കാലത്തെ വിഴുങ്ങുന്ന വിഭ്രമങ്ങള്‍: വിവേക് ചന്ദ്രന്റെ കഥകളെക്കുറിച്ച്

കാലത്തെ വിഴുങ്ങുന്ന വിഭ്രമങ്ങള്‍: വിവേക് ചന്ദ്രന്റെ കഥകളെക്കുറിച്ച്

മകാല ചെറുകഥയെ ഭാവനയുടെ പുതുഭ്രമങ്ങളിലേക്ക് ആനയിക്കുന്നു വിവേക് ചന്ദ്രന്റെ കഥകള്‍.   മാജിക്കല്‍ റിയലിസത്തിന്റെ സങ്കേതങ്ങളിലൂടെ മനുഷ്യകാമനകളുടേയും ചോദനകളുടേയും അസാധാരണത്വത്തെ  അവതരിപ്പിക്കുന്ന കഥകളാണ് വന്യം എന്ന സമാഹാരത്തില്‍ ഉള്ളത്.  സ്ഥലകാലങ്ങളുടെ ബന്ധ-വിച്ഛേദത്തില്‍ അവതരിപ്പിക്കുന്ന കഥകളാണ് അവ.   പ്രഭാതത്തിന്റെ മണം, സമരന്‍ ഗണപതി, ഭൂമി, ഏകനാഥന്‍, വന്യം, മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് തുടങ്ങിയ ആറുകഥകളും വിചിത്രമായ അനുഭവങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. യാഥാര്‍ത്ഥ്യത്തിനും അയഥാര്‍ത്ഥ്യത്തിനും ഇടയില്‍ നില്‍ക്കുന്ന അസാധാരണവും വിചിത്രവുമായ വന്യതകളാണ് ഈ കഥകളോരോന്നും. ഭ്രമം, വിഭ്രമം, ഉന്മാദം, ഹിംസ, കാമന തുടങ്ങിയവയുടെ കുഴമറിച്ചിലുകള്‍ ഈ കഥാഖ്യാനങ്ങളുടെയെല്ലാം ആന്തരികതലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നുണ്ട്.  രേഖീയമോ ചാക്രികമോ  അല്ലാത്ത കാലങ്ങളുടെ ഖണ്ഡശ്ശകളിലൂടെ ഒരേ ഫ്രെയിമില്‍ ചേര്‍ത്തുവയ്ക്കുന്ന അനേകം ദൃശ്യങ്ങളായാണ് ഓരോ ആഖ്യാനവും മാറുന്നത്.  കാഴ്ച, കേള്‍വി, ഗന്ധം, നിറം എന്നിവയിലൂടെ വിഭ്രമാത്മകമായ മനസ്സിന്റേയും ചിന്തയുടേയും വന്യതകളെ ഈ ആറു കഥകളും പിടിച്ചെടുക്കുന്നു. കാഴ്ചയുടേയും കേള്‍വിയുടേയും വിഭ്രമങ്ങള്‍ കഥാഖ്യാനമായി മാറുന്നതും അതിലൂടെ കഥാകാരന്‍ പ്രതീതി യാഥാര്‍ത്ഥ്യത്തെ ആവിഷ്‌കരിക്കുന്നതെങ്ങനെയെന്നും അന്വേഷിക്കുകയാണ് ഈ ലേഖനം.  
    
കാഴ്ചയുടെ 
പ്രതീതിലോകങ്ങള്‍:

മാന്ത്രികക്കാഴ്ചയിലൂടെ സൃഷ്ടിക്കപ്പെടുന്ന ലോകത്തിന്റെ പ്രതീതി യാഥാര്‍ത്ഥ്യങ്ങളാണ്  'വന്യ'ത്തിലെ ഓരോ കഥയും. ഭ്രമാത്മകമായ യാഥാര്‍ത്ഥ്യത്തെ  (Fantastic Reality)യാണ് ആ കഥകള്‍ ചിത്രീകരിക്കുന്നത്.  മായികക്കാഴ്ചകളുടെ അസാധാരണ അനുഭവം ജീവിത സന്ദിഗ്ദ്ധതകളുമായി ഇഴുകിച്ചേര്‍ന്ന് രൂപംകൊള്ളുന്ന ആഖ്യാനമാണ് 'പ്രഭാതത്തിന്റെ മണം.'  മാന്ത്രികന്‍, ജാനകി, ബാഹിസ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ യാഥാര്‍ത്ഥ്യത്തിനും അയാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള കാഴ്ചകളുടെ ഇടങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്.  പുകമഞ്ഞ് നിറഞ്ഞ പ്രഭാതത്തെ ഇഷ്ടപ്പെടുന്ന മാന്ത്രികന്‍ യന്ത്ര ഊഞ്ഞാലില്‍ സൃഷ്ടിക്കുന്ന മായാജാലം യാഥാര്‍ത്ഥ്യമാണെന്ന കാഴ്ചസമൂഹത്തിന്റെ നിര്‍ണ്ണയനത്തിലാണ് മാന്ത്രികനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്.  യന്ത്ര ഊഞ്ഞാലില്‍ ജാനകിയെ കഴുത്തറുത്ത് കൊന്നു  എന്ന കാഴ്ചയുടെ വിശ്വാസത്തിലാണ് ജനക്കൂട്ടം  അയാളെ പൊലീസില്‍ ഏല്പിക്കുന്നത്.   ഈ ബഹളത്തിനിടയില്‍ മാന്ത്രികനേയും ജനക്കൂട്ടത്തേയും കണ്‍വെട്ടിച്ച് ഓടിമറയുന്ന ജാനകിയുടെ ചിത്രവും മായക്കാഴ്ചയുടെ പ്രതീതി നല്‍കുകയാണ്.  ജയിലിലായ മാന്ത്രികന്‍, ബാഹിസ് എന്ന തടവുകാരനിലേക്ക്  പരകായപ്രവേശം നടത്തുന്നതും മനഃശാസ്ത്രജ്ഞനായി പുറത്തിറങ്ങുന്ന ബാഹിസ് മാന്ത്രികന്റെ അപരനായി മാറുന്നതും അയാളുടെ അരികിലേക്ക് ക്രമം തെറ്റിയ ഓര്‍മ്മകളുമായി മധ്യവയസ്‌കയായ ജാനകി കടന്നുവരുന്നതും ജീവിതത്തില്‍ കബളിപ്പിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്ന ചിന്തയില്‍ ജീവഹത്യ നടത്തുകയും ചെയ്യുന്നതാണ് കഥയുടെ പരിണതി.
    

കാഴ്ചകളും കാഴ്ചകളുണ്ടാക്കുന്ന പ്രതീതിയുമാണ് ജീവിതത്തെ നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്നതെന്ന് ഈ കഥ സൂചിപ്പിക്കുന്നു.  യാഥാര്‍ത്ഥ്യം/അയാഥാര്‍ത്ഥ്യം എന്ന ദ്വന്ദ്വങ്ങള്‍ അപ്രസക്തമാവുകയാണ് ഇവിടെ.  ''നീ യഥാര്‍ത്ഥമെന്നു കരുതി കാണുന്നതെല്ലാം തന്നെ ഞാന്‍ നിനക്ക് കാണിച്ചുതരുന്ന കാഴ്ചകള്‍ ആണ്''  എന്ന ആഖ്യാനം  യാഥാര്‍ത്ഥ്യം എന്ന സങ്കല്പത്തെ ദൂരീകരിക്കുന്നു.  കാഴ്ചകളാണ്  ഓരോ ജീവിതവും എന്ന് ഓര്‍മ്മിപ്പിക്കുന്നു.  കാഴ്ചകള്‍ സൃഷ്ടിക്കുന്നവനും കാണുന്നവനും തമ്മിലുള്ള അകലമാണ് കാഴ്ചയെ നിര്‍ണ്ണയിക്കുന്നത്.  കാഴ്ചകളുടെ അതിരുകളും കോണുകളും രൂപപ്പെടുത്തുന്നത് എന്ത് കാണണം എന്നു വിധിക്കുന്നവരാണ്-കാഴ്ചയുടെ കോയ്മകളാണ്. കഥയിലെ മാന്ത്രികന്‍ ജാനകിയെ യന്ത്ര ഊഞ്ഞാലില്‍ കഴുത്തറുത്ത് കൊല്ലുന്ന മായാജാലം ജനങ്ങളുടെ കാഴ്ചയില്‍ യഥാര്‍ത്ഥമായി മാറുന്നതതുകൊണ്ടാണ്.  യഥാര്‍ത്ഥ കാഴ്ചകള്‍ അപ്രത്യക്ഷമാവുകയും തല്‍സ്ഥാനത്ത് 'സാധ്യമാവുന്ന' മറ്റൊന്ന് സ്ഥാനം പിടിക്കുകയും ചെയ്യുന്നു.  ആ മായക്കാഴ്ചയാണ് സത്യം എന്ന കരുതലിലേക്കോ സത്യം തന്നെ എന്ന അവസ്ഥയിലേക്കോ പരിണമിക്കുകയാണ് 'പ്രഭാതത്തിന്റെ മണ'ത്തില്‍ സംഭവിക്കുന്നത്.

യാഥാര്‍ത്ഥ്യം അയഥാര്‍ത്ഥ്യം എന്ന അതിര്‍വരമ്പുകളില്ലാത്ത 'ഇട'ങ്ങളെയാണ് കാലം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഈ കഥയിലെ മായിക കാഴ്ചകള്‍ സൂചിപ്പിക്കുന്നു.  മാന്ത്രികന്റേയും ബാഹിസിന്റേയും ജാനകിയുടേയും ജീവിതക്കാഴ്ചകള്‍ അതാണ് ബോധ്യപ്പെടുത്തുന്നത്.  യന്ത്ര ഊഞ്ഞാലിലും തടവറയിലും മാന്ത്രികന്റെ മായാജാലക്കാഴ്ചകള്‍ യാഥാര്‍ത്ഥ്യത്തിന്റെ കാഴ്ചകളായി നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ത്തന്നെ അയാളുടെ ശരീരം കാലത്തില്‍നിന്നു വേര്‍പെടുന്നു.  ജയിലില്‍വെച്ച് അസാധാരണമായ കൊലയ്ക്ക് ഇരയാകുന്ന മാന്ത്രികന്റെ സ്വത്വം ബാഹിസിലേക്ക് 'പരകായപ്രവേശം' തേടുന്നു.  മറ്റൊരു മായികതയിലേക്ക് കാഴ്ചകള്‍ പരിണമിക്കപ്പെടുന്നു.  ബാഹിസ് എന്ന ചെറുപ്പക്കാരന്‍ മാന്ത്രികന്റെ അപരനായി മാറുമ്പോള്‍ കാലത്തിന്റെ അയഥാര്‍ത്ഥ കാഴ്ച വിഭ്രമങ്ങളെ പുനനിര്‍മ്മിച്ചുകൊണ്ടിരിക്കയാണ്.  വര്‍ഷങ്ങളുടെ കാലഗണന ആ സന്ദര്‍ഭത്തില്‍ അപ്രസക്തമാവുന്നു.  പതിനേഴ് വയസ്സില്‍നിന്നും മധ്യവയസ്‌കയിലെത്തി നില്‍ക്കുന്ന ജാനകിയുടെ ജീവിതകാലം രണ്ടുമൂന്നു മണിക്കൂറിനു മുന്‍പ് തുണ്ടമാക്കപ്പെട്ട ശരീരമാണെന്ന് ബാഹിസ് സ്ഥാപിക്കുമ്പോള്‍ കാലം ശൂന്യമായ ഇടവേളയായി വിഭ്രമങ്ങള്‍ സൃഷ്ടിക്കുകയാണ്.  ഓര്‍മ്മകള്‍ക്കു നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജാനകിയോട് ബാഹിസ്.

''ഞാന്‍ ആ പഴയ മദ്ധ്യവയസ്‌കന്‍ തന്നെയായി നില്‍ക്കുന്നതാണോ അത്ഭുതം?  കാരണം, നമ്മള്‍ കണ്ടുപിരിഞ്ഞിട്ട് അധികസമയമൊന്നും ആയിട്ടില്ല.  ബാക്കിയൊക്കെ നിന്റെ തോന്നലാണ്.  തെറ്റിയ ഓര്‍മ്മയാണ്.''
അയാള്‍ തുടര്‍ന്നു: ''രണ്ടു മണിക്കൂറില്‍ കൂടുതലായി കാണില്ല. നിന്റെ തല അറുത്തെടുത്തിട്ട്. മൈതാനത്ത് കിടക്കുന്ന നിന്റെ ശരീരം അഴുകിത്തുടങ്ങിയിരിക്കും ഇന്നേരം.''
''നിങ്ങള്‍ ആ മാന്ത്രികനല്ലെന്ന് എനിക്കറിയാം''  ജാനകി ഏറെ ബുദ്ധിമുട്ടി നെഞ്ചിടിപ്പ് നിയന്ത്രിച്ചുപറഞ്ഞൊപ്പിച്ചു.

''മാന്ത്രിക സ്വപ്നങ്ങള്‍ ഓര്‍മ്മകളെക്കാള്‍ അപകടം പിടിച്ചതാണ്... ഇന്ന് കാലത്ത് നീ മൈതാനത്തുനിന്നും ജനക്കൂട്ടത്തിനിടയിലൂടെ ഓടി രക്ഷപ്പെട്ടുപോയി ഏറെ സ്വസ്ഥമായി 23 വര്‍ഷങ്ങള്‍ ജീവിച്ചു തീര്‍ത്തത് ഒരു വലിയ സ്വപ്നമായിരുന്നു എന്ന് ഞാന്‍ പറഞ്ഞെങ്കിലോ?  അത്ഭുതം തോന്നുന്നല്ലോ?  സത്യമാണ്.  ആ സ്വപ്നത്തിലും കൃത്രിമത്വമുള്ള സംഗതികള്‍ ഇടയ്ക്ക് ഉള്‍പ്പെടുത്താന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.'' (25)

ഇത്തരം ആഖ്യാനം സമയത്തേയും കാലത്തേയും സത്യത്തേയും മിഥ്യയേയും യാഥാര്‍ത്ഥ്യത്തേയും അയഥാര്‍ത്ഥ്യത്തേയും കുഴച്ച് മറിച്ച് മാജിക്കിന്റെ അസാധരണത്വം ജീവിതക്കാഴ്ചയിലും പകര്‍ത്തുന്നു.  കാഴ്ചകളുടെ പ്രതീതിലോകങ്ങള്‍ കാലത്തെ വിഴുങ്ങിക്കളയുന്ന  അനുഭവമായി കഥമാറുന്നു.
ഓര്‍മ്മകളും കാലങ്ങളും തിരശ്ശീലയിലെ ദൃശ്യാനുഭവങ്ങളുമായി കെട്ടുപിണഞ്ഞ് വിഭ്രമം സൃഷ്ടിക്കുന്ന കാഴ്ചയുടെ ആഖ്യാനമാണ് 'ഭൂമി' എന്ന കഥ.  യുക്തിസഹിതവും യുക്തിരഹിതവുമായ മായിക യാഥാര്‍ത്ഥ്യങ്ങളുടെ പ്രകമ്പന കാഴ്ചകളാണ് ഈ കഥ.  സിനിമ പ്രൊപ്രൈറ്ററായിരുന്ന അച്ഛന്റേയും ഭൂമി എന്ന മകളുടേയും കഥ.  പിതാവിന്റെ അപരനാല്‍ ഭോഗിക്കപ്പെട്ട ഭൂമി എന്ന പെണ്‍കുട്ടിയുടെ ഭീതിദവും  വിഭ്രാന്തി നിറഞ്ഞതുമായ മനസ്സും ജീവിതാനുഭവങ്ങളും തിരശ്ശീലയിലെ കാഴ്ചകളും കൂടിക്കുഴഞ്ഞ് നില്‍ക്കുന്നു ആഖ്യാനത്തില്‍. ഭൂമിയുടെ ബോധാബോധങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയുമാണ്  കാലങ്ങളുടെ പകര്‍ച്ചയെ ആഖ്യാനം രേഖപ്പെടുത്തുന്നത്.


അച്ഛനും മകളും തമ്മിലുള്ള ബന്ധവും അച്ഛന്റെ അപരനായ മുപ്പുരവാസനില്‍നിന്നും പീഡിതയാകേണ്ടിവന്ന ഭൂമിയുടെ വിഭ്രാന്തമായ അവസ്ഥയും ലോകസിനിമകളിലെ ദൃശ്യങ്ങളും ഇടകലര്‍ന്നാണ് കഥാഖ്യാനം മുന്നോട്ടു പോകുന്നത്.  ഫിലിം ആര്‍ക്കൈവ്സില്‍ ജോലിക്കെത്തിച്ചേര്‍ന്ന ഭൂമി ആര്‍ക്കൈവ് മുറിയുടെ ഇരുട്ടില്‍ ഫിലിം റീലുകളുടെ കാര്‍ബണ്‍ മണത്തില്‍ ചാച്ചന്റേയും തന്റെയും ജീവിതം ഓര്‍മ്മിച്ചെടുക്കുന്നു.  പലയിടങ്ങളിലായി സിനിമ നടത്തിയിരുന്ന ചാച്ചനും ചാച്ചനെ പിന്‍തുടര്‍ന്ന ഭൂമിയെക്കുറിച്ചുള്ള ഓര്‍മ്മകളും പലപ്പോഴും അവളെ അബോധാവസ്ഥയിലേക്ക്  തള്ളിവിടുന്നു.  ബോധം/അബോധം, ഉറക്കം/സ്വപ്നം എന്നീ അവസ്ഥകള്‍ കാലത്തിന്റെ ക്രമത്തെ ഖണ്ഡിക്കുകയും  ഭൂതവര്‍ത്തമാന കാലങ്ങള്‍ ഒരേ പ്രതലത്തില്‍ പല ദൃശ്യങ്ങളായി സിനിമാതിരശ്ശീലയ്ക്കകത്തെ കാഴ്ചകളിലേക്ക് പരിണമിക്കുകയും ചെയ്യുന്നു. ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമിടയിലെ തിരശ്ശീല അനുഭവങ്ങളാണ് ഭൂമിയുടെ ജീവിതത്തെ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.  അത്തരം ഓര്‍മ്മകളില്‍ തെളിയുന്ന ദൃശ്യങ്ങള്‍ ഭൂമി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ അസാധാരണ അനുഭവങ്ങളാണ്.  പൊലീസ് സ്റ്റേഷനിലെ രാത്രിയില്‍ അനേകം ആണുങ്ങളുടെ ഇടയില്‍നിന്നും ഋതുമതിയായതും തിരശ്ശീലയില്‍ സ്വന്തം മകളുമായി ഇണചേരുന്ന ഒഡേസുവിനെ കണ്ട് ഞെട്ടിയുണരുന്നതും വേഗതയുള്ള ദൃശ്യങ്ങളോടൊപ്പം എത്താനാവാതെ നിശ്ചലദൃശ്യങ്ങളില്‍ ജീവിതകാലത്തെ ഒതുക്കേണ്ടിവന്ന ചാച്ചനെക്കുറിച്ചുള്ള  

ഓര്‍മ്മകളും ആ അസാധാരണ അനുഭവങ്ങളില്‍പ്പെടുന്നു.
ഓര്‍മ്മകളും അബോധത്തില്‍ ശൂന്യമാവുന്ന കാലവും തിരശ്ശീലയ്ക്കുള്ളിലെ സ്ഥലകാലാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന മായികതയുമാണ് 'ഭൂമി'യിലെ Fantastic Reality എന്നു പറയാം.  ഭൂമി എന്ന പെണ്‍കുട്ടിയും കാലത്തിന്റെ ആവേഗങ്ങളെ പിടിച്ചെടുക്കാന്‍ കഴിയാത്ത ശൈത്യനും അയാളുടെ അപരനും ഭൂമിയെ ഭോഗിക്കുന്നവനുമായ മുപ്പുരവാസനും ഡോക്ടറും ചോദനകളുടേയും കാമനകളുടേയും അസാധാരണത്വത്തെ  പേറുന്നവരാണ്.  ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍, പാഷന്‍ ഓഫ് ക്രൈസ്റ്റ്, ടര്‍മോയില്‍ സീ, മതിലുകള്‍, ഓള്‍ഡ് ബോയ്, ട്രാജിക് തിയേറ്റര്‍ എന്നീ സിനിമകളിലെ കാഴ്ചകളുടെ കാലവും നിശ്ചലദൃശ്യങ്ങളില്‍നിന്നു വേഗതകൂടിയ ദൃശ്യങ്ങളിലേക്ക് കാഴ്ചയെ അനുനയിക്കാന്‍ കഴിയാത്ത ചാച്ചന്റെ കാലാനുഭവവും ഭൂമിയുടെ ഓര്‍മ്മകളിലെ കാലത്തിന്റെ ഭാഗമാവുന്നു.  നിശ്ചലകാലത്തിന്റെ പ്രതിരൂപമായി  ആ പിതാവ് മാറുന്നു.  അയാളുടെ ജീവിതകാലം നിശ്ചലമാവുന്നതോടുകൂടിയാണ് മുപ്പുരവാസനിലൂടെ പരകായനായി കാലത്തിന്റെ വേഗങ്ങളിലേക്ക് അയാള്‍ പരിണമിക്കുന്നത്.  വേഗത കുറഞ്ഞ ദൃശ്യങ്ങളില്‍നിന്നും വേഗത കൂടിയ ദൃശ്യങ്ങളിലേക്ക് പരിണമിക്കുന്ന സിനിമാക്കാഴ്ചകള്‍ മനുഷ്യന് അനുഭൂതമാവുന്ന കാലത്തിന്റെ വേഗതയെ ഉള്‍ക്കൊള്ളുമ്പോള്‍ അതോടൊപ്പമെത്താന്‍ കഴിയാത്ത മനുഷ്യന് കാലവുമായുള്ള ബന്ധം  അന്യമാവുന്നു. ''ഭൂമി കഴിഞ്ഞ കൊല്ലം നമ്മുടെ നഗരാതിര്‍ത്തിയിലുണ്ടായ ഭൂചലനം ഓര്‍ക്കുന്നുണ്ടോ?''  
''എനിക്കോര്‍മ്മയില്ലായിരുന്നു.''
''സംസാരിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായത് അവര്‍ക്കാര്‍ക്കും ആ ഭൂചലനം നേരിയ ഓര്‍മ്മയില്‍പ്പോലുമില്ലായിരുന്നു എന്നാണ്.  കാരണം ലളിതമാണ്.  സര്‍വൈവല്‍ ഗില്‍ട്ട് കുറ്റബോധം മറികടക്കാനായി ആ ദിവസത്തിനെ അവരുടെയൊക്കെ  തലച്ചോറ് മറ്റൊരു രൂപത്തില്‍ പുനര്‍നിര്‍മ്മിച്ചു കഴിഞ്ഞിരുന്നു.  - ഇങ്ങനെ ശൂന്യമാവുന്ന കാലവും  നിശ്ചലമാവുന്ന കാലസങ്കല്പവും ഓര്‍മ്മകളിലൂടെ രൂപപ്പെടുന്ന കാലാനുഭവവും വിഭ്രമങ്ങളുടെ മായികതയെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.  കാഴ്ചയും കാലവും രൂപപ്പെടുത്തുന്ന അസാധാരണ വിഭ്രമസൗന്ദര്യം ഈ കഥയെ വ്യതിരിക്തമാക്കുന്നുണ്ട്.

ശരീരത്തിന്റെ 
കാലവിഭ്രമങ്ങള്‍

അസാധാരണമായ കാലദര്‍ശനത്തിന്റെ വിഭ്രമങ്ങള്‍ അനുഭവിപ്പിക്കുന്ന കഥയാണ് 'സമരന്‍ ഗണപതി.' ''മനുഷ്യാസ്തിത്വത്തിന്റെ ഉജ്ജ്വലമായ പ്രത്യേകതകളിലൊന്ന്  കാലബോധമാണെന്നും കാലബോധത്തിലൂടെ മാത്രം നിലനില്‍ക്കുന്ന സത്തയാണ് മനുഷ്യന്‍ എന്നും കാലത്തിലൂടെ മനുഷ്യന്‍ അവനെ ബാഹ്യയാഥാര്‍ത്ഥ്യമാക്കി മാറ്റുകയും സ്വന്തം സത്തയെ കാലത്തിലൂടെ പ്രസരിപ്പിക്കുകയും ചെയ്യുന്നു'' എന്ന തോമസ് മാന്റെ ചിന്തകള്‍  ചേര്‍ത്തു വായിക്കാവുന്ന കഥയാണിത്.    സമരന്‍ ഗണപതി  എന്ന ബോക്സിങ് താരത്തിന്റെ ജീവിത മുഹൂര്‍ത്തങ്ങളിലെ ഭീതിദമായ സംഘര്‍ഷങ്ങളെ ജനനമരണങ്ങളുടെ  വിഭ്രമ കേള്‍വികളിലൂടെ ഈ കഥ ആവിഷ്‌കരിക്കുന്നു.  കാഴ്ചകളില്‍നിന്നും തെന്നിമാറി കേള്‍വി കാലത്തിന്റെ അനന്യമായ ബോധമായി പരിണമിക്കുന്നു.  ആഖ്യാനത്തില്‍ ഭ്രമാത്മക യാഥാര്‍ത്ഥ്യമായി ശബ്ദങ്ങളും കേള്‍വി എന്ന പ്രക്രിയയും മാറുന്നു.

'ഒളിച്ചുകടത്തിയ ഒറ്റപ്പഞ്ചില്‍' എതിരാളിയായ  ഹോമറിനെ ബോക്സിംഗ് റിംഗില്‍ കുരുക്കി ജീവനെടുത്ത് തോല്പിച്ച സമരന്റെ ഭയം അയാളുടെ  ഭ്രൂണാവസ്ഥ മുതല്‍ ഇക്കാലയളവുവരെയുള്ള ജീവിതചരിത്രത്തിന്റെ ഭൂതകാല കേള്‍വികളായി പരിണമിക്കുന്നു. കേള്‍വികളുടേയും കാഴ്ചകളുടേയും ഇടമായി 'ഗര്‍ഭപാത്രംപോലുള്ള മുറി'കളാണ് സാങ്കല്പികമായി രൂപപ്പെടുന്നത്.  ഈ മുറികളുടെ ചുവരുകള്‍ക്കുള്ളില്‍നിന്നും ശ്രവിക്കുന്ന സ്ത്രീ - പുരുഷ സംഭാഷണങ്ങള്‍, അശരീരികള്‍ സമരന്‍ എന്ന ബോക്സിംഗ് താരത്തിന്റെ - ശരീരത്തിന്റെ വന്യതകളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നുണ്ട്.  ശ്രവ്യമായ വാക്കുകളോ സ്വപ്നക്കാഴ്ചകളോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിഭ്രമങ്ങളെ തന്റെ തന്നെ ജന്മത്തിന്റെ - വംശചരിത്രത്തിന്റെ അശരീരി മുഴക്കങ്ങളായി തിരിച്ചറിയുന്നു.  ചോരയില്‍ ചാലിച്ച സിമന്റുതറയും ചോരയുടെ മണം നിറഞ്ഞിരിക്കുന്ന ചുമരുകളുള്ള മുറിയും സ്ഥലയാഥാര്‍ത്ഥ്യം എന്നതിലുപരി ജീവന്റെ തുടിപ്പിനും ചൈതന്യത്തിനും നാശത്തിനും ഒരേസമയം കാരണമാവുന്ന മാതൃശരീരത്തിന്റെ പ്രതിരൂപമാവുന്നുണ്ട്.  ചോരവാര്‍ന്ന് മരിക്കുന്ന ഗര്‍ഭിണിയായ ഭാമിനി എന്ന സ്ത്രീയും ഹോമറിന്റെ ഗര്‍ഭിണിയായ ഭാര്യയും തന്റെ ജനനത്തോടു കൂടി മരിച്ച അമ്മയും ഒരേ രൂപത്തില്‍ മുറിക്കുള്ളിലെ ശബ്ദങ്ങളില്‍നിന്ന് സമരന്റെ ബോധമണ്ഡലത്തിലേക്ക് കടന്നുവരുന്നത് അതുകൊണ്ടാണ്.  പിതൃ അധികാരത്തില്‍ രൂപപ്പെട്ട ക്രൗര്യം തന്റെ ശരീരത്തിന്റെ ഉന്മാദലഹരിയായി പഞ്ചിങ് ആയി പരിണതപ്പെട്ടതായി സമരന്‍ തിരിച്ചറിയുന്നുണ്ട്. ''കുഞ്ഞേ വേഗം വളര്.  ഇവളിലെ നീര് വലിച്ചുകുടിച്ച് അറുത്ത്  നീക്കാന്‍ പറ്റാത്തവിധം ഇവളുടെ അടിവയറ്റില്‍ വ്യാപിക്ക്.  നിനക്ക് ജീവിക്കേണ്ടേ?'' എന്ന പിതാവിന്റെ നിര്‍ദ്ദേശം ''ഒരേ ചരിത്രം പങ്കുവെയ്ക്കുന്ന കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയമായി'' അയാള്‍ക്ക് അനുഭവപ്പെടുന്നതും തന്റെ ശരീരം ഏതോ രാസമാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായി തോന്നുന്നതും ശരീരവും കാലവും തമ്മിലുളള ബന്ധത്തിന്റെ തുടര്‍ച്ചയില്‍ നിന്നാണ്.

കാഴ്ചയും കേള്‍വിയും സ്ഥലകാലങ്ങളുടെ അതിര്‍വരമ്പുകളെ ഉല്ലംഘിക്കുന്നു ഈ ആഖ്യാനത്തില്‍.  ശരീരത്തിന്റെ ഹിംസാത്മകവും വന്യവുമായ ഉന്മാദങ്ങള്‍ കാലത്തേയും ജീവവംശചരിത്രത്തേയും ഒറ്റബിന്ദുവില്‍ ഒതുക്കിനിര്‍ത്തുന്നു.  സ്ഥലകാലങ്ങളെ ശരീരം എന്ന ഒറ്റ ഏകകത്തില്‍ നിലനിര്‍ത്തുന്നു ആഖ്യാനം.  ചോരയും നീരും ഊറ്റിക്കുടിച്ച് ഉരുവം കൊള്ളുന്ന ജീവചൈതന്യത്തിന്റെ വന്യമായ ആകാരം കൊള്ളലാണ് ഓരോ മനുഷ്യശരീരവും.  അതിജീവനഘട്ടത്തില്‍ ആ ആകാരങ്ങള്‍ സ്ഥലകാലങ്ങളുടെ നിയതങ്ങളില്‍നിന്നു പുറത്ത് കടക്കുന്നു.  ജീവിതകാലത്തില്‍ അവന്‍ പുലര്‍ത്തുന്നതും പ്രത്യക്ഷീകരിച്ചുകൊണ്ടിരിക്കുന്നതും കണ്ടെത്താന്‍ ശ്രമിക്കുന്നതും വംശചരിത്രത്തിന്റെ രക്തശുദ്ധിയിലെ, അശുദ്ധിയിലെ സ്വത്വാംശങ്ങളാണെന്നും ഈ ആഖ്യാനം ഓര്‍മ്മിപ്പിക്കുന്നു.  തന്നെത്തന്നെ കണ്ടെത്തുന്ന ഭ്രാന്തമായ കേഴ്വികളില്‍ ഒരു ജീവിതകാലം, കാലയളവ് മുഴുവന്‍ ഒതുക്കുന്ന അസാമാന്യമായ ആഖ്യാന പാടവം, മാജിക്കല്‍ റിയലിസത്തിലെ കാലത്തിന്റെ ഫിഫ്റ്റിങ്ങ് കഥയെ വിചിത്രാനുഭവമാക്കുന്നു.  കഥാഖ്യാതാവിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ''വര്‍ഷങ്ങളെടുത്ത്, ജീവിതസന്ദര്‍ഭങ്ങള്‍ മുഴുവന്‍ കണക്കറ്റ് ആസ്വദിച്ച് ഞാനറിയാതെ എന്നില്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്ന വാര്‍ദ്ധക്യം എന്റെ ജൈവകോശങ്ങളില്‍ അനുനിമിഷം തിരുത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.  
എനിക്ക് ചുറ്റും വെളുത്ത മുടിയിഴകള്‍ കൊഴിഞ്ഞു പാറി.  തണുപ്പ് അസഹ്യമാവുമ്പോള്‍ ശരീരം വളച്ച് ഞാന്‍ ഗര്‍ഭസ്ഥശിശുവിനെപ്പോല്‍ വീടെന്ന വലിയ ഗര്‍ഭപാത്രത്തില്‍ പൂണ്ടുകിടന്നു.  സക്രിയതയില്‍നിന്നും നിശ്ചലതയിലേക്ക്  ഉറയ്ക്കുന്ന ചാരനിമിഷത്തില്‍ എനിക്ക് സിമന്റു ചാന്തിന്റെ ഗന്ധം അനുഭവപ്പെട്ടു.  ഞാനാ ഗര്‍ഭപാത്രത്തില്‍ ചാപിള്ളയായി മാറുകയായിരുന്നു.''-കാലവും മനുഷ്യശരീരവും തമ്മിലുള്ള ബന്ധത്തെ, ജീവിതകാലത്തിന്റെ ഭ്രമണത്തെ, ജനനം മരണം എന്ന സത്യത്തെ, ഗര്‍ഭപാത്രത്തിനകത്തെ ചോരനീരുകളുടെ കണികകളിലേക്ക് സൂക്ഷ്മബിന്ദുവായി നിര്‍ത്തുന്ന കഥാന്ത്യമാണിത്. 

കേള്‍വിയും സ്വപ്നക്കാഴ്ചകളും കാലത്തിന്റെ പ്രതിരൂപമാവുന്ന മറ്റൊരു കഥയാണ് 'ഏകനാഥന്‍.'  ജോക്കുട്ടന്‍ എന്ന ബാലന്റെ അരക്ഷിതത്വം നിറഞ്ഞ ബാല്യത്തെ കേള്‍വിയുടേയും കാഴ്ചയുടേയും അനുഭവത്തില്‍ ആവിഷ്‌കരിക്കുന്നു. മൊബൈല്‍ റെക്കോഡിങ്ങിലൂടെ  കേള്‍ക്കുന്ന സംഭാഷണങ്ങളിലൂടെ തന്റെ ജന്മത്തിന്റേയും സ്വത്വത്തിന്റേയും വേരുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ജോക്കുട്ടന്‍ തന്നെക്കുറിച്ച് കേള്‍ക്കുന്ന ആദ്യ കഥ പൊടിയമ്മ എന്ന് താന്‍ വിളിക്കുന്ന അമ്മയില്‍നിന്നു തന്നെയാണ്.  ''ഞാനും വലുതാവുമ്പ എന്നെപ്പോലെ പൊടിയാവണത്?  അതിന് നീയെന്റെ മോനൊന്നുമല്ലല്ലോ.''  ''പിന്നെ?''  ''ഈ കപ്പിത്താന്‍ പുണ്യാളത്തിയല്ലേ നിന്റമ്മ:  ചിന്നിമല റൂട്ടിലോടുന്ന മഞ്ഞുമ്മല്‍ ഷൈന്‍ ബസ് അപ്പനും'' - എന്ന് പറഞ്ഞുകൊണ്ട് പള്ളിക്ക് താഴെയുള്ള നേര്‍ച്ച ഭരണിയില്‍നിന്നും കിട്ടിയവനാണ് താന്നെന്ന കഥയും തന്റെ ജന്മത്തിനു കാരണക്കാരനായ ഏകനാഥനെക്കുറിച്ചുള്ള  കഥയും സ്വന്തം പിതാവിനെത്തേടിയുള്ള അന്വേഷണത്തിനാണ് അവനെ നിയുക്തനാകുന്നത്.

പിതൃസ്വത്വത്തിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണത്തിലാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും ബന്ധവിച്ഛേദവും ആഖ്യാനത്തിലൂടെ അനാവൃതമാവുന്നത്.  പൂര്‍വ്വകാലത്തില്‍ കാടായിരുന്ന സ്ഥലത്താണ് ഇന്ന് മനുഷ്യനിര്‍മ്മിതമാവുന്ന കെട്ടിടങ്ങള്‍ ഉയരുന്നത്.  കൃത്രിമമായി കാട്ടുതീ പടര്‍ത്തി കാടിനെ കരിച്ചുകളഞ്ഞ അബ്ബുവിന്റേയും ഏകാനാഥന്റേയും കഥ കേള്‍വികളായി ജോക്കുട്ടന്‍ അറിയുകയാണ്.  കാട്ടുതീയിലകപ്പെട്ട അബ്ബുവിനേയും പലാശമരത്തിന്റെ വേരില്‍ അബ്ബുവിനെ കാത്തിരുന്ന  ഏകനാഥനും താനും തമ്മിലുള്ള ബന്ധം ജോക്കുട്ടന്‍ ആ കേള്‍വിയില്‍നിന്നും തിരിച്ചറിയുന്നു.  ജോലി തേടി എത്തുന്ന ഇടങ്ങളിലെല്ലാം പലാശമരങ്ങള്‍ നട്ടുപിടിപ്പിച്ച്  തന്റെ ജീവിതകാലത്തേയും അപരത്വത്തേയും രേഖപ്പെടുത്തുന്ന ഏകനാഥന്റെ തുടര്‍ച്ചയാണ് അരക്ഷിതമായ തന്റെ ജീവിതമെന്ന് തിരിച്ചറിയുകയാണ് ജോക്കുട്ടന്‍.  ''അങ്ങനെ ഞാനീ നാട്ടില്‍ പണിയെടുത്തിട്ടുള്ള എല്ലാ വര്‍ക്ക് സൈറ്റിലും ഓരോ പലാശത്തൈ വെച്ച് നട്ടിട്ടുണ്ട്.  അബ്ബുവിന്റെ ഓര്‍മ്മയ്ക്ക്.''
''അന്നു മുതലാണ് ഞാന്‍ നഗരത്തില്‍ പലയിടത്തും വളര്‍ന്നുനില്‍ക്കുന്ന  പലാശത്തിന്റെ മരങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത്.  അത് എല്ലായിടത്തും ഉണ്ടായിരുന്നു.  സ്‌കൂളുകളില്‍, ആശുപത്രി മുറ്റത്ത്, നിരത്തോരത്ത്, പാലങ്ങള്‍ക്കരികില്‍ അങ്ങനെ എല്ലായിടത്തും.  ''ഞാനാ മരങ്ങളൊക്കെ എണ്ണിയെടുത്തു.  ആ മരങ്ങള്‍ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായിരിക്കും.  അതിലെ ഏറ്റവും ഇളയ തൈ തപ്പി എടുക്കണം.  അത് നില്‍ക്കുന്ന സൈറ്റിലാവും എന്റപ്പന്‍ ഏറ്റവും ഒടുവില്‍ പണിയെടുത്തിട്ടുണ്ടാവുക.  എന്നാല്‍ അതത്ര എളുപ്പമല്ല.  വളര്‍ന്നു തിടം വച്ച പ്ലാശുമരങ്ങളുടെ  പ്രായം അളക്കാന്‍ എനിക്കറിയില്ലായിരുന്നു.''

''പിതൃസ്വത്വത്തിന്റെ അപരനായി പ്ലാശ് മരം മാറുകയാണ്.''  നടന്നിറങ്ങിയതിന്റെ കിതപ്പകറ്റാന്‍ ഞങ്ങള്‍ പള്ളിപ്പിടിയിലെ ഉയരമുള്ള തിണ്ടില്‍ കയറി നിരത്തിലേക്ക് നോക്കി വെറുതേ ഇരുന്നു.  അന്നേരമാണ് അരികെ പുറത്തുനില്‍ക്കുന്ന ആ പലാശമരത്തിന്റെ തെളിച്ചമുള്ള മിഴല്‍പ്പൊട്ട് തറയിലേക്കിറങ്ങാതെ, വേരില്‍ത്തന്നെ തങ്ങിനില്‍ക്കുന്നത് ശ്രദ്ധിച്ചത്.  വേലില്‍ കാത്തിരുന്ന് മടുത്ത നിഴല്‍ത്തുമ്പ് താഴെയിറങ്ങി തറയിലൂടെ ഞങ്ങള്‍ക്കരികിലേക്ക് നടന്നു വന്നു.  അത് ഞങ്ങള്‍ക്കിടയിലെ ഒരാള്‍ വിടവിലേക്ക് ഒതുക്കത്തില്‍ കയറിയിരുന്ന് ഇളംകാറ്റില്‍ പതിയെ കാലുകളാട്ടിത്തുടങ്ങി.''  അരക്ഷിതമായ ബാലമനസ്സിന്റെ സ്വപ്നക്കാഴ്ച ആഗ്രഹത്തെ പൂര്‍ത്തീകരിക്കുന്ന മായക്കാഴ്ചയായി പരിണമിക്കുകയാണ്.   
കാലത്തിന്റെ ചിഹ്നങ്ങളായും പലാശമരം ആഖ്യാനത്തില്‍ നിലകൊള്ളുന്നു.  മനുഷ്യന് സ്വപ്നങ്ങള്‍ അവന്റെ ആഗ്രഹങ്ങളുടേയും ഉപബോധങ്ങളുടേയും പ്രത്യക്ഷീകരണങ്ങളാണ്.  സ്വപ്നത്തിലെ കാഴ്ചകളിലൂടെ തന്റെ പിതൃരതിയും വാസനയും ജോക്കുട്ടന്‍ പൂര്‍ത്തീകരിക്കുന്നു.  യാഥാര്‍ത്ഥ്യമോ അയാഥാര്‍ത്ഥ്യമോ എന്ന് നിശ്ചിതങ്ങളല്ലാത്ത ജീവിതസത്യങ്ങളുടെ രൂപാന്തരങ്ങളായി സ്വപ്നക്കാഴ്ചകള്‍ മാറുന്നു.  ഇത്തരം കാഴ്ചകള്‍ കാലത്തിന്റെ വിഭ്രമങ്ങളായ ആഖ്യാനങ്ങളായി മാറുന്നു.

വന്യമാവുന്ന ശരീരകാമനകള്‍
വന്യമായ രതിയുടേയും ശരീരകാമനയുടേയും ഹിംസയുടേയും കഥയാണ് വന്യം.  സത്യാനന്തര   കാലത്തെ മനുഷ്യസത്തയുടെ വന്യമായ പരിവര്‍ത്തനത്തെ ആവിഷ്‌ക്കരിക്കുന്നു ഈ കഥ.  ചെന്നായയായി പരിണമിക്കുന്ന ''മനുഷ്യക്കുഞ്ഞിന്റെ കഥ കാഴ്ചയും കേള്‍വിയും ഇടകലര്‍ന്ന് വിഭ്രമത്തിന്റെ അസാധരണാനുഭവം സൃഷ്ടിക്കുന്നു.  ക്രിസ്റ്റി എന്ന ആണ്‍കുട്ടിയില്‍നിന്നും ചെന്നായയിലേക്കുള്ള പരിവര്‍ത്തനവും ഹിംസാത്മകമായ അന്ത്യവും ആദത്തിന്റേയും സെറ്റ്ഫിയുടേയും കുമ്പസാരത്തിലൂടെ കേള്‍വിയുടെ കാഴ്ചകളായി ആഖ്യാനത്തില്‍ നിറയുകയാണ്.  കാട്ടില്‍ വസിച്ചിരുന്ന ആദവും സെറ്റ്ഫിയിലും ഉണരുന്ന അദമ്യമായ രതിവാസനയും വന്യമായ ലൈംഗികവേഴ്ചയും അതിനിടയില്‍ കുഞ്ഞായ ക്രിസ്റ്റിയില്‍ രൂപാന്തരപ്പെടുന്ന ചോരമണത്തെ ഇഷ്ടപ്പെടുന്ന ചെന്നായയുടെ ലക്ഷണങ്ങളും കാണെക്കാണെ കാഴ്ചയുടെ തലത്തില്‍ ഭീതിയും ഭയവും പരത്തിക്കൊണ്ടിരിക്കുന്നു.  മരുന്ന് പായല്‍ ചുണ്ടിലാക്കി കുഞ്ഞിനെ ഉറക്കിക്കിടത്തി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്ന സെറ്റ്ഫിയും ആദമും  പ്രാകൃതമായ മനുഷ്യചോദനയാല്‍ ഉന്മത്തരാവുന്നവരാണ്.  ''രാത്രിയില്‍ മരുന്നു പായല്‍ രുചിച്ച് അവര്‍ മയങ്ങിത്തുടങ്ങിയാല്‍ അവനെയെടുത്ത് ജനലിന്റെ വീതിയുള്ള പടിയിലേക്ക് മാറ്റിക്കിടത്തി കിടക്കയുടെ വലിയ ഭൂഖണ്ഡം മുഴുവനുമെടുത്ത് ഞങ്ങള്‍ രതിയിലേര്‍പ്പെട്ടു.  എന്നാ വെടിച്ചില്ലവനമാ ഇച്ചായന്റെ നെഞ്ഞത്തി പൂത്തു നില്‍ക്കുന്നേ എന്നു പറഞ്ഞവള്‍ എന്റെ രോമങ്ങളില്‍ തീപ്പെട്ടി കൊള്ളിയുരച്ചു. എന്റെ എരിഞ്ഞ രോമവനത്തിന്റെ തവിട്ടുമണത്തില്‍ അവള്‍ വെന്ത്  പാകമായി കിടന്നു.''

എന്നിങ്ങനെ വന്യമാവുന്ന രതി ചോദനയെ ആഖ്യാനം വെളിപ്പെടുത്തുന്നുണ്ട്.  ഇത്തരം  സുരതങ്ങളുടെ വന്യതയ്ക്കിടയിലാണ് ചെന്നായയുടെ അപരത്വത്തിലേക്ക് ക്രിസ്റ്റി രൂപാന്തരം ചെയ്യുന്നത്.  ''ആയിടയ്ക്ക് ഒരു ഞായറാഴ്ച പ്രഭാതത്തില്‍ ഞാന്‍ ഇറച്ചിയും മേടിച്ച് കവലയില്‍ നിന്നുള്ള  ഇടവഴി തിരിയുമ്പോഴാണ് ക്രിസ്റ്റി എന്റെ അടുക്കല്‍ ഓടി നിന്നെത്തി അണക്കുന്നു.  പച്ചയിറച്ചിയുടെ മണം ഇവന്‍ ഇത്ര ദൂരത്തുനിന്നും പിടിക്കുന്നതെങ്ങനെയെന്ന് ഞാനന്നേരം അമ്പരന്നു. ഒരുകാലത്ത് സെറ്റ്ഫി ഉപയോഗിച്ച തിണ്ടാരി തുണികള്‍ കളവുപോയ്ക്കൊണ്ടിരുന്നു.   ഞാന്‍ പതിയെ ക്രിസ്റ്റിയെ ശ്രദ്ധിച്ചു തുടങ്ങി. അവനില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു... അവന്‍ ചിലപ്പോഴൊക്കെ  ഇമവെട്ടാതെ കിഴക്കന്‍മലയുടെ ശിഖരങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു.  അവന്റെ ശരീരം പൂര്‍ണ്ണമായും വെണ്ണീര്‍ നിറമായി മാറി.  കൃഷ്ണമണികള്‍ തിളങ്ങാന്‍ തുടങ്ങി. മേശപ്പുറത്ത് ഭക്ഷണം കൊണ്ടുവെക്കുമ്പോള്‍ അവന്‍ നാക്കു പുറത്തേക്കിട്ട് കിതക്കുന്നത് പതിവായി.'' - ഇങ്ങനെ ചെന്നായയുടെ സ്വത്വത്തിലേക്ക് പരിണമിക്കുന്ന ക്രിസ്റ്റി മനുഷ്യസ്വത്വത്തിന്റെ വിപര്യയത്തെ വെളിപ്പെടുത്തുന്നു.  കാലത്തിന്റെ വന്യത ആകാരം പൂണ്ട് ചെന്നായയിലേക്ക് പരിണമിക്കുന്നു.
ഇരുണ്ട വാസനകളുടേയും ചോദനകളുടേയും വിഭ്രാന്തികള്‍ ഉന്മത്തതകള്‍ സ്ത്രീ-പുരുഷ രതിവിരതികളിലൂടെയും വന്യമായ ജന്തുചോദനയുടെ അപരത്വത്തിലൂടെയും  ആവിഷ്‌കൃത രൂപം കൈവരിക്കുന്നു.  മനുഷ്യ സ്വത്വത്തിന്റെ ഏറ്റവും ഭീതിദമായ പരിണാമമായിട്ടാണ് ചെന്നായയുടെ അപരം മാറുന്നത്.  മനുഷ്യനും മൃഗത്തിനും ഇടയില്‍ ഇരട്ട ജീവിതം ജീവിക്കേണ്ടിവരുന്ന മനുഷ്യവംശത്തിന്റെ വന്യതകള്‍, വിഭ്രാന്തികള്‍ ഭാവികാലത്തിന്റെ സംഭാവ്യതകളായി ആഖ്യാനത്തില്‍ നില്‍ക്കുന്നു.
മരണത്തിന്റെ കാഴ്ചകളും മരിച്ചുകൊണ്ടിരിക്കുന്നവരുടെ സ്വപ്നങ്ങളും ഭയങ്ങളും വിഭ്രമങ്ങളും ആത്മപീഡനങ്ങളുടേയും കാഴ്ചകളുടേയും തലത്തില്‍ വിചിത്രാനുഭവമായി മാറുന്ന കഥയാണ് മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് എന്നത്.  ക്രൈം സീന്‍ അനാലിസിസ് പഠിപ്പിക്കുന്ന രാധിക തീര്‍ക്കുന്ന പാവ വീടുകളും മരിച്ചവരുമായുള്ള സംവാദങ്ങളും ഉണ്ടാക്കുന്ന വിഭ്രമങ്ങളാണ് ഈ കഥയിലെ മായക്കാഴ്ചകള്‍.  മരിച്ചു തുടങ്ങുന്ന മനുഷ്യരുമായുള്ള സമ്പര്‍ക്കം സാധ്യമാവുന്ന തരത്തില്‍ വിഭ്രമാത്മകമായ സ്വപ്നങ്ങളിലേക്ക് കഥ സഞ്ചരിക്കുന്നു.  സ്വന്തം അമ്മയുടെ ആത്മഹത്യയും അച്ഛന്റെ കൊലപാതകവും മരണത്തെക്കുറിച്ച് രാധികയുടെ നിരന്തര അന്വേഷണങ്ങളും വിഷം തീണ്ടിയുള്ള അവളുടെ തന്നെ മരണവും മരണത്തിന്റെ ഇരുണ്ട ലോകത്തെ തീര്‍ക്കുന്നു.  ഈ കഥയിലാകട്ടെ, സ്ഥലകാലങ്ങള്‍ മരണത്തിന്റെ രൂപം കൈവരിക്കുന്നു.  മരണം നടന്ന മുറിയുടെ സാങ്കല്പികയിടമായി പാവ വീടുകള്‍ നിര്‍മ്മിക്കപ്പെടുന്നു.  മരിച്ചവരുമായി സംവദിക്കാനുള്ള മനുഷ്യന്റെ കഴിവ് അതീതയാഥാര്‍ത്ഥ്യമാണെങ്കിലും ആ അതീത സങ്കല്പത്തെ മനുഷ്യനൈതികതയുടെ അടയാളമായി രൂപപ്പെടുത്തുന്നു ആഖ്യാനം.  

കാലവും മരണവും നിത്യസത്യങ്ങളാണ്.  ഈ രണ്ട് യാഥാര്‍ത്ഥ്യങ്ങളേയും ഭേദിച്ചുകൊണ്ട് ഭൗതിക ലോകത്തില്‍ മനുഷ്യനു നിലനില്‍പ്പില്ല.   എന്നാല്‍ ഭൗതികതയുടെ മാനങ്ങള്‍ മാറ്റി നിര്‍ത്തി കാലത്തിന്റെ അമൂര്‍ത്തതയെ എല്ലാ ഭാവത്തോടും കൂടി അനുഭവിക്കാന്‍ മനുഷ്യമനസ്സിനു കഴിയും.  മനസ്സിന്റെ സഞ്ചാരങ്ങള്‍ കാലത്തേയും മരണത്തേയും പലതായി അനുഭവിക്കുന്നു.  അപൂര്‍വ്വമായ ഇത്തരം മാനസിക വിഭ്രമങ്ങളുടെ ഇരുണ്ട സൗന്ദര്യമാണ്  'മരിച്ചുകൊണ്ടിരിക്കുന്നവരെക്കുറിച്ച്' എന്ന കഥയിലൂടെ ആവിഷ്‌കൃതമാവുന്നത്.  

വന്യത്തിലെ  ആറു കഥകളും മനുഷ്യന്റെ നിയതമായ ജീവിതസഞ്ചാരങ്ങളില്‍നിന്നും  സാമൂഹിക മാനത്തില്‍നിന്നും ഭിന്നമായ തലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.  പ്രാകൃതമായ ജന്മവാസനകളും ചോദനകളുംകൊണ്ട് ഉന്മാദിയാവുന്ന മനുഷ്യന്റെ ജീവിതം സുനിശ്ചിതമായ പാതയല്ല തേടുന്നത് എന്ന് ഓരോ കഥയും വ്യക്തമാക്കുന്നു.  ജീവിതകാമനകളും ചോദനകളും ആഗ്രഹങ്ങളും സ്വപ്നങ്ങളായും മായികതകളായും അസാധാരണമായ ജീവിതപഥങ്ങളിലൂടെ സഞ്ചരിക്കാന്‍ മനുഷ്യനെ പ്രാപ്തരാക്കുന്നു.  അത്തരം മനുഷ്യന്റെ സ്വത്വവും ബോധവും അപരമായ  മറ്റൊന്നിനെ കാംക്ഷിക്കുന്നു.  കഥകളിലെല്ലാം കാണുന്ന പരകായ പ്രവേശത്തെ ആ രീതിയില്‍ വായിക്കാം. യഥാര്‍ത്ഥ സ്ഥലകാലങ്ങള്‍ അപരിചിതമാവുകയും പുതിയ ഇടങ്ങളും കാലബോധങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത് ആ അപരത്വത്തിന്റെ സൃഷ്ടിയിലാണ്.   

കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് എതിര്‍നില്‍ക്കുന്ന ഭാവനയുടെ ലളിത ലോകമല്ല ഫാന്റസി;  യാഥാര്‍ത്ഥ്യവുമായി ബന്ധം സ്ഥാപിക്കാന്‍ നമ്മെ സഹായിക്കുന്ന സര്‍ഗ്ഗശക്തിയുടെ ഒരു ചെറിയ ഖണ്ഡം മാത്രമാണ് എന്ന് സ്ലാവോസ് സീസെക്കിന്റെ വാക്കുകള്‍ വിവേകിന്റെ ഈ കഥകള്‍ക്കും ഉചിതമാവും. പ്രത്യക്ഷത്തില്‍ സാമൂഹ്യമായ സ്ഥലകാലദര്‍ശനങ്ങളോ ചരിത്ര പ്രതിനിധാനങ്ങളോ ഈ കഥകളില്‍ ആവിഷ്‌കൃതമാവുന്നില്ലെന്നും തോന്നാം.  എന്നാല്‍ അടിസ്ഥാനപരമായും ഈ ആറു കഥകളും മനുഷ്യസമൂഹത്തിന്റെ കാലസഞ്ചാരത്തെ അടയാളപ്പെടുത്തുന്നുണ്ട്. സത്യത്തിന്റേയും യാഥാര്‍ത്ഥ്യത്തിന്റേയും അനന്തരമായ മായക്കാഴ്ചകളുടെ കാലം ഈ കഥകളിലെല്ലാം ഒളിഞ്ഞുകിടക്കുന്നു.  മനുഷ്യന്റെ പ്രാകൃതവാസനകളും  അദമ്യമായ കാമനകളും വന്യമായ രതിയായും ഹിംസയായും മരണമായും ഈ കഥകളില്‍ പ്രത്യക്ഷപ്പെടുന്നു.  വര്‍ത്തമാനഭാവികാലത്തിന്റെ  ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിഭ്രമങ്ങളായും കഥകളില്‍ നിറയുന്നു.  ക്രമികമായ കാലബോധത്തേയും സമയബോധത്തേയും ഉച്ചാടനം ചെയ്തുകൊണ്ട് വിഭ്രമങ്ങളുടെ മൂര്‍ത്ത കാഴ്ചകളില്‍ക്കൂടി പ്രതീതിയാഥാര്‍ത്ഥ്യത്തിന്റെ ലോകം കഥകളില്‍ ആവിഷ്‌കൃതമാവുകയാണ്.  വിവേകിന്റെ കഥകളില്‍ രൂപപ്പെടുന്ന അസാധാരണമായ സ്ഥലകാലങ്ങളുടെ ബന്ധവും വിച്ഛേദവുമാണ് കഥയെ പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ തലത്തിലേക്ക് പരിണമിപ്പിക്കുന്നത്.  അതിനിണങ്ങുന്ന സമ്പന്നമായ ഭാഷയും ശൈലിയും ഈ കഥകള്‍ക്കുള്ളിലുണ്ട്.  ഭ്രമഭാവനയെ ഭാഷയുടെ ശില്പങ്ങളില്‍ അതീവ ചാരുതയോടെ കൊരുത്തിടാന്‍ ഈ കഥകള്‍ക്കു കഴിയുന്നുണ്ട്.  പുതുകഥകളുടെ ഇടത്തില്‍ വ്യതിരിക്ത സ്വരമാവാന്‍, ഭാവനയുടെ പുതുഭ്രമങ്ങളെ ഭാവുകത്വത്തിന്റെ അടയാളമാക്കി മാറ്റാന്‍ ഈ കഥകള്‍ക്കു കഴിയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com