'ബാലറാമിന്റെ വേഗതയിലേക്ക് എത്താന്‍ സിപിഐക്കു സാധിച്ചില്ല; കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി, ആ രേഖ വെളിച്ചം കണ്ടതേയില്ല'

ഭാരതീയ പാരമ്പര്യത്തിന്റെ സൃഷ്ടിയായിരുന്നു എന്‍.ഇ. ബാലറാമെന്ന കമ്യൂണിസ്റ്റുകാരന്‍. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയില്‍ ആ ജീവിതത്തിലെ രൂപപരിണാമങ്ങള്‍ അടയാളപ്പെടുത്തുകയാണ് ലേഖകന്‍
എൻഇ ബാലറാം
എൻഇ ബാലറാം

സോവിയറ്റ് യൂണിയനില്‍ ഗോര്‍ബച്ചേവിന്റെ  പരിഷ്‌കാരം കൊടുമ്പിരികൊണ്ട കാലത്ത് നമ്മുടെ നാട്ടിലും കമ്യൂണിസത്തിന്റെ വഴികളെപ്പറ്റി ചില സന്ദേഹങ്ങളുയര്‍ന്നിരുന്നു. ചര്‍ച്ചകള്‍ ധാരാളം  നടന്നു. മാറ്റങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍, പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവരുടെ പതിവ് രീതികളില്‍നിന്നു മാറാന്‍ തയ്യാറായില്ല. ഇവിടെ എല്ലാം ഭദ്രം എന്ന വ്യാജ നിലപാട് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവര്‍ ഗോര്‍ബച്ചേവിനെ വില്ലനായി കണ്ടു. അദ്ദേഹം നടപ്പില്‍ വരുത്തിയ ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും തള്ളിക്കളയേണ്ട ആശയങ്ങളാണെന്നു വാദിച്ചു. മറുവാദം ഉന്നയിച്ചവര്‍ ഒടുക്കം പതിവുപോലെ ആലസ്യത്തിലേക്കു മടങ്ങി. 

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) എന്ന ചെറിയ പാര്‍ട്ടി മാത്രം ചില ആലോചനകള്‍ക്കു തയ്യാറായി. പാര്‍ട്ടിയുടെ ഭരണഘടന പുതുക്കിപ്പണിയുന്നതിനെപ്പറ്റി ആലോചിക്കാനും അതിനായി ഒരു രൂപരേഖ തയ്യാറാക്കാനുമായി അവര്‍ പണ്ഡിതനും പ്രമുഖ നേതാവുമായിരുന്ന എന്‍.ഇ. ബാലറാമിനെ ചുമതലപ്പെടുത്തി. അദ്ദേഹം ഏകദേശം രണ്ടു വര്‍ഷം അതിനായി കഠിനാദ്ധ്വാനം ചെയ്തു. സമൂലവും സമഗ്രവുമായ മാറ്റങ്ങള്‍ ബാലറാം മുന്നോട്ടുവെച്ചു. അത് സോവിയറ്റ് യൂണിയനിലേയും കിഴക്കന്‍ യൂറോപ്പിലേയും അനുഭവ പശ്ചാത്തലത്തില്‍ മാത്രം ഊന്നിക്കൊണ്ടായിരുന്നില്ല. കമ്യൂണിസത്തിന് ഒരു ഭാരതീയ മുഖം ഉണ്ടാക്കിയെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതേസമയം  സോവിയറ്റ് കമ്യൂണിസ്റ്റ് പ്രായോഗികതയില്‍ മുന്നിട്ടു നിന്ന രണ്ടു രീതികളോടുള്ള  എതിര്‍പ്പ് ബാലറാമിനെ അസ്വസ്ഥനാക്കിയിരുന്നു. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവും പുനര്‍ചിന്തകള്‍ക്കു വിധേയമാക്കേണ്ട രണ്ട് കാര്യങ്ങളാണെന്നു വളരെക്കാലമായി  അദ്ദേഹം കരുതിയിരുന്നു. ഇതെല്ലാം മനസ്സില്‍ വെച്ചു കൊണ്ടാണ് ബാലറാം താനേറ്റെടുത്ത വലിയ ഉത്തരവാദിത്വത്തെ വിനിയോഗിക്കാന്‍ തീരുമാനിച്ചത്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇങ്ങനെയൊരു സുവര്‍ണ്ണാവസരം അദ്ദേഹം കാത്തിരിക്കുകയായിരുന്നു. അത് ഭംഗിയായി നിര്‍വ്വഹിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ആദ്യം മുതലേ ബാലറാം നടത്തിയിരുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഇതൊന്നും ഉള്‍ക്കൊള്ളാനുള്ള കരുത്ത് ആ ചെറിയ പാര്‍ട്ടിയുടെ നേതൃത്വത്തിന് അന്ന് ഉണ്ടായിരുന്നില്ല. ബാലറാമിന്റെ വേഗതയിലേക്ക് എത്താന്‍ ആ പാര്‍ട്ടിക്കു സാധിച്ചില്ല. ബാലറാമിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി. ആ രേഖ വെളിച്ചം കണ്ടതേയില്ല. ക്ഷുഭിതനായ അദ്ദേഹം അവ നശിപ്പിച്ചുകളഞ്ഞു എന്നാണറിവ്. അധികം വൈകാതെ കടന്നുവന്ന ഒരു  ഹൃദയാഘാതം ബാലറാമിന്റെ ജീവിതത്തെ  അവസാനിപ്പിക്കുകയും ചെയ്തു.  മാറ്റം ആഗ്രഹിച്ച മറ്റു മുതിര്‍ന്ന നേതാക്കളും  അവശരും രോഗാതുരരും ആയിരുന്നു. കാലം അവരേയും കവര്‍ന്നെടുത്തു. നേതൃത്വം അതിനെപ്പറ്റി പിന്നീടിങ്ങോട്ട്  മൗനം പാലിച്ചു. 

എൻഇ ബാലറാം
എൻഇ ബാലറാം

രാമകൃഷ്ണമിഷനില്‍ നിന്നു വിപ്ലവകാരിയിലേക്ക്

1919 നവംബര്‍ 20-നാണ് ഞാലിലെ വീട്ടില്‍ ഇടവലത്ത് ബാലരാമന്‍ ജനിച്ചത്. നന്നേ ചെറു പ്രായത്തിലേ ബാലരാമന്‍  പൊതുമണ്ഡലത്തിലേക്ക് എടുത്തുചാടി. അതിനിടയില്‍ത്തന്നെ പല വിഷയങ്ങളിലും ആ യുവാവ് വലിയ  പാണ്ഡിത്യം നേടിയിരുന്നു. കല്‍ക്കത്തയിലെ രാമകൃഷ്ണ മിഷനിലെ പീനവും അധ്യാപനവും ഇതിനിടയില്‍ അവസാനിച്ചിരുന്നു. തലശ്ശേരിയില്‍ എസ്.എന്‍.ഡി.പി. യൂണിറ്റ് ആരംഭിച്ച് നേതൃത്വം കൊടുത്തു. 1935-ല്‍ കണ്ണൂരില്‍വെച്ച് നടന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു പൊതുപ്രവര്‍ത്തനത്തിന്റെ  തുടക്കം. അന്നവിടെ കെ. ദാമോദരന്‍ പ്രസംഗിക്കാനെത്തിയിരുന്നു.  ബാലറാം ദാമോദരനെ വായിച്ചിട്ടുണ്ട്. കേട്ടറിവുമുണ്ട്. നേരിട്ടു കാണുന്നത് ആദ്യമായിട്ടായിരുന്നു. സ്വന്തമായി പ്രസിദ്ധപ്പെടുത്തിയ കാറല്‍ മാര്‍ക്സ്, മെയ്ദിനം, ലാഭം തുടങ്ങിയ ലഘുലേഖകളിലൂടെ ദാമോദരന്‍ അപ്പോഴേക്കും മലബാറില്‍ അറിയപ്പെട്ടിരുന്നു. സോഷ്യലിസത്തെക്കുറിച്ചും തൊഴിലാളി സംഘടനകളെക്കുറിച്ചുമാണ് ദാമോദരന്‍ ആ സമ്മേളനത്തില്‍ പ്രസംഗിച്ചത്. സമ്മേളനം കഴിഞ്ഞ് ബാലറാം ദാമോദരനെ പരിചയപ്പെട്ടു. തുടര്‍ന്ന് ഇരുവരും ബാലറാമിന്റെ പിണറായിയിലെ വീട്ടിലേക്കു വന്നു. അന്നു രാത്രി മുഴുവന്‍ ഇരുവരും വാദപ്രതിവാദത്തിലേര്‍പ്പെട്ടു. ബാലറാം കടുത്ത നിരീശ്വരവാദിയായിരുന്നു. തിരുവങ്ങാട് സംസ്‌കൃത പാഠശാലയിലെ അദ്ധ്യാപകനായാണ് അന്ന് അദ്ദേഹം ജോലി ചെയ്തിരുന്നത്.  വാഗ്ഭടാനന്ദന്‍, സഞ്ജയന്‍, മാനന്‍ ഗുരുക്കള്‍ എന്നിവരൊക്കെയായിരുന്നു പരിചയക്കാര്‍. ദാമോദരന്‍ ബാലരാമനോട് സംസാരിച്ചത് മുഴുവന്‍ സോഷ്യലിസത്തിന്റെ പ്രാധാന്യത്തെപ്പറ്റിയായിരുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ അവര്‍ക്കിടയില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ചത് ഭാരതീയ ദര്‍ശനങ്ങളില്‍ രണ്ടു പേര്‍ക്കും ആഴമേറിയ അറിവുകളുണ്ടായിരുന്നു. ഇരുവരും അക്കാര്യത്തില്‍ അന്നുതൊട്ടേ മത്സരിച്ചിരുന്നു എന്നുതന്നെ പറയാം. ഈ പശ്ചാത്തലം പറയാന്‍ കാരണം പാര്‍ട്ടി ഭരണഘടന പുതുക്കിപ്പണിയുന്നതില്‍  ബാലറാമില്‍ സമ്മേളിച്ച ചിന്തകളുടെ വേരുകള്‍ എത്ര ആഴത്തിലുള്ളതാണ് എന്നു മനസ്സിലാക്കാനാണ്. ബാലറാമിലെ ചിന്തകന്റെ  വേരുകള്‍ കൂടി കണ്ടെത്താനാണ്.

മറ്റൊരു കൂടിക്കാഴ്ച പി. കൃഷ്ണപിള്ളയുമായുള്ളതായിരുന്നു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടന്നത് 1934 ഒക്ടോബറില്‍ ബോംബെയില്‍ വെച്ചായിരുന്നു. കേരളത്തില്‍നിന്ന് പി. കൃഷ്ണപിള്ളയും ഇ.എം.എസ്സുമാണ് അതില്‍ പങ്കെടുത്തത്. അതിനു മുന്‍പുതന്നെ  കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേരളത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അക്കാലത്താണ് ബാലറാം കൃഷ്ണപിള്ളയെ പരിചയപ്പെടുന്നത്. അതോടെ അദ്ദേഹം  സോഷ്യലിസ്റ്റാശയങ്ങളില്‍ ആകൃഷ്ടനായി. അതിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ ബാലറാം 1937-ല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ജയിലില്‍ സഹതടവുകാരനായിരുന്ന പി.എന്‍. നാരായണന്‍ നായര്‍ ജയപ്രകാശ് നാരായണന്റെ 'എന്താണ് സോഷ്യലിസം' എന്ന ഗ്രന്ഥത്തെപ്പറ്റി വിശദീകരിച്ചുകൊടുത്തു. അക്കാലത്താണ് പി.എന്‍. ആ കൃതി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്. ഇതൊക്കെ ചേര്‍ന്നാണ് ബാലറാമിലെ സോഷ്യലിസ്റ്റ് രൂപംകൊള്ളുന്നത്. ജയിലില്‍നിന്നു പുറത്തുവന്ന ബാലറാം കര്‍ഷകപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഉത്തര കേരളത്തില്‍ കര്‍ഷകപ്രസ്ഥാനം സജീവമാക്കുന്നതില്‍ പങ്കാളിയായി. ജന്മിമാര്‍ക്കെതിരായ ആ സമരത്തിനു നേതൃത്വം കൊടുത്തത് മൊയാരത്ത് ശങ്കരനായിരുന്നു. 1938 രൂപീകരിച്ച  മലബാര്‍ കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ബാലറാം സജീവമായി. 1938-ല്‍ നടന്ന ഹരിപുര കോണ്‍ഗ്രസ് സമ്മേളനത്തില്‍ ബാലറാം പങ്കെടുത്തു. അവിടെവെച്ച് പി.സി. ജോഷി, ഭരദ്വാജ്, സോമനാഥ് ലാഹിരി തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളെ പരിചയപ്പെടാന്‍ സാധിച്ചു.  തിരിച്ചു നാട്ടില്‍ വന്നത് കമ്യൂണിസ്റ്റുകാരനായിട്ടായിരുന്നു. 1939-ഡിസംബര്‍ മാസത്തില്‍ തലശ്ശേരിയിലെ പിണറായി ഗ്രാമത്തില്‍വെച്ച് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്നു. ബാലറാമും അതിന്റെ സംഘാടകനായി പ്രവര്‍ത്തിച്ചു. ആ സമ്മേളനത്തില്‍വെച്ചാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായത്. പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നെങ്കിലും കേരളത്തില്‍ കമ്യൂണിസം ഔദ്യോഗികമായി പിറന്നത് അന്നാണ്. യാദൃച്ഛികമായി  അതിനു തുടക്കം കുറിച്ചതാകട്ടെ,  ബാലറാമിന്റെ നാടായ പിണറായിയില്‍ നിന്നുമായി. എന്‍.ഇ. ബാലറാം എന്ന കമ്യൂണിസ്റ്റുകാരന്റെ യാത്ര അവിടെ തുടങ്ങുന്നു. തലശ്ശേരി താലൂക്ക് സെക്രട്ടറി എന്ന സ്ഥാനമാണ് ബാലറാം ആദ്യമായി നിര്‍വ്വഹിച്ചത്. വലിയ നേതാക്കളില്‍ പലരും അറസ്റ്റ് ചെയ്യപ്പെട്ട അക്കാലത്ത് ഒളിവിലിരുന്നുകൊണ്ട് വലിയ സംഘടനാ പ്രവര്‍ത്തനം ബാലറാം കാഴ്ചവെയ്ക്കുകയും തുടര്‍ന്ന് വേഗം തന്നെ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമാവുകയും ചെയ്തു. 

തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട ബാലറാം 1940 മുതല്‍ 1943 വരെ വെല്ലൂര്‍ ജയിലിലെ അന്തേവാസിയായി. ഈ ജയില്‍വാസക്കാലത്താണ് ബാലരാമനെന്ന പേര് ശുഷ്‌കിച്ച് ബാലറാം ആയത്. അവിടെ വെച്ച് അന്ന് ജയിലിലുണ്ടായിരുന്ന സെന്‍ ഗുപ്ത, ചെഞ്ചയ്യ തുടങ്ങിയ ബംഗാളിത്തടവുകാരുമായി സൗഹാര്‍ദ്ദത്തിലായി.  ഭീകരവാദത്തടവുകാരായ അവരില്‍നിന്ന് ബംഗാളി പഠിച്ചു. പകരം അവരെ ബാലറാം സംസ്‌കൃതം പഠിപ്പിച്ചു. രബീന്ദ്രനാഥ ടാഗോര്‍ ഹരമായിരുന്ന ബാലറാം ബംഗാളിയില്‍ ടാഗോറിനെ വായിക്കുകയും അവരുടെ സഹായത്തോടെ ടാഗോര്‍ സാഹിത്യത്തെക്കുറിച്ചുള്ള നോട്ടുകള്‍ തയ്യാറാക്കുകയും ചെയ്തു. ആ കുറിപ്പുകളെഴുതിയ പതിനെട്ട്  നോട്ടുപുസ്തകങ്ങളുമായാണ് ജയിലില്‍നിന്നു മടങ്ങിയത് എന്ന് അദ്ദേഹം പിന്നീട് എഴുതിയ ടാഗോറിനെക്കുറിച്ചുള്ള പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഈ നോട്ട് ബുക്കുകള്‍ 1948-ല്‍ പിണറായിയിലെ വീട്ടില്‍ക്കയറിയ പൊലീസുകാര്‍ നശിപ്പിച്ചു എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ബാലറാമിലെ സാഹിത്യപ്രേമിയുടെ ഉദയം ഇങ്ങനെയായിരുന്നു.

പിന്നീട് അദ്ദേഹം വായിച്ചുകൂട്ടിയ സാഹിത്യകൃതികള്‍ക്കു കണക്കില്ല. വേദേതിഹാസങ്ങളിലും സംസ്‌കൃത സാഹിത്യത്തിലും ഇന്ത്യന്‍ ദര്‍ശനത്തിലും നന്നേ ചെറുപ്പത്തിലേ പാണ്ഡിത്യം നേടിയ ബാലറാം ലോകസാഹിത്യത്തിലെ നിത്യസഞ്ചാരിയായി മാറി. മലയാള സാഹിത്യത്തിലെ കര്‍ക്കശക്കാരനായ വിമര്‍ശകനായി. ഏറ്റവും പുതിയ എഴുത്തുകാരുമായിപ്പോലും വാദപ്രതിവാദങ്ങള്‍ക്കു സമയം കണ്ടെത്തി. ആധുനികതയുമായും ഉത്തരാധുനികതയുമായുമൊക്കെ ഏറ്റുമുട്ടി. ഭാരതീയ സാഹിത്യമീമാംസകളെ നിരത്തി തര്‍ക്കത്തിലേര്‍പ്പെട്ടു. പൊറ്റെക്കാട്ടിനെപ്പറ്റിയും മുകുന്ദനെപ്പറ്റിയും എഴുതി. ഉറൂബിനെപ്പറ്റിയും ആനന്ദിനെപ്പറ്റിയും എഴുതി. തകഴിയെപ്പറ്റിയും എം.പി. നാരായണപിള്ളയെപ്പറ്റിയും എഴുതി. ലോകസാഹിത്യത്തിലെ ഓരോ ചലനവും അപ്പപ്പോള്‍ ഒപ്പിയെടുത്തു. അസാധാരണമായിരുന്നു ആ വായനാ ജീവിതം. ബാലറാമിന്റെ വായനയ്ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് പാര്‍ട്ടി ആലോചിച്ചിരുന്നു എന്നു പോലും പറഞ്ഞുകേള്‍ക്കുകയുണ്ടായി. ശങ്കരാചാര്യരുടെ വേദദര്‍ശനവും മാര്‍ക്സിന്റെ സാമൂഹ്യദര്‍ശനവും സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ശാസ്ത്രദര്‍ശനവും ബാലറാം ഭംഗിയായി കൈകാര്യം ചെയ്തു. മലയാളി സമൂഹത്തെ ഇതുമൊക്കെയായി പരിചയത്തിലാക്കുന്നതിനു വലിയ പരിശ്രമം നടത്തി. കേരളത്തിലെ സാംസ്‌കാരിക-ധൈഷണിക മണ്ഡലത്തിലെ നിറസാന്നിധ്യമായി. എന്നാല്‍, ഇതൊക്കെ ഒരു കമ്യൂണിസ്റ്റുകാരന്റെ പ്രാഥമിക ചുമതലയാണ് എന്നൊരു തോന്നലായിരുന്നു ബാലറാമിന്റേത്. മറ്റ് അവകാശവാദങ്ങളൊന്നും അദ്ദേഹം മുന്നോട്ടുവെച്ചില്ല. മറ്റൊന്നും സ്വീകാര്യവുമായിരുന്നില്ല. ഇതെല്ലാം  സ്വായത്തമാക്കിയത് ഉത്തമ കമ്യൂണിസ്റ്റാവാന്‍, അതുവഴി സമൂഹത്തെ മനസ്സിലാക്കാനും നേരായ പാതയിലൂടെ മുന്നോട്ടു നയിക്കാനും.

ക്രിയാത്മക മാര്‍ക്സിസം

കമ്യൂണിസം നിരന്തരം നവീകരിക്കപ്പെടേണ്ടതാണെന്ന് ബാലറാം കരുതിയിരുന്നോ? കര്‍ശനമായ പാര്‍ട്ടി അച്ചടക്കം ആവശ്യപ്പെടുകയും സ്വയം പാലിക്കുകയും ചെയ്ത ആളായതുകൊണ്ട് ആ വിഷയത്തിലെ അദ്ദേഹത്തിന്റെ മനസ്സ് തിരിച്ചറിയുക എളുപ്പമല്ല. എന്നാല്‍ തിരുത്തലുകള്‍ക്കുവേണ്ടി പാര്‍ട്ടിക്കകത്ത് അദ്ദേഹം നിരന്തരം പോരാടിയിരുന്നു. 1948 മുതല്‍ 1951 വരെ പാര്‍ട്ടി നയത്തേയും പരിപാടിയേയും സംബന്ധിച്ചു  നടന്ന വാദപ്രതിവാദങ്ങളിലെ പ്രധാനിയായിരുന്നു ബാലറാം. കേരള സംസ്ഥാന സംഘാടക കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം പല സന്ദേഹങ്ങളും അന്ന്  മുന്നോട്ടുവെച്ചിരുന്നു. സി. അച്യുതമേനോനും കെ.സി. ജോര്‍ജും ബാലറാമും ചേര്‍ന്ന് ഒരു ബദല്‍രേഖപോലും അന്ന് തയ്യാറാക്കിയിരുന്നു. ഇന്ത്യയുടെ വിമോചനത്തിനു സ്വന്തമായ ഒരു പാത കണ്ടെത്തേണ്ടതല്ലേ എന്ന ചോദ്യമാണ് ആ രേഖ മുന്നോട്ടുവെച്ചത്. അതിലവര്‍ ഇന്ത്യയുടെ സവിശേഷ സാഹചര്യങ്ങള്‍ എടുത്തുകാട്ടി. ഭാഷ, സംസ്‌കാരം, സാമ്പത്തിക സ്ഥിതി, ഭൂമിശാസ്ത്രം എന്നിവ സംബന്ധിച്ച നമ്മുടെ സവിശേഷതകള്‍ പരിഗണിക്കണമെന്ന് അവരതില്‍ ആവശ്യപ്പെട്ടു. റഷ്യന്‍ വിപ്ലവത്തിന്റെ പാത മുന്നോട്ടുവെച്ച നേതൃഘടന ഈ സന്ദേഹങ്ങള്‍ അന്ന് ഗൗരവമായെടുത്തില്ല. അത് കേന്ദ്ര കമ്മിറ്റി വരെ എത്തിച്ചെങ്കിലും അവരും ഗൗനിച്ചില്ല. ഇതിന്റെ തുടര്‍ച്ചയായി വേണം ഞാന്‍ തുടക്കത്തില്‍ വിവരിച്ച ബാലറാമിന്റെ പാര്‍ട്ടി ഭരണഘടനാ നവീകരണ ദൗത്യത്തെ വായിച്ചെടുക്കാന്‍. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരിന്ത്യന്‍ സ്വഭാവം വേണമെന്ന് അദ്ദേഹം തുടക്കം മുതലേ ചിന്തിക്കുകയും അവസരം വന്നാല്‍ അതേറ്റെടുക്കാനുള്ള കരുത്താര്‍ജ്ജിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയെ അതിനുവേണ്ടി തയ്യാറാക്കുന്നതില്‍ അദ്ദേഹമുള്‍പ്പെട്ട നേതൃത്വം പരാജയപ്പെട്ടുപോയി എന്നത് വിധിവൈപരീത്യം. 

മാര്‍ക്സിസത്തെ ക്രിയാത്മകമായി പുതുക്കിപ്പണിയണം എന്ന ചിന്ത ബാലറാമില്‍ ആദ്യം മുതലേ ഉ ായിരുന്നു. അതിനായി ലോകത്തേയും പ്രപഞ്ചത്തേയും ആഴത്തില്‍ അറിയേണ്ടതുണ്ട് എന്ന് തിരിച്ചറിയുകയും ചെയ്തു അദ്ദേഹം. അതിനായി ആ മനുഷ്യന്‍ അന്വേഷിച്ചു ചെല്ലാത്ത മേഖലകളില്ല. പഠിക്കാത്ത വിഷയങ്ങളില്ല. 1993-ല്‍ മരണത്തിന് ഒരു വര്‍ഷം മുന്‍പ് അദ്ദേഹം എഴുതിയ 'ക്രിയാത്മക മാര്‍ക്സിസമാണ് ആവശ്യം' എന്ന ലേഖനത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: 

''ഞാന്‍ ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ മണ്ണിന്റെ ഗന്ധമുള്ള ഒരു പരിപാടിയിലേക്ക് എത്താന്‍ നമുക്ക് കാലതാമസം പിടിക്കുന്നു എന്നതാണ്. അല്ലാതെ നമ്മുടെ നേതൃത്വത്തിനു പ്രതിഭാ സ്തംഭനമോ  പ്രതിഭാ വൈക്ലബ്യമോ ഉണ്ടെന്നല്ല. ഇത് പ്രതിഭയുടെ ഒരു പ്രശ്നമല്ല. മാര്‍ക്സിസ്റ്റ് വിജ്ഞാനം മുഖേന ഇന്ത്യയുടെ സമൂര്‍ത്തമായ പഠനം നടത്താനും ഇന്ത്യയ്ക്കു പറ്റിയവിധമുള്ള ഒരു പരിപാടി തയ്യാറാക്കാനും ഇന്ത്യയില്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന സോഷ്യലിസത്തിന്റെ രൂപരേഖ തയ്യാറാക്കാനും മാര്‍ഗ്ഗവും ദിശയും നിര്‍ണ്ണയിക്കാനുമുള്ള ക്രിയാത്മക ശ്രമത്തില്‍ നാം എത്രയോ പിന്നിലാണെന്ന സത്യമാണ് ഞാന്‍ ഉന്നയിക്കുന്നത്.''

ഇത് കേള്‍ക്കാനാളുണ്ടായില്ല എന്നതു മാത്രമല്ല; അവസരോചിതമായി ഇതോര്‍മ്മിപ്പിച്ച സഖാവ് പാര്‍ട്ടിയില്‍ ഒറ്റപ്പെടും എന്ന അവസ്ഥയും ഉണ്ടായി എന്നതു ചരിത്രം. അപ്പോഴും പാര്‍ട്ടി അച്ചടക്കത്തെ ബാലറാം കൈവിട്ടില്ല. അച്ചടക്ക കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഒരിക്കലും ആ നേതാവ് തയ്യാറായിരുന്നില്ല. ഏറെ അടുപ്പമുണ്ടായിരുന്ന കെ. ദാമോദരനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെ അച്ചടക്കപ്രശ്‌നത്തില്‍ കൈവിടാനും ബാലറാം മടിച്ചിരുന്നില്ല. അതിന്റെ ശരിതെറ്റുകളിലേക്ക് ഞാനിവിടെ കടക്കുന്നില്ല. ബാലറാം മുന്നോട്ടുവെച്ച വലിയൊരവസരത്തെ നഷ്ടപ്പെടുത്തിയതിനു പ്രസ്ഥാനം വലിയ വില കൊടുക്കേണ്ടിവരും. ഇന്നത് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ബാലറാം അന്നേ കണ്ടിരുന്നു. പലപ്പോഴും താക്കീത് ചെയ്തിരുന്നു. അതിനുവേണ്ടിയാണ് ഭാരതീയ പൈതൃകത്തെപ്പറ്റി വസ്തുനിഷ്ഠമായ പഠനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതും ആഗ്രഹിച്ചതും. ചെറിയൊരു തോതില്‍ അതിന് അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്തിരുന്നു. രാജ്യസഭയിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വാജ്പേയിയെപ്പോലുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളെപ്പോലും അന്ധാളിപ്പിലാക്കിയിരുന്നു. പൊതുവെ സൗമ്യനായിരുന്ന ബാലറാം വര്‍ഗ്ഗീയതയുടെ കാര്യത്തില്‍ കര്‍ക്കശകാരനും ശുണ്ഠിക്കാരനുമായിരുന്നു. ഹിന്ദു റിവൈവലിസം ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തിനെ പ്രശ്‌നപൂരിതമാക്കുമെന്ന് അദ്ദേഹം തൊണ്ണൂറുകളില്‍ത്തന്നെ നിരന്തരം ഓര്‍മ്മിപ്പിച്ചു. തടയാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന് ഇന്ത്യയിലെ ദേശീയ പാര്‍ട്ടികളോടും നേതാക്കളോടും വ്യക്തിപരമായ തലത്തില്‍പ്പോലും ആവശ്യപ്പെട്ടു. പി.വി. നരസിംഹറാവു, വി.പി. സിങ്ങ്, ശങ്കര്‍ ദയാല്‍ ശര്‍മ്മ, എ.ബി. വാജ്പേയ്, കെ.ആര്‍. നാരായണന്‍  തുടങ്ങിയ രാഷ്ട്രനേതാക്കളുമായി ഇത്തരം ബന്ധപ്പെടലുകള്‍ ബാലറാം നടത്തിയതായി എനിക്കറിയാം. ഇത്തരം ഇടപെടലുകള്‍ പരസ്യമാക്കാതെ സൂക്ഷിക്കുകയും ചെയ്തു. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ പുറകിലും കെ.ആര്‍. നാരായണനെ രാഷ്ട്രപതിയാക്കുന്നതിന്റെ പിറകിലും ബാലറാമെന്ന കമ്യൂണിസ്റ്റുകാരന്റെ ഇടപെടലുകള്‍ വലിയ തോതിലുണ്ടായിരുന്നു. 

ഇഎംഎസിനോടൊപ്പം ബാലറാം
ഇഎംഎസിനോടൊപ്പം ബാലറാം

ഇ.എം.എസും ബാലറാമും 

1993-ല്‍ ഒരിക്കല്‍ സഖാവ് ഇ.എം.എസ് ചില അസുഖം പിടിപ്പെട്ട് തിരുവനന്തപുരത്തെ ഒരാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതറിഞ്ഞ ബാലറാം ആശുപത്രിയിലെത്തി. അവരന്ന് ധാരാളം സംസാരിച്ചിരുന്നു. 1930-കള്‍ തൊട്ടുള്ള ബന്ധമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനകത്തെ സോഷ്യലിസ്റ്റ് ചേരിക്കാര്‍ എന്ന നിലയില്‍ തുടങ്ങിയ ബന്ധം. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനായി നാട്ടിലും ജയിലിലുമൊക്കെ ഒരുപാടു കാലം ഒരുമിച്ച് പ്രവര്‍ത്തിച്ച സഖാക്കള്‍. യുവാവായ ബാലറാമില്‍ ഉശിരുള്ള ഒരു വിപ്ലവ രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് കണ്ടതെന്ന് ഇ.എം.എസ് എഴുതുകയുണ്ടായി. ഒളിവുകാലത്തെ അടുപ്പത്തോടെ ബാലറാമിലെ പണ്ഡിതനെ ഇ.എം.എസ് തിരിച്ചറിഞ്ഞു. മാര്‍ക്സിസത്തിലെ പുതിയ ചിന്താധാരകളെപ്പറ്റിയും അവര്‍ നിരന്തരം ആശയക്കൈമാറ്റം ചെയ്തു. ബാംഗ്ലൂരിലെ ഒളിവു ജീവിതകാലത്ത് ബാലറാം പരിചയപ്പെട്ട മാര്‍ക്സിസ്റ്റ് പണ്ഡിതനായ കൊസാംബിയെപ്പറ്റി ബാലറാം ഇ.എം.എസിനോട് അക്കാലത്ത് പറഞ്ഞിരുന്നു. കൊസാംബിയില്‍നിന്ന് ബാലറാം മനസ്സിലാക്കിയ പുതിയ ജ്ഞാനാന്വേഷണ രീതികളെപ്പറ്റി അവരിരുവരും അന്ന് സംസാരിച്ചിരുന്നു. അതൊക്കെ വിപ്ലവ രാഷ്ടീയ പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തു. പിന്നീട് 1964-ല്‍ പാര്‍ട്ടി പിളര്‍ന്നു രണ്ടായപ്പോള്‍ ഇ.എം.എസ് സി.പി.ഐ(എം)ലേക്ക് പോവുകയും  ബാലറാം സി.പി.ഐയില്‍ തുടരുകയും ചെയ്തു. എന്നാല്‍, വ്യക്തിബന്ധവും ആശയ കൈമാറ്റങ്ങള്‍ പിന്നെയും  തുടര്‍ന്നുപോന്നു. 

ആശുപത്രിയിലെ വര്‍ത്തമാനങ്ങള്‍ക്കു ശേഷം പോകാന്‍ പുറപ്പെട്ട ബാലറാമിനോട് ചോദിച്ച് ഇ.എം.എസ് ഒരു  സംശയനിവര്‍ത്തി വരുത്തി. അത് ശങ്കരദര്‍ശനവുമായി ബന്ധപ്പെട്ട എന്തോ ഒന്നായിരുന്നു. ഉടനെ തന്നെ ഇ.എം.എസ് ബാലറാമിന്റെ മുന്നില്‍ ഒരാവശ്യം മുന്നോട്ടുവെച്ചു. ഭാരതീയ പാരമ്പര്യത്തെപ്പറ്റി ബാലറാം സമഗ്രമായ ഒരു ഗ്രന്ഥമെഴുതണം. അത് ബാലറാമിനെപ്പോലെ മറ്റാര്‍ക്കും കഴിയില്ലെന്ന് ഇ.എം.എസിനു നന്നായി അറിയാമായിരുന്നു. ബാലറാം ഒഴിവുകഴിവുകള്‍ നിരത്തിയെങ്കിലും ഒടുക്കം ഇ.എം.എസിന്റെ ആവശ്യത്തിനു സമ്മതം മൂളി. അത്  സി.പി.എമ്മിന്റെ പ്രസാധകശാലയായ ചിന്ത തന്നെ പ്രസിദ്ധീകരിക്കും എന്ന് ഇ. എം.എസ് വാക്കു കൊടുക്കുകയും അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു. ബാലറാം തുടര്‍ന്നുള്ള ദിവസങ്ങള്‍ ആ ഗ്രന്ഥരചനയ്ക്കായി വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തി. ചില പ്രാചീന രേഖകള്‍ തേടി നേപ്പാള്‍ മ്യൂസിയംവരെ അന്വേഷിച്ചു ചെന്നു. മനസ്സിലെ ആ ബൃഹദ് ഗ്രന്ഥത്തിന്റെ രൂപരേഖയെന്ന നിലയില്‍ 'ഭാരതീയ സാംസ്‌കാരിക പാരമ്പര്യം' എന്നൊരു ചെറിയ ഗ്രന്ഥം തയ്യാറാക്കുകയും ചെയ്തു. ഇ.എം.എസിനു കൊടുത്ത വാക്ക് പാലിക്കാതെ 1994 ജൂലെ 16-ന് അദ്ദേഹം അന്തരിച്ചു.

ഭാരതീയ പാരമ്പര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അദ്ദേഹം പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. ഭാരതീയദര്‍ശനമാക്കെ ഈശ്വരസങ്കല്പാധിഷ്ഠിതമാണെന്ന ധാരണ അടിസ്ഥാനരഹിതമാണ്. ഭാരതീയദര്‍ശനങ്ങളില്‍ ആത്മീയവാദവും ഭൗതികവാദവും അടങ്ങിയിട്ടുണ്ട്. തുറന്ന മനസ്സോടും അന്വേഷണബുദ്ധിയോടും കൂടി പ്രപഞ്ചരഹസ്യങ്ങളെ മനസ്സിലാക്കാന്‍ നമ്മുടെ പൂര്‍വ്വികന്മാര്‍ പരിശ്രമിച്ചിരുന്നു. ആസ്തികവാദങ്ങളും നാസ്തികവാദങ്ങളും ഹിന്ദുധര്‍മ്മശാസ്ത്രത്തിന്റെ ഭാഗമാണ്. മനഷ്യസമൂഹം ഉണ്ടാകുന്നതിനും എത്രയോ കൊല്ലം മുന്‍പാണ് പ്രപഞ്ചം ഉണ്ടായതെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. മനഷ്യസംസ്‌കാരം ഒരു കാലഘട്ടത്തിലെത്തിയപ്പോഴാണ് ഈശ്വര സങ്കല്പമുണ്ടാകുന്നത്. അതുകൊണ്ടാണ് ഈശ്വരസങ്കല്പം മനുഷ്യസൃഷ്ടിയാണ് എന്നു പറയുന്നത്. ഹിന്ദുധര്‍മ്മത്തില്‍ ഈശ്വരസങ്കല്പം മാത്രമേയുള്ളൂ എന്ന് പറയരുത്. ഭാരതത്തിലെ സല്‍ പാരമ്പര്യങ്ങളോട് കമ്യൂണിസ്റ്റുകാര്‍ക്ക് എതിര്‍പ്പില്ല. പാര്‍ട്ടി മതമൈത്രിക്കും മതേതരത്വത്തിനും വേണ്ടി നിലകൊള്ളുന്നു. ബാലറാമിന്റെ ചിന്തകള്‍ ഇങ്ങനെ പോവുന്നു. വ്യക്തതയോടെ പാര്‍ട്ടിയുടെ ഏറ്റവും താഴെ ഘടകത്തിലെ സാധാരണ സഖാവിനും മനസ്സിലാകുന്ന ഭാഷയില്‍ അദ്ദേഹം തന്റെ അറിവുകള്‍ പങ്കുവെച്ചു. 

ഭാരതീയ പൈതൃകം എന്താണെന്ന് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു. ''പൈതൃകം എന്നു പറയുമ്പോള്‍ ഇവിടെ വിവക്ഷിക്കുന്നത് ബോധസമ്പത്താണ്; അഥവാ ജ്ഞാനസമ്പത്താണ്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ നമുക്ക് ലഭിച്ച ജ്ഞാന-കര്‍മ്മ സമുച്ചയത്തിന്റെ ഫലസിദ്ധികളാണ്. ദര്‍ശനം, ധര്‍മ്മബോധം, സാഹിത്യ കലാബോധം, മതബോധം, അനുഷ്ഠാന ബോധം, സാമൂഹ്യബോധം, സാംസ്‌കാരിക ബോധം തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ അഭിമാനകരമായൊരു പൈതൃകം നമുക്കുണ്ടെന്നു കാണാം. അതുപോലെ സാമൂഹിക വികാസത്തെ പിറകോട്ടു പിടിച്ചുവലിക്കുന്നവയും വര്‍ജ്ജിക്കേണ്ടവയുമായ ആശയങ്ങളും അനുഷ്ഠാനങ്ങളും ധാരണകളും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.''
  
ഈ പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടാന്‍  ഇന്ത്യയില്‍ ആളില്ലാതെ പോകുന്ന ദുഃഖം ബാലറാമിനെ അവസാനകാലത്ത് അലട്ടിയിരുന്നു. യുക്തിവിചാരത്തിന്റെ നേരെയുള്ള വെല്ലുവിളികള്‍ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്നതില്‍ അദ്ദേഹം ആശങ്കപ്പെടുകയും ചെയ്തു. പ്രത്യയശാസ്ത്രത്തിന്റെ വീറോടെ മതമൗലികവാദം കയറിവരുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. പൈതൃകത്തിനും സല്‍പാരമ്പര്യങ്ങള്‍ക്കും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് വലതുപക്ഷ രാഷ്ട്രീയം ഇന്ത്യയെ വിഴുങ്ങുന്ന കാഴ്ച അദ്ദേഹം മുന്‍കൂട്ടി കണു. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയേയും ഇന്ത്യയില്‍ പുഷ്ടി പ്രാപിച്ചുവരുന്ന സിവില്‍ സൊസൈറ്റിയേയും ബി.ജെ.പിയും ഹിന്ദുരാഷ്ട്രവാദികളും വിരൂപപ്പെടുത്തും. ന്യൂനപക്ഷ സംരക്ഷണത്തേയും മതനിരപേക്ഷതയേയും എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട് അവര്‍ അന്യമത വിരോധവികാരങ്ങള്‍ ആളിക്കത്തിക്കും എന്നും ബാലറാം എഴുതി. ഈ പ്രവണതകളെ പ്രതിരോധിച്ചുകൊണ്ട് ധാരാളമെഴുതുകയും സംസാരിക്കുകയും ചെയ്തു. അതിലൂടെയെല്ലാം നമ്മുടെ പാരമ്പര്യത്തിന്റെ ആഴവും പരപ്പും അദ്ദേഹം കാണിച്ചുതന്നു. 

ബാലറാം പാർട്ടി സമ്മേളനത്തിൽ
ബാലറാം പാർട്ടി സമ്മേളനത്തിൽ

ഇന്ത്യന്‍ കമ്യൂണിസ്റ്റ് 

സോഷ്യലിസത്തിനു പൊതുവായ ഒരു രൂപവും പൊതുവായ മാതൃകയും ഉണ്ടാവേണ്ടതുണ്ടോ? ബാലറാമിന്റെ സന്ദേഹങ്ങളിലൊന്നായിരുന്നു അത്. വ്യത്യസ്തമായ മാതൃകകളെപ്പറ്റി ചിന്തിക്കാന്‍ തയ്യാറാവണം എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ''മാര്‍ക്സിസ്റ്റ് വിചിന്തനം നിത്യനൂതനമായിരക്കണമെങ്കില്‍ അതിനൊരു സൃഷ്ട്യുന്‍മുഖ സമീപനം ആവശ്യമാണ്. വസ്തുനിഷ്ഠമായ പ്രതിഭാസങ്ങളേയും ജീവിതാനുഭവങ്ങളേയും മുന്‍വിധികൂടാതെ അപഗ്രഥിക്കാന്‍ കഴിയണം. സൃഷ്ടിപരതയില്ലാത്ത ശാസ്ത്രങ്ങള്‍ക്കു പുതിയ പ്രശ്നങ്ങളെ തിരിച്ചറിയാനും വിജയപ്രദമായി കൈകാര്യം ചെയ്യാനും കഴിയുകയില്ല.'' പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയവുമായുള്ള പ്രചാരണത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും  തത്ത്വശാസ്ത്രം, ചരിത്രം, നരവംശ ശാസ്ത്രം, പുരാതത്ത്വശാസ്ത്രം, ഭൗതികശാസ്ത്രം, സാഹിത്യചിന്ത എന്നീ മേഖലകളില്‍ സാര്‍ത്ഥകമായ ഇടപെടലുകള്‍ക്ക് എന്‍.ഇ. ബാലറാമെന്ന കമ്യൂണിസ്റ്റുകാരന്‍ സമയം കണ്ടെത്തി. സാഹിത്യം, കല, സംസ്‌കാരം, ശാസ്ത്രം, ദര്‍ശനം തുടങ്ങിയവയാണ് നമ്മുടെ അവബോധത്തിന്റെ ചക്രവാളം വികസിപ്പിക്കുന്നത് എന്ന് അടിവരയിട്ടു പറഞ്ഞു. അതുകൊണ്ട് അവയെ കടിഞ്ഞാണിട്ടു നിര്‍ത്താന്‍ അനുവദിക്കരുതെന്ന് നിസ്സംശയം വാദിച്ചു. 

യുക്തിയോടുകൂടിയ തര്‍ക്കമാണ് ഭാരതീയ ചിന്താപദ്ധതികളുടെ അടിത്തറയെന്നു പ്രഖ്യാപിക്കുകയും അതിനെ മുന്നോട്ടുകൊണ്ടുപോവേ  ഉത്തരവാദിത്വം ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്കുണ്ടെന്ന് നിരന്തരം ഓര്‍മ്മിപ്പിക്കുകയും ചെയ്തു എന്നതാണ് എന്‍.ഇ. ബാലറാമിനെ വേറിട്ടുനിര്‍ത്തുന്നത്. പാര്‍ട്ടി സെക്രട്ടറി, എം.എല്‍.എ, മന്ത്രി, രാജ്യസഭാ മെമ്പര്‍, പാര്‍ട്ടി ദേശീയ സെക്രട്ടറി എന്നിവയൊക്കെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ അദ്ദേഹം ഏറ്റെടുത്ത ചെറിയ വേഷങ്ങള്‍ മാത്രം. ഭാരതീയ പാരമ്പര്യം സൃഷ്ടിച്ച ഉത്തമനായ ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റാണ് എന്‍.ഇ. ബാലറാം. അതുകൊണ്ടുതന്നെ അതിലൊന്നും ആഹ്ലാദിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. ബാലറാം മുന്നോട്ടുവെച്ച ആശങ്കകള്‍ ഇന്ത്യയുടെ മുന്നില്‍ വലിയ വിപത്തായി അരങ്ങുതകര്‍ക്കുന്നു. ബാലറാമിന്റേതുകൂടിയായ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അന്തംവിട്ടുനില്‍ക്കുന്നു. അവരിനിയും ബാലരാമനിലേക്കു തിരിച്ചുപോവേണ്ടതുണ്ട്, മുന്നോട്ടുള്ള യാത്രയ്ക്കായ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com