സുദൃഢനിലപാടുകളുടെ സുഷമ 

പില്‍ക്കാല ചരിത്രം പരിശോധിക്കുമ്പോള്‍ യാഥാസ്തികമായ പാര്‍ട്ടി ഘടനകളില്‍ അവരുടെ രാഷ്ട്രീയ വളര്‍ച്ച അവഗണിക്കാനാവുന്നതായിരുന്നില്ല.
സുദൃഢനിലപാടുകളുടെ സുഷമ 

    രിക്കല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പോലും ആര്‍.എസ്.എസിന്റെ സൗമ്യമുഖമെന്ന് വിശേഷണമുള്ള സുഷമ സ്വരാജ് പരിഗണിക്കപ്പെട്ടിരുന്നു. അദ്വാനിയുമായുള്ള സൗഹൃദം അത്തരം രാഷ്ട്രീയസാധ്യതകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. എന്നാല്‍, അത്തരമൊരു ചരിത്രനിമിഷം സാധ്യമായില്ല. ഇന്ദിരാഗാന്ധിക്ക് ശേഷമുള്ള വനിതാപ്രധാനമന്ത്രിയെന്ന പലരുടെയും സ്വപ്നം ഇല്ലാതായത് അദ്വാനിയുടെ പ്രഭാവം മങ്ങിയതോടെയാണ്. മോദിയുടെയും അമിത്ഷായുടെയും വരവോടെ അവശേഷിക്കുന്ന രാഷ്ട്രീയസാധ്യതകള്‍ കൂടി ഇല്ലാതായി. പാര്‍ട്ടിയിലെ തലമുറമാറ്റം അനിവാര്യമായ അവരുടെ രാഷ്ട്രീയവിരാമത്തിന് വഴിയൊരുക്കി. എന്നിട്ടും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി അവര്‍ പ്രഖ്യാപിച്ചില്ല. ആരോഗ്യപ്രശ്നങ്ങള്‍ കൂടിയായപ്പോള്‍ നിശബ്ദയായി സ്വയം മാറിനിന്നു. 
    

എന്നാല്‍ പില്‍ക്കാല ചരിത്രം പരിശോധിക്കുമ്പോള്‍ യാഥാസ്തികമായ പാര്‍ട്ടി ഘടനകളില്‍ അവരുടെ രാഷ്ട്രീയ വളര്‍ച്ച അവഗണിക്കാനാവുന്നതായിരുന്നില്ല. ഇന്ദിരാഗാന്ധിക്ക് ശേഷം വിദേശകാര്യമന്ത്രിയാകുന്ന ആദ്യ വനിതയായിരുന്നു അവര്‍. ജനസംഘത്തിലെ വിജയരാജ സിന്ധ്യ അടക്കമുള്ള ആദ്യകാല വനിതാ നേതാക്കളില്‍ സുഷമ വേറിട്ട മുഖമായി. ജനകീയതയുടെ പ്രതിരൂപമായി വാഴ്ത്തപ്പെട്ടു. ഒന്നോര്‍ക്കണം, പതിനഞ്ചാം ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു അവര്‍. മോദിയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമായ വനിതാ സ്ഥാനാര്‍ത്ഥിയായി മാറി സുഷമ. എന്നാല്‍, തെരഞ്ഞെടുപ്പിനു ശേഷം നിര്‍മല സീതാരാമന്റെയും സ്മൃതി ഇറാനിയുടെയും വരവില്‍ അവര്‍ വീണ്ടും ഒതുക്കപ്പെട്ടു. അവഗണിക്കാന്‍ കഴിയാത്ത രാഷ്ട്രീയജീവിതമുണ്ട് എന്നതുകൊണ്ടൊന്നു മാത്രമാണ് വിദേശകാര്യം മോദി നല്‍കിയതും. 
    

ജീവിതാന്ത്യം വരെ അടിയുറച്ച് ഹിന്ദുത്വവാദിയായിരുന്നു സുഷമ. അവരുടെ രാഷ്ട്രീയം മറ്റുള്ള പരിവാര്‍ നേതാക്കളില്‍ നിന്ന് ഏതെങ്കിലും രീതിയില്‍ വ്യത്യസ്തമായിരുന്നുമില്ല. പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാട് അവര്‍ ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടുമില്ല. ഏറ്റവുമൊടുവില്‍ കശ്മീരിന്റെ കാര്യത്തില്‍ പോലും. ഹരിയാന അംബാല കന്റോണ്‍മെന്റിലാണ് ജനനം. രാഷ്ട്രീയത്തിലാണ് ബിരുദം നേടിയത്. ആര്‍.എസ്.എസ് കുടുംബ പശ്ചാത്തലത്തില്‍ നിന്ന് എബിവിപിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സുഷമയെന്ന നേതാവിനെ രാജ്യം ശ്രദ്ധിച്ചുതുടങ്ങിയത്. 1977ല്‍ ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവര്‍ 25ാം വയസില്‍ മന്ത്രിയായി. 1987ല്‍ ദേവി ലാല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒരിക്കല്‍ കൂടി സുഷമ സഭയിലെത്തി. 1996ല്‍ ലോക്‌സഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പിനിടെ നടത്തിയ പ്രസംഗം ദേശീയരാഷ്ട്രീയത്തില്‍ സവിശേഷ സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തു. 1996ല്‍ 13 ദിവസം മാത്രം അധികാരത്തിലിരുന്ന വാജ്പേയ് സര്‍ക്കാരിന്റെ ഭാഗമായിരുന്നു അന്ന് സുഷമയും. 
    

എക്കാലവും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു അവര്‍. അതിനൊരുദാഹരണം, പാര്‍ട്ടി വച്ചുനീട്ടിയ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനമാണ്. 1998 ഒക്ടോബറില്‍ അധികാരത്തിലെത്തിയ സുഷമയ്ക്ക് മുഖ്യമന്ത്രികസേരയിലിരിക്കാന്‍ രണ്ടുമാസമാണ് കിട്ടിയത്. 1998 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്. പാര്‍ട്ടി നിര്‍ദേശം അക്ഷരംപ്രതി അനുസരിച്ച സുഷമയ്ക്ക് പക്ഷേ തെരഞ്ഞെടുപ്പില്‍ കൈപൊള്ളി. സവാള വില ഉയര്‍ന്നതിലെ ജനരോഷം ഗുണകരമായത് കോണ്‍ഗ്രസിനാണ്. അന്ന് സുഷമയ്ക്ക് പിന്‍ഗാമിയായി എത്തിയത് ഷീല ദീക്ഷിതാണ്. പിന്നീട് പതിനഞ്ചു കൊല്ലം അവര്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായിരുന്നു. മറ്റേത് സംഘ്പരിവാര്‍ നേതാക്കളെ പോലെയും  വാക്കുകളില്‍ പ്രകോപനം സൂക്ഷിച്ചിരുന്നു. 2004ലെ പൊതു തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പരാമര്‍ശം വിവാദവുമായി. 'ഇറ്റലിക്കാരി'യായ സോണിയാഗാന്ധി പ്രധാനമന്ത്രിയായല്‍ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു ആ പരാമര്‍ശം. ഇതിനിടയില്‍ ബെല്ലാരി ഖനി മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം രാഷ്ട്രീയജീവിതത്തില്‍ കല്ലുകടിയായി. 

അനുഭവസമ്പത്ത് കൊണ്ട് പാര്‍ട്ടിയില്‍ സുഷമ ആരുടെയും പിന്നിലായിരുന്നില്ല. എന്നാല്‍ വിവിധ കാലങ്ങളില്‍ പാര്‍ട്ടിയിലെ വിവിധ ചേരികളിലെ പുരുഷസുഹൃത്തുക്കള്‍ സുഷമയെ അരികുവത്കരിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. ആദ്യകാലത്ത് മുരളി മനോഹര്‍ ജോഷി മുതല്‍ രാജ്നാഥ് സിങ് വരെയുള്ള നേതാക്കള്‍ സുഷമയുടെ അധികാരലബ്ധികളെ നഖശിഖാന്തം എതിര്‍ത്തവരായിരുന്നു. പുരുഷാധിപത്യരാഷ്ട്രീയത്തോടു പൊരുതിയാണ് അവര്‍ തന്റെ സ്ഥാനങ്ങള്‍ കണ്ടെത്തിയതും നിലനിര്‍ത്തിയതും. 


സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com