അനുഭവം: പ്രളയ ഡയറി; ഡോ. വത്സലന്‍ വാതുശ്ശേരി എഴുതുന്നു

കഠിനമായ മഴയ്ക്ക് വാതില്‍ തുറന്നുവെച്ചതുപോലെ ഒരു പ്രഭാതം. അസ്വസ്ഥപ്പെടുത്തുന്ന എന്തോ ഒന്ന് വീടിനു പുറത്ത് കാത്തുനില്‍ക്കുന്നതുപോലെ.
അനുഭവം: പ്രളയ ഡയറി; ഡോ. വത്സലന്‍ വാതുശ്ശേരി എഴുതുന്നു

ന്ത്യയുടെ സ്വാതന്ത്ര്യദിനമാണ്. എന്നാല്‍, സ്വാതന്ത്ര്യദിനത്തിന്റേതായ ഉത്സാഹമോ ആവേശമോ അനുഭവിക്കാന്‍ കഴിയാത്തവിധം ഇരുണ്ടുകിടക്കുന്ന അന്തരീക്ഷം. 
മൂടിക്കെട്ടിയ, കഠിനമായ മഴയ്ക്ക് വാതില്‍ തുറന്നുവെച്ചതുപോലെ ഒരു പ്രഭാതം. അസ്വസ്ഥപ്പെടുത്തുന്ന എന്തോ ഒന്ന് വീടിനു പുറത്ത് കാത്തുനില്‍ക്കുന്നതുപോലെ. ഈ അസ്വസ്ഥതയ്ക്ക് മറ്റൊരു കാരണം കൂടിയുണ്ട്. വീടിനു പിന്നിലെ പറമ്പില്‍ സാധാരണയില്‍ കവിഞ്ഞ് വെള്ളം കയറിക്കിടക്കുകയാണ്. 

ഞാനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. സ്വാതന്ത്ര്യദിനത്തില്‍ ഒന്നുകില്‍ എന്റെ സ്വന്തം സ്ഥാപനത്തില്‍ അല്ലെങ്കില്‍ തദ്ദേശീയമായ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തില്‍ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കാറുള്ളതാണ്. ഔദ്യോഗികമായ ചുമതലപ്രകാരം ഇന്ന് ഞാന്‍ എന്റെ തൊഴില്‍സ്ഥാപനമായ  കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ പോകേണ്ടതാണ്. എന്നാല്‍, അന്തരീക്ഷത്തിന്റെ സ്വഭാവം അതിനുള്ള താല്പര്യം ഇല്ലാതാക്കുന്നു. 
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ പഠിക്കുന്ന കാര്‍മല്‍ സ്‌കൂളിലേക്ക് ഇരുന്നൂറ് മീറ്റര്‍ ദൂരമേയുള്ളു. ഇന്ന് അവളുടെ സ്‌കൂളിലാവട്ടെ, എന്റെ സ്വാതന്ത്ര്യദിനം. 

സമയം രാവിലെ എട്ടുമണിയോട് അടുത്തിട്ടുണ്ട്. എന്നാല്‍, മൂടിക്കെട്ടിയ അന്തരീക്ഷം കാരണം നേരം പുലര്‍ന്നുവരുന്നേയുള്ളു എന്നാണ് തോന്നുക. 
മകളോടൊപ്പം ഇറങ്ങാന്‍ പദ്ധതിയിടുമ്പോഴേയ്ക്കും അവള്‍ യൂണിഫോമണിഞ്ഞ് മുറ്റത്തിറങ്ങി നടപ്പാരംഭിച്ചിരുന്നു. ''ഞാനും വരുന്നു, കാറില്‍ പോകാം'' എന്ന് ഒച്ചവെച്ചുകൊണ്ട് ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. 
വീടിനു തൊട്ടു മുന്നിലെ റോഡിലേക്ക് കാര്‍ ഇറക്കിയപ്പോള്‍ തന്നെ ശ്രദ്ധയില്‍പ്പെട്ടു. റോഡ് വളയുന്ന ഭാഗത്ത് അന്തിച്ചുനില്‍ക്കുകയാണ് മകള്‍. ആ വളവില്‍ റോഡില്‍ പതിവില്ലാത്തവിധം വെള്ളക്കെട്ട്. യൂണിഫോമിന്റെ ഭാഗമായ ഷൂസ് നനയാതെ അപ്പുറം കടക്കാനാവില്ല. കാറെടുത്തത് നന്നായി എന്ന ആത്മഗതത്തോടെ മകളേയും കയറ്റി സ്‌കൂളിലേക്ക്. 
സ്‌കൂളിലെത്തുമ്പോഴേയ്ക്കും ഘോരമായ മഴയായി. വിദ്യാര്‍ത്ഥികള്‍ വരാന്തയില്‍ത്തന്നെ നില്‍ക്കെ പ്രിന്‍സിപ്പലും മാനേജരും ആ മഴയിലൂടെ കുടയുമായി ചെന്ന് പതാക ഉയര്‍ത്തുന്നു. ദേശീയപതാക നനഞ്ഞൊട്ടി കൊടിമരത്തിനു മുകളില്‍ തൂങ്ങിക്കിടന്നു. 

ഒരു മണിക്കൂറിനകം വീട്ടിലേക്ക് മടങ്ങുമ്പോഴേയ്ക്കും റോഡിലെ വെള്ളക്കെട്ട് പിന്നെയും ഉയര്‍ന്നിരുന്നു. വെള്ളം എന്റെ വീടിനു മുന്നിലെ റോഡ് വരെ എത്തിക്കഴിഞ്ഞു. കാറിന്റെ സൈലന്‍സര്‍ മുങ്ങുവോളം വെള്ളമുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം. വീടിനു മുന്നിലെ റോഡില്‍ വെള്ളം കെട്ടുന്നത് ആദ്യം കാണുകയാണ്. തൊട്ടപ്പുറത്ത് വിശാലമായ വയലും വെള്ളം വഹിച്ചുകൊണ്ടുപോകാന്‍ ഒരു തോടും ഉള്ളതുകൊണ്ട് റോഡില്‍ വെള്ളം കെട്ടാനുള്ള സാധ്യതയില്ലെന്നാണ് ഇതുവരെയും കരുതിപ്പോന്നത്. 

വെള്ളത്തിന്റെ ഈ വരവ് ഒരു നല്ല ലക്ഷണമല്ല എന്ന് എന്റെ ഏഴാമിന്ദ്രിയം മണത്തു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ തുറന്നതായി വാര്‍ത്തയുണ്ട്. ചാലക്കുടിപ്പുഴ ആ വെള്ളവുമായാണ് ഒഴുകുന്നത്. 
ഞാന്‍ ഭാര്യയോടു പറഞ്ഞു: ''കാറ് ഞാന്‍ മെയിന്‍ റോഡില്‍ കൊണ്ടുപോയി ഇട്ടിട്ടു വരാം. ഇനിയും വെള്ളം പൊന്തിയാല്‍ കാര്‍ പുറത്തിറക്കാന്‍ കഴിയാതാവും.''

വെള്ളം കയറുന്ന രീതി കണ്ടിട്ട് വീടൊഴിഞ്ഞുപോകേണ്ടിവരും എന്ന് തോന്നിത്തുടങ്ങിയിരുന്നു. അതിനുവേണ്ടിയുള്ള ഒരു പ്ലാനിംഗ് പൊടുന്നനെ എന്റെ മനസ്സില്‍ സജീവമായി. ഞാന്‍, ഭാര്യ, മകള്‍, ഭാര്യയുടെ 89 വയസ്സ് പ്രായമുള്ള പിതാവ്, സഹായത്തിനു നില്‍ക്കുന്ന രാധാമണിച്ചേച്ചി ഇത്രയും പേരാണ് എന്റെ വീട്ടിലുള്ളത്. വൃദ്ധനായ ഭാര്യാപിതാവിനെ വെള്ളക്കെട്ടിലൂടെ നടത്തിക്കൊണ്ടു പോവുക എളുപ്പമല്ല. എന്റെ വീടിന് എതിര്‍വശത്തെ പറമ്പ് മതില്‍കെട്ടി അടച്ചിട്ടുണ്ടെങ്കിലും ഇളക്കിമാറ്റാനാവാത്ത ഒരു ഗെയ്റ്റ് അതിനിടയിലുണ്ട്. ഞാന്‍ മെയിന്‍ റോഡ് വഴി ആ പറമ്പില്‍ കടന്ന് ഗെയ്റ്റിന്റെ സ്ഥിതി പരിശോധിച്ചു. രണ്ടറ്റത്തും മരക്കഷണങ്ങള്‍ അടിച്ചുകയറ്റിയാണ് ഗെയ്റ്റ് ഉറപ്പിച്ചിരിക്കുന്നത്. ഞാനെന്റെ സര്‍വ്വശക്തിയുമെടുത്ത് മരക്കഷണങ്ങള്‍ നീക്കാനുള്ള ശ്രമമായി. മഴയില്‍ നനഞ്ഞ രണ്ട് മരക്കഷണങ്ങളും അന്നേരത്തെ ആവേശത്തില്‍ തള്ളിമാറ്റുകയും ചെയ്തു. 
വെള്ളം വീണ്ടും പൊന്തുകയാണ്. റോഡില്‍നിന്ന് മുറ്റത്തേക്ക് വെള്ളം കയറിത്തുടങ്ങി. 

അയല്‍വീട്ടിലെ പോള്‍സണ്‍ സാറിനോട് കാര്‍ മെയിന്‍ റോഡിലേക്ക് മാറ്റുന്നതാണ് നന്ന് എന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''വത്സലന്‍ മാഷേ, ഇതു വെറും പെയ്ത്തുവെള്ളമാണ്. കുറച്ചു കഴിഞ്ഞാല്‍ ഇറങ്ങിപ്പൊയ്ക്കോളും.'' 
സാറിന്റെ വീട്ടുമുറ്റം എന്റെ മുറ്റത്തേക്കാള്‍ ഉയരത്തിലാണ്. ഇക്കാലത്തിനിടയില്‍ ഇന്നോളം ആ മുറ്റത്തേയ്ക്ക് വെള്ളമെത്തിയിട്ടില്ല എന്ന ഉറപ്പിലാണ് പോള്‍സണ്‍ സാര്‍ പറയുന്നത്. 
വെള്ളം ഉയര്‍ന്നുയര്‍ന്ന് എന്റെ വീടിന്റെ നടക്കല്ലില്‍ വന്നു തൊട്ടു. എവിടെനിന്നെല്ലാമോ വെള്ളത്തിലൂടെ നീന്തിയെത്തുന്ന അനേകം പഴുതാരകള്‍. ബ്രാഹ്മണിപ്പാമ്പ് എന്നു വിളിക്കുന്ന കറുത്തു മെലിഞ്ഞ ഒരുതരം ഇഴജീവിയും. 
സമയം ഒന്‍പതു മണി. 
ഞാന്‍ ഭാര്യയോട് പറഞ്ഞു: വീട് വിട്ട് പോകേണ്ടിവരും. കൊണ്ടുപോകാനുള്ള സാധനങ്ങള്‍ ഒരുക്കിക്കോളുക. 
പിന്നെ ഒരു യുദ്ധസന്നാഹമാണ്. കിട്ടിയ ബാഗുകളില്‍ അത്യാവശ്യം വേണ്ട വസ്ത്രങ്ങള്‍ മാത്രം എടുത്തു. വെള്ളം ഏറെ സമയം കയറിനില്‍ക്കുമെന്ന് പ്രതീക്ഷിക്കാഞ്ഞതിനാല്‍ ഒരു ദിവസത്തേയ്ക്കുള്ള വസ്ത്രം മാത്രമേ എടുക്കാന്‍ തോന്നിയുള്ളു. 

ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍
ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍


വീടിനകത്തേയ്ക്ക് വെള്ളം കയറുമെന്ന ഭയം അപ്പോഴുമില്ല. ജലനിരപ്പുയര്‍ന്നാല്‍ പുറത്തു കടക്കുക പ്രയാസകരമാവുമെന്നതിനാല്‍ മാത്രമാണ് വീടു വിടുന്നതിന് തിടുക്കം കൂട്ടുന്നത്. 
വീടിന് മുന്നിലെ റോഡ് ഇപ്പോള്‍ ഒരു തോടായി മാറിക്കഴിഞ്ഞിട്ടുണ്ട്. സാധാരണ തോടുകളിലെന്നപോലെ അതിലൂടെ വെള്ളമൊഴുകാന്‍ തുടങ്ങിയിരിക്കുന്നു. 
കാര്‍ രക്ഷപ്പെടുത്തിയെങ്കിലും ബൈക്ക് ഒരു നിസ്സഹായതാഭാവത്തില്‍ മുറ്റത്ത് അവശേഷിക്കുന്നുണ്ട്. അതു മുങ്ങാന്‍ ഇനി ഏറെ സമയം വേണ്ട. അതുകൊണ്ട് ബൈക്ക് വെള്ളത്തിലൂടെ തള്ളി പോള്‍സണ്‍ സാറിന്റെ വീട്ടുമുറ്റത്ത് കൊണ്ടിട്ടു. 
എതിര്‍വശത്തെ മതിലിലുള്ള ഗെയ്റ്റ് തള്ളി മാറ്റുകയാണ് ഇനി വേണ്ടത്. പറമ്പിന്റെ ഉടമയായ സെബാസ്റ്റ്യന്‍ സാറിന്റെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ച് കാര്യം പറഞ്ഞു: വൃദ്ധനായ ഭാര്യാപിതാവിനെ വെള്ളത്തിലൂടെ കൊണ്ടുപോകാന്‍ കഴിയില്ല. ഗെയ്റ്റ് നീക്കം ചെയ്താല്‍ അതിലൂടെ കൊണ്ടുപോകാം. അതിന് അനുവദിക്കണം.''

വെള്ളം കയറുന്നുണ്ടെന്ന കാര്യം അപ്പോഴാണ് സെബാസ്റ്റ്യന്‍ സാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മുന്നിലെ പറമ്പില്‍ അദ്ദേഹത്തിന്റെ ഷോപ്പിങ്ങ് കോംപ്ലക്സ് ഉണ്ട്. അതിലൊന്നില്‍ അദ്ദേഹത്തിന്റെ ടയര്‍ കടയും പ്രവര്‍ത്തിക്കുന്നു. 
ഗെയ്റ്റ് നീക്കം ചെയ്യാന്‍ പറ്റുമെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. നീക്കം ചെയ്യാനാവുമെങ്കില്‍ നീക്കിക്കൊള്ളാന്‍ അദ്ദേഹം അനുമതി തന്നു. പോള്‍സണ്‍ സാറും ഞാനും ചേര്‍ന്ന് ആ ഗെയ്റ്റ് ഒരു സൈഡിലേക്ക് വലിച്ചുനീക്കി. ഒരു ഭാഗത്ത് ഒരാള്‍ക്ക് കടക്കാന്‍ പാകത്തില്‍ വഴി തുറന്നു. 
ഇതൊക്കെ നടക്കുന്നത് കനത്ത മഴയിലാണ്. മഴയില്‍ എന്റെ വസ്ത്രങ്ങളൊക്കെ നനഞ്ഞു കുതിര്‍ന്നിട്ടുണ്ട്. 

വെള്ളം നടക്കല്ലിന്റെ ഒന്നാം പടവ് പിന്നിട്ട് രണ്ടാം പടവിലേക്ക് കയറുന്നു.
അഞ്ചു പേര്‍ക്കുമായി അഞ്ച് ബാഗുകള്‍. മകള്‍ ഒരു ബുദ്ധി കാണിച്ചു. പാഠപുസ്തകങ്ങളുടെ ബാഗ് കൈയിലെടുത്തിട്ടുണ്ട്. 
വെള്ളത്തിലൂടെ നീന്തിനടന്ന്, നീക്കം ചെയ്ത ഗെയ്റ്റിലൂടെ ബാഗുകള്‍ കാറിലെത്തിച്ചു. അതിലൂടെ ഭാര്യാപിതാവിനേയും കാറിലെത്തിച്ചു. വീട് പൂട്ടി അവസാനം ഞാനും കാറില്‍ കയറി. 

മുന്‍പിലെ ഷോപ്പിങ്ങ് കോംപ്ലക്സിന്റെ മുറ്റത്ത് ഇതിനകം എത്തിച്ചേര്‍ന്ന ആളുകള്‍ ഞങ്ങളെ സഹതാപപൂര്‍വ്വം നോക്കുന്നുണ്ട്. വീട് നഷ്ടപ്പെടുന്ന ഒരു അഭയാര്‍ത്ഥിയുടെ മാനസികാവസ്ഥയിലാണ് ഞാന്‍. 
അങ്കമാലിയില്‍ എന്റെ അമ്മ താമസിക്കുന്ന ഒരു ഫ്‌ലാറ്റുണ്ട്. താഴത്തെ നിലയില്‍ അമ്മയും സര്‍വന്റും താമസിക്കുന്നു. അവിടമാണ് ഞങ്ങളുടെ ലക്ഷ്യം. 
ഈ സമയത്ത് കാലടിയില്‍നിന്ന് എന്റെ മൂത്ത ജ്യേഷ്ഠന്‍ അപ്സലന്റെ ഫോണ്‍. ചേട്ടന്റെ വീട് കാലടിയില്‍ പെരിയാറിന്റെ തീരത്താണ്. വീട്ടില്‍നിന്ന് നേരെ പുഴയിലേക്കിറങ്ങാം. പുഴയില്‍ ഭീഷണമാംവിധം വെള്ളം പൊന്തിയതുകൊണ്ട് ചേട്ടനും ഭാര്യയും വീട് വിട്ട് ചാലക്കുടിയില്‍ ഞങ്ങളുടെ വീട്ടിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. 
ഞാന്‍ പറഞ്ഞു: ചാലക്കുടിയില്‍ വെള്ളം കയറി ഞാന്‍ അങ്കമാലിക്ക് പോവുകയാണ്. 
ചാലക്കുടിയില്‍ വെള്ളം കയറുകയോ എന്ന് ചേട്ടന്റെ അമ്പരപ്പ്. 
അങ്കമാലിയില്‍ അമ്മ താമസിക്കുന്ന ഫ്‌ലാറ്റിന് സമീപത്ത് എന്റെ മറ്റൊരു ചേട്ടന്‍ രാഹുലന്‍ താമസിക്കുന്നുണ്ട്. മൂത്ത ചേട്ടന്‍ അങ്കമാലിയിലെ ആ വീട്ടിലേക്ക് ദിശ മാറ്റി. 
അങ്കമാലിയിലെ ഫ്‌ലാറ്റിലെത്തുമ്പോഴും മഴ തുടരുകയാണ്. വഴിയിലുടനീളം എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീതി. 
വീട്ടിലേക്ക് വെള്ളം കയറില്ല എന്ന വിചാരം വെള്ളം കയറുമോ എന്ന ഭയമായി മാറിക്കഴിഞ്ഞിരുന്നു. വെള്ളം കയറുന്നതിന്റെ ഗ്രാഫ് കുത്തനെ മുകളിലേക്കാണ്. 
അങ്കമാലിയിലെത്തിയശേഷം ചാലക്കുടിയിലെ പത്രപ്രവര്‍ത്തകനായ സുഹൃത്ത് എം.ജി. ബാബുവിനെ വിളിച്ചു. ചാലക്കുടിയിലെ ഇതര പ്രദേശങ്ങളിലെ ജലനിലവാരം അറിയുകയാണ് ലക്ഷ്യം. 
ബാബു ചോദിച്ചു: 
''സാധനങ്ങളൊക്കെ മുകളില്‍ കയറ്റിയോ?''
''ഇല്ല.''
''ഇനിയും നാലടി കൂടി വെള്ളം കയറും എന്നാണ് അറിയുന്നത്. താഴത്തെ നിലയിലുള്ള സാധനങ്ങള്‍ നാലടി ഉയരത്തിലേക്ക് കയറ്റുന്നതായിരുന്നു നല്ലത്.''
അതായത്, വീട്ടില്‍ വെള്ളം കയറുമെന്നുതന്നെ. സംരക്ഷിക്കാന്‍ വല്ലതുമുണ്ടെങ്കില്‍ ഉടനെ ചെന്ന് സംരക്ഷിക്കുക. 
ഞാന്‍ ചേട്ടന്‍ രാഹുലിനേയും മകന്‍ റബിനേയും വിളിച്ചു. ഉടനെ ചാലക്കുടിയിലേക്ക് പോകണം. വീട്ടിലേക്ക് വെള്ളം കയറും എന്നറിയുന്നു. 
ഇതിനിടെ പോള്‍സണ്‍ സാറിന്റെ ഫോണ്‍ വന്നു: ''വത്സലന്‍ മാഷുടെ വീട്ടിലേക്ക് വെള്ളം കയറിത്തുടങ്ങി.''
ഞാനും രാഹുലന്‍ ചേട്ടനും റബിനും ചേര്‍ന്ന് ചാലക്കുടിക്കു പോകാനായിരുന്നു പ്ലാന്‍. പക്ഷേ, ഭാര്യയ്ക്ക് സമ്മതമല്ല. വത്സലന്‍ പോകുന്നെങ്കില്‍ ഞാനും വരും. എനിക്ക് നീന്തലറിയാം. നീന്തലറിയാത്ത പാര്‍വ്വതി ഈ സ്ഥിതിയില്‍ വീട്ടിലേക്ക് മടങ്ങുന്നത് അപകടകരമാണ് എന്ന് പറഞ്ഞുനോക്കിയെങ്കിലും വഴങ്ങാന്‍ ഭാവമില്ല. ഒടുവില്‍ എന്റെ രണ്ട് ജ്യേഷ്ഠന്മാര്‍, ഭാര്യ, റബിന്‍ എന്നിവര്‍ക്കൊപ്പം ചാലക്കുടിക്ക് വീണ്ടും. 

കറുകുറ്റിയില്‍ റോഡില്‍ വെള്ളം കയറി ട്രാഫിക് ബ്ലോക്ക്. ആ ബ്ലോക്കില്‍ അര മണിക്കൂര്‍ കുരുങ്ങിക്കിടന്നു. വെള്ളക്കെട്ടിലൂടെ നീങ്ങുന്ന കാറിലിരിക്കുമ്പോള്‍ ഇരിക്കുന്നത് ബോട്ടിലാണെന്നാണ് തോന്നുക. 
ചാലക്കുടിയിലെത്തുമ്പോള്‍ 12 മണി. പോയതിനേക്കാള്‍ കടുപ്പമാണ് കാര്യങ്ങള്‍. വയലിനു നടുവിലെ തോട്ടിലൂടെ വെള്ളം അങ്ങോട്ട് ഒഴുകുകയല്ല. ഇങ്ങോട്ട് കയറിവരികയാണ് ചെയ്യുന്നത്. എന്റെ വീടിനു മുന്നിലുള്ള ഷോപ്പിങ്ങ് കോംപ്ലക്സിനു നേരെ എതിര്‍വശത്താണ് ചാലക്കുടി എസ്.എച്ച്. കോളേജ്. കോളേജിന്റെ വളവ് മുഴുവന്‍ വെള്ളക്കെട്ടിലമര്‍ന്നിരിക്കുന്നു. അതിനോട് ചേര്‍ന്നുള്ള മഠത്തില്‍നിന്ന് കന്യാസ്ത്രീകളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. ഫയര്‍ സര്‍വ്വീസും പൊലീസുകാരും എത്തിയിട്ടുണ്ട്. 
വെള്ളമല്ല, പ്രളയമാണ് ചാലക്കുടിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ നിമിഷം. 

ഇപ്പോള്‍ ഷോപ്പിങ്ങ് കോംപ്ലക്സിന്റെ അങ്കണം വരെ വെള്ളം എത്തിക്കഴിഞ്ഞു. ടയര്‍ ഷോപ്പിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള ജനറേറ്റര്‍ കല്ലിനു മുകളിലേക്ക് ഉയര്‍ത്തി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പണിക്കാര്‍. വെള്ളപ്പൊക്കം ഇപ്പോള്‍ എന്റെ മാത്രമല്ല, സമീപവാസികളുടേയും ദുരന്തമായി വികസിച്ചിരിക്കുന്നു. 
ഗെയ്റ്റ് നീക്കിയ വിടവിലൂടെ വീടിനു മുന്നിലെ റോഡിലേയ്ക്കിറങ്ങുമ്പോള്‍ അവിടെ അരയ്ക്കുമേല്‍ പൊക്കത്തില്‍ വെള്ളമാണ്. ശക്തമായ കുത്തൊഴുക്കും. റോഡ് നിന്ന സ്ഥാനത്ത് ഒരു തോട്. 

വീടിനുള്ളില്‍ ആറിഞ്ച് ഉയരത്തില്‍ വെള്ളം കയറിക്കഴിഞ്ഞു. വാതില്‍ തുറക്കുമ്പോള്‍ വെള്ളത്തിന്റെ ആ പരപ്പാണ് സ്വാഗതം ചെയ്തത്. ഏതോ വസ്തുവില്‍നിന്നുള്ള മഞ്ഞക്കറ ആ വെള്ളത്തോടൊപ്പം പരക്കുന്നുണ്ട്. 
കാത്തുനില്‍ക്കാന്‍ സമയമില്ല. ഓരോ നിമിഷവും വെള്ളം കയറുകയാണ്. കൂടുതല്‍ സമയം വീടിനകത്തു നിന്നാല്‍ നീന്തലറിയാത്ത പാര്‍വ്വതിക്ക് പുറത്തുകടക്കാന്‍ കഴിയാത്ത സ്ഥിതിയാകും.
ഒരു മുണ്ട് കട്ടിലിനുമേല്‍ വിരിച്ചിട്ടു. അതിലേക്ക് സാരികളും മകളുടെ ഉടുപ്പുകളും വാരിയിട്ടു. അത് ഭാണ്ഡമായി വലിച്ചുകെട്ടി മുകള്‍ നിലയിലേക്ക് കുതിച്ചു. വെള്ളത്തിലൂടെ നീന്തിക്കയറണമെന്നതിനാല്‍ ആ കുതിപ്പിനു തെല്ലും വേഗതയുണ്ടായിരുന്നില്ല. 

ആ രീതിയില്‍ രണ്ടു മെത്തകള്‍, സോഫയുടെ കുഷ്യനുകള്‍, അരി, ഗോതമ്പ്, സ്റ്റീല്‍ തൂക്കുപാത്രങ്ങള്‍, ഒരു ടി.വി. എന്നിവയും മുകളിലെത്തിച്ചു. ഒരു മേശയ്ക്കുള്ളില്‍ സംരക്ഷിച്ചിരുന്ന ചില ഡോക്യുമെന്റുകള്‍, രചനകള്‍ പ്രസിദ്ധീകരിച്ച ജേണലുകള്‍ എന്നിവയും മുകളിലേക്ക് കയറ്റി. കയറ്റുക എന്നുവെച്ചാല്‍ രണ്ടാം നിലയില്‍ കൊണ്ടുപോയി ചൊരിഞ്ഞിടുക എന്നര്‍ത്ഥം. 

ഫ്രിഡ്ജും ഗ്യാസടുപ്പും ഗ്യാസ് കുറ്റിയും അടുക്കളയിലെ സ്ലാബിന് മുകളിലേക്ക് പൊന്തിച്ചു വെച്ചു. പൊക്കം കുറഞ്ഞ കുഞ്ഞന്‍ അലമാരകള്‍ മേശപ്പുറത്തേക്കും. 
വെള്ളം കട്ടില്‍ നിരപ്പിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. 
ബെഡ്‌റൂമില്‍നിന്ന് ഇപ്പോള്‍ കനത്ത ദുര്‍ഗന്ധം ഉയരുന്നുണ്ട്. വീട്ടില്‍ വെള്ളം കയറുമ്പോള്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ദുരിതം, സെപ്റ്റിക് ടാങ്കിലെ വെള്ളം പോയ വഴിയേ തിരിച്ച് ക്ലോസറ്റിലും തുടര്‍ന്ന് ടോയ്ലെറ്റിലും അവിടന്ന് വീടാകെയും നിറയും. 
ദുര്‍ഗന്ധവാഹിയായ വെള്ളം ടോയ്ലെറ്റില്‍നിന്ന് ബെഡ്‌റൂം വഴി ഹാളിലേക്കെത്തുന്നു. 

വീടിനകത്ത് മുട്ടിനുമേല്‍ വെള്ളമായി. നീന്തിനടക്കുക തികച്ചും പ്രയാസകരവും. 
ഇണയെ കൈവിട്ട് എന്റെ ഒരു പുതിയ ഷൂസ് ഒരു കുഞ്ഞു തോണിപോലെ ഹാളില്‍ ഒഴുകിനടക്കുന്നുണ്ട്. പുതുമ മങ്ങാത്ത ഷൂവാണെങ്കിലും ആ നേരത്ത് അതിനെ സംരക്ഷിക്കാന്‍ എനിക്കു തോന്നിയില്ല. 
വായിക്കാന്‍ വേണ്ടി താഴെ കൊണ്ടുവന്ന കുറേ പുസ്തകങ്ങളുണ്ട്. അവ ടോയ്ലെറ്റിനു മുകളിലെ തട്ടില്‍ കയറ്റിവെച്ചു; നാലല്ല, ആറടി വെള്ളം പൊന്തിയാലും അവ സുരക്ഷിതമായിരിക്കും എന്ന ഉറപ്പോടെ. 
ചേട്ടന്മാര്‍ അലോസരപ്പെടുന്നുണ്ട്. ഇനിയും ഇവിടെ നില്‍ക്കുന്നത് വലിയ റിസ്‌കാണ്. മുറ്റത്തുള്ളത് വെറും വെള്ളമല്ല, ഒഴുക്കാണ്. എന്റെ വീട്ടിലൂടെ ഒഴുകുന്നത് ചാലക്കുടിപ്പുഴ തന്നെയാണ്. സമീപവാസികളെല്ലാം സ്വയം രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് അപകടത്തില്‍പ്പെട്ടാല്‍ ആരെങ്കിലും രക്ഷപ്പെടുത്താനെത്തും എന്നു പ്രതീക്ഷിക്കാന്‍ വയ്യ. 
വീട് പൂട്ടി വീണ്ടും ഇറങ്ങി. ഇറങ്ങുമ്പോള്‍ ഒരു കാര്യം ഉറപ്പായിരുന്നു. തിരിച്ചെത്തുമ്പോള്‍ പഴയതുപോലെ ആയിരിക്കില്ല ഒന്നും. വീടും ജീവിതവും എല്ലാം. 

മുറ്റത്തുനിന്ന് റോഡിലേക്ക് തുഴഞ്ഞുനടക്കുമ്പോള്‍ എത്രമേല്‍ നിസ്സാരനായ ഒരു ജീവിയാണ് ഞാനെന്ന് തിരിച്ചറിയുന്നു. ഇപ്പോള്‍ സര്‍വ്വകലാശാലാ പ്രൊഫസറില്ല. കഥാകൃത്തില്ല, സ്ഥാനമാനങ്ങളില്ല. അവശേഷിക്കുന്നത് ഈ വെള്ളത്തിനുമേലെ പ്രാണരക്ഷാര്‍ത്ഥം പായുന്ന പഴുതാരക്കുട്ടിയെപ്പോലെ തികച്ചും നിസ്സാരനായ ഒരു ഇഴജീവിമാത്രം. 
തിരിച്ച് കാറില്‍ കയറിയിരിക്കുമ്പോള്‍ പാര്‍വ്വതി നിയന്ത്രിക്കാനാവാതെ കരയുകയാണ്. ഇങ്ങനെയൊരവസ്ഥ നമുക്ക് വന്നുവല്ലോ എന്ന വേവലാതി. വീടുവിട്ടോടാന്‍ വിധിക്കപ്പെട്ട എക്കാലത്തേയും മനുഷ്യരുടെ വേവലാതി തന്നെ. ഇത് നമുക്കു മാത്രം സംഭവിക്കുന്നതല്ല. എത്രയോ ആളുകള്‍ നേരിടുന്ന വിധിയാണ്. അതിനെ നേരിടുവാനുള്ള മനസ്സാന്നിദ്ധ്യമാണ് ഇപ്പോള്‍ ആവശ്യം. 
അങ്കമാലിയില്‍ മടങ്ങിയെത്തിയപ്പോള്‍ സുരക്ഷിതമേഖലയിലായി എന്നാണ് കരുതിയത്. പക്ഷേ, വൈകിട്ട് അങ്കമാലിയിലേക്കിറങ്ങുമ്പോള്‍ ഭീകരമായ ഒരു കാഴ്ച. അങ്കമാലി മഞ്ഞപ്ര റൂട്ടില്‍ യൂദാപുരം പള്ളിക്കു സമീപം തോട്ടിലൂടെ വെള്ളം കയറിവരികയാണ്. ഒഴുക്കിന്റെ ഗതി തെറ്റിച്ച് കയറിവരുന്ന പുഴവെള്ളം. 

പെരിയാര്‍ നദിയില്‍ ജലനിരപ്പുയരുമ്പോള്‍ നദീതീരത്തല്ല വെള്ളം ആദ്യം കയറുന്നത്. നദീതീരത്ത് ചെന്നണയുന്ന ഇടവഴികളിലൂടെ വെള്ളം പൊന്തി ആ വെള്ളം വിദൂരസ്ഥലങ്ങളിലും എത്തിച്ചേരുന്നു. അതുകൊണ്ട് എവിടെയെല്ലാം ഏതെല്ലാം വഴികളിലൂടെ വെള്ളം കയറിവരും എന്ന് മുന്‍കൂട്ടി കണക്കാക്കാന്‍ കഴിയില്ല. 
എല്ലാ കൈവഴികളിലൂടെയും മഹാനദികള്‍ തിരിച്ചു നീന്തുന്ന ഭയജനകവും അത്ഭുതകരവുമായ കാഴ്ച. അനുഭവം. ഒരുകാലത്ത് പുഴ കൈവശം വെച്ചിരുന്ന സ്ഥലങ്ങളിലേക്ക് പുഴയുടെ ഗൃഹാതുരസഞ്ചാരം .

2018 ആഗസ്റ്റ് 16
അങ്കമാലി - മഞ്ഞപ്ര റൂട്ടില്‍ കിടങ്ങൂര്‍ എന്ന സ്ഥലത്താണ് അമ്മയുടെ ഫ്‌ലാറ്റ്. താഴത്തെ നിലയിലാണ് ഞങ്ങളുടെ വീട്. 
രാവിലെ ഉണരുമ്പോഴേയ്ക്കും യൂദാപുരം പള്ളിക്കു സമീപം റോഡില്‍ വെള്ളം കയറിക്കഴിഞ്ഞിരുന്നു. അതോടെ അങ്കമാലിയിലേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. 
കേരളം പ്രളയത്തിന്റെ പിടിയിലായെന്ന വാര്‍ത്തയാണ് ടി.വിയില്‍ എല്ലാ ചാനലുകളിലും നിറയുന്നത്. ആലുവയില്‍നിന്നുള്ള ദൃശ്യങ്ങളാണ് കൂടുതല്‍. ചാലക്കുടിയിലേക്കാള്‍ ഇപ്പോള്‍ വാര്‍ത്തകളിലുള്ളത് ആലുവയിലെ വെള്ളപ്പൊക്കമാണ്. 
ചാലക്കുടിയിലെ സ്ഥിതി അറിയാനായി ഞാന്‍ പോള്‍സണ്‍ സാറിനെ വിളിച്ചു. സാര്‍ തലേന്നു തന്നെ വീട് വിട്ട് കൊരട്ടിയിലെ ഭാര്യാഗൃഹത്തിലേക്ക് പൊയ്ക്കഴിഞ്ഞിരുന്നു. ഞങ്ങളുടെ വീടുകളില്‍ നാലടിയിലേറെ വെള്ളം കയറിക്കഴിഞ്ഞുവെന്നും അറിഞ്ഞു. ഷോപ്പിങ്ങ് കോംപ്ലക്സിനു മുന്നിലെ മെയിന്‍ റോഡും വെള്ളത്തില്‍ മുങ്ങി. ചാലക്കുടിയിലെ പല പ്രദേശങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 
വെള്ളം ഇറങ്ങുകയല്ല, കയറുകയാണ് ഇപ്പോഴും. ഇനിയും എത്രയടി വെള്ളം ഉയരുമെന്ന് ഒരു രൂപവുമില്ല. കേരളത്തിലെ ഡാമുകളെല്ലാം നിറഞ്ഞുകവിഞ്ഞുവെന്നും ഡാമുകളില്‍നിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുമെന്നും ടി.വിയില്‍നിന്ന് ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്. മഴയാണെങ്കില്‍ കൂടുതല്‍ രൗദ്രഭാവം പൂണ്ട് രാക്ഷസരൂപം കൈക്കൊണ്ടിരിക്കുന്നു. 

വെള്ളം കയറിയതോടെ ആ പ്രദേശങ്ങളിലെല്ലാം വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. വൈദ്യുതിയില്ലാതായതോടെ മൊബൈല്‍ ഫോണുകളും നിശ്ചലമാകാന്‍ തുടങ്ങി. ബന്ധുക്കള്‍ക്ക് തമ്മില്‍ ബന്ധപ്പെടാനുള്ള വഴി അതോടെ അടഞ്ഞുപോയി. അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാനുള്ള വഴിയാണ് അതോടെ അടഞ്ഞുപോകുന്നത്. 
ഞങ്ങള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ ജനറേറ്റര്‍ ഉണ്ടായിരുന്നു. അതുകൊണ്ട് വൈദ്യുതി ഒരു പ്രശ്‌നമായില്ല. മൊബൈല്‍ ഫോണില്‍ ചാര്‍ജും ഉണ്ട്. എന്നാല്‍, അതുകൊണ്ട് വലിയ കാര്യമൊന്നും ഇല്ല. സഹായം ആവശ്യമുള്ള ബന്ധുക്കളുടെ ഫോണുകളെല്ലാം നിശ്ചലമായിരിക്കുന്നു.

ഡോ. വത്സലന്‍ വാതുശ്ശേരി
ഡോ. വത്സലന്‍ വാതുശ്ശേരി

വെള്ളപ്പൊക്കം നേരിടാത്ത പ്രദേശങ്ങളില്‍നിന്ന് പലരും വിളിക്കുന്നു. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ താമസിക്കുന്ന ബന്ധുക്കളുടെ വിവരമറിയുകയാണ് ലക്ഷ്യം. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത് തുറവുങ്കര എന്ന സ്ഥലത്താണ് അമ്മവീട്. അവിടെയുള്ള അമ്മാവന്‍മാര്‍ ബന്ധുവീടുകളിലേക്കോ അഭയാര്‍ത്ഥി ക്യാമ്പിലേക്കോ താമസം മാറ്റിയിട്ടുണ്ട്. എന്നാല്‍, അവരുടെയെല്ലാം തല്‍ക്കാലസ്ഥിതി അറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. 
എത്ര ദിവസം വെള്ളപ്പൊക്കം നീണ്ടുനില്‍ക്കുമെന്ന് ഒരു ഉറപ്പുമില്ല. അമ്മ മാത്രം താമസിക്കുന്ന വീടായതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ വളരെ കുറച്ചു മാത്രമേയുള്ളു. അങ്കമാലിയിലേക്ക് കടക്കാന്‍ വഴിയില്ല. അതുകൊണ്ട് തുറവൂര്‍ ഭാഗം ലക്ഷ്യംവെച്ച് ഞാന്‍ പുറപ്പെട്ടു. 
പല കടകളും തുറന്നിട്ടില്ല. തുറന്നുവെച്ച ഒരു കടയിലെത്തി വാങ്ങാനുള്ള സാധനങ്ങളുടെ പട്ടിക നിരത്തി. 
മൂന്നു കിലോ പഞ്ചസാര ആവശ്യപ്പെട്ടപ്പോള്‍ കടക്കാരന്‍ പറഞ്ഞു: ഒരു കിലോയില്‍ കൂടുതല്‍ തരാന്‍ പറ്റില്ല സാര്‍. മറ്റുള്ള ആവശ്യക്കാര്‍ക്കും കൊടുക്കണ്ടേ. ഇനി പെട്ടെന്നൊന്നും ചരക്കു വരാനുള്ള സാദ്ധ്യതയുമില്ല.
കച്ചവടം ഒരു സാമൂഹിക പ്രവര്‍ത്തനം കൂടിയാണെന്ന് തെളിയിക്കുകയായിരുന്നു അയാള്‍. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ് അയാളിപ്പോള്‍ കച്ചവടം നടത്തുന്നത്. എങ്ങനെയും ലാഭമുണ്ടാക്കുക എന്നതല്ല, കഴിയുന്നത്ര ഉപഭോക്താക്കള്‍ക്ക് ഉപകാരപ്പെടുക എന്നതാണ് ഇപ്പോള്‍ അയാളുടെ നയം. 

ഉദ്ദേശിച്ച അളവില്‍ കിട്ടിയില്ലെങ്കിലും കിട്ടിയ സാമഗ്രികളുമായി ഞാന്‍ മടങ്ങി. 
മൊബൈല്‍ ഫോണ്‍ ഉള്ളതുകൊണ്ട് വാട്‌സാപ്പിലൂടെ ഒട്ടേറെ വിവരങ്ങള്‍ എത്തിക്കൊണ്ടിരുന്നു. സര്‍വ്വകലാശാലാഗ്രൂപ്പുകളില്‍നിന്ന് ആശങ്കാജനകമായ വിവരങ്ങളാണ് വരുന്നത്. കാലടി പട്ടണമാകെ വെള്ളത്തിലാണ്. ഞാന്‍ ജോലി ചെയ്യുന്ന സംസ്‌കൃത സര്‍വ്വകലാശാലയും വെള്ളത്തില്‍ മുങ്ങി. സര്‍വ്വകലാശാലാ ഹോസ്റ്റലുകളിലുള്ള അറുന്നൂറോളം വിദ്യാര്‍ത്ഥികള്‍ മൂന്നാം നിലയിലെ ചെറിയ ഓഡിറ്റോറിയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. 
സമയം കടന്നുപോകെ കൂടുതല്‍ സംഭ്രമജനകമായ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. യൂദാപുരത്തെ റോഡു മുക്കിയ വെള്ളം ഞങ്ങളുടെ ഫ്‌ലാറ്റിലേക്കും വന്നുകൊണ്ടിരിക്കുകയാണ്. ഫ്‌ലാറ്റിനപ്പുറത്തെ വയലുകളെല്ലാം മുങ്ങിക്കഴിഞ്ഞു. സമീപത്തെ വഴികളിലൂടെ ഉഗ്രഭാവത്തില്‍ പ്രളയം കയറിക്കയറിവരുന്നു. 

ജ്യേഷ്ഠന്‍ രാഹുലന്റെ വീട്ടില്‍ വെള്ളം കയറാന്‍ തുടങ്ങുന്നു. ചേട്ടന്റെ വീടിന് ഒരു നിലയേയുള്ളു. അയല്‍ക്കാര്‍ അവരുടെ വീടിന്റെ രണ്ടാം നിലയില്‍ താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതുകൊണ്ട് ചേട്ടനും കുടുംബവും അങ്ങോട്ട് മാറാനുള്ള തയ്യാറെടുപ്പിലാണ്.
രണ്ടാമത്തെ ജ്യേഷ്ഠന്‍ സര്‍ജുലന്‍ കാലടിക്കടുത്ത് മറ്റൂരില്‍ ആപ്പിള്‍ ഫ്‌ലാറ്റിലാണ് താമസം. അവര്‍ രണ്ടാം നിലയിലാണ്. ഒന്നാം നിലയില്‍ വെള്ളം കയറിയതുകൊണ്ട് അവരും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ്. 
സന്ധ്യയായതോടെ വെള്ളം ഫ്‌ലാറ്റിന്റെ മുറ്റത്തും എത്തി. ചില വീടുകളുടെ നടക്കല്ലില്‍ വരെ വെള്ളമുയര്‍ന്നു. അതുവരേയും പ്രളയം തങ്ങളെ ബാധിക്കില്ലെന്ന് ആശ്വസിച്ചു കഴിഞ്ഞവരും അങ്കലാപ്പിലായി. ഫ്‌ലാറ്റില്‍ വെള്ളം കയറിയാല്‍ എങ്ങോട്ടു പോകും? 

ചാലക്കുടിയില്‍ അനുഭവിച്ച സംഘര്‍ഷത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു ഞാന്‍. താഴത്തെ നിലയായതുകൊണ്ട് വെള്ളം കയറാന്‍ സാധ്യത ഏറെയാണ്. മുകള്‍നിലയില്‍ താമസിക്കുന്നവരെ പരിചയം തന്നെയില്ല. വൃദ്ധയായ അമ്മയേയും വൃദ്ധനായ ഭാര്യാപിതാവിനേയും സുരക്ഷിതരായി താമസിപ്പിക്കാന്‍ എന്തുവഴി എന്നായി ആലോചന. 

ഞാനും മകളും കൂടി മൂന്നാം നിലയും പിന്നിട്ട് ടെറസിലെത്തി. രാത്രി തങ്ങാന്‍ പറ്റുന്ന രീതിയില്‍ ഒരു സ്ഥലം കണ്ടെത്തുകയാണ് ഉദ്ദേശ്യം. ടെറസില്‍ ഷീറ്റ് ഇട്ടിട്ടുള്ളതിനാല്‍ മഴയെ പേടിക്കേണ്ട. എന്നാല്‍, എല്ലായിടവും ചെളിപിടിച്ചും ഈര്‍പ്പമാര്‍ന്നും കിടക്കുകയാണ്. വൃദ്ധരായ രണ്ടു പേര്‍ക്ക് തങ്ങാന്‍ പറ്റുന്ന അവസ്ഥയില്ല. 

മൂന്നാം നിലയിലെ ഒരു മുറി താമസക്കാരില്ലാതെ അടഞ്ഞുകിടക്കുകയാണ്. അതിനു മുന്നിലെ ഇടനാഴിയില്‍ അല്പം വിസ്തൃതിയില്‍ സ്ഥലമുണ്ട്. വൃത്തിയുള്ള ടൈല്‍സ്. ബാല്‍ക്കണിയില്‍നിന്ന് തണുപ്പുകയറുമെങ്കിലും ഒന്നു രണ്ടു ദിവസത്തേയ്ക്ക് അഭയാര്‍ത്ഥി ക്യാമ്പാക്കാം. 
ഫ്‌ലാറ്റില്‍ വെള്ളം കയറിയാന്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ഇപ്പോള്‍ സാമാന്യം ധാരണയായി. ഒരു കട്ടിലിനുമേല്‍ മറ്റൊരു കട്ടില്‍ കയറ്റിവെച്ച് മെത്തകളെല്ലാം അതിനു മുകളില്‍ സ്ഥാപിച്ചു. നനയാനിടയുള്ള മറ്റ് വസ്തുക്കളും ഫ്രിഡ്ജും വാഷിങ് മെഷീനും പതിവുപോലെ അടുക്കളയിലെ തട്ടിലും. അങ്ങനെ വസ്തുക്കള്‍ക്ക് നാശം വരാത്ത സാഹചര്യമൊരുക്കി. 
ഗ്യാസ്‌കുറ്റിയും അടുപ്പും പാത്രങ്ങളും അരിസാമാനങ്ങളും അടക്കം ഭക്ഷണം പാകം ചെയ്യാനുള്ള സാമഗ്രികള്‍ മൂന്നാം നിലയിലെ ഇടനാഴിയിലെത്തിച്ചു. ഒരു ടീപ്പോയിക്കുമേല്‍ ഗ്യാസ് അടുപ്പ് സ്ഥാപിച്ചു. ഉറങ്ങാനുള്ള സാമഗ്രികള്‍ ഭാണ്ഡമാക്കി അതും മൂന്നാം നിലയിലേക്കു നീക്കി. 
ഞങ്ങളുടെ ഈ ഒരുക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട് രണ്ടാം നിലയിലെ താമസക്കാരായ മൂര്‍ത്തിസാറും ഭാര്യയും എന്റെ ഭാര്യയെ സമീപിച്ചു പറഞ്ഞു: ''എന്തിനാണ് ഈ വരാന്തയില്‍ കിടക്കുന്നത്. ഞങ്ങളുടെ വീട്ടില്‍ താമസിക്കാമല്ലോ?''
ആ വീടിന്റെ എതിര്‍ ദിശയില്‍ ഒരു അമ്മയും മകളും താമസിക്കുന്നുണ്ട്. വിദ്യാഭ്യാസ കാര്യത്തിന് അങ്കമാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന അവര്‍ക്ക് ഫ്‌ലാറ്റിലെ ആരുമായും ഒരു ബന്ധവുമില്ല.
ആ മകള്‍ എന്നോട് പറഞ്ഞു: ''ആരെങ്കിലുമൊക്കെ ഞങ്ങളുടെ വീട്ടിലും താമസിക്കൂ.''

ഏതു മനുഷ്യനേയും മനുഷ്യനാകാന്‍ പ്രേരിപ്പിക്കുന്ന ഒരു സന്ദര്‍ഭമായിരുന്നു അത്. ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ കേരളമാകെ മനസ്സ് തുറന്നുവെച്ച സന്ദര്‍ഭം. ഞാനും ഒരു മനുഷ്യനാണെന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ആരും സന്നദ്ധരാവുന്ന സാഹചര്യം. 
അങ്ങനെ ഒരു വലിയ പ്രശ്‌നത്തിനു സമാധാനമായി. രാത്രി തണുപ്പടിക്കാതെ ഉറങ്ങാം. 
ഇരുട്ടു വീഴാന്‍ തുടങ്ങുമ്പോഴേയ്ക്കും വെള്ളം നടക്കല്ലിന്റെ ഒന്നാംപടി പിന്നിട്ട് രണ്ടാം പടിയിലേക്ക് വലിഞ്ഞുകയറുന്നു. രാത്രി എത്ര മണിക്ക് വീടിനകത്തേക്ക് വെള്ളം കയറും എന്നേ ഇനി അറിയാനുള്ളു. 
മൂന്ന് നില ഉയരം മാത്രമുള്ള മൂന്ന് ഫ്‌ലാറ്റ് സമുച്ചയങ്ങളും ഏതാനും വില്ലകളുമാണ് ഞങ്ങള്‍ താമസിക്കുന്ന അരുണോദയം ഹെറിറ്റേജിന് ഉള്ളത്. ഫ്‌ലാറ്റുകളില്‍ പലതും താമസക്കാരില്ലാതെ അടഞ്ഞുകിടക്കുകയാണ്. താഴത്തെ നിലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ടി ആ ഫ്‌ലാറ്റുകള്‍ തുറക്കാനാവുമോ എന്ന് ഭരണസമിതിക്കാര്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, ശ്രമം വിജയിക്കുന്നില്ല. 
ഫ്‌ലാറ്റിന്റെ ചുറ്റുപാടും ഒരു തടാകമായി പരിണമിച്ചിരിക്കുന്നു. തടാകത്തിലെ തുരുത്തുകളാണ് ഓരോ കെട്ടിടവും. 


രാത്രി ഒന്‍പതു മണിയോടെ ഞങ്ങള്‍ മൂര്‍ത്തി സാറിന്റെ വീട്ടിലും മകളും സര്‍വ്വന്റും അടുത്ത വീട്ടിലും അഭയാര്‍ത്ഥികളായി കൂടി. 
ഇപ്പോഴും മഴ തുടരുകയാണ്. വീടിനകത്തേക്ക് വെള്ളം കയറിയാല്‍ എത്ര ദിവസം ഈ അഭയാര്‍ത്ഥി ജീവിതം വേണ്ടിവരുമെന്നു നിശ്ചയമില്ല. 
രാത്രി രണ്ടു മണി. വെള്ളത്തിന്റെ ഗതിയനുസരിച്ച് വീടിനകത്തേക്ക് വെള്ളം കയറേണ്ട സമയമായി. ഞാനും ഭാര്യയും ടോര്‍ച്ചു വെളിച്ചത്തില്‍ സ്റ്റെയര്‍ക്കേസിറങ്ങി താഴെ നിലയിലെത്തി. 
ആ അവസരത്തില്‍ തികച്ചും ആഹ്ലാദകരമായ ഒരു കാഴ്ചയായിരുന്നു. വെള്ളം നടക്കല്ലിന്റെ രണ്ടാം പടിയില്‍ത്തന്നെ നില്‍ക്കുകയാണ്. കഴിഞ്ഞ അഞ്ചു മണിക്കൂറിനിടയില്‍ വെള്ളം അല്പവും ഉയര്‍ന്നിട്ടില്ല. 

2018 ആഗസ്റ്റ് 17
വെള്ളപ്പൊക്കം അതിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലെത്തി എന്നു തോന്നുന്നു. എങ്കില്‍ ആശ്വസിക്കാം. വീട്ടില്‍ വെള്ളം കയറില്ല. 
എന്റെ മൂന്നു സഹോദരന്മാരുടെ വീടുകളും വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. ഒരാള്‍ക്കും മറ്റെയാളെ സഹായിക്കാന്‍ നിര്‍വ്വാഹമില്ല. രണ്ടാമത്തെ ജ്യേഷ്ഠന്‍ താമസിക്കുന്ന മറ്റൂരിലെ ഫ്‌ലാറ്റിന്റെ ഒന്നാംനില മൊത്തം മുങ്ങിയതായി വാട്‌സാപ്പ് മെസ്സേജ് വന്നു. മൂന്നാം നിലയിലാണ് ചേട്ടന്റെ താമസം. ഫ്‌ലാറ്റില്‍ അഞ്ചാറ് കുടുംബങ്ങളേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളു. അവര്‍ക്ക് പുറത്തിറങ്ങാനോ ഭക്ഷണം ശേഖരിക്കാനോ ഉള്ള സാഹചര്യമില്ല.
ഹെലിക്കോപ്റ്ററില്‍നിന്ന് ഭക്ഷണം ഇട്ടുകൊടുക്കുന്നതായി അല്പം കഴിഞ്ഞ് മെസ്സേജ്. 

മാണിക്കമംഗലം എന്ന സ്ഥലത്ത് ഭാര്യാവീട്ടിലേക്ക് പോയ അമ്മാവന്‍ ബാബുവിനെപ്പറ്റി ഒരു വിവരവുമില്ലെന്ന ആശങ്കയുമായി ബന്ധുക്കള്‍ പലരും വിളിക്കുന്നുണ്ട്. മാണിക്കമംഗലം മിക്കവാറും ഒറ്റപ്പെട്ട നിലയിലാണ്. തോണിയുമായി അവിടേയ്‌ക്കെത്തുക അസാദ്ധ്യം. നാടാകെ കുത്തൊഴുക്കുള്ള പുഴയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ യൂണിവേഴ്സിറ്റിയില്‍നിന്നുള്ള പ്രളയാനുഭവങ്ങള്‍ വാട്‌സാപ്പില്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. 300 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തില്‍

600 വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. കൂടുതലും പെണ്‍കുട്ടികള്‍. അക്കൂട്ടത്തില്‍ ഗര്‍ഭിണികളും ഉണ്ട്. ഹെലിക്കോപ്റ്ററില്‍ ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നുണ്ട് എന്നതാണ് സമാധാനം. 600 പേരെ ഒഴിപ്പിച്ചുകൊണ്ടുപോകാന്‍ പറ്റുന്ന ഒരു സങ്കേതവും കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. 
ഏതെങ്കിലും തരത്തില്‍ അവരെ സഹായിക്കണമെന്നുണ്ട്. എന്നാല്‍, കാലടിയാകെ വെള്ളം കയറിക്കിടക്കുകയാണ്. അവിടേയ്‌ക്കെത്താനുള്ള വഴികളെല്ലാം അടഞ്ഞുകിടക്കുന്നു. കാലടിയില്‍ തങ്ങുന്ന സഹപ്രവര്‍ത്തകര്‍ പറഞ്ഞു: ''മാഷ് വരണമെന്നില്ല. ഇവിടെ ചെയ്യാനാവുന്നതെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്.''

600 കുട്ടികള്‍ എന്നാല്‍ 600 കുടുംബങ്ങള്‍ എന്നാണര്‍ത്ഥം. അത്രയും വീട്ടുകാര്‍ അനുഭവിക്കുന്ന മനഃസംഘര്‍ഷം ഊഹിക്കാവുന്നതേയുള്ളു. ചാര്‍ജ് തീര്‍ന്നതുകൊണ്ട് മിക്കവരുടേയും ഫോണുകള്‍ നിശ്ചലമായ സ്ഥിതിയിലാണ്. ചാര്‍ജുള്ള പലരിലൂടെ കൈമാറ്റം ചെയ്താണ് ഓരോ മെസ്സേജും എത്തേണ്ടിടത്ത് എത്തിക്കുന്നത്; എത്തിക്കാന്‍ ശ്രമിക്കുന്നത്. 
വാട്‌സാപ്പ് എന്ന മാധ്യമത്തിന്റെ പ്രയോജനം ഏറ്റവുമധികം തിരിച്ചറിഞ്ഞ നാളുകള്‍. 

കോഴിക്കോട് നിന്ന് ഡോ. കെ.എം. അനില്‍ വിളിക്കുന്നു. കെ.വി. തോമസ് മാഷുടെ മകള്‍ മാണിക്കമംഗലത്ത് താമസിക്കുന്നുണ്ട്. അവരുടെ വിവരമൊന്നും അറിയാന്‍ കഴിയാതെ തോമസ് മാഷ് വലിയ ബേജാറിലാണ്. എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?

പ്രളയകാലത്ത് മുങ്ങിയ ഫ്‌ലാറ്റുകള്‍. അങ്കമാലിയില്‍ നിന്നുള്ള ദൃശ്യം
പ്രളയകാലത്ത് മുങ്ങിയ ഫ്‌ലാറ്റുകള്‍. അങ്കമാലിയില്‍ നിന്നുള്ള ദൃശ്യം


പഴയ ക്ലാസ്സ്‌മേറ്റ് ജോണ്‍സണ്‍ ചെമ്മനം മാവേലിക്കരയില്‍നിന്ന്. മകന്‍ ബാംഗ്ലൂരിലേക്കു യാത്ര പുറപ്പെട്ടതാണ്. പാതിവഴിക്ക് യാത്ര അവസാനിപ്പിച്ച് ഇപ്പോള്‍ ചാലക്കുടിയിലുണ്ട്. അവനെ സഹായിക്കാനാവുമോ?
ചാലക്കുടിയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ടി.വിയിലിരുന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന. ചാലക്കുടി മൊത്തത്തില്‍ വെള്ളത്തിനടിയിലാണ്. പല വീടുകളുടേയും രണ്ടാം നിലയും മുങ്ങി. ചാലക്കുടി ഫ്‌ലൈ ഓവര്‍ പോലും മുങ്ങിപ്പോയി എന്ന വാര്‍ത്ത കേട്ട് നടുങ്ങിയിരിക്കുകയാണ് ഞാന്‍. ഫ്‌ലൈ ഓവര്‍ മുങ്ങിയെങ്കില്‍ എന്റെ വീടിന്റെ രണ്ടാം നിലയും മുങ്ങിയിട്ടുണ്ടാവണം. രണ്ടാം നിലയില്‍ വെള്ളം കയറിയാല്‍ പിന്നെ പ്രളയപൂര്‍വ്വകാലത്തേതായി ഒന്നും തന്നെ അവശേഷിപ്പിക്കാനുണ്ടാവില്ല. ഇന്നോളം എന്റെ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വാരികകളും മാസികകളുമൊക്കെ പുസ്തകഷെല്‍ഫിന്റെ അടിയിലെ റോയിലാണ്. ഇന്നോളം സമ്പാദിച്ച പുസ്തകങ്ങളും രണ്ടാം നിലയിലുണ്ട്. ഒന്നും ബാക്കിയുണ്ടാവില്ല. 

എന്റെ വീടിനു മുന്നിലെ മെയിന്‍ റോഡില്‍ എട്ടടി വെള്ളം കയറിക്കിടക്കുന്നതായി വാര്‍ഡ് മെമ്പറില്‍നിന്നറിഞ്ഞു. ചാലക്കുടിപ്പുഴ കരയ്ക്കു കയറി ഒഴുകുന്നത് ആ വഴിയേയാണ്. പുഴയുടെ നടുവിലെന്നപോലെ വീടുകള്‍. റോഡിലൂടെ ബോട്ടുകളാണ് ഓടുന്നത്. 

റോഡില്‍ എട്ടടിവെള്ളമുണ്ടെങ്കില്‍ എന്റെ വീട്ടില്‍ പതിന്നാലടി വെള്ളമുണ്ടാവണം. എന്നുവെച്ചാല്‍ രണ്ടാം നിലയിലും വെള്ളം കയറാന്‍ തക്കവിധം ഉയരം. 
ഇപ്പോള്‍ വെള്ളപ്പൊക്കത്തിന്റെ ഗതി നിശ്ചലമാണ്. നടക്കല്ലില്‍ തൊട്ട വെള്ളം അതേ നില തന്നെ തുടരുന്നു. 
ഇനിയും വെള്ളം കയറില്ല എന്ന പ്രതീക്ഷയില്‍ മൂന്നാം നിലയില്‍ കയറ്റിയ അടുപ്പും സന്നാഹങ്ങളും താഴെയെത്തിച്ചു. 

പക്ഷേ, ഇതിനിടയില്‍ ഭയജനകമായ മറ്റൊരു വാര്‍ത്ത ഫ്‌ലാറ്റിലെ സെക്യൂരിറ്റിക്കാരന്‍ പുറത്തുവിട്ടു: പെരിങ്ങല്‍ക്കുത്ത് ഡാം അപകടത്തിലാണ്. ഡാമിന് മുകളിലൂടെ വെള്ളം ഒഴുകുന്നു. എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി. ഡാം പൊട്ടാന്‍ സാധ്യതയുണ്ട്. പൊട്ടിയാല്‍ മൂന്നു നിലവരെ വെള്ളം പൊന്തും. 

ആ വാര്‍ത്ത വലിയ പേടിയുണ്ടാക്കേണ്ടതായിരുന്നു. പക്ഷേ, കഴിഞ്ഞ മൂന്നു ദിവസമായി ഇത്തരത്തിലുള്ള ഭീഷണവാര്‍ത്തകള്‍ക്കു നടുവില്‍ ജീവിക്കുന്നതുകൊണ്ട് ഒരു സാധാരണ വാര്‍ത്ത പോലെ അതിനെയങ്ങ് അവഗണിക്കാനാണ് തോന്നിയത്. 

ഉച്ചനേരം. ജ്യേഷ്ഠന്‍ രാഹുലന്റെ വീട്ടിലേക്ക് ഇരുന്നൂറ് മീറ്റര്‍ അകലമേയുള്ളു. എന്നാല്‍, എത്രയോ കിലോമീറ്റര്‍ അകലെയായിരിക്കുന്ന അവസ്ഥയാണ്. രണ്ട് വീടുകള്‍ക്കുമിടയില്‍ വെള്ളം പൊന്തിക്കിടക്കുന്നു. 
ജ്യേഷ്ഠന്‍ അയല്‍വീടിന്റെ രണ്ടാം നിലയില്‍ അഭയം തേടിയിരിക്കയാണ്. അവരുടെ ഫോണ്‍ നിശ്ചലമായതുകൊണ്ട് ഞങ്ങള്‍ക്കു തമ്മില്‍ ബന്ധപ്പെടാനുള്ള വഴിയില്ല. 

ഞാന്‍ മകളോട് പറഞ്ഞു: നമുക്കൊന്ന് പോയി നോക്കിയാലോ?
ഫ്‌ലാറ്റിന്റെ പിന്‍മതിലിനപ്പുറത്ത് ഒരു ഉയര്‍ന്ന പറമ്പാണ്. ആ പറമ്പില്‍ കയറിയാല്‍ ഗെയ്റ്റ് മറികടന്ന് റോഡിലെത്താം. ആ ഭാഗത്ത് വെള്ളം കയറിയിട്ടില്ല. എന്നാല്‍, ജ്യേഷ്ഠന്റെ വീട്ടിലേക്കുള്ള ഭാഗത്തെത്തുമ്പോള്‍ അരയോളം പൊക്കത്തില്‍ വെള്ളം. 
പദ്ധതിയനുസരിച്ച് ഞങ്ങള്‍ റോഡിലെത്തി. വെള്ളക്കെട്ട് തുടങ്ങുന്ന ഭാഗത്ത് ആളുകള്‍ കൂടി നില്‍ക്കുന്നു. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ വീടുകളില്‍നിന്ന് ആളുകളെ രക്ഷിക്കാനൊരുമ്പെട്ട് ഏതാനും സാഹസിക യുവാക്കള്‍ വീപ്പകള്‍ കെട്ടിയുണ്ടാക്കിയ ചങ്ങാടവുമായി പോകുന്നു. 

ഏഴാം ക്ലാസ്സിലെ സഹപാഠിയായിരുന്ന ജോസിനെ അവിടെ കണ്ടു. ജ്യേഷ്ഠന്റെ വീട്ടിലേക്ക് പോകാനുള്ള ശ്രമത്തിലാണെന്ന് പറഞ്ഞപ്പോള്‍ ജോസ് തടഞ്ഞു: ''നീ വേണമെങ്കില്‍ പെയ്‌ക്കോ. കൊച്ചിനെ കൊണ്ടുപോകണ്ട.''
റോഡാണല്ലോ എന്ന് കരുതി വെള്ളത്തിലൂടെ നടക്കരുത്. റോഡ് സൈഡിലെ ഓടകള്‍, കുഴികള്‍ ഇവയ്ക്ക് നമ്മള്‍ വിചാരിക്കുന്നതേക്കാളും ആഴമുണ്ടാവും. ഓടയില്‍ കുരുങ്ങിയാല്‍ പുറത്തു കടക്കാന്‍ കഴിയണമെന്നില്ല. 
വെള്ളക്കെട്ടിനു മുന്നില്‍ അല്പനേരം മഴ നനഞ്ഞതിനുശേഷം വന്ന വഴിയേ മടങ്ങി. 

ജനറേറ്റര്‍ ഉള്ളതുകൊണ്ട് ടി.വി. കാണാം. എല്ലാ ചാനലുകളും പ്രളയമയമാണ്. ചാലക്കുടി പോലെതന്നെ ഗുരുതര സ്ഥിതിയിലാണ് ചെങ്ങന്നൂര്‍ എന്നു വാര്‍ത്ത. 
കേരളത്തിലെ ആറ് ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. അങ്കമാലിയില്‍ ഇടക്കാലത്ത് ഒരു ഫ്‌ലാറ്റ് വാങ്ങിയില്ലായിരുന്നെങ്കില്‍ ഞങ്ങളും ഇപ്പോള്‍ ഏതെങ്കിലും അഭയാര്‍ത്ഥി ക്യാമ്പില്‍ ഉണ്ടാകുമായിരുന്നു. 
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ സ്ഥിതി എത്രയോ ഭേദമാണ്. 
സന്ധ്യയായതോടെ ജലനിരപ്പ് മെല്ലെ താഴാന്‍ തുടങ്ങി. 

2019 ആഗസ്റ്റ് 18
രാവിലെ ആയപ്പോഴേയ്ക്കും ജ്യേഷ്ഠന്‍ രാഹുലന്റെ വീട്ടില്‍നിന്ന് വെള്ളം ഇറങ്ങിയെന്ന് അറിയിപ്പു വന്നു. അതുവരെയുള്ള റോഡും വെള്ളമിറങ്ങി ക്ലിയറായി. എന്നാല്‍, യൂദാപുരം ഭാഗത്ത് റോഡില്‍ ഇപ്പോഴും വെള്ളമുണ്ട്. കാര്‍ കടത്തിക്കൊണ്ടു പോകാനുള്ള സ്ഥിതി ആയിട്ടില്ല. 

ചാലക്കുടിയില്‍ ഇപ്പോഴും ജലനിരപ്പ് കാര്യമായി കുറഞ്ഞിട്ടില്ല എന്ന് പനമ്പിള്ളി കോളേജിലെ അദ്ധ്യാപകന്‍ തോമസ് വിളിച്ച് അറിയിച്ചു. 
''സാറിന്റെ വീടിന്റെ ഭാഗത്തുള്ള ഒരു ഫോട്ടോ കിട്ടിയിട്ടുണ്ട്. പക്ഷേ, ഞാനത് സാറിന് അയയ്ക്കുന്നില്ല.'' വീട് അവിടെ ഉണ്ട് എന്നറിയുന്നതുതന്നെ ഇപ്പോള്‍ വലിയ ആശ്വാസമാണ്. 

ചാലക്കുടിയിലെ രക്ഷാപ്രവര്‍ത്തനം
ചാലക്കുടിയിലെ രക്ഷാപ്രവര്‍ത്തനം


ചേട്ടന്‍ അയല്‍വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. വീട് കഴുകി വൃത്തിയാക്കുക എന്ന വലിയൊരു പണിയുണ്ട്. ചേട്ടന്റെ വീട്ടില്‍ ഒന്നര അടി ഉയരത്തിലേ വെള്ളം കയറിയിരുന്നുള്ളു. അതുകൊണ്ട് ഗാര്‍ഹിക വസ്തുക്കള്‍ക്ക് നാശം സംഭവിച്ചിട്ടില്ല. ചെളി കഴുകിക്കളയുക എന്ന പണിയേയുള്ളു. 
ഞങ്ങളെല്ലാം ഒത്തുചേര്‍ന്ന് വീട് വൃത്തിയാക്കുന്ന തിരക്കിലായി. ഉച്ചയോടെ പ്രളയാനന്തര ഗൃഹപ്രവേശം. 
വെള്ളം ഇറങ്ങിത്തുടങ്ങിയെന്ന വാര്‍ത്ത പലയിടത്തുനിന്നും എത്തുന്നുണ്ട്. ചാലക്കുടിയില്‍ ജലനിരപ്പ് വളരെ ഉയരത്തിലെത്തിയതുകൊണ്ട് വെള്ളം ഇറങ്ങിത്തീരാന്‍ ഇനിയും സമയമെടുക്കും. 
ഞങ്ങള്‍ കാത്തിരുന്നു. 

2018 ആഗസ്റ്റ് 19
അങ്കമാലിയിലും കാലടിയിലും വെള്ളം നീങ്ങി റോഡുകള്‍ തെളിഞ്ഞു. വാഹനങ്ങള്‍ ഓടിത്തുടങ്ങുന്നു. 
കാലടി യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാനൊരുങ്ങുന്നതിന്റെ വാട്‌സാപ്പ് ദൃശ്യങ്ങള്‍. 
ചാലക്കുടിയിലും റോഡുകളില്‍നിന്ന് വെള്ളം ഇറങ്ങിയെന്നാണ് വാര്‍ത്ത. വീട്ടിലെ സ്ഥിതി എന്തെന്നറിയാന്‍ നിര്‍വ്വാഹമില്ല. 
വാഹനം ഓടാന്‍ തടസ്സമില്ലാത്തതിനാല്‍ ചാലക്കുടിക്കു പോവാന്‍ തന്നെ തീരുമാനിച്ചു. പതിനൊന്നു മണിയോടെ ചാലക്കുടിക്ക്. 
കാര്‍ മെയിന്‍ റോഡില്‍ നിര്‍ത്താനൊരുങ്ങുമ്പോള്‍ത്തന്നെ കണ്ടു. എന്റെ വീട്ടിലേക്കുള്ള വഴിയില്‍ ഇപ്പോഴും വെള്ളമുണ്ട്. ഒഴുക്കിന്റെ ശക്തി കുറവായതുകൊണ്ട് നടന്നുകയറാന്‍ പ്രയാസമില്ല എന്നു മാത്രം. 

വീടിനു മുന്നിലെ ഷോപ്പിങ്ങ് കോംപ്ലക്സ് കണ്ടാല്‍ത്തന്നെ അറിയാം, പ്രളയം എന്താണ് ചാലക്കുടിയോട് ചെയ്തത് എന്ന്. ഷട്ടറുകളെല്ലാം തകര്‍ന്ന് ഞെരിഞ്ഞു കിടക്കുന്നു. ഉള്ളിലെ സാമഗ്രികള്‍ തകര്‍ന്ന ഷട്ടറുകളിലൂടെ പുറത്തുചാടിയിരിക്കുന്നു. ഷോപ്പിങ്ങ് കോംപ്ലക്സിന്റെ ഒരു നില മിക്കവാറും മുങ്ങിപ്പോയിരുന്നു. 

പാന്റ് അഴിച്ച് ഷോപ്പിങ്ങ് കോംപ്ലക്സിന്റെ ഗെയ്റ്റില്‍ തൂക്കി. പകരം ഒരു തോര്‍ത്ത് എടുത്തുടുത്തു. സര്‍വ്വകലാശാലാ പ്രൊഫസറാണ് എന്ന കാര്യമൊന്നും മനസ്സിലേക്ക് കയറുന്നേയില്ല. മനസ്സുകൊണ്ട് ഇപ്പോള്‍ ഒരു ദരിദ്ര ഗ്രാമീണനാണ്. 
വെള്ളത്തിലൂടെ തുഴഞ്ഞുനടക്കുമ്പോള്‍ കാലുകളില്‍ ടയറുകള്‍ ഉരസുന്നു. ടയര്‍ കടയില്‍നിന്ന് പുറത്തുചാടിയ ടയറുകള്‍ ഇടറോഡിലുടനീളം. 
വെള്ളത്തില്‍ മുങ്ങി മുഷിഞ്ഞ വീടിനു മുന്‍പില്‍ ഞാന്‍ അത്ഭുതത്തോടെ നിന്നു. വീട് ഇപ്പോഴും ബാക്കിയുണ്ട് എന്ന ആശ്വാസത്തോടെയും. 
ഒന്നാം നിലയിലെ വെന്റിലേഷന്‍ വരെ ചെളിനിറമാണ്. അതിനു മുകളിലേക്ക് വെള്ളം കയറിയിട്ടില്ല എന്നു കണ്ട് വലിയ ആശ്വാസം തോന്നി. 
വീടിന്റെ വരാന്തയുടെ നിരപ്പില്‍ ഇപ്പോഴും വെള്ളമുണ്ട്. ആ സമയത്ത് എത്തിയതുകൊണ്ട് ഒരു ഗുണമുണ്ടായി. പ്രളയവെള്ളം തന്നെ കോരിയൊഴിച്ച് അകത്തെ ചെളിയുടെ കട്ടി കുറയ്ക്കാം. 

വീട് തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് ആദ്യത്തെ പ്രതിസന്ധി. എത്ര തള്ളിയിട്ടും വാതില്‍ തുറക്കാനാവുന്നില്ല. കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിച്ചപോലെ കരുത്തോടെ എതിര്‍ത്തു നില്‍ക്കുകയാണ്. 
ഒടുവില്‍ ബ്രൂസ് ലീ സ്‌റ്റൈലിലുള്ള ഒരു ആക്രമണം കൊണ്ട് വാതില്‍ തുറന്നു. 
പോയപ്പോള്‍ കണ്ട വീടല്ല ഇനി കാണാന്‍ പോകുന്നത് എന്ന ഉറപ്പോടെയാണ് വാതില്‍ തുറന്നത്. എന്നാല്‍, പ്രതീക്ഷിച്ചതിനേക്കാള്‍, സങ്കല്പിച്ചതിനേക്കാള്‍ വിചിത്രമായിരുന്നു അകത്തെ കാഴ്ചകള്‍. 

തറ മുഴുവന്‍ കറുത്ത ചെളി. കുഷ്യന്‍ മാറ്റിയ സോഫാ സെറ്റ്, കസേരകള്‍, മരത്തിന്റെ അലമാര എന്നിവ തലങ്ങും വിലങ്ങും കിടക്കുന്നു. ബെഡ്‌റൂമിലെ കാഴ്ച തികച്ചും ആശ്ചര്യകരമായിരുന്നു. കുത്തനെ നില്‍ക്കുന്ന കട്ടില്‍. അതിലേക്ക് ചാഞ്ഞ് തലകീഴായി സ്റ്റീല്‍ അലമാര. നാലാള്‍ പിടിച്ചാല്‍ അനങ്ങാത്ത ഒരു മേശ മുറിയുടെ മറ്റേ മൂലക്കലെത്തി ഭ്രാന്തുപിടിച്ചു കിടക്കുന്നു. 

ചെളിയില്‍ കുഴഞ്ഞ ജനല്‍ക്കര്‍ട്ടനുകള്‍. ചുമരലമാരയില്‍നിന്ന് പുറത്തുചാടിയ പലതരം വസ്ത്രങ്ങള്‍ ചെളിയില്‍ പൂണ്ട് ഭീകരരൂപം പ്രാപിച്ചിരിക്കുന്നു. ചെളിയുടെ മേലാപ്പുമായി നിലത്തു പതിഞ്ഞുകിടക്കുന്ന പുസ്തകങ്ങള്‍. വെള്ളത്തിലൂടെ ശീഘ്രഗതിയില്‍ പായുന്ന ബ്രാഹ്മണിപ്പാമ്പുകള്‍. ചത്ത പഴുതാരകളുടെ ശ്മശാനം. ചെറിയതരം തവളകളുടെ ഉത്സവപ്പറമ്പ്. 
തികച്ചും ഹൊറര്‍ എന്ന് പറയാവുന്ന ദൃശ്യമായിരുന്നു അടുക്കള. വെള്ളം തൊടില്ലെന്ന പ്രതീക്ഷയില്‍ സ്ലാബിലേക്ക് പൊക്കിവെച്ചിരുന്ന ഫ്രിഡ്ജും തലകീഴായി കിടക്കുന്നു. ഗ്യാസ്‌കുറ്റി, അടുപ്പ്, അലമാരയില്‍നിന്ന് പുറത്തുചാടിയ അടുക്കളസാമാനങ്ങള്‍ നിറഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ചുമരിലെ ബര്‍ത്തില്‍ സൂക്ഷിച്ചിരുന്ന ചെമ്പുപാത്രങ്ങള്‍, ഇങ്ങനെ അടുക്കളയിലെന്തെല്ലാമുണ്ടോ അവയെല്ലാം അവിയല്‍ പരുവത്തില്‍ നിലത്ത് കൂടിക്കുഴഞ്ഞ് കിടക്കുകയാണ്. ചെളിയില്‍ പാകം ചെയ്ത ഒരു അവിയല്‍. ഓരോന്നും വേര്‍പെടുത്തിയെടുക്കാന്‍ തന്നെ കഴിയില്ല എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ ഒറ്റശരീരമായാണ് അവയുടെ കിടപ്പ്. 
അടുക്കളയിലെ സാധനസാമഗ്രികളെല്ലാം വെള്ളത്തില്‍ ഒഴുകിനടന്നിട്ടുണ്ടാവും. വെള്ളം പോയപ്പോള്‍ എല്ലാം കൂടി ഒന്നിച്ച് നിലത്തടിഞ്ഞതാണ്. 
ജനാലയിലൂടെ കടന്നുവരുന്ന അരണ്ടവെളിച്ചത്തില്‍ ഈ കാഴ്ച ഒരു ഹൊറര്‍ സിനിമയിലെ ദൃശ്യം പോലെ തോന്നിച്ചു.

വീട് മൊത്തം ഇതാണ് കാഴ്ച. ഷോ കേസിലെ ഷോ വസ്തുവും ഓരോരോ ചെളിക്കട്ടകളാണ്. അവാര്‍ഡുകളും ഓരോ പരിപാടിക്കെത്തുമ്പോള്‍ ലഭിക്കുന്ന മൊമെന്റോകളും ശില്പങ്ങളുമൊക്കെ ഇപ്പോള്‍ ചെളിശില്പങ്ങളാണ്. അവാര്‍ഡ് ഫലകങ്ങളിലെ ചുവരെഴുത്തുകള്‍ പലതും മാഞ്ഞുപോയിരിക്കുന്നു. 
നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. കാരണം, മിക്കവാറും എല്ലാ കാര്യങ്ങളും പുതുതായിത്തന്നെ ആരംഭിക്കേണ്ടതുണ്ട്. 
ഒന്നാം നിലയുടെ സീലിംഗില്‍ മുട്ടിയാണ് വെള്ളം ഒഴുകിയിരുന്നത്. സീലിംഗില്‍ തങ്ങിനില്‍ക്കുന്ന ഇലച്ചീളുകളും ചെളിയും അതു തെളിയിക്കുന്നു. അത്രത്തോളം ഉയരത്തില്‍ 4 ദിവസം വെള്ളം തങ്ങിനിന്നിട്ടുണ്ട്. അതുകൊണ്ട് ഒന്നാം നിലയില്‍ ഉപയോഗക്ഷമമായി ഒന്നുംതന്നെ അവശേഷിച്ചിട്ടില്ല. ബള്‍ബുകള്‍, സീലിംഗ് ഫാനുകള്‍, ട്യൂബുകള്‍ എല്ലാം. 

അതിനിടയിലും കൗതുകകരമായ ഒരു കാഴ്ച. ഡൈനിംഗ് ഹാളിലെ വെന്റിലേഷനില്‍ രണ്ടു പുസ്തകങ്ങള്‍ തങ്ങിയിരിക്കുന്നു. 
ടോയ്ലറ്റിന്റെ മുകള്‍ത്തട്ടിലേക്കു എടുത്തുവെച്ച പുസ്തകങ്ങള്‍ അതിനുമേല്‍ വെള്ളമെത്തിയതോടെ ഡൈനിംഗ് ഹാളിലേക്ക് ഒഴുകിയെത്തിയിരിക്കണം. നെറ്റ് അടിക്കാത്ത വെന്റിലേഷനിലൂടെ അവ പുറത്തേക്ക് ഒഴുകിപ്പോവുകയും ചെയ്തിരിക്കും. വെള്ളം താഴാന്‍ തുടങ്ങിയ സന്ദര്‍ഭത്തില്‍ ഒഴുകിയെത്തിയ രണ്ടു പുസ്തകങ്ങളാവാം അവിടെ ഇപ്പോള്‍ തങ്ങിനില്‍ക്കുന്നത്.

വെള്ളപ്പൊക്കത്തിന്റെ കൗതുകകരമായ ഒരു സ്വയം സ്മാരകം. 
ജലനിരപ്പ് വീടിനു പുറത്തേക്ക് എത്തിയിരുന്നു. ഇപ്പോഴും വീടിനു മുന്നിലെ റോഡില്‍ ഒഴുക്കുണ്ട്. വെള്ളം അതിവേഗം ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കിട്ടിയ അവസരമുപയോഗിച്ച് വീടിനകത്ത് ഒരു ക്ലീനിംഗ് നടത്തിവെയ്ക്കാം. 
മുറ്റത്തുനിന്ന് ബക്കറ്റില്‍ വെള്ളം കോരി ജനാലയിലൂടെ അകത്തേയ്ക്ക് കുത്തിയൊഴിക്കാന്‍ തുടങ്ങി. ചെളിവെള്ളം പുറത്തേയ്‌ക്കെത്തിക്കുകയാണ് ലക്ഷ്യം. അങ്ങനെ വളരെ നേരം ഒഴിച്ചിട്ടാണ് കുറച്ചെങ്കിലും ചെളി പുറത്തുചാടിയത്. 
ഒരു മണിക്കൂറിനകം വെള്ളം മുറ്റത്തുനിന്ന് റോഡിലേക്കിറങ്ങിനിന്നു. വെള്ളമിറങ്ങിയ മുറ്റം ഒരു ചെളിപ്പാടമായി തുറിച്ചുനോക്കി. 
അല്പം കഴിഞ്ഞ് റോഡിലെ ഒഴുക്കും നിന്നു. 
വെള്ളമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നതിനാല്‍ വീട് പൂട്ടി അങ്കമാലിക്ക് മടക്കം. 

2018 ആഗസ്റ്റ് 20

വെള്ളപ്പൊക്കം അവസാനിച്ചു. ഇനി ദുരിതത്തിന്റെ രണ്ടാം ഘട്ടമാണ്. 
വീട് ഒരു നിലയ്ക്കും പഴയപോലെ ആക്കാന്‍ കഴിയില്ല. എന്നാലും ജീവിക്കാന്‍ പാകത്തിലാക്കിയെടുക്കേണ്ടതുണ്ട്. അതിന് ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുമുണ്ട്.
വൃദ്ധരായ ആളുകള്‍ക്ക് സ്വന്തം ആവാസവ്യവസ്ഥയിലേ ശീലാനുസരണം ജീവിക്കാന്‍ കഴിയൂ. എന്റെ ഭാര്യാപിതാവിനുവേണ്ടി എത്രയും വേഗം ചാലക്കുടിയിലെ വീട് സജ്ജമാക്കേണ്ടതുണ്ടായിരുന്നു. 

മൂന്നാല് പണിക്കാരെ സംഘടിപ്പിക്കുകയാണ് ആദ്യം വേണ്ടത്. വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍ ആണ്ടുപോയ ചാലക്കുടിയില്‍ ഈ സമയത്ത് മൂന്നാല് പണിക്കാരെ കിട്ടുക എളുപ്പമല്ല. 
സുഹൃത്തും വീടിന്റെ കോണ്‍ട്രാക്ട് പണികള്‍ ചെയ്യുന്ന ആളുമായ ഷാജിയെ വിളിച്ചു ചോദിച്ചു: മൂന്നാല് പണിക്കാരെ വിട്ടുതരാന്‍ പറ്റുമോ?
മറുപുറത്തുനിന്ന് ഷാജി പറഞ്ഞു: എന്റെ വീടും മുങ്ങിപ്പോയി മാഷെ. ഒന്നും മാറ്റാന്‍ പറ്റിയില്ല. എല്ലാം നശിച്ചുപോയി. കണ്ടാല്‍ സഹിക്കില്ല. അതുകൊണ്ട് അതൊന്ന് ശരിപ്പെടുത്താന്‍ ഞാനും പണിക്കാരെ നോക്കുകയാണ്. 
പലരേയും വിളിച്ചുനോക്കി. എല്ലാവരും നിസ്സഹായതയോടെ കൈ മലര്‍ത്തുന്നു. 
അല്പം കഴിഞ്ഞ് ഷാജിയുടെ വിളി വന്നു: എന്റെ മൂന്ന് പണിക്കാരെ വിട്ടുതരാം. മാഷുടെ വീടിന്റെ പണി നടക്കട്ടെ. 
ഒരു ലോട്ടറിയടിച്ച പ്രതീതിയായിരുന്നു. മൂന്ന് പണിക്കാരെ ഒറ്റയടിക്ക് കിട്ടിയിരിക്കുകയാണ്. 
ഞാനും ഭാര്യയും രാധാമണിച്ചേച്ചിയും ഉച്ചഭക്ഷണവും പൊതിഞ്ഞുകെട്ടി അങ്കമാലിയില്‍നിന്ന് ചാലക്കുടിക്കു പാഞ്ഞു. അവിടെ മൂന്നു പണിക്കാര്‍ ഹാജരുണ്ട്. 
പണിക്കാരെ കിട്ടിയതുകൊണ്ടുമാത്രം കാര്യമില്ല. വീടും ഫര്‍ണീച്ചറുകളും വൃത്തിയാക്കണമെങ്കില്‍ വെള്ളം വേണം. 
കറുത്തു കുറുകിയ വെള്ളമാണ് കിണറ്റിലുള്ളത്. വെള്ളപ്പൊക്കം വഹിച്ചുകൊണ്ടുവന്ന ചെളിയെല്ലാം അതില്‍ ശേഖരിക്കപ്പെട്ടിരിക്കയാണ്. 
കിണറ്റിലെ വെള്ളം ശുദ്ധിയാക്കുന്നതിന് കാത്തുനില്‍ക്കാന്‍ വയ്യ. തല്‍ക്കാലം ആ വെള്ളം മാത്രമാണ് ആശ്രയം. 

വെള്ളം കോരിയെടുത്ത് വീട് വൃത്തിയാക്കുക എളുപ്പമല്ല. ജനറേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഒരു മോട്ടോര്‍ സംഘടിപ്പിക്കണം. 
പരിയാരം എന്ന സ്ഥലത്ത് ഇത്തരം മോട്ടോര്‍ വാടകയ്ക്ക് കൊടുക്കുന്ന ഒരാള്‍ ഉണ്ട് എന്ന് കേട്ട് അവിടേയ്ക്കു വിട്ടു. 
നാട്ടുകാര്‍ മുഴുവന്‍ ആവശ്യക്കാരായതുകൊണ്ട് മോട്ടോര്‍ വാടകയ്ക്ക് കൊടുക്കുന്നില്ല. മോട്ടോറുമായി സ്ഥലത്ത് വന്ന് വെള്ളം അടിച്ചുതരും. നിങ്ങള്‍ ക്യൂവിലാണ് എന്ന് ഒരറിയിപ്പും. 
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും മോട്ടോറുകാരന്‍ എത്തി. ജനറേറ്റര്‍ ഉപയോഗിച്ച് കിണറ്റിലെ വെള്ളം മുകളിലെ ടാങ്കുകളില്‍ അടിച്ചുകയറ്റി. കിട്ടാവുന്ന പാത്രങ്ങളിലൊക്കെയും ഞങ്ങള്‍ വെള്ളം പിടിച്ചുവെയ്ക്കുകയും ചെയ്തു. 

അങ്ങനെ പ്രളയാനന്തര വീട് ക്ലീനിംഗ് ആരംഭിക്കുന്നു. 
ക്ലീനിംഗ് ആരംഭിക്കുമ്പോഴാണ് എന്തൊക്കെ നഷ്ടപ്പെട്ടു, എന്തൊക്കെ നശിച്ചു എന്ന് വ്യക്തമാവുക. സാമ്പത്തികനഷ്ടം മാത്രമല്ല നഷ്ടം. വൈകാരികമൂല്യം ഉള്ള എന്തെല്ലാം ഉണ്ടാകും ഒരു വീട്ടില്‍. അതിന്റെ നഷ്ടമാകട്ടെ, ഒരിക്കലും നികത്താനാവാത്തതുമാണ്. 
90 വര്‍ഷം മുന്‍പുള്ള ഫോട്ടോകള്‍ ഉള്‍പ്പെടുന്ന, പഴയകാല ഓര്‍മ്മകള്‍ നിറഞ്ഞ ആല്‍ബം. പുരസ്‌കാരങ്ങളുടെ രേഖകള്‍. 
മകളുടെ ഒന്നാം ക്ലാസ്സ് മുതലുള്ള പാഠപുസ്തകങ്ങളും നോട്ടുകളും. കൈക്കുഞ്ഞു കാലം മുതലുള്ള ഉടുപ്പുകള്‍. കളിപ്പാട്ടങ്ങള്‍. 
'ഒ.എന്‍.വി സാര്‍ തന്ന നോട്ടാണ്' എന്ന അഭിമാനത്തോടെ പാര്‍വ്വതി ഇക്കാലം വരെ സൂക്ഷിച്ചുപോന്ന ബി.എ, എം.എ ക്ലാസ്സുകളിലെ നോട്ടുകള്‍. 
കഴിഞ്ഞ പത്തുവര്‍ഷമായി ഞാന്‍ സൂക്ഷിച്ചുപോരുന്ന മാതൃഭൂമി, മലയാളം വാരികകള്‍. 
എല്ലാം ചെളിയില്‍ കുഴഞ്ഞിരിക്കുന്നു. പ്രളയം കൊണ്ടുവന്ന കെട്ട മണവും. 
പറമ്പിന്റെ മൂലയിലേക്ക് ഓരോന്നും വലിച്ചെറിയുമ്പോള്‍ കഴിഞ്ഞ എത്രയോ വര്‍ഷക്കാലത്തെ ഹൃദയമിടിപ്പുകള്‍ ഒന്നിച്ചു കേള്‍ക്കാനാവും. 

2019 ആഗസ്റ്റ് 23
വീട് വൃത്തിയാക്കല്‍ നാലാം ദിവസവും തുടരുകയാണ്. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറ് വരെ പണിക്കാര്‍ മാത്രമല്ല, ഞാനും ഭാര്യയും സര്‍വ്വന്റും യന്ത്രസമാനം പണിയെടുക്കുന്നു. 
വീട്ടിലെ ഫര്‍ണീച്ചറുകളെല്ലാം വീടിനു പുറത്തെടുത്തിട്ട് വീടും ഫര്‍ണീച്ചറുകളും വൃത്തിയാക്കുന്നത് പണിക്കാരാണ്. 
മോട്ടോറുകാരന്‍ പല തവണ വന്ന് ടാങ്കില്‍ വെള്ളം നിറച്ചു തന്നു. 
നിലത്തെ ചെളി നീക്കം ചെയ്തതിനുശേഷം ഓരോ ചുമരും സോപ്പും ഡെറ്റോള്‍ വെള്ളവും ഉപയോഗിച്ചു കഴുകി. 

സ്വിച്ച് ബോര്‍ഡുകള്‍ക്കകത്ത് മുഴുവന്‍ ചെളി നിറഞ്ഞിരിക്കയാണ്. ഈ സ്ഥിതിയില്‍ വീട്ടില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയില്ല. സ്വിച്ച്‌ബോര്‍ഡ് തുറന്ന് അകം വൃത്തിയാക്കി ഉണങ്ങിയതിനുശേഷം ചെന്ന് അറിയിച്ചാല്‍ ഇലക്ട്രിക് കണക്ഷന്‍ തരാമെന്ന് ഇലക്ട്രിക് ഓഫീസുകാര്‍. 

ഇലക്ട്രീഷ്യന്‍മാര്‍ക്ക് വമ്പന്‍ ഡിമാന്റുള്ള ദിവസങ്ങളാണ്. എങ്കിലും സുഹൃത്തായ ഒരു ഇലക്ട്രീഷ്യന്‍ സഹായിക്കാമെന്ന് ഏറ്റു. സ്വിച്ച് ബോര്‍ഡുകളെല്ലാം തുറന്നുവെച്ചു. സീലിങ്ങ് ഫാനുകള്‍ അഴിച്ചെടുത്തു. എല്ലാം കഴുകി വൃത്തിയാക്കുന്ന ജോലി ഞാന്‍ തന്നെ ഏറ്റെടുത്തു. 

എറണാകുളം പാലയ്ക്കലില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ വീടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നു
എറണാകുളം പാലയ്ക്കലില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ വീടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നു


മോട്ടോര്‍ കേടായിക്കിടക്കുകയാണ്. മോട്ടോര്‍ നന്നാക്കുന്ന കടയില്‍ കാര്യം പറയാനെത്തിയപ്പള്‍ മെക്കാനിക്കിന്റെ കടയുടെ പരിസരം മുഴുവന്‍ അഴിച്ചെടുത്ത മോട്ടോറുകളുടെ കാര്‍ണിവല്‍. മെക്കാനിക്ക് പറഞ്ഞു: ഇതെല്ലാം നന്നാക്കിക്കഴിഞ്ഞേ പറ്റൂ. 
ഒരു മാസം കഴിഞ്ഞ് നോക്കിയാല്‍ മതി എന്ന് ധ്വനി. 
ടാങ്കില്‍ വെള്ളം നിറക്കാന്‍ വരുന്ന മോട്ടോറുകാരന് എന്നോട് ദയ തോന്നി. ഒരു തവണ ടാങ്ക് നിറക്കാന്‍ 700 രൂപയാണ് ചാര്‍ജ്. പല തവണ ടാങ്ക് നിറച്ച വകയില്‍ ഒരു മോട്ടോര്‍ വാങ്ങാനുള്ള കാശ് അയാള്‍ക്ക് ഞാന്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുകൂടിയാവാം എന്റെ മോട്ടോര്‍ നന്നാക്കിത്തരുന്ന ചുമതല അയാള്‍ ഏറ്റെടുത്തു. മോട്ടോര്‍ അഴിച്ചെടുത്ത് കൊണ്ടുപോവുകയും ചെയ്തു. 
ഓരോ ഏരിയയും വേര്‍തിരിച്ചാണ് വീട് വൃത്തിയാക്കിക്കൊണ്ടിരുന്നത്. ഒരു ദിവസം അടുക്കള അലമാരിയിലെ വസ്തുക്കള്‍. ചെളിയില്‍നിന്ന് വേര്‍പെടുത്തിയെടുത്ത പ്ലാസ്റ്റിക് പാത്രങ്ങളാണ് കൂടുതല്‍.

അതിനകത്തുണ്ടായിരുന്ന പയറും കടലയും ജീരകവും മറ്റും വെള്ളം കയറി ചീര്‍ത്തും ചീഞ്ഞും പോയിരുന്നു. ഈ കുപ്പികളെല്ലാം വലിച്ചെറിഞ്ഞ് പുതിയ കുപ്പികള്‍ വാങ്ങുകയാണ് നല്ലത്. പക്ഷേ, പാര്‍വ്വതിക്ക് അതിനോട് യോജിപ്പില്ല. ഇത്രയും കാലം ഉപയോഗിച്ച പാത്രങ്ങളാണ്. നല്ലതു നോക്കി കഴുകിയെടുക്കാം. 
പിന്‍മുറ്റത്ത് കണങ്കാലോളം ചെളിയാണ്. ആ ചെളിയിലൂടെ സഞ്ചരിച്ചാണ് അടുക്കളപ്പാത്രങ്ങള്‍ മുറ്റത്തിന്റെ ഒരു ഓരത്ത് പെറുക്കിക്കൂട്ടുന്നതും കഴുകിയെടുക്കുന്നതും. 
ഒരു ദിവസം കൊണ്ട് അടുക്കള സാമഗ്രികള്‍. 
ഒരു ദിവസം ഷോ കേസ് വസ്തുക്കള്‍. അവാര്‍ഡുകള്‍, മൊമെന്റോകള്‍.
ബെഡ്‌റൂമിന്റെ അട്ടത്ത് സൂക്ഷിച്ചിരുന്ന പത്തിരുപതു ബാഗുകള്‍. അവയില്‍ നാലഞ്ചെണ്ണം ഒഴികെ എല്ലാം വലിച്ചെറിഞ്ഞു. ആ നാലഞ്ചെണ്ണം തന്നെ കഴുകിയെടുക്കാന്‍ ഒരു ദിവസം വേണ്ടിവന്നു. 

അതിഥികള്‍ വരുമ്പോള്‍ ഉപയോഗിക്കാന്‍ വെച്ചിരുന്ന തലയണകള്‍, ബെഡ്ഷീറ്റുകള്‍. എല്ലാം നിഷ്‌കരുണം വലിച്ചെറിഞ്ഞു. പ്രളയച്ചെളി ഉണങ്ങിയ പൊടി അലര്‍ജിയുണ്ടാക്കും എന്ന് പ്രളയജ്ഞാനികളുടെ ഉപദേശം. 
കിണര്‍ ശുദ്ധീകരിക്കുക എന്ന യജ്ഞമാണ് അടുത്തതായി പൂര്‍ത്തീകരിക്കേണ്ടത്. കിണര്‍ ശുദ്ധീകരിക്കുന്ന നിരവധി സംഘങ്ങള്‍ സജീവമാണ്. അതിലൊരു സംഘത്തിന്റെ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. നിലവില്‍ നാലു വീടുകളില്‍ കിണര്‍ ശുദ്ധീകരിക്കാന്‍ കരാറുണ്ട്. അതു കഴിഞ്ഞാല്‍ എത്തും. 
22-ാം തീയതി സന്ധ്യാനേരത്ത് ഒരു കൂറ്റന്‍ ജനറേറ്റര്‍ കം മോട്ടോറുമായി അവര്‍ വന്നു. ഒരു മണിക്കൂര്‍കൊണ്ട് കിണറ്റിലെ വെള്ളം വറ്റിച്ച് അയ്യായിരം രൂപയും കൈപ്പറ്റി അവര്‍ മടങ്ങി. 
23-ന് രാത്രി മോട്ടോറുകാരന്‍ മോട്ടോര്‍ നന്നാക്കിക്കൊണ്ട് വന്നു സ്ഥാപിച്ചു. വൈദ്യുതി ഇല്ലാത്തതുകൊണ്ട് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ നിര്‍വ്വാഹമില്ല. 

2018 ആഗസ്റ്റ് 24
രാവിലെ ഇലക്ട്രീഷ്യനെ വിളിച്ചുവരുത്തി സ്വിച്ച് ബോര്‍ഡുകള്‍ പുനഃസ്ഥാപിച്ചു. എല്ലാ സ്വിച്ചുകളും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടെന്ന് ഇലക്ട്രീഷ്യന്റെ നിര്‍ദ്ദേശം. സ്വിച്ച് ബോര്‍ഡുകള്‍ക്കകത്ത് വയറുകള്‍ ഉണങ്ങിയിട്ടില്ല. തല്‍ക്കാലം ഉപയോഗിക്കാന്‍ മാത്രം രണ്ടോ മൂന്നോ ബള്‍ബുകളില്‍ മാത്രം കണക്ഷന്‍ കൊടുക്കാം, മോട്ടോറിലേക്കും. 
കിണര്‍ ശുദ്ധീകരിക്കാന്‍ വന്നവരുടെ ആവേശം കാരണം എന്റെ മോട്ടോറിന്റെ പൈപ്പില്‍ സ്ഥാപിക്കേണ്ട വാല്‍വ് നഷ്ടപ്പെട്ടിരുന്നു. അത് വാങ്ങി ഹോസിനു ചുവട്ടില്‍ സ്ഥാപിച്ചാലേ മോട്ടോറില്‍ വെള്ളം കയറൂ.  
ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപത്ത് ഇലക്ട്രിക് സാമഗ്രികള്‍ വില്‍ക്കുന്ന ഒരു കടയുണ്ട്. 

കടയിലെത്തുമ്പോള്‍ പരിസരമാകെ ഒരു യുദ്ധക്കളം പോലെ കിടക്കുകയാണ്. കടയില്‍ എട്ടടി വെള്ളം കയറി സാധനങ്ങളൊക്കെ നനഞ്ഞുപോയി. അവയില്‍ ചില സാമഗ്രികള്‍ കഴുകിയെടുക്കാനുള്ള ഉദ്യമത്തിലാണ് ജോലിക്കാര്‍. 
കടയുടമ വീട്ടിലാണ്. വീട്ടിലും വെള്ളം കയറിയതുകൊണ്ട് ആള്‍ വീട് വൃത്തിയാക്കുന്ന തിരക്കിലാണ്. 

എനിക്ക് അടിയന്തരമായി മോട്ടോറിന്റെ വാല്‍വ് കിട്ടിയേ മതിയാകൂ. കടയിലുണ്ടായിരുന്ന സാധനങ്ങള്‍ പലതും വീട്ടിലേക്ക് മാറ്റിയിരിക്കയാണ്. വീട്ടില്‍ ചെന്നാല്‍ സാധനം കിട്ടും എന്ന് ജോലിക്കാര്‍. അവരില്‍നിന്ന് വഴി ചോദിച്ചറിഞ്ഞ് ഞാന്‍ കടയുടമയുടെ വീട്ടിലേക്കു പുറപ്പെട്ടു. 

ചാലക്കുടിയിലെ റെയില്‍വേ മേല്‍പ്പാലം പിന്നിട്ട് പണിക്കാര്‍ പറഞ്ഞ വഴികളിലൂടെ നാലഞ്ചു വളവുകള്‍ പിന്നിട്ടു. ലക്ഷ്യംവെച്ച വീട് കണ്ടെത്താന്‍ കഴിയുന്നില്ല. വഴി തെറ്റിയെന്ന് ഉറപ്പ്. ആരോടെങ്കിലും വഴി ചോദിക്കാം എന്ന പ്രതീക്ഷയില്‍ ചുറ്റും പരതുമ്പോഴാണ് ഭയങ്കരമായ ആ യാഥാര്‍ത്ഥ്യം മനസ്സിലാവുന്നത്. സമീപത്തെ എല്ലാ വീടുകളും നിര്‍ജ്ജീവമാണ്. പ്രളയകാലത്ത് വീടുവിട്ടുപോയ ഒരു കുടുംബവും തിരിച്ചെത്തിയിട്ടില്ല. എല്ലാ വീടുകളും ഗാഢമായ മൗനത്തിലാണ്ട് ശിരസ്സ് കുനിച്ചിരിക്കുകയാണ്. വീടുകള്‍ രണ്ടു നിലയോളം വെള്ളത്തിലമര്‍ന്ന പ്രദേശമാണ്. കറണ്ടോ വെള്ളമോ സാങ്കേതികസന്നാഹങ്ങളോ ഇല്ലാതെ മടങ്ങിയെത്തിയതുകൊണ്ട് പ്രയോജനമില്ല എന്നതുകൊണ്ടാവാം എല്ലാവരും മടങ്ങിയെത്താന്‍ വൈകുന്നത്. 

വഴി ചോദിക്കാന്‍ ഒരാളെപ്പോലും കണ്ടെത്താനാവാതെയാണ് ശ്മശാനം പോലെ നിശ്ശബ്ദമായ ആ പ്രദേശത്തുനിന്ന് ഞാന്‍ മടങ്ങിയത്. 
വീട് ഒരുവിധം വൃത്തിയായിക്കഴിഞ്ഞിരുന്നു. അടിയന്തര പ്രാധാന്യമുള്ള സാമഗ്രികളും കഴുകിയെടുത്തു. പകുതിയോളം സാമഗ്രികള്‍ ഇനിയും വൃത്തിയാക്കാനുണ്ട്. അതു പിന്നീടാവാം എന്ന ന്യായത്തില്‍ ടെറസില്‍ കൊണ്ടുപോയി നിക്ഷേപിച്ചു. 

അടുക്കളസാമഗ്രികളില്‍ അരിയൊഴികെ മറ്റ് അടുക്കളസാമഗ്രികളെല്ലാം പ്രളയത്തില്‍ നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് പുതിയൊരു ഗൃഹപ്രവേശനത്തിനുള്ള ഒരുക്കംപോലെ എല്ലാം ആദ്യം മുതല്‍ തന്നെ തുടങ്ങേണ്ടിയിരുന്നു. 

വാങ്ങേണ്ട വസ്തുക്കളുടെ ലിസ്റ്റ് ആവശ്യമില്ല. അടുക്കളയില്‍ എന്തൊക്കെ ആവശ്യമുണ്ടോ അവയൊക്കെ വാങ്ങണം. 
ചാലക്കുടി മാര്‍ക്കറ്റ്. ഡെറ്റോളും സോപ്പും വാങ്ങാന്‍ നാല് ദിവസം മുന്‍പ് മാര്‍ക്കറ്റില്‍ പോയിരുന്നതാണ്. പ്രളയത്തില്‍ മുങ്ങി നാശകോശമായിക്കഴിഞ്ഞിരുന്ന മാര്‍ക്കറ്റ് അപ്പോള്‍ പ്രവര്‍ത്തനസജ്ജമായിരുന്നില്ല. കേരളത്തില്‍ പ്രളയംകൊണ്ട് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ട ഇടം ചാലക്കുടി മാര്‍ക്കറ്റ് ആയിരിക്കണം. ഓണക്കാലമായതുകൊണ്ട് എല്ലാ ഷോപ്പുകളിലും ധാരാളം സ്റ്റോക്ക് കരുതിവെച്ചിരുന്നു. ആയിരക്കണക്കിന് ചാക്ക് അരിയാണ് ഒരു മൊത്തവില്പനക്കാരന് നഷ്ടമായത്. അതുപോലെ പലചരക്കു കടകള്‍. തുണിക്കടകള്‍. ഡ്രൈ ഫ്രൂട്‌സും നട്‌സും വില്‍ക്കുന്ന കടക്കാരന്‍ പറഞ്ഞു: അഞ്ചു ചാക്ക് കശുവണ്ടിപ്പരിപ്പാണ് ചീഞ്ഞുപോയത്. 

ഇടവഴിയിലൂടെയാണ് ചാലക്കുടിപ്പുഴ കയറിവന്നത്. കയറിവന്ന വെള്ളം പലയിടത്തും വഴിയടഞ്ഞ് പൊടുന്നനെ ഒരു ഡാം പോലെയായി മാറി. അങ്ങനെയാണ് മാര്‍ക്കറ്റിന് ഇത്രയധികം നാശം സംഭവിച്ചത്. 
ആറ് ദിവസം കൊണ്ട് മാര്‍ക്കറ്റിന് പുതുജീവന്‍ ലഭിച്ചു കഴിഞ്ഞിരുന്നു. ചില കടകള്‍ തുറന്നുവെച്ചിട്ടുണ്ട്. പരിമിത വിഭവങ്ങള്‍ വെച്ചുകൊണ്ട് ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഓരോ കടയും. 

ഞങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്ന കട പൊതുവെ സ്റ്റോക്കിന്റെ ആധിക്യംകൊണ്ട് ശ്വാസംമുട്ടുന്ന സ്ഥിതിയിലായിരിക്കും. ആ സ്ഥാനത്ത് ഇപ്പോള്‍ അഞ്ചെട്ടു ചാക്കുകള്‍ മാത്രം. കുറേ പാക്കറ്റുകളും.
കടക്കാരനോട് ഞാന്‍ ഉപചരിച്ചു: വെള്ളം കയറി അല്ലേ? 
കണക്കെഴുതിക്കൂട്ടുന്ന തിരക്കിലായിരുന്ന അയാള്‍ മുഖമുയര്‍ത്താതെ ആത്മഗതം പോലെ പറഞ്ഞു: 
''പോയി. എല്ലാം പോയി. സാരമില്ല, എല്ലാം നമുക്കുണ്ടാക്കാം.''

2018 ആഗസ്റ്റ് 25
വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. രണ്ടു മൂന്ന് ബള്‍ബുകളില്‍ വെളിച്ചമെത്തി. മോട്ടോറും സ്ഥാപിച്ചു. ജീവിക്കാനുള്ള സാഹചര്യമൊക്കെയായി. 
ചുമരുകളും മരംകൊണ്ടുള്ള അലമാരകളും വെള്ളത്തില്‍ നനഞ്ഞുകുതിര്‍ന്നു പോയിരുന്നു. അവയിലെ ഈര്‍പ്പം വിടാന്‍ മാസങ്ങള്‍ വേണ്ടിവരും. ചീര്‍ത്തുപോയ വാതിലുകള്‍ യഥാവിധി അടയ്ക്കാനും ദിവസങ്ങള്‍ കുറേ കഴിയണം. 

ജനാലക്കര്‍ട്ടനുകള്‍ ചെളിയില്‍ കുഴഞ്ഞുപോയിരുന്നെങ്കിലും ഒന്നും ഉപേക്ഷിച്ചിരുന്നില്ല. കഴുകി വെടിപ്പാക്കാം എന്ന പ്ലാനോടെ അഴിച്ച് ടെറസില്‍ സൂക്ഷിച്ചിരിക്കുന്നു. 
ഇത്രയൊക്കെ ആയ സ്ഥിതിക്ക് ചാലക്കുടിയിലേക്ക് താമസം മാറ്റാന്‍ നിശ്ചയിച്ചു. 
രാവിലെ തന്നെ ബാഗുകളെല്ലാം നിറച്ച്, അങ്കമാലിയില്‍നിന്നു വാങ്ങിയ അടുക്കള സാമഗ്രികളുമായി ചാലക്കുടിക്ക്. 

കിണറിലെ വെള്ളം വറ്റിക്കുകയും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുകയും ചെയ്തുവെങ്കിലും വെള്ളത്തിന്റെ നിറം തെളിഞ്ഞിരുന്നില്ല. കുടിക്കാനോ പാചകം ചെയ്യാനോ ആ വെള്ളം ഉപയോഗിക്കാനാവില്ല. 
എവിടുന്നെങ്കിലും കുറച്ച് കുടിവെള്ളം സംഘടിപ്പിക്കണം. കുപ്പിവെള്ളമെങ്കില്‍ കുപ്പിവെള്ളം എന്ന ലക്ഷ്യത്തോടെ ഞാനും ചേട്ടനും കാറില്‍ ടൗണിലേക്കിറങ്ങി. 
ടൗണില്‍വെച്ചു കണ്ട ഒരു അഭ്യുദയകാംക്ഷി ഇങ്ങനെ ഉപദേശിച്ചു: കുടിവെള്ളം വാങ്ങാനാണെങ്കില്‍ ചാലക്കുടിയില്‍നിന്നു വേണ്ട. ഇവിടുന്നു കിട്ടുന്ന ഏതു വെള്ളവും പ്രളയത്തിന്റെ വെള്ളമായിരിക്കും. 


അതിന് അയാള്‍ തന്നെ ഒരു പരിഹാരവും നിര്‍ദ്ദേശിച്ചു. കോടാലി എന്ന സ്ഥലത്ത് കുടിവെള്ളം നിര്‍മ്മിക്കുന്ന ഒരു കമ്പനിയുണ്ട്. തൃശൂര്‍ ജില്ലയിലെ പല പ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നത് അവരാണ്. 
കോടാലിയിലേക്കുള്ള വഴിയെല്ലാം പഠിച്ച് ഞാനും ജ്യേഷ്ഠനും കാറില്‍ പുറപ്പെട്ടു. കൊടകരയില്‍നിന്ന് കിഴക്കു ദിശയിലാണ് കോടാലി എന്ന സ്ഥലം. പലരോട് ചോദിച്ച് വഴി ഗ്രഹിച്ച് ഒടുവില്‍ ലക്ഷ്യസ്ഥാനത്തെത്തി. 
കമ്പനിയുടെ ബോര്‍ഡിനു മുന്നില്‍ വണ്ടി നിര്‍ത്തി ഞങ്ങള്‍ നിന്നു. കമ്പനിയുടെ കൂറ്റന്‍ ഗെയ്റ്റ് അടഞ്ഞുകിടക്കുന്നു. കമ്പനിയുടെ മുന്‍പില്‍ വെള്ളത്തില്‍ കുതിര്‍ന്ന കാര്‍ഡ് ബോര്‍ഡുകളുടെ ഒരു വലിയ കൂമ്പാരം. പരിസരത്തൊന്നും ആരെയും കാണുന്നില്ല. 
അല്പനേരം അങ്ങനെ നിന്നപ്പോള്‍ എവിടെനിന്നോ ഒരു യുവാവ് പ്രത്യക്ഷപ്പെട്ടു. 

കമ്പനി ഇപ്പോള്‍ തുറക്കുന്നില്ല. ദാ, ആ പൊക്കത്തില്‍ വെള്ളം കയറി. അന്ന് ഇവിടം വിട്ടുപോയതാണവര്‍. ഇതുവരെ തിരിച്ചു വന്നിട്ടില്ല. 
കുടിവെള്ളം മാത്രമല്ല, കുടിവെള്ളക്കമ്പനി തന്നെ പ്രളയത്തില്‍ മുങ്ങിപ്പോയി എന്ന് കേള്‍ക്കെ ആ സന്ദര്‍ഭത്തിലും അതൊരു വലിയ ഫലിതമായി തോന്നി. 
വെള്ളമില്ലാതെങ്ങനെ ജീവിക്കും?

കോടാലിയില്‍നിന്നുകൊണ്ടുതന്നെ വാര്‍ഡ് കൗണ്‍സിലറെ വിളിച്ചു: ഇന്നു മുതല്‍ ചാലക്കുടിയില്‍ താമസമാരംഭിക്കുകയാണ്. ശുദ്ധജലം കിട്ടാന്‍ ഒരു വഴിയും കാണുന്നില്ല. സഹായിക്കാന്‍ പറ്റുമോ? പ്രളയം കയറാത്ത ഏതെങ്കിലും കിണറുണ്ടെങ്കില്‍ അവിടെ വന്നു കോരിക്കൊള്ളാം. 
കൗണ്‍സിലര്‍ ബിജു പ്രശ്‌നം പരിഹരിച്ചു തന്നു: നമ്മുടെ വാര്‍ഡിലുള്ള ലത്തീന്‍പള്ളിയില്‍ വെള്ളം ശുദ്ധീകരിച്ചു കൊടുക്കുന്നുണ്ട്. സാറ് പാത്രവുമായി അവിടെ ചെന്നാല്‍ മതി. 


എന്റെ വീട്ടില്‍നിന്ന് അര കിലോമീറ്റര്‍ അകലെയായിരുന്നു ലത്തീന്‍പള്ളി. അല്പം ഉയര്‍ന്ന പ്രദേശമായതുകൊണ്ട് അവിടെ വെള്ളം കയറിയിരുന്നില്ല. പള്ളിയുടെ പാരിഷ് ഹാളായിരുന്നു പ്രദേശത്തെ അഭയാര്‍ത്ഥിക്ക്യാമ്പ്. ക്യാമ്പ് പിരിച്ചുവിട്ടെങ്കിലും വെള്ളത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പലരുടേയും അഭയകേന്ദ്രം പള്ളിയാണ്. 
ഞാനും ചേട്ടനും പോയി നാല് സ്റ്റീല്‍പാത്രങ്ങളില്‍ വെള്ളം ശേഖരിച്ചു വന്നു. രണ്ടു ദിവസത്തേക്ക് പാചകം ചെയ്യാനും കുടിക്കാനും വെള്ളമായി. 
ചേട്ടനും കുടുംബവും സന്ധ്യയോടെ മടങ്ങി. 
അത്താഴം ഹോട്ടലില്‍നിന്ന് പാഴ്സലായി കൊണ്ടുവന്നു. 
താഴെ ഒരു മുറിയിലും ഹാളിലും അടുക്കളയിലും മാത്രമേ വെളിച്ചമുള്ളു. കര്‍ട്ടനുകള്‍ നീങ്ങിയ ജനാലയിലൂടെ അകത്തെ കാഴ്ചകളെല്ലാം പുറത്തുനിന്ന് സിനിമപോലെ കാണാം. 

തുണിയഴിഞ്ഞ് നാണംകെട്ട് നില്‍ക്കുന്ന ജനാലകള്‍ എന്ന് ഒരു ഫലിതം തോന്നി. 
രാത്രി ഒന്‍പതു മണി. വാതില്‍ തുറന്നു പുറത്തേക്ക് നോക്കി. വീടിനു പുറത്ത് ഘോരമായ അന്ധകാരമാണ്. വഴിവിളക്കുകള്‍ കത്തുന്നില്ല. പരിസരത്ത് ഒരു വീട്ടിലും വെളിച്ചമില്ല. 
പ്രളയത്തില്‍ വീടുവിട്ടുപോയ പരിസരവാസികളില്‍ ഞങ്ങള്‍ മാത്രമാണ് മടങ്ങിയെത്തിയത്. സമീപത്തെ വീടുകള്‍ വൃത്തിയാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുതന്നെയില്ല. 
എത്ര നിസ്സഹായമാണ് ഇപ്പോള്‍ ഞങ്ങളുടെ സ്ഥിതി. ഏതെങ്കിലും തരത്തില്‍ ആക്രമിക്കപ്പെട്ടാല്‍ ഞങ്ങളുടെ നിലവിളി കേള്‍ക്കാന്‍ സമീപത്ത് ഒരിടത്തും ഒരു മനുഷ്യജീവിയുമില്ല. 
പ്രളയത്തില്‍ മുങ്ങിയ വീട്ടില്‍ ആറാം നാള്‍ ജീവിതം പുനരാരംഭിക്കാന്‍ കഴിയുക അത്ര എളുപ്പമൊന്നുമല്ല. എത്ര കടമ്പകള്‍ അതിനുവേണ്ടി മറികടക്കേണ്ടതുണ്ട്. ഞങ്ങള്‍ക്കതിന് സാധിച്ചിരിക്കുന്നു. അതില്‍ ആശ്വസിക്കാം. സന്തോഷിക്കാം. 
പ്രളയത്തേയും അതിജീവിച്ച് ജീവിതം പിന്നെയും മുന്നോട്ട്.

കലണ്ടറും വെള്ളത്തില്‍ മുങ്ങി നശിച്ചുപോയതുകൊണ്ട് ഈ ദിവസങ്ങളില്‍ ഏത് ആഴ്ചയെന്നോ ഏത് ദിവസമെന്നോ ഒരു പിടിയുമുണ്ടായിരുന്നില്ല. ദിവസങ്ങള്‍ കടന്നുപോകുന്നു എന്ന കേവലമായ കാലബോധം മാത്രം. ഈ ദിനങ്ങളിലൊന്ന് തിരുവോണമായിരുന്നു എന്നറിഞ്ഞത് പിന്നീട് സഹപ്രവര്‍ത്തകനായ അജയന്‍ മാഷ് ഒരു കലണ്ടര്‍ സംഭാവനയായി നല്‍കിയ ദിവസമാണ്. തിരുവോണം എന്ന ഭാവനയെത്തന്നെ പ്രളയം പൂര്‍ണ്ണമായും വിഴുങ്ങിക്കളഞ്ഞു.
ഞങ്ങള്‍ ചാലക്കുടിയിലെ വീട്ടില്‍ പ്രളയാനന്തര ജീവിതം ആരംഭിച്ച ആഗസ്റ്റ് 25 ആയിരുന്നു ആ തിരുവോണം. അതേ, ജീവിതത്തിലെ ഏറ്റവും ഗംഭീരമായ ഒരു തിരുവോണം. 

അനന്തരം 
പ്രളയഡയറി അവസാനിക്കുന്നു. 
ഒരുപക്ഷേ, മറ്റ് പലരുടേയും പ്രളയാനുഭവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്റെ അനുഭവം എത്രയോ നിസ്സാരമാവാം. 
കേരളത്തിലെ ജനങ്ങള്‍ പ്രളയത്തില്‍ പങ്കെടുത്തത് മൂന്ന് രീതിയിലാണ്. 
1. പ്രളയക്കെടുതിയില്‍ നേരിട്ട് അകപ്പെട്ടവര്‍
2. പ്രളയക്കെടുതിയില്‍പ്പെട്ടവരെ പ്രതികൂലസ്ഥിതിയില്‍നിന്ന്  രക്ഷപ്പെടുത്തിയവര്‍
3. ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പുകാര്‍.
ഇതില്‍ ഒന്നാമത്തെ വിഭാഗത്തില്‍പ്പെട്ടുപോയ ആളാണ് ഞാന്‍. അതുകൊണ്ട് രണ്ടും മൂന്നും വിഭാഗങ്ങളില്‍ പങ്കുചേരാന്‍ എനിക്ക് സാഹചര്യമുണ്ടായില്ല. അങ്ങനെയല്ലായിരുന്നെങ്കില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ വിഭാഗത്തില്‍ ഞാനും ഉണ്ടാകുമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ ഒരിടത്തും കാഴ്ചക്കാരായി മാറിനിന്നില്ല എന്നതാണ് പ്രളയകാലത്തിന്റെ ഏറ്റവും സന്തോഷകരമായ കാര്യം. ഞങ്ങളും മനുഷ്യരാണ് എന്ന് കേരളം പ്രളയംകൊണ്ട് രേഖപ്പെടുത്തുകയായിരുന്നു. 
തിരിഞ്ഞുനോക്കുമ്പോള്‍ കാര്യങ്ങളെ മറ്റൊരു രീതിയില്‍ നോക്കിക്കാണാന്‍ കഴിയുന്നു. ഇത്രയും വലിയ ഒരു സംഭവം ഉണ്ടായിട്ട്, ഇത്രയും വലിയ ഒരു പ്രളയം ഉണ്ടായിട്ട്, അതില്‍ ഭാഗഭാക്കാവാതെ പോയിരുന്നെങ്കില്‍ അത് എത്ര വലിയ നഷ്ടമാകുമായിരുന്നു!
ജീവിതത്തിലെ ഏറ്റവും ഗംഭീരമായ അനുഭവമേത് എന്ന് ചോദ്യം.
സംശയമില്ല. 2018-ലെ പ്രളയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com