പരശുരാമ കേരളത്തിന്റെ പുനര്‍നിര്‍മ്മിതി: പ്രളയത്തിന് ഒരു വയസെത്തുമ്പോള്‍ പുതിയെ കേരളത്തെക്കുറിച്ച്

പരിസ്ഥിതിയുടെ പുനര്‍നിര്‍മ്മാണമാണ് ഇനി ഇത്തരം പ്രകൃതിദുരന്തങ്ങളെ തടയാനുള്ള ഏക പോംവഴിയെന്നും നവകേരള പുനര്‍നിര്‍മ്മിതിയില്‍ അതിനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നുമുള്ള നിരീക്ഷണങ്ങളുമുണ്ട്.
പരശുരാമ കേരളത്തിന്റെ പുനര്‍നിര്‍മ്മിതി: പ്രളയത്തിന് ഒരു വയസെത്തുമ്പോള്‍ പുതിയെ കേരളത്തെക്കുറിച്ച്

ണ്ടായിരത്തി പതിനെട്ടിലെ മഹാപ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ അതു ദൈവകോപമാണെന്നും പരസ്ഥിതിദ്രോഹ ഫലമാണെന്നും ഭരണകൂടത്തിന്റെ പിടിപ്പില്ലായ്മ ആണെന്നുമൊക്കെയുള്ള വിലയിരുത്തലുകള്‍ നടത്തുകയുണ്ടായി. വന്‍ പ്രകൃതിദുരന്തങ്ങളുണ്ടാവുമ്പോഴൊക്കെ ഇത്തരം വിലയിരുത്തലുകളുണ്ടാവുക സ്വാഭാവികമാണ്. പരിസ്ഥിതിയുടെ പുനര്‍നിര്‍മ്മാണമാണ് ഇനി ഇത്തരം പ്രകൃതിദുരന്തങ്ങളെ തടയാനുള്ള ഏക പോംവഴിയെന്നും നവകേരള പുനര്‍നിര്‍മ്മിതിയില്‍ അതിനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നുമുള്ള നിരീക്ഷണങ്ങളുമുണ്ട്. ഇന്ത്യയിലെ പ്രകൃതിദുരന്ത സാദ്ധ്യതാപട്ടികയില്‍ കേരളമാണ് മുന്നിലെന്നത് ശ്രദ്ധേയമാണ്. കേരളം ഉണ്ടായതുതന്നെ ഒരു വന്‍ പ്രകൃതിദുരന്തത്തില്‍നിന്നാകയാല്‍ ഇത്തരം ദുരന്തങ്ങളെ മനുഷ്യയത്‌നംകൊണ്ടു തടയാനാവില്ലെന്നും നമ്മുടെ ബുദ്ധിമോശം കൊണ്ട് ഇവയെ അധികദുരന്തമാക്കാതിരിക്കുകയെന്നതുമാണ് ഇപ്പോഴത്തെ മഹാപ്രളയം നല്‍കുന്ന ഒന്നാം പാഠം.

ക്രിസ്ത്വാബ്ദം അഞ്ചു മുതല്‍ ഏഴു വരെയുള്ള നൂറ്റാണ്ടുകളില്‍ കേരളത്തിനും പാണ്ഡ്യ ചോള രാജ്യങ്ങള്‍ക്കും ചരിത്രമില്ല. 'നീണ്ടരാത്രി'യെന്നാണ് ഈ കാലഘട്ടത്തെ വിളിക്കുന്നത്. ഇരുളടഞ്ഞ ഈ രാവുകള്‍ പിന്നിട്ട് എട്ടാം നൂറ്റാണ്ടില്‍ ചരിത്രത്തിന്റെ പ്രഭാതം ആരംഭിക്കുമ്പോള്‍ കേരള, പാണ്ഡ്യ രാജ്യങ്ങളുടെയെല്ലാം ഭൂപ്രകൃതി വിചിത്രമായി മാറിയിരുന്നു. ഇരുപതിനായിരം ചതുരശ്ര കിലോമീറ്ററില്‍നിന്ന് കേരളത്തിന്റെ കരവിസ്തൃതി ഏതാണ്ട് ഇരട്ടിയായിരിക്കുന്നു. കേരളത്തിന്റെ വീതി ശരാശരി ഇരുപതു കിലോമീറ്ററില്‍നിന്ന് നാല്പതായി വര്‍ദ്ധിക്കുകയും ചെയ്തു. ഈ നീണ്ടരാത്രിക്കു മുന്‍പ് കൊടുങ്ങല്ലൂര്‍ അഴിയിലൂടെ ഉള്ളിലേക്കു കടക്കുന്ന കപ്പലുകള്‍ക്ക് കോട്ടയം, ചങ്ങനാശ്ശേരി,  നിരണം, കുണ്ടറ വഴി കടലിലേക്കു തിരികെ ഇറങ്ങാവുന്നതായിരുന്നു പഴയ കേരള ഭൂപ്രകൃതി. മധുര മുതല്‍ പല്ലവനാട്ടിലെ ആര്‍ക്കാടു വരെ നിബിഡ വനമായിരുന്നത് മണ്ണിനടിയില്‍പ്പെട്ട് മണല്‍ക്കാടായിരിക്കുന്നു. അറുകാട് (വന്‍കാട്) എന്നറിയപ്പെട്ടിരുന്ന സ്ഥലം അല്പം മണ്ണുമാറ്റിയാല്‍ വന്‍ ലിഗ്‌നേറ്റു ശേഖരമുള്ള മണല്‍ക്കാടാണിന്ന്.

ഇരുളടഞ്ഞ കാലത്തിനു കാരണമായത് ഒരു വന്‍ പ്രകൃതിദുരന്തമാണെന്ന് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. എ. മിന്‍ഗാനായുടെ 'The Early Spread of Christianity in India'-യെന്ന പൗരാണിക സമുദ്രസഞ്ചാര ചരിത്ര കയ്യെഴുത്തു സമാഹാരത്തില്‍ അഞ്ചാം നൂറ്റാണ്ടില്‍ ആകാശത്തുനിന്ന് ചേരനാട്ടില്‍ വന്നിറങ്ങിയ ഒരു വന്‍ വിപത്തിനെക്കുറിച്ച് സവിസ്തരം വിവരിക്കുന്നുണ്ട്. ''ആസായുടെ കണ്‍മുന്നില്‍വച്ച് അനേകായിരങ്ങളെ മാലാഖ ഇറങ്ങിവന്നു നശിപ്പിച്ചു. ചേരന്‍ അവര്‍ക്കെതിരായി പോരാടി.'' ആകാശത്തുനിന്ന് വന്നുപതിച്ച ഒരു വന്‍ വിപത്തിനെക്കുറിച്ചാണ് ഈ വിവരണമെന്നു വ്യക്തം. ആസാ ഒരു സമുദ്രസഞ്ചാരിയായിരിക്കാം.

ആകാശത്തുകൂടി പറന്നുവന്ന പരശുരാമന്റെ മഴുവിന്റെ കഥ എല്ലാ കേരളോല്പത്തി പാഠങ്ങളിലും ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഒരു കേരള മാഹാത്മ്യകഥയനുസരിച്ച് പരശുരാമന്‍ വരുണനില്‍നിന്ന് ഭൂമികിട്ടാന്‍ ശിവനെ തപസ്സു ചെയ്തു. പരശുരാമന്‍ കുമാരിയില്‍ ചെന്ന് തന്റെ മഴു വടക്കോട്ടെറിഞ്ഞു. ആ മഴു ഗോകര്‍ണ്ണത്തു ചെന്നുവീഴുകയും അവിടെവരെയുള്ള കടല്‍ പിന്‍വാങ്ങി കരയുണ്ടാവുകയും ആ പ്രദേശത്തിനു കേരളമെന്ന പേരു വിളിക്കുകയും ചെയ്തു. എന്നാല്‍ കേരളോല്പത്തിക്കഥകളില്‍ ഏറെയും പരശുരാമന്‍ ഗോകര്‍ണ്ണത്തുനിന്ന് കന്യാകുമാരിയിലേക്ക് മഴുവെറിഞ്ഞപ്പോള്‍ കടല്‍ പിന്‍വാങ്ങി ഉയര്‍ന്നുവന്ന കരപ്രദേശത്തിനു കേരളമെന്നു പേര്‍വിളിച്ചുവെന്നാണ് നാട്ടുവഴക്കം. രണ്ടായാലും കേരളത്തിന്മീതേ ആകാശമാര്‍ഗ്ഗം പറന്നുവന്ന പരശുരാമന്റെ മഴുവാണ് കടല്‍മാറി കര തെളിയുവാനുണ്ടായ കാരണമായി എല്ലാ കേരളോല്പത്തി നാട്ടുവഴക്കങ്ങളിലും പറയുന്നത്.

അങ്ങനെയെങ്കില്‍ ഈ മഴു ഭൂമിയില്‍ പതിച്ചിട്ടുള്ള ഉല്‍ക്കകളില്‍  (Astroids) ഒന്നാവാനാണ് സാദ്ധ്യത. ആകാശത്തുനിന്ന് ഭൂമിയില്‍ പതിക്കുന്ന ഉല്‍ക്കകള്‍ അന്തരീക്ഷത്തില്‍ കടക്കുന്നതോടെ അന്തരീക്ഷഘര്‍ഷണം മൂലമുണ്ടാവുന്ന അത്യുഗ്ര ചൂടുകൊണ്ട് അതു വന്നുപതിക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള സകലതും വെന്തുപോകും. അതുണ്ടാക്കുന്ന സമ്മര്‍ദ്ദതരംഗങ്ങള്‍ (Shock waves) മൂലം സകലതിനേയും നിലംപരിശാക്കുകയും ചെയ്യും. സ്ഫോടനവും അതിശക്തമായ സമ്മര്‍ദ്ദതരംഗങ്ങളും ഒത്തുചേര്‍ന്ന് പ്രദേശം മുഴുവന്‍ ഇളക്കിമറിച്ച് വന്‍തോതില്‍ പൂഴിയെ പൊടിപടലമാക്കി ആകാശത്തേക്ക് ഉയര്‍ത്തും. പിന്നെ അതു മണ്‍മഴയായി പെയ്തിറങ്ങി സകലത്തേയും മൂടും.

ഇന്തോനേഷ്യയില്‍ 1883-ല്‍ ഒരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന്റെ ശബ്ദം മൂവായിരം മൈല്‍ ദൂരെവരെ കേള്‍ക്കുകയും 120 അടിവരെ ഉയര്‍ന്ന തിരമാലകള്‍ 300 പട്ടണങ്ങളെ തകര്‍ക്കുകയും മണ്ണും പൊടിയും പെയ്തിറങ്ങി 1600 മൈല്‍ ദൂരെയുള്ള കപ്പലുകളെപ്പോലും മൂടുകയുമുണ്ടായെന്നു രേഖകളുണ്ട്.
കേരളത്തിലുണ്ടായ ഇത്തരമൊരു ആകാശദുരന്തത്തെ സാധൂകരിക്കുന്ന അനേകം തെളിവുകള്‍ പഴന്തമിഴ് സാഹിത്യകൃതികളിലുമുണ്ടായിട്ടുണ്ട്. ചിലപ്പതികാരം എന്ന നാടകകാവ്യത്തിലെ നായിക കണ്ണകി തന്റെ ചാരിത്ര്യശുദ്ധിയുടെ ശക്തിയാല്‍ സകലതും നശിപ്പിച്ചുവെന്നു പറയുന്നു. പല്ലവനാട്ടിലെ ആര്‍ക്കാടുവരെ അതു നാശം വിതറിയത്രേ. അതിനര്‍ത്ഥം അറുകാട് (വന്‍കാട്) എന്നറിയപ്പെടുന്ന നിബിഡ വനം അന്തരീക്ഷത്തിലെ അതിസമ്മര്‍ദ്ദംമൂലം നിലംപരിശായിപ്പോയിരിക്കാം. തുടര്‍ന്നുണ്ടായ പൊടിപടലങ്ങളോടുകൂടിയ അതിവര്‍ഷത്തില്‍ വന്‍കാടുള്‍പ്പെടെ സകലത്തേയും മൂടിക്കളഞ്ഞുവെന്നും അനുമാനിക്കാം.

സാധാരണയായി മണ്ണിനടിയില്‍ മൂടപ്പെടുന്ന മരത്തടികള്‍ ആയിരം മുതല്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കൊണ്ട് ലിഗ്‌നേറ്റായും അയ്യായിരം വര്‍ഷംകൊണ്ട് കല്‍ക്കരിയായും മാറും. അങ്ങനെ നോക്കുമ്പോള്‍ തെക്കേ ആര്‍ക്കാടുജില്ലയിലെ നെയ്വേലിയില്‍ ലിഗ്‌നേറ്റ് ശേഖരമുണ്ടായത് പതിന്നാലു നൂറ്റാണ്ടുകള്‍ക്കു മുന്‍പുണ്ടായതെന്നു കരുതാവുന്ന പ്രസ്തുത മഹാദുരന്തത്തില്‍നിന്നാവും. അവിടെ വെറും ഇരുപതു മീറ്റര്‍ ഘനത്തിലുള്ള പുറംമണ്ണ് മാറ്റിയാല്‍ ലിഗ്‌നേറ്റ് വെറുതെ വാരിയെടുക്കത്തക്കവിധമുള്ള ഘടനയാണുള്ളത്. തിരുനെല്‍വേലി ജില്ലയുടെ കടല്‍ത്തീരപ്രദേശങ്ങളില്‍ തവിടുപോലെ കാവിനിറത്തില്‍ മണ്‍ക്കൂനകള്‍ ധാരാളമുണ്ട്. പണ്ടെന്നോ കടന്നുപോയൊരു വന്‍ വിപത്തിന്റെ മൂകസാക്ഷികളാവാം ഈ കുന്നുകള്‍.

പരശുരാമന്‍ ഗോകര്‍ണ്ണത്തുനിന്നും കന്യാകുമാരിയിലേക്ക് കടലിനു മീതെ മഴുവെറിഞ്ഞപ്പോള്‍ അതു ചെന്നുവീണ ഭാഗംവരെയുള്ള കടല്‍ പിന്‍വാങ്ങിയെന്നുള്ള ഐതിഹ്യത്തെ ബലപ്പെടുത്തുന്ന വസ്തുതാപരമായ ചില തെളിവുകളുണ്ട്. വടക്കുനിന്നു തുടങ്ങി തൃപ്പൂണിത്തുറ, ചങ്ങനാശ്ശേരി, നിരണം, മാവേലിക്കര, കുണ്ടറ വഴി കന്യാകുമാരിവരെ നീളുന്ന ഒരു സാങ്കല്പിക രേഖ വരച്ചാല്‍ അതു കടന്നുപോകുന്നത് സംഘകാലത്തുണ്ടായിരുന്ന പഴയ കടല്‍ത്തീരം വഴിയായിരിക്കും. ആ സാങ്കല്പിക രേഖയ്ക്കും ഇപ്പോഴത്തെ കടല്‍ത്തീരത്തിനും ഇടയ്ക്കുള്ള കടലാണ് ശരാശരി 20 മൈല്‍ വീതിയില്‍ കരയായി മാറിയത്.

മൂന്നു നൂറ്റാണ്ടിലധികം കേരളത്തിന്റെ കാലചരിത്രത്തെ മായ്ചുകളഞ്ഞ ആ ആകാശ മഹാദുരന്തത്തെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ ക്രിസ്ത്വാബ്ദ തുടക്കത്തില്‍ കിഴക്കുനിന്നും പടിഞ്ഞാറു സഞ്ചരിച്ചിരുന്ന ഒരു ഉല്‍ക്കയാവാം കേരളത്തില്‍ വന്നുപതിച്ചതെന്ന് അനുമാനിക്കുന്നു. അക്കാലത്ത് അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന ബത്ലഹേം നക്ഷത്രത്തെക്കുറിച്ച് ബൈബിള്‍ സൂചനയുമുണ്ട്. ഈ നക്ഷത്രം ഒരു ഉല്‍ക്കയാവാനാണ് സാദ്ധ്യതയെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

ഉല്‍ക്കാപതനത്തിന്റെ ശേഷിപ്പ്

ശാസ്താംകോട്ട കായലും അഷ്ടമുടിക്കായലും ഉല്‍ക്കാപതനത്തിനു വിധേയമായ സ്ഥലമാണെന്ന് ബ്രിട്ടീഷുകാരുടെ കാലംമുതല്‍ക്കുതന്നെ അനുമാനങ്ങളുണ്ട്. ശാസ്താംകോട്ട കായലിന്റെ കിഴക്കേ തീരങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത് ചെങ്കല്ലില്‍ വെട്ടിയുണ്ടാക്കിയതുപോലെയാണ്. കേരളത്തിലെ മറ്റു കായലുകളില്‍നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതു പ്രധാനമായും ഇതിന്റെ മൂന്നു ഘടനകളാണ്. ഒന്നാമതായി മണ്‍കല്ലില്‍ വെട്ടിയെടുത്തമാതിരിയുള്ള കടുംതൂക്കായ കിഴക്കന്‍ തീരങ്ങള്‍, രണ്ടാമതായി 373 ഹെക്ടര്‍ വിസ്തൃതിയുള്ള ഏറ്റവും ആഴം കൂടിയ ശുദ്ധജലതടാകം എന്ന ഖ്യാതി. അതിനെല്ലാമുപരി ഇല്‍മനേറ്റും മോണോസൈറ്റുമെന്ന കരിമണലിന്റെ വന്‍തിട്ടകളുള്ള അടിത്തട്ട്. പെരുമണ്‍ദുരന്തമുണ്ടായപ്പോള്‍ ആഴത്തില്‍നിന്ന് ഉയര്‍ത്തിയെടുത്ത ട്രെയിനിന്റെ ബോഗികളില്‍ അതിശക്തമായ അണുപ്രസരണമുണ്ടായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല. ആകാശവീക്ഷണത്തില്‍ ശാസ്താംകോട്ട കായലും അഷ്ടമുടി കായലും പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന അനേക കൈവഴികള്‍ ചേര്‍ന്നുണ്ടായ ഒരു സങ്കീര്‍ണ്ണ സംവിധാനം (network) കടലിലേക്കു ചിതറി ലയിക്കുന്നതു കാണാം. തറയില്‍ മഷികുടഞ്ഞുണ്ടായ പാടുപോലെയാണ് ഇവ കടലിലേക്കു ചിതറിയിരിക്കുന്നത്.                 
കിഴക്കുനിന്ന് പിടഞ്ഞാട്ടേക്കു സഞ്ചരിച്ചിരുന്ന എന്തോ വസ്തു നാല്പത്തിയഞ്ചു ഡിഗ്രിയില്‍ ശാസ്താംകോട്ടയില്‍ വന്നുപതിച്ചതുപോലെയാണ് ആകാശക്കാഴ്ച. ആ വസ്തുവിന്റെ ആകാശമാര്‍ഗ്ഗമുള്ള പതനപാത ശാസ്ത്രീയമാര്‍ഗ്ഗത്തില്‍ വികസിപ്പിച്ചെടുത്താല്‍ പടിഞ്ഞാറ് നാല്പത്തിയഞ്ചു ഡിഗ്രി ചരിവിലാണ് അതു ഭ്രമണമണ്ഡലത്തില്‍ കടന്നതെന്നു കണക്കുകൂട്ടാനാവും.

ക്രിസ്ത്വാബ്ദത്തിന്റെ തുടക്കത്തില്‍ ചക്രവാളത്തിന്റെ 12-ാം ലൈനിലൂടെ കിഴക്കുനിന്നും പടിഞ്ഞാട്ടു സഞ്ചരിച്ചിരുന്ന പ്രസ്തുത ഉല്‍ക്ക 'ബത്ലഹേം നക്ഷത്ര'മാവാമെന്നൊരു വാദമുണ്ട്. യേശുവിന്റെ ജനനസമയത്തു കണ്ട നക്ഷത്രത്തെക്കുറിച്ച് ബൈബിള്‍ പ്രതിപാദിക്കുന്നതും ഈ ഉല്‍ക്കയെക്കുറിച്ചാവാം. കിഴക്കുനിന്നും പടിഞ്ഞാറേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന പ്രസ്തുത ബത്ലഹേം നക്ഷത്രമെന്ന ഉല്‍ക്ക എപ്പോഴാണ് ഭൂമിയില്‍ പതിച്ചതെന്ന് കണ്ടെത്തുവാനായിട്ടില്ല. 

അതു ഭൂമണ്ഡലത്തില്‍ കടന്ന ചരിവു കൂടുന്തോറും പ്രഹര, വിനാശ ശക്തി വര്‍ദ്ധിക്കും. ബത്ലഹേം ഉല്‍ക്ക ഭൂമണ്ഡലത്തില്‍ കടന്നത് 45 ഡിഗ്രി ചരിവിലാവുമെന്ന് മുന്‍ പ്രസ്താവിച്ചുവല്ലോ. ഈ പതനത്തെത്തുടര്‍ന്നാവണം ശാസ്താംകോട്ട കായല്‍ ഉണ്ടായത്. അങ്ങനെയെങ്കില്‍ 45 ഡിഗ്രി ചരിവില്‍ ഭൂമണ്ഡലത്തില്‍ കടന്ന ബത്ലഹേം നക്ഷത്രമെന്ന ഉല്‍ക്ക പാണ്ഡ്യനാട്ടില്‍വച്ച്, കൃത്യമായി കണക്കുകൂട്ടിയാല്‍ തിരുനെല്‍വേലി ജില്ലയ്ക്കു മുകളില്‍വച്ച് ഭൗമാന്തരീക്ഷത്തില്‍ കടക്കുകയും വായുവുമായുളള ഘര്‍ഷണത്തില്‍ വെന്തുരുകി പൊട്ടിത്തെറിച്ച് അതിലെ ഏറ്റവും വലിയ കഷണം ചേരനാട്ടിലെ ശാസ്താംകോട്ടയില്‍ വന്നുപതിക്കുകയും അണുപ്രസരണത്തോടുകൂടിയ ലോഹമണല്‍ത്തരികള്‍ പടിഞ്ഞാട്ടേക്കു തെറിച്ച് അറബിക്കടല്‍വരെ ചെന്നുവീഴുകയും ചെയ്തിട്ടുണ്ടാവാം. ശക്തിക്കുളങ്ങര മുതല്‍ വലിയഴീക്കല്‍ വരെയുള്ള കടല്‍ത്തീരത്തു കാണുന്ന ഇല്‍മനേറ്റും മോണോസൈറ്റും (കരിമണല്‍) ഈ ഉല്‍ക്കയുടെ അവശിഷ്ടങ്ങളാവാനാണ് സാദ്ധ്യത. അഷ്ടമുടിക്കായലിന്റെ അടിത്തട്ടിലും ചെളിയുടെ  താഴത്തെ തട്ടിലും ഇത് സമൃദ്ധമായുണ്ട്. പെരുമണ്‍ദുരന്തത്തില്‍പ്പെട്ട തീവണ്ടി ബോഗികള്‍ കായല്‍ അടിത്തട്ടില്‍നിന്ന് ഉയര്‍ത്തിയെടുത്തപ്പോള്‍ അതില്‍നിന്നുണ്ടായ ശക്തമായ അണുപ്രസരണം പത്രമാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്. അതിനര്‍ത്ഥം ഉല്‍ക്കാപതനത്തിലൂടെ വന്‍തോതില്‍ കരിമണല്‍ വീണതിനുശേഷം പെയ്തിറങ്ങിയ ചെമ്മണ്‍പൊടിമൂലം കരിമണല്‍ത്തിട്ട മൂടിക്കിടക്കുന്നു. കായലിന്റെ അടിത്തട്ടിനടിയില്‍ അണുപ്രസരമുള്ള കരിമണല്‍ത്തിട്ടകള്‍ വന്‍തോതിലുണ്ട്.

മഹാദുരന്തത്തെ തുടര്‍ന്ന് ഉയര്‍ന്നുപൊങ്ങിയ മണ്‍പൊടി കേരള, പാണ്ഡ്യ ദേശങ്ങളുടെമേല്‍ പെയ്തിറങ്ങിയതോടെ കരയും കടലും നദികളും നികന്ന് ഭൂപ്രകൃതി ആകെ മാറിപ്പോയെന്ന് ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള ജിയോളജിക്കല്‍ വകുപ്പു നടത്തിയിട്ടുള്ള പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അറബിക്കടല്‍ നികന്ന് ശരാശരി 20 മൈല്‍ വീതിയില്‍ കര രൂപപ്പെടുകയും നദിച്ചാലുകള്‍ മൂടി അവ ഗതിമാറി ഒഴുകുകയും ചെയ്തിട്ടുണ്ടാവും. വനപ്രദേശങ്ങളിലും മണ്ണു പെയ്തിറങ്ങി മൂടിപ്പോവുകയും അവ പില്‍ക്കാലത്ത് ലിഗ്‌നേറ്റായി രൂപാന്തരപ്പെടുകയും ചെയ്തു. 

വര്‍ക്കലഭാഗത്ത് ഈ ചെങ്കല്‍പ്പൊടിയുടെ തിട്ടയ്ക്ക് അറുപതു മീറ്റര്‍വരെ ഘനമുണ്ട്. വര്‍ക്കല മുതല്‍ ചങ്ങനാശ്ശേരിവരെയുള്ള കരഭാഗത്തെ മണ്ണു നീക്കിയാല്‍ ചെങ്കല്‍പ്പൊടികൊണ്ടുള്ള മേല്‍മണ്ണിനടിയിലായി ലിഗ്‌നേറ്റ് ധാരാളമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ കക്കയുടേയും ശംഖിന്റേയും സമുദ്രജീവികളുടേയും അവശിഷ്ടങ്ങളുടെ തിട്ടയും കണ്ടെത്തിയതിനെക്കുറിച്ച് എ. ശ്രീധരമേനോന്‍ കേരള ചരിത്രത്തില്‍ വിവരിക്കുന്നുണ്ട്. ഭൂപ്രകൃതിയിലുണ്ടായ ഈ മാറ്റത്തെക്കുറിച്ച് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചോ ഭൂകമ്പം നിമിത്തമോ ആയിരിക്കണം ഈ ഭൂവിഭാഗം സമുദ്രത്തില്‍നിന്നു പൊന്തിവന്നത് എന്നാണദ്ദേഹം കരുതിയത്. ചങ്ങനാശ്ശേരി പാറേപ്പള്ളിക്ക് അസ്തിവാരം കുഴിച്ചപ്പോള്‍ പായ്ക്കപ്പലുകളുടെ നങ്കൂരങ്ങള്‍ കിട്ടിയതും വിസ്മരിക്കാനാവില്ല. കേരളത്തിന്റെ തെക്കേ അറ്റംമുതല്‍ ചേറ്റുവാ വരെയുള്ള കടല്‍ത്തീരത്തെ 10 കിലോമീറ്റര്‍ വീതിയുള്ള കരഭാഗത്തെ മണ്ണിനടിയില്‍ ചെളിയുടെ തട്ടുള്ള ഘടനയാണ് കാണുന്നത്. വര്‍ക്കല ഭാഗത്ത് ചെളിപ്പുറത്തെ മണ്ണിന്റെ ഘനം വളരെ കൂടുതലും തെക്കോട്ടു പോകുന്തോറും അതു കുറഞ്ഞും കാണുന്നു. അതിനര്‍ത്ഥം കടലിലെ ചെളികൊണ്ടുള്ള പഴയ അടിത്തട്ടിന്മേല്‍ ചെങ്കല്‍പ്പൊടി പെയ്തിറങ്ങി രൂപപ്പെട്ട കൃത്രിമ ഭൂമിയാണിതെന്നാണ്.

ഇങ്ങനെ പുതുതായുണ്ടായ ഭൂമിയുടെ തീരക്കടല്‍ ഭാഗത്ത് വൈപ്പിന്‍ മുതല്‍ വര്‍ക്കല വരെയുള്ള സ്ഥലത്തുമാത്രം മഴക്കാലത്ത് മലരിയോടൊപ്പം ഒരു ചെളിപ്പാട പൊങ്ങിവരാറുണ്ട്. ഇപ്രകാരം പൊങ്ങിക്കിടക്കുന്ന 'ചാകര'യെന്ന ഒരു ചെളിക്കര ഒരത്ഭുത പ്രതിഭാസമായി അറബിക്കടലിലെ ഈ ഭാഗത്തു മാത്രമാണ് കാണാറുള്ളത്. ഇതേക്കുറിച്ച് ബ്രിട്ടീഷ് റസിഡന്റായിരുന്ന ജനറല്‍ കല്ലന്‍ 1850-ല്‍ തന്നെ ഒരു അന്വേഷണം നടത്തുകയുണ്ടായി. അതിന്‍പ്രകാരം ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വ്വേ ഡയറക്ടറായിരുന്ന ഡോ. കിങ്ങ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാന്വലില്‍ (Vol -I, page 91-118) പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ മലബാര്‍ മാന്വലിലും (Vol -I, പേജ് 33) കൊച്ചി സ്റ്റേറ്റ് മാന്വലിലും (page 1224) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആലപ്പുഴ മുതല്‍ വര്‍ക്കല വരെയുള്ള തീരക്കടലിന്റെ അടിത്തട്ടില്‍ ചെങ്കല്‍പ്പൊടികൊണ്ടുണ്ടായ മണ്‍ത്തട്ടിന്റെ അടിയിലായി നദികള്‍ ഒഴുക്കിക്കൊണ്ടുവന്ന ഒരു ചെളിത്തട്ടും അതിനടിയില്‍ മണലുമാണുള്ളതെന്നും അദ്ദേഹം ഈ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അതിനര്‍ത്ഥം മഹാദുരന്തത്തെത്തുടര്‍ന്ന് ഉയര്‍ന്നുപൊങ്ങിയ ചെങ്കടല്‍പ്പൊടി പെയ്തിറങ്ങി തീരക്കടല്‍ കരയായി മാറിയെന്നാണ്. പമ്പാനദി ഒഴുകിയിരുന്ന പഴയ നദിച്ചാലില്‍ മണ്ണു പെയ്തിറങ്ങി മൂടിപ്പോയതോടെ നദിയും ഗതിമാറി ഒഴുകി. അങ്ങനെ പുതുതായി രൂപപ്പെട്ടതാണ് ഇപ്പോഴത്തെ നദിച്ചാല്‍. പുത്തന്‍കാവിനടുത്ത് അത്തിമൂട്കയം എന്നൊരു അഗാധമായ കയം പമ്പാനദിയില്‍ ഇപ്പോഴുമുണ്ട്. അതിനടിയില്‍ ഒരു ഗുഹയുണ്ട്. പഴയ നദിച്ചാല്‍ മണ്ണുവീണ് മൂടിയെങ്കിലും വെള്ളപ്പൊക്കത്തില്‍ ഇതൊരു തുരങ്കമായി പ്രവര്‍ത്തിക്കാറുണ്ട്. വെള്ളത്തിന്റെ ശക്തമായ സമ്മര്‍ദ്ദംമൂലം വെള്ളപ്പൊക്കക്കാലത്ത് പഴയ നദിച്ചാലായിരുന്ന ആ പഴയ തുരങ്കപാത തുറക്കുകയും അതില്‍ നിറഞ്ഞിരിക്കുന്ന ചെളിയും എണ്ണയും കടലില്‍ എവിടെയോ ചെന്നു പൊങ്ങുമ്പോഴാവാം 'ചാകര' കടലില്‍ പൊങ്ങിവരുന്നത്.
അത്തിമൂടു നിവാസികള്‍ക്ക് വേനല്‍ക്കാലത്ത് ഒരു ത്വക്കുരോഗം ഉണ്ടാവാറുണ്ട്.

അത്തിമൂടു ക്ഷേത്രത്തിലെ ദേവീകോപമാണതിനു കാരണമെന്നാണ് പാരമ്പര്യവിശ്വാസം. എന്നാല്‍, അത്തിമൂടു കയത്തില്‍നിന്നുളള ഭൂഗര്‍ഭ വിള്ളലിലൂടെ നദീജലം താഴുമ്പോള്‍ വേനല്‍ക്കാലത്ത് തിരികെ ഒഴുകിയെത്തുന്ന എണ്ണയിലൂടെ വരുന്ന ഏതോ രാസവസ്തുവാകാം ഈ വ്യാധിക്കു കാരണം. വര്‍ഷകാലത്ത് നദിയില്‍ വെള്ളമുയരുമ്പോള്‍ കയത്തിനടിയിലെ വിള്ളലില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും പഴയ ഭൂഗര്‍ഭപാതയിലൂടെ വെള്ളം ശക്തിയായി ഒഴുകി കടലില്‍ മലരിയായി പൊങ്ങുകയും ചെയ്യുന്നുണ്ടാവാം. ഒപ്പം തള്ളുന്ന ചെളിയും എണ്ണയും ചേര്‍ന്ന് കടലില്‍ പൊങ്ങിക്കിടക്കുന്ന ചെളിക്കരയാവും ചാകര. അച്ചന്‍കോവിലാറിനും പമ്പാനദിക്കും മദ്ധ്യേ ചെങ്ങന്നൂരിനടുത്ത് എണ്ണക്കാട് എന്നൊരു സ്ഥലം തന്നെയുണ്ട്. ചെളിയോടൊപ്പം പൊങ്ങുന്ന എണ്ണയുടെ പ്രഭവകേന്ദ്രത്തെക്കുറിച്ചും ഏറെ അന്വേഷണം ആവശ്യമാണ്.
എട്ടാം നൂറ്റാണ്ടിനു ശേഷമുള്ള പുരാലിഖിതങ്ങളം ചരിത്രസാമഗ്രികളും കിട്ടുന്നുണ്ടെങ്കിലും സംഘകാല പുരാലിഖിതങ്ങള്‍ മുതല്‍ കെട്ടിടാവശിഷ്ടങ്ങള്‍വരെ അപ്പാടെ അപ്രത്യക്ഷമായിരിക്കുന്നു.  സംഘകാല നദീപാതയില്‍നിന്ന് പെരിയാറും മാറിയൊഴുകിയെന്നും അംഗീകരിക്കപ്പെട്ട വസ്തുതയാണ്.

അതിനര്‍ത്ഥം എട്ടാം നൂറ്റാണ്ടിനു മുന്‍പുള്ള ചരിത്രമില്ലാത്ത നീണ്ട രാത്രിയിലെ ആകാശദുരന്തത്തിലൂടെയാണ് ഇന്നു കാണുന്ന കേരളത്തിന്റെ പകുതി സ്ഥലം കടലില്‍നിന്നു നികന്നുവന്നത്. തന്നെയുമല്ല, മഹാദുരന്തത്തിലൂടെ പുഴകളുടെ ചാലുകള്‍ മാറിയൊഴുകുകയും ചെയ്തു. പ്രളയദുരന്തങ്ങള്‍ കേരളചരിത്രത്തില്‍ വീണ്ടുമുണ്ടായിട്ടുണ്ട്. ഭൂപ്രകൃതിയില്‍ സാരമായ മാറ്റമുണ്ടാക്കിയ പ്രളയമായിരുന്നു 1341-ലെ മഹാപ്രളയം. വേമ്പനാട്ടു കായലിലും ആറു നദികള്‍ പതിക്കുന്നുണ്ട്. അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍, മൂവാറ്റുപുഴ, പമ്പ, പെരിയാര്‍ എന്നിവ അതില്‍ മുഖ്യമായവയാണ്. 

മഹാദുരന്തത്തിനുശേഷം അവയും പമ്പയെപ്പോലെ ഭൂഗര്‍ഭ പാതയിലൂടെ ഒഴുകിയിരുന്നിട്ടുണ്ടാവും. എന്നാല്‍ 1341-ലെ വലിയ പ്രളയത്തെത്തുടര്‍ന്നുണ്ടായ ശക്തമായ ഒഴുക്കും വെള്ളത്തിന്റെ തള്ളലുംമൂലം മഹാദുരന്തത്തില്‍ കൃത്രിമമായി ഉണ്ടായ 10 കിലോമീറ്ററോളം വീതിയുള്ള ചെളിക്കരയെ ഈ പുഴകള്‍ ചേര്‍ന്ന് വീണ്ടും കടലിലേക്കു തള്ളിമാറ്റിയപ്പോള്‍ ഉണ്ടായ വിടവ് വേമ്പനാട്ടുകായലായി തീര്‍ന്നതാവാം. തൃക്കുന്നപ്പുഴ മുതല്‍ പള്ളിപ്പുറം വരെയുള്ള ഇന്നത്തെ റ്റി.എസ്. കനാല്‍ രൂപപ്പെട്ടതോടൊപ്പം ഇന്നത്തെ തീരമേഖലയെന്ന കടല്‍ത്തിട്ടയും അങ്ങനെയുണ്ടായതാവാം. വൈപ്പിന്‍ ദ്വീപും വേമ്പനാട്ടു കായലും കൊച്ചി അഴിയും എ.ഡി. 1341-ല്‍ ഉണ്ടായതാണെന്ന് ചരിത്രം സ്ഥിരീകരിക്കുന്നുണ്ട്. പുതുവൈപ്പിന്‍ എന്ന പേരുതന്നെ പുതുതായി കൊണ്ടുവച്ചതെന്ന അര്‍ത്ഥത്തിലുണ്ടായതാണ്.

പരശുരാമ കേരളം
കേരളചരിത്രത്തിലെ ഇരുളടഞ്ഞ കാലഘട്ടത്തിന്റെ സൃഷ്ടിയായ ആകാശമഹാദുരന്തം എന്തെന്ന് പരിശോധിക്കുമ്പോള്‍ പരശുരാമന്‍ മഴുവെറിഞ്ഞുണ്ടായതാണ് കേരളമെന്ന കേരളോല്‍പ്പത്തിയിലെ ഐതിഹ്യത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.

സംഘകാലത്തെ ഇരുളടഞ്ഞ കാലഘട്ടം അവസാനിച്ച് ചരിത്രത്തിലേക്ക് വെളിച്ചം വീശിത്തുടങ്ങുന്നത്, ''പരശുരാമന്‍ മഴുവെറിഞ്ഞ് സമുദ്രത്തില്‍നിന്ന് കര ഉയര്‍ന്നുണ്ടായ കേരളത്തെ സ്വന്ത വംശക്കാരായ നമ്പൂതിരിമാര്‍ക്ക് ദാനംചെയ്തു'' എന്ന നാട്ടുവഴക്കത്തിലൂടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലോ പത്തൊമ്പതാം നൂറ്റാണ്ടിലോ രചിക്കപ്പെട്ട 'കേരളോല്പത്തി' എന്ന മലയാളകൃതിയും 'കേരളമാഹാത്മ്യം' എന്ന സംസ്‌കൃത കൃതിയുമാണ് ഈ പറഞ്ഞ പരശുരാമകഥയ്ക്ക് ആധാരം. സംഘകാലത്തെ പഴംതമിഴ് സാഹിത്യകൃതികളൊക്കെയും ഈ മഹാദുരന്തത്തെ സാധൂകരിക്കുന്നതാണ്. ചിലപ്പതികാര കാവ്യത്തിന്റെ ഉള്ളടക്കംതന്നെ കണ്ണകി തന്റെ പാതിവ്രത്യത്തിന്റെ ശക്തിയാല്‍ മധുര മുതല്‍ തെക്കോട്ട് അര്‍ക്കാടുവരെ അഗ്‌നിയിറക്കി ചുട്ടുകളഞ്ഞശേഷം പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുവശത്തുകൂടി കൊടുങ്ങല്ലൂരെത്തിച്ചേരുന്നതാണ്. കൊടുങ്ങല്ലൂര്‍വച്ച് പരശുരാമനെ കാണുന്നതായും അദ്ദേഹം കണ്ണകിയെ ദേവിയാക്കി കൊടുങ്ങല്ലൂരില്‍ പ്രതിഷ്ഠിക്കുന്നുവെന്നുമാണ് ഐതിഹ്യം. ഉല്‍ക്കാപതനവും മധുര മുതല്‍ ആര്‍ക്കാട്ടുവരെയുള്ള തകര്‍ച്ചയും പശ്ചിമഘട്ടം കടന്ന് കേരളത്തിലേക്ക് മധുരയുടെ നാശത്തിനു കാരണമായവള്‍ കടന്നുവരുന്നതും പരശുരാമന്‍ മഴുവെറിയുന്നതും കേരളതീരം നികന്ന് കരയാവുന്നതും കേരളോല്പത്തിയിലേയും പാണ്ഡ്യനാട്ടിലെ ചിലപ്പതികാരത്തിലേയും പൊതു നാട്ടുവഴക്കങ്ങള്‍ സമാനതകളുള്ളതാണ്. പാണ്ഡ്യനാട്ടിലെ നാട്ടുവഴക്കത്തില്‍ ദുരന്തനായിക കണ്ണകിയെങ്കില്‍ കേരളത്തിലേത് പരശുരാമനും. ഇവര്‍ തമ്മില്‍ കൊടുങ്ങല്ലൂര്‍വച്ച് സന്ധിക്കുന്ന ഐതിഹ്യവുമുള്ളതിനാല്‍ സംഘകാലത്ത് തമിഴ്നാടിനേയും കേരളത്തേയും ഒരുമിച്ച് ഇരുളിലാക്കിയ പൊതു മഹാദുരന്തത്തെയാണ് ഇവ കുറിക്കുന്നതെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. ഇത്തരം ഐതിഹ്യങ്ങള്‍ക്കു പിന്നില്‍ ശക്തമായ യുക്തിയുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. കടല്‍മാറി കര രൂപപ്പെട്ടുണ്ടായ കേരളവും അതിനു കാരണമായി ആകാശത്തുനിന്നെത്തിയ വെണ്മഴുവും നൂറ്റാണ്ടുകളായി നിലനിന്നിരുന്ന നാട്ടുവഴക്കങ്ങളാണ്. വരേണ്യവര്‍ഗ്ഗത്തിന്റെ ലിഖിതപാരമ്പര്യത്തിനുള്ള വാങ്മയത്തിനു സമാന്തരമായി സാമാന്യജനങ്ങളുടെ വാമൊഴിവഴക്കത്തിന്റെ പാരമ്പര്യം സംഘകാലത്ത് സജീവമായിരുന്നുവെന്ന് രാഘവവാരിയരും രാജന്‍ഗുരുക്കളും സമര്‍ത്ഥിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ കടല്‍മാറി കരയുണ്ടായതാണ് കേരളമെന്ന യാഥാര്‍ത്ഥ്യത്തിനു മനോഹരമായ ഐതിഹ്യം സാധാരണ ജനങ്ങള്‍ ചേര്‍ന്നു നിര്‍മ്മിച്ചതാണ് പരശുരാമകഥയും ചിലപ്പതികാരവും എന്നുകൂടി അനുമാനിക്കേണ്ടിയിരിക്കുന്നു.

കേരളചരിത്രത്തിലുടനീളം കാണുന്ന പ്രളയങ്ങളുടെ കഥ ചരിത്രത്തില്‍ വലിയ രാഷ്ട്രീയ സ്വാധീനങ്ങളും ചെലുത്തിയിട്ടുണ്ട്. കോഴിക്കോട്ടും കൊച്ചിയിലും അവ ആഴമേറിയ തുറമുഖങ്ങള്‍ സംഭാവന ചെയ്തതോടെ കോഴിക്കോട് സാമൂതിരിയും കൊച്ചിയില്‍ പെരുമ്പടപ്പും വലിയ സാമ്പത്തിക രാഷ്ട്രീയ ശക്തികളായി പരിണമിച്ചു. അതേസമയം കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ ആഴം കുറയുകയും അവരുടെ കച്ചവട സ്വാധീനം നഷ്ടപ്പെടുകയും ചെയ്തതുമെല്ലാം ചരിത്രത്തിലെ പ്രളയലീലകളാണ്.

തൊണ്ണൂറ്റിഒന്‍പതിലെ പ്രളയമെന്നറിയപ്പെടുന്ന 1924 ജൂലൈ മാസത്തിലെ പ്രളയത്തെക്കുറിച്ചാണ് വ്യക്തമായി ചരിത്രരേഖകളുള്ളത്. മൂന്നാറിനടുത്തുണ്ടായിരുന്ന കരിന്തിരിമല പൂര്‍ണ്ണമായും ഒഴുകിപ്പോയി. ഇക്കഴിഞ്ഞ 2018 പ്രളയത്തെക്കാള്‍ വലിയ നാശം വിതച്ചുകൊണ്ടാണതു  കടന്നുപോയത്.

ഒരു മഹാദുരന്തത്തിന്റെ സൃഷ്ടിയായ കേരളത്തില്‍ പ്രകൃതിദുരന്തങ്ങള്‍ വീണ്ടും വീണ്ടുമുണ്ടാവും. ഇവയെ അധിക ദുരന്തമാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക മാത്രമാണ് നമുക്കു ചെയ്യാനാവുക. നവകേരള നിര്‍മ്മിതിയില്‍ പരിസ്ഥിതിയുടെ പുനര്‍നിര്‍മ്മാണമല്ല, മറിച്ച് പരിസ്ഥിതി സൗഹൃദ നിര്‍മ്മാണത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. ഭൂമിയുടെ ഉപയോഗവും കൃഷിയുടെ തെരഞ്ഞെടുപ്പും കെട്ടിടനിര്‍മ്മാണവുമെല്ലാം മറ്റൊരു പ്രളയം പടിവാതില്‍ക്കലെത്തിനില്‍ക്കുന്നുവെന്ന ബോധത്തോടെയുള്ളതാവണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com