കര്‍ണാടകത്തിലെ പന്തയക്കുതിരകളും ജനാധിപത്യവും: നാടകീയ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച്

അധികാരം ആര്‍ക്കെന്നും എത്രമാത്രം ഇടപെടലുകള്‍ നടത്താമെന്നുമൊക്കെ ഇഴകീറി പരിശോധിക്കപ്പെടുന്ന ഓരോ ഘട്ടവും ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങളിലുള്ള തര്‍ക്കമായിരുന്നു.
കര്‍ണാടകത്തിലെ പന്തയക്കുതിരകളും ജനാധിപത്യവും: നാടകീയ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച്

ര്‍ണാടകത്തില്‍ നടന്ന നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന് ഏവര്‍ക്കുമറിയാം. ഉപരിപ്ലവമായെങ്കിലും നമുക്കുണ്ടെന്നു വിശ്വസിക്കപ്പെടുന്ന രാഷ്ട്രീയ ധാര്‍മ്മികതയ്ക്കുമേല്‍ പ്രത്യക്ഷമായി മുന്‍തൂക്കം നേടിയത് പണമൊഴുക്കും അധികാര പ്രയോഗവുമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, പണമാണ് കര്‍ണാടക രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിച്ചത്. എന്നാല്‍, ഇതിനുമപ്പുറം ഇന്ത്യന്‍ ജനാധിപത്യത്തില്‍ കര്‍ണാടക സൃഷ്ടിച്ച ഭരണഘടനാ പ്രതിസന്ധിയുടെ ആഴവും പരപ്പും വലുതാണ്. കല്പിത കഥകളേക്കാള്‍ നാടകീയമായിരുന്നു അവിടെ നടന്ന രാഷ്ട്രീയ നീക്കങ്ങള്‍. കഥയും കഥാന്ത്യവും നിശ്ചയിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും പദവിയിലിരിക്കുന്നവര്‍ക്കും കഴിയാത്ത അവസ്ഥ. അധികാരം ആര്‍ക്കെന്നും എത്രമാത്രം ഇടപെടലുകള്‍ നടത്താമെന്നുമൊക്കെ ഇഴകീറി പരിശോധിക്കപ്പെടുന്ന ഓരോ ഘട്ടവും ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങളിലുള്ള തര്‍ക്കമായിരുന്നു. ഇതിനിടയില്‍ എം.എല്‍.എമാരുടെ രാജി, അയോഗ്യത, സഭാ നടത്തിപ്പിലെ സ്പീക്കറുടെ അധികാരം, ഗവര്‍ണ്ണറുടെ ഇടപെടല്‍ ഇതിനെല്ലാം ഭാവിയിലേക്കുള്ള ചില കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

പണത്തിന്റെ ശക്തി ഒരു വശത്ത്, രാഷ്ട്രീയ നൈതികത മറുവശത്തും. പണത്തിന്റെ ശക്തികൊണ്ട് രാഷ്ട്രീയ ധാര്‍മ്മികതയെ സ്വാധീനിക്കാന്‍ സാധിക്കുമോ എന്നത് വളരെ മുന്‍പേ ഉയര്‍ന്ന ചോദ്യമാണ്. ഇന്ത്യന്‍ ജനാധിപത്യം വിരളമായ സാഹചര്യങ്ങളില്‍ അതിനു സാധിക്കില്ലെന്നു മറുപടി നല്‍കിയിട്ടുമുണ്ട്. എന്നാല്‍, പണം കൊണ്ടുള്ള വിലപേശല്‍ കൂടുതല്‍ പ്രത്യക്ഷമാകുകയാണ്. കര്‍ണാടകയില്‍നിന്ന് ഗോവയിലേക്കും പുതുച്ചേരിയിലേക്കുമൊക്കെ അതു പടരുന്നു. മാനക്കേട് തോന്നാത്തവിധം അധാര്‍മ്മികത കൂടുതല്‍ പ്രകടമാകുന്നു. കൂടുതല്‍ പണം നല്‍കുന്നിടത്ത് എം.എല്‍.എമാര്‍ നില്‍ക്കും, ആ ശരികേടാണ് കര്‍ണാടകയിലും നടന്നത്. 2018 മേയ് 15-നു തെരഞ്ഞെടുപ്പ് ഫലം വന്ന മുതല്‍ എല്ലാ ജനാധിപത്യ-ഭരണഘടനാ കീഴ്വഴക്കങ്ങളും ലംഘിച്ചാണ് കര്‍ണാടകയിലെ രാഷ്ട്രീയപ്രശ്‌നങ്ങള്‍ ഓരോ ഘട്ടത്തിലേക്കും കടന്നത്. ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. 224 അംഗങ്ങളുള്ള സഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത്  113 സീറ്റാണ്. 105 അംഗങ്ങളുള്ള ബി.ജെ.പിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ്സിന് 78-ഉം ജെ.ഡി.എസിന് 37-ഉം എം.എല്‍.എമാരാണുണ്ടായിരുന്നത്. രണ്ടു സ്വതന്ത്രരുള്ള സഭയില്‍ ബി.എസ്.പിക്കും ഒരു സീറ്റുണ്ട്. ഫലം വന്നയുടന്‍ തന്നെ സര്‍ക്കാരുണ്ടാക്കാന്‍ ഓപ്പറേഷന്‍ കമല എന്ന പേരില്‍ അമിത്ഷാ ശ്രമങ്ങള്‍ തുടങ്ങി. 

എന്നാല്‍, ഓപ്പറേഷന്‍ താമരയ്ക്ക് ബദലായി കോണ്‍ഗ്രസ്സിറക്കിയത് സമ്പന്നനായ ഡി.കെ. ശിവകുമാര്‍ എന്ന ട്രബിള്‍ ഷൂട്ടറെയാണ്. നരേന്ദ്ര മോദിക്കും രാഷ്ട്രീയതന്ത്രങ്ങളുടെ ചാണക്യന്‍ എന്ന വിശേഷണമുള്ള അമിത്ഷായ്ക്കും കര്‍ണാടകയില്‍ അടിപതറി. സമ്പന്നത തന്നെയായിരുന്നു ഡി.കെയുടേയും ആയുധം. തെരഞ്ഞെടുപ്പ് കമ്മിഷനു മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 840 കോടി രൂപയാണ് ശിവകുമാറിന്റെ ആസ്തി. അങ്ങനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ നോക്കിനിര്‍ത്തി ജനതാദളുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ്സ് അധികാരത്തിലേറി. പരാജയപ്പെട്ടിട്ടില്ലാത്ത തന്ത്രങ്ങളെന്നു വിശേഷിപ്പിക്കപ്പെട്ട ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ അമ്പേ പരാജയപ്പെട്ടത് ഡി.കെ. എന്ന പണമൊഴുക്ക് സ്രോതസ്സിന്റെ മിടുക്കിലായിരുന്നു. ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്സ്-ജെ.ഡി.എസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി 1,000 കോടി ചെലവിടുന്നു എന്നാണ് അന്ന് ജെ.ഡി.എസ് ആരോപിച്ചത്. സഖ്യസര്‍ക്കാര്‍ സ്വയം ഇല്ലാതാകുമെന്നായിരുന്നു അമിത്ഷായുടെ കണക്കുകൂട്ടല്‍. അതിനായി പണവും അധികാരവും ബി.ജെ.പി ഉപയോഗിക്കുകയും ചെയ്തു. 
  
സ്പീക്കര്‍* ഗവര്‍ണര്‍ 

ഭരണഘടന അനുസരിച്ചുള്ള അധികാരം സംബന്ധിച്ച് ആദ്യം മുതല്‍ക്കേ വലിയ തര്‍ക്കമാണ് കര്‍ണാടകയിലുണ്ടായത്. 117 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ്സും ജനതാദളും കത്തിലൂടെ ഗവര്‍ണ്ണറെ അറിയിച്ചിട്ടും യെദ്യൂരപ്പയെയാണ് ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഭരണഘടനയുടെ 361-ാം വകുപ്പ് പ്രകാരമാണ് ഗവര്‍ണ്ണര്‍ ഈ തീരുമാനമെടുത്തത്. എന്നാല്‍, നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ തീരുമാനങ്ങളാണ് ഗവര്‍ണ്ണര്‍ എടുക്കുകയെന്ന അനുമാനത്തിലാണ് ഭരണഘടന ഗവര്‍ണ്ണര്‍ക്ക് ഈ അധികാരം നല്‍കിയത്. തീരുമാനം ദുരുദ്ദേശ്യപരമാണെന്ന് ബോധ്യപ്പെട്ടാല്‍ സുപ്രീംകോടതിക്ക് ഇടപെടല്‍ സാധ്യമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. അര്‍ദ്ധരാത്രി മുതല്‍ രാവിലെ അഞ്ചര വരെ തുറന്നിരുന്ന കോടതി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയാനാകില്ലെന്നാണ് വിധിച്ചത്. ജനാധിപത്യത്തിലെ അടിസ്ഥാന ശിലകളുടെ സംരക്ഷണം സുപ്രീംകോടതിയുടെ ബാധ്യതയും കടമയുമായിരുന്നു. ഈ കടമയാണ് സുപ്രീംകോടതി മറന്നത്. എസ്.ആര്‍. ബൊമ്മൈയും ഇന്ത്യന്‍ യൂണിയനും തമ്മിലുള്ള കേസിലെ വിധിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

1989-ലാണ് കര്‍ണാടകയിലെ എസ്.ആര്‍. ബൊമ്മൈ സര്‍ക്കാരിനെ ഗവര്‍ണര്‍ വെങ്കടസുബ്ബയ്യ പിരിച്ചുവിട്ടത്. മന്ത്രിസഭാ പുനഃസംഘടനയ്ക്കു രണ്ടുദിവസത്തിനു ശേഷം ഒരു എം.എല്‍.എ ഒരു കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. താനുള്‍പ്പെടെ 18 എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നുവെന്നായിരുന്നു ആ കത്തില്‍ പറഞ്ഞിരുന്നത്. കേന്ദ്രം ഭരിച്ചിരുന്ന രാജീവ് ഗാന്ധി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരം ബൊമ്മൈ സര്‍ക്കാര്‍ പിരിച്ചുവിട്ടു. എന്നാല്‍, നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ബൊമ്മൈയുടെ വാദം. അഞ്ചു വര്‍ഷത്തിനുശേഷം ഈ വാദം സുപ്രീംകോടതി അംഗീകരിച്ചു. സര്‍ക്കാരിനെ പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമാണെന്നു വിധിയും വന്നു. അന്നത്തെ വിധിയില്‍ പറഞ്ഞിരുന്ന ഒരു പ്രധാന കാര്യം സഭയില്‍ മാത്രമേ സര്‍ക്കാരിനു വിശ്വാസം തെളിയിക്കേണ്ടതുള്ളൂവെന്നാണ്. ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ വിവേചനാധികാരമില്ല. ഭൂരിപക്ഷമില്ലെന്നു കണ്ട് സര്‍ക്കാരിനെ പിരിച്ചുവിടാനാകില്ല. സഭയില്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടാല്‍ മാത്രമാണ് പിരിച്ചുവിടാനുള്ള ശുപാര്‍ശ നല്‍കാനാകൂ. 1999-ല്‍ ബീഹാറില്‍ ഇങ്ങനെ പിരിച്ചുവിട്ട റാബ്‌റി ദേവി സര്‍ക്കാരിനെ കേന്ദ്രം ഭരിച്ചിരുന്ന വാജ്‌പേയ് സര്‍ക്കാരിനു തിരിച്ചെടുക്കേണ്ടിവന്നിട്ടുമുണ്ട്.

ഇതിനിടെ, യെദ്യൂരപ്പ രാജിവച്ച് കുമാരസ്വാമി മുഖ്യമന്ത്രിയായിട്ടും പ്രതിസന്ധിക്ക് അയവുവന്നില്ല. 15 എം.എല്‍.എമാര്‍ രാജിനല്‍കുകയും രണ്ട് സ്വതന്ത്രര്‍ എതിര്‍ ചേരിയിലേയ്ക്ക് പോകുകയും ചെയ്തതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി. ഇതോടെ വിശ്വാസവോട്ടിനു കളമൊരുങ്ങി. എന്നാല്‍, ഭരണഘടനാവിരുദ്ധവും കേട്ടുകേള്‍വിയുമില്ലാത്ത കാര്യങ്ങള്‍ക്കാണ് പിന്നെ കര്‍ണാടക സാക്ഷ്യം വഹിച്ചത്. ഗവര്‍ണര്‍ വിശ്വാസവോട്ടെടുപ്പിനു നല്‍കിയ സമയപരിധി സര്‍ക്കാരും സ്പീക്കറും മൂന്നു തവണയാണ് ലംഘിച്ചത്. അവിശ്വാസ പ്രമേയം അവതരിപ്പിച്ച അന്നുതന്നെ വോട്ടെടുപ്പ് വേണമെന്നായിരുന്നു ബി.ജെ.പിയും ഗവര്‍ണര്‍ വാജുഭായ് വാലയും പറഞ്ഞത്. എന്നാല്‍, ഇത് സഭയ്ക്ക് മുകളിലെ അധികാരപ്രയോഗമായാണ് സ്പീക്കര്‍ കണക്കാക്കിയത്. സര്‍ക്കാരാകട്ടെ, ഗവര്‍ണറെ ബി.ജെ.പി ഏജന്റ് എന്നു വിമര്‍ശിക്കാനും മടിച്ചില്ല. ഗവര്‍ണറുടെ അധികാരത്തെക്കുറിച്ച് വ്യക്തമായി ഭരണഘടന പറയുന്നുണ്ടെങ്കിലും കര്‍ണാടകയില്‍ പ്രയോഗിക്കപ്പെട്ടത് അതല്ല. സ്പീക്കറുടെ അധികാരത്തെ പരിമിതപ്പെടുത്തുന്ന നിലയിലാണ് ഇവിടെ ഗവര്‍ണര്‍ പ്രവര്‍ത്തിച്ചത്. അതാണ് സ്പീക്കര്‍ രമേഷ് കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചതും. അതായത്, നിയമസഭയിലെ വോട്ടെടുപ്പ്, അയോഗ്യത, രാജി എന്നീ കാര്യങ്ങളിലെ സ്പീക്കറുടെ അധികാരത്തെ ഗവര്‍ണര്‍ക്ക് പരിമിതപ്പെടുത്താമെന്നോ, മേല്‍നോട്ടം വഹിക്കാമെന്നോ ഭരണഘടനയില്‍ പറയുന്നില്ല. സ്പീക്കറോട് നിശ്ചിത സമയത്ത് തീരുമാനം എടുക്കണം എന്നു നിഷ്‌കര്‍ഷിക്കാനുള്ള അധികാരവും ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നില്ലെന്നു ചുരുക്കം. 

ഇവിടെ, സര്‍ക്കാരിനോട് വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ അന്ത്യശാസനം പല തവണ നല്‍കി. എന്നാല്‍, ഭരണഘടനാപരമായി വിശ്വാസം തെളിയിക്കാനുള്ള വോട്ടെടുപ്പ് എപ്പോള്‍ നടക്കണമെന്നു പറയാന്‍ ഗവര്‍ണര്‍ക്കാകില്ലെന്നതാണ് ചട്ടം. ഭരണഘടന അനുസരിച്ച് മുഖ്യമന്ത്രിയോട് വിശ്വാസം തെളിയിക്കപ്പെടണമെന്ന് ആവശ്യപ്പെടാന്‍ മാത്രമേ കഴിയൂ. പ്രമേയം അവതരിപ്പിച്ച് ചര്‍ച്ച നീട്ടിക്കൊണ്ടുപോകാനായിരുന്നു സര്‍ക്കാര്‍ തന്ത്രം. സ്പീക്കര്‍ അതിന് അനുമതിയും നല്‍കി. അതിലൂടെ വിമത എം.എല്‍.എമാരെ തിരിച്ചെത്തിക്കാന്‍ ആവശ്യത്തിനു സമയവും സര്‍ക്കാരിനു കിട്ടി. വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ ശുപാര്‍ശ തള്ളിക്കളഞ്ഞ സ്പീക്കര്‍ പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. ഗവര്‍ണര്‍ വിശ്വാസം തെളിയിക്കാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയോടാണ്. സഭ എങ്ങനെ നടത്തണം എന്നു തീരുമാനിക്കുന്നത് സ്പീക്കറും എന്നായിരുന്നു രമേഷ് കുമാറിന്റെ വാദം. സ്പീക്കറുടെ ഈ അവകാശത്തെ സുപ്രീംകോടതിയും ചോദ്യം ചെയ്തില്ല. രാജിയിലും അയോഗ്യതയിലും നിയമവിധേയമായി സ്പീക്കര്‍ക്ക് പ്രയോഗിക്കാവുന്ന വിവേചനാധികാരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് വിലക്കിയില്ല. നിശ്ചിത സമയത്തിനകം തീരുമാനം എടുക്കണം എന്ന 15 വിമത എം.എല്‍.എമാരുടെ ആവശ്യം കോടതി നിരസിച്ചു. വിധിയെ സ്പീക്കര്‍ സ്വാഗതം ചെയ്തത് അതുകൊണ്ടാണ്. 


അതേസമയം കോടതി അതേ മറ്റൊന്നു കൂടി ചെയ്തു. രാജിക്കത്ത് നല്‍കിയ 15 എം.എല്‍.എമാര്‍ സഭയില്‍ ഹാജരാകേണ്ടതില്ലെന്ന പരാമര്‍ശമാണ് സുപ്രീംകോടതി നടത്തിയത്. വിമത എം.എല്‍.എമാര്‍ക്കും ബി.ജെ.പിക്കും അത് ആശ്വാസമായി. സഭാ നടപടികളില്‍ പങ്കെടുക്കാന്‍ രാജിക്കത്ത് നല്‍കിയ എം.എല്‍.എമാരെ 'നിര്‍ബന്ധിക്കാന്‍ കഴിയില്ല' എന്നായിരുന്നു കോടതി പരാമര്‍ശം. അവിടെയും എം.എല്‍.എമാരുടെ വ്യക്തിപരമായ അവകാശത്തില്‍ സുപ്രീംകോടതി ഇടപെട്ടില്ല. ഒരു എം.എല്‍.എയോട് വിശ്വാസ വോട്ടെടുപ്പ് ദിവസം സഭയില്‍ ഹാജരാകണം എന്നു നിര്‍ബ്ബന്ധിക്കാന്‍ കോടതിക്കു കഴിയില്ല. പക്ഷേ, അതിനു കോടതിയില്‍നിന്നു പ്രത്യേക പരാമര്‍ശം ആവശ്യമേയില്ലായിരുന്നു. പക്ഷേ, കര്‍ണാടകത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആ 'നിര്‍ബന്ധിക്കാന്‍ കഴിയില്ല' എന്ന കോടതി പരാമര്‍ശം രാജിയും അയോഗ്യതയും സംബന്ധിച്ച സ്പീക്കറുടെ ഏതു തീരുമാനത്തേയും സ്വാധീനിക്കാന്‍ പര്യാപ്തമായ ഒന്നാണ്. കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന വിധി എന്ന് കോണ്‍ഗ്രസ്സ് നിരാശപ്പെടാനും ബി.ജെ.പിയും വിമതരും സ്വാഗതം ചെയ്യാനും ഇടയാക്കിയ സാഹചര്യവും ഈ പരാമര്‍ശം തന്നെ. സുപ്രീംകോടതിയുടെ ഈ പരാമര്‍ശമാണ് വിമത എം.എല്‍.എമാര്‍ സഭയിലെത്താതെ രാജിയില്‍ത്തന്നെ ഉറച്ചുനില്‍ക്കാന്‍ ധൈര്യം നല്‍കിയത്.

കോണ്‍ഗ്രസ്സ് സമവായ ശ്രമങ്ങളും ചര്‍ച്ചകളും തുടരുമ്പോള്‍ പ്രകോപനമുണ്ടാകാതെ, ക്ഷമയോടെ കാത്തിരിക്കാന്‍ ബി.ജെ.പി അംഗങ്ങളെ പ്രേരിപ്പിച്ചത് മറ്റൊന്നാണ്. പ്രകോപനമുണ്ടായാല്‍ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. അതോടെ നിലവിലുള്ള അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമേ വരൂ. ഒരിക്കല്‍ വിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുത്താല്‍ പിന്നെ ആറുമാസം കഴിഞ്ഞേ മറ്റൊരു പ്രമേയം അവതരിപ്പിക്കാനാകൂ. അതായത് ഭൂരിപക്ഷമില്ലെങ്കില്‍പ്പോലും സര്‍ക്കാരിന് ആറുമാസം വരെ ഭരിക്കാം. എല്ലാ പരിധികള്‍ വിട്ടിട്ടും ക്ഷമയോടെ കാത്തിരിക്കാന്‍ ബി.ജെ.പി തയ്യാറായത് ഈ ഒരൊറ്റ കാരണം കൊണ്ടാണ്. ആദ്യഘട്ടത്തില്‍ എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചിരുന്നില്ല. അതിനു കാരണമായി അദ്ദേഹം പറഞ്ഞത് നേരിട്ട് നല്‍കിയില്ല എന്നായിരുന്നു. രാജി സ്വീകരിക്കാത്ത ഘട്ടത്തില്‍ അവര്‍ എം.എല്‍.എമാരാണ്. വിപ്പ് പാലിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍, കോടതിവിധിയിലെ 'നിര്‍ബന്ധിക്കാന്‍ കഴിയില്ല' എന്ന പരാമര്‍ശത്തിലൂടെ ഈ 15 എം.എല്‍.എമാരും ഒരളവോളം വിപ്പ് പാലിക്കുകയെന്ന ബാധ്യതയില്‍നിന്നു രക്ഷപ്പെട്ടു. സ്പീക്കര്‍ അയോഗ്യതാ നടപടിയിലേയ്ക്കു കടന്നാല്‍ അതു പുതിയ കീഴ്വഴക്കവും മറ്റൊരു നിയമയുദ്ധവുമായി വഴിമാറും. ആ ഘട്ടത്തില്‍ പ്രധാനമാവുക സുപ്രീംകോടതിയുടെ വിധിയാണ്. സഭയിലെ സ്പീക്കറുടെ അധികാരത്തെ ഉയര്‍ത്തിപ്പിടിച്ച കോടതി, തീരുമാനമെടുക്കാനുള്ള സ്പീക്കറുടെ അധികാരത്തെ പരിമിതപ്പെടുത്തിയത് ഈ പരാമര്‍ശത്തിലൂടെയായിരുന്നു. 

അവസാന ലാപ്പില്‍ 
അനിവാര്യ ദുരന്തം 

രണ്ടാഴ്ചയിലേറെ സമയം കോണ്‍ഗ്രസ്സ് നേതൃത്വത്തിനു വിശ്വാസ വോട്ടെടുപ്പിനു മുന്‍പ് ലഭിച്ചു. നിയമത്തിന്റെ സാധ്യതകളില്‍ അവസാന ഘട്ടം വരെ സര്‍ക്കാരിനു പിടിച്ചുനില്‍ക്കാനുള്ള പിടിവള്ളിയായിരുന്നു സ്പീക്കറുടെ നടപടികള്‍. എന്നാല്‍, മൊബൈല്‍ ഫോണ്‍ നിഷേധിച്ചും സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിയും ബി.ജെ.പി ഒരുമുഴം മുന്നേ ഇറങ്ങി.

ശിവകുമാറടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കളെ തടഞ്ഞു സമവായ ശ്രമങ്ങളുടെ മുനയൊടിച്ച ബി.ജെ.പി ഏതു വിധേനയും അധികാരം പിടിക്കുക എന്ന ലക്ഷ്യത്തില്‍ ഉറച്ചുനിന്നു. വിശ്വാസപ്രമേയ ചര്‍ച്ചയെന്ന പിടിവള്ളിയില്‍ തൂങ്ങി പിടിച്ചുനില്‍ക്കാനായിരുന്നു അവസാന ശ്രമം. ഒടുവില്‍ അതും കൈവിട്ടുപോകുകയായിരുന്നു. ഇതോടെ കിങ്‌മേക്കറല്ല, കിങ്ങ് തന്നെയാകാനിറങ്ങിയ കുമാരസ്വാമി സ്ഥാനത്യാഗം ചെയ്തു. ഭൂരിപക്ഷം തെളിയിക്കാനാവാതെ സര്‍ക്കാര്‍ വീഴുകയും ചെയ്തു.

ബി.ജെ.പിക്കെതിരെ സഖ്യം രൂപപ്പെട്ട കര്‍ണാടക ജനാധിപത്യത്തിന്റെ പുതുപരീക്ഷണശാലയെന്നു വിലയിരുത്തപ്പെട്ടിരുന്നു. ജനാധിപത്യം, ഭരണഘടന, നിയമസഭ, ഗവര്‍ണര്‍-സ്പീക്കര്‍ തുടങ്ങിയ ഭരണഘടനാപദവികളുടെ അധികാരം എന്നിവ സംബന്ധിച്ച് കര്‍ണാടക അക്ഷരാര്‍ത്ഥത്തില്‍ പുതിയ പരീക്ഷണങ്ങളും കീഴ്വഴക്കങ്ങളുമാണ് സൃഷ്ടിച്ചതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com