ജാതി ഉന്മൂലനത്തിന്റെ വരേണ്യ ചലച്ചിത്രഭാഷ്യങ്ങള്‍: ആര്‍ട്ടിക്കിള്‍ 15 എന്ന സിനിമ വിരല്‍ചൂണ്ടുന്നത്

കീഴാള വിമോചനത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരു വരേണ്യഭാവനയാണ് ആര്‍ട്ടിക്കിള്‍ 15.
ജാതി ഉന്മൂലനത്തിന്റെ വരേണ്യ ചലച്ചിത്രഭാഷ്യങ്ങള്‍: ആര്‍ട്ടിക്കിള്‍ 15 എന്ന സിനിമ വിരല്‍ചൂണ്ടുന്നത്

''...to expect a Brahmin to be a revolutionary in matters of social reform is as idle as to expect the British Parliament, as was said  Leslie Stephen, to pass an Act requiring all blue- eyed babies to be murdered by.' (B.R. Ambedkar, Annihilation of Caste)

ന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണമായി വര്‍ത്തിക്കുന്ന ഭരണഘടന ഓരോ പൗരനും സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശവും തുല്യതയും പ്രദാനം ചെയ്യുന്നുണ്ട്. ജാതി, മതം, വംശം, ലിംഗം, ജനനസ്ഥലം എന്നിവയെ മുന്‍നിര്‍ത്തി അവസരനിഷേധമോ ചൂഷണമോ നേരിടുന്നതില്‍നിന്ന് ഇന്ത്യന്‍ ഭരണഘടന പൗരനെ സംരക്ഷിക്കുന്നു. പൊതുഖജനാവിന്റെ പൂര്‍ണ്ണമോ ഭാഗികമോ ആയ പിന്തുണയോടെ നിലനില്‍ക്കുന്ന സാമൂഹിക സ്ഥാപനങ്ങള്‍, പൊതുയിടങ്ങള്‍, പൊതുവായ ഉപയോഗത്തിനുള്ള ഭക്ഷണശാലകള്‍, റോഡുകള്‍, ജലസ്രോതസ്സുകള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതില്‍ മേല്‍ സൂചിപ്പിച്ച വര്‍ഗ്ഗീകരണങ്ങള്‍ യാതൊരു തരത്തിലും ഇടപെടരുതെന്ന് ഭരണഘടനയുടെ 15-ാം അനുച്ഛേദം നിഷ്‌കര്‍ഷിക്കുന്നു.

അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത 'ആര്‍ട്ടിക്കിള്‍ 15' ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയുടെ ഭീകരതയെ ചലച്ചിത്രവല്‍ക്കരിക്കാനുള്ള ശ്രമമാണ്. ഉത്തര്‍പ്രദേശിലെ ബദോന്‍ ഗ്രാമത്തില്‍, രണ്ട് ദളിത് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെ പ്രസ്തുത സിനിമയുടെ മൂലകഥയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. കൂടാതെ, ജാതിത്തൊഴിലുകള്‍ ബഹിഷ്‌കരിച്ചു പ്രതിഷേധിക്കാനുള്ള ജിഗ്നേഷ് മേവാനിയുടെ ആഹ്വാനം, ഉനയിലെ ദളിത് പോരാട്ടം തുടങ്ങിയവയും ഇതില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണവ്യവസ്ഥയും സമൂഹവും എത്രത്തോളം ജാതീയമായാണ് ചിന്തിക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും ചിത്രം പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. 

വൈവിധ്യങ്ങളുടെ/വൈരുദ്ധ്യങ്ങളുടെ ഇന്ത്യ 

നിലനില്‍ക്കുന്ന സാമൂഹിക സാഹചര്യങ്ങളില്‍, തീവ്ര ഹൈന്ദവതയിലൂന്നിയ ദേശീയതയുടെ ചാലകശക്തിയായി വര്‍ത്തിക്കുന്ന ജാതിബോധത്തെ 'ആര്‍ട്ടിക്കിള്‍ 15' അനാവരണം ചെയ്യുന്നുവെന്നതു സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. വര്‍ഗ്ഗ-വര്‍ണ്ണ വിവേചനങ്ങളുടെ ദുഷിപ്പുകള്‍ക്കു മുകളില്‍ ഒരാവരണം തീര്‍ത്തുകൊണ്ട് ആഘോഷിക്കപ്പെടുന്ന തിളങ്ങുന്ന ഇന്ത്യയുടെ പൊയ്മുഖത്തെ വെളിച്ചപ്പെടുത്തിയെന്നതാണ് ചിത്രത്തെ രാഷ്ട്രീയ പ്രസക്തമാക്കുന്നത്.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റേയും യൂറോപ്യന്‍ യുക്തിചിന്തയുടേയും ധൈഷണിക പിന്‍ബലത്തോടെ ഉത്തര്‍പ്രദേശിലെ ലാല്‍ഗാവില്‍ പൊലീസ് മേധാവിയായെത്തുന്ന അയാന്‍ രഞ്ജന്‍ (ആയുഷ്മാന്‍ ഖുറാന) അഭിമുഖീകരിക്കുന്ന ചില ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും അയാളുടെ തിരിച്ചറിവുകളുമാണ് ചിത്രത്തിന്റെ കാതല്‍. പുസ്തകങ്ങളിലൂടെയും ഭാവനയിലൂടെയും നിര്‍മ്മിച്ചെടുക്കപ്പെട്ട അയാളുടെ ഇന്ത്യയെന്ന സങ്കല്പത്തെ ചിത്രം പൊളിച്ചെഴുതുന്നു. ശീതീകരിച്ച വാഹനത്തിനുള്ളിലിരുന്നു ഗ്രാമീണ സൗന്ദര്യമാസ്വദിക്കുകയും ദില്ലിയിലെ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചുള്ള ആശങ്ക സുഹൃത്തിനോട് പങ്കുവയ്ക്കുകയും ചെയ്യുന്ന അയാന്‍, ക്രമേണ ശരീരത്തില്‍ നിഴല്‍ വീഴുന്നതുപോലും അശുദ്ധിയായും തീണ്ടലായും കരുതപ്പെടുന്ന ജാതിവ്യവസ്ഥയുടെ വന്യമുഖം കണ്ട് ആശങ്കപ്പെടുന്നു. ലാല്‍ഗാവില്‍ അരങ്ങേറിയ രണ്ട് പെണ്‍കുട്ടികളുടെ കൊലപാതകവും മറ്റൊരു കുട്ടിയുടെ തിരോധാനവും അന്വേഷിക്കുന്ന അയാന്‍ ക്രമേണ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ജാതിവ്യവസ്ഥയുടെ പങ്ക് തിരിച്ചറിയുന്നു. ഒടുവില്‍, യഥാര്‍ത്ഥ ഇന്ത്യയെ തിരിച്ചറിയുകയും അതു തനിക്കു ചുറ്റുമുള്ളവരിലേക്കു പ്രസരിപ്പിക്കുകയും ചെയ്യുന്ന ഉത്തമ നായകാവിഷ്‌കാരമായി ചിത്രം പര്യവസാനിക്കുന്നു.

അയാന്‍ രഞ്ജന്‍ എന്ന ഉപരി മധ്യവര്‍ഗ്ഗ നായകനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നവിധം പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയെ അറിയുന്നതിനായി ജവഹര്‍ലാല്‍ നെഹ്റുവിന്റെ The Discovery of India വായിക്കുന്ന നായകന്‍, തന്റെ ഗ്രാമത്തിലേക്കുള്ള വരവിനെ സൂചിപ്പിക്കുന്നത് 'Wild Wild West' എന്ന പരാമര്‍ശം കൊണ്ടാണ് (അധിനിവേശകാലത്ത് യൂറോപ്പ് പശ്ചിമ അമേരിക്കയെ വിശേഷിപ്പിച്ചത് Wild West എന്നായിരുന്നു.). ക്രമേണ ലാല്‍ഗാവിലെ സ്ഥിതിഗതികളെക്കുറിച്ചു ബോധവാനാകുന്ന നായകന്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായിരുന്നുവെന്ന് ഗോറ (സയനി ഗുപ്ത)യില്‍നിന്നു മനസ്സിലാക്കുന്നു. എന്നിരുന്നാലും, കേസ് അവസാനിപ്പിക്കാനായി ശ്രമിക്കുന്ന ബ്രഹ്മദത്ത് (മനോജ് പഹ്വ) എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടവര്‍ സ്വവര്‍ഗ്ഗാനുരാഗികളായിരുന്നുവെന്നും അതു തിരിച്ചറിഞ്ഞ അവരുടെ പിതാക്കന്മാര്‍ ദുരഭിമാനക്കൊല നടത്തുകയായിരുന്നുവെന്നും സമര്‍ത്ഥിക്കാനാവശ്യമായ വ്യാജത്തെളിവുകള്‍ നിര്‍മ്മിക്കുന്നു. ജാതിഘടനയെ പിന്‍പറ്റുന്ന ഗ്രാമത്തിന്റെ 'സന്തുലിതാവസ്ഥ' തകര്‍ക്കരുതെന്ന് അയാള്‍ അന്വേഷണത്തിനിടയില്‍ പലവട്ടം അയാനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഒടുവില്‍ എല്ലാത്തരം സമ്മര്‍ദ്ദങ്ങളേയും അതിജീവിക്കുന്ന അയാന്‍ കുറ്റവാളികളേയും കാണാതായ പെണ്‍കുട്ടിയേയും കണ്ടെത്തുന്നു.


ബ്രാഹ്മണ്യത്തിന്റെ എല്ലാ സാമൂഹികാനുകൂല്യങ്ങളും അവകാശപ്പെടുന്ന അയാന്റെ ജാതിശരീരം അയാള്‍ സ്വയം തിരിച്ചറിയാത്തതും ഇന്ത്യന്‍ സാമൂഹിക മന:ശാസ്ത്രം മനസ്സിലാക്കുന്ന ജാതിവക്താക്കളായ അയാളുടെ സഹപ്രവര്‍ത്തകര്‍ (മറ്റ് പൊലീസുകാര്‍) അതു തിരിച്ചറിഞ്ഞു ബഹുമാനത്തോടെ അയാനോട് പെരുമാറുന്നതും സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. അതിനാലാണ് പാസി ജാതിക്കാരുടെ ഗ്രാമത്തില്‍നിന്ന് അയാള്‍ വെള്ളം കുടിക്കുകയും തന്റെ വീട്ടിലെത്തുന്ന പരാതിക്കാരായ കീഴാള വിഭാഗങ്ങള്‍ ഗ്ലാസ്സില്‍ വെള്ളം കുടിക്കാത്തതില്‍ അദ്ഭുതപ്പെടുകയും ചെയ്യുന്നതെന്നു സിനിമ പറഞ്ഞുവയ്ക്കുന്നു. തന്റെ കര്‍മ്മഭൂമിക മൗലികാവകാശങ്ങളെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും ബോധമില്ലാത്ത ഒരിടമാണെന്നു തിരിച്ചറിയുന്ന നായകന്‍, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15-നെക്കുറിച്ചു പരാമര്‍ശിക്കുന്ന ഭാഗം നോട്ടീസ് ബോര്‍ഡില്‍ പൊതുവായി പ്രദര്‍ശിപ്പിക്കുന്നു.

ദിവസക്കൂലിയില്‍ കേവലം മൂന്നു രൂപയുടെ വര്‍ധനവ് ആവശ്യപ്പെട്ടതിന് (25 രൂപയില്‍നിന്ന് 28 രൂപയായി കൂലി ഉയര്‍ത്തണമെന്ന ആവശ്യം) മൂന്ന് ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായെന്ന തിരിച്ചറിവ് അയാനെ അസ്വസ്ഥനാക്കുന്നു. കേസിന്റെ ദിശ തിരിക്കാന്‍ ശ്രമിക്കുന്ന പണിക്കര്‍ (നാസര്‍) എന്ന സി.ബി.ഐ ഉദ്യോഗസ്ഥനെ തെളിവുകള്‍ നിരത്തി പരാജയപ്പെടുത്തുന്ന നായകന്‍, ഭരണഘടന അനുശാസിക്കുന്ന നിയമ പരിരക്ഷ നടപ്പിലാക്കുന്ന ഒരു ജനപ്രിയ മധ്യവര്‍ഗ്ഗ പ്രതിനിധാനമായി സ്ഥാനപ്പെടുന്നു. 

'ആര്‍ട്ടിക്കിള്‍ 15'-ലെ മറ്റൊരു ശ്രദ്ധേയമായ ഘടകം നിരവധി തലങ്ങളിലേക്കു വികസിക്കാന്‍ സാധ്യത നല്‍കുന്ന ഗാനശകലങ്ങളാണ്. സാമൂഹികാസമത്വങ്ങളെക്കുറിച്ചുള്ള സിനിമയുടെ ആരംഭത്തിലുള്ള ഗാനം, നായകനെ അവതരിപ്പിക്കുമ്പോള്‍ പിന്നണിയിലുള്ള ബോബ് ഡിലന്റെ 'Blowin' in the Wind', ആര്‍ട്ടിക്കിള്‍ 15-ലെ വ്യവസ്ഥകള്‍ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കുമ്പോള്‍ ഉയരുന്ന 'വന്ദേ മാതരം' തുടങ്ങിയവ മുതല്‍ ചിത്രത്തിന്റെ അവസാന രംഗത്തിലെ 'പന്തീഭോജന' സമയത്ത് പശ്ചാത്തലമായി വരുന്ന 'വൈഷ്ണവ ജനതോ...' എന്ന ഭജനഗാനവും നിരവധി അര്‍ത്ഥങ്ങളെ ദ്യോതിപ്പിക്കുന്നുണ്ട്.


വര്‍ഗ്ഗപരമായും ജാതീയമായും തങ്ങള്‍ നേരിടുന്ന ചൂഷണങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ആദ്യഗാനത്തിന്റെ പശ്ചാത്തലത്തിലാണ് മൂന്നു പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുന്നത്. ബോബ് ഡിലന്റെ ഗാനത്തിലെ ആദ്യ വരികള്‍ ഇപ്രകാരമാണ്: 'How many roads must a man walk down/Before you call him a man?' പ്രസ്തുത വരികള്‍ ഒരേസമയം അനുഭവങ്ങളിലൂടെ പരുവപ്പെടുന്ന അയാനേയും കാതങ്ങള്‍ താണ്ടിയിട്ടും മനുഷ്യരായി പരിഗണിക്കപ്പെടാത്ത പതിത ജനതയേയും സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ദേശീയ ഗീതമായ 'വന്ദേമാതരം' സമകാലിക സാഹചര്യങ്ങളില്‍ തീവ്ര ഹൈന്ദവികതയുടെ സ്വരമായി പരിവര്‍ത്തിക്കപ്പെട്ട സാഹചര്യത്തിലാണ് ഭരണഘടനയുടെ അന്തസ്സത്ത വെളിവാക്കുന്ന രംഗം ചിത്രത്തിലവതരിപ്പിക്കപ്പെടുന്നതും. ജാതിരാഹിത്യത്തിന്റെ നവീകരിക്കപ്പെട്ട കാഴ്ചപ്പാടുകളുമായി ഭക്ഷണം പങ്കുവയ്ക്കുന്ന അവസാന രംഗത്തിലാകട്ടെ, ഉയര്‍ന്നു കേള്‍ക്കുന്നത് 'വൈഷ്ണവ ജനതോ...' എന്ന ഗാനമാണ്. ഗാന്ധിയന്‍ കീഴാള വിമോചനത്തിന്റെ പ്രത്യക്ഷീകരണമെന്ന നിലയില്‍ പ്രസ്തുത രംഗത്തേയും ഗാനത്തേയും ബന്ധിപ്പിക്കുന്നത് വിമര്‍ശനാത്മകമായ ചില വായനകള്‍ക്ക് അവസരമൊരുക്കുന്നു.

ജനപ്രിയതയും ജാതികേന്ദ്രിതാഖ്യാനങ്ങളും 

'ആര്‍ട്ടിക്കിള്‍ 15' പുരോഗമന ചിന്തകളെ വിപണിമൂല്യങ്ങള്‍ക്കിണങ്ങുംവിധം രൂപപ്പെടുത്തിയ ഒരു ജനപ്രിയ ചിത്രമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, താരമൂല്യമുള്ള നായകന്റെ അസാന്നിധ്യത്തെ സിനിമ തന്ത്രപൂര്‍വ്വം അതിജീവിക്കുന്നത് കീഴാള സാമൂഹിക പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ബ്രാഹ്മണനെ തിരശ്ശീലയിലെത്തിച്ചുകൊണ്ടാണ്. ശ്രേണീബദ്ധമായ ജാതീയതയുടെ ഉര്‍വ്വരതയില്‍ അഭിരമിക്കുന്ന ഹിന്ദിഭൂമിയിലെ ചലച്ചിത്ര കാണികള്‍ക്കു വളരെ വേഗത്തില്‍ അഭ്യസ്തവിദ്യനും വിശാല ചിന്താഗതിക്കാരനുമായ ബ്രാഹ്മണ നായകനോട് താദാത്മ്യം പ്രാപിക്കാനാകും. ഒരു പ്രൊപ്പഗാന്റ ചിത്രമെന്ന നിലയില്‍ മധ്യവര്‍ഗ്ഗ കാണികളിലേക്കു തന്റെ (കപട) പുരോഗമന ചിന്തകളെ കടത്തിവിടാന്‍ ദളിത് നായകനേക്കാള്‍ ബ്രാഹ്മണാവതാരത്തിനു സാധിക്കുമെന്ന അണിയറ പ്രവര്‍ത്തകരുടെ ചിന്ത സിനിമയും വിപണിയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

അനുഭവ് സിന്‍ഹ
അനുഭവ് സിന്‍ഹ


'ആര്‍ട്ടിക്കിള്‍ 15'-ലേയും സ്ഥിതി വ്യത്യസ്തമല്ല. പ്രസ്തുത ചിത്രത്തില്‍ സവര്‍ണ്ണ ഹൈന്ദവ യുക്തികളോട് വളരെ വേഗത്തില്‍ കാണികള്‍ സംവദിക്കേണ്ടതിനായി ജാതികേന്ദ്രിതമായ അരക്ഷിതാവസ്ഥ ഒരു ജനതയ്ക്കുമേല്‍ ആരോപിച്ചശേഷം അതിനെ ഉല്ലംഘിക്കുന്ന നായകാവതാരത്തിനുവേണ്ടി സിനിമ കാത്തിരിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍, ഇത്തരം സിനിമകളില്‍ അരക്ഷിതാവസ്ഥ നിര്‍മ്മിക്കുന്നതും അതിനെ വിദഗ്ദ്ധമായി വിഘടിപ്പിക്കുന്നതും വിപണിയെ നിയന്ത്രിക്കുന്ന മധ്യവര്‍ഗ്ഗ കാമനകളെ തൃപ്തിപ്പെടുത്താനാണ്.

'ആര്‍ട്ടിക്കിള്‍ 15'-ലെ അത്തരമൊരു രംഗം പരിശോധിക്കുന്നത് ഉചിതമായിരിക്കും. അമ്പലത്തില്‍ ഇരുന്നു ഭക്ഷണം കഴിച്ചതിനു തെരുവില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കപ്പെട്ട ദളിത് യുവാക്കളെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന അയാന്‍ തുടര്‍ന്നു സഹപ്രവര്‍ത്തകരോട് അവരുടെ ജാതിയെപ്പറ്റി തിരക്കുന്നു. മഹാത്മജി എന്ന ഗ്രാമത്തിലെ മുഖ്യ പുരോഹിതന്റെ ആളുകളാണ് ദളിത് യുവാക്കളെ മര്‍ദ്ദിച്ചതെന്നും അയാള്‍ ഉയര്‍ന്ന ബ്രാഹ്മണനാണെന്നും അവര്‍ അയാനെ അറിയിക്കുന്നു. ഠാക്കൂര്‍, ജാട്ട്, ഖയസ്ത തുടങ്ങിയ വിവിധ ജാതിവിഭാഗങ്ങളുടെ സാമൂഹിക ശ്രേണീകരണത്തെക്കുറിച്ചും അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. ദളിതനാണെങ്കിലും പാസി വിഭാഗത്തേക്കാള്‍ ഉയര്‍ന്ന ചാമര്‍ വിഭാഗത്തിലാണ് താനുള്‍പ്പെടുന്നതെന്ന് ജാദവ് (കുമുദ് മിശ്ര) വ്യക്തമാക്കുന്നുണ്ട്. ഇത്തരം പരാമര്‍ശങ്ങളോട് ക്ഷോഭിക്കുന്ന നായകനെയാണ് പിന്നീട് ചിത്രത്തില്‍ കാണുന്നത്. ഇത്തരമൊരു ഉല്‍പ്പതിഷ്ണുവായ നായകനെയാണ് കീഴാള വിമോചനത്തിനായി ചിത്രം നിര്‍മ്മിച്ചെടുത്തിരിക്കുന്നത്. അനുഭവ് സിന്‍ഹയുടെ മുല്‍ക്ക് (2018) എന്ന ചിത്രത്തിലെ സ്ഥിതിയും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. വാരണാസിയില്‍ താമസിക്കുന്ന ഒരു മുസ്ലിം കുടുംബത്തിനുമേല്‍ തീവ്രവാദത്തിന്റെ സംശയദൃഷ്ടി പതിയുകയും അതില്‍നിന്ന് അവരെ രക്ഷിച്ചെടുക്കേണ്ട ചുമതല ഹിന്ദുവായ മരുമകള്‍ ആരതി മുഹമ്മദിന് (തപ്സി പന്നു) സിനിമ ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു. ഇവിടെ വ്യവസ്ഥിതിയുടെ മുന്‍വിധികളെ തിരുത്തുന്നത് ഒരു ഹൈന്ദവ നായികാ ശരീരമായത് യാദൃച്ഛികമാകാനിടയില്ല. ഇപ്രകാരം പരിശോധിക്കുമ്പോള്‍, മധ്യവര്‍ഗ്ഗ ഹിന്ദി ചലച്ചിത്ര പ്രേക്ഷകര്‍ക്കു കൂടുതല്‍ അഭികാമ്യമായേക്കാവുന്ന വരേണ്യ പ്രതിനിധാനങ്ങളുടെ ഇത്തരം തിരിച്ചറിവുകള്‍ക്കു വാണിജ്യ മൂല്യമേറുമെന്നതു നിസ്തര്‍ക്കമാണ്.

മുഖമില്ലാത്ത ജാതിശരീരങ്ങള്‍ 

അയാന്റെ ജാതിശരീരത്തെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച സിനിമയില്‍ ഒരു ബദല്‍ ശബ്ദമായി അവതരിപ്പിച്ചിരിക്കുന്നത് നിഷാദ് (മുഹമ്മദ് സീഷന്‍ അയൂബ്) എന്ന ദളിത് സമര നേതാവിനെയാണ്. ചിത്രത്തിന്റെ ആഖ്യാനസ്ഥാനം അയാനില്‍ കേന്ദ്രീകരിക്കുമ്പോള്‍ത്തന്നെ, എന്തുകൊണ്ടാവാം നിഷാദിന്റെ തിരയിടം (screen space) ഏതാനും നിമിഷങ്ങളിലേക്കു മാത്രമായി ചുരുങ്ങിപ്പോയത്? അംബേദ്കറിസ്റ്റ് മൂല്യങ്ങളോട് ആഭിമുഖ്യമുള്ള, കീഴാളരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി പോരാടുന്ന നിഷാദിനെ മുന്‍നിര്‍ത്തിയല്ല ചലച്ചിത്രത്തിന്റെ ആഖ്യാനപരിസരം രൂപപ്പെടുത്തിയിരിക്കുന്നതെന്നതു വ്യക്തമാണ്. സവര്‍ണ്ണ വിഭാഗങ്ങളാല്‍ ദളിത് യുവാക്കള്‍ തെരുവില്‍ മര്‍ദ്ദിക്കപ്പെട്ടപ്പോള്‍ കുലത്തൊഴിലുകളും ജാതിത്തൊഴിലുകളും നിര്‍ത്തി സമരത്തിലേര്‍പ്പെടാനുള്ള നിഷാദിന്റെ ആഹ്വാനം വിജയിക്കുന്നു.

നിഷാദും ഗോറയുമായുള്ള പ്രണയത്തിനുപോലും രാഷ്ട്രീയമുഖവും സ്വരവുമാണുള്ളത്. തങ്ങളുടെ പ്രണയത്തിനു കാല്പനിക ഭാവമില്ലെന്നും ജീവിതം പോരാട്ടമാകുന്ന സാഹചര്യത്തില്‍ വ്യക്തിപരത ഒരു പരിധിയോളം മാറ്റിനിര്‍ത്തേണ്ടിവരുമെന്നും അവരുടെ സ്വകാര്യ സംഭാഷണത്തില്‍നിന്നും വ്യക്തമാകുന്നു. നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിക്കെതിരെ പോരാടിയ നിഷാദിനെ വ്യാജ ഏറ്റുമുട്ടലിന്റെ പശ്ചാത്തലമൊരുക്കി പൊലീസ് വധിക്കുന്നു. അവസാന നിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ ആത്മഗതങ്ങള്‍ രോഹിത് വെമുല, ജിഗ്നേഷ് മേവാനി തുടങ്ങിയവരുടെ രാഷ്ട്രീയ സ്വപ്നങ്ങളോടും ആഹ്വാനങ്ങളോടും യോജിക്കുന്നതായിരുന്നു. 

മാന്‍ഹോളില്‍നിന്ന് മനുഷ്യ വിസര്‍ജ്ജ്യവുമായി ഉയര്‍ന്നുവരുന്ന തൊഴിലാളിയുടെ ചിത്രീകരണം മലിനമായ ജാതിവ്യവസ്ഥയുടെ ദുര്‍ഗന്ധം വമിക്കുന്ന സമകാലിക ഇന്ത്യയുടെ മുഖമായാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആര്‍.പി. അമുദന്റെ 'പീ', ദിവ്യാ ഭാരതിയുടെ 'കക്കൂസ്' തുടങ്ങിയ ഡോക്യുമെന്ററികളും ഇത്തരം വിഷയങ്ങള്‍ മുന്‍പ് അവതരിപ്പിച്ചിട്ടുണ്ട്. തൊഴിലും ജാതിയും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ എത്രമാത്രം ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്നും പ്രസ്തുത കാഴ്ചകള്‍ ഓര്‍മ്മപ്പെടുത്തുന്നു. 

വിചിന്തനങ്ങള്‍, വീണ്ടെടുപ്പുകള്‍ 

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ ചിത്രം പലമട്ടില്‍ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. മഹാത്മജി (ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി പല തരത്തിലുള്ള സാമ്യങ്ങളും പ്രകടമാണ്) വിഭാവനം ചെയ്യുന്ന ബ്രാഹ്മണ-ദളിത് റാലി ഹൈന്ദവമതത്തെ ഏകീകരിക്കാനുള്ള കപട ശ്രമമാണ് (നായാടി മുതല്‍ നമ്പൂതിരി വരെ എന്ന പ്രഖ്യാപനത്തില്‍ കേരളത്തിലരങ്ങേറിയ ചില രാഷ്ട്രീയ രംഗപ്രവേശനങ്ങള്‍ ഇവിടെ ചേര്‍ത്തു വായിക്കാവുന്നതാണ്). മീഡിയ, വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങള്‍, വ്യാജമായി നിര്‍മ്മിക്കുന്ന പ്രതിച്ഛായ എന്നിവയെല്ലാം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നും ചിത്രം വെളിവാക്കുന്നുണ്ട്.

ആത്യന്തികമായി പരിശോധിക്കുമ്പോള്‍, 'ആര്‍ട്ടിക്കിള്‍ 15' കീഴാള വിമോചനത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരു വരേണ്യ ഭാവനയാണ്. സൂക്ഷ്മമായ വിശകലനത്തില്‍ അയാനും നിഷാദും യഥാക്രമം പ്രതിനിധാനം ചെയ്യുന്നത് ആന്തരികമായി വിഭിന്ന ചേരിയില്‍ നില്‍ക്കുന്ന ഗാന്ധിയന്‍ മൂല്യങ്ങളേയും അംബേദ്കറിസ്റ്റ് ചിന്തകളേയുമാണ്. ജാതിവ്യവസ്ഥ നിര്‍വ്വീര്യമാക്കുന്നതിനായി ഗാന്ധി ആവിഷ്‌കരിച്ച ഹരിജന്‍ ചിന്തകളും ഹൈന്ദവരെല്ലാം ഏകോദര സഹോദരങ്ങളാണെന്നുള്ള പൊയ്വാദങ്ങളും ചിത്രത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കൂലിവര്‍ദ്ധനവ് ആവശ്യപ്പെട്ട ദളിത് പെണ്‍കുട്ടികള്‍ വരേണ്യ ജാത്യാഭിമാനത്തെ വ്രണപ്പെടുത്തി എന്നതിനാലാണ് കൂട്ടബലാത്സംഗത്തിനിരയാകുന്നത്. പെണ്ണുടലിനോടുള്ള കാമമോ ആസക്തിയോ അല്ല, മറിച്ചു ജാതി അധികാരം പ്രയോഗിക്കാനുള്ള ഇടങ്ങളായി മാത്രമാണ് ഇവിടെ കീഴാള ശരീരങ്ങള്‍ പരിഗണിക്കപ്പടുന്നത്. ഇതോടൊപ്പം കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ ശരീരം പൊതുസ്ഥലത്തു കെട്ടിത്തൂക്കി ഭയവും അപകര്‍ഷതയും നിര്‍മ്മിക്കാന്‍ ജാതിവരേണ്യതയ്ക്കു സാധിക്കുന്നു. കീഴാള വിമോചനം ബ്രാഹ്മണ നായകന്റെ കാലടികളിലാണെന്ന മിഥ്യാബോധം വാണിജ്യസിനിമകള്‍ക്ക് അനിവാര്യമായിരിക്കുമ്പോഴും അതുല്പാദിപ്പിക്കുന്ന വിപല്‍ചിന്തകള്‍ തള്ളിക്കളയാവുന്നതല്ല. മിശ്രഭോജനത്തിലൂടെ മാത്രം റദ്ദാവുന്ന ഒരു പ്രതിഭാസമായാണ് ജാതിയെ പ്രസ്തുത സിനിമ അവതരിപ്പിക്കുന്നത്. ജാതിമിശ്ര വിവാഹം, ഹൈന്ദവ മൂല്യങ്ങളെ നിര്‍ണ്ണയിക്കുന്ന വേദങ്ങളുടേയും ശാസ്ത്രങ്ങളുടേയുംമേല്‍ ആരോപിതമായിരിക്കുന്ന ദിവ്യപരിവേഷം നഷ്ടപ്പെടുത്തല്‍ എന്നീ പ്രക്രിയകളിലൂടെയാണ് ജാതിയുന്മൂലനം പൂര്‍ണ്ണമാകുകയെന്നു ഭരണഘടനാ ശില്പിയായ അംബേദ്കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മിശ്ര ഭോജനംപോലും അസംഭവ്യമാകുന്ന സമകാലിക ഇന്ത്യയില്‍ ജാതിയുന്മൂലനം എത്രമാത്രം ഗൗരവതരമായ പ്രശ്‌നമായി അവശേഷിക്കുന്നുവെന്നതാണ് 'ആര്‍ട്ടിക്കിള്‍ 15' എന്ന സിനിമ കാഴ്ചക്കാരില്‍ ഉണര്‍ത്തുന്ന ആശങ്ക. ചുരുക്കത്തില്‍, പൊതുസമ്മതി നേടുന്ന സാമൂഹിക ചിന്തകളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ബദല്‍ വായനകളുടെ ആവശ്യകതയിലേക്കാണ് 'ആര്‍ട്ടിക്കിള്‍ 15' പോലുള്ള സിനിമകള്‍ വിരല്‍ചൂണ്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com