ആറ്റൂര്‍ക്കവിതയുടെ രസതന്ത്രം: കെആര്‍ ടോണി എഴുതുന്നു

എനിക്ക് ഒരു സ്വഭാവമുണ്ട്. ഒരു കാര്യം അറിയണമെന്നുവെച്ചാല്‍ അത് കൃത്യമായിത്തന്നെ എനിക്കറിഞ്ഞേ പറ്റൂ. ഊഹാപോഹം എനിക്കു സമ്മതമല്ല.
ആറ്റൂര്‍ക്കവിതയുടെ രസതന്ത്രം: കെആര്‍ ടോണി എഴുതുന്നു

റ്റൂരുമായി എനിക്ക് 39 വര്‍ഷത്തെ പരിചയമുണ്ട്. വെറും പരിചയമല്ല, കവിത വായിച്ചും തിരുത്തിയും ചര്‍ച്ച ചെയ്തും തര്‍ക്കിച്ചും ചിരിച്ചും സ്‌നേഹിച്ചും ഒക്കെയുള്ള ഗാഢ ബന്ധം. 1980-ല്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ രണ്ടാംഭാഷയായി ഞാനെടുത്തിരുന്നത് മലയാളമായിരുന്നു. അന്നു പഠിക്കാനുണ്ടായിരുന്ന 'കലികാല കവിത' എന്ന പുസ്തകത്തില്‍ ആറ്റൂരിന്റെ അര്‍ക്കം, ഉദാത്തം, സംക്രമണം എന്നീ കവിതകള്‍ ഉണ്ടായിരുന്നു.ആ പുസ്തകത്തിലെ എല്ലാ കവിതകളും പഠിക്കണ്ട. പഠിക്കാനുള്ള കവിതകളെല്ലാം പക്ഷേ, ആ പുസ്തകത്തില്‍ ഉണ്ട്. ആറ്റൂരിന്റെ ഈ മൂന്ന് കവിതകളും പഠിക്കണ്ട. അതില്‍നിന്നു പരീക്ഷയ്ക്ക് ചോദ്യമുണ്ടാവില്ല! ഞാന്‍ സെക്കന്റ് ഗ്രൂപ്പായിരുന്നു. അന്നു സെക്കന്റ് ഗ്രൂപ്പ് എന്നാല്‍, ഡോക്ടറാവാനുള്ളവരുടെ ഗ്രൂപ്പാണ്. അപ്പോഴാണ് ഈ 'കലികാല കവിത'യുടെ വരവ്! സയന്‍സില്‍ ഞാന്‍ മോശമൊന്നുമായിരുന്നില്ല. ഞാന്‍ ഡോക്ടറാകുമായിരുന്നു. പക്ഷേ, എന്നെ കവിത കടിച്ചുവലിച്ചുകൊണ്ടുപോയി. മലയാളം ക്ലാസ്സ് പല ബാച്ചുകള്‍ ചേര്‍ന്ന പൊതുക്ലാസ്സായിരുന്നു. അധ്യാപകന്‍ പറയുന്നതൊക്കെ ഞാന്‍ നന്നായി ശ്രദ്ധിക്കും. പക്ഷേ, അധ്യാപകന് അധികമൊന്നും പറയാനില്ല എന്നു വൈകാതെ എനിക്കു മനസ്സിലായി. അതോടെ ഞാന്‍ ക്ലാസ്സിലെ ഏറ്റവും പിന്നിലെ ബഞ്ചില്‍ പോയിരുന്നു കവിതാപുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. എന്തുകൊണ്ടാണ് ആറ്റൂരിന്റെ കവിതകള്‍ പഠിക്കാനില്ലാത്തത്? ഈ ഘട്ടത്തിലാണ് ഒരു മിസ്റ്റര്‍ എ. സുരേഷ് പറഞ്ഞ് ഞാനറിയുന്നത്, ആറ്റൂര്‍ അയ്യന്തോളിലെ കളക്ടറേറ്റിനടുത്തുള്ള ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നതെന്ന്! എ. സുരേഷ് എന്നെക്കാള്‍ മുതിര്‍ന്നവനും സാഹിത്യം അറിയുന്നവനും ആയിരുന്നു. പില്‍ക്കാലത്ത് അയാള്‍ക്ക് തിരുവനന്തപുരത്തെ ന്യൂട്രീഷ്യന്‍ ലാബില്‍ ഫുഡ് അനലിസ്റ്റായി ജോലി കിട്ടി. അവിടെ വെച്ച് അദ്ദേഹം ബ്ലഡ് കാന്‍സര്‍ പിടിപെട്ട് പിന്നീടു മരിച്ചു. സുരേഷ് പറഞ്ഞ വിവരം വെച്ച് ഞാന്‍ ക്വാര്‍ട്ടേഴ്സില്‍ ആറ്റൂരിന്റെ വീടു കണ്ടുപിടിച്ചു: ക്വാര്‍ട്ടേഴ്സ് നമ്പര്‍ ഇ.5. ആ ക്വാര്‍ട്ടേഴ്സാണ് എന്നെ ഞാനാക്കിയത് എന്നു പറഞ്ഞാല്‍ വലിയ തെറ്റാവില്ല! ഇ.5-ല്‍ ആറ്റൂര്‍ വളരെയധികം കാലം താമസിച്ചിട്ടുണ്ട്. രാഗമാലികാപുരത്ത് സ്വന്തം വീടു വെക്കുംവരെ അവിടെത്തന്നെയായിരുന്നു. എന്റെ വീടും അയ്യന്തോളായിരുന്നു. ഞാന്‍ ആറ്റൂരിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ക്രമേണ ആറ്റൂരിന്റെ ഭാര്യയും മകനും മകളുമൊക്കെ എന്നെ അറിയുന്ന നില വന്നു. ചെന്നാല്‍ ചായ തരും. ഒരു മതിപ്പുകേടോ നീരസമോ അന്നുമുതല്‍ ഇന്നുവരെ ആറ്റൂര്‍ എന്നോടു കാട്ടിയിട്ടില്ല.

എനിക്ക് ഒരു സ്വഭാവമുണ്ട്. ഒരു കാര്യം അറിയണമെന്നുവെച്ചാല്‍ അത് കൃത്യമായിത്തന്നെ എനിക്കറിഞ്ഞേ പറ്റൂ. ഊഹാപോഹം എനിക്കു സമ്മതമല്ല. സ്‌കെപ്റ്റിസിസം എന്റെ കൂടപ്പിറപ്പാണ്. എനിക്ക് കവിത അറിയണം, അത് എങ്ങനെ എഴുതപ്പെടുന്നുവെന്നറിയണം. കവിയാവണമെന്ന് ആഗ്രഹം! സയന്‍സും കവിതയും പരസ്പരവിരുദ്ധമാണെന്ന് ഒരു പൊതു ധാരണയുണ്ട്. അത് ശരിയല്ല. കവിതയിലുമുണ്ടൊരു സയന്‍സ്. കവിതയുടെ ഈ സയന്‍സ് എനിക്കു പഠിപ്പിച്ചുതന്നത് ആറ്റൂരാണ്. കോണിക്കല്‍ ഫ്‌ലാസ്‌കില്‍ എടുത്ത, ഫിനോഫ്ത്തലിന്‍ ഇന്‍ഡിക്കേറ്റര്‍ കലര്‍ത്തിയ ഹൈഡ്രോ ക്ലോറിക് ആസിഡിലേക്ക് പിപ്പറ്റില്‍നിന്ന് ആല്‍ക്കലി തുള്ളി തുള്ളിയായി വീഴ്ത്തുമ്പോള്‍ ഒരു ഘട്ടത്തില്‍ ഹൈഡ്രോ ക്ലോറിക് ആസിഡിന് ഇന്‍ഡിക്കേറ്റര്‍ കൊടുത്ത നിറം അപ്രത്യക്ഷമാവും. അപ്രത്യക്ഷമാവുന്നതിനു മുന്‍പ് സൂചന തരും. അപ്പോള്‍ ഇറ്റി വീഴ്ത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണം. കൃത്യം ഏതു തുള്ളി വീഴുമ്പോഴാണ് നിറം പൂര്‍ണ്ണമായും അപ്രത്യക്ഷമാവുന്നത്-അതാണ് ലിറ point. മര്‍മ്മപ്രധാനമായ പോയന്റ്. ഇതു തന്നെയല്ലേ കവിതയുടെ തത്ത്വവും? ഏതേതൊരു വാക്കുകള്‍ ഏതേതെല്ലാം സ്ഥാനങ്ങളില്‍ ഏതേതെല്ലാം അളവുകളില്‍ വാര്‍ന്നുവീണാല്‍ അനുഭവം അതിന്റെ നിശിതമായ സന്തുലനം സാക്ഷ്യപ്പെടുത്തും? ഒരു ടെസ്റ്റ്ട്യൂബില്‍ കുറച്ച് ലെഡ് എടുത്ത് അതില്‍ പൊട്ടാസ്യം അയോഡൈഡും വെള്ളവും ചേര്‍ത്ത് ലെഡ് അയോഡൈഡ് ഉണ്ടാക്കി ബര്‍ണറില്‍ കാണിച്ച് ചൂടാക്കുക. എന്നിട്ട് അത് തണുക്കാനനുവദിക്കുക. തണുപ്പിന്റെ ഒരു ഘട്ടമെത്തുമ്പോള്‍ ടെസ്റ്റ്ട്യൂബില്‍ സ്വര്‍ണ്ണത്തരികള്‍ പ്രത്യക്ഷപ്പെടും! ഇങ്ങനെയൊക്കെ പറയുന്നു രസതന്ത്രം. വേണ്ട ചേരുവകള്‍ വേണ്ട സന്ദര്‍ഭത്തില്‍ വേണ്ട അനുപാതത്തില്‍ ഒന്നിക്കുമ്പോള്‍ പുതിയൊരു നക്ഷത്രം ജനിക്കുന്നു എന്നു പറയുന്നു സാഹിത്യം. രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം? കവിതയുടെ ഈ കെമിസ്ട്രിയാണ് ആറ്റൂര്‍ക്കവിതയുടെ നിര്‍മ്മിതീ നിയതത്വം (precision Engineering). ആറ്റൂര്‍ ഇതിനെ പറയാറുള്ളത് accuracy of experience എന്നാണ്. എന്നാല്‍, കെമിസ്ട്രിയിലേതുപോലെ തോന്നുമ്പോഴൊക്ക സ്വര്‍ണ്ണത്തരികള്‍ സൃഷ്ടിക്കാന്‍-കവിതയെഴുതാന്‍- പറ്റില്ല. ഇതാണ് കവിതയും സയന്‍സും തമ്മിലുള്ള വ്യത്യാസം. 

എണ്‍പതുകളാദ്യം അയ്യന്തോള്‍ കളക്ടറേറ്റിനു സമീപത്തുള്ള ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്സില്‍ മൂന്നു പ്രശസ്ത എഴുത്തുകാരുണ്ടായിരുന്നു: ഡോ. കെ. രാഘവന്‍ പിള്ള, ആറ്റൂര്‍ രവിവര്‍മ്മ, കെ.ജി. ശങ്കരപ്പിള്ള. എന്നും സന്ധ്യയ്ക്ക് എന്റെ മുഖ്യജോലി, രണ്ടോ മൂന്നോ കവിതകളുമായി ഇവരുടെ ഓരോരുത്തരുടേയും വീടുകളിലേക്ക് ഊഴം വെച്ചു ചെല്ലുക എന്നതായിരുന്നു. എല്ലാവരും എന്റെ കവിതകള്‍ താല്പര്യപൂര്‍വ്വം വായിക്കുകയും ചര്‍ച്ചചെയ്യുകയും തിരുത്തല്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുമായിരുന്നു. ആറ്റൂരിന്റെ അഭിപ്രായപ്രകടനത്തിന് ഒരു സവിശേഷതയുണ്ട്. അത് ഏതാണ്ട് ഇപ്രകാരമായിരിക്കും: ''ഇതൊന്നിനും കൊള്ളില്ല്യ. അല്ലെങ്കില്‍, ങാ, ഇതില് കവിതയുണ്ട്.'' ചിലപ്പോള്‍ അഭിപ്രായമൊന്നും പറയാതെ, കൈയില്‍ പേനയില്ലെങ്കില്‍ എന്റെ കയ്യില്‍നിന്നു വാങ്ങി, കവിതയുടെ മുകളിലായി ഒരു ശരിയടയാളം ഇടും. അതിന്റെ അര്‍ത്ഥം കവിത നല്ലതാണെന്നല്ല. തനിക്ക് അത് തിരുത്തി നേരെയാക്കാന്‍ പറ്റില്ല എന്നാണ്! അത് നിങ്ങള്‍ക്ക് പ്രസിദ്ധീകരിക്കണമെങ്കില്‍ പ്രസിദ്ധീകരിക്കാം. തന്റെ സമ്പ്രദായത്തില്‍പ്പെടാത്ത കവിത മോശമാണെന്ന് അദ്ദേഹം പറയില്ല. തന്റെ കാഴ്ചപ്പാടില്‍ ഇതില്‍, എഴുതിയ ആളുടെ തനിമയില്ല എന്നുമാത്രം. എന്നാല്‍, നടപ്പു കാവ്യസമ്പ്രദായത്തില്‍പ്പെട്ട കവിതയാണത്. അതുകൊണ്ടാണ് അതിന്മേല്‍ 'അംഗീകൃതം' എന്ന മട്ടില്‍ ശരിയടയാളം ഇടുന്നത്! (ഇങ്ങനെ പത്തുമുപ്പതു വര്‍ഷം മുന്‍പൊക്ക ആറ്റൂര്‍ ശരിയടയാളമിട്ടിട്ടുള്ള കവിതകള്‍ എത്രയോ എന്റെ കൈവശമിരിക്കുന്നു! അതൊന്നും ഞാന്‍ പ്രസിദ്ധീകരിച്ചില്ല. ഇന്നതെടുത്തു നോക്കിയപ്പോള്‍ അദ്ഭുതം തോന്നി! എന്തു നല്ല കവിതകള്‍! സച്ചിദാനന്ദനെക്കാള്‍ നന്നായി ഞാനെഴുതിയ സച്ചിദാനന്ദന്റെ കവിതകള്‍! ചുള്ളിക്കാടിനേക്കാള്‍ നന്നായി ഞാനെഴുതിയ ചുള്ളിക്കാടന്‍ കവിതകള്‍! കടമ്മനിട്ടക്കവിതകള്‍! ചുള്ളിക്കാട് 'പോസ്റ്റുമോര്‍ട്ടം' എഴുതിയ കാലത്ത് ഞാന്‍ 'ഓപ്പറേഷന്‍' എന്ന ഒരു കവിതയെഴുതിയതായി കാണുന്നു! അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ-ഓപ്പറേഷന്‍ കഴിഞ്ഞിട്ടല്ലേ സാധാരണയായി പോസ്റ്റുമോര്‍ട്ടം വരുക? സച്ചിദാനന്ദന്‍ മാത്രമല്ല, ഞാനും 'ആത്മഗീത' യെഴുതിയിരിക്കുന്നു! ''അതിര്‍ത്തികളില്‍ തര്‍ക്കമായിരുന്നു/ഭടന്മാര്‍ ടാങ്കുകളുമായുരുണ്ടു/ ബുട്രോസ്ഘാലി പൊട്ടിത്തെറിച്ച് വീറ്റോ ഒലിച്ചുപരന്നു/സോമാലിയക്ക് ആത്മീയത കിട്ടും വരെ.'' ഇത് ആരുടെ കവിതയിലെ വരികളാണ്?)

ആറ്റൂര്‍ രവിവര്‍മ്മ (പഴയകാല ചിത്രം)
ആറ്റൂര്‍ രവിവര്‍മ്മ (പഴയകാല ചിത്രം)

എല്ലാവരും അവനവന്റേതുപോലെ എഴുതുകയാണു വേണ്ടത് എന്നാണ് ആറ്റൂരിന്റെ തിരുത്തലിന്റെ ഒരു സത്യം. അധികമായ വാക്ക് കളയുക എന്നതാണ് മറ്റൊരു സത്യം. ഉദാഹരണമായി, ഒരു കവിതയില്‍ (വിപ്ലവത്തിന്റെ അന്ത്യം) ഞാനെഴുതി: ''പൊന്തക്കാട്ടിനുള്ളില്‍ ഒളിഞ്ഞുനിന്ന്'' എന്ന്. ആറ്റൂര് ചോദിച്ചു: ''പൊന്തക്കാട്ടില്‍ ഒളിഞ്ഞുനിന്ന്'' എന്നു പോരേ? ശരിയാണ്. മതി. അര്‍ത്ഥവ്യത്യാസമൊന്നുമില്ല! കുറക്കുക, കുറുക്കുക എന്നതാണ് ആറ്റൂരിന്റെ രീതി. പേറ്റര്‍ Essay on Style-ല്‍ പറയുന്നു: 'Surplus age! the artist will dread that, as the runner on his muscles.' എന്നാല്‍ ഈ കാഴ്ചപ്പാടു മാത്രമേ ശരി എന്നു കരുതുന്ന ആളല്ല ആറ്റൂര്‍. ചിലര്‍ക്ക് അങ്ങനെയൊരു തെറ്റിദ്ധാരണയുള്ളതുകൊണ്ടാണ് ഇവിടെയിത് എടുത്തു പറയുന്നത്. ധാരാളിത്തത്തിലും (Super abundance) മഹത്തായ കലയുണ്ടാകും എന്നറിയുന്ന ആള്‍ തന്നെയാണദ്ദേഹം. ഉദാഹരണമായി പറയുകയാണെങ്കില്‍, എന്റെ തോറ്റം പാട്ട് എന്ന കവിത. നീണ്ട കവിതയാണത്. ഞാന്‍ വിചാരിച്ചു, 'ആറ്റൂരിത് വെട്ടി കൊളമാക്കും' എന്ന്. ആറ്റൂര് വെട്ടിയില്ലെന്നു മാത്രമല്ല, ഒരു തത്ത്വം പറയുകയും ചെയ്തു. കവിതയ്ക്ക് ഒരു പൊതുമാനകമില്ല. ഓരോന്നിനും ഓരോ ശരിയാണ്. ഒന്നിന്റെ ശരി മറ്റൊന്നിനു പാകമാവില്ല. ഓരോന്നിനും ഓരോ തച്ചാണ്. കുളമല്ല പുഴ. പുഴയല്ല സമുദ്രം. ഒന്നിനു പകരം മറ്റൊന്നില്ല. നൂറാള്‍ ചിരിക്കുന്നുണ്ടങ്കില്‍ ഓരോ ചിരിയും വേറെയാണ്. അത് തിരിച്ചറിയാനുള്ള കഴിവ് ഒരു കവിക്ക് ഉണ്ടാകും, ഉണ്ടാകണം. ആറ്റൂരിന്റെ അവന്‍ ഞാനല്ലോ എന്ന കവിതയില്‍ ഇങ്ങനെയൊരു വരിയുണ്ട്. ''വയസ്സു മുപ്പത്തഞ്ചായി/വാങ്ങീ പത്തിങ്ക്രിമെന്റുകള്‍''. എന്റെ തോറ്റംപാട്ട് എന്ന കവിതയില്‍ ഇങ്ങനെയൊരു വരിയുണ്ട്: ''മുപ്പത്തഞ്ചു വയസ്സിന്നുള്ളില്‍/ശമ്പള വര്‍ദ്ധന പത്തുരു നേടീ-/ ട്ടസ്തിത്വ വ്യഥ പറയുന്നോര്‍ക്കീ/യനുഭൂതികളുടെയര്‍ത്ഥം തെളിയാ.'' ഈ കവിത ഞാന്‍ ആറ്റൂരിനെ കാണിക്കാന്‍ കൊണ്ടുപോയി. മേല്‍ക്കൊടുത്ത എന്റെ വരികള്‍ വായിക്കുന്ന നേരത്ത് അദ്ദേഹത്തിന്റെ പ്രതികരണമെന്തായിരിക്കും എന്നു ഞാന്‍ ഒളികണ്ണിട്ടു നോക്കി. അദ്ദേഹം അക്ഷോഭ്യനായിരുന്നു. ആധുനികതയോട് വേറിടുന്ന ആധുനികാനന്തരതയെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതിന്റെ തെളിവാണ് അദ്ദേഹം എഡിറ്റു ചെയ്ത 'പുതുമൊഴി വഴികള്‍' എന്ന പുസ്തകം. ചിരിയെപ്പറ്റി പറഞ്ഞപ്പോള്‍ മറ്റൊരു കാര്യം ഓര്‍മ്മവരുന്നു: ഏറെക്കാലം ഞാനും ആറ്റൂര്‍ രവിവര്‍മ്മയും തൃശ്ശൂരിലെ ഒരു പാരലല്‍ കോളേജില്‍ മലയാളം എം.എ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തിരുന്നു. അക്കാലത്തൊരിക്കല്‍ ഞങ്ങള്‍ കോളേജില്‍നിന്ന് അതിരപ്പള്ളിയിലേയ്ക്ക് ടൂര്‍ പോയി. അതിരപ്പള്ളിയില്‍ എത്തി ഞങ്ങളങ്ങനെ നില്‍ക്കുമ്പോള്‍ ഒരു കന്യാസ്ത്രീ കുറേ പെണ്‍കുട്ടികളോടൊപ്പം ആറ്റൂരിന്റെ അടുത്തേയ്ക്കു വന്നു. അവരും ടൂര്‍ തന്നെ. തൃശൂര്‍ വിമല കോളേജില്‍നിന്നു വരുകയാണ്. ആറ്റൂരിനെ കണ്ടപ്പോള്‍ കന്യാസ്ത്രീക്കു സന്തോഷമായി. അവര്‍ മലയാളം അധ്യാപികയാണ്. കുശലാന്വേഷണത്തിനിടെ ആറ്റൂര്‍ എന്നെ കന്യാസ്ത്രീക്കു പരിചയപ്പെടുത്തി: ഇത് കെ.ആര്‍. ടോണി, കവിയാണ്. ഉടനെ കന്യാസ്ത്രീ ചോദിച്ചു: ടോണിയുടെ വീടെവിടെയാണ്? ഞാന്‍ പറഞ്ഞു: തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട്. ഏതാ ഇടവക? സെന്റ് ആന്‍സ്. അവിടെ ആരാ അച്ചന്‍? ഞാന്‍ പെട്ടു. എനിക്കുണ്ടോ അച്ചന്റെ പേരറിയുന്നു! ഞാന്‍ പറഞ്ഞു: ''അത് ഇപ്പോ... എല്ലാ അച്ചന്മാര്‍ക്കും ഒരു പേരു തന്നെയല്ലേ?'' ഇതു കേട്ടതും ആറ്റൂര്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു. വായ തുറന്നുകൊണ്ടുള്ള ആ ചിരി എന്റെ മനസ്സില്‍നിന്നു മായുന്നില്ല. അതിനു മുന്‍പോ പിന്‍പോ ആറ്റൂര്‍ അങ്ങനെ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല

ആറ്റൂരിന്റെ മകന്‍ ഡോ. പ്രവീണും ഞാനും ഒരേ പ്രായക്കാരാണ്. ഞങ്ങള്‍ തമ്മിലങ്ങനെ കാണാറില്ല. അച്ഛനുമായിട്ടാണ് ഞാന്‍ കൂട്ട്! അങ്ങനെ പത്തുനാല്പതു വര്‍ഷമായുള്ള കൂട്ടാണ് ഇന്നലെ അറ്റുപോയത്. മരിക്കുന്നതിന് ഏതാണ്ട് ഒരാഴ്ച മുന്‍പ് ഞാന്‍ അദ്ദേഹത്തിന് എന്റെ പുതിയ കവിത വായിച്ചുകൊടുത്തു. അത് കേട്ടശേഷം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ഇതിലെ അവസാനത്തെ ആറുവരി ആവശ്യമുണ്ടോ? രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഞാനങ്ങനെ ചോദിച്ചത്. ഒന്ന്, ഒരു ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ ഓണപ്പതിപ്പിനുവേണ്ടി കവിത ഉടനെ വേണമെന്നു പറഞ്ഞതിനാല്‍ പെട്ടെന്ന് എഴുതിയതാണ്. അതയയ്ക്കുകയും ചെയ്തു. കൂടുതല്‍ അതിന്മേല്‍ അടയിരിക്കാന്‍ എനിക്കു പറ്റിയിട്ടില്ല. ആറ്റൂരിനെ ഈ കവിത കാണിച്ചിട്ടുമില്ല. ആറ്റൂര്‍ വല്ല തിരുത്തും പറഞ്ഞാല്‍ അതു വിളിച്ചു പറയാമല്ലോ പത്രാധിപരോട് എന്ന വിചാരം. രണ്ടാമത്, വിമര്‍ശനബുദ്ധി ആറ്റൂരിന് ഇപ്പോഴുമുണ്ടോ എന്നറിയാമല്ലോ എന്ന വിചാരം. ചോദ്യം കേട്ട ഉടനെ ആറ്റൂര്‍ പറഞ്ഞു വീണ്ടും വായിക്കാന്‍. വീണ്ടും വായിച്ചു. കുറച്ചൊന്നാലോചിച്ച ശേഷം അദ്ദേഹം പറഞ്ഞു: ''അതു വെട്ടണ്ട.'' കിടക്കയുടെ അരികിലിരുന്നാണ് ഞാന്‍ വായിച്ചത്. കിടന്നുകൊണ്ടാണ് അദ്ദേഹം കേട്ടതും. കുറച്ച് ഓര്‍മ്മക്കുറവുണ്ടായിരുന്നെങ്കിലും അവസാന കാലം വരെ ആറ്റൂരിനു കവിതയെപ്പറ്റിയുള്ള ബോധ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ കവിതയാണ് അദ്ദേഹം അവസാനമായി കേട്ട കവിത. ഇനി ഞാന്‍ ഒരു കവിതയെഴുതുമ്പോള്‍ അതിന്റെ ആദ്യ പരിശോധനയ്ക്കായി ഞാന്‍ ആരുടെ അടുത്തുപോകും? ആ വീട്ടിലേയ്ക്കുതന്നെ കവിതയുമായി കടന്നുചെന്നു കുറച്ചുനേരം അവിടെയിരുന്നശേഷം മടങ്ങിപ്പോരുമായിരിക്കും. എന്നാലേ എനിക്കു തൃപ്തി വരുകയുള്ളൂ.

ആറ്റൂര്‍ തര്‍ജ്ജമ ചെയ്ത പുതുനാനൂറിലെ ഏതോ ഒരു തമിഴ് കവിയുടെ കവിത ഇങ്ങനെ പറയുന്നു: ''അയാള്‍ മരിച്ചുപോയത്രേ/എനിക്കെന്തോ അയാള്‍ ഉണ്ടായിരുന്നതു തന്നെയാണ്/ ഇപ്പോഴും ഉള്ളില്‍ ഉണ്ടാവുന്നത്!'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com