എഴുത്തിന്റെ തീവ്രസൗന്ദര്യവും തീക്ഷ്ണതയും:  ആഫ്രോ അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണെക്കുറിച്ച്

അടുത്തിടെ വിടപറഞ്ഞ ആഫ്രോ അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണെക്കുറിച്ച്
ടോണി മോറിസണ്‍
ടോണി മോറിസണ്‍


ര്‍ശനപരമായ കരുത്തും കാവ്യാത്മകമായ ഉള്ളടക്കവും എന്നാണ് നൊബേല്‍ അക്കാദമിക് ഫാക്കല്‍റ്റി ടോണി മോറിസന്റെ എഴുത്തിനെ വിലയിരുത്തുന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ പറ്റാത്തവിധം ചേര്‍ന്നുനില്‍ക്കുന്ന ഒരു കറുത്ത അനുഭവതലത്തിന്റെ അവശേഷിപ്പാണ് ടോണിമോറിസണും മായ ആഞ്ജലോയും ആലീസ് വാക്കറുമെല്ലാം. ഫെമിനിറ്റിയുടെ  വിവരണാത്മകതയ്ക്കുപരി ഇവരില്‍ നിറഞ്ഞുനില്‍ക്കുന്നത് അമേരിക്ക പോലെയൊരു രാജ്യത്തെ കറുത്തനിറമുള്ള സ്ത്രീകളുടെ അസ്തിത്വപരമായ പ്രശ്‌നങ്ങളും കണ്ടെത്തലുകളും അതിനുപരി തിരിച്ചറിവുകളുമാണ്. അതുകൊണ്ടുതന്നെയാണ് ഞാനേറ്റവും വെറുക്കുന്നത് എന്നെ നിങ്ങള്‍ പൊതുവെ ഫെമനിസ്റ്റ് എഴുത്തുകാരിയെന്നു വിളിക്കുന്നതിനെയാണെന്ന്  ടോണി മോറിസണ്‍ ഒരിക്കല്‍ പറഞ്ഞത്.  

നൂറ്റാണ്ടുകള്‍ക്കപ്പുറത്തുനിന്നും രൂപപ്പെട്ട ആശ്രയത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും ആത്യന്തികമായെത്തിയ അമേരിക്കന്‍ സിവില്‍ യുദ്ധത്തിന്റേയും പിന്‍തുടര്‍ച്ചയില്‍നിന്നാണ് ടോണി മോറിസനേപ്പോലെയുള്ളവര്‍ ഭാവനയുടെ പകര്‍ത്തെഴുത്ത് നടത്തുന്നത്. ഒരുതരത്തില്‍  18-ാം നൂറ്റാണ്ടിന്റെ ഉത്തരകാലത്ത് ജീവിച്ച  ഫിലിസ് വിറ്റ്ലെയില്‍ തുടങ്ങുന്ന ബ്ലാക്ക് വിമണ്‍ എഴുത്തിന്റെ പാരമ്പര്യം തന്നെയാണ് ടോണി മോറിസണും മറ്റും ഉള്‍ക്കൊള്ളുന്നത്. അക്ഷരങ്ങളാണ് വിമോചനത്തിന്റെ വാതില്‍ തുറക്കുന്ന താക്കോലുകള്‍ എന്നു മനസ്സിലാക്കിയ ആദ്യ സമൂഹം തന്നെയായിരുന്നു ആഫ്രോ അമേരിക്കന്‍ വംശജരായ അടിമകള്‍.  ഒരടിമയെ എങ്ങനെ വരുതിയില്‍ നിര്‍ത്താമെന്നുള്ള തിരിച്ചറിവില്‍ ഏലിയനേഷന്‍ തന്നെയാണ് ഏറ്റവും ശക്തമായ മാര്‍ഗ്ഗം എന്നു മനസ്സിലാക്കിയിട്ടുള്ള വെളുമ്പന്‍ ചിന്തയില്‍ ജീവിക്കുന്ന ഉടമ അതുകൊണ്ടുതന്നെ ഈ അന്യതാവല്‍ക്കരണം പലതില്‍നിന്നും ഉണ്ടാക്കിയെടുക്കുന്നു.  മതത്തില്‍നിന്നും അതുവരെ പ്രാര്‍ത്ഥിച്ച ദൈവത്തില്‍നിന്നും ഇണയില്‍നിന്നും കുടുംബത്തില്‍നിന്നും ബന്ധങ്ങളില്‍നിന്നും എല്ലാത്തിനുപരി അക്ഷരങ്ങളില്‍നിന്നും ഇങ്ങനെ നീളുന്നു അത്. അതിനും പുറമെയാണ് അതികഠിനമായ ശിക്ഷാവിധിയിലൂടെ അവരെ പീഡിപ്പിക്കുന്നത്. ഇങ്ങനെ ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബ്ബന്ധിതരായിരുന്ന അമേരിക്കന്‍ അടിമകളായ ഈ കറുത്ത മനുഷ്യരുടെ കഥകള്‍ പലതും പിന്നീട് പുറത്തുവന്നിട്ടുണ്ട്.

നിര്‍ബ്ബന്ധിതമായി പരസ്യമായി നൈതികതയെ വെല്ലുവിളിക്കുന്ന ബന്ധങ്ങള്‍ക്ക് അതീതമായി അടിമയെക്കൊണ്ട്  ലൈംഗികബന്ധങ്ങള്‍ നടത്തിച്ചുപോലും രസിക്കുന്ന ഉടമകള്‍ ഒരുവശത്ത് അതിന്റെ മാനസിക വ്യഥകള്‍ നല്‍കുന്ന ആഘാതവുമായി മരിച്ചുജീവിക്കുന്ന അടിമകള്‍ മറുവശത്ത്.  ഇത്തരത്തിലുള്ള അനുഭവങ്ങളുടെ  വിവരണങ്ങള്‍  ഫ്രെഡറിക് ഡഗ്ലസിലൂടെയും (Narrative of the Life of Frederick Douglass, an American Slave) നാറ്റ് ടര്‍ണ്ണറിലൂടെയും (Confession) നമുക്കു വായിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ആ ചുറ്റുപാടില്‍നിന്നാണ് ടോണി മോറിസനേപ്പോലുള്ള പുതിയ തലമുറയെഴുത്തുകാരും ഊര്‍ജ്ജം കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ അച്ഛന്‍   മകളെ ലൈംഗികാതിക്രമത്തിനു വിധേയമാകുമ്പോഴും  അമ്മ അവരുടെ കുഞ്ഞിനെ കൊല്ലുമ്പോഴും വായനക്കാരിലേക്ക് എത്തുന്നത് ആ കഥാപാത്രങ്ങളുടെ നിര്‍വ്വികാരതയുടേയും ജീവിതത്തിലെ അനിശ്ചിതത്വത്തിന്റേയും  പടര്‍പ്പുകള്‍ തന്നെയാണ്.

കറുത്ത പെണ്‍കുട്ടിയുടെ
വിചാരങ്ങള്‍

സ്വപ്നങ്ങളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും പറയുമ്പോള്‍ത്തന്നെ സൗന്ദര്യം, ജീവിതാവസ്ഥ ഇവയെക്കുറിച്ചുള്ള നിര്‍വ്വചനങ്ങല്‍ ഏകപക്ഷീയമായത് മാത്രമെന്ന് ടോണി മോറിസന്‍ കൃതികള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് അഗാധനീലിമയുള്ള കണ്ണുകളാണ് എന്റെ സ്വപ്നമെന്ന് പിക്കോള ബ്രിഡ്ലവ് എന്ന പെണ്‍കുട്ടി മനസ്സിലാക്കുന്നതും വെളുത്ത പറവകളെ വെറുപ്പുകൊണ്ട് നശിപ്പിക്കാന്‍ അതേ നോവലിലെ മറ്റൊരു പെണ്‍കുട്ടി ശ്രമിക്കുന്നതും. ഇവിടെ സത്വപരമായ തിരിച്ചറിവ് നഷ്ടമായ ഒരു സമൂഹത്തിന്റെ അവസ്ഥയാണ് മോറിസണ്‍ വിവരിക്കുന്നത്. തന്നോടുതന്നെയുള്ള ബഹുമാനം നഷ്ടമായ സമൂഹം എന്നുവേണമെങ്കിലും നിര്‍വ്വചിക്കാം. ഇന്ത്യന്‍ ദളിതുകളുമായി പലപ്പോഴും ആഫ്രോ അമേരിക്കന്‍ വംശജരെ താരതമ്യപ്പെടുത്തുന്നതുപോലും ഇത്തരത്തിലുള്ള ചിന്തയിലൂടെയാണ്.

ടോണി മോറിസണ്‍ തന്നെ ഒരഭിമുഖത്തില്‍ സൂചിപ്പിക്കുകയുണ്ടായി ബ്ലൂവസ്റ്റ് ഐയ്‌സ് എഴുതാന്‍ പ്രേരിപ്പിച്ചത് അമേരിക്കന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ഗ്ഗീയതയുടെ വിദ്വേഷങ്ങള്‍ തന്നെയാണെന്ന്. 
കറുത്ത പെണ്‍കുട്ടിയുടെ വിചാരങ്ങള്‍ക്കും അവളുടെ ജീവിതത്തിനും ഇവിടെ നിര്‍വ്വചനങ്ങള്‍ ആവശ്യമുണ്ടെന്ന തിരിച്ചറിവാണ് മോറിസണ്‍ രചനകളില്‍ അധികവും. അവരുടെ അരക്ഷിതാവസ്ഥയിലുള്ള ജീവിതത്തിനു കാരണം തന്നെ രണ്ടാംകിട പൗരന്മാര്‍ എന്ന സാമൂഹിക ചുറ്റുപാടുകളാണെന്നും അവര്‍ പലപ്പോഴും സൂചിപ്പിക്കുന്നു. ബ്ലൂവെസ്റ്റ് ഐസിലും സുലയിലും ബിലവ്ഡിലും മറ്റും ഇതു വളരെ കൃത്യമായി സ്ഥാപിക്കപ്പെട്ടിട്ടുമുണ്ട്.

ഫെമിനിറ്റിയുടെ ഒരുതരം സങ്കീര്‍ണ്ണമായ ചട്ടക്കൂടുകളാണ് ഈ രചനകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത്. അതുകുടുംബം, സമൂഹം, വംശം എന്നിവയുടെ ബന്ധങ്ങളില്‍ ഭൂതകാലത്തിന്റെ ശക്തമായ ഇടപെടല്‍ എങ്ങനെയെല്ലാമെന്നു വിശദമാക്കുന്നു. സംസ്‌കാരം, സ്വത്വം അവകാശം എന്നിവ മാതാപിതാക്കളില്‍നിന്നും കുട്ടികളിലേക്ക് കൈമാറുന്ന ബോണ്ടുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇത് ജൈവികതയുടെ ജീവംശ(ജീന്‍)ങ്ങള്‍ക്കപ്പുറമാണ്. സമൂഹമെന്ന ഓര്‍ഗാനിക്ക് ഘടകം പലപ്പോഴും അതിലുള്ള മനുഷ്യരെത്തന്നെ മനഃശാസ്ത്രപരമായി വേട്ടയാടുന്നതിന്റെ നേര്‍ച്ചിത്രങ്ങളാണ് മോറിസണ്‍ വരച്ചിടുന്നത്. കോലി ബ്രീഡ്ലേവ് എന്ന മനുഷ്യന്‍ മകളേയും ഭാര്യയേയും നിരന്തരമായ പീഡനങ്ങള്‍ക്കു വിധേയമാക്കുന്നതും മദ്യപാനാസക്തിയിലൂടെ കഴിഞ്ഞുകൂടുന്നതും അയാളുടെ ഭൂതകാല ജീവിതത്തിന്റെ സാക്ഷ്യപ്പെടുത്തലാകുന്നുവെന്ന് നമുക്കു കാണാന്‍ കഴിയും. ബിലവഡിലെ അമ്മയും ഇതേ മാനസികാവസ്ഥതന്നെയാണ് ഉള്‍ക്കൊള്ളുന്നത്. സതേ എന്ന, അമ്മ അവരുടെ മകളെ കൊല്ലുന്നതുതന്നെ അടിമജീവിതത്തില്‍നിന്നും രക്ഷപ്പെടുത്താന്‍ വേണ്ടിയാണെന്ന വ്യാഖ്യാനമാണ് നമുക്കു ലഭ്യമാകുന്നത്. 
അമേരിക്കന്‍ ചരിത്രത്തിന്റെ ഭാഗമായ കറുപ്പിന്റെ സാംസ്‌കാരിക വാമൊഴി പാരമ്പര്യത്തിന്റെ പ്രതീകങ്ങളെ പുതിയകാലത്ത് ശരിയായി നിര്‍ണ്ണയിക്കാന്‍ ടോണി മോറിസണ്‍ പലപ്പോഴും ശ്രദ്ധിക്കുന്നതായി കാണാം. അതുകൊണ്ടുതന്നെ പ്ലോട്ടുകള്‍ പലതും സ്വപ്നതുല്യവും അനുക്രമവും ആകുമ്പോഴും കാലഗണനയില്‍ പിന്നോട്ടും മുന്‍പോട്ടും ചലിച്ചുകൊണ്ടിരിക്കുന്ന വായനാനുഭവമാണ് അവര്‍ നല്‍കിയത്. മരണപ്പെട്ടുപോയവരുടെ വിചാരങ്ങള്‍പോലും പലപ്പോഴും അവരുടെതന്നെ വിവരണങ്ങളായി പ്രത്യക്ഷമാകുന്നതും കാണാന്‍ സാധിക്കും.

ബിലവ്ഡ് എന്ന നോവല്‍ തന്നെ ഇപ്രകാരമുള്ള ആഖ്യാനശൈലിയുടെ ഉദാഹരണമാകുന്നു. 19-ാം നൂറ്റാണ്ടാണ് ഈ നോവലിന്റെ കാലഘട്ടം. എന്നാല്‍ 20-ാം നൂറ്റാണ്ടിന്റെ ഒരു രൂപകമായി ഇതു പലപ്പോഴും നിലകൊള്ളുകയും ചെയ്യുന്നു. ആഫ്രോ അമേരിക്കന്‍ മനസ്സിന്റെ നിഗൂഢമായ തലങ്ങളാണ് മോറിസണ്‍ ബിലവ്ഡ്ലൂടെ വ്യക്തമാക്കുന്നത്. ഒരാള്‍ അടിമയായിരിക്കുന്നതിലും നികൃഷ്ടമായ അവസ്ഥ മറ്റൊന്നുമില്ലെന്നു തിരിച്ചറിയുന്ന അതേ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ത്തന്നെയാണ് അവളുടെ കുഞ്ഞുമകളെ ഭൂമിയില്‍നിന്നും പറഞ്ഞയക്കുന്നത്. ഒരേസമയം മാതൃത്വത്തിന്റെ പരിപൂര്‍ണ്ണതയും അതേസമയം മകളെത്തന്നെ കൊലചെയ്തതിന്റെ മാനസിക വ്യഥകളും വേട്ടയാടുന്ന കഥാപാത്രം. പലതരം ശബ്ദങ്ങളും മോണോലോഗുകളുംകൊണ്ട് തികച്ചും വ്യത്യസ്തമായ ഒരാഖ്യാനശൈലി തന്നെയാണ് 'ബിലവ്ഡ്' പിന്തുടരുന്നത്.

ആണും പെണ്ണും തമ്മിലുള്ള ജൈവികമായ പ്രണയത്തെപ്പറ്റിയും ലെസ്ബിയനിസത്തെപ്പറ്റിയുമൊക്കയുള്ള വിവരണാത്മക നിറയുമ്പോഴും മോറിസണ്‍ എത്തുന്നത് പ്രണയമെന്ന വികാരം കമിതാവിനപ്പുറത്തേക്കു പോകുന്നില്ല എന്നുതന്നെയാണ്. പരമ്പരാഗതമായ കേവലതകളെ നിരാകരിച്ചുകൊണ്ട് അതെല്ലാം ആപേക്ഷികങ്ങള്‍ മാത്രമാണെന്ന തലത്തിലേക്കാണ് ടോണി മോറിസന്റെ ചിന്തകള്‍ എത്തിച്ചേര്‍ന്നത്.

ബ്ലാക്ക് ഫെമിനിസ്റ്റ് സാഹിത്യനിരൂപണ ശാഖയുടെ രൂപീകരണത്തിനുതന്നെ മോറിസന്റെ സുല ഒരു കാരണമായെന്നു നിരീക്ഷിക്കുന്ന നിരൂപകരുണ്ട്. ഒരു ലെസ്ബിയന്‍ വായനകൂടി സാധ്യമാകുന്ന സുല ചിലപ്പോള്‍ വ്യത്യസ്തവും അതേ സമയത്തെത്തന്നെ സമാനതകളുമുള്ള രണ്ടു പെണ്‍കുട്ടികളുടെ ജീവിതത്തില്‍ കൂടിയാണ് കടന്നുപോകുന്നത്. ഒരു കഥാപാത്രമെന്ന നിലയില്‍ സുലയുടെ അവ്യക്തതതന്നെ പരമ്പരാഗതമായ ബൈനറി എതിര്‍പ്പുകളെ അട്ടിമറിക്കുന്നുണ്ട്. കൂടാതെ സാമൂഹികവും ഭാഷാപരവുമായ അതിരുകള്‍ മറികടക്കുകയും ചെയ്യുന്ന തരത്തിലേക്ക് അതു മാറുമ്പോള്‍ ഏതു ഭാഷയിലുള്ള വായനക്കാരനുവേണ്ടിയും സൃഷ്ടിക്കപ്പെട്ടതെന്ന അനുഭവവും നല്‍കുന്നു. ഒരുവിധത്തില്‍ കഥാപാത്രത്തിന്റെ മുഴുവന്‍ സങ്കല്പത്തേയും നിഷേധിക്കുകയും അതൊരു ആശയത്തിനു പകരം വയ്ക്കുകയും ചെയ്യുന്നുവെന്നും പറയാം. അതിനാല്‍ത്തന്നെ ഒരുതരം ഭ്രമാത്മക വായനതന്നെയാണ് സുല ആവശ്യപ്പെടുന്നതും. ബ്ലാക്ക് ഫെമിനിറ്റിയുടെ സങ്കീര്‍ണ്ണമായ ഒരു സാമൂഹിക ചട്ടക്കൂടിലാണ് സുലയും കടന്നുപോകുന്നത്. അതുപോലെതന്നെ പിതൃത്വമെന്ന ആശയവും യാഥാര്‍ത്ഥ്യവും എത്രമാത്രമെന്നും ടോണി മോറിസണ്‍ സുലയിലൂടെ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്
ഇങ്ങനെ ആഫ്രോ അമേരിക്കന്‍ എഴുത്തിന്റെ തീവ്രസൗന്ദര്യവും തീക്ഷ്ണതയുടെ ഔന്നിത്യവും പകര്‍ന്ന എഴുത്തിലൂടെ അമേരിക്കയിലെ കറുത്ത ഐഡന്റിറ്റിയേയോ രാഷ്ട്രീയത്തേയോ കൃത്യമായി നിര്‍ണ്ണയിക്കുകയായിരുന്നു അവര്‍. പ്രത്യേകിച്ചും അമേരിക്കന്‍ ബ്ലാക്ക് സ്ത്രീ സമൂഹത്തിന്റെ ചരിത്രവും വര്‍ത്തമാനവും അവരെ ഒരുപോലെ വേട്ടയാടിക്കൊണ്ടിരുന്നുവെന്നും പറയാം. പല നിരൂപകരും സൂചിപ്പിക്കുന്നതുപോലെ മാര്‍ക്വിസിന്റെ മാജിക്കല്‍ റിയലിസത്തിന്റെ സൗന്ദര്യം പിന്നീട് അതിന്റെ യഥാര്‍ത്ഥ അംശത്തില്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ളത് മോറിസണ്‍ രചനകളില്‍ തന്നെയാണ്. ഭാവനയിലെ സങ്കീര്‍ണ്ണതകള്‍ എഴുത്തിലൂടെ കൃത്യമായും സംവേദനം നടത്തുവാന്‍ മോറിസണ് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് അവരുടെ കൃതികള്‍ വിമര്‍ശകരേയും വായനക്കാരേയും വ്യത്യസ്ത ധ്രുവങ്ങളിലേക്കു പറഞ്ഞയക്കാതെ ഒരുപോലെ പിടിച്ചുനിര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com