ഒന്നാം ലോകമഹായുദ്ധം നോവലായപ്പോള്‍: വൈക്കം മുരളി എഴുതുന്നു

പോളിഷ് എഴുത്തുകാരന്‍ (Jozef wittlin) യോസഫ് വിറ്റ്‌ലിന്റെ ഭൂമിയുടെ ലവണം (The Salt of the Earth) എന്ന നോവലിന്റെ വായന
ഒന്നാം ലോകമഹായുദ്ധം നോവലായപ്പോള്‍: വൈക്കം മുരളി എഴുതുന്നു


ന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി സാഹിത്യരചനകള്‍ പുറത്തുവന്നിട്ടുണ്ട്. ഇവയില്‍വച്ച് ഏറ്റവും ശ്രദ്ധേയമായ നോവലുകളിലൊന്നായി അനുഭവപ്പെട്ടത് ജര്‍മന്‍ എഴുത്തുകാരനും ജൂതവംശജനുമായ യോസഫ് റോത്തിന്റെ (Joseph Roth) എഡറ്റ്‌സ്‌കി മാര്‍ച്ച് (Radetzky March) എന്ന രചനയാണ്. 1932-ല്‍ പുറത്തുവന്ന ഈ നോവല്‍ യോസഫ് റോത്തിന്റെ ഏറ്റവും മികച്ച രചനയുമായി തീര്‍ന്നു. 

പക്ഷേ, അടുത്തകാലത്ത് വായിക്കാന്‍ കഴിഞ്ഞ ഭൂമിയുടെ ലവണം എന്ന പോളിഷ് നോവല്‍ മിത്തിക്കലും എപ്പിക്കലുമായ ഒരു മഹാരചനയുടെ മണ്ഡലത്തിലേക്ക് വികസിതമായി നില്‍ക്കുന്ന ഒന്നാണെന്ന് പ്രശസ്ത ജര്‍മന്‍ എഴുത്തുകാരനായ റ്റോമാസ് മന്‍ വിശേഷിപ്പിച്ചതിനോട്  ആദരവോടെ മാത്രമെ ഓര്‍ക്കാന്‍ കഴിയൂ. ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച മികച്ച പോളിഷ് എഴുത്തുകാരനായ യോസഫ് വിറ്റ്‌ലിന്‍ രചിച്ച ഈ നോവല്‍ ശരിക്കും ഒരു നോവല്‍ ത്രയത്തിന്റെ ആദ്യഭാഗമെന്ന രീതിയിലാണ് നോവലിസ്റ്റ് എഴുതിയത്. സൗമ്യപാദനായ ഒരു പട്ടാളക്കാരന്റെ ആഖ്യായിക (The Saga of the Patient Foot Soldier) എന്ന ശീര്‍ഷകത്തിലാണ് ഈ നോവല്‍ ത്രയത്തിന്റെ രൂപം അദ്ദേഹം വിഭാവനം ചെയ്തിരുന്നത്. 1936-ല്‍ ഭൂമിയുടെ ലവണം പ്രസിദ്ധീകൃതമായതോടെ പോളിഷ് സാഹിത്യത്തില്‍ അറിയപ്പെടുന്ന ഒരെഴുത്തുകാരനായി അദ്ദേഹം മാറിക്കഴിഞ്ഞു. നോവലിസ്റ്റ്, ലേഖനകര്‍ത്താവ്, കവി എന്നതിനൊക്കെയപ്പുറം പോളിഷ് ഭാഷയുടെ ഒരു മാസ്റ്ററായിട്ടാണ് അദ്ദേഹത്തെ ഏവരും വിശേഷിപ്പിച്ചിരുന്നത്. പക്ഷേ, ഏറ്റവും ദാരുണമായ ഒരു സംഭവം നടന്നു. നോവല്‍ ത്രയത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളുടെ ഡ്രാഫ്റ്റ് കോപ്പിയുമായി ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ ഫ്രെഞ്ച് കടലോര പട്ടണമായ സെന്റ് ഷാങ് ഡി ലുസില്‍വച്ച് 1940 ജൂണ്‍ 22-ാം തീയതി ഒരു പട്ടാളക്കാരന്‍ അദ്ദേഹത്തിന്റെ നോവല്‍ ഡ്രാഫ്റ്റടങ്ങിയ സൂട്ട്‌കേസ് കടലിലേക്കു വലിച്ചെറിഞ്ഞു. രണ്ടാമത്തെ ഭാഗത്തിന്റെ ആദ്യ ഭാഗമായ ആരോഗ്യകരമായ മരണം (Healthy Death) മാത്രം അതിജീവിക്കപ്പെടുകയായിരുന്നു. ഇത് ഒന്നാം ഭാഗമായ ഭൂമിയുടെ ലവണത്തിന്റെ അവസാനം ചേര്‍ത്തിട്ടുമുണ്ട്. 

1896 ആഗസ്റ്റ് 17-ാം തീയതി പഴയ ഓസ്ട്രിയ ഹംഗറിയുടെ ഭാഗമായിരുന്ന ഗലിസിയയിലാണ് (ഇപ്പോഴത്തെ ഉക്രയിന്‍) അദ്ദേഹം ജനിച്ചത്. 1976 ഫെബ്രുവരി 29-ാം തീയതി ന്യൂയോര്‍ക്കില്‍വച്ച് അന്തരിക്കുകയും ചെയ്തു. ഹോമറിന്റെ ഒഡീസ്സി എന്ന മഹാകാവ്യം പോളിഷ് ഭാഷയിലേക്ക് അദ്ദേഹം പരിഭാഷപ്പെടുത്തിയതോടെ അതിന്റെ നിര്‍ണ്ണായകമായ സ്വാധീനം അദ്ദേഹത്തിന്റെ രചനകളെ കൂടുതല്‍ സമ്പന്നമാക്കി. വിയന്ന സര്‍വ്വകലാശാലയിലെ പഠനത്തിനുശേഷം അദ്ദേഹം രണ്ടു വര്‍ഷക്കാലം ഓസ്‌ട്രോ - ഹംഗേറിയന്‍ സൈനിക വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കുകയുണ്ടായി. 

ആദ്യ കവിതയായ സങ്കീര്‍ത്തനങ്ങള്‍ (Hymns) എന്നതിലൂടെ വ്യക്തികളുടെ ജീവിതത്തില്‍ ശക്തരായ ഭരണകൂടവും സാമൂഹിക ഘടനകളും ചേര്‍ന്നുണ്ടാക്കുന്ന ഭീകരതകള്‍ക്കെതിരെയുള്ള ഒരു പ്രതിരോധമെന്ന നിലയിലാണ് ഈ കവിത രചിക്കപ്പെട്ടത്. വ്യക്തികള്‍ ഇവയ്ക്ക് ഇരയാവുമ്പോള്‍ ഉണ്ടാകുന്ന ഭീകരമായ ജീവിതാന്തരീക്ഷത്തെ അദ്ദേഹം വളരെ ശക്തമായി ചിത്രീകരിക്കുകയായിരുന്നു. 


ഭൂമിയുടെ ലവണം എന്ന ഈ നോവല്‍ ഓസ്ട്രിയന്‍ സൈന്യത്തിലേക്ക് സ്വന്തം അനുമതിയില്ലാതെ ചേര്‍ക്കപ്പെട്ട നിരക്ഷരനായ പോളിഷ് ഗ്രാമീണന്റെ കഥയാണ് നോവലിലെ പ്രധാന ആഖ്യാതാവായി വരുന്നത്. റെയില്‍വെക്കാരനായ പിയൊറ്റര്‍ നീവിയാഡോംസ്‌കിയാണ് അബുദ്ധിയായ പീറ്റര്‍ (Peter Incognito) എന്ന വിശേഷ പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ലോവ്-സെര്‍നോവിക് റെയില്‍പ്പാതയില്‍ താഴ്ന്ന ഒരു ജോലിക്കാരനായിട്ടാണ് ഇയാള്‍ ജീവിതം നിലനിര്‍ത്തിയിരുന്നത്. 

യുദ്ധത്തിന്റെ നിരര്‍ത്ഥകത
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കാര്‍പാത്തിയല്‍ പര്‍വ്വതനിരകളിലെ ഗ്രാമത്തില്‍ വസിച്ചിരുന്നവര്‍ ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്. ഹാബ്‌സ്ബര്‍ഗ് സാമ്രാജ്യത്തിലുള്‍പ്പെട്ടിരുന്ന ഈ വിദൂര ഗ്രാമങ്ങളില്‍ ആധുനിക ലോകത്തിന്റെ സ്പര്‍ശം ഇനിയും എത്തിച്ചേര്‍ന്നിരുന്നുമില്ല. അവരിലൊരാളായിരുന്നു നോവലിലെ ആഖ്യാതാവായ പിയൊറ്റര്‍. വളഞ്ഞ കാലുള്ള ഈ ഗ്രാമീണനായ മനുഷ്യന്റെ ചിരകാലാഭിലാഷം സ്ഥിരമായ ഒരു റെയില്‍വെ ജോലിയും ഒരു ഭവനവും സ്ത്രീധനം തരാന്‍ തയ്യാറുള്ള ഒരു വധുവും മാത്രമായിരുന്നു. ഒരു ഹൂട്‌സൂള്‍ മാതാവിന്റേയും പോളിഷ് പിതാവിന്റേയും പുത്രനായിട്ടാണ് ഇയാള്‍ ജനിച്ചത്. 
ആദ്യം ഇയാള്‍ ഒരു പോര്‍ട്ടറായിട്ട് ജോലി ചെയ്യുകയായിരുന്നു. പിന്നീട് ടോപോരി-സെര്‍നിലിക്ക റെയില്‍വെ സ്റ്റേഷനിലെ ഒരു സിഗ്‌നല്‍മാന്റെ പദവിയിലും അയാള്‍ ജോലി ചെയ്തു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട ഒരു കാലഘട്ടമായിരുന്നു അത്. ഗലീസിയന്‍ ബൂക്കോവിന അതിര്‍ത്തിദേശങ്ങളിലെ ഇങ്ങനെയുള്ള ഒരു സ്റ്റേഷന്‍ നോവലിസ്റ്റിന്റെ ഭാവനയില്‍ വിരിഞ്ഞ ഒന്നായിരുന്നുവെന്ന് വിശേഷിക്കപ്പെട്ടിട്ടുമുണ്ട്. 

മറ്റുള്ള ആയിരക്കണക്കിനു സാധാരണക്കാരായ മനുഷ്യരെപ്പോലെ ചക്രവര്‍ത്തിയായ ഫ്രാന്‍സ് യോസഫിന്റെ കല്പനപ്രകാരം അയാളെ നിര്‍ബന്ധിതമായി ഓസ്‌ട്രോ ഹംഗേറിയന്‍ സൈന്യത്തില്‍ അംഗമാക്കി ചേര്‍ക്കുകയായിരുന്നു. വ്യക്തിയുടെ സമ്മതത്തിനപ്പുറം സാമ്രാജ്യത്തിന്റെ പ്രതിരോധമായിരുന്നു ചക്രവര്‍ത്തി മുന്നില്‍ കണ്ടിരുന്നത്. 
നോവലിസ്റ്റായ വിറ്റ്‌ലിന്‍ ഒരു ലേഖനത്തില്‍ ഈയൊരു പ്രതിസന്ധിയെക്കുറിച്ച് എഴുതുന്നുണ്ട്. ''ഇങ്ങനെയുള്ള ഒരു ദുരന്തത്തെ എപ്പോഴും ഉള്‍ക്കൊള്ളാന്‍ അയാള്‍ തയ്യാറായിരുന്നില്ല.'' എന്തിനുവേണ്ടിയാണ് താന്‍ പോരാടുന്നതെന്നോ എന്തിനുവേണ്ടിയാണോ താന്‍ മരിക്കേണ്ടിവരുന്നതെന്നോ എന്നതിനെക്കുറിച്ചൊന്നും യാതൊരു ധാരണയുമില്ലാത്ത അവസ്ഥയിലാണ് ഇത് സംഭവിച്ചത്. 

യുദ്ധമെന്ന ഒരു യാഥാര്‍ത്ഥ്യത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചാണ് ഇതിലൂടെ വിറ്റ്‌ലിന്‍ ആശങ്കാകുലനായിത്തീരുന്നത്. വായനക്കാരെ യുദ്ധത്തിന്റെ അനിവാര്യമായ ഭീകരതകളെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും കൂടിയാവാം. ആകെക്കൂടി ഒരു റെയില്‍വെ ജോലിക്കാരനായിരിക്കാനുള്ള ആഗ്രഹവുമായി നടന്ന പിയൊറ്ററിനെയാണ് കാലം യുദ്ധരംഗത്തേക്ക് തള്ളിവിട്ടത്. ലളിതമായ ഒരു ജീവിതം മാത്രം സ്വപ്നം കണ്ട മനുഷ്യന്റെ മുന്നില്‍ യുദ്ധം ഒരു നിയോഗംപോലെ വന്നുവീഴുകയായിരുന്നു. യുദ്ധരംഗത്തെ ആയിരക്കണക്കിനു സൈനികരില്‍ അജ്ഞാതരായ പോളണ്ടുകാരും ഹംഗറിക്കാരും ജൂതരും റൊമാനിയക്കാരും ബോസ്‌നിയക്കാരും മറ്റുള്ള ജനസമൂഹങ്ങളും ഉള്‍പ്പെട്ട വലിയ ഒരു ജനസമൂഹം തന്നെയുണ്ടായിരുന്നു. 

പിയൊറ്ററിന്റെ വിചാരങ്ങളിലൂടെ യുദ്ധരംഗത്തെക്കുറിച്ച് തീവ്രമായ ചിന്തകളിലേക്കും വിശകലനങ്ങളിലേക്കും നോവലിസ്റ്റ് കടന്നുചെല്ലുന്നുണ്ട്. ലോകത്തിലെ പ്രത്യേകിച്ചും യൂറോപ്പിലെ വിവിധ കോണുകളില്‍നിന്നുമുള്ള മനുഷ്യരുടെ പ്രവാഹം അവരുടെതന്നെ യാതനകളാകുന്ന മത്സരകേളികളിലേക്കെന്നപോലെ ഒഴുകിയെത്തുകയോ വലിച്ചെറിയപ്പെടുകയോ ചെയ്യുകയായിരുന്നു. വിശപ്പിന്റെ ആധിക്യവും ജ്വരപീഡനങ്ങളുടെ ആക്രമണവുംകൊണ്ട് അവരാകെ തകര്‍ന്നുപോയിരുന്നു. ചക്രവര്‍ത്തിയെന്ന ഒരു രൂപത്തിനുവേണ്ടി അയാളുടെ ഒത്തൊരുമിച്ചുള്ള ശക്തിപ്രകടനങ്ങള്‍ക്കു മുന്നില്‍ ആര്‍ക്കുവേണ്ടിയോ യുദ്ധം ചെയ്യാനുള്ള ഒരു നിയോഗമാണ് അവര്‍ക്ക് ഏറ്റെടുക്കേണ്ടതായി വന്നത്. ചക്രവര്‍ത്തിയുടെ ലോകം അബദ്ധജഡിലവും നുണകള്‍കൊണ്ട് ആവരണം ചെയ്തതുമായിരുന്നു. ചെറുപ്പക്കാരായ കുറേ മനുഷ്യരുടെ ജീവിതമാണ് ഇതിനുവേണ്ടി വലിച്ചെറിയപ്പെട്ടത്. യുദ്ധത്തിനുവേണ്ടിയും മരണമെന്ന മഹാസമസ്യയുടെ ഭീകരമായ തലങ്ങളിലെ പങ്കാളികളെന്ന നിലയിലും ഇതിനോട് വിയോജിച്ചുനില്‍ക്കാനുള്ള ഒരു സാഹചര്യം അന്നുണ്ടായിരുന്നുമില്ല. അന്നുവരെ ഭയമെന്നത് ശരിക്കും അന്യമായ അവസ്ഥയായിരുന്നു. ഇപ്പോളത് അവരില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്നു. അവരുടെ യൂണിഫോമിന്റെ പരുക്കന്‍ നാരുകളില്‍നിന്നും ഇപ്പോളത് അവരുടെ തണുത്തു വിറച്ച ശരീരഭാഗങ്ങളിലേക്ക് തുളച്ചുകയറിയിരിക്കുന്നു. അവരണിഞ്ഞിരിക്കുന്ന ചമയങ്ങളുടെ മദ്യത്തിന്റെ മണമുള്ള ആവേശം അവരെ മരണത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയായിരുന്നു എന്ന് അവര്‍ അറിഞ്ഞിരുന്നുവോ. ഒരു അത്ഭുതമാണ് അവിടെ സംഭവിച്ചത്. അച്ചടക്കബോധം വ്യായാമമില്ലാത്ത ഒരു ജനക്കൂട്ടത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. അതവരുടെ അസ്ഥികളിലേക്ക് നുഴഞ്ഞുകയറി മജ്ജയുമായി സമന്വയിക്കുകയായിരുന്നു. അതോടെ അവരുടെ  ചലനശേഷിക്കും മാന്ദ്യം സംഭവിച്ചു. എന്തിന് ഇതവരുടെ ശബ്ദവിന്യാസങ്ങളില്‍പ്പോലും മാറ്റങ്ങള്‍ വരുത്തി. 

നിങ്ങള്‍ ഭൂമിയുടെ ലവണമാണെന്ന് മാത്യുവിന്റെ വചനങ്ങളിലൂടെ ബൈബിള്‍ അനുശാസിക്കുന്നു. പക്ഷേ, ഈ ലവണത്തിന് അതിന്റേതായ സ്വഭാവം നഷ്ടപ്പെടുകയാണെങ്കില്‍ പിന്നീട് എവിടെയാണ് അതിനതിന്റെ ലവണസ്പര്‍ശം സംവേദിക്കാന്‍ കഴിയുന്നത്. അത് ഒന്നുമില്ലാതായി തീരുന്ന ഒരവസ്ഥയാണിത്. പുറത്തേക്ക് വലിച്ചെറിയപ്പെട്ട് മനുഷ്യരുടെ കര്‍ക്കശ പാദവിന്യാസങ്ങള്‍ക്കടിയില്‍ അത് തകര്‍ന്നുപോവുകയും ചെയ്യും. 

ഈ പ്രമേയത്തിന്റെ തീവ്രമായ ഒരു സന്ദേശമാണ് നോവലിസ്റ്റ് നോവലിലൂടെ നമുക്കു പങ്കുവച്ചുതരുന്നത്. അവരുടെ അവസാനത്തെ രക്തത്തുള്ളികള്‍ ആര്‍ക്കുവേണ്ടിയാണ് ചൊരിയപ്പെടേണ്ടതെന്ന മഹാസത്യം ചരിത്രം തന്നെ സ്വയം നമുക്കു കാട്ടിത്തന്നുകൊണ്ടിരിക്കുകയാണെന്ന് ഈ മനുഷ്യരുടെ യാതന നിറഞ്ഞ ജീവിതത്തിലൂടെ നമുക്കു കാട്ടിത്തരുകയാണ്. ആരും അവരോട് ഇതിനെക്കുറിച്ച് ആവശ്യപ്പെടുന്നില്ലെങ്കിലും കാര്യങ്ങള്‍ സംഭവിക്കുന്ന രീതിക്കു മാറ്റമൊന്നും സംഭവിക്കുന്നില്ല. പക്ഷേ, ഈ രക്തം അതിന്റെ തന്നെ അധഃപതനത്തിനെതിരെ പോരാടുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഓസ്ട്രിയയും റഷ്യയും തമ്മിലുള്ള ആദ്യത്തെ ഏറ്റുമുട്ടല്‍ ബെസാറാബിയക്കും നോവൊസെലിട്‌സിയക്കടുത്തുള്ള ബുക്കോവിനയിലാണ് സംഭവിച്ചത്. ഈ യുദ്ധത്തില്‍ ആദ്യമായി സ്വന്തം ജീവിതം ബലികഴിക്കേണ്ടിവന്ന മനുഷ്യന്‍ അജ്ഞാതനായി നിലകൊള്ളുന്നു. അയാളെ വധിച്ച സൈനികനും അജ്ഞാതനായിരുന്നു. യുദ്ധത്തിന്റെ അന്ത്യത്തില്‍ മരണത്തിനു കീഴടങ്ങേണ്ടിവന്ന മനുഷ്യനും അറിയപ്പെടാതെ പോകുന്നു. യുദ്ധത്തിന്റെ ഒരു ദുരന്തനിയോഗം തന്നെയാണിത്. അജ്ഞാതനായ പട്ടാളക്കാരന്‍ അജ്ഞാതനെന്ന പദവിക്കുള്ളില്‍ത്തന്നെ കഴിയേണ്ടിവരുന്നു. 

പിയൊറ്റര്‍ ശരിക്കും ചക്രവര്‍ത്തിയുടെ സ്വത്താണ്. എല്ലാം ചക്രവര്‍ത്തിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഒരു റെയില്‍വെ ജോലിമാത്രം സ്വപ്നം കണ്ടു നടന്ന പിയൊറ്ററിന്റെ നിയോഗമായി കടന്നുവന്നത് ഒരു മഹായുദ്ധത്തിന്റെ ദുരൂഹതകള്‍ നിറഞ്ഞ അയാള്‍ക്ക് അജ്ഞാതമായ എന്തൊക്കെയോ ആയിരുന്നു. ചുവപ്പും പച്ചയും കലര്‍ന്ന സിഗ്‌നല്‍മാന്റെ ലോകത്തില്‍ യുദ്ധത്തിനു യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. 

യോസഫ് വിറ്റ്‌ലര്‍
യോസഫ് വിറ്റ്‌ലര്‍

യുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു എന്ന ആക്രോശത്തോടെ സ്റ്റേഷന്‍ മാസ്റ്റര്‍ ചക്രവര്‍ത്തിയുടെ കല്പന തന്നെ ഏല്പിച്ച ആ പ്രഭാതത്തെക്കുറിച്ച് ഭയത്തോടെയാണ് അയാള്‍ ഓര്‍ക്കുന്നത്. യുദ്ധരംഗത്തേക്ക് പോകും മുന്‍പ് കാമുകിയായ മാഗ്ദയോട് അയാള്‍ക്ക് വിടപറയേണ്ടിയിരിക്കുന്ന അയാള്‍ക്കൊപ്പം വിടചൊല്ലുന്നതിനു മുന്‍പുള്ള രാത്രി ചെലവഴിക്കാനും അവള്‍ തയ്യാറായി. ഇനി പിയൊറ്ററിനെ കാണാന്‍ സാധിക്കുമോ. വേദനയോടെ അവള്‍ എല്ലാം ഓര്‍ക്കുകയായിരുന്നു. 

ലോകമഹായുദ്ധത്തിന്റെ കാവ്യാത്മകമായ പ്രതിനിധാനം

ഒരു യുദ്ധം അവസാനിക്കുമ്പോള്‍ പിയൊറ്റര്‍ സ്വയം പറഞ്ഞ ചക്രവര്‍ത്തിമാര്‍ അവരുടെ യഥാസ്ഥാനങ്ങളില്‍ ഉപവിഷ്ടരായിരിക്കും. പിന്നീട് ഒരു പേപ്പറും പെന്‍സിലുമെടുത്ത് യുദ്ധത്തില്‍ മരിച്ചുപോയവരുടെ ശവശരീരങ്ങള്‍ എണ്ണി തിട്ടപ്പെടുത്തും. വിജയവും പരാജയവുമൊക്കെ നിരര്‍ത്ഥകമായ ഒരവസ്ഥയായി രൂപാന്തരപ്പെടുന്ന സമയമാണിത്. ഒരു കാര്‍ഡ് കളിയിലെ വിജയപരാജയങ്ങള്‍ കണക്കുകൂട്ടിയെടുക്കുന്നതുപോലെയാണിത്. പക്ഷേ, സത്യത്തില്‍ എന്താണ് സംഭവിക്കുന്നത്? നേരെ വിപരീതമായ ഒന്നുമാത്രം. പിയൊറ്റര്‍ പങ്കെടുത്ത യുദ്ധത്തിലും സത്യം വേറിട്ട ഒന്നായിരുന്നില്ല. മരണത്തെക്കുറിച്ചുള്ള ഭയാനകമായ ചില ഭ്രാന്തകല്പനകള്‍ ഇടയ്ക്ക് നിദ്രയിലാവുമ്പോഴും പിയൊറ്ററെ അലട്ടിക്കൊണ്ടിരുന്നു. സ്വന്തം മാതാവിന്റെ ശവമഞ്ചം വഹിച്ചുകൊണ്ടു നടത്തിയ വിലാപയാത്ര ഒരിക്കല്‍ക്കൂടി അയാളെ ശിഥിലമാക്കിക്കൊണ്ടിരുന്നു. ഭ്രമകല്പനകള്‍ എത്ര പെട്ടെന്നാണ് മാഞ്ഞുപോകുന്നത്. 

സെര്‍ജന്റ് മേജര്‍ ബാഷ്മാന്വികിന്റെ മുഖത്തെ ആശങ്കകള്‍ ഓരോ ദിവസവും പിയൊറ്ററിന് ശരിക്കും തിരിച്ചറിയാന്‍ കഴിഞ്ഞു. ലാഭനഷ്ടങ്ങളുടെ കണക്കെടുക്കുന്ന അയാളുടെ മിഴികളിലും കാലം മുറിവുകള്‍ സൃഷ്ടിച്ചിരുന്നു. 
യൂണിഫോം അണിഞ്ഞ ആദ്യ ദിവസം അവരുടെ പുതിയ ഒരു ജീവിതത്തിനും തുടക്കമിടുകയായിരുന്ന അയാള്‍ പറഞ്ഞുകൊണ്ടിരുന്ന നോവലിന്റെ ഒന്നാംഭാഗം അവസാനിക്കുമ്പോള്‍. സ്വന്തം സൈനികര്‍ക്കു മുന്നില്‍ ആവേശം നിറക്കുന്ന സെര്‍ജന്റ് മേജറിനെയാണ് പിയൊറ്റര്‍ ദര്‍ശിക്കുന്നത്. എല്ലാത്തിനും ദൈവത്തോട് നന്ദിപറയേണ്ടിരിക്കുന്നു. പിയൊറ്ററിന് ഒരു കൈ ഉയര്‍ത്തണമെന്നുണ്ടായിരുന്നു. പക്ഷേ, അയാള്‍ക്കതിന് കഴിഞ്ഞില്ല. ഇംപീരിയല്‍ ട്രൗസറിനുള്ളില്‍ അത് ചലനമറ്റ് കിടന്നു. ബാഷ്മാന്വികിന്റെ വാക്കുകള്‍ എല്ലാ ചലനങ്ങള്‍ക്കും വിരാമമിട്ടിരുന്നു. അയാളുടെ വാക്കുകള്‍ ഏറ്റുവാങ്ങിയ നിശ്ശബ്ദതയുടെ തേര്‍വാഴ്ച അയാളുടെ കാതുകളിലും മരവിപ്പുണ്ടാക്കി. അനുസരണയുടേയും ഭയപ്പാടിന്റേയും മാധുര്യമാര്‍ന്ന സുഗന്ധം അയാള്‍ ഏറ്റുവാങ്ങുകയായിരുന്നു. സ്വന്തം സൈനികരില്‍ അയാള്‍ക്ക് അഭിമാനം തോന്നി. പെട്ടെന്ന് വാര്‍ത്തെടുത്ത സാധാരണക്കാരുടേതായ സമൂഹത്തിന് ഇനി പലതും ചെയ്തു തീര്‍ക്കുവാനുണ്ട്. 

പുസ്തകത്തിന്റെ അവസാനം രണ്ടാം ഭാഗമായ ''ആരോഗ്യപൂര്‍ണ്ണമായ മരണത്തിന്റെ'' ഒരു ഭാഗം ചേര്‍ത്തിടുന്ന നോവല്‍ ത്രയത്തിന്റെ കടലില്‍ വലിച്ചെറിയപ്പെട്ട രണ്ടും മൂന്നും ഭാഗങ്ങള്‍ വായനക്കായി നമുക്കു ലഭിച്ചിരുന്നെങ്കില്‍ എന്നു കൊതിച്ചുപോകുന്ന നിമിഷങ്ങളില്‍ നമ്മെ വായനയിലൂടെ അനാഥരാക്കുന്ന നഷ്ടപ്പെട്ട ഭാഗങ്ങള്‍ തിരിച്ചുവരാനാവാതെ നിഗൂഢതയിലെവിടെയോ മറഞ്ഞുകിടക്കുന്നുണ്ടാകും. നോവലിസ്റ്റായ വിറ്റ്‌ലിന്‍ തന്റെ ജീവിതകാലം മുഴുവനും ഒരു പോര്‍ട്ടറെ കാണാനും അയാളുമായി സംസാരിക്കാനും റെയില്‍വെ സ്റ്റേഷനിലേക്ക് ഓടിപ്പോകുമായിരുന്നു. അന്നൊക്കെ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന ലക്ഷ്യം പിയൊറ്റര്‍ നീവിയാഡോംസ്‌കി എന്ന കഥാപാത്രത്തെ പ്രത്യുജ്ജീവിപ്പിക്കുക എന്നത് മാത്രമായിരുന്നു. അദ്ദേഹത്തിന്റെ പുത്രിയായ എലിസബത്ത് പില്‍ക്കാലത്ത് വെളിപ്പെടുത്തിയ ഒന്നാണിത്. ഭാരം കുറഞ്ഞ് രോഗം ബാധിച്ച അയാള്‍ക്ക് സ്വന്തം സ്യൂട്ട്‌ക്കേസ് വഹിക്കാന്‍പോലും കഴിയുമായിരുന്നില്ല. പോര്‍ട്ടര്‍മാരുടെ ചുവപ്പ് തൊപ്പികള്‍ അയാള്‍ക്ക് അത്രമാത്രം നിര്‍ണ്ണായകമായ ഒന്നായിരുന്നു. 

ഒന്നാം ലോകമഹായുദ്ധത്തിന്റെ കാവ്യാത്മകമായ ഒരു പ്രതിനിധാനം കൊണ്ടുവരാന്‍ വിറ്റ്‌ലിന്‍ തന്റെ കഥാപാത്രത്തെ ശരിക്കും സൂക്ഷ്മമായിട്ട് ഉപയോഗിക്കുകയും ചെയ്തു. ഒരു കൊച്ച് ഗാലിസിയന്‍ പോര്‍ട്ടറുടെ വിഷാദാത്മകമായ രൂപം ഇതിന് സഹായകമാവുകയും ചെയ്തു. ഈ നോവലിന് 1935-ലെ പോളിഷ് അക്കാദമിക്ക് പുരസ്‌കാരം ലഭിക്കുകയുണ്ടായി. അതേ വര്‍ഷം തന്നെ നൊബേല്‍ സാഹിത്യപുരസ്‌കാരത്തിന് അദ്ദേഹം പരിഗണിക്കപ്പെടുകയും ചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അദ്ദേഹം ഫ്രാന്‍സിലേക്കും പിന്നീട് ന്യൂയോര്‍ക്കിലേക്കും പോയി. 1976-ല്‍ മരിക്കും വരെ അവിടെയാണ് അദ്ദേഹം ജീവിച്ചത്. 
The Salt of the Earth (Novel)
Jozef Wittlin
Translated from Polish
by Patrick John Corness
Pub. Pushkin Press London (2019)
350 Pages (H.B) 16.99(spl. Ind price Rs. 1199/

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com