കലയുടെ ആഘോഷപരത: ചന്ദ്രന്‍ ടിവി എഴുതുന്നു

കലാകാരന്മാര്‍ക്കും കലാസംഘടനകള്‍ക്കും ലളിതകലാ അക്കാദമിക്കും ഈ ആഹ്ലാദത്തില്‍ അവരവരുടേതായ പങ്കുണ്ട്. പക്ഷേ, അവര്‍ മാത്രമാണ് ഈ ആഘോഷത്തില്‍ പങ്കുചേരുന്നത് എന്നതാണ് നടുക്കുന്ന യാഥാര്‍ത്ഥ്യം.
കലയുടെ ആഘോഷപരത: ചന്ദ്രന്‍ ടിവി എഴുതുന്നു


ഴിഞ്ഞ ഒരു ദശകത്തിലെ കേരളത്തിലെ കലാചരിത്രം പരിശോധിക്കുകയാണെങ്കില്‍ വൈരുദ്ധ്യങ്ങള്‍ കുന്നുകള്‍പോലെ പൊങ്ങിനില്‍ക്കുന്ന ഒരു സംസ്‌കാരമാണ് കലയുടേതായി നമുക്കുള്ളതെന്ന്  കാണാം. ജില്ലകള്‍തോറും ഗാലറികള്‍, അവിടങ്ങളിലെല്ലാം ഇടതടവില്ലാതെ പ്രദര്‍ശനങ്ങള്‍, പലയിടങ്ങളില്‍ പലവിധത്തിലുള്ള കലാക്ക്യാമ്പുകള്‍, അദ്ധ്യയന വര്‍ഷത്തില്‍ ഏറിയ പങ്കും പാഠ്യപദ്ധതിയേയും അദ്ധ്യയനത്തേയും അവഗണിച്ചുകൊണ്ട് ക്യാമ്പസുകളില്‍ ക്യാംപുകളും ശില്പശാലകളും മത്സരബുദ്ധിയോടെ സംഘടിപ്പിക്കുന്ന ഫൈന്‍ ആര്‍ട്ട്സ് കോളജുകള്‍, ഇതൊന്നും കൂടാതെ കൊച്ചിയില്‍ അരങ്ങേറുന്ന അന്താരാഷ്ട്ര ദൃശ്യോത്സവം. ഇവയുടെ ആകത്തുകയില്‍ മാധ്യമങ്ങളില്‍ കൊഴുക്കുന്ന കലയെഴുത്ത്. ഏതെങ്കിലുമൊരു കലാമാധ്യമത്തില്‍ പരിശീലനമൊന്നും ആര്‍ജ്ജിച്ചിട്ടില്ലെങ്കിലും, 'ഇന്‍സ്റ്റലേഷന്‍' പോലുള്ള കലയിലെ 'നൂതന' സങ്കേതങ്ങള്‍ സ്‌കൂള്‍ അങ്കണങ്ങളില്‍ ചെറിയ കുട്ടികള്‍പോലും അയത്‌നലളിതമായി പ്രയോഗിച്ചുവരുന്ന അവസ്ഥ. അവയെല്ലാം സാധൂകരിക്കാന്‍ വെമ്പല്‍കൊള്ളുന്ന കലാനിരൂപകര്‍. നവമാധ്യമങ്ങളെക്കുറിച്ചും ജ്ഞാനാന്തര പാഠങ്ങളെക്കുറിച്ചും ഉപദേശങ്ങളും വെളിപാടുകളും  നല്‍കാന്‍ സദാ ജാഗരൂകരായി ഓടിനടക്കുന്ന റാഡിക്കല്‍ നിരൂപകരുടെ സജീവത. ഇവയെല്ലാം ചേര്‍ന്നുള്ള ഒരു ആഹ്ലാദത്തിമര്‍പ്പ് കലയുടെ സമകാലീന പരിസരത്ത് ഇന്നു വേണ്ടുവോളം അനുഭവപ്പെടുന്നുണ്ട്. 

കലാകാരന്മാര്‍ക്കും കലാസംഘടനകള്‍ക്കും ലളിതകലാ അക്കാദമിക്കും ഈ ആഹ്ലാദത്തില്‍ അവരവരുടേതായ പങ്കുണ്ട്. പക്ഷേ, അവര്‍ മാത്രമാണ് ഈ ആഘോഷത്തില്‍ പങ്കുചേരുന്നത് എന്നതാണ് നടുക്കുന്ന യാഥാര്‍ത്ഥ്യം. അവര്‍ മാത്രമടങ്ങുന്നതാണ് കേരളത്തിലെ കലാലോകം. കാഴ്ചക്കാരനില്ലാത്ത കലാലോകത്ത് കലാകാരന്‍ തന്നെ കാഴ്ചക്കാരനുമാകുന്ന ആ വലിയൊരു വിരോധാഭാസമാണ് കേരളത്തില്‍ ആഘോഷിക്കപ്പെടുന്ന കലാസംസ്‌കാരത്തിന്റെ പ്രധാന ഉള്ളടക്കം. 

'സാഹിത്യലോകം', 'സിനിമാലോകം' എന്നിവയില്‍ വിവക്ഷിതമായിരിക്കുന്ന ഒരു ആസ്വാദക സമൂഹം കലയ്‌ക്കെന്നും അന്യമായിരുന്നു, ഇവിടെ. ചരിത്രപരമായ നിരവധി കാരണങ്ങളാല്‍ സംജാതമായ അത്തരമൊരവസ്ഥയ്ക്കു കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെ കാലമായിട്ടും യാതൊരിളക്കവും തട്ടിയിട്ടില്ല. കൊച്ചിയില്‍ അരങ്ങേറുന്ന ദൃശ്യോത്സവം കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും കലയുടെ അനുഭൂതി പരിസരത്തല്ല അവരാരും നിലയുറപ്പിക്കുന്നത്. കലയേക്കാള്‍ കലേതരമായ പല കാര്യങ്ങളുമാണ് സന്ദര്‍ശകരെ അവിടേക്ക് ആകര്‍ഷിക്കുന്നത്. അവയിലേറ്റവും പ്രധാനമായത് വിനോദസഞ്ചാര കൗതുകമാണ്.

കലയുടെ കാണികള്‍ ആര്?
പ്രാദേശിക കലാസംസ്‌കാരത്തെ കൂടുതല്‍ അര്‍ത്ഥവത്തായ രീതിയില്‍ വളര്‍ത്തിയെടുക്കുക എന്നൊരു ലക്ഷ്യം ബിയനാലെ പോലൊരു രാഷ്ട്രാന്തര ദൃശ്യാഘോഷത്തിന്റെ പിറകിലില്ല. ദേശത്തിന്റേയോ സംസ്‌കാരത്തിന്റേയോ സവിശേഷ മുദ്രകളൊന്നും പതിയാത്ത ഒരു ദേശീയാതീത വ്യവസ്ഥാപനം (transational institution) എന്ന നിലയിലാണ് കല ഇന്ന് ആഗോളതലത്തില്‍ ആഘോഷിക്കപ്പെടുന്നത്. ആ അവസ്ഥയെ വിനോദസഞ്ചാരത്തിന്റെ പുതുവഴികള്‍ (cultural toursim) അതിനനുകൂലമാക്കിയെടുക്കുന്നതില്‍ വിജയിക്കുകയുണ്ടായി. അങ്ങനെ വിനോദസഞ്ചാരത്തെ കലാസംസ്‌കാരത്തിലേയ്ക്കു വഴിതിരിച്ചുവിട്ടതിന്റെ സാക്ഷാല്‍ക്കാരങ്ങളാണ് ബിയനാലെ, ട്രിയനാലെ, ഡോക്യുമെന്റാ, ഗ്രാന്റി ഇവന്റി തുടങ്ങി ലോകത്ത് പലയിടങ്ങളിലായി ആഘോഷിക്കപ്പെടുന്ന നൂറ്റിയമ്പതോളം വരുന്ന ദൃശ്യമേളകള്‍. വിനോദസഞ്ചാര പദ്ധതികളുടെ പുതിയ താല്പര്യങ്ങള്‍ രൂപപ്പെടുത്തിയ ഇത്തരം രാഷ്ട്രാന്തര മേളകളില്‍നിന്ന്, അവയുടെ അന്തര്‍ഹിതങ്ങളില്‍നിന്ന് ഒട്ടും മാറി നില്‍ക്കുന്നതല്ല കൊച്ചിയില്‍ ആഘോഷിച്ചുവരുന്ന ബിയനാലെയും. ആസ്പിന്‍വാളിന്റെ മനം കുളിര്‍പ്പിക്കുന്ന തുറസ്സായ പരിസരവും കായലും കപ്പലും നേരിട്ടു കാണാന്‍ കഴിയുന്ന അതിന്റെ സമീപസ്ഥതയും പ്രദര്‍ശന വസ്തുക്കളേക്കാള്‍ രസകരമാകുന്ന ദൃശ്യാനുഭവമാണ് കാണികള്‍ക്കു നല്‍കുന്നത്. പ്രകൃത്യാ ആകര്‍ഷകമായ അത്തരം സ്ഥലരാശികളാണ് രാഷ്ട്രാന്തര ദൃശ്യാഘോഷങ്ങളിലെ പ്രധാന ആകര്‍ഷണമെന്നു ചരിത്രരചനയില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ എറിക് ഹോബ് സ്ബാം എടുത്തു പറയുന്നുണ്ട്. ഈയൊരു സൂക്ഷ്മാര്‍ത്ഥത്തില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ കൊച്ചിയില്‍ കലയുടെ പേരില്‍ കൊണ്ടാടുന്ന ദൃശ്യമേള കാണാനെത്തുന്നവരെ കലാലോകത്തിലെ കാണികളായി നോക്കിക്കാണുക പ്രയാസമാണ്, ഉല്ലാസപ്രദമായ കാഴ്ച തേടിനടക്കുന്ന ആള്‍ക്കൂട്ടം മാത്രമാണവര്‍. ഇതില്‍നിന്നു വേറിട്ടു നില്‍ക്കുന്നവര്‍ നന്നേ കുറവായിരിക്കും. ഇതു ശരിവെയ്ക്കുന്ന മറ്റൊരു കാരണം കൂടിയുണ്ട്. അത് കാഴ്ചാശീലത്തെ സംബന്ധിച്ച ഒരു പ്രശ്‌നപരിസരമാണ്.

'കാണുക' എന്ന അകര്‍മ്മക പ്രവൃത്തിയിലൂടെ കണ്ണില്‍ മിന്നിമറയുന്ന കാഴ്ചകള്‍ പൊതുവെ അലസപ്രകൃതം നിറഞ്ഞതായിരിക്കും. ബോധാബോധ പ്രേരണകളുടെ സമ്മര്‍ദ്ദത്തില്‍ മനസ്സ് അതിനിണങ്ങിയ ഒന്നിനെ കണ്ണിലൂടെ കയ്യെത്തിപ്പിടിക്കുന്നതാണ് 'കാഴ്ച' എന്ന അനുഭവം. അതുകൊണ്ട്, 'കാണുക' എന്ന അകര്‍മ്മക ക്രിയയല്ല, 'നോക്കിക്കാണുക' എന്ന സകര്‍മ്മക ക്രിയയാണ് കാഴ്ചയെ അനുഭൂതിയായി വികസിപ്പിക്കുന്നത്. അതിനാല്‍ ദൃശ്യാനുശീലനത്തിന്റേയും കലാചരിത്രത്തിന്റേയും വിമര്‍ശനപാഠത്തിന്റേയും മറ്റുമായ അനുഭവപരിസരത്തുനിന്നു വളര്‍ന്നുവരുന്ന ഉയര്‍ന്ന സംവേദനശേഷിയാണ് ഒരു കലാസൃഷ്ടിയെ അര്‍ത്ഥവത്തായി 'നോക്കിക്കാണാന്‍' സഹായിക്കുന്നത്. അനുശീലനത്തിലൂടെ ഉന്നതമാക്കപ്പെട്ട അത്തരമൊരു സംവേദനശേഷിയുടെ തികഞ്ഞ അഭാവമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ഇവിടെ നിലനിന്നുപോരുന്ന ആധുനിക കലാസംസ്‌കാരം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്‌നം. പടിപടിയായി പടുത്തുയര്‍ത്തിയും പുതുക്കിപ്പണിതും ഉള്ളുറപ്പേകിയ ഒരു ദൃശ്യബോധം നിലനില്‍ക്കുന്ന ഒരു സംസ്‌കാരത്തിനു മാത്രമേ അതിനന്യമായ ഒന്നിനെ സ്വീകരിക്കാനോ പുറന്തള്ളാനോ ഉള്ള നിലപാട് രൂപപ്പെടുത്താന്‍ കഴിയൂ. എന്നാല്‍, ദൃശ്യാനുശീലനത്തിന്റെ അഭാവംകൊണ്ട് വരണ്ടുണങ്ങിയ നമ്മുടെ കലാബോധത്തിനുള്ളിലാണ് ഇന്‍സ്റ്റലേഷന്റേയും കണ്‍സെപ്ച്വലിസത്തിന്റേയും നവമാധ്യമത്തിന്റേയും പുതിയ പ്രയോഗങ്ങള്‍ ബിയനാലെ വഴി തള്ളിക്കയറി വരുന്നത്. അവഗണിച്ചും അവജ്ഞയോടെ ചിരിച്ചുതള്ളിയും ചിലപ്പോള്‍ അമ്പരന്നും അവയ്ക്കു മുന്നിലൂടെ അലസമായി നടന്നുനീങ്ങുന്ന സന്ദര്‍ശകരെ കലാലോകത്തിലെ കാണികളായി പരിഗണിക്കാന്‍ കഴിയില്ലെന്നു മുന്‍പ് സൂചിപ്പിച്ചത് അതുകൊണ്ടാണ്.

അവിസ്മരണീയമായ അനുഭവങ്ങള്‍ പകര്‍ന്നുനല്‍കിയ നിരവധി സൃഷ്ടികള്‍ സാഹിത്യത്തിന്റേയും സിനിമയുടേയും സംഗീതത്തിന്റേയും ലോകത്തുനിന്ന് ഓരോരുത്തര്‍ക്കും ഓര്‍ത്തെടുക്കാനുണ്ടാകും. വീണ്ടും വീണ്ടും കാണാനും കേള്‍ക്കാനും വായിക്കാനും പ്രേരണയുളവാക്കും വിധം ശക്തമായിരിക്കും അവയുടെ അനുഭൂതിലോകം. മരിക്കുന്നതിനു മുന്‍പ് 'സുന്ദരികളും സുന്ദരന്മാരും' ഒരിക്കല്‍ക്കൂടി വായിക്കണമെന്നു ശ്രദ്ധേയനായൊരു നോവലിസ്റ്റ് ആഗ്രഹിച്ചുപോയതും ''പഴയകാലങ്ങളില്‍ ഒരുമിച്ച് പാടിയ പാട്ടിന്റെ പ്രതിധ്വിനയെന്നോണം ഒരു പ്രിയഗാന ശകലം ഒന്നുരുവിട്ടുകേള്‍ക്കുവാന്‍'' ശ്രദ്ധേയനായ മറ്റൊരു കവി ആഗ്രഹിക്കുന്നതും മറ്റും ആ അനുഭൂതിലോകം എത്രമാത്രം ആഴത്തില്‍ മനസ്സില്‍ പതിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, സമാനമായൊരനുഭവം, വീണ്ടും കാണാനുള്ള ആഗ്രഹം കലാലോകത്തുനിന്നു കണ്ടെടുക്കാന്‍ കഴിയുമോ എന്നു സംശയമാണ്. അജന്തയിലേയും എല്ലോറയിലേയും ശില്പങ്ങളും മിനിയേച്ചര്‍ ചിത്രങ്ങളും മറ്റും വീണ്ടും വീണ്ടും കണ്ടുവരുന്നത് പതിവാണ്. പക്ഷേ, കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ മലയാളിയുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ഒരു ചിത്രമോ ശില്പമോ ഏതായിരിക്കും? സ്വയം മറന്ന് ഏറെ നേരം നോക്കിനില്‍ക്കുന്നതും വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്നതുമായ ഒന്ന്? 

കലാകാരന്മാര്‍ എന്നും പറയാറുള്ളതുപോലെ 'ദൃശ്യനിരക്ഷര'നായ മലയാളിക്ക് അത്തരമൊന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പരിഭവിക്കേണ്ടതില്ല. എന്നാല്‍, ഒരെഴുത്തുകാരന്‍ തന്റെ സമകാലീനരായ മറ്റുള്ളവരുടെ രചനകള്‍ വായിക്കുകയും മനസ്സില്‍ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നതുപോലെ, എല്ലാ അളവിലും ദൃശ്യസാക്ഷരത തികഞ്ഞുനില്‍ക്കുന്ന ഒരു സമകാലീന കലാകാരനെ സംബന്ധിച്ചിടത്തോളം തനിക്ക് കണ്ടുമതിയാവാതെ, വീണ്ടും കാണാന്‍ കൊതിക്കുന്ന സൃഷ്ടികള്‍ എത്രയുണ്ടാകും അവന്റെ മനസ്സില്‍? 

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഗാലറികളിലെ പ്രദര്‍ശനങ്ങളുടെ കണക്കു നോക്കിയാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ചുരുങ്ങിയത് പത്തുലക്ഷം സൃഷ്ടികളെങ്കിലും പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതൊന്നും കൂടാതെ ബിയനാലെയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന വിശ്വവിഖ്യാത കലാകാരന്മാരുടെ 'ലോകോത്തര' സൃഷ്ടികളുമുണ്ട്. കാഴ്ചയില്‍നിന്നോ ചിന്തയില്‍നിന്നോ മാഞ്ഞുപോകാത്ത സൃഷ്ടികള്‍ അവയില്‍ എത്രയുണ്ടായിരുന്നുവെന്ന് ഒന്നോര്‍ത്തെടുക്കാന്‍ ശ്രമിച്ചുനോക്കുക. എണ്ണി തിട്ടപ്പെടുത്താന്‍ ആരും ബുദ്ധിമുട്ടുന്നുണ്ടാകില്ല. കാരണം, ആണ്ടുതോറും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കപ്പെടുന്ന സൃഷ്ടികള്‍പോലും നമ്മുടെ കാഴ്ചയില്‍ പതിയാറേയില്ല എന്നതാണ് വസ്തുത. എങ്കിലും ആ പതിവിനൊരു കുറവുമില്ല. അവയ്ക്ക് ആഢംബരങ്ങള്‍ കൂടിവന്നതേയുള്ളൂ. മാരകരോഗത്തിനടിമപ്പെട്ടുവെങ്കിലും, അതറിയാതെ ശരീരം ആഹ്ലാദത്തിമര്‍പ്പിലാകുന്ന അവസ്ഥയാണിത്. ഇതാണ് നമ്മുടെ കലാലോകത്തിലെ ഇന്നത്തെ നടുക്കുന്ന യാഥാര്‍ത്ഥ്യം.

മലയാളി എന്ന കാഴ്ചസമൂഹം
'മതത്തെ ഒരു മൂല്യബോധമായി കാണണമോ, ആചാരമായി കാണണമോ' എന്ന ചോദ്യം നമ്മുടെ പ്രശ്‌നസങ്കീര്‍ണ്ണമായ രാഷ്ട്രീയാന്തരീക്ഷത്തില്‍നിന്ന് അടുത്തിടെ നിരന്തരം ഉയര്‍ന്നുവരികയുണ്ടായല്ലോ. സ്ത്രീ സമത്വത്തെ സംബന്ധിച്ച സംവാദാത്മകമായ അന്തരീക്ഷത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ആ ചോദ്യം വളരെയേറെ പ്രസക്തമാണ്. പക്ഷേയത്, മതത്തിനു മാത്രം ബാധകമാകുന്ന ഒന്നല്ല. രാഷ്ട്രഭാവനകളെ പുതുക്കിപ്പണിയാനുള്ള ശക്തികളാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്ന രീതിയില്‍ നോക്കിക്കണ്ടാല്‍ അതുസംബന്ധിച്ച മൂല്യമണ്ഡലത്തില്‍നിന്ന് സ്വയം മാറിനില്‍ക്കുകയും പകരം, പണിമുടക്കും ഹര്‍ത്താലും പ്രകടനങ്ങളും സംഘടിപ്പിക്കുക, ഏതുവിധത്തിലും എതിരാളിയുടെ കഥകഴിക്കുക എന്നിങ്ങനെയുള്ള ആചാരങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം കുടുങ്ങിക്കിടക്കുന്നതു കാണാം. സമൂഹത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന രണ്ട് പ്രബലശക്തികള്‍ എന്ന രീതിയില്‍ മതവും രാഷ്ട്രീയവും ആചാരങ്ങളില്‍ അടിയുറച്ചുപോയ ഒരു സംസ്‌കാരത്തിനകത്ത് കലാസംസ്‌കാരം മാത്രം അതില്‍നിന്നു വേറിട്ടുനില്‍ക്കുന്ന പരിശുദ്ധിയുടെ ഒരിടം നിലനിര്‍ത്തുന്നതെങ്ങനെയാണ്? ആചാരങ്ങളുടെ സമാന്തരാവസ്ഥ അവിടെയുമുണ്ട് - പല പേരുകളില്‍ അനുഷ്ഠിച്ചുവരുന്ന കലാക്യാമ്പുകള്‍, പ്രദര്‍ശനങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിങ്ങനെ അവ എണ്ണിയാലൊടുങ്ങാത്തത്രയുമുണ്ട്. കലാനുഭൂതി എന്ന മൗലികസത്ത പൂര്‍ണ്ണമായും ഒഴിഞ്ഞുപോയ അവ അനുഷ്ഠാനങ്ങളോ ആചാരങ്ങളോ അല്ലാതെ മറ്റെന്താണ്! അര്‍ത്ഥശോഷണം സംഭവിച്ച ഇത്തരം അനുഷ്ഠാനങ്ങളെയാണ് ഇന്നുനാം കലാസംസ്‌കാരമായി തെറ്റിദ്ധരിക്കുന്നത്. അവയുടെ ആഢംബരപൂര്‍ണ്ണമായ ആഘോഷങ്ങള്‍ നാള്‍ക്കുനാള്‍ അധികരിച്ചുവന്നു എന്നല്ലാതെ മറ്റു കലാസാഹിത്യരംഗങ്ങള്‍ക്കു സമാനമായ അളവില്‍ മലയാളിയുടെ ദൃശ്യബോധത്തേയോ അനുഭൂതി മണ്ഡലത്തേയോ ആഴമുള്ളതാക്കാന്‍ അവ നേരിയ അളവിലെങ്കിലും സഹായിച്ചതായി തോന്നുന്നില്ല. അവയുടെ ആഘോഷങ്ങളിലും ആമോദത്തിലും പങ്കാളികളാകുന്നതുകൊണ്ട് കലാകാരില്‍ ഭൂരിപക്ഷത്തിനും അതിലൊരു പ്രശ്‌നമുണ്ടെന്നു തോന്നിയിട്ടുമില്ല. അതുകൊണ്ട്, കലയുടെ അഭാവത്തിനും അനുഷ്ഠാനങ്ങളുടെ ആധിക്യത്തിനും നടുവിലൂടെയാണ് മലയാളിയുടെ കലാസംസ്‌കാരം 'മുന്നേറി'ക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ജീവിതപരിസരത്തുനിന്നു കണ്ടെടുക്കുന്ന പ്രമേയത്തെ മുന്‍നിര്‍ത്തി മലയാളഭാഷയില്‍ രചിച്ച കൃതികളുടെ വായനയും ആസ്വാദനവും നിരൂപണവും വിമര്‍ശനവും എല്ലാം ചേര്‍ന്നതാണ് മലയാള സാഹിത്യചരിത്രം. നിരന്തരം പുതുക്കിപ്പണിത് സജീവമാക്കിത്തീര്‍ക്കുന്ന ആ സംസ്‌കാരത്തിന്റെ ആകത്തുകയാണ് മലയാളിയുടെ ഇന്നത്തെ സാഹിത്യാഭിരുചി. 'Taste is not the root but fruit of an artistic culture' എന്ന് ഇത്തരമൊരു സന്ദര്‍ഭത്തെ പരിഗണിച്ചുകൊണ്ട് ആള്‍നോള്‍ഡ് ഹൗസര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ചിത്രീകരണവും നിര്‍മ്മാണവും കേരളത്തിനു പുറത്താണെങ്കിലും മലയാളി എന്ന കാഴ്ചാസമൂഹത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട അനവധി സിനിമകളുടേയും അനുബന്ധ സാഹിത്യങ്ങളിലൂടെയുമാണ് ലോകത്ത് മറ്റൊരിടത്തും കാണാത്തവിധം ഇവിടെയൊരു ചലച്ചിത്ര സംസ്‌കാരം പടര്‍ന്നുനില്‍ക്കുന്നത്. പഴയ പാരമ്പര്യം ജീവിതത്തിന്റെ എല്ലാ തുറകളിലും ഉടയാതെ നില്‍ക്കുന്നില്ലെങ്കിലും നാടോടി അനുഷ്ഠാന കലകളുടെ പാരമ്പര്യം ഇപ്പോഴും വലിയൊരളവില്‍ അതിന്റെ സജീവത പല മേഖലകളിലും നിലനിര്‍ത്തുന്നുണ്ട്. ഇവയെല്ലാം തന്നെ ഈയര്‍ത്ഥത്തില്‍ മലയാളിയുടെ സാംസ്‌കാരിക ഭൂപടത്തില്‍ പ്രധാന സ്ഥാനം കയ്യടക്കിയിട്ടുണ്ട്. മലയാളിയുടെ സൗന്ദര്യാനുഭൂതിയെ ഏതൊക്കെയോ അളവില്‍ ഗണ്യമായി സ്വാധീനിക്കാന്‍ അവയ്ക്കിപ്പോഴും കഴിയുന്നുണ്ടെന്നര്‍ത്ഥം. അത്തരമൊരു സ്ഥാനം കയ്യടക്കാന്‍ ചിത്രത്തിനോ ശില്പത്തിനോ ഇവിടെ ഇതുവരേയും കഴിഞ്ഞിട്ടില്ല. കലയുടെ പുതിയ ജനാധിപത്യ രീതികളായി ഏറെ വരവേല്‍ക്കപ്പെട്ട ഇന്‍സ്റ്റലേഷനും മറ്റു നവമാധ്യമ പ്രയോഗങ്ങള്‍ക്കുപോലും മലയാളിയുടെ കലാനുഭൂതിയെ നേരിയ അളവിലെങ്കിലും ഒന്നു സ്പര്‍ശിക്കാന്‍ കഴിഞ്ഞതായി തോന്നുന്നില്ല. അതുകൊണ്ടുതന്നെ സാഹിത്യത്തിനും സംഗീതത്തിനും സിനിമയ്ക്കും സമാന്തരമായി ഇവിടെയൊരു കലാസംസ്‌കാരം നിലനില്‍ക്കുന്നതായി കാണാന്‍ കഴിയില്ല.

ഇന്ത്യയില്‍ പ്രധാന നഗരങ്ങളില്‍ പ്രദര്‍ശിപ്പിച്ച്, ചിലപ്പോള്‍ ഇന്ത്യയ്ക്കു പുറത്തും പ്രദര്‍ശിപ്പിച്ച്,  അതോടനുബന്ധമായി പുറത്തിറക്കുന്ന കാറ്റലോഗുകളിലും റിവ്യൂകളിലും പ്രകീര്‍ത്തിക്കപ്പെടുന്ന കലാകാരന്മാരെക്കുറിച്ച് പിന്നീട് കലാകാരന്മാര്‍ മാത്രമടങ്ങുന്ന 'കലാലോക'ത്ത് വാമൊഴിയായി പ്രചരിക്കുന്ന 'വാര്‍ത്ത'കളിലൂടെ പ്രസിദ്ധരാകുന്ന ചുരുക്കം ചില അതികായന്മാര്‍ക്കു ചുറ്റും ഭ്രമണം ചെയ്യുന്ന ഒന്നാണ് ഇവിടെ കലാസംസ്‌കാരം. സൃഷ്ടിയുടെ നേര്‍ക്കാഴ്ചയോ അതില്‍നിന്നുളവാകുന്ന അനുഭൂതിലോകമോ അതിന്റെ ഉള്ളടക്കമാകുന്നില്ല. അതുകൊണ്ടാണ് വീണ്ടും കാണാന്‍ മോഹിപ്പിക്കുന്ന ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒരു കൃതിയെങ്കിലും നമുക്കോര്‍ത്തെടുക്കാന്‍ കഴിയാത്തത്.

വ്യക്തികള്‍ ഉല്പാദിപ്പിക്കുന്ന കലാസൃഷ്ടികള്‍, അവരുടെ സ്വകാര്യമായ ഇടവും ഉടമസ്ഥതയും കൈവെടിഞ്ഞ് സമൂഹത്തിന്റെ കൈകളിലേക്ക് എത്തിച്ചേരണം. അതിലൂടെ ഓരോ വ്യക്തിയുടേയും സ്വകാര്യാനുഭൂതിയെ ദീപ്തമാക്കുന്ന വേളയിലാണ് അവ ഒരു കലാസംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാവുന്നത്. അത്തരമൊരു കലാസംസ്‌കാരം നമുക്കിടയില്‍ ഇനിയും വളര്‍ന്നു വന്നിട്ടില്ല. ഉള്ളത് പ്രഭാവലയം പൂണ്ട ചില കലാകാരന്മാര്‍ മാത്രം. മാധ്യമങ്ങള്‍ പെരുപ്പിച്ചുകാട്ടിയ അവരുടെ 'അതിപ്രശസ്തി'യില്‍ മതിമറന്നുപോയ ആരാധകരുടേയും സ്തുതിപാഠകരുടേയും കര്‍മ്മകുശലത അതിന്റെ ജീര്‍ണ്ണതയ്ക്ക് ആഴവും പരപ്പുമേകുന്നു.

മറ്റൊരു ഭാഗത്താകട്ടെ, കലാസാഹിത്യത്തിന്റേയും വിമര്‍ശന സാഹിത്യത്തിന്റേയും ഗൗരവ്വമാര്‍ന്ന പഠനങ്ങള്‍ 'കലാലോക'ത്തുനിന്ന് ഏറെക്കുറെ പൂര്‍ണ്ണമായും അപ്രത്യക്ഷമായ അവസ്ഥയില്‍ കലാചിന്തയ്ക്ക് ഇടം കൊടുക്കാത്ത ഒരു സാംസ്‌കാരിക പൊങ്ങച്ചമായി കലാരംഗം മാറിക്കഴിഞ്ഞു. അതുകൊണ്ട് സൗന്ദര്യാവബോധത്തിന്റേയും സാംസ്‌കാരിക മൂല്യബോധത്തിന്റേയും തലത്തില്‍ സൃഷ്ടിയേയും കാഴ്ചയേയും (production and reception of a work) പരസ്പരം ചേര്‍ത്തുവെച്ച് വിശകലനം ചെയ്യാനോ വിശദീകരിക്കാനോ കഴിയാതെയായി, ഒപ്പം വിമര്‍ശനബോധവും അപ്രത്യക്ഷമായി. അതോടെ അരുതെന്നു പറയാനറിയാത്ത 'കലാലോക'ത്ത് അരുതാത്തതായി ഒന്നുമില്ല എന്നുവന്നു. ചിത്രത്തിന്റേയോ ശില്പത്തിന്റേയോ മാധ്യമത്തില്‍ ചെയ്തു പൂര്‍ത്തിയാക്കുന്ന എന്തിനും ഒരിക്കല്‍ പ്രദര്‍ശിപ്പിക്കപ്പെട്ടാല്‍, എളുപ്പം കലാപദവി കയ്യാളാന്‍ പറ്റുന്ന അവസ്ഥ കൈവന്നു. ആര്‍ക്കും എളുപ്പം കലാകാരനാകാനും  പുരസ്‌കാരങ്ങള്‍ നേടാനും പറ്റുന്നൊരിടം. കലയും കലേതരവും എന്ന വ്യത്യാസം നിലനില്‍ക്കാത്ത ഒരപൂര്‍വ്വ ചരിത്ര സന്ദര്‍ഭത്തെയാണ് അതുവഴി നാം അഭിമുഖീകരിക്കുന്നത്. അവിടെ നിന്നുകൊണ്ട്  കലയെക്കുറിച്ച് അര്‍ത്ഥവത്തായി എന്തെങ്കിലും സംസാരിക്കുന്നതെങ്ങനെയാണ്? ഈ പ്രതിസന്ധിയെ ബുദ്ധിപൂര്‍വ്വം ഒഴിവാക്കുന്നതുകൊണ്ടാകണം കലാസംബന്ധിയായ ഔപചാരിക പരിപാടികളില്‍ സിനിമാസംവിധായകരും നടീനടന്മാരും രാഷ്ട്രീയ പ്രമുഖരും ഇന്നു നിറസാന്നിദ്ധ്യമായി മാറിയത്. വര്‍ണ്ണവും വാദ്യമേളവും കൊഴുപ്പുകൂട്ടുന്ന അത്തരം ആഘോഷങ്ങള്‍ക്ക് കലയുടേതായ എന്തെങ്കിലും സവിശേഷ മാനങ്ങള്‍ പുറംകാഴ്ചയിലോ അകക്കാമ്പിലോ ഉള്ളതായി കാണാന്‍ കഴിയില്ല. കലാസങ്കല്പം തികച്ചും പുറന്തള്ളപ്പെട്ട അത്തരം പരിപാടികളും പ്രദര്‍ശനങ്ങളും കലയുടെ പേരില്‍ തന്നെയാണ് ഇപ്പോഴും അരങ്ങേറുന്നത്!

ഒന്നുകില്‍ ഒരു കലാസ്ഥാപനം ഏറ്റെടുത്തു നടത്തുന്ന പരിപാടി എന്ന നിലയിലോ അല്ലെങ്കില്‍ കലയുടെ പരമ്പരാഗത മാധ്യമങ്ങളിലേതെങ്കിലുമൊന്നില്‍ ഒരു രചന നിര്‍വ്വഹിക്കുന്നതുകൊണ്ടോ, ഇതു രണ്ടുമല്ലെങ്കില്‍ കലയുടെ പരമ്പരാഗത സങ്കല്പങ്ങളേയും ആവിഷ്‌കാര സമ്പ്രദായങ്ങളേയും മാധ്യമ രൂപങ്ങളേയും 'പൊളിച്ചെഴുതുന്നു' എന്ന പ്രത്യയശാസ്ത്ര നാട്യങ്ങളിലൂടെ ലഭിക്കുന്ന ആധികാരികതയോ ആണ് അത്തരം 'കലാപരിപാടി'കളെ ഇന്നു കലയുമായി ബന്ധിപ്പിക്കുന്നത്. കല എന്ന വ്യവഹാരത്തിലെ അനിവാര്യ ഘടകമായ സൗന്ദര്യാനുഭൂതിയുടെ അര്‍ത്ഥതലങ്ങള്‍ ഏറെക്കുറെ പൂര്‍ണ്ണമായും വരണ്ടുണങ്ങിപ്പോയ അത്തരം പരിപാടികളും പ്രദര്‍ശനങ്ങളുമാണ് ഇവിടെ ദശകങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്നത് - പൊള്ളത്തരത്തിന്റേയും പൊങ്ങച്ചത്തിന്റേയും ജുഗുപ്സാവഹമായ അത്തരമൊരു സംസ്‌കാരത്തില്‍നിന്നു വേറിട്ടുനില്‍ക്കുന്നവ എണ്ണിനോക്കാന്‍ രണ്ടു കൈവിരലുകള്‍ മുഴുവന്‍ വേണ്ടിവരില്ല. 

ഈ അപചയത്തെ ധൈഷണികമായും സര്‍ഗ്ഗാത്മകമായും പ്രതിരോധിക്കാനുള്ള ബദല്‍ ചിന്തകള്‍ മുളപൊട്ടാനുള്ള ഒരു സര്‍ഗ്ഗാന്തരീക്ഷം നിലനില്‍ക്കേണ്ടുന്ന ഒരിടമാണ് കലാവിദ്യാഭ്യാസം. കലാചരിത്രത്തിന്റേയും സൗന്ദര്യശാസ്ത്രത്തിന്റേയും വിമര്‍ശന പഠനത്തിന്റേയും മറ്റുമായ സൈദ്ധാന്തിക തലത്തില്‍നിന്ന് ഉള്‍ക്കരുത്ത് നേടി മുന്നേറുന്ന അദ്ധ്യാപക-വിദ്യാര്‍ത്ഥി കൂട്ടായ്മയിലൂടെയാണ് കലയെക്കുറിച്ചുള്ള പുതിയൊരന്വേഷണം തുടങ്ങേണ്ടത്. എന്നാല്‍, അത്തരമൊരു ദിശാബോധമോ അന്വേഷണത്വരയോ വെച്ചുപുലര്‍ത്താത്ത, അലസതയുടേയും അര്‍ത്ഥരഹിതമായ അരാജകവാദത്തിന്റേയും ഒരു ലോകമായാണ് ഇന്നു കലാപഠനം കലാസ്ഥാപനങ്ങളില്‍ കഴിഞ്ഞുപോകുന്നത്. മുന്‍പ് സൂചിപ്പിച്ചതുപോലെ, കലയേത് കലേതരമേത് എന്നു കൃത്യമായും വേര്‍തിരിച്ചറിയാന്‍ കഴിയുന്ന സൗന്ദര്യമാനങ്ങള്‍ കൈമോശം വന്ന അവസ്ഥയെ കലാപഠനവും ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്. അത്തരം അവ്യവസ്ഥയില്‍ എന്തു പഠിപ്പിക്കണമെന്നോ എന്താണ് പഠിക്കേണ്ടതെന്നോ തിട്ടമില്ലാതായിരിക്കുന്നു. ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു സര്‍ഗ്ഗാത്മക പദ്ധതിയായി കലാപഠനത്തെ വികസിപ്പിച്ചെടുക്കാനുള്ള ആത്മധൈര്യം കലാലയങ്ങള്‍ക്ക് ചോര്‍ന്നുപോയിരിക്കുന്നു. അതിനുള്ള പകരംവെപ്പാണ് പഠനാന്തരീക്ഷത്തെ കലോത്സവവേദിയായി പരിവര്‍ത്തിപ്പിച്ച കേരളത്തിലെ ഇന്നത്തെ ഫൈന്‍ ആര്‍ട്ട്സ് കോളേജുകള്‍. പലയിടത്തുനിന്നും പല മേഖലകളില്‍നിന്നും വിസിറ്റിംഗ് ഫാക്കല്‍റ്റിയായി എത്തുന്നവരില്‍ ഭൂരിപക്ഷവും ശരാശരി നിലവാരമേ വച്ചുപുലര്‍ത്തുന്നുള്ളു. പലപല പേരുകളില്‍ ആഘോഷിക്കപ്പെടുന്ന 'ചിത്രോത്സവ'ങ്ങളും ദൃശ്യോത്സവങ്ങളും ക്യാമ്പുകളും പ്രദര്‍ശനങ്ങളും അങ്ങനെതന്നെ. ദിശാബോധം നഷ്ടമായ കലാപഠനം ഇവയെല്ലാം മാറോടു ചേര്‍ത്തുവെയ്ക്കുന്നുണ്ട്. ചിന്തയുടെ ആഴം നഷ്ടപ്പെട്ട കലാപഠനത്തിന് ഇനി ഇത്തരം ആഘോഷങ്ങളില്‍ അല്ലാതെ മറ്റെന്തിലാണ് അഭിമാനം കൊള്ളാന്‍ കഴിയുക! അതുകൊണ്ട്, അര്‍ത്ഥരഹിതമായ ആഘോഷങ്ങളില്‍ ആര്‍ത്തിരമ്പി കഴിയുന്ന ഒരു കലാസംസ്‌കാരം ഉടനെയൊന്നും ഇവിടെനിന്നും ഒഴിഞ്ഞുപോകാനിടയില്ല. അതിന്റെ കുത്തൊഴുക്കില്‍ എല്ലാ കലാസങ്കല്പങ്ങളും നമുക്കന്യമാകാനിടയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com