വായനക്കാര്‍ ഒരു പരാജിത സമൂഹമാണ്: താഹ മാടായി എഴുതുന്നു

പ്രിയപ്പെട്ട കവി ആറ്റൂരിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍, മലയാളി വായനക്കാരെ ഒരു പരാജിത സമൂഹമായി വിലയിരുത്തുന്നു
വായനക്കാര്‍ ഒരു പരാജിത സമൂഹമാണ്: താഹ മാടായി എഴുതുന്നു

രണാനന്തര എഴുത്തുകാര്‍ മാത്രമുള്ള ആ ഇടത്തില്‍ ആര്‍. രാമചന്ദ്രന്‍ അയ്യപ്പപ്പണിക്കരോട് പറഞ്ഞു: ''ഒന്നു പോയി വാതില്‍ തുറക്കൂ.''
''ആരാണ് ?''
''ആറ്റൂര്‍.''
എഴുത്തുകാരുടെ മരണാനന്തര സംഭാഷണത്തില്‍ അവര്‍ ആറ്റൂര്‍ എന്ന ആ പേരില്‍ത്തന്നെ അഴകാര്‍ന്ന ഒരു വിശുദ്ധി അനുഭവിച്ചു. ഓര്‍മ്മയിലാണ്  വാക്ക് എന്നറിയാവുന്ന ആര്‍. രാമചന്ദ്രന്‍ ഭൂമിയിലെന്നപോലെ ഇവിടെയൊന്നുമില്ല, ഒന്നുമില്ല എന്ന ഭാവത്തില്‍ തുളസിക്കതിര്‍ പോലെയുള്ള ആ ചിരി ചിരിച്ചു. ആറ്റൂര്‍ ചിരിച്ചോ എന്നറിയില്ല. അയ്യപ്പപ്പണിക്കരില്‍ അപ്പോഴും തൊപ്പിവെച്ച ഒരു ചിരി കാണാമായിരുന്നു. പഴയൊരില്ലം പൊളിച്ചു വിറ്റ് പുതിയൊരോട്ടോറിക്ഷ വാങ്ങിയ പുളിമനക്കല്‍ കുഞ്ഞിക്കുട്ടനെ ഓര്‍ത്തുള്ള ചിരിയായിരുന്നു അത്.

രണ്ട്

ആ കവിതയ്ക്കു മുന്‍പോ പിന്‍പോ ആണ് മലയാള കവിതയുടെ ഏതോ ഒരു ചരിത്രഘട്ടം തുടങ്ങുന്നത്. ചരിത്രം, കവിത, ജീവിതമെഴുത്ത് ഒരു നോവല്‍ പ്രമേയമാണ് ആ കവിത. ആഖ്യാനത്തില്‍ 'ട്ടോവിന്‍ പാട്ടിന്', ആ കവിതയുടേത് മാത്രമായ ഒരു ചരിത്രമുണ്ട്. നമ്പ്യാര്‍ ഓട്ടന്‍ തുള്ളല്‍ കാവ്യഹേതുവാക്കിയെങ്കില്‍, ആറ്റൂര്‍ ഓട്ടോവില്‍ ജീവിതത്തെ ആറ്റിക്കുറുക്കി കൊണ്ടുവന്നു. ചന്ദ്രയാന്‍പോലെ കവിതയിലേയ്ക്ക് ഒരു 'ഓട്ടോയാന്‍', അതായിരുന്നു ആ കവിത. പുളി മനക്കല്‍ കുഞ്ഞിക്കുട്ടന്‍ അയാള്‍ സങ്കല്പിച്ച ഒരു ഭാവിയിലേക്ക് ആ ഓട്ടോ ഓടിച്ചു. ഓണം, വിഷു, തിരുവാതിര, മഴ (പ്രളയാനന്തരം മലയാളത്തില്‍ മഴക്കവിതകളുടെ പെയ്ത്ത് കുറഞ്ഞിട്ടുണ്ട്) തുടങ്ങിയവയില്‍ മാത്രമല്ല, കാവ്യ ഛന്ദസ്സ്. പുളി മനക്കല്‍ കുഞ്ഞിക്കുട്ടന്‍ എന്തൊരു വരവായിരുന്നു! മനയ്ക്കലെ പയ്യന്‍ ഓട്ടോ ഓടിക്കുകയോ! സവര്‍ണ്ണ ദാസന്മാര്‍ ആറ്റൂരിനെ വായിച്ചിരിക്കാനിടയില്ല. ഒന്നും വായിക്കാത്തവര്‍ ആറ്റൂരിനെ മാത്രം വായിക്കാനുമിടയില്ല. സൂക്ഷ്മമായ ഒരു ജീവിതമെഴുത്താണ് അത്. 1973-ല്‍ എഴുതിയ 'തലക്കുറി' എന്ന കവിത എഴുപതെഴുത്തില്‍ പ്രധാനപ്പെട്ടതാണ്. ഞാന്‍ വന്നപ്പോഴേയ്ക്കും കോമാളികളുടെ ഇടവേള തുടങ്ങിയിരുന്നു. ആറ്റൂര്‍ ഇവിടം വിട്ടുപോകുമ്പോഴും ഇരുണ്ടതും മാരകവുമായ ആ ഇടവേള അവസാനിച്ചിരുന്നില്ല. ചരിത്രം സ്പന്ദിക്കുന്ന അസ്ഥി കൂടമായിട്ടല്ല, ഇടങ്ങേറേയുള്ള ഒരു ഇടമായിത്തന്നെ നില്‍ക്കുന്നു. എഴുപതില്‍ത്തന്നെ എഴുതിയ 'ക്യാന്‍സര്‍' വിധ്വംസകമായ ആ തുടക്കം കൊണ്ട് ഇപ്പോഴും ശ്രദ്ധേയമാണ്. ''കോളേജിലേക്ക് രണ്ടു വഴികള്‍/വായും മലദ്വാരവും പോലെ.'' ഈ വരികള്‍ കലാലയ കാല്പനികതകളേയും അതുല്പാദിപ്പിച്ച വ്യാജ പ്രതീതികളേയും വലിച്ചു പുറത്തിട്ടു. പില്‍ക്കാലത്തു എഴുതിയ 'കൃഷ്‌ണേട്ടന്‍ പറഞ്ഞത്' എന്ന കവിതയും ഒരു ജീവിതമെഴുത്താണ്. പിന്നെപ്പിന്നെ സ്വയം അപരിചിതനാവുന്ന നമുക്കു പരിചിതനായ ഒരു മലയാളിയാണ് കൃഷ്‌ണേട്ടന്‍. അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍. ഇടങ്ങള്‍, ഈര്‍പ്പങ്ങള്‍ എല്ലാം ആറ്റൂരില്‍ വന്നു. പല മട്ടില്‍ ജീവിച്ച മനുഷ്യരുടെ ജൈവികത്തുടര്‍ച്ചകള്‍ അവയിലുണ്ട്. കവിതയിലൂടെ ഇത്രയേറെ 'ലൈഫ് സ്‌കെച്ച്' എഴുതിയ ആള്‍ വേറെയുണ്ടോ എന്നും സംശയമാണ്.

മൂന്ന് 

എന്നിട്ടും ഒ.വി. വിജയനെപ്പോലെയോ എം. മുകുന്ദനെപ്പോലെയോ പുനത്തിലിനെപ്പോലെയോ ആവര്‍ത്തിക്കപ്പെടുന്ന കവര്‍ മുഖപടമായില്ല ആറ്റൂര്‍. നോവലാണ് 'വലിയ എഴുത്ത്' എന്ന വികല ധാരണയിലാണ് മലയാളി വായനാസമൂഹം. നോവലിസ്റ്റുകളെ അവര്‍ അനേകം പതിപ്പുകള്‍ കൊണ്ട് അനുഗ്രഹിക്കുകയും വലിയൊരു അഭിവൃദ്ധി നല്‍കുകയും ചെയ്യുന്നു. ചെറുപ്പക്കാരായ നോവലിസ്റ്റുകള്‍പോലും ആത്മരതിയുടെ പല്ലക്കില്‍ പക്കമേളത്തോടെ എഴുന്നള്ളിക്കപ്പെടുന്നു. അവര്‍ ആള്‍ദൈവങ്ങള്‍പോലെ വായനക്കാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മലയാളികളുടെ പാരായണ പ്രശ്‌നമാണ് കവികളുടെ/കവിതകളുടെ പരാജയമായി നാം വിലയിരുത്തുന്നത്. വാസ്തവത്തില്‍ അതു വായനക്കാരുടെ പരാജയമാണ്. നോവലിസ്റ്റുകള്‍ നോവലിസ്റ്റുകള്‍ മാത്രമാണ്. അവര്‍ കവികള്‍ അല്ല, ആവുകയുമില്ല. കവികള്‍, സൂക്ഷ്മവിദ്യയുടെ കലാകാരന്മാര്‍. പക്ഷേ, അവര്‍ മുഖപടമാവുന്നില്ല. കവിതകള്‍ ജീവിച്ചിരിക്കുന്ന/കടന്നുപോകുന്ന കാലത്തെക്കുറിച്ചുള്ള തെളിവുകളാണ്. ആറ്റൂര്‍ മൗനത്തിന്റേയും ശബ്ദത്തിന്റേയും വാക്കുകള്‍ ഉപയോഗിച്ചു. ആര്‍ക്കൈവ് ആകുന്ന ദേശോര്‍മ്മകള്‍ ആര്‍ക്കും വായിക്കാവുന്ന ഭാഷയില്‍ എഴുതി. ദേശജീവിതത്തെക്കുറിച്ചു  പല കോണുകളില്‍നിന്നുള്ള കാഴ്ച ലഭ്യമാക്കുന്നുണ്ട് ആ കവിതകള്‍.

നാല് 

മരണാനന്തര എഴുത്തുകാരുടെ ആ ഇടത്തില്‍, ആറ്റൂരും ആര്‍. രാമചന്ദ്രനും അയ്യപ്പപ്പണിക്കരും പുനത്തിലും ഒ.വി. വിജയനും തുല്യരായി ഇരുന്നു. വായനക്കാരുടേതായ വിഭജനരേഖകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല, ആ ഇടത്തില്‍ വായനക്കാര്‍ക്ക് പ്രവേശനം തന്നെയുണ്ടായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com