വാര്‍ത്തകള്‍ നിറഞ്ഞ കാലഘട്ടം (യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് തുടര്‍ച്ച)

ന്യൂസ് ബ്യൂറോയുടെ ചുമതല ഉണ്ടായിരുന്ന പി.ഡി. ദാമോദരന്‍ വിരമിക്കുകയാണ്. അദ്ദേഹത്തിനു പകരം അല്പം സീനിയറായ ഒരാള്‍ വേണം.
വാര്‍ത്തകള്‍ നിറഞ്ഞ കാലഘട്ടം (യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് തുടര്‍ച്ച)

കോഴിക്കോട് ന്യൂസ് ബ്യൂറോയുടെ ചുമതല ഏറ്റെടുത്തുകൂടെ എന്ന എക്സിക്യൂട്ടീവ് എഡിറ്ററുടെ ചോദ്യത്തോട് പെട്ടെന്ന് പ്രതികരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ന്യൂസ് ബ്യൂറോയുടെ ചുമതല ഉണ്ടായിരുന്ന പി.ഡി. ദാമോദരന്‍ വിരമിക്കുകയാണ്. അദ്ദേഹത്തിനു പകരം അല്പം സീനിയറായ ഒരാള്‍ വേണം. കേരള കൗമുദിയില്‍ പുതുതായി ചേര്‍ന്ന മൂന്നു റിപ്പോര്‍ട്ടര്‍മാര്‍ ഇപ്പോള്‍ അവിടെയുണ്ട്. പകരം വേണ്ടത് മുതിര്‍ന്ന ഒരു വ്യക്തിയെയാണ്. വിരമിക്കുന്ന ദാമോദരന്‍ പഴയ ഒരു പത്രപ്രവര്‍ത്തകനാണ്. മലബാറില്‍ കേരള കൗമുദിയെ പ്രതിനിധീകരിച്ച ഏക ലേഖകനായിരുന്നു അദ്ദേഹം. കോഴിക്കോട് എഡിഷന്‍ ആരംഭിച്ചത് മുതലാണ് മൂന്നു പുതിയ റിപ്പോര്‍ട്ടര്‍മാരെ നിയമിച്ചത്. കേരള കൗമുദി കോഴിക്കോട് സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തിയതും ദാമോദരനായിരുന്നു. ബൈപ്പാസ് ജംഗ്ഷന്‍ സ്ഥലം വാങ്ങിയതിന് അദ്ദേഹത്തെ പലരും അഭിനന്ദിക്കുന്നതും കേട്ടിട്ടുണ്ട്. എക്സിക്യൂട്ടീവ് എഡിറ്ററുടെ ചോദ്യത്തിന് പെട്ടെന്ന് ഞാന്‍ ഉത്തരം പറഞ്ഞില്ല. ന്യൂസ് ബ്യൂറോയുടെ ചുമതല ഏറ്റെടുക്കുന്നതില്‍ എനിക്ക് രണ്ടു മനസ്സായിരുന്നു. ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും പ്രവര്‍ത്തിക്കുന്നതില്‍ ഗുണവും ദോഷവുമുണ്ട്. ഡെസ്‌കില്‍ നിശ്ചിത സമയത്ത് പ്രവര്‍ത്തിച്ചാല്‍ മതി. ന്യൂസ് ബ്യൂറോയില്‍ കാലത്ത് മുതല്‍ രാത്രി വരെ വേണം. അതേസമയം ബ്യൂറോയില്‍ പുതിയ പുതിയ സംഭവങ്ങളുമായി ഇടപെടാം. പലതരം മനുഷ്യരെ കാണാം. ആ മേഖല കുറേക്കൂടി ചലനാത്മകവുമാണ്. കോഴിക്കോട് ന്യൂസ് ബ്യൂറോയുടെ കാര്യത്തില്‍ എനിക്ക് വ്യത്യസ്തമായ ഒരഭിപ്രായവുമുണ്ടായിരുന്നു. കഴിവുറ്റ ലേഖകന്മാര്‍ ഉണ്ടായിട്ടും അവിടെനിന്നും ദൈനംദിന വാര്‍ത്തകള്‍ക്കപ്പുറത്തുള്ളതൊന്നും കാര്യമായി വന്നിരുന്നില്ല. ലേഖകന്മാര്‍ക്ക് വേണ്ടത്ര നിര്‍ദ്ദേശം നല്‍കാത്തതായിരിക്കാം കാരണമെന്നും തോന്നിയിരുന്നു. നഗരത്തിലെ മറ്റു പ്രമുഖ പത്രങ്ങളുടെ ബ്യൂറോകളുടെ നിലവാരത്തിലേക്ക് അത് വളരേണ്ടതാണ്. അത്തരം ചിന്തകള്‍ എന്റെ മനസ്സിലുണ്ടായിരുന്നു.

എക്സിക്യൂട്ടീവ് എഡിറ്ററുടെ അന്വേഷണമുണ്ടായപ്പോള്‍, ഞാന്‍ ഓര്‍ത്തത് കോഴിക്കോട് ബ്യൂറോയുമായി മുന്‍പ് ബന്ധപ്പെടേണ്ടിവന്ന ഒരു സന്ദര്‍ഭത്തെക്കുറിച്ചാണ്. എസ്.കെ. പൊറ്റക്കാട് കോഴിക്കോട് വെച്ച് അന്തരിച്ചപ്പോള്‍, തൃശൂര്‍ ലേഖകനായിരുന്ന എന്നോട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ തിരുവനന്തപുരത്തുനിന്നും ആവശ്യപ്പെടുകയുണ്ടായി. കോഴിക്കോട് എഡിഷന്‍ അപ്പോള്‍ ആരംഭിച്ചിരുന്നില്ല. കോഴിക്കോട് ഒരു റിപ്പോര്‍ട്ടര്‍ ഉണ്ടായിരിക്കെ ഞാന്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അസാംഗത്യം ചൂണ്ടിക്കാട്ടുകയുണ്ടായി. അദ്ദേഹത്തിന് അത്തരം വാര്‍ത്തകള്‍ ചെയ്യാന്‍ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഞാന്‍ പുലര്‍ച്ചെ തന്നെ കോഴിക്കോട്ട് എത്തുകയും സന്ധ്യയോടെ മൂന്നോളം വാര്‍ത്തകള്‍ ടെലിപ്രിന്ററില്‍ കൊടുക്കുകയും ചെയ്തു. റിപ്പോര്‍ട്ടുകള്‍ നന്നായിരുന്നുവെന്ന് പിറ്റേ ദിവസം എക്സിക്യൂട്ടീവ് എഡിറ്റര്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു. കോഴിക്കോട് ന്യൂസ് ബ്യൂറോയുടെ ചുമതല ഏറ്റെടുക്കുന്നതില്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അതേസമയം അല്പം ആശങ്കയുമുണ്ടായിരുന്നു. ധാരാളം സമയം അതിനുവേണ്ടി മാത്രം നീക്കിവെയ്ക്കുമ്പോള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒട്ടും സമയം ലഭിക്കാതെ പോവുമല്ലോ എന്ന ഭീതി. അതെന്റെ എഴുത്തിനേയും വായനയേയും ബാധിക്കുമോ എന്ന് ഞാന്‍ ആശങ്കപ്പെട്ടു.  പേടിച്ചതുപോലെ സംഭവിക്കുകതന്നെ ചെയ്തു. ന്യൂസ് ബ്യൂറോയുടെ ചുമതല ഏറ്റെടുത്തതോടെ വ്യക്തിപരമായി എനിക്ക് ആവശ്യമായ സമയം തീരെ കിട്ടാതെ വരികയായിരുന്നു. കാലത്തുതന്നെ ബ്യൂറോയില്‍ എത്തണം. ഷെഡ്യൂളുകള്‍ തയ്യാറാക്കുകയും റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള ചുമതലകള്‍ വീതിച്ചു നല്‍കുകയും വേണം. പിന്നെ രാത്രി അവസാനത്തെ റിപ്പോര്‍ട്ട് പോലും കൊടുത്തു എന്നുറപ്പാക്കിയിട്ടേ ബ്യൂറോയില്‍നിന്നും ഇറങ്ങാന്‍ കഴിയൂ. സാഹിത്യത്തെക്കുറിച്ചും മറ്റു വായനയെക്കുറിച്ചും ഓര്‍ക്കാന്‍ കഴിയാത്ത ഒരവസ്ഥ. ഇതിനിടയില്‍ ഏറ്റവും സന്തോഷമായി തോന്നിയ കാര്യം ബ്യൂറോയിലെ മൂന്നു റിപ്പോര്‍ട്ടര്‍മാരും പല മേഖലയില്‍ കഴിവുള്ളവരാണെന്നതാണ്. എ. സജീവന്‍, കെ. ചന്ദ്രശേഖരന്‍, ടി. സോമന്‍ എന്നിവരാണ് റിപ്പോര്‍ട്ടര്‍മാര്‍. ഇടക്കാലത്ത് ഇ.എം. അഷ്റഫും ആര്‍. സുഭാഷും ബ്യൂറോയിലുണ്ടായിരുന്നു. ടി. സോമന്‍ പിന്നീട് മറ്റൊരു പത്രത്തിലേക്ക് മാറി. പതിവു വാര്‍ത്തകള്‍ക്ക് പുറമെ മറ്റു ചില വാര്‍ത്തകള്‍ക്ക് കൂടി പ്രാധാന്യം കൊടുക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. കോഴിക്കോട് അതിന് ധാരാളം സാധ്യതകളുണ്ടായിരുന്നു. വാര്‍ത്തേതരമായ വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുത്തപ്പോള്‍ വായനക്കാര്‍ പത്രത്തെ കുറേക്കൂടി ശ്രദ്ധിക്കുകയും ആ മേഖലയുമായി ബന്ധപ്പെട്ടവരില്‍ പത്രം എത്തിച്ചേരുകയും ചെയ്തു. ഞങ്ങള്‍ സ്വീകരിച്ച നിലപാടിന് വലിയ പ്രതികരണങ്ങളാണ് ലഭിച്ചത്. അക്കാലത്ത് ചര്‍ച്ചാവിഷയമായ ചില വാര്‍ത്തകള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. മെഡിക്കല്‍ കോളേജ് എപ്പോഴും വാര്‍ത്തകളുടെ ഉറവിടമാണ്. എന്നാല്‍ അവ പലതും 'എക്സ്‌ക്ലൂസീവ്' തലത്തില്‍ പെട്ടതായിരുന്നില്ല. കൈക്കൂലിക്കാരനെന്ന് ആരോപിച്ച് മെഡിക്കല്‍ കോളേജിലെ ഒരു പ്രമുഖ ഡോക്ടറെ ചില രാഷ്ട്രീയപ്രവര്‍ത്തകര്‍ ചെരുപ്പുമാല അണിയിച്ചതും കേരളത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വൃക്കമാറ്റല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയതും അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തകളായിരുന്നു. ഇവയെല്ലാം എല്ലാ പത്രക്കാര്‍ക്കും ലഭിച്ച വാര്‍ത്തകളാണ്. കേരള കൗമുദിക്ക് മാത്രമായി ലഭിക്കുന്ന വാര്‍ത്തകളിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. ഒരു ദിവസം ഒരാള്‍ ബ്യൂറോയിലേക്ക് കടന്നുവന്നു. വിവശമായ മുഖത്തോടെ, ഏറെ ദുഃഖം അനുഭവിക്കുന്ന അവസ്ഥയിലാണ് അയാളെന്ന് തോന്നിച്ചു. മെഡിക്കല്‍ കോളേജില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ചുമതലയേറ്റ സര്‍ജനാണ് അയാളെന്ന് സ്വയം പരിചയപ്പെടുത്തി. ഒരു നേഴ്സ് ആ ഡോക്ടര്‍ക്കെതിരെ പരാതി കൊടുത്തിരിക്കുന്നു. മയക്കുമരുന്നിനടിമയായ ഡോക്ടര്‍ നേഴ്സിനെ കൈയേറ്റം ചെയ്തുവെന്നതാണ് പരാതി. ഇതിനും പുറമെ ലൈംഗികച്ചുവയുള്ള ഒരു ആരോപണം കൂടിയുണ്ട്. ഈ പരാതിയെല്ലാം അടിസ്ഥാനരഹിതമാണെന്നും ജോലിയില്‍ അശ്രദ്ധ കാണിച്ച നേഴ്സിനെ ദേഷ്യം സഹിക്കാന്‍ പറ്റാതെ എല്ലാവരുടേയും മുന്‍പില്‍ വെച്ച് ശാസിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഡോക്ടര്‍ വളരെ വികാരഭരിതനായി പറഞ്ഞു.

സുകുമാര്‍ അഴീക്കോട്
സുകുമാര്‍ അഴീക്കോട്

മറ്റു പല നഴ്സുമാരും സഹപ്രവര്‍ത്തകയോടൊപ്പം നില്‍ക്കുകയാണെന്നും ഈ സംഭവത്തോടെ ജോലിയിലുള്ള തന്റെ ശ്രദ്ധ കുറഞ്ഞിരിക്കുകയാണെന്നും ഡോക്ടര്‍ അറിയിച്ചു. പറഞ്ഞതെല്ലാം സത്യമാണെന്ന് ബോദ്ധ്യപ്പെടുത്തുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ ശരീരഭാഷ. കേരള കൗമുദി സംഭവത്തില്‍ ഇടപെട്ട് സത്യം പുറത്തുകൊണ്ടുവരണമെന്നതാണ് ഡോക്ടറുടെ ആവശ്യം. അത് ന്യായമാണെന്ന് ഞങ്ങള്‍ക്കും തോന്നി. അന്വേഷിച്ചപ്പോള്‍ ഡോക്ടറുടെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും നേഴ്സ് സ്ഥിരം പരാതിക്കാരിയാണെന്നും മനസ്സിലായി. മാത്രവുമല്ല, നേഴ്സിന്റെ ഭാഗത്ത് തികഞ്ഞ അനാസ്ഥയുണ്ടെന്നും ബോദ്ധ്യമായി. ഡോക്ടര്‍ ചുമതല ഭംഗിയായി നിര്‍വ്വഹിക്കുന്ന ഒരാളാണ്. കഴിവുള്ള ഒരു സര്‍ജനും. അത്തരമൊരാള്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ നേരിടേണ്ടിവരികയാണെന്ന് ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അത്തരത്തിലുള്ള ഒരു വാര്‍ത്ത കൊടുത്തു. അതിന്റെ പേരില്‍ മാത്രം ഡോക്ടര്‍ ശിക്ഷിക്കപ്പെടാതെ പോവുകയായിരുന്നു. ഈ ഡോക്ടര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഏറ്റവും വിദഗ്ദ്ധനായ സര്‍ജനായി പിന്നീട് അംഗീകരിക്കപ്പെട്ടു. ഇദ്ദേഹം പിന്നീട് മെഡിക്കല്‍ കോളേജില്‍നിന്നും രാജിവെച്ച് നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചേര്‍ന്നു. ഇപ്പോള്‍ നഗരത്തിലെ വളരെ തിരക്കുള്ള, ഏറ്റവും പ്രശസ്തനായ ഒരു സര്‍ജറി ഡോക്ടറാണ്.

എന്‍പി മുഹമ്മദ്
എന്‍പി മുഹമ്മദ്

മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി മറ്റൊരു ശ്രദ്ധേയമായ ഒരു വാര്‍ത്ത കൂടി അക്കാലത്ത് വരികയുണ്ടായി. എ. സജീവന്റേതായിരുന്നു വാര്‍ത്ത. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു യുവതിയെ താല്‍ക്കാലിക ചുമതലയുള്ള പുരുഷനേഴ്സ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്തയുടെ തുടരന്വേഷണമായിരുന്നു അത്. പീഡിപ്പിച്ചുവെന്ന വാര്‍ത്ത എല്ലാ പത്രങ്ങളും വളരെ പ്രാധാന്യത്തോടെയാണ് കൊടുത്തിരുന്നത്. ഇത് അക്കാലത്ത് എല്ലാ പത്രങ്ങളും വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. എല്ലാവരും പ്രതിയായ യുവാവിനെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്. അന്വേഷിച്ചപ്പോള്‍ ഇതില്‍ എന്തോ അസ്വാഭാവികതയുണ്ടെന്ന് ബോദ്ധ്യമായി. അതിന്റെ അടിസ്ഥാനത്തില്‍ പ്രതിയായ യുവാവിനോടും യുവാവിന്റെ അമ്മയോടും സംസാരിച്ചു. യുവതിയുമായി സംസാരിക്കാന്‍ ഒരു നിര്‍വ്വാഹവുമില്ലായിരുന്നു. അങ്ങനെ ഒരവസ്ഥയിലായിരുന്നില്ല രോഗി. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റതാണ്. സംഭവം ഏതാണ്ട് കെട്ടിച്ചമച്ചതാണെന്ന് ബോദ്ധ്യമായി. യുവതിയായ രോഗിയെ കുളിപ്പിക്കേണ്ട ചുമതല സ്ഥിരം സ്റ്റാഫ് നഴ്സിനായിരുന്നു. അന്ന് അതിനായി നിയോഗിക്കപ്പെട്ടത് ഒരു പുരുഷനേഴ്സായിരുന്നു. യുവതിയെ കുളിപ്പിക്കാനുള്ള സമയമെത്തിയപ്പോള്‍, അയാള്‍ക്ക് വരാന്‍ കഴിഞ്ഞില്ല. അതിനു പകരം മറ്റൊരാളെ ചുമതലപ്പെടുത്തി. ദിവസക്കൂലിക്കാരെ ഇതിന് സാധാരണ നിയോഗിക്കാറുണ്ട്. ഒരു ചെറുപ്പക്കാരന്‍ വന്നു രോഗിയെ കുളിപ്പിച്ചു പോയി. എന്നാല്‍ ഈ ജോലി കിട്ടണമെന്നാഗ്രഹിച്ച മറ്റൊരാള്‍, ചെറുപ്പക്കാരനെ കെണിയില്‍പ്പെടുത്തി ജോലി സ്വന്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിന്റെ ഫലമായിട്ടാണ് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ് വേദന സഹിച്ചു കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതി ഉണ്ടായത്. രോഗിയുടെ ബന്ധുക്കളും ഇതു വിശ്വസിച്ചു. അവരാണ് ചെറുപ്പക്കാരനെതിരെ പരാതി കൊടുത്തത്. ഇയാളുടെ അമ്മ ബ്യൂറോയില്‍ വന്നു നിലവിളിച്ചാണ് ഈ കാര്യങ്ങള്‍ പറഞ്ഞത്. അന്വേഷിച്ചപ്പോള്‍ അതില്‍ യാഥാര്‍ത്ഥ്യം ഉണ്ടെന്നും തെളിഞ്ഞു. കേരള കൗമുദി സംഭവത്തിന്റെ മറുപുറം വാര്‍ത്തയായി കൊടുത്തു. പിന്നീട് പൊലീസിനും സത്യം ബോദ്ധ്യമാവുകയായിരുന്നു.

തെരുവില്‍ വിപ്ലവപ്പാട്ടുകള്‍ പാടി നടന്നു മക്കളെ പോറ്റേണ്ടിവന്ന പാര്‍വ്വതി അന്തര്‍ജ്ജനം എന്ന മുന്‍ ടീച്ചറുടെ ദുഃഖകഥ ധാരാളം പേരുടെ ശ്രദ്ധയില്‍ പെടുത്തിയതും കേരള കൗമുദിയാണ്. ആര്‍. സുഭാഷാണ് കൗമുദിക്കുവേണ്ടി ആ വാര്‍ത്ത കണ്ടെത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുന്നതിനു മുന്‍പ് പാര്‍ട്ടിക്കുവേണ്ടി നാടുനീളെ പാട്ടുപാടി അവര്‍ നടന്നിരുന്നു. അപ്പോള്‍ അവര്‍ക്ക് ഒരു സ്‌കൂളില്‍ താല്‍ക്കാലിക ജോലിയുണ്ടായിരുന്നു. അതിനിടയില്‍ മറ്റൊരു ജാതിയില്‍പ്പെട്ട ഒരു യുവാവുമായി അവര്‍ പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ വീട്ടില്‍നിന്നും പുറത്തായി. പാര്‍ട്ടിക്കുവേണ്ടി പാട്ടുപാടി നടന്നതിന്റെ പേരില്‍ ജോലിയും പോയി. പിന്നെ വിപ്ലവപ്പാട്ടുകള്‍ ഭര്‍ത്താവുമൊത്ത് എങ്ങും പാടിനടക്കുക എന്നതായിരുന്നു അവരുടെ മുഖ്യജോലിയും വരുമാനമാര്‍ഗ്ഗവും. രണ്ടു കുട്ടികള്‍ ജനിച്ചപ്പോഴും മറ്റൊരു വരുമാനമാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. അതിനിടയില്‍ ഭര്‍ത്താവും മരണപ്പെട്ടു. കടബാദ്ധ്യത കാരണം വീടും നഷ്ടമായി. പിന്നീട് തെരുവുകള്‍തോറും പാട്ടുപാടി നടന്നു ജീവിക്കേണ്ട അവസ്ഥ വന്നു. ഇവരുടെ കഥ കേരള കൗമുദിയില്‍ വന്നതോടെ അവര്‍ക്ക് സഹായവും ആശ്വാസവും നല്‍കിക്കൊണ്ട് ധാരാളം പേര്‍ രംഗത്തുവന്നു.

കേരള കൗമുദിയുടെ കോടതി വാര്‍ത്തകള്‍ അക്കാലത്ത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അഭിഭാഷകര്‍ നല്‍കുന്ന വാര്‍ത്തകള്‍ മാത്രമാണ് പലരും മുന്‍പ് കൊടുത്തിരുന്നത്. ആ രീതി മാറ്റാന്‍ വേണ്ടി മുന്‍പന്തിയില്‍നിന്ന പത്രങ്ങളിലൊന്ന് കേരള കൗമുദിയായിരുന്നു. കൗമുദിയുടെ നിയമകാര്യ ലേഖകന്‍ കെ. ചന്ദ്രശേഖരന്‍ അക്കാര്യത്തില്‍ ഏറെ ശുഷ്‌കാന്തി കാണിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ചന്ദ്രശേഖരന്റെ വാര്‍ത്തകള്‍ക്ക് പൊതുസമൂഹം വളരെ പ്രാധാന്യമാണ് കൊടുത്തിരുന്നത്. ഒരു പത്രത്തിന്റെ ഏതോ ഒരു കോളത്തില്‍ ഒതുങ്ങിപ്പോകാവുന്ന ഒരു വാര്‍ത്ത ചന്ദ്രശേഖരന്‍ ചികഞ്ഞെടുത്ത് വായനക്കാരുടെ മുന്‍പിലേക്കെടുത്തിട്ട് അവര്‍ക്ക് ഏറെ ചിന്തിക്കാനും വക നല്‍കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഉരുവില്‍ കയറി ഗള്‍ഫിലേക്ക് പോയ അബൂബക്കര്‍ എന്ന അത്തോളി സ്വദേശി പിന്നീട് അപ്രതീക്ഷിതമായി നാട്ടില്‍ തിരിച്ചെത്തുന്നു. അതിനിടയില്‍ ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം വീട്ടുകാര്‍ പല രീതിയില്‍ നടത്തുകയുണ്ടായി. മുപ്പത് വര്‍ഷമായി വീടുമായോ നാട്ടുകാരുമായോ യാതൊരു ബന്ധവും ഇയാള്‍ക്കുണ്ടായിരുന്നില്ല. ഇയാള്‍ മരിച്ചുപോയി എന്നുതന്നെ എല്ലാവരും ഒടുവില്‍ കരുതി. അതിന്റെ അടിസ്ഥാനത്തില്‍ സ്വത്തുക്കള്‍ വീതിച്ചെടുക്കുകയും ചെയ്തു. അബൂബക്കറിന് സ്വന്തമായി ഒന്നും നാട്ടില്‍ ഇല്ലാതായി. താന്‍ അബൂബക്കറാണെന്ന് തെളിയിക്കുന്ന ഒരു രേഖപോലും അവശേഷിക്കുന്നുണ്ടായിരുന്നില്ല. തിരിച്ചെത്തിയ ഇയാളെ വീട്ടുകാര്‍ അംഗീകരിക്കാനും തയ്യാറായിരുന്നില്ല. മരിച്ചുപോയ ഒരാളെ എങ്ങനെയാണ് അംഗീകരിക്കുക? താന്‍ മരിച്ചിട്ടില്ല എന്ന് തെളിയിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിച്ചു. ഒരു കോളത്തില്‍ ആരും ശ്രദ്ധിക്കപ്പെടാതെ ഈ വാര്‍ത്ത വരികയും ചെയ്തു. എന്നാല്‍, കേരള കൗമുദി വാര്‍ത്തയുടെ പ്രധാന്യം തിരിച്ചറിഞ്ഞു. ഇത് മറ്റൊരു രീതിയില്‍ പ്രസിദ്ധീകരിച്ചു. അതോടെ ''താന്‍ ജീവിച്ചിരിപ്പുണ്ട്'' എന്ന അബൂബക്കറിന്റെ ആവശ്യം ഒരു സംസാരവിഷയമാവുകയായിരുന്നു. ഇതിന്റെ ഓരോ നിയമവശവും ദിവസവും പത്രം കൊടുത്തുകൊണ്ടിരുന്നു. ഒടുവില്‍ അബൂബക്കര്‍ മരിച്ചിട്ടില്ല, ജീവിച്ചിരിക്കുന്നുവെന്ന് കോടതിയും വിധിയെഴുതി. ഇത്തരത്തിലുള്ള ഓരോ വാര്‍ത്തയിലൂടെയും കേരള കൗമുദി പൊതുസമൂഹത്തില്‍ ഒരു ചര്‍ച്ചാവിഷയമായി മാറുകയായിരുന്നു.

അതിനിടെയാണ് പ്രശസ്ത സാഹിത്യകാരന്‍ എന്‍.പി. മുഹമ്മദ് റസിഡന്റ് എഡിറ്ററായി ചുമതലയേറ്റത്. കേരള കൗമുദി കോഴിക്കോട് എഡിഷന് ആദ്യമായാണ് ഒരു റസിഡന്റ് എഡിറ്ററുണ്ടാകുന്നത്. ഞങ്ങള്‍ക്കതില്‍ തെല്ല് അഭിമാനം തോന്നുകയും ചെയ്തിരുന്നു. അദ്ദേഹം കേരള കൗമുദിയില്‍ ഒരു കോളം ആരംഭിച്ചു. 'ആഴ്ചവട്ടം' എല്ലാ തിങ്കളാഴ്ചയും എഡിറ്റോറിയല്‍ പേജിലാണ് കോളം പ്രസിദ്ധീകരിച്ചിരുന്നത്. അതാത് ആഴ്ചയിലെ രാഷ്ട്രീയ സാംസ്‌ക്കാരിക പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയുള്ള കോളത്തിന് വായനക്കാര്‍ ഏറെയായിരുന്നു. ആ കാലത്താണ് കേരളത്തെ ഞെട്ടിപ്പിച്ച വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ കോഴിക്കോട്ട് നടന്നത്. മാറാട് കൂട്ടക്കൊല ഒരു നാടിനെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു. ഒന്‍പത് പേരാണ് അതില്‍ കൊല്ലപ്പെട്ടത്. ഒരു സന്ധ്യാനേരത്ത് മാറാട് കടപ്പുറത്ത് കാറ്റുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് ആയുധങ്ങളുമായി എത്തിയ അക്രമികള്‍ വിവേചനമില്ലാതെ കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടിവീഴ്ത്തുകയായിരുന്നു. അല്പസമയത്തിനുള്ളില്‍ ഒന്‍പത് പേര്‍ പിടഞ്ഞുവീണു മരിച്ചു. മുന്‍പ് നടന്ന ചില സംഭവങ്ങളുടെ പ്രതികരണമെന്ന നിലയ്ക്കാണ് കൂട്ടക്കൊല അരങ്ങേറിയത്. സംഘട്ടനം മാറാടിനു പുറത്തേക്ക് വ്യാപിക്കുമോ എന്ന ആശങ്ക ആ സമയത്ത് എല്ലാവരിലും ഉണ്ടായിരുന്നു. എന്നാല്‍, ആരുടെയൊക്കെയോ സമര്‍ത്ഥവും സമയോചിതവുമായ ഇടപെടല്‍ കാരണം മാറാടിന് പുറത്തേക്ക് അതിന്റെ ആഘാതം വ്യാപിക്കുകയുണ്ടായില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ പ്രശ്‌നം അതീവ ഗുരുതരമാവുമായിരുന്നു. മാറാട് വാര്‍ത്തകളെല്ലാം തന്നെ വളരെ നിഷ്പക്ഷമായും അതേസമയം പ്രകോപനം ഉണ്ടാക്കാത്ത വിധത്തിലുമാണ് കേരള കൗമുദി നല്‍കിയിരുന്നത്. മാറാട് കൂട്ടക്കൊല നടന്ന അതേ ആഴ്ചയില്‍ എന്‍.പി. മുഹമ്മദ് തന്റെ പംക്തിയില്‍ എഴുതിയ ലേഖനത്തിന്റെ പേര് ''മാരിവില്ലിന് തീകൊളുത്തരുത്'' എന്നായിരുന്നു. വര്‍ഗ്ഗീയത ആളിക്കത്തിച്ചു ജനങ്ങള്‍ക്കിടയിലെ ഐക്യം തകര്‍ക്കരുതെന്ന് ഹൃദയസ്പര്‍ശിയായ ആഹ്വാനമായിരുന്നു ലേഖനത്തിലൂടെ വിളംബരപ്പെടുത്തിയിരുന്നത്. ആ ആഴ്ചത്തെ 'ആഴ്ചവട്ടം' ഏറെ സമയോചിതമായി.

മാറാട് കൂട്ടക്കൊല നടക്കുന്നതിന്റെ തൊട്ടുമുന്‍പിലത്തെ വര്‍ഷത്തിലാണ് ജില്ലാ കലക്ടര്‍ അമിതാബ് കാന്ത് കോഴിക്കോട് മലബാര്‍ മഹോത്സവത്തിന് തുടക്കമിട്ടത്. മഹോത്സവം തുടര്‍ന്ന് നടത്തേണ്ട സമയം അടുത്തപ്പോഴാണ് മാറാട് സംഭവമുണ്ടായത്. അതുകൊണ്ട് മഹോത്സവം ആ വര്‍ഷം വേണമോ വേണ്ടയോ എന്നൊരു സംശയം പൊതുവെ ഉയരുകയുണ്ടായി. രാഷ്ട്രീയകക്ഷികളില്‍ ചിലര്‍ മഹോത്സവം നടത്തുന്നതിനെതിരായിരുന്നു. ഒരു ദുരന്തമുണ്ടായി, അതിനു പിന്നാലെ ആഘോഷങ്ങള്‍ നടക്കുന്നത് ശരിയല്ല എന്നതായിരുന്നു അവരുടെ നിലപാട്. എന്നാല്‍ ഇതിനു വിരുദ്ധമായ നിലപാടായിരുന്നു മറ്റു ചിലര്‍ക്ക്. ജില്ലാ കലക്ടര്‍ക്കും അതേ പക്ഷമായിരുന്നു. വര്‍ഗ്ഗീയത എരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍, അതില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റാന്‍ കലയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്ക് കഴിയുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. കേരള കൗമുദി പ്രത്യക്ഷമായും ഈ പക്ഷത്തെയാണ് അനുകൂലിച്ചത്. ആ വര്‍ഷം മലബാര്‍ മഹോത്സവം അരങ്ങേറി. അതിന്റെ മുന്നോടിയായി പ്രശസ്ത ചിത്രകാരന്‍ എം.എഫ്. ഹുസൈന്റെ നേതൃത്വത്തില്‍ മാനാഞ്ചിറ മൈതാനിയില്‍ ചിത്രകാരന്മാരുടെ ചിത്രരചനാപ്രദര്‍ശനവും നടന്നു. വലിയ ജനകീയ പങ്കാളിത്തമാണ് ഇതിനുണ്ടായത്. മാറാട് സൃഷ്ടിച്ച സംഘര്‍ഷാത്മകമായ അന്തരീക്ഷത്തിന് പതുക്കെ പതുക്കെ അയവ് വരികയും ചെയ്തു.
അമിതാബ് കാന്ത് ജില്ലാ കലക്ടറായിരിക്കുമ്പോഴാണ് മലബാര്‍ മഹോത്സവത്തിന് തുടക്കമിട്ടത്. അതു മാത്രവുമല്ല, നഗരത്തിലെ പല വികസനപ്രവര്‍ത്തനങ്ങള്‍ക്കും വേഗം കൂടുകയും ചെയ്തു.  കെ. ജയകുമാര്‍ ആരംഭം കുറിച്ച വികസനപ്രക്രിയ അമിതാബ് കാന്ത് പൂര്‍ത്തിയാക്കുകയായിരുന്നു. അന്നത്തെ പ്രത്യേക സാഹചര്യവും അതിന് അദ്ദേഹത്തെ സഹായിച്ചു. നഗരഭരണത്തിന്റെ ചുമതലയും അക്കാലത്ത് ജില്ലാ കലക്ടര്‍ക്കായിരുന്നു. ജനാധിപത്യസംവിധാനത്തെക്കാള്‍ ഒട്ടും മികച്ചതല്ല ഉദ്യോഗസ്ഥ ഭരണം എന്നു കരുതുമ്പോഴും ചില സന്ദര്‍ഭങ്ങളില്‍ ഉദ്യോഗസ്ഥ ഭരണമാണ് മികച്ചതെന്ന് തോന്നിപ്പോകുന്നതാണ് അക്കാലത്തെ നഗരത്തിലുണ്ടായിട്ടുള്ള വികസനങ്ങള്‍. മാനാഞ്ചിറ വികസനം, നഗരപാതകളുടെ വീതികൂട്ടല്‍ എന്നിവ ഉണ്ടായത് കലക്ടറുടെ ഭരണസംവിധാനത്തിലാണ്. നഗരഭരണം ജില്ലാ കലക്ടര്‍ക്ക് ഇല്ലായിരുന്നുവെങ്കില്‍ ഇതൊന്നും ഇത്ര വേഗത്തില്‍ നടക്കുമായിരുന്നില്ല. റോഡ് വികസനം, മാനാഞ്ചിറ സ്‌ക്വയര്‍ പദ്ധതി, മുതലക്കുളം വികസനം എന്നിവ നടപ്പാക്കാന്‍ തുനിഞ്ഞപ്പോള്‍ വലിയ എതിര്‍പ്പുകള്‍ പല ഭാഗത്തുനിന്നും ഉയരുകയുണ്ടായി. നഗരത്തില്‍ ജനകീയഭരണമായിരുന്നുവെങ്കില്‍ അവര്‍ക്കതിനെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ജില്ലാ ഭരണകൂടം അത്തരം എതിര്‍പ്പുകളെ ഗൗനിക്കാന്‍ തുനിഞ്ഞില്ല. പദ്ധതി നടപ്പാവുകയും ചെയ്തു. വികസന കാര്യത്തിലും ജില്ലാ കലക്ടര്‍ക്കൊപ്പമാണ് കേരള കൗമുദി നിലകൊണ്ടത്.

മുതലക്കുളം വളവിലെ കൊടുംവളവ് നഗരഗതാഗതത്തിന് വലിയ ഒരു പ്രതിസന്ധിയായിരുന്നു. അത് നിവര്‍ത്താന്‍ മുന്‍പ് പല ഭരണാധികാരികള്‍ ശ്രമിച്ചിട്ടും ഒന്നും പ്രാവര്‍ത്തികമായില്ല. മുതലക്കുളത്ത് പരമ്പരാഗതമായി താമസിക്കുന്ന അലക്കുതൊഴിലാളികളുടെ പാര്‍പ്പിട പ്രശ്‌നമായിരുന്നു പ്രധാന തടസ്സം. തൊഴിലാളികള്‍ക്ക് മറ്റൊരിടത്ത് പാര്‍പ്പിടമൊരുക്കിയിട്ടും വികസനത്തിന് അവര്‍ വിലങ്ങായി നിന്നു. നഗരത്തിലെ ഒരു സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന സുകുമാര്‍ അഴീക്കോട് മുതലക്കുളം വികസനത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചു സംസാരിച്ചു. പിറ്റേ ദിവസത്തിലെ കേരള കൗമുദിയില്‍ നഗരം പേജില്‍ മുതലക്കുളം വികസനത്തെ സംബന്ധിച്ച ഒരു ഫീച്ചര്‍ പ്രസിദ്ധപ്പെടുത്തി. സുകുമാര്‍ അഴീക്കോടിനയച്ചുകൊടുത്തു. അതു വായിച്ച് അദ്ദേഹം ഉടനെ എന്നെ വിളിച്ചു പറഞ്ഞു: ''അത്തരം ചരിത്രമൊന്നും തനിക്കറിയില്ലായിരുന്നു.'' ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ ബുള്‍ഡോസറിന്റെ സഹായത്തോടെയാണ് ജില്ലാ ഭരണകൂടം മുതലക്കുളം വളവ് നിവര്‍ത്തിയത്. അതുകാരണം ഇപ്പോള്‍ അതുവഴിയുള്ള യാത്ര വളരെ സുഗമമായി. വാഹനങ്ങളുടെ പാര്‍ക്കിംഗ് പ്രശ്‌നം കോഴിക്കോട് നഗരത്തിന് എന്നും പ്രശ്‌നമായിരുന്നു. അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ ജില്ലാ കലക്ടര്‍ ഫലപ്രദമായ ഒരു പദ്ധതി സമര്‍പ്പിക്കുകയുണ്ടായി. മുതലക്കുളം മൈതാനം രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കു പുറമെ, അലക്ക് തൊഴിലാളികള്‍ക്ക് തുണിയലക്കാനും ഉണക്കാനുമുള്ള ഒരു വേദി കൂടിയാണ്. ഇതിനു തടസ്സം വരാത്ത വിധത്തില്‍ മുതലക്കുളത്ത് അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗിനുള്ള ഒരു പ്രോജക്ട് തയ്യാറാക്കി. അത് ചര്‍ച്ചയ്ക്ക് വെക്കുകയും ചെയ്തു. ആ പദ്ധതി പ്രയോഗത്തിലായാല്‍ നഗരത്തിനുള്ളിലെ പാര്‍ക്കിംഗ് പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയുമായിരുന്നു. കേരള കൗമുദി അടക്കമുള്ള പല പത്രങ്ങളും ഈ പദ്ധതിയെ പിന്തുണച്ചു ഫീച്ചറുകളെഴുതി. എന്നാല്‍ ഇത് നിയമപരമായി അംഗീകരിച്ചു നടപ്പിലാക്കുന്നതിനു മുന്‍പേ തെരഞ്ഞെടുക്കപ്പെട്ടവര്‍ നഗരഭരണത്തില്‍ അധികാരമേറ്റു. അവരുടെ ആദ്യത്തെ അജന്‍ഡകളിലൊന്ന്, ഒരു ചര്‍ച്ചയും കൂടാതെ മുതലക്കുളം മൈതാനവികസനപദ്ധതി നിര്‍ത്തലാക്കുക എന്നതായിരുന്നു. അങ്ങനെ ആ പദ്ധതി വിസ്മൃതമായി. നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്‌നം പരിഹരിക്കപ്പെടാതെ ഇന്നും അതേപടി തുടരുകയാണ്. അതുമാത്രമല്ല, നഗരത്തിന് പല പുതിയ വികസനപദ്ധതികളും ആവിഷ്‌കരിച്ച അമിതാബ് കാന്തിനെതിരെ പല കേസുകളും കെട്ടിച്ചമയ്ക്കുകയും ചെയ്തു. അതിലൊന്നും ആ ഉദ്യോഗസ്ഥനെ കുറ്റക്കാരനായി കണ്ടെത്താനും കഴിഞ്ഞില്ല. വികസനപദ്ധതികളോടൊപ്പം നിന്നുകൊണ്ട്, കലാ സാംസ്‌ക്കാരികവാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള ഒരു റിപ്പോര്‍ട്ടിംഗ് രീതിയാണ് കേരള കൗമുദി അവലംബിച്ചത്. അവയെല്ലാം പക്ഷപാതരഹിതവും സത്യസന്ധവുമായിരുന്നു. വായനക്കാര്‍ക്കിടയില്‍ അത്തരമൊരു നിലപാടിന് വന്‍ സ്വീകാര്യതയുണ്ടെന്ന് കേരള കൗമുദിയോടുള്ള സമീപനത്തില്‍ തെളിയുകയുംചെയ്തു.

(തുടരും)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com