ഉത്തരം തരാത്ത ചില ചോദ്യങ്ങള്‍: വിവരാവകാശ നിയമം ഭേദഗതി ചെയ്യുമ്പോള്‍!!

സ്വതന്ത്ര സംവിധാനമായ വിവരാവകാശ കമ്മിഷണര്‍ സര്‍ക്കാരിന്റെ ശമ്പളക്കാരന്‍ മാത്രമാകുമ്പോള്‍ ജനാധിപത്യവും പൗരാവകാശവും ഇല്ലാതാകുന്നതെങ്ങനെ?
ഉത്തരം തരാത്ത ചില ചോദ്യങ്ങള്‍: വിവരാവകാശ നിയമം ഭേദഗതി ചെയ്യുമ്പോള്‍!!

ഹസ്യാത്മകത സൂക്ഷിച്ചിരുന്ന കൊളോണിയല്‍ ഭരണത്തുടര്‍ച്ചയുടെ പൊളിച്ചെഴുത്തായിരുന്നു 2005ല്‍ നിലവില്‍ വന്ന വിവരാവകാശ നിയമം. ഒന്നാം യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച ഈ നിയമം ഇന്ത്യന്‍ നിയമനിര്‍മാണങ്ങളുടെ ചരിത്രത്തില്‍ നാഴികകല്ലായി. രണ്ടാംമോദി സര്‍ക്കാര്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തുമ്പോള്‍ അതും മറ്റൊരു നാഴികകല്ലാണ്. ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള  രാജ്യത്തിന്റെ സഞ്ചാരപാതയിലെ പ്രധാനവഴിത്തിരിവ്. ക്രമാനുഗതിയിലുള്ള പുരോഗമനത്തിലൂടെയാണ് ഏതൊരു ജനാധിപത്യസംവിധാനവും ഉരുത്തിരിയുക. അത്തരമൊരു സഞ്ചാരദിശയിലാണ് ഈ നിയമവും നടപ്പായത്. അരുണ റോയിയുടെ നേതൃത്വത്തില്‍ 2000 മുതല്‍ സജീവമായ സാമൂഹ്യ-രാഷ്ട്രീയ ചര്‍ച്ചകളാണ് നിയമനിര്‍മാണത്തിന് വഴിതെളിച്ചത്. 

പൗരാവകാശങ്ങളെ ബഹുമാനിച്ചുകൊണ്ടു തന്നെ ഭരണതലത്തിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും അഴിമതിയും അധികാരദുര്‍വിനിയോഗവും ചോദ്യം ചെയ്യാന്‍ പൗരന് അവകാശം നല്‍കുകയായിരുന്നു ലക്ഷ്യം. അതുവഴി വിവരാവകാശ പ്രവര്‍ത്തകരുടെ ഒരു തലമുറ തന്നെ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍, ചോദ്യങ്ങളെ ഇഷ്ടപെടാത്ത വ്യവസ്ഥാപിത സംവിധാനങ്ങള്‍ പല തവണയായി നിയമം ദുര്‍ബലമാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഇതിനകം അറിയാനുള്ള അവകാശത്തിന്റെ പേരില്‍ മാത്രം 83 വിവരാവകാശ പ്രവര്‍ത്തകരാണ്* കൊല്ലപ്പെട്ടത്. അഴിമതികള്‍ പുറത്തുകൊണ്ടുവന്ന പലരും ആക്രമിക്കപ്പെട്ടു. ഭീഷണികള്‍ക്കു മുന്നില്‍ പതറി വിവരാവകാശ പ്രവര്‍ത്തകരില്‍ പലരും ആത്മഹത്യ ചെയ്തു. പല ചോദ്യങ്ങളും ഉത്തരമില്ലാതെ അവശേഷിക്കപ്പെട്ടു.   

നിലവില്‍ അഞ്ചു വര്‍ഷം കൂടി വരുന്ന തെരഞ്ഞെടുപ്പുകളല്ലാതെ സര്‍ക്കാരിനെ തെറ്റുതിരുത്തി നേര്‍വഴിക്ക് നടത്താന്‍ ജനങ്ങള്‍ക്ക് വേറെ മാര്‍ഗങ്ങളുണ്ടായിരുന്നില്ല. വിവരാവകാശ നിയമം വന്നതോടെ തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതമായി. എന്നാല്‍, പുതിയ ഭേദഗതിയോടെ കേന്ദ്രസര്‍ക്കാര്‍ അധികാര കടന്നുകയറ്റം നടത്തുമ്പോള്‍ പുരോഗമന ജനാധിപത്യ വ്യവസ്ഥയില്‍ നിന്നുള്ള പിന്‍മടക്കമാണ് അത്.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമന -ശമ്പള വ്യവസ്ഥയിലാണ് പ്രധാന ഭേദഗതി. കമ്മീഷന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തിന് ഇത് പ്രതിബന്ധമാകും. നിലവില്‍ സംസ്ഥാന കമ്മീഷണര്‍മാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സംസ്ഥാന മന്ത്രിയും അടങ്ങിയ സമിതയുടെ ശുപാര്‍ശ പരിഗണിച്ച് ഗവര്‍ണറാണ്. അഞ്ചു വര്‍ഷമാണ് കാലാവധി. ഗവര്‍ണര്‍ക്ക് മാത്രമാണ് അവരെ നീക്കം ചെയ്യാനുള്ള അധികാരം. എന്നാല്‍, ഭേദഗതിയോടെ വേതനവും കാലയളവും തീരുമാനിക്കാനുള്ള അധികാരം കേന്ദ്രത്തിനായി. ഇതു നിശ്ചയിക്കുന്നതിലൂടെ ഗവര്‍ണറുടെയും സംസ്ഥാനത്തിന്റെയും നിയമനാവകാശവും അധികാരവും കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനു തുല്യമായ അധികാരവും ഭരണഘടനാ പദവിയുമാണ് നിലവില്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ക്ക്. എന്നാല്‍ ഭേദഗതി വന്നതോടെ ഈ പദവി നഷ്ടമാകും. അതോടെ അധികാരമില്ലാത്ത റബര്‍ സ്റ്റാംപായി കമ്മീഷന്‍ മുദ്രകുത്തപ്പെടും. സര്‍ക്കാരിന് അനിഷ്ടം തോന്നിയാല്‍ കമ്മീഷണറെ പിരിച്ചുവിടാനും ശമ്പളം വൈകിക്കാനുമൊക്കെ സാധിക്കും. ഫലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും കമ്മീഷണര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍. ഇങ്ങനെ നിയമം ദുര്‍ബലമായി സ്വയം ഇല്ലാതാകുമെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. വിവരാവകാശ കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റേതു പോലെ ഭരണഘടനാ സ്ഥാപനമല്ലെന്നാണു സര്‍ക്കാരിന്റെ വാദം. ആര്‍ട്ടിക്കിള്‍ 324 പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാ സ്ഥാപനമാണ്. എന്നാല്‍, 2005 ആര്‍ടിഐ ആക്റ്റില്‍ വന്ന വിവരാവകാശ കമ്മീഷന്‍ എങ്ങനെ ഭരണഘടനാസ്ഥാപനമാകുമെന്നാണ് സര്‍ക്കാരിന്റെ ചോദ്യം.

ഇതിനുള്ള ഉത്തരം അടുത്തിടെ വന്ന സുപ്രീംകോടതി വിധിയിലുണ്ട്. വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ചായിരുന്നു ഈ സുപ്രധാന വിധി. മൗലികാവകാശത്തിന്റെ രണ്ടു രൂപങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനും വിവരാവകാശ കമ്മീഷനുമെന്നാണു പരമോന്നത കോടതി നിരീക്ഷിച്ചത്. ആര്‍ട്ടിക്കിള്‍ 19(1)(A) അറിയാനുള്ള അവകാശ പ്രകാരം അതിന് ഭരണഘടനാപദവിയുണ്ടെന്ന വ്യക്തതയാണ് കോടതി നല്‍കിയതും. ഇക്കാര്യം ലോക്സഭയില്‍ ശശി തരൂര്‍ എം.പി ഉന്നയിക്കുകയും ചെയ്തിരുന്നു. നിലവിലെ ഭേദഗതി അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ശമ്പള ഘടനയാകും വിവരാവകാശ കമ്മീഷണര്‍മാര്‍ക്ക്. 2017ലെ ഫിനാന്‍സ് ആക്ട് പ്രകാരം വിവിധ ട്രൈബ്യൂണല്‍ ചെയര്‍പേഴ്സണ്‍മാരുടെ വേതനവും അലവന്‍സും തെരഞ്ഞെടുപ്പ്-വിവരാവകാശ കമ്മീഷണര്‍മാര്‍ക്ക് തുല്യമാക്കാന്‍ തീരുമാനിച്ചിരുന്നു. നിലവില്‍ ഈ കമ്മീഷണര്‍മാരുടെ ശമ്പളം സുപ്രീംകോടതി ജഡ്ജിക്കു ലഭിക്കുന്നതിനു തുല്യമാണ്.

ഭേദഗതിക്ക് മുന്‍പേ
തീര്‍ന്ന നിയമം

2014ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ പതനത്തിനു വഴിതെളിച്ചത് അഴിമതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതായിരുന്നു. അധികാരത്തിലേറുന്നതിനു മുന്‍പ് അഴിമതി തുടച്ചുനീക്കുന്ന സുതാര്യമായ സര്‍ക്കാരാകും അടുത്തതെന്ന് ജനവിധി വന്നയുടന്‍ ബി.ജെ.പി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അഞ്ചു വര്‍ഷത്തിനു ശേഷം മോദി സര്‍ക്കാരിന്റെ ട്രാക്ക് റെക്കോഡ് പരിശോധിച്ചാല്‍ വിവരം ലഭിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഏറ്റവും കൂടുതല്‍ ഹനിച്ചത് ഈ സര്‍ക്കാരായിരുന്നു. ഒന്നും മറച്ചു വയ്ക്കാനില്ലാത്ത തുറന്ന പുസ്തകമെന്നാണ് പ്രധാനമന്ത്രി മോദി സ്വയം വിശേഷിപ്പിക്കാറുള്ളത്. പക്ഷേ മോദി ഭരണകാലത്താണ് വിവരാവകാശ നിയമം ഏറ്റവുമധികം അപഹാസ്യപ്പെട്ടതും അട്ടിമറിക്കപ്പെട്ടതും. വിവരാവകാശപ്രകാരം മോദി സര്‍ക്കാരില്‍ നിന്ന് മറുപടി ആവശ്യപ്പെട്ട 80 ശതമാനം അപേക്ഷകളും നിരസിക്കപ്പെട്ടുവെന്നാണ് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. 2016ലെ നോട്ടുനിരോധനം ഉദാഹരണം. നോട്ടുനിരോധനം റിസര്‍വ് ബാങ്ക് അംഗീകരിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന ഉത്തരം നല്‍കാന്‍ ആര്‍ബിഐക്ക് രണ്ടരവര്‍ഷം വേണ്ടിവന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്ത അപഹാസ്യമായ തീരുമാനങ്ങളിലൊന്നായിരുന്നു നോട്ടുനിരോധനം. നോട്ട് നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെങ്ങനെയെന്ന നിര്‍ണായക ചോദ്യത്തിനു മറുപടി നല്‍കാതിരിക്കാന്‍ റിസര്‍വ് ബാങ്ക് സ്വയം അപഹാസ്യമായി. കേന്ദ്രവിവരവകാശകമ്മിഷനും സുപ്രീംകോടതിയും നിരന്തരം താക്കീതുകള്‍ നല്‍കിയിട്ടും റിസര്‍വ് ബാങ്ക് രണ്ടരവര്‍ഷം മറുപടി നല്‍കിയില്ല. ഒടുവില്‍ സുപ്രീംകോടതി കോടതിയലക്ഷ്യനടപടികള്‍ തുടങ്ങിയപ്പോഴാണ് റിസര്‍വ് ബാങ്കിന് മുട്ടുമടക്കേണ്ടി വന്നത്. 

പ്രധാനമന്ത്രി മോദി രാജ്യത്തോടു പറഞ്ഞതുപോലെ കള്ളപ്പണം നേരിടാനായിരുന്നു നോട്ടു നിരോധനമെന്ന് റിസര്‍വ് ബാങ്ക് അംഗീകരിച്ചിരുന്നില്ലെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണ്. നോട്ടു നിരോധനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ കടുത്ത സംശയങ്ങള്‍ ഉന്നയിച്ച റിസര്‍വ് ബാങ്ക് ബോര്‍ഡ് ഡയറക്ടര്‍മാര്‍ കള്ളപ്പണം അവസാനിപ്പിക്കുമെന്ന ലക്ഷ്യം തള്ളിക്കളഞ്ഞിരുന്നു. പ്രധാനമന്ത്രി മോദി നോട്ടു നിരോധനപ്രഖ്യാപനം നടത്തിയ 2016 നവംബര്‍ 8ന് രാത്രി 8 മണിക്ക് രണ്ടു മണിക്കൂര്‍ മുന്‍പാണ് കേന്ദ്രബാങ്ക് ഇക്കാര്യത്തില്‍ ഒരു നിലപാടില്‍ തന്നെയെത്തിയതെന്നും രേഖകള്‍ വ്യക്തമാക്കിയിരുന്നു. റഫേല്‍ വിമാനങ്ങളുടെ വില സംബന്ധിച്ച് അന്വേഷിച്ച അപേക്ഷകള്‍ക്കും സര്‍ക്കാര്‍ മറുപടി നിഷേധിച്ചിരുന്നു.

വന്‍തോതില്‍ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയവരുടെ പേരും വിശദാംശങ്ങളും ചോദിച്ച് ആര്‍.ബി.ഐയെ സമീപിച്ചപ്പോഴും ആ ചോദ്യത്തിനുള്ള മറുപടി ലഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യയെക്കുറിച്ചുള്ള വിവാദങ്ങളില്‍ വസ്തുത ആവശ്യപ്പെട്ട അപേക്ഷകര്‍ക്കും മറുപടി ലഭിച്ചില്ല. പ്രധാനമന്ത്രി മോദി ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടുണ്ടന്ന് പരസ്യമായി പ്രഖ്യാപിച്ച ഡല്‍ഹി യൂണിവേഴ്സിറ്റി പക്ഷേ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. വിവരാവകാശകമ്മിഷന്‍ കര്‍ശനനിര്‍ദേശം നല്‍കിയപ്പോള്‍ സ്റ്റേ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയാണ് യൂണിവേഴ്സിറ്റി ചെയ്തത്. സത്യാവാങ്മൂലങ്ങളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ തിരഞ്ഞെടുപ്പ് തന്നെ റദ്ദാക്കാവുന്നതാണെന്നും നേതാക്കളുടെ വിദ്യാഭ്യാസയോഗ്യത അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി 2016ല്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നോര്‍ക്കണം. ഭരണപരാജയത്തിന്റെ, കെടുകാര്യസ്ഥതയുടെ, അഴിമതിയുടെ, സംശയങ്ങളുടെ പുകമറയ്ക്കുള്ളിലാണ് മോദി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷം നിലകൊണ്ടത് എന്നതിന്റെ തെളിവാണ് ഉത്തരം നിഷേധിക്കപ്പെട്ട ചോദ്യങ്ങള്‍

ഭേദഗതികള്‍ 
ഇങ്ങനെ

അഞ്ചു വര്‍ഷമായിരുന്നു ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെയും മറ്റു ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെയും കാലാവധി. വേതനം സുപ്രീംകോടതി ജഡ്ജിക്ക് തുല്യവും. പ്രതിമാസം രണ്ടര ലക്ഷം രൂപ. അലവന്‍സ് 34,000. വാടകയില്ലാത്ത വീടും പ്രതിദിനം 200 ലീറ്റര്‍ ഇന്ധനവുമാണ് വിവരാവകാശ കമ്മീഷണര്‍മാര്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. എന്നാല്‍, ഭേദഗതി നിലവില്‍ വന്നതോടെ കമ്മീഷണര്‍മാരുടെ സേവനത്തിന് നിശ്ചിത കാലാവധിയില്ല. കാലാവധിയും വേതനവും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കും. സ്വാഭാവികമായും മറ്റു ഭരണഘടനാ സ്ഥാപനങ്ങളേക്കാള്‍ കുറവായിരിക്കും വിവരാവകാശ കമ്മീഷനു ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും. മുന്‍പ്, വിവരാവകാശ കമ്മീഷന്‍ ചെയര്‍മാനെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രിയും ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവും ക്യാബിനറ്റ് മന്ത്രിയുമടങ്ങുന്ന മൂന്നംഗസമിതി. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിയുമാണ് സമിതി. എന്നാല്‍, നിയമനാധികാരം സര്‍ക്കാരിന് വരുന്നതോടെ സെക്രട്ടറി തലത്തിലുള്ള ഒരു കമ്മീഷന്‍ മാത്രമായി അധികാരതലത്തില്‍ കമ്മീഷന്‍ ഒതുങ്ങും. നിലവിലെ നിയമം അനുസരിച്ച് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍, ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എന്നിവര്‍ക്കൊന്നും ഒരു കാലാവധി മാത്രമേ അധികാരത്തിലിരിക്കാനാകൂ. ഒന്നുകില്‍ അഞ്ചു വര്‍ഷം അല്ലെങ്കില്‍ 65 വയസ് വരെ. ഇതായിരുന്നു മാനദണ്ഡം. പുതിയ ഭേദഗതി വരുന്നതോടെ കമ്മീഷണര്‍മാരുടെ കാലാവധി നീട്ടാം. നിയമം അനുസരിച്ച് കേന്ദ്രത്തില്‍ പ്രസിഡന്റിനോ സംസ്ഥാനത്ത് ഗവര്‍ണര്‍ക്കോ മാത്രമാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറെ നീക്കാന്‍ അധികാരം. ഭേദഗതിയോടെ അതില്ലാതായി. 
*കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റസിന്റെ കണക്ക് അനുസരിച്ച് 

കെട്ടിക്കിടക്കുന്ന
അപേക്ഷകള്‍ 

2005നും 2017നും ഇടയില്‍ 2.23 കോടി വിവരാവകാശ അപേക്ഷകള്‍ ലഭിച്ചു എന്നാണ് കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ ഒരു വിവരം. രാജ്യത്ത് പലയിടങ്ങളിലും കമ്മിഷണര്‍മാരുടെ പദവികള്‍ നികത്താതെ കിടക്കുന്നു. വെബ്സൈറ്റില്‍ നിന്നു കിട്ടുന്ന ഔദ്യോഗിക കണക്കു പ്രകാരം 32,000 അപ്പീലുകളാണ് കെട്ടിക്കിടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com