'പെണ്ണുങ്ങള്‍ പറഞ്ഞ കഥകളാണ് ആണുങ്ങളായ എഴുത്തുകാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്'- കഥയെഴുത്തിന്റെ ഓര്‍മകളുമായി  കെആര്‍ മീര

ആരും പറയാത്ത കഥ എഴുതണമെന്ന് വിചാരിച്ചു കൊണ്ടല്ല, ഞാന്‍ 'സര്‍പ്പയജ്ഞം' എഴുതിയത്
'പെണ്ണുങ്ങള്‍ പറഞ്ഞ കഥകളാണ് ആണുങ്ങളായ എഴുത്തുകാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്'- കഥയെഴുത്തിന്റെ ഓര്‍മകളുമായി  കെആര്‍ മീര

നിങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന പുസ്തകം മറ്റാരും എഴുതുന്നില്ലെങ്കില്‍ അത് എഴുതാനുള്ള നിയോഗം നിങ്ങള്‍ക്കാണ് എന്നു ടോണി മോറിസണ്‍ പറഞ്ഞിട്ടുണ്ട്.  

എഴുത്തു നിര്‍ത്തുന്നതിനു മുന്‍പോ വീണ്ടും എഴുതിത്തുടങ്ങിയ കാലത്തോ ഞാന്‍ ടോണി മോറിസണെ വായിച്ചിരുന്നില്ല. ഞാന്‍ ആഗ്രഹിച്ചതുപോലെയുള്ള കഥകള്‍ മാധവിക്കുട്ടിക്കു പുറമെ, ചന്ദ്രമതി, ഗീതാ ഹിരണ്യന്‍, പ്രിയ എ.എസ്, സിതാര എസ്., ഗ്രേസി, സാറ ജോസഫ് എന്നിവരൊക്കെ എഴുതിയിരുന്നു. അതിനാല്‍, ആരും പറയാത്ത കഥ എഴുതണമെന്ന് വിചാരിച്ചു കൊണ്ടല്ല, ഞാന്‍ 'സര്‍പ്പയജ്ഞം' എഴുതിയത്.

ഒരു രാത്രിയില്‍ പെട്ടെന്നുള്ള ഒരു ആവേശത്തിലാണ് അതെഴുതിയത്. പല കാരണങ്ങളാലും ഞാന്‍ അങ്ങേയറ്റം ദുഃഖിതയും അസ്വസ്ഥയും ആയിരുന്നു. അന്നു രാവിലെ ഒരു പരിചയക്കാരന്റേയും  ഭാര്യയുടേയും പിണക്കത്തെക്കുറിച്ച് കേള്‍ക്കാനിടയാകുകയും ചെയ്തു.  ഭാര്യയുടെ പേഴ്സില്‍ 'ഐ ലവ് യൂ' എന്ന് എഴുതിയ ഒരു കടലാസു തുണ്ട് ഭര്‍ത്താവ് കണ്ടെത്തിയതും അതിനെച്ചൊല്ലി അവര്‍ തമ്മില്‍ വഴക്കുണ്ടായതുമായിരുന്നു സംഭവം. ഞാന്‍ ഭാര്യയുടെ പക്ഷത്ത് ഉറച്ചുനിന്നു. അങ്ങനെയൊരു കടലാസു തുണ്ട് അവര്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ഭര്‍ത്താവിന്റെ അംഗീകാരം കിട്ടാത്തതുകൊണ്ടാണ്  എന്നു  വാദിച്ചു. വിവാഹം കഴിച്ചു എന്ന ഒറ്റക്കാരണത്താല്‍, അംഗീകാരത്തിനുവേണ്ടി ആഗ്രഹിക്കാനും അതില്‍ ആഹ്ലാദിക്കാനുമുള്ള അവകാശം അവള്‍ക്കു നഷ്ടപ്പെടുമോ എന്നു ചോദ്യം ചെയ്തു.

അന്നു വൈകിട്ട് ഒരു സംഭവം കൂടിയുണ്ടായി. സന്ധ്യയ്ക്ക്  മേല്‍ കഴുകാന്‍ കുളിമുറിയില്‍ കയറിയപ്പോള്‍ നിലത്തു കിടന്ന നനഞ്ഞ ഒരു കയര്‍ക്കഷണത്തില്‍ എന്റെ പാദം പതിഞ്ഞു. പെട്ടെന്ന് ആ കയര്‍ക്കഷണം ഉണര്‍ന്ന് എന്റെ പാദത്തിനു മീതേ ഇഴഞ്ഞുപോയി. ഒരു ചെറിയ ശംഖുവരയന്‍. ഒരു പാമ്പ് ശരീരത്തില്‍ക്കൂടി ഇഴയുമ്പോഴുള്ള അനുഭവം ഞാന്‍ ആദ്യമായി അറിയുകയായിരുന്നു. കുറേ നേരം ഞാന്‍ സ്തംഭിച്ചുനിന്നു.  കുളി കഴിഞ്ഞിട്ടും എന്റെ പാദത്തിനു മേല്‍ അതിന്റെ വഴുവഴുപ്പും പരുപരുപ്പുമുള്ള ശീതളസ്പര്‍ശം  മാഞ്ഞുപോകാതേയും തീവ്രത കുറയാതേയും അവശേഷിച്ചു.  എന്തുകൊണ്ടാണ് ആ പാമ്പ് എന്നെ കടിക്കാതെ പോയത് എന്ന അമ്പരപ്പു മായാതെ കംപ്യൂട്ടര്‍ ഓണ്‍ ചെയ്ത് ഞാന്‍ ടൈപ്പ് ചെയ്തു തുടങ്ങി.  കടിക്കാതെ പോയ പാമ്പും  രാവിലെ കേട്ട സുഹൃത്തിന്റെ കഥയും അലിഞ്ഞുചേര്‍ന്ന് ഒന്നാകുകയും  ഒറ്റ ഇരിപ്പിന് അത് എഴുതിത്തീരുകയും ചെയ്തു. 'സര്‍പ്പയജ്ഞം' എന്നു തലക്കെട്ട് ഇടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.

സി രാധാക‌ൃഷ്ണൻ
സി രാധാക‌ൃഷ്ണൻ

'സര്‍പ്പയജ്ഞം' പ്രസിദ്ധീകരിച്ച 'മാതൃഭൂമി' കിട്ടിയതിനുശേഷം ഓഫീസില്‍ പോകാന്‍ എനിക്ക് ചമ്മലുണ്ടായിരുന്നു. ജീവിതം ആകെ തകര്‍ന്നുതരിപ്പണമായതുപോലെയാണ് അപ്പോള്‍ തോന്നിയത്. ഒന്നും സംഭവിക്കാത്തതുപോലെ അഭിനയിക്കാന്‍ ഞാന്‍ ഒരുപാടു പ്രയാസപ്പെട്ടു. ആരെയും അഭിമുഖീകരിക്കാതിരിക്കാന്‍ ശ്രമിച്ചു. സാഹിത്യവിചക്ഷണനായ ഒരു സഹപ്രവര്‍ത്തകന്‍ ആയിരുന്നു ആദ്യ വിമര്‍ശകന്‍. കഥയുടെ നീളം കൂടുതലാണ്, നിലവിലുള്ള ലോകത്തെ തള്ളിക്കളഞ്ഞ് അയഥാര്‍ത്ഥമായ മറ്റൊരു ലോകം സൃഷ്ടിക്കാനുള്ള വെമ്പലാണ് എന്നൊക്കെ നിരീക്ഷിച്ചശേഷം അദ്ദേഹം പറഞ്ഞു:

''പക്ഷേ, ആ കഥയുടെ അവസാന വരിയുണ്ടല്ലോ- ഞാന്‍ കിടുങ്ങിപ്പോയി!''

വളരെക്കാലം കഴിഞ്ഞാണ് എഴുത്തുകാരനായ കെ.എ. സെബാസ്റ്റ്യന്‍ ദിലീപിനോടു പറഞ്ഞത്:

''സര്‍പ്പയജ്ഞം നന്നായി എന്നു മീരയോടു പറയണം. കഴിഞ്ഞ പത്തു കൊല്ലത്തിനിടയില്‍ വായിച്ച, മനസ്സില്‍ തട്ടിയ കഥയായിരുന്നു അത്.''

സെബാസ്റ്റ്യന്റെ കഥകള്‍ക്കു വേണ്ടി 'ഇന്ത്യ ടുഡെ' മലയാളത്തില്‍ പരതിയിരുന്ന വായനക്കാരിക്ക് അതൊരു വലിയ പ്രോത്സാഹനം തന്നെയായിരുന്നു.

പക്ഷേ, എഴുത്തുകാരനായ ഒരു സഹപ്രവര്‍ത്തകന്റെ അഭിപ്രായം എന്നെ കഠിനമായി പ്രകോപിപ്പിച്ചു.  അയാള്‍ എനിക്ക് ഇങ്ങനെ എഴുതി:

''കഥ വായിച്ചു. പൊതുവെ പെണ്ണുങ്ങള്‍ എഴുതുന്ന കഥകള്‍ ഞാന്‍ വായിക്കാറില്ല. അടുക്കളയില്‍ ആരംഭിച്ചു വരാന്തയില്‍ അവസാനിക്കുന്ന കഥകളാണ് എല്ലാം.''

ഞാന്‍ പ്രകോപിതയായി. പ്രായവും വിദ്യാഭ്യാസവും ലോകപരിചയവും ജോലി പരിചയവും കുറവുള്ള ഒരു ചെറുപ്പക്കാരന്‍ അവന്റെ ആണത്തത്തിന്റേയും അതു നല്‍കുന്ന പ്രിവിലിജുകളുടേയും ചാരുകസേരയിലിരുന്നു പുച്ഛിച്ചാല്‍ എങ്ങനെ പ്രകോപനം തോന്നാതിരിക്കും?

അടുക്കളയില്‍നിന്നു വരാന്തയോളമല്ലാതെ മുറ്റത്തേക്കും പൊതുനിരത്തിലേക്കും ഇറങ്ങാന്‍ എന്തുകൊണ്ടാണ് പെണ്ണുങ്ങള്‍ക്ക് കഴിയാത്തത് എന്ന് എഴുത്തുകാരന്‍ കൂടിയായ അയാള്‍ അറിയാന്‍ ശ്രമിച്ചിട്ടില്ല.  അതു താന്‍ കൂടി ഉള്‍പ്പെടുന്ന സമൂഹത്തിന്റെ പോരായ്മയാണ് എന്ന്  അംഗീകരിച്ചിട്ടില്ല. അടുക്കള മുതല്‍ വരാന്തവരെയുള്ള ഇടത്തുനിന്നാണ് അയാള്‍ ഉള്‍പ്പെടെയുള്ള ആങ്കുട്ട്യോളെ പെറ്റുവളര്‍ത്തിയ പെണ്ണുങ്ങള്‍ ലോകം കാണാറുള്ളതെന്നും ആ കാഴ്ച ഇന്‍സൈഡ് വ്യൂ ആണെന്നും ലോകം മൊത്തം ചുറ്റിക്കറങ്ങുന്ന ആണുങ്ങളെക്കാള്‍ തീവ്രവും കൃത്യവുമാണ് അവരുടെ ഉള്‍ക്കാഴ്ചയെന്നും പത്രപ്രവര്‍ത്തകനായിട്ടും അയാള്‍ മനസ്സിലാക്കിയിട്ടുമില്ല.  അയാളെപ്പോലെയുള്ള ആണ്‍കുട്ടികള്‍ എഴുതുന്ന കഥകളും നോവലുകളുമാണ് ഞാനും ഇക്കാലമത്രയും വായിച്ചത് എന്നും  അവരുടെ സ്ത്രീസങ്കല്പമാണ് എന്നെയും രൂപപ്പെടുത്തിയത് എന്നും  പശ്ചാത്താപത്തോടെ തിരിച്ചറിയാന്‍ ആ സംഭവം സഹായിച്ചു.

പെണ്ണുങ്ങളില്‍നിന്ന് ഈ 'ആങ്കുട്ട്യോള്‍' കേട്ടിട്ടില്ലാത്തതും പ്രതീക്ഷിക്കാത്തതുമായ കഥകള്‍ പറയണമെന്നു ഞാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. പെണ്ണുങ്ങളില്‍ ഏറെപ്പേരും ഇക്കാലമത്രയും പറഞ്ഞിട്ടുള്ളത് ആണ്‍കുട്ടികള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന കഥകളാണ്. തങ്ങള്‍ പ്രതീക്ഷിക്കാത്ത കഥകളും ഈ ലോകത്തുണ്ട് എന്ന് അവര്‍ മനസ്സിലാക്കേണ്ടതുണ്ട്. അത്തരം കഥകള്‍ കേട്ടുതുടങ്ങുമ്പോള്‍ ഭൂമി അവര്‍ക്കു മാത്രമുള്ളതല്ലെന്നും ഉമ്മറത്തെ ചാരുകസേര അവരുടെ നീതിബോധമില്ലായ്മയുടെ പ്രതീകമാണെന്നും ആണ്‍കുട്ടികള്‍ക്കു ബോധ്യമാകും.  

കുറഞ്ഞപക്ഷം, പെണ്ണുങ്ങള്‍ പറഞ്ഞ കഥകളാണ് ആണുങ്ങളായ എഴുത്തുകാര്‍ രേഖപ്പെടുത്തിയിട്ടുള്ളത് എന്നെങ്കിലും അവര്‍ തിരിച്ചറിയണം. പെണ്ണുങ്ങള്‍ കഥകളില്‍നിന്നു പിന്‍വാങ്ങിയാല്‍  ഈ ലോകത്ത് പിന്നെ കഥകളില്ല എന്നും.

പക്ഷേ, രസകരമായ ഒരു ഓര്‍മ്മകൂടിയുണ്ട്. 'സര്‍പ്പയജ്ഞം' പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസങ്ങളില്‍ ഒന്നിലാണ്, ഞാന്‍ ഓഫിസിലേക്കു കയറിച്ചെല്ലുകയായിരുന്നു. ലെറ്റര്‍ ട്രേയ്ക്ക് അരികില്‍ എഡിറ്റോറിയലിലെ രണ്ടു സഹപ്രവര്‍ത്തകരും  ടെലിപ്രിന്റര്‍ സെക്ഷനിലെ വയോധികനായ ഒരു സഹപ്രവര്‍ത്തകനും നില്‍പ്പുണ്ടായിരുന്നു. എഡിറ്റോറിയല്‍ സഹപ്രവര്‍ത്തകര്‍ കഥയുടെ കാര്യം പറഞ്ഞ് എന്നെ 'വാരി'. മൂന്നാമത്തെ സഹപ്രവര്‍ത്തകന് കാര്യം മനസ്സിലായില്ല. അപ്പോള്‍ ഒരാള്‍ വിശദീകരിച്ചു:

''അറിഞ്ഞില്ലേ? മീര ഇപ്പം വല്യ സാഹിത്യകാരിയായി. മാതൃഭൂമിയില്‍ കഥയൊക്കെ വന്നു...!''
ഞാന്‍ ചമ്മിയ ചിരിയോടെ നിന്നു. എഡിറ്റോറിയല്‍ സഹപ്രവര്‍ത്തകന്‍ പോയിക്കഴിഞ്ഞപ്പോള്‍ വയോധികനായ മൂന്നാമന്‍ വളരെ നിഷ്‌കളങ്കതയോടെ ശബ്ദം താഴ്ത്തി, കോട്ടയം വാമൊഴിയില്‍ ചോദിച്ചു.
''അല്ല,  ഒരു കദയ്ക്ക് എന്നാ കിട്ടും?''

ഹൃദയപരമാര്‍ത്ഥമായ ചോദ്യത്തിന് അന്നു മുതല്‍ ഇന്നുവരെ  വ്യക്തമായ ഒരു ഉത്തരം ഞാന്‍ തേടുകയാണ്.
ഒരു കഥയ്ക്ക് എന്നാ കിട്ടും?

മച്ചകത്തെ തച്ചന്‍

കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ എന്ന ഗ്രാമത്തിലാണ് അച്ഛന്‍ ജനിച്ചു വളര്‍ന്നത്. അത് വലിയൊരു തൊടിക്കു നടുവില്‍ പഴയൊരു വീടായിരുന്നു. മണ്‍വഴിയാണ്. അതിന്റെ ഇരുവശത്തും പച്ചപ്പായലിന്റെ വെല്‍വെറ്റ് പൊതിഞ്ഞ കയ്യാലകളാണ്. വീട്ടിലേക്കും കയ്യാലകള്‍ കാവല്‍നില്‍ക്കുന്ന ഒരു മണ്‍വഴിയുണ്ട്. അതിനെ ഇടവഴി എന്നാണു വിളിച്ചിരുന്നത്.  ഇടവഴിയുടെ തുടക്കത്തില്‍ത്തന്നെ ഒരാള്‍ക്കുമാത്രം കടക്കാവുന്ന വിക്കറ്റ് വിടവ് ഉണ്ട്. അതുവഴി  അടുക്കളമുറ്റത്തേക്ക് കടക്കാം. അതിഥികള്‍ പക്ഷേ, ഇടവഴിയിലൂടെ കുറച്ചുകൂടി നടന്ന് തൊഴുത്തു ചുറ്റി കിഴക്കുവശത്തുകൂടി പ്രവേശിക്കണം.

ഇടവഴിയുടെ തുടക്കത്തില്‍ വഴനയും പുന്നയും കുളമാവും മരോട്ടിയും തഴച്ചു വളര്‍ന്നിരുന്നു. മധ്യത്തിലായി നിലത്ത് വെള്ളപ്പൂക്കളുടെ കംബളം വിരിക്കുന്ന പാലമരമുണ്ടായിരുന്നു.  പാലയ്ക്ക് അപ്പുറം മരങ്ങളായി വളര്‍ന്ന ചെമ്പരത്തികളുണ്ടായിരുന്നു. ചെമ്പരത്തിക്ക് അരികില്‍ ക്രോട്ടണ്‍ പ്ലാന്റുകള്‍ തഴച്ചു പടര്‍ന്നിരുന്നു. അവയ്ക്കു പിന്നില്‍ പുന്നയിലും ഞാറയിലും  പടര്‍ന്ന് ആകാശത്തേക്കും ഭൂമിയിലേക്കും ഒരേ ധാര്‍ഷ്ട്യത്തോടെ പൂത്തുലഞ്ഞു കിടന്നിരുന്ന വയലറ്റ് ബൊഗെയിന്‍ വില്ല ഉണ്ടായിരുന്നു.

തൊഴുത്തിന്റെ പിന്നിലായി നിന്ന തേന്‍വരിക്ക മാവില്‍നിന്ന് എല്ലാ അവധിക്കാലത്തും മാമ്പഴങ്ങളുടെ മഴ പെയ്തിരുന്നു.  തൊഴുത്തില്‍ വെളുവെളുത്ത മദാമ്മപ്പശുവും കറുത്ത എച്ച്മിക്കുട്ടിയും അവരുടെ അതതു കാലത്തെ കിടാങ്ങളും പരിലസിച്ചു. തൊഴുത്തിന്റെ വടക്കേയറ്റത്തെ അറയില്‍ പഴയ പലകകളും തടികളും അടുക്കിവച്ച ഇടം മുട്ടയിടുന്ന കോഴി സുന്ദരിമാരുടേയും ജിക്ക് എന്ന ഓമനയുടേയും  വാസസ്ഥാനമായി. ഇടവഴി അവസാനിക്കുന്നിടത്ത് തൊഴുത്തിന് എതിരേ വലതുവശത്തായി വലിയ ചാണകപ്പുഴുക്കള്‍ നുരയ്ക്കുന്ന ചാണകക്കുഴി ഉണ്ടായിരുന്നു. ചാണകക്കുഴി മറച്ചുപിടിച്ച ക്രോട്ടണ്‍പ്ലാന്റുകള്‍ക്കും മുളകു-ചെമ്പരത്തിക്കും സമീപം പൂത്തുലഞ്ഞ തെച്ചിക്കാട് നാവു കറുപ്പിക്കുന്ന പഴങ്ങളുമായി കാത്തുനിന്നിരുന്നു.

കിഴക്കുവശത്തെ രണ്ടാമത്തെ വാതിലിനു മുന്നില്‍ വരാന്തയിലേക്കു ചാഞ്ഞ് മരമായി വളര്‍ന്ന ചെമ്പരത്തിയില്‍ കടും രക്തത്തിളപ്പുള്ള പൂക്കള്‍ സമൃദ്ധമായി വിടര്‍ന്നിരുന്നു. അതില്‍ പതിവു തെറ്റാതെ ഒരു സൂചിമുഖി കുടുംബം  കൂടു കൂട്ടാനെത്തി. തളത്തിലേക്കുള്ള പടികള്‍ക്കു തൊട്ടുമുന്‍പായി ഒരു നാടന്‍ പുളിച്ചിമാവ് മുറ്റത്ത് തണല്‍ വിരിച്ചുനിന്നു. പടിക്കെട്ടു മുതല്‍ കിഴക്കെ മുറിയിലേക്കുള്ള പടികള്‍വരെയും അതുകഴിഞ്ഞ് വരാന്തയുടെ തെക്കേ അറ്റത്തുള്ള പൂജാമുറിയുടെ മുന്‍വശംവരെയും അപ്പച്ചിമാര്‍ നട്ടുപിടിപ്പിച്ച പലതരം ചെടികള്‍ പൂത്തുലഞ്ഞു. പൂജാമുറിയുടെ മുന്‍പില്‍ പനിനീര്‍ റോസിന്റെ കൈപ്പത്തിയോളം വലിപ്പമുള്ള പൂക്കള്‍ നറുമണം പരത്തി. അതിനു തൊട്ടടുത്ത് തന്നിഷ്ടക്കാരിയായ ഒരു പിച്ചകവള്ളി അതിനു മനസ്സുള്ളപ്പോള്‍മാത്രം സമൃദ്ധമായി പൂത്തു. പൂജാമുറിക്ക് അപ്പുറം, തെക്കേമുറ്റത്ത് കിളിമരത്തെ ചുറ്റിപ്പടര്‍ന്ന അരിമുല്ല സൗരഭ്യംകൊണ്ട് അര്‍മാദിച്ചു.  പൂജാമുറിക്കു പിന്നില്‍ അച്ഛന്റെ മുറികള്‍ എന്ന് അറിയപ്പെട്ടിരുന്ന തളത്തിനും ചായ്പിനും പിന്നില്‍, പൂത്തുലയുന്ന പാലയും വഴനയും ചേരും താന്നിയും നിലാവില്‍ പെരുമ്പാമ്പുകളായി കാണപ്പെടുന്ന ചുണ്ണാമ്പുവള്ളികളും നിറഞ്ഞ ഞങ്ങളുടെ കുടുംബത്തിന്റെ പുരാതനമായ കുരിയാല സ്ഥിതിചെയ്തു.

വേനല്‍ക്കാലം ലില്ലിപ്പൂക്കളുടേതായിരുന്നു. തൊടിയിലാകെ അവ ഓറഞ്ചും വെള്ളയും കംബളങ്ങള്‍ വിരിച്ചു. രമ അപ്പച്ചിയുടെ ഭാഗത്തില്‍പ്പെട്ട 'തെക്കേ അയ്യത്തെ' കശുമാവായിരുന്നു ഞങ്ങളുടെ പ്രധാന കളിസ്ഥലവും എന്റെ എഴുത്തിടവും.  സര്‍ഗ്ഗവേദന ശമിപ്പിക്കാന്‍ ഇടയ്ക്കിടെ ഞാന്‍ ഒരു റൈറ്റിങ് ബോര്‍ഡും പേപ്പറും പേനയുമായി 'തെക്കേ അയ്യത്തെ പറങ്കാവ്' എന്നു വിളിക്കപ്പെട്ടിരുന്ന കശുമാവില്‍ കയറും. ചവിട്ടിക്കയറാന്‍ ശിഖരങ്ങളുടെ പടവുകളും ഇരുന്നെഴുതാന്‍ ശിഖരങ്ങളുടെ തന്നെ ഡെസ്‌ക്കും ബെഞ്ചും അതു സമ്മാനിച്ചിരുന്നു. പഴുത്ത കശുമാങ്ങയുടെ മണവും കശുമാവിലകളുടെ അമ്ലഗന്ധവും ശ്വസിച്ചുകൊണ്ട് അവിടെയിരിക്കുമ്പോള്‍ ഞാന്‍ ഒരു മനുഷ്യജീവി അല്ലാതാകുകയും പക്ഷികളുടേയും ഉറുമ്പുകളുടേയും പുഴുക്കളുടേയും പൂമ്പാറ്റകളുടേയും വലിയ ലോകത്തെ ഒരു കണികയാകുകയും ചെയ്തിരുന്നു.

ടി പത്മനാഭൻ
ടി പത്മനാഭൻ

അവധിക്കാലത്ത് കൊല്ലത്തുനിന്നു  ശ്രീദേവി അപ്പച്ചിയുടെ മക്കളായ രാജിയും രാജേഷും കുന്നത്തൂരിലെത്തും. അച്ഛന്റെ വലിയമ്മാവന്റെ മകന്റെ മക്കളായ ശോഭയും ശ്രീജയും പൊടിമോളും അയല്‍പക്കത്ത് ഉണ്ടാകും. കുന്നത്തൂരേക്കു ബസ് കയറുന്ന ദിവസമായിരുന്നു എന്റെ ആഗസ്റ്റ് പതിനഞ്ച്. അച്ഛന്റെ കണ്ണുരുട്ടിയുള്ള നോട്ടങ്ങളില്‍നിന്നും 'പഠിക്കാനൊന്നുമില്ലേ' എന്ന ചോദ്യത്തില്‍നിന്നുമുള്ള പരോള്‍ ദിവസങ്ങള്‍ അവ മാത്രമായിരുന്നു. ആ ദിവസങ്ങളിലാണ് ഞാന്‍  ഉറക്കെ ചിരിക്കാനും ഒച്ചവയ്ക്കാനും ധൈര്യപ്പട്ടത്. ഓടിക്കളിക്കാനും ബഹളം വയ്ക്കാനും ധൈര്യപ്പെട്ടത്. 'കുന്നത്തൂരമ്മ' എന്നു ഞങ്ങളെല്ലാവരും വിളിച്ചിരുന്ന അച്ഛന്റെ അമ്മയെ സംബന്ധിച്ച് ഞാന്‍ ഒരു വിശിഷ്ട വ്യക്തിയായിരുന്നു. പരമാധികാരവും സര്‍വ്വ സ്വാതന്ത്ര്യവും ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?

കുന്നത്തൂരാണ് എന്റെ വേരുകള്‍ പ്രകൃതിയില്‍ ഉറപ്പിച്ചു നിര്‍ത്തിയത്.  എന്തെല്ലാം മരങ്ങള്‍, പക്ഷികള്‍, ജീവികള്‍. പേരമരച്ചോട്ടില്‍ ചിലച്ചാര്‍ക്കുന്ന പൂത്താങ്കീരികളും കരിയിലക്കിളികളും. തെങ്ങോലകളില്‍ കോലാഹലത്തോടെ ഊഞ്ഞാലാടുന്ന ഓലേഞ്ഞാലികള്‍. മധുരം നല്‍കാമെന്ന പ്രലോഭനവുമായി പറന്നെത്തുന്ന മഞ്ഞക്കിളികള്‍. വണ്‍ ഫോര്‍ സോറോ, ടൂ ഫോര്‍ ജോയ്, ത്രീ ഫോര്‍ ലെറ്റര്‍, ഫോര്‍ ഫോര്‍ ക്വാറല്‍ സന്ദേശങ്ങളുമായി കൊത്തിപ്പെറുക്കുന്ന മൈനകള്‍. തെങ്ങിന്‍ പോടുകളില്‍ കൂടു കൂട്ടുന്ന പച്ചത്തത്തകള്‍. കുരിയാലയിലെ മരത്തില്‍ സ്ഥിരമായി കൂടു കൂട്ടിയിരുന്ന  കുട്ടിക്കുര്‍ര്‍കുര്‍ ശബ്ദമുണ്ടാക്കുന്ന കുട്ടുറുവന്‍. നീട്ടിപ്പാടുന്ന വണ്ണാത്തിപ്പുള്ള്. മറ്റു പക്ഷികളുടെ പാട്ട് അനുകരിക്കുന്ന കാക്കത്തമ്പുരാട്ടി. മധുരമായി പാടുന്ന ലളിതക്കിളി. വാലിന്റെ തുമ്പത്ത് കിന്നരി വച്ച കാടുമുഴക്കി. പുല്‍ച്ചെടികള്‍ കാറ്റില്‍ ഇളകുംപോലെ വശങ്ങളിലേക്കു വാലാട്ടി കൊത്തിപ്പെറുക്കി നടക്കുന്ന വാലുകുലുക്കി.  ഭര്‍ത്താവിനേക്കാള്‍ ഭംഗി കുറഞ്ഞതിന്റെ കോംപ്ലക്‌സ് ഒന്നുമില്ലാതെ മുറ്റത്തെ ചെമ്പരത്തിയില്‍ ദ്രുതഗതിയില്‍ നെയ്തെടുക്കുന്ന കൂട്ടില്‍ ചുണ്ടുമാത്രം പുറത്തേക്കിട്ട് അന്തസ്സോടെ അടയിരിക്കുന്ന സൂചിമുഖി. അതിനെല്ലാം പുറമെ, കുന്നത്തൂരമ്മയുടെ ഒറ്റാലിന്‍ കീഴില്‍ കലപില കൂട്ടുന്ന പുതുതായി ജനിച്ച കോഴിക്കുഞ്ഞുങ്ങള്‍.

കുന്നത്തൂരിലെ എല്ലാ പക്ഷിമൃഗാദികള്‍ക്കും പേരുകളുണ്ടായിരുന്നു. അവരൊക്കെ അപ്പച്ചിമാരുടേയും ഞങ്ങളുടേയും ലോകത്തിന്റെ ഭാഗമായിരുന്നു. അവര്‍ ഞങ്ങളുടെ സംഭാഷണത്തിനു കാതോര്‍ക്കുകയും ഞങ്ങളോടു സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അവരുടെ മനസ്സിലിരുപ്പുകള്‍ ഞങ്ങള്‍ക്കുവേണ്ടി രമ അപ്പച്ചിയും ഗിരിജ അപ്പച്ചിയും മനുഷ്യഭാഷയിലേക്കു പരിഭാഷപ്പെടുത്തിത്തന്നിരുന്നു. അപ്പച്ചിമാര്‍ പോകുന്നിടത്തെല്ലാം വാലു പോലെ ഞങ്ങളും പോയിരുന്നു.

എല്ലാം പതിനേഴു വയസ്സുവരെയേ ഉണ്ടായിരുന്നുള്ളൂ എന്നുമാത്രം. അതുകഴിഞ്ഞ് എന്റെ അച്ഛനും അമ്മയും തമ്മില്‍ പിരിയുകയും  കുന്നത്തൂരിലെ  വീടും അവിടുത്തെ ആനന്ദങ്ങളും നഷ്ടപ്പെടുകയും ചെയ്തു. പത്തുപതിനഞ്ചു കൊല്ലം  കഴിഞ്ഞ് അച്ഛനും അമ്മയും കൂട്ടുകൂടിയെങ്കിലും എനിക്ക് നഷ്ടപ്പെട്ട കുന്നത്തൂര്‍ മാത്രം മടങ്ങിവന്നില്ല.
1997-ല്‍ ഗര്‍ഭക്ഷീണവുമായി അന്നു താമസിച്ചിരുന്ന ചങ്ങനാശ്ശേരിയിലെ പാര്‍വ്വതി വിലാസ് വീടിന്റെ മച്ചിന്‍മേലേക്കു നോക്കിക്കിടക്കുമ്പോഴാണ് എനിക്ക് രമ അപ്പച്ചി പറയാറുണ്ടായിരുന്ന ഒരു കഥ ഓര്‍മ്മവന്നത്.
കുന്നത്തൂരിലെ വീടു പണിത ഒരു മരപ്പണിക്കാരന്‍ ഏണി വഴി തട്ടിന്‍പുറത്തു കയറിയിട്ടു പിന്നെ തിരികെ ഇറങ്ങിയില്ല എന്നായിരുന്നു കഥ. രാത്രിയില്‍ തട്ടിന്‍പുറത്തു ശബ്ദം കേള്‍ക്കുമ്പോള്‍ അപ്പച്ചി പറയും:
''ദാണ്ടെ അയാളിരുന്നു തടി രാകുന്നു.''

അപ്പച്ചി ഉറങ്ങിയാലും ഞാന്‍ ഉണര്‍ന്നു കിടന്ന് കാതോര്‍ക്കും. ഇരുട്ടില്‍ കാതോര്‍ത്തു ഉളി രാകുന്നതുപോലെയും മരം ചീകുന്നതുപോലെയും ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി വിശ്വസിക്കും.  
ആ കഥ ആലോചിച്ചു കിടന്നപ്പോള്‍ തട്ടിന്‍പുറത്തേക്കു തുറന്ന കിളിവാതിലില്‍ ചാരിവച്ച കോണി കയറി ഒരാള്‍ മുകളില്‍ മറയുന്നതും അയാളെ മറ്റൊരാള്‍ പിന്തുടരുന്നതുമായി ഒരു വിഭ്രമമുണ്ടായി.  രണ്ടാമത് കയറിയ ആള്‍ ഒറ്റയ്ക്കു തിരികെ ഇറങ്ങുന്നതും കണ്ടു. ആ സാങ്കല്പിക ദൃശ്യത്തില്‍നിന്നായിരുന്നു ആ കഥ. എഴുതാനിരുന്നപ്പോള്‍ അതു  മറ്റൊരു തലത്തിലേക്കു വളര്‍ന്നു. വര്‍ഷങ്ങള്‍ക്കുശേഷം അത് എഡിറ്റ് ചെയ്തപ്പോള്‍ കഥയുടെ ഒരടരില്‍ മധ്യവര്‍ഗ്ഗ സ്ത്രീയുടെ ജീവിത കഥയും മറ്റൊരു അടരില്‍ മതപരമായ വിവക്ഷയും ഉണ്ടായിവന്നു.  അങ്ങനെ 'മച്ചകത്തെ തച്ചന്‍' ജനിച്ചു.  അതു 'സമകാലിക മലയാളം' വാരികയിലാണ് അച്ചടിച്ചു വന്നത്. എസ്. ജയചന്ദ്രന്‍ നായര്‍ ആയിരുന്നു അന്നത്തെ പത്രാധിപര്‍.  ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ സഹിതം എന്റെ കഥ പ്രസിദ്ധീകരിക്കപ്പെട്ടു എന്നത് അവിശ്വസനീയമായിരുന്നു.  എനിക്ക് പ്രസന്നന്‍ സാറിന്റെ കണ്ണുവെട്ടിച്ചു വായിച്ചിരുന്ന 'രണ്ടാമൂഴ'ത്തിലെ ചിത്രങ്ങള്‍ ഓര്‍മ്മ വന്നു.
''നിങ്ങള്‍ എവിടെപ്പോയാലും നിങ്ങളുടെ കഥയുടെ ഒരു ഭാഗത്തെ കണ്ടുമുട്ടും'' എന്നു പറഞ്ഞത് അമേരിക്കന്‍ എഴുത്തുകാരിയായ യൂഡോറ വെല്‍റ്റി ആണ്.  

എന്റെ കഥയുടെ ഭാഗങ്ങളെ ഞാന്‍ കണ്ടുമുട്ടാറില്ല. ബാവുല്‍ ഗായികയുടെ ജടപിടിച്ച മുടിക്കെട്ടു പോലെ അവ എന്റെ ശിരസ്സിന്റെ ഭാഗവും ഭാരവുമായി എന്നോടൊപ്പം വളരുകയാണ്.  പേരാലിന്റെ വേടുകള്‍പോലെ തടിച്ച ജടാശകലങ്ങള്‍  ഇടയ്ക്കിടെ മണ്ണില്‍ ഉടക്കിപ്പിടിച്ച് വേരുപിടിക്കാന്‍ വെമ്പുമ്പോള്‍ ഞാനവ മുറിച്ചിടുന്നു. അവ മണ്ണില്‍ വേരു പൊടിപ്പിച്ച് പുതിയ ഒരു എന്നെ കിളിര്‍പ്പിക്കുന്നു.

ഓര്‍മ്മയുടെ ഞരമ്പ്

'ചോന്ന ചട്ടയുള്ള ബുക്ക്' എഡിറ്റ് ചെയ്തപ്പോള്‍ രൂപം കൊണ്ട 'ഓര്‍മ്മയുടെ ഞരമ്പ്' ഞാന്‍ ഒന്നു രണ്ടു മാസമെങ്കിലും  കയ്യില്‍ വച്ചിരുന്നു. അക്കാലത്ത് 'മാധ്യമം' ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ എഴുത്തുകാരനായ സി. രാധാകൃഷ്ണന്‍ ആയിരുന്നു.  ഡിഗ്രിക്കാലത്ത് ഞാന്‍ ഏറ്റവും അധികം തവണ വായിച്ച പുസ്തകമാണ് 'സ്പന്ദമാപിനികളേ നന്ദി'യും 'ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ'യും. രാധാകൃഷ്ണന്‍ സാര്‍ കുറച്ചുകാലം ഭാഷാപോഷിണിയുടെ എഡിറ്റര്‍ ആയിരുന്നു. അന്ന് അദ്ദേഹം എന്നെക്കൊണ്ട് ചില കവിതകളുടെ പരിഭാഷയും നര്‍ത്തകിമാരെക്കുറിച്ചുള്ള ലേഖനങ്ങളും എഴുതിപ്പിച്ചിരുന്നു. അക്കാലത്തൊക്കെ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന വാത്സല്യത്തിന്റെ ബലത്തില്‍ കഥ അദ്ദേഹിന് അയയ്ക്കാം എന്നു ഞാന്‍ തീരുമാനിച്ചു. പലകുറി വായിച്ചു നോക്കി തൃപ്തി വന്നതിനുശേഷം മേയ് മാസത്തില്‍ ഞാന്‍ ആ കഥ രാധാകൃഷ്ണന്‍ സാറിന് അയച്ചു.  കഥയോടൊപ്പം പ്രസിദ്ധീകരണയോഗ്യമാണെങ്കില്‍ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന് അപേക്ഷിക്കുന്ന ഒരു കത്തും വച്ചു.

മടക്കത്തപാലില്‍ സാറിന്റെ കത്തു വന്നു.

''പ്രിയപ്പെട്ട മീര,
കത്തും കഥയും കിട്ടി.
നന്ദി.
കഥ വളരെ നന്നായി. വളരെ കാലത്തിനുശേഷമാണ് എനിക്ക് ഇത്രയും ഇഷ്ടമായ ഒരു കഥ ഞാന്‍ വായിക്കുന്നത്. അപാരമായ ആഴവും ഊട്ടുറച്ച ഭാവാവിഷ്‌കാരവും. അഭിനന്ദനങ്ങള്‍.
കഥ ഞാന്‍ കോഴിക്കോട്ടേക്കു പ്രസിദ്ധീകരണത്തിനായി അയച്ചിട്ടുണ്ട്.
മലയാള കഥാരംഗത്ത് മീരയ്ക്ക് ഒരുപാടു ചെയ്യാന്‍ കഴിയും. ചെയ്യണം.
സ്നേഹപൂര്‍വ്വം,
സി. രാധാകൃഷ്ണന്‍.''

ആ കത്തു വായിച്ചപ്പോള്‍ എനിക്കു കരച്ചില്‍ വന്നു. വളരെക്കാലം കൂടി കരയാനുള്ള കരച്ചിലൊക്കെ ഞാന്‍ അന്നു കരഞ്ഞു തീര്‍ത്തു. അതായിരുന്നു 'ഓര്‍മ്മയുടെ ഞരമ്പ്' എന്ന കഥയ്ക്കു കിട്ടിയ ആദ്യ അവാര്‍ഡ്.
പക്ഷേ, ആ ഞരമ്പ് അവിടെ അവസാനിക്കുന്നില്ല.

'മാധ്യമം' ആഴ്ചപ്പതിപ്പിന്റെ സെപ്റ്റംബര്‍ ലക്കത്തില്‍ ആ  കഥ അച്ചടിച്ചുവന്നു. അന്നും  ഓഫീസില്‍ ചെന്നുകയറുമ്പോള്‍ എനിക്ക് ഒരു ചളിപ്പുണ്ടായിരുന്നു. ആരെങ്കിലും എന്നെ നോക്കി ചിരിച്ചാല്‍ അതു കഥയെക്കുറിച്ചു പരിഹസിക്കുകയാണോ എന്നു സംശയം തോന്നുന്നത്ര ചളിപ്പ്. പക്ഷേ, തൊട്ടടുത്ത  ആഴ്ചയിലെ മാധ്യമം ആഴ്ചപ്പതിപ്പ് ഇറങ്ങിയപ്പോഴായിരുന്നു ശരിയായ അടി. അതില്‍ കഥയെക്കുറിച്ച് ടി. പത്മനാഭന്‍ എഴുതിയ ഒരു കത്ത് പ്രസിദ്ധീകരിച്ചിരുന്നു:

'ഓര്‍മ്മയുടെ ഞരമ്പ്' അടുത്ത കാലത്തു വായിച്ച ഏറ്റവും മികച്ച കഥ. എന്തൊരു കയ്യൊതുക്കം, എന്തൊരു ധ്വനിസാന്ദ്രത! വളരെച്ചുരുക്കം വാക്കുകള്‍കൊണ്ട് എത്രയേറെ ധ്വനിപ്പിക്കുന്നു!
ഈ വരണ്ട ഉത്തരാധുനിക കാലാവസ്ഥയിലും എന്റെ ഭാഷയിലെ കഥയുടെ പച്ചപ്പ് നഷ്ടപ്പെട്ടിട്ടില്ല എന്നു കാണിച്ചു തന്നതിനു കെ.ആര്‍. മീരയ്ക്കു നന്ദി. വളരെ വളരെ നന്ദി.
-ടി. പത്മനാഭന്‍

അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ തുള്ളിച്ചാടി. പക്ഷേ, ആ കത്തിനു പിന്നിലെ മറ്റൊരു കഥകൂടിയുണ്ടെന്ന് ഞാന്‍ ഈ കുറിപ്പ് എഴുതുമ്പോഴാണ് അറിഞ്ഞത്. ഇടിമിന്നലുകളുടെ പ്രണയത്തിന്റേയും എണ്ണമറ്റ മിനിക്കഥകളുടേയും എഴുത്തുകാരനായ പി.കെ. പാറക്കടവ് പപ്പേട്ടനു പ്രിയങ്കരനാണ്. ഓര്‍മ്മയുടെ ഞരമ്പ് വായിച്ചിട്ട് പപ്പേട്ടന്‍ അക്കാലത്ത് മാധ്യമം പത്രത്തില്‍ ജോലി ചെയ്യുകയായിരുന്ന പി.കെ. സാറിനെ വിളിച്ചു. കഥയെക്കുറിച്ച് പ്രശംസിച്ചു.  ''എന്നാല്‍പ്പിന്നെ അതു കത്തായി എഴുതരുതോ'' എന്നു പി.കെ. സാര്‍ ചോദിച്ചു.  പപ്പേട്ടന്‍ ഫോണിലൂടെ വരികള്‍ പറഞ്ഞുകൊടുത്തു. പി.കെ. സാര്‍ അത് എഴുതിയെടുത്ത് ആഴ്ചപ്പതിപ്പില്‍ കൊടുത്തു.

അന്ന് എനിക്കോ ദിലീപിനോ പി.കെ. സാറിനെ പരിചയമില്ല. പുതിയ ഒരു കഥാകൃത്തിന്റെ കഥ കൊള്ളാമെന്നു കണ്ട് അതിനെ പ്രോത്സാഹിപ്പിക്കാന്‍ മടികാണിക്കാതിരുന്ന പി.കെ. സാറിനെക്കുറിച്ച് എനിക്ക് ഇന്നും അത്ഭുതമുണ്ട്. പി.കെ. സാര്‍ പ്രേരിപ്പിച്ചതിനാല്‍ പപ്പേട്ടന്‍ കത്ത് എഴുതി. പപ്പേട്ടന്‍ കത്ത് എഴുതിയതുകൊണ്ട് എഴുത്തുകാരി എന്ന നിലയില്‍ ഞാന്‍ പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു. ആ വാക്കുകള്‍ പാഴാകാതെ ശ്രദ്ധിക്കാന്‍ എനിക്ക് ഉത്തരവാദിത്വമുണ്ടായി. നദിക്ക് ഇക്കരെ പകച്ചുനില്‍ക്കുമ്പോള്‍  ഇല കൊത്തിയിട്ടു തന്ന പക്ഷിയോട് ഉറുമ്പിനു തോന്നുന്ന അതേ പ്രതിബദ്ധത.  

Work is Love Made Visible എന്നാണു ഖലീല്‍ ജിബ്രാന്‍ പറഞ്ഞത്. ഞാന്‍ അത് writing is love made visible എന്നു തിരുത്തിപ്പറയാന്‍ ആഗ്രഹിക്കുന്നു.  സ്‌നേഹം പ്രകാശിപ്പിക്കാന്‍ എഴുത്തല്ലാതെ മറ്റൊരു വഴിയും എനിക്ക് അറിഞ്ഞുകൂടാ.

മുന്‍പൊക്കെ അതു മറ്റുള്ളവരോടുള്ള സ്‌നേഹമായിരുന്നു.  പക്ഷേ, പോകെപ്പോകെ,  എഴുത്ത് ഒരു മെഴുകുതിരിയുടെ രണ്ടറ്റവും കത്തിക്കുന്നതുപോലെയാകുന്നു. ഇരട്ടി വേദനയാണ്. ഇരട്ടി ഉരുകലാണ്. ഉള്ളിലെ ഇരുട്ടിനെ പ്രകാശമാക്കി പരിഭാഷപ്പെടുത്താന്‍ ഓരോ എഴുത്തുകാരനും അങ്ങനെ എത്രയോ എരിഞ്ഞ് ഉരുകണം!

കൃഷ്ണഗാഥ

സൂര്യനെല്ലി പെണ്‍വാണിഭം വെളിച്ചത്തു വന്നത് 1996-ലാണ്. ആ കേസുമായി  ബന്ധപ്പെട്ട ഒരു വാര്‍ത്തപോലും  റിപ്പോര്‍ട്ട് ചെയ്യാനോ എഡിറ്റ് ചെയ്യാനോ അക്കാലത്ത് എനിക്ക് അവസരം കിട്ടിയില്ല. അതുകൊണ്ട്, ആ റിപ്പോര്‍ട്ടുകളുടെ വെറുമൊരു  വായനക്കാരി മാത്രമായിരുന്നു, പത്രം ഓഫീസിലായിരുന്നു ജോലിയെങ്കിലും, ഈ ഞാന്‍. പതിനാറു തികയാത്ത ഒരു പെണ്‍കുട്ടി, സ്‌നേഹിച്ചിരുന്നവന്‍ ചതിക്കുകയായിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോള്‍ അനുഭവിച്ചിരിക്കാവുന്ന ആഘാതം സങ്കല്പിച്ച് ഒരുപാട് വേദനിച്ചിട്ടുണ്ട്. അതല്ലാതെ ആ കുട്ടിയെ കാണാനോ സംസാരിക്കാനോ അവള്‍ക്കുവേണ്ടി ഒരു വരിയെങ്കിലും എഴുതാനോ അന്നൊന്നും അവസരം ഉണ്ടായിരുന്നില്ല.

നാലു വര്‍ഷങ്ങള്‍ക്കുശേഷം  രണ്ടായിരാമാണ്ട് സെപ്റ്റംബറിലാണ്  സൂര്യനെല്ലി കേസ് പരിഗണിച്ച പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്.  അന്നു 'വനിത'യുടെ എഡിറ്റര്‍ ആയിരുന്ന മണര്‍കാട് മാത്യു സാര്‍ അതു സംബന്ധിച്ച് ഒരു ലേഖനം ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. പത്രവാര്‍ത്തകളെല്ലാം വായിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസത്തില്‍  ഞാന്‍ കേസിന്റെ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സുരേഷ് ബാബു തോമസ്, അഡ്വ. അനില ജോര്‍ജ് എന്നിവരെ കാണാന്‍ പുറപ്പെട്ടു. അഡ്വ. സുരേഷ് ബാബു തോമസുമായുള്ള ദീര്‍ഘസംഭാഷണം കഴിഞ്ഞപ്പോള്‍ത്തന്നെ മനസ്സു പാതി മരവിച്ചു. അനില ജോര്‍ജിനോട് കൂടി സംസാരിച്ചതോടെ മനസ്സു പാടേ മരിച്ചു.

കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍  എന്റെ മനസ്സില്‍ മുറിവുകള്‍ ഉണ്ടാക്കി. ഒന്നാമത്തേത്, ആ കുട്ടിയുടെ കുടുംബപശ്ചാത്തലമാണ്- മധ്യവര്‍ഗ്ഗ കുടുംബം. രണ്ടു പെണ്‍മക്കളെ പഠിപ്പിച്ച് ജോലി വാങ്ങിക്കൊടുത്ത് വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതു സ്വപ്നം കണ്ട് ഉള്ളതൊക്കെ സ്വരുക്കൂട്ടി ജീവിക്കുന്ന കുടുംബം. നമ്മുടെയൊക്കെ വീടുകള്‍പോലെ തന്നെ.  രണ്ടാമത്തേത്, അവളും അവളുടെ ചേച്ചിയുമായുള്ള ബന്ധമാണ്- അവള്‍ പൂര്‍ണ്ണമായും ചേച്ചിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. ഹോസ്റ്റലിലും സ്‌കൂളിലും അവള്‍ക്ക് താങ്ങും തണലും അവളുടെ ചേച്ചിയായിരുന്നു. തീരെ ധൈര്യമില്ലാത്ത ഒരു കുട്ടി. കിടക്കയില്‍ മൂത്രം ഒഴിക്കുന്ന അസുഖമുണ്ടായിരുന്നു. ചേച്ചി പത്താം ക്ലാസ്സ് കഴിഞ്ഞു പോയതോടെ അവിടെ തങ്ങാന്‍ അവള്‍ക്കു ബുദ്ധിമുട്ടായി. അങ്ങനെയാണ് അവള്‍ വീട്ടില്‍നിന്നു  ബസില്‍ സ്‌കൂളില്‍ പോയി വന്നു തുടങ്ങിയത്. മൂന്നാമത്തേത്- അവളും അച്ഛനും കൂടി പരാതി കൊടുക്കാന്‍ ദേവികുളം പൊലീസ് സ്റ്റേഷനില്‍ പോയ ദിവസത്തെ അനുഭവമാണ്-  പൊലീസ് അവരെ ഉച്ചവരെ വരാന്തയില്‍ നിര്‍ത്തി. ജനക്കൂട്ടം അവരെ കാണാന്‍ കൂട്ടംകൂടി. കൂക്കിവിളിക്കുകയും അശ്ലീലം വിളിച്ചുപറയുകയും ചെയ്യുന്ന ആ വലിയ ആള്‍ക്കൂട്ടത്തോടൊപ്പം അവരെ പൊലീസ് നടുറോഡിലൂടെ നടത്തിക്കൊണ്ടുപോയി.  നാലാമത്തേത് കൂടുതല്‍ വേദനിപ്പിക്കുന്നതാണ്- നാല്‍പ്പതു ദിവസം കഴിഞ്ഞ് മൃതപ്രായയായി വീട്ടില്‍ വന്നുകയറിയ കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു കൊണ്ടുപോയപ്പോള്‍ ഡോക്ടര്‍ കണ്ടെത്തിയ കാര്യങ്ങള്‍: തൊണ്ട വരെ ഇന്‍ഫെക്ഷന്‍ ബാധിച്ച അവളുടെ ശരീരത്തിലെ മുറിവുകളുടെ വിവരണങ്ങള്‍. അവസാനത്തേത് അഡ്വ. അനില ജോര്‍ജ് പങ്കുവച്ച അനുഭവമാണ്-ഓടാമായിരുന്നില്ലേ, കൂവി വിളിക്കാമായിരുന്നില്ലേ, പൊലീസില്‍ പരാതിപ്പെടാമായിരുന്നില്ലേ എന്നൊക്കെ കോടതിയില്‍ പ്രതിഭാഗം വക്കീല്‍ ചോദിച്ചപ്പോള്‍ അവള്‍ കൊടുത്ത മറുപടി: എനിക്ക് അന്ന് അത്രയൊന്നും അറിവുണ്ടായിരുന്നില്ല, സാര്‍.

ലേഖനം എഴുതിക്കൊടുത്തു കഴിഞ്ഞിട്ടും അതിന്റെ വേദനയില്‍നിന്നു രക്ഷ കിട്ടിയില്ല.  എനിക്ക് ആസ്ത്മ ഇളകി. അന്നു രാത്രി ജോലി കഴിഞ്ഞു ഞാന്‍ തിരിച്ചു വരുമ്പോള്‍ മൂന്നു വയസ്സുകാരിയായിരുന്ന മകളെ ദിലീപ് നെഞ്ചത്തു കിടത്തി ഉറക്കുകയായിരുന്നു. അതെന്നെ കൂടുതല്‍ അസ്വസ്ഥയാക്കി. ആ ഹൃദയവേദനയില്‍നിന്നാണ് 'കൃഷ്ണഗാഥ' ഉണ്ടായത്. ആ കഥ എഴുതുന്ന കാലത്ത്  ഞാന്‍ സൂര്യനെല്ലി കുട്ടിയേയോ അവളുടെ അച്ഛനമ്മമാരേയോ നേരില്‍ കണ്ടിട്ടില്ല. കഥയില്‍ ഞാന്‍ അവളുടെ അച്ഛനായി മാറി. എന്റെ നെഞ്ചിലെ വലിവിന്റെ ശബ്ദം കഥയിലും മുഴങ്ങി. നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ ആണും പെണ്ണും ഒരുപോലെ ഇരകളായി തീരുന്നതാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. പക്ഷേ, അത് എഴുതാനും രണ്ടാമതു വായിക്കാനും എളുപ്പമായിരുന്നില്ല. വായിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ഞാന്‍ കരഞ്ഞു. അത് കഥയുടെ ഗുണം കൊണ്ടായിരുന്നില്ല. വായിക്കുമ്പോഴൊക്കെ എന്റെ മനസ്സില്‍ അവളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിലെ ഡോക്ടറുടെ പരാമര്‍ശങ്ങള്‍ തെളിഞ്ഞതുകൊണ്ടാണ്. എന്റെ നിസ്സഹായതകൊണ്ടാണ്.

കലാകൗമുദിയിലാണ് 'കൃഷ്ണഗാഥ' പ്രസിദ്ധീകരിച്ചത്. രണ്ടു വര്‍ഷം കഴിഞ്ഞ് എനിക്ക് അവളെ നേരില്‍ കാണാന്‍ അവസരമുണ്ടായി. 'മനോരമ ആഴ്ചപ്പതിപ്പി'നുവേണ്ടി ഒരു ലേഖനം തയ്യാറാക്കാന്‍ എഡിറ്റര്‍ കെ.എ. ഫ്രാന്‍സിസ് ആവശ്യപ്പെട്ടു. ഞാനും ദിലീപും മകളും കൂടിയാണ് അന്ന് ആ വീട്ടില്‍ പോയത്. ഒരു ഫോട്ടോയില്‍പ്പോലും അതിനു മുന്‍പ് ഞാന്‍ ആ വീടു കണ്ടിരുന്നില്ല. പക്ഷേ, കഥ എഴുതുമ്പോള്‍ ഞാന്‍ സങ്കല്പിച്ചിരുന്ന അതേ വീടായിരുന്നു അത്.   വീടിന്റെ പിന്നില്‍ ടാര്‍പോളിന്‍ വലിച്ചു കെട്ടി ഏതാനും പൊലീസുകാര്‍ ഇരിപ്പുണ്ടായിരുന്നു. അന്ന് അഞ്ചു വയസ്സുകാരിയായ എന്റെ മകളെ കണ്ടതും അവളുടെ മുഖം പ്രകാശിച്ചു. അവള്‍ ഉല്ലാസവതിയായി. അവര്‍ പെട്ടെന്നു കൂട്ടുകാരികളായി. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മുറ്റത്ത് പൂ പറിച്ചും മാലകോര്‍ത്തും കളിക്കുന്ന രണ്ടു കുഞ്ഞുങ്ങള്‍ക്കും തമ്മില്‍ പിരിയാനുള്ള വിഷമം ഹൃദയസ്പര്‍ശിയായിരുന്നു. അവളുടെ മാതാപിതാക്കളോടു സംസാരിച്ചപ്പോള്‍ മറ്റൊരു കാര്യത്തിലും എനിക്ക് അവിശ്വസനീയത ഉണ്ടായി-  കഥയിലെ അച്ഛനെപ്പോലെ അവളുടെ അമ്മയ്ക്കും ആസത്മ ഉണ്ടായിരുന്നു. അവര്‍ ഏങ്ങിവലിച്ചു സംസാരിച്ചപ്പോള്‍ ഞാന്‍ കഥയിലെ അച്ഛനെപ്പോലെ ശ്വാസംമുട്ടി. അതില്‍പ്പിന്നെ ആ കഥ വായിക്കുമ്പോള്‍ ശ്വാസംമുട്ടല്‍ ഒരു ശീലമായി.

പക്ഷേ, ആ ബന്ധത്തിന്റെ കഥ അവിടെ അവസാനിക്കുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞു.  ഒരിക്കല്‍ കൂടി ഞാന്‍ അവളെ തേടിപ്പോയി. അപ്പോഴേക്ക് അവള്‍ വീട് മാറിപ്പോയിരുന്നു. പിന്നീട് അവളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇടയ്ക്കൊക്കെ അവളെക്കുറിച്ചു വാര്‍ത്തകള്‍ വന്നു. പക്ഷേ, കാണാന്‍ സാധിച്ചില്ല. അതിനിടയില്‍ എനിക്കും തിരക്കുകള്‍ കൂടിവന്നു. 'ആരാച്ചാര്‍' എഴുതിത്തീര്‍ന്നു, അതു പുസ്തകമായി. അക്കാലത്താണ് അവളുടെ കേസ് വിധിച്ച ഹൈക്കോടതി ജഡ്ജി മനുഷ്യത്വരഹിതമായ പരാമര്‍ശം നടത്തിയതും അതു ചര്‍ച്ചാവിഷയമായതും. പത്രങ്ങളും ചാനലുകളും അവളെക്കുറിച്ചു വീണ്ടും സംസാരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞ്, ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനു ശേഷം 'ടൈംസ് ഓഫ് ഇന്ത്യ' 2013 ഫെബ്രുവരി പതിനേഴിനു പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലാണ് ഞാന്‍ വീണ്ടും അവളെക്കുറിച്ചു വായിക്കുന്നത്.

''അവരുടെയെല്ലാം മുഖങ്ങള്‍ എനിക്കു വ്യക്തമായി ഓര്‍മ്മയുണ്ട്'' - ആ റിപ്പോര്‍ട്ടില്‍ അവള്‍ പറയുകയാണ്- ''ആ മുഖങ്ങളില്‍ രാജുവിന്റേതാണ് ആദ്യം ഓര്‍മ്മയില്‍ വരുന്നത്. ഞാന്‍ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത പുരുഷന്‍. അയാള്‍ എന്നെ കേരളത്തിലെ ആദ്യ പെണ്‍വാണിഭക്കേസിലെ ഇരയാക്കി മാറ്റിയെന്നതാണ് എന്റെ പ്രേമകഥയിലെ വഴിത്തിരിവ്. ദിവസവും സ്‌കൂളിലേക്കുള്ള യാത്രയില്‍ ഞാന്‍ പരതിയിരുന്ന ആ മുഖം തിരിച്ചറിയല്‍ പരേഡില്‍ പലര്‍ക്കിടയില്‍നിന്ന് എനിക്കു ചൂണ്ടിക്കാണിക്കേണ്ടിവരികയും കോടതി ഇടനാഴികളില്‍ വച്ച് നേര്‍ക്കു നേരെ കാണേണ്ടിവരികയും ചെയ്തു.

മൃതപ്രായയായി അവര്‍ എന്നെ വീടിനു സമീപം ഉപേക്ഷിച്ചതുകൊണ്ട് എന്റെ യാതന അവസാനിച്ചില്ല. എന്റെ കുടുംബം എന്റെ കൂടെ നിന്നു. ഇനി ഇത്തരം ഒരു അനുഭവം മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാകരുത് എന്നു കരുതി ഞാന്‍ കേസ് കൊടുത്തു. അതാണു ശരി  എന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ, അനുഭവം എന്നെ മറിച്ചാണ് പഠിപ്പിച്ചത്.  അന്വേഷണ സംഘം എന്നെ കേരളത്തിലങ്ങോളമിങ്ങോളം കൊണ്ടുനടന്നു പ്രദര്‍ശിപ്പിച്ചു. പ്രതികള്‍ ചെയ്തതിനെക്കുറിച്ച്  എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങള്‍ ചോദിച്ചു.  ഇരയായിട്ടാണെങ്കിലും അതിജീവിച്ചവളായിട്ടാണെങ്കിലും, സ്ത്രീയായുള്ള ജീവിതം ഒട്ടും എളുപ്പമല്ല എന്ന് അവര്‍ എന്നെ ബോധ്യപ്പെടുത്തി.

ഡല്‍ഹിയിലെ പെണ്‍കുട്ടി മരിച്ചുപോയതില്‍ എനിക്ക് ആശ്വാസമുണ്ട്. അല്ലെങ്കില്‍ അവള്‍ക്കു നേരെയും എല്ലായിടത്തുനിന്നും  അതേ അശ്ലീലച്ചുവയുള്ള കുറ്റപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഉയര്‍ന്നേനെ, ഒരുപാട് 'എന്തുകൊണ്ട്' ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവന്നേനെ, സ്വന്തം നിഴലിനെപ്പോലും ഭയന്ന് ഒരു സുഹൃത്തുപോലുമില്ലാതെ ജീവിക്കേണ്ടിവന്നേനെ.

എനിക്കു സുഹൃത്തുക്കളില്ല, എന്റെ ഓഫിസില്‍ ആരും എന്നോടു സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മാതാപിതാക്കളും സഹോദരിയും മാത്രമാണ് എന്റെ ശബ്ദം കേള്‍ക്കുന്നവര്‍. അവര്‍ക്കു പുറമെ അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരും...''
അതിന്റെ അടുത്ത വരിയാണ് എന്നെ ചിതറിപ്പിച്ചത്:

''ഈയിടെയായി ഞാന്‍ ഒരുപാടു വായിക്കുന്നുണ്ട്. ഇപ്പോള്‍ വായിക്കുന്നത് കെ.ആര്‍. മീരയുടെ ആരാച്ചാര്‍ ആണ്.''

എന്റെ രോമങ്ങള്‍ എഴുന്നു. അതു വല്ലാത്തൊരു നിമിഷമായിരുന്നു. അവള്‍ എന്റെ മാംസത്തിന്റെ ഭാഗമായി എന്റെ ശരീരത്തിന്റെ ഉള്ളിലാണുള്ളത് എന്നു തോന്നി.  ആ വര്‍ഷം മാര്‍ച്ച് എട്ടിന് പ്രിയ എ.എസ്. അവളെ കാണാന്‍ വന്നു. ഞാനും പ്രിയയും കൂടി അവളുടെ വീട്ടില്‍ പോയി. എന്നെ അവള്‍ക്ക് നല്ല ഓര്‍മ്മയുണ്ടായിരുന്നു.  അവള്‍ എന്റെ മകളെക്കുറിച്ച് ചോദിച്ചു. എന്റെ പുസ്തകങ്ങളെല്ലാം കൈവശമുണ്ട് എന്ന് അറിയിച്ചു.

ആ കൂടിക്കാഴ്ച എന്നെ വല്ലാതെ ബാധിച്ചു. വ്യക്തി എന്ന നിലയിലും പത്രപ്രവര്‍ത്തക എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലുമെല്ലാം എത്ര നിസ്സഹായമായ അവസ്ഥയാണ് എന്റേത് എന്നു ഞാന്‍ തിരിച്ചറിഞ്ഞു. ഈ ലോകത്ത് എനിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍, ഞാന്‍ അവളുടെ ആത്മാവിനേറ്റ മുറിവുകള്‍ ഉണക്കിക്കൊടുക്കുമായിരുന്നു. അവളുടെ ചിരി തിരികെ കൊടുക്കുമായിരുന്നു. അവള്‍ക്ക് മനുഷ്യരിലുള്ള വിശ്വാസം മടക്കിക്കൊടുക്കുമായിരുന്നു.

പക്ഷേ, ഇന്നോളം ഒരു കഥയില്‍ക്കൂടിപ്പോലും അതു സാധിച്ചിട്ടില്ല. ഇനി സാധിക്കുമെന്നും തോന്നുന്നില്ല. പക്ഷേ, ഒന്നുണ്ട്, അവള്‍ക്കും അവളെപ്പോലെയുള്ള പെണ്‍കുട്ടികള്‍ക്കും അവര്‍ അര്‍ഹിക്കുന്ന മനുഷ്യാന്തസ്സ് നല്‍കിയേ തീരൂ എന്ന് ലോകത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കാന്‍ സാധിക്കും. അവള്‍ക്കുവേണ്ടി എഴുതിക്കൊണ്ടേയിരിക്കാന്‍ സാധിക്കും. അവളോടുള്ള ലോകം ചെയ്ത തെറ്റുകള്‍ക്ക് അങ്ങനെ പരിഹാരം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കാന്‍ സാധിക്കും.

അലിഫ് ലെയ് ല

'കൃഷ്ണഗാഥ' നൊന്തുരുകിയ കഥയായിരുന്നുവെങ്കില്‍, 'അലിഫ് ലെയ് ല' ഞാന്‍ രസിച്ച് എഴുതിയ കഥയായിരുന്നു. 'ആയിരത്തൊന്നു രാവുകളി'ലെ ഷെഹ്റാസാദിന്റെ ആധുനിക കാലത്തെ ജീവിതമാണ് ആ കഥയില്‍ ഞാന്‍ വിഭാവനം ചെയ്തത്. പുതിയകാലത്ത് ഷെഹ്റാസാദ് ജീവന്‍ നിലനിര്‍ത്താന്‍ കഥ പറയേണ്ടിവരുന്നത് തുടരന്‍ നോവലുകള്‍ പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പിന്റെ  എഡിറ്ററോട് ആയിരിക്കില്ലേ എന്ന ചിന്തയായിരുന്നു അതിന്റെ സ്പാര്‍ക്ക്. പക്ഷേ, കഥ പ്രസിദ്ധീകരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലല്ലോ. അതുകൊണ്ട് അതു മെച്ചപ്പെട്ടതാക്കേണ്ട ആവശ്യം അന്ന് ഉണ്ടായിരുന്നില്ലല്ലോ.

അങ്ങനെയിരിക്കെയാണ് 2001-ലെ ആ ഫോണ്‍കോള്‍. ഒരു സ്ത്രീയായിരുന്നു മറുതലയ്ക്കല്‍. എന്റെ എഴുത്തുമേശയുടെ മുകളില്‍ തന്നെയായിരുന്നു ലാന്‍ഡ് ഫോണ്‍ വച്ചിരുന്നത്. എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ദിലീപ്  സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നു. ''അതൊന്നും നടപ്പില്ല, മല്ലികേ, ജയഭാരതിച്ചേച്ചിക്കു കഥ ഇഷ്ടപ്പെട്ടില്ല'' എന്നൊക്കെയാണ് പറയുന്നത്. ദിലീപ് സംഭാഷണം അവസാനിപ്പിച്ചപ്പോള്‍ ഞാന്‍ കാര്യം അന്വേഷിച്ചു.

വിളിച്ചതു മല്ലിക ശ്രീകുമാര്‍ ആയിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നായികമാരായിരുന്ന അംബിക- രാധമാരുടെ സഹോദരി. കെ. കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാലും മല്ലിക ശ്രീകുമാറും ചേര്‍ന്ന് ഒരു സീരിയല്‍ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിട്ടുണ്ട്. ദിലീപിന് ഇരുവരേയും നേരത്തെ പരിചയമുണ്ട്.  കോട്ടയത്തെ ഒരു ജനപ്രിയ നോവലിസ്റ്റിന്റെ നോവലിന്റെ റൈറ്റ് അവര്‍ വാങ്ങിയിരുന്നു. ഈ നോവലിന്റെ കഥ  നടി ജയഭാരതിയോട് പറയാന്‍ ദിലീപിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. ദിലീപ് കഥ പറഞ്ഞു കേള്‍പ്പിച്ചു. പക്ഷേ, കഥ ജയഭാരതിച്ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ല. അതേപ്പറ്റി സംസാരിക്കാനാണ് മല്ലിക ശ്രീകുമാര്‍ വിളിച്ചത്.
രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ എഴുതിക്കൊണ്ടിരിക്കെ വീണ്ടും ഫോണ്‍ വന്നു. അപ്പോള്‍ ദിലീപ് വീട്ടില്‍ ഇല്ല. ഞാന്‍ ഫോണ്‍ എടുത്തു. മറുതലയ്ക്കല്‍നിന്നു കിളിനാദം കേട്ടു: ഞാന്‍ മല്ലികയാണ്. ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുകയും കുറച്ചു നേരം സംസാരിക്കുകയും ചെയ്തു. ദിലീപ് വരുമ്പോള്‍ എന്തെങ്കിലും പറയണോ എന്നു ഞാന്‍ അന്വേഷിച്ചു.  

''നമ്മളു റൈറ്റ് വാങ്ങിയ കഥ ജയഭാരതിച്ചേച്ചിക്ക് ഇഷ്ടമായില്ലെന്നു ദിലീപ് പറഞ്ഞിരുന്നു. ജയഭാരതിച്ചേച്ചി ഉണ്ടെങ്കില്‍ ചാനലുകാര്‍ സ്ലോട്ട് തരാമെന്നു സമ്മതിച്ചിട്ടുണ്ട്.  അതുകൊണ്ട്, അവര്‍ക്ക് ഇഷ്ടമുള്ള കഥ ഏതാണെന്ന് സൂത്രത്തില്‍ ഒന്നു ചോദിച്ചു മനസ്സിലാക്കാന്‍ ദിലീപിനോടു പറയാമോ?''

ആ ചോദ്യത്തിലെ നിഷ്‌കളങ്കത അപ്രതിരോധ്യമായിരുന്നു.

''അവര്‍ക്കു പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്ന ഡിഫറന്റ് ആയ ഒരു കഥ നോക്കിക്കൂടേ?''
ഞാന്‍ ചോദിച്ചു.
''എന്നുവച്ചാല്‍?''
എന്റെ നാവില്‍ ഒരു കഥ വന്നു- നാല്‍പ്പതുകളിലെത്തിയ ഒരു സ്ത്രീ. ഇപ്പോഴും ചെറുപ്പക്കാരി. അവര്‍ക്ക് മൂന്നു പെണ്‍മക്കള്‍. ആ മക്കള്‍ വിവാഹിതരായിക്കഴിഞ്ഞ് അമ്മയുടെ ഒറ്റപ്പെടലും അവരുടെ ജീവിതത്തിലേക്ക് ഒരാള്‍ കടന്നുവരുമ്പോള്‍ പെണ്‍മക്കളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പൊട്ടിത്തെറികളും-
''അതേയ്, ഈ കഥ ഒന്നു ജയഭാരതിച്ചേച്ചിയോടു പറഞ്ഞുനോക്കാമോ?''
''ഞാനോ?''
''എങ്ങനെയെങ്കിലും ഒന്നു സമ്മതിപ്പിക്ക് മീരേ, പ്ലീസ്...''

ആ ശബ്ദത്തിന്റെ മാസ്മരികതയില്‍ ഞാന്‍ സമ്മതിച്ചു.  ദിലീപ് വന്നപ്പോള്‍ ഇക്കാര്യം പറഞ്ഞു. ''മീരേ, മല്ലികയ്ക്ക് വെറുതെ ഐഡിയ കൊടുക്കരുത്. എന്തെങ്കിലും വിചാരിച്ചാല്‍ അതു നടത്തിയെടുക്കുന്നതുവരെ സൈ്വര്യം തരില്ല'' എന്നു ദിലീപ് മുന്നറിയിപ്പു നല്‍കി. അതു ശരിയാണെന്നു തെളിയിച്ച് മല്ലിക ശ്രീകുമാറിന്റെ വിളികള്‍ നിരന്തരം വന്നു:
''ജയഭാരതിച്ചേച്ചിയെ സമ്മതിപ്പിച്ചോ?''

അങ്ങനെ അതെന്റെ ജോലിയായി. ഞാന്‍ ദിലീപിനെ ശല്യപ്പെടുത്തി. കഥ പറഞ്ഞ് ജയഭാരതിച്ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്നെ വിളിക്കില്ലല്ലോ എന്നതായിരുന്നു എന്റെ ന്യായം. ഒടുവില്‍ ദിലീപ് അവരെ വിളിച്ച്  ഫോണ്‍ എന്റെ കയ്യില്‍ത്തന്നു. ഞാന്‍ ആ  കഥ പറഞ്ഞു. പകുതിയായപ്പോള്‍ത്തന്നെ അവര്‍ ഇടപെട്ടു:
''ശരി, ഈ കഥ ആണെങ്കില്‍ ചേച്ചി അഭിനയിക്കാം.''
ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്. മല്ലിക ശ്രീകുമാറിനെ വിളിച്ച് ജയഭാരതിച്ചേച്ചി സമ്മതിച്ചു എന്ന് ദിലീപ് അറിയിച്ചു. അതോടെ അത് തീര്‍ന്നു എന്ന ആശ്വാസത്തിലായി ഞാന്‍. അപ്പോഴാണ് മല്ലിക ശ്രീകുമാറിന്റെ അടുത്ത വിളി.  

''അതേയ്, മീരേ, ആ  പറഞ്ഞ കഥ വച്ച് ഒരു അഞ്ച് എപ്പിസോഡിങ്ങെഴുതിത്തരാമോ?''
''ഞാനോ?''
ഞാന്‍ അമ്പരന്നു.
''പെട്ടെന്നു വേണം...''
''ഞാനിതുവരെ സ്‌ക്രിപ്റ്റ്...''
''എന്താന്നറിയാമോ, അഞ്ച് എപ്പിസോഡിന്റെ സ്‌ക്രിപ്റ്റ് കൊടുത്താലേ ചാനലുകാര്‍ അപ്രൂവലു തരൂ. ഇപ്പഴാണേല്‍ ഒരു സ്ലോട്ട് ഒഴിവുണ്ട്. അഞ്ച് എപ്പിസോഡ് മതി. അതു കഴിഞ്ഞ് നമുക്ക് വേറെ ആളെ വച്ച് എഴുതിപ്പിക്കാം. ഒന്നെഴുതി നോക്ക്. പറ്റുന്നതു മതി.''

കുറച്ചു നേരം ഞാന്‍ ഇതികര്‍ത്തവ്യതാമൂഢത അനുഭവിച്ചു. അതുകഴിഞ്ഞപ്പോള്‍ ഒരു മോഹപ്പക്ഷി ചിറകടിച്ചു.  തിരക്കഥയില്‍ മാത്രമേ കൈവയ്ക്കാതെയുള്ളൂ. അതും ഒന്നു പരീക്ഷിച്ചേക്കാം. തിരക്കഥാ രംഗത്ത് സ്ത്രീകളുടെ പേരുകള്‍ കേള്‍ക്കാറില്ല. മാത്രമല്ല,  അഞ്ച് എപ്പിസോഡ് മതിയല്ലോ. രണ്ടു സ്ത്രീകളുടെ സംരംഭവുമാണല്ലോ.

എഴുതാന്‍ തുടങ്ങിയപ്പോഴുള്ള ത്രില്‍ പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. ഒരു എപ്പിസോഡില്‍ എത്ര സീന്‍ വേണമെന്നോ ഒരു സീനിന് എത്ര ദൈര്‍ഘ്യം വേണമെന്നോ ഒരു ധാരണയുമില്ല. അതുകൊണ്ട്, ഒരു സീരിയല്‍ കാണുന്നതായി സങ്കല്പിച്ച് തകര്‍ത്ത് എഴുതുകയാണ്! അഞ്ച് എപ്പിസോഡ് രണ്ടു ദിവസത്തിനകം കൊടുത്തു. ഈ ഇടപാട് ഇവിടെ അവസാനിച്ചു എന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. പക്ഷേ, അന്നു വൈകിട്ട്  മല്ലിക ശ്രീകുമാര്‍ വീണ്ടും വിളിച്ചു. പരുഷമായിരുന്നു വാക്കുകള്‍.

''എന്നെ പറ്റിക്കുകയായിരുന്നു, അല്ലേ? ഇതുപോലെ എഴുതാന്‍ അറിയുമായിരുന്നിട്ടാണോ എഴുതാന്‍ അറിഞ്ഞുകൂടാ എന്നു പറഞ്ഞത്? ഇതു വായിച്ച് ഇവിടെ എല്ലാവരും പറയുന്നതെന്താണ് എന്നറിയാമോ? ഇത്രയും നല്ല സ്‌ക്രിപ്റ്റ് അവരു വായിച്ചിട്ടില്ലെന്ന്. ഒരു കാര്യം പദ്മച്ചേച്ചിയും ഞാനും  തീരുമാനിച്ചു- ഈ സീരിയലിന് തിരക്കഥ എഴുതുന്നത് മീരയാണ്. വെറുതെ വേണ്ട, കാശു തരാം...''
ആ സമയത്ത് എനിക്ക് സ്വന്തമായി  വീടോ സ്ഥലമോ ഇല്ല. ദിലീപ് ആണെങ്കില്‍ കുറേക്കാലമായി സ്ഥലം അന്വേഷിച്ച് അന്വേഷിച്ച് ഒടുവില്‍ ഒരെണ്ണം കണ്ടെത്തി അഡ്വാന്‍സ് കൊടുക്കുകയും അതുവരെ കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്ന ബാങ്ക് ലോണ്‍ കിട്ടില്ലെന്ന് അറിഞ്ഞു പരക്കംപായുകയുമാണ്. അതുകൊണ്ട് ഒരു എപ്പിസോഡിന് വാഗ്ദാനം ചെയ്ത തുക കേട്ടപ്പോള്‍ ഞാന്‍ പ്രലോഭിതയായി.

''ഞാന്‍ എഴുതാം. പക്ഷേ, എപ്പോള്‍ കാശു തരും?''
''എപ്പോള്‍ വേണം?''
''ഒരു സ്ഥലത്തിന് അഡ്വാന്‍സ് കൊടുത്തിട്ടുണ്ട്. അതിന്റെ ആധാരം എഴുതുന്നതിനു മുന്‍പു കിട്ടുമോ?''
''എപ്പോഴാണ് എഴുതുന്നത്?''

ഞാന്‍ തീയതി പറഞ്ഞു. അന്നു വെളുപ്പിനെ മല്ലികച്ചേച്ചി നൂറ് എപ്പിസോഡിന്റെ മുന്‍കൂര്‍ പ്രതിഫലവുമായി വന്നു.  അങ്ങനെ ഞാന്‍  മെഗാസീരിയല്‍ തിരക്കഥാ രചന ആരംഭിച്ചു.  'കിളിക്കൂട്' എന്നാണ് സീരിയലിന് പേരിട്ടത്. അന്നു വാങ്ങിയ സ്ഥലത്തു പണിത വീടിനും ആ പേരു തന്നെ ഇട്ടു. 'കിളിക്കൂട്' 150 എപ്പിസോഡ് ഓടി. അക്കാലംകൊണ്ട്, സ്വഭാവത്തിലും കാഴ്ചപ്പാടിലും ജീവിതവിശ്വാസങ്ങളിലും രാഷ്ട്രീയത്തിലും ഒക്കെ രണ്ടു ധ്രുവങ്ങളിലാണെങ്കിലും, മല്ലികച്ചേച്ചിയുമായി ആത്മബന്ധമുണ്ടാകുകയും ചെയ്തു.

ജയഭാരതി, മുരളി എന്നിവരായിരുന്നു 'കിളിക്കൂടി'ന്റെ നായികാനായകന്‍മാര്‍. അന്നു സംപ്രേഷണം ചെയ്യപ്പെട്ടിരുന്ന സീരിയലുകളില്‍നിന്നു വ്യത്യസ്തമായ ഡയലോഗും കഥാസന്ദര്‍ഭങ്ങളും ഉപയോഗിക്കാന്‍ ഞാന്‍ ശ്രമിച്ചു. വര്‍ഷങ്ങള്‍ക്കുശേഷവും ചില പ്രേക്ഷകര്‍ അതിലെ ഡയലോഗുകള്‍ ഓര്‍മ്മയില്‍നിന്ന് ഉരുവിട്ട് എന്നെ അമ്പരപ്പിക്കാറുണ്ട്. എന്റെ മാത്രമല്ല, സംവിധായകന്‍ എം. പുരുഷോത്തമന്റേയും ആദ്യ സീരിയല്‍ ആയിരുന്നു അത്. നിര്‍മ്മാതാക്കള്‍ രണ്ടു സ്ത്രീകളും സംവിധായകന്‍ പുരുഷോത്തമനെപ്പോലെ സെന്‍സിബിലിറ്റിയുള്ളയാളും ആയതു കൊണ്ടാണ് എനിക്ക് അത് എഴുതാനും വിജയിപ്പിക്കാനും  സാധിച്ചത്. ഒരു മുന്‍പരിചയവുമില്ലാതെ ഞാന്‍ എഴുതിക്കൊടുത്ത വരികള്‍ ഞാന്‍ മനസ്സില്‍ കണ്ടതുപോലെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതു നല്‍കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.

സീരിയലില്‍ അഭിനയിച്ച ആദ്യ ദിവസം തന്നെ മുരളിച്ചേട്ടന്‍ എന്നെ വിളിച്ചു.
''ഒരു കാര്യം ഞാന്‍ തീരുമാനിച്ചു. ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്കു തിരക്കഥ എഴുതുന്നതു മീര ആയിരിക്കും.''
മുരളിച്ചേട്ടന്‍ വെറുതെ സന്തോഷിപ്പിക്കാന്‍ പറഞ്ഞതാണ് എന്നാണു ഞാന്‍ വിചാരിച്ചത്. പക്ഷേ, ആയിരുന്നില്ല. 'കിളിക്കൂട്' അവസാനിച്ചയുടനെ മുരളിച്ചേട്ടന്‍ തോപ്പിന്‍ മുഹമ്മദ് മീരാന്റെ 'എരിഞ്ഞടങ്ങുന്നവര്‍' എന്ന കഥയുടെ ഫോട്ടോക്കോപ്പി എനിക്ക് എത്തിച്ചുതന്നു.
''ഇതാണ് എന്റെ മനസ്സിലുള്ള കഥ. മീര ഇതു വായിച്ച് തിരക്കഥ പ്ലാന്‍ ചെയ്തുകൊള്ളൂ.''
എന്റെ സിനിമാഭാഗ്യക്കേട്! അതു സംഭവിച്ചിരുന്നെങ്കില്‍ എന്റെ ആദ്യ സിനിമ അതാകുമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍, തിരക്കഥ എഴുതി കൈ പൊള്ളിയ അനുഭവം ഉണ്ടാകുമായിരുന്നില്ല. പക്ഷേ, അതും നന്നായി. തെറ്റായ തീരുമാനങ്ങളാണല്ലോ, എഴുത്തുകാരുടെ മൂലധനം.

'കിളിക്കൂടി'ന്റെ പത്തിരുപത് എപ്പിസോഡ് എഴുതിക്കഴിഞ്ഞപ്പോള്‍ 'അലിഫ് ലെയ് ല'യ്ക്കു  തുടരന്‍ നോവലുകളുടെ പത്രാധിപരേക്കാള്‍  സീരിയല്‍ നിര്‍മ്മാതാവാണ് യോജിക്കുന്നത് എന്ന് എനിക്കു മനസ്സിലായി.
ആ കഥ വായിച്ചിട്ട് മല്ലികച്ചേച്ചി എന്നെ വിളിച്ചു.
''ഇത് വായിച്ചവര്‍ക്കെല്ലാം സംശയം, ഇതിലെ പ്രൊഡ്യൂസര്‍ ഞാനാണ് എന്ന്. സത്യം പറ, ഈ കഥ എന്നെ ഉദ്ദേശിച്ചാണോ?''
''ചേച്ചിക്ക് എന്തു തോന്നി?''
''എനിക്കു സംശയമൊന്നുമില്ല.  ഇത് എന്നെക്കുറിച്ചാണ്, എന്നെ കുറിച്ചുതന്നെയാണ്.''
ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. കഥകളുടെ തന്ത്രം അതുതന്നെയാണ്. വായിക്കുന്ന ഓരോരുത്തര്‍ക്കും തോന്നണം, ഇത് എന്നെക്കുറിച്ചാണ്, എന്നെക്കുറിച്ചാണ്, എന്നെക്കുറിച്ചു മാത്രമാണ് എന്ന്. അലിഫ് ലെയ് ലയിലെ ഷഹ്റാസാദ് ഞാന്‍ തന്നെയായിരുന്നു. എന്റെ ജീവിതം ഒന്നു മാറ്റി മറിച്ചു നോക്കുകയായിരുന്നു, ആ കഥയില്‍. എന്റെ ജീവിതം തിരുത്തിയെഴുതിത്തന്നെയാണ് ഞാന്‍ കഥകള്‍ ഉണ്ടാക്കുന്നത്. ആ കഥകളുടെ സാധ്യതയും പരിമിതിയും ആനന്ദവും അതുതന്നെയാണ്.  

മാടമ്പ് കുഞ്ഞുകുട്ടന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ, എഴുത്തുകാരന്‍ ഉള്ളില്‍ത്തട്ടി എഴുതിയ കഥയേ വായനക്കാരുടെ ഉള്ളിലും തൊടുകയുള്ളൂ. വായനക്കാര്‍ കരയണമെങ്കില്‍ എഴുത്തുകാരന്‍ അതിന്റെ നൂറു മടങ്ങ് അധികം കരഞ്ഞിരിക്കണം എന്ന് കെ.പി. അപ്പന്റെ കലഹവും വിശ്വാസവും എന്ന പുസ്തകത്തില്‍ വായിച്ചത് ഓര്‍ക്കുന്നു. എനിക്ക് വായനക്കാരെ കരയിപ്പിച്ചാല്‍ മാത്രം പോരാ. അവരെ  തകര്‍ത്ത് എറിയുകയും വേണം. തരിതരിയായി തകര്‍ക്കണം. അങ്ങനെ തകര്‍ന്നു കഴിഞ്ഞാല്‍ മാത്രമേ ഒരാള്‍ക്ക് സ്വയം നവീകരിക്കാനും  സ്വയം സ്‌നേഹിക്കാനും  സാധിക്കുകയുള്ളൂ എന്ന് മറ്റാരെക്കാളും നന്നായി എനിക്ക് അറിയാം.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com