അധ്യാപക വിദ്യാഭ്യാസം: ഒരടി മുന്നോട്ട്, നാലടി പിന്നോട്ട്

ബി.എഡ് നാലുവര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്സാക്കി മാറ്റുക: ഈ നിര്‍ദ്ദേശം വര്‍ഷങ്ങളായി നിലവിലുള്ളതാണ്.
അധ്യാപക വിദ്യാഭ്യാസം: ഒരടി മുന്നോട്ട്, നാലടി പിന്നോട്ട്

രാജ്യത്തു നിലവിലുള്ള ടീച്ചര്‍ എഡ്യൂക്കേഷന്‍ സംവിധാനം ഒരു കുറ്റവും കുറവുമില്ലാത്തതാണ് എന്ന അഭിപ്രായം ആര്‍ക്കും ഉണ്ടാവാനിടയില്ല. ആ മേഖല പരിഷ്‌കരിക്കേണ്ടതുമാണ്. പക്ഷേ, അതിനായി മുന്നോട്ടുവെയ്ക്കപ്പെടുന്ന പല നിര്‍ദ്ദേശങ്ങളും പ്രത്യക്ഷത്തില്‍ത്തന്നെ അപ്രായോഗികങ്ങളാണ്. കസ്തൂരിരംഗന്‍  അധ്യക്ഷനായുള്ള  സമിതിയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിലും കാതലായ പ്രതീക്ഷയ്ക്കു വക കാണുന്നില്ല. നിലവില്‍ അദ്ധ്യാപക വിദ്യാഭ്യാസ മേഖലയെ മൂക്കുകയറിട്ടു പിന്നിലേക്ക് വലിക്കുന്ന അവസ്ഥയാണുള്ളത്. കേന്ദ്ര തലത്തില്‍ നേതൃത്വം കൊടുക്കുന്ന എന്‍.സി.ടിയും അതിനെ പ്രാദേശികമായി  പരിപാലിക്കേണ്ടുന്ന സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് അദ്ധ്യാപക വിദ്യാഭ്യാസത്തെ (ടീച്ചര്‍ എഡ്യുക്കേഷന്‍) മുന്നോട്ടും പിന്നോട്ടും നടത്തിച്ചു രസിക്കുകയാണിപ്പോള്‍. വളരെ കാതലായ മാറ്റം വേണ്ടുന്ന ഒരു വിദ്യാഭ്യാസ ശാഖയെ എത്ര ഉദാസീനതയോടെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് പറയാതെ  വയ്യ. 

അദ്ധ്യാപക വിദ്യാഭ്യാസം 
മുന്‍പും കഴിഞ്ഞ ദശകത്തിലും 

1716-ല്‍  ഡാനിഷ് മിഷനറിമാര്‍ തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ സ്ഥാപിച്ച ടീച്ചര്‍ ട്രെയിനിങ് സെന്ററില്‍  നിന്നാണ് ഇന്ത്യയിലെ അദ്ധ്യാപക വിദ്യാഭ്യാസത്തിന്റെ ചരിത്രം തുടങ്ങുന്നത് എന്ന് പറയാം. ആധുനിക അദ്ധ്യാപക വിദ്യാഭ്യാസം യൂറോപ്യന്മാരുടെ സംഭാവനയാണ്. 1854-ലെ 'വുഡ്‌സ് ഡസ്പാച്ച്' ആണ് ഈ രംഗത്ത് ഒരു മാര്‍ഗ്ഗരേഖ ആദ്യമായി നിര്‍ദ്ദേശിച്ചത്. പില്‍ക്കാലത്തു വന്ന ഹണ്ടര്‍ കമ്മിഷനും ഹാര്‍ട്ടോഗ് കമ്മിറ്റിയും ഒക്കെ മേഖലയെ പുഷ്ടിപ്പെടുത്താന്‍ വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തി. രാജ്യത്തിന് തനതായ ഒരു അധ്യാപക പരിശീലന നയം നിര്‍ദ്ദേശിക്കപ്പെട്ടതു 1938-ല്‍ ഗാന്ധിജിയുടെ ബേസിക് എഡ്യുക്കേഷന്‍ എന്ന ആശയത്തിലൂടെയാണ്. സ്വാതന്ത്ര്യാനന്തരം കോത്താരി കമ്മിഷനും ഈശ്വര്‍ ഭായ്  പട്ടേല്‍ കമ്മിറ്റിയും 1986-ലെ ദേശീയ  വിദ്യാഭ്യാസ നയവുമൊക്കെ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ഒരു കാര്യം വസ്തുതാപരമാണ്; രാജ്യത്തെ ഏതു വിദ്യാഭ്യാസ ശാഖയുംപോലെ ടീച്ചര്‍ എഡ്യുക്കേഷന്‍ രംഗവും ഓരോ കാലത്തും രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ കമ്മിഷനുകളുടെ നിര്‍ദ്ദേശങ്ങളിലൂടെത്തന്നെയാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. പുതിയ ഗവണ്‍മെന്റുകള്‍   ഇനിയും പുതിയ നയങ്ങള്‍ കൊണ്ടുവന്നേക്കാം. പക്ഷേ, അവ നിലവിലുള്ള ഒരു രീതിശാസ്ത്രത്തേയും നടത്തിപ്പിനേയും മുച്ചൂടും മാറ്റംവരുത്തുന്നതാവുമ്പോള്‍ കുറച്ചുകൂടി കാതലായ പഠനം ആവശ്യമാണെന്നു പറയാതെ വയ്യ.
സ്വാതന്ത്ര്യാനന്തരം അറുപതിലധികം വര്‍ഷം നിലനിന്ന ടീച്ചര്‍ എഡ്യുക്കേഷന്‍ കോഴ്സുകളുടെ ഘടനയില്‍ ചില പ്രത്യക്ഷ മാറ്റങ്ങള്‍ ഉണ്ടായത്  2013-ലെ വര്‍മ്മ കമ്മിഷന്‍ റിപ്പോര്‍ട്ടു പ്രകാരമാണ്. അതു പ്രകാരം നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍   ഇപ്പോള്‍ 2019  ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചാണെങ്കില്‍ അകാലചരമം പ്രാപിക്കാനിടയുണ്ട്.  

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ജസ്റ്റിസ് വര്‍മ്മ കമ്മിഷന്‍  2013-ല്‍ രൂപീകൃതമായത്. ടീച്ചര്‍ എഡ്യുക്കേഷന്‍ പരിഷ്‌കരിക്കാന്‍ ചുമതലപ്പെടുത്തിയ ആ കമ്മിഷന്റെ പ്രധാന ന്യൂനത അതിലെ മൂന്നംഗങ്ങളില്‍ രണ്ടു പേരും ടീച്ചര്‍ എഡ്യുക്കേഷന്‍ രംഗത്തുനിന്നുള്ളവരായിരുന്നില്ല എന്നതാണ്. ഒരാള്‍ റിട്ടയേര്‍ഡ് ജഡ്ജിയും മറ്റെയാള്‍ സോഷ്യോളജി അധ്യാപികയുമായിരുന്നു. എന്‍.സി.ആര്‍.ടി മുന്‍ ഡയറക്ടറായിരുന്ന പ്രൊഫസര്‍ കൃഷ്ണകുമാറാകട്ടെ, കമ്മിറ്റിയില്‍   സജീവമായിരുന്നില്ലതാനും. അദ്ധ്യാപക വിദ്യാഭ്യാസത്തിന്റെ  പ്രായോഗിക നടത്തിപ്പിനെ കുറിച്ച് കമ്മിഷനുകള്‍ക്കുള്ള ധാരണക്കുറവ് ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പരിമിതികള്‍ ഉണ്ടായെങ്കിലും   വര്‍മ്മ കമ്മിഷന്‍ റിപ്പോര്‍ട്ട് ടീച്ചര്‍ എഡ്യുക്കേഷന് ചില ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി.

സമകാലീന മാറ്റങ്ങള്‍  

വര്‍മ്മ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം എന്‍.സി.ടി (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍) പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തി. ടി.ടി.സിയുടെ പേര് മാറ്റി ഡി.എഡ്/ഡി.എല്‍.എഡ്  എന്നാക്കി. ബി.എഡും എം.എഡും രണ്ടുവര്‍ഷ കോഴ്സുകളാക്കി മാറ്റി. ഇരുകോഴ്സുകളിലും ഒരു യൂണിറ്റ് എന്നത് അന്‍പതു കുട്ടികളാക്കി നിജപ്പെടുത്തി. ടീച്ചിങ് പ്രാക്ടീസിന്റെ ദൈര്‍ഘ്യം ഗണ്യമായി കൂടി. ചില പുതിയ പാഠ്യവിഷയങ്ങള്‍ കരിക്കുലത്തില്‍ ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ എല്ലായിടത്തും ഈ മാറ്റങ്ങള്‍ നടപ്പില്‍ വന്നു. എന്നാല്‍ മാറ്റങ്ങള്‍ക്കൊപ്പം നിര്‍ദ്ദേശിക്കപ്പെട്ട 'ടീച്ചര്‍ എഡ്യുക്കേഷന്‍ നയങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായുള്ള ദേശീയ സ്ഥാപനം' (National  Institute  of  Policy  and  Research  in  Teacher  Education), ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജുകളുടെ പ്രത്യേക ദേശീയ കണ്‍സോര്‍ഷ്യം, പാഠ്യപദ്ധതിയുടെ ദേശീയ ഏകീകരണം എന്നിവയൊന്നും നടപ്പായതുമില്ല. 

പ്രത്യക്ഷത്തില്‍ ഈ മാറ്റംകൊണ്ട് വലിയ ഗുണഫലമൊന്നും ഉണ്ടായില്ല. രണ്ടു വര്‍ഷ എം.എഡിന് പഠിതാക്കളെ കിട്ടാതായി, ടീച്ചിങ് പ്രാക്ടീസിന്റെ ദൈര്‍ഘ്യം കൂടിയതോടെ ട്രെയിനികളെ സ്വീകരിക്കുന്ന സ്‌കൂളുകള്‍ക്കു ബുദ്ധിമുട്ടു കൂടി, നാലഞ്ച് മാസത്തോളം ട്രെയിനി ടീച്ചേഴ്സ് എത്തിയതോടെ ചില അദ്ധ്യാപകര്‍ നാല് മാസം ക്ലാസ്സില്‍ പോകാതിരിക്കാനുള്ള മാര്‍ഗ്ഗമാക്കി ഇതിനെ മാറ്റി. ടീച്ചര്‍ എഡ്യുക്കേഷനുമായി വലിയ അടുപ്പമൊന്നുമില്ലാത്ത വിഷയങ്ങള്‍ പഠിപ്പിച്ചു തള്ളുന്ന അവസ്ഥയാണിപ്പോള്‍ കോളേജുകളില്‍. കരിക്കുലത്തിലേക്കു നിര്‍ദ്ദേശിക്കപ്പെട്ട പുതിയ വിഷയങ്ങളൊന്നുംതന്നെ ബോധനപ്രാപ്തിയെ വര്‍ദ്ധി പ്പിക്കാനുതുകുന്നവയല്ല.  അദ്ധ്യാപന പ്രാവീണ്യം പരിപോഷിപ്പിക്കാനുള്ള കാതലായ നിര്‍ദ്ദേശങ്ങള്‍  വര്‍മ്മ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. അത് പഠനവിഷയ കേന്ദ്രീകൃതമായ നിര്‍ദ്ദേശങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. പഠിക്കാനുള്ള വിഷയങ്ങളുടെ എണ്ണം  കൂടിയതോടെ അദ്ധ്യാപന  പ്രാവീണ്യത്തില്‍  ഊന്നല്‍ കുറഞ്ഞു. ഒരു ഗുണമുണ്ടായത് ചില കോളേജുകള്‍ ടെക്നോളജി അധിഷ്ഠിത പഠനത്തില്‍ കുറച്ചെങ്കിലും ശ്രദ്ധവച്ചു എന്നതാണ്.
എന്തായാലും രണ്ടു വര്‍ഷ ബി.എഡ് നടപ്പിലാക്കിവരികയായിരുന്നു ടീച്ചര്‍ എഡ്യുക്കേഷന്‍ മേഖല. അതിപ്പോ 'ദാ പോയി' എന്ന സാഹചര്യത്തിലായിരിക്കുന്നു. 2014-ലെ പരിഷ്‌കാരങ്ങളുടെ ഗുണവശങ്ങള്‍ നിലനിര്‍ത്തിയും അപാകതകള്‍ പരിഹരിച്ചും മുന്നോട്ടുപോവും എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇപ്പോള്‍ മാനവ വിഭവശേഷി വകുപ്പും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് റിപ്പോര്‍ട്ടും ഇതെല്ലം നാലുവര്‍ഷത്തേക്ക് മാറ്റണം എന്ന് കണിശമായി നിര്‍ദ്ദേശിക്കുന്നത്. അതിന്റെ നയരേഖ ജൂലൈ 26-നു  കേന്ദ്രമന്ത്രി  പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
 ഏതു രാജ്യത്തും സ്‌കൂള്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുണപരമായ വളര്‍ച്ച ആശ്രയിച്ചു നില്‍ക്കുന്നത് അദ്ധ്യാപക പരിശീലനരംഗത്തിന്റെ പ്രാപ്തിക്കനുസരിച്ചാണ്. സ്‌കൂള്‍ വിദ്യാഭ്യാസതലത്തില്‍  ശോഭിച്ചുനില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം വളരെയേറെ പ്രാധാന്യം കൊടുത്തു സംരക്ഷിക്കപ്പെടുന്നുണ്ട് ടീച്ചര്‍ എഡ്യുക്കേഷന്‍. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഈ രംഗം അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ  പരിഗണിക്കപ്പെടുന്നില്ല എന്നതാണ് സത്യം. 

നിലവിലെ അവസ്ഥ 

1996  മുതലാണ് സ്വാശ്രയ ബി.എഡ്-എം.എഡ് കോളേജുകള്‍ രാജ്യത്തൊന്നാകെ അനുവദിക്കപ്പെട്ട് തുടങ്ങിയത്. അതിനു മുന്‍പു മൈസൂര്‍ RIMSE (രാമകൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മോറല്‍ ആന്‍ഡ് സ്പിരിച്ച്വല്‍  എഡ്യുക്കേഷന്‍) പോലെ ചില മികച്ച സ്വാശ്രയ കോളേജുകളുണ്ടായിരുന്നു. പക്ഷേ, കേരളത്തില്‍ ഒന്നുപോലുമുണ്ടായിരുന്നില്ല. 2006  ആയപ്പോഴേക്കും രാജ്യത്താകെ ബി.എഡ് കോളേജുകളുടെ പ്രളയമായി. കൈക്കൂലി ആരോപണത്തിന്റെ മുനയൊടിക്കാന്‍ വേണ്ടി അപേക്ഷിച്ചവര്‍ക്കൊക്കെ കോളേജ് തുടങ്ങാന്‍ എ. കെ. ആന്റണി സര്‍ക്കാര്‍  അനുമതി നല്‍കിയതോടെ  കേരളത്തിലും അവയുടെ എണ്ണം ആവശ്യത്തിലും ഏറെയായി.  സ്വാഭാവികമായും അത് കച്ചവട പ്രവണത വര്‍ദ്ധിപ്പിച്ചു. ഡിഗ്രി വില്‍പ്പന കേന്ദ്രങ്ങളായി ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജുകള്‍ മാറിയിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ മറികടക്കാവുന്ന മാര്‍ഗ്ഗരേഖയൊന്നും പുതിയ എന്‍.പിയിലും ഉള്ളതായി കാണുന്നില്ല.  കച്ചവട താല്‍പ്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന മഹാഭൂരിപക്ഷം കോളേജുകളും അക്കാദമിക് താല്‍പ്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഏതാനും കോളേജുകളും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പണം കൊടുത്തു ചേര്‍ന്ന്, ക്ലാസ്സില്‍ ഹാജരാവാതെ പരീക്ഷ മാത്രം എഴുതി സര്‍ട്ടിഫിക്കറ്റ് നേടാന്‍ അവസരമൊരുക്കുന്ന കോളേജുകള്‍ ഇതര സംസ്ഥാനങ്ങളില്‍ മാത്രമല്ല, കേരളത്തിലുമുണ്ട് എന്നത് വസ്തുതയാണ്.

സ്‌കൂളുകളുടെ  പ്രവര്‍ത്തനവുമായി  യോജിച്ചു വേണമല്ലോ     ബി.എഡ് കോളേജുകള്‍ പ്രവര്‍ത്തിക്കാന്‍. രണ്ടു വര്‍ഷത്തില്‍ അഞ്ച്-ആറ് മാസത്തോളം മോഡല്‍-നിരീക്ഷണ-ക്രിട്ടിസിസം ക്ലാസ്സുകള്‍, ടീച്ചിങ് പ്രാക്ടീസ് തുടങ്ങി വിവിധ കാര്യങ്ങള്‍ക്കായി അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലായിരിക്കും. അണ്‍ എയ്ഡഡ് കോളേജുകള്‍ പെരുകിയെങ്കിലും അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് ഈ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം കൊടുക്കുകയില്ല. ഡി.എഡിന്റേയും ബി.എഡിന്റേയും സ്‌കൂള്‍ ബന്ധിത അക്കാദമിക് പരിപാടികളെല്ലാംകൊണ്ട് പൊതുസ്‌കൂളുകള്‍ ശരിക്കും  പൊറുതിമുട്ടിയിരിക്കുന്നു. സ്‌കൂള്‍ അനുബന്ധ  പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍  ബി.എഡ് കോളേജുകളും  പ്രയാസത്തിലായി. ഈ പൊല്ലാപ്പുകള്‍ക്കിടയില്‍ നിലവില്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജുകളില്‍ നടക്കുന്ന പല പഠന പ്രക്രിയകള്‍ക്കും ടീച്ചിങ് പ്രൊഫഷനില്‍ പ്രാവീണ്യം സൃഷ്ടിക്കുക എന്ന മുഖ്യലക്ഷ്യം സാധ്യമാക്കാനാവുന്നില്ല.
പഠനവിഷയങ്ങളുടെ ആധിക്യം, ബോധനമാധ്യമങ്ങളില്‍ പരിശീലിക്കാനുള്ള  അവസരക്കുറവ്, ടീച്ചിങ്  പ്രാക്ടീസ് പ്രോഗ്രാമിന് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശമില്ലായ്മ, ഒരേ സംസ്ഥാനത്തെ യുണിവേഴ്സിറ്റികളില്‍ത്തന്നെ ബി.എഡ്, എം.എഡ് കോഴ്സുകള്‍ക്ക് വ്യത്യസ്ത നടത്തിപ്പ് രീതി, വ്യത്യസ്ത കരിക്കുലം, ആരാലും മോണിറ്റര്‍ ചെയ്യപ്പെടാത്ത കോളേജ് സംവിധാനങ്ങള്‍, അണ്‍ എയ്ഡഡ്   കോളേജുകളിലെ ടീച്ചേഴ്സിനു ലഭിക്കുന്ന വളരെ കുറഞ്ഞ ശമ്പളം, അദ്ധ്യാപക കോഴ്സിനെത്തുന്ന കുട്ടികളുടെ പഠനനിലവാരക്കുറവ് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഈ മേഖലയില്‍ ഇപ്പോഴുണ്ട്. ഇവയ്ക്കു പുറമെയാണ് നേരത്തെ സൂചിപ്പിച്ച  കച്ചവടം. ഇതൊക്കെ മറികടക്കാവുന്ന മാര്‍ഗ്ഗരേഖയൊന്നും പുതിയ എന്‍.പിയിലും ഉള്ളതായി കാണുന്നില്ല.  

സംസ്ഥാനങ്ങളുടെ പങ്ക്

ടീച്ചര്‍ എഡ്യുക്കേഷന്‍ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് എന്‍.സി.ടിക്കു മാത്രമല്ല, സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും  ചെറുതല്ലാത്ത ഉത്തരവാദിത്വമുണ്ട്. എന്‍.സി.ടി അംഗീകാരം  കൊടുക്കുന്ന സ്ഥാപനത്തിന്റെ  നടത്തിപ്പ് മോണിറ്റര്‍ ചെയ്യാനുള്ള ഉത്തരവാദിത്വം സര്‍വ്വകലാശാലകള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ്. ഇരു  കൂട്ടരും  അതൊരിക്കലും നിര്‍വ്വഹിച്ചു കണ്ടിട്ടില്ല. സ്‌കൂള്‍  ബില്‍ഡിങ്ങുകളുടെ ഇറയത്തു  കെട്ടിയിറക്കിയ  ഷെഡുകളില്‍ കോളേജ് നടത്തുന്നതിനെപ്പറ്റിയും കോളേജില്‍ ഹാജരാവാതെ  കുട്ടികളെ  പരീക്ഷയ്ക്കിരിക്കാന്‍ അനുവദിക്കുന്നതിനെപ്പറ്റിയുമൊക്കെ നിരവധി പരാതികള്‍ യൂണിവേഴ്സിറ്റികള്‍ക്കു ലഭിക്കാറുണ്ട്. അതിനൊക്കെ പുല്ലുവില കല്പിക്കാറാണ് പതിവ്. ഈ കോളേജുകള്‍ എങ്ങനെ നടക്കുന്നു എന്ന് സംസ്ഥാന വിദ്യാഭ്യാസ  വകുപ്പ് അന്വേഷിക്കാറേയില്ല. ഏറ്റവും  താറുമാറായ ടീച്ചിങ് പ്രാക്ടീസ് പ്രോഗ്രാം  ഉള്‍പ്പെടെ  ഏകീകരിക്കുകയും പരിഷ്‌കരിക്കുകയും വേണമെന്ന   കാര്യം  മുന്‍ മന്ത്രിസഭയിലെ  വിദ്യഭ്യാസമന്ത്രിയുടേയും ഇപ്പോഴത്തെ മന്ത്രി പ്രൊഫസര്‍ രവീന്ദ്രനാഥിന്റെ മുന്‍പാകെയും  നിരവധി  തവണ എത്തിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഒരിക്കല്‍പ്പോലും മുഖവിലക്കെടുക്കപ്പെടുകയുണ്ടായില്ല. ടീച്ചര്‍ എഡ്യുക്കേഷന്‍ രംഗം താറുമാറായെങ്കില്‍ അതില്‍ എന്‍.സി.ടിക്കു മാത്രമല്ല, സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനുമുണ്ട് പങ്ക്  എന്ന് ചുരുക്കം.  

പുതിയ ദേശീയ വിദ്യാഭ്യാസനയവും 
ടീച്ചര്‍ എഡ്യുക്കേഷനും  

 
ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എന്‍.പി) കരട് റിപ്പോര്‍ട്ടില്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പറയുന്നുണ്ട്. അദ്ധ്യാപക വിദ്യാഭ്യാസ മേഖല വളരെയേറെ കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്  നിരീക്ഷിക്കുന്നുമുണ്ട്.  'Teacher  education  has  been  beleaguered  with  mediocrity  as  well  as  rampant  corruption  due  to  commercialization'  എന്നാണ് റിപ്പോര്‍ട്ട്   ഉപയോഗിച്ചിട്ടുള്ള വാചകം. ഈ നിരീക്ഷണം ഭൂരിപക്ഷം സെല്‍ഫ് ഫിനാന്‍സ് കോളേജുകളുടെ കാര്യത്തിലും ശരിയാണ്താനും. അദ്ധ്യാപക  വിദ്യാഭ്യാസം എന്ന സിസ്റ്റം അത്രയ്ക്ക് മലീമസപ്പെട്ടിരിക്കുന്നു. പക്ഷേ, ഇതിനു ആരാണ് ഉത്തരവാദി? നല്ല രീതിയില്‍ നടന്നിരുന്ന ഈ വിദ്യാഭ്യാസ ശാഖയെ പിറകോട്ടു നടത്തിച്ചത് ആരാണ്?  ടീച്ചര്‍ എഡ്യുക്കേഷന്‍ മേഖല എല്ലാ  അര്‍ത്ഥത്തിലും കൊണ്ട്‌നടക്കാന്‍ അധികാരമുള്ള എന്‍.സി.ടി എവിടെയായിരുന്നു,  ഈ സംവിധാനം നാശത്തെ നേരിടുമ്പോള്‍?  
തുടങ്ങിയ കോളേജുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കാന്‍ എന്‍.സി.ടിക്കോ സര്‍വ്വകലാശാലകള്‍ക്കോ സര്‍ക്കാരിനോ ഒന്നും യാതൊരു പദ്ധതിയുമില്ല. തുടങ്ങി പത്തു പതിനഞ്ചു കൊല്ലങ്ങളായിട്ടും കൊമേഴ്സ്യല്‍ ബില്‍ഡിങ്ങുകളുടെ വാടകമുറിയിലും അണ്‍ എയ്ഡഡ്, എയ്ഡഡ് സ്‌കൂളുകളുടെ കയ്യാലപ്പുറത്തും പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ കേരളത്തില്‍ പോലുമുണ്ട്.  അപ്പോള്‍ മറ്റു സംസ്ഥാനങ്ങളുടെ കാര്യം പറയണോ? 

സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പുമായി ഒരു നൂറ്റാണ്ടോളമായി നിലനില്‍ക്കുന്ന ഒരു വിദ്യാഭ്യാസ  സംവിധാനത്തെ പൂര്‍ണ്ണമായി പരിഷ്‌കരിക്കാനുള്ള  നിര്‍ദ്ദേശങ്ങളാണ് നാഷണല്‍ എഡ്യുക്കേഷന്‍ പോളിസിയുടെ കരട് റിപ്പോര്‍ട്ടില്‍ വെറും പതിനൊന്നു പേജുകളിലായി  വിവരിച്ചിട്ടുള്ളത്. അതില്‍ മുക്കാല്‍ ഭാഗവും നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമാണ്താനും. ദാര്‍ശനികമായ   നിരീക്ഷണംകൊണ്ട് കാര്യമുണ്ടാവുമെന്ന് തോന്നുന്നില്ല. ടീച്ചര്‍ എഡ്യുക്കേഷന്‍ സ്ട്രീമിനെ ബഹുമുഖ വിഷയങ്ങളുള്ള സ്ഥാപനമാക്കി മാറ്റുവാന്‍ പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി വരേണ്ടിയിരിക്കുന്നു. അതുണ്ടായാല്‍ മാത്രം പ്രതീക്ഷയ്ക്കു വകയുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആറ് മാസമാണ് നല്‍കിയത് എന്ന് അന്നത്തെ മാനവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ തന്നെ ആമുഖത്തില്‍ പറയുന്നുണ്ട്. അത്രയും കുറഞ്ഞ സമയംകൊണ്ട് കീഴ്ത്തലങ്ങളുമായി ഒരു കൂടിയാലോചനകളും കസ്തൂരിരംഗന്‍ കമ്മിറ്റി നടത്തിയിരിക്കാന്‍ ഇടയില്ല. ഇത്തരമൊരു മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍  തൃണമൂലതല സമീപനമായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് സമീപനത്തേക്കാള്‍ നല്ലത്.  അത് ഇനി ഉണ്ടായാലും മതി.    

എന്‍.പിയുടെ കരാറില്‍ അദ്ധ്യാപക വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്നതിനു   മുന്നോട്ടു വയ്ക്കുന്ന സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയൊക്കെയാണ്: എല്ലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സ്ഥാപനങ്ങളേയും ബഹുമുഖ വിഷയങ്ങളുള്ള  കോളേജുകളാക്കി   മാറ്റുക. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട നിര്‍ദ്ദേശം. റിപ്പോര്‍ട്ട് ഉപയോഗിച്ചിരിക്കുന്ന വാക്ക് 'മൂവിങ്' എന്നതാണ് അല്ലാതെ 'ട്രാന്‍സ്ഫോമിങ്' എന്നല്ല. നിലവിലുള്ള ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജുകളെ ബഹുമുഖ വിഷയങ്ങളുള്ള കോളേജുകളാക്കി (multi  disciplinary  institutions ) മാറ്റുക എന്നാണോ അതോ ടീച്ചര്‍ എഡ്യുക്കേഷനെ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് ആക്കി നിലവിലുള്ള ബഹുമുഖ കോളേജുകളോട് കൂട്ടിച്ചേര്‍ക്കുകയാണോ ഉദ്ദേശിക്കുന്നത്   എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല
നിലവിലുള്ള ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജുകളെ ബഹുമുഖ കോളേജുകളാക്കുക എന്നാണ് ഉദ്ദേശിച്ചിട്ടുള്ളത് എങ്കില്‍ അത് സ്വാഗതാര്‍ഹമായിരിക്കും, മറിച്ച് നിലവിലെ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളോട് കൂട്ടിച്ചേര്‍ക്കുക എന്നതാണ് വിവക്ഷയെങ്കില്‍ അത്  അപ്രായോഗികവും ഗുണരഹിതവുമാവാനാണ് സാധ്യത. കസ്തൂരിരംഗന്‍  റിപ്പോര്‍ട്ടില്‍ ഈ ഭാഗം കൂടുതല്‍ വ്യക്തമാവേണ്ടിയിരിക്കുന്നു.
അദ്ധ്യാപക വിദ്യാഭ്യാസ  കേന്ദ്രങ്ങളെ സ്‌കൂള്‍ കോംപ്ലക്സുകളുമായി ബന്ധിപ്പിക്കുക: ഇത്തരമൊരു ബന്ധം പഴയ കോളേജുകള്‍ക്ക്  ഇപ്പോള്‍ത്തന്നെയുണ്ട്. ഇല്ലാത്തതു 2002-നു ശേഷം അംഗീകാരം ലഭിച്ച  കോളേജുകള്‍ക്കാണ്. പക്ഷേ, സ്‌കൂള്‍-ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജ് ബന്ധം ഇപ്പോള്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്നു. ഇത് പെഡഗോജിക്കല്‍, അഡ്മിനിസ്ട്രേഷന്‍, മനശ്ശാസ്ത്ര മേഖല എന്നിവയിലേക്കുള്ള ആരോഗ്യകരമായ കൊടുക്കല്‍വാങ്ങലുകളിലേക്കു മാറണം എന്ന് റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്. ഇക്കാര്യം നടക്കണമെങ്കില്‍ അതാതു സംസ്ഥാനങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസ  വകുപ്പുകള്‍ വിചാരിക്കണം. ഇത്  പ്രാവര്‍ത്തികമായാല്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ ഇന്‍സര്‍വ്വീസ് ട്രെയിനിങ്ങുകള്‍ക്കുവേണ്ടി വിദ്യാഭ്യാസ വകുപ്പുകള്‍ ചെലവഴിക്കുന്ന വന്‍തുക ലാഭിക്കുകയുമാവാം.  

ബി.എഡ് നാലുവര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്സാക്കി മാറ്റുക: ഈ നിര്‍ദ്ദേശം വര്‍ഷങ്ങളായി നിലവിലുള്ളതാണ്. ഏറ്റവും മികച്ച രീതിയില്‍ അധ്യയനം നടത്താന്‍ കഴിയുന്ന അതിവിദഗ്ദ്ധരായ സ്‌കൂള്‍ അദ്ധ്യാപകരെ വാര്‍ത്തെടുക്കാന്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ പൂര്‍ണ്ണമായും നാല് വര്‍ഷത്തിലേക്കു മാറണം എന്നാണ് കരട് റിപ്പോര്‍ട്ടിലെ  സൂചന. പ്ലസ് ടു കഴിഞ്ഞിറങ്ങുന്ന കുട്ടികള്‍ക്കായിരിക്കും അഡ്മിഷന്‍. അവര്‍ക്കു നാല് വര്‍ഷം കൊണ്ട് സയന്‍സ്, സാമൂഹ്യശാസ്ത്രം, ഭാഷ, ഗണിതശാസ്ത്രം തുടങ്ങിയ ഏതെങ്കിലുമൊരു വിഷയത്തിലും ബോധനശാസ്ത്രത്തിലും വിദ്യാഭ്യാസ ദര്‍ശനത്തിലും ടെക്നോളജിയിലും മാനവിക മൂല്യങ്ങളിലും  ഭാരതീയ മൂല്യങ്ങളിലും സാംസ്‌കാരിക പാരമ്പര്യത്തിലും മികച്ച ധാരണ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. അത് മൂല്യബോധവും പ്രാപ്തിയുമുള്ള അധ്യാപകരെ സൃഷ്ടിക്കും എന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഇതിനു ഒരു മറുവശമുണ്ട്; ഏതെങ്കിലുമൊരു പാഠ്യവിഷയത്തില്‍ ഗ്രാജ്വേഷന്‍ കിട്ടിയ, അധ്യയന വിഷയത്തില്‍ (content) അറിവ് നേടിയ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ രണ്ടു വര്‍ഷ ബി.എഡിനു ചേരുന്നത്. അവര്‍ മറ്റൊരു കോളേജില്‍നിന്ന് ബി.എ അല്ലെങ്കില്‍ ബി.എസ്.സി പഠിച്ച് അറിവ് നേടിയ ശേഷം ബി.എഡിന് ടീച്ചര്‍   എഡ്യുക്കേഷന്‍ കോളേജില്‍ ചേരുന്നു എന്നേയുള്ളു. നാല് വര്‍ഷവും ഒരേ കോളേജില്‍ തന്നെ പഠിക്കണം എന്ന നിരീക്ഷണം അക്ബര്‍ കക്കട്ടില്‍ മാഷ്  പറഞ്ഞപോലെ '...കുട്ടി സ്‌കൂളില്‍ത്തന്നെ മൂത്രമൊഴിക്കണം, അതിനായി അവസാനത്തെ പിരീഡിന് മുന്‍പ് ഒരു ഇന്റര്‍വെല്‍ നിര്‍ബന്ധമാണ്'' എന്ന വാശിപോലുണ്ട്. അധ്യയന വിഷയങ്ങളിലെ അറിവല്ലാത്ത, ഇതര വിഷയങ്ങളെല്ലാം തന്നെ ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജുകള്‍ക്ക് നല്‍കാവുന്നതേയുള്ളു. അതിനുവേണ്ടുന്ന അധ്യാപകരെ നിയമിക്കുകയും സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്താല്‍ മതി.  കോളേജുകള്‍ ചുമതലകള്‍ പ്രാപ്തമായി നിര്‍വ്വഹിക്കുന്നു  എന്ന് കൃത്യമായ മോണിറ്ററിങ്ങിലൂടെ എന്‍.സി.ടിയും യൂണിവേഴ്സിറ്റികളും ഉറപ്പു വരുത്തണം എന്നെ ഉള്ളു. അതെന്തായാലും, 2030-ഓടെ മുഴുവന്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജുകളും ബഹുമുഖ പാഠ്യവിഷയങ്ങളുള്ള കോളേജുകളായി മാറണം എന്നും ബി.എഡ് മാത്രം നല്‍കുന്ന ഒരു കോളേജുപോലും അതിനുശേഷം രാജ്യത്തുണ്ടാവരുത് എന്നും റിപ്പോര്‍ട്ട് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം നിര്‍ദ്ദേശിക്കുന്നുണ്ട്. 2023-നു മുന്‍പ് തന്നെ ഈ മാറ്റം നടപ്പില്‍ വരുത്തി തുടങ്ങണമെന്നും നിഷ്‌കര്‍ഷിക്കുന്നു.

ബഹുമുഖ പാഠ്യവിഷയങ്ങളുള്ള ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജ് എന്നാല്‍ എന്ത് എന്ന് റിപ്പോര്‍ട്ടില്‍ കൃത്യമായ നിര്‍വ്വചനം  ഇല്ല എന്നത് ഒരു അപര്യാപ്തതയാണ്. അതെന്തെന്നു വ്യക്തമാക്കിയാലേ ഈ നിര്‍ദ്ദേശത്തിന്റെ  ഗുണദോഷങ്ങളെ വിലയിരുത്താനാവു. ബി.എഡ് എലിമെന്ററി, ബി.എഡ് കരിക്കുലം ആന്‍ഡ് അക്കാദമിക് പ്ലാനിങ്, ബി.എഡ് സ്‌കൂള്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പ്ലാനിംഗ്, ബി.എഡ് അഡോളസെന്റ് ടീച്ചിങ്, ബി.എഡ് അഡള്‍ട് ടീച്ചിങ് തുടങ്ങി വിവിധ തരം ബി.എഡുകളും എം.എഡുകളുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍  അത് വളരെ അര്‍ത്ഥവത്തായേനെ. അമേരിക്കയിലെ കൊളംബിയ ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജും ഹാര്‍വാര്‍ഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് എഡ്യുക്കേഷനും സിംഗപ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനും ഒക്കെ ഈ രീതിയിലാണ് കോഴ്സുകള്‍ നടത്തുന്നത്. നമ്മുടെ രാജ്യത്തു ഇത്തരം സ്ഥാപനങ്ങള്‍ ഇല്ലല്ലോ.  

സെമി ജുഡീഷ്യറി അധികാരമുള്ള കമ്മിറ്റി രൂപീകരിച്ച്, ആ കമ്മിറ്റിയുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍, മോശമായി പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ അടച്ചുപൂട്ടുക, ഹയര്‍ എഡ്യുക്കേഷന്‍-ടീച്ചര്‍, എഡ്യൂക്കേഷന്‍-സ്‌കൂള്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക, യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പുകള്‍  ഗവേഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുക, അഡ്മിഷനു വേണ്ടി ദേശീയ അടിസ്ഥാനത്തില്‍ എന്‍ട്രന്‍സ് ടെസ്റ്റ് നടത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും എന്‍.പി കരട് റിപ്പോര്‍ട്ട് മുന്നോട്ടു വെയ്ക്കുന്നുണ്ട്.

കാലികമായ മാറ്റങ്ങള്‍

കരട് റിപ്പോര്‍ട്ടിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെടുന്നുണ്ട്. ഇവ കൂടി പരിഗണിച്ച് ദേശീയ വിദ്യാഭ്യാസനയം രൂപമെടുക്കുമ്പോള്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ മേഖല കാതലായ മാറ്റങ്ങള്‍ക്കു വിധേയമാകും എന്ന് ഉറപ്പാണ്. ഏതു വിദ്യാഭ്യാസ പരിഷ്‌കരണവും    വിദ്യാര്‍ത്ഥിയുടെ   കാഴ്ചപ്പാടിലാണ്  വേണ്ടത്.  ദീര്‍ഘകാലം  ഒരു കോഴ്സിനു വേണ്ടി ചെലവഴിച്ചു പുറത്തിറങ്ങുന്ന അദ്ധ്യാപക വിദ്യാര്‍ത്ഥി അന്തര്‍ദ്ദേശീയ തലത്തില്‍ അദ്ധ്യാപനത്തിനു പ്രാപ്തനാവും വിധമുള്ള നിലവാരം ആര്‍ജ്ജിക്കേണ്ടതുണ്ട്. അതിനു സാധ്യമാവാത്ത പരിഷ്‌കരണങ്ങള്‍ ഗുണവത്താവുകയില്ല. വലിയ മാറ്റങ്ങള്‍ വരുമ്പോള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരുടേയും ഇതര ജീവനക്കാരുടേയും തൊഴില്‍ സുരക്ഷയും കണക്കിലെടുക്കണം. നൂറുകണക്കിന് കോളേജുകളുടെ മാനേജ്മെന്റുകളുടെ അനുഭവാജ്ജിത അറിവും നിര്‍ദ്ദേശങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഭാവിയിലും നിക്ഷേപം നടത്താനുള്ളത് അവരാണല്ലോ. 

എഡ്യുക്കേഷന്‍ കോളേജുകള്‍ ബഹുമുഖ വിഷയങ്ങളുള്ള മറ്റു സ്ഥാപനത്തിലേക്ക് മാറ്റുക എന്നതാണ് നിര്‍ദ്ദേശമെങ്കില്‍ ഇപ്പോള്‍ ഉപയോഗിച്ചു വരുന്ന സ്ഥാപനങ്ങളും അവയുടെ സൗകര്യങ്ങളും എന്ത് ചെയ്യണമെന്നു കൂടി പ്ലാന്‍ ചെയ്യേണ്ടിവരും. ഏതു രാജ്യത്തും വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്കു കാലികമായ മാറ്റങ്ങള്‍ ആവശ്യമാണ്. പക്ഷേ, അത് നിലവിലുള്ള സംവിധാനത്തിന്റെ ഗുണവശങ്ങള്‍ സംരക്ഷിച്ചും ദോഷവശങ്ങള്‍ മറികടന്നും ആവണം.  അതാതു മേഖലയില്‍  പ്രവര്‍ത്തിക്കുന്നവരുടെ താല്‍പ്പര്യവും പ്രായോഗിക അറിവും കണക്കിലെടുത്തായാല്‍ കൂടുതല്‍  നല്ലത്.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com