ആറ്റൂര്‍ കവിതകള്‍: കവിതാ സ്വരാജിന്റെ നാടന്‍ കളരിമുറകള്‍

ആധുനികതാന്തരതയുടെ ഭവശാസ്ത്രം പ്രക്രിയാപരവും ഭിന്നതാപരവും ബന്ധപരവുമായ ഭവശാസ്ത്രമാണ്.
ആറ്റൂര്‍ കവിതകള്‍: കവിതാ സ്വരാജിന്റെ നാടന്‍ കളരിമുറകള്‍


    
റ്റൂര്‍ രവിവര്‍മ്മയുടെ കവിതകളെ പാരമ്പര്യം, ആധുനികത, ആധുനികതാവാദം, രാഷ്ട്രീയാധുനികത, ബദല്‍ ആധുനികത, ആധുനികാനന്തരത എന്നീ കാലഗണനാരീതികളില്‍ എവിടെ പ്രതിഷ്ഠിക്കണം എന്ന പ്രതിസന്ധി പോസ്റ്റ് കോളനിയിലെ അടിമ പ്രജയുടെ സ്വത്വ പ്രതിസന്ധിയാണ്. മേല്‍പ്പറഞ്ഞ കാലഗണനാസമ്പ്രദായങ്ങളെല്ലാം ആധുനികതയെ യൂറോകേന്ദ്രിത വ്യവഹാരമായും പതിനഞ്ചാം നൂറ്റാണ്ടിനെ ആധുനികതയുടെ രേഖീയചലനത്തിന്റെ പ്രാരംഭ ബിന്ദുവായും കരുതുന്നു. ഇവ ആധുനികതയ്ക്ക് സ്ഥലകാലവിഷയിപരമായ കേന്ദ്രവും മൂലസ്ഥാനവും നല്‍കുന്നു. ആധുനികതയുടെ കേന്ദ്ര-മൂലസ്ഥാനത്തെ വികേന്ദ്രീകരിക്കുകയും അടിത്തറയിളക്കുകയും ചെയ്യുന്ന സങ്കല്പമാണ് ആധുനികതാന്തരത (Transmodernity). ആധുനികതാന്തരത യൂറോകേന്ദ്രിത ആധുനികതയെ കോളനിവല്‍ക്കരണത്തിലൂടെ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, അമേരിക്കന്‍, ആസ്ട്രേലിയന്‍ ഭൂഖണ്ഡങ്ങളുടെ ആധുനികതകളുടെ പ്രകൃതി/സംസ്‌കാര വിഭവങ്ങള്‍ കട്ടെടുക്കുന്നതിലൂടെ നേടിയ സാമൂഹ്യചലനാത്മകതയായി കരുതുന്നു.(1)

ആധുനികത കാലപ്പകര്‍ച്ചയോടെ (Transtemperality) സംഭവിക്കുന്ന ഒന്നാണ്. സമൂഹം ജനാധിപത്യവല്‍ക്കരിക്കുന്നതിന്റെ വിവിധ ഘടകങ്ങള്‍, കണ്ടെത്തലുകള്‍, സര്‍ഗ്ഗാത്മകമായ ചുവടുവെയ്പുകള്‍ എന്നിവ പല കാലങ്ങളിലും സ്ഥലങ്ങളിലുമായാണ് അരേഖിയമായാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്.
    ആധുനികതാന്തരത ഭവശാസ്ത്ര-ജ്ഞാനശാസ്ത്ര-ധാര്‍മ്മിക പദ്ധതിയെന്ന നിലയ്ക്ക് സ്ഥലകാലവിഷയികളുടെ അപകോളനീകരണ സാധ്യതകളാരായുന്നു. ഭവം/ശൂന്യം, നന്മ/തിന്മ, ജ്ഞാനം/അജ്ഞാനം, മിത്ത്/ചരിത്രം, യുക്തി/അയുക്തി, ചരിത്രകാലം/ പ്രാപഞ്ചികകാലം, ഭൗതികം/ആത്മീയം, ശരീരം/മനസ്സ്, അനിവാര്യത/യാദൃച്ഛികത, ക്രമം/ക്രമരാഹിത്യം, പ്രാദേശികം/സാര്‍വ്വലൗകികം എന്നിവയില്‍ ഏതെങ്കിലുമൊന്നിനെ പ്രാഥമികവും കേന്ദ്രസ്ഥവും അടിസ്ഥാനപരവും ആയി കരുതുന്നില്ല. പാശ്ചാത്യാധിനിവേശവും ബ്രാഹ്മണ്യത്തിന്റെ ആഭ്യന്തരാധിനിവേശവും ദ്വന്ദ്വാത്മകയുക്തികൊണ്ടും അധിഭൗതികമായ അദൈ്വതംകൊണ്ടും വൈരുധ്യാത്മക ഭൗതികവാദംകൊണ്ടും അസമത്വത്തിന്റെ ശ്രേണികള്‍ സൃഷ്ടിക്കുന്നു. പ്രപഞ്ച പ്രക്രിയകള്‍ തന്മ, നിഷേധം, സമഗ്രത, അന്തസ്സാരം, അടിസ്ഥാനം, കേന്ദ്രം, സാര്‍വ്വലൗകികത എന്നിവയ്ക്കനുസരിച്ചല്ല സംഭവിക്കുന്നത്. പ്രക്രിയാപരവും ഭിന്നതാപരവും ബന്ധപരവുമാണ് പ്രപഞ്ചം.

ആധുനികതാന്തരതയുടെ ഭവശാസ്ത്രം പ്രക്രിയാപരവും ഭിന്നതാപരവും ബന്ധപരവുമായ ഭവശാസ്ത്രമാണ്. പ്രക്രിയയിലും ഭിന്നതയിലും ബന്ധപരതയിലും വര്‍ത്തിക്കുന്ന ഭവം, അനന്തത, സ്വത്വം, വസ്തു, ശാസ്ത്രം, മതം, സൗന്ദര്യശാസ്ത്രം എന്നിവയെ ഭവാന്തരത (Transbeing), സാന്താന്തര അനന്തതകള്‍ (Transfiniteinfinities), ലിംഗാന്തരത (Queer), ചരിത്രാന്തരകാലം (Transhistorical time), ശരീരാന്തരത (Transcorporeality), വ്യക്ത്യന്തരത (Transindividuality), ഭൗതികാന്തരത (Transmateriality), ശാസ്ത്രാന്തരത (Transscience), മതാന്തരത (Transreligiosity), സൗന്ദര്യശാസ്ത്രാന്തരത  (Transaesthetics) എന്നിങ്ങനെ വിളിക്കാം.

കേരളത്തിലെ ആധുനികതാന്തരത 

മലയാളികള്‍ ഒരു കോസ്മോപൊളിറ്റന്‍ സമൂഹമല്ല. കയസ്മോപോളിറ്റന്‍ സമൂഹം (Cosmopolitan society) ആണ്. യൂറോകേന്ദ്രിത സാര്‍വ്വലൗകികതയല്ല; ബഹുലൗകികതയാണ് നാം സൃഷ്ടിച്ചിട്ടുള്ളത്. പലതരം ആഗോളവല്‍ക്കരണങ്ങള്‍. ഇത് ജാതിവ്യവസ്ഥയുടെ ആഭ്യന്തരാധിനിവേശത്തിനും പാശ്ചാത്യാധിനിവേശത്തിനുമെതിരെയുള്ള വ്യവഹാരങ്ങളിലൂടെ രൂപം കൊണ്ടവയാണ്. ഓരോ സമുദായവും സൃഷ്ടിച്ചത് ഏകശിലാരൂപിയായ ആഗോളശൃംഖലാബന്ധത്തെയല്ല. വിവിധ സമുദായങ്ങളുടെ ബഹുലൗകികബന്ധ ശൃംഖലകളിലൂടെ കൂട്ടുവഴികളും ഭിന്നപ്രവാഹങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

പ്രാദേശികം/സാര്‍വ്വലൗകികം, സവര്‍ണ്ണം/അവര്‍ണ്ണം എന്നീ ദ്വന്ദ്വങ്ങളുടെ അതിരുകളെ അസ്ഥിരമാക്കിക്കൊണ്ട് രണ്ടുതരം സങ്കരതകള്‍ രൂപംകൊള്ളുന്നുണ്ട്. അധികാരവ്യവഹാരങ്ങള്‍ മീതെ നിന്നുള്ള സങ്കരതയിലൂടെ മിത്തുകളും ആഖ്യാനങ്ങളും രൂപപ്പെടുത്തുന്നു. ദശാവതാരം കഥ, ഹരിഹരസമന്വയം, പറച്ചിപെറ്റ പന്തിരുകുലം കഥ, പരശുരാമ ഐതിഹ്യം എന്നിവ ഇതിന്റെ ദൃഷ്ടാന്തങ്ങള്‍. താഴെ നിന്നുള്ള സങ്കരത പ്രതിരോധത്തിന്റെ ഇടമാണ്.

ബുദ്ധം, ജൈനം, വൈദികം, പുരാണം, ശൃംഖലാഖ്യാനം (കഥാസരിത്സാഗരം), അന്യാപദേശം (പഞ്ചതന്ത്രം) മഹാകാവ്യം, ദ്രാവിഡം, നാടോടി, ആദിവാസി ആഖ്യാനപാരമ്പര്യങ്ങളെ കെ. അയ്യപ്പപ്പണിക്കര്‍ Indian narratology എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു. ആന്തരികവല്‍ക്കരണം, ശ്രേണീവല്‍ക്കരണം, ഭ്രമാത്മകവല്‍ക്കരണം, ചാക്രികവല്‍ക്കരണം അന്യാപദേശവല്‍ക്കരണം, മനോധര്‍മ്മ പ്രകടനം, ശൈലീകരണം എന്നീ ആഖ്യാന തന്ത്രങ്ങളേയും മുസ്ലിം, ക്രിസ്ത്യന്‍ ആഖ്യാന പാരമ്പര്യങ്ങളെ അയ്യപ്പപ്പണിക്കര്‍ ഇതിലുള്‍പ്പെടുത്തുന്നില്ല. ദളിത് ആഖ്യാന  പാരമ്പര്യത്തെ നാടോടി ആഖ്യാനത്തില്‍ ഉള്‍പ്പെടുത്തുന്നു. ഈ ആഖ്യാനങ്ങള്‍ ഭിന്നപ്രവാഹങ്ങളായി കൂട്ടുകളായി (Assemblages) ഗണാന്തരവും (Tran genre) സാക്ഷരാന്തരവും (Transliterate) ആയി പ്രവര്‍ത്തിക്കുന്നു. അറബി മലയാളം, ദളിത് മലയാളം, മിഷ്യനറി മലയാളം, എഴുത്തു മലയാളം, വാമൊഴി മലയാളം, ആദിവാസി മലയാളം, ഭാഷാന്യൂനപക്ഷ മലയാളം, സവര്‍ണ്ണ മലയാളം എന്നീ എത്രയോ തരം മലയാളങ്ങളുടെ ശൃംഖലാബന്ധത്തിലൂടെയാണ്  കൂട്ടു മലയാളങ്ങള്‍ ഉണ്ടായിട്ടുള്ളത്.

ആഖ്യാനത്തിന്റെ ജനാധിപത്യവല്‍ക്കരണം എല്ലാത്തരം മനുഷ്യരുടേയും ജീവജാലങ്ങളുടേയും ഭാഷയ്ക്ക് ഇടം നല്‍കലാണ്. ആഖ്യാനരീതികളെ ദൃശ്യമാക്കലാണ്. പാശ്ചാത്യാധിനിവേശവും ആഭ്യന്തരാധിനിവേശവും സ്വാതന്ത്ര്യപ്രാപ്തിയോടെ ദേശരാഷ്ട്രമാതൃക, മാനവികതാവാദം, ശാസ്ത്ര-സാങ്കേതികവിദ്യ, വികസനം, ചരിത്രകാലം, സാര്‍വ്വലൗകികത എന്നിവയുടെ കാര്യത്തില്‍ പരസ്പരം പൊരുത്തപ്പെട്ടു. യൂറോകേന്ദ്രിത വിരാട് പുരുഷന്‍ ദേശീയ/വികസന/ചരിത്ര/ കഥാപുരുഷനായി. ദേശീയതാന്തരവും മാനവികവാദാനന്തരവും മതേതരാനന്തരവും ചരിത്രാനന്തരവും സാര്‍വ്വലൗകികാനന്തരവും ആയ വ്യവഹാര മാതൃകയിലേക്കുള്ള വിച്ഛേദത്തെ (Postnational/humanist/secular/historial/universal paradigm shift) എഴുതുന്ന കലയും അപകോളനീകരണാത്മക സൗന്ദര്യശാസ്ത്രവും (Decolonial Aesthetics)  രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയയില്‍ ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകളുടെ ഇടമെന്താണ്?

സ്വത്വത്തിന്റെ അപകോളനീകരണം 

സവര്‍ണ്ണ സമുദായാംഗമെന്ന നിലയിലുള്ള ഇടത്തില്‍നിന്നു കീഴാളവും ദ്രാവിഡവുമായ ഇടത്തിലേയ്ക്കു മാറി പാര്‍ക്കുന്നതുവഴിയാണ് ആറ്റൂര്‍ രവിവര്‍മ്മ സ്വത്വത്തിന്റെ അപകോളനീകരണം സാധിച്ചത്. ഭാഷയുടേയും ആഖ്യാനത്തിന്റേയും തലത്തിലാണ് കവിത ഇത് സാധിക്കുന്നത്. തെരഞ്ഞെടുക്കുന്ന ആശയത്തിന്റെ മാത്രം പ്രശ്‌നമല്ല ഇത്. ക്ലാസ്സിക്കല്‍, നിയോക്ലാസ്സിക്കല്‍, കാല്പനിക പാരമ്പര്യങ്ങളേയും പാശ്ചാത്യ അസ്തിത്വ വാദപാരമ്പര്യങ്ങളേയും ആറ്റൂര്‍ രവിവര്‍മ്മ മുറിച്ചുകടന്നത് നാട്ടു പാരമ്പര്യത്തിന്റേയും സ്വത്വശക്തിയുടേയും പ്രതിരോധശക്തികൊണ്ടാണ്.
ആറ്റൂര്‍ കവിതകളിലെ വിഷയി ഏതെങ്കിലും അന്തസ്സാര(substance)ത്തിലോ അടിസ്ഥാനത്തിലോ കുരുങ്ങിക്കിടക്കുന്നില്ല. സ്ഥലകാലദേശത്തിനൊത്ത് സ്വയം പുതുക്കിപ്പണിയുന്നു. അറുപതുകളിലെ കവിതകള്‍ ഏകാന്തത, മൗനം, രോഗം, നഗരത്തിലെ പ്രവാസം (അവന്‍ ഞാനല്ലോ) അപരഭീതി (പേടി) യുദ്ധാനുഭവം (ഭ്രാന്ത്) പ്രണയവും വിരഹവും (മധുരം, നിത്യവിരഹം) എന്നിവ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും ഇവ പാശ്ചാത്യാസ്തിത്വവാദ പകര്‍പ്പുകളല്ല. തനതനുഭവമാണ് പ്രേരണ. പാല്‍പ്പായസം, നെല്ലിന്റെ ചെവി, ജലപ്പിശാച് എന്നിങ്ങനെ നാടന്‍ ചിഹ്നാവലികളിലൂടെയാണ് ആവിഷ്‌കരണം.
മേഘരൂപന്‍, അലഞ്ഞു തിരിഞ്ഞുനടക്കുന്ന സ്വാതന്ത്ര്യമൂര്‍ത്തിയാണ്. യാത്ര ആയിത്തീരലാണ്. നിരന്തരം ആയിത്തീരലില്‍ വര്‍ത്തിക്കുന്ന വിഷയിയാണ് മേഘരൂപന്‍.
എഴുപതുകളിലെ കവിതകളായ അര്‍ക്കം, സ്വകാര്യം, പിതൃഗമനം, തലക്കുറി എന്നിവ സ്വത്വത്തിന്റെ അപകോളനീകരണത്തെ എഴുതുന്നു. തദ്ദേശീയവും പ്രാദേശികവുമായിരിക്കേ തന്നെ ലോകോന്മുഖമായിരിക്കുന്ന ബഹുലൗകികത(Pluriversality)യെയാണ് ഇവ അടയാളപ്പെടുത്തുന്നത്. ഇവിടെ വിഷയിയുടെ തന്മ ഭിന്നതകളുടെ തല്‍ക്കാല സംയോജനമായ ഒറ്റക്കൂട്ടായും (singular plural) കൂട്ടൊറ്റയായും (plural singular) മാറിമാറി വരുന്നു.

നാട്ടുചൊല്‍ക്കെട്ട്/അഴിയ്ക്കല്‍ മുറ-ആഖ്യാനത്തിന്റെ അപകോളനീകരണം 

ആറ്റൂരിന്റെ കാവ്യഭാഷയുടെ അടിത്തറ നാട്ടുചൊല്ലുകളാണ്. ഒതുക്കം, മൂര്‍ച്ച, ചടുലത, വഴക്കം, യാദൃച്ഛികതയെ നേരിടാനുള്ള മനോധര്‍മ്മം, നൈസര്‍ഗ്ഗികവും സമൂര്‍ത്തവും സവിശേഷവുമായ സന്ദര്‍ഭം താളവടിവ്, ഉള്ളും എന്നീ നാട്ടുചൊല്‍ വെളിച്ചങ്ങള്‍ ഈ കവിതകളിലുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍ അലങ്കാരങ്ങളായും എം. ഗോവിന്ദന്‍ പച്ചപ്പു കുറഞ്ഞ പച്ചമലയാളമായും കുഞ്ഞുണ്ണി കുട്ടിക്കളിക്കോപ്പായും നാട്ടുചൊല്‍ വഴിയെ വളര്‍ത്തിയിട്ടുണ്ട്. ദേശ്യജാതി (Endemic species)കളുടെ ജൈവവൈവിധ്യം ഭാഷയില്‍ പരിപാലിച്ചിട്ടുണ്ട്. വ്യവഹാരഭാഷ സൂക്ഷ്മമായി അരിച്ചെടുക്കുന്ന ആറ്റൂര്‍ ഭാഷയില്‍ കരവിരുതല്ല; സര്‍ഗ്ഗാത്മകതയാണുള്ളത്.
നാടോടി ആഖ്യാനങ്ങള്‍ (അര്‍ക്കം, പിതൃഗമനം, പിറവി), മന്ത്രവാദം (സംക്രമണം), രോഗറിപ്പോര്‍ട്ട് (കാന്‍സര്‍), ആധാരമെഴുത്ത്ഭാഷ (കച്ചവടം), ജീവചരിത്രങ്ങള്‍ (ഓട്ടോവിന്‍പാട്ട്, അടിയൊഴുക്ക്, പാണ്ടി, ക്യഷ്ണേട്ടന്‍ പറഞ്ഞത്), സംഗീതവും വാദ്യകലയുമായുള്ള പാഠപ്പകര്‍ച്ചകള്‍ (അലത്താളം, മോക്ഷമു, പാണ്ടി, നാട്ടുമഴ), സെന്‍സസ് (കണക്കെടുപ്പ്), സ്വകാര്യം പറച്ചില്‍ (കര-തിര, സ്വകാര്യം), മരണാനന്തര സ്മൃതികള്‍ (കാട്ടുമരുന്ന്, ഗുരു, മക്കള്‍, ഈ രണ്ടൊന്ന്, മുന്നെ-പിന്നെ, പുറപ്പാട്), യാത്രാവിവരണങ്ങള്‍ (യാത്ര, കയറ്റം, അശാന്തസമുദ്രക്കരയില്‍, പിതൃഗമനം, പോംവഴികള്‍) സന്ദേഹങ്ങളും സ്മൃതികളും ഭ്രാന്തുകളും (മൂളിപ്പാട്ട്, നേര്‍കാണല്‍, ഈരണ്ടൊന്ന്), ആത്മവിശദീകരണങ്ങള്‍, ഡയറിക്കുറിപ്പുകള്‍ എന്നിവ ആറ്റൂര്‍ കവിതകളില്‍ ആഖ്യാനപ്പകര്‍ച്ചകളായി കാണാം. 
സംസ്‌കൃതം ഒഴിവാക്കല്‍ ഒരു രാഷ്ട്രീയ ജാഗ്രതയാണ്. ഉദാത്തമായവയെ ലൗകികീകരിക്കല്‍ കൂടിയാണ് ഈ അസംസ്‌കൃതവല്‍ക്കരണം. ഭാഷയിലൂടെ ദ്രാവിഡസമുദായം എന്ന ബദല്‍ രാഷ്ട്രീയഗണത്തെ സൃഷ്ടിക്കുകയാണ് ആറ്റൂര്‍.

ഏകാന്തതയും അനേകാന്തതയും 

പാശ്ചാത്യാധിനിവേശം മലയാളികളെ യൂറോപ്യന്‍ വെള്ളക്കാരന്‍/ഭിന്ന ലൈംഗിക/സ്വകാര്യസ്വത്തുടമ/യുക്തിപരപുരുഷമാതൃകയെ മിമിക്രി ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. പ്രകൃതിയെ കീഴടക്കുന്ന കാര്‍ട്ടീഷ്യന്‍ വിഷയി കൂടിയാണ് ഈ പുരുഷ മാതൃക. ബ്രാഹ്മണ പുരുഷമേധാവിയും ഈ മാതൃകയിലാണ് ദേശീയ/വികസന/ചരിത്രപുരുഷനായി വാഴുന്നത്. കീഴ്ജാതിക്കാര്‍, സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍ തുടങ്ങിയ അപരരെ പുറന്തള്ളുന്നതാണ് ഈ സ്വത്വമാതൃക.

ആറ്റൂര്‍ കവിതകളിലെ വിഷയി സഹാസ്തിത്വത്തിന്റെ നിലപാടിലാണ്. ''എന്‍ നിറമല്ലല്ലോ കാണുന്നു മേലേയാ നീലയൊഴുക്കോളം.'' ''എന്‍ മുഖമല്ലയോ കാണുന്നു താഴെയുള്ളോളപ്പരപ്പോളം'' (അര്‍ക്കം). ഇവിടെ ആത്മദര്‍ശനവും വിശ്വദര്‍ശനവും ഒന്നാകുന്നു. പോസ്റ്റ് കാര്‍ട്ടീഷ്യന്‍ വിഷയിയാണിത്.
ആറ്റൂര്‍ കവിതകളില്‍ ആത്മ-അപരബന്ധത്തിന്റെ അദൈ്വതമില്ല. പരസ്പരം പുറന്തള്ളുന്ന യുദ്ധയുക്തിയില്ല. ആത്മദര്‍ശനരതിയില്‍ സ്ഖലിക്കുന്ന നാര്‍സിസസോ, തന്റേടമില്ലാതെ അപരതയെ പ്രതിധ്വനിപ്പിക്കുന്ന എക്കോയോ ഇവിടെയില്ല. 'കൂട്ട്' എന്ന കവിതയില്‍ അപരത ഒരേസമയം ആനന്ദദുഃഖസമ്മിശ്രമാണ്. കൂട്ടത്തിലും ഒറ്റയ്ക്കും സഞ്ചരിക്കാനാകുന്ന ഈ വഴിയില്‍ ഭിന്നതയുടെ തന്റേടാട്ടവുമുണ്ട്. എല്ലാ വീടും പടിഞ്ഞാട്ടു നോക്കുമ്പോള്‍ എന്റെ വീട് കിഴക്കോട്ടാണല്ലോ (സ്വകാര്യം).
ഏകമായും അനേകമായും പകര്‍ന്നാടുന്ന വ്യക്ത്യന്തരതയാണ് (Transindividuality) ആറ്റൂര്‍ കവിതകളിലുള്ളത്. എത്ര ഞെരുക്കം, കച്ചവടം എന്നിവ ആന്തരികതയെ പങ്കിടാനും പങ്കിടാതിരിക്കാനും കഴിയുന്ന പാതി തുറന്നും പാതി അടഞ്ഞുമുള്ള ഇടമായി കരുതുന്നു. 
അശ്രീകരഭാവവും (Grotesque affect) അശ്രീകരശരീരങ്ങളും ആറ്റൂര്‍ കവിതയിലുണ്ട്. സംക്രമണം എന്ന കവിത നിണം വരവുപോലെ പേടിയും അറപ്പും ഉണ്ടാക്കുന്നു. കീഴാളസ്ത്രീ ജഡത്തെ മന്ത്രവാദത്തിലൂടെ പ്രതികാരോന്മുഖമാക്കുന്നു. 
അനേകാന്തതയുടെ കവിതകളാണ് പാണ്ടി, മോക്ഷമു, മഴനാട്, അകലം, മറുവിളി, മൊട്ട, മടക്കം, നാട്ടില്‍ പാര്‍ക്കാത്ത ഇന്ത്യാക്കാരന്‍ എന്നിവ. അപരര്‍ക്കൊപ്പമുള്ള ഭവമായി (Being with others) ഭവത്തെ കവി അടയാളപ്പെടുത്തുന്നു. തൊണ്ണൂറുകള്‍ക്കുശേഷമുള്ള കവിതയില്‍ സഹാസ്തിത്വത്തിന്റെ സ്വരം കൂടുതല്‍ പ്രകടമാണ്. ആഗോളവല്‍ക്കരണ കാലത്ത് പ്രാദേശിക ജീവിതത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും കിനാക്കളും കൂടുതല്‍ രാഷ്ട്രീയപ്രസക്തി നേടുന്നു. 

ദൈവാനുഭൂതിയുടെ അപകോളനീകരണാത്മകത 

ശിവാനുഭൂതിയാണ് ആറ്റൂര്‍ കവിതകളില്‍ ആവര്‍ത്തിച്ചു വരുന്നത്. ഇത് ദ്രാവിഡ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഭാവശക്തിയാണ്. ബ്രാഹ്മണേതര പാരമ്പര്യങ്ങളുടെ പൊതുഭാഷയായി ഇവിടെ ശിവാനുഭൂതിയും കൃഷ്ണാനുഭൂതിയും കാളിയനുഭൂതിയും മാറുന്നു. കയറ്റം, നാട്ടില്‍ പാര്‍ക്കാത്ത ഇന്ത്യാക്കാരന്‍ എന്നിവ ശിവാനുഭൂതിയുടെ കവിതകളാണ്. നേര്‍കാണല്‍, ഉദാത്തം എന്നിവ കൃഷ്ണാനുഭൂതിയുടെ ബദല്‍ ദൈവസാക്ഷ്യങ്ങളാണ്. ബ്രാഹ്മണിക രാഷ്ട്രീയ ദൈവശാസ്ത്രം ഹിംസാത്മകരാമനെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ കീഴാള പാരമ്പര്യങ്ങളുടെ ദൈവാനുഭവങ്ങളെ നവീകരിച്ച് ആറ്റൂര്‍ ബദല്‍ രാഷ്ട്രീയ ദൈവശാസ്ത്രം സൃഷ്ടിക്കുകയാണ്. ഉദാത്ത/ക്ഷുദ്ര, വിശുദ്ധാ/വിശുദ്ധ ഭേദങ്ങളെ മായ്ക്കുന്ന ഈ ബദല്‍ ആത്മീയത ശരീരത്തിന്റെ ആത്മീയതയാണ്. 'പനഞ്ചിക്കലമ്മ' എന്ന കവിതയിലെ മാതൃദേവി കാളിയാണ്. ഈ കവിതകള്‍ ചരിതകാലവും ദിവ്യകാലവും തമ്മിലുള്ള ഭേദം ഇല്ലാതാക്കുന്നു. അതീതവും (Transcendental) അന്ത:സ്ഥിതത്വവും (Immanence) തമ്മിലുള്ള ഭേദം ഇല്ലാതാക്കി അന്ത:സ്ഥിതാന്തരത (Transimmanence) സൃഷ്ടിക്കുന്നു. വിശുദ്ധത്തെ ലൗകികീകരിക്കുകയും ലൗകികത്തെ വിശുദ്ധമാക്കുകയും ചെയ്യുന്നു. 

പ്രകൃത്യാനുഭൂതിയുടെ അപകോളനീകരണം 

പാശ്ചാത്യാധിനിവേശത്തിന്റെ പാരിസ്ഥിതിക സാമ്രാജ്വത്വത്തിന്റെ പങ്കാളികളായി ആഭ്യന്തരാധിനിവേശം മാറിയിട്ടുണ്ട്. പാശ്ചാത്യ വികസന മാതൃകയുടെ നടത്തിപ്പുകാര്‍ കൂടിയായി അവര്‍ മാറിയിട്ടുണ്ട്. പ്രകൃതിയോടുള്ള ഉപകരണാത്മക യുക്തിയും പാശ്ചാത്യ ശാസ്ത്രഭക്തിയും ഇവര്‍ പങ്കിടുന്നു. മഴനാട്, നാട്ടുമഴ, മൊട്ട, വെള്ളം എന്നീ കവിതകളില്‍ ഋതുക്കളോടും പ്രകൃതിയോടും ഉള്ള വിനയവും കരുതലും പ്രകടമാണ്.

ശരീരപ്പകര്‍ച്ചയുടെ അപകോളനീകരണം 

ശരീരാനുഭവങ്ങളുടെ ഭാവശക്തിയാണ് ആറ്റൂര്‍ കവിതകളുടെ മുദ്ര. അതിവൈകാരികതയോ, അതിനാടകീയതയോ ഇവിടെയില്ല. ഈ ശരീരം ശരീരപ്പകര്‍ച്ചയിലാണ്. ചരാചരങ്ങള്‍, അപരര്‍ എന്നിവയുമായി പകര്‍ന്നാടിക്കൊണ്ടാണ് ഈ ശരീരം നിലകൊള്ളുന്നത്. വിഷയി നിലകൊള്ളുന്നത് ആന്തരികതയിലല്ല. പുറം സ്ഥാനത്തുമല്ല. അവയ്ക്കിടയിലെ അതിരിലാണ്. പാതി തുറന്നും പാതിയടഞ്ഞും നിലകൊള്ളുന്ന അതിരിടമായി ശരീരം മാറുന്നു. 'സംക്രമണം' ഈ ശരീരപ്പകര്‍ച്ചയുടെ അനുഭവമാണ്.

ആറ്റൂര്‍ കവിതകളുടെ സുസ്ഥിര ഊര്‍ജ്ജസ്രോതസ്സുകള്‍ 

ആറ്റൂര്‍ ഭാഷയില്‍ സൃഷ്ടിച്ചത് മലയാളികളുടെ കൂട്ടായ നിലനില്‍പ്പിന്റെ പ്രതിസന്ധികളേയും സാദ്ധ്യതകളേയും അടയാളപ്പെടുത്തുന്ന ഭാവശക്തിയന്ത്രമാണ്. ഈ ഭാവയന്ത്രം വന്‍കിട ഊര്‍ജ്ജപദ്ധതികളുടെ ഭാഗമല്ല. ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകളാണ്. സൂര്യോര്‍ജ്ജ പദ്ധതികളെപ്പോലെ ഈ ഭാവയന്ത്രങ്ങള്‍ നിരന്തരം പുതുക്കുന്നതിലൂടെ ആര്‍ക്കും ഉപയോഗിക്കാവുന്ന ബഹുജന ഉപകരണങ്ങളായി ഭാവിയില്‍ പ്രവര്‍ത്തിക്കും.

സൂചിക:
1.     *Enrique Dussel, World System and Transmodernity, Nepantia; views from the south 2005
2.     ആറ്റൂര്‍ രവിവര്‍മ്മ, ആറ്റൂര്‍ കവിതകള്‍. ഡി.സി. ബുക്‌സ്, 2012 ജനുവരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com