ലീഗിനെ എങ്ങനെ മതേതര കക്ഷി എന്നു വിളിക്കും?

കോണ്‍ഗ്രസ്സിനെ ബാധിച്ച വൈറണ് മുസ്ലിംലീഗെന്ന് ആദിത്യനാഥ് ട്വീറ്റ് ചെയ്തു. വൈറസ് എന്നു പറഞ്ഞാല്‍ വര്‍ഗ്ഗീയ വൈറസ് എന്നു വിവക്ഷ.
ലീഗിനെ എങ്ങനെ മതേതര കക്ഷി എന്നു വിളിക്കും?

തുടക്കമിട്ടത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യ നാഥാണ്. കോണ്‍ഗ്രസ്സിനെ ബാധിച്ച വൈറണ് മുസ്ലിംലീഗെന്ന് ആദിത്യനാഥ് ട്വീറ്റ് ചെയ്തു. വൈറസ് എന്നു പറഞ്ഞാല്‍ വര്‍ഗ്ഗീയ വൈറസ് എന്നു വിവക്ഷ. യോഗിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലം രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വമാണ്. വര്‍ഗ്ഗീയ ലീഗിനെ കൂട്ടുപിടിച്ച് എം.പി സ്ഥാനം തരപ്പെടുത്താന്‍ കോണ്‍ഗ്രസ്സിന്റെ ദേശീയാധ്യക്ഷന്‍ ശ്രമിക്കുന്നു എന്നത്രേ യു.പി മുഖ്യമന്ത്രി ധ്വനിപ്പിച്ചത്.

സ്വയം വര്‍ഗ്ഗീയവാദിയല്ലാത്ത വല്ലവരുമാണ് മുസ്ലിംലീഗിനെ വര്‍ഗ്ഗീയ വൈറസ് എന്നു മുദ്രകുത്തുന്നതെങ്കില്‍ അതു മനസ്സിലാക്കാം. ആദിത്യനാഥിനേയും അമിത്ഷായേയും പോലുള്ളവര്‍ ലീഗില്‍ വര്‍ഗ്ഗീയതയുടെ രോഗാണു ദര്‍ശിക്കുമ്പോള്‍ ബി.ജെ.പിയിലും അതിന്റെ പ്രത്യയശാസ്ത്ര സ്രോതസ്സായ ആര്‍.എസ്.എസ്സിലുമുള്ളത് മറ്റെന്താണെന്നു മതനിരപേക്ഷവാദികള്‍ തീര്‍ച്ചയായും ചോദിച്ചുപോകും. ലീഗ് മുസ്ലിം വര്‍ഗ്ഗീയതയെ പ്രതിനിധാനം ചെയ്യുമ്പോള്‍ സംഘ്-ബി.ജെ.പി ദ്വയം ഹിന്ദുവര്‍ഗ്ഗീയതയെ പ്രതിനിധാനം ചെയ്യുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ. സമുദായങ്ങള്‍ വേറെയാണെങ്കിലും സത്തയില്‍ ഇരുകൂട്ടരും ഒരേ ജനിതക ഗണത്തില്‍പ്പെട്ടവര്‍ തന്നെയാണ്.
ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് കോണ്‍ഗ്രസ്സില്‍നിന്നും മുസ്ലിംലീഗില്‍നിന്നും പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. ആദിത്യനാഥ്  'യോഗി'യല്ല 'ഭോഗി'യാണെന്നും അങ്ങോരുടെ അഭിപ്രായപ്രകടനം ഒരുവിധ ആത്മനിയന്ത്രണവുമില്ലാത്തതാണെന്നുമത്രേ കോണ്‍ഗ്രസ്സ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചത്. ലീഗിന്റെ ദേശീയകാര്യദര്‍ശിക്കസേരയിലിരിക്കുന്ന  പി.കെ. കുഞ്ഞാലിക്കുട്ടിയാകട്ടെ യോഗിക്ക് ലീഗിന്റെ മതേതര ചരിത്രമറിയില്ലെന്നു തിരിച്ചടിച്ചു. മുസ്ലിംലീഗ് പത്തരമാറ്റ് മതേതര പാര്‍ട്ടിയാണെന്ന കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്കോ മറ്റു ലീഗ് നേതാക്കള്‍ക്കോ അണുവിട സംശയമില്ല.

മുസ്ലിംലീഗ് നേതൃത്വം മാത്രമല്ല, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രന്റ്, ഇന്ത്യന്‍ നാഷണല്‍ ലീഗ്, പി.ഡി.പി, മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ തുടങ്ങിയ സംഘടനകളുടെ അമരക്കാരും അവകാശപ്പെട്ടു പോരുന്നത് തങ്ങളുടെ സംഘടനകള്‍ വര്‍ഗ്ഗീയമല്ല, മതേതരമാണെന്നാണ്. അത് ശരി തന്നെയോ? ഈ ചോദ്യത്തിന് മൂര്‍ത്തമായ ഉത്തരം ലഭിക്കണമെങ്കില്‍ വര്‍ഗ്ഗീയ കക്ഷിയുടെ  നിര്‍വ്വചനത്തിലേക്ക്  കടന്നുചെല്ലണം. പ്രത്യേക മതത്തിന്റേയോ സമുദായത്തിന്റേയോ വികാരങ്ങളുടെ പിന്‍ബലത്തില്‍ മാത്രം രാഷ്ട്രീയ അസ്തിത്വമുള്ള കക്ഷികളാണ് വര്‍ഗ്ഗീയ കക്ഷികള്‍. മതവികാരം/സമുദായ വികാരം മാറ്റിനിര്‍ത്തിയാല്‍ അവയ്ക്ക് നിലനില്‍ക്കാനാവില്ല.
ലീഗിന്റെ കാര്യമെടുക്കുക. മുസ്ലിം മതവികാരവും സമുദായ വികാരവും മൈനസ് ചെയ്താല്‍ പിന്നെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗി(ഐ.യു.എം.എല്‍)ന്റെ ബാനറില്‍ സംഘടിക്കാന്‍ വല്ല മുസ്ലിങ്ങളേയും ലഭിക്കുമോ? 1906-ല്‍ രൂപവല്‍ക്കരിക്കപ്പെട്ട സര്‍വ്വേന്ത്യാ മുസ്ലിംലീഗിന്റേയും സ്വാതന്ത്ര്യാനന്തരം പ്രവര്‍ത്തനപഥത്തില്‍  പ്രവേശിച്ച ഐ.യു.എം.എല്ലിന്റേയും മുഖ്യമൂലധനം മുസ്ലിം മത, സമുദായ വികാരമായിരുന്നു എന്നത് അവിതര്‍ക്കിതമാണ്. ലീഗിന്റെ വരേണ്യ നേതൃത്വം പാവപ്പെട്ട മുസ്ലിങ്ങളുടെ ഇസ്ലാമികാവേശവും സമുദായ ഗര്‍വ്വും ചൂഷണം ചെയ്തുകൊണ്ടാണ് വളര്‍ന്നതും നിലനിന്നു പോന്നതും.
മറ്റു മുസ്ലിം വര്‍ഗ്ഗീയ, മതമൗലിക, തീവ്രവാദ കക്ഷിയുടെ സ്ഥിതിയും ഭിന്നമല്ല. ജമാഅത്തെ ഇസ്ലാമിതൊട്ട് പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ വരെയുള്ള സംഘടനകളുടെയെല്ലാം അടിപ്പടവ് ഇസ്ലാമിക വികാരവും ഇടുങ്ങിയ മുസ്ലിം സാമുദായികത്വവുമാണ്. അവ രണ്ടും എടുത്തുമാറ്റിയാല്‍ അത്തരം സംഘടനകള്‍ ഇലപൊഴിഞ്ഞു കരിഞ്ഞുണങ്ങിയ വൃക്ഷങ്ങള്‍ പോലെയാകും. ഇസ്ലാമിക രാഷ്ട്രനിര്‍മ്മിതിയെക്കുറിച്ചും 'ചരിത്രഗതിയില്‍ നഷ്ടപ്പെട്ട മുസ്ലിം പ്രതാപ'ത്തിന്റെ വീണ്ടെടുപ്പിനെക്കുറിച്ചും അണികളില്‍ ഉന്മാദ സദൃശവികാരങ്ങള്‍ പടര്‍ത്തിയാണ്  ആവിര്‍ഭാവനാളുകള്‍ തൊട്ട് ഇന്നേവരെ  അവ പ്രവര്‍ത്തിച്ചു പോന്നിട്ടുള്ളത്.

ഹൈന്ദവ പക്ഷത്തുള്ള ആര്‍.എസ്.എസ്സും ബി.ജെ.പിയും വിശ്വഹിന്ദു പരിഷത്തുമടക്കമുള്ള സംഘടനകളാണെങ്കില്‍ 'ഹിന്ദുഗര്‍വ്' നിരന്തരം ഉയര്‍ത്തിയും പടര്‍ത്തിയും വളര്‍ന്നുപോരുന്ന പ്രസ്ഥാനങ്ങളും പാര്‍ട്ടികളുമത്രേ. ഹിന്ദുമതം, ഹിന്ദുസംസ്‌കാരം, ഹിന്ദു ദേശീയത, ഹിന്ദുരാഷ്ട്രം എന്നീ പരികല്പനകളുമായി വിളക്കിച്ചേര്‍ത്ത വര്‍ഗ്ഗീയ വികാരങ്ങളുടെ അഭാവത്തില്‍ അത്തരം സംഘടനകള്‍ക്ക് അരവ്യാഴവട്ടക്കാലം പോലും പിടിച്ചുനില്‍ക്കാനാവില്ല. ഈ വസ്തുത തിരിച്ചറിഞ്ഞവരുടെ മസ്തിഷ്‌കത്തില്‍നിന്നാണ് ഹിന്ദുത്വാ പ്രത്യയശാസ്ത്രം കിളിര്‍ത്തത്.
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ തമ്മിലുള്ള ആശയപരമായ സമാനതകള്‍ അവിടെയിരിക്കട്ടെ. ആദിത്യനാഥിന്റെ അഭിപ്രായപ്രകടനത്തോട് പ്രതികരിച്ച ചില സ്വതന്ത്ര ബുദ്ധിജീവികള്‍ ഉന്നയിച്ച ഒരു ചോദ്യമുണ്ട്. അതാകട്ടെ; അത്ര പുതിയ ചോദ്യമൊന്നുമല്ല താനും. ഇതിനകം പലപ്പോഴായി പലരും അതേ ചോദ്യവും സംശയവും ഉയര്‍ത്തിപ്പോന്നത് കാണാം. ഇതാണ് ആ ചോദ്യം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെങ്കില്‍, ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സന്ദര്‍ഭത്തില്‍ ആ പാര്‍ട്ടിയുടെ നേതൃത്വം സംയമനം പാലിക്കാനും സമാധാനാന്തരീക്ഷം നിലനിര്‍ത്താനും അണികളെ ഉദ്‌ബോധിപ്പിച്ചതെന്തുകൊണ്ട്? മറ്റു പല മുസ്ലിം സംഘടനകളും മസ്ജിദ് ധ്വംസനത്തോട് രണോത്സുക ശൈലിയില്‍ പ്രതികരിച്ചപ്പോള്‍ കേരളത്തിലെ മുസ്ലിംലീഗ് ആത്മനിയന്ത്രണത്തിന്റെ മുദ്രാവാക്യമുയര്‍ത്തിയെങ്കില്‍ അതു കാണിക്കുന്നത് ആ പാര്‍ട്ടി വര്‍ഗ്ഗീയോന്മാദത്തിന് വശംവദമാകുന്നില്ല എന്നല്ലേ?
ബാബറി പള്ളി തകര്‍ക്കപ്പെട്ട കാലയളവിലെ (1992 ഡിസംബര്‍) രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്തുവേണം ഈ ചോദ്യത്തിനുള്ള മറുപടി കണ്ടെത്താന്‍. മുസ്ലിംലീഗ് കേരളത്തില്‍ കോണ്‍ഗ്രസ്സ് നയിക്കുന്ന യു.ഡി.എഫ് സര്‍ക്കാറിന്റെ ഭാഗമായി അധികാരത്തിലിരിക്കുന്ന കാലത്താണ് മസ്ജിദ് ധ്വംസനം നടന്നത്. അന്ന് കേന്ദ്രം ഭരിക്കുന്നതും കോണ്‍ഗ്രസ്സ് തന്നെ. കോണ്‍ഗ്രസ്സുകാരനായ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കര്‍സേവകരുടെ പള്ളിപൊളി തടയാനാകുമായിരുന്നു എന്ന വാദം പല മുസ്ലിം സംഘടനകളുമെന്നപോലെ ലീഗിന്റെ ദേശീയാധ്യക്ഷന്‍ സുലൈമാന്‍ സേട്ടുവും ഉയര്‍ത്തി. പാര്‍ലമെന്റംഗമായി എന്നതിലപ്പുറം  മന്ത്രിക്കസേരയുടെ മാധുര്യം ഒരിക്കലും നുണഞ്ഞിട്ടില്ലാത്ത സേട്ടുവിനും ലീഗേതര മുസ്ലിം പാര്‍ട്ടികളുടെ സാരഥികള്‍ക്കും ആ നിലപാട് സ്വീകരിക്കാമായിരുന്നു. കാരണം, ആ നിലപാടിന്റെ പേരില്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ യാതൊന്നുമുണ്ടായിരുന്നില്ല. അതേസമയം കേരളത്തില്‍ മന്ത്രിപദവിയുടെ ഐശ്വര്യാഡംബരങ്ങളില്‍ തിമിര്‍ത്താടുന്ന ലീഗ് മന്ത്രിമാര്‍ക്കോ അവരാല്‍ നിയന്ത്രിക്കപ്പെടുന്ന പാണക്കാട് തങ്ങള്‍മാര്‍ക്കോ അമ്മട്ടിലൊരു സമീപനം ചിന്തനീയം പോലുമായിരുന്നില്ല. മസ്ജിദിനേക്കാള്‍ പരസഹസ്രം മടങ്ങ് ആകര്‍ഷകവും വിലോഭനീയവുമായിരുന്നു അവര്‍ക്ക് മന്ത്രിക്കസേരകളും അനുബന്ധ സുഖസൗകര്യങ്ങളും. അവരാണ് പള്ളിപൊളിയുടെ പേരില്‍ ഉറഞ്ഞുതുള്ളാന്‍ പോകേണ്ടതില്ലെന്ന് ലീഗണികളെ ഉപദേശിച്ചത്.
നേരെമറിച്ച്, 1992 ഡിസംബറില്‍ മുസ്ലിംലീഗ് കേരളത്തില്‍

പ്രതിപക്ഷത്തായിരുന്നെങ്കില്‍ ജമാഅത്തെ ഇസ്ലാമി, സിമി, അഖിലേന്ത്യാ ലീഗ്, മഅ്ദനിയുടെ ഐ.എസ്.എസ് തുടങ്ങിയ പാര്‍ട്ടികള്‍ പ്രകടിപ്പിച്ചതിനോളമോ അതില്‍ കൂടുതലോ വര്‍ഗ്ഗീയരോഷവും ഉന്മാദവും ആ പാര്‍ട്ടിയുടെ നേതാക്കളും അനുയായികളും പ്രകടിപ്പിക്കുമായിരുന്നു എന്നത് സന്ദേഹമില്ലാത്ത കാര്യമാണ്. മുസ്ലിം വികാരം ജ്വലിപ്പിക്കുന്നതില്‍ തങ്ങള്‍ മറ്റു മുസ്ലിം പാര്‍ട്ടികളേക്കാള്‍ ഒട്ടും പിന്നിലല്ലെന്നു അണികളെ ബോധ്യപ്പെടുത്താന്‍ ലീഗ് നായകര്‍ക്ക് രംഗത്തിറങ്ങിയേ മതിയാകുമായിരുന്നുള്ളൂ.

മുസ്ലിം സാമുദായിക വികാരം കുത്തിയിളക്കാന്‍ വല്ല പഴുതുമുള്ള മറ്റു പല വിഷയങ്ങളിലും ലീഗ് എല്ലാ കാലത്തും മുന്‍പന്തിയിലുണ്ടായിരുന്നു  എന്നതും ശ്രദ്ധിക്കേണ്ടതാണ്. മുസ്ലിം വ്യക്തിനിയമപരിഷ്‌കരണം, അലിഗഢ് സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി, ഷാബാനുബീഗം കേസിലെ വിധിന്യായം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഇതര മുസ്ലിം വര്‍ഗ്ഗീയ, മതമൗലിക, യാഥാസ്ഥിതിക പ്രസ്ഥാനങ്ങളെപ്പോലെ ഐ.യു.എം.എല്‍ കൈക്കൊണ്ട സമീപനവും തികച്ചും പ്രതിലോമപരവും വര്‍ഗ്ഗീയപാര്‍ട്ടികളുടെ സ്വഭാവവിശേഷങ്ങള്‍ക്ക്  തീര്‍ത്തും അനുസൃതവുമായിരുന്നു  എന്നത് സമീപഭൂതകാല ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്ന വസ്തുതയാണ്. അത്തരം ഒരു പാര്‍ട്ടിയെ വര്‍ഗ്ഗീയകക്ഷി എന്നല്ലാതെ മതേതര കക്ഷി എന്നു എങ്ങനെ വിളിക്കാന്‍ കഴിയും?

ആദിത്യനാഥിനോളം പോയില്ലെങ്കിലും സി.പി.ഐ.എം നേതാക്കളും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ചെറുക്കപ്പെടേണ്ട വര്‍ഗ്ഗീയ കക്ഷിയാണെന്നു തറപ്പിച്ചു പറഞ്ഞത് കാണാം. പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ടുള്‍പ്പെടെ പലരും ആ വീക്ഷണം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. തര്‍ക്കമില്ല, അവരുടെ നിലപാട് ശ്ലാഘ്യമാണ്. സ്വയം ഒരു മതേതര പാര്‍ട്ടിയായ സി.പി.ഐ.എം ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ പ്രതിനിധാനമായ മുസ്ലിം ലീഗിനെ തുറന്നുകാട്ടുകയും തള്ളിപ്പറയുകയും തന്നെയാണ് വേണ്ടത്. പക്ഷേ, ഒരു സംശയത്തിന് അവര്‍ ദയവായി മറുപടി തരണം. മസ്ജിദ് ധ്വംസനാനന്തരം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനെ പിളര്‍ത്തി സുലൈമാന്‍ സേട്ടുവും ശിഷ്യഗണവും രൂപവല്‍ക്കരിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗിനെ സി.പി.ഐ.എമ്മും ആ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയും മാറോട് ചേര്‍ത്തുപിടിച്ചിട്ടുണ്ട്.

മുസ്ലിംലീഗിനെപ്പോലെത്തന്നെ ഇസ്ലാം മതവികാരത്തിന്റേയും മുസ്ലിം സാമുദായിക ശൗര്യത്തിന്റേയും പിന്‍ബലം ഒന്നുകൊണ്ടു മാത്രം ജീവിച്ചുപോകുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന ഐ.എന്‍.എല്‍. ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ ഒരു പ്രതിനിധാനത്തെ (ഐ.എന്‍.എല്ലിനെ) ആശ്ലേഷിക്കുന്നവര്‍ അതേ വര്‍ഗ്ഗീയതയുടെ മറ്റൊരു പ്രതിനിധാനത്തെ (ഐ.യു.എം.എല്ലിനെ) വര്‍ഗ്ഗീയ കക്ഷി എന്നധിക്ഷേപിക്കുന്നതില്‍  എന്തു യുക്തിയാണുള്ളത്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com