രാമായണ മാസത്തില്‍ സിഎന്‍ ശ്രീകണ്ഠന്‍ നായരുടെ രാമായണ പര്യടനത്തെക്കുറിച്ച്

എഴുത്തച്ഛനുശേഷം നിരവധി മലയാള എഴുത്തുകാര്‍ രാമായണ സഞ്ചാരങ്ങള്‍ നടത്തി, കഥാപാത്രങ്ങളിലൂടെ, കഥാസന്ദര്‍ഭങ്ങളിലൂടെ. പക്ഷേ, 'ഭാരതപര്യടനം' പോലെ ഒരു ക്ലാസ്സിക് കൃതി സൃഷ്ടിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
രാമായണ മാസത്തില്‍ സിഎന്‍ ശ്രീകണ്ഠന്‍ നായരുടെ രാമായണ പര്യടനത്തെക്കുറിച്ച്

ലയാളികള്‍ രാമായണം ആവേശത്തോടെ വായിക്കുന്നത് കര്‍ക്കിടക മാസത്തിലാണല്ലോ. രാമായണം വിവിധ രൂപത്തിലും ഭാവത്തിലും അക്കാലത്താണ് നിരന്തരം പുറത്തിങ്ങുന്നത്. (മഹാഭാരതത്തിന് ഇനിയും അത്തരമൊരു ആഘോഷം ലഭിച്ചിട്ടില്ല.) എഴുത്തച്ഛന്റെ അധ്യാത്മ രാമായണമാണ് മലയാളി രാമായണമാസ പാരായണത്തിന് തെരഞ്ഞെടുക്കുന്നത്. ഭക്തിയുടെ അനന്തവും അസാധാരണവുമായ തിരമാലകള്‍ ഇളകിമറിയുന്ന അധ്യാത്മരാമായണം, അതിന്റെ ആന്തരിക ദാര്‍ശനിക സമീക്ഷകള്‍ പരിഗണിച്ചോ ഭാഷാ സവിശേഷതയുടെ സൗന്ദര്യ വിസ്മയങ്ങള്‍ അനുഭവിച്ചോ അല്ല മലയാളി വായിച്ചുതീര്‍ക്കുന്നതെന്നു തോന്നുന്നു. പുസ്തക കമ്പോളവും നവ ആത്മീയസംഘങ്ങളും ആഹ്വാനം ചെയ്യുന്ന രാമായണ പാരായണം കച്ചവടത്തിന്റെ സാധ്യതകളും അപകടകരമായ മതമൗലിക വ്യാപനവുമാണ് ലക്ഷ്യമിടുന്നത്. അതു നാം തിരിച്ചറിയുന്നില്ല. അക്കിത്തവും സച്ചിദാനന്ദനും സി. രാധാകൃഷ്ണനും മുതല്‍ കപട സന്ന്യാസ വേഷധാരികള്‍ വരെ രാമായണവിചാരം നടത്തുന്ന കാലമാണിത്. കര്‍ക്കിടക കഞ്ഞിക്കും രാമായണത്തിനുമിടയിലൂടെയാണ് കുറേ കാലമായി കര്‍ക്കിടകമാസത്തെ മലയാളി കടത്തിവിടുന്നതു്. കമ്പോളത്തിന്റെ കാപട്യത്തിനിടയിലും എഴുത്തച്ഛന്റെ ഭാഷാസൗന്ദര്യവും ദാര്‍ശനിക പരിപ്രേക്ഷ്യങ്ങളും പുനരാനയിക്കാന്‍ കഴിയുന്നു എന്ന ആശ്വാസമുണ്ട്. 

എഴുത്തച്ഛനുശേഷം നിരവധി മലയാള എഴുത്തുകാര്‍ രാമായണ സഞ്ചാരങ്ങള്‍ നടത്തി, കഥാപാത്രങ്ങളിലൂടെ, കഥാസന്ദര്‍ഭങ്ങളിലൂടെ. പക്ഷേ, 'ഭാരതപര്യടനം' പോലെ ഒരു ക്ലാസ്സിക് കൃതി സൃഷ്ടിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. രാമായണത്തിന്റെ ആന്തരിക സമസ്യകളും ദാര്‍ശനിക തലങ്ങളും രാഷ്ട്രീയ സമീക്ഷകളും ആഴത്തില്‍ അന്വേഷിക്കാനുള്ള സര്‍ഗ്ഗാത്മക സാധന അപൂര്‍വ്വമായേ മലയാളത്തില്‍ ദൃശ്യമായിട്ടുള്ളൂ. പക്ഷേ, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ എന്ന നാടകകൃത്ത് തന്റെ കലാ-രാഷ്ട്രീയ അന്വേഷണങ്ങളുടെ വഴിയും വെളിച്ചവുമായി രാമായണത്തെ തെരഞ്ഞെടുത്തു, നാടക ചരിത്രത്തിലേയും ധൈഷണിക വിചാരങ്ങളിലേയും വിപ്ലവമാണ് എഴുത്തച്ഛനുശേഷം സി.എന്‍. നടത്തിയ രാമായണ പാരായണം. അതിന്റെ ഗൗരവത്തോടെയും സവിശേഷതയോടെയും മലയാളി തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്. രാമായണം അനന്തമായ അന്വേഷണങ്ങളും, ആലോചനകളുടേയും ആത്മായനങ്ങളുടേയും ഭാവനാ സമുച്ചയമാണെന്ന് സി.എന്‍. മനസ്സിലാക്കിയിരുന്നു. തികഞ്ഞ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന

സി.എന്‍. അതുകൊണ്ടാണ് തന്റെ ആശയപ്രകാശനങ്ങള്‍ക്കായി ആ മഹാകാവ്യം തെരഞ്ഞെടുത്തത്. കര്‍ക്കിടക മാസത്തിലെങ്കിലും അധ്യാത്മ രാമായണം വായിക്കുന്ന മലയാളി, അതേ ആവേശത്തോടെ സി.എന്നിന്റെ രാമായണത്രയ നാടകങ്ങള്‍ വായിക്കേണ്ടതല്ലേ എന്ന് ആലോചിച്ചിട്ടുണ്ട്.
സി.എന്‍. ആദ്യം എഴുതിയ രാമായണ നാടകം കാഞ്ചനസീതയാണ് 1958 സെപ്തംബറിലാണ് രചന പൂര്‍ത്തിയാക്കുന്നത്. അറുപത് വര്‍ഷത്തെ ദീര്‍ഘചരിത്രം കാഞ്ചനസീതയ്ക്കുണ്ട്. മുപ്പതാമത്തെ വയസ്സിലാണ് കാഞ്ചനസീത എഴുതുന്നത്. സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്‍വാങ്ങുന്ന കാലമായിരുന്നു അത്. നഷ്ടക്കച്ചവടം, മാന്യതയുടെ മറ എന്നീ രണ്ട് നാടകങ്ങള്‍ക്കുശേഷമാണ് കാഞ്ചനസീതയിലേയ്ക്ക് സി.എന്‍. എത്തുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകനായിരിക്കുമ്പോഴും സി.എന്‍. അടിസ്ഥാനപരമായി എഴുത്തുകാരനും ചിന്തകനും ആയിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ ലാഭനഷ്ടങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുത്ത ഒരു കമ്പോളരംഗമായിരുന്നില്ല. ആശയങ്ങളുടേയും പ്രത്യയശാസ്ത്രങ്ങളുടേയും നിര്‍വ്വചനങ്ങളുടെ അന്വേഷണവേദിയായിരുന്നു സി.എന്ന് രാഷ്ട്രീയം. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോഴും അത്തരം നിര്‍വ്വചനങ്ങളുടെ കലാത്മകമായ ആവിഷ്‌കാരങ്ങളാണ് നാടകരചനയിലും നടത്തിയത്. കാഞ്ചനസീത, ലങ്കാലക്ഷ്മി, സാകേതം എന്നീ രാമായണ ത്രയത്തില്‍ രാഷ്ട്രീയ സാമൂഹിക ആശയങ്ങള്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യ ഭൂമിയില്‍നിന്നും ഇതിഹാസത്തിന്റെ ഭാവനാ ഭൂപടങ്ങളിലേക്ക് സി.എന്‍. കയറിപ്പോയത് ആഴത്തിലുള്ള അനുഭവ മുദ്രകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു. ഇതിഹാസത്തിന്റെ ആന്തരിക ജീവിത സമസ്യകള്‍, മനുഷ്യജീവിത സംഘര്‍ഷത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു. സി.എന്‍. കാഞ്ചനസീതയില്‍നിന്നുതന്നെ അതു തുടങ്ങി.

സാമൂഹിക നാടകങ്ങള്‍ എഴുതിയിരുന്ന സി.എന്‍. കാഞ്ചനസീത രചിക്കാന്‍ നിരവധി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. വാല്‍മീകി രാമായണത്തെ അടിസ്ഥാനമാക്കിയാണ് കാഞ്ചനസീത എഴുതിയതെങ്കിലും ഭവഭൂതിയുടെ ഉത്തരരാമചരിതം. ദ്വിദ്രംലാല്‍ റായിയുടെ സീതാനിര്‍വ്വാണം തുടങ്ങിയവയും രചനയ്ക്ക് ആധാരമാക്കിയിരുന്നു. രാമായണത്തെ അധിഷ്ഠിതമായി പുറത്തിറങ്ങിയ നിരവധി പഠനങ്ങള്‍ സി.എന്‍. വായിച്ചിരുന്നു. ഒരു ഇതിഹാസ കഥയുടെ പുനരാവിഷ്‌കാരം എന്നതിലുപരി, മനുഷ്യകഥാഖ്യാനമായാണ് സി.എന്‍. കാഞ്ചനസീത വിഭാവനം ചെയ്തത്. സി.എന്‍. എഴുതി:

''കാഞ്ചനസീതയുടെ ഇതിവൃത്തം പഴയതോ പുതിയതോ അല്ലെന്ന് ഞാന്‍ വിചാരിക്കുന്നു. സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഒരുവക ബന്ധത്തില്‍ പെട്ടുപോയ മനുഷ്യന്റെ കഥയാണിത്. നാളെ ആ ബന്ധം കൊഴിഞ്ഞുവീഴുമെന്ന് ആശിക്കാന്‍ ഞാനുമുണ്ട്. പക്ഷേ, നാള്‍ക്കുനാള്‍ ആ ബന്ധം മുറുകുന്നതല്ലേ കാണുന്നത്?'' (കാഞ്ചനസീതയുടെ കഥ). സി.എന്‍. എഴുതിയതുപോലെ മനുഷ്യജീവിതത്തിന്റെ അനിവാര്യമായ ധര്‍മ്മസങ്കടങ്ങളാണ് കാഞ്ചനസീത ആവിഷ്‌കരിക്കുന്നത്.
കാഞ്ചനസീതയില്‍ പ്രധാനമായും രാമന്റെ ധര്‍മ്മ സങ്കടങ്ങളാണ് അനുഭവിക്കുന്നത്. രാജാവ്, വ്യക്തി, ഭര്‍ത്താവ്, ജനരക്ഷകന്‍ എന്നീ നിലകളിലുള്ള രാമന്റെ വ്യക്തിത്വങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളാണ് അതിലുള്ളത്. രാമന്റെ വിഭിന്ന ജീവിതമുഖങ്ങളാണ് അവതരിപ്പിക്കുന്നത്. സി.എന്‍. ഒരു സാമൂഹിക വിചാരണയാണ് കാഞ്ചനസീതയിലൂടെ ശ്രമിക്കുന്നത്. ഒരു രാജാവിന്റെ പ്രതിബദ്ധത ആരോടായിരിക്കണം? കുടുംബത്തോടോ രാജ്യത്തോടോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറ്റവും പ്രസക്തമായ ഒരു  സി.എന്‍. സാമൂഹിക നാടകങ്ങളില്‍ ആവിഷ്‌കരിച്ചിരുന്ന നിരവധി പ്രശ്‌നങ്ങളുടെ മറ്റൊരു തുടര്‍ച്ചയാണത്. ഇതിഹാസത്തിന്റെ അസാധാരണ അകത്തളത്തിലിരുന്ന് സി.എന്‍. അധികാരത്തിന്റേയും ബന്ധത്തിന്റേയും പ്രതിബദ്ധതയുടേയും സമകാലിക പ്രവൃത്തികള്‍ വിചാരണ ചെയ്യുന്നു. രാമന്റെ ഉള്ളിലെ സംഘര്‍ഷങ്ങള്‍ നിരവധി ആലോചനകള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴി തുറക്കുന്നതുമാണ്. ധാര്‍മ്മികത, രാജ്യതന്ത്രജ്ഞത, രാഷ്ട്രക്ഷേമം, ദാമ്പത്യ ഭദ്രത തുടങ്ങി നിരവധി ചിന്തകളിലേക്ക് അത് എത്തിക്കും. രാജാവും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അസാധാരണ അനുഭവങ്ങള്‍ കാഞ്ചനസീത ആവിഷ്‌കരിക്കുന്നു.

ഊര്‍മ്മിള എന്ന കഥാപാത്രത്തിനും തികഞ്ഞ വ്യക്തിത്വവും ആര്‍ജ്ജവവും സി.എന്‍. നല്‍കുന്നുണ്ട്. സ്ത്രീയുടെ വ്യക്തിത്വത്തേയും സാന്നിധ്യത്തേയും സവിശേഷതയേയും കുറിച്ച് നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത് ഊര്‍മ്മിളയാണ്. രാമനേയും രാമന്റെ രാജ്യനീതിബോധത്തേയും ഊര്‍മ്മിള നിരന്തരം ചോദ്യം ചെയ്യുന്നു. രാമന്റെ ആന്തരിക സംത്രാസങ്ങളെ പുറത്തേയ്ക്ക് ആനയിക്കുന്നത് ഈ കഥാപാത്രമാണ്. പുരുഷാധിപത്യത്തിന്റെ പാരമ്പര്യ സംഹിതകളേയും രാജാധികാരത്തിന്റെ അലംഘ്യമായ നീതിശാസ്ത്രത്തേയും ഊര്‍മ്മിള വിചാരണ ചെയ്യുന്നു. സ്ത്രീവാദ സാമൂഹിക രാഷ്ട്രീയ പരിപ്രേക്ഷ്യമാണ് ഊര്‍മ്മിള പിന്തുടരുന്നത്. സീതയ്ക്കുവേണ്ടിയുള്ള വാദം തിരസ്‌കരിക്കപ്പെടുന്ന സ്ത്രീത്വത്തിനു ശബ്ദം നല്‍കാനുള്ളതാണ്. അധികാരഘടനയിലും കുടുംബബന്ധങ്ങളിലും അവമതിക്കപ്പെടുന്ന, അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ അതിജീവനമാണ് ഊര്‍മ്മിള ലക്ഷ്യമിടുന്നത്. കാലഹരണപ്പെട്ട നീതിശാസ്ത്രങ്ങളേയും അപകടകരമായ ധാര്‍മ്മികതയേയും ചോദ്യം ചെയ്യുന്ന ഇത്തരം കഥാപാത്രങ്ങള്‍ അക്കാലങ്ങളില്‍ അപൂര്‍വ്വമായിരുന്നു. സി.എന്‍. എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ ആധുനിക സാമൂഹികാവബോധത്തില്‍നിന്ന് ഉയര്‍ന്നുവന്ന കഥാപാത്രമാണ് ഊര്‍മ്മിള.


കാഞ്ചനസീതയ്ക്കുശേഷം എഴുതുന്ന സാകേതവും ആത്മസംഘര്‍ഷത്തിന്റെ ആവിഷ്‌കാരമാണ്. ഇവിടെ ദശരഥന്റെ ജീവിതം നേരിടുന്ന ആത്മപ്രതിസന്ധികളാണുള്ളത്. അവിടേയും ധാര്‍മ്മികതയും നീതിയും തമ്മിലുള്ള സംവാദമാണ് നടക്കുന്നത്. ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും മേലെ ധാര്‍മ്മികതയുടെ കൊടികൂറ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് സി.എന്‍. ഉന്നയിക്കുന്നത്. ദശരഥന്‍ ഒരു പ്രത്യേക പ്രതിസന്ധി ഘട്ടത്തില്‍ കൈകേയിക്ക് നല്‍കിയ വരം, രാജ്യത്തിന്റെ അധികാര സംക്രമണത്തിനിടയില്‍ പ്രതിബന്ധം സൃഷ്ടിക്കുകയാണ്. ധാര്‍മ്മികതയ്ക്കും അധികാരത്തിനുമിടയില്‍ പെട്ടുപോകുന്ന മനുഷ്യന്റെ അവസ്ഥയാണ് സി.എന്‍. നാടകത്തില്‍ അവതരിപ്പിക്കുന്നത്. ലങ്കാലക്ഷ്മിയും അധികാരത്തിന്റെ  അനിവാര്യമായ പതനത്തിന്റെ ചിത്രങ്ങളാണ് നല്‍കുന്നത്. രാവണന്‍ എന്ന അധികാരസ്ഥാപനം അടരുകളായി തകര്‍ന്നുപോവുകയാണ്. അനീതിയും അധര്‍മ്മവും അധികാരത്തെ എങ്ങനെ ബാധിക്കുമെന്ന് സി.എന്‍. ചൂണ്ടിക്കാണിക്കുന്നു. രാവണന്റെ പതനം ഏകാധിപത്യ, സമഗ്രാധിപത്യത്തിന്റെ തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. രാമായണത്തെ നാടകത്രയത്തിലെ ഏറ്റവും മികച്ച നാടകമെന്ന് വിശേഷിപ്പിക്കുന്ന ലങ്കാലക്ഷ്മി, സമകാലിക രാഷ്ട്രീയ സംവിധാനത്തോട് നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. 

മലയാളിയുടെ ജീവിതത്തിലേക്ക് ആധുനികാവബോധം കടന്നുവരുന്ന കാലത്താണ് സി.എന്‍. രാമായണത്രയം എഴുതിയത്. കലയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലും രൂപപ്പെടാവുന്ന പുതിയ ചിന്താസമീക്ഷകളെ സി.എന്‍. ഉള്‍ക്കൊണ്ടിരുന്നു. അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം പോലുള്ള കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായത് സി.എന്‍. ആയിരുന്നു. അറുപതുകളിലും എഴുപതുകളിലുമുണ്ടായ നവീന കലാപ്രസ്ഥാനത്തോടൊപ്പവും സി.എന്‍. ചേര്‍ന്നിരുന്നു. ഇത്തരമൊരു നവീന സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തില്‍നിന്നുകൊണ്ടാണ് സി.എന്‍. രാമായണ പര്യടനം നടത്തിയത്. അധികാരം നേരിടുന്ന ആത്മസംഘര്‍ഷങ്ങളാണ് സി.എന്‍. മുഖ്യമായും ആവിഷ്‌കരിച്ചത്. രാമന്‍, ദശരഥന്‍, രാവണന്‍ എന്നിവരിലൂടെ അധികാരത്തിന്റെ വ്യത്യസ്ത പ്രതിസന്ധികള്‍ അവതരിപ്പിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യ അധികാരത്തിന്റെ നിരവധി പ്രതിബന്ധങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ധാര്‍മ്മികതയും നീതിബോധവും രാഷ്ട്ര പ്രതിബദ്ധതയും നിരന്തരം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഏകാധിപത്യത്തിന്റെ അനിവാര്യ തകര്‍ച്ചയ്ക്ക് വിധേയമായിട്ടുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തെ അപമാനിച്ചിട്ടുണ്ട്. അധികാരത്തിന്റെ പിന്തുടര്‍ച്ചാ സാധ്യതകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സി.എന്‍. ഇതിഹാസ കഥകളുടെ പുനര്‍നിര്‍മ്മിതിയിലൂടെ ഇത്തരം പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ഉന്നയിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച സി.എന്‍. തന്റെ രാഷ്ട്രീയ ആശയങ്ങളെ രാമായണ അകത്തളത്തിലൂടെ അവതരിപ്പിക്കുകയാണ് ചെയ്തത്. ഭക്തിപ്രസ്ഥാനത്തിന്റെ ആശയപ്രസരണത്തിനായി എഴുത്തച്ഛന്‍ രാമായണത്തെ ഉപയോഗപ്പെടുത്തിയപ്പോള്‍ ആധുനിക രാഷ്ട്രീയാവബോധത്തിനായി സി.എന്‍. രാമായണത്തെ സ്വീകരിച്ചു. ആധുനിക കാലത്തിന്റെ രാഷ്ട്രീയ സാമൂഹിക സംഘര്‍ഷങ്ങള്‍ക്കിടയില്‍നിന്നുകൊണ്ടാണ് സി.എന്‍. രാമായണം വായിച്ചത്. രാമനും ദശരഥനും രാവണനും നമ്മുടെ രാഷ്ട്രീയ ജീവിത പരിസരത്തുനിന് സൃഷ്ടിക്കപ്പെട്ടവരാണ്. എഴുത്തച്ഛന്റെ അധ്യാത്മ രാമായണം വായിക്കുംപോലെ, സി.എന്റെ രാമായണ വായനയും മാലയാളിക്ക് രാമായണ മാസത്തില്‍ വായിക്കാന്‍ കഴിയില്ലേ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com