ദൈവത്തിന്റെ ആയുസും നവനാസ്തികതേയും, യുക്തിവാദത്തിന്റെ പ്രസക്തി ചര്‍ച്ചചെയ്യപ്പെടണം

ഇന്നു പ്രാകൃത ദൈവ സങ്കല്പങ്ങള്‍ എന്ന കൂട്ടത്തില്‍ പലരും കാണുന്ന പലതും പണ്ട്, പല വന്‍കിട സാമ്രാജ്യങ്ങളുടേയും  ഔദ്യോഗിക ദൈവങ്ങളോ മുഖ്യ വിശ്വാസങ്ങളോ ആയിരുന്നു.
ദൈവത്തിന്റെ ആയുസും നവനാസ്തികതേയും, യുക്തിവാദത്തിന്റെ പ്രസക്തി ചര്‍ച്ചചെയ്യപ്പെടണം


The belief in a creator is foolish and must be rejected
If god created the universe where was he himself before creation
Acharya Jinasena (Jain monk), 9th century

ണ്ണിയാലൊടുങ്ങാത്ത മതങ്ങളും ദൈവങ്ങളും ഈ ഭൂലോകത്ത് ഉണ്ടായി മണ്‍മറഞ്ഞു പോയിട്ടുണ്ട്. ഗ്രീക്ക് ദൈവങ്ങളും റോമന്‍ ദൈവങ്ങളും ഇന്നു കഥകളില്‍ മാത്രം അവശേഷിക്കുന്നു. ജൂത, ക്രിസ്തീയ, ഇസ്ലാം മതങ്ങളിലെ ഏക ദൈവ വിശ്വാസത്തിനു മുന്നോടിയായി കരുതപ്പെടുന്ന മര്‍ദുക് എന്ന ബാബിലോണിയന്‍ ദൈവം കഥകളില്‍പ്പോലുമില്ല. ലോകത്തെ ആദ്യത്തെ നിയമ സംഹിതകളിലൊന്നു രൂപപ്പെടുത്തിയ ഹമൂറാബി ചക്രവര്‍ത്തിയുടെ പ്രിയ ദൈവമായിരുന്നു മര്‍ദുക്. അതുപോലെ മനുഷ്യ സംസ്‌കൃതിയുടെ അതിപുരാതന കാല്‍പ്പാടുകള്‍ പതിഞ്ഞ നൈല്‍ നദീതടത്തിന്റെ അധിപന്മാരായിരുന്ന  ഫറവോമാരുടെ അറ്റെന്‍, ഒസിരിസ്, ഐസിസ് തുടങ്ങിയ ദൈവങ്ങളെല്ലാം ജനതയുടെ ഓര്‍മ്മകളില്‍നിന്നുപോലും അപ്രത്യക്ഷമായി.മറ്റേത് സംസ്‌കാരത്തേക്കാളും വ്യത്യസ്തങ്ങളായ വിശ്വാസങ്ങള്‍ക്കും ദൈവങ്ങള്‍ക്കും വളക്കൂറുള്ള മണ്ണ് നല്‍കിയ ഭാരതം കാലാകാലങ്ങളായി പല ദൈവങ്ങളുടേയും ശ്മശാന ഭൂമി കൂടി ആയിരുന്നു. സിന്ധുനദീതട സംസ്‌കാരം ആര്യന്‍ സംസ്‌കാരത്തിനു വഴിമാറിയപ്പോള്‍ കൂടെ അന്നത്തെ നാട്ട് ദൈവങ്ങള്‍ പുതിയ ദൈവങ്ങള്‍ക്കു വഴിമാറിക്കൊടുത്തു. ആദിമ വൈദിക കാലത്തെ സുപ്രധാന ദൈവങ്ങളായ ഇന്ദ്രനും വരുണനുമൊക്കെ പ്രധാനമായും അമര്‍ ചിത്രകഥകളിലൂടെയാണ് ഇന്നത്ത തലമുറയ്ക്കു പരിചയം. ആയിരക്കണക്കിനു ഗോത്രസമൂഹങ്ങള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി നിലനിന്നിരുന്ന ഇന്ത്യയില്‍ തികച്ചും പ്രാദേശികമായ ദൈവങ്ങള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിനു കേരളത്തില്‍ ഉണ്ടായിരുന്ന ഇപ്പോഴും അങ്ങുമിങ്ങും നിലനില്‍ക്കുന്ന ഇണ്ടിളയപ്പന്‍, ഘണ്ടാകര്‍ണന്‍ തുടങ്ങിയ സങ്കല്പങ്ങള്‍. ഇത്തരം ദേവസങ്കല്പങ്ങളെ പ്രാകൃത ഗോത്ര സംസ്‌കാരത്തിന്റെ ഭാഗമായ അപരിഷ്‌കൃത ദൈവങ്ങളായിട്ടോ തികഞ്ഞ അന്ധവിശ്വാസമായിട്ടോ ആണ് മുഖ്യധാരാ വിശ്വാസികള്‍ കരുതുന്നത്.

ഹമുറാബി ചക്രവര്‍ത്തിയുടെ പ്രിയ ദൈവമായിരുന്ന മര്‍ദുക്
ഹമുറാബി ചക്രവര്‍ത്തിയുടെ പ്രിയ ദൈവമായിരുന്ന മര്‍ദുക്

എന്നാല്‍, ഇന്നു പ്രാകൃത ദൈവ സങ്കല്പങ്ങള്‍ എന്ന കൂട്ടത്തില്‍ പലരും കാണുന്ന പലതും പണ്ട്, പല വന്‍കിട സാമ്രാജ്യങ്ങളുടേയും  ഔദ്യോഗിക ദൈവങ്ങളോ മുഖ്യ വിശ്വാസങ്ങളോ ആയിരുന്നു. ഉദാഹരണത്തിനു നാലഞ്ച് നൂറ്റാണ്ടുകള്‍ക്കു മുന്നേ സ്പാനിഷ് അധിനിവേശം അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ആരംഭിക്കുമ്പോള്‍ മെക്‌സിക്കോയിലും പെറുവിലും ഉണ്ടായിരുന്ന മായാ, ഇങ്കാ സാമ്രാജ്യങ്ങളുടെ ദൈവങ്ങള്‍. മെക്‌സിക്കന്‍ പിരമിഡും മാച്ചുപിച്ചുവുമൊക്കെ ഈ സംസ്‌കാരങ്ങളുടെ ഭാഗമാണ്. റോമാ സാമ്രാജ്യത്തില്‍ നാലാം നൂറ്റാണ്ടോടെ ക്രിസ്തുമതം ആധിപത്യം സ്ഥാപിക്കുന്നതിനു മുന്നേ അവിടെ വലിയൊരു വിഭാഗം ജനതയുടെ ആരാധനാമൂര്‍ത്തിയായിരുന്നു മിത്ര എന്ന ദൈവം. പുരാതന പേര്‍ഷ്യക്കാരുടെ ശക്തനായ സൂര്യ ഭഗവാനാണ് മിത്ര എന്നു കരുതുന്നവരുണ്ട്. അതുപോലെ മൂന്നാം നൂറ്റാണ്ട് മുതല്‍ ഏഴാം നൂറ്റാണ്ട് വരെ പടിഞ്ഞാറ് റോം മുതല്‍ കിഴക്ക് ചൈന വരെ ശക്തമായ സാന്നിധ്യമുള്ള മതമായിരുന്നു മാണി എന്ന പേര്‍ഷ്യന്‍ പ്രവാചകന്‍ സ്ഥാപിച്ച മണിക്കെയിസം എന്ന് എന്നറിയപ്പെടുന്ന മതം. മധ്യേഷ്യയില്‍ ക്രിസ്തുമതവും ഇസ്ലാംമതവും ശക്തമായതോടെ മണിക്കെയിസം അപ്രസക്തമാക്കപ്പെട്ടു. ഇന്നു വ്യത്യസ്ത കാരണങ്ങളാല്‍ വംശനാശ ഭീഷണി നേരിടുന്ന മതങ്ങളാണ്  ലെബനനിലുള്ള ദ്രൂസ് മതക്കാരും ഇറാക്കിലുള്ള യസീദികളും ഇന്ത്യയിലെ പാഴ്സികളും പിന്നെ പല ആദിമ ആദിവാസി സമൂഹ വിശ്വാസരീതികളും. ദൈവം മരിച്ചു എന്ന് നീത്ഷെ പറഞ്ഞിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ചരിത്രത്തിന്റെ ഇതുവരെയുള്ള നാള്‍വഴികളിലെന്നപോലെ ഇന്നത്തെ ദൈവങ്ങളും മതങ്ങളും നാളെ പുതിയ ദൈവങ്ങള്‍ക്കും മതങ്ങള്‍ക്കും വഴിമാറുമോ (സയന്റിയോളജി, റസ്റ്റാഫാരി തുടങ്ങി പുതുമതങ്ങള്‍ പലതുമുണ്ട്). അതല്ല, ദൈവങ്ങളുടെ ആവശ്യം മനുഷ്യര്‍ക്കിനിയില്ല എന്ന ആശയത്തിനു പ്രബലതയേറി മതമില്ലാത്ത അല്ലെങ്കില്‍ മതവിശ്വാസം അപ്രസക്തമായ ഒരു ലോകമുണ്ടാവുമോ. ]

ഈജിപ്ഷ്യന്‍ ദൈവമായിരുന്ന ഏതന്‍
ഈജിപ്ഷ്യന്‍ ദൈവമായിരുന്ന ഏതന്‍

ദൈവത്തിന്റെ ആയുസ്സിനെക്കുറിച്ച് ചിന്തിക്കണമെങ്കില്‍ ദൈവത്തിന്റെ ജനിതകം കൂടി അറിയേണ്ടിയിരിക്കുന്നു. പരിണാമചരിത്രത്തില്‍ മറ്റൊരു ജന്തുവര്‍ഗ്ഗത്തിലുമുണ്ടാകാത്ത തരത്തിലുള്ള തലച്ചോറിന്റെ വളര്‍ച്ച നമ്മുടെ പൂര്‍വ്വികരില്‍ ഉണ്ടായയിടുത്തുനിന്നാണല്ലോ മനുഷ്യന്‍ എന്ന സവിശേഷ ജന്തുവര്‍ഗ്ഗത്തിന്റ തുടക്കം. അതുവരെ ഊണിനും ഇണക്കും മാത്രമായി ഒതുങ്ങിയിരുന്ന ചിന്താശേഷിയും യുക്തിയും പ്രകൃതിപ്രതിഭാസങ്ങളേക്കുറിച്ചും തന്റെ തന്നെ അസ്തിത്വത്തേക്കുറിച്ചും എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങള്‍ മനുഷ്യനിലുണ്ടാക്കാന്‍ തുടങ്ങി. മരണവും രോഗവും മഴയും വെള്ളപ്പൊക്കവും വരള്‍ച്ചയും ഉത്തരമില്ലാത്ത പ്രഹേളികകളുടെ തുടര്‍നാടകങ്ങളായി മുന്നില്‍ അവതരിച്ചുകൊണ്ടേ ഇരുന്നു. ജെയിംസ് ഫ്രേസര്‍ തന്റെ ഗോള്‍ഡന്‍ ബൌ എന്ന നരവംശ ശാസ്ത്രഗ്രന്ഥത്തില്‍ അഭിപ്രായപ്പെട്ടപോലെ മനുഷ്യന്‍ ആദ്യം പ്രകൃതിശക്തികളെ നേരിട്ട് പ്രീതിപ്പെടുത്താനുള്ള മന്ത്രങ്ങളുണ്ടാക്കി. പിന്നീട് പ്രകൃതിയേയും നിയന്ത്രിക്കുന്ന ഏതോ ഒരു ശക്തിയുണ്ടെന്ന വിചാരമുണ്ടായി. നമുക്കിതിനെ ഒരു തരത്തില്‍ യുക്തിചിന്തയുടെ തുടക്കമെന്നു കരുതാവുന്നതാണ്. ആ പ്രാകൃത യുക്തിചിന്തയില്‍നിന്നുയര്‍ന്നു വന്നതാണ് ദൈവവിശ്വാസത്തിന്റെ പ്രാക്തന രൂപങ്ങള്‍ അല്ലെങ്കില്‍ ആദിമ മതങ്ങള്‍. മോശമായ അവസ്ഥകളെ നേരെയാക്കാനും തനിക്കു നല്ലതു വരുത്താനും കഴിവുള്ള ആ ശക്തിയെ എങ്ങനെ പ്രീതിപ്പെടുത്താം എന്നതിനെക്കുറിച്ച് ചിന്തകളും സങ്കല്പങ്ങളും രീതികളും ഉണ്ടായി. അങ്ങനെ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ സമൂഹങ്ങളിലും അവരുടേതായ ദൈവങ്ങളും മതങ്ങളും രൂപപ്പെട്ടു. ഓരോ സമൂഹത്തിന്റേയും അനുഭവങ്ങളും കാഴ്ചകളും തലമുറകളായി കൈമാറിയെത്തിയ ഓര്‍മ്മകളും അതിനു നിറക്കൂട്ടേകി. ജനനമായാലും മരണമായാലും യുദ്ധമായാലും അതിലെല്ലാം ഇടപെടാന്‍ കഴിയുന്ന അദൃശ്യശക്തിയെ സ്മരിക്കാനും സ്തുതിക്കാനും പ്രാര്‍ത്ഥനകളും നൃത്തവും  ബലി തുടങ്ങിയ ആചാരങ്ങളുമുണ്ടായി. ഇതിനു നേതൃത്വം നല്‍കാന്‍ പുരോഹിതവര്‍ഗ്ഗമുണ്ടായി. പുരോഹിതവര്‍ഗ്ഗവും സമാന്തരമായി രൂപപ്പെട്ട ഭരണവര്‍ഗ്ഗവും തമ്മില്‍ പരസ്പരപൂരകമായ അച്ചുതണ്ട് ഉണ്ടായി. സാധാരണ ജനങ്ങള്‍ക്കു തങ്ങളോടുള്ള വിധേയത്വം ഉറപ്പിക്കുന്ന തരത്തിലാണ് മിക്കപ്പോഴും ദൈവസങ്കല്പത്തേയും മതവിശ്വാസത്തേയും ഈ അച്ചുതണ്ട് വളര്‍ത്തിയെടുത്തത്. 

മെക്‌സിക്കന്‍ താഴ്‌വരയിലെ പിരമിഡ്
മെക്‌സിക്കന്‍ താഴ്‌വരയിലെ പിരമിഡ്

ശാന്തമഹാസമുദ്രത്തിലെ വിദൂര ദ്വീപുകളിലും ആമസോണ്‍, കോംഗോ തുടങ്ങിയ കൊടും വനങ്ങളിലും നൈല്‍, സിന്ധുപോലുള്ള നദീതടങ്ങളിലും തുടങ്ങി മനുഷ്യവാസമുള്ളിടത്തെല്ലാം അവരുടേതായ ദൈവങ്ങളുണ്ടായി. ഈ ആദിമ ദൈവങ്ങളെല്ലാം തന്നെ അടിസ്ഥാനപരമായി ഒരേ സ്വഭാവത്തിലുള്ളതായിരുന്നു. മനുഷ്യന്റെ ബുദ്ധിയിലുദിച്ച ദൈവം സ്വാഭാവികമായും മനുഷ്യന്റെ പ്രതിരൂപമായാണ് ആദ്യം അവതരിപ്പിക്കപ്പെട്ടത്. മനുഷ്യനെപ്പോലെ സ്‌നേഹിക്കുകയും പിണങ്ങുകയും ഇണചേരുകയും ചെയ്യുന്ന അസൂയയും പ്രതികാരദാഹവും ഒക്കെയുള്ള ദൈവം. മറ്റു ദൈവങ്ങളോടുള്ള മത്സരബുദ്ധിയും ആ ദൈവങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്നു. നാഗരിക സമൂഹങ്ങളില്‍ പടിപടിയായി വിശ്വാസ സങ്കല്പങ്ങളിലും മതാചാരങ്ങളിലും ഓരോരോ മാറ്റങ്ങള്‍ വന്നു. മനുഷ്യര്‍ കൂട്ടമായി കൃഷിചെയ്ത് ഒരിടത്ത് താമസം തുടങ്ങിയപ്പോള്‍ പുതിയ പുതിയ സാമൂഹിക ആവശ്യങ്ങള്‍ ഉണ്ടായി. നാഗരിക സമൂഹങ്ങള്‍ ചെറിയ ചെറിയ രാജ്യങ്ങളായി. പല രാജ്യങ്ങള്‍ ചേര്‍ക്കപ്പെട്ട് സാമ്രാജ്യങ്ങള്‍ ഉണ്ടായി. യുദ്ധങ്ങള്‍ പതിവായി. എല്ലാ രാജ്യങ്ങള്‍ക്കും അവരുടേതായ ദൈവങ്ങളുണ്ടായതിനാല്‍ യുദ്ധത്തിലെ വിജയം ആ രാജ്യത്തിന്റെ ദൈവത്തിന്റെ വിജയം കൂടിയായി. ഓരോ സമൂഹത്തിനും അപ്പോള്‍ കൂടുതല്‍ ശക്തിയുള്ള ദൈവം വേണ്ടിവന്നു. അധിനിവേശങ്ങള്‍ക്കും പലായനങ്ങള്‍ക്കും അനുസരിച്ച് ദൈവങ്ങള്‍ക്കു ശക്തിവര്‍ധനയും ക്ഷയവുമുണ്ടായി. സാംസ്‌കാരിക വിനിമയങ്ങള്‍ വഴി പഴയ ദൈവങ്ങള്‍ ഇഴചേര്‍ന്നു പുതിയ ദൈവങ്ങള്‍ ഉണ്ടായി. അതോടെ പഴയ ദൈവങ്ങള്‍ പലതും വിസ്മൃതിയിലായി. പുതിയ ദൈവങ്ങള്‍ക്കു ശക്തിയാര്‍ജ്ജിക്കണമെങ്കില്‍ ഭക്തരുടെ കൃത്യമായ സംഘടനാക്രമം വേണ്ടിവന്നു. ശക്തരായ ദൈവങ്ങള്‍ക്കൊപ്പം സംഘടിത മതങ്ങള്‍ അല്ലെങ്കില്‍ സംഘടിത മതങ്ങള്‍ക്കൊപ്പം ശക്തരായ ദൈവങ്ങള്‍ സാമൂഹിക പരിണാമ പ്രക്രിയയിലൂടെ വികസിച്ചു വന്നു.

ഒരു സംസ്‌കൃതിയുടെ ശെഷിപ്പ്. പെറുവിലെ മാച്ചു പിച്ചു
ഒരു സംസ്‌കൃതിയുടെ ശെഷിപ്പ്. പെറുവിലെ മാച്ചു പിച്ചു

ഇന്നത്തെ പ്രമുഖ ലോകമതങ്ങള്‍ ക്രിസ്തുമതം, ഇസ്ലാംമതം, ജൂതമതം, ഹിന്ദുമതം, ബുദ്ധമതം, സിഖ് മതം എന്നിവ ആണല്ലോ. മതങ്ങളുടെ വളര്‍ച്ചയ്ക്കു കൃത്യമായ ആചാരവിശ്വാസ പ്രമാണങ്ങള്‍ക്കൊപ്പം വലിയ സാമ്രാജ്യങ്ങളുടേയും ശക്തരായ ഭരണാധികാരികളുടേയും പിന്തുണ ആവശ്യമാണ്. പൗരാണിക ഇന്ത്യയിലെ ആദ്യ സാമ്രാജ്യമായ മൗര്യ സാമ്രാജ്യം സ്ഥാപിച്ച ചന്ദ്രഗുപ്ത മൗര്യന്‍ ജൈനമതം സ്വീകരിച്ചതും അദ്ദേഹത്തിന്റെ കൊച്ചുമകനായ മഹാനായ അശോക ചക്രവര്‍ത്തി ബുദ്ധമതം സ്വീകരിച്ചതും പ്രസ്തുത മതങ്ങളെ ശക്തമാക്കുകയും അവയുടെ പ്രചാരണത്തിനു മുഖ്യ കാരണമാവുകയും ചെയ്തു. പിന്നീട് ഗുപ്തരാജാക്കന്മാര്‍ ഹിന്ദുമത വിശ്വാസികളായിരുന്നത് ഹിന്ദുമതത്തെ ശക്തിപ്പെടുത്താന്‍ സഹായിച്ചു. ഈജിപ്റ്റില്‍ ഫറവോമാരുടെ അടിമകളായി കഴിയേണ്ടിവന്ന ജൂതരെ വാഗ്ദത്ത ഭൂമിയിലേയ്ക്ക് മോസസ് നയിക്കുന്നതില്‍നിന്നാണ് ജൂതരാജ്യവും അതുവഴി ജൂതമതവും ശക്തപ്പെടുന്നത്. ക്രിസ്തുവിന്റെ കാലത്തിനുശേഷം ഏതാണ്ട് 300 വര്‍ഷത്തോളം കാര്യമായ അടിത്തറ ഇല്ലാതിരുന്ന ക്രിസ്തുമതത്തെ മൂന്നാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കിയതോടെയാണ് ഒരു ലോകമതമായുള്ള അതിന്റെ വളര്‍ച്ച ആരംഭിക്കുന്നത്. അതുപോലെ ഇസ്ലാമിന്റെ വളര്‍ച്ച റഷിദുന്‍ ഖലീഫേറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രശസ്തരും ശക്തന്മാരുമായ രാജാക്കന്മാരുടേയും സാമ്രാജ്യങ്ങളുടേയും ദൈവങ്ങളും അതുപോലെ പ്രശസ്തരും ശക്തരുമായി. തങ്ങളുടെ രാജ്യത്തിന്റെ ശക്തിക്കും അഭിവൃദ്ധിക്കും കാരണം തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങള്‍ ആണെന്ന് രാജാവും പ്രജകളും ഒരുപോലെ വിശ്വസിച്ചു.

ജെയിംസ് ഫ്രേസര്‍
ജെയിംസ് ഫ്രേസര്‍

ഇത്തരത്തില്‍ നോക്കിയാല്‍ ചരിത്രത്തിലെ ചില ആകസ്മികതകളുടേയും സാമൂഹ്യവും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങളുടേയും കൂട്ട് ഉല്പന്നമാണ് ഇന്നു നിലനില്‍ക്കുന്ന ഓരോ മതവും. എന്നാല്‍, മിക്ക മതവിശ്വാസികളും ഇത്തരത്തിലുള്ള മതത്തിന്റെ ജൈവികചരിത്രത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാണാറില്ല. മറിച്ച് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം തന്റെ ദൈവം പരമമമായ സത്യം ആണെന്നും ആ ശക്തിയുടെ പിന്‍ബലത്തിലും നിയന്ത്രണത്തിലുമാണ് സകല ചരാചരങ്ങളും നിലനില്‍ക്കുന്നതെന്നുമുള്ള കാര്യത്തില്‍ സംശയമില്ല. അത്തരം വിശ്വാസങ്ങള്‍ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ആണെങ്കില്‍ കൂടിയും അതിലെ യുക്തിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സംവാദങ്ങള്‍ക്കും  ഒരു പരിഷ്‌കൃത സമൂഹത്തില്‍ തീര്‍ച്ചയായും സ്ഥാനമുണ്ട്. ഇവിടെ യുക്തിയെന്നത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു സംഗതിയാണ്. പ്രത്യേകിച്ചും നമ്മുടെ നാട്ടില്‍.

പ്രാചീന ഭാരതത്തിലെ
നിരീശ്വരവാദ ദര്‍ശനങ്ങള്‍

ഇന്നാട്ടിലെ ഒരു പ്രചുരചിന്താഗതി യുക്തിവാദം എന്നത് ഏതോ ആധുനിക പാശ്ചാത്യ ഇറക്കുമതി ആണെന്നാണ്. അതുപോലെ നാസ്തികരെല്ലാം കമ്മ്യുണിസ്റ്റ്കാരാണെന്നും. വാസ്തവത്തില്‍ ഭാരതഭൂമികയിലെ യുക്തിവാദത്തിനു ഭാരത ചിന്തയോളം തന്നെ പഴക്കമുണ്ട്. പ്രാചീന ഭാരതത്തിലെ നിരീശ്വരവാദ ദര്‍ശനമാണ് ലോകായതം. അതു ചര്‍വ്വാക ദര്‍ശനമെന്നും അറിയപ്പെടുന്നു. ബൃഹസ്പതിയുടെ ശിഷ്യരായിട്ടാണ് ചര്‍വ്വാകന്മാരെ കരുതുന്നത്. അവര്‍ പരലോകം, ആത്മാവ്, സ്വര്‍ഗ്ഗം, നരകം, മോക്ഷം, മതം തുടങ്ങിയവയിലൊന്നും തന്നെ വിശ്വസിക്കുന്നില്ല. ഭൗതിക പദാര്‍ത്ഥത്തെ മാത്രമാണ് മൗലിക യാഥാര്‍ത്ഥ്യമായി അംഗീകരിച്ചിട്ടുള്ളത്. ബുദ്ധന്റേയും മഹാവീരന്റേയും സമകാലീനന്‍ എന്നു വിശ്വസിക്കപ്പെടുന്ന അജിത കേശകമ്പലിയാണ് ഭൗതികവാദത്തിന്റെ പ്രധാന ഉപജ്ഞാതാവ്. ലോകായതം ചര്‍ച്ച ചെയ്യുന്ന ബൃഹസ്പത്യസൂത്രം ഇന്നു നഷ്ടപ്പെട്ടുപോയി. അതു നശിപ്പിക്കപ്പെട്ടതാകാനാണ് സാധ്യത എന്ന് ജവഹര്‍ലാല്‍ നെഹ്രു ഉള്‍പ്പെടെയുള്ള ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും മായിക്കാനാവാത്ത ശിലാലിഖിതങ്ങള്‍പോലെ ഭൗതികവാദം ഭാരതീയ ചിന്താസരണിയില്‍ ഒളിമങ്ങിയെങ്കിലും നിലനില്‍ക്കുന്നു.  
പ്രാചീന ഭാരതത്തിലെ ഷഡ്ദര്‍ശനങ്ങളില്‍പ്പെട്ട സാംഖ്യം, വൈശേഷികം, മീമാംസ തുടങ്ങിയവ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. അതുപോലെ ദൈവത്തിനു സ്ഥാനമില്ലാത്ത മതങ്ങളാണ് ബുദ്ധമതവും ജൈനമതവും. ശരിയായ ജീവിതം നയിക്കേണ്ടതിലാണ് ശ്രദ്ധിക്കേണ്ടതെന്നു പറഞ്ഞ ബുദ്ധന്‍ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉപദേശിച്ചു. മരണത്തേയും മരണാനന്തര ജീവിതത്തേയും കുറിച്ചുള്ള അന്തമില്ലാത്ത ആലോചനകള്‍ക്ക് അവിടെ പ്രസക്തിയില്ല. തീര്‍ത്ഥങ്കരന്മാരെ ആരാധിക്കുന്നവരാണ് ജൈനന്മാര്‍. ദൈവത്തിന്റെ സഹായം കൂടാതെ ലൗകിക ബന്ധങ്ങളില്‍നിന്നു സ്വയം വിമുക്തി നേടി പ്രവാചകസ്ഥാനത്തെത്തിയവരാണ് തീര്‍ത്ഥങ്കരന്മാര്‍. ഇത്തരത്തിലുള്ള ദര്‍ശനങ്ങളും മതങ്ങളും ഇന്ത്യയില്‍ രൂപപ്പെട്ടത് യുക്തിചിന്തയ്ക്കു ഭാരതീയ തത്ത്വശാസ്ത്രത്തിലുള്ള സ്വാധീനത്തിനു തെളിവായി പറയാവുന്നതാണ്  ഇതിലൊന്നും തന്നെ നമ്മുടെ ദൈനംദിന ജീവിതത്തിലും സ്വകാര്യതയിലും കണ്ണും നട്ടിരിക്കുന്ന ഒരു ദൈവമില്ല. തന്നെ സ്തുതിച്ച് പ്രാര്‍ത്ഥിക്കുന്നവരുടേയും  നേര്‍ച്ച നേരുന്നവരുടേയും ആഗ്രഹത്തിനനുസരിച്ച് കാര്യങ്ങള്‍ മാറ്റിക്കൊടുക്കുന്ന ഒരു ശക്തി അവിടില്ല.  

ദൈവവും വിശ്വാസവും
യുക്തിചിന്തയും

വിശ്വാസത്തില്‍ യുക്തിക്കു സ്ഥാനമില്ല എന്ന വാദം പലപ്പോഴും ഉന്നയിക്കപ്പെടാറുള്ളതാണ്. പക്ഷേ, ആ വാദത്തില്‍ ഒരു വിരോധാഭാസം നിഴലിച്ച നില്‍ക്കുന്നുണ്ട്. എല്ലാ മതവിശ്വാസങ്ങളും രൂപപ്പെട്ടത് ഒരു തരത്തില്‍ അതുണ്ടായ കാലത്തിന്റെ അറിവിന്റേയും അന്നത്തെ ബോധ്യപ്പെട്ട വസ്തുതകളുടേയും അസിസ്ഥാനത്തിലാണ്. തങ്ങള്‍ പറയുന്ന ദൈവമാണ് യഥാര്‍ത്ഥ ദൈവം എന്നതിനു ചില യുക്തികളുടെ അടിസ്ഥാനത്തിലുള്ള തെളിവുകള്‍ മിക്ക മതങ്ങളും നിരത്തുന്നുണ്ട്. ഇന്നും മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങളും ചര്‍ച്ചകളും ശ്രദ്ധിച്ചാല്‍ യുക്തിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് നടക്കാറുള്ളത്.

റിച്ചാഡ് ഡ്വാക്കിന്‍സ്
റിച്ചാഡ് ഡ്വാക്കിന്‍സ്

ഇപ്പോള്‍ ഹിന്ദുമതമാണോ ഇസ്ലാംമതമാണോ ശരിയായ മതം എന്ന ചര്‍ച്ച ഉണ്ടായാല്‍ ആ ചര്‍ച്ച നടക്കുന്നത് മതഗ്രന്ഥങ്ങളേയും ആചാരങ്ങളേയും യുക്തിപരമായി വ്യഖ്യാനിച്ചു തന്നെയാണ്. പല മതങ്ങളിലേയും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളും യുക്തിയുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ്  പലപ്പോഴും നടക്കാറുള്ളത്.

സാം ഹാരിസ്
സാം ഹാരിസ്

എങ്കിലും ഈ യുക്തി മതങ്ങള്‍ക്കകത്തും മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളിലും മാത്രമേയുള്ളു. അതേസമയം മതത്തിനു പുറത്തുനിന്നു ചോദ്യങ്ങള്‍ ഉണ്ടാവുമ്പോള്‍  മിക്കപ്പോഴും ദൈവവും വിശ്വാസവും യുക്തിചിന്തയ്ക്ക് അതീതമാണ് എന്ന വാദം എല്ലാ മതക്കാരും ഒരുപോലെ ഉയര്‍ത്താറുമുണ്ട്. 
2001-ലെ സെപ്റ്റംബര്‍ ഭീകരാക്രമണത്തിനുശേഷം പാശ്ചാത്യ നാസ്തികരുടെ ഇടയില്‍ നവ നാസ്തികര്‍ എന്ന് അറിയപ്പെടുന്ന കുറച്ചു ചിന്തകരും എഴുത്തുകാരും ഉണ്ടായി.

ഡാനിയല്‍ ഡെന്നറ്റ്
ഡാനിയല്‍ ഡെന്നറ്റ്

റിച്ചാഡ് ഡ്വാക്കിന്‍സ്, സാം ഹാരിസ്, ഡാനിയല്‍ ഡെന്നറ്റ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്, അയന്‍ ഹിര്‍സി അലി തുടങ്ങിയവരാണ് ഇതിലെ പ്രമുഖര്‍. മതവിശ്വാസം കേവലം അന്ധവിശ്വാസമാണെന്നും മറ്റേതൊരു അന്ധവിശ്വാസത്തേയുംപോലെ പരസ്യമായി വളരെ ഗൗരവത്തോടെ എതിര്‍ക്കപ്പെടേണ്ടതാണെന്നുള്ളതാണ് നവനാസ്തികരുടെ പ്രധാന വാദങ്ങളിലൊന്ന്. എന്നാല്‍, ഇതൊരു പുതിയ കാര്യമല്ലെന്നും ഈ ചിന്തയ്ക്ക് ബീജവാപം നല്‍കിയത് ബെര്‍ട്രന്‍ഡ് റസ്സല്‍ ആണെന്നു കരുതുന്നവരുമുണ്ട്. അതെന്തുതന്നെയായാലും ഇവരുടെ രചനകളും സംവാദങ്ങളും മതവിശ്വാസം വര്‍ത്തമാനകാലത്ത് ആധുനിക മാനവികമൂല്യങ്ങള്‍ക്കു  കടകവിരുദ്ധമായി നില്‍ക്കുന്നതെങ്ങനെയെന്നു യുക്തിയുക്തം വിശദീകരിക്കുന്നു. 

ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് 
ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് 

ബഹുഭൂരിപക്ഷം ആള്‍ക്കാരും തങ്ങളുടെ രക്ഷിതാക്കള്‍ അല്ലെങ്കില്‍ മുന്‍ഗാമികള്‍ തുടരുന്ന ഒരു വിശ്വാസത്തെ കണ്ണടച്ച് മുറുകെ പിടിക്കയാണല്ലോ ചെയ്യാറുള്ളത്. ഇതിനു സാമൂഹികവും പരിണാമപരവുമായ കാരണങ്ങള്‍ ഉണ്ട്. ഒരു വ്യക്തിയില്‍ അയാളുടെ മസ്തിഷ്‌ക വികാസം ആര്‍ജ്ജിക്കുന്നതിനു മുന്നേ കുട്ടിക്കാലത്തുതന്നെ വിശ്വാസത്തിന്റെ രക്തം കുത്തിവയ്ക്കുന്നു. പിന്നീട് ആയുഷ്‌കാലം മുഴുവന്‍ തന്റെ വിശ്വാസമാണ് ഏറ്റവും ഉയര്‍ന്നത് അല്ലെങ്കില്‍ ഏറ്റവും ശരിയായത് എന്ന കൊടിയ അന്ധവിശ്വാസത്തില്‍ ആ വ്യക്തി ജീവിക്കുന്നു അല്ലെങ്കില്‍ ജീവിക്കാന്‍ നിര്‍ബ്ബന്ധിതനാകുന്നു. മിക്ക മതങ്ങളുടേയും പ്രമാണ ഗ്രന്ഥങ്ങളെല്ലാം തന്നെ നൂറ്റാണ്ടുകള്‍ക്കു മുന്നേ രചിക്കപ്പെട്ടവയാണ്. ഇവിടെ പഴമ എന്നതു മതങ്ങള്‍ക്ക് ആധികാരികതയുടെ ഒരു മാനദണ്ഡമാണല്ലോ. മിക്ക മതസ്ഥാപകന്മാരും പ്രവാചകന്മാരുമൊക്കെ അതിബുദ്ധിമാന്മാരും തങ്ങളുടെ കാലത്തെ ലോകവിജ്ഞാനം മുഴുവന്‍ ആര്‍ജ്ജിച്ചവരുമായിരിക്കാം. എങ്കിലും ആ കാലഘട്ടത്തിലെ പൊതുവിജ്ഞാനം ഇന്നത്തെ സ്‌കൂള്‍ക്കുട്ടികളുടെ നിലവാരംപോലും വരില്ല എന്നത് എല്ലാവരും സൗകര്യപൂര്‍വ്വം മറക്കുന്നു. ഭൂമി ഉരുണ്ടതാണെന്നോ പരന്നതാണെന്നോ മഴയും വെയിലും എന്താണെന്നോ രോഗകാരണങ്ങളെക്കുറിച്ചോ ഒക്കെയുള്ള അവരുടെ ധാരണ ഒരു ചിരിയോടെ തള്ളിക്കളയാനേ നമുക്കിന്നു കഴിയൂ. അതു സ്വാഭാവികമാണ്. എന്തെന്നാല്‍ ഓരോ തലമുറ കഴിയുമ്പോഴും കൂടുതല്‍ കൂടുതല്‍ താളുകള്‍ മനുഷ്യവംശത്തിന്റെ വിജ്ഞാന മണ്ഡലത്തിലുണ്ടാകും. പൂര്‍വ്വതലമുറയുടെ അറിവിന്റെ തോളിലേറിയാണ് ഓരോ തലമുറയും ജീവിക്കുന്നതും അതില്‍ തങ്ങളുടെ സംഭാവനകള്‍ കൂട്ടിച്ചേര്‍ക്കുന്നതും. 

ബെര്‍ട്രന്‍ഡ് റസ്സല്‍
ബെര്‍ട്രന്‍ഡ് റസ്സല്‍

നവനാസ്തികര്‍ ചൂണ്ടിക്കാട്ടുന്ന ഒരു പ്രധാന പ്രശ്‌നം നൂറ്റാണ്ടുകള്‍ക്കു മുന്നേ രചിക്കപ്പെട്ടതും പലപ്പോഴും എഴുതിയത് ആരാണെന്നറിയാത്തതും കാലാകാലങ്ങളില്‍ കൂട്ടലും കുറക്കലുമുണ്ടായ മതഗ്രന്ഥങ്ങള്‍ക്കും വേദപുസ്തകങ്ങള്‍ക്കും വിശ്വാസി സമൂഹം നല്‍കുന്ന പരിപാവനതയാണ്. അതിലെ തെറ്റുകളെ പലവിധ ന്യായീകരണങ്ങള്‍കൊണ്ട് വെള്ളപൂശാന്‍ ശ്രമിക്കുമ്പോഴാണ് മതത്തിന്റെ പേരിലുള്ള തീവ്രവാദവും കൊലയും കൊള്ളിവെയ്പുമൊക്കെ പലര്‍ക്കും സ്വീകാര്യമാകുന്നത്; വിശുദ്ധമാകുന്നത്. ഒരു മതഭ്രാന്തനു തന്റെ വിഭ്രാന്തികളെ ദൈവ കല്പനകളായി വ്യാഖ്യാനിച്ച് അക്രമങ്ങളെ ദൈവേച്ഛ എന്നു ന്യായീകരിക്കാന്‍ കഴിയുന്ന ഭാഗങ്ങള്‍ മതപുസ്തകങ്ങളിലുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യമനസ്സിനു വെളിയില്‍ ദൈവത്തിന് അസ്തിത്വം ഇല്ലായെന്നും വേദപുസ്തകങ്ങള്‍ ഉള്‍പ്പെടെ എല്ലാ പുസ്തകങ്ങളും മനുഷ്യബുദ്ധിയില്‍ പിറന്നു മനുഷ്യരാല്‍ എഴുതപ്പെട്ടതാണെന്നും പൊതുസമൂഹം മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് ഇനിയുള്ള കാലം മത ഗ്രന്ഥങ്ങളെ സാഹിത്യമായി മാത്രം കണ്ട് കാളിദാസനേയും ഷേക്‌സ്പിയറിനേയും ഒക്കെ  വായിക്കുന്നതുപോലെ ഗീതയും ഖുര്‍ആനും ബൈബിളുമൊക്കെ വായിക്കാന്‍ കഴിയണം എന്നതാണ് നവനാസ്തിക മതം.

മതത്തിന്റെ പേരിലൊഴുകിയ ചോരപ്പുഴകള്‍ നവനാസ്തികര്‍ അക്കമിട്ട് നിരത്തുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ മിക്കതിലും സാമ്രാജ്യ മോഹത്തോടൊപ്പം മതത്തിന്റെ കയ്യൊപ്പുമുണ്ട്. മധ്യകാലത്തെ മതവെറി ആധുനിക യുഗത്തിലും അസ്തമിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഒന്നാം ലോകമഹായുദ്ധകാലത്ത് തുര്‍ക്കികള്‍ നടത്തിയ ആര്‍മീനിയന്‍ വംശഹത്യ. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലര്‍ ജൂതരെ പൈശാചികമായി കൊന്നൊടുക്കിയപ്പോള്‍ മത പൗരോഹിത്യം നിശ്ശബ്ദത പാലിച്ചു. പിന്നീട് നാസി കുറ്റവാളികള്‍ക്കു രക്ഷപ്പെടാനുള്ള സൗകര്യങ്ങള്‍ നല്‍കി. ഇന്‍ഡ്യാവിഭജനവും അതിനോടൊപ്പം നടന്ന ദുരിതവും ക്രൗര്യവും കൊണ്ട് സമാനതകളില്ലാത്ത മനുഷ്യപലായനവും ലഹളകളും മനുഷ്യരക്ഷകനായ ദൈവത്തിന്റെ പേരില്‍ക്കൂടിയായിരുന്നു. തൊണ്ണൂറുകളില്‍ നടന്ന റുവാണ്ടന്‍ കൂട്ടക്കൊലക്ക് എരിതീയില്‍ എണ്ണ ഒഴിച്ചു നിന്നത് അവിടുത്തെ മതപൗരോഹിത്യം ആയിരുന്നു. ഇന്ന് ഐസിസ് പോലുള്ള ഭീകരസംഘങ്ങള്‍ യസീദികളെപ്പോലുള്ള ദുര്‍ബ്ബല മതവിഭാഗങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ തങ്ങളുടെ വിശ്വാസം ഏറ്റവും ശരി, അതുമാത്രമാണ് ശരി എന്ന അവരുടെ ബോധത്തില്‍നിന്നു കൂടിയാണ്. പാകിസ്താനില്‍ സ്‌കൂള്‍ കുട്ടികള്‍ക്കു നേരെയുള്ള ആക്രമണത്തിനും മതനിന്ദ ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്തവരെപ്പോലും വധശിക്ഷയ്ക്കു വിധിക്കുന്നതും മതം മയക്കുമരുന്നുപോലെ മനുഷ്യചിന്തയെ മുരടിപ്പിച്ച് ഭ്രാന്താവസ്ഥയില്‍ എത്തിക്കുന്നതുകൊണ്ടാണ്. മസ്ജിദ്-മന്ദിര്‍ പ്രശ്‌നത്തിന്റെ പേരില്‍ അയല്‍ക്കാരനെ കൊല്ലാന്‍ മടിയില്ലാതെയാകുന്നതും മുകളില്‍ പറഞ്ഞതിന്റെ ബാക്കിപത്രമാണ്. മതങ്ങളെല്ലാം മരണാനാന്തര ജീവിതത്തിനുള്ള തയ്യാറെടുപ്പായാണ് ഇഹലോകവാസത്തെ കാണുന്നത്. ഇവിടെ ദൈവത്തിന് ഇഷ്ടമുള്ള കാര്യങ്ങള്‍, അതു കൊലപാതകമാണെങ്കിലും  കൃത്യമായി ചെയ്താല്‍ പിന്നെ കല്പാന്തകാലവും കഴിഞ്ഞു പാലും തേനും ഒഴുകുന്ന സ്വര്‍ഗ്ഗവാസമാണ് മതങ്ങള്‍ ഗ്യാരന്റി തരുന്നത്. അപ്പോള്‍ വിശ്വാസികള്‍ക്ക് ആ ദൈവത്തിനുവേണ്ടി മരിക്കുന്നതില്‍ ഒരു യുക്തിയുണ്ട്, ഒരു സ്വാര്‍ത്ഥമോഹമുണ്ട്.

ബാബ്‌റി മസ്ജിദ്
ബാബ്‌റി മസ്ജിദ്

മതത്തിന്റെ പേരിലുള്ള അക്രമങ്ങളുടെ തുടക്കം പലപ്പോഴും വംശീയമോ ഭാഷാപരമോ സാമ്പത്തികമായോ ഉള്ള കാര്യങ്ങള്‍ ആയിരിക്കാം. ഉദാഹരണത്തിന് ബോസ്നിയ, നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രശ്‌നങ്ങള്‍, പിന്നെ ഇന്ത്യയിലേയും മ്യാന്മാറിലേയും പല വര്‍ഗ്ഗീയ ലഹളകള്‍. എങ്കിലും മതം ഇതിലെല്ലാം മുഖ്യ കക്ഷിതന്നെയാണ്. ഒരു വിശ്വാസം ആള്‍ക്കാരെ ഒരു ചങ്ങലയില്‍ വിളക്കിച്ചേര്‍ക്കുന്ന ഒന്നാണ്. പൊട്ടിപ്പോകാത്ത ശക്തമായ കണ്ണികള്‍ ഉണ്ടാവുമ്പോഴാണല്ലോ ശക്തമായ മതങ്ങള്‍ ഉണ്ടാവുന്നത്. വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈ ചങ്ങല കൊടുക്കുന്ന സ്വത്വബോധവും അയാളുടെ സാമൂഹ്യബോധവും ഒന്നായിത്തീരുന്നു. അതോടെ ഈ ചങ്ങലയില്‍ ചേര്‍ക്കപ്പെട്ട വ്യക്തികള്‍ ചങ്ങല നിയന്ത്രിക്കുന്നവരുടെ കേവലം ചട്ടുകങ്ങള്‍ ആയി മാറുന്നു. പരിണാമത്തിലൂടെയും സാമൂഹ്യവളര്‍ച്ചയിലൂടെയും നമ്മള്‍ അടക്കിവച്ചിരിക്കുന്ന അക്രമവാസനകള്‍ വിശ്വാസത്തിന്റെ തോളിലേറി, മറനീക്കി പുറത്തു വരുന്നു. തുടര്‍ന്നു ലോകത്ത് മറ്റൊരു ജീവിയും ചെയ്യാത്ത ക്രൂരതകള്‍ മനുഷ്യന്‍ വന്യമായ മത്സര ബുദ്ധിയോടെ ചെയ്യുന്നു.

ഹാരപ്പന്‍ തീരത്തെ ആരാധനാമൂര്‍ത്തി
ഹാരപ്പന്‍ തീരത്തെ ആരാധനാമൂര്‍ത്തി


പൊതുവിലുള്ള ഒരു ധാരണ ധാര്‍മ്മികതയുടെ ഉറവിടം മതങ്ങള്‍ ആണെന്നാണ്. എന്നാല്‍, വാസ്തവത്തില്‍ മതങ്ങള്‍ മനുഷ്യരുടെ ഇടയില്‍ സ്വതവേ വികസിച്ച ധാര്‍മ്മികതയെ സ്വന്തമാക്കുകയാണ് ചെയ്തത്. സമൂഹജീവിയായ മനുഷ്യന്റെ നിലനില്‍പ്പിനു പരസ്പര വിശ്വാസവും ബഹുമാനവും സ്‌നേഹവും ഒക്കെ ഒരു പരിധിവരെ ഉണ്ടായേ പറ്റൂ. അതുപോലെ ലൈംഗിക സദാചാരവും ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള നിബന്ധനകളും ഒരു കൂട്ടമായി ജീവിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഇതിനൊന്നും വിശ്വാസവുമായി ബന്ധമില്ല. റിച്ചാഡ് ഡ്വാക്കിന്‍സ് തന്റെ സെല്‍ഫിഷ് ജീന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ ജനിതക വസ്തുവിന്റെ നിലനില്പിനുള്ള യാന്ത്രിക സംവിധാനങ്ങള്‍ ആണെന്നാണ്. പരിണാമ പ്രക്രിയയിലൂടെ അതിന് ഏറ്റവും ഉതകുന്ന രീതിയില്‍ ഓരോ ജീവിയുടേയും ജൈവശാസ്ത്രപരവും സാമൂഹ്യപരവുമായ രീതികള്‍ രൂപപ്പെടും. മനുഷ്യര്‍ക്കു മാത്രമല്ല, ഉറുമ്പുതൊട്ട് ആനവരെ കൂട്ടംകൂടി ജീവിക്കുന്ന എല്ലാ ജീവികള്‍ക്കും ആഹാരം തേടുന്നതിനും ഇണചേരുന്നതിനും അടുത്ത തലമുറയെ വളര്‍ത്തുന്നതിനും ഒക്കെ അവരുടേതായ സാമൂഹ്യ നിയമങ്ങളുണ്ട്. 

ദൈവം മൃതപ്രായമായ
സമൂഹങ്ങള്‍

അപകടത്തില്‍പ്പെട്ട ഒരു കുട്ടിയെ രക്ഷിക്കാന്‍ ചിലപ്പോള്‍ സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി ഒരു മനുഷ്യന്‍ ശ്രമിച്ചെന്നിരിക്കും. പട്ടിണി കിടക്കുന്നവനു സ്വന്തം ആഹാരം പകുത്തു നല്‍കും. ഇത് ഏതു മതത്തില്‍പ്പെട്ട ആളായാലും ഇനി മതമില്ലാത്ത മനുഷ്യനായാലും ചെയ്യും. അതാണ് മനുഷ്യത്വം. അതു മനുഷ്യവര്‍ഗ്ഗത്തെ നിലനില്‍ക്കാന്‍ സഹായിക്കുന്ന ഒരു കാര്യമാണ്. അതു നമ്മുടെ ജനിതകത്തിലുള്ളതാണ്. മതമായിട്ട് തന്നതല്ല. പല മതങ്ങളും അത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നെങ്കിലും അതു സ്വന്തം മതത്തില്‍പ്പെട്ടവരെ സഹായിക്കണം എന്ന തരത്തിലാണ്. അതുപോലെ മനുഷ്യന്‍ അക്രമം കാണിക്കാത്തത് ദൈവഭയത്താലല്ല നിയമ വ്യവസ്ഥയെ പേടിയുണ്ടായിട്ടാണ്. ഇത്രയും ദൈവവിശ്വാസികളുള്ള ഇന്ത്യയിലൊ പാകിസ്താനിലോ അക്രമത്തിനോ കവര്‍ച്ചയ്‌ക്കോ പ്രത്യേകിച്ച് യാതൊരു കുറവുമില്ലല്ലോ. എന്നാല്‍, ദൈവവിശ്വാസികള്‍ തുലോം കുറഞ്ഞ നോര്‍വെയില്‍ ജയിലുകള്‍ ഒഴിഞ്ഞുകിടക്കുന്നു. വിശ്വാസം ഔദ്യോഗികമായി നിരോധിക്കപ്പെട്ടിരുന്ന റഷ്യ ഉള്‍പ്പെടെയുള്ള പഴയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലോ കിം എന്ന മനുഷ്യദൈവം മാത്രമുള്ള ഉത്തര കൊറിയയിലോ ധാര്‍മ്മികതയ്ക്കു പ്രത്യേകിച്ച് എന്തെങ്കിലും കുറവുണ്ടായതായി ആരും നിരീക്ഷിച്ചിട്ടില്ല. മതനിയമങ്ങള്‍ വള്ളിപുള്ളി വിടാതെ പിന്തുടരുന്ന സൗദി അറേബ്യയിലോ ബൈബിള്‍ ബെല്‍റ്റ് എന്നറിയപ്പെടുന്ന അമേരിക്കയിലെ തെക്കന്‍ സംസ്ഥാനങ്ങളിലോ ധര്‍മ്മിഷ്ഠന്മാരുടെ എണ്ണം കൂടിയിട്ടുമില്ല. ഇതുകൊണ്ടൊക്കെത്തന്നെ മതം വേറെ ധാര്‍മ്മികത വേറെ എന്നതാണ് നവനാസ്തികമതം.

സഹോദരന്‍ അയ്യപ്പന്‍
സഹോദരന്‍ അയ്യപ്പന്‍

മതങ്ങള്‍ മനുഷ്യരോട് കാണിക്കുന്ന പ്രധാന അക്രമങ്ങളിലൊന്ന്  അതിലെ പ്രകടമായ സ്ത്രീ വിരുദ്ധതയാണ്. കാരണം എല്ലാ മതങ്ങളും അടിസ്ഥാനപരമായി പുരുഷന്മാരുടേതാണ്. അതു പുരുഷന്മാര്‍ക്കുവേണ്ടി പുരുഷന്മാരാല്‍ സൃഷ്ടിക്കപ്പെട്ടതാണ്. മതാധിപത്യം ആത്യന്തികമായി പുരുഷാധിപത്യമാണ്. മിക്ക മതസംഹിതകളുടേയും ഒരു പ്രധാന ഭാഗം സ്ത്രീകളെ ചങ്ങലക്കിടുന്നതിനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയുള്ളതാണ്. വിശ്വാസത്തിന്റെ നീര്‍ക്കയത്തില്‍ അകപ്പെട്ടു പോയ സമൂഹത്തിനു മതങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന, സ്ത്രീകളുടെ രണ്ടാംകിട പൗരത്വത്തില്‍ അസ്വാഭാവികമായി യാതൊന്നും തോന്നുന്നില്ല. സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം ആധുനിക മാനവിക മൂല്യങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമ വ്യവസ്ഥകളും നല്‍കിയതാണ്. ഇതു സ്ത്രീകളുടെ ഇടയിലുള്ള ബഹുഭൂരിപക്ഷം വിശ്വാസികളും സൗകര്യപൂര്‍വ്വം മറക്കുന്ന വസ്തുതയാണ്. 

എംസി ജോസഫ്
എംസി ജോസഫ്


ഇന്ത്യപോലുള്ള ഒരു രാജ്യത്ത് നവനാസ്തിക ചിന്തയുടെ പ്രസക്തി എന്താണ്. നേരത്തെ പറഞ്ഞപോലെ യുക്തിവിചാരവും ഭൗതികവാദവും ജന്മമെടുത്ത നാടുകളിലൊന്നാണ് ഇന്ത്യ. ഭാരതീയചിന്തയുടെ ഭാഗം തന്നെയാണത്. പുതിയ അറിവുകളുടെ അടിസ്ഥാനത്തില്‍ യുക്തിവാദത്തിന്റെ പ്രസക്തി പൊതുസമൂഹത്തിനു മുന്നില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇവിടെ മനസ്സിലാക്കേണ്ട വസ്തുത നമ്മുടെ സമൂഹം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയാണ്. അതിനുള്ള കാരണം അന്തിയുറങ്ങാനുള്ള മേല്‍ക്കൂരയാകാം, ഒരു നേരത്തെ ആഹാരമാകാം, അസുഖങ്ങളാകാം, ഇനി കുട്ടികളുടെ അല്ലെങ്കില്‍ കൊച്ചുമക്കളുടെ ഭാവി ആകാം. അവിടെ പലര്‍ക്കും കാണാമറയത്തുനിന്നു തങ്ങളെ നോക്കിയിരിക്കുന്ന വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഒരു രക്ഷകനുണ്ടെന്നുള്ള വിശ്വാസം തുണ ആകുന്നുണ്ടായിരിക്കാം. ഇത്തരത്തിലുള്ള ഒരു രക്ഷകന്‍ ഒരു ശരാശരി ജര്‍മന്‍കാരനോ നോര്‍വേക്കാരനോ ഡെന്മാര്‍ക്കുകാരനോ ആവശ്യമില്ലാത്തതുകൊണ്ടാണ് അവിടെ ആരാധനാലയങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നത്. ക്ഷേമരാഷ്ട്ര വ്യവസ്ഥിതി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ കിടന്നുറങ്ങാന്‍ മേല്‍ക്കൂരയ്ക്കും രോഗചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും തുണയായി സ്റ്റേറ്റ് ഉണ്ട്. സ്വാഭാവികമായും അത്തരം സമൂഹങ്ങളില്‍ ദൈവത്തിന്റെ ശക്തി ശോഷിക്കും. എന്നാല്‍, ഇന്ത്യയിലെ സ്ഥിതി അതില്‍നിന്നും വ്യത്യസ്തമാണ്. പ്രായോഗിക തലത്തില്‍ മതങ്ങള്‍ ആശ്വാസമാകുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ ഇന്ത്യ ഉള്‍പ്പടെയുള്ള അവികസിത രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഈ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട്കൂടി വേണം നാസ്തികവാദം ചര്‍ച്ച ചെയ്യേണ്ടത്. 

വിശ്വാസത്തിന്റെ പേരില്‍ അക്രമങ്ങളും ലഹളകളും നടക്കുന്ന രാജ്യങ്ങളിലൊന്നാണല്ലോ ഇന്ത്യ. എന്നാല്‍, മതചിന്ത അപ്രസക്തമായ സമൂഹങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ സമാധാനമുള്ളത്. അത്തരം രാജ്യങ്ങളിലാണ് എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശം ഉള്ളത്; സ്ത്രീ പുരുഷ സമത്വമുള്ളത്. ഇങ്ങനെയുള്ള പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കൊക്കെയാണല്ലോ ഇന്ന് ഏറ്റവും കൂടുതല്‍ കുടിയേറ്റങ്ങളും അഭയാര്‍ത്ഥി പ്രവാഹങ്ങളും നടക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന, വര്‍ഗ്ഗീയ ലഹളകള്‍ വിരളമായ സ്ഥലങ്ങളാണല്ലോ കേരളവും തമിഴ്നാടും. നാസ്തികത കഴിഞ്ഞ നൂറ്റാണ്ടില്‍ വലിയ തോതില്‍ വേരോടിയ സ്ഥലങ്ങളാണ് കേരളവും തമിഴ്നാടും. പോയ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ത്തന്നെ സഹോദരന്‍ അയ്യപ്പന്റേയും എം.കെ. ജോസഫിന്റേയും കുറ്റിപ്പുഴ കൃഷ്ണപിള്ളയുടേയും നേതൃത്വത്തില്‍ ശക്തമായ അടിത്തറ യുക്തിവാദത്തിന് കേരളമണ്ണില്‍ ഉണ്ടായി. 

അന്നു ദേശീയതലത്തിലും ജവഹര്‍ലാല്‍ നെഹ്രുവും മുഹമ്മദലി ജിന്നയും വീര്‍ സര്‍വക്കറുമൊക്കെപ്പോലെ നാസ്തികരായ നേതാക്കള്‍ ഉണ്ടായിരുന്നു. 1951-ല്‍ ശബരിമല ക്ഷേത്രം കത്തിയപ്പോള്‍ ഒരു ആരാധനാലയം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന് സി. കേശവന്‍ പറഞ്ഞത് അദ്ദേഹം കോണ്‍ഗ്രസ്സിന്റെ തിരുകൊച്ചി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്., മറ്റൊരു തിരുകൊച്ചി മുഖ്യമന്ത്രി ആയിരുന്ന പനമ്പിളി ഗോവിന്ദമേനോന്‍ ആയിരുന്നു കേരളം യുക്തിവാദസംഘത്തിന്റെ ആദ്യ ട്രഷറര്‍. നവോത്ഥാന പ്രസ്ഥാനങ്ങളെല്ലാം തന്നെ വിശ്വാസങ്ങളേയും ആചാരങ്ങളേയും  ചോദ്യം ചെയ്തവ ആയിരുന്നു. വി.ടി. ഭട്ടതിരിപ്പാട് പറഞ്ഞത് ആരാധനാലയങ്ങളില്‍ അനാചാരങ്ങളാണ് നടക്കുന്നതെങ്കില്‍ അതിനു തീ കൊളുത്തുക തന്നെ വേണം എന്നാണ്. പെരിയാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ദ്രാവിഡ പ്രസ്ഥാനം മതവിശ്വാസത്തിനും ദൈവാരാധനയ്ക്കുമെതിരെ ശക്തമായ നിലപാടുകളാണ് എടുത്തത്. എന്നാലിന്നു മതവിശ്വാസത്തിന്റെ മേലങ്കിയണിഞ്ഞ അതിന്റെ രൂപകങ്ങളെ അലങ്കാരമായി കൊണ്ടുനടക്കുന്നവര്‍ക്കാണ് ജനവിശ്വാസം ആര്‍ജ്ജിച്ച് നേതാക്കളായി ഉയരാന്‍ കഴിയുന്നത്. ഇതു സമൂഹത്തില്‍ ശാസ്ത്രബോധത്തിന്റെ ഗ്രാഫ് നേരെ കീഴോട്ട് പോകുന്നതിന്റെ ലക്ഷണമാണ് കാണിക്കുന്നത്. സാധാരണക്കാരുടെ ഇടയില്‍ മാത്രമല്ല, ശാസ്ത്രജ്ഞാനം ഉള്ളവരുടെ ഇടയിലും ശാസ്ത്രബോധം കുറവാണ് എന്നു കാണിക്കുന്ന സംഭവങ്ങള്‍ ഇന്ത്യയില്‍ ഇടവില്ലാതെ നടക്കുന്നുണ്ട്.  

ഇന്നു മതങ്ങളെ ഏകശിലാത്മകമായ രീതിയില്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അങ്ങനെ സംഘടിത മതസാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്ന തലമുറ തങ്ങളുടെ വിശ്വാസങ്ങള്‍ക്കു വലിയ പ്രാധാന്യം നല്‍കുകയും അതു സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യും. അവര്‍ വിശ്വാസങ്ങളിലുള്ള ബാഹ്യ ഇടപെടലുകളേയും വിമര്‍ശനാത്മക സംവാദങ്ങളേയും ശക്തമായി പ്രതിരോധിക്കും. അവിടെ മതവും രാഷ്ട്രീയവും വളരെ എളുപ്പം കൂടിക്കലരും. അങ്ങനെ ഒരു സാഹചര്യത്തില്‍ ആള്‍ബലവും തിണ്ണമിടുക്കും കൂടുതല്‍ ഉള്ള വിശ്വാസരീതികളോട് മറ്റുള്ളവര്‍ സമരസപ്പെടുകയോ അല്ലെങ്കില്‍ നിരന്തര സംഘര്‍ഷങ്ങള്‍ നേരിടേണ്ടിവരുകയോ ചെയ്യും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരവസ്ഥ  ഇനിയും വളര്‍ച്ച ആര്‍ജ്ജിക്കേണ്ട നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ  മുരടിപ്പിക്കാനുള്ള സാധ്യത ഏറെയാണ്.

ജവഹര്‍ലാല്‍ നെഹ്‌റു
ജവഹര്‍ലാല്‍ നെഹ്‌റു

ദൈവം ചിരഞ്ജീവി അല്ലെന്നും ദൈവം മൃതപ്രായമായ സമൂഹങ്ങള്‍ ഈ ലോകത്തുണ്ടെന്നും പൊതുസമൂഹം അറിയേണ്ടിയിരിക്കുന്നു. അതോടൊപ്പം യുക്തിവാദം മറ്റു മതങ്ങളെപ്പോലെ ഒരു മതമല്ലെന്നും ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്നതു മറ്റൊരു വിശ്വാസമല്ല മറിച്ച്, ദൈവം ഉണ്ടെന്നുള്ളതിനു വ്യക്ത്യാധിഷ്ഠിതമായ തോന്നലുകള്‍ക്കപ്പുറം തെളിവില്ലാത്തതിനാലുള്ള ബോധ്യമാണ്  എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു . മാത്രമല്ല, തെളിവുണ്ടെന്നു ബോധ്യപ്പെട്ടാല്‍ ആ നിമിഷം യുക്തിവാദി ദൈവവിശ്വാസി ആകും എന്നുകൂടി ഇതിനോടൊപ്പം കൂട്ടിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. എങ്കിലും ഒരു വ്യക്തിക്ക് ഏതെങ്കിലും മതത്തിലോ ദൈവത്തിലോ വിശ്വസിക്കാന്‍ ഒരു പരിഷ്‌കൃത സമൂഹത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്.

മുഹമ്മദലി ജിന്ന
മുഹമ്മദലി ജിന്ന

പക്ഷേ, അതു തികച്ചും സ്വകാര്യമായി കൊണ്ടുപോകേണ്ടിയിരിക്കുന്നു. മാത്രമല്ല, മതവിശ്വാസത്തെ അക്കാഡമിക് ആയി സമീപിക്കാനുള്ള സാഹചര്യം സമൂഹത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരു പ്രത്യേക വിശ്വാസം പിന്തുടരുന്ന കുടുംബത്തില്‍ ജനിച്ചതുകൊണ്ട് മാത്രം ഒരു വ്യക്തി ആ വിശ്വാസം ജീവിതകാലം മുഴുവന്‍ ചുമക്കേണ്ട അവസ്ഥ ഒരു തരത്തില്‍ ബൗദ്ധിക അടിമത്തമാണ്. ഒരു വ്യക്തിക്ക് മറ്റു മതങ്ങളെ അറിയാനുള്ള അവസരവും ഉണ്ടാകേണ്ടിയിരിക്കുന്നു. അതോടൊപ്പം യുക്തിവാദം എന്താണെന്ന് അറിയാനുള്ള അവസരവും ഉണ്ടാകണം. 

റോബര്‍ട്ട് എം. പ്രിസിഗ് തന്റെ പ്രശസ്തമായ Zen and the art of motor cycle maintenance എന്ന നോവലില്‍ പറയുന്നുണ്ട്  ഒരു വ്യക്തിക്ക് ഒരു വിഭ്രമം തോന്നുമ്പോള്‍ അതിനെ  ഭ്രാന്തെന്നും ഒരു സമൂഹം മൊത്തത്തില്‍ വിഭ്രാന്തിയില്‍ അകപ്പെടുമ്പോള്‍ അതിനെ മതമെന്നും വിളിക്കാമെന്ന്. സമൂഹത്തെ വിഭ്രാന്തിയില്‍നിന്നു മോചിപ്പിക്കാന്‍, അറിഞ്ഞ സത്യങ്ങള്‍, ആരെയും ബോധ്യപ്പെടുത്താവുന്ന സത്യങ്ങള്‍ തുറന്ന് പറയുകയാണ് നവനാസ്തികര്‍ ചെയ്യുന്നത്. മതവിഭ്രാന്തിയെ മൊത്തത്തില്‍ ചകിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെങ്കിലും രോഗലക്ഷണങ്ങളുടെ തീവ്രത കുറക്കാന്‍ ഉതകുന്ന മരുന്നാണ് നവനാസ്തികത. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com