പട്ടാഭിഷേകങ്ങളുടെ ദേവഭൂമി: വികെ ദീപ എഴുതുന്നു

ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഐഹോളയുടെ ശില്പ പരീക്ഷണശാലയില്‍നിന്ന് ഉരുത്തിരിഞ്ഞ നൂതന ആശയങ്ങളുടെ പണിക്കുറ്റം തീര്‍ന്ന ശില്പസൗധങ്ങളാണ് പട്ടടക്കലില്‍ നിവര്‍ന്നു നില്‍ക്കുന്നത്.
പട്ടാഭിഷേകങ്ങളുടെ ദേവഭൂമി: വികെ ദീപ എഴുതുന്നു

ത്മാവ് ഉറഞ്ഞുകിടക്കുന്ന മരതകനിറമോലും സ്ഫടികക്കല്ലുകള്‍ അടിത്തട്ടിലെ ആഴങ്ങളില്‍ ഒളിപ്പിച്ച്, മേല്‍പ്പരപ്പുകളില്‍ ശാന്തമായൊഴുകുന്ന ഉത്തര കര്‍ണാടകനദി 'മലപ്രഭ'യുടെ തീരത്ത്  ചാലൂക്യ രാജവംശത്തിന്റെ പട്ടാഭിഷകേ സ്മൃതികളുമായി തല ഉയര്‍ത്തിനില്‍ക്കുന്ന പൗരാണിക സൗധങ്ങള്‍ നിറഞ്ഞ ഇടമാണ് പട്ടടക്കല്‍. ഹംപി, ഐഹോള സന്ദര്‍ശനശേഷം കാണേണ്ട അടുത്ത വിസ്മയം. 

ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഐഹോളയുടെ ശില്പ പരീക്ഷണശാലയില്‍നിന്ന് ഉരുത്തിരിഞ്ഞ നൂതന ആശയങ്ങളുടെ പണിക്കുറ്റം തീര്‍ന്ന ശില്പസൗധങ്ങളാണ് പട്ടടക്കലില്‍ നിവര്‍ന്നു നില്‍ക്കുന്നത്. ഐഹോളയുടെ പരീക്ഷണശാലയില്‍നിന്നു തെറിച്ചുവീണ ശില്പാഗ്‌നി സ്ഫുലിംഗം.

ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് അപ്പുറം നിന്ന് പട്ടടക്കല്‍ ഇന്ന് നമ്മളെ കാണിച്ചു തരുന്നതെല്ലാം യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. ഐഹോളയില്‍നിന്ന് ഇരുപതു കിലോമീറ്ററില്‍ താഴയേ പട്ടടക്കലേക്ക് ദൂരമുള്ളു എങ്കിലും വരണ്ട ഉത്തര കര്‍ണാടകന്‍ വിജനപാതകള്‍ ദൂരമേറെയുണ്ടെന്നു തോന്നിപ്പിക്കും. 

പട്ടടയ്ക്കല്‍ എത്തും മുന്‍പ് ചാലൂക്യരുടെ മറ്റൊരു അത്ഭുത നിര്‍മ്മിതിയുണ്ട്. മഹാകൂട ശിവക്ഷേത്രം. ഏത് കടും വേനലിലും ജലത്തെളിമയാലും നിര്‍മ്മാണഭംഗിയാലും മോഹിപ്പിക്കുന്ന മഹാകൂട ക്ഷേത്രക്കുളത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അങ്ങോട്ടേയ്ക്കുള്ള റോഡാകട്ടെ, നിറയെ കുണ്ടും കുഴിയുമുള്ള ചെമ്മണ്‍പാത. സൂചനാ ഫലകത്തില്‍ നാലുകിലോമീറ്റര്‍ എന്നൊക്കെയാണെങ്കിലും നാല്‍പ്പത് കിലോമീറ്ററിന്റെ സമയം എടുക്കേണ്ടിവന്നേക്കുമെന്ന് ഉറപ്പുള്ളതിനാല്‍ യാത്രാപഥത്തില്‍നിന്ന് മഹാകൂടയെ തല്‍ക്കാലം മാറ്റിനിര്‍ത്തി. 

മഹാകൂടയില്‍നിന്ന് പട്ടടക്കലേക്ക് എത്തുമ്പോള്‍ സൂര്യന്‍ ചെറുതായി ചാഞ്ഞുതുടങ്ങിയിരുന്നു. പ്രധാന യാത്രാപാതയില്‍നിന്ന് ഒന്ന് ചെറുതായി തെറ്റുകയേ വേണ്ടൂ പട്ടടയ്ക്കല്‍ സൗധങ്ങള്‍ക്ക് മുന്നിലെത്താന്‍. പുരാവസ്തുവകുപ്പിന്റെ സംരക്ഷണമതില്‍ക്കെട്ടിനകത്താണ് സൗധങ്ങള്‍ എല്ലാം. പ്രധാന ഗെയ്റ്റ് കടന്നാല്‍ ടിക്കറ്റ് കൗണ്ടര്‍, ഫില്‍ട്ടര്‍ വാട്ടര്‍, വൃത്തിയും വെടിപ്പുമുള്ള ശുചിമുറികള്‍. ഉത്തര കര്‍ണാടകയിലൂടെ ദീര്‍ഘദൂരം യാത്രചെയ്തവര്‍ക്കറിയാം ഇത്തരം സൗകര്യങ്ങള്‍ ഇവിടങ്ങളില്‍ കണ്ടുകിട്ടുന്നതിന്റെയൊരു ആശ്വാസം. 

ഒന്നു ഫ്രഷായി ചുറ്റും കണ്ണോടിച്ചപ്പോള്‍ ആദ്യം കണ്ടത് ടിക്കറ്റ് കൗണ്ടറിനോട് ചേര്‍ന്നു കിടക്കുന്ന ബാറ്ററിക്കാറും ഡ്രൈവറേയുമാണ്. അന്വേഷിച്ചപ്പോള്‍ അത് വൃദ്ധര്‍ക്കും അംഗവിഹീനര്‍ക്കുമുള്ള സൗജന്യ വാഹന സര്‍വ്വീസാണ്. തീപാറും വെയില്‍ച്ചൂടത്ത് പുല്‍ത്തകിടികള്‍ക്കിടയിലെ കരിങ്കല്‍ നടപ്പാതയിലെ ഒരിലത്തണല്‍പോലുമില്ലാ വഴിയിലൂടെ അരക്കിലോമീറ്റര്‍ നടന്നാല്‍ മാത്രമേ പട്ടടക്കല്‍ സൗധങ്ങള്‍ക്കരികിലെത്തൂ എന്നതുകൊണ്ടും ദീര്‍ഘയാത്രയുടെ ക്ഷീണത്താല്‍ തളര്‍ന്നുപോയതിനാലും ബാറ്ററിക്കാര്‍ ഞങ്ങള്‍ക്കും ലഭ്യമാകുമോ എന്ന് ചോദിക്കേണ്ടിവന്നു. ''നിങ്ങളെപ്പോലുള്ളവര്‍ക്കുള്ളതല്ല  ബാറ്ററിക്കാര്‍ സര്‍വ്വീസ്'' എന്നൊക്കെയവര്‍ പറഞ്ഞെങ്കിലും ദൂരെ ദിക്കില്‍നിന്നും യാത്രചെയ്തു തളര്‍ന്ന് വന്നവര്‍ എന്ന മാനുഷിക പരിഗണന കാണിച്ചവര്‍ ബാറ്ററിക്കാര്‍ വിട്ടുതന്നു. ആ നേരത്ത് അതൊരു വലിയ ആശ്വാസമായി. 
സംരക്ഷിത സ്മാരകത്തിന്റെ പ്രധാന കവാടത്തില്‍നിന്ന് അരക്കിലോമീറ്റര്‍ ചെന്നുകഴിഞ്ഞാല്‍ നേരെ എ.ഡി. 642-655 കാലഘട്ടത്തിലേക്ക് ചെന്നു കയറാം. നമ്മളെ ചാലൂക്യ കാലഘട്ടത്തിലേക്ക് കൈപിടിച്ചുകയറ്റാന്‍ നിരനിരയായി കിടക്കുകയാണ് ചെംചുവപ്പാര്‍ന്ന സാല്‍ഡ് സ്റ്റോണിലും മൃദുലമായ കരിങ്കല്ലിലും പണിത വിസ്മയങ്ങള്‍. ഏത് ചരിത്രാവശേഷിപ്പുകള്‍ കാണുമ്പോഴും അവയ്ക്ക് പിന്നിലെ ചരിത്രം അറിഞ്ഞുവെക്കുന്നത് അവയോടുള്ള ആദരമാണ്. നൂറ്റാണ്ടുകളിലൂടെയുള്ള അവയുടെ അതിജീവനത്തിന് നമുക്ക് നല്‍കാന്‍ കഴിയുന്ന ഏക അഭിവാദ്യവും അതുമാത്രം!

ദക്ഷിണപഥത്തിലെ പ്രമുഖശക്തികളായിരുന്ന ചാലൂക്യരെ കാഞ്ചിപുരം വാണിരുന്ന പല്ലവന്മാര്‍ എ.ഡി. 642-ല്‍ ദയാരഹിതമായി തോല്‍പ്പിക്കുകയും ചാലൂക്യര്‍ 'അഭൗമന്‍' എന്ന രീതിയില്‍ ആരാധിച്ചുപോന്ന ചാലൂക്യരാജന്‍ പുലികേശി രണ്ടാമനെ വധിക്കുകയും ചെയ്തതോടെ ചാലൂക്യര്‍ ബദാമി വിട്ട് ചിതറിയോടി.

ചന്ദ്രശേഖരക്ഷേത്രം
ചന്ദ്രശേഖരക്ഷേത്രം

പരാജിതനായ രാജാവിനോളം വിഷം മുറ്റിയ മറ്റൊന്നുമില്ലെന്ന് പല്ലവര്‍ അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പുലികേശി രണ്ടാമന്റെ മകന്‍ വിക്രമാദിത്യന്‍, വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പിനൊടുവില്‍ എ.ഡി. 655-ല്‍ പല്ലവരെ ആക്രമിച്ചു. അമ്പേ പരാജിതരായി തകര്‍ന്നടിഞ്ഞ പല്ലവര്‍ കാഞ്ചിപുരത്തേക്ക് തന്നെ തിരിച്ചോടി. തന്റെ പിതാവിനെ നാണംകെട്ട തോല്‍വിക്കുശേഷം ക്രൂരമായി വധിച്ച പല്ലവന്മാരോട് വിക്രമാദിത്യന്‍ പുലര്‍ത്തിയ അടങ്ങാപകയുടെ യുദ്ധചരിതം രേഖപ്പെടുത്തിയ ചരിത്രത്താളകളായി പിന്നങ്ങോട്ട്. തന്റെ വംശത്തിന്റെ വീറും വാശിയും അഭിമാനവും തെളിയിക്കാന്‍ വിക്രമാദിത്യന്‍ നിരന്തരം നടത്തിയ വിജയഗാഥകളിലൂടെ ചാലൂക്യര്‍ കൊങ്കണ ദേശത്തെ വന്‍ശക്തിയായി. 
രാജ്യവും പിതാവും നഷ്ടപ്പെട്ട് ചിതറിയോടി അലഞ്ഞുതിരിഞ്ഞിട്ടും ഗംഭീര തിരിച്ചുവരവ് നടത്തി പല്ലവരെ മുച്ചൂടും നശിപ്പിച്ച്, സര്‍വ്വശക്തനായി ചക്രവര്‍ത്തീപദമേറാന്‍ തനിക്കു സാധിച്ചത് തന്റെ പുത്രന്‍ വിനയാദിത്യന്റെ ഭാഗ്യജാതകം മൂലമാണെന്നായിരുന്നു വിക്രമാദിത്യത്തിന്റെ വിശ്വാസം. അത്രമേല്‍ പ്രിയപ്പെട്ട പുത്രന്‍ വിനയാദിത്യനെ യുവരാജാവായി  പട്ടാഭിഷേകം നടത്താന്‍ വിക്രമാദിത്യന്‍ കണ്ടെത്തിയത് പട്ടടയ്ക്കലാണ്. 
വിനയാദിത്യന്റെ പട്ടാഭിഷേകം മനുഷ്യകുലമുള്ള കാലത്തോളം നിലനില്‍ക്കുന്ന ഓര്‍മ്മയായി മാറണമെന്ന് തീരുമാനിച്ച വിക്രമാദിത്യന്‍ അതിനുള്ള സ്ഥലം അന്വേഷിച്ച് നടക്കുന്നതിനിടെ എത്തിപ്പെട്ടത് മലപ്രഭാ നദീതീരത്തെ 'കിസുവൊളല്‍' എന്നിടത്താണ്. 'കിസുഗല്ലുഹൊളല്‍' എന്ന് തദ്ദേശീയര്‍ വിളിച്ചുപോന്നത് ലോപിച്ചാണ് കിസുവൊളല്‍ ആയി മാറിയത്. 'കിസുഗല്ലു' എന്നാല്‍ കന്നടയില്‍ മാണിക്യം എന്നര്‍ത്ഥം. 'ഹൊളലു' എന്നാല്‍ നഗരമെന്നും. മലപ്രഭാ നദിക്കടിയിലെ സ്ഫടികക്കല്ലുകളും താഴ്വാരങ്ങളിലെ രക്തരാശിനിറമാര്‍ന്ന പാറക്കൂട്ടങ്ങളും ആ പേരിടലിനു വലിയ പങ്ക് വഹിച്ചു. ആ 'മാണിക്യനഗരം' വിക്രമാദിത്യന്റെ ഹൃദയത്തില്‍ ഇടംപിടിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടു. വിനയാദിത്യന്റെ പട്ടാഭിഷേകത്തിനുശേഷം 'പട്ടട കിസുവൊളല്‍' എന്നറിയപ്പെട്ട ഇവിടം പിന്നെ കാലത്തിനൊപ്പം നടന്നു തേഞ്ഞ് 'പട്ടടയ്ക്കലായി' മാറി. 

പട്ടാഭിഷേകത്തിനു മുന്‍പ് അവിടം ഒരു രാജകീയ ഇടമാക്കിയെടുക്കേണ്ടതുണ്ടായിരുന്നു. അതിമനോഹര ശില്പസൗധങ്ങള്‍കൊണ്ട് രാജവംശത്തിന്റെ അടയാളങ്ങള്‍ ഭൂമിയില്‍ പതിപ്പിക്കേണ്ടതുണ്ടായിരുന്നു. ഐഹോളയില്‍ നിന്നെത്തിയ ശില്പികള്‍ തങ്ങളുടെ സര്‍ഗ്ഗധനതകൊണ്ട് പരസ്പരം വെല്ലുവിളിക്കും നിര്‍മ്മാണങ്ങള്‍ തുടങ്ങി. 
വിക്രമാദിത്യന്റെ മരണശേഷം ചാലൂക്യരാജാവായ വിനയാദിത്യന്‍, തന്റെ പുത്രന്‍ വിജയാദിത്യന്റെ പട്ടാഭിഷേകവും തന്നെ യുവരാജാവായി വാഴിച്ച പട്ടടക്കല്‍ വെച്ചു തന്നെയാണ് നടത്തിയത്. ആ പാരമ്പര്യം പിന്തുടര്‍ന്ന വിജയാദിത്യന്‍, തന്റെ പുത്രനായ വിക്രമാദിത്യന്‍ രണ്ടാമന്റെ കിരീടധാരണവും പട്ടടയ്ക്കല്‍ വെച്ചു തന്നെയാക്കി. 
പട്ടാഭിഷേകങ്ങളുടെ ഒരു പരമ്പര തന്നെ നടന്ന സ്ഥലത്തിന് 'പട്ടടക്കല്‍' എന്നതല്ലാതെ മറ്റെന്ത് വിളിപ്പേര് ലഭിക്കാന്‍!
വിക്രമാദിത്യന്‍ രണ്ടാമനുശേഷം ചാലൂക്യ രാജവംശസ്വാധീനം കുറഞ്ഞുവന്നു. അതനുസരിച്ച് പട്ടടക്കലിലെ നിര്‍മ്മാണങ്ങളും മന്ദഗതിയിലായി. എ.ഡി. 753 മുതല്‍ വടക്ക് പടിഞ്ഞാറുനിന്ന് കയറിവന്ന രാഷ്ട്രകൂടര്‍ ദുര്‍ബ്ബലരായി മാറിയ ചാലൂക്യരുടെ അസ്തമയം കുറിച്ചു. 

ബാറ്ററിക്കാര്‍ ശില്പസൗധങ്ങളുടെ തൊട്ടരികെ തന്നെയാണ് കൊണ്ടുവന്നു നിര്‍ത്തിയത്. ലളിതമായ ദ്രാവിഡശൈലിയിലും അതിസങ്കീര്‍ണ്ണമായ കൊത്തുപണികള്‍ നിറഞ്ഞ നാഗരശൈലിയും പട്ടടക്കല്‍ സൗധങ്ങളില്‍ കാണാം. എ.ഡി. 680-ല്‍ നിര്‍മ്മിച്ച ഗലനാഥ ക്ഷേത്രമാണ് ആദ്യം സന്ദര്‍ശിച്ചത്. ഇവിടുത്തെ നിര്‍മ്മിതികളില്‍ ഏറ്റവും പഴക്കം ചെന്നത് ഗലനാഥ ക്ഷേത്രമാണ്. പൊതുവെ സൗത്ത് ഇന്ത്യന്‍ ശില്പമാതൃകകളില്‍ പെടാത്ത വ്യസ്തമായൊരു മകുടമാണ് ക്ഷേത്രത്തിന്. അതിസൂക്ഷ്മവും സങ്കീര്‍ണ്ണവുമായ കൊത്തുവേലകള്‍ നിറഞ്ഞ മകുടത്തില്‍ സാധാരണ കാണുന്ന പുരാണ കഥാപാത്രങ്ങളെക്കാളും കൂടുതല്‍ നിറഞ്ഞുനില്‍ക്കുന്നത് വിചിത്രവും കൗതുകകരവുമായ ഡിസൈനുകളാണ്. പട്ടടക്കല്ലിലെ ശില്പങ്ങളും നിര്‍മ്മിതികളുമെല്ലാം കിഴക്ക് പടിഞ്ഞാറ് ദിശയില്‍ മലപ്രഭ നദിക്ക് അഭിമുഖമായി വരത്തക്ക രീതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 

പട്ടടയ്ക്കലെ
സംഗമേശ്വരന്‍

വിക്രമാദിത്യനും പില്‍ക്കാല ചാലൂക്യ തലമുറകളും പട്ടടക്കലിന് അതീവ പ്രാധാന്യം നല്‍കി. ഓരോരുത്തരും പട്ടടക്കലിലെ വ്യത്യസ്തമായ നിര്‍മ്മിതികളും ശില്പങ്ങളും വഴി തങ്ങളേയും തങ്ങളുടെ ഭരണകാലത്തേയും കാലത്തിന്റെ ചരിത്രത്താളില്‍ രേഖപ്പെടുത്തുകയായിരുന്നു. വിനായാദിത്യന്റെ കാലത്താണ് നാഗരശൈലിയിലുള്ള ജംബുലിംഗ, കാശിനാഥ കാടസിദ്ധേശ്വര ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്. ശിവനാണ് പ്രതിഷ്ഠ. ക്ഷേത്രച്ചുവരുകള്‍ പട്ടടക്കല്ലില്‍ സമൃദ്ധമായുള്ള രക്തരാശിപ്പാറകളുടെ വന്‍ പലകകളാല്‍ നിര്‍മ്മിച്ചവയാണ്. എന്നാല്‍, ക്ഷേത്രപ്രതിഷ്ഠകള്‍ മുഴുവനും ചില ശില്പങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് മലപ്രഭാനദിയിലെ കല്ലുകള്‍കൊണ്ടാണ്. 
കോവിലിലെ ശിവലിംഗത്തിനു സാധാരണ കാണുന്ന തരം ഇരുള്‍ കറുപ്പുനിറമല്ല. പകരം സൂര്യപ്രകാശം ഏറ്റുവാങ്ങി തിളങ്ങുന്ന ഇരുണ്ട പച്ചനിറം. കരുത്തും ഭംഗിയും ചേര്‍ന്നൊരു ലിംഗപ്രതിഷ്ഠ.

കാലവും മനുഷ്യരും ചേര്‍ന്നേല്പിച്ച പ്രഹരങ്ങള്‍ ചുവരുകളില്‍ വിണ്ടടര്‍ന്നും ശില്പങ്ങളില്‍ അവയവ നഷ്ടമായും ഒക്കെ കലാസ്വാദകരെ സങ്കടപ്പെടുത്തും. 
അടുത്തത് എ.ഡി. 700-ല്‍ പണികഴിപ്പിച്ച സംഗമേശ്വര ക്ഷേത്രമാണ്. ദ്രാവിഡശൈലിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വിക്രമാദിത്യന്റെ മകന്‍ വിനയാദിത്യന്റെ മകനാണ് ക്ഷേത്ര നിര്‍മ്മാതാവ്. വിജയേശ്വരന്‍ എന്ന പേരില്‍ ശിവനെ ആരാധിക്കാനൊരിടമാണ് ക്ഷേത്രനിര്‍മ്മിതിയിലൂടെ രാജാവ് ഉദ്ദേശിച്ചത്. പക്ഷേ, കാലം എപ്പോഴോ, എങ്ങനെയൊക്കയോ വിജയേശ്വരനെ സംഗമേശ്വരനാക്കി. 

മറ്റു ക്ഷേത്രനിര്‍മ്മിതികളെ അപേക്ഷിച്ച് പട്ടടക്കലിലെ ശില്പങ്ങള്‍ക്കും ക്ഷേത്രനിര്‍മ്മിതികള്‍ക്കുമുള്ള പ്രത്യേകത അവയുടെ നിര്‍മ്മാണചെലവിലേക്ക് തദ്ദേശീയമായ സംഭാവനകളും രാജാവ് വാങ്ങി എന്നതാണ്. അതായത് ക്ഷേത്രം ഉയര്‍ന്നത് പൂര്‍ണ്ണമായും രാജഭണ്ഡാരത്തിന്റെ ബലത്തിലല്ല എന്നര്‍ത്ഥം. രാജാവ് ബുദ്ധിമാന്‍ മാത്രമല്ല, കൗശലക്കാരനും കൂടെയാണ് എന്നും മനസ്സിലാക്കാം. ദൈവപ്രീതിക്കൊപ്പം രാജപ്രീതിക്കും കൊതിച്ച സമൂഹത്തിലെ ഉന്നതരും രാജനര്‍ത്തകികളും പ്രമുഖ വണിക്കുകളുമെല്ലാം മികച്ച സംഭാവന നല്‍കി. അത് രാജാവ് ക്ഷേത്രച്ചുവരുകളില്‍ രേഖപ്പെടുത്താന്‍ കല്പന പുറപ്പെടുവിച്ചതിന്റെ ഉദ്ദേശ്യം കൂടുതല്‍ ആളുകള്‍ പ്രചോദനപ്പെടുക എന്നുതന്നെയാവണം.
ഐഹോളന്‍ ശില്പികളുടെ കൈ പതിഞ്ഞിടത്തെല്ലാം കാണാം ശിവനും ഭ്രുംഗി ഋഷിയും. അത് ഇവിടെയും ഉണ്ട്! മിത്തുകള്‍ക്കും പുരാണങ്ങള്‍ക്കും ഒരു പഞ്ഞവുമില്ലാത്തതിനാല്‍ ശില്പങ്ങള്‍ക്കും ഒരു പണവുമില്ല. എ.ഡി. 734-ല്‍ വിജയാദിത്യന്‍ മരിച്ചതോടെ വിജയേശ്വര ക്ഷേത്രത്തിന്റെ പണി പാതിവഴിയിലിട്ടു. പിന്നീടത് സംഗമേശ്വര ക്ഷേത്രം എന്നറിയപ്പെട്ടു. വീതികുറഞ്ഞ കല്‍വരാന്തകളാണ് ശ്രീകോവിലിനു മുന്നില്‍. സ്വസ്ഥമായിരുന്ന് കീര്‍ത്തനങ്ങള്‍ ആലപിക്കുകയോ ദൈവത്തെ സ്തുതിക്കുകയോ ചെയ്യാം. മലപ്രഭയുടെ തണുത്ത കാറ്റേറ്റ് പ്രപഞ്ചം അതീന്ദ്രിയതകളെ ഭൂമിക്കു പകരുന്ന സന്ധ്യാനേരത്ത്, ആ കരിങ്കല്‍പ്പടവുകളിലെ ഇരുത്തം ഒരു ജന്മത്തെ പൂര്‍ണ്ണമാക്കും. നദിയിലേക്ക് തുറക്കുന്ന കൂറ്റന്‍ കരിങ്കല്‍ പ്രവേശനകവാടവും മതിലും പൊളിഞ്ഞടര്‍ന്നിട്ടുണ്ടെങ്കിലും ഗാംഭീര്യം കൂടിക്കൂടി വന്നിട്ടേയുള്ളൂ. നദിക്കഭിമുഖമായി നില്‍ക്കുന്ന പേരാലിന്റെയിലകള്‍ നദിക്കാറ്റില്‍ അലസം ആടുന്നു. 

വിജയാദിത്യന്റെ മകനായ വിക്രമാദിത്യന്‍ രണ്ടാമനുശേഷം വന്നവര്‍ മുന്‍ഗാമികളുടെയത്ര പ്രബലരല്ലാതിരുന്നതിനാല്‍ ചാലൂക്യ രാജവംശം അതിന്റെ അവസാന കാലത്തേക്ക് വളരെ പെട്ടെന്ന് എത്തി. 
വിക്രമാദിത്യന്‍ രണ്ടാമനാവട്ടെ, തന്റെ പൂര്‍വ്വികരെപ്പോലെ നിര്‍മ്മിതികള്‍ക്കു വലിയ പ്രാധാന്യം നല്‍കിയില്ല. തന്റെ പൂര്‍വ്വികരോട് പല്ലവര്‍ ചെയ്ത അപരാധങ്ങളായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. അതുകൊണ്ടുതന്നെ കൊടും പകയൂറിക്കിടന്ന ആ മനസ്സില്‍ ലളിതകലകളേക്കാള്‍ യുദ്ധതന്ത്രങ്ങളാണ് നിറഞ്ഞുനിന്നത്. പല്ലവരുടെ ആസ്ഥാനമായ കാഞ്ചീപുരത്തേക്ക് പടനയിക്കലും പല്ലവര്‍ക്ക് കനത്ത നാശനഷ്ടം സമ്മാനിച്ച് ആനന്ദിക്കലുമായിരുന്നു അദ്ദേഹത്തിന് ആത്മസംതൃപ്തി നല്‍കിയത്. ഓരോ പല്ലവനും അഭിമാനപുരസ്സരം നെഞ്ചേറ്റിയിരുന്ന കാഞ്ചീപുരത്തെ കൈലാസനാഥര്‍ ക്ഷേത്രച്ചുവരില്‍ തന്റെ പിതാവിന്റെ പേരെഴുതിയിട്ട് അദ്ദേഹം ഓരോ പല്ലവന്റേയും ഹൃദയത്തെ മുറിവേല്‍പ്പിച്ചു. ചാലൂക്യര്‍ക്കു പല്ലവരോടുള്ള നിതാന്തവൈരത്തിന്റേയും പകയുടേയും ആള്‍രൂപമായി വിക്രമാദിത്യന്‍ രണ്ടാമന്‍. 

വരാനിരിക്കുന്ന ചരിത്രത്താളുകളില്‍ ചാലൂക്യര്‍ അഭിമാനപൂര്‍വ്വം രേഖപ്പെടാനായി വിക്രമാദിത്യന്‍ രണ്ടാമന്‍ നിരന്തരം യുദ്ധങ്ങള്‍ ചെയ്തപ്പോള്‍, അദ്ദേഹത്തിന്റെ പത്‌നിമാരായ ത്രൈലോക മഹാദേവിയും ലോകമഹാദേവിയും മണ്ണില്‍ അദ്ദേഹത്തിന്റെ സ്ഥാനം രേഖപ്പെടാനുള്ള രാജകീയ നിര്‍മ്മിതികളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. 
ഒന്നാം റാണി ലോകമഹാദേവിയുടെ ലോകേശ്വരക്ഷേത്രമാണ് അതിലൊന്ന്. സൂര്യന്‍ മടക്കം തുടങ്ങിയതിനാല്‍ ക്ഷേത്രാന്തര്‍ഭാഗവും ശ്രീകോവിലും മങ്ങിയ ഇരുള്‍ മൂടിയിരിക്കുന്നു. ശിവനാണ് പ്രതിഷ്ഠ. ഇപ്പോള്‍ പൊളിഞ്ഞടര്‍ന്നുവെങ്കിലും ഒരുകാലത്ത് ഗാംഭീര്യം എന്തെന്ന് കൃത്യമായി വ്യക്തമാക്കിത്തരുന്ന മതില്‍ക്കെട്ടുണ്ട് ക്ഷേത്രത്തിന്. മിനുസമാര്‍ന്ന ചുവന്ന രക്തരാശി പാറകള്‍ ചതുരത്തില്‍ വെട്ടിയെടുത്താണ് മതില്‍ക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. വിശാലവും എടുപ്പുള്ളതുമായ പ്രവേശനകവാടം കയറിച്ചെന്നാല്‍ നന്ദിയാണ് ആദ്യകാഴ്ച. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും നന്ദിയുടെ സാന്നിദ്ധ്യം ഉണ്ട്. കാലം മിക്കതിനും അംഗഭംഗവും വരുത്തിയിരിക്കും. ഇവിടെയും നന്ദിക്ക് അല്ലറചില്ലറ തട്ടുകേടുകളൊക്കെയുണ്ട്. കുത്തനെയുള്ള വീതികുറഞ്ഞ കരിങ്കല്‍ പടികള്‍ കയറിച്ചെന്നാല്‍ ഇളംതിണ്ണയോടുകൂടിയ ഒരു അറയാണ്. അതിനു മുന്നിലാണ് ശ്രീകോവില്‍. ശ്രീകോവിലിനിരുവശത്തും ദ്വാരപാലകരായ വീരഭദ്രന്മാര്‍. മറ്റു ദേവീദേവ ശില്പങ്ങള്‍. 

നാരായണക്ഷേത്രം
നാരായണക്ഷേത്രം


ക്ഷേത്രത്തൂണുകള്‍ രാമായണകഥാങ്കിതമാണ്. സചിത്ര രാമായണകഥ വായിക്കും പോലെ തൂണുകളില്‍ രാമായണ കഥാസന്ദര്‍ഭങ്ങള്‍ മുഴുവനുമുണ്ട്. എല്ലാം സൂക്ഷ്മവും സങ്കീര്‍ണ്ണവുമായ കൊത്തുശില്പങ്ങളാണ്. വിക്രമാദിത്യന്റെ ഒന്നാം റാണി ലോകമഹാദേവി ശകലം കടുംപിടുത്തക്കാരിയായിരുന്നത്രേ. പട്ടടക്കല്‍ ശില്പനിര്‍മ്മിതികളില്‍ തന്റെ ക്ഷേത്രമായിരിക്കണം ഏറ്റവും മികച്ചത് എന്നതിനപ്പുറം, തന്റെ മേല്‍നോട്ടത്തിലുള്ള നിര്‍മ്മിതികള്‍ ചാലൂക്യ നിര്‍മ്മിതികളില്‍ ഏറ്റവും മികച്ചതായിരിക്കണം എന്നാണ് ലോകമഹാദേവി ലക്ഷ്യം വച്ചത്. അതുകൊണ്ടുതന്നെ ക്ഷേത്രച്ചുവരുകളിലും തൂണുകളിലും ഒരിഞ്ച് സ്ഥലം ബാക്കിവെയ്ക്കാതെ ശില്പികള്‍ രാജ്ഞിയുടെ സ്വപ്നം പൂവണിയിക്കാന്‍ കൂട്ടുനിന്നു. ആ ശില്പക്കൂട്ടങ്ങള്‍ കണ്ട് അമ്പരന്നു കൈകൂപ്പിപ്പോവും ഒരു കലാസ്വാദകന്‍. 

രാജകീയ മഹിമകളുടെ
നിറഭേദങ്ങള്‍

ലോകേശ്വര ക്ഷേത്രത്തിനു തൊട്ടപ്പുറത്തായി രണ്ടാം റാണി ത്രൈലോക മഹാദേവിയുടെ മല്ലികാര്‍ജ്ജുന ക്ഷേത്രമുണ്ട്. ഇവിടെയും ശിവനാണ് ആരാധനാമൂര്‍ത്തിയെങ്കിലും പേരിനു മാറ്റമുണ്ട്. ഇവിടെ ശിവന്‍ ത്രൈലോകേശ്വരന്‍ ആണ്. മൂത്ത റാണിയുടെ അത്ര കടുംപിടുത്തക്കാരിയല്ലാത്ത ഇളയ റാണി ഒരു തരളഹൃദയത്തിനുടമയാണെന്നു തോന്നുംവിധമാണ് ഇവിടുത്തെ ശില്പങ്ങള്‍. സുന്ദരികളായ ദേവസ്ത്രീകള്‍, രാജവംശജര്‍, ദാസികള്‍ എന്നിവരുടെ ദൈനംദിന ജീവിതവും കുസൃതികളും അഴകളവുകളുമൊക്കെയാണ് ഇവിടുത്തെ ശില്പങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കൂട്ടത്തില്‍ അക്കാലത്തെ സാധാരണക്കാരുടെ ജീവിതവും മുഖങ്ങളും കൂടെ ശില്പാശയങ്ങളിലുണ്ട്. ചിലയിടത്താവട്ടെ, അക്കാലത്തെ ശിക്ഷാവിധികളും കാണാം. ഏതായാലും രണ്ട് റാണിമാരും തങ്ങളാലാവുംവിധം ക്ഷേത്രങ്ങള്‍ അതിമനോഹരമാക്കിയിട്ടുണ്ട്. 
ഒരിക്കല്‍ രാജകീയ പ്രൗഢി മഹിമകളുടെ നിറകുംഭങ്ങളായിരുന്ന ക്ഷേത്രങ്ങളും പരിസരവും ഇപ്പോള്‍ ഏകാന്ത നിശ്ശബ്ദതയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നു. വിദേശികളായ സഞ്ചാരികള്‍ തേടിപ്പിടിച്ചെത്തുന്ന പട്ടടക്കല്ലില്‍ സ്വദേശികള്‍ വല്ലാതൊന്നുമില്ല. നന്നായിത്തന്നെ പരിപാലിക്കപ്പെടുന്നതുകൊണ്ട് അതിന്റേതായ വൃത്തിയും ഭംഗിയുമുണ്ട്. 
ക്ഷേത്രമുറ്റത്ത് വലിയൊരു കരിങ്കല്‍ത്തൂണ്‍ ഉണ്ട്. അത് സ്ഥാപിച്ചത് വിക്രമാദിത്യന്‍ രണ്ടാമന്റെ പുത്രന്‍ കീര്‍ത്തിവര്‍മ്മനാണ്. കരിങ്കല്‍നിര്‍മ്മിതമായ ആ കല്‍ത്തൂണ്‍ മുഴുവന്‍ അന്നത്തെ ലിപിയിലുള്ള കൊത്തിയെഴുത്തുകളാണ്. വിക്രമാദിത്യന്‍ രണ്ടാമനുശേഷം ചാലൂക്യവംശം അധഃപതന പാതയിലേക്കാണ് നീങ്ങിയത്. അതേതാണ്ട് മൂന്നാലു തലമുറകൊണ്ട് പൂര്‍ത്തിയാവുകയും ചെയ്തു.

കീര്‍ത്തിവര്‍മ്മന്‍ തന്റെ മുന്‍തലമുറക്കാരുടെ പ്രതാപവും യുദ്ധവീര്യവും റാണിമാരുടെ ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അന്നത്തെ പണ്ഡിതന്മാരെക്കൊണ്ട് കല്‍ത്തൂണില്‍ എഴുതിപ്പിച്ച്  ആ കല്‍ത്തൂണ്‍ പട്ടടക്കല്‍ സൗധങ്ങളുടെ നടുവില്‍ നാട്ടി. കീര്‍ത്തിവര്‍മ്മന്റെ ആ പ്രവൃത്തി ചാലൂക്യ രാജവംശത്തെ ഭാരത രാജവംശചരിത്രത്തിലേക്ക് ഒന്നൂടെ ഉറപ്പിച്ചിടുന്ന തെളിവായി മാറി. 

ഓരോ ക്ഷേത്രത്തിനും തൊട്ടടുത്ത് പുരാവസ്തുവകുപ്പ് അതിനെക്കുറിച്ചൊരു ലഘുവിവരണം കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നത് ഏറെ പ്രയോജനപ്രദമാണ്. നിലം മുഴുവന്‍ കരിങ്കല്‍പാളികള്‍ പാകിയ നടപ്പാതകളും പച്ചപ്പുല്‍മേടുകളുമൊക്കെ പുരാവസ്തുവകുപ്പ് നിര്‍മ്മിച്ചിട്ടുണ്ട്. ചുറ്റുപാടും വെച്ചു നോക്കുമ്പോള്‍ വലിയ ചൂടില്ല ക്ഷേത്രാന്തരീക്ഷത്തിന്. ക്ഷേത്രങ്ങള്‍ക്ക് കിഴക്ക് വശത്തൂടെ ഒഴുകുന്ന മലപ്രഭ നദിയിലെ തണുത്തക്കാറ്റിന് അതില്‍ വലിയൊരു പങ്കുണ്ട്. 

രാഷ്ട്രകൂടരുടെ സ്വാധീനം വര്‍ദ്ധിച്ചുവരുകയും ചാലൂക്യര്‍ മാഞ്ഞുതുടങ്ങുകയും ചെയ്ത സമയത്ത് നിര്‍മ്മിച്ച പാപനാഥക്ഷേത്രം എടുത്തുപറയേണ്ട ഒന്നാണ്. എല്ലാവരേയും പോലെ ഈ ക്ഷേത്രനിര്‍മ്മിതി കാലയളവിലെ രാജാവായ കീര്‍ത്തിവര്‍മ്മനും തന്റെ ക്ഷേത്രം മികച്ചതായിരിക്കണം എന്ന് ചിന്തിച്ചതിന്റെ ഫലമാണാവോ ക്ഷേത്രമച്ചില്‍ വരെ നിറഞ്ഞുനില്‍ക്കുന്ന ചിത്രശില്പങ്ങള്‍!
പട്ടടക്കല്ലിലെ നിര്‍മ്മാണങ്ങളെല്ലാം പലവിധ ശൈലിയിലുള്ളതാണ്. പരമ്പരാഗത ശൈലിയും നൂതനശൈലിയും സങ്കരശൈലിയുമെല്ലാം നിര്‍മ്മിതികളിലും ശില്പങ്ങളിലും പരീക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതെല്ലാം ഉള്‍ക്കൊള്ളാനും ആസ്വദിക്കാനുമുള്ള അറിവും കലാഹൃദയവും കാഴ്ചക്കാര്‍ക്കും വേണമെന്ന് അര്‍ത്ഥം. ഇനി ഇതൊന്നുമില്ലാത്ത അതിസാധാരണക്കാരനായി പട്ടടക്കല്‍ കാണുകയാണെങ്കിലും ഇവിടെ ശില്പികള്‍ എന്തൊക്കെയോ നിര്‍മ്മാണരീതികള്‍ പരീക്ഷിച്ചു നോക്കിയിട്ടുണ്ടെന്നു മനസ്സിലാവും. 
ഗവാക്ഷ, അമാല എന്നൊക്കെയാണ് ക്ഷേത്രമകുടങ്ങള്‍ക്കു മുകളിലെ നിര്‍മ്മിതികള്‍ക്കു ശില്പഭാഷയില്‍ വിളിപ്പേര് എന്ന് പറയപ്പെടുന്നു. ബാലിയിലെ ചില ക്ഷേത്രചിത്രങ്ങളുടെ മകുടങ്ങള്‍ ഏതാണ്ട് ഇതേ ശൈലിയാണല്ലോ കണ്ടതെന്നു തോന്നി. 


ഗ്രാമീണമായ അന്തരീക്ഷത്തിനു നടുവില്‍ മണല്‍ക്കല്ലുകളും മൃദുരക്തരാശിപ്പാറകളും ഉപയോഗിച്ച് ഒരു ദേവലോകം തന്നെയാണ് ശില്പികള്‍ മലപ്രഭ നദിയോരത്ത് സൃഷ്ടിച്ചത്. ലോകപൈതൃക പട്ടികയില്‍ പട്ടടക്കല്ലിനെ രേഖപ്പെടുത്താന്‍ അവര്‍ കുറിച്ച അടയാള വാക്യം 'എ ഹാര്‍മോണിയസ് ബ്ലന്‍ഡ് ഓഫ് സൗത്ത് ഇന്ത്യന്‍ ആന്റ് നോര്‍ത്ത് ഇന്ത്യന്‍ ആര്‍ക്കിടെക്ച്ചര്‍' എന്നാണ്. പത്ത് ക്ഷേത്രങ്ങളാണ് പട്ടടക്കല്ലിലുള്ളത്. അതില്‍ ഗലനാഥ ക്ഷേത്രത്തിലെ അന്തകാസുരനെ വധിക്കുന്ന എട്ടുകയ്യുള്ള ശിവന്റെ ശില്പം ഭാരതീയ ശില്പങ്ങളിലെ പ്രൗഢമായ ഒന്നാണ്. മലപ്രഭ നദിയുടെ ആഴങ്ങളില്‍ ഇളംപച്ച നിറത്തില്‍ തണുത്തുറഞ്ഞ് കിടന്ന കല്ലുകളാണ് പ്രതിഷ്ഠാനിര്‍മ്മിതികള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. 
രാഷ്ട്രകൂടര്‍ക്കുശേഷം ബീജാപ്പൂര്‍ സുല്‍ത്താനും ആദില്‍ഷായും ഒടുവില്‍ ഔറംഗസേബും പട്ടടക്കല്‍ തങ്ങളുടേതാക്കി. സ്വാഭാവികമായും അനേകമനേകം തച്ചുതകര്‍ക്കലുകളും നശീകരണവും നടത്തിയിട്ടുണ്ടാവണം ആ അധിനിവേശങ്ങള്‍. ഒക്കെ കഴിഞ്ഞ് ബാക്കി വന്നതാണ് ഇപ്പോഴുള്ളത്. എന്നിട്ടുപോലും അവയുണ്ടാക്കുന്ന വിസ്മയം എത്രയെത്ര വലുതാണ്. 
ഹൈദരലിയുടേയും ടിപ്പുവിന്റേയും പരാജയത്തിനു ശേഷം പട്ടടക്കല്‍ അവരുടെ കയ്യില്‍നിന്നും ബ്രിട്ടീഷുകാര്‍ക്കു ലഭിക്കുകയും കാലക്രമേണ സംരക്ഷിത സ്മാരകമായി മാറുകയും ചെയ്തു. 
ഏകദേശം ഒരു മണിക്കൂറോളം സമയമെടുത്ത് കണ്ടു മടങ്ങിവരുമ്പോള്‍ ഒട്ടും പരാതിയോ അക്ഷമയോ ഇല്ലാതെ ബാറ്ററിക്കാറും ഡ്രൈവറും കാത്തുനില്‍ക്കുന്നു. ഞങ്ങള്‍ക്കു മുന്നേ അവിടെയുള്ള വിദേശികള്‍ ഇനിയും പാതിപോയിട്ട് കാല്‍ഭാഗം പോലും കണ്ടു തീര്‍ന്നിട്ടില്ല. ചെറിയൊരു ആത്മപുഞ്ജം ഉള്ളില്‍ തോന്നാതിരുന്നില്ല ഞങ്ങളുടെ ധൃതിവെച്ച കാഴ്ചയില്‍.  എത്രയോ കാലങ്ങള്‍കൊണ്ട് എത്രയോ തലമുറകള്‍ ജീവിതം ബലി നല്‍കി അതിസൂക്ഷ്മം നിര്‍മ്മിച്ചവയാണ് വളരെ നിസ്സാരമായി ഒന്നോ രണ്ടോ മണിക്കൂറുകള്‍കൊണ്ട് കണ്ട് മടങ്ങുന്നത്. 
കാലമേ, ശില്പികളേ പൊറുക്കുക!

പട്ടാഭിഷേകങ്ങളുടെ ദേവഭൂമിയില്‍നിന്നു മടങ്ങുമ്പോള്‍ പലവട്ടം പിന്തിരിഞ്ഞു നോക്കിപ്പോവും. എല്ലായ്‌പ്പോഴും തോന്നുന്നപോലെ എത്രയെത്ര തലമുറകളുടെ അധ്വാനമാണ്, ജീവനാണ്, ജീവിതമാണ് തങ്ങളുടെ വേദനകളുടേയും യാതനകളുടേയും മുകളില്‍ സൗന്ദര്യത്തിന്റെ മേലാപ്പിട്ടു മൂടി രാജവംശത്തിന്റെ അഭിമാനസ്തംഭമായി നില്‍ക്കുന്നത്. രക്തമുറയുന്ന രണാങ്കണത്തിലും പടുകൂറ്റന്‍ നിര്‍മ്മിതികളുടെ നിര്‍മ്മാണങ്ങളിലുമായി ഭാഗിക്കപ്പെട്ടു പോവുന്ന സാധാരണ ജനജീവിതങ്ങള്‍ക്കും അവരുടെ അതിജീവനങ്ങള്‍ക്കും ഒരിക്കലും രാജചരിത്രഗാഥകളില്‍ ഇടമില്ലല്ലോ. ചരിത്രനിര്‍മ്മിതികള്‍ക്കുവേണ്ടി ഒരു ജന്മം ഉഴിഞ്ഞിടുമ്പോഴും ചരിത്രത്തില്‍ ഇടം കിട്ടാത്ത ഭാഗ്യഹീനര്‍!

രക്തപുര എന്നൊരു പേരുകൂടെ പട്ടടക്കല്ലിന് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. കൊട്ടും കുരവയും ആര്‍ഭാടങ്ങളുമായി അധികാരമേല്‍ക്കലിനും അധികാരമൊഴിയലിനും സാക്ഷ്യംവഹിച്ച് തിളച്ചുമറിഞ്ഞുനിന്ന പട്ടടക്കല്ലിന്റെ ചുവന്ന മണ്ണ് ഇന്ന് ഗതകാല സ്മൃതികളില്‍ നനഞ്ഞു മയങ്ങുന്നു. ഇന്തോ-ആര്യ ദ്രാവിഡ സംസ്‌കാരത്തിന്റെ സമ്മിശ്ര വശ്യഭംഗി കാണണമെങ്കില്‍ പട്ടടക്കല്‍ എത്തുകതന്നെ വേണം. ഇപ്പോഴുള്ള ക്ഷേത്രങ്ങളില്‍ ഒന്നില്‍ മാത്രമാണ് ആരാധനയുള്ളത്. 

ഭാരതചരിത്രമുറങ്ങുന്ന ഓരോ ഇടങ്ങളും കാലാവസ്ഥയോടും മറ്റനേകം പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയൊക്കെ സംരക്ഷിച്ചാലും കാലത്തിന്റെ അനിവാര്യതപോലെ അവ അലിഞ്ഞുപോകുന്നുണ്ട്. പട്ടടക്കലും അതില്‍പ്പെടുന്നു. നാശനഷ്ടങ്ങള്‍ എമ്പാടും കാണാം. കേടുപാടു തീര്‍ക്കല്‍ പലപ്പോഴും അവയുടെ പൗരാണികത നഷ്ടപ്പെടുത്തുന്ന അഭംഗിയിലേക്കാണെത്തുക. 

പട്ടടക്കല്ലില്‍നിന്ന് 22 കിലോമീറ്റര്‍ അപ്പുറം ചാലൂക്യരുടെ ആദ്യ തലസ്ഥാനമായ ബദാമി ഉണ്ട്. ചാലൂക്യരുടെ സ്വപ്നഭൂമി! ബദാമി ഗുഹാക്ഷേത്രങ്ങള്‍ കൂടെ കണ്ടാലേ ഹംപി ഐഹോള പട്ടടക്കല്‍ യാത്രയ്ക്ക് ഒരു തുടര്‍ച്ചയും അവസാനവും ആവൂ. ബാറ്ററിക്കാര്‍ ഞങ്ങളേയും വഹിച്ച് മുന്നോട്ട് നീങ്ങുമ്പോള്‍, അങ്ങ് പിന്നിലായി കര്‍ണാടകയിലെ ബലവാന്മാരുടെ രാജവംശ മഹിമ പേറും സൗധങ്ങള്‍ തലയെടുപ്പോടെ കാലത്തെ നോക്കി അഭിമാനപൂര്‍വ്വം പുഞ്ചിരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com