സാഹിത്യത്തില്‍ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ക്ക് ഇടമില്ല: ബാലചന്ദ്രന്‍ വടക്കേടത്ത്

വിമര്‍ശത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ സൗന്ദര്യചിന്തകളുടെ യുദ്ധങ്ങള്‍ നടന്നതായി കാണാം. വാസ്തവത്തില്‍ ആ യുദ്ധങ്ങളാണ് വിമര്‍ശത്തിന്റെ ചരിത്രം. 
സാഹിത്യത്തില്‍ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ക്ക് ഇടമില്ല: ബാലചന്ദ്രന്‍ വടക്കേടത്ത്

ലയാള വിമര്‍ശം കാര്യക്ഷമമോ? ഇങ്ങനെയൊരു ചോദ്യം ചോദിച്ചുകൊണ്ടാണ് വിമര്‍ശ കലയെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ സമാരംഭിക്കേണ്ടത് എന്നു ഞാന്‍ വിചാരിക്കുന്നു. തീര്‍ച്ചയായും മലയാളത്തില്‍ വിമര്‍ശമുണ്ട് എന്ന് വിശ്വാസം പുലര്‍ത്തുന്നവരാണ് നാമെല്ലാം. വിമര്‍ശത്തിന്റെ ശരിയായ രീതിയിലല്ല ഇവിടെ അത് സംഭവിക്കുന്നത് എന്ന് അറിയാത്തതല്ല. വളരെ കുറച്ചു പേര്‍ മാത്രം എഴുതുന്നു. എഴുതുന്നതാകട്ടെ, മിക്കവാറും പുസ്തക റിവ്യൂകളാണ്. ഇപ്പോള്‍ റിവ്യൂകളും കുറഞ്ഞുതുടങ്ങിയിരിക്കുന്നു. മാധ്യമങ്ങള്‍ പുസ്തകക്കുറിപ്പുകള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. ഏതു കൃതിയാണ് സമഗ്രമായി പഠിക്കപ്പെടേണ്ടത്, വിമര്‍ശിക്കപ്പെടേണ്ടത് എന്ന സന്ദേഹവും നമുക്കുണ്ട്. ഈ പശ്ചാത്തലത്തില്‍ മലയാള വിമര്‍ശത്തെ നോക്കിക്കാണുമ്പോള്‍ എല്ലാവരും വിമര്‍ശകരാണ്. പുസ്തകക്കുറിപ്പ് എഴുതുന്നവരും അഭിപ്രായങ്ങള്‍ പറയുന്നവരും വിമര്‍ശകരില്‍ ഉള്‍പ്പെടുന്നു. കുറിപ്പ് എഴുതുന്നതുപോലും പുസ്തകം സമഗ്രമായി വായിച്ചിട്ടാണ് എന്ന് ധരിക്കുന്നവരേയും കൂട്ടത്തില്‍ കാണാം. ചില എഴുത്തുകാരെ സമീപിച്ച് അവതാരികകള്‍ ചോദിച്ചുവാങ്ങുന്നവരുണ്ട്. അവതാരിക വിമര്‍ശമാണ് എന്ന് അവര്‍ ധരിക്കുന്നു. വിമര്‍ശത്തിന്റെ ഉദാത്ത മാതൃകകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്ങനെ എല്ലാ രീതിയിലും ഇതൊക്കെ വിമര്‍ശമാണ് എന്ന് പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍, എന്റെ കാഴ്ചപ്പാട് മറ്റൊന്നാണ്. വിമര്‍ശത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ സൗന്ദര്യചിന്തകളുടെ യുദ്ധങ്ങള്‍ നടന്നതായി കാണാം. വാസ്തവത്തില്‍ ആ യുദ്ധങ്ങളാണ് വിമര്‍ശത്തിന്റെ ചരിത്രം. 

കാലഘട്ടത്തിന്റെ ആശയങ്ങള്‍
ഓരോരോ കാലഘട്ടങ്ങളിലും ഓരോരോ സൗന്ദര്യ ആശയങ്ങള്‍ ഉണ്ടാവുന്നു. രൂപത്തെക്കുറിച്ചുള്ള സങ്കല്പങ്ങളുണ്ടാവുന്നു. അതിനെ ചുറ്റിപ്പറ്റി ചില സംഘര്‍ഷങ്ങളും യുദ്ധങ്ങളും നടന്നതിന്റെ ചരിത്രം പൂര്‍വ്വകാലത്തുനിന്നു നമുക്ക് വായിച്ചെടുക്കാനാവും. പഴയകാലത്തുള്ളവര്‍ രസം, ധ്വനി, വക്രോക്തി, അനുമാനം എന്നൊക്കെ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഒരു കാലഘട്ടത്തില്‍ സൗന്ദര്യപക്ഷത്ത് സംഭവിച്ച ചില യുദ്ധങ്ങളുടെ അടയാളപ്പെടുത്തലുകള്‍ ആയിരുന്നു അതൊക്കെ. അങ്ങനെ ആശയതലത്തിലും സൗന്ദര്യതലത്തിലും നടക്കുന്ന തര്‍ക്കങ്ങളും യുദ്ധങ്ങളുമാണ് വിമര്‍ശ പദ്ധതികള്‍ക്ക് കാരണമാവുന്നത്. നാം ചിലപ്പോള്‍ അതിനെ സിദ്ധാന്തങ്ങള്‍ എന്നു പറയും. ആ സിദ്ധാന്തപദ്ധതികള്‍ വിമര്‍ശത്തെ മുന്നോട്ടു കൊണ്ടുപോവുന്നു. വിമര്‍ശത്തെ മാത്രമല്ല, സാഹിത്യത്തെ പൊതുവേയും മുന്നോട്ടു കൊണ്ടുപോവുന്നു. അപ്പോള്‍ സാഹിത്യത്തിന്റെ ധൈഷണിക വളര്‍ച്ചയില്‍ വിമര്‍ശത്തിന്റെ ഒരിടപെടല്‍ സ്വാഭാവികമായും ഉണ്ടായിരുന്നുവെന്ന് ചരിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. 

കുട്ടികൃഷ്ണമാരാര്‍
കുട്ടികൃഷ്ണമാരാര്‍

നമ്മുടെ നാട്ടില്‍ പല യുദ്ധങ്ങളും നടക്കുന്നു. ചില രാജ്യങ്ങള്‍ അതിരുകള്‍ക്കുവേണ്ടി നടത്തുന്ന യുദ്ധങ്ങളുണ്ട്. സംസ്‌കാരത്തിനുവേണ്ടിയുള്ള യുദ്ധങ്ങളുണ്ട്. അങ്ങനെയെങ്കില്‍ സാഹിത്യത്തിലെ യുദ്ധങ്ങള്‍ ഏതെങ്കിലും സൗന്ദര്യത്തിന്റെ അതിരുകളും സംസ്‌കാരങ്ങളും പിടിച്ചെടുക്കാനുള്ളതാണോ? സംശയമുണ്ട്. അതിരുകള്‍ക്കായി രാജ്യങ്ങള്‍ നടത്തുന്ന യുദ്ധങ്ങള്‍ അതിരുകള്‍ പിടിച്ചെടുക്കാന്‍ മാത്രമാണ്. അല്ലെങ്കില്‍ പുതിയ കാഴ്ചകള്‍ മുന്നോട്ടുവെയ്ക്കുന്നതിനു മാത്രം. സംസ്‌കാരങ്ങളുടെ യുദ്ധങ്ങള്‍ നിലവിലുള്ള ചില സംസ്‌കാരങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ബോധപൂര്‍വ്വം നടത്തുന്ന യുദ്ധങ്ങളാകുന്നു അല്ലെങ്കില്‍ പുതിയൊരു സംസ്‌കാരം സൃഷ്ടിക്കുന്നതിനും വേണ്ടിയാകാം ആ യുദ്ധങ്ങള്‍. അങ്ങനെയെങ്കില്‍, സാഹിത്യവിമര്‍ശത്തില്‍ നടക്കുന്ന സൗന്ദര്യാത്മകമായ ഇത്തരം യുദ്ധങ്ങള്‍ ചില പിടിച്ചെടുക്കലുകളുടേയും അതുപോലെ ചില കൊടുക്കലുകളുടേയും അവസ്ഥകള്‍ സമാര്‍ജ്ജിക്കുന്നുണ്ടോ? പലപ്പോഴും അങ്ങനെ ചിന്തിക്കാന്‍ സാഹിത്യചരിത്രം നമ്മെ പ്രേരിപ്പിക്കുന്നു.

ജി ശങ്കരക്കുറുപ്പ്
ജി ശങ്കരക്കുറുപ്പ്

നമ്മുടെ പ്രാസവാദകാലം ഓര്‍മ്മിക്കുക. ദ്വിദീയാക്ഷരപ്രാസവാദ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുമ്പോള്‍, അത് വിമര്‍ശചരിത്രത്തിലെ വലിയൊരു യുദ്ധമായിട്ടാണ് എനിക്കു തോന്നുന്നത്. സാഹിത്യരൂപത്തെ സംബന്ധിക്കുന്ന ഒരു യുദ്ധമായിരുന്നു അത്. കവിതയിലെ പ്രാസത്തെ സംബന്ധിക്കുന്ന ആലോചനകള്‍ നടക്കുന്നു. ഒരു ഭാഗത്ത് പ്രാസം വേണ്ട എന്ന വാദം. കവിത മനസ്സിലാക്കാന്‍ പ്രാസമൊന്നും വേണ്ടെന്ന് മറ്റു ചിലര്‍ പറയുന്നു. സൂക്ഷ്മമായി ചിന്തിച്ചാല്‍ കാവ്യരൂപത്തെ മുന്‍നിര്‍ത്തിയുള്ള ചില തര്‍ക്കങ്ങളും അതുമായി ബന്ധപ്പെട്ട് വ്യക്തിയുദ്ധങ്ങളും അക്കാലത്ത് നടന്നു എന്ന് കാണാം. അതിനുശേഷം രൂപഭദ്രതാവാദം വന്നു. എന്റെ കാഴ്ചപ്പാടില്‍ പ്രാസവാദത്തിന്റെ തുടര്‍ച്ചയാണ് രൂപഭദ്രതാവാദം, മലയാളത്തെ സംബന്ധിച്ചിടത്തോളം അതിന്റെ പിറകിലെ രാഷ്ട്രീയ വിവക്ഷകളൊന്നും ഞാന്‍ കാര്യമായെടുക്കുന്നില്ല. 

സുകുമാര്‍ അഴീക്കോട്
സുകുമാര്‍ അഴീക്കോട്

സാഹിത്യവിമര്‍ശത്തില്‍ ഒട്ടാകെ ഒന്നു പരിശോധിച്ചു നോക്കുക. ചെറുതും വലുതുമായ സൗന്ദര്യശാസ്ത്രയുദ്ധങ്ങളുടെ ഒരു നിര നമുക്ക് കണ്ടെത്താനാകും. കുമാരനാശാന്റെ ചിത്രയോഗ നിരൂപണമടക്കമുള്ള സാഹിത്യാന്വേഷണങ്ങള്‍ വാസ്തവത്തില്‍ ആഖ്യാനപരമായ ഒരു യുദ്ധത്തിന്റെ സൂചനകള്‍ ഉള്‍ക്കൊള്ളുന്നു. ധ്വനിയാണോ അനുമാനമാണോ ശരി എന്ന ഒരു വാദം തുടങ്ങിവെച്ച നിരൂപകനാണ് കുട്ടികൃഷ്ണമാരാര്‍. സാഹിത്യഭൂഷണത്തിന് മാരാരെഴുതിയ പീഠിക മലയാളത്തിന്റെ സൗന്ദര്യശാസ്ത്ര ചര്‍ച്ചയില്‍ മാറ്റിനിര്‍ത്താനാവില്ല. അത് ഒരു സവിശേഷ യുദ്ധധ്വനി ഉണര്‍ത്തുന്നു. ഡോ. സുകുമാര്‍ അഴീക്കോട്, ജി. ശങ്കരക്കുറുപ്പിന്റെ കവിതയെ ശകാരിച്ചത്, റൊമാന്റിസത്തിനെതിരായ ഒരു സമരത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇങ്ങനെ പോയ കാലത്ത് നടന്നിട്ടുള്ള സാഹിത്യത്തിന്റെ ഭാവനാപരവും സൗന്ദര്യപരവുമായ അതിരുകളെ ഭേദിക്കാന്‍ നടന്നിട്ടുള്ള യുദ്ധങ്ങളാണ് സാഹിത്യവിമര്‍ശത്തെ നിലനിര്‍ത്തിപ്പോന്നിട്ടുള്ളത്. പാശ്ചാത്യ സാഹിത്യത്തിലും ഇതൊക്കെ സംഭവിച്ചിരിക്കാം. എഴുത്ത് ഒരു ഗുസ്തിയാണ് എന്നു പറഞ്ഞ നിരൂപകരുണ്ട്  അവിടെ. റൊളാങ്ങ് ബാര്‍ത്ത് അക്കൂട്ടത്തില്‍ പെടുന്നു. 'സാഹിത്യകൃതിയുടെ അവബോധവും വിമര്‍ശകന്റെ മനസ്സും തമ്മിലുള്ള കല്പിതമായ ഗുസ്തി സ്വതന്ത്രമായ ഒരു വ്യവസ്ഥയില്‍ പ്രവേശിക്കാനുള്ള പൊരുതലാണ് എന്നു ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട് (വിമര്‍ശകന്റെ കാഴ്ചകള്‍). മലയാളത്തില്‍ കവിതയിലാണ് യുദ്ധങ്ങള്‍ നടക്കുന്നതെന്ന് നരേന്ദ്രപ്രസാദ് എഴുതിയിരിക്കുന്നു. എം. ലീലാവതി ആശാന്റെ ദുരവസ്ഥയെക്കുറിച്ചെഴുതിയപ്പോള്‍, ആശാന്റെ കവിത അഞ്ചടിക്കവിതയാണ് എന്നു പറഞ്ഞത് ഒരുകാലത്ത് വലിയ ചര്‍ച്ചയായി. ഞാന്‍ പറയും, സാഹിത്യവിചാരത്തിലാണ്, സാഹിത്യചിന്തയിലാണ് യഥാര്‍ത്ഥത്തില്‍ യുദ്ധം നടക്കേണ്ടത്. 

കുമാരനാശാന്‍
കുമാരനാശാന്‍

എന്നാല്‍ സമകാലിക കാലഘട്ടത്തില്‍ എവിടെയാണ് ഇത്തരം യുദ്ധങ്ങള്‍ ആവിര്‍ഭവിച്ചിട്ടുള്ളത്? ആധുനികനായ കെ.പി. അപ്പന്‍ എന്തു സമരമാണ് നടത്തിയത്? അദ്ദേഹം പാശ്ചാത്യ സിദ്ധാന്തങ്ങളെ ആകപ്പാടെ ക്രോഡീകരിച്ചു എന്നത് നേരാണ്. അസ്തിത്വ ചിന്തയുടേയും ശൂന്യതാവാദത്തിന്റേയും നിലപാടില്‍നിന്ന് മലയാള കൃതികള്‍ വിശകലനം ചെയ്തു എന്നത് നേരാണ്. എന്നാല്‍, മുണ്ടശ്ശേരി നയിച്ച യുദ്ധം പോലെ ഒരു യുദ്ധം ആധുനിക വിമര്‍ശകരില്‍ നിന്നുണ്ടായില്ല. അപ്പന്റെ വിമര്‍ശം വിചാര രമണീയമാണ്, ചില ഘട്ടങ്ങളില്‍ ആസ്വാദന രമണീയവുമായിരുന്നു. അത് നമ്മെ ആസ്വദിപ്പിക്കുന്നു. നമ്മളെ കീഴ്പ്പെടുത്തുന്നു. പക്ഷേ, അതു തര്‍ക്കത്തിന്റെ തലത്തില്‍, ആശയപരമായ തര്‍ക്കത്തിന്റെ തലത്തില്‍ ചില കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അത് മുന്നോട്ടുവെച്ച സൈദ്ധാന്തിക നിലപാട് ആരുടേതായിരുന്നു? എനിക്ക് സംശയമുള്ള കാര്യം, അത് നമ്മുടേത് ആയിരുന്നോ എന്നാണ്. 

വൈലോപ്പിള്ളി
വൈലോപ്പിള്ളി


തന്റെ രാഷ്ട്രീയ നിലപാടുകള്‍വെച്ചുകൊണ്ട് പല അതിരുകളേയും മറികടക്കാന്‍ ശ്രമിച്ച നിരൂപകനായിരുന്നു എം.എന്‍. വിജയന്‍. വൈലോപ്പിള്ളിക്കവിതയെ അദ്ദേഹം വായിച്ചത് ആ രീതിയിലാണ്. അദ്ദേഹത്തിന്റെ നിലപാടുകളുമായി യോജിക്കണമെന്നില്ല. പക്ഷേ, ഒരു കലഹം സൗന്ദര്യരംഗത്ത് വേണമെന്ന വാശി അദ്ദേഹം പ്രകടിപ്പിച്ചു. 

ഇന്ന് പുതിയ തലമുറയിലെ ആരും തന്നെ പുതിയ ഒരു സൗന്ദര്യശാസ്ത്ര ചര്‍ച്ചയ്ക്ക് മുതിരുന്നതായി കാണുന്നില്ല. ഒരു കൃതിയെടുത്ത് വായനയുടെ പുതിയ പദ്ധതിക്ക് രൂപം നല്‍കുന്നില്ല. വിമര്‍ശം ഒരു നിശ്ചലതയെ നേരിടുകയാണ്. സാഹിത്യത്തില്‍ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ക്ക് ഇടമില്ല. വിമര്‍ശം കുറേ അധ്യാപകരുടെ കീഴെയായിരിക്കുന്നു. എന്റെ ഒരു അനുഭവം പങ്കുവെയ്ക്കട്ടെ. കുഞ്ചന്‍ നമ്പ്യാരുടെ കൃതികളെക്കുറിച്ചൊരു സംവാദം വര്‍ഷങ്ങള്‍ക്കു മുന്‍പ് ലക്കിടിയില്‍ നടന്നു. അവിടെവെച്ച് ഒരു പ്രശ്‌നം ഞാന്‍ ഉന്നയിച്ചു. അതു ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. ഞാന്‍ പറഞ്ഞത് ഇത്രയുമാണ്, ''നമ്പ്യാര്‍ക്കവിതകളിലെ രസം ഹാസ്യമല്ല, ക്രോധമാണ്! രൗദ്രമാണ് നവരസങ്ങളില്‍ പെട്ടത് എന്നറിയാതെയല്ല.

കെപി അപ്പന്‍
കെപി അപ്പന്‍

ക്രോധം സ്ഥായീഭാവമാണ് എന്നും അറിയാം. സ്ഥായീഭാവത്തിന് എന്തുകൊണ്ട് രസമായിക്കൂടാ എന്നാണ് എന്റെ ചോദ്യം.'' അന്നൊരു മലയാളം മാഷ് പ്രതികരിച്ചത് ഇങ്ങനെ: ഞങ്ങള്‍ ആയിരക്കണക്കിനു കുട്ടികളെയാണ് ഹാസ്യമാണ് നമ്പ്യാര്‍ കൃതികളിലെ രസം എന്ന് പഠിപ്പിച്ചത്. നിങ്ങള്‍ തോന്നിയവാസം പറയുകയാണോ? അത് ഞാന്‍ തുടങ്ങിവെച്ച ഒരു യുദ്ധത്തിന്റെ ഫലമായിരുന്നു. ഒന്‍പത് രസങ്ങളെപ്പറ്റി ഭരതമുനി പറഞ്ഞുവെച്ചു. പത്താമതൊരു രസം സങ്കല്പിക്കാന്‍ ഭാവുകന്മാര്‍ക്ക് അവകാശമില്ലേ? ഭരതമുനി പണിതുവെച്ച അതിരുകള്‍ ഒന്നു കീറിനോക്കുമ്പോള്‍ എന്തിന് ഭാഷാദ്ധ്യാപകര്‍ ഭയപ്പെടണം? പുതിയവര്‍ക്കൊന്നും പറയാന്‍ പാടില്ല, ചില അദ്ധ്യാപകര്‍ക്ക് മാത്രമെ അതിന് അധികാരമുള്ളൂ എന്നു വന്നാലത്തെ സ്ഥിതി വിമര്‍ശത്തെ എവിടെക്കൊണ്ടെത്തിക്കും! ഒന്നുകൂടി പരിശോധിക്കാം നമുക്ക് ഈ രസചിന്തയെ. വ്യക്തിനിഷ്ഠ വികാരങ്ങളെ അടിസ്ഥാനമാക്കിയാണ് നാട്യശാസ്ത്രകാരന്‍ നവരസങ്ങളെ നിര്‍ണ്ണയിച്ചത്. സാമൂഹ്യവികാരങ്ങളെ രസാനുകൂലമായി നിങ്ങള്‍ക്കെങ്ങനെ നിര്‍വ്വചിക്കാന്‍ പറ്റും. ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയ വ്യവഹാരത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ അതുണ്ടാക്കുന്ന ക്രോധഭാവം, എതിര്‍പ്പ് ഇതൊക്കെ രസഭാവമായി സാഹിത്യകൃതികളില്‍ പരിണമിക്കാന്‍ വിരോധമില്ല.

നരേന്ദ്രപ്രസാദ്
നരേന്ദ്രപ്രസാദ്

ആ ഭവത്തെ ഏതു രസമായി പരിഗണിക്കാം? വിമര്‍ശം നേരിടുന്ന മൗലികമായ പ്രശ്‌നവുമാകാന്‍ പ്രാചീനകാലത്ത് വ്യക്തിനിഷ്ഠ വികാരങ്ങളെ ആസ്പദമാക്കി രസസിദ്ധാന്തമുണ്ടായി. സമൂഹത്തെ നിയന്ത്രിക്കുന്ന, ഉല്‍ഭൂതമാക്കുന്ന വികാരങ്ങളെ നിലവിലുള്ള രസാടിസ്ഥാനത്തില്‍ത്തന്നെ വിലയിരുത്തണം എന്ന മനോഭാവത്തോട് എനിക്ക് വിയോജിപ്പുണ്ട്. അതുകൊണ്ടാണ് ക്രോധം രസമാകാമെന്നവാദം വരുന്നത്. ഇങ്ങനെ ചില യുദ്ധങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാവുമ്പോള്‍ വിമര്‍ശം ജാഗ്രത്താകും എന്നു ഞാന്‍ കരുതുന്നു. 

അഴീക്കോടിന്റെ വിമര്‍ശനങ്ങള്‍
ആഷാ മേനോന്‍ ചെറുകഥയെക്കുറിച്ച് അധികം വിമര്‍ശപഠനങ്ങള്‍ എഴുതിയിട്ടില്ല. നല്ല നോവല്‍ വിമര്‍ശകനാണ് അദ്ദേഹം. പാരിസ്ഥിതിക പഠിതാവുമാണ്. ഈ ആശയം ഉന്നയിച്ചുകൊണ്ട് ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞു: ആഷാ മേനോന്‍ നല്ല കഥാവിമര്‍ശകനല്ല! ഇങ്ങനെയൊക്കെ ആക്ഷേപിക്കാമോ എന്ന മറുചോദ്യം ഞാന്‍ പ്രതീക്ഷിക്കാത്തതല്ല. ഒരു പുതിയ സാഹിത്യയുദ്ധം തുടങ്ങാമോ എന്ന അന്വേഷണമായിരുന്നു അത്. ഒരു കഥാവിമര്‍ശ പദ്ധതി ആധുനിക നിരൂപകര്‍ക്ക് തുടങ്ങിവെക്കാനായില്ല. കഥയെ മുന്‍നിര്‍ത്തി ഒരു നിരൂപണ പദ്ധതി ആവിര്‍ഭവിക്കണമെങ്കില്‍ ഇങ്ങനെ ചില തര്‍ക്കങ്ങള്‍ അനിവാര്യം. കഥാവിമര്‍ശം കാര്യക്ഷമമാകുന്നില്ലല്ലോ എന്ന തോന്നല്‍ എന്റെ ആ നിലപാടിനെ സ്വാധീനിച്ചിരിക്കാം. വളരെ മുന്‍പ് കേസരി ബാലകൃഷ്ണപിള്ള നിരൂപണത്തെക്കുറിച്ച് എഴുതി. ആ ലേഖനത്തെ ഖണ്ഡിച്ചുകൊണ്ട് കുട്ടികൃഷ്ണമാരാര്‍ മറ്റൊരു ലേഖനമെഴുതി. എന്താണ് വിമര്‍ശം എന്ന ചര്‍ച്ച ചരിത്രത്തില്‍ നടന്നത് അങ്ങനെയാണ്. പക്ഷേ, നമ്മളിന്ന് ഭയന്നു നില്‍ക്കുന്നു. അഭിപ്രായങ്ങള്‍ പറയാന്‍ പേടിക്കുന്നു. കൃതികള്‍ എടുത്തുവെച്ച് നിരീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ മടിക്കുന്നു. നമ്മുടെ വ്യവസ്ഥിതി ഭയത്തെ വ്യാപിപ്പിക്കുന്നു എന്ന് കരുതാമോ? അത് വിശകലനം ചെയ്യുന്നതില്‍നിന്നും പിന്മാറുകയാണ് പലരും. 

ടോട്ടല്‍ ക്രിട്ടിക്ക് എന്ന ഒരു പ്രയോഗമുണ്ട്. സുകുമാര്‍ അഴീക്കോടിനെ ടോട്ടല്‍ ക്രിട്ടിക്ക് എന്ന് വിശേഷിപ്പിച്ചിരുന്നു. സാഹിത്യമല്ലാതെ ഇതര മേഖലകളും വിമര്‍ശനത്തിനു വിധേയമാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. കെ. കരുണാകരനെ വിമര്‍ശിക്കുന്നു. അച്യുതാനന്ദനെ വിമര്‍ശിക്കുന്നു. രാഷ്ട്രീയത്തിലും സമൂഹത്തിലെ സംഭവഗതികളിലും തീവ്രമായി ഇടപെടുന്നു. പക്ഷേ, എനിക്ക് പലപ്പോഴും സംശയം ഉന്നയിക്കേണ്ടിവന്നിട്ടുണ്ട്; ഈ ഇടപെടലുകള്‍ എത്രമാത്രം സര്‍ഗ്ഗാത്മകമാണ്. അഴീക്കോടിന്റെ വിമര്‍ശസമീപനങ്ങള്‍ ഒരു യുദ്ധപ്രതീതിയുണ്ടാക്കി. അതുകൊണ്ട് സര്‍ഗ്ഗാത്മകതയില്‍ ഊന്നിയിട്ടുള്ള യുദ്ധങ്ങള്‍, ഭാവനയില്‍ ഊന്നിയിട്ടുള്ള യുദ്ധങ്ങള്‍, സൗന്ദര്യത്തില്‍ ഊന്നിക്കൊണ്ടുള്ള യുദ്ധങ്ങള്‍ ഏതു കാലത്താണോ വിമര്‍ശത്തില്‍ സംജാതമായിട്ടുള്ളത്. ആ കാലത്തു മാത്രമേ വിമര്‍ശം വിപുലീകരിക്കപ്പെട്ടിട്ടുള്ളൂ. വിമര്‍ശനം സൈദ്ധാന്തികമായി നിലനിന്നിട്ടുള്ളൂ. 

ഇപ്പോഴത്തെ ഫാഷന്‍ സിദ്ധാന്ത നിരാകരണമാണ്. തങ്ങള്‍ സിദ്ധാന്തങ്ങള്‍ക്കെതിരാണ് എന്ന്  കെ.പി. അപ്പനാണ് പറഞ്ഞുതുടങ്ങിയത്. പിന്നീട് വിമര്‍ശകരും വായനക്കാരും സിദ്ധാന്തങ്ങള്‍ക്കെതിരായി. അപരസാഹിത്യത്തില്‍നിന്നു ലഭിച്ച മെത്തഡോളജി ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, സിദ്ധാന്തങ്ങള്‍ക്ക് എതിരാവുന്നു. ഇത് എന്തിന്റെ കീഴ്വഴക്കമാണ് എന്നറിയില്ല. ആരുടെ കീഴ്വഴക്കമാണ് എന്നും നിശ്ചയമില്ല. കവിത വായിക്കാന്‍ മെത്തഡോളജി നിര്‍മ്മിക്കുന്നവരുണ്ട്. ഡി കണ്‍സട്രക്ഷന്‍ ഒരു മെത്തഡോളജിയാണ്. തീര്‍ച്ചയായും ഈ പ്രയോഗരീതിയെ നമുക്കു നിരാകരിക്കാം. നമ്മുടേതായ ഒരു പ്രയോഗരീതി കൊണ്ടുവരാം. പക്ഷേ, വിമര്‍ശം അതിന് തയ്യാറാകുന്നുണ്ടോ? 
മെത്തഡോളജി സിദ്ധാന്തമല്ല. അത് പ്രായോഗിക വിശകലനരീതി മാത്രമാണ്.

മെത്തഡോളജിയെ നമുക്ക് വേണമെങ്കില്‍ നിരാകരിക്കാം. പക്ഷേ, ജീവിതാനുഭവങ്ങളില്‍നിന്നു വരുന്ന അല്ലെങ്കില്‍ കൃതികളിലാവിഷ്‌കൃതമാവുന്ന അനുഭവങ്ങളിലൂടെ കടന്നുവരുന്ന രസാനുഭൂതിയെ, രസബോധത്തെ നിങ്ങളെങ്ങനെ നിരാകരിക്കും? അതാണ് തിയറിയായി രൂപാന്തരപ്പെടുന്നത്. ആ സിദ്ധാന്തങ്ങളെയാണോ എതിര്‍ക്കുന്നത്? എന്താണ് സിദ്ധാന്തങ്ങള്‍ എന്നറിയില്ല, അഥവാ നാമതിനെക്കുറിച്ച് വിശകലനം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഇങ്ങനെ ഒരു ഏടാകൂടത്തില്‍ നമ്മുടെ ആധുനിക വിമര്‍ശം ചെന്നു ചേര്‍ന്നിരിക്കുന്നു. 

എം ലീലാവതി
എം ലീലാവതി


കുറച്ച് വ്യത്യസ്ത നിരൂപണങ്ങള്‍ എഴുതി എല്ലാം കൂട്ടിച്ചേര്‍ത്തു പുസ്തകമാക്കുകയാണ്. അല്ലാതെ മൗലികമായ, സൈദ്ധാന്തികമായ ഒരു അന്വേഷണവും നടക്കുന്നില്ല. മലയാള വിമര്‍ശത്തിന്റെ അറുപതു വര്‍ഷങ്ങളെ ആസ്പദിച്ചുള്ള ഒരു ലേഖനം ഞാന്‍ ഈയിടെ വായിക്കുകയുണ്ടായി. വിമര്‍ശകലയില്‍ പരിശോധിക്കപ്പെട്ട പല ആശയങ്ങളും അതില്‍ പരാമര്‍ശിച്ചുകണ്ടില്ല. ചിലതൊക്കെ ബോധപൂര്‍വ്വം ഒഴിവാക്കിയതുപോലെ അനുഭവപ്പെട്ടു. ചില വിമര്‍ശകര്‍ കഴിഞ്ഞ അറുപതു വര്‍ഷങ്ങള്‍ക്കിടയില്‍ ഒന്നും എഴുതിയിട്ടില്ല എന്നാണ് സൂചന.

ആഷാ മേനോന്‍
ആഷാ മേനോന്‍

ഒരു തമ്പുരാന്‍ ഇങ്ങനെയുണ്ട് എന്ന് പറയുന്നു. ചിലരുടെ പേരെഴുതുന്നു. പ്രധാനമായും ചര്‍ച്ച ചെയ്ത ചില ആശയങ്ങള്‍ അതിന്റെ പ്രോല്‍ഘാടകന്റെ പേര് അവഗണിച്ച് വിശദീകരിക്കുന്നു. ഇതെന്ത് ഗവേഷണം! സത്യസന്ധമായി, വിദ്വേഷമില്ലാതെ, രോഷമില്ലാതെ, ശത്രുക്കളെ കാണാതെയാണ് വിമര്‍ശം വരേണ്ടത്. നമ്മുടെ ഈ പുതിയകാലത്ത് വിമര്‍ശകന്‍ ആദ്യം ഇന്റന്‍ഡ് ചെയ്യുന്നത് ശത്രുവിനെയാണ്. ശത്രുവിനെ മുന്‍കൂട്ടിക്കണ്ട, അവനെ നശിപ്പിക്കണം എന്ന് തീരുമാനിക്കുന്നു. പിന്നെ എങ്ങനെ വിമര്‍ശം ഉണ്ടാവാനാണ്. അങ്ങനെ ശത്രുവിനെ ഇന്റന്‍ഡ് ചെയ്യുകയും ആ ശത്രുവിനെതിരായി ലേഖനം എഴുതുകയും ചെയ്യുമ്പോള്‍ വിമര്‍ശം ഉണ്ടാവുമോ? സാഹിത്യവിമര്‍ശം കൃതിക്കുള്ളില്‍നിന്ന് വരേണ്ടതാണ്. അതിലൂടെ ചരിത്രപരവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ ഇതര പ്രശ്‌നങ്ങളിലേക്ക് കടന്നുപോകാന്‍ യാതൊരു വിരോധവുമില്ല. 

എന്റെ കാഴ്ചപ്പാടില്‍, അവിടെ ഇവിടെയൊക്കെ വിമര്‍ശം സംഭവിക്കുന്നുണ്ട്. പക്ഷേ, അതെത്ര കാര്യക്ഷമമാണ് എന്നാണ് ചോദ്യം. വ്യക്തിപക്ഷത്തോടെയും വൈകാരികമായും വിമര്‍ശം നിലനില്‍ക്കുന്നു. നിഷ്പക്ഷമല്ല നിരൂപണം എന്ന് മാരാര്‍ പറഞ്ഞിട്ടുണ്ട്. അതിനെയൊന്നും ഞാന്‍ ചോദ്യം ചെയ്യുന്നില്ല. വിമര്‍ശനം കൃതിയെ കാണുകയും കൃതിയുടെ ഉള്ളടക്കത്തെ കാണുകയുമാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് - അതില്‍നിന്ന് ചില പദ്ധതികള്‍ രൂപപ്പെടണം. എന്നാല്‍, ആ തലത്തില്‍ നമ്മുടെ വിമര്‍ശം ശൂന്യമായിരിക്കുന്നു എന്ന് പറയാതിരിക്കാന്‍  സാധ്യമല്ല. അതുകൊണ്ട് വിമര്‍ശം കാര്യക്ഷമമോ എന്ന ചോദ്യം വരുന്നു. അത് വിമര്‍ശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരുന്നതിനു വേണ്ടിയിട്ടാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com