മാര്‍ക്വിസിന്റെ മാധ്യമ മാന്ത്രികത: പി കൃഷ്ണനുണ്ണി എഴുതുന്നു

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മറ്റൊരു വിസ്മയം നോവലില്‍ സംഭവിക്കുകയുണ്ടായി. നോവലിന്റെ ഭാഷ പത്രഭാഷയ്ക്കു വഴിമാറുന്നതായിരുന്നു അത്.
മാര്‍ക്വിസിന്റെ മാധ്യമ മാന്ത്രികത: പി കൃഷ്ണനുണ്ണി എഴുതുന്നു

നോവലിന്റെ ചരിത്രത്തിനു പത്രപ്രവര്‍ത്തനവുമായി അഭേദ്യമായ ബന്ധമുണ്ട്. അച്ചടിയന്ത്ര ത്തിന്റെ വരവിനുശേഷം ലഘുലേഖകളും പത്രങ്ങളും പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ ഒട്ടനവധി എഴുത്തുകാരാണ് അതിലൂടെ ക്രിയാത്മകത രേഖപ്പെടുത്തിയത്. ലഘുലേഖകളുടെ വിവരണങ്ങളെ അടിസ്ഥാനമാക്കിത്തന്നെയാണ്  ലോറന്‍സ് സ്റ്റേണ്‍ (Laurence Sterne) പില്‍ക്കാലത്ത് വിഖ്യാതനായ നോവലിസ്റ്റായി മാറിയത്. സ്റ്റേണിന്റെ 'ട്രിസ്റ്റം ഷാന്‍ഡി' (Tristram Shandy)യെന്ന നോവല്‍ അംഗീകരിക്കപ്പെടാന്‍ ഒട്ടേറെ സമയമെടുത്തു. അത്രയ്ക്കും രസകരവും എന്നാല്‍, ആഖ്യായികയുടെ രൂപീകരണത്തില്‍ ദുര്‍ഗ്രഹതയും നിറഞ്ഞതായിരുന്നു ആ നോവല്‍. ഇന്ന് ബോധധാരാ സമ്പ്രദായ (Stream of Consciounsess)ത്തിന്റെ പ്രോല്‍ഘാടകരില്‍ ഒരാളായി സ്റ്റേണ്‍ അറിയപ്പെടുന്നുണ്ടെങ്കിലും നോവലെന്ന മാധ്യമത്തിന്റെ വളര്‍ച്ചയില്‍ അദ്ദേഹം ആശ്രയിച്ച ലഘുലേഖകളേയും പത്രസംസ്‌കാരത്തേയും നാമൊട്ടും വിസ്മരിച്ചുകൂടാ. ചാള്‍സ് ഡിക്കെന്‍സി (Charles Dickens)ന്റേയും അമേരിക്കന്‍ നോവലിസ്റ്റായ മാര്‍ക്ടൈ്വനിന്റേ(Mark Twain)യും കാര്യത്തില്‍ ഇതു സത്യം തന്നെ. പത്രസംസ്‌കാരം വളര്‍ത്തിയെടുത്ത ഭാഷ, അവലോകനം, വസ്തുതകളെക്കുറിച്ചുള്ള വിവരണങ്ങള്‍, ഹ്രസ്വവും ദീര്‍ഘവുമായ റിപ്പോര്‍ട്ടുകള്‍, തലക്കെട്ടുകള്‍, ദൂരവ്യാപക പ്രത്യാഘാതങ്ങളുളവാക്കുന്ന വാര്‍ത്താശകലങ്ങള്‍- ഇവയെല്ലാം അതാതു കാലങ്ങളിലെ മുദ്രകളായിത്തീരുന്നതോടെ പത്രമാധ്യമേതര ഭാവനാലോകത്തിലേക്കും വഴിമാറുകയായിരുന്നു. അവിടെയാണ് വാര്‍ത്തകള്‍ക്കപ്പുറമുള്ള സംഭവങ്ങള്‍ മാനസിക വ്യാപാരത്തിനു വഴിമാറിക്കൊടുത്തതും. നോവല്‍ ചരിത്രത്തിനൊരിക്കലും പത്രസംസ്‌കാരത്തെ തള്ളിക്കളയാനാവില്ല. 

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മറ്റൊരു വിസ്മയം നോവലില്‍ സംഭവിക്കുകയുണ്ടായി. നോവലിന്റെ ഭാഷ പത്രഭാഷയ്ക്കു വഴിമാറുന്നതായിരുന്നു അത്. പല പത്രപ്രവര്‍ത്തകരും നോവലിന്റെ ഭാഷയില്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ആരംഭിച്ചു. ഇത്തരമൊരു ചുവടുമാറ്റത്തിലൂടെ പത്രങ്ങളോടൊപ്പം നോവലുകളും തഴച്ചുവളരാന്‍ ആരംഭിച്ചു. ഏണസ്റ്റ് ഹെമിംഗ്വെ (Ernest Hemingway) മുതല്‍ ഗബ്രിയല്‍ ഗാര്‍സിയ മാര്‍ക്വിസു (Gabriel Garcia Marquez) വരെയുള്ളവര്‍ രണ്ടു മാധ്യമങ്ങള്‍ക്കിടയിലും പാലം നിര്‍മ്മിച്ചവരാണ്. ഇപ്പോള്‍ മാര്‍ക്വിസിന്റെ മാധ്യമജീവിതത്തിലെ മറക്കാനാവാത്ത ചില അടരുകളാണ് 'നൂറ്റാണ്ടിന്റെ വാര്‍ത്താ വിഭ്രാന്തി' (The Scandal of the Century)യെന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഈ കൃതി ചോദിക്കുന്ന ചോദ്യങ്ങളില്‍ ഏറ്റവും പ്രധാനം പ്രിയ വായനക്കാരേ, നിങ്ങള്‍ ഇത് നോവലായിട്ടാണോ അതോ പത്രലേഖനങ്ങളായിട്ടാണോ വായിക്കാന്‍ ഒരുങ്ങുന്നത് എന്നായിരിക്കും. മക്കാണ്‍ ഡോവിനെ സൃഷ്ടിച്ച മാര്‍ക്വിസ് വാര്‍ത്താക്കുറിപ്പുകള്‍ക്കായി സഞ്ചരിച്ച ഇടങ്ങളും പരിചയപ്പെട്ട വ്യക്തികളുമെല്ലാം മറ്റേതോ ഏകാന്തതയുടെ പര്യായങ്ങളല്ലേ എന്നതാണ് മറ്റൊരു ആശങ്ക. അതിലും വലുതാണ് മാര്‍ക്വിസിന്റെ രാഷ്ട്രീയത്തെ പിന്തുടരുന്ന വായനക്കാരന്റെ നിലപാടുകള്‍. എത്രയോ തവണ ചോദ്യം ചെയ്തു കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍. 

മാന്ത്രികവനത്തിലെ നിശ്ശബ്ദ യാത്രികര്‍ 
ലോകത്തുണ്ടായ ആദ്യ വാര്‍ത്ത എന്തായിരിക്കാമെന്ന് അന്വേഷിക്കുന്ന മാര്‍ക്വിസ് അല്പം കുസൃതിയോടെ കടന്നെത്തുന്നത് ആദത്തിന്റേയും ഹവ്വയുടേയും കഥയിലേക്കാണ്. വിശുദ്ധ പാപത്തിന്റെ തീരാത്ത കഥകളിലാണ് ഇന്നും മനുഷ്യവംശം ഉറങ്ങിക്കിടക്കുന്നതെന്ന് അദ്ദേഹം എഴുതുന്നു. അതു വാര്‍ത്തയാക്കിയത് ദൈവമോ മനുഷ്യനോ എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം സന്ദേഹിക്കുന്നു. ഭാഷയുടെ ഉല്‍ഭവത്തിനുശേഷം വാര്‍ത്തകള്‍ ആവശ്യമായി വന്ന ജീവജാലങ്ങളില്‍ മനുഷ്യര്‍ തന്നെയായിരുന്നല്ലോ എപ്പോഴും മുന്‍പില്‍. മൃഗങ്ങള്‍ക്കാവട്ടെ, ഗന്ധംകൊണ്ടും ശബ്ദംകൊണ്ടും മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒരു അവസ്ഥയാണ് ഭാഷ. മാധ്യമ വളര്‍ച്ച മനുഷ്യനാഗരികതയുടെ നാഴികക്കല്ലെന്നതിനുപരി മനുഷ്യാവസ്ഥയുടെ ജീവവായു കൂടിയാണെന്ന് 'എല്‍ എസ്പക്തദോര്‍'  (El Espectador) പത്രത്തില്‍ മാര്‍ക്വിസ് എഴുതുന്നു. അതിനാലാകണം ഓരോ മരുന്നുകടയുടേയും മൂലയില്‍ ഒരാള്‍ ഇരുന്ന് പത്രപാരായണം ചെയ്യുന്നത് നമ്മുടെ നിത്യകാഴ്ചയായിത്തീര്‍ന്നതും. 
എത്തേണ്ടിടത്ത് എത്താത്ത കത്തുകളുമായി ഉലകം ചുറ്റുന്ന പോസ്റ്റുമാന്റെ കഥ 'പോസ്റ്റുമാന്‍ നൂറുതവണ മണിയടിക്കുന്നു' എന്ന രസകരമായ കുറിപ്പില്‍ മാര്‍ക്വിസ് അവതരിപ്പിക്കുന്നു. കത്തുകള്‍ വിലാസങ്ങളില്‍ കാണുന്ന നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തിക്കുകയാണ് പോസ്റ്റുമാന്റെ ദൗത്യം. എന്നാല്‍, കാലങ്ങളായി പോസ്റ്റാഫീസില്‍ ഒരു സ്ഥലത്തുമൊരിക്കലും എത്താതെ കുരുങ്ങിക്കിടക്കുന്ന എത്രയോ കത്തുകളും പാഴ്സലുകളുമാണ്. പ്രണയാര്‍ജ്ജവത്തിന്റെ ചൂടുള്ള കത്തുകള്‍ തുടങ്ങി രോഗാര്‍ത്തരുടെ അവസാന ആഗ്രഹം വെളിവാക്കുന്ന കത്തുകള്‍ വരെ അതില്‍ അടങ്ങിയിരിക്കുന്നു. എന്തുകൊണ്ടാണ് പോസ്റ്റുമാന് ഈ കത്തുകള്‍ സ്ഥലങ്ങളിലെത്തിക്കാന്‍ കഴിയാത്തത്? ചിലപ്പോഴെല്ലാം വിലാസം തെറ്റായിരിക്കും. മറ്റു പലപ്പോഴും വഴികളും സ്ഥലങ്ങളുമെല്ലാം അന്യമായിരിക്കും. അതിലുമുപരിയായി അപരിചിത വിലാസങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുമുള്ള കത്തെഴുത്തുകള്‍ സ്വാഭാവികമാണ്. ബൊഗോട്ടയിലെ തപാലാപ്പീസിന്റെ ചരിത്രം ഇത്തരത്തിലൊന്നാണെന്ന് മാര്‍ക്വിസ് എഴുതുമ്പോള്‍ പോസ്റ്റാഫീസുകളും ആധുനികതയുമെല്ലാം അടങ്ങിയ അവസ്ഥയ്‌ക്കെതിരെ വിമര്‍ശമുയരുകയാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. അന്തര്‍ദ്ദേശീയ തപാല്‍ ബന്ധങ്ങളെക്കുറിച്ച് വ്യാപൃതനാകുന്ന മാര്‍ക്വിസ് ജപ്പാനില്‍നിന്നും കത്തുകളൊന്നും കൊളംബിയയില്‍ എത്താറില്ലെന്നും എഴുതുന്നുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദ്ദോഷിയായ തപാല്‍ക്കാരനില്‍ ഒരു മെല്‍ക്വിദിയെസ് (Melquidiez) ഒളിച്ചിരിപ്പുണ്ടെന്നും നാമറിയുന്നു. 

ഗോര്‍ബച്ചേവ്
ഗോര്‍ബച്ചേവ്

വില്‍മ മൊണ്‍ടെസി (Wilma Montesi)യെന്ന യുവതിയുടെ മരണമാണ് മാര്‍ക്വിസ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ  വാര്‍ത്താസ്‌ഫോടനമായി കണക്കാക്കുന്നത്. വില്‍മ മോണ്‍ടെസിയെന്ന യുവതിയുടെ ശവശരീരം  നദിക്കരികില്‍നിന്നും ദുരൂഹ സാഹചര്യങ്ങളില്‍ കണ്ടെടുക്കുകയും അതിനെ ചുറ്റിപ്പറ്റിയുള്ള കേസുകള്‍ പൊലീസിനെ സ്വാഭാവിക മരണത്തിലേക്കും ആത്മഹത്യയിലേക്കും കൊണ്ടെത്തിച്ചുവെങ്കിലും, ആ മരണത്തിലുണ്ടായ മറ്റെന്തോ അസ്വഭാവികത മധ്യമങ്ങളെ പുനരന്വേഷണത്തിനു പ്രേരിപ്പിക്കുകയായിരുന്നു. വില്‍മയുടെ കാണാതായ വസ്ത്രങ്ങള്‍ പൊലീസുകാര്‍ കേസ് അട്ടിമറിക്കാന്‍ നശിപ്പിച്ചതാണെന്ന വാര്‍ത്ത പരക്കുകയുണ്ടായി. പൊലീസും നീതിന്യായവും പ്രതിപക്ഷത്തായതോടെ വില്‍മയുടെ മരണത്തിലെ അസ്വാഭാവികത കൂടുതല്‍ ബലവത്തായി. ഇറ്റാലിയന്‍ ജനത ഇത്തരമൊരു കേസ് ഒരിക്കലും കണ്ടിട്ടുണ്ടാവില്ലെന്ന് മാര്‍ക്വിസ് സ്ഥാപിക്കുന്നു. ഒട്ടനവധി ഒളിസങ്കേതങ്ങളിലേക്കും മാഫിയ കൂട്ടുകെട്ടുകളിലേക്കും അന്വേഷണം നീളാന്‍ ആരംഭിച്ചതോടെ ഇറ്റാലിയന്‍ അധോലോകത്തിന്റെ പുതിയ മുഖങ്ങള്‍ പുറത്തുവരികയുണ്ടായി. സ്റ്റേറ്റുമായി പരോക്ഷ ബാന്ധവം പുലര്‍ത്തിയിരുന്ന അധോലോകമാണ് വില്‍മയുടെ മരണത്തിനും അതിനുമപ്പുറം തെളിവുകള്‍ നശിപ്പിക്കാന്‍ പൊലീസിനെ സഹായിച്ചതെന്നുമുള്ള വാര്‍ത്തകള്‍ ലോകത്തെ ഞെട്ടിക്കുകയുണ്ടായി. മാര്‍ക്വിസ് പുനരെഴുതുന്ന വില്‍മ മോണ്‍ടെസിയുടെ മരണത്തില്‍ അന്യാദൃശമായ അവതരണ ചാരുതയുണ്ട്.

ക്രൂഷ്‌ച്ചേവ്
ക്രൂഷ്‌ച്ചേവ്

മാര്‍ക്വിസ് കഥ പറയുന്നത് വില്‍മയുടെ പിതാവിന്റെ പക്ഷത്തുനിന്നും ജനങ്ങളുടെ പക്ഷത്തുനിന്നും സര്‍വ്വോപരി പത്രങ്ങളുടെ പക്ഷത്തുനിന്നുകൊണ്ടുമാണ്. അതിനാല്‍ പല കാലങ്ങളില്‍ നടന്നുകഴിഞ്ഞ അന്വേഷണങ്ങളുടെ വിവരണങ്ങളും ജനങ്ങളുടെ ആവേശങ്ങളുമെല്ലാം അദ്ദേഹത്തിന്റെ എഴുത്തില്‍ നിറഞ്ഞിരിക്കുന്നു. ഓരോ സമയത്തെ റിപ്പോര്‍ട്ടുകള്‍ ഭാഗികമായെങ്കിലും വസ്തുനിഷ്ഠമായി കുറിക്കുമ്പോഴും 'വായനക്കാര്‍ ശ്രദ്ധിക്കേണ്ട'തെന്ന കുറിപ്പുകള്‍ തയ്യാറാക്കാന്‍ അദ്ദേഹം മടിക്കുന്നില്ല. കാരണം, ചൂടുള്ള ഓരോ വാര്‍ത്തയും കാലത്തെ അതിജീവിക്കണമെന്ന നിഷ്‌കര്‍ഷത അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു നൂറ്റാണ്ടില്‍ ലോകമേറ്റവും ഓര്‍ത്തിരിക്കുന്ന വാര്‍ത്ത എന്തായിരിക്കുമെന്ന ചോദ്യത്തിന്, മാര്‍ക്വിസ് ഉത്തരം നല്‍കുന്നത് 'വാര്‍ത്ത നല്ലൊരു കഥയാവുമ്പോള്‍' എന്നായിരിക്കും. 

വില്‍മയുടെ കഥ പറയുന്ന മാര്‍ക്വിസിനെ നിസ്സംശയമായും 'ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ട്ടോള്‍ഡി'ന്റെ തുടക്കക്കാരനായി കാണുകയാണെങ്കില്‍ തെറ്റാവില്ല. സാന്റിയാഗോ നാസറി (Santiago Nasar)ന്റെ കൊലപാതകത്തില്‍ മനം നൊന്ത കൊളംപിയയിലെ ചെറു പ്രവിശ്യയിലെ ജനങ്ങളെ ഇവിടെയും കാണാം. 

ആക്ഷേപഹാസ്യത്തിന്റെ അടിവേരുകള്‍
ശീതയുദ്ധാനന്തരം ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മത്സരങ്ങളും ക്രയവിക്രയങ്ങളും തികഞ്ഞ ആക്ഷേപഹാസ്യമായാണ് മാര്‍ക്വിസ് അവതരിപ്പിക്കുന്നത്. റഷ്യന്‍ ഉപഗ്രഹമായ സ്പുട്‌നിക്കും അതിനോടനുബന്ധിച്ച റഷ്യയുടെ രാഷ്ട്രീയവുമെല്ലാം മാര്‍ക്വിസ് നിരീക്ഷിക്കുന്നത് ലോകത്തെ അവതരിപ്പിച്ച വാര്‍ത്തകളായല്ല. ഓരോ ശാസ്ത്ര ചുവടുവയ്പിലും സ്വയം പരീക്ഷണത്തിനു വിധേയമാകാതെ പരാജിതരാകുന്ന സമൂഹത്തിന്റെ ചിത്രമാണ് സ്റ്റാലിന്റെ മരണാനന്തരം റഷ്യയിലുള്ളതെന്ന് മാര്‍ക്വിസ് നിദര്‍ശിക്കുന്നു. റഷ്യയുടെ കൈവശം 'സൂപ്പര്‍ റോക്കറ്റ്' ഉള്ളതിനാലാണ് സ്പുട്‌നിക്ക് വിക്ഷേപിക്കാനായതെന്ന ക്രൂഷ്‌ച്ചേവി(Kruschev)ന്റെ വീമ്പിളക്കലിനെ റഷ്യന്‍ പുരോഗതിയുടെ പരിഹാസമായിത്തന്നെയാണ് മാര്‍ക്വിസ് അവതരിപ്പിക്കുന്നതും. റഷ്യയുടെ ലോക ശാക്തീകരണ ശ്രമങ്ങള്‍ പില്‍ക്കാലങ്ങളില്‍ തകര്‍ന്നടിഞ്ഞത് എങ്ങനെയെന്നത് കുപ്രസിദ്ധമാണല്ലോ. ആണവശക്തിയുടെ പിന്‍ബലത്തോടെ ലോകത്തെ കൈക്കുമ്പിളിലൊതുക്കാമെന്ന വ്യാമോഹമാണ് ഇവിടെ പരിഹാസ്യമാകുന്നത്. ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം റഷ്യയെ മാത്രം മാര്‍ക്വിസ് കളിയാക്കുകയായിരുന്നെന്നല്ല. അമേരിക്ക വളര്‍ത്തിയെടുത്ത പെപ്സി - പോപ്പ് സംസ്‌കാരവും ഹോളിവുഡും ഇതര പൊതുസംസ്‌കാരവു (Popular Culture)മെല്ലാം മാര്‍ക്വിസിന്റെ കുറുക്കെഴുത്തുകളില്‍ ഇടംപിടിക്കുന്നുണ്ട്. 

മാര്‍ക്വിസിന്റെ ആക്ഷേപഹാസ്യം നീളുന്നത് രാഷ്ട്രങ്ങളിലേക്കാണ്, വ്യക്തികളിലേക്കല്ല. വ്യക്തികള്‍ ചിലപ്പോഴെല്ലാം ശുദ്ധീകരിക്കപ്പെട്ടേക്കാമെന്ന വിശ്വാസമായിരിക്കണം അതിനു പിറകിലുള്ളത്. എന്നാല്‍, രാഷ്ട്രങ്ങളുടെ സ്ഥിതിയതല്ല. അനേകം അധികാര ബാന്ധവങ്ങളുടെ ബലത്താല്‍ നിലകൊള്ളുന്നതോടെ അവയ്ക്ക് സ്ഥിരമായൊരു ദിശാബോധമില്ലാതെ പോകുന്നു. അനേകം ഏകാധിപതികളെ സൂക്ഷ്മമായി പഠിച്ച മാര്‍ക്വിസ് റഷ്യയെക്കുറിച്ച് എഴുതുമ്പോള്‍ സ്റ്റാലിനെ പരാമര്‍ശിക്കുന്നതേയില്ലെന്നത് വിചിത്രമായി തോന്നാം. എന്നാല്‍, ക്രൂഷ്‌ച്ചേവിന്റെ കാലം മുതല്‍ ഗോര്‍ബച്ചേവിന്റെ കാലം വരെ അദ്ദേഹം പഠനവിഷയങ്ങളാക്കുന്നുമുണ്ട്. കാസ്ട്രോ (Fidel Castro)വുമായുള്ള അമിത സ്‌നേഹവും ആരാധനയും അന്ധനാക്കിയതിനാലാകാം മാര്‍ക്വിസിന്റെ അന്‍പതുകളിലെ പത്രക്കുറിപ്പുകളിലും ലേഖനങ്ങളിലും  കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം കടന്നുവരാത്തത്, ആക്ഷേപഹാസ്യത്തിന്റെ മുനയൊടിയുന്നതും ഇവിടെവച്ചാണ്. 


'പാരീസില്‍നിന്നും അപ്രത്യക്ഷരായ വനിതകള്‍: അവര്‍ കരാക്കസിലുണ്ടോ'യെന്ന ലേഖനം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അന്‍പതുകളിലും അറുപതുകളിലും വ്യാപകമായി നിലനിന്നിരുന്ന പെണ്‍വാണിഭത്തിന്റെ ചരിത്രമാണ് ഇതിലുള്ളത്. മാര്‍ക്വിസ് അതിനെ വിളിക്കുന്നത് 'വെളുത്ത അടിമത്തം' (White Slavery) എന്നാണ്. യൂറോപ്പിന്റെ പല ഭാഗങ്ങളില്‍നിന്നും, പ്രത്യേകിച്ചും പാരീസില്‍നിന്നും ഒട്ടനവധി യുവതികളേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും പ്രലോഭനങ്ങള്‍ക്കു വശംവദരാക്കി ലാറ്റിനമേരിക്കന്‍ നാടുകളിലേക്കും തെക്കാഫ്രിക്കയിലേക്കും കൊണ്ടുപോയിരുന്നത്രെ. ഒരുകാലത്ത് ലോകത്തില്‍ അടിമത്തം കൊടികുത്തി വാഴുമ്പോള്‍ കറുത്തവര്‍ മാത്രമാണ് ഇത്തരം ക്രയവിക്രയങ്ങളില്‍ പെട്ടുപോകാറുണ്ടായിരുന്നത്. എന്നാല്‍, വര്‍ണ്ണവ്യവസ്ഥയുമായി ബന്ധപ്പെട്ടുകൊണ്ടുതന്നെ മറ്റൊരു ക്രയവിക്രയത്തിന് ദല്ലാളുകള്‍ തുടക്കം കുറിച്ചത് അന്‍പതുകളിലായിരുന്നു. വെളുത്ത ശരീരങ്ങള്‍ക്ക് തെക്കാഫ്രിക്കന്‍ ചന്തകളില്‍ വിലപേശിയിരുന്നവര്‍ കോടീശ്വരരായിരുന്നു. അവരുടെ പണക്കൊഴുപ്പില്‍ വളര്‍ന്നുവന്ന സമ്പദ്വ്യവസ്ഥയിലാണ് യൂറോപ്പിലെ ചില രാജ്യങ്ങള്‍ നിലകൊള്ളുന്നതും. കറുത്തവരെ ചൂഷണം ചെയ്തവര്‍ക്കെതിരെയുള്ള കാലസര്‍പ്പത്തിന്റെ ക്രൂരദംശനമായും ഇതിനെ കണക്കാക്കാം. കറുത്തവരുടെ അടഞ്ഞ സ്വപ്നങ്ങള്‍ക്കുള്ളില്‍ അവരുടെ സ്വപ്നങ്ങള്‍ക്കെതിരെ ഒഴുകിയിരുന്ന നദിയുടെ തിരിച്ചൊഴുക്കാവാമിത്. ഫ്രാന്‍സിസ് റബാനെ (Francis Raban)പ്പോലൊരാള്‍ ഒടുവില്‍ ജയിലില്‍ അടയ്ക്കപ്പെട്ടെങ്കിലും ഒട്ടനേകം ദല്ലാളുകള്‍ ഇന്നും സ്റ്റേറ്റിന്റെ ഒത്താശയോടെ ഇത്തരം ക്രയവിക്രയങ്ങള്‍ നടത്തുന്നുണ്ട്. പെണ്‍വാണിഭത്തിന്റെ പുതുചരിത്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ റബാനേക്കാള്‍ വലുതായ എത്രയോ ദല്ലാളുകള്‍ ഇന്നുണ്ട്. 

കറാക്കസി (Caracas)ല്‍ കുടിവെള്ളംപോലും കിട്ടാതായി വന്ന മറ്റൊരു ദിവസത്തെക്കുറിച്ച് മാര്‍ക്വിസ് എഴുതുന്നുണ്ട്. ഹോട്ടലുകളുടേയും ബാറുകളുടേയും മുന്നില്‍ 'വെള്ളമില്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുന്നു'വെന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. മനുഷ്യരെക്കാളുപരി മൃഗങ്ങളും പക്ഷികളും നെട്ടോട്ടമോടാന്‍ ആരംഭിച്ചു. തെരുവില്‍ എവിടെയോ തളംകെട്ടി നില്‍ക്കുന്ന ചെളിവെള്ളം കുടിക്കുന്ന നായകള്‍ മാത്രം ചിലരുടെ ദൃഷ്ടിയില്‍ പ്രത്യക്ഷപ്പെട്ടു. ഭരണാധികാരികള്‍ തന്നെ ജനങ്ങളോട് എന്ത് സമാധാനം പറയുമെന്ന ചോദ്യത്തിനു മുന്നില്‍ സ്തംഭിച്ചുനിന്നു. കൂടാതെ വാര്‍ത്തകള്‍ കൈമാറ്റം ചെയ്യുന്നവരോ, ഉമിനീരു മാത്രമിറക്കി ഒന്നോ രണ്ടോ വാക്കുകള്‍ പിറുപിറുക്കാന്‍ തുടങ്ങി.  അത്രമാത്രം! രാത്രി പത്തുമണിയോടെ ഗവണ്‍മെന്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. നാല്‍പത്തിയെട്ടു മണിക്കൂറിലധികം നീളുന്ന വരള്‍ച്ചയെന്നത് ജനജീവിതം താറുമാറാക്കുന്ന ഒന്നായിരിക്കുമല്ലോ. പൈശാചികത നടമാടിയ കരാക്കസില്‍ വെള്ളത്തിനു വേണ്ടിയുള്ള കവര്‍ച്ചകള്‍ ആരംഭിക്കുകയുമുണ്ടായി. അത്യുഷ്ണത്തിന്റെ കരാളതയില്‍ ഒരു സ്ഥലത്തെ ജനത വെള്ളമിറക്കാനാവാതെ മൂര്‍ച്ഛിച്ചു മരിക്കുന്നത് മാന്ത്രിക ആഖ്യായികയായി തോന്നാമെങ്കിലും അത്തരമൊരു അവസ്ഥയ്ക്കുള്ളിലെ ക്രൂരയാഥാര്‍ത്ഥ്യം എന്തായിരിക്കുമെന്ന് സങ്കല്പിക്കുക. കുത്തഴിഞ്ഞ ഭരണക്രമത്തിന്റേയും സ്വാഭാവികമായ പ്രകൃതി വിക്ഷോഭത്തിന്റേയും ദാരുണ ചിത്രമാണ് ഇതിലൂടെ പുറത്തുവരുന്നത്. ഒടുവില്‍ ബുര്‍ക്കാട്ട് (Burkart) താന്‍ ക്ഷൗരം ചെയ്യാന്‍ സൂക്ഷിച്ചുവെച്ചിരുന്ന ഒരു കപ്പ് വെള്ളത്തെ നോക്കിക്കൊണ്ട് ജാലകങ്ങള്‍ തുറക്കുകയുണ്ടായി എന്ന് മാര്‍ക്വിസ് എഴുതുമ്പോള്‍ ആക്ഷേപഹാസ്യം പരമോന്നതിയിലെത്തുന്നു. 

എഴുത്തെന്ന സാഹസികത 
പലപ്പോഴും മാര്‍ക്വിസ് ആത്മനിഷ്ഠതയോടെ എഴുത്തിലെ പ്രയാസങ്ങള്‍ എന്തെല്ലാമാണെന്ന് മനനം ചെയ്യുന്നുണ്ട്. ചിരപ്രതിഷ്ഠരായ ചില എഴുത്തുകാര്‍ക്ക് സംഭവിക്കുന്ന ദുരന്തങ്ങളും മറ്റു ചിലര്‍ അവിചാരിതമായി പ്രശസ്തരാകുന്നതുമെല്ലാം എങ്ങനെയെന്ന് മാര്‍ക്വിസ് അന്വേഷിക്കുന്നുണ്ട്. എഴുത്ത് എക്കാലത്തേയും വലിയൊരു പ്രഹേളിക തന്നെയായിരുന്നു മാര്‍ക്വിസിന്. 'കുലപതിയുടെ ശരത്കാല' (The Autumn of the Patriarch)മെന്ന അസാധാരണ നോവലില്‍ ഏകാധിപതിയുടെ വികൃതഭാവനകളും സ്വപ്നങ്ങളും കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കുമ്പോള്‍ സൃഷ്ടിച്ചെടുത്ത ചപലമായ സ്റ്റേറ്റിനുള്ളില്‍ അയാള്‍ക്കെതിരെ അണിനിരക്കുന്ന മനുഷ്യര്‍, മൃഗങ്ങള്‍, പുഴുക്കള്‍ - ഇവയെയെല്ലാം ആഖ്യായികയാക്കുവാന്‍ സാധിച്ചത് ദുര്‍ഗ്രഹമായ കാലത്തെ എഴുത്തിലൂടെതന്നെ മെരുക്കിയെടുക്കാന്‍ സാധിച്ചതിനാലാണല്ലോ. പ്രസാധകര്‍ തടിച്ചുകൊഴുക്കുന്ന കാലത്ത് എഴുത്തുകാരന്‍ എന്തുകൊണ്ട് പിച്ചപ്പാത്രമേന്തി നടക്കേണ്ടിവരുന്നൂവെന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. സ്റ്റേറ്റിന്റെ ചൊല്‍പ്പടിക്കു വഴങ്ങാത്തതിനാല്‍ സൈബീരിയയിലേക്കു നാടുകടത്തപ്പെട്ട രണ്ട് സോവിയറ്റ് എഴുത്തുകാരെക്കുറിച്ചും (പേരുകള്‍ വെളിപ്പെടുത്താതെ) ലേഖനത്തില്‍ പരാമര്‍ശമുണ്ട്. അമേരിക്കന്‍ നോവലിസ്റ്റായ ട്രുമാന്‍ കപോട്ടും (Truman Capote) അല്‍ബേര്‍ കമ്യു (Albert Camus)വും എഴുതിയിരുന്നത് എങ്ങനെയെന്നും അവരെ പ്രസാധകര്‍ സമീപിച്ചത് എങ്ങനെ എന്നും മാര്‍ക്വിസ് പറയുന്നുണ്ട്. മാര്‍ക്വിസാവട്ടെ പ്രതിഫലത്തെ മറികടന്ന് എഴുതിയിരുന്നതെന്ന പ്രസ്താവന അദ്ദേഹത്തിന്റെ പില്‍ക്കാല ജീവിതം തെറ്റാണെന്ന് തെളിയിക്കുകയുണ്ടായി. അഭിമുഖം നടത്തുന്നതിനു മാത്രമായി അദ്ദേഹം ആയിരക്കണക്കിനു ഡോളറുകള്‍ മുന്‍കൂറായി വാങ്ങിച്ചിരുന്നു എന്ന് ജീവിചരിത്രകാരനും ലാറ്റിനമേരിക്കന്‍ സാഹിത്യ സൈദ്ധാന്തികനുമായ ജെറാള്‍ഡ് മാര്‍ട്ടിന്‍ (Gerald Martin) രേഖപ്പെടുത്തിയിട്ടുണ്ട്. 

ക്യൂബന്‍ വിപ്ലവത്തെക്കുറിച്ച് എഴുതുമ്പോള്‍ അത്തരമൊരു സംഭവത്തിന് ഇടാന്‍ പറ്റിയ ശീര്‍ഷകം കിട്ടുന്നില്ലെന്ന് മാര്‍ക്വിസ് പറയുന്നത് എന്തുകൊണ്ടാവാം? 1958 വരെ ലാറ്റിനമേരിക്കയില്‍ ഏറ്റവും സ്വതന്ത്രമായ രാജ്യം വെനിസ്വലയായിരുന്നെന്നും ക്യൂബന്‍ വിപ്ലവമാണ് ലാറ്റിനമേരിക്കന്‍ നാടുകളിലും (ലോകത്തിലെ ഇതര രാജ്യങ്ങളിലും) വിപ്ലവത്തിന്റെ ഒരു പുതിയ മാനം തീര്‍ത്തതെന്ന വാദം തികച്ചും ശരിയാണ്. വാസ്തവത്തില്‍ ക്യൂബന്‍ വിപ്ലവം തന്നെ മറ്റൊരു ആഖ്യായികയായിരുന്നല്ലോ. എന്തുകൊണ്ടോ 1977-ല്‍ എഴുതിയ മാര്‍ക്വിസിന്റെ ലേഖനം ക്യൂബന്‍ വിപ്ലവാനന്തര ലാറ്റിനമേരിക്കന്‍ നാടുകളെ പഠനവിഷയമാക്കുന്നില്ല. നിസ്സംശയമായും കാസ്ട്രോവിനെക്കുറിച്ചുള്ള അമിതാരാധനയാകാം അതിനൊരു കാരണം. ഒപ്പം വിപ്ലവത്തിന്റെ കൊടുംചൂടില്‍ വെന്തുരുകിയ ഇതര മനുഷ്യരെ മാര്‍ക്വിസ് കാണാതെ പോകുന്നത് ലാറ്റിനമേരിക്കയുടെ 'സര്‍വ്വസ്വാതന്ത്ര്യ' (Complete Freedom)മെന്ന ആഗ്രഹത്തെ ആശ്രയിച്ചാണോ എന്ന സംശയവും പ്രസക്തമാണ്. പില്‍ക്കാലത്ത് 'രാവണക്കോട്ടയിലെ ജനറല്‍' (The General in His Labyrinth) എന്ന നോവലില്‍ സിമോണ്‍ ബൊളിവറിലൂടെ പരീക്ഷണവിധേയമാക്കിയതും ഈ ആശയം തന്നെ. ഗറില്ല യുദ്ധക്കൊതിയന്‍മാരും അവരെ കെണിയിലാക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ പട്ടാളക്കാരും വിഷയങ്ങളാകുന്നതോടെ ലാറ്റിനമേരിക്കന്‍ നാടുകള്‍ക്കുള്ളിലെ പ്രവചനാതീതമായ ലിംഗനീതിയെന്താണെന്ന് നാമറിയുന്നു. ഗറില്ല യുദ്ധമുറ പില്‍ക്കാലങ്ങളില്‍ പരാജയപ്പെടാനുണ്ടായ കാരണങ്ങള്‍ എന്താണെന്ന് ഒട്ടേറെ ചരിത്രകാരന്മാര്‍ വാചാലരായിട്ടുണ്ട്. എന്നാല്‍, അവരെല്ലാവരും ചില നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് അനുസൃതമായാണ് എഴുതിയിരുന്നതെന്നതും സുവിദിതമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എന്തെഴുതണമെന്നതും എന്തു ശീര്‍ഷകം നല്‍കാമെന്നതും വസ്തുതകള്‍ക്കപ്പുറമുള്ള കാര്യങ്ങളാരായുന്ന  പത്രപ്രവര്‍ത്തകന് ഉദ്വേഗമുളവാക്കുന്നതാണ്. വിപ്ലവത്തിനു മാത്രം നല്‍കുന്ന ശീര്‍ഷകമാവില്ലല്ലോ, രാഷ്ട്രങ്ങളുടെ ഭാവിയെ സൂചിപ്പിക്കുന്ന ശീര്‍ഷകം. 

സാന്‍ഡിനിസ്റ്റ ഭരണകൂടത്തിനെതിരെ പടപൊരുതിയവരില്‍ ധീരവനിതകള്‍ ധാരാളമുണ്ടായിരുന്നു. അവരുടെ പടപ്പുറപ്പാടുകളും ചെറുത്തുനില്‍പ്പുകളുമെല്ലാം ഇന്ന് പ്രാദേശിക ഭാവന (Local Imagination)യ്ക്ക് വഴിയൊരുക്കുമ്പോള്‍, അവരുടെ വേദനകളിലൂടെ വളര്‍ന്നു പൊന്തിയ അധികാരത്തിന്റെ മറുവശങ്ങള്‍ എന്തെല്ലാമായിരുന്നെന്ന് ചരിത്രകാരന്മാര്‍ ചിന്തിക്കാറില്ല. ചില വനിതകളുടെ അശ്രാന്തപരിശ്രമത്തെ മാര്‍ക്വിസ് പ്രതിപാദിക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായ ലിംഗസമത്വത്തിനു വേണ്ടിയുള്ള എഴുത്താകുന്നുണ്ടോ ഇവയെന്ന് സംശയം ബാക്കിനില്‍ക്കുന്നു. ഇന്നും ലാറ്റിനമേരിക്കന്‍ നാടുകള്‍ക്കുള്ളില്‍ ലിംഗസമത്വം പ്രകടമായി കാണാവുന്നതാണ്. അപ്പോള്‍ ലിംഗനീതിക്കുവേണ്ടിയുള്ള സമരം എവിടെനിന്നു തുടങ്ങണമെന്നത് പ്രസക്തവുമാണ്. 

ഒടുവില്‍ മാര്‍ക്വിസിന്റെ പത്രലേഖനങ്ങളും ഇതര കുറിപ്പുകളും വായിച്ച നാം എവിടെയെത്തി നില്‍ക്കുന്നുവെന്ന ചോദ്യം പ്രാധാന്യമര്‍ഹിക്കുന്നു. നിഷ്പക്ഷമായ പത്രറിപ്പോര്‍ട്ടുകളോ കുറിപ്പുകളോ അല്ല മാര്‍ക്വിസിന്റേത്. ഇവയില്‍ പലതിലും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജമുണ്ടുതാനും. എന്നിരുന്നാലും അംഗീകരിക്കപ്പെട്ട വസ്തുതകളെ മാറ്റിപ്പറയുകയെന്ന ശീലം മാര്‍ക്വിസ് സ്വീകരിച്ചിരിക്കുന്നതായി കാണാം. വാര്‍ത്തകള്‍ക്കു ഭാവനാനിര്‍മ്മിതമായ ലോകം സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

ഈ പത്രലോകത്തെ സംഭവങ്ങളില്‍ പലതുമാണ് അദ്ദേഹത്തിന്റെ അതുല്യ നോവലുകളില്‍ പില്‍ക്കാലത്ത് കടന്നുവരുന്നതും. സ്ഥലവും സംഭവവും ആഖ്യായികയുടെ ആഴം കൂട്ടുമ്പോള്‍ വ്യതിരിക്തമായൊരു സ്ഥലനിര്‍മ്മിതി ആഗ്രഹിച്ചിരുന്ന റിപ്പോര്‍ട്ടറായിരുന്നു മാര്‍ക്വിസെന്നതില്‍ സംശയമില്ല. ചില വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ മനസ്സിനുള്ളില്‍ ഒരിക്കലും മായാത്ത മുദ്രണങ്ങളുണ്ടാക്കിയിരിക്കണം. അവയുടെ പരാവര്‍ത്തനമാണ് പിന്നീട് മാന്ത്രികരൂപത്തില്‍ പുറത്തുവന്നതും. വിസ്മരിക്കാനാവാത്ത മറ്റൊരു കാര്യം തന്റെ നോവല്‍ ജീവിതത്തില്‍ അവസാന നാളുകളില്‍ മാര്‍ക്വിസ് പൂര്‍ണ്ണമായും 'മാജിക്കല്‍ റിയലിസ'ത്തില്‍നിന്നും അകന്നുവെന്നതാണ്. അദ്ദേഹം ഒടുവിലെഴുതിയ നോവലുകള്‍ മാധ്യമ രൂപത്തിലുള്ളവ ആയിരുന്നല്ലോ. മാര്‍ക്വിസിലെ മാജിക് മരിച്ചുവെന്ന് പലരും മുറവിളി കൂട്ടുകയുണ്ടായി. അദ്ദേഹത്തിന്റെ മാധ്യമ ജീവിതത്തിലേക്കുള്ള മടക്കയാത്രയായിരുന്നു അത്.
മാധ്യമ ജീവിതം ഇല്ലായിരുന്നെങ്കില്‍ മാര്‍ക്വിസ് മറ്റൊരാളായേനെ. തീര്‍ച്ച!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com