'ഇടതു നയങ്ങളില്‍ നിന്നുള്ള വ്യതിയാനം അംഗീകരിക്കാനാവില്ല; നിലപാടുകള്‍ വ്യത്യസ്തമായാല്‍ തുറന്ന് പറയും'- കാനം രാജേന്ദ്രന്‍

ബിജെപിക്ക് എതിരായി ബദല്‍ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടിട്ടാണ് ഞങ്ങള്‍ ഈ മുന്നണിയില്‍ നില്‍ക്കുന്നത്... സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസാരിക്കുന്നു 
'ഇടതു നയങ്ങളില്‍ നിന്നുള്ള വ്യതിയാനം അംഗീകരിക്കാനാവില്ല; നിലപാടുകള്‍ വ്യത്യസ്തമായാല്‍ തുറന്ന് പറയും'- കാനം രാജേന്ദ്രന്‍

പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിലെ തിരുത്തല്‍ശക്തിയാണ് കാനം രാജേന്ദ്രന്‍. ഏറ്റുമുട്ടല്‍ കൊല, യു.എ.പി.എ ചുമത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി സ്വീകരിച്ചത്. ഇടതുനയങ്ങളില്‍നിന്നുള്ള വ്യതിയാനം അംഗീകരിക്കാനാവില്ലെന്നു പറയുന്നു കാനം. വ്യത്യസ്തമായ നിലപാടുകളുണ്ടെങ്കില്‍ അതു പറയേണ്ടത് കടമയും ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം വാദിക്കുന്നു. ഹിന്ദുത്വവാദം, മൃദുഹിന്ദുത്വം, മുസ്ലിം തീവ്രവാദം, അയോധ്യ കേസ് വിധി, ശബരിമല യുവതീപ്രവേശനം തുടങ്ങിയ വിഷയങ്ങളില്‍ കാനം രാജേന്ദ്രന്റെ പ്രതികരണം ഇങ്ങനെ.

ഈ സര്‍ക്കാര്‍ വന്ന ശേഷം വിവിധ വിഷയങ്ങളിലെ വിയോജിപ്പുകള്‍ സി.പി.ഐ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണത്തിലിരിക്കുമ്പോള്‍ രാഷ്ട്രീയ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്ന രീതി സംഘടനാപരമായി പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നുണ്ടോ?

ഇടതുമുന്നണിയെ രാഷ്ട്രീയമായ ഒരു ആവശ്യമായാണ് ഞങ്ങള്‍ കാണുന്നത്. അതുകൊണ്ട് മുന്നണിയെ ശക്തിപ്പെടുത്തുക എന്നത് മുന്നണിയുടെ രാഷ്ട്രീയം ശക്തിപ്പെടുത്തിക്കൊണ്ട് ചെയ്യേണ്ടതാണ്. ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കുകയും ബി.ജെ.പിക്ക് എതിരായി ബദല്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്യേണ്ടതിന്റേയും ആവശ്യകത ബോധ്യപ്പെട്ടിട്ടാണ് ഞങ്ങള്‍ ഈ മുന്നണിയില്‍ നില്‍ക്കുന്നത്. അതില്‍നിന്നു വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ടാകുമ്പോള്‍ അതു തുറന്നുപറയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. അതുകൊണ്ടാണ് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അങ്ങനെ പറയുന്നത്. ഭരണത്തിലെ മറ്റേതെങ്കിലും പ്രശ്‌നത്തെക്കുറിച്ച് ഇതുപോലെ പറയാറില്ല. ഞങ്ങള്‍ക്ക് ഏതെങ്കിലും പരിഗണന കിട്ടിയില്ലെന്നോ മറ്റോ പരസ്യമായി പറയാറില്ല. അതൊക്കെ മുന്നണിക്കകത്താണ് പറയുന്നത്. പക്ഷേ, രാഷ്ട്രീയ കാര്യങ്ങള്‍ സി.പി.ഐയും സി.പി.എമ്മും ചര്‍ച്ച ചെയ്യുകതന്നെ വേണം. ചിലപ്പോള്‍ മുന്നണിക്കകത്ത് ചര്‍ച്ച ചെയ്യും. അതു പോരാ എന്നു തോന്നുകയാണെങ്കില്‍ പുറത്തും ചര്‍ച്ച ചെയ്യും. ഞങ്ങളും സി.പി.എമ്മും തമ്മില്‍ മാവോവാദികളുടെ കാര്യത്തിലോ യു.എ.പി.എയുടെ കാര്യത്തിലോ ഒരു തര്‍ക്കവും ദേശീയതലത്തില്‍ ഇല്ല. ഒഡീഷ-ആന്ധ്രാ അതിര്‍ത്തിയില്‍ വ്യാജ ഏറ്റുമുട്ടല്‍കൊല ഉണ്ടായപ്പോള്‍ അതിനെതിരെ പത്ത് ഇടതുപക്ഷ പാര്‍ട്ടികളാണ് ഒന്നിച്ചു നിന്ന് ബന്ദ് നടത്തിയത്. ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്റ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നതിന് രണ്ട് കമ്യൂണിസ്റ്റു പാര്‍ട്ടികളും എതിരാണ്. റ്റാഡ, പോട്ട പോലെയുള്ള നിയമങ്ങള്‍ക്കെതിരെ ഞങ്ങള്‍ ഒരുമിച്ചു നിന്നാണ് പോരാടിയത്. 1967-ലെ യു.എ.പി.എ നിയമത്തില്‍ 2019-ല്‍ കൊണ്ടുവന്ന ഭേദഗതിക്കെതിരായി സി.പി.ഐയും സി.പി.എമ്മും പാര്‍ലമെന്റില്‍ ഒരുമിച്ചാണ് വോട്ടു ചെയ്തത്. കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ് ആ നിയമം നടപ്പാക്കുമ്പോള്‍ അതിനെ വിമര്‍ശിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്; അതു ശരിയാണ് എന്നാണ് ഞങ്ങളുടെ വിശ്വാസം. നിരവധി വിഷയങ്ങളില്‍ മുന്നണിക്കകത്ത് ഞങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അതു പൊതുവില്‍ ഒരു ചര്‍ച്ചയാക്കി കൊണ്ടുവരേണ്ടതില്ല. ആ നിലപാടുകളില്‍ പലതിലേക്കും പിന്നീട് സി.പി.എം വന്ന അനുഭവങ്ങളുമുണ്ട്.

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലനും താഹയും
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലനും താഹയും

ഇടതുനയമല്ലാത്ത നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍ സി.പി.എം അതിനെ ന്യായീകരിക്കുന്നു. അതാണോ സി.പി.ഐയെ പ്രകോപിപ്പിക്കുന്നത്?

അതില്‍ പ്രകോപനമൊന്നുമില്ല. ഞങ്ങള്‍ ശരിയുടെ ഭാഗത്താണ് നില്‍ക്കുന്നത്. ഞങ്ങളുടെ രാഷ്ട്രീയം കൊണ്ടാണ് ഈ മുന്നണിയില്‍ നില്‍ക്കുന്നത്. അതിനു വിരുദ്ധമായ നടപടികള്‍ ഉണ്ടായാല്‍ അത് ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബ്ബലപ്പെടുത്തും. ഗുജറാത്തില്‍ 2003 മുതല്‍ ആവര്‍ത്തിച്ചിരുന്ന കരിനിയമത്തിന് എ.പി.ജെ. അബ്ദുല്‍ കലാം ഉള്‍പ്പെടെ നാല് രാഷ്ട്രപതിമാര്‍ തടഞ്ഞുവച്ചിരുന്നു. ഇപ്പോഴത്തെ രാഷ്ട്രപതി അനുമതി കൊടുത്തു. രാജ്യത്ത് ഇന്നു നിലവിലുള്ള ഏറ്റവും പ്രാകൃതമായ നിയമമാണ് അത്. ഒരാളെ അറസ്റ്റ് ചെയ്താല്‍ 180 ദിവസമാകുമ്പോള്‍ കോടതിയില്‍ ഹാജരാക്കിയാല്‍ മതി. ഹാജരാക്കുമ്പോള്‍ അയാളൊരു ഭീകരനാണ് എന്നു തെളിയിക്കാനുള്ള ബാധ്യത പ്രോസിക്യൂഷന് ഇല്ല. നിരപരാധിയാണ് എന്നു തെളിയിക്കാനുള്ള ബാധ്യത പ്രതിക്കു മാത്രമാണ്. ഇതുപോലെ ജനാധിപത്യവിരുദ്ധമായ, പൗരാവകാശങ്ങളെ ഹനിക്കുന്ന നിയമങ്ങള്‍ വരുന്നു. പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ആ നിയമം നാളെ രാജ്യത്തിന്റെ നിയമമായി മാറില്ലെന്ന് ആരുകണ്ടു? ഇതിനെതിരെ പൊരുതേണ്ടത് പ്രധാനമായും ഇടതുപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ്. കരിനിയമങ്ങള്‍ക്കെതിരെ പൊരുതിയതിന്റെ ചരിത്രവും അതുതന്നെയാണ്. കേരളത്തില്‍ യു.എ.പി.എ പ്രയോഗിച്ചാല്‍ അത് ആ സമരത്തെ ദുര്‍ബ്ബലപ്പെടുത്തും. ആദ്യം മുതല്‍, ഈ സര്‍ക്കാര്‍ വന്നതുമുതല്‍ ഞങ്ങള്‍ പറയുന്നത് യു.എ.പി.എ നടപ്പാക്കാന്‍ പാടില്ല എന്നാണ്. യു.ഡി.എഫ് സര്‍ക്കാര്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ ഈ നിയമം പ്രയോഗിച്ചപ്പോഴും ഞങ്ങള്‍ അതിനെ എതിര്‍ത്തിരുന്നു. 

ഈ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാരിനും സിപിമ്മിനും പിന്തുണ നല്‍കി. അതിനെ എങ്ങനെ കാണുന്നു?

ആ പിന്തുണ മറ്റു കാര്യങ്ങളില്‍ ഇല്ല എന്നു മനസ്സിലാക്കാനുള്ള ബുദ്ധി ഞങ്ങള്‍ക്കുണ്ട്. അവര്‍ അതില്‍നിന്നു രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നത്. നരേന്ദ്രമോദിയുടെ കരിനിയമങ്ങള്‍ക്ക് എതിരായ ഇടതുപക്ഷത്തിന്റെ യോജിച്ച നീക്കങ്ങള്‍ അവരുടെ ചില പിന്തുണകള്‍കൊണ്ട് തടസ്സപ്പെടുത്തുന്നു എന്നാണ് മനസ്സിലാക്കാനാകുന്നത്.

സി.പി.എം നിലപാടുകള്‍ക്കെതിരായ തുറന്നു പറച്ചിലുകളും വിട്ടുവീഴ്ചയില്ലായ്കയും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഗുണകരമാണോ?

മറ്റേതെങ്കിലും പാര്‍ട്ടിയുടെ സൗജന്യത്തിലല്ല ഇക്കാലമത്രയും സി.പി.ഐ വളര്‍ന്നിട്ടുള്ളത്. 1964-ലെ നിര്‍ഭാഗ്യകരമായ പിളര്‍പ്പിനുശേഷം പാര്‍ട്ടിയുടെ സ്വതന്ത്രമായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചും ജനങ്ങള്‍ക്കുള്ള അഭിപ്രായത്തിന്റേയും അടിസ്ഥാനത്തിലാണ് ഞങ്ങള്‍ മുന്നോട്ടു പോയിട്ടുള്ളത്. 1980-ല്‍ ഈ മുന്നണി രൂപീകരിച്ച് അതിനോടൊപ്പം ചേരുമ്പോള്‍ മുന്നണിയിലെ മറ്റേതെങ്കിലും കക്ഷിക്ക് അടിമയാവുകയല്ല ചെയ്തത്. മുന്നണിയിലെ എല്ലാവര്‍ക്കും യോജിച്ചു മുന്നോട്ടു പോകാന്‍ കഴിയുന്ന ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ പ്രകടനപത്രികയില്‍  600 ഇനം ഉണ്ടായിരുന്നു. അതില്‍ 450-ഉം നടപ്പാക്കിയ സര്‍ക്കാരാണ് ഇത്. ആ കാര്യത്തില്‍ ഞങ്ങള്‍ക്ക് യോജിപ്പാണ്; 101 ശതമാനം യോജിപ്പാണ്. അതുകൊണ്ട് സര്‍ക്കാര്‍ ചെയ്യുന്ന ഈ പരിപാടിക്ക് പുറത്തുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് യോജിപ്പുണ്ടാകണമെന്നോ അങ്ങനെ യോജിച്ചു നിന്നാലേ ഞങ്ങളുടെ സംഘടന വളരുകയുള്ളൂ എന്നോ ഒരു ധാരണയും ഞങ്ങള്‍ക്കില്ല. ഫൈറ്റ് ചെയ്തുതന്നെയാണ് കേരളത്തില്‍ പാര്‍ട്ടി ഇപ്പോള്‍ നില്‍ക്കുന്നത്, നാളെയും അങ്ങനെയേ നില്‍ക്കുകയുള്ളു. യഥാര്‍ത്ഥ ഇടതുപക്ഷ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടി എന്ന ജനങ്ങളുടെ അംഗീകാരം മാത്രമേ സി.പി.ഐയെ ശക്തിപ്പെടുത്തുകയുള്ളു എന്നു കരുതുന്നു.

മഞ്ചിക്കണ്ടി വനത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതശരീരങ്ങളുമായി തണ്ടർബോൾട്ട് സേന
മഞ്ചിക്കണ്ടി വനത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതശരീരങ്ങളുമായി തണ്ടർബോൾട്ട് സേന

മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണ് എന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവന വിവാദമായി. അടുത്ത ദിവസം അദ്ദേഹം അത് വിശദീകരിച്ചു. സി.പി.എം സെക്രട്ടേറിയറ്റ് ആ വിശദീകരണം അംഗീകരിക്കുകയും ഫലത്തില്‍ പി മോഹനനെ ശരിവയ്ക്കുകയും ചെയ്തു. ഇത്തരം നിലപാടുകള്‍ അപ്രഖ്യാപിതമായി ഇടതുപാര്‍ട്ടികളും മൃദുഹിന്ദുത്വ രാഷ്ട്രീയത്തിനു ശ്രമിക്കുന്നതിന്റെ ഭാഗമാണ് എന്ന വിമര്‍ശനത്തില്‍  എത്രത്തോളം വസ്തുതയുണ്ട്?

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ആര്‍.എസ്.എസ്സിനേയും ഹിന്ദുത്വവാദിെേകയും എതിര്‍ത്തുകൊണ്ടല്ലാതെ ശക്തമായി ഇടതുപക്ഷത്തിനു മുന്നോട്ടു പോകാന്‍ കഴിയില്ല. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍  സംരക്ഷിക്കാന്‍ എല്ലാക്കാലത്തും ശക്തമായി നിന്നിട്ടുള്ളത് ഇടതുപക്ഷമാണ്. ബാബ്റി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നത്തിലൊക്കെ രാജ്യം  അത് കണ്ടതാണ്. പക്ഷേ, അവര്‍ വിശ്വാസത്തിന്റേയും മറ്റനവധി ദുരാചാരങ്ങളുടേയും തടവറയില്‍പ്പെട്ട് കിടക്കുന്നവരാണ്. അതുകൊണ്ട് കമ്യൂണിസ്റ്റുകാരോ ഇടതുപക്ഷമോ പറയുന്നതാണ് ശരി എന്ന നിലപാടിലേയ്ക്ക് അവരെല്ലാവരും എത്തുന്നില്ല. എങ്കിലും അവരെ സംരക്ഷിക്കുന്ന നിലപാട് ഞങ്ങള്‍ തുടരുകതന്നെയാണ് അപ്പോഴും ചെയ്യുന്നത്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ മൃദുഹിന്ദുത്വമല്ല മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുകയാണ് ഇടതുപക്ഷത്തിന്റെ നിലപാട്. അതു ശക്തിപ്പെടുത്തിക്കൊണ്ടേ ഞങ്ങള്‍ക്കു മുന്നോട്ടു പോകാന്‍ പറ്റുകയുള്ളു. അതല്ലാതെ, സംഘപരിവാറുമായി വര്‍ഗ്ഗീയതയില്‍ മത്സരിക്കാന്‍ ഞങ്ങള്‍ക്കു സാധിക്കില്ല. അതുകൊണ്ട് അതു മറന്നേക്കുക. മതനിരപേക്ഷത എന്ന ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ആശയം ഉയര്‍ത്തിപ്പിടിക്കുക. ഭരണഘടനയും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുക എന്നതായിരിക്കണം കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ നിലപാട് എന്നാണ് സി.പി.ഐ വിശ്വസിക്കുന്നത്. 

ഇസ്ലാമിന്റെ പേരിലുള്ള തീവ്രവാദ പ്രസ്ഥാനങ്ങള്‍ സംഘപരിവാറിന്റെ വര്‍ഗ്ഗീയതയ്ക്ക് വളംവച്ച് കൊടുക്കുന്നതിനെ ഇതിനൊപ്പംതന്നെ ശക്തമായി തുറന്നുകാട്ടേണ്ടതല്ലേ. ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരില്‍ ഇത് ന്യായീകരിക്കാന്‍ കഴിയുമോ?

മുസ്ലിം തീവ്രവാദത്തിനും തീവ്രവാദ സംഘടനകള്‍ക്കും ഞങ്ങള്‍ എല്ലാക്കാലത്തും എതിരാണ്. തീവ്രവാദം ഒന്നിനും പരിഹാരമല്ല. ആര്‍.എസ്.എസ്സിനെ എതിര്‍ക്കാന്‍ അതുപോലെ മറ്റൊന്നല്ല വേണ്ടത്. മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടു മാത്രമേ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങള്‍  സംരക്ഷിക്കാന്‍ സാധിക്കുകയുള്ളു. ഇന്ത്യയിലെ ഭൂരിപക്ഷ സമുദായങ്ങളിലെ ബഹുഭൂരിപക്ഷം വര്‍ഗ്ഗീയവാദികളല്ല. മതനിരപേക്ഷതയില്‍ ഉറച്ചു നില്‍ക്കുന്നവരാണ്. അവരെല്ലാം സംഘപരിവാര്‍ പറയുന്ന നിലപാടുകള്‍ സ്വീകരിക്കുന്നവരായിരുന്നുവെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ നിലനില്‍പ്പ് ഉണ്ടാകുമായിരുന്നില്ല. നമ്മുടെ പൗരാണിക പാരമ്പര്യം എല്ലാ മതങ്ങളേയും സ്വീകരിക്കുകയും എല്ലാ മതങ്ങള്‍ക്കും അവസരം നല്‍കുകയും ചെയ്തിട്ടുണ്ട്. അത് മാറ്റാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. നമ്മുടെ പാരമ്പര്യം എന്തായിരുന്നുവെന്ന് ജനങ്ങളെ കാണിച്ചുകൊടുക്കുകയും ഇന്ത്യ പോലെ വൈവിധ്യങ്ങളുടെ കലവറയായ രാജ്യത്തിനു മതനിരപേക്ഷതയാണ് കരുത്ത് എന്നു പഠിപ്പിക്കുകയും ചെയ്യുക. അതാണ് കമ്യൂണിസ്റ്റുകാരുടെ ചുമതല. സത്യത്തോട് നീതി പുലര്‍ത്തിക്കൊണ്ട് ചരിത്രത്തെ വ്യാഖ്യാനിക്കണം.

പി. മോഹനന്റെ പ്രസ്താവന ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തെ ദുര്‍ബ്ബലപ്പെടുത്തും എന്നല്ലേ?

അതൊന്നും ഞാന്‍ പറയുന്നില്ല. അതൊക്കെ അവര്‍ പറയേണ്ട കാര്യമാണ്. അതിനുമാത്രമുള്ള വലിയ ഒരു പ്രത്യയശാസ്ത്രപ്രശ്‌നമാണ് അദ്ദേഹം ഉയര്‍ത്തിയത് എന്നു ഞാന്‍ കരുതുന്നില്ല. അതിനു മറുപടി പറയേണ്ട ബാധ്യതയും എനിക്കില്ല. 

യുവജനങ്ങള്‍ മുസ്ലിം സ്വത്വവാദ സംഘടനകളിലേക്കു പോകുന്നത് തടയാന്‍ ഇടതുസംഘടനകള്‍ക്കാകുന്നില്ലെന്ന വിമര്‍ശനം പലപ്പോഴും ഉയരാറുണ്ട്. ഇത് എങ്ങനെ കാണുന്നു?

വിശ്വാസത്തിന്റെ പ്രശ്‌നങ്ങളെ തലനാരിഴ കീറി പരിശോധിക്കേണ്ട ആവശ്യകത കമ്യൂണിസ്റ്റുകാര്‍ക്കില്ല. വിശ്വാസികള്‍ അവരുടെ കാര്യങ്ങളില്‍ നീങ്ങട്ടെ. പക്ഷേ, രാജ്യത്തെ പൊതുവില്‍ ബാധിക്കുന്നതും ചരിത്രത്തെയും സംസ്‌കാരത്തെയുമെല്ലാം ബാധിക്കുന്നതുമായ പ്രശ്‌നങ്ങളാകുമ്പോഴാണ് ഇടപെടല്‍ ആവശ്യമായി വരുന്നത്. അങ്ങനെയുള്ള അഭിപ്രായങ്ങള്‍ ഞങ്ങള്‍  എല്ലാക്കാലത്തും പറഞ്ഞിട്ടുണ്ട്. അത്തരം നിലപാടുകളുള്ള ധാരാളം ചെറുപ്പക്കാരാണ് എ.ഐ.വൈ.എഫിന്റേയും ഡി.വൈ.എഫ്.ഐയുടേയും കൂടെ നില്‍ക്കുകയും ജാതി മത ചിന്തകള്‍ക്ക് അതീതമായി നിലപാടുകളെടുക്കുകയും ചെയ്യുന്നത്.

പള്ളിപൊളിച്ചത് നിയമവിരുദ്ധമാണ് എന്നു പറഞ്ഞ അതേ വിധിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. വിധിയോടുള്ള പ്രതികരണങ്ങള്‍ സമ്മിശ്രമായിരുന്നു. യഥാര്‍ത്ഥത്തില്‍ ആ വിധിയെ എങ്ങനെ വിലയിരുത്തണം?

സുപ്രീംകോടതിയുടെ വിധി ഒരു അത്യന്താധുനിക നോവല്‍  വായിക്കുന്നതു പോലെയാണ്. അതെന്താണെന്ന് ആര്‍ക്കും ഇതുവരെ മനസ്സിലായിട്ടില്ല. അതിലെ യുക്തി എന്താണെന്ന് മനസ്സിലായിട്ടില്ല. 1949-ല്‍ വിഗ്രഹം വച്ചതും തെറ്റ്, 1992ല്‍ തല്ലിത്തകര്‍ത്തതും തെറ്റ്. അതൊരു ക്രിമിനല്‍ കുറ്റമാണെങ്കില്‍ അതേ ആളുകള്‍ക്ക് സ്ഥലം വിട്ടു നല്‍കണം എന്നു പറയുന്നതിലെ യുക്തി എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. രണ്ടേക്കര്‍ എഴുപത് സെന്റിനു വേണ്ടിയായിരുന്നില്ല തര്‍ക്കം. അതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുമായിരുന്നില്ല. ആ കാലഘട്ടത്തില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ക്കൊന്നും പരിഹാരമായിട്ടില്ല. ഒരു ക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് പണിതത് എന്നു ചരിത്ര ഗവേഷകര്‍ക്ക് തെളിയിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. പിന്നെന്തിനാണ് ഈ വിധി എന്ന് ചോദിച്ചാല്‍, ഇപ്പോള്‍ വിശ്വാസം ഭരണഘടനയ്ക്ക് മുകളില്‍ നേടിക്കൊണ്ടിരിക്കുന്ന സ്ഥാനത്തിന് ഉദാഹരണമാണ് എന്നാണ് പറയേണ്ടി വരുന്നത്. അത് ബാബ്റി മസ്ജിദ്- രാമജന്മഭൂമി ആണെങ്കിലും ശബരിമലയാണെങ്കിലുമെല്ലാം വിശ്വാസം പതിയെപ്പതിയെ ഭരണഘടനയ്ക്കും നിയമസംവിധാനത്തിനും മുകളിലേക്ക് കയറുന്നത് കാണാന്‍ സാധിക്കുന്നു. അത് വളരെ അപകടകരമായ കാര്യമാണ്. 

ഭരണഘടനയുടെ മൗലിക തത്വങ്ങളില്‍പ്പെട്ട തുല്യത ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് ശബരിമല യുവതിപ്രവേശനം സംബന്ധിച്ച വിധി. എന്നാല്‍, അത് നടപ്പാക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാരിനും സി.പി.എമ്മിനും ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം തിരിച്ചടിയായി. വോട്ടുബാങ്കിലുണ്ടായ ഈ തിരിച്ചടി സിപിഐയെ ഭയപ്പെടുത്തുന്നുണ്ടോ?

എല്‍.ഡി.എഫ് ഭയക്കുന്നില്ല. കോടതിവിധി നടപ്പാക്കുക എന്നത് ഭരണഘടന അനുസരിച്ചു പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഫഡ്നാവിസാണെങ്കിലും സഖാവ് പിണറായി വിജയനാണെങ്കിലും അത് നടപ്പാക്കിയേ പറ്റൂ. രാമജന്മഭൂമി വിഷയത്തില്‍ കോടതി വിധിയുണ്ടായപ്പോള്‍ വിധി എല്ലാവരും അംഗീകരിക്കണം എന്നു പറഞ്ഞില്ലേ, സമാധാനപരമായി സ്വീകരിക്കണം എന്നു പറഞ്ഞില്ലേ. ആ വിധിയോടു യോജിക്കാത്ത എത്രയോ ആളുകളുണ്ട്. എന്തുകൊണ്ട് ശബരിമല വിഷയത്തില്‍ ഇതേ നിലപാട് കേരളത്തിലെ ബി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളും സ്വീകരിച്ചില്ല. വിശ്വാസികളുടെ ദുര്‍ബ്ബല വികാരങ്ങളെ ഉണര്‍ത്തി തങ്ങള്‍ക്കെന്തെങ്കിലും നേട്ടമുണ്ടാക്കാനുള്ള പരിശ്രമമാണ് അവര്‍ നടത്തിയത്. അതുകൊണ്ടുതന്നെ ഇപ്രാവശ്യം അവ്യക്തമായ ഒരു കോടതി വിധി വന്നപ്പോള്‍ ആവേശം കാണിക്കാതെ, എന്താണ് ആ വിധിയുടെ ഉള്ളടക്കം എന്ന് നിയമവൃത്തങ്ങളില്‍നിനിന്നു ശരിയായ വ്യക്തത വരുത്തിയ ശേഷം മാത്രം മറ്റു നടപടികളിലേക്ക് സര്‍ക്കാര്‍ പോയാല്‍ മതി എന്നു തീരുമാനിച്ചത് തെറ്റാണെന്നു പറ്റുമോ. അത് ആരെയും ഭയന്നിട്ടല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍  ഞങ്ങളെ പരാജയപ്പെടുത്തിയത് ശബരിമല വിഷയമാണ് എന്ന് എല്‍.ഡി.എഫ് കണ്ടെത്തിയിട്ടില്ല. പല കാരണങ്ങളാലാണ് തോറ്റത്. അതേസമയം, അതിനു ശേഷം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയിച്ചല്ലോ. 2016-ലെ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കൊപ്പമില്ലാതിരുന്ന അഞ്ച് നിയോജക മണ്ഡലങ്ങളില്‍ മൂന്നെണ്ണം ഞങ്ങള്‍ നേടിയല്ലോ. ജനങ്ങളുടെ ചിന്തയെ ഈ തരത്തില്‍ ബ്രാന്റ് ചെയ്ത്, അവര്‍ അങ്ങനെയാണ്, ഇങ്ങനെയാണ് എന്നു പറയുന്നത് മാധ്യമങ്ങളുടെ കൗതുകം എന്നല്ലാതെ രാഷ്ട്രീയക്കാര്‍ അങ്ങനെ കാണുന്നില്ല.

ഉപതെരഞ്ഞെടുപ്പില്‍ സമുദായ സംഘടനാ നേതാക്കള്‍ക്ക് ഉണ്ടായ തിരിച്ചടി അവര്‍ പറയുന്നതുപോലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെ നടത്തുന്ന പാര്‍ട്ടികള്‍ക്കും ബാധകമല്ലേ?

സമുദായ സംഘടനകളുടെ നേതാക്കള്‍ക്ക് നമ്മുടെ സമൂഹം ഓരോ ജോലി നിശ്ചയിച്ചിട്ടുണ്ട്. ആ ജോലി അവര്‍ ചെയ്യുക. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ സമുദായ സംഘടനകളിലേക്ക് ചെന്നാലും സമുദായ സംഘടനകളുടെ നേതാക്കന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടുമ്പോഴും അത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്നതിന് തെളിവാണ് ഇത്. അതുകൊണ്ട് അവര്‍ അവരുടെ സംഘടനാ പ്രവര്‍ത്തനം, സമുദായ പ്രവര്‍ത്തനം നന്നായി നടത്തട്ടെ. മറ്റുള്ളവരെ ഭീഷണിപ്പെടുത്താനോ മറ്റുള്ളവരെ പരാജയപ്പെടുത്താനോ ആണ് തങ്ങളുടെ സംഘടനാ പ്രവര്‍ത്തനമെന്ന് അവര്‍ ധരിക്കാതിരുന്നാല്‍ മതി. അവര്‍  പറയുന്നതുപോലെയല്ല കേരളത്തിലെ വോട്ടര്‍മാരെല്ലാം വോട്ടു ചെയ്യുന്നത് എന്ന് ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അവര്‍ക്ക് മനസ്സിലായിട്ടില്ലെങ്കില്‍  അവരെ ഇനിയും രക്ഷിക്കാന്‍ ആര്‍ക്കും പറ്റില്ല.

പിണറായി വിജയനും കാനം രാജേന്ദ്രനും
പിണറായി വിജയനും കാനം രാജേന്ദ്രനും

പ്രകടനപത്രികയിലെ ഒട്ടുമിക്ക വാഗ്ദാനങ്ങളും നടപ്പാക്കിയിട്ടും അത് വേണ്ടവിധം ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാരിനും മുന്നണിക്കും കഴിയാത്തത് എന്തുകൊണ്ടാണ്?

ഈ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിച്ചതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് മികച്ച വിജയമുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയായിരുന്നില്ല. കേന്ദ്രത്തിലൊരു മതേതര ഗവണ്‍മെന്റ് ഉണ്ടാകണം എന്നതായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട വിഷയം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ എങ്ങനെ ഒരു മതേതര ഗവണ്‍മെന്റുണ്ടാക്കാന്‍ കഴിയും എന്നതായിരുന്നു ചിന്ത. യഥാര്‍ത്ഥത്തില്‍ ആ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 85 ശതമാനം ജനങ്ങളും എന്‍.ഡി.എയ്ക്ക് എതിരായാണ് വോട്ടുചെയ്തത്. പക്ഷേ, പറ്റിയത് എന്താണെന്നുവച്ചാല്‍, കോണ്‍ഗ്രസ്സ് പറഞ്ഞു തങ്ങളാണ് യഥാര്‍ത്ഥ ബദലാകാന്‍ പോകുന്നത് എന്ന്. അതിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് വയനാട്ടിലേക്ക് ദാ വരുന്നത് എന്ന് പറഞ്ഞു. അവിടെയെങ്ങും ജയിക്കില്ലാത്തതുകൊണ്ടാണ് വന്നതെന്നത് വേറെ കാര്യം. കേരളത്തിലെ മതനിരപേക്ഷ നിലപാടുള്ള സാധാരണ ജനങ്ങള്‍ അതില്‍ വിശ്വസിച്ച് വോട്ടു ചെയ്തതുകൊണ്ടാണ് 19 സീറ്റില്‍ അവര്‍ ജയിച്ചത്. ഇതേ വിജയം 2004-ല്‍ ഞങ്ങള്‍ക്ക് ഉണ്ടായതാണ്. കാരണം, അന്ന് ഇടതുപക്ഷം ഉള്‍പ്പെടെയുള്ള ബദലിനാണ് സാധ്യത എന്ന് ജനങ്ങള്‍ ചിന്തിച്ചു. അതുകൊണ്ട് ഇതെല്ലാം തങ്ങളുടെ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റാണ് എന്ന് യു.ഡി.എഫ് കരുതിയെങ്കില്‍ അത് ശരിയല്ല എന്നാണല്ലോ ഉപതെരഞ്ഞെടുപ്പ് തെളിയിച്ചത്. ഓരോ തെരഞ്ഞെടുപ്പിനും ഓരോ രാഷ്ട്രീയമുണ്ട്. ഓരോ തെരഞ്ഞെടുപ്പിനും ഓരോ രീതിശാസ്ത്രമുണ്ട്. അതനുസരിച്ച് അങ്ങനെ പോകുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ചു. അപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്തു. വിവാദങ്ങള്‍ക്കപ്പുറം ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനമനസ്സുകളില്‍ സ്ഥാനം നേടിയിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. 

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്നതും ജനാധിപത്യപരവുമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളത്  ഇടതുപക്ഷം ഭരിക്കുമ്പോഴാണ്. എന്നാല്‍, ഇപ്പോള്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന പ്രോസിക്യൂഷനും അവര്‍ കേസുകള്‍ അട്ടിമറിക്കുന്നതും മറ്റും സര്‍ക്കാരിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കുകയാണ്. എങ്ങനെ കാണുന്നു?

ഇത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെയാണ്. സ്ത്രീകളുടെ സംരക്ഷണത്തിന് പ്രത്യേക വകുപ്പു തന്നെ രൂപീകരിക്കുമെന്ന് പ്രകടനപത്രികയില്‍ പറയുകയും അത് പാലിക്കുകയും ചെയ്ത സര്‍ക്കാരാണ്. ചില കേസുകളില്‍ ഇങ്ങനെയാകുന്നത് പണവും മറ്റുമുള്ള കാര്യങ്ങളും ഉണ്ടാക്കുന്ന സ്വാധീനം നിയമ മേഖലയിലേക്കും വക്കീലന്മാരിലേക്കുമൊക്കെ വ്യാപിക്കുന്നതിന്റെ തെളിവാണ്. അതിനെ മറികടക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് പൂര്‍ണ്ണമായി പറയാന്‍ കഴിയില്ല. ഇങ്ങനെ പലതരത്തിലുള്ള കാരണങ്ങളും, ചിലപ്പോള്‍ രാഷ്ട്രീയവും മറ്റു കാര്യങ്ങളും നീതി ലഭിക്കുന്നതിന് തടസ്സമായി വരുന്നുണ്ട് എന്നതൊരു സത്യമാണ്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാരാണിത്. ഈ ചോദ്യത്തിന് ഇടയാക്കിയ വാളയാര്‍ കേസില്‍ത്തന്നെ പ്രോസിക്യൂഷനെതിരേ നടപടി സ്വീകരിക്കുകയും ജുഡീഷ്യല്‍ അന്വേഷണത്തിനു വിടുകയും ചെയ്തു. ചിലപ്പോള്‍ ചില സംഭവങ്ങളുണ്ടാകുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വളരെ വലിയ നേട്ടമല്ലേ കേരളത്തിന് ഉണ്ടായിരിക്കുന്നത്. പക്ഷേ, ഒരു പാവപ്പെട്ട കുട്ടിക്ക് സ്‌കൂളില്‍വച്ച് പാമ്പുകടിയേറ്റപ്പോള്‍ സ്വാഭാവികമായും നമ്മളെല്ലാം ആ സംഭവമാണ് ചര്‍ച്ച ചെയ്യുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളെ പൊതുവായിട്ടു കാണരുത്. 

തെരഞ്ഞെടുപ്പു വര്‍ഷങ്ങളിലേക്ക് കടക്കുകയാണല്ലോ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനും അതിനു ശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും ഏതുതരം തയാറെടുപ്പുകളാണ് ഇപ്പോള്‍ നടത്തുന്നത്?

മുന്നണിതലത്തില്‍ ആലോചിക്കുന്നതേയുള്ളു. ഈ മാസം ചേരുന്ന എക്‌സിക്യൂട്ടീവില്‍തന്നെ അതു സംബന്ധിച്ച തീരുമാനമുണ്ടാകും. വോട്ടര്‍ പട്ടിക പുതുക്കുന്നതടക്കമുള്ള കാര്യങ്ങളും കമ്മിറ്റികളെ സജീവമാക്കുന്നതുമൊക്കെ ഇതില്‍പ്പെടും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഞങ്ങളുടെ പ്രാതിനിധ്യം വര്‍ദ്ധിച്ചിട്ടുണ്ട്. അതനുസരിച്ച് ഇത്തവണ വിജയശതമാനം വര്‍ധിപ്പിക്കാന്‍ എങ്ങനെ സാധിക്കും എന്ന ശ്രമം തുടങ്ങും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ മത്സരിച്ച് പത്തൊമ്പതില്‍ ജയിച്ചു. മുന്നണിയിലെ മറ്റു ഘടകകക്ഷികളുമായി താരതമ്യം ചെയ്യുമ്പോള്‍ അതു മെച്ചപ്പെട്ട വിജയമാണ്. മുന്നണി സംവിധാനത്തില്‍ സീറ്റുകള്‍ ഇനിയും കൂടുതല്‍ വര്‍ധിപ്പിക്കാന്‍ പരിമിതികളുണ്ട്. ചിലപ്പോള്‍ ചില പഞ്ചായത്തുകളില്‍. ചില മണ്ഡലങ്ങളില്‍ പുതിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായെന്നു വരാം. വിജയശതമാനം വര്‍ധിപ്പിക്കാനാണ് ശ്രമം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com