വെറുപ്പിന്റെ വൈറസ്സുകള്‍

വെറുപ്പിന് പോകാവുന്ന ദൂരം ഹൃസ്വമാണ്. സംവാദമാകട്ടേ അനന്തമാണ്. 
വെറുപ്പിന്റെ വൈറസ്സുകള്‍

ല്ലാവര്‍ക്കും അറിയാവുന്ന ചിലതാണ് ഞാന്‍ പറയാന്‍ പോകുന്നത്. പുതിയതായി ഒന്നുമില്ല. പക്ഷേ, ചില വസ്തുതകളുടെ ഡി.എന്‍.എ നമ്മുടെ തലച്ചോറിലൂടെ ഹൃദയത്തിലെത്തുമ്പോഴാണ് അതു കേവല സത്യങ്ങളെങ്കിലുമായി നമ്മില്‍ മിന്നിത്തിളങ്ങുന്നത്. ആത്യന്തിക സത്യമുണ്ടോയെന്ന് അറിയില്ല. ഉണ്ടെങ്കില്‍ത്തന്നെ അതിലേയ്‌ക്കെത്താനുള്ള ആത്മീയ സാധനയൊന്നും എന്നെപ്പോലുള്ളവര്‍ക്കില്ല.

എട്ട് വര്‍ഷമായി അടുത്തറിയാവുന്ന ഒരു സ്‌നേഹിതയുണ്ട്. സത്യസന്ധയായ സാമൂ ഹ്യപ്രവര്‍ത്തകയാണ്. അച്ചടക്കത്തോടേയും അര്‍പ്പണത്തോടേയും സേവനത്തില്‍ മുഴുകും. താന്‍ ഇന്നലെ ചെയ്തതും ഇപ്പോള്‍ ചെയ്യുന്നതുമായ സേവനങ്ങളെപ്പറ്റി ആവര്‍ത്തിച്ചുകൊണ്ടിരിക്കും. നമ്മള്‍ ഏവരിലുമുള്ള ഒരു മാനസിക ഭാവമാണത്. അതില്‍ തെറ്റുണ്ടെന്ന് അറുത്തുമുറിച്ചു പറയാനാവില്ല. മനുഷ്യനിലെ 'അഹം' അത്ര പെട്ടെന്ന് അലിയിച്ചുകളയാനാവില്ലല്ലോ. അതിന്റെ പൊങ്ങച്ച സ്വഭാവവും ആവര്‍ത്തനവിരസതയും അവരുടെ സേവനമികവ് കണക്കിലെടുത്ത് ആരും അവരോട് തുറന്നു പറയാറില്ല. വാസ്തവത്തില്‍, അതുകൊണ്ട് മറ്റാര്‍ക്കും പ്രത്യേകിച്ച് ദോഷമൊന്നുമില്ലല്ലോ.

എന്നാല്‍, ഈയിടെയായി അവര്‍ക്ക് തന്റെ സേവനമേഖലയില്‍ ഒപ്പമുള്ളവരെ അംഗീകരിക്കാനാവുന്നില്ല. അവരുടെ അപാകതകള്‍, കുറ്റങ്ങള്‍, കുറവുകള്‍ ചൂണ്ടിക്കാട്ടുന്നതില്‍ വ്യാപൃതയാവുന്നു. അവരാല്‍ 'കുറ്റാരോപിത'രായവരോട് കോപാകുലയാകുന്നു. അവര്‍ ശരിയല്ല, ഇവര്‍ ശരിയല്ല എന്നു മന്ത്രിക്കുന്നു. തീര്‍ച്ചയായും, കുറ്റാരോപിതരായവര്‍ അവരുടെ സത്യസന്ധതയും ഭാഗവും ന്യായീകരിക്കുന്നു. അങ്ങനെ, ആ ചെറിയ സേവനവൃത്തത്തില്‍ കാലുഷ്യം ഉണ്ടാകുന്നു. പലപ്പോഴും ഇതു തിരുത്താന്‍ ശ്രമിച്ചിട്ടും അവര്‍ക്കു മനസ്സിലാകുന്നില്ല. ആ നല്ല സ്ത്രീയില്‍ അസ്വസ്ഥത ഏതു നിമിഷവും വര്‍ധിക്കുകയാണ്. അതു മറ്റുള്ളവരോടുള്ള വെറുപ്പായി പരിണമിക്കുന്നു. വെറുപ്പിന്റെ വൈറസ്സുകള്‍ അവരില്‍ സാവകാശം കൂടുകൂട്ടുന്നു. അത്തരമാളുകളുടെ മനസ്സ്, അവര്‍ നല്ലവരായിരിക്കുമ്പോള്‍ത്തന്നെ  ചെറിയ നരകങ്ങളാണ്. 

ഇത്തരം നരക കാലങ്ങളിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. എന്തൊരു ഊര്‍ജ്ജനഷ്ടമാണ് അതിലൂടെ ആ വ്യക്തിക്കും അവരുമായി ബന്ധപ്പെട്ടവര്‍ക്കും തന്റെ 'ശത്രുത'യില്‍ ജീവിക്കുന്നവര്‍ക്കും ഉണ്ടാകുന്നതെന്നു ഞാന്‍ അനുഭവത്തില്‍ നിന്നറിഞ്ഞിട്ടുണ്ട്. ഇന്നു ഭൂമിയിലെ മൊബൈല്‍-ലാന്‍ഡ് ലൈന്‍ ഫോണ്‍വിളികളില്‍ ഏറെയും വെറുപ്പിന്റെ തീക്ഷ്ണവും ദുര്‍ബ്ബലവുമായ വൈറസ്സുകള്‍ പ്രചരിപ്പിക്കാനുള്ളതാണ്. ഇതു വ്യക്തികളുടെ മന:ശാന്തി മാത്രമല്ല കെടുത്തുക. അവര്‍ ജോലിചെയ്യുന്ന, സേവനം ചെയ്യുന്ന ചെറിയ മേഖലകള്‍പോലും കലുഷിതമാകും. വീടുകളേയും.
വെറുപ്പിന്റെ അടിസ്ഥാന ജീന്‍ അവിശ്വാസമാണ്. എനിക്ക് മറ്റൊരാളെ വിശ്വാസമില്ലയെന്നു പറയുന്നത് എനിക്കയാളില്‍ അവിശ്വാസമാണെന്നാണ്. അയാളില്‍ വിശ്വാസമില്ലാതാവുമ്പോള്‍, അയാളുടെ പ്രവൃത്തി, വാക്ക്, നോട്ടം, ഭാവം, വസ്ത്രം, ഭക്ഷണം, എന്തിനു ശ്വാസംപോലും വെറുപ്പുളവാക്കുന്നു. അയാള്‍ ചെയ്യുന്ന കണ്ടോ, സംസാരിക്കുന്നത് കേട്ടോ, നോട്ടം കണ്ടോ, മുഖത്തെ ഭാവം കണ്ടോ, ഉടുപ്പ് നോക്കിയോ, തിന്നുന്ന കണ്ടോ, ഇങ്ങനെപ്പോകും വെറുപ്പിന്റെ ചേഷ്ടകള്‍.

ചിലപ്പോള്‍ ഒരു പരിചയവുമില്ലാത്ത വ്യക്തിയോടുപോലും നമുക്കു വെറുപ്പ് തോന്നും. അത് അറപ്പിന്റെ രൂപത്തിലാകാം. മറ്റൊരാളിന്റെ, മറ്റൊരാശയത്തിന്റെ ഭ്രാന്തന്‍ വെറുപ്പ് സ്വീകരിച്ച് ഹീനമായ കൊലകള്‍ നടത്തുന്നതാണ് നാം കണ്ണൂരില്‍ നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്നത്. ഈയിടെ പെരിയയില്‍ നടന്ന കൃപേഷിന്റേയും ശരത്തിന്റേയും കൊലകള്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ അധമമായ അവസ്ഥയാണ്.
ഒരു കുഷ്ഠരോഗി അടുത്തെത്തിയാല്‍ നമ്മള്‍ക്കു ഭയമായി. അറപ്പായി. വെറുപ്പായി. ഈ വെറുപ്പില്‍നിന്നു മുക്തിനേടുക എളുപ്പമല്ല. കുഷ്ഠരോഗം കാര്‍ന്നുതിന്ന് ലോകത്താല്‍ വെറുക്കപ്പെട്ടവനെ മനസ്സറിഞ്ഞ് ആലിംഗനം ചെയ്യുന്ന നിമിഷത്തില്‍ താന്‍ വിശുദ്ധിയുടെ ഒരു പടവ് കയറും എന്നാണ് വിശുദ്ധ ഫ്രാന്‍സീസ് ഏറ്റുപറഞ്ഞത്.

ഗാന്ധിയുടെ ജീവിതത്തില്‍ കാരുണ്യത്തിന്റെ വിസ്മയം തുറന്നിട്ട ഒരു പരീക്ഷണമുണ്ട്. 1939-ലെ ഒരു മഞ്ഞുകാലത്തെ സന്ധ്യ. ഗാന്ധി തന്റെ സന്ധ്യാനടത്തത്തിലാണ്. പെട്ടെന്ന് അദ്ദേഹത്തിന്റെ മുന്‍പിലെത്തിയ ഒരു സന്ദര്‍ശകന്റെ രൂപം അദ്ദേഹത്തില്‍ ദു:ഖമുളവാക്കി. 1922-ല്‍ യെര്‍വാദ ജയിലില്‍ തന്നോടൊപ്പമുണ്ടായിരുന്ന സംസ്‌കൃതപണ്ഡിതനും കവിയുമായ പര്‍ച്ചുരെ ശാസ്ത്രിയുടെ മുഖമായിരുന്നു അത്. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ശാസ്ത്രികള്‍ക്ക് അതികഠിന ജാതിയിലുള്ള കുഷ്ഠരോഗം പിടിപെട്ടു. അപകര്‍ഷതകൊണ്ടും നിരാശകൊണ്ടും തകര്‍ന്നുപോയ ശാസ്ത്രികള്‍ ഭൂമിയില്‍നിന്നും എന്നെന്നേയ്ക്കുമായി തിരോധാനം ചെയ്യാനുറച്ചു. അവസാനമായി 'മഹാത്മാവി'നെ ദര്‍ശിക്കാനാണ് അദ്ദേഹം ആശ്രമത്തിലെത്തിയത്. ആശ്രമം സന്ദര്‍ശിക്കാനുള്ള ശാസ്ത്രികളുടെ കത്തിന് ഗാന്ധി മറുപടി നല്‍കിയിരുന്നില്ല. അതു മാത്രമല്ല, ഗാന്ധിയെ അദ്ഭുതപ്പെടുത്തിയത്; ശാസ്ത്രികളുടെ ദയനീയമായ രൂപം ആവാഹിക്കാന്‍ ഗാന്ധി പണിപ്പെട്ടു. ശാസ്ത്രികളുടെ സന്ദര്‍ശനം പെട്ടെന്നും അപ്രതീക്ഷിതവുമായതിനാല്‍  ഗാന്ധിക്ക് ആശ്രമത്തിലെ മറ്റ് അന്തേവാസികളുമായി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ല.

ഗാന്ധിയുടെ ധര്‍മ്മസങ്കടം മനസ്സിലാക്കിയ ശാസ്ത്രികള്‍ താന്‍ ഗാന്ധിക്കുവേണ്ടി പ്രത്യേകം നൂറ്റനൂല്‍ നല്‍കി, ആശ്രമത്തില്‍നിന്നു പോകാനൊരുങ്ങി. എന്നാല്‍, ഗാന്ധി ആശ്രമത്തിലെ അന്തേവാസികളോട് ശാസ്ത്രികള്‍ക്കു ഭക്ഷണം നല്‍കാനും അല്പം ദൂരെ മാറിയുള്ള ഒരു കുടിലില്‍ ഉറങ്ങാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു കൊടുക്കാനും ആവശ്യപ്പെട്ടു. ആ രാത്രി ഗാന്ധിയും ശാസ്ത്രികളും ഉറങ്ങിയില്ല. പിറ്റേന്നു രാവിലെ താന്‍ എടുക്കാന്‍ പോകുന്ന തീരുമാനത്തിന്റെ ഗൗരവം ഗാന്ധി അന്തേവാസികളോട് വിശദീകരിച്ചു. അവരുടെ സമ്മതം വാങ്ങി. ശാസ്ത്രികളെ നേരിട്ട് പരിചരിച്ച് ആരോഗ്യത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരികയെന്നത് തന്റെ ജീവിതത്തിലെ വെല്ലുവിളിയാണ്. അദ്ദേഹത്തിന് അഭയം നിഷേധിക്കുന്നത് തന്റെ മനസ്സാക്ഷിയുമായി രാജിയാകലാണ്; അതുകൊണ്ട് ദൈവവുമായും. പിറ്റേദിവസം തന്നെ, ശാസ്ത്രികളെ തന്റെ തൊട്ടടുത്ത കുടിലിലേയ്ക്ക് ഗാന്ധി മാറ്റിപ്പാര്‍പ്പിച്ചു.
രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനങ്ങള്‍ക്കിടയിലും സങ്കീര്‍ണ്ണമായ രാഷ്ട്രീയാന്തരീക്ഷത്തിലും ഗാന്ധി ദിവസത്തില്‍ മൂന്നു നേരം ശാസ്ത്രികളുടെ വ്രണങ്ങള്‍ കഴുകി വൃത്തിയാക്കാന്‍ സമയം കണ്ടെത്തി. സ്‌നേഹവും വാത്സല്യവും കരുണയും ഭക്ഷണവും കൊണ്ട് ഗാന്ധി ശാസ്ത്രികളെ ആരോഗ്യത്തിലേയ്ക്കു തിരിച്ചെത്തിച്ചു, വര്‍ഷങ്ങളിലൂടെ. ശാസ്ത്രികള്‍ ഗാന്ധിയുടെ ആശ്രമത്തിന്റെ അവിഭാജ്യഘടകമായി. (പുറം: 72: 'സെമിനാര്‍' - ഒക്ടോബര്‍: 2014)

നിത്യജീവിതത്തില്‍ മാംസം അഴുകി ദുര്‍ഗന്ധം വമിക്കുന്ന ജീര്‍ണ്ണിക്കുന്ന രോഗാവസ്ഥയിലുള്ളവരുമായി പലപ്പോഴും ഇടപെടേണ്ടിവന്നിട്ടുണ്ട്. ആദ്യം വല്ലാത്ത ഒരു ഉള്‍ക്കിടിലത്തോടെയാണ് അത്തരം ദുര്‍ഗന്ധങ്ങളുടെ മദ്ധ്യത്തില്‍ ഞാന്‍ നില്‍ക്കാറ്. വര്‍ഷങ്ങളിലൂടെ ആ അഴുകുന്ന മാംസം തന്നെയാണ് എന്റേതെന്നു തിരിച്ചറിയാന്‍ തുടങ്ങിയതോടെയാണ്, ആ ഭയത്തില്‍നിന്നു പതുക്കെ വിമുക്തനാവാനായത്.

പക്ഷേ, ഇന്നും കുഷ്ഠരോഗം ബാധിച്ച ഒരു വ്യക്തിയോട് വളരെ അടുത്തിടപഴകാനുള്ള ധൈര്യം എനിക്കു കിട്ടിയിട്ടില്ല. ബസുകളിലും ടൗണിലെ ഇടത്തരം ചായക്കടകളിലും എത്ര സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാലും അവര്‍ എന്റെ അടുത്തു വന്നിരിക്കുമ്പോള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് തോന്നിയിരുന്ന വെറുപ്പില്ല. അവരും, എന്നെ ദുര്‍ബ്ബലമായി തിരിച്ചറിയുന്നുണ്ട് എന്നത് ആഹ്ലാദിപ്പിക്കാറുണ്ട്. എന്റെ അടുത്ത സീറ്റില്‍ വന്നിരുന്നാല്‍, ഞാന്‍ എണീറ്റുപോകുകയോ ദ്വേഷ്യപ്പെടുകയോ മുഖത്ത് അസ്വസ്ഥത കാട്ടുകയോ ചെയ്യില്ലെന്ന് അവര്‍ മനസ്സിലാക്കുന്നുണ്ട്.

ഏതു ദീര്‍ഘകാല രോഗാവസ്ഥയില്‍ കിടക്കുന്ന വ്യക്തിയും നമ്മില്‍ അറപ്പോ വെറുപ്പോ ഭീതിയോ ജനിപ്പിക്കുന്നുണ്ട്. അര്‍ബ്ബുദം, വൃക്കരോഗം, വാര്‍ധക്യം, മനോവിഭ്രാന്തികള്‍, എയ്ഡ്സ്, ക്ഷയം എന്നിവ അതിന്റെ വ്യത്യസ്ത തോതുകളില്‍ നമ്മെ അസ്വസ്ഥമാക്കാറുണ്ട്. ദാരിദ്ര്യത്താല്‍ അസ്ഥിമാത്രമായ മനുഷ്യരും പോഷകാഹാരക്കുറവിനാല്‍ ശരീരവളര്‍ച്ച നിന്നുപോയ കുഞ്ഞുങ്ങള്‍ പോലും. എന്‍ഡോസള്‍ഫാന്‍ ബാധിതരായ വ്യക്തികളും ഇതിലുള്‍പ്പെടും. വെറുപ്പ് എന്ന് ഉദ്ദേശിച്ചത് അവര്‍ നമ്മളെക്കാള്‍ ഏതോ രീതിയില്‍ എത്രയും വേഗം മാറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്ന തോന്നലാണ്. എന്തെങ്കിലും പൈസ കൊടുക്കാം, എനിക്കിതൊന്നും കണ്ടുനില്‍ക്കാന്‍ വയ്യ എന്നാണ് പലരുടേയും മുഖഭാവം; വാക്കുകള്‍. ക്ഷയവും എയ്ഡ്സും കുഷ്ഠരോഗം പോലെത്തന്നെ വെറുപ്പുളവാക്കുന്നതാണ്. അവരെ പരിചരിക്കാന്‍ സ്വമേധയാ എത്തുന്നവര്‍ കുറവാണ്. നമ്മളിലും ആല്‍ബര്‍ട്ട് ഷ്വെറ്റ്സര്‍മാരും ഫാദര്‍ ഡാമിയന്മാരും മദര്‍ തെരേസമാരും ബാബ ആംതെമാരും ചെറിയ തോതിലെങ്കിലും ഇല്ലെന്നു പറയാനാവില്ല. മനോരോഗം ബാധിച്ചവരുടെ ജീവിതത്തിലേയ്ക്ക് പ്രവേശിച്ച് അവരുടെ മനസ്സും ശരീരവും അറിയാന്‍ ശ്രമിക്കുന്നത് അതീവ ദുഷ്‌കരമായ കാര്യമാണ്, സാധാരണക്കാരന്. എങ്ങനെയെങ്കിലും അവരെ ഒഴിവാക്കാനാണ് നമുക്ക് ധൃതി. എന്റെ പരിചയത്തില്‍പ്പെട്ട നാല് സ്ത്രീകള്‍ രാവും പകലും ഇത്തരം സേവനങ്ങളില്‍ മുഴുകുന്നതു കണ്ട് ഞാന്‍ മനസ്സാ അവരെ ആദരിച്ചിട്ടുണ്ട്. മനോരോഗം ബാധിച്ച വ്യക്തി അവരെ വിശ്വസിക്കുന്നതുകൊണ്ടാണ് ഇവര്‍ക്ക് അവരിലേയ്‌ക്കെത്താന്‍ കഴിയുന്നത്. അതിനര്‍ത്ഥം ഈ നാല് സ്ത്രീകളും ഭീതിയുടെ, വെറുപ്പിന്റെ വൈറസ്സുകളെ പ്രതിരോധിക്കുന്നു  എന്നാണ്.
70 വയസ്സായ ഭര്‍ത്താവ് 65 വയസ്സുള്ള ഭാര്യയോട് എന്തൊരു കോലമാണ് നിന്റേത്; മുഖം ചുക്കിച്ചുളിഞ്ഞ്, കാല്‍പ്പത്തികള്‍ അടിച്ചു പരന്ന്, പാദങ്ങള്‍ വിണ്ടുകീറി, വായില്‍ പല്ലില്ലാതെ, കണ്ണില്‍ പീളകെട്ടി, മുടികൊഴിഞ്ഞ് എന്നു വ്യാകുലപ്പെടുന്നത് നാം കേള്‍ക്കാറുണ്ട്. എന്നാല്‍, അയാള്‍ സ്വന്തം വാര്‍ധക്യം, സ്വന്തം ശരീരം, അതിന്റെ ജീര്‍ണ്ണത തിരിച്ചറിയുന്നേയില്ല. വൃദ്ധരായ മിക്ക ദമ്പതികളും തമ്മിലുള്ള സംഘര്‍ഷവും വെറുപ്പും ഈ തിരിച്ചറിവില്ലായ്മ മൂലമാണ്. വാര്‍ധക്യത്താല്‍ ജീര്‍ണ്ണിക്കുന്ന ശരീരത്തിന്റെ അവസ്ഥകള്‍ അംഗീകരിക്കാന്‍ മക്കളും കുഞ്ഞുമക്കളും സമൂഹവും ചിലപ്പോള്‍ തയ്യാറാവില്ല. കിഴവനും കിഴവിയും ഇനിയും ഭൂമിക്കു ഭാരമായി ഇങ്ങനെ കഴിയുന്നതിനെന്തിനാണ്, കാലന്‍ ഇവറ്റയുടെ കാര്യം മറന്നുപോയോ എന്നൊക്കെ പറയുന്നവരുടെ മനസ്സില്‍ വെറുപ്പിന്റെ വൈറസ്സുണ്ട്. നാളെ തങ്ങളും ഈ അവസ്ഥയിലെത്തുമെന്ന ബോധം ഏതു നിമിഷവും ഉണ്ടായാല്‍ മനുഷ്യന് ഈ വെറുപ്പിനെ കുറച്ചൊക്കെ മറികടക്കാനാവും. അതിനുവേണ്ടിയായിരിക്കണം, ശവസംസ്‌കാര ചടങ്ങുകളില്‍ ആചാരങ്ങള്‍ ഒരു നല്ല യാത്രയയപ്പിന്റെ രീതിയില്‍ എല്ലാ മതങ്ങളിലും നിലനിര്‍ത്തിപ്പോരുന്നത്.
നമ്മിലെ സാധാരണത്വത്തില്‍നിന്നു തികച്ചും വ്യത്യസ്തരായവരെ നാം മനസ്സുകൊണ്ട് സാധൂകരിക്കാറില്ല. ഏഴടിയോ രണ്ടരയടിയോ ഉയരമുള്ളവരേയോ കൂനുള്ളവനേയോ ഞൊണ്ടിയേയോ നാം കാണുക തുല്യതയോടെയല്ല. ഒന്നുകില്‍ സഹതാപം, അല്ലെങ്കില്‍ കൗശലപൂര്‍വ്വമായ തിരസ്‌കാരം. ആദികവി വാല്മീകിപോലും കൂനുള്ള മന്ഥരയെ സൃഷ്ടിച്ചുകൊണ്ടാണ് തിന്മയിലേയ്ക്കുള്ള വഴി തുറന്നിട്ടത്. മഹാഭാരതത്തിലെ ശകുനിക്ക് ഞൊണ്ടലുണ്ട്. യൂഗോവിന്റെ നോത്രാദാമിലെ കൂനനും ആധുനിക നോവലിസ്റ്റ് ഗുന്തര്‍ഗ്രാസ്സിന്റെ 'തകരച്ചെണ്ട'യിലെ കുള്ളനും അസാധാരണത്വത്തെ സൂചിപ്പിക്കാനുള്ള കഥാപാത്രങ്ങളാണ്.
ഈയിടെ ദേശസാല്‍കൃത ബാങ്കില്‍ ഒരിടപാട് നടത്താന്‍ പോകുകയുണ്ടായി. കറുത്ത ഒരു മദ്ധ്യവയസ്‌കനായിരുന്നു അസിസ്റ്റന്റ് മാനേജര്‍. അദ്ദേഹം കംപ്യൂട്ടറില്‍ ചെക്കുകള്‍ പാസ്സാക്കുന്നതിലും മറ്റു കാര്യങ്ങള്‍ ചെയ്യുന്നതിലും ശുഷ്‌കാന്തിയോടെ വ്യാപൃതനാണ്. എന്നിട്ടും, കൗണ്ടറില്‍ തിങ്ങിക്കൂടിയിരുന്നവരില്‍ ഒരാള്‍ പറഞ്ഞത്, അയാള്‍ മറ്റവനാണ്, അതുകൊണ്ടാണ് കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങാത്തത് എന്നാണ്. അയാള്‍ അര്‍ത്ഥമാക്കിയത് അസിസ്റ്റന്റ് മാനേജരുടെ കറുത്തനിറമാണ്. അതായത് അദ്ദേഹത്തിന്റെ ജാതി. നൂറ്റാണ്ടുകളുടെ വെറുപ്പിന്റെ ചരിത്രത്തിന്റെ മുറിവ് കൗണ്ടറില്‍നിന്നു പറഞ്ഞ ആള്‍ ഒരിക്കല്‍ക്കൂടി കുത്തിയിളക്കുകയാണ്. കറുത്ത മനുഷ്യര്‍ ഇന്ത്യയില്‍ ഇന്നും വെറുപ്പിന്റെ അടയാളങ്ങളാണ്. കറുത്ത ദളിതന്റേയും ആദിവാസിയുടേയും ജീവിതവുമായി സമരസപ്പെടാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. അമേരിക്കന്‍ ഐക്യനാടുകളിലും ആസ്‌ത്രേലിയയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കറുപ്പ് ഇന്നും വെറുക്കപ്പെടേണ്ടതാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കറുപ്പിന്റെ പേരില്‍ അവിടത്തെ തദ്ദേശീയര്‍ അനുഭവിച്ച വംശീയഹത്യകള്‍ നമുക്കറിയാവുന്നതാണ്.
ജൂതരേയും ജിപ്‌സികളേയും അനാര്യരെന്നു മുദ്രയടിച്ച മറ്റുള്ളവരേയും കൊന്നൊടുക്കിയാണ് അഡോള്‍ഫ് ഹിറ്റ്ലര്‍ തന്റെ വെറുപ്പിന്റെ ഭീകര വൈറസ്സുകള്‍ തുറന്നുവിട്ടത്. അതേ ജൂതര്‍ തന്നെ ഇന്ന് ഇസ്രയേലില്‍നിന്നുകൊണ്ട്, പലസ്തീനികളുടെ നേരെ വെറുപ്പിന്റെ വൈറസ്സുകള്‍ വിക്ഷേപിക്കുകയാണ്. ഇന്ത്യയുടെ വര്‍ത്തമാനകാലം മുസ്ലിങ്ങളോടുള്ള വെറുപ്പുകൊണ്ട് തെരുവുകളില്‍ ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പും ഇതേ രീതിയില്‍ മുസ്ലിങ്ങളെ വെറുപ്പോടെ നോക്കിക്കാണുന്നു. മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് അമുസ്ലിങ്ങള്‍ വേട്ടയാടപ്പെടുന്നു. പ്രവാചകനെ നിന്ദിച്ചെന്ന കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയാ ബീബിയെന്ന ക്രിസ്ത്യന്‍ യുവതിയെ പാക് സുപ്രീംകോടതി കുറ്റവിമുക്തയാക്കി മോചിപ്പിച്ചെങ്കിലും മുസ്ലിം തീവ്രവാദികള്‍ ബീബിക്കെതിരെ തെരുവിലിറങ്ങിയിരിക്കയാണ്, അവരെ കൊല്ലണമെന്നാവശ്യപ്പെട്ട്. 

അവിശ്വാസത്തില്‍നിന്നുണ്ടായ അരക്ഷിതത്വവും അതിലൂടെ വളര്‍ന്ന വെറുപ്പുമാണ് ജോസഫ് സ്റ്റാലിനെ ലോകത്തിലെ ഏറ്റവും ഭീകരനായ കൊലയാളികളില്‍ ഒരാളാക്കിത്തീര്‍ത്തത്. ഇതേ മാനസികാവസ്ഥയാണ് മാവോ സേ തൂങ്ങിനേയും പോള്‍പോട്ടിനേയും ഇദി അമീനേയും നിഷ്ഠൂരായ കൊലയാളികളാക്കിയത്.

കൂര്‍ത്ത കല്ല് മുതല്‍ ആയിരക്കണക്കിനു ഭൂമികള്‍ ചുട്ടുപൊട്ടിക്കാനുള്ള ആണവായുധങ്ങള്‍ വരെ നിര്‍മ്മിക്കപ്പെടുന്നതിന്റെ പിന്നില്‍ വെറുപ്പിന്റെ വൈറസ്സുകളാണ്. അവയ്ക്കായി നാമിതുവരെ ചെലവഴിച്ച ഊര്‍ജ്ജവും പണവും കണക്കാക്കിയാല്‍ ആയിരം ഭൂമികളില്‍ പട്ടിണിയും ദാരിദ്ര്യവും മാറ്റി സ്വര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കാമായിരുന്നു.
ചിലപ്പോള്‍ വെറുപ്പ് മറ്റവന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലായിരിക്കാം. പശുയിറച്ചി സൂക്ഷിച്ചതിന്, തിന്നതിന് എത്ര മുസ്ലിങ്ങള്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടു. എത്ര ദളിതര്‍ മര്‍ദ്ദിക്കപ്പെട്ടു! അപരന്റെ വസ്ത്രവും ആരാധനാക്രമങ്ങളും വെറുക്കപ്പെടുന്ന പട്ടികയിലുണ്ട്. നൂറ്റാണ്ടുകളുടെ വെറുപ്പാണല്ലോ അയോധ്യയില്‍ ബാബ്റി മസ്ജിദ് തകര്‍ന്നുതരിപ്പണമാക്കാന്‍ കാരണം. കേരളത്തിന്റെ തെരുവുകളെ മാസങ്ങള്‍ക്കു മുന്‍പ് അക്രമാസക്തമാക്കിയത് സ്ത്രീയുടെ അവിശുദ്ധിയാണ്. ജൈവികമായ അവളുടെ ആര്‍ത്തവചക്രമാണ്. വെറുപ്പിന്റെ വൈറസ്സുകള്‍ അപരത്വത്തില്‍നിന്നും കറുപ്പില്‍നിന്നും വംശത്തില്‍നിന്നും മാറി മനുഷ്യര്‍ക്കിടയിലെ ലിംഗഭേദത്തിലെത്തുന്നു. 
ഫെബ്രുവരി 14-ന് ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലെ ലെത്ത് പോറ ഗ്രാമത്തിലുടെ കടന്നുപോയിരുന്ന സൈനിക വാഹനത്തിനു നേരെ ജെയ്ഷ് - ഇ- മൊഹമ്മദ് ഭീകരന്‍ നടത്തിയ അതിനിന്ദ്യമായ ഹിംസയില്‍ കൊല്ലപ്പെട്ടത് 40 സഹോദരങ്ങളാണ്. അനേകം സഹോദരങ്ങള്‍ക്കു പരിക്കുപറ്റി. അന്ധമായ ഭ്രാന്തന്‍ വെറുപ്പ് സ്‌ഫോടകവസ്തുക്കളായി മനുഷ്യശരീരങ്ങള്‍ ഛിന്നഭിന്നമാക്കി. ഫെബ്രുവരി 26-ന് ഇന്ത്യന്‍ സൈന്യം സ്വാഭാവികമായും തിരിച്ചടിച്ചു. വെറുപ്പിന്റെ പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ. അവിടെയും നഷ്ടപ്പെട്ടു മനുഷ്യജീവന്‍. പരസ്പരമുള്ള വെറുപ്പിന്റെ അന്തരീക്ഷം സാവകാശം മാറി, സഹോദര രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും ശാന്തിയിലേയ്ക്ക് നീങ്ങുമെന്നു പ്രാര്‍ത്ഥിക്കാം. കശ്മീര്‍ പ്രശ്‌നത്തില്‍ സംവാദത്തിന്റെ ചെറിയ തുറസ്സുകള്‍ തുറക്കുമെന്നു പ്രത്യാശിക്കാം. ജനാധിപത്യത്തിന്റെ വഴി സംവാദത്തിന്റേതാണ് സംഘര്‍ഷത്തിന്റേതല്ല. നമ്മുടെ പത്രമാധ്യമങ്ങള്‍ ഭൂരിപക്ഷവും വെറുപ്പിന്റെ വൈറസ്സുകളാല്‍ വായനക്കാരനെ ലഹരി പിടിപ്പിക്കാന്‍ ശ്രമിക്കുന്നു. സംവാദമെന്ന വാക്കുപയോഗിക്കുന്നതുപോലും രാജ്യദ്രോഹമായി കണക്കാക്കപ്പെടുന്നു. വെറുപ്പിനു പോകാവുന്ന ദൂരം ഹ്രസ്വമാണ്. സംവാദമാകട്ടെ അനന്തമാണ്.
മനുഷ്യനു മനുഷ്യരില്‍ കുറേ, പേരോട് മാത്രമല്ല വെറുപ്പുള്ളത്. പുഴു, തേരട്ട, തേള്‍, ഞാഞ്ഞൂള്‍, കൂറാന്‍, ഗൗളി, പാമ്പ്, തവള എന്നു തുടങ്ങി മനുഷ്യേതര ജീവികളില്‍ പലതിനോടും നമുക്കു വെറുപ്പുണ്ട്. ഭയമുണ്ട്. അറപ്പുണ്ട്. ഇത്തരം വെറുപ്പും അറപ്പും ഭയവും സ്വയം തിരിച്ചറിഞ്ഞ്, അതെന്റെ സ്വത്വത്തിന്റെ അംശമാണെന്നു ബോധ്യമായതാണ് ഗൗതമബുദ്ധനിലെ ബോധോദയം. പ്രപഞ്ചങ്ങളിലെ ചേതനവും അചേതനവുമായതിന്റെയെല്ലാം അന്തസ്സത്തയറിഞ്ഞ് അവയുടെയെല്ലാം വിമോചനമാണ് ബോധോദയമെന്ന് ഗൗതമബുദ്ധന്‍ ജീവിതത്തിലൂടെ തെളിയിച്ചു. വാക്കുകള്‍കൊണ്ട് ആവര്‍ത്തിക്കുന്നതുപോലെ നിസ്സാരമോ ലളിതമോ അല്ല ബോധോദയത്തിലേയ്ക്കുള്ള  യാത്ര.

അറപ്പ്, വെറുപ്പ്, അവിശ്വാസം, ഭയം, ഹിംസ, യുദ്ധം ഇവയെല്ലാം പരസ്പര ബന്ധിതമാണ്. അപരനെ തിരിച്ചറിയാനുള്ള വഴി തികഞ്ഞ ധാരണയാണ്. സചേതനമായ അഹിംസയാണ്. ഭൂമിയില്‍ രണ്ട് മനുഷ്യര്‍ മാത്രമായാല്‍പ്പോലും വെറുപ്പിന്റെ വൈറസ്സുകള്‍, ആല്‍ബര്‍ട്ട് കാമുവിന്റെ 'പ്ലേഗി'ലേതുപോലെ മനുഷ്യര്‍ക്കിടയിലെ ചപ്പുചവറുകള്‍ക്കുള്ളില്‍, മനുഷ്യര്‍ക്കുള്ളിലെ ചതുപ്പുകളില്‍ കിടപ്പുണ്ടാവും. അക്രമിക്കാനുള്ള തക്കം പാര്‍ത്ത്. അതേ സ്ഥായിയില്‍, അതേ തോതില്‍, ഊര്‍ജ്ജസ്വലതയില്‍ അഹിംസയുടെ സചേതനകളുമുണ്ട്. വ്യക്തിയിലായാലും സമൂഹത്തിലായാലും ഭൂമിയിലായാലും പ്രപഞ്ചത്തിലായാലും പ്രതീക്ഷ കൈവിടാനുള്ള ഒരു കാരണവുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com