിയായി.'' തിരുകുടുംബിനി എന്ന പ്രയോഗം മലയാളത്തില്‍ മറ്റാരും പ്രയോഗിച്ചിട്ടുണ്ടാവില്ല. ക്രൈസ്തവമായ സങ്കല്പകാന്തികള്‍ പ്രമേയത്തിന്റെ ഊടും പാവുമായി കഥയിലേക്ക് കടന്നുവരുന്നു. നിര്‍ത്തിക്കൊട്ട് എന്ന കഥയില്‍ ദൈവവിളിയെക്കുറിച്ച് വിവരിക്കുന്ന സന്ദര്‍ഭത്തില്‍ ''പുരോഹിതന്റെ അടച്ച കണ്ണുകള്‍ക്കിടയിലൂടെ ദൈവത്തിന്റെ നാളം തിരി നീട്ടി'' എന്ന് എഴുതുന്നു. ''സ്വപ്നത്തിന്റെ മേഘപ്പഞ്ഞിയില്‍ ഒരുനാള്‍ വിളികിട്ടിയ ആ കഴിഞ്ഞ കാലം ഓര്‍ത്തുപോയ പുരോഹിതന്റെ സ്വാഭാവികമായ സ്വപ്നമായിരുന്നു അത്. ഖസാക്കിലേതുപോലെ  അനുഭവിക്കാന്‍ മാത്രം കഴിയുന്ന അലൗകിക നിമിഷങ്ങളെ ഭാഷയിലേക്ക് കഥാകൃത്ത് പകര്‍ത്തിവയ്ക്കുന്നു.'' 
മഞ്ഞചുവന്നപച്ച എന്ന കഥയില്‍ കഥാവിവരണത്തിന്റേയും ഭാഷാപരമായ നവ്യാനുഭവസൃഷ്ടിയുടേയും പുതിയ യമകരീതികള്‍ കഥാകൃത്ത് പരീക്ഷിക്കുന്നു. ''മൈരുമണി പത്തുകഴിഞ്ഞു. ഇനിയും ചെന്നില്ലെങ്കില്‍ രണ്ടു ദിവസം സ്വാഹയാണ്. അവളുടെ പരിഭവം ഇപ്പോഴേയ്ക്ക് പിണക്കമായിക്കഴിഞ്ഞിട്ടുണ്ടാകും. ഏതു സമയത്തും അതും കച്ചറക്കോളായെത്തും. പിന്നെ വീട്ടില്‍ ചെന്നാല്‍ അവള്‍ മിണ്ടാതിരിക്കും. പിന്നെ  ഞാന്‍ അവളുടെ വായില്‍ കയറി നാവുവലിച്ചു പുറത്തിടും. അവള്‍ കടിക്കും. ഞാന്‍ തിരിച്ചു കടിക്കും. മുറുമുറുപ്പും ചീറ്റലുമാകും. ഉറക്കം പോകും. രാവിലെ തലവേദനയാകും. പിന്നെയുള്ള രണ്ടു ദിവസങ്ങളില്‍ പൂസും പുറത്ത് ഞാന്‍ പറഞ്ഞതു മുഴുവന്‍ അവള്‍ തിരിച്ചു ഛര്‍ദ്ദിക്കും. അത് ഊണുമേശയിലേക്കാകും മിക്കവാറും വിളമ്പുക'' ഭാഷയുടെ നിലവാരപ്പെടലിനേക്കാള്‍ ഊര്‍ജ്ജം പ്രസരിക്കുന്നതും അനുഭവവേദ്യമാകുന്നതും നാടന്‍ ഭാഷ തന്നെയാണ്. നാടന്‍ ഭാഷയുടെ സര്‍ഗ്ഗാത്മക സൗന്ദര്യം ലാസര്‍ തന്റെ കഥകളില്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നു.

ജോര്‍ജ്ജ് ഓര്‍വെല്‍
ജോര്‍ജ്ജ് ഓര്‍വെല്‍


ജനാധിപത്യകാലത്തിന്റെ തലയെടുപ്പുകളാണ് ലാസര്‍ ഷൈന്റെ കഥകളിലുള്ളത്. കഥകളില്‍ ഉയര്‍ന്നുനില്‍ക്കുന്നത് ആദര്‍ശവല്‍ക്കരിക്കപ്പെട്ട ആശയങ്ങളോ വ്യക്തികളോ അല്ല. സമൂഹാവബോധത്തില്‍ സ്വരം നഷ്ടപ്പെട്ടവരായി കടന്നുപോയ ശരാശരി കഥാപാത്രങ്ങള്‍ക്ക് കഥയില്‍ പ്രവേശനം ലഭിക്കുന്നു. 'നിര്‍ത്തിക്കൊട്ടി'ലെ പത്രോച്ചനും പാപ്പാത്തിയും വികാരിയും 'കൂ' എന്ന കഥയിലെ റഫേലുമെമ്പറും രമണിയും 'ഖോഖോ' എന്ന കഥയിലെ റെജിയും ഷീബയും 'രസരാത്രി' എന്ന കഥയിലെ പൊലീസുകാരനും തമ്പുരാനും മനുഷ്യനും തുടങ്ങി ലാസറിന്റെ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍ മനുഷ്യന്റെ പൂര്‍വ്വനിശ്ചിതമോ പകര്‍പ്പോ ആയ മാതൃകകളല്ല. അനന്തമായ മനുഷ്യാവസ്ഥകളെ കണ്ടെത്തുന്ന കലാവിദ്യ ലാസറിന്റെ കഥാപാത്രനിര്‍മ്മിതിയില്‍ പ്രതിഫലിക്കുന്നുണ്ട്.

എസ് ഹരീഷ്
എസ് ഹരീഷ്

കഥാപാത്രങ്ങള്‍ക്ക് തങ്ങളുടെ ആഴമേറിയ അന്ധകാരങ്ങളെ പുറത്തുകൊണ്ടുവരാന്‍ കഥാകൃത്ത് അവസരമൊരുക്കുന്നു. നിര്‍ത്തിക്കൊട്ട് എന്ന കഥയില്‍ ''കോടാനുകോടി ആനകള്‍ നിറഞ്ഞ ഇരുട്ടില്‍ അങ്ങനെ നില്‍ക്കെ വികാരിക്ക് തോന്നി. അതിലൊരു ആനയാണല്ലോ താനുമെന്ന്'' എഴുതുന്നുണ്ട്. കഥാപാത്രങ്ങള്‍ സ്വയം തിരിച്ചറിയുന്നവരും വെളിപ്പെടുന്നവരുമാണ്. അതുകൊണ്ടാണ് ഒളിഞ്ഞുനോട്ടവും വിഡ്ഢിത്തരങ്ങളും തെറിത്തമാശകളും സ്വവര്‍ഗ്ഗഭോഗവും പ്രകൃതിവിരുദ്ധ ലൈംഗികതയും മനുഷ്യാവസ്ഥയുടെ അഗാധമായ അധഃപതനവും കരുണവറ്റാതെ കഥാകൃത്ത് അവതരിപ്പിക്കുന്നത്. കാനോനീകരിക്കപ്പെട്ട സാഹിത്യമല്ല സമകാലിക കഥാകൃത്തുക്കള്‍ സൃഷ്ടിക്കുന്നത്. ആരും കണ്ടെത്താതെ പോയ വലിയൊരു ജീവിതവും അതിന്റെ സാഹിത്യമൂല്യവും ലാസര്‍ഷൈനും കണ്ടുപിടിക്കുന്നു. 'ഖോഖോ' എന്ന കഥ ഗ്രാമീണ വിഡ്ഢിത്തങ്ങളുടേയും സ്വഭാവ വൈകൃതങ്ങളുടേയും കൂട്ടായ്മകളുടേയും ആവിഷ്‌കരണമാണ്. രഹസ്യമാക്കപ്പെട്ടുവയ്ക്കുന്ന രതി തുറന്നുവരുന്ന നിമിഷങ്ങള്‍ കഥയിലുണ്ട്. ലാസര്‍ ഷൈന്റെ കഥകള്‍ ഒരു സംഭവത്തിലേയ്ക്കുള്ള കഥാകൃത്തിന്റെ ആഴമേറിയ പര്യവേഷണമാണ്. മലയാളകഥയിലെ സുവര്‍ണ്ണ കഥാകാലങ്ങളില്‍നിന്നും വ്യത്യസ്തമായ രീതിയിലുള്ള ആഖ്യാനവും അന്വേഷണവും പ്രതിമാനങ്ങളും ദര്‍ശനവും ലാസര്‍ ഷൈന്റെ കഥകളില്‍ പ്രതിഫലിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com