ജയ് ശ്രീറാം വിളിയുടെ രാഷ്ട്രീയവും സംസ്‌കാരവും: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

'പൊക്കമില്ലാത്തതാണെന്‍ പൊക്കം' എന്നു പാടിയ കുഞ്ഞുണ്ണിമാഷ് എന്ന കവി അധ്യാപകനായി ജോലി ചെയ്തിരുന്നത് കോഴിക്കോട്ടെ രാമകൃഷ്ണ മിഷന്‍ സ്‌കൂളിലായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'പൊക്കമില്ലാത്തതാണെന്‍ പൊക്കം' എന്നു പാടിയ കുഞ്ഞുണ്ണിമാഷ് എന്ന കവി അധ്യാപകനായി ജോലി ചെയ്തിരുന്നത് കോഴിക്കോട്ടെ രാമകൃഷ്ണ മിഷന്‍ സ്‌കൂളിലായിരുന്നു. ആ പാഠശാലയില്‍ വ്യത്യസ്ത കാലയളവുകളില്‍ അധ്യയനം നടത്തിയ വിദ്യാര്‍ത്ഥികളാണ് കുഞ്ഞുണ്ണിയെ 'കുഞ്ഞുണ്ണിമാഷ്' ആക്കിയത്. എന്തുകൊണ്ട് അവര്‍ കുഞ്ഞുണ്ണിയെ 'കുഞ്ഞുണ്ണിസാര്‍' എന്നു വിളിച്ചില്ല? കോഴിക്കോട്ടും പരിസരപ്രദേശങ്ങളുമുള്‍പ്പെടെ മലബാറിലെ (തെക്കന്‍ കുടിയേറ്റത്തിന്റെ സ്വാധീനമേല്‍ക്കാത്ത) വ്യത്യസ്ത പ്രദേശങ്ങളില്‍ അധ്യേതാക്കള്‍ പുരുഷ അധ്യാപകരെ മാഷ് എന്നാണ് വിളിച്ചുശീലിച്ചത് എന്നതത്രേ അതിനു കാരണം. നേരെമറിച്ച് കവി കുഞ്ഞുണ്ണി അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്നത് തെക്കന്‍ കേരളത്തില്‍ എവിടെയെങ്കിലുമായിരുന്നെങ്കില്‍ അദ്ദേഹം കുഞ്ഞുണ്ണിസാര്‍ എന്നറിയപ്പെട്ടേനെ.

മാഷും സാറും രണ്ടു പദങ്ങളാണെങ്കിലും ഉള്ളടക്കത്തില്‍ അവ ഒന്നുതന്നെയാണ്. രണ്ടും പ്രക്ഷേപിക്കുന്നത് ഒരേ ആശയം തന്നെ. സാരാംശത്തില്‍ ഒന്നുതന്നെയായ ഒരു പ്രതിഭാസത്തെ സൂചിപ്പിക്കാന്‍ ഓരോ ജനവിഭാഗവും തങ്ങള്‍ക്കു കൂടുതല്‍ പരിചയമുള്ള പദങ്ങള്‍ ഉപയോഗിക്കുന്നു എന്നേയുള്ളൂ. ഗോഡ്‌സെയുടെ വെടിയേറ്റ് മഹാത്മാഗാന്ധി മരിച്ചുവീഴുമ്പോള്‍ അദ്ദേഹം 'ഹേ റാം' എന്നുരുവിട്ടതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മൗലാനാ ആസാദ് അന്ത്യശ്വാസം വലിക്കുമ്പോള്‍ അദ്ദേഹം മന്ത്രിച്ചിരിക്കാനിടയുള്ളത് 'ഹേ റഹീം' എന്നോ 'അല്ലാഹ്' എന്നോ ആയിരിക്കും. ഗാന്ധിയുടെ 'ഹേ റാമും' ആസാദിന്റെ 'ഹേ റഹീമും' തമ്മില്‍ പദതലത്തില്‍ വ്യത്യാസമുണ്ടെങ്കിലും അര്‍ത്ഥതലത്തില്‍ അവ തമ്മില്‍ വ്യത്യാസമൊട്ടുമില്ല. ഇരുവരും ഒരേ സങ്കല്പത്തെ സൂചിപ്പിക്കാന്‍ തങ്ങള്‍ക്കു കൂടുതല്‍ സുപരിചിതമായ സാംസ്‌കാരിക പരിസരത്തിലെ പദം ഉപയോഗിക്കുകയാണ് ചെയ്തത്.

റാമും റഹീമും (അല്ലാഹുവും) രണ്ടല്ല എന്നു മനസ്സിലാക്കിയാല്‍ 'ജയ് ശ്രീറാം' എന്നതിനര്‍ത്ഥം 'ജയ് റഹീം' എന്നോ 'ജയ് അല്ലാഹ്' എന്നോ ആണെന്ന് എളുപ്പത്തില്‍ ഗ്രഹിക്കാനാവും. പക്ഷേ, ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഏത് വാക്കിന്റേയും അര്‍ത്ഥകല്പന അതുച്ചരിക്കപ്പെടുന്ന സ്വര(tone)ത്തിന് അനുസരിച്ചാണിരിക്കുന്നത്. ഉദാഹരണത്തിന്, 'എടോ' എന്ന വാക്ക് മൃദുസ്വരത്തില്‍ ഉപയോഗിക്കുമ്പോഴുള്ള അര്‍ത്ഥമല്ല രൗദ്രസ്വരത്തില്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുക. ആദ്യത്തേതില്‍ സൗഹൃദപരതയാണുള്ളതെങ്കില്‍ രണ്ടാമത്തേതിലുള്ളത് ശാത്രവപരതയാണ്. അതുപോലെ 'ജയ് ശ്രീറാം' എന്ന വിളി സൗമ്യസ്വരത്തില്‍ നടത്തുമ്പോഴും അക്രമാസ്വരത്തില്‍ നടത്തുമ്പോഴുമുള്ള അര്‍ത്ഥം രണ്ടായിരിക്കും.

അടുത്തകാലത്തായി രാജ്യത്ത്, വിശിഷ്യാ ഉത്തരേന്ത്യയില്‍ മുഴങ്ങുന്ന 'ജയ് ശ്രീറാം' വിളിയില്‍ സൗഹൃദപരത എന്നതിലേറെ ശാത്ര പരതയാണ് കാണുന്നത്. രാമനോടുള്ള ഭക്തിക്കും ആദരവിനും പകരം അപരസ്ഥാനത്ത് നിര്‍ത്തപ്പെട്ട ജനവിഭാഗത്തോടുള്ള പകയും കോപവുമാണതില്‍ പ്രതിഫലിക്കുന്നത്. 'ജയ് ശ്രീറാം' എന്നു വിളിച്ചു പരിചയിച്ചിട്ടില്ലാത്തവരുടെ വായില്‍ അതു ബലപ്രയോഗത്തിലൂടെ തിരുകിക്കയറ്റുമ്പോള്‍ ആ മുദ്രാവാക്യം വിദ്വേഷത്തിന്റെ പര്യായമായി പരിണമിക്കുകയും ചെയ്യുന്നു.
ഈശ്വരവിചാരത്തില്‍നിന്നും ഭക്തിയില്‍നിന്നും ഉയിര്‍ക്കൊള്ളേണ്ട 'ജയ് ശ്രീറാം' വിളി അപരജന ദ്വേഷത്തില്‍നിന്നും വെറുപ്പില്‍നിന്നും ഉയിര്‍ക്കൊള്ളുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സെനഫോബിയയില്‍ എത്തിനില്‍ക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയമാണ്. അന്യമതങ്ങളോ വിചാരപദ്ധതികളോ പിന്തുടരുന്നവരെ വകവരുത്താനുള്ള ചാട്ടുളിയായി ആ മുദ്രാവാക്യം അധഃപതിക്കുന്നു. ഇതിനേക്കാള്‍ വലിയ ഒരപരാധം ശ്രീരാമനോട് ചെയ്യാനില്ല. കാരണം ഗാന്ധിജി പറഞ്ഞതുപോലെ രാമന്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ സ്വകാര്യ സ്വത്തല്ല. ദൈവത്തിന്റെ മറുപേരായി ഗാന്ധി കണക്കാക്കിയ രാമന്‍ ഹിന്ദുക്കള്‍ക്കെന്നപോലെ അഹിന്ദുക്കള്‍ക്കും തുല്യ അളവില്‍ അവകാശപ്പെട്ടയാളാണ്. ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തോട് പ്രത്യേക മമതയോ പ്രത്യേക വിരോധമോ രാമനുണ്ടാവുക സാധ്യമല്ല.

സങ്കുചിത സംസ്‌കാരബോധം
ദൈവത്തേയോ അവതാരപുരുഷന്മാരേയോ പ്രവാചകന്മാരേയോ സ്വകാര്യസ്വത്തായി കാണുന്ന പ്രവണത ഹിന്ദുവര്‍ഗ്ഗീയവാദികളില്‍ ഒതുങ്ങുന്നില്ല. മതാത്മകതയുള്ള പദക്കൂട്ടുകള്‍ (മുദ്രാവാക്യങ്ങള്‍) ആക്രാമകസ്വരത്തില്‍ വിളിച്ചുകൂവുന്ന ശീലവും അവരില്‍ മാത്രമല്ല കാണുന്നത്. സിമി എന്ന മുസ്ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ എണ്‍പതുകളില്‍ കോഴിക്കോട് നഗരത്തിലെ തെരുവുകളില്‍ മുഴക്കിയ ഒരു മുദ്രാവാക്യം ഈ ലേഖകന്‍ ഓര്‍ക്കുന്നു. 'അല്ലാഹു അക്ബര്‍' എന്ന രണ്ടേ രണ്ടു വാക്കുകളാണതിലുണ്ടായിരുന്നത്. 'അല്ലാഹു (ദൈവം) മഹാന്‍' എന്നാണതിനര്‍ത്ഥം. ഭക്തിപുരസ്സരം ആ പദങ്ങള്‍ ഉരുവിട്ടാല്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ല. പക്ഷേ, അന്നു സിമിക്കാര്‍ ചെയ്തപോലെ 'അല്ലാഹു അക്ബര്‍' എന്നു ദിഗന്തംപൊട്ടുമാറുച്ചത്തില്‍ ആക്രോശിച്ചാലോ! അത് തീവ്ര ഹിന്ദുവര്‍ഗ്ഗീയവാദികളുടെ 'ജയ് ശ്രീറാം' വിളിപോലെ വിദ്വേഷനിര്‍ഭരമായി മാറുക മാത്രമല്ല, ആക്രോശങ്ങളുടെ സ്വകാര്യ സ്വത്താണ് അല്ലാഹു എന്ന ദുസ്സന്ദേശം പ്രസരിപ്പിക്കുകയും ചെയ്യും.
സങ്കുചിത രാഷ്ട്രീയബോധം പോലെ ആപല്‍ക്കരമാണ് സങ്കുചിത സംസ്‌കാരബോധവും. രാമനാമത്തെ തങ്ങളുടെ വര്‍ഗ്ഗീയ അജന്‍ഡകളിലെ കരുവായി ഉപയോഗിക്കുന്നവര്‍ രാമനും കൃഷ്ണനുമെല്ലാം കടന്നുവരുന്ന ഭാരതീയ സംസ്‌കാരത്തിന്റെ അവകാശികള്‍ തങ്ങള്‍ മാത്രമാണെന്ന മിഥ്യാധാരണ പുലര്‍ത്തുന്നു. ഹിന്ദുമതത്തതിനു വെളിയിലുള്ളവരും വൈദേശികമതം പിന്തുടരുന്നവരുമായ മുസ്ലിങ്ങളായ ഇന്ത്യക്കാര്‍ ഭാരതീയ സംസ്‌കാരത്തിന്റെ ശത്രുക്കളാണെന്ന നിലപാടും അവര്‍ക്കുണ്ട്. 'ജയ് ശ്രീറാം' വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ കഴുത്തില്‍ കത്തിയാഴ്ത്തുന്ന പ്രാകൃതത്വത്തിലേക്ക് അവരെ നയിക്കുന്നത് സങ്കുചിതമായ ഈ സംസ്‌കാരബോധമാണ്.

ഇതേ സങ്കുചിതത്വം മറുവശത്തും കാണാം. ഭാരതീയ സാംസ്‌കാരിക പൈതൃകവും അതിന്റെ അംശങ്ങളായ രാമനും കൃഷ്ണനും ബുദ്ധനും മഹാവീരനും മറ്റും തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നു ധരിക്കാന്‍ ദീര്‍ഘകാലമായി മുസ്ലിങ്ങള്‍ പരിശീലിപ്പിക്കപ്പെട്ടു പോന്നിട്ടുണ്ട്. ഇസ്ലാമും അതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വികസിച്ചുവന്ന സംസ്‌കാരവും ഭാരതീയ സംസ്‌കാരത്തിന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്നതല്ലെന്നും ഹൈന്ദവ-ഇസ്ലാമിക സംസ്‌കാരങ്ങള്‍ തമ്മിലുള്ള ആദാന പ്രദാനങ്ങള്‍ വഴി ഇവിടെ ഒരു സമ്മിശ്ര സംസ്‌കാരം രൂപപ്പെട്ടു വന്നിട്ടുണ്ടെന്നും അമീര്‍ ഖുസ്രുവും മാലിക് മുഹമ്മദ് ജെയ്‌സിയും അബുല്‍ ഫസലും റസ്ഖാനും റഹീമും ദാരാഷിക്കോയും മറ്റും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഓര്‍മ്മിപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ ആഖ്യാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍നിന്നു യാഥാസ്ഥിതിക മുസ്ലിം മതപണ്ഡിതര്‍ ജനസാമാന്യത്തെ വിലക്കി. ഫലമോ? മാര്‍ക്‌സിസ്റ്റ് ചിന്തകനായിരുന്ന എം.എന്‍. റോയിയെപ്പോലുള്ളവര്‍ അദ്ഭുതപ്പെട്ടതുപോലെ, അനേകം നൂറ്റാണ്ടുകള്‍ ഒരുമിച്ചു ജീവിച്ചിട്ടും മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും അപരവിഭാഗത്തിന്റെ മതവും സംസ്‌കാരവും ഉള്‍ക്കൊള്ളാന്‍ എന്തുകൊണ്ട് സാധിക്കാതെ പോകുന്നു എന്നു നമുക്കിപ്പോഴും അദ്ഭുതപ്പെടേണ്ടിവരുന്നു.

സംസ്‌കാരത്തോടും പൈതൃകത്തോടുമുള്ള മനോഭാവത്തില്‍ മൂലസ്പര്‍ശിയായ മാറ്റം വേണമെന്നത്രേ ഇതെല്ലാം സൂചിപ്പിക്കുന്നത്. ഈ വിഷയത്തില്‍ ന്യൂനപക്ഷം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 'ജയ് ശ്രീറാം' എന്നത് തങ്ങള്‍ വെറുക്കേണ്ടതും തിരസ്‌കരിക്കേണ്ടതുമായ ദുഷിച്ച ആശയമാണെന്ന് അവര്‍ കരുതേണ്ടതുണ്ടോ? ലോകത്തിലെ വിവിധ ദേശങ്ങളിലേക്കും ജനസമൂഹങ്ങളിലേക്കും അതത് കാലങ്ങളില്‍ അല്ലാഹു സന്ദേശവാഹകരെ (പ്രവാചകന്മാരെ) നിയോഗിച്ചിട്ടുണ്ടെന്നു മുസ്ലിങ്ങളുടെ വേദപുസ്തകമായ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവരില്‍ ചിലരുടെ പേരുകള്‍ ഖുര്‍ആന്‍ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. പക്ഷേ, അവരെല്ലാം അറബ് മേഖലയിലോ സമീപപ്രദേശങ്ങളിലോ ജീവിച്ചവരാണ്. മധ്യപൗരസ്ത്യ മേഖലയ്ക്ക് പുറത്തുള്ള ജനസമൂഹങ്ങളില്‍ പ്രവര്‍ത്തിച്ച പ്രവാചകന്മാരുടെ പേരുകള്‍ ഖുര്‍ആനില്‍ ഇല്ല. എന്നുവെച്ച് ഇന്ത്യയിലേക്കോ ചൈനയിലേക്കോ ജപ്പാനിലേക്കോ റഷ്യയിലേക്കോ യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ ഒന്നും അല്ലാഹു പ്രവാചകരെ നിയോഗിച്ചിട്ടില്ലെന്നു കരുതാവതല്ല. ദേശ-ജനസമൂഹഭേദമില്ലാതെ അല്ലാഹു എല്ലായിടത്തേയ്ക്കും പ്രവാചകന്മാരെ അയച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലേക്കും പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടാവണം. ദൈവനിയുക്തരായ അത്തരം പ്രവാചകന്മാരില്‍പ്പെടുന്നവരായാണ് ഉത്തമ ഇസ്ലാം മതവിശ്വാസികള്‍ രാമനേയും കൃഷ്ണനേയും ബുദ്ധനേയും മഹാവീരനേയും മറ്റും കാണേണ്ടത്. വിവരവും വിവേകവുമുള്ള മൗലാനാ ആസാദ്, അസ്ഗര്‍ അലി എന്‍ജിനീയര്‍ തുടങ്ങിയ മതപണ്ഡിതര്‍ ഇതേ അഭിപ്രായം രേഖപ്പെടുത്തിയതു കാണാം.
ആദമില്‍നിന്നു തുടങ്ങി നൂഹ് (നോഹ), ഇബ്രാഹിം (അബ്രഹാം), മൂസ (മോശ), ഈസ (യേശു), മുഹമ്മദ് തുടങ്ങിയ ഏതാനും പേരില്‍ അവസാനിക്കുന്നതല്ല അല്ലാഹുവിന്റെ പ്രവാചക പരമ്പരയെന്നും അതിലെ ഭാരതീയ കണ്ണികളാണ് രാമനും കൃഷ്ണനും ബുദ്ധനും മഹാവീരനുമെല്ലാമെന്നും തിരിച്ചറിഞ്ഞാല്‍ 'ജയ് ശ്രീറാമി'ല്‍ ഇസ്ലാം വിരുദ്ധമായി യാതൊന്നും കണ്ടെത്താന്‍ മുസ്ലിങ്ങള്‍ക്കാവില്ല. തുടക്കത്തില്‍ സൂചിപ്പിച്ചപോലെ ജയ് ശ്രീറാം എന്നതിനര്‍ത്ഥം ജയ് അല്ലാഹ് എന്നോ ജയ് മുഹമ്മദ് എന്നോ ആണ്. അല്ലാഹുവിനെ സ്തുതിക്കുകയും മുഹമ്മദിനെ ആദരിക്കുകയും ചെയ്യുന്നവര്‍ക്ക് അതേ അല്ലാഹുവിന്റെ (ദൈവത്തിന്റെ) പ്രതിനിധിയോ പ്രവാചകനോ ആയ ശ്രീരാമനെ എങ്ങനെ ആദരിക്കാതിരിക്കാന്‍ കഴിയും? മുസ്ലിം മതവിശാരദര്‍ ചെയ്യേണ്ടത് 'ജയ് ശ്രീറാം' വിളിയില്‍ അനിസ്ലാമികമായി യാതൊന്നുമില്ലെന്നു മുസ്ലിം ജനസാമാന്യത്തെ ബോധ്യപ്പെടുത്തുകയാണ്. അതത്രേ ശ്രീറാം വിളിയെ കൊലവിളിയായി മാറ്റുന്നവര്‍ക്കെതിരേയുള്ള ഏറ്റവും ഫലദായകമായ സാംസ്‌കാരിക പ്രതിരോധം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com