സൗപര്‍ണ്ണികയുടെ വിലാപം

കുടജാദ്രിയിലെ മറ്റൊരു ആകര്‍ഷണം ശ്രീശങ്കരന്‍ ധ്യാനനിരതനായിരുന്ന സര്‍വ്വജ്ഞപീഠമാണ്.
സൗപര്‍ണ്ണികയുടെ വിലാപം

ഴിഞ്ഞ മേയ് മാസം 15-ന് രാത്രിയിലാണ് ഞങ്ങള്‍ മൂകാംബികയിലെത്തിയത്.  ക്ഷേത്രപരിസരം അപ്പോഴും വെളിച്ചപ്പെട്ടുകിടന്നു. അതിവിദൂരതയില്‍ ഇരുട്ട് കുടിച്ച് കുടജാദ്രിമലനിരകള്‍. എന്നും എപ്പോഴും അവിടേക്കുള്ള ഒരുള്‍വിളി ഹൃദയത്തിലുണ്ടായിരുന്നു. ഒരു പതിറ്റാണ്ട് മുന്‍പാണ് അവസാനമായി ഞാന്‍ കുടുംബത്തോടൊപ്പം അവിടെയെത്തിയത്.  വര്‍ഷങ്ങള്‍ക്കുശേഷം മൂകാംബികയിലെത്തുമ്പോള്‍ ഭക്തിയാണോ വിഭക്തിയാണോ ഹൃദയത്തിലുള്ളത് എന്ന് എനിക്ക് മനസ്സിലായില്ല.  അബോധതലത്തില്‍ കാലരഹിതമായി കിടന്ന മഹാസമസ്യകളിലേക്കുള്ള ഒരെത്തിനോട്ടമാവാം. ജാതി-മത വിവേചനങ്ങളില്ലാതെ മനുഷ്യനെ സ്വീകരിക്കുന്ന മാതൃബിംബമെന്നതാകാം. കാടിന്റെ ഹൃദയം കറന്ന സൗപര്‍ണ്ണികയുടെ സ്‌നേഹം തുളുമ്പുന്ന കാട്ടൊഴുക്കാവാം. കുടജാദ്രിമലനിരകളുടെ അഭൗമസുന്ദരമായ കാഴ്ചകളാവാം. 

മിത്തുകളിലും പുരാണങ്ങളിലും മൂകാംബികാദേവിക്ക് ബഹുസ്വരങ്ങളുണ്ട്. അത് സ്വയംഭൂ ജോതിര്‍ലിംഗമെന്നാണ്  പൊതുവിശ്വാസം. സ്‌ക്കന്ദപുരാണപ്രകാരം പുരുഷന്റേയും പ്രകൃതിയുടേയും സംയോഗമാണ് മൂകാംബിക. ശിവ-ശക്തി സമ്മേളനമാണെന്ന് മറ്റൊരു പുരാവൃത്തം. ആദിശങ്കരന്റെ പിറകില്‍ പുറപ്പെട്ട വിദ്യാദേവിയായ സരസ്വതിയാണ് മൂകാംബികയെന്നും  കഥയുണ്ട്. എന്തായാലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സ്വരവൈവിദ്ധ്യങ്ങള്‍ ഈ ക്ഷേത്രസങ്കല്പത്തിലും നിറഞ്ഞൊഴുകുന്നു. ഇവിടത്തെ സന്ധ്യാപൂജ സലാം മംഗളരാത്രി എന്ന പേരിലും അറിയപ്പെടുന്നുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്.  ടിപ്പുസുല്‍ത്താന്‍ ഈ ക്ഷേത്രത്തിലെ സന്ധ്യാപൂജയ്ക്ക്  ഒരിക്കല്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം ഭക്തിപൂര്‍വ്വം  സലാം ചൊല്ലിയെന്നുമാണ് പറഞ്ഞുകേള്‍ക്കുന്ന കഥ. അങ്ങനെയത്രേ സന്ധ്യാപൂജയ്ക്ക് ഈ പേര് സിദ്ധിച്ചത്. പുറന്തള്ളലല്ല, ഉള്‍ക്കൊള്ളലാണ് ഈ ക്ഷേത്രസങ്കല്പത്തിന്റെ ലാവണ്യം. 

അവിടെയെത്തുമ്പോള്‍ വിശപ്പും ദാഹവും കൊണ്ട് ഞങ്ങള്‍ വളരെ ക്ഷീണിച്ചിരുന്നു. അര്‍ദ്ധരാത്രിയിലും തുറന്നുവെച്ച ഒരു ഹോട്ടല്‍ കണ്ടപ്പോള്‍ നിധി കിട്ടിയതുപോലെ മനസ്സുണര്‍ന്നു. ചൂടോടെ കട്ടന്‍ചായയും ചൂടില്ലാതെ ഉഴുന്നുവടയും കിട്ടി. വിശപ്പപ്പോള്‍ സലാം പറഞ്ഞു. പ്രഭാതത്തില്‍ ചില്ലലമാരയില്‍ കയറി പകല്‍ മുഴുവന്‍ ഉറങ്ങിയ  വടകള്‍ക്കപ്പോള്‍ ഭയങ്കര സ്വാദായിരുന്നു. വിശപ്പാണ് വലിയ സ്വാദ് എന്ന മഹാസത്യത്തെ അറിയുകയായിരുന്നു.   അപ്പോഴും ഒമ്നിവാനുകള്‍ പലദേശങ്ങളില്‍നിന്നുള്ള മനുഷ്യരെ വഹിച്ച് അവിടെ എത്തിക്കൊണ്ടിരുന്നു. അധികവും മലയാളികള്‍. കേരളത്തിലേക്ക് പുറപ്പെട്ട വിദ്യാദേവിയാണല്ലോ കേരളത്തിന് പുറത്തുനില്‍ക്കുന്നത്. മലയാളികളുടെ ഒഴുക്കിനു പിറകില്‍ ഈ പുരാവൃത്തത്തിന്റെ സ്വാധീനമുണ്ടെന്നു തോന്നുന്നു.

 കേരളത്തില്‍ ആംബുലന്‍സുകളായി മാത്രം നിരത്തുകളില്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന ആ വാഹനമാണ് മൂകാംബിക റെയില്‍വേ സ്റ്റേഷനില്‍ വ്യാപകമായി ഉണ്ടായിരുന്നത്. ആ വാഹനങ്ങളില്‍ ഞങ്ങള്‍ക്കു പിറകെ എത്തിയവരെല്ലാം ഞങ്ങളെപ്പോലെ വിശന്നുവലഞ്ഞവരായിരുന്നു. അവരും ഞങ്ങള്‍ക്കു പിറകില്‍ ആ ചായക്കടയുടെ മുന്നില്‍ വരിയിട്ടു. വിശപ്പൊന്ന് ആറിയപ്പോഴാണ് സ്ഥലകാലബോധം എനിക്ക് തിരിച്ചുകിട്ടിയത്. മൂക്കിലെ രോമങ്ങള്‍പോലും കരിയുന്ന ദുര്‍ഗന്ധം അന്തരീക്ഷത്തിലുണ്ടെന്നറിഞ്ഞത്.  കുടജാദ്രിമലനിരകളിലെ കാടും കാറ്റും കാട്ടുറവുകളുംകൊണ്ട് ധന്യമായ ഈ ഭൂമിക സമ്പൂര്‍ണ്ണം മലീമസമായിരിക്കുന്നു. ലോഡ്ജിലെ മുറിക്കുള്ളിലേക്കും തീവ്രവാദികളെപ്പോലെ  ദുര്‍ഗന്ധം ഒളിച്ചുകടന്നു.

പിറ്റേ ദിവസം രാവിലെ ഞങ്ങള്‍ സൗപര്‍ണ്ണികയിലേക്കു പുറപ്പെട്ടു. ഒഴുക്കിന്റെ ഭൂതകാലസ്മരണകള്‍പോലുമില്ലാതെ വരണ്ടുണങ്ങി സൗപര്‍ണ്ണികാനദി. ''സൗപര്‍ണ്ണികാമൃതവീചികള്‍ പാടും സഹസ്രനാമങ്ങള്‍...'' എന്ന കെ. ജയകുമാര്‍ രചിച്ച് യേശുദാസ് പാടിയ ആ മനോഹരഗാനത്തിന്റെ ഈരടികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന മലയാളികളുടെ ഹൃദയം അവിടെയെത്തുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍  തകര്‍ന്നുപോകും.  കുടജാദ്രിമലനിരകളിലെ അറുപത്തിനാല്  വനമൂലികകളെ തൊട്ടുണര്‍ത്തി പുണ്യം നേടിയ ആ കാട്ടാറെവിടെ? വരാഹി, കേടക, ചക്ര, കുബ്ജ എന്നീ നാലു പുഴകളുമായി ചേര്‍ന്ന് അറേബ്യന്‍കടലില്‍ വിലയം പ്രാപിക്കുന്ന ആ വിശുദ്ധതീര്‍ത്ഥമെവിടെ? നദിയില്‍ നീന്തരുത് എന്ന മുന്നറിയിപ്പുമായി ഒരു ബോര്‍ഡ് കാലത്തിന്റെ അക്ഷരത്തെറ്റുപോലെ കരയില്‍ നില്‍പ്പുണ്ട്. മരിച്ചുപോയ ആ പുഴയെ  പരിഹസിക്കുന്നതുപോലെ തോന്നിപ്പിച്ചു ആ മുന്നറിയിപ്പ്. പുഴയിലപ്പോള്‍ കൊക്കിന്‍കാല്‍ നനയാന്‍ പാകത്തില്‍  കെട്ടിനിര്‍ത്തിയ കുറച്ച് വെള്ളമാണ് ഉണ്ടായിരുന്നത്.

ഈ പുഴ നിറഞ്ഞൊഴുകുന്നത് ഞാനൊരിക്കല്‍ കണ്ടിട്ടുണ്ട്, മുപ്പത് വര്‍ഷം മുന്‍പ് സുഹൃത്തുക്കളോടൊപ്പം ഇതേ കാലത്ത് ഞാനിവിടെ ആദ്യമായെത്തിയപ്പോള്‍. അന്ന് സൗപര്‍ണ്ണിക സമ്പൂര്‍ണ്ണം  സജലയായിരുന്നു. കാടിന്റെ എല്ലാ രസങ്ങളും അന്ന് ആ കാട്ടാറിലുണ്ടായിരുന്നു. ഒഴുക്കുകളുടെ ഗതിവേഗം കണ്ട് പുഴയിലിറങ്ങാന്‍  ഞാനന്ന് പേടിച്ചിരുന്നു. അന്ന് ആ പുഴയിലിറങ്ങി കുളിക്കാന്‍ ശ്രമിച്ച ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരണത്തോട് മല്ലടിച്ചതും  ഞാന്‍ കണ്ടതാണ്. ഒരാള്‍ ഓടിവന്ന് മരണത്തിലേക്ക് താഴ്ന്നുകൊണ്ടിരുന്ന ആ മനുഷ്യനെ അത്ഭുതകരമായി രക്ഷിച്ചതും കണ്ടതാണ്. കുടജാദ്രിവനങ്ങളിലെ  കാറ്റുകള്‍ക്കന്ന് ഒരു പ്രത്യേക തണുപ്പുണ്ടായിരുന്നു. 

സൗപര്‍ണ്ണികയുടെ അതേ കടവില്‍ കുറച്ചുകൂടി താഴെ  കരി കലക്കിയപോലെ മലിനജലം. നഗരത്തിലെ ഓടകള്‍പോലും തോറ്റുപോകുന്ന ദുര്‍ഗന്ധവാഹിനി. അതാണിപ്പോള്‍ സൗപര്‍ണ്ണികയിലെ ഒഴുക്ക്. ക്ഷേത്രപരിസരങ്ങളിലുള്ള കച്ചവടസ്ഥാപനങ്ങളിലെ മുഴുവന്‍ ഓടകളും സൗപര്‍ണ്ണികയിലേക്ക് തുറന്നുവെച്ചിരിക്കുന്നു. ഇത്രയും മലിനമായ ഒരു കാട്ടാര്‍ മറ്റൊരിടത്തും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഭക്തിക്കച്ചവടക്കാര്‍ സൗപര്‍ണ്ണികയെ പരിപൂര്‍ണ്ണയായും  കാളിന്ദിയാക്കി കഴിഞ്ഞു. ആ കാട്ടാറിന്റെ വിശുദ്ധിയിലായിരുന്നു മൂകാംബിക ക്ഷേത്രത്തിന്റെ ആദ്ധ്യാത്മികമായ ഔന്നത്യം. മനുഷ്യഹൃദയങ്ങളെ സ്ഫുടം ചെയ്തിരുന്ന നിര്‍മ്മലമായ പ്രകൃതി കാലഗതിയടഞ്ഞു. ഏതൊക്കെയോ ദേശത്തുനിന്ന് അവിടെയെത്തുന്ന തീര്‍ത്ഥാടകരെ ഇപ്പോള്‍ സ്വീകരിക്കുന്നത്  മലിനജലവും മലിനവായുവും മലിനമായ മണ്ണുമാണ്. 

മാലിന്യം ഒഴുകുന്ന
സൗപര്‍ണ്ണിക

ഗുരുവായൂര്‍ ക്ഷേത്രനഗരിയുമായി താരതമ്യം ചെയ്താല്‍ അതിന്റെ പത്തിലൊന്ന് വലിപ്പമേ ഈ ക്ഷേത്രനഗരിക്കുള്ളൂ. വനപരിസരത്ത് സ്ഥിതിചെയ്യുന്നതുകൊണ്ട് ധാരാളം സ്ഥലവുമുണ്ട്. പ്രതിവര്‍ഷം ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ വന്നുചേരുന്നതുകൊണ്ട് സാമാന്യം നല്ല വരുമാനവുമുണ്ട്. ടാക്സിഡ്രൈവര്‍മാരായും കച്ചവടക്കാരായും നൂറുകണക്കിനു പേര്‍ അവിടെയെത്തുന്ന ഭക്തരെ ആശ്രയിച്ച് ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നുമുണ്ട്. ഒന്ന് മനസ്സ് വെച്ചാല്‍  ക്ഷേത്രസമിതിക്ക്  ഈ മലിനീകരണം പൂര്‍ണ്ണമായും അവസാനിപ്പിക്കാനാവും. എന്നാല്‍, അവിടെയാര്‍ക്കും അതിനെക്കുറിച്ച് ഒരാവലാതിയും ഇല്ല. സ്ഥലവിശുദ്ധിയില്ലെങ്കില്‍ ക്ഷേത്രവിശുദ്ധിയില്ലെന്ന കാര്യം എല്ലാവരും വിസ്മരിച്ചിരിക്കുന്നു. സര്‍വ്വവ്യാപിയായ വായു മലിനമായിരിക്കുമ്പോള്‍ വിഗ്രഹം മാത്രം എങ്ങനെ നിര്‍മ്മലമായിരിക്കും? അഷ്ടഗന്ധങ്ങള്‍കൊണ്ടോ പൂജാദ്രവ്യങ്ങള്‍കൊണ്ടോ ആ അശുദ്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുമോ? ഈ രീതിയിലാണ് ഇനിയും മുന്നോട്ടു പോകുന്നതെങ്കില്‍ മൂകാംബിക രോഗങ്ങളുടെ ഈറ്റില്ലമാവും. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ അവിടെയുണ്ടായ കുരങ്ങുപനി, കോളറ തുടങ്ങിയ രോഗങ്ങള്‍ അതിന്റെ വിപല്‍സൂചനകളായിരുന്നു. എന്നിട്ടും മാലിന്യസംസ്‌കരണത്തിനുവേണ്ടി ഒരു ശ്രമവും ഉണ്ടായിട്ടില്ല. മൂകാംബികാദേവി നീരാടിയതെന്ന് വിശ്വസിക്കുന്ന സൗപര്‍ണ്ണികാനദിയെ വീണ്ടെടുക്കാന്‍ ആ വിശ്വാസം മാത്രം മതിയാകേണ്ടതായിരുന്നു. അത് പോലും ഭക്തിക്കച്ചവടക്കാരേയോ ഭക്തരേയോ സ്വാധീനിക്കുന്നില്ല. പേരാമ്പ്രയില്‍ നിപ്പ വൈറസ് ബാധയുണ്ടായപ്പോള്‍ ആഴ്ചകളോളം ക്ഷേത്രങ്ങളും പള്ളികളും ഉറങ്ങിപ്പോയത് ഓര്‍ത്തുവെയ്‌ക്കേണ്ട കാര്യമാണ്.
ചില കാര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ ചെയ്താല്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുന്നതാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിപൂര്‍ണ്ണമായും നിരോധിക്കണം. സൗപര്‍ണ്ണികയിലേക്ക് തുറന്നുവെച്ച അഴുക്കുചാലുകള്‍ അടക്കണം. നീര്‍ത്തടാധിഷ്ഠിതരീതിയില്‍ കുടജാദ്രിമലനിരകളില്‍ മഴക്കുഴികളും ചെക്ക് ഡാമുകളും നിര്‍മ്മിച്ച് ജലസംരക്ഷണം നടത്തണം. നീര്‍ത്തടാധിഷ്ഠിതരീതിയില്‍ ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയാല്‍ നാലഞ്ച് വര്‍ഷങ്ങള്‍കൊണ്ട് സൗപര്‍ണ്ണിക വര്‍ഷം മുഴുവന്‍ ഒഴുകുന്ന കാട്ടാറാവും. ഇച്ഛാശക്തിയാണ് അതിന് ആവശ്യം. പണമാണ് കുറവെങ്കില്‍ അത് പരിഹരിക്കാന്‍ ഭക്തജനങ്ങള്‍ വിചാരിച്ചാല്‍ എളുപ്പം സാധിക്കുന്നതാണ്. 

കുടജാദ്രിമലനിരകളും സമാനമായ മലിനീകരണഭീഷണി നേരിടുന്നുണ്ട്. അവിടെ വില്ലന്‍ പ്ലാസ്റ്റിക്കാണ്. വനംവകുപ്പിന് നൂറ് രൂപ പ്രവേശനഫീസ് നല്‍കിയാണ് ഇവിടെ തീര്‍ത്ഥാടകര്‍ എത്തുന്നത്. അത്രയും വരുമാനമുണ്ടായിട്ടും അവിടെ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ സമാഹരിക്കാന്‍പോലും ശാസ്ത്രീയമായ ഒരു നടപടിയും വനംവകുപ്പ് സ്വീകരിച്ചിട്ടില്ല. ചിലയിടങ്ങളില്‍ പ്ലാസ്റ്റിക്ക് ചാക്കുകള്‍ സ്ഥാപിച്ചതാണ് അവര്‍ ചെയ്ത ഏക നടപടി. അവയില്‍ നിറഞ്ഞുകവിഞ്ഞും പരിസരങ്ങളിലുമായും കൂടിക്കിടക്കുന്നുണ്ട് പ്ലാസ്റ്റിക്ക് കുപ്പികള്‍. പ്ലാസ്റ്റിക്ക് സാധനങ്ങള്‍ തിരിച്ചുകൊണ്ടുവരാത്തതിന് തീര്‍ത്ഥാടകരില്‍നിന്ന് വനംവകുപ്പ് പിഴയും ചുമത്തുന്നുണ്ട്. എന്നിട്ടും എന്തുക്കൊണ്ടാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഫലപ്രദമായ സംഭരണികള്‍ സ്ഥാപിക്കാന്‍ സാധിക്കാത്തത്? എന്തുകൊണ്ടാണ് ഈ മാലിന്യങ്ങള്‍ യഥാസമയം അവിടെനിന്ന് മാറ്റാന്‍ സാധിക്കാത്തത്? തീര്‍ത്ഥാടകരില്‍നിന്ന് പ്രവേശനഫീസ് ഇനത്തില്‍ കിട്ടുന്ന ലക്ഷക്കണക്കിനു രൂപയുടെ ഒരു ചെറുശതമാനം എന്തുകൊണ്ട് ഈ കാര്യങ്ങള്‍ക്കുവേണ്ടി നീക്കിവെക്കുന്നില്ല?

പുല്‍മേടുകളും ചോലവനങ്ങളുംകൊണ്ട് പ്രകൃതി രചിച്ച ഒരപൂര്‍വ്വ അഴകാണ് കുടജാദ്രി. മൂകാംബിക ക്ഷേത്രത്തില്‍നിന്ന് അറുപത് കിലോമീറ്ററോളം ജീപ്പില്‍ സഞ്ചരിച്ചോ പതിനെട്ട് കിലോമീറ്ററോളം വനത്തിലൂടെ യാത്ര ചെയ്‌തോ വേണം അവിടെയെത്താന്‍. മുപ്പത് വര്‍ഷം മുന്‍പ് ഞാന്‍ സുഹൃത്തുക്കളോടൊപ്പം നടന്നാണ് ഇവിടെയെത്തിയത്. ഇപ്പോള്‍ കുടുംബത്തോടൊപ്പം ജീപ്പിലെത്തി. അന്ന് ഞങ്ങളവിടെ ഒരാഴ്ചയോളം  പൂജാരിയായ ഭട്ടിന്റെ കുടുംബത്തില്‍ താമസിച്ചിരുന്നു. സന്ദര്‍ശകരുടെ സാന്നിദ്ധ്യം അക്കാലങ്ങളില്‍ വളരെ അപൂര്‍വ്വമായിരുന്നു. കാലം മാറിയപ്പോള്‍, ജീപ്പില്‍ ഇവിടെ എത്താമെന്നായപ്പോള്‍ സന്ദര്‍ശകരുടെ സാന്നിദ്ധ്യം വളരെ കൂടിയിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് ജീപ്പുകളില്‍ സന്ദര്‍ശകരെത്തുന്നു. ജീപ്പ് യാത്ര അവിശ്വസനീയമാംവിധം ക്ലേശകരമാണ്. ജീപ്പുകള്‍ കാട്ടുപാതയിലൂടെ വലിയ പാറക്കല്ലുകളില്‍ ഒറ്റയടിവെച്ച് നടന്നുകയറുകയാണ് ചെയ്യുന്നത്. വാക്കുകള്‍ തികയാതെ വരും ആ യാത്രയുടെ സാഹസികത ആവിഷ്‌കരിക്കാന്‍. ജീപ്പുകള്‍ ഓടിപ്പിക്കുന്ന ഡ്രൈവര്‍മാരുടെ അസാമാന്യ പാടവത്തോട് അതിരറ്റ ആദരവും തോന്നും.

വിസ്മയിപ്പിക്കുന്ന പ്രകൃതിസൗന്ദര്യമാണ് കുടജാദ്രിമലനിരകളുടെ ഒന്നാമത്തെ ആകര്‍ഷണം. അവിടെയെത്തുമ്പോള്‍ യാത്രയുടെ എല്ലാ ക്ഷീണവും മറക്കും. ഈറന്‍കാറ്റില്‍ ഉടലുകള്‍ കുളിച്ചുണരും. മുടിയഴിച്ചാടുന്ന പുല്‍മേടുകളുടേയും മലയിടക്കുകളില്‍ ശിരസ്സ് കുനിച്ചുനില്‍ക്കുന്ന ചോലവനങ്ങളുടേയും ദീപ്തസൗന്ദര്യം ഹൃദയം കവരും. കാലത്തിന്റെ അനന്തബിന്ദുവില്‍നിന്ന് അതിനിടയില്‍ മഞ്ഞുമേഘങ്ങള്‍ അവിടെ നീന്തിയെത്തിയിട്ടുണ്ടാവും. അവ കുന്നിനോടും പുല്‍മേടിനോടും പ്രണയം ഉച്ചരിക്കുന്നുണ്ടാവും. കുടജാദ്രി ഒരു മലനിരയല്ല, ഓരോരുത്തരേയും തന്റെ ഉള്ളിലേക്കു നയിക്കുന്ന മാനസാകാശമാണ്.

മൂകാംബികയുടെ മൂലസ്ഥാനം ഇവിടെയാണെന്നാണ് വിശ്വാസം. അതുമായി ബന്ധപ്പെട്ട് രണ്ട് ചെറുക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഈ ക്ഷേത്രങ്ങളിലൊന്നില്‍ സ്ഥാപിച്ച ഇരുമ്പ് സ്തൂപം പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. നാല്‍പ്പതടി നീളമുള്ള ഈ ഇരുമ്പ് സ്തൂപത്തിന് ആയിരം വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. മൂകാസുരനെ വധിക്കാന്‍ ദേവി പ്രയോഗിച്ച ശൂലമാണെന്നാണ് പുരാവൃത്തം. ഡല്‍ഹിയിലേയും താറിലേയും ഇരുമ്പ് സ്തൂപങ്ങള്‍പോലെ, ലോഹശാസ്ത്രത്തില്‍ ഇന്ത്യ നേടിയ പുരാതനവൈദഗ്ദ്ധ്യത്തിന്റെ അടയാളമാണ് വാസ്തവത്തിലത്. ആ മലനിരകളില്‍ ഇരുമ്പയിര്‍ സമൃദ്ധമാണെന്ന് യാത്രയ്ക്കിടയില്‍ ഞാന്‍ കണ്ടിരുന്നു. ആ ഇരുമ്പ് സ്തൂപം നിര്‍മ്മിച്ചത് അവിടെവെച്ചു തന്നെയാകണം. ഒന്നുകൂടി സസൂക്ഷ്മം പരിശോധിച്ചാല്‍ ഇരുമ്പുല്പാദനത്തിന്റെ അവശിഷ്ടമായ പുരാണകിട്ടങ്ങളും (കീടക്കല്ലുകള്‍)  കണ്ടെത്താന്‍ സാധിച്ചേക്കും. അതിന് വളരെ ശാസ്ത്രീയമായ പഠനങ്ങള്‍ ആവശ്യമാണ്. 

കുടജാദ്രിയിലെ മറ്റൊരു ആകര്‍ഷണം ശ്രീശങ്കരന്‍ ധ്യാനനിരതനായിരുന്ന സര്‍വ്വജ്ഞപീഠമാണ്. ഞാനവിടെ ആദ്യമെത്തുമ്പോള്‍ ശിലയില്‍ നിര്‍മ്മിച്ച ഒരു ചെറുകെട്ടിടം മാത്രമായിരുന്നു അത്. ഒരു നിലാരാത്രിയില്‍ ഞങ്ങളവിടെ ഒരുപാട് നേരം ചെലവഴിച്ചിരുന്നു. ഇന്ന് അതും ഒരു ക്ഷേത്രമായി മാറിയിരിക്കുന്നു.  കാലഗതിയില്‍ ഭക്തിയുടെ വിപണനസാധ്യതകള്‍ വികസിക്കുന്നു. ഭക്തഹൃദയങ്ങളെ അനവരതം ആകര്‍ഷിച്ചിരുന്ന പ്രകൃതിയുടെ ദിവ്യസൗന്ദര്യങ്ങള്‍ വിടപറയുന്നു. ഭക്തര്‍ തിരിച്ചുപോയിട്ടും അവര്‍ കൊണ്ടുവന്ന മാലിന്യങ്ങള്‍ സൗപര്‍ണ്ണികയേയും കുടജാദ്രിയേയും നിത്യവും ദുഷിപ്പിച്ചുക്കൊണ്ടിരിക്കുന്നു. സൗപര്‍ണ്ണികയ്ക്ക് വീണ്ടും ഒഴുക്കുകള്‍ തിരിച്ചുനല്‍കാന്‍, ക്ഷേത്രപരിസരവും കുടജാദ്രിമലനിരകളും മലിനമുക്തമായി സൂക്ഷിക്കാന്‍ ക്ഷേത്രസമിതിയോ സര്‍ക്കാരോ ഭക്തജനങ്ങളോ അടിയന്തരമായി ഇടപെടുകതന്നെ വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com