ആറ്റൂര്‍ രവിവര്‍മ്മയെക്കുറിച്ച് അനിത തമ്പി എഴുതുന്നു

''കാവ്യരചനയെപ്പറ്റി എനിക്ക് മാറിക്കൊണ്ടിരുന്ന ധാരണകളാണ് ഉണ്ടായിരുന്നത്. അശ്രദ്ധമായി ഒന്നും എഴുതിയിട്ടില്ല.''
ആറ്റൂര്‍ രവിവര്‍മ്മയെക്കുറിച്ച് അനിത തമ്പി എഴുതുന്നു

ദേവന്‍ മടങ്ങര്‍ളി വരച്ച മൂങ്ങയുടെ പുറംചട്ടയുമായി 2012-ല്‍ വന്ന മുഴുവന്‍ കവിതകളുടെ സമാഹാരത്തിന് ആറ്റൂര്‍ രവിവര്‍മ്മ എഴുതിയ മുന്നുരയില്‍ തന്റെ കവിതയെപ്പറ്റി പറയുന്നത് രണ്ടേ രണ്ട് വാക്യങ്ങളിലാണ്: ''കാവ്യരചനയെപ്പറ്റി എനിക്ക് മാറിക്കൊണ്ടിരുന്ന ധാരണകളാണ് ഉണ്ടായിരുന്നത്. അശ്രദ്ധമായി ഒന്നും എഴുതിയിട്ടില്ല.''
അതിനേക്കാള്‍ സത്യവും കൃത്യവും ആയി ആറ്റൂരിന്റെ കവിതയെപ്പറ്റി പറയാന്‍ വഴിയില്ല. ശ്രദ്ധ, ജാഗ്രത, ഒഴുകുന്ന വെള്ളത്തിലെന്നപോലെ നിരന്തരം പുതുക്കപ്പെടുന്ന ഛായ. കവി തന്നെയായ കവിത. 

വള്ളത്തോള്‍ ആറ്റൂരിനു വാക്കുതെറ്റാത്ത മഹാകവി. ആര്‍. രാമചന്ദ്രന്‍ ഗുരു. എം. ഗോവിന്ദന്‍ അറിവിന്റെ ഒറ്റയാന്‍ വഴികാട്ടി, കുഞ്ഞിരാമന്‍ നായര്‍ ലഹരി. പക്ഷേ, ആറ്റൂര്‍ മറ്റാരെപ്പോലെയും തന്നെ ആവിഷ്‌കരിച്ചില്ല. ആറ്റൂരിനെ ഇഷ്ടപ്പെട്ടവരാരും ആറ്റൂരിനെപ്പോലെയും എഴുതിയില്ല. തന്റേതല്ലാത്ത നിറങ്ങളില്‍, ഒച്ചകളില്‍, നടപ്പുകളിലാണ് കവിയുടെ കമ്പം. താനൊഴിച്ചുള്ളവയില്‍ ഏറും പ്രിയം.
ഞാന്‍ തെന്നാഫ്രിക്കയില്‍ പോയപ്പോള്‍ ആറ്റൂര്‍ ചോദിച്ചു, സ്വന്തം ഭാഷയിലല്ലാതെ കവിത എങ്ങനെ കഴിയും? മറുനാട്ടുജീവിതത്തില്‍ ഞാനത് എന്നോടു ചോദിച്ചുകൊണ്ടേയിരുന്നു. ഇന്നു നാട്ടില്‍ ജീവിക്കുമ്പോഴും ഞാന്‍ എന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നു, ഭാഷയിലല്ലാതെ കവിത എങ്ങനെ പുലരും?

ആറ്റൂരിന്റെ നട മലയാളകാവ്യഭാഷയെ പലകാതം മുന്നോട്ട് കൊണ്ടുപോയി. കാവ്യഭാഷയില്‍ താണ്ടിയ ഈ ദൂരമാണ് ആറ്റൂരിന്റെ വലിയ സംഭാവന. അതില്‍ മറ്റെല്ലാമുണ്ട്. പരിഭാഷകള്‍ പുറത്തേക്കും അകത്തേക്കും അനേകം ജനവാതിലുകള്‍ തുറന്നു. മൊഴിയും മൗനവും പരസ്പരം ബിംബിച്ചു. ഭൂതകാലത്തില്‍ ആറ്റൂരിനെപ്പറ്റി എഴുതുക വയ്യ. ഒഴിഞ്ഞിടങ്ങള്‍ ആറ്റൂരിന് ഒഴിഞ്ഞിടങ്ങളല്ല. അവിടെയുണ്ടായിരുന്ന ഉരുവങ്ങളുടെ കഥ ഉരിയാടുന്നിടങ്ങളാണ്. ആറ്റൂരില്ലാത്ത ഇടവും കവിത പിറക്കുന്ന മൗനത്താല്‍ ഉരിയാടി ഒറ്റയ്ക്കിരിക്കും. 

ആറ്റൂരിന്റെ അവസാന യാത്രയും ആ ജീവിതംപോലെ നന്നായി. ധാരാളം ആളുകള്‍ വന്നു. ഇഷ്ടപ്പെട്ടവരെല്ലാം വന്നു. പക്ഷേ, ഒച്ചയും ബഹളവും തിരക്കും തോന്നിയില്ല. ഔദ്യോഗിക ബഹുമതിപോലും സൗമ്യമായി നടന്നു. മക്കള്‍ നൗഷദും പ്രവീണും രണ്ട് തീനാളങ്ങള്‍ കൊളുത്തി കാല്‍ക്കല്‍ വച്ചു. ചിതയുടെ വാതിലടഞ്ഞു. കഴിഞ്ഞു. വേദനയല്ല, വലിയൊരു കൃതി വായിച്ചു തീരുമ്പോഴോ വലിയൊരു ആട്ടം കഴിയുമ്പോഴോ എന്നപോലെ യാഥാര്‍ത്ഥ്യത്തിലേയ്ക്കു തിരികെ വരാന്‍ ചിലനൊടി ഇടര്‍ച്ച. കഴിഞ്ഞുപോയല്ലോ എന്ന അവ്യാഖ്യേയമായ നോവ്.
ആറ്റൂരുമൊത്ത് ചെലവഴിച്ച നിളാതീരത്തെ വൈകുന്നേരങ്ങളെപ്പറ്റി കെ.ജി. ശങ്കരപ്പിള്ള പറഞ്ഞു: ഞങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടന്ന് അകലെ അസ്തമിക്കുന്ന സൂര്യനെ നോക്കും. ഞാന്‍ പറയും: ബന്നുപോലെ, ആറ്റൂര്‍ പറയും: ഓറഞ്ചുപോലെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com