സ്വര്‍ണച്ചങ്ങലയില്‍ കുരുങ്ങിയ കശ്മീര്‍ ജനത

കശ്മീരി മുസ്ലിങ്ങള്‍ നേരിടുന്ന കൊടിയ പീഡനങ്ങളുടെ കഥകളായിരുന്നു ഇക്ബാലും വിളിച്ചുപറഞ്ഞിരുന്നത്.
ഷേയ്ക് മുഹമ്മദ് അബ്ദുള്ള കശ്മീര്‍ മുഖ്യമന്ത്രിയായിരിക്കേ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനും മറ്റ് നേതാക്കള്‍ക്കുമൊപ്പം
ഷേയ്ക് മുഹമ്മദ് അബ്ദുള്ള കശ്മീര്‍ മുഖ്യമന്ത്രിയായിരിക്കേ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനും മറ്റ് നേതാക്കള്‍ക്കുമൊപ്പം


1940-കളുടെ തുടക്കത്തില്‍ ഷേക് മുഹമ്മദ് അബ്ദുള്ള ശ്രീനഗറിനെ ഇളക്കിമറിക്കുന്ന ഒരു മുസ്ലിം മതപ്രഭാഷകനായിരുന്നു. ദോഗ്രാ മഹാരാജാവിനും ബ്രിട്ടീഷ് ഉപദേശകര്‍ക്കുമെതിരെ 'ക്വിറ്റ് കശ്മീര്‍' മുദ്രാവാക്യവുമായി കശ്മീരി മുസ്ലിങ്ങളെ തെരുവിലിറക്കിക്കൊണ്ട് അബ്ദുള്ള ഒരു രാഷ്ട്രീയ പ്രക്ഷോഭക നേതാവായി ഉയര്‍ന്നുവന്നതിനു പിന്നില്‍ അതികഠിനമായ ജീവിതസാഹചര്യങ്ങളുണ്ടായിരുന്നു. 1905-ല്‍ ശ്രീനഗറിലെ ഒരു നെയ്ത്തുകുടുംബത്തില്‍ ദാരിദ്ര്യത്തിനുള്ളില്‍ അബ്ദുള്ള ജനിക്കുമ്പോള്‍ പിതാവ് മരണമടഞ്ഞിരുന്നു. പിതാവിന്റെ മൂന്നാം ഭാര്യയായിരുന്നു മാതാവ്. മുതിര്‍ന്ന രണ്ട് സഹോദരന്മാര്‍ക്കൊപ്പം പട്ടിണിയോട് പടവെട്ടിക്കൊണ്ടാണ് മുസ്ലിങ്ങള്‍ക്ക് അപ്രാപ്യമായിരുന്ന വിദ്യാഭ്യാസത്തിന്റെ പടവുകള്‍ കയറിയത്. ഖുറാന്‍ മനോഹരമായി ചൊല്ലാനുള്ള ദൈവാനുഗ്രഹം കിട്ടിയിരുന്ന അബ്ദുള്ള ശ്രീനഗറിലെ ഇടുങ്ങിയ തെരുവുകളില്‍നിന്നു പുറത്തേക്കു ചാടിയത് ലാഹോറിലെ കോളേജ് വിദ്യാഭ്യാസത്തിനായിരുന്നു. പിന്നീട് അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റിയില്‍ കെമിസ്ട്രി പി.ജി. കോഴ്സിനു ചേരുമ്പോള്‍ മുഹമ്മദ് ഇക്ബാലിന്റെ കവിതകളും പ്രഭാഷണങ്ങളും കാമ്പസ്സില്‍ നിറഞ്ഞുതുളുമ്പുകയായിരുന്നു.

കശ്മീരി മുസ്ലിങ്ങള്‍ നേരിടുന്ന കൊടിയ പീഡനങ്ങളുടെ കഥകളായിരുന്നു ഇക്ബാലും വിളിച്ചുപറഞ്ഞിരുന്നത്. കെമിസ്ട്രി പി.ജി. ഡിഗ്രിയുമായി കശ്മീരില്‍ മടങ്ങിയെത്തിയ അബ്ദുള്ളയ്ക്ക് പക്ഷേ, സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗങ്ങളൊന്നും ലഭിച്ചില്ല. എല്ലാ ഉയര്‍ന്ന ഉദ്യോഗങ്ങളും പണ്ഡിറ്റുകള്‍ക്കും മറ്റു ഹിന്ദുവിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്യപ്പെട്ടിരുന്നു. ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളെ പൂര്‍ണ്ണമായി അവഗണിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ ഏറ്റവും താണ പദവികളിലെ വിദ്യാഭ്യാസമുള്ള മുസ്ലിങ്ങള്‍ക്കുവരെ പ്രവേശിക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളു. അങ്ങനെയാണ് അബ്ദുള്ള വെറുമൊരു സ്‌കൂള്‍ മാഷായി ഒതുങ്ങേണ്ടിവന്നത്. പക്ഷേ, അബ്ദുള്ള അടങ്ങിയിരുന്നില്ല. ധാരാളം വായിച്ചു. നീണ്ട താടിവെച്ച് സുമുഖനായ അബ്ദുള്ള 'മാസ്റ്റര്‍ അബ്ദുള്ള'യായി ശ്രീനഗറിലെ ജാമിയാ മസ്ജിദിന്റെ പ്ലാറ്റ് ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ ഒരു പുതിയ കശ്മീര്‍ സിംഹം അവതരിക്കുകയായി. മതപ്രഭാഷണങ്ങളിലൂടെ അബ്ദുള്ള തന്റെ ജനതയില്‍ രാഷ്ട്രീയം കുത്തിവച്ച് ഇളക്കിമറിച്ചു. ഹിന്ദു നാട്ടുരാജ്യത്തിലെ മുസ്ലിം വിരുദ്ധതയെ നിശിതമായി ചോദ്യം ചെയ്തു. 1931 ജൂലൈ 13-ന് ദോഗ്രാ പട്ടാളത്തിന്റെ വെടിയേറ്റ് 13 പേര്‍ മരിക്കാനിടയായ പഴയ സംഭവത്തെ കശ്മീരിലെ അമൃതസര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടും 'ഇസ്ലാം അപകടത്തില്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടും ഷേക് അബ്ദുള്ള കത്തിക്കയറിയപ്പോള്‍ ദോഗ്രാ ഭരണകൂടം ആടിയുലഞ്ഞുതുടങ്ങി. കശ്മീരിലെ വിവിധ മുസ്ലിം വിഭാഗങ്ങളെ മുസ്ലിം നാഷണല്‍ കോണ്‍ഫറന്‍സിന്റെ കൊടിക്കീഴില്‍ അണിനിരത്തിക്കൊണ്ട് ഭരണകൂടത്തെ വെല്ലുവിളിച്ചു. അബ്ദുള്ളയുടെ മുസ്ലിം നാഷണല്‍ കോണ്‍ഫറന്‍സ് ശക്തിയാര്‍ജ്ജിക്കുന്നതു കണ്ട മുഹമ്മദലി ജിന്ന ഇതുതന്നെ അവസരമെന്നു കണ്ട് അദ്ദേഹത്തോട് അടുക്കാന്‍ ശ്രമമായി. 1935-ല്‍ രണ്ടുപേരും ഒന്നിച്ചുകൂടി, പക്ഷേ, ജിന്നയുടെ മുസ്ലിം യാഥാസ്ഥിതികത്വത്തോടും ഒരു മതപ്രഭാഷകനായിട്ടും അബ്ദുള്ള യോജിച്ചില്ല. ജിന്നയും അബ്ദുള്ളയും തമ്മിലുള്ള രസക്കേട് ഇന്ത്യാചരിത്രത്തിലെ രസകരമായ  ഒരു വൈരുദ്ധ്യമാണ്.

ഷേക് അബ്ദുള്ള, നെഹ്‌റു (1940കളിലെ ചിത്രം)
ഷേക് അബ്ദുള്ള, നെഹ്‌റു (1940കളിലെ ചിത്രം)

രണ്ടുപേരും മതത്തെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിച്ചവരാണ്. പക്ഷേ ജിന്ന എന്ന മുസ്ലിമിനെ അംഗീകരിക്കാന്‍ അബ്ദുള്ള എന്ന മുസ്ലിം തയ്യാറായില്ല. ജിന്ന മതവിശ്വാസിയേ ആയിരുന്നില്ല. പള്ളിയില്‍ പോകാത്ത 'മുസ്ലിം' ആയിരുന്നു ജിന്ന. 'a muslim who rarely visited a mosque, a muslim who drank wine, a muslim who ate pork...' എന്നൊക്കെയാണ് ചരിത്രകാരന്മാര്‍ മുസ്ലിം രാഷ്ട്രത്തിന്റെ പിതാവായ ജിന്നയെ വിശേഷിപ്പിച്ചിട്ടുള്ളത്, ജിന്നയുടെ പരസ്ത്രീ ബന്ധങ്ങളുടെ കഥകള്‍ വേറെയും. ഒരു മുസ്ലിം മതപ്രഭാഷകനായിട്ടും സോവിയറ്റ് കമ്യൂണിസത്തിന്റെ പ്രതാപങ്ങള്‍ അബ്ദുള്ളയെ സ്വാധീനിച്ചിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. പുരോഗമനപരമായ ഒരു സോഷ്യലിസ്റ്റ് മുസ്ലിം രാഷ്ട്രം എന്ന ആശയം അബ്ദുള്ളയുടെ മനസ്സിലുണ്ടായിരുന്നത്രേ. സ്റ്റാലിന്റെ പ്രതാപകാലത്ത് കശ്മീരിലെ സ്റ്റാലിനാകാനുള്ള മോഹം അബ്ദുള്ളയുടെ മനസ്സില്‍ ഉടലെടുത്തു. കശ്മീരിലെ മുസ്ലിങ്ങളുടെ പ്രത്യേകമായ സാംസ്‌കാരിക സങ്കലനത്തെക്കുറിച്ച്  അബ്ദുള്ള ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു, 'കശ്മീരിയാത്ത്' എന്നത് ഇന്ത്യയിലെ ഇതര മുസ്ലിം സംസ്‌കാരങ്ങളുമായോ ഇന്ത്യക്ക് പുറത്തുള്ള മുസ്ലിം സംസ്‌കാരങ്ങളുമായോ യോജിച്ചുപോകുന്നതല്ലെന്ന് വ്യക്തമായി അബ്ദുള്ള പ്രഖ്യാപിച്ചു. ജിന്നയെ പൂര്‍ണ്ണമായി നിരാകരിക്കേണ്ടത് തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് അനിവാര്യമാണെന്ന് അബ്ദുള്ള തിരിച്ചറിഞ്ഞിരുന്നു.

നാല്പതുകളില്‍ കശ്മീര്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ വലിയ താവളമായിരുന്നു. ഈ കമ്യൂണിസ്റ്റ് സ്വാധീനം നാഷണല്‍ കോണ്‍ഫറന്‍സിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ പ്രകടമായിരുന്നു. 1944-ല്‍ നാഷണല്‍ കോണ്‍ഫറന്‍സ് പുറത്തിറക്കിയ റാഡിക്കല്‍ മാനിഫെസ്റ്റോയുടെ കവര്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും, കടും ചുവപ്പ് പശ്ചാത്തലത്തില്‍ കൈകള്‍ ചുരുട്ടി അന്തരീക്ഷത്തിലേക്ക് എറിയുന്ന സ്ത്രീയുടെ ചിത്രം കമ്യൂണിസ്റ്റ് സ്വാധീനം വിളിച്ചറിയിക്കുന്നതാണ്. പില്‍ക്കാലത്ത് അധികാരത്തില്‍ വരുമ്പോള്‍ ഭൂപരിഷ്‌കരണം നടപ്പാക്കുന്നതിലും സ്ത്രീ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അബ്ദുള്ള പ്രാമുഖ്യം നല്‍കുകയും ചെയ്തു. സ്വന്തം ദേശീയതകള്‍ ബലികഴിക്കാതെ വിഭിന്ന ജനതകള്‍ക്ക് ഒത്തുകൂടി ഒരു രാഷ്ട്രസംവിധാനം സൃഷ്ടിക്കാനാവുമെന്ന സോവിയറ്റ് മോഡല്‍ നാഷണല്‍ കോണ്‍ഫറന്‍സ് അംഗീകരിച്ചിരുന്നു. ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തിനും കോണ്‍ഗ്രസ്സിന്റെ ഏകരാഷ്ട്ര സിദ്ധാന്തത്തിനും ഫലപ്രദമായൊരു ബദല്‍ എന്നായിരുന്നു അബ്ദുള്ളയുടെ സോവിയറ്റ് മോഡല്‍ ദേശീയത.

കശ്മീരിലെ
പുതിയ താരോദയം

1946-ല്‍ ശ്രീനഗറില്‍ ദോഗ്രാ രാജകുടുംബത്തിനും അവരുടെ ബ്രിട്ടീഷ് ഉപദേശകര്‍ക്കുമെതിരെ 'ക്വിറ്റ് കശ്മീര്‍' മുദ്രാവാക്യവുമായി തെരുവിലിറങ്ങുമ്പോള്‍ അബ്ദുള്ളയ്ക്ക് പ്രായം നാല്‍പ്പത്. കശ്മീരിന്റെ ഭാഗധേയം ഞങ്ങള്‍ കശ്മീരികള്‍ നിര്‍ണ്ണയിക്കുമെന്ന് അബ്ദുള്ള പ്രഖ്യാപിച്ചു. എല്ലാ ഏകാധിപതികളും ചെയ്യുംപോലെ മഹാരാജാവ് അബ്ദുള്ളയേയും കൂട്ടരേയും ജയിലിലടച്ചു. ഡല്‍ഹിയില്‍ തനിക്കൊരു ശക്തനായ സുഹൃത്തുണ്ടെന്നും തന്റെ രക്ഷയ്ക്ക് അദ്ദേഹം എത്തുമെന്നും അബ്ദുള്ളയ്ക്ക് അറിയാമായിരുന്നു. ബ്രിട്ടീഷുകാരോടും ജിന്നയോടും ഇന്ത്യാ വിഭജന ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ശ്രീനഗറിലേക്ക് പാഞ്ഞെത്തി. ദോഗ്രാ പട്ടാളം നെഹ്‌റുവിനെ നീക്കം ചെയ്തു. പില്‍ക്കാല ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത നാടകത്തിനു തുടക്കമായി. എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയില്‍ ലയിച്ചിട്ടും കശ്മീരിലെ ഹിന്ദുരാജകുടുംബം ആടിക്കളിച്ചു. ഇന്ത്യയോ പാകിസ്താനോ അതോ സ്വതന്ത്ര രാഷ്ട്രമോ? അബ്ദുള്ള നെഹ്‌റുവിന്റെ വാഗ്ദാനം അംഗീകരിച്ച് ഒരു മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു. കശ്മീരില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ തങ്ങള്‍ക്ക് സ്വയം നിര്‍ണ്ണയാവകാശം ലഭിക്കുമെന്നായിരുന്നു വിശ്വാസം. എന്നാല്‍, വിഭജനം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോള്‍ പടിഞ്ഞാറന്‍ പാകിസ്താനില്‍നിന്ന് എണ്ണായിരത്തോളം ഗോത്രവര്‍ഗ്ഗക്കാര്‍ കശ്മീരിലേക്ക് ഇരച്ചുകയറി, ജിന്നയ്ക്കുവേണ്ടി കശ്മീര്‍ പിടിച്ചെടുക്കുക എന്നതായിരുന്നു ലക്ഷ്യം. അൂബ്ദുള്ളയ്ക്കും മഹാരാജാവിനും അപ്പോഴാണ് മനസ്സിലായത്, ഇന്ത്യയുടെ സഹായമില്ലാതെ തങ്ങള്‍ക്കു പിടിച്ചുനില്‍ക്കാനാവില്ല. അബ്ദുള്ള പ്രധാനമന്ത്രിയായ നെഹ്‌റുവിന് ഒരു കുറിപ്പ് അയച്ചു, 'If I am able to carry on, it is simply because of you.' ഇന്ത്യന്‍ സേന കശ്മീരില്‍ പ്രവേശിച്ച അക്രമികളെ തുരത്തി, പക്ഷേ, ഏതാണ്ട് പകുതിയോളം വരുന്ന വടക്കന്‍ ഭാഗങ്ങള്‍ പാകിസ്താന്റെ നിയന്ത്രണത്തിലായി. ഇതുകഴിഞ്ഞ് നെഹ്‌റുവും അബ്ദുള്ളയും ആലിംഗനംചെയ്തു നില്‍ക്കുന്ന ഒരു ഫോട്ടോ പത്രങ്ങളില്‍ വന്നിരുന്നു.

രാജാജിയോടൊപ്പം ഷേക് അബ്ദുള്ള
രാജാജിയോടൊപ്പം ഷേക് അബ്ദുള്ള

രണ്ടുപേരുടെ കണ്ണുകളിലും ഗൂഢമായ ചിരി വിടര്‍ന്നു കിടന്നിരുന്നു. തന്റെ പിന്നിലുള്ള മുസ്ലിം ജനതയ്ക്ക് സ്വയം നിര്‍ണ്ണയ അവകാശത്തിനുള്ള വഴി ആയിരുന്നു അബ്ദുള്ള ആഗ്രഹിച്ചത്. നെഹ്‌റുവിനാകട്ടെ, തന്റെ കുടുംബത്തിന് കശ്മീരുമായുള്ള പരമ്പരാഗതമായ വൈകാരിക ബന്ധം ഊട്ടി ഉറപ്പിക്കാനാകും എന്നതിനപ്പുറം ഒരു മുസ്ലിം ഭൂരിപക്ഷ സ്റ്റേറ്റിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുക വഴി തന്റെ മതേതര പ്രതിച്ഛായയെ വിളക്കിനിറുത്താനാവുമെന്ന വിചാരവുമായിരുന്നു. രണ്ടുപേരും രഹസ്യമായി മനസ്സില്‍ ആഹ്ലാദിച്ചിരുന്നു. കശ്മീര്‍ താഴ്വരകളുടെ മോഹിപ്പിക്കുന്ന മനോജ്ഞതകളില്‍ ഉടക്കിക്കിടന്ന ഒരു കാല്പനികത നെഹ്‌റുവിന്റെ എഴുത്തില്‍ എക്കാലത്തും നിറഞ്ഞുനിന്നിരുന്നു. പക്ഷേ, ഈ നാടകത്തിന്റെ തുടര്‍ന്നുള്ള രംഗങ്ങളില്‍ നാം കണ്ടത് വിശ്വാസവഞ്ചനകളുടേയും ചതികളുടേയും ഒറ്റുകൊടുക്കലുകളുടേയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും അവസാനം മതഭീകരതകളുടേയും അഴിഞ്ഞാട്ടങ്ങളായിരുന്നു. നെഹ്‌റു തോറ്റു, അബ്ദുള്ള വിജയിച്ചതുമില്ല. ഇന്ത്യന്‍ യൂണിയനില്‍ എണ്‍പതു ശതമാനം വരുന്ന മഹാഭൂരിപക്ഷം ഹൈന്ദവ ജനതയ്ക്ക് ഇല്ലാതിരുന്ന പ്രത്യേക അവകാശങ്ങളുമായി ഭരണഘടനയില്‍ 370-ാം വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നതിനെ ഡോ. രാജേന്ദ്ര പ്രസാദും ഡോ. അംബേദ്ക്കറും എതിര്‍ത്തിട്ടും ഗോപാലസ്വാമി അയ്യങ്കാരിലൂടെ നെഹ്‌റു അബ്ദുള്ളയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. നെഹ്‌റുവുമായി ഊഷ്മളമായൊരു ബന്ധം അബ്ദുള്ള വളര്‍ത്തിയെടുത്തു. ഇന്ദിരാഗാന്ധി വിവാഹിതയായപ്പോള്‍ അബ്ദുള്ള ഇന്ദിരയ്ക്കും ഫിറോസിനും കശ്മീരില്‍ ഹണിമൂണ്‍ ഒരുക്കി. പക്ഷേ, അബ്ദുള്ളയും നെഹ്‌റുവും തമ്മിലുള്ള ഹണിമൂണ്‍ അധികകാലം നിലനിന്നില്ല.

1948-ല്‍ നെഹ്‌റു സര്‍ക്കാരിന്റെ പട്ടാള ഇടപെടലിലൂടെ കശ്മീരിലെ പ്രധാനമന്ത്രിയായി അവരോധിതനായ അബ്ദുള്ള ഒരു സ്റ്റാലിനായി മാറുകയായിരുന്നു. കശ്മീരിലെ ഭൂ ഉടമസ്ഥാ സമ്പ്രദായത്തെ അട്ടിമറിക്കുന്ന ഭൂപരിഷ്‌കരണങ്ങള്‍ അദ്ദേഹം നടപ്പാക്കി. 23 ഏക്രയ്ക്ക് മുകളിലുള്ള എല്ലാ സ്വത്ത് അവകാശങ്ങളും റദ്ദ് ചെയ്തു. അധികഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ കര്‍ഷകര്‍ക്ക് വീതിച്ചുനല്‍കി. ഭൂസ്വത്തിന്റെ തൊണ്ണൂറുശതമാനവും കൈവശം വച്ചിരുന്ന ന്യൂനപക്ഷ ഹിന്ദുക്കള്‍ പ്രകോപിതരായി.

മുഹമ്മദലി ജിന്ന
മുഹമ്മദലി ജിന്ന

ആ ഒറ്റ പരിഷ്‌കരണത്തിലൂടെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ജനകീയാടിത്തറ വിപുലമാക്കിയ അബ്ദുള്ള 1951-ലെ കശ്മീര്‍ ഭരണഘടനാ അസംബ്ലി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളെയൊന്നും മത്സരിക്കാന്‍ അനുവദിച്ചതുമില്ല. അബ്ദുള്ള ഒരു ഏകാധിപതിയായി മാറുകയായി. സ്വയം നിര്‍ണ്ണയ അവകാശത്തിനുവേണ്ടിയുള്ള കശ്മീരികളുടെ ഹിതപരിശോധനയെ ആദ്യം അംഗീകരിച്ച നെഹ്‌റു പിന്നെ പിന്‍വാങ്ങിയതോടെ അകല്‍ച്ചകള്‍ കൂടി. മാത്രമല്ല, അന്താരാഷ്ട്ര വേദികളില്‍ കശ്മീര്‍ സജീവ ചര്‍ച്ചാവിഷയമായി നില്‍ക്കെ അബ്ദുള്ള അമേരിക്കയുമായി രഹസ്യ ചര്‍ച്ചകള്‍ക്കും തയ്യാറായി. കശ്മീര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ അമേരിക്ക പിന്തുണയ്ക്കുമെന്ന് വാഗ്ദാനം നല്‍കിയതായി അബ്ദുള്ളയുടെ പ്രസ്താവവും പുറത്തുവന്നു. കശ്മീരി ഹിന്ദുത്വ ദേശീയതക്കാര്‍ അബ്ദുള്ളയ്ക്ക് എതിരെ തിരിഞ്ഞു. അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രക്ഷോഭങ്ങളായി. കശ്മീരി മുസ്ലിങ്ങളോട് ഒരിക്കല്‍ ദോഗ്രാ രാജവംശം സ്വീകരിച്ചിരുന്ന അതേ നിലപാടുകളാണ് ഷേക് അബ്ദുള്ള പണ്ഡിറ്റുകളോട് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമായി, ഹിന്ദുവികാരത്തിന് ശക്തിപകരുന്നതായിരുന്നു കശ്മീരിനുള്ള പ്രത്യേക ഭരണഘടനാ സംരക്ഷണവും. ഭൂരിപക്ഷ സമൂഹത്തിന് ഇല്ലാത്ത പ്രത്യേക അവകാശങ്ങളും സംരക്ഷണവും ന്യൂനപക്ഷത്തിനു നല്‍കുന്നതിലെ ജനാധിപത്യവിരുദ്ധതയും കാപട്യവും ഉയര്‍ത്തിക്കാട്ടിയായിരുന്നു ഹൈന്ദവ പ്രതിഷേധങ്ങള്‍.

1953-ല്‍ ജനസംഘത്തിന്റെ സ്ഥാപകനായ ശ്യാമപ്രകാശ് മുഖര്‍ജി പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്ത് കശ്മീരില്‍ എത്തി. അദ്ദേഹത്തെ അബ്ദുള്ളയുടെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുഖര്‍ജി ജയിലില്‍ മരണമടഞ്ഞു. മുഖര്‍ജിയുടെ മരണത്തിന് പ്രതികാരം വീട്ടുമെന്ന് ആര്‍.എസ്.എസ് തീരുമാനിക്കുന്നു (ഷേക് അബ്ദുള്ളയുടെ മകനായ ഫറോക്കിനോടും ചെറുമകനായ ഒമറിനോടും പില്‍ക്കാലത്ത് ബി.ജെ.പി ഭരണം പങ്കിട്ടുവെന്നത് മറ്റൊരു രസകരമായ നാടകം). 370-ാം വകുപ്പ് അങ്ങനെ ഹിന്ദു രാഷ്ട്രീയത്തിന്റെ പ്രധാന അജണ്ടകളില്‍ ഒന്നായി. ഇക്കാലത്ത് തന്നെയാണ് അബ്ദുള്ളയുടെ ഏകാധിപത്യവും അമേരിക്കന്‍ ബന്ധങ്ങളും നെഹ്‌റു സര്‍ക്കാരിനും അലോസരമായി മാറിയത്.

1953-ല്‍ അമേരിക്കന്‍ സെനറ്റര്‍ അസ്ലീ സ്റ്റീവന്‍സണുമായി മൂന്നുവട്ടം ചര്‍ച്ചകള്‍ നടത്തിയ ഷേക് അബ്ദുള്ളയെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധികാരത്തില്‍നിന്നു പുറത്താക്കുന്നു, ഷേക് അബ്ദുള്ള രാജ്യവിരുദ്ധനായി ജയിലില്‍ അടയ്ക്കപ്പെടുന്നു. നെഹ്‌റു കൗടില്ല്യ തന്ത്രം കളിക്കുകയായിരുന്നുവെന്നാണ്  പില്‍ക്കാലത്ത് അബ്ദുള്ള എഴുതിയത് (''Nehru kept the Arthashastra, Kautilya's ruthless guide to real politik, by his bedside', sheikh Mohammad Abdullah, Flames of the Chinar: An Autobiography trans by Kushwant Singh, NewDelhi, 1993, P.78). അബ്ദുള്ളയുടെ 'പ്രഭവം' കശ്മീരി മുസ്ലിങ്ങളെ ഇന്ത്യയോട് അടുപ്പിക്കുമെന്ന നെഹ്‌റുവിന്റെ ധാരണ പാളിപ്പോയി. അബ്ദുള്ള സ്വന്തം സാമ്രാജ്യം വളര്‍ത്തുകയായിരുന്നു. ഇന്ത്യയുമായുള്ള ലയന കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഒരിക്കല്‍ നെഹ്‌റു തന്നോട് പറഞ്ഞത് അബ്ദുള്ള പില്‍ക്കാലത്ത് എഴുതിയിട്ടുണ്ട്, ഞങ്ങളോട് ലയിക്കാന്‍ താങ്കള്‍ അറച്ചുനിന്നാല്‍ താങ്കളുടെ കഴുത്തിലൊരു സ്വര്‍ണ്ണ ചങ്ങലയിട്ട് വലിച്ചടുപ്പിക്കും'' (Sheikh Sahib, if you waver in embracing us, we will put gold chain in your neck.' 1953 ആഗസ്റ്റില്‍ അബ്ദുള്ളയുടെ കഴുത്തില്‍ ആ ചങ്ങല മുറുകി. ഭരണഘടന അനുസരിച്ചുതന്നെ അബ്ദുള്ളയുടെ അധികാരം എടുത്തുമാറ്റപ്പെട്ടു. കശ്മീരിന്റെ പ്രധാനമന്ത്രി അറസ്റ്റിലായി. പ്രധാന കുറ്റം, ''ഇന്ത്യന്‍ താല്പര്യങ്ങള്‍ക്കു വിരുദ്ധമായ വിദേശബന്ധങ്ങളിലൂടെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചു...'' ജനാധിപത്യത്തെ ഇതേക്കാള്‍ മോശമായി വ്യഭിചരിച്ച മറ്റൊരു സന്ദര്‍ഭം ലോകത്തിലുണ്ടായിട്ടില്ലെന്ന് ജയിലില്‍ കിടന്ന അബ്ദുള്ള നെഹ്‌റുവിന് എഴുതി. തന്റെ അറിവോടെയല്ല അറസ്റ്റ് നടന്നതെന്ന് പറഞ്ഞ് അഭിനയിക്കാനൊക്കെ നെഹ്‌റു ശ്രമിച്ചു. അറസ്റ്റിനു മുന്‍പുതന്നെ നെഹ്‌റു തന്റെ ഉറ്റ സഹപ്രവര്‍ത്തകരോട് സൂചിപ്പിച്ചിരുന്നു, അമേരിക്കന്‍ ഡോളറില്‍ മയങ്ങി എന്ത് സാഹസത്തിനും അബ്ദുള്ള തയ്യാറാകുമെന്ന്. പിന്നീട് നെഹ്‌റു നല്‍കിയ വിശദീകരണം, ഇന്ത്യന്‍ യൂണിയന്റെ സുസ്ഥിരതയ്ക്കുവേണ്ടി അഴിമതിക്കാരായ ഒന്നോ രണ്ടോ പേരെ ജയിലിലടയ്‌ക്കേണ്ടി വന്നേക്കുമെന്നായിരുന്നു. 'I Suppose one has to do something for the greater good', അബ്ദുള്ളയുടെ അറസ്റ്റ് വിവരം അറിഞ്ഞ ഇന്ദിരാഗാന്ധിയുടെ പ്രതികരണം അങ്ങനെയായിരുന്നു. ഇന്ദിര ആയിടയ്ക്ക് സോവിയറ്റ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. സ്റ്റാലിന്റെ വിശ്വസ്തനായിരുന്ന ബറിയ അറസ്റ്റ് ചെയ്യപ്പെടുകയും വെടിവെച്ച് കൊല്ലപ്പെടുകയും ചെയ്ത സന്ദര്‍ഭവുമായിരുന്നു!

അനഭിമതരായിരുന്ന
നാഷണല്‍ കോണ്‍ഗ്രസ്സ്

അടുത്ത പത്തുവര്‍ഷക്കാലത്തിനിടയില്‍ ഒരിക്കല്‍ മാത്രമേ അബ്ദുള്ള ജയില്‍ മോചിതനായുള്ളു. ജനങ്ങളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതോടെ വീണ്ടും ജയിലറയ്ക്കകത്തായി. 1964-ല്‍ നെഹ്‌റുവിന്റെ മരണത്തിനു മുന്‍പ് വിമോചിതനായെങ്കിലും, വീണ്ടുമൊരു പത്തുവര്‍ഷം കശ്മീരില്‍നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. 1977-ല്‍ അടിയന്തരാവസ്ഥയ്ക്കുശേഷം  മാത്രമാണ്, പ്രായം എഴുപതുകളുടെ മദ്ധ്യത്തിലെത്തിയ അബ്ദുള്ളയെ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെങ്കിലും അബ്ദുള്ള, ഇന്ദിരാഗാന്ധിയുടെ അധികാരത്തിനു മുന്നില്‍ അടിയറവ് പറഞ്ഞ പല്ലുപോയൊരു സിംഹത്താനായി ഒതുങ്ങിക്കൂടി. എണ്‍പതുകളുടെ അവസാനം മുസ്ലിം തീവ്രവാദത്തിലും പാകിസ്താന്റെ പിന്തുണയിലും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ ചെറുപ്പക്കാര്‍ക്കും നാഷണല്‍ കോണ്‍ഫറന്‍സ് അനഭിതമായി. അബ്ദുള്ളയുടെ മകനും ചെറുമകനും കൂട്ടുകക്ഷി നാടകങ്ങളിലൂടെ തങ്ങളുടെ കുടുംബവാഴ്ച നിലനിറുത്താന്‍ ഒരുപാട് പൊറാട്ടു നാടകങ്ങള്‍ കളിച്ചുവെങ്കിലും കശ്മീര്‍ കലാപത്തില്‍ അമരുകയായിരുന്നു. 1968-ല്‍ ജയില്‍ വിമോചിതനാകുമ്പോള്‍ ഒരു അഭിമുഖത്തില്‍ അബ്ദുള്ള പറഞ്ഞത് ഇങ്ങനെയാണ്: 'The treatment of Kashmir was an open book, hardly hidden to history. 'Let every Indian search his own heart.' (G.M. Shahces, Kashmir and Sindh, P.47) സ്വാതന്ത്ര്യത്തിനുശേഷം നീണ്ട എഴുപത്തിരണ്ട് സംവത്സരങ്ങള്‍ കടന്നുപോയിരിക്കുന്നു, കശ്മീര്‍ എന്ന പ്രഹേളികയ്ക്ക് ഭാരതീയ ജനതാ പാര്‍ട്ടി തിരശ്ശീലയിടുകയാണോ? ഇന്ത്യാ ചരിത്രത്തിലെ അതിനിര്‍ണ്ണായക നിമിഷത്തില്‍, പാര്‍ലമെന്റിലും പുറത്തും കോണ്‍ഗ്രസ്സിന്റെ കോമാളി നാടകങ്ങള്‍ കാണുകയാണ്. എത്ര ദയനീയവും ആശങ്ക ഉയര്‍ത്തുന്നതുമായ ചിത്രങ്ങള്‍. ലോക്സഭയിലെ കോണ്‍ഗ്രസ്സിന്റെ പ്രതിപക്ഷ നേതാവ് ചോദിക്കുന്നു: ''കശ്മിര്‍ ഒരു അന്താരാഷ്ട്ര വിഷയമല്ലേ, നിങ്ങള്‍ക്ക് ഇടപെടാന്‍ എന്ത് അവകാശം?'' കോണ്‍ഗ്രസ്സിനുവേണ്ടി ഭരണഘടന ഭേദഗതി ബില്ല് വലിച്ചുകീറുന്ന കൂവല്‍ തൊഴിലാളികളുടെ വിവരക്കേട് നമുക്ക് മനസ്സിലാകും. പക്ഷേ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹത്തായ ദേശീയ പ്രസ്ഥാനത്തിന്റെ അവശേഷിപ്പുകാര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് ചരിത്രത്തിലെ അതിനിര്‍ണ്ണായകമായ ഒരു സന്ധിയില്‍ ശബ്ദമില്ലാതെ പോവുക! ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനി പഴയ വായ്ത്താരികള്‍ പ്രസക്തമല്ലെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കുക.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് രാഹുല്‍ ഗാന്ധി താനൊരു ഹിന്ദുവാണെന്ന് വിളിച്ചുകൂവിക്കൊണ്ട് ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളിലാകെ കയറിയിറങ്ങിയത്. ഒരു മതേതര പാര്‍ട്ടിയുടെ ദയനീയമായ ആ പതനം മനസ്സില്‍വച്ചുകൊണ്ട് കോണ്‍ഗ്രസ്സിന് പ്രതികരിക്കാനായില്ലെങ്കില്‍, മോദിയുടെ വഴിയില്‍ നിങ്ങള്‍ സ്വയം തകര്‍ന്നടിയുന്നത് കാണേണ്ടിവരും! ജോതിരാദിത്യ സിന്ധ്യയ്ക്കും ജനാര്‍ദ്ദന ദ്വിവേദിക്കുമുണ്ടായ തിരിച്ചറിവ് രാഹുല്‍ ഗാന്ധിക്കുണ്ടാവുമോ? തന്റെ മുതുമുത്തച്ഛന്‍ വരുത്തിയ വലിയ രാഷ്ട്രീയ വങ്കത്തരത്തിന് ഒരു തിരുത്തുവരുന്ന സന്ദര്‍ഭത്തെ മഹാമനസ്‌കതയോടെ സ്വീകരിക്കാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് രാഹുലും കോണ്‍ഗ്രസ്സും ഒഴിഞ്ഞുമാറിയാല്‍, ജനങ്ങള്‍ അവര്‍ക്ക് മാപ്പ് കൊടുക്കില്ലെന്ന് ഓര്‍ക്കുക. 
(ഈ കുറിപ്പിന്, സുനില്‍ ഖില്‍നാനി 2016-ല്‍ പ്രസിദ്ധീകരിച്ച Incarnations എന്ന പുസ്തകത്തില്‍ ഷേക് അബ്ദുള്ളയെക്കുറിച്ച് പ്രതിപാദിക്കുന്ന 43-ാം അദ്ധ്യായത്തോട് കടപ്പാടുണ്ട്- Sunil Khilnani, Incarnations, PP: 495-507)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com