'പാമ്പിന്‍കുഞ്ഞിനെ ചവിട്ടിയതു പോലെ, കഥയേയും അറിയാതെ ചവിട്ടിയുണര്‍ത്തുകയായിരുന്നു ഞാന്‍'; കെആര്‍ മീര

ഞാന്‍ ആദ്യമായി ഡല്‍ഹിയും ഒറീസയും കൊല്‍ക്കൊത്തയും കണ്ടത് അങ്ങനെയാണ്... കഥയെഴുത്ത് ഓർമകളുടെ അവസാന ഭാ​ഗം
'പാമ്പിന്‍കുഞ്ഞിനെ ചവിട്ടിയതു പോലെ, കഥയേയും അറിയാതെ ചവിട്ടിയുണര്‍ത്തുകയായിരുന്നു ഞാന്‍'; കെആര്‍ മീര

പി.യു.സി.എല്‍. അവാര്‍ഡ് സമ്മാനിക്കപ്പെട്ടത് ജംഷഡ്പൂരില്‍ വച്ചായിരുന്നു. അതു വാങ്ങാനുള്ള യാത്ര ഞങ്ങള്‍ ഒരു ഉത്തരേന്ത്യന്‍ ടൂര്‍ ആക്കി മാറ്റി. ഞാന്‍ ആദ്യമായി ഡല്‍ഹിയും ഒറീസയും കൊല്‍ക്കൊത്തയും കണ്ടത് അങ്ങനെയാണ്. കൊടുംചൂടിലായിരുന്നു യാത്ര. കൊല്‍ക്കൊത്ത എനിക്ക് അത്രയൊന്നും ഇഷ്ടപ്പെട്ടില്ല. പക്ഷേ, ഡല്‍ഹി വല്ലാതെ ഇഷ്ടപ്പെട്ടു. 

ഡല്‍ഹിയില്‍ താമസിച്ചതു മനോരമയിലെ ഫോട്ടോഗ്രഫര്‍ ബി. ജയചന്ദ്രന്റെ ഫ്‌ലാറ്റിലായിരുന്നു. മനോരമയിലെ സഹപ്രവര്‍ത്തകരില്‍ ഏറ്റവും അടുപ്പമുള്ളവരില്‍ ഒരാളായിരുന്നു ജയേട്ടന്‍. എങ്ങനെയാണ് അടുപ്പം എന്നു ചോദിച്ചാല്‍ മറുപടിയില്ല. ഒരു ദിവസം കണ്ണു തുറന്നു നോക്കുമ്പോള്‍ മുറ്റത്ത് ഒരു മരം കണ്ടതുപോലെ, ഒരു ദിവസം മുതല്‍ ജയേട്ടന്റെ കുടുംബത്തിലേതായി ഞങ്ങളും. 

ഡല്‍ഹിയില്‍ ലക്ഷ്മി നഗറിലെ ഫ്‌ലാറ്റും അന്നത്തെ താമസവും ഒരിക്കലും മറക്കാന്‍ സാധിക്കില്ല. കാരണം അന്നു രാത്രി ഡല്‍ഹിയില്‍ ഭൂകമ്പം ഉണ്ടായി. ലത്തൂരില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍  ദ് വീക്കിന്റെ ലേഖിക മറിയ ഏബ്രഹാം സംഭവസ്ഥലത്തുനിന്നു വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ വച്ച് റിപ്പോര്‍ട്ട് എഴുതിയുണ്ടാക്കിയ എനിക്ക് ഒടുവില്‍ ഭൂകമ്പം എന്നാല്‍ വാസ്തവത്തില്‍ എന്താണെന്നു മനസ്സിലാക്കാന്‍ അവസരം കിട്ടി. ഉറക്കപ്പിച്ചില്‍, രണ്ടു വയസ്സു തികയാത്ത മകളേയും എടുത്തു കൊണ്ട് ഞങ്ങള്‍ രണ്ടാം നിലയില്‍നിന്നു പടികള്‍ ഓടിയിറങ്ങി. പക്ഷേ, ഭൂകമ്പത്തിനൊന്നും എനിക്കു ഡല്‍ഹിയോടുള്ള ആകര്‍ഷണം കുറയ്ക്കാന്‍ സാധിച്ചില്ല. തിരിച്ചു പോരാന്‍ ഇഷ്ടമില്ലാത്തത്ര ഞാന്‍ സ്‌നേഹിച്ച സ്ഥലമായിരുന്നു ഡല്‍ഹി. 

ആദ്യ പരമ്പരയ്ക്കുശേഷം എന്നെ നിയോഗിച്ച വാര്‍ത്താപരമ്പരകളില്‍ പ്രധാനപ്പെട്ടതായിരുന്നു  തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ളത്. അതിന്റെ ഭാഗമായി ഒട്ടേറെ സ്ത്രീകളുമായി സംസാരിച്ചിരുന്നു. അവരില്‍ ഒരാളില്‍നിന്നാണ് ആ വാക്കു ഞാന്‍ കേട്ടത് - ഫെമിറിസ്റ്റ്. സഹപ്രവര്‍ത്തകന്റെ ലൈംഗിക അതിക്രമത്തിന് എതിരെ കേസു കൊടുത്ത ഒരു സ്ത്രീക്ക് ഓഫീസിലെ ചിലരിട്ട പേരാണ്. ഫെമിനിസ്റ്റും ടെററിസ്റ്റും തമ്മില്‍ കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയത്. 

പല സ്ത്രീകളും പറഞ്ഞ കഥകള്‍ അവയുടെ ബീഭത്സതകൊണ്ട് അവിശ്വസനീയമായിരുന്നു.  സ്ത്രീവിരുദ്ധത എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ചുരുളഴിയുകയായിരുന്നു.  സ്ത്രീ വിരുദ്ധത എന്നാല്‍ സ്ത്രീകളെ ശാരീരികമായി ആക്രമിക്കുകയാണ് എന്ന് ഏറെക്കാലം ഞാനും ധരിച്ചിരുന്നു. അതിക്രമങ്ങള്‍ അതിജീവിച്ചവരെ ആ പരമ്പരയ്ക്കുവേണ്ടി കണ്ടുമുട്ടിയപ്പോഴാണ് സ്ത്രീവിരുദ്ധത എന്നാല്‍ രൂഢമൂലമായ ഒരു മന:ശാസ്ത്രവും സ്ത്രീപുരുഷഭേദമെന്യേ സമൂഹം സ്വാംശീകരിച്ച പ്രത്യയശാസ്ത്രവുമാണ്  എന്നു തിരിച്ചറിഞ്ഞത്. കേവലം സ്ത്രീയോടു മാത്രമുള്ള അസഹിഷ്ണുതയല്ല സ്ത്രീവിരുദ്ധത. അതു തങ്ങളെ ചോദ്യം ചെയ്യുന്ന പ്രിവിലിജുകള്‍ കുറഞ്ഞ മനുഷ്യരോട് ആകമാനം തോന്നുന്ന വിദ്വേഷമാണ്.  ആ  തിരിച്ചറിവിലേക്കുള്ള ആദ്യ പടിയായിരുന്നു അന്നത്തെ അഭിമുഖ സംഭാഷണങ്ങള്‍. 

ആ പരമ്പര പ്രസിദ്ധീകരിച്ച കാലത്താണ് എനിക്ക് മധ്യവര്‍ഗ്ഗക്കാരായ വായനക്കാരെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചത്.  ഏതാനും പുരുഷന്‍മാര്‍ സ്ത്രീകളോടു മോശമായി പെരുമാറുന്നതിന് എന്തിന് എല്ലാ പുരുഷന്‍മാരേയും താറടിക്കുന്നു എന്നു ചോദിക്കാന്‍ വിളിച്ചവര്‍ ഏറെയാണ്. അതു ചിന്തിപ്പിക്കുന്നതായിരുന്നു. ആലോചിച്ചു നോക്കൂ,  അറസ്റ്റിലാകുന്ന മോഷ്ടാക്കളില്‍ ഏറെപ്പേരും പുരുഷന്‍മാരാണ്. പക്ഷേ, വര്‍ദ്ധിച്ചുവരുന്ന മോഷണങ്ങളെക്കുറിച്ചുള്ള  വാര്‍ത്താപരമ്പര പ്രസിദ്ധീകരിച്ചാല്‍ പുരുഷന്‍മാരെ താറടിക്കുന്നു എന്ന് ആരും പരാതിപ്പെടുകയില്ല.  കൊലപാതകികളോ അഴിമതിക്കാരോ ആയ പുരുഷന്‍മാരെപ്പറ്റിയുള്ള വാര്‍ത്തകളും എല്ലാ പുരുഷന്‍മാരും ഇങ്ങനെയാണോ എന്ന് അവരെക്കൊണ്ടു ചോദിപ്പിക്കുകയില്ല. 

പക്ഷേ, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍, അതിക്രമം നേരിട്ട സ്ത്രീയുടെ അനുഭവം തുറന്നു പറയുമ്പോള്‍, നിങ്ങള്‍ പുരുഷന്‍മാരെ അടച്ച് ആക്ഷേപിക്കുന്നു എന്ന ആരോപണവുമായി രംഗത്തു വരാന്‍ ഒരുപാടു പേര്‍ ഉണ്ടാകും.  ഏതാനും പേര്‍ ചെയ്ത കുറ്റകൃത്യം തങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ് എന്നു വലിയൊരു വിഭാഗം വായനക്കാര്‍ തീരുമാനിക്കുന്നത് എന്തുകൊണ്ടായിരിക്കും എന്നു ചിന്തിച്ച് ഞാന്‍ തല കുറേ പുകച്ചു.  

പിന്നീടാണ് വ്യക്തമായത്- അതിക്രമത്തെക്കുറിച്ചു സംസാരിക്കുന്നതിലുള്ള അസഹ്യത ഒരു സൂചനയാണ്.  പിടിക്കപ്പെടാത്തതോ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടാത്തതോ ആയ ഒരു അതിക്രമിയെ അത്തരക്കാര്‍ ഉള്ളില്‍ സൂക്ഷിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് അത്.  അതിക്രമത്തെക്കുറിച്ച്, അതിക്രമിക്കപ്പെട്ടവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ഓരോ സംഭാഷണവും മറവിലും വെളിച്ചത്തിലുമുള്ള  അതിക്രമികളെ വിറളിപിടിപ്പിക്കും.  അപ്പോള്‍ അവര്‍ അതിജീവിച്ചവളെ ചോദ്യം ചെയ്യും. അവളെ തെറിവിളിക്കും. കുറ്റം അതിക്രമിയുടേതല്ല, അതിക്രമിക്കപ്പെട്ടവളുടേതാണ് എന്നു വരുത്തിത്തീര്‍ക്കും. അതുകൊണ്ടാണ്, അതിക്രമങ്ങളെ കുറിച്ച് നിരന്തരം സംസാരിക്കേണ്ടിവരുന്നത്. അതിക്രമം ജൈവികവും സാമൂഹികവുമായ ഒരു സാധാരണ സംഗതിയാണ് എന്നു ജനിച്ച നാള്‍ മുതല്‍ വിശ്വസിക്കുന്നവരാണ് അവരില്‍ മിക്കവാറും പേര്‍.  

ആ അതിക്രമ വാസനയുടെ ഒരു ബഹിര്‍സ്ഫുരണം മാത്രമാണ് അധിക്ഷേപാര്‍ഹമായ സംബോധനകളും ഫെമിറിസ്റ്റ്, ഫെമിനിച്ചി തുടങ്ങിയ പദസൃഷ്ടികളും. അതിക്രമികളെ തിരിച്ചറിയാന്‍ എളുപ്പമാണ്. അതിക്രമികള്‍ക്ക് അതേ നാണയത്തിലുള്ള തിരിച്ചടികള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ സ്വീകരിക്കാന്‍ ഒരിക്കലും കഴിയാറില്ല. അവര്‍ ആത്മവിമര്‍ശനം നടത്തുകയോ തെറ്റ് ഏറ്റു പറയുകയോ അതിനു മാപ്പു ചോദിക്കുകയോ ഇല്ല.  പകരം, തന്നെ അതിക്രമിയാക്കിത്തീര്‍ത്തത് അതിക്രമത്തിനു വിധേയരായവരാണ് എന്നു സ്ഥാപിക്കും.  അതിക്രമിക്കപ്പെട്ടവര്‍ സത്യസന്ധത ഇല്ലാത്തവരാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കും. ഇത്തരം മനസ്സുള്ളവര്‍ പുരുഷന്‍മാര്‍ മാത്രമാണ് എന്നു കരുതരുത്. ആണ്‍, പെണ്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ എന്ന ഭേദമെന്യെ ഇത്തരക്കാര്‍ ധാരാളമുണ്ട്. അതിക്രമത്തിന്റെ ഓരോ സംഭവത്തിലും അതിക്രമിക്കപ്പെട്ടവളെ ചോദ്യം ചെയ്യാന്‍ ഒട്ടേറെ സ്ത്രീകള്‍ മുന്നോട്ടു വരുന്നതു കണ്ടിട്ടില്ലേ? എടുത്തു പറയേണ്ടത് അതിക്രമികളുടെ വര്‍ഗ്ഗസ്‌നേഹവും സംഘബോധവുമാണ്. തങ്ങളില്‍ ഒരാളെ ചോദ്യം ചെയ്യുന്നതോ കുറ്റപ്പെടുത്തുന്നതോ പോലും  അവര്‍ സഹിക്കില്ല. കൂട്ടത്തോടെ ഇളകി വരും. ഇരയെ വളഞ്ഞിട്ട് കടിച്ചു കീറും.  ഈ സംഘബോധവും വര്‍ഗ്ഗസ്‌നേഹവും ഇരകള്‍ക്കും അതിജീവിതര്‍ക്കും ഇല്ല. അത് ഉണ്ടാകും വരെ അതിക്രമികള്‍ അതിക്രമത്തെ അതിക്രമമായി അംഗീകരിക്കുകയുമില്ല. 

ഏതായാലും 'ഫെമിറിസ്റ്റ്' എന്ന വാക്ക് എന്റെയുള്ളില്‍ പതിഞ്ഞു.  2001 ഡിസംബറിലെ പാര്‍ലമെന്റ് ആക്രമണ സമയത്ത്, ആ വാക്ക് വീണ്ടും ഓര്‍മ്മവന്നു. സ്ത്രീയായ ടെററിസ്റ്റിനെ ഞാന്‍ സങ്കല്പിച്ചുനോക്കി. അവളുടെ ഭര്‍ത്താവ് അവളെ എത്രമാത്രം ഭയക്കും എന്ന് ആലോചിച്ചുനോക്കി. ചിന്തിച്ചു ചിന്തിച്ച്,  ഭര്‍ത്താവ് അറിയാതെ രാത്രി പുറത്തിറങ്ങി കറങ്ങിയിട്ടു തിരികെ വന്നാല്‍ എന്റെ വീട്ടില്‍ ഉണ്ടാകാവുന്ന പൊട്ടിത്തെറികള്‍ സങ്കല്പിച്ചുനോക്കി.   ഓരോ പുരുഷന്റേയും ജീവിതത്തിലെ ഏറ്റവും വലിയ ടെററിസ്റ്റ് അയാളുടെ ഒപ്പം ജീവിക്കുന്ന സ്ത്രീയാണ് എന്നു കണ്ടെത്തി. അങ്ങനെ ''വീടില്ലാത്ത തെണ്ടികളും ഡിസ്‌കോത്തെക്കുകളില്‍നിന്നു കുടിച്ചു കൂത്താടിയിറങ്ങുന്ന ധനികപുത്രന്‍മാരും പകല്‍ മുഴുവന്‍ തളര്‍ന്നുറങ്ങുന്ന പിഞ്ചുവേശ്യകളും കള്ളന്‍മാരും പിമ്പുകളും പുളച്ചു തിമിര്‍ക്കുന്ന പാതിരാവഴിയില്‍ അലഞ്ഞുതിരിഞ്ഞ് വിശപ്പും വേദനയും എയ്ഡ്സും സിഫിലിസും അലയടിക്കുന്ന രാക്കടലിന്റെ മദവും ഭീതിയും കണ്ടറിയാ''നുള്ള എന്റെ തീവ്രമായ ആഗ്രഹത്തില്‍നിന്ന് ആ കഥയുണ്ടായി. 

സുകുമാർ അഴീക്കോട്
സുകുമാർ അഴീക്കോട്

നമ്മുടെയൊക്കെ ജീവിതം മാറ്റിയെഴുതിയാല്‍ ഉണ്ടാകുന്ന കഥകളാണ് ഏറ്റവും രസകരമായ കഥകള്‍. പക്ഷേ, അതു തീരെ എളുപ്പമല്ല. സത്യസന്ധതയുടെ ഏറ്റവും മാരകമായ അവസ്ഥാന്തരത്തിലേ അതു സഫലമാകുകയുള്ളൂ.  കംഫര്‍ട്ട് സോണുകള്‍ വിട്ടു പുറത്തിറങ്ങുമ്പോള്‍ മാത്രമേ നല്ല കഥയും കൂടുതല്‍ മനുഷ്യത്വവും ഉണ്ടാകുകയുള്ളൂ എന്നാണ് എന്റെ അനുഭവം. 

അതുകൊണ്ട്, എഴുതുമ്പോള്‍ തോട് ഊരി കടല്‍പ്പുറത്തുവച്ച് തിരയിലേക്കിറങ്ങുന്ന ആമയാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഉപ്പുവെള്ളത്തിന്റെ നീറ്റലും മണല്‍ത്തരികളുടെ മൂര്‍ച്ചയും ആഴത്തിന്റെ അര്‍ത്ഥവും പകര്‍ത്തിവയ്ക്കാതെ കടലിന്റെ അനുഭവം പൂര്‍ണ്ണമാകുകയില്ല.  ഊരിവച്ച തോട് ഇനിയൊരിക്കലും മടക്കിക്കിട്ടിയില്ലെന്നിരിക്കും. ഇനിയൊരിക്കലും കരപറ്റാന്‍ സാധിച്ചില്ലെന്നിരിക്കും. പക്ഷേ, പുറംതോടിന്റെ സുരക്ഷിതത്വം ഉപേക്ഷിക്കാന്‍ ധൈര്യമില്ലാത്തവരോട്  കടല്‍ എന്നെങ്കിലും അതിന്റെ യഥാര്‍ത്ഥ കഥകള്‍ വെളിപ്പെടുത്തുമോ? 

ഒറ്റപ്പാലം കടക്കുവോളം 

ഒരു ദിവസം വൈകിട്ട് ഓഫീസിന്റെ ഗേറ്റ് കടക്കുമ്പോള്‍ തടിച്ചുകൊഴുത്ത രണ്ടു ഗഡാഗഡിയന്‍ യുവാക്കള്‍  എനിക്കു മുന്‍പേ നടക്കുന്നുണ്ടായിരുന്നു. അവരുടെ സംഭാഷണം ഞാന്‍ അങ്ങുമിങ്ങും വ്യക്തമായി കേട്ടു: 

''മറ്റവന്‍മാര്‍ അയാളെ അപ്പഴേ തട്ടിക്കൊണ്ടുപോയില്ലേ, കെളവന്‍ അല്ലേ, ബ്രിട്ടീഷുകാരനെ നോക്കി കൊഞ്ഞനം കുത്തി എന്നും പറഞ്ഞ് പെന്‍ഷന്‍ വാങ്ങിക്കുന്നതല്ലേ, ഇപ്പം നമ്മക്ക് എന്തായാലും ഒരാളെ തപ്പിയേലേ പറ്റൂ, നമുക്കിപ്പം ഒരു അഞ്ഞൂറു രൂപ കാഷായിട്ടു കൊടുക്കാം. പിന്നെ ഷാളു വാങ്ങിക്കണ്ടായോ''   എന്നൊക്കെയാണു പറയുന്നത്.  എന്തിനെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത് എന്ന് എനിക്കു വ്യക്തമായിരുന്നില്ല. 

ലോക്കല്‍ ഡെസ്‌കില്‍ ഡ്യൂട്ടിയുള്ള ദിവസമായിരുന്നു അത്.  ഞാന്‍ സീറ്റില്‍ ഇരുന്നു കഴിഞ്ഞ്  അവര്‍ എന്റെ അടുത്തു വന്നു. ഒരു വാര്‍ത്ത തരാന്‍ വന്നതാണ് എന്ന് അറിയിച്ചു. വാര്‍ത്ത ഞാന്‍ നോക്കി. - സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം. അവര്‍ സംസാരിച്ചു കൊണ്ടിരുന്നത് സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചാണ് എന്ന് അപ്പോഴാണു മനസ്സിലായത്. 

എന്റെ തലയ്ക്ക് ഒരടി കിട്ടിയതുപോലെ തോന്നി. കാരണം, എന്റെ അപ്പൂപ്പന്‍ സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു. തന്റെ ചുറ്റുപാടുകളിലെ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അതിനുവേണ്ടി നിര്‍ലോഭം പണം ചെലവഴിച്ചിരുന്നു. സി. കേശവന്‍, കുമ്പളത്തു ശങ്കുപ്പിള്ള തുടങ്ങിയവരുമായി വളരെ അടുപ്പമുണ്ടായിരുന്നു.  അപ്പൂപ്പനും ആര്‍. ശങ്കറും യാത്ര ചെയ്തതിന്റെ വിവരങ്ങള്‍ അമ്മയും വല്യമ്മാവനും പറഞ്ഞുകേട്ടിട്ടുണ്ട്. കെ.പി. മാധവന്‍നായരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു. സ്വാതന്ത്ര്യം കിട്ടിയതിനുശേഷമുള്ള മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളിലുള്ള വിയോജിപ്പിനെ തുടര്‍ന്ന് അപ്പൂപ്പന്‍ കോണ്‍ഗ്രസ്സിനോട് അകന്ന് കമ്യൂണിസ്റ്റായി. ദിവാനെപ്പോലെ പെരുമാറുന്നു എന്നതില്‍ പ്രതിഷേധിച്ചു പട്ടം താണുപിള്ളയുടെ സ്റ്റേറ്റ് കാറിനു മുന്‍പില്‍ ചാടി എന്നും ഒരു കഥയുണ്ട്.
 
മധ്യതിരുവിതാംകൂറില്‍ കമ്യൂണിസം കെട്ടിപ്പടുക്കാന്‍ അര്‍ത്ഥവും അധ്വാനവും ചെലവഴിച്ചു. ഇ.എം.എസും ഗൗരിയമ്മയും റോസമ്മ പുന്നൂസും കെ.സി. ജോര്‍ജും പി.കെ. കുഞ്ഞച്ചന്‍, ടി.വി. തോമസ്. പി.ടി. പുന്നൂസ്, എം.എന്‍. ഗോവിന്ദന്‍നായര്‍,  പി.കെ. ചന്ദ്രാനന്ദനും ഇ, ജോണ്‍ ഫിലിപ്പോസും ഇ. ജോണ്‍ ജേക്കബും ഒക്കെ കുടുംബത്തിന്റെ ഭാഗമായിരുന്ന ആ കാലത്തെക്കുറിച്ച്  അമ്മയ്ക്കും വല്യമ്മാവന്‍ എ.ജി. സോമശേഖരന്‍ പിള്ളയ്ക്കും ധാരാളം ഓര്‍മ്മകളുണ്ട്. പക്ഷേ, പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും അപ്പൂപ്പന്‍ പിണങ്ങി. പി.കെ.വിക്ക് എതിരേ മാവേലിക്കര നിയോജകമണ്ഡലത്തില്‍ സാധാരണക്കാരുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. 

അത്രയുമായപ്പോഴേക്ക് അപ്പൂപ്പന്റെ തിരുവല്ലയിലെ വീടും പുരയിടവും ചങ്ങനാശ്ശേരിയില്‍ അമ്മൂമ്മയ്ക്ക് കിട്ടിയ വീടും എല്ലാം നഷ്ടപ്പെട്ടിരുന്നു. ചങ്ങനാശ്ശേരിയിലെ ആദ്യ രണ്ടുനില വീടുകളില്‍ ഒന്ന് സ്വന്തമായി ഉണ്ടായിരുന്ന അമ്മൂമ്മയ്ക്ക് അതേ നാട്ടില്‍ ദരിദ്രയായി വാടകവീട്ടില്‍ താമസിക്കേണ്ടിവന്നു. അമ്മയ്ക്കും തൊട്ടിളയ ശാന്തച്ചിറ്റയ്ക്കും ഒഴികെ എട്ടു മക്കളില്‍ മറ്റാര്‍ക്കും  പറക്കമുറ്റിയിരുന്നില്ല. വല്യമ്മാവന്‍ ഡിഗ്രി പാസ്സായിട്ടേ ഉണ്ടായിരുന്നുള്ളൂ. വെറും പത്തൊന്‍പത് വയസ്സ്. നിവൃത്തിയില്ലാതെ അമ്മാവനെ അപ്പൂപ്പന്‍ ബോംബെയിലേക്കു വണ്ടി കയറ്റിവിട്ടു. സ്വന്തം നാട്ടില്‍ പട്ടിണി കിടക്കാന്‍ തയ്യാറല്ലെന്നു പ്രഖ്യാപിച്ച് അഞ്ചു മക്കളേയും കൊണ്ട് പിന്നാലെ പുറപ്പെട്ട അമ്മൂമ്മ കേരളത്തില്‍ തിരികെ വരുന്നത് അമ്മയും അച്ഛനും ചേര്‍ന്നു ശാസ്താംകോട്ടയില്‍ വീടു വാങ്ങിയതിനുശേഷമാണ്. അപ്പോഴേക്ക് എനിക്ക് അഞ്ച് വയസ്സ് തികഞ്ഞിരുന്നു.   ഞാന്‍ കാണുന്ന കാലം മുതല്‍ അമ്മൂമ്മ സദാ കോപിഷ്ഠയാണ്. വെറുതെയിരിക്കുമ്പോള്‍ ദീര്‍ഘമായി നിശ്വസിക്കുകയും തന്നോടു തന്നെ പിറുപിറുത്തുകൊണ്ട് കണ്ണു തുടയ്ക്കുകയും ചെയ്തുകൊണ്ടിരിക്കും. വിവാഹപ്രായമായ രണ്ടു പെണ്‍മക്കളും പറക്കമുറ്റാത്ത രണ്ട് ആണ്‍മക്കളും കയറിക്കിടക്കാന്‍ ഒരു വീടും ഇല്ലാതെ നല്ല കാലം മുഴുവന്‍ ഉരുകിത്തീര്‍ന്ന അമ്മൂമ്മയെ മുതിര്‍ന്നതിനു ശേഷമാണ് ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയതും. അന്നു മുതല്‍ എപ്പോഴും അമ്മൂമ്മയുടെ മുഖത്ത് ചിരി വിടര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.  

കല്യാണ ദിവസം, വരന്റെ വീട്ടിലെ ഗൃഹപ്രവേശം കഴിഞ്ഞയുടനെ  അപ്പൂപ്പനും എം.എന്‍. ഗോവിന്ദന്‍നായരും കൂടി  ആഭരണങ്ങള്‍ മുഴുവന്‍ വാങ്ങിക്കൊണ്ടു പോയതിനാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്  അമ്മൂമ്മ മരണം വരെ മാപ്പുകൊടുത്തില്ല. അപ്പോഴും, ഭര്‍ത്താവ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതില്‍ അമ്മൂമ്മയ്ക്ക് വലിയ അഭിമാനം ഉണ്ടായിരുന്നു.  സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി കാലത്ത് അപ്പൂപ്പന്‍ തിരുവല്ലയില്‍ വലിയ സ്റ്റാര്‍ ആയി. സ്വീകരണങ്ങളും പൊന്നാടയും കലക്ടറുടേയും നേതാക്കളുടേയും ഗൃഹസന്ദര്‍ശനങ്ങളും. പക്ഷേ, ആ ചെറുപ്പക്കാരെ കണ്ടതിനുശേഷം, അപ്പൂപ്പനെ  ആദരിക്കുന്നതും പൊന്നാട പുതപ്പിക്കുന്നതും സ്വാതന്ത്ര്യ സമരത്തെക്കുറിച്ചോ അക്കാലത്ത് സ്വാതന്ത്ര്യം എന്ന സ്വപ്നത്തിനുവേണ്ടി എല്ലാം നഷ്ടപ്പെടുത്തിയ അപ്പൂപ്പനെപ്പോലെയുള്ള എണ്ണമറ്റ മനുഷ്യരെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ആളുകളാണല്ലോ എന്നോര്‍ത്ത് എനിക്കു ചിരിയും കരച്ചിലും വന്നു.  സുവര്‍ണ്ണ ജൂബിലി കഴിഞ്ഞിട്ടും അപ്പൂപ്പന്‍ മരിച്ചുകഴിഞ്ഞിട്ടും ഞാന്‍ ആ ചെറുപ്പക്കാരെ ഇടയ്ക്കിടെ ഓര്‍മ്മിച്ചുകൊണ്ടിരുന്നു. ആ കഥ എഴുതപ്പെടേണ്ടതാണ് എന്ന് എനിക്കു തോന്നി. 

കേരളത്തില്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നാഴികക്കല്ലായി കണക്കാക്കുന്നത് 1921-ലെ ഒറ്റപ്പാലം സമ്മേളനത്തെയാണ്. അതാണ് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദ്യ സമ്മേളനം. ഐക്യകേരളം എന്ന ആശയം അവിടെയാണ് ആരംഭിച്ചത് എന്നാണു കരുതേണ്ടത്. ഏപ്രില്‍ 23 മുതല്‍ 26 വരെ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദിവസങ്ങള്‍ക്കു മുന്‍പേ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നിന്ന് ജനങ്ങള്‍ ഒറ്റപ്പാലത്തേക്കു പ്രവഹിച്ചു.  എ.കെ. പിള്ള, കെ.പി. കേശവമേനോന്‍, പെരുമ്പിലാവില്‍ രാമുണ്ണി മേനോന്‍, സുബ്ബരാമയ്യര്‍ എന്നിവരായിരുന്നു സംഘാടകര്‍. ആദ്യ സമ്മേളനത്തില്‍ ടി. പ്രകാശമാണ് അധ്യക്ഷത വഹിച്ചത്.  അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. സമ്മേളനങ്ങള്‍ രാത്രി വൈകും വരെ നീണ്ടു. സ്ത്രീകള്‍ തങ്ങള്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ സമരഫണ്ടിനു വേണ്ടി സമര്‍പ്പിച്ചു. ഇതോടൊപ്പം ഖിലാഫത്ത് സമ്മേളനവും കുടിയാന്‍ സമ്മേളനവും നടന്നിരുന്നു. വിദ്യാര്‍ത്ഥി സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒറ്റപ്പാലം അങ്ങാടിയില്‍ മലബാര്‍ ഡിസ്ട്രിക്ട് പൊലീസ് സൂപ്രണ്ട് ഹിച്ച്കോക്കിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇറങ്ങി. നേതാക്കള്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും നേരെ ക്രൂരമായ മര്‍ദ്ദനം അരങ്ങേറി. ജനക്കൂട്ടം സഹനസമരം കൊണ്ട് പൊലീസിനെ നേരിട്ടു.  

ഇക്കാലത്ത് ആരുടേയും ഓര്‍മ്മയിലോ അറിവിലോ ഇല്ലാത്ത ഒറ്റപ്പാലം സമ്മേളനവും അപ്പൂപ്പന്റെ പേരായ 'എ.ജി. നാരായണപിള്ള'യും ചേര്‍ത്താണ്,  പാലംകടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ എന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്ന 'ഒറ്റപ്പാലം കടക്കുവോളം' എന്ന തലക്കെട്ട് ഇട്ടത്. കഥയില്‍ ഒരിടത്തും 'സ്വാതന്ത്ര്യ സമരം' എന്നോ 'സ്വാതന്ത്ര്യം' എന്നോ ഉപയോഗിച്ചിട്ടില്ല. 'പൊലീസ്' എന്നല്ലാതെ 'ബ്രിട്ടീഷ് പൊലീസ്' എന്നു വെളിപ്പെടുത്തിയിട്ടില്ല. ഇരട്ടത്താഴിട്ടു പൂട്ടിയ പെട്ടിയാണ് ആ കഥ. ബുദ്ധിയുടേയും ഹൃദയത്തിന്റേയും താക്കോലുകള്‍ കൊണ്ടുവേണം എന്റെ വായനക്കാര്‍ അതു തുറക്കേണ്ടത്. അന്നുമിന്നും, എന്റെ ഓരോ കഥയിലും വിക്രമാദിത്യ കഥകളിലെ മൗനമുദ്ര രാജകുമാരിയെപ്പോലെ ഒരുവളെ ഞാന്‍ ഒളിച്ചുവച്ചിട്ടുണ്ട്. അവളെക്കൊണ്ട് മൂന്നു വാക്കുകള്‍ സംസാരിപ്പിക്കുന്ന വായനക്കാര്‍ക്കുവേണ്ടി ഞാന്‍ ആര്‍ത്തിപിടിക്കുന്നുണ്ട്. 
ചിലപ്പോള്‍ ജോണ്‍ സ്റ്റീന്‍ബക്ക് പറഞ്ഞതാകാം കാരണം: A writer who does not passionately believe in the perfectibiltiy of man, has no dedication nor any membership in literature. 

അതായത്,  മനുഷ്യന്റെ പരിപൂര്‍ണ്ണത സാധ്യമാണെന്ന വിശ്വാസത്തില്‍ നിന്നാണ് ഓരോ ആളും എഴുതിത്തുടങ്ങുന്നത്. തിരുത്തിയും അഴിച്ചുപണിതും ഉടച്ചുവാര്‍ത്തും കൂടുതല്‍ മഹത്വമുള്ള ഒരു ലോകം കെട്ടിപ്പടുക്കാന്‍ കുറ്റമറ്റ മനുഷ്യര്‍ ഉണ്ടായേ തീരൂ. പോരായ്മകളേയും വീഴ്ചകളേയും പരാജയങ്ങളേയും കുറിച്ചുള്ള വാക്കുകളൊക്കെ 'മറ്റൊരു വിധമായിരുന്നങ്കില്‍' എന്ന ആഗ്രഹത്തിന്റെ പ്രകടനമാണ്. 
പിന്നെ, എല്ലാത്തിനും പുറമെ, ഹെമിങ് വേ പറഞ്ഞതും വാസ്തവമാണല്ലോ: 

For at rue writer each book should be a new beginning where het ries again for osmething that is beyond attainment. He should alwayst ry for osmething that has never been done or that others havet ried and failed. Then osmetimes, with great luck, he will succeed. വിജയിക്കുന്നത് ചിലപ്പോള്‍, ചിലപ്പോള്‍ മാത്രമേയുള്ളൂ എന്നും മറക്കരുത്.


ആദ്യ പുസ്തകം 

'കൃഷ്ണഗാഥ' പ്രസിദ്ധീകരിച്ച് ഏറെ കഴിയുംമുന്‍പാണ് രാജേഷ് കുമാര്‍ വിളിച്ചത്. 

ഒരു കഥാസമാഹാരം ഒക്കെ പ്രസിദ്ധീകരിക്കേണ്ടേ എന്ന ചോദ്യത്തോടെയായിരുന്നു തുടക്കം. പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളുടെ കൂട്ടത്തില്‍ എന്റെ പുസ്തകവും എന്നു കേട്ടത് എന്നെ പരിഭ്രമിപ്പിച്ചു. എഴുതിയെഴുതി ഒരുപാടു കാലം കഴിഞ്ഞേ  പുസ്തകങ്ങള്‍ ഇറക്കാന്‍ സാധിക്കൂ എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ഞാനാണെങ്കില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത് അക്കൊല്ലം മാത്രമാണ്.  

കോഴിക്കോട്ടു വച്ചായിരുന്നു പുസ്തക പ്രകാശനം. പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലും പപ്പേട്ടന്റെ സാന്നിധ്യമുണ്ടായത് ഒരു മിസ്റ്റിക് അനുഭവമായി. ചടങ്ങില്‍ ടി. പദ്മനാഭനോടൊപ്പം ഡോ. സുകുമാര്‍ അഴീക്കോടും പങ്കെടുത്തു. അഴീക്കോട്,  ടി. പത്മനാഭനെ നിശിതമായി വിമര്‍ശിച്ചു. ടി. പത്മനാഭന്‍ അന്ന് അവിശ്വസനീയമായ സംയമനം പാലിച്ചു. പിന്നെയും കുറച്ചുകാലം കഴിഞ്ഞ് കോട്ടയത്തുവച്ച് അവര്‍ ഒന്നിച്ച് ഒരേ വണ്ടിയില്‍ യാത്ര ചെയ്തപ്പോള്‍ ഒപ്പം സഞ്ചരിക്കാന്‍ എനിക്കും അവസരം കിട്ടി. വെക്കേഷന്‍ കഴിഞ്ഞു കണ്ടുമുട്ടിയ സ്‌കൂള്‍ കുട്ടികളെപ്പോലെ രണ്ടു പേരും മറ്റുള്ളവരെ കുറ്റം പറഞ്ഞു സന്തോഷിക്കുമ്പോള്‍ എന്റെ മനസ്സിലൂടെ ആ പുസ്തകപ്രകാശനവേദി മിന്നിമാഞ്ഞു. വലിയ എഴുത്തുകാരന്‍മാരുടെ കാര്യം ഇത്രയൊക്കെയേയുള്ളൂ...

ആദ്യ പുസ്തകം പ്രകാശനം ചെയ്യപ്പെടുമ്പോള്‍ എന്തായിരുന്നു മനസ്സില്‍? ഞാന്‍ അങ്ങേയറ്റം അസ്വസ്ഥയായിരുന്നു.  വലിയ സന്തോഷങ്ങളും വലിയ ദു:ഖങ്ങളും പടിവാതില്‍ക്കല്‍ മുട്ടുമ്പോള്‍ ഹിമക്കരടിയെപ്പോലെ മഞ്ഞില്‍ തലപൂഴ്ത്തി ഉറങ്ങുന്ന സ്വഭാവം പണ്ടേ ഹൃദയത്തിനുണ്ട്.  പുസ്തകം  കയ്യില്‍ എടുക്കാന്‍ തന്നെ ഞാന്‍ ജാള്യതപ്പെട്ടു.  കോഴിക്കോട്ടുനിന്നുള്ള മടക്കയാത്രയില്‍  പുസ്തകം മഹാ പൊട്ടയാണെന്നും ഇതു വേണ്ടായിരുന്നെന്നും ഞാന്‍ പശ്ചാത്തപിച്ചു. ഒരു പുസ്തകം ഇറക്കിയ സ്ഥിതിക്ക് ഇനിയും പുസ്തകം എഴുതേണ്ടിവരും എന്നോര്‍ത്തു ഞാന്‍ ചകിതയായി. പറഞ്ഞതില്‍ കൂടുതല്‍ എന്തു കഥയാണ് എനിക്കു പറയാനുള്ളത്?  

ഓഥേഴ്സ് കോപ്പികളുടെ കെട്ട് തുറക്കാന്‍ ദിവസങ്ങളോളം ഞാന്‍ ധൈര്യപ്പെട്ടില്ല.  പകരം, ഈ കഥകള്‍ സ്വപ്നം മാത്രമാണെന്നും എന്റെ ജാഗരം പത്രപ്രവര്‍ത്തനമാണെന്നും സ്വയം താക്കീതു ചെയ്തു. പുസ്തകം ആരും വായിക്കല്ലേ എന്നായിരുന്നു പ്രാര്‍ത്ഥന. രക്ഷയുണ്ടായില്ല. നിരൂപണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.  യുവ എഴുത്തുകാരന്‍ പ്രമോദ് സെബാന്‍ ആണ് ആദ്യത്തെ നിരൂപണം ഒരു വെബ്സൈറ്റില്‍ എഴുതിയത്. പിന്നീട് ഇന്ത്യ ടുഡെയില്‍ കഥാകാരി ചന്ദ്രമതിയുടെ നിരൂപണം വന്നു. ചന്ദ്രമതി ടീച്ചര്‍ സര്‍പ്പയജ്ഞം ഒഴികെ മറ്റെല്ലാ കഥകളെക്കുറിച്ചും നല്ല വാക്കുകളാണ് എഴുതിയത്. പക്ഷേ, സര്‍പ്പയജ്ഞത്തില്‍ സര്‍പ്പത്തെ ലൈംഗികതയുടെ അടയാളമാക്കിയത് ചെടിപ്പിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. നെഗറ്റീവായതേ വായനക്കാര്‍ക്കു വേണ്ടൂ എന്ന തത്ത്വപ്രകാരം ഇന്ത്യ ടുഡെ അതാണ് തലക്കെട്ടാക്കിയത്. തലക്കെട്ട് എന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ക്കിടയില്‍ വന്‍ ഹിറ്റായി. അവര്‍ എന്നെ കുത്തിനോവിച്ചു കൊണ്ടിരുന്നു. ടീച്ചറിന് എന്റെ കഥ നല്ലതല്ലെന്നു തോന്നുന്നുണ്ടെങ്കില്‍ പിന്നെ  എഴുതുന്നതില്‍ എന്ത് അര്‍ത്ഥം? മതിയാക്കാം എന്നുപോലും ഞാന്‍ വിചാരിച്ചു. 

അങ്ങനെ മതിയാക്കിയിരുന്നെങ്കില്‍ അത് മണ്ടത്തരമായേനെ.   ചന്ദ്രമതി ടീച്ചര്‍ ജൂറി അംഗമായ അവാര്‍ഡ് കമ്മിറ്റി എന്റെ ഗില്ലറ്റിന്‍ എന്ന കഥ പി. പദ്മരാജന്‍ അവാര്‍ഡിനു തിരഞ്ഞെടുത്തപ്പോഴുള്ള ആഹ്ലാദം നിസ്സാരമായിപ്പോയേനെ. ഞാന്‍ ഗുരുത്വം കുറഞ്ഞവളായിപ്പോയേനെ. കാരണം, ചന്ദ്രമതി ടീച്ചര്‍ എന്നെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു എഴുത്തുകാരി ആയിരുന്നില്ല. ഞാന്‍ മനസ്സുകൊണ്ടു പിടിച്ചുനടന്ന വിരല്‍ത്തുമ്പാണ് അത്.   

പത്രപ്രവര്‍ത്തക പരിശീലന പദ്ധതിയുടെ ഭാഗമായ റൈറ്റിങ് ക്രാഫ്റ്റ് ക്ലാസ്സില്‍ വച്ച് രാമചന്ദ്രന്‍ സാറാണ് ആ കൈത്തലം ചൂണ്ടിക്കാണിച്ചുതന്നത്. അടുത്തകാലത്ത് വനിതയില്‍ വന്ന ഒരു കഥയുണ്ട്, വായിച്ചിരുന്നോ എന്ന ചോദ്യത്തോടെ അദ്ദേഹം അന്നു സംസാരിച്ചത് ചന്ദ്രമതി ടീച്ചറുടെ  ദേവിഗ്രാമം എന്ന കഥയെപ്പറ്റിയായിരുന്നു. ചന്ദ്രമതി എന്നതു തൂലികാനാമം ആണെന്നും ചന്ദ്രിക ബാലകൃഷ്ണന്‍ എന്നാണു യഥാര്‍ത്ഥ പേരെന്നും സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസില്‍ അദ്ധ്യാപിക ആണെന്നും അങ്ങനെ അറിഞ്ഞു. 

അന്നു മുതല്‍ ആ കഥകള്‍ക്കുവേണ്ടി ഞാന്‍ തിരഞ്ഞിരുന്നു. അതുകൊണ്ട്, ചന്ദ്രമതി ടീച്ചറും മീരയും കെ. സരസ്വതിയമ്മയുടെ മക്കളാണ് എന്ന് ജെ. ദേവിക ഒരിക്കല്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത് ഒരു വലിയ അംഗീകാരമായി സ്വീകരിച്ചു. എന്റെ ജീവിതത്തിലെ വലിയൊരു മുഹൂര്‍ത്തമായിരുന്നു ആരാച്ചാര്‍ നോവലിന്റെ ജെ. ദേവിക നിര്‍വ്വഹിച്ച പരിഭാഷയായ ഹാങ് വുമണിന്റെ പ്രകാശനം. അരുന്ധതി റോയിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ആരാണ് പുസ്തകം ഏറ്റുവാങ്ങേണ്ടത് എന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. ചന്ദ്രമതി ടീച്ചര്‍. മറ്റാര്? 

ചന്ദ്രമതി
ചന്ദ്രമതി

മനുഷ്യബന്ധങ്ങളാണ് നല്ല കലയുടെ അടിസ്ഥാനം എന്ന് പ്രശസ്ത ശില്പിയായ കെ.എസ്. രാധാകൃഷ്ണന്‍ ഒരിക്കല്‍ പറഞ്ഞുതന്നു. ബന്ധങ്ങള്‍ ഇല്ലെങ്കില്‍ കഥകളില്ല. പക്ഷേ, എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ബന്ധം മാത്രം വ്യത്യസ്തമാണ്. അതു തുടങ്ങുന്നത് കഥകളില്‍നിന്നാണ്. കഥയുടെ മായികപാശമാണ് എഴുത്തുകാരെ വായനക്കാരുമായും ശാശ്വതമായി ബന്ധിപ്പിക്കുന്നത്. ഓര്‍മ്മയുടെ ഞരമ്പ് പുസ്തകമായി പുറത്തിറങ്ങിയപ്പോള്‍ എനിക്ക് അപകര്‍ഷബോധമായിരുന്നു. എന്റെ പുസ്തകം ആരു വായിക്കും? ആര് ഇഷ്ടപ്പെടും? ഞാന്‍ ഇ.വിയുടേയും ടി. പത്മനാഭന്റേയും എം.ടിയുടേയും സക്കറിയയുടേയും എം. മുകുന്ദന്റേയും എസ്.വി. വേണുഗോപന്‍നായരുടേയും മാധവിക്കുട്ടിയുടേയും മറ്റ് അനേകം എഴുത്തുകാരുടേയും കഥകള്‍ വായിച്ച് അവ എന്റെ ജീവിതമായി സങ്കല്പിച്ച് താദാത്മ്യപ്പെട്ട് വേദനിക്കുകയും സ്‌നേഹിക്കുകയും വീണ്ടും വേദനിക്കുകയും ചെയ്തതുപോലെ ഈ ലോകത്ത് ആരെങ്കിലും എന്റെ കഥകള്‍ സ്വീകരിക്കുമോ?

History Of Eterntiy എന്ന പുസ്തകം ജോര്‍ജ് ലൂയി ബോര്‍ഹസ് പ്രസിദ്ധീകരിച്ചത് 1932-ലാണ്. അക്കൊല്ലം ആകെ വിറ്റുപോയത് 37 കോപ്പികളായിരുന്നു. ആ മുപ്പത്തിയേഴു പേരെയും കണ്ടെത്തി അവരോടു നന്ദി പറയാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി ബോര്‍ഹസ് പറഞ്ഞിട്ടുണ്ട്. 
'ഓര്‍മ്മയുടെ ഞരമ്പി'ന്റെ ആദ്യ പതിപ്പ് ആയിരം കോപ്പിയാണ് അച്ചടിച്ചത്. അതു തീരാന്‍ രണ്ടു വര്‍ഷം വേണ്ടിവന്നു.  'ആരാച്ചാര്‍' എന്ന നോവലിനു മുന്‍പ് ഏറ്റവും കൂടുതല്‍ അംഗീകാരം നേടിയ പുസ്തകമായിരുന്നു 'ഓര്‍മ്മയുടെ ഞരമ്പ്.' ആദ്യ പുസ്തകത്തിനു കിട്ടുന്ന എത്ര ചെറിയ അംഗീകാരവും വലിയ വലിയ അവാര്‍ഡുകളാണ്. 

'ഓര്‍മ്മയുടെ ഞരമ്പ്' എന്ന കഥയ്ക്കു കിട്ടിയ ആദ്യ സമ്മാനം തൃശൂര്‍ കറന്റ് ബുക്സിന്റേതായിരുന്നു. അക്കൊല്ലത്തെ മികച്ച പത്തു കഥകളില്‍ ഒന്നായി അതു തിരഞ്ഞെടുത്തു. ഒരു സര്‍ട്ടിഫിക്കറ്റും കിട്ടി. പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത് ഡി.സി. ബുക്സ് ആയിരുന്നെങ്കിലും രണ്ടു പതിപ്പുകള്‍ക്കുശേഷം അതു തൃശൂര്‍ കറന്റില്‍ത്തന്നെ എത്തിച്ചേര്‍ന്നു. 

'ഓര്‍മ്മയുടെ ഞരമ്പി'നു ലഭിച്ച ആദ്യ സമ്മാനം അങ്കണം അവാര്‍ഡ് ആണ്.  സമ്മാനിച്ചത് അന്നത്തെ സാംസ്‌കാരിക വകുപ്പുമന്ത്രി ജി. കാര്‍ത്തികേയന്‍. അതേ ചടങ്ങില്‍ സുഗതകുമാരി ടീച്ചറിനേയും കവി വി. മധുസൂദനന്‍നായരേയും ആദരിച്ചിരുന്നു. അങ്കണം ചെയര്‍മാന്‍ ആര്‍.ഐ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.  ഡോ. എം. തോമസ് മാത്യു, ജോര്‍ജ് ഓണക്കൂര്‍, ഡോ. പി.വി. കൃഷ്ണന്‍നായര്‍, ഡോ. എം.ആര്‍. തമ്പാന്‍, സി. അനൂപ്, ഉണ്ണി ആര്‍., പി.എം. ശരത്കുമാര്‍, എന്‍. ശ്രീകുമാര്‍  എന്നിവര്‍ പ്രസംഗിച്ചു. ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. അന്നു വിപണിയില്‍ എത്തിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മോഹമഞ്ഞ എന്ന കഥ വെളിച്ചം കണ്ടത്. അവാര്‍ഡ് സമ്മേളനത്തില്‍ 'മോഹമഞ്ഞ'യെക്കുറിച്ചു സംസാരിച്ചുകൊണ്ടാണ് ജി. കാര്‍ത്തികേയന്‍ പ്രസംഗം തുടങ്ങിയത്. ഓര്‍മ്മയുടെ ഞരമ്പിലെ കൃഷ്ണഗാഥ എന്ന ഒറ്റക്കഥ തന്നെ മലയാളത്തിലെ എക്കാലത്തേയും മികച്ച ധ്വനിസാന്ദ്രമായ കഥകളില്‍ ഒന്നാണെന്നും  അദ്ദേഹം പറഞ്ഞു.

കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്മെന്റും  തൃശൂര്‍ കേരളവര്‍മ്മ കഥാപുരസ്‌കാരവും യുവ എഴുത്തുകാരികള്‍ക്കുള്ള ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡും 'ഓര്‍മ്മയുടെ ഞരമ്പി'നു ലഭിച്ചു. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ പേരിലുള്ള പുരസ്‌കാര വിവരം വിളിച്ചറിയിച്ചത് ഒ.എന്‍.വി. കുറുപ്പ് സാര്‍ ആയിരുന്നു. ഫോണിന്റെ മറുതലയ്ക്കല്‍ അദ്ദേഹത്തിന്റെ  ശബ്ദം കേട്ട് ഞാന്‍ ആഹ്ലാദപരവശയായി. അലൗകികം എന്ന വാക്കിന്റെ അര്‍ത്ഥം അനുഭവിക്കുകയായിരുന്നു ഞാന്‍. കാരണം,  അക്കൊല്ലത്തെ ലളിതാംബിക അന്തര്‍ജ്ജനം സ്മാരക അവാര്‍ഡ് സി. രാധാകൃഷ്ണന്‍ സാറിനായിരുന്നു. ലളിത പി. നായര്‍ എന്ന എഴുത്തുകാരിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയതും  സി. രാധാകൃഷ്ണന്‍ സാര്‍ പ്രസിദ്ധീകരിച്ചതുമായ കഥയ്ക്ക്, ഒ.എന്‍.വി. സാര്‍ ചെയര്‍മാനായ ജൂറിയുടെ തീരുമാനപ്രകാരം ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ പേരിലുള്ള അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനേക്കാള്‍ ലളിതമായി അത് എങ്ങനെ  അനുഭവിക്കാന്‍?  

പക്ഷേ, അങ്കണം അവാര്‍ഡ് വേദിയില്‍  തോമസ് മാത്യു മാഷ് നടത്തിയ പ്രസംഗമാണ് ഞാന്‍ മനസ്സില്‍ കൊത്തിവച്ചിട്ടുള്ളത്: 
''മീര ഒരു വാഗ്ദാനമല്ല. പാലിക്കപ്പെട്ട വാഗ്ദാനമാണ്. അതുകൊണ്ട് കൂടുതല്‍ എഴുതാന്‍ മീരയ്ക്കു കൂടുതല്‍ ദു:ഖങ്ങള്‍ നല്‍കട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.''

മാഷ് വാത്സല്യത്തോടെ അനുഗ്രഹിച്ചതല്ലേ, അതു ഫലിച്ചു. ഇഷ്ടം  പോലെ ദു:ഖങ്ങളും കിട്ടി, കുറേ പുസ്തകങ്ങളും എഴുതി. 

ഒരിക്കല്‍, പാമ്പിന്‍കുഞ്ഞിനെ ചവിട്ടിയതു പോലെയാണ് ഞാന്‍ കഥയേയും അറിയാതെ ചവിട്ടിയുണര്‍ത്തിയത്. പാമ്പിന്‍കുഞ്ഞ് ഇഴഞ്ഞുപോയി. കഥ എന്നെ എല്ലുനുറുങ്ങും വിധം ചുറ്റിവരിഞ്ഞ് വിഴുങ്ങിക്കളഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com