എന്‍ഇ ബാലറാം സിന്ദാബാദ്... 'ഈ മുദ്രാവാക്യം ഇനി വേണ്ട കേട്ടോ'

കേരളം കണ്ട എക്കാലത്തേയും മികച്ച ഇടതു ബുദ്ധിജീവിയും പ്രക്ഷോഭകാരിയുമായിരുന്ന എന്‍.ഇ. ബാലറാമിന്റെ ഓര്‍മ്മകള്‍ക്കു ജന്മശതാബ്ദിയുടെ നിറവ്
എന്‍ഇ ബാലറാം സിന്ദാബാദ്... 'ഈ മുദ്രാവാക്യം ഇനി വേണ്ട കേട്ടോ'

ഴുപതുകളുടെ അന്ത്യത്തില്‍ കണ്ണൂരില്‍ നടന്ന എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലി. നീലക്കരയുള്ള ചുവപ്പ് കൊടികള്‍ക്കു ചുവടെ അലകടലായി ഒഴുകിയ നീണ്ട നിരയുടെ ഓരം ചേര്‍ന്നു മുദ്രാവാക്യം വിളിച്ച് കൊടുത്തിരുന്നവരില്‍ ഒരാളായി ഈ ലേഖകനുമുണ്ടായിരുന്നു. പ്രസിദ്ധ ഗായകന്‍ വി.ടി. മുരളി, പില്‍ക്കാലത്ത് ഐ.പി.എസ് നേടിയ പൊലീസ് സൂപ്രണ്ട് ടി.എം. അബൂബക്കര്‍, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അനിയന്‍ പി. ഹുസൈന്‍ എന്നിവരൊക്കെ പ്രകടനത്തിലുണ്ട്. കണ്ണൂര്‍ കടപ്പുറത്താണ് പൊതുസമ്മേളനം.

പ്രകടനം കണ്ട് നില്‍ക്കുകയായിരുന്ന നിരവധി സി.പി.ഐ നേതാക്കള്‍ ഞങ്ങളുടെ തൊട്ടകലെ. തോപ്പില്‍ ഗോപാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, കണിയാപുരം രാമചന്ദ്രന്‍, ബിനോയ് വിശ്വം തുടങ്ങിയവരാണ് പ്രകടനത്തിന്റെ മുന്‍നിരയില്‍. കടലിലേയ്ക്കു ചാഞ്ഞുവീണ ഉഷ:സൂര്യന്റെ വെളിച്ചമേറ്റ് തിളങ്ങിയ യുവജനങ്ങള്‍ക്ക് ആവേശം പകര്‍ന്നു പാര്‍ട്ടി നേതാക്കള്‍. അക്കൂട്ടത്തില്‍ സഖാവ് എന്‍.ഇ. ബാലറാമിന്റെ വെളുത്ത് തുടുത്ത മുഖം പെട്ടെന്നു ശ്രദ്ധയില്‍പ്പെട്ടു. സദാ പുഞ്ചിരിക്കുന്ന സൗമ്യനായ നേതാവ്. അച്ചടിച്ചു തന്ന മുദ്രാവാക്യങ്ങളില്‍നിന്നു മാറി ഞാന്‍ ഉച്ചത്തില്‍ വിളിച്ചുകൊടുത്തു: എന്‍.ഇ. ബാലറാം സിന്ദാബാദ്... ആ ഭാഗത്തുണ്ടായിരുന്ന പ്രകടനക്കാരത്രയും അതേറ്റുവിളിച്ചു. 

(അന്നു വ്യക്തിപരമായി നേതാക്കളുടെ പേര് പറഞ്ഞുള്ള മുദ്രാവാക്യങ്ങള്‍ക്കു വലിയ പ്രചാരമുണ്ടായിരുന്നില്ല. ഇ.എം.എസ്., എ.കെ.ജി., സുന്ദരയ്യ സിന്ദാബാദ് എന്ന വിളിക്ക് മറുപടിയായി എം.എന്‍., ടി.വി., അച്യുതമേനോന്‍, എസ്.എ. ഡാങ്കെ സിന്ദാബാദ് എന്നൊരു മുദ്രാവാക്യം പ്രചാരത്തിലുണ്ടായിരുന്നു. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും വിഭിന്ന ചേരികളിലായി നില കൊണ്ട കാലത്താണെന്നോര്‍ക്കുക).

എന്‍.ഇ. ബാലറാം സിന്ദാബാദ് എന്ന എന്റെ ഉറക്കെയുള്ള വിളി അദ്ദേഹം കേട്ടിരിക്കുന്നു. ഞങ്ങളുടെ നിര ആ വശത്ത് നിന്ന നേതാക്കളേയും കടന്നുപോവുകയായിരുന്നു. എന്നെ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. ഞാന്‍ മുഷ്ടിയുയര്‍ത്തി ഉച്ചത്തില്‍ വീണ്ടും എന്‍ഇ ബാലറാം സിന്ദാബാദ് എന്നു വിളിച്ചു. പെട്ടെന്ന് അദ്ദേഹം എന്നെ അടുത്തേയ്ക്കു വിളിച്ചു. പേരും സ്ഥലവും ചോദിച്ചു. തുടര്‍ന്നു സ്‌നേഹത്തിന്റെ ഒരു പുഞ്ചിരി കൈമാറിക്കൊണ്ട് പറഞ്ഞു: ഈ മുദ്രാവാക്യം ഇനി വേണ്ട കേട്ടോ...

അതോടെ ആ മുദ്രാവാക്യം വിളി നിര്‍ത്തി. പ്രകടനം മുന്നോട്ടു പോയി. സമാപന റാലിയില്‍ ബാലറാമിന്റെ പ്രസംഗം കേട്ട് ഞങ്ങളത്രയും പുളകിതരായി.

പ്രതിച്ഛായാ നിര്‍മ്മിതിയില്‍ പരസ്പരം മത്സരിക്കുന്ന, സ്വന്തം ഫ്‌ലെക്‌സ് ബോര്‍ഡിന്റെ ഉയരം കണ്ട് ആത്മസായൂജ്യമടയുന്ന ഔന്നത്യമില്ലാത്ത നേതാക്കള്‍ വാഴുംകാലമല്ലായിരുന്നു അത്. വ്യക്തിയല്ല, പ്രസ്ഥാനമാണ് വലുത് എന്ന മഹത്തായ പാഠമായിരുന്നു നാലു പതിറ്റാണ്ട് മുന്‍പ് തനിക്ക് സിന്ദാബാദ് വിളിച്ചുള്ള ഈ മുദ്രാവാക്യത്തിന്റെ സ്‌നേഹപൂര്‍ണ്ണമായ നിരാകരണത്തിലൂടെ ബാലറാം നല്‍കിയത്. കാലാന്തരത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മഹാകാശങ്ങളെ ജീര്‍ണ്ണിപ്പിച്ച കള്‍ട്ട് ഫിഗറുകളെ അദ്ദേഹം മുളയിലേ കശക്കിയെറിയാന്‍ പഠിപ്പിച്ചതുമാവാം.  

********
എന്‍.ഇ. ബാലറാമിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംസ്ഥാനമെമ്പാടുമിപ്പോള്‍ നടന്നുവരുന്നു. ഭാരതീയ തത്ത്വചിന്തയില്‍ ഏറെ അവഗാഹമുള്ള രണ്ടു രാഷ്ട്രീയ നേതാക്കളാണ്  കെ. ദാമോദരനും എന്‍.ഇ. ബാലറാമും.

സന്ന്യാസം ഉപേക്ഷിച്ച് ജനകീയ പോരാട്ടങ്ങളുടെ മുന്‍നിരയിലേക്കെടുത്തു ചാടിയ സൗമ്യനായ വിപ്ലവകാരിയാണ് ബാലറാം. ഒരേസമയം വിവേകാനന്ദനെക്കുറിച്ചും റോസാ ലക്സംബര്‍ഗിനെക്കുറിച്ചും അദ്ദേഹം ആധികാരികതയോടെ സംസാരിക്കും. 

ആനന്ദിന്റെ ഗോവര്‍ധന്റെ യാത്രകളെക്കുറിച്ചും 

എന്‍. പ്രഭാകരന്റെ കഥകളെക്കുറിച്ചും സംസാരിക്കും. ഋത്വിക്ഘട്ടക്കിന്റേയും ആനന്ദ് പട്വര്‍ധന്റേയും സിനിമയെക്കുറിച്ചും ഇബ്രാഹിം അല്‍കാസിയുടെ നാടകങ്ങളെക്കുറിച്ചും വിശദീകരിക്കും. ഹരിപ്രസാദ് ചൗരസ്യയുടെ ബാംസുരി വാദനത്തെക്കുറിച്ചും പറയും.
സംവേദനതലങ്ങളില്‍ ഇത്രയും ധിഷണ പ്രസരിപ്പിച്ച മറ്റൊരു രാഷ്ട്രീയ നേതാവിനെ ഇന്ത്യയ്ക്ക് പിന്നീട് കിട്ടിയിട്ടില്ല. 

ആശ്രമജീവിതത്തില്‍നിന്നു പകര്‍ത്തിയ നിര്‍മ്മമത മനസ്സില്‍ കാത്തുസൂക്ഷിക്കുമ്പോഴും പട്ടിണി കിടക്കുന്ന മനുഷ്യരോടുള്ള സഹാനുഭൂതി അദ്ദേഹത്തില്‍ നിറഞ്ഞുതുളുമ്പി. 

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിറവികൊണ്ട പാറപ്പുറത്തിനടുത്ത പിണറായിയില്‍ ജനിച്ച ബാലറാം എട്ടാം ക്ലാസ്സ് വരെ പഠിച്ച ശേഷം സംസ്‌കൃതം വശമാക്കി. തുടര്‍ന്നു ഭാരതീയ തത്ത്വചിന്തയുടെ ആഴം തേടി കൊല്‍ക്കത്ത രാമകൃഷ്ണമിഷനിലെത്തി. വേദവും ഉപനിഷത്തുക്കളും പഠിച്ചു. സംസ്‌കൃത സാഹിത്യത്തിന്റെ സാഗരം നീന്തിക്കടക്കാന്‍ യത്‌നിച്ച അദ്ദേഹത്തിനു പക്ഷേ, ആശ്രമവാസത്തിന്റെ നടപ്പ് രീതികളോട് യോജിക്കാനായില്ല. നാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ ഉള്ളിലെ തീനാളങ്ങള്‍ കൂടുതല്‍ ജ്വലിക്കുകയായിരുന്നു. കഷ്ടപ്പെടുന്നവരോടുള്ള സഹാനുഭൂതിയും വിപ്ലവബോധവുമായിരുന്നു ആ ചെറുപ്പക്കാരനെ കോണ്‍ഗ്രസ്സിലേയ്ക്കും കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി വഴി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേയ്ക്കും ആകര്‍ഷിച്ചത്. 1938-ല്‍ ഗുജറാത്തിലെ ഹരിപുരയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ 51-ാമത് അഖിലേന്ത്യാ സമ്മേളനത്തില്‍ പത്തൊമ്പതുകാരനായ ബാലറാം പ്രതിനിധിയായി. അവിടെ വെച്ചാണ് കോണ്‍ഗ്രസ്സിനകത്തെ ഇടതുപക്ഷക്കാരുടെ ഗ്രൂപ്പായ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊള്ളുന്നത്. പി. കൃഷ്ണപിള്ള, ഇ.എം.എസ്., കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം കൊച്ചുബാലറാമും അവിടെ സജീവമായി. ഇതു നേതാക്കളില്‍ വലിയ കൗതുകമാണ് ഉണര്‍ത്തിയത്.

1939-ല്‍ പാറപ്പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ സമ്മേളനത്തിലും ബാലറാം പങ്കെടുത്തു. അന്ന് ഏറ്റവും പ്രായം കുറഞ്ഞ സമ്മേളന പ്രതിനിധിയായിരുന്നു അദ്ദേഹം. 

1940-കളില്‍ കോട്ടയം മലബാര്‍ താലൂക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായി ബാലറാം നിയമിതനായി. ഇതിനിടെ പാര്‍ട്ടി നിരോധനകാലത്ത് പല തവണയായി ആറുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നു. 
1957-ലെ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍നിന്നു നിയമസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ട ശേഷം 1960-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും അദ്ദേഹം മട്ടന്നൂരില്‍നിന്നു ജയിച്ചു. 1964-ലെ പാര്‍ട്ടി പിളര്‍പ്പ് ബാലറാമിനെ എല്ലാ അര്‍ത്ഥത്തിലും തളര്‍ത്തി.  

'കുടിലുകളില്‍, കൂരകളില്‍ കണ്‍മണിപോല്‍ സൂക്ഷിച്ച ജനനേതാക്കള്‍' വ്യക്തമായും രണ്ടു ചേരിയായി പോരടിക്കുകയും തെലങ്കാനയുടേയും പുന്നപ്ര-വയലാറിന്റേയും രക്തപങ്കിലമായ ബലിശിലയില്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനം രണ്ടു തുണ്ടമായി മുറിഞ്ഞുവീഴുകയും ചെയ്ത ആ കറുത്ത മുഹൂര്‍ത്തങ്ങള്‍ ബാലറാം കണ്ടുനിന്നു. കണ്ണൂരില്‍ മിക്ക നേതാക്കളും സി.പി.എമ്മിലായി. താന്‍ ചിന്തിച്ചിരുന്ന അതേ പാതയിലായിരുന്ന സി.എച്ച്. കണാരന്‍ അപ്പുറത്ത് പോയതിലായിരുന്നു ബാലറാമിനു കൂടുതല്‍ സങ്കടമെന്നു പിന്നീട് അദ്ദേഹത്തിന്റെ പത്‌നി പങ്കജാക്ഷി അനുസ്മരിക്കുകയുണ്ടായി. 

1962-ല്‍ ചൈനയുടെ ഇന്ത്യാ ആക്രമണത്തിനു തൊട്ടുമുന്‍പ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തെ ആശയശൈഥില്യവും സംഘടനാ പാളിച്ചകളും മൂര്‍ധന്യത്തിലെത്തിയിരുന്നു.
പിന്നീട് സി.പി.ഐയില്‍ നിലയുറപ്പിച്ചവരുടെ ബൗദ്ധിക നിരയില്‍ പ്രധാനിയായിരുന്നു കെ. ദാമോദരനും എന്‍.ഇ. ബാലറാമും. 

പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസ്സ് തൊട്ടേ ആരംഭിച്ചിരുന്ന ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളുടെ ഉമിത്തീയില്‍, ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം പ്രതീക്ഷയര്‍പ്പിച്ചിരുന്ന പ്രസ്ഥാനം നീറിപ്പുകയുകയായിരുന്നു. ദേശീയ ബൂര്‍ഷ്വാസിയെന്നു നിര്‍വ്വചിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോടുള്ള സമീപനം, ചൈനീസ് കടന്നുകയറ്റത്തെത്തുടര്‍ന്ന് ആ രാജ്യത്തോട് സ്വീകരിച്ച പാര്‍ട്ടി നിലപാടിലെ വൈരുധ്യം, ചെയര്‍മാന്‍ എസ്.എ. ഡാംഗെ ബ്രിട്ടീഷ് അധികൃതര്‍ക്ക് എഴുതിയെന്നു പറയുന്ന കത്ത് തുടങ്ങിയ പ്രശ്‌നങ്ങളിലാരംഭിച്ച പാര്‍ട്ടിയുടെ ആഭ്യന്തര പ്രതിസന്ധി.

ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്കുള്ള ചൈനീസ് കടന്നാക്രമണത്തിനെതിരെ സി.പി.ഐ ചെയര്‍മാന്‍ എസ്.എ. ഡാംഗെയുടെ നേതൃത്വത്തിലുള്ള നേതൃത്വം അതിശക്തമായ നിലപാട് സ്വീകരിക്കുകയും പ്രധാനമന്ത്രി നെഹ്റുവിനു പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തു. ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന്റെ ഉരുള്‍പൊട്ടുന്നതിനു മുന്‍പ് ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ലായിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ്ഘോഷ് അദ്ദേഹത്തെ സന്ദര്‍ശിച്ചു. ചൈനയുടെ ധിക്കാരപരമായ നിലപാടിനെതിരെയുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ വികാരമാണ് അദ്ദേഹം ചൗ എന്‍ലായിയെ അറിയിച്ചത്. ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തില്‍ ഇന്ത്യയിലെ പാര്‍ട്ടിക്കകത്ത് ചൈനയോട് കടുത്ത അമര്‍ഷമുണ്ടെന്നും അതിര്‍ത്തി സംഘര്‍ഷം പാര്‍ട്ടിയെ ദേശീയ മുഖ്യധാരയില്‍നിന്നു ഒറ്റപ്പെടുത്തുമെന്നും അജയ്ഘോഷ് ധരിപ്പിച്ചു. രാഷ്ട്രപതി ഭവനിലായിരുന്നു ഈ കൂടിക്കാഴ്ച. ചൈനയുടെ ഇന്ത്യാനയത്തില്‍ തിരുത്ത് അനിവാര്യമാണെന്നായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക നയം. ഇക്കാര്യമാണ് ചൈനയെ അറിയിച്ചത്. എന്നാല്‍, ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിനു സാര്‍വ്വദേശീയ വീക്ഷണത്തിന്റെ പോരായ്മയുണ്ടെന്നും സങ്കുചിത വികാരം വെടിഞ്ഞ് സി.പി.ഐ ചൈനയെ പിന്തുണയ്ക്കണമെന്നുമായിരുന്നു ചൈനീസ് പ്രധാനമന്ത്രി അജയ്ഘോഷിനോട് ആവശ്യപ്പെട്ടത്. ഡാംഗെ, അജയ്ഘോഷ്, പി.സി. ജോഷി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചൈനയ്‌ക്കെതിരെ ഇതോടെ സി.പി.ഐ ആഞ്ഞടിച്ചു. അതേസമയം തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന പേര് നല്‍കി മാവോയുടെ വിപ്ലവ രാഷ്ട്രീയത്തിന്റെ അടവും തന്ത്രവുമായി ഔദ്യോഗിക നേതൃത്വത്തെ നിരാകരിച്ച് മറുവിഭാഗവും മുന്നോട്ടു പോയി. ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ച ഈ വിഭാഗത്തിന് അതിന്റെ പേരില്‍ കനത്ത വില നല്‍കേണ്ടി വന്നുവെന്നതും ചരിത്രം. ജനകീയ ജനാധിപത്യ വിപ്ലവം, ദേശീയ ജനാധിപത്യ വിപ്ലവം എന്നീ രണ്ടു രാഷ്ട്രീയ സ്ട്രാറ്റജികള്‍ കമ്യൂണിസ്റ്റ് ശബ്ദതാരാവലിയില്‍ ഇടം പിടിച്ചതും ഇക്കാലത്താണ്. ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ച ബാലറാം സി.പി.ഐ നിലപാട് വിശദീകരിക്കാന്‍ നിയോഗിക്കപ്പെട്ടവരില്‍ പ്രമുഖനായി. 1970-ല്‍ തലശ്ശേരിയില്‍നിന്നു നിയമസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. 

എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ് എന്നിവര്‍ക്കെതിരായ അഴിമതി ആരോപണത്തില്‍ ആടിയുലഞ്ഞ് നിലംപൊത്തിയ ഇ.എം.എസ്. ഗവണ്‍മെന്റിനു പിന്നാലെ അധികാരത്തിലെത്തിയ അച്യുതമേനോന്‍ മന്ത്രിസഭയില്‍ കുറച്ചുകാലം വ്യവസായ വകുപ്പിന്റെ ചുമതല ബാലറാമിനായിരുന്നു. പിന്നീട് സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി. 1984 വരെ ഈ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം തുടര്‍ന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. രാജ്യസഭാംഗമായ ബാലറാം കുറച്ചുകാലം സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായിരുന്നു. 

ലോകസാഹിത്യം, മലയാള സാഹിത്യം, സാമ്പത്തിക ശാസ്ത്രം, ഭൗതികശാസ്ത്രം, ചരിത്രം, തത്ത്വചിന്ത എന്നിവയിലെല്ലാം ഒരു അതോറിട്ടിയായിരുന്നു ഈ കമ്യൂണിസ്റ്റ് നേതാവ്. പാലി ഭാഷയറിയുന്ന ഏക കമ്യൂണിസ്റ്റ് നേതാവും ഒരുവേള അദ്ദേഹമായിരിക്കണം. പ്രാചീന വിജയനഗരത്തിന്റെ പുരാവസ്തു ഖനനവുമായി ബന്ധപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി ബാലറാമിനെ അങ്ങോട്ട് ക്ഷണിക്കുകയും മഗധ സാമ്രാജ്യത്തിന്റെ പാലി ഭാഷയിലുള്ള ശേഷിപ്പുകള്‍ തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ സഹായം തേടുകയും ചെയ്തു. എക്കാലത്തും ഹിന്ദുത്വവാദത്തിന്റെ ശത്രുവായിരുന്നു ഈ നേതാവ്. മതനിരപേക്ഷതയ്ക്കുവേണ്ടി അദ്ദേഹം അവസാന ശ്വാസം വരെ അടരാടി. പ്രതിയോഗികള്‍പോലും ആ വാക്കുകള്‍ക്കു കാതോര്‍ത്തു. എല്ലാ അര്‍ത്ഥത്തിലും ആധികാരികമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായങ്ങളത്രയും.

ജീവിതശൈലിയില്‍ പാതി ഗാന്ധിയനും ചിന്താഗതിയില്‍ പൂര്‍ണ്ണ മാര്‍ക്‌സിസ്റ്റുമായ രണസാരഥിയായിരുന്നു ബാലറാം. ജീവിക്കാനുള്ള പോരാട്ടത്തിലേര്‍പ്പെട്ട ഗ്രാമസഹസ്രങ്ങളിലെ നിഷ്‌കളങ്ക മനസ്സുകളോടുള്ള സമഭാവനയും ഐക്യപ്പെടലുമാണ് രാഷ്ട്രീയമെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കിയത്. സിദ്ധാന്തവും പ്രയോഗവും രണ്ടല്ലെന്ന ലെനിനിസ്റ്റ് ദര്‍ശനമായിരുന്നു ഈ പോരാളിയെ അന്ത്യം വരെ നയിച്ചത്. 

പങ്കജാക്ഷി ബാലറാം എഴുതുന്നു 

സഖാവിന്റെ എഴുത്തുരീതി സവിശേഷമായിരുന്നു. കുറിപ്പുകള്‍ എഴുതുകയേയുള്ളൂ. പക്ഷേ, വളരെ ചെറിയ കുറിപ്പുകള്‍ മാത്രം മതി. അദ്ദേഹത്തിനു മാത്രമേ അതു മനസ്സിലാവുകയുള്ളൂ. ഞാനായിരുന്നു സഖാവിന്റെ കേട്ടെഴുത്തുകാരി. 

ഇ.എം.എസ്. ആശുപത്രിയില്‍ കഴിയുമ്പോള്‍ സഖാവും ഞാനും കൂടി കാണാന്‍ പോയിരുന്നു. ചെല്ലുമ്പോള്‍ത്തന്നെ ഇ.എം.എസ്. ആഹ്ലാദത്തോടെ പറഞ്ഞു: ഞാന്‍ കാണാനിരിക്കുകയായിരുന്നു. എന്താ കാര്യമെന്ന് സഖാവ് ചോദിച്ചു. ആദിശങ്കരന്റെ ദര്‍ശനവുമായി ബന്ധപ്പെട്ട എന്തോ സംശയമാണ്. അവര്‍ ഇരുവരും ദീര്‍ഘനേരം സംസാരിച്ചു. ഒടുവില്‍ ഇ.എം.എസ്. പറഞ്ഞു: സംശയം മാറി. സന്തോഷമായി. ഭാരതീയ ദര്‍ശനത്തെക്കുറിച്ച് എഴുതണം. 

എഴുതാമെന്ന് സഖാവ് സമ്മതിച്ചു. നോട്ടുകള്‍ തയ്യാറാക്കി. സഖാവ് എന്നോട് പറഞ്ഞിരുന്നു, ആയിരം പേജുകള്‍ വരുന്ന പുസ്തകമായിരിക്കുമെന്ന്. പക്ഷേ, ആ ആഗ്രഹം നടന്നില്ല. തയ്യാറാക്കിയ കുറിപ്പുകള്‍ മാത്രം ബാക്കിയായി. 1994 ജൂലൈ 16-ന് സഖാവ് എല്ലാവരേയും വിട്ടുപിരിഞ്ഞു...

എനിക്കെന്റെ പോപ്ലാര്‍ മരങ്ങള്‍ നഷ്ടപ്പെട്ടുവോ എന്നു ഖിന്നനായി പാടിയ വിപ്ലവകവിയുടെ വിഷാദം പുരണ്ട മനസ്സും തിളയ്ക്കുന്ന സമരവീര്യം സിരകളിലാവാഹിച്ച ശരീരവുമായിരുന്നു ആ ഉത്തമ കമ്യൂണിസ്റ്റുകാരന്റേത്. 
ആ നെഞ്ചില്‍ ഉത്തര മലബാറിന്റെ ഉഷ്ണരാശി ഊതിക്കാച്ചിയെടുത്ത കെടാക്കനലുണ്ടായിരുന്നു. കയ്യൂരിന്റേയും കരിവെള്ളൂരിന്റേയും ചോരക്കാറ്റ് ചുവപ്പിച്ച തീക്ഷ്ണതയുണ്ടായിരുന്നു. കബനിപ്പുഴയുടെ കവിതയുണ്ടായിരുന്നു. 

യഥാര്‍ത്ഥ വിപ്ലവകാരി കവിയും പ്രണയിയും പോരാളിയുമാണെന്നു തെളിയിക്കുന്നതാണ് ഞാലിലെ വീട്ടില്‍ എടവലേത്ത് ബാലറാമിന്റെ ചൈതന്യധന്യമായ ജീവിതം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com