എഴുത്തും ജീവിതവും: ഡോ. സിജെ റോയിയെക്കുറിച്ച് 

ശതാഭിഷിക്തനായ ഭാഷാശാസ്ത്രജ്ഞനും ഉപന്യാസകാരനുമായ ഡോ. സി.ജെ. റോയിയുടെ അക്ഷരജീവിതം
എഴുത്തും ജീവിതവും: ഡോ. സിജെ റോയിയെക്കുറിച്ച് 

സാഹിത്യകൃതികളെ ഭാഷാശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തണമെന്ന ആശയം അവതരിപ്പിച്ച നിരൂപകനാണ് ഡോ. സി.ജെ. റോയ്. ഭാഷാശാസ്ത്രത്തില്‍ നിര്‍വ്വചിക്കാത്ത ഹൃദയത്തിന്റെ ഭാഷയെന്ന തത്ത്വമാണ് ഡോ. റോയിയുടെ ഭാഷാശാസ്ത്ര നിരൂപണശൈലിയുടെ അടിസ്ഥാനം. ഭാഷയാണു കൃതികളിലെ മൂല്യത്തെ പ്രകാശിപ്പിക്കുന്നതെന്നു വ്യാഖ്യാനിക്കുന്ന റോയ് 'ഭാഷാശാസ്ത്രദര്‍ശനം' എന്ന കൃതിയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ''സാര്‍ത്ഥക ജീവിതത്തിനു മനുഷ്യനെ സമര്‍ത്ഥനാക്കുന്ന ഉപാധികളില്‍ ഭാഷയോളം മികവുറ്റ മറ്റൊന്നില്ല.''

ജീവിതവും ഭാഷയും പരസ്പരപൂരകമായി വര്‍ത്തിക്കുമ്പോള്‍ ഉത്തമകൃതി ഉണ്ടാകുമെന്നും ഭാഷ എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് കൃതിയുടെ മാറ്റ് ഗണിക്കപ്പെടുന്നതെന്നും റോയ് വ്യാഖ്യാനിക്കുന്നു. ഭാഷാപ്രയോഗം എങ്ങനെയാകണമെന്ന് പാരമ്പര്യ വ്യാകരണങ്ങള്‍ വിധിക്കുമ്പോള്‍ അതിനു വഴങ്ങാത്ത ഏതു പ്രയോഗവും വികൃതവും അതുകൊണ്ടുതന്നെ അധമവുമാണെന്നും റോയ് പറയുന്നുണ്ട്.
ഇപ്രകാരം സൗന്ദര്യാവബോധപരമായ ഭാഷാസ്വഭാവ നിര്‍ണ്ണയ സമീപനമാണ് ഡോ. റോയ് തന്റെ ഭാഷാശാസ്ത്ര നിരൂപണശൈലിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഭാഷാപ്രയോഗത്തെ ഹൃദയത്തിന്റെ ഭാഷയാക്കുകയും അത്തരമൊരു ശൈലിതന്നെ തന്റെ ഗദ്യരചനയുടെ വ്യതിരിക്തതയാക്കുകയും ചെയ്തു, ഡോ. റോയ്. അതിന്റെയും ദൃഷ്ടാന്തങ്ങളാണ് 'ഭൂമിയുടെ ഗന്ധം', 'പുതിയ മുഖങ്ങള്‍', 'അകക്കണ്ണ്' തുടങ്ങിയ റോയിയുടെ കൃതികള്‍.

ഭാവുകത്വത്തിന്റെ പാതയില്‍ (1990), സ്വപ്നങ്ങളുടെ സന്ധ്യ (2005) തുടങ്ങിയ കൃതികളിലും മറ്റു ചില പഠനങ്ങളിലും ഡോ. റോയിയുടെ സാഹിത്യനിരൂപണങ്ങള്‍ സമാഹരിച്ചിട്ടുണ്ട്. ആറാമിന്ദ്രിയത്തിനും അപ്പുറത്താണ് സര്‍ഗ്ഗശക്തിയുടെ ഉറവിടമെന്നും അതാണ് ഭാവുകത്വമെന്നും വിശദീകരിക്കുന്ന റോയ്, ഭാവുകത്വത്തെ ഭാവനയില്‍ മാത്രമായി തളച്ചിടരുതെന്നും ചൂണ്ടിക്കാണിക്കുന്നു. ഭാവനയെ ഭാവുകത്വത്തിന്റെ അടിസ്ഥാനഘടകമായി അംഗീകരിക്കുന്നുണ്ടെങ്കിലും റോയ് പറയുന്നത് ആധുനിക കാലഘട്ടം സാഹിത്യത്തില്‍നിന്ന് ആവശ്യപ്പെടുന്നതു സത്യസന്ധമായ ആത്മാവിഷ്‌കാരമാണെന്നാണ്. ഈ ആത്മാവിഷ്‌കാരം ഭാവനയ്ക്ക് ഒപ്പമോ അതിലധികമോ ആയിട്ടുള്ളതാണ്. ഭാഷയാണ് ആത്മാവിഷ്‌കാരത്തിന്റെ മാധ്യമം. ആത്മാവിഷ്‌കരണത്തിലൂടെ മാത്രമേ കവികളുടേയും കഥാകൃത്തുക്കളുടേയും ഭാവുകത്വം സംതൃപ്തമാകൂ എന്നും റോയ് വിവരിക്കുന്നു.

ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍ ബഷീറിന്റെ 'പാത്തുമ്മയുടെ ആട്', പുത്തന്‍കാവ് മാത്തന്‍ തരകന്റെ 'പ്രേമമേ നിന്‍ പേരുകേട്ടാല്‍' തുടങ്ങിയ രചനകളെ 'ഭാവുകത്വത്തിന്റെ പാതയില്‍' എന്ന കൃതിയില്‍ വിശകലനം ചെയ്യുന്നു. ബഷീറില്‍ വന്നുചേര്‍ന്ന ഭാവപരമായ വികാസത്തിന്റെ വിളംബരമാണ് 'പാത്തുമ്മയുടെ ആട്'. 'ബാല്യകാലസഖി'യില്‍നിന്നും 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു'വില്‍നിന്നും ഉള്ള ഒരു വികാസമാണ് ഈ കൃതിയിലുള്ളത്. നമ്മുടെ ആത്മാവിനെ പ്രകാശപൂര്‍ണ്ണമാക്കുന്ന സത്യമെന്തെന്നും കഴിഞ്ഞതും കഴിയാനിരിക്കുന്നതുമായ കാലങ്ങളുടെ സന്ധിയില്‍ നമുക്ക് സ്ഥാനമെന്തെന്നും കണ്ടെത്താന്‍ ബഷീര്‍ ശ്രമിക്കുന്നതാണ് ഈ നോവലിന്റെ ഔന്നത്യമെന്നും റോയ് എഴുതുന്നു.

പാത്തുമ്മയുടെ ആടിന്റെ രചനയിലൂടെ തന്റെ അസ്വസ്ഥതകളില്‍നിന്നും താന്‍ മോചനം നേടിയെന്നും ബഷീര്‍ പറഞ്ഞത് അനുസ്മരിച്ചുകൊണ്ട് റോയ് ഇങ്ങനെ എഴുതുന്നു: ''വിധിയോടുള്ള വിധേയത്വം ഒറ്റനോട്ടത്തില്‍ നിരാശതയിലേക്കും നിഷ്‌ക്രിയത്വത്തിലേക്കും ഒരു തിരിച്ചുപോക്കായി തോന്നാം. സൂക്ഷ്മപരിശോധനയില്‍ അത് അങ്ങനെയല്ല. ഒരുതരം ആത്മത്യാഗമാണത്. തന്നെ കാത്തിരിക്കുന്നതു കഷ്ടതകളും

പീഡാനുഭവങ്ങളുമാണെന്നറിഞ്ഞുകൊണ്ടുതന്നെ തന്റെ അന്യത്വത്തോട് വിടപറയുകയാണ് കഥാനായകന്‍. സ്വയം പരിവര്‍ത്തനത്തിനു വിധേയമാകാനും ആ പരിവര്‍ത്തനത്തിലൂടെ താന്‍ ജീവിക്കുന്ന ഈ സമൂഹത്തില്‍ പരിവര്‍ത്തനം വരുത്താനും ഉള്ള ദൃഢനിശ്ചയം അതിനു പിന്നിലുണ്ട്. നന്മകളെന്നു താന്‍ കരുതുന്നവയെ മറ്റെന്തുമെന്നപോലെ പങ്കിടാന്‍ കഴിയുമെന്നും ആ പങ്കാളിത്തത്തിലൂടെ, അതു പകര്‍ന്നുതരുന്ന ശക്തിയിലൂടെ, തന്റെയും തനിക്കു ചുറ്റിലുമുള്ളവരുടേയും ജീവിതത്തെ സാര്‍ത്ഥകമാക്കാമെന്നും ഉള്ള പ്രത്യാശയും അതിലുണ്ട്.'' 'പാത്തുമ്മയുടെ ആട്' നാം ജീവിക്കുന്ന ഈ വലിയ ലോകത്തിന്റെ ഒരു ചെറിയ പതിപ്പാണെന്നും നമ്മിലുള്ള തിന്മയുടേയും നന്മയുടേയും മുഖങ്ങള്‍ അതിലുണ്ടെന്നും തിന്മകളെ തിരസ്‌കരിക്കാനും നന്മകളെ സ്വീകരിക്കാനും ഉള്ള സ്‌നേഹപൂര്‍വ്വമായ ആഹ്വാനമാണ് അതിന്റെ പ്രത്യേകതയെന്നും റോയ് കൂട്ടിച്ചേര്‍ക്കുന്നു.

ബഷീറിന്റെ 'ഒരു മനുഷ്യന്‍' എന്ന കഥയെപ്പറ്റി എഴുതിയ പഠനത്തില്‍ (ബഷീറിന്റെ ചെറുകഥകള്‍ 101 പഠനങ്ങള്‍) തന്റെ ഭാഷാശാസ്ത്രദര്‍ശനവും റോയ് സമന്വയിപ്പിക്കുന്നുണ്ട്. ''ആഖ്യാനകലയുടെ ഉന്നതമേഖലകളില്‍ എത്തിനില്‍ക്കുന്ന 'ഒരു മനുഷ്യന്‍' എന്ന കഥ ക്രിയകളുടെ ഒരു ശൃംഖലയാണ്. ഏത് ആഖ്യാനത്തിലും ഓരോ ക്രിയയ്ക്കുമുണ്ട് സ്വന്തമായ ധര്‍മ്മം. ഓരോ ധര്‍മ്മവും ഓരോ അവസ്ഥാവിശേഷമാണ്. യുക്തിസഹമായി കോര്‍ത്തിണക്കിയ ക്രിയകളുടെ കണ്ണികളിലൂടെ അതിന്റെ നിര്‍വ്വഹണം കഥാകാരന്‍ സാധിച്ചിരിക്കുന്നു. അതിനെ പൂര്‍ണ്ണമാക്കുന്നതു കഥയിലേക്കു വായനക്കാരന്റെ മനസ്സു തുറക്കുന്ന ആമുഖവും സംഘര്‍ഷവിരാമം പൂര്‍ത്തിയാക്കി സ്വാസ്ഥ്യം പകരുന്ന അന്ത്യവുമാണ്.'' ഈ കഥയെ തിയോളജിക്കല്‍ ക്രിട്ടിസിസത്തിനും റോയ് വിധേയമാക്കുന്നുണ്ട്. പുതിയ നിയമത്തിലെ യേശുവിന്റെ നല്ല ശമരിയാക്കാരനെപ്പറ്റിയുള്ള ഉപമ മുന്‍നിര്‍ത്തിയാണ് ബഷീറിന്റെ 'ഒരു മനുഷ്യ'നിലെ പോക്കറ്റടിക്കാരന്റെ ദയയെ റോയ് വിശകലനം ചെയ്യുന്നത്. പോക്കറ്റടിക്കാരന്റെ ദയയെപ്പറ്റി ഇങ്ങനെ എഴുതുന്നു: ''സ്‌നേഹത്തിന്റെ ഏറ്റവും വിലപ്പെട്ട സ്വഭാവം അതിന്റെ ലഭ്യതയാണ്. അയാളുടെ ദയയെ സംബന്ധിക്കുന്ന സവിശേഷത തക്കസമയത്ത് അതു ലഭ്യമായി എന്നതാണ്.''

സാഹിത്യത്തിന്റെ മാറ്ററിയാന്‍ നിര്‍വിശങ്കം സ്വീകരിക്കാവുന്ന ഒരു ഉരകല്ലാണ് ദാര്‍ശനികതയെന്നു 'ഭാവുകത്വത്തിന്റെ പാതയില്‍' എന്ന കൃതിയിലെ 'സംഘകാലസാഹിത്യം' എന്ന ഖണ്ഡത്തില്‍ റോയ് വെളിപ്പെടുത്തുന്നുണ്ട്. 'പ്രേമമേ നിന്‍ പേരു കേട്ടാല്‍' എന്ന കൃതിയുടെ പഠനത്തില്‍ ഈ ഉരകല്ലാണ് റോയ് സ്വീകരിച്ചിരിക്കുന്നത്. പാപത്തേയും പാപവിമുക്തിയേയും സംബന്ധിക്കുന്ന ഒരു ദര്‍ശനം അവതരിപ്പിക്കുന്ന പുത്തന്‍കാവ് മാത്തന്‍ തരകന്റെ ഖണ്ഡകാവ്യമാണ് 'പ്രേമമേ നിന്‍ പേരു കേട്ടാല്‍'. മനുഷ്യമനസ്സിന്റെ സദ്ഭാവങ്ങളിലുള്ള വിശ്വാസം ഈ കൃതിയെ പ്രസാദാത്മകമാക്കുന്നതായി റോയ് എഴുതുന്നു.

ഭാഷാശാസ്ത്രദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.വി. കൃഷ്ണവാരിയരുടെ രചനകളെ സമീപിക്കുന്ന ഒരു അന്വേഷണമാണ് ഈ കൃതിയിലെ 'എന്‍.വിയുടെ ഭാഷയും ശൈലിയും' എന്ന പഠനം. എന്‍.വിയുടെ  പദ്യകൃതികള്‍ മാത്രമല്ല, ഗദ്യകൃതികളും ഈ അന്വേഷണത്തില്‍ വരുന്നു.
'സ്വപ്നങ്ങളുടെ സന്ധ്യ' എന്ന സമാഹാരത്തില്‍ അഴീക്കോടിന്റെ സീതാകാവ്യപഠനത്തേയും അക്കിത്തത്തിന്റെ 'സമാവര്‍ത്തന'ത്തേയും പരുമലത്തിരുമേനിയുടെ 'ഊര്‍ശ്ലേം യാത്രാവിവരണ'ത്തേയും പാറപ്പുറത്തിന്റെ 'അരനാഴികനേര'ത്തേയും പറ്റിയുള്ള പഠനങ്ങളുണ്ട്. കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീതയെ'പ്പോലെ സുകുമാര്‍ അഴീക്കോടിന്റെ 'ആശാന്റെ സീതാകാവ്യവും' മലയാളസാഹിത്യത്തില്‍ ഉദാത്തതയ്ക്കുള്ള ഉദാഹരണമായി വര്‍ത്തിക്കുന്നതായി ഡോ. റോയ് വിലയിരുത്തുന്നു. 'ചിന്താവിഷ്ടയായ സീത'യ്ക്കു എതിരേ നിരൂപകര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കു അഴീക്കോട് നല്‍കിയ മറുപടി വിലയിരുത്തിക്കൊണ്ട് റോയ് ഇങ്ങനെ എഴുതുന്നു: ''രാമായണത്തിന്റെ സമഗ്രപ്രതീതി പുതിയൊരു സന്ദര്‍ഭത്തിന്റെ ഭൂമികയില്‍ സഹൃദയമനസ്സില്‍ സൃഷ്ടിക്കുകയായിരുന്നു കുമാരനാശാന്റെ ലക്ഷ്യം. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. രാമായണ വിപരീതമായോ മനുഷ്യസ്വഭാവവിപരീതമായോ ആശാന്റെ സീത ഒന്നും ചെയ്തിട്ടില്ലെന്നും തട്ടിക്കയറുന്ന കലഹിനിയുടെയല്ല, നിത്യദുഃഖിതയായ സ്വാധ്വിയുടെ സ്വഭാവഗാംഭീര്യമാണ് അവള്‍ നമ്മില്‍ അവശേഷിപ്പിക്കുന്നതെന്നും അഴീക്കോട് അനുസ്മരിപ്പിക്കുന്നു.''

പാറപ്പുറത്തിന്റെ 'അരനാഴികനേരം' മലയാളത്തിലെ നല്ല നോവലുകളില്‍ ഒന്നാണെന്നു എഴുതുന്ന റോയ്, ഈ നോവലിന്റെ രണ്ടു പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നാമത്തെ പ്രശ്‌നം പാത്രസൃഷ്ടി സംബന്ധിച്ചുള്ളതാണ്. ഇതിലെ നായകനായ കുഞ്ഞേനാച്ചന്‍ വായനക്കാര്‍ക്കു അന്യനാകുന്നതായി റോയ് പറയുന്നു. യഥാര്‍ത്ഥ ജീവിതത്തിലെന്നവണ്ണം വിശ്വസനീയനാക്കാന്‍ കഴിയുന്ന രീതിയില്‍ ഈ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ പാറപ്പുറത്തിനു കഴിഞ്ഞില്ല. റോയ് ഇങ്ങനെ എഴുതുന്നു:

''നിത്യജീവിതത്തില്‍ നാം പരിചയപ്പെടുന്ന വ്യക്തികളുടെ പകര്‍പ്പുകള്‍ തന്നെയാണ് നോവലില്‍ നാം കാണുന്ന കഥാപാത്രങ്ങള്‍. അവരുടെ ചിന്തയിലോ വാക്കിലോ ക്രിയയിലോ കടന്നുകൂടുന്ന അല്പമായ അസ്വാഭാവികത തന്നെയും അവരില്‍ നമുക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തും. കുഞ്ഞേനാച്ചനെ സംബന്ധിച്ച് അതാണ് സംഭവിച്ചിരിക്കുന്നത്.''

പാത്രസൃഷ്ടിയില്‍ പരാജയപ്പെട്ടതുപോലെ സാഹിത്യസൃഷ്ടിയില്‍ ദര്‍ശനം അവതരിപ്പിക്കുന്ന കാര്യത്തിലും പാറപ്പുറത്തു പരാജയപ്പെട്ടിരിക്കുന്നതായി റോയ് ചൂണ്ടിക്കാട്ടുന്നു. എഴുത്തുകാരന്‍ താന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ സംസ്‌കാരത്തെ സംവഹിക്കണമെന്നും ആ സംസ്‌കാരത്തിന്റെ ഭാഗമായ ദര്‍ശനത്തെ സ്വന്തം കൃതികളിലൂടെ ഉയര്‍ത്തിപ്പിടിക്കണമെന്നും റോയ് പറയുന്നു. ആ കഴിവ് പ്രകടിപ്പിക്കാന്‍ പാറപ്പുറത്തിനു കഴിയുന്നില്ല. ക്രൈസ്തവദര്‍ശനത്തിന്റെ മര്‍മ്മങ്ങളെ അറിയുന്നതിനു അവശ്യം വേണ്ട ചിന്താപരമായ ഔന്നത്യം പാറപ്പുറത്തു നേടിയില്ലെന്നും റോയ് വ്യക്തമാക്കുന്നു.
പരുമലത്തിരുമേനിയുടെ 'ഊര്‍ശ്ലേം യാത്രാവിവരണം' എന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ കൃതിയില്‍ യുക്തിപരമായ ചിന്തകള്‍ക്കതീതമായി സൗന്ദര്യബോധപരമായ അനുഭവങ്ങള്‍ ഉളവാക്കുന്ന സമീപനങ്ങള്‍ ഉണ്ടെന്നും ദ്രാവിഡപാരമ്പര്യത്തിലുള്ള കര്‍ത്തൃകര്‍മ്മക്രിയാ പദഘടന ഇതിന്റെ പ്രത്യേകതയാണെന്നും റോയ് ചൂണ്ടിക്കാട്ടുന്നു.
അക്കിത്തത്തിന്റെ 'സമാവര്‍ത്തനം' സ്വന്തം മനസ്സിനോടും അതിന്റെ ആവിഷ്‌കരണത്തിനുള്ള മാധ്യമമായ ഭാഷയോടും പുലര്‍ത്തുന്ന സത്യസന്ധതയുടെ ഉദാഹരണമാണെന്നും റോയ് പറയുന്നു. ഈ സത്യസന്ധതയെ ആത്മാവിന്റെ വിശുദ്ധിയെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. 'സമാവര്‍ത്തനം' ഒരു ഗദ്യരചനയാണെങ്കിലും അക്കിത്തത്തിന്റെ കവിമനസ്സിനു രൂപം നല്‍കിയ അസംസ്‌കൃതവസ്തുക്കള്‍ റോയ് കണ്ടെത്തുന്നു. കവിത കണ്ടെത്താന്‍ അദ്ദേഹം കവിയെ കണ്ടെത്തുന്നു, ഈ പഠനത്തില്‍.

വാക്കുകള്‍ പൂക്കുന്ന പൂമരം
ഡോ. സി.ജെ. റോയിയുടെ എഴുത്തിന്റെ ലോകം സമഗ്രമായി അവതരിപ്പിക്കുന്ന കൃതിയാണ് 'വാക്കുകള്‍ പൂക്കുന്ന പൂമരം.' ഡോ. റോയി രചിച്ച നിരൂപണങ്ങള്‍, ആസ്വാദനങ്ങള്‍, പഠനങ്ങള്‍, അനുഭവങ്ങള്‍, അവതാരികകള്‍, ജീവചരിത്രങ്ങള്‍, അനുസ്മരണങ്ങള്‍, ഭാഷാശാസ്ത്രചിന്തകള്‍, ആത്മകഥ എന്നിവയെല്ലാം ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു. എഴുത്തുകാരനേയും എഴുത്തിനേയും അടുത്തറിയാന്‍ ഉപകരിക്കുന്ന ഒരു പുസ്തകം മാത്രമല്ല 'വാക്കുകള്‍ പൂക്കുന്ന പൂമരം.' അറിവിന്റേയും ചിന്തയുടേയും ഒരു പൂമരം കൂടിയാണ് ഈ കൃതി. ഒരു എഴുത്തുകാരന്റെ ജീവിതം വായനക്കാര്‍ക്ക് സമ്മാനിക്കുന്ന വാക്കുകളുടെ ഒരു പൂമരം. ഈ പുസ്തകത്തെ ആദ്യന്തം കോര്‍ത്തിണക്കുന്ന അന്തര്‍വാഹിനിയായ പ്രവാഹം മനുഷ്യസ്‌നേഹമാണ്. ഡോ. സി.ജെ. റോയ് എന്ന എഴുത്തുകാരന്റെ ജീവിതത്തിന്റേയും ദര്‍ശനത്തിന്റേയും വ്യതിരിക്തത അന്തര്‍വാഹിനിയായ ഈ മനുഷ്യസ്‌നേഹം തന്നെയാണ്. അദ്ദേഹത്തിന്റെ നിരൂപണസമീപനങ്ങള്‍ മുതല്‍ മനുഷ്യസമീപനങ്ങള്‍ വരെ വ്യത്യസ്തമായ എല്ലാ മേഖലകളും ഈ കൃതിയില്‍ സംശോധനം ചെയ്തു സമാഹരിച്ചിട്ടുണ്ട്.  

അക്ഷരയാത്രകള്‍
ഗൃഹാതുരത്വം പേറുന്ന ജീവിതനൊമ്പരങ്ങളും ആഹ്ലാദങ്ങളും പുരാവൃത്തത്തിന്റെ ചെപ്പിലൊതുക്കി അവതരിപ്പിക്കുന്ന ഒരു രചനയാണ് ഡോ. സി.ജെ. റോയിയുടെ 'അക്ഷരയാത്രകള്‍.' തന്റെ ആത്മകഥയെ ആത്മാവിന്റെ കഥയായി കാഴ്ചവച്ചുകൊണ്ട്, ജീവിതത്തിന്റെ പിന്‍നിലാവും അന്വേഷണവും കര്‍മ്മകാണ്ഡവും ഓര്‍മ്മകളുടെ പൂക്കൂടയില്‍നിന്നും പെറുക്കിയെടുത്ത്, പിന്നിട്ട എണ്‍പത്തിനാലു സംവത്സരങ്ങളിലേക്ക് ഒരു അക്ഷരയാത്ര നടത്തുന്നു, ഡോ. സി.ജെ. റോയ് ഈ പുസ്തകത്തില്‍. ബാല്യത്തില്‍ തന്റെ വരണ്ട ചുണ്ടുകളില്‍ ചിരി വിടര്‍ത്താന്‍ ചേച്ചിമാരായ അനുവും ആലീസും പാടിയ പാട്ട്, ''ഒന്നാമന്‍ ഓമന, രണ്ടാമന്‍ രാജാവ്, മൂന്നാമന്‍ മുല്ലപ്പൂ, നാലാമന്‍ നാഴികമണി, അഞ്ചാമന്‍ പുഞ്ചിരി'' എന്നായിരുന്നു. മക്കളില്‍ അഞ്ചാമനായി പിറന്ന റോയ് സഹോദരങ്ങള്‍ക്ക് ഒരു പുഞ്ചിരിയായിരുന്നു. എന്നാല്‍, ആ കുടുംബത്തിന്റെ പുഞ്ചിരി സമൂഹത്തിന്റെ പുഞ്ചിരിയായി മാറുന്ന കഥയാണ് ഈ പുസ്തകത്തിന്റെ പ്രമേയമെന്ന് എനിക്ക് തോന്നുന്നു.
'അഞ്ചാമന്‍ പുഞ്ചിരി'യെന്ന് ആ സഹോദരങ്ങള്‍ പാടിയതു റോയിയുടെ ചുണ്ടില്‍ വിടരുന്ന പുഞ്ചിരിയെപ്പറ്റി മാത്രമാണെന്ന് എനിക്ക് തോന്നുന്നില്ല. ആ മനസ്സിന്റെ ആര്‍ദ്രത ബാല്യത്തില്‍ തന്നെ സഹോദരങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ആ മനസ്സിന്റെ ആര്‍ദ്രതയാണ് റോയ് സാറിന്റെ ചുണ്ടുകളില്‍ വിടരുന്ന പുഞ്ചിരി. 

റോയ് സാര്‍ എനിക്ക് അപ്പന്റെ സ്‌നേഹവും സഹോദരന്റെ വാത്സല്യവും ഗുരുവിന്റെ അനുഗ്രഹവും തരുമ്പോള്‍ ഞാനും ആ വരണ്ട ചുണ്ടുകളില്‍ പുഞ്ചിരി വിടരുന്നതു കാണുന്നുണ്ട്. ഈ 'അഞ്ചാമന്‍ പുഞ്ചിരി'യുടെ അക്ഷരയാത്രകള്‍ ഭാഷയ്ക്കും സമൂഹത്തിനും പ്രദാനം ചെയ്ത നേട്ടങ്ങള്‍ ഇനിയും വിലയിരുത്തപ്പെട്ടിട്ടില്ലെങ്കിലും ഈ ആത്മകഥയില്‍ കോറിയിടുന്ന സാക്ഷ്യങ്ങള്‍ക്ക് നിസ്തന്ദ്രമായ സേവനത്തിന്റേയും കഠിനമായ പ്രയത്‌നത്തിന്റേയും ത്യാഗപൂര്‍ണ്ണമായ അദ്ധ്വാനത്തിന്റേയും വിയര്‍പ്പുമണമുണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു.

സ്വപ്നങ്ങളുടെ സന്ധ്യയില്‍
റോയ് സാറിന്റെ 'സ്വപ്നങ്ങളുടെ സന്ധ്യ' അങ്ങനെ ബാല്യത്തില്‍ത്തന്നെ തുടങ്ങിയതാണ്. എല്ലാ ജീവിതയാഥാര്‍ത്ഥ്യങ്ങളേയും അദ്ദേഹം സ്വപ്നങ്ങളാക്കി. ജീവിതത്തെ അങ്ങനെയാണ് അഭിമുഖീകരിച്ചത്. സ്വപ്നങ്ങള്‍ റോയ് സാറിന്റെ കരുത്താണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. 
1935 ജൂലൈ 13-ന് പുതുപ്പള്ളി ചാത്തമ്പടത്ത് ജോസഫ് ഏബ്രഹാമിന്റേയും മറിയാമ്മയുടേയും എട്ടുമക്കളില്‍ അഞ്ചാമനായി ആണ് ചാത്തമ്പടത്ത് ജോസഫ് റോയ് എന്ന സി.ജെ. റോയിയുടെ ജനനം. അപ്പന്‍ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. പതിനഞ്ച് രൂപയായിരുന്നു അപ്പന്റെ പ്രതിമാസ ശമ്പളമെങ്കിലും മക്കളെയെല്ലാം പഠിപ്പിക്കുന്ന കാര്യത്തില്‍ അദ്ദേഹം ശ്രദ്ധിച്ചു. (സി.ജെ. എബ്രഹാം, സി.ജെ. വര്‍ഗീസ്, അനു, ആലീസ്, സാറാമ്മ, ലീല, രാജന്‍ എന്നിവരാണ് റോയിയുടെ സഹോദരീസഹോദരന്മാര്‍).
പുതുപ്പള്ളിക്കടുത്ത് മച്ചുകാട് പ്രൈമറി സ്‌കൂളിലായിരുന്നു റോയിയുടെ പ്രാഥമിക വിദ്യാഭ്യാസം. അപ്പര്‍ പ്രൈമറി പഠനം അപ്പന്‍ പഠിപ്പിച്ച മുട്ടമ്പലം സര്‍ക്കാര്‍ സ്‌കൂളില്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കോട്ടയം എം.ഡി. സെമിനാരി സ്‌കൂളിലും. ഇന്റര്‍മീഡിയറ്റിനും ഡിഗ്രിക്കും ആലുവ യു.സി. കോളേജിലായിരുന്നു പഠനം.
കുറ്റിപ്പുഴ കൃഷ്ണപിള്ളയെ കണ്ടെത്തുന്നു
ബോട്ടണി പഠിച്ചപ്പോഴാണ് സാഹിത്യത്തിന്റെ പുതിയ ലോകത്തേക്ക് റോയ് കടന്നുവന്നത്. അതിനു കാരണക്കാരന്‍ യു.സി. കോളേജില്‍ മലയാളം പഠിപ്പിച്ചിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ളയായിരുന്നു.
എഴുത്തില്‍ കുറ്റിപ്പുഴ കൃഷ്ണപിള്ളയാണ് മാര്‍ഗ്ഗദര്‍ശിയെങ്കില്‍ വായനയില്‍ റോയിക്കു പ്രചോദനം പകര്‍ന്നത് അപ്പന്റെ അമ്മയായിരുന്നു. വല്യമ്മ  വലിയൊരു വായനക്കാരിയായിരുന്നു. എന്നാല്‍ അവര്‍ ഒറ്റ പുസ്തകമേ വായിച്ചിരുന്നുള്ളൂ - അത് വിശുദ്ധ വേദപുസ്തകമായിരുന്നു. വല്യമ്മ  റോയിക്കു വേദപുസ്തകത്തിലെ കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു. ഒടുവില്‍ അവര്‍ക്ക് കണ്ണുകാണാന്‍ വയ്യാതായപ്പോള്‍ വേദപുസ്തക വായന മുടങ്ങി. വല്യമ്മയ്ക്കു പിന്നെ വേദപുസ്തകം വായിച്ചുകൊടുത്തിരുന്നത് റോയ് ആയിരുന്നു. ആ വായന റോയിയുടെ മനസ്സിനെ സ്പര്‍ശിച്ചു. സ്‌കൂളില്‍ പഠിക്കുന്ന പുസ്തകങ്ങള്‍ക്കും അപ്പുറം വായന നടത്താന്‍ റോയിയെ പ്രേരിപ്പിച്ചത് ആ വേദപുസ്തക വായനയായിരുന്നു.

പുസ്തകവായന ഒരു ശീലമാക്കാന്‍ പ്രേരിപ്പിച്ചത് എം.ഡി. സ്‌കൂളിലെ തോമസച്ചനായിരുന്നു. അവിടെ പഠിക്കുമ്പോള്‍ റോയ് കളികളിലൊന്നും ഏര്‍പ്പെട്ടിരുന്നില്ല. പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും ഏതാണ്ടൊരു സ്വപ്നജീവിയെപ്പോലെയായിരുന്നു. ആരോഗ്യം മെച്ചമായിരുന്നില്ല. റോയിയുടെ മട്ട് കണ്ടിട്ടാകണം, തോമസച്ചന്‍ അദ്ദേഹത്തിന് ആദ്യം വായിക്കാന്‍ കൊടുത്തത് 'ആലീസ് ഇന്‍  വണ്ടര്‍ലാന്‍ഡ്' എന്ന പുസ്തകമായിരുന്നു.
ആലുവയിലെ പഠനം കഴിഞ്ഞ് ഉപരിപഠനത്തിനു ചേരാന്‍ കഴിഞ്ഞില്ല. വീട്ടിലെ സാമ്പത്തിക സാഹചര്യങ്ങള്‍ അതിന് അനുകൂലമായിരുന്നില്ല. അപ്പന്‍ അപ്പോഴേക്കും ജോലിയില്‍നിന്നു വിരമിച്ചിരുന്നു. സ്ഥിരവരുമാനമില്ലാതായപ്പോള്‍ വസ്തുവിറ്റാണ് അദ്ദേഹം മക്കളെ പഠിപ്പിച്ചത്. 

പത്രപ്രവര്‍ത്തനവും അധ്യാപനവും 
അതിനാല്‍ ഡിഗ്രികഴിഞ്ഞ് എന്തെങ്കിലും ജോലിക്കായി റോയ് ശ്രമിച്ചു. ഒടുവില്‍ പഠിച്ച വിഷയം തന്നെ പഠിപ്പിക്കാന്‍ അവസരം ലഭിച്ചു. കോട്ടയത്ത് പൈകടാസ് ട്യൂട്ടോറിയല്‍സില്‍ പ്രതിമാസം നൂറു രൂപ ശമ്പളത്തിന് റോയ് ജോലിക്കു പ്രവേശിച്ചു. 

അദ്ധ്യാപനം ഇഷ്ടപ്പെട്ട തൊഴിലാണെങ്കിലും സാഹിത്യത്തിലുള്ള കമ്പം അപ്പോഴും കൊണ്ടുനടന്നു. കോട്ടയം പബ്ലിക് ലൈബ്രറിയില്‍ അംഗമായി ചേര്‍ന്നത് അങ്ങനെയാണ്. മലയാളത്തിലെ സമകാല എഴുത്തുകാരുമായി പരിചയപ്പെടാന്‍ അവസരം ലഭിച്ചത് അക്കാലത്താണ്. വായിക്കാന്‍വേണ്ടി അദ്ദേഹം താമസം കോട്ടയം വൈ.എം.സി.എയിലാക്കി.
പൈകടാസില്‍ ജോലി ചെയ്യുമ്പോള്‍ത്തന്നെ പത്രപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു. മലയാള മനോരമയില്‍ ജോലിക്ക് ആളെ വേണമെന്നു പറഞ്ഞുകേട്ട് ഒരു ദിവസം മനോരമ ഓഫീസില്‍ ചെന്നു. അവിടെ ആരെയും അറിയില്ല. നേരെ പത്രാധിപരുടെ മുറിയിലേക്ക് ചെന്നു. റോയിയുടെ ഭാഷാപരിചയം മനസ്സിലാക്കി അന്നുതന്നെ പ്രൂഫ് സെക്ഷനില്‍ ജോലി കൊടുത്തു.
അങ്ങനെ പകല്‍ അദ്ധ്യാപനവും രാത്രിയില്‍ പ്രൂഫ് വായനയുമായി മുന്നോട്ടുനീങ്ങി. ഒരു മാസം കഴിഞ്ഞപ്പോള്‍ റോയിയെ സബ് എഡിറ്ററാക്കി. അത് 1957-ലാണ്. സബ് എഡിറ്ററായതോടെ റോയിക്ക് മനോരമയില്‍നിന്നു നൂറു രൂപ പ്രതിമാസം ശമ്പളം ലഭിച്ചു. അങ്ങനെ മനോരമയില്‍ രണ്ടു വര്‍ഷം ജോലി ചെയ്തു. അദ്ധ്യാപനത്തില്‍നിന്നും പത്രപ്രവര്‍ത്തനത്തില്‍നിന്നും ലഭിച്ച വരുമാനം വീട്ടിലെ സാമ്പത്തിക സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ സഹായകമായി.

പത്രത്തില്‍ ജോലി ചെയ്യുമ്പോള്‍ പുസ്തകനിരൂപണങ്ങള്‍ എഴുതിയിരുന്നെങ്കിലും ഭാഷാശാസ്ത്രസംബന്ധമായ വിഷയത്തെക്കുറിച്ച് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ വേണ്ട പരിജ്ഞാനം തനിക്കില്ലെന്ന് റോയിക്കു തോന്നി. ലിംഗ്വിസ്റ്റിക്സില്‍ പരിണതപ്രജ്ഞനായ പ്രൊഫ. വി.ഐ. സുബ്രഹ്മണ്യത്തിന്റെ ശിഷ്യനായി മാറിയത് അങ്ങനെയാണ്. പത്തനംതിട്ടയില്‍നിന്ന് ആഴ്ചയുടെ അവസാനം റോയ് തിരുവനന്തപുരത്ത് പോയി. ഓരോ ആഴ്ചയിലും പഠിപ്പിക്കാനുള്ള വിഷയങ്ങള്‍ പ്രൊഫ. സുബ്രഹ്മണ്യവുമായി ചര്‍ച്ച ചെയ്തു.
അവധിക്കാലത്ത് കേരള യൂണിവേഴ്സിറ്റിയുടെ ലിംഗ്വിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് ഒരു സമ്മര്‍സ്‌കൂള്‍ നടത്തി. ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള സമ്മാനം റോയിക്കാണ് ലഭിച്ചത്. തുടര്‍ന്ന് ലിംഗ്വിസ്റ്റിക്സില്‍ ഗവേഷണം നടത്താന്‍ പ്രൊഫ. വി.ഐ. സുബ്രഹ്മണ്യം നിര്‍ദ്ദേശിച്ച പ്രകാരം 1965-ല്‍ കേരള യൂണിവേഴ്സിറ്റിയുടെ ലിംഗ്വിസ്റ്റിക്സ് ഡിപ്പാര്‍ട്ടുമെന്റില്‍ റിസര്‍ച്ച് അസിസ്റ്റന്റായി.

രണ്ടു വര്‍ഷത്തോളം ലക്ചററായി ജോലി ചെയ്തതിനുശേഷം  അത് രാജിവച്ചിട്ടാണ് റോയ് റിസര്‍ച്ച് അസിസ്റ്റന്റ് ആയത്. അതൊരു സാഹസമായി. കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് വാടക വീട്ടിലായിരുന്നു താമസം. റിസര്‍ച്ച് അസിസ്റ്റന്റ് എന്ന നിലയില്‍ ഏഴു വര്‍ഷം പ്രവര്‍ത്തിച്ച കാലത്ത് സാമ്പത്തികമായ ഞെരുക്കം ഏറെയുണ്ടായിരുന്നു. അപ്പോഴൊക്കെ റോയിക്ക് രക്ഷകനായത് പ്രൊഫ. വി.ഐ. സുബ്രഹ്മണ്യമായിരുന്നു. 'He is my son' എന്നാണ് റോയിയെപ്പറ്റി  പ്രൊഫസര്‍ പറഞ്ഞിട്ടുള്ളത്.

മധുരയിലേക്ക്
പ്രാദേശിക ഭാഷാഭേദം എന്ന വിഷയത്തെക്കുറിച്ചു പ്രൊഫ. വി.ഐ. സുബ്രഹ്മണ്യത്തിന്റെ കീഴില്‍ റോയ് നടത്തിയ ഗവേഷണത്തിനു കേരള യൂണിവേഴ്സിറ്റിയില്‍നിന്നു പി.എച്ച്ഡി ലഭിച്ചു. തുടര്‍ന്നാണ് റോയ് മധുരയില്‍ എത്തിയത്. മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍ ദക്ഷിണേന്ത്യന്‍ ഭാഷകളെ ഉള്‍പ്പെടുത്തി ഒരു കോഴ്സ് തുടങ്ങുന്നതിനു തീരുമാനിച്ചതിനെ തുടര്‍ന്നാണ് മധുരയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചത്.
മധുരയില്‍ ചെല്ലുമ്പോള്‍ ഒരു മേശയും കസേരയും മാത്രമേ ഡിപ്പാര്‍ട്ടുമെന്റില്‍ ഉണ്ടായിരുന്നുള്ളൂ. മലയാളം പഠനത്തിനു റോയ് ഒരു പദ്ധതി ഉണ്ടാക്കി. മലയാള ഭാഷാ പഠനത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ബിരുദാനന്തര ബിരുദ കോഴ്സ്, ഗവേഷണം തുടങ്ങിയ പരിപാടികള്‍ വൈസ് ചാന്‍സലര്‍ക്കു മുന്‍പില്‍ അദ്ദേഹം സമര്‍പ്പിച്ചു.

ഇപ്രകാരം മലയാളത്തിന് ഒരു സ്വതന്ത്ര ഡിപ്പാര്‍ട്ടുമെന്റ് യൂണിവേഴ്സിറ്റി ആലോചിച്ചിരുന്നില്ല. മലയാളഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കേണ്ടിവരുമ്പോള്‍ റോയിയെ ബന്ധപ്പെടാമെന്നായിരുന്നു വൈസ് ചാന്‍സലറുടെ പ്രതികരണം. അങ്ങനെയെങ്കില്‍ യൂണിവേഴ്സിറ്റിയുടെ ജോലി വേണ്ടായെന്നു റോയ് പ്രതികരിച്ചു.
യൂണിവേഴ്സിറ്റിക്ക് അദ്ദേഹം സമര്‍പ്പിച്ച പദ്ധതി ഉടന്‍ നടപ്പാക്കാനാണ് തുടര്‍ന്ന് വൈസ് ചാന്‍സലര്‍ തീരുമാനിച്ചത്. അങ്ങനെ ഗവേഷണ പദ്ധതിയോടെയാണ് ഡോ. റോയിയുടെ നേതൃത്വത്തില്‍ മധുരയില്‍ മലയാളം ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങിയത്.

മറ്റു കൃതികള്‍ 
എഴുത്തിന്റെ ശൈലി

നൂറിലധികം പ്രബന്ധങ്ങളും നിരൂപണങ്ങളും റോയ് എഴുതിയിട്ടുണ്ട്. കഥയില്‍ തുടങ്ങിയെങ്കിലും റോയ് സാര്‍ തന്റെ ഇഷ്ടതട്ടകമായി സ്വീകരിച്ചത് ഉപന്യാസത്തെയാണ്. പുതിയ മുഖങ്ങള്‍ (1978), ഭൂമിയുടെ ഗന്ധം (1988) തുടങ്ങിയ അദ്ദേഹത്തിന്റെ ഉപന്യാസഗ്രന്ഥങ്ങള്‍ വായനക്കാരുടെ സവിശേഷമായ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

റോയ് ആദ്യം പ്രസിദ്ധീകരിച്ചത് ഒരു ഇംഗ്ലീഷ് - മലയാളം പുസ്തകമാണ് - Introductory Malayalam (1972). തമിഴര്‍ക്കും മറ്റും മലയാളം പഠിക്കാന്‍ ഭാഷാശാസ്ത്രസിദ്ധാന്തം ഉപയോഗിച്ചു തയ്യാറാക്കിയതാണ് ഈ പുസ്തകം. പി.എച്ച്ഡിക്കു സമര്‍പ്പിച്ച ഗവേഷണപ്രബന്ധം The Tiyya Dialect (1976) എന്ന പേരിലാണ് പുറത്തിറക്കിയത്. രണ്ടു പുസ്തകങ്ങളും മധുര കാമരാജ് യൂണിവേഴ്സിറ്റിയാണ് പ്രസിദ്ധീകരിച്ചത്.

മാതൃഭൂമിയിലും ഭാഷാപോഷിണിയിലും മറ്റുമെഴുതിയ സാഹിത്യനിരൂപണങ്ങള്‍ ചേര്‍ത്ത് 'ഭാവുകത്വത്തിന്റെ പാതയില്‍' (1994) എന്ന പേരിലും ഭാഷാശാസ്ത്രസംബന്ധമായ പഠനങ്ങള്‍ ചേര്‍ത്ത് ഭാഷാദര്‍ശനം (1983) എന്ന പേരിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭാഷാശാസ്ത്രരംഗത്തെ സംഭാവനകള്‍ക്ക് സി.എല്‍. ആന്റണി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തി റീമാ അവാര്‍ഡും പുത്തന്‍കാവ് മാത്തന്‍ തരകന്‍ ട്രസ്റ്റിന്റെ വിശ്വദീപം അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ദ്രവീഡിയന്‍ സ്റ്റഡീസിന്റെ സീനിയര്‍ ഫെല്ലോ എന്ന നിലയില്‍ എ.ആര്‍. രാജരാജവര്‍മ്മയുടെ 'കേരളപാണിനീയം' ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചത്  റോയിയുടെ മികച്ച സംഭാവനയാണ്. കേരളപാണിനീയത്തിന് ആദ്യമായി ഉണ്ടാകുന്ന വിവര്‍ത്തനം കൂടിയായി ഈ പുസ്തകം. കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള (2002), സുകുമാര്‍ അഴീക്കോട് (2018) എന്നീ പുസ്തകങ്ങള്‍ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. റോയിയുടെ എണ്‍പതാം പിറന്നാള്‍ 2015 ജൂലൈ 13-നു ആഘോഷിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അന്‍പതോളം ഉപന്യാസങ്ങള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ചതാണ് 'അകക്കണ്ണ്.' അവതാരികയില്‍ തേക്കിന്‍കാട് ജോസഫ് എഴുതിയതുപോലെ ജീവിതവഴിത്താരകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഒരു വഴിവിളക്കാണ് ഈ പുസ്തകം. ചിന്തിക്കാനും ആസ്വദിക്കാനും നേര്‍വഴിക്കുള്ള നടത്തത്തിനും ഉപകരിക്കുന്ന ഒന്നാണ് 'അകക്കണ്ണ്.'
തിരുവെഴുത്തിന്റെ കവിത തുളുമ്പുന്ന ഗദ്യത്തെ വക്കോളം നിറച്ചുവച്ച ഒരു ഉപന്യാസ സമാഹാരമാണ് 'ഇലവാടാത്ത വൃക്ഷങ്ങള്‍' (2010). ദൈവസ്‌നേഹത്തിന്റെ ശബ്ദം വര്‍ത്തമാനകാല മനുഷ്യനു അനുഭവവേദ്യമാക്കുന്ന ഒരു കൃതിയാണ് 'സ്‌നേഹക്കൂട്' (2018). വേദപുസ്തക വാക്യങ്ങളില്‍ നിറഞ്ഞുകിടക്കുന്ന ആശയങ്ങളെ സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈ കൃതിയിലെ ഇരുപതു പഠനങ്ങളില്‍ ഡോ. റോയ് വ്യാഖ്യാനിക്കുന്നു. 

ക്രൈസ്തവ മാധ്യമങ്ങളുടെ ഉള്ളും പുറവും ഗൗരവപൂര്‍വ്വം സമീക്ഷിക്കുന്ന ഒരു കൃതിയാണ് 'മാധ്യമം, മൂല്യം, മനുഷ്യന്‍' (2006). തിരുവല്ല ക്രൈസ്തവ സാഹിത്യസമിതി പ്രസിദ്ധീകരിച്ച ഈ കൃതി നാല്‍പ്പത് ഉപന്യാസങ്ങളുടെ സമാഹാരമാണ്.
ഗുരുവായ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ജീവചരിത്രവും ഡോ. റോയ് എഴുതി. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് 2019-ല്‍ അതു പ്രസിദ്ധീകരിച്ചു - 'കുറ്റിപ്പുഴ കൃഷ്ണപിള്ള' എന്ന പേരില്‍. 
റോയിയെ സംബന്ധിച്ചിടത്തോളം എഴുത്ത് ക്ലേശകരമായ ഒരേര്‍പ്പാടാണ്. വളരെ കുറച്ചേ അദ്ദേഹം എഴുതിയിട്ടുള്ളൂ. എഴുതുന്നതിനു മുന്‍പ് ആ വിഷയം അദ്ദേഹം കുറേക്കാലം മനസ്സില്‍ കൊണ്ടുനടക്കും. അതു പാകപ്പെടുത്തിക്കഴിഞ്ഞാല്‍ ആദ്യത്തെ എഴുത്തും മനസ്സില്‍ത്തന്നെയാണ്. മനസ്സില്‍നിന്ന് അത് കടലാസ്സിലേക്കു പകര്‍ത്തിക്കഴിഞ്ഞാല്‍ രണ്ടുമൂന്നു തവണയെങ്കിലും മാറ്റിയെഴുതും. എന്നിട്ടേ അതു പ്രസിദ്ധീകരിക്കുകയുള്ളൂ.
എഴുത്ത് നന്മയോടുള്ള ആഭിമുഖ്യമാണെന്ന് റോയ് മനസ്സിലാക്കി. എല്ലാ എഴുത്തിലും മനുഷ്യന്റെ നന്മ ഉയര്‍ത്തിക്കാണിക്കാന്‍ അതിനാല്‍ റോയ് ശ്രമിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com