വിവര്‍ത്തകന്‍ സംസ്‌കാരങ്ങളെ കൂട്ടിയിണക്കുന്ന അംബാസിഡര്‍: എന്‍ മൂസക്കുട്ടി എഴുതുന്നു

വിവര്‍ത്തനം ഒരു ഭാഷയില്‍നിന്നു മറ്റൊരു ഭാഷയിലേക്കുള്ള വെറും രൂപാന്തരമല്ല, ഒരു സംസ്‌കാരത്തില്‍നിന്നു മറ്റൊരു സംസ്‌കാരത്തിലേക്കുള്ള സംക്രമണം കൂടിയാണ്.
വിവര്‍ത്തകന്‍ സംസ്‌കാരങ്ങളെ കൂട്ടിയിണക്കുന്ന അംബാസിഡര്‍: എന്‍ മൂസക്കുട്ടി എഴുതുന്നു

വിവര്‍ത്തനം ഒരു ഭാഷയില്‍നിന്നു മറ്റൊരു ഭാഷയിലേക്കുള്ള വെറും രൂപാന്തരമല്ല, ഒരു സംസ്‌കാരത്തില്‍നിന്നു മറ്റൊരു സംസ്‌കാരത്തിലേക്കുള്ള സംക്രമണം കൂടിയാണ്. ഒരു ജനതയുടെ ഭാഷയും സംസ്‌കാരവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാകയാല്‍, ഒരുകണക്കില്‍ ഭാഷ തന്നെയാണ് സംസ്‌കാരത്തെ നിര്‍ണ്ണയിക്കുന്നത്. രണ്ടും പരസ്പര പൂരകങ്ങളാണ്. പരിഭാഷകന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതുതന്നെയാണെന്നു പറയാം.

ഒരു ദേശത്തെ സാഹിത്യം മറ്റൊരു ദേശത്തിലേക്കു ഭാഷാന്തരം ചെയ്യുമ്പോള്‍ മൊഴിമാറ്റക്കാരന്‍ രണ്ടു സംസ്‌കാരങ്ങളെ കൂട്ടിയിണക്കുകയാണ് ചെയ്യുന്നത്. ഈ അര്‍ത്ഥത്തില്‍ വിവര്‍ത്തകന്‍ ഇരു സംസ്‌കാരങ്ങളേയും കൂട്ടിയിണക്കുന്ന അംബാസിഡറോ പാലമോ ആണ്.

'ആയിരത്തൊന്നു രാവുകള്‍' വിവര്‍ത്തനം ചെയ്യുമ്പോള്‍ അറബ് സംസ്‌കാരത്തെപ്പറ്റി അറിഞ്ഞിരുന്നാല്‍ മാത്രമേ  മൂലകൃതിയോടു നീതിപുലര്‍ത്താന്‍ കഴിയൂ. അതുപോലെ യൂറോപ്യന്‍ കൃതികള്‍ തര്‍ജ്ജമ ചെയ്യുന്നയാള്‍ ബൈബിള്‍ തീര്‍ച്ചയായും പരിചയിച്ചിരിക്കണം.

സാഹിത്യവിവര്‍ത്തകന്‍ നേരിടുന്ന മറ്റൊരു അടിസ്ഥാന പ്രശ്‌നം വിവര്‍ത്തനം ഏതു തരത്തിലുള്ളതായിരിക്കണം  എന്നതാണ്. അതായത് പദാനുപദ വിവര്‍ത്തനമാണോ സ്വതന്ത്ര വിവര്‍ത്തനമാണോ ആശയാനുവാദമാണോ കൂടുതല്‍ അഭികാമ്യം എന്നതാണ് ചോദ്യം ഏതുരീതി സ്വീകരിക്കണമെന്നത് പുസ്തകത്തിന്റെ ഉള്ളടക്കത്തേയും ഉദ്ദേശ്യലക്ഷ്യങ്ങളേയും ആശ്രയിച്ചാണിരിക്കുന്നത്. സാഹിത്യലോകം പൊതുവേ അംഗീകരിച്ചിട്ടുള്ള രീതി പദാനുപദ വിവര്‍ത്തനമാണ്. ഈ രീതിയുടെ ഏറ്റവും മികച്ച മാതൃകയാണ് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരത വിവര്‍ത്തനം. 

എന്നാല്‍, ചില പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സ്വതന്ത്ര വിവര്‍ത്തനം സ്വാഗതാര്‍ഹമാണ്. ഉദാഹരണത്തിന്  നമ്മുടെ ഭാഷാപിതാവായ എഴുത്തച്ഛന്‍ 'അദ്ധ്യാത്മ രാമായണം' വിവര്‍ത്തനകൃതി രചിക്കുമ്പോള്‍, ജനങ്ങളെ ഭക്തിയില്‍ ആറാടിക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. എന്നാല്‍, ബാലസാഹിത്യത്തില്‍ ആശയാനുവാദ രൂപത്തിലുള്ള വിവര്‍ത്തനമോ പുനരാഖ്യാനമോ ആയിരിക്കും അഭിലഷണീയം.

മൂലഗ്രന്ഥകാരന്റെ ശൈലിയും വികാരവുമെല്ലാം വിവര്‍ത്തനത്തിലും പ്രതിഫലിപ്പിക്കാന്‍ ഏറെക്കുറെ പദാനുപദ തര്‍ജ്ജമകൊണ്ടേ സാധ്യമാകൂ. അതേസമയം, യാന്ത്രികമായ പദാനുപദ പരിഭാഷ ഒഴിവാക്കി, പാരായണ യോഗ്യതയും വായനാസുഖവും സംവേദനക്ഷമതയും നിലനിര്‍ത്തിക്കൊണ്ടുള്ള വിവര്‍ത്തനശൈലി സ്വീകരിക്കാത്തപക്ഷം വിവര്‍ത്തനം വികലമായിപ്പോകുകയും ചെയ്യും. ഇംഗ്ലീഷിലെ ഭാവാര്‍ത്ഥ വാക്യങ്ങള്‍ക്കും പഴഞ്ചൊല്ലുകള്‍ക്കും തദനുസൃതമായ പ്രയോഗങ്ങളും ചൊല്ലുകളും മലയാളത്തില്‍നിന്നു കണ്ടെത്തി പ്രയോഗിച്ചാല്‍ വിവര്‍ത്തനം കൂടുതല്‍ സ്വീകാര്യമാകും.

വിവര്‍ത്തകന് ശൈലി ആവശ്യമോ?
ഇവിടെയാണ് വിവര്‍ത്തകനു സ്വന്തമായ ഒരു ശൈലി പാടുണ്ടോ എന്ന ചോദ്യം ഉയര്‍ന്നുവരുന്നത്. പാടില്ല എന്നുതന്നെയാണ് എന്റെ സുചിന്തിതമായ അഭിപ്രായം, വിശേഷിച്ച് സര്‍ഗ്ഗാത്മക കൃതികളില്‍. മൂലഗ്രന്ഥകാരനിലേക്ക് പരകായ പ്രവേശം നടത്തി അദ്ദേഹത്തിന്റെ ശൈലിയും വികാരവും ആവാഹിച്ച് ലക്ഷ്യഭാഷയില്‍ സംക്രമിപ്പിക്കാന്‍ വിവര്‍ത്തകനു കഴിയണം.
അക്കാദമിക വിഷയങ്ങള്‍, ശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയവ പരിഭാഷപ്പെടുത്തുമ്പോള്‍ പദാനുപദരീതി കര്‍ക്കശമായി ദീക്ഷിക്കാത്തപക്ഷം അര്‍ത്ഥഭേദം ഉണ്ടാകാനിടയുണ്ട്.

തോമസ് മന്‍
തോമസ് മന്‍

'മാജിക് മൗണ്ടന്‍' എന്ന പ്രശസ്ത നോവലിന്റെ രചയിതാവും നൊബേല്‍ സമ്മാന ജേതാവുമായ തോമസ് മന്‍ തന്റെ നോവലില്‍ ഒരിടത്ത്  'വശീകരണ കല' എന്ന ഒരു ഫ്രെഞ്ചു പുസ്തകത്തിന്റെ പദാനുപദ വിവര്‍ത്തനത്തെക്കുറിച്ചു പറഞ്ഞത് ഇപ്രകാരമാണ്: ''ഫ്രെഞ്ചില്‍നിന്നുള്ള പദാനുപദ വിവര്‍ത്തനമാണിത്. ആ ഭാഷയുടെ പദവിന്യാസം പോലും നിലനിര്‍ത്തിയിരിക്കുന്നു. അതുവഴി അവതരണത്തിന്റെ അഴകും തീക്ഷ്ണതയും കരസ്ഥമാക്കുകയും ചെയ്തിരിക്കുന്നു.''

ചങ്ങമ്പുഴ
ചങ്ങമ്പുഴ

ഇവിടെയാണ് വിവര്‍ത്തകനു സ്വന്തമായൊരു ശൈലി പാടില്ല എന്നു പറയുന്നതിന്റെ പ്രസക്തി കൂടുതല്‍ പ്രകടമാകുന്നത്. മഹാകവി ചങ്ങമ്പുഴയുടേതായി ഇംഗ്ലീഷില്‍നിന്നുള്ള ചില വിവര്‍ത്തന കൃതികളുമുണ്ട്. പക്ഷേ, അതിലെല്ലാം തുടിച്ചുനില്‍ക്കുന്നത് അദ്ദേഹത്തിന്റേതായ സരളമധുര കാന്തപദാവലിയും അതിഭാവുകത്വവുമാണെന്ന് ആക്ഷേപമുണ്ട്. അതായത് ചങ്ങമ്പുഴയിലൂടെ വിദേശ കവികള്‍ എഴുതിയതും 'മലരണിക്കാടുകള്‍ തിങ്ങിവിങ്ങി, മരതക കാന്തിയില്‍ മുങ്ങിമുങ്ങി' ശൈലിയില്‍ തന്നെ!

കെപി അപ്പന്‍
കെപി അപ്പന്‍

തത്ത്വചിന്താധിഷ്ഠിതമായ നോവലും പൈങ്കിളി നോവലും ഒരേ ശൈലിയില്‍ മൊഴിമാറ്റം നടത്തിയാല്‍ അത് അപഹാസ്യമായിരിക്കും. കൃതിയുടെ സ്വഭാവം നോക്കിവേണം വിവര്‍ത്തകന്‍ ഭാഷയും ശൈലിയുമെല്ലാം സ്വീകരിക്കേണ്ടത്.
പലപ്പോഴും നെടുങ്കന്‍ വാക്യങ്ങളായിരിക്കും കൈകാര്യം ചെയ്യേണ്ടിവരിക എന്നൊരു പ്രശ്‌നം വിവര്‍ത്തകന്‍ നേരിടാറുണ്ട്. മലയാളത്തില്‍ അവ അതേപടി ഘടനാവ്യത്യാസമില്ലാതെ ഭാഷാന്തരം ചെയ്താല്‍ വായന വിരസതയും അരോചകത്വവും സൃഷ്ടിക്കും. അപ്പോഴൊക്കെ നെടുങ്കന്‍ വാക്യങ്ങള്‍ ഒഴുക്ക് നഷ്ടപ്പെടാത്തവിധത്തില്‍ കൊച്ചുവാക്യങ്ങളാക്കി മുറിച്ച് ലാളിത്യവും തെളിമയുമുള്ള മലയാളത്തിലാക്കണം. കഴിയുന്നതും മലയാളത്തനിമയുള്ള വാക്കുകള്‍ തന്നെ ഉപയോഗിക്കുകയും വേണം. ഈ അവസരത്തില്‍, 'കാഥികന്റെ പണിപ്പുര' എന്ന തന്റെ കൃതിയില്‍ എം.ടി. എഴുതിയ ഒരു ഭാഗമാണ് ഓര്‍മ്മ വരുന്നത്. അത് ഏതാണ്ട് ഇപ്രകാരമാണ്: ''അന്ന് കരഞ്ഞുകൊണ്ടാണ് മകന്‍ അമ്മയ്ക്കരികിലെത്തിയത്'' എന്നതിനു പകരം, ''പ്രസ്തുത ദിവസം ബാഷ്പാങ്കുല നേത്രനായാണ് സ്വപുത്രന്‍ മാതൃസവിധത്തില്‍ സന്നിഹിതനായത്'' എന്നെഴുതിയാല്‍ അയാളുടെ ചെപ്പയ്ക്കടിക്കണം.'' ഇതു വിവര്‍ത്തകര്‍ എക്കാലവും ഓര്‍ത്തുവെക്കേണ്ട ഒരു ഉദാഹരണമാണ്.

എംടി
എംടി

പരിഭാഷകന്റെ ഭാഷാമികവ് പൊലിപ്പിച്ചു കാണിക്കാന്‍ വേണ്ടി മൂലഗ്രന്ഥത്തില്‍നിന്നു വ്യതിചലിച്ചുകൊണ്ടുള്ള വിവര്‍ത്തനം ഗ്രന്ഥകാരനോടു ചെയ്യുന്ന കടുത്ത അനീതിയാണ്. തങ്ങളുടെ വിവര്‍ത്തനകൃതിയെക്കുറിച്ച് അഭിപ്രായമാരായാന്‍ ചില പരിഭാഷകര്‍ യശശ്ശരീരനായ നിരൂപകന്‍ കെ.പി. അപ്പനെ സമീപിക്കാറുണ്ടായിരുന്നുവത്രേ. ''ഭാഷ ഉഗ്രനായിരിക്കുന്നുവല്ലോ. ഇനി വിവര്‍ത്തനം എത്രത്തോളം ശരിയാണെന്നറിയാന്‍ മൂലകൃതികൂടി കൊണ്ടുവരൂ'' എന്ന് അദ്ദേഹം പറയുമായിരുന്നു. പലരും പിന്നീട് അദ്ദേഹത്തെ ചെന്നു കാണാറില്ല എന്നതായിരുന്നു വാസ്തവം.

വിവര്‍ത്തനം ചെയ്യുമ്പോള്‍ അര്‍ത്ഥത്തിനു ശോഷണം സംഭവിക്കുന്ന ഘട്ടത്തില്‍ യഥാര്‍ത്ഥ ഭാഗങ്ങളില്‍ ഇല്ലാത്ത ഏതാനും വാക്കുകള്‍ ചേര്‍ത്ത് ആശയത്തെ പരിപൂര്‍ണ്ണമായി അവതരിപ്പിക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്ന് വിഖ്യാത ലാറ്റിനമേരിക്കന്‍ വിവര്‍ത്തകയായ എഡിത്ത് ഗ്രോസ്മാന്‍ പറയുന്നു. സെര്‍വാന്റിസിന്റെ 'ഡോണ്‍ ക്വിക്‌സോട്ട്' ഉള്‍പ്പെടെ നിരവധി ഈടുറ്റ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഇവര്‍, വാക്കുകളുടെയല്ല, അര്‍ത്ഥങ്ങളുടെ വിവര്‍ത്തനത്തിനാണത്രേ പ്രാധാന്യം കൊടുക്കാറുള്ളത്.

ജെയിംസ് ജോയ്‌സ്
ജെയിംസ് ജോയ്‌സ്


വിവര്‍ത്തനത്തില്‍ പച്ച മലയാളവാക്കുകള്‍ പ്രയോഗിക്കേണ്ടിടത്ത് അത്തരം വാക്കുകള്‍ തന്നെ ഉപയോഗിച്ചാലേ ഉദ്ദിഷ്ട പ്രഭാവം കൈവരിക്കാനാകൂ. ഓഷോയുടെ 'പ്രണയത്തിന്റെ രഹസ്യങ്ങള്‍' എന്ന കൃതി വിവര്‍ത്തനത്തിന് അയച്ചു തന്നപ്പോള്‍ അതിന്റെ പകര്‍പ്പവകാശമുള്ള അധികൃതര്‍ ചില നിബന്ധനകള്‍ വെച്ചിരുന്നു. ഉദാഹരണത്തിന്, You fuck, get out of here എന്ന വാക്യം മലയാളത്തിലാക്കുമ്പോള്‍, ''എടാ പുലയാടി മോനേ, കടക്ക് പുറത്ത്'' എന്ന് സന്ദര്‍ഭത്തിനനുസരിച്ച്  മൊഴിമാറ്റണം. ''ഹേ വ്യഭിചാരീ, പുറത്തു കടക്കൂ'' എന്നു സഭ്യമായി പറഞ്ഞാല്‍ ഉദ്ദേശിച്ച അര്‍ത്ഥവ്യാപ്തിയോ ഗൗരവമോ ലഭിക്കില്ല. അതുപോലെ bastard എന്നതിനു സന്ദര്‍ഭാനുസരണം തന്തയ്ക്കു പിറക്കാത്തവന്‍ എന്നോ ജാരസന്തതി എന്നോ പരിഭാഷപ്പെടുത്തണം.


നല്ല നിഘണ്ടുക്കള്‍ നോക്കിയാലും ചിലപ്പോള്‍ വിവര്‍ത്തകന്‍ വിവക്ഷിക്കുന്ന അര്‍ത്ഥമുള്ള വാക്ക് ലഭിക്കണമെന്നില്ല. അപ്പോള്‍ അയാള്‍ക്ക് സ്വന്തമായി പുതിയ വാക്കുകള്‍ സൃഷ്ടിച്ചെടുക്കേണ്ടിവരും. ചിലപ്പോള്‍ സാമാന്യയുക്തിയും മനോധര്‍മ്മവും ഉപയോഗിച്ച് പദങ്ങള്‍ കണ്ടുപിടിക്കേണ്ടതായും വന്നേക്കാം. 'ആയിരത്തൊന്നു രാവുകളി'ല്‍ She talked behind the curtain എന്നൊരു പ്രയോഗമുണ്ട്. Curtain എന്ന പദത്തിനു നിഘണ്ടുവില്‍ തിരശ്ശീല, യവനിക എന്നൊക്കെയാണ് അര്‍ത്ഥം. പഴയകാല അറേബ്യന്‍ സംസ്‌കാരമനുസരിച്ച് സ്ത്രീകള്‍ അന്യ പുരുഷന്മാരോടു സംസാരിക്കുമ്പോള്‍ തുണിമറയ്ക്കു പിറകിലാണ് സംസാരിക്കുക. അതിനാല്‍ ഇവിടെ തുണിമറ എന്നുതന്നെ വേണം എഴുതാന്‍.

ജെയിന്‍ ഓസ്റ്റിന്‍
ജെയിന്‍ ഓസ്റ്റിന്‍


നൂറില്‍പ്പരം കൃതികള്‍ വിവര്‍ത്തനം ചെയ്ത ഒരാളെന്ന നിലയില്‍ എന്നെ ഏറ്റവുമധികം കുഴക്കിയ ഒരു കൃതിയാണ്, എനിക്ക് കേരള സാഹിത്യ അക്കാദമിയുടെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് നേടിത്തന്ന ജെയിംസ് ജോയ്‌സിന്റെ 'യുലീസസ്സ്' എന്ന പ്രശസ്ത നോവല്‍. പലരും ശ്രമിച്ച് കൈപൊള്ളി പിന്‍വാങ്ങിയ ഇതിന്റെ വിവര്‍ത്തനം വെല്ലുവിളിയായി ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. ഇങ്ങനെ പയുന്നതിനു തക്കതായ കാരണങ്ങളുണ്ട്. യുലീസസ്സിലെ മിക്ക അദ്ധ്യായങ്ങളും പരീക്ഷണാത്മകങ്ങളാണ്. വിക്ടോറിയന്‍ ശൈലി, ഇതിഹാസശൈലി, നാടകശൈലി, പത്രപ്രവര്‍ത്തനശൈലി, പൈങ്കിളിശൈലി, ചോദ്യോത്തര ശൈലി, ബോധധാരാ രീതി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ശൈലികള്‍ ജോയ്‌സ് യുലീസസ്സില്‍ പരീക്ഷണാത്മകമായി പ്രയോഗിച്ചിരിക്കുന്നു. ഓരോ ശൈലിക്കും അനുസൃതമായ ഭാഷയില്‍ത്തന്നെ വേണം വിവര്‍ത്തനം എന്നതിനാല്‍ അത് ഏറെ ക്ലേശകരമായിരുന്നു. മാത്രമല്ല, ഭാഷാപരമായ കസര്‍ത്തുകളും അഭ്യാസങ്ങളും സാഹിത്യ ഹാസ്യാനുകരണങ്ങളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അടിക്കുറിപ്പുകളുടെ സഹായത്തോടെയല്ലാതെ ഈ നോവല്‍ വായിച്ചു മനസ്സിലാക്കുക എളുപ്പമല്ല എന്നതിനാല്‍ നാലായിരത്തില്‍പ്പരം കുറിപ്പുകള്‍ ചേര്‍ക്കേണ്ടിവന്നു. ഇവയെല്ലാം സ്വാംശീകരിച്ചു സംക്ഷേപിക്കുക ദുഷ്‌കരമായ പ്രവൃത്തിയായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ.

മൊഴിമാറ്റത്തിലെ ചതിക്കുഴികള്‍
അവസാനത്തേതായ പതിനെട്ടാം അധ്യായമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. 65 പേജുകളിലായി വെറും രണ്ടേ രണ്ടു വാക്യങ്ങള്‍ മാത്രമുള്ള, രണ്ടു വിരാമങ്ങളൊഴികെ മറ്റു ചിഹ്നങ്ങളൊന്നുമില്ലാത്ത, കഥാനായിക മോളി ബ്ലൂമിന്റെ കൂലംകുത്തിയൊഴുകുന്ന ആത്മഗതത്തിന്റെ തനതു രൂപത്തിലുള്ള വിവര്‍ത്തനം ശരിക്കുമൊരു വെല്ലുവിളി തന്നെയായിരുന്നു.

ദുര്‍ഗ്രഹതയ്ക്കു പേരു കേട്ടതാണ് ഈ നോവല്‍. തന്റെ പേര് അനശ്വരമായി നിലനിര്‍ത്താന്‍ വേണ്ടി ജെയിംസ് ജോയ്‌സ് ഇതില്‍ മനപ്പൂര്‍വ്വം ദുര്‍ഗ്രഹത വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ ആമുഖത്തില്‍ പറയുന്നുണ്ട്. വാക്കുകളേയും വാക്യങ്ങളേയും ഏതു നിലയ്ക്കും വ്യാഖ്യാനിക്കത്തക്ക വിധത്തിലാണ് വിന്യാസം. വിവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വൈതരണി തന്നെ.

മൊഴിമാറ്റത്തിലെ ഇനിയൊരു പ്രശ്‌നം വിവര്‍ത്തകന്‍ ചതിക്കുഴിയില്‍ വീഴാന്‍ സാധ്യതയുള്ള പല വാക്കുകളും ഇംഗ്ലീഷിലുണ്ട് എന്നതാണ്. ജെയിന്‍ ഓസ്റ്റിന്റെ സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി എന്ന നോവലില്‍, 'She is the natural daughter of...' എന്നൊരു വാക്യമുണ്ട്. സാധാരണഗതിയില്‍ ആരും ധരിച്ചുപോവുക സ്വാഭാവിക രീതിയില്‍ ഉണ്ടായ മകള്‍ എന്നായിരിക്കും. എന്നാല്‍, ഇവിടെ natural എന്ന വാക്കിന്റെ അര്‍ത്ഥം 'അവിഹിത വേഴ്ചയില്‍ ഉണ്ടായ' അല്ലെങ്കില്‍ 'വിവാഹം കഴിക്കാതെ പ്രകൃതിയുടെ രീതിയനുസരിച്ച് മൃഗങ്ങളെപ്പോലെ  ഇണചേര്‍ന്നു ജനിച്ച' എന്നാണ്.

ഈയിടെ പ്രസിദ്ധീകരിച്ച തോമസ് മനിന്റെ മാജിക് മൗണ്ടന്‍ എന്ന ബൃഹത് ജര്‍മ്മന്‍ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയില്‍നിന്നാണ്  ഞാന്‍ മലയാള പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്. ഇതിലെ ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍ വളരെ കാലഹരണപ്പെട്ടതാണ്. ഉദാഹരണമായി, like Albin's എന്നതിനു പകരം Albin's Kidney എന്നാണ് പ്രയോഗം. ഇവിടെ Kidney എന്നതിന് like എന്ന അര്‍ത്ഥമാണുള്ളത്. ആല്‍ബിനിന്റെ വൃക്ക എന്നൊക്കെ പരിഭാഷപ്പെടുത്തിയാല്‍ എന്തായിരിക്കും സ്ഥിതി? അതിനാല്‍ മറ്റൊരു ഭാഷയില്‍നിന്ന് ഇംഗ്ലീഷിലേക്കു വന്ന കൃതികള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ സാമാന്യേന സുഗ്രാഹ്യമായ പരിഭാഷയെയാണ് വിവര്‍ത്തകന്‍ ആശ്രയിക്കേണ്ടത്.

ഡെനിസ് ഡീഡ്‌റോ
ഡെനിസ് ഡീഡ്‌റോ

ഫ്രെഞ്ച്, സ്പാനിഷ്, റഷ്യന്‍, അറബിക് തുടങ്ങിയ വിദേശ ഭാഷകളുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍നിന്നുള്ള മലയാള വിവര്‍ത്തനമാണിന്ന് കേരളീയര്‍ വായിക്കുന്ന ബഹുഭൂരിപക്ഷവും. തനതു ഭാഷയില്‍നിന്നു നേരിട്ടു വിവര്‍ത്തനം ചെയ്യുന്നവര്‍ കേരളത്തിലുണ്ടെങ്കിലും അവരുടെ എണ്ണം തുലോം കുറവാണ്. വിവര്‍ത്തനത്തില്‍നിന്നുള്ള വിവര്‍ത്തനത്തിന് അതിന്റേതായ കുറ്റങ്ങളും കുറവുകളും ഉണ്ടായേക്കുമെന്നതില്‍ തര്‍ക്കമില്ല. അര്‍ത്ഥശോഷണമോ സാഹിത്യഭംഗിയോ ചോര്‍ന്നുപോകാന്‍ ഇടയുണ്ടെങ്കിലും വിവര്‍ത്തനലോകത്തിന്  ഇവിടെ നിസ്സഹായത പുലര്‍ത്തുകയേ നിവൃത്തിയുള്ളൂ.

ഫ്രെഞ്ച് നോവലിസ്റ്റായ ഡെനീസ് ഡീഡ്‌റോയുടെ The Nun അഥവാ ഒരു കന്യാസ്ത്രീയുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന നോവലില്‍ scourge എന്ന ഒരു പദമുണ്ട്. അതിന്റെ നിഘണ്ടു അര്‍ത്ഥം വിപത്ത്, ചാട്ടവാര്‍ എന്നൊക്കെയാണ്. കന്യാസ്ത്രീകള്‍ തങ്ങളുടെ തിരുവസ്ത്രത്തിനുമേല്‍ അരയില്‍ കെട്ടുന്ന നാടയെയാണ് scourge എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. കൃത്യമായ പദം കിട്ടാതിരുന്നപ്പോള്‍ ഞാനിതിനെക്കുറിച്ച് കന്യാമഠവുമായി ബന്ധപ്പെട്ട ഒരു ഇംഗ്ലീഷ് അദ്ധ്യാപികയോട് അന്വേഷിച്ചു. കന്യാസ്ത്രീകള്‍ scourge-നെ മലയാളത്തില്‍ പറയുന്നത് കയറ് എന്നാണത്രേ. അതിനാല്‍ കയറ് എന്ന വാക്കു തന്നെയാണ് വിവര്‍ത്തനത്തിലും ഞാന്‍ ഉപയോഗിച്ചത്.


ഞാന്‍ നേരത്തെ പരാമര്‍ശിച്ച യുലീസിസ്സില്‍ outsider എന്നൊരു പ്രയോഗമുണ്ട്. ഇതിലെ നായിക മോളി ബ്ലൂം ലൈംഗികശേഷി കുറഞ്ഞ തന്റെ ഭര്‍ത്താവിനെ പരിഹാസ്യമായി വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണിത്. ഇവിടെ യാന്ത്രികമായി 'അന്യന്‍' എന്നു പരിഭാഷപ്പെടുത്താം. എന്നാല്‍ ഈ അര്‍ത്ഥം സന്ദര്‍ഭവുമായി ഇണങ്ങിപ്പോകുന്ന ഒന്നല്ല. നിഘണ്ടുവില്‍ കണ്ട മറ്റൊരു അര്‍ത്ഥമായ 'പന്തയത്തില്‍ ജയിക്കാന്‍ സാദ്ധ്യതയില്ലാത്ത കുതിര' എന്നതാണ് ഇവിടെ ഒത്തുപോകുന്നത്.

മുസ്സോളിനി
മുസ്സോളിനി

മുസ്സോളിനിയുടെ 'ആത്മകഥ'യില്‍ I first met him in the theatere എന്ന ഒരു വാക്യമുണ്ട്. കഥാപാത്രം മുസ്സോളിനി ആകയാല്‍ ഇവിടെ തിയേറ്റര്‍ നാടകശാലയോ സിനിമാശാലയോ ആകാനിടയില്ല എന്ന സംശയം മൂലം നിഘണ്ടു പരിശോധിച്ചു. theatere എന്നതിന്  'യുദ്ധഭൂമി' എന്ന അര്‍ത്ഥം കൂടി ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടു. മുസ്സോളിനിയുടെ ഇഷ്ടവേദി യുദ്ധഭൂമിയാണല്ലോ.

ഒരു നിഘണ്ടു നിര്‍മ്മിക്കാന്‍ പാകത്തില്‍ ഇതേപോലെ തെറ്റദ്ധരിപ്പിക്കാവുന്നതും വ്യത്യസ്തവും വിചിത്രവും കൗതുകകരവും ചിലപ്പോള്‍ നേര്‍വിപരീതവുമായ നിരവധി പദങ്ങള്‍ ഇംഗ്ലീഷിലുണ്ട്. ചുരുക്കം ചില ഉദാഹരണങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് ലേഖനം ഉപസംഹരിക്കാം. വിവര്‍ത്തനമദ്ധ്യേ ശ്രദ്ധയില്‍പ്പെട്ട വാക്കുകളാണിവ:
dread-ബഹുമാനമുണ്ടാക്കുന്ന വസ്തു/വ്യക്തി
neat house-തൊഴുത്ത്
smart-കഠിന വേദന
love child-ജാരസന്തതി
glassy eye-തിളക്കമില്ലാത്ത കണ്ണ്
cold comfort-ആശ്വസിക്കാന്‍ വകയില്ലാത്ത അവസ്ഥ
tomboy-തെറിച്ച പെണ്‍കുട്ടി
likely story-വിശ്വസിക്കാനാകാത്ത കഥ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com