'നാരായണഗുരുവും വിമത സംന്യാസവും'- ശിഷ്യന്‍മാരുടെ ജീവിതത്തിലൂടെ ഒരു സഞ്ചാരം 

നാരായണ ഗുരുവിന്റെ ജീവചരിത്രങ്ങള്‍ പിന്തുടരുന്നവര്‍ക്ക് വിമത സന്ന്യാസത്തിന് ഗുരു നല്‍കിയ സംഭാവനകള്‍ കണ്ടെത്താന്‍ കഴിയും
ശിവ​ഗിരി
ശിവ​ഗിരി

സംന്യാസം എന്നാല്‍ എന്താണെന്നും ആരാണ് സംന്യാസി എന്നും സ്വജീവിതത്തിലൂടെ ജീവിച്ചു കാണിച്ച ഒരുത്തമ സംന്യാസിയായിരുന്നു നാരായണഗുരു. ഒരു സംന്യാസി എങ്ങനെ ജീവക്കണം, പ്രവര്‍ത്തിക്കണം, എന്തൊക്കെ ചെയ്യാം ചെയ്തുകൂടാ തുടങ്ങിയ കാര്യങ്ങള്‍ 'ശ്രീ നാരായണധര്‍മ്മം' എന്ന കൃതിയിലെ 13-ാം അദ്ധ്യായത്തില്‍ അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നുണ്ട്.  സംന്യാസത്തെക്കുറിച്ചുള്ള പരമ്പരാഗത ഭാരതീയ സങ്കല്പങ്ങള്‍ക്കു തികച്ചും ചേരുന്നതാണ് ഇതിലെ പ്രതിപാദ്യങ്ങളെല്ലാം. 

എന്നിരുന്നാലും വ്യവസ്ഥാപിത സംന്യാസ സങ്കല്പങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു തിരുത്തല്‍ശക്തിയായിരുന്നു നാരായണഗുരുവിന്റെ പല പ്രവൃത്തികളും വാക്കുകളും എന്ന് അദ്ദേഹത്തിന്റെ ജീവിതം നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയും. 'നടരാജഗുരുവും സംന്യാസ ആധുനികതയും' എന്ന ലേഖനത്തില്‍ പി.എന്‍. ഗോപികൃഷ്ണന്‍ പറയുന്നതുപോലെ (മാതൃഭുമി ആഴ്ചപ്പതിപ്പ് 97:24) ഗുരുവിന്റെ സംന്യാസത്തിലടങ്ങിയിരിക്കുന്ന വിമതത്വമായി ഇതിനെ കണക്കാക്കാവുന്നതാണ്.  ഈ വാദം സ്ഥാപിക്കുന്നതിനായി അദ്ദേഹം നടരാജഗുരുവിന്റെ ആത്മകഥയില്‍ പലയിടത്തുനിന്നും  ഏതാനും നുറുങ്ങുകള്‍ എടുത്തുകാണിക്കുന്നത് ചിലപ്പോഴൊക്കെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തതായി തോന്നുമെങ്കിലും മൊത്തത്തില്‍ സ്വന്തം വാദമുഖങ്ങള്‍ സ്ഥാപിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ഗുരുവിന്റെ ജീവചരിത്രങ്ങള്‍ പഠനവിധേയമാക്കിയാല്‍ വിമത സംന്യാസത്തിന് ഗുരു തന്നെ നല്‍കിയ സംഭാവനകളും വിമത സംന്യാസ ശിഷ്യന്മാരേയും കണ്ടെത്താന്‍ കഴിയും. ഈ വിഷയങ്ങള്‍ കൂടി ചേര്‍ന്നാല്‍ മാത്രമേ ഗുരുവിനെക്കുറിച്ച് നടന്നുവരുന്ന ചര്‍ച്ചകള്‍ക്കും പുനര്‍വായനകള്‍ക്കും പൂര്‍ണ്ണത വരികയുള്ളു എന്നതിനാല്‍ അക്കാര്യങ്ങളാണ്  ഇവിടെ പ്രതിപാദിക്കുന്നത്.

സ്വാമി ഏണസ്റ്റ് കിര്‍ക്ക്

ഏണസ്റ്റ് കിര്‍ക്ക് (Ernest Kirk) എന്ന ഒരു ബ്രിട്ടീഷുകാരന്‍ ഗുരുവില്‍ ആകൃഷ്ടനായി കേരളത്തിലെത്തി ശിവഗിരിമഠത്തില്‍ ഒരു അന്തേവാസിയായി താമസിച്ചിരുന്നു. അദ്ദേഹത്തില്‍ എന്തോ പ്രത്യേകത കണ്ടറിഞ്ഞ ഗുരു അദ്ദേഹത്തിന് സംന്യാസം കൊടുക്കാന്‍ തീരുമാനിച്ചു. വളരെ സവിശേഷമായ ഒരു രീതിയിലാണ് ഗുരു അദ്ദേഹത്തിന് സംന്യാസം കൊടുത്തു ശിഷ്യപരമ്പരയില്‍ ചേര്‍ത്തതെന്നാണ് ചരിത്രം.

സാധാരണയായി വിജയദശമി ദിനത്തില്‍ ശിവഗിരിയിലെ ശാരദാമഠത്തില്‍വെച്ചാണ് ഗുരു ബ്രഹ്മചാരികള്‍ക്ക് സംന്യാസദീക്ഷ നല്‍കാറുള്ളത്.  ദീക്ഷ സ്വീകരിക്കുന്നവര്‍ക്ക് കാവിവസ്ത്രത്തോടൊപ്പം സംന്യാസനാമവും ഗുരു നല്‍കാറുണ്ട്. ഇതിന്റെ ഭാഗമായി വ്രതമെടുക്കുക,  ഉപവാസം അനുഷ്ഠിക്കുക, തല മുണ്ഡനം ചെയ്യുക, സത്യപ്രതിജ്ഞയെടുക്കുക തുടങ്ങിയ അനുഷ്ഠാനങ്ങള്‍ അവര്‍ നടത്താറുണ്ട്. പൂര്‍വ്വാശ്രമം പരിത്യജിക്കുന്നതിന്റെ പ്രതീകാത്മക പ്രവൃത്തികളാണ് ഇവയെന്നാണ് കരുതിപ്പോരുന്നത്.

1927-ലെ വിജയദശമി ദിനത്തില്‍ കിര്‍ക്ക് ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് ഗുരു സംന്യാസം കൊടുക്കുന്നതാണെന്ന് നേരത്തേ അറിയിച്ചിരുന്നു. മറ്റുള്ളവരെപ്പോലെ കിര്‍ക്കിനോട് തല മുണ്ഡനം ചെയ്യാന്‍ ഗുരു നിര്‍ദ്ദേശിക്കുമെന്നും ചടങ്ങില്‍വെച്ച് കാഷായ വസ്ത്രവും സംന്യാസനാമവും നല്‍കുമെന്നുമായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, അങ്ങനെയൊരു നിര്‍ദ്ദേശവും അദ്ദേഹത്തിനു ഗുരു നല്‍കിയില്ല.  ഇതില്‍ കിര്‍ക്ക് തന്നെ അല്പം അസ്വസ്ഥനായി. ഗുരു അദ്ദേഹത്തെ കാലേക്കൂട്ടി അടുത്തു വിളിച്ച് പാശ്ചാത്യമട്ടിലുള്ള ഒരു സെറ്റ് സ്യൂട്ടും കോളറും ടൈയും ഷൂസും തയ്യാറാക്കിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. വിജയദശമി ദിനത്തില്‍ ദീക്ഷാദാനച്ചടങ്ങ് പതിവുപോലെ ആരംഭിക്കുകയും തയ്യാറായിനിന്ന ഓരോരുത്തര്‍ക്കായി ഗുരു കാഷായവസ്ത്രവും സംന്യാസനാമവും നല്‍കുകയും ചെയ്തു. കിര്‍ക്കിന്റെ ഊഴം വന്നപ്പോള്‍ നേരത്തെ തയ്യാറാക്കിവെച്ച പാശ്ചാത്യവസ്ത്രങ്ങള്‍ കൊണ്ടുവരാന്‍ ഗുരു അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തന്റെ കാല്‍ക്കല്‍കൊണ്ടുവെച്ച ആ വസ്ത്രമെടുത്ത് ഗുരു അദ്ദേഹത്തിന് നല്‍കിക്കൊണ്ട് അദ്ദേഹത്തെക്കൂടി സംന്യാസത്തിലേക്ക് ഉപനയിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് ഗുരു സംന്യാസനാമമൊന്നും നല്‍കിയതുമില്ല, പകരം കിര്‍ക്ക് സ്വാമി എന്നു വിളിക്കുകയാണ് ചെയ്തത്. കിര്‍ക്ക് സ്വാമി പില്‍ക്കാലത്ത് സ്ഥാപിക്കപ്പെട്ട ഗുരുവിന്റെ സംന്യാസപരമ്പരയായ ശ്രീനാരായണധര്‍മ്മസംഘത്തിലെ അംഗമായിത്തീരുകയും ചെയ്തു.

1928 ജനുവരി 9-ന് തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍വെച്ച് ശ്രീനാരായണ ധര്‍മ്മസംഘം ഔപചാരികമായി രജിസ്റ്റര്‍ ചെയ്യുകയും അന്നവിടെ സന്നിഹിതരായിരുന്ന ശിഷ്യന്മാര്‍ അതിന്റെ രേഖയില്‍ ഒപ്പിടുകയും ചെയ്‌തെങ്കിലും സ്ഥലത്തില്ലാതിരുന്നതുകൊണ്ട് അടുത്ത ദിവസം മാത്രമാണ് 12-ാമത്തെ അംഗമായി സ്വാമി ഏണസ്റ്റ് കിര്‍ക്കിന് അതില്‍ ഒപ്പിടാന്‍ കഴിഞ്ഞുള്ളു. അതുകൊണ്ടുമാത്രമാണ് ഗുരുവും ശിഷ്യന്മാരുമൊത്ത് ആ അവസരത്തില്‍ എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ അദ്ദേഹം ഉള്‍പ്പെടാതെ പോയത്. 

കിര്‍ക്ക് സ്വാമിയുടെ നൈപുണ്യങ്ങള്‍ കണ്ടറിഞ്ഞ് ഗുരു ചില നൂതന ദൗത്യങ്ങള്‍ അദ്ദേഹത്തെ ഏല്പിച്ചിരുന്നു. അതനുസരിച്ച് ശിവഗിരി ആശ്രമത്തിനു വന്നുചേര്‍ന്ന ഭൂസ്വത്ത് ഗുണപരമായി ഉപയോഗപ്പെടുത്തുന്നതിനുവേണ്ട ചില വിദ്യാഭ്യാസ വ്യവസായ പദ്ധതികളുടെ രൂപരേഖ 'ശിവഗിരി ഫ്രീ ഇന്റസ്ട്രിയല്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഗുരുകുലം' എന്ന പേരില്‍ അദ്ദേഹം തയ്യാറാക്കുകയും ചെയ്തിരുന്നു.  കൈത്തൊഴില്‍, നെയ്ത്ത്, മരപ്പണി, ക്ഷീരോല്പാദനം,  സോഹനിര്‍മ്മാണം, കൃഷി, മണ്‍പാത്രനിര്‍മ്മാണം, ടൈപ്പ്റൈറ്റിങ്ങ്, ഷോര്‍ട്ട്ഹാന്റ് എന്നീ രംഗങ്ങളില്‍ വിദഗ്ദ്ധരായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള ഒരു പ്രോജക്ടായിരുന്നു ഇത്.  എന്നാല്‍, ഗുരുവിന്റെ സമാധിക്കുശേഷം കുറച്ചുകാലം കഴിഞ്ഞ് അദ്ദേഹം ശിവഗിരിയുമായി സാവകാശം അകലുകയും ധര്‍മ്മസംഘത്തിലെ അംഗത്വം രാജിവെച്ച് അവിടം വിട്ടുപോവുകയുമാണ് ചെയ്തത്. 

തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്ത് കരമനയാറിന്റെ തീരത്ത് നാരായണമന്ദിര്‍ എന്നൊരു സ്ഥാപനം ആരംഭിച്ചു ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുടങ്ങി.  അവിടെ ഏതാനും പേര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി വന്നുകൂടിയിരുന്നു.  അവരില്‍ കേശവപ്പണിക്കര്‍ എന്നയാളെ അദ്ദേഹം പ്രജാനന്ദന്‍ എന്ന പേരില്‍ സംന്യാസദീക്ഷ നല്‍കി ശിഷ്യനായി സ്വീകരിച്ചു. ഗുരുവിന്റെ കാരുണ്യത്തിന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹം തെരുവുകുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിക്കുക തുടങ്ങിയ ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നിരുന്നു.  ഈ കാലത്ത് എപ്പോഴോ കിര്‍ക്ക് സ്വാമി തിരുവന്തപുരം വിടുകയും ആദ്യം കോയമ്പത്തൂരിലും പിന്നീട് കൂനൂരിലും താമസിക്കുകയും 'ലൈഫ്' എന്ന പേരില്‍ ഒരു ഇംഗ്ലീഷ് മാസിക നടത്തുകയും ചെയ്തു.  ഇത്രയും കാര്യങ്ങള്‍ ശ്രീനാരായണഗുരുവിന്റെ മിക്ക ജീവചരിത്രങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. കിര്‍ക്ക് സ്വാമിയുടെ ഫോട്ടോയൊ ലൈഫ് മാസികയുടെ കോപ്പിയോ എത്ര ശ്രമിച്ചിട്ടും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

ഭാരതത്തിലെ അദ്ധ്യാത്മ മേഖലയില്‍ ഗുരു നടത്തിയ, ഒരുപക്ഷേ, അരുവിപ്പുറം പ്രതിഷ്ഠയെക്കാളും കണ്ണാടിപ്രതിഷ്ഠയെക്കാളും വലിയ ഈ വിപ്ലവത്തിനും ആചാരപരിഷ്‌കരണത്തിനും  വേണ്ടത്ര പ്രാധാന്യം ഇതുവരെ ലഭിച്ചിട്ടില്ല. പില്‍ക്കാലത്ത് ഒട്ടേറെ ഹൈടെക്ക് ആത്മീയാചാര്യന്മാരുടെ പലവിധത്തിലുള്ള കസര്‍ത്തുവേലകളും ഇന്ത്യയിലെ ആദ്ധ്യാത്മിക മേഖലയില്‍ നടന്നുവെങ്കിലും അതൊന്നും ബ്രിട്ടീഷ് ഭരണകാലത്ത് ഒരു ധ്വരയ്ക്കു സ്യൂട്ട് നല്‍കിക്കൊണ്ട് സംന്യാസദീക്ഷ നല്‍കുന്നിടത്തോളം വരുകയില്ല. ''ബ്രിട്ടീഷുകാരാണല്ലോ നമുക്ക് സംന്യാസം നല്‍കിയത്'', എന്ന ഗുരുവചനത്തോടൊപ്പം ഇക്കാര്യം ചേര്‍ത്തുവെച്ചു വായിച്ചുനോക്കിയാല്‍ ഇതിന് ഒരുപാട് അര്‍ത്ഥതലങ്ങളുള്ളതായി മനസ്സിലാക്കാനാകും.  

സ്വാമി ആനന്ദതീര്‍ത്ഥര്‍
സ്വാമി ആനന്ദതീര്‍ത്ഥര്‍

സ്വാമി ആനന്ദതീര്‍ത്ഥര്‍ 

സ്വാമി ആനന്ദതീര്‍ത്ഥര്‍ക്ക് ഗുരു സംന്യാസദീക്ഷ നല്‍കിയതും ഇതുപോലെതന്നെ സവിശേഷമായൊരു രീതിയിലാണ്. മദ്രാസ് പ്രസിഡന്‍സി കോളേജില്‍നിന്ന് രണ്ടാം റാങ്കോടെ ഫിസിക്സില്‍ ബി.എ. ഓണേഴ്സ് ബിരുദം സമ്പാദിച്ച തലശ്ശേരിക്കാരനായ അനന്തഷേണായിയാണ് പിന്നീട് സ്വാമി ആനന്ദതീര്‍ത്ഥരായി മാറിയത്. ആത്മീയ വിഷയങ്ങളില്‍ അതീവ തല്പരനായിരുന്ന അദ്ദേഹത്തിന് ഗുരുവിന്റെ ജീവിതവും പ്രവൃത്തികളും ആശയങ്ങളും ആകര്‍ഷകമായി തോന്നിയതിനാല്‍ ഗുരുവില്‍നിന്ന് സംന്യാസം സ്വീകരിക്കണമെന്നു തീരുമാനിച്ചു. നേരത്തെ പരിചയമുണ്ടായിരുന്ന സ്വാമി ധര്‍മ്മതീര്‍ത്ഥരുമൊത്ത് (അന്ന് അദ്ദേഹമായിരുന്നു ധര്‍മ്മസംഘത്തിന്റെ ജനറല്‍ സെക്രട്ടറി) സമാധിയാകുന്നതിന് ഒരുമാസം മുന്‍പ്  ഈ ആഗ്രഹത്തോടെ ഗുരുവിനെ സമീപിച്ചു. അന്നേയ്ക്ക് വ്യവസ്ഥാപിതമാക്കപ്പെട്ടിരുന്ന ശിവഗിരിമഠം അധികൃതരെ ഉദ്ദേശിച്ച്, അവരുമായി ആലോചിച്ച് വരുവാന്‍ ഗുരു നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്.  ആരെങ്കിലും ഓടിവന്ന് സംന്യാസം കൊടുക്കണമെന്നു പറഞ്ഞാല്‍ കൊടുക്കാവുന്നതല്ലെന്നും ഒരു വര്‍ഷം അവിടെ താമസിച്ചതിനുശേഷം മാത്രമെ സംന്യാസം കൊടുക്കാന്‍ പാടുള്ളു എന്നാണ് അവരുടെ അഭിപ്രായമെന്ന് കേട്ട ഗുരു, ''അത്രേ ഉള്ളോ?  ആളെ നമുക്കറിയാം.  നാളെ പത്തുമണിയോടുകൂടി കാഷായം കൊടുക്കാന്‍ വേണ്ട ഏര്‍പ്പാടു ചെയ്യണം.'' എന്നു കല്പിക്കുകയും അതനുസരിച്ച് അദ്ദേഹത്തിന് സംന്യാസദീക്ഷ നല്‍കുകയും ധര്‍മ്മസംഘത്തില്‍ അംഗത്വം നല്‍കുകയും ചെയ്തു.  (ശയ്യാവലംബിയായിരുന്ന ഗുരുവിനെ കട്ടിലില്‍ കിടത്തി എടുത്താണ് ഇതിനായി ശാരദമഠത്തില്‍ എത്തിച്ചത്.) പില്‍ക്കാലത്ത് ധര്‍മ്മസംഘത്തിന്റെ പ്രസിഡന്റ് പദവിയില്‍വരെ എത്തിച്ചേര്‍ന്ന സ്വാമി ആനന്ദതീര്‍ത്ഥര്‍ 1974-ല്‍ ധര്‍മ്മസംഘത്തില്‍നിന്ന് ഔപചാരികമായി രാജിവെച്ചു.  അയിത്തോച്ചാടനത്തിനും സാമൂഹ്യതിന്മകള്‍ക്കുമെതിരെയുള്ള പോരാട്ടത്തിനുമായി സമര്‍പ്പിച്ചതായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്  ഒരുപാട് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇത് അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സമ്മാനിച്ചു. പയ്യന്നൂരില്‍ അദ്ദേഹംതന്നെ സ്ഥാപിച്ച ശ്രീനാരാണ വിദ്യാലയത്തില്‍ (ആശ്രമം) വെച്ച് 75-ാം വയസ്സില്‍, 1987 നവംബര്‍ 21-ന്  സമാധിയായി.  ആ ആശ്രമവളപ്പില്‍ത്തന്നെയാണ് അദ്ദേഹത്തെ സമാധിയിരുത്തിയത്. 

സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ 

ഗുരുവായൂരിനടുത്ത് വടക്കാഞ്ചേരിയിലെ ചാത്തനാട്ട് എന്ന കുടുംബത്തില്‍ 1893-ല്‍ ജനിച്ചു. പൂര്‍വ്വാശ്രമത്തിലെ പേര് അഡ്വക്കേറ്റ് സി. പരമേശ്വരമേനോന്‍. ബി.എ., എല്‍.എല്‍.ബി. ബിരുദധാരിയായിരുന്ന  ഇദ്ദേഹം ശ്രീനാരായണഗുരുവില്‍നിന്ന് 1926-ല്‍ സംന്യാസം സ്വീകരിച്ച് സ്വാമി ധര്‍മ്മതീര്‍ത്ഥരും 1949-ല്‍ ക്രിസ്തുമതം സ്വയം സ്വീകരിച്ചതിനെത്തുടര്‍ന്ന് സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥരുമായിത്തീര്‍ന്നു. ഗുരുവിന്റെ സംന്യാസപരമ്പര നിലനിറുത്തുന്നതിനുവേണ്ടി  രൂപീകരിച്ച ധര്‍മ്മസംഘത്തിന്റെ നിയമാവലി എഴുതിയുണ്ടാക്കുന്നതിലും ശ്രീനാരായണ ധര്‍മ്മസംഘം എന്ന പേരില്‍ അത് രജിസ്റ്റര്‍ ചെയ്യുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. സ്വാമിയായിരുന്നു ഈ സന്ന്യാസിസംഘത്തിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറി. ശ്രീനാരായണ ധര്‍മ്മസംഘത്തിന്റെ മുഖപത്രമായി 'ധര്‍മ്മം' എന്ന പേരില്‍ ഒരു പ്രതിവാരപത്രിക ശിവഗിരിയില്‍നിന്ന് സ്വാമിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.  പലയിടത്തായി ചിതറിക്കിടന്നിരുന്ന ഗുരുദേവകൃതികള്‍ കണ്ടെടുത്ത് സമാഹരിച്ചത് സ്വാമിയാണ്. ഇതുകൂടാതെ പലയിടങ്ങളിലായി സ്ഥിതിചെയ്തിരുന്ന ഗുരുവിന്റെ പേരിലുള്ള ഭൗതികസ്വത്തുക്കള്‍ എല്ലാം വേണ്ടവിധത്തില്‍ പരിപാലിക്കുന്നതിനാവശ്യമായ വ്യവസ്ഥകളും മഠത്തിന്റെ മാനേജര്‍ എന്ന നിലയില്‍ അദ്ദേഹം ഏര്‍പ്പെടുത്തുകയുണ്ടായി. വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന സ്വത്തുകേസ് രാജിയാക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. ചമ്പഴന്തി ഗുരുകുലം വീണ്ടെടുക്കുന്നതിനും ഇന്നത്തെ നിലയിലെത്തിക്കുന്നതിനും വേണ്ട ഒട്ടേറേ കര്‍മ്മപദ്ധതികള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. 

1936-ഓടെ അദ്ദേഹം ശിവഗിരി വിട്ടിറങ്ങുകയും ഭാരതമൊട്ടാകെ ചുറ്റിസഞ്ചരിക്കുകയും ചെയ്തു.  ഇതിനിടയില്‍ അദ്ദേഹം കറാച്ചിയിലെ ജത് പത് തോടക്ക്മണ്ഡല്‍ എന്ന പ്രസ്ഥാനവുമായി സമ്പര്‍ക്കത്തില്‍ വരികയും അവര്‍ അദ്ദേഹമെഴുതിയ History of Hindu Imperialism, Yoga for all തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.  1947-ഓടെ കേരളത്തില്‍ മടങ്ങിയെത്തിയ അദ്ദേഹം ശ്രീനാരായണ ധര്‍മ്മസംഘത്തില്‍നിന്ന് രാജിവെയ്ക്കുകയും 1949-ല്‍ സി.എസ്.ഐ. സഭയില്‍നിന്ന് ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു.  തുടര്‍ന്ന് അദ്ദേഹം സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ എന്ന പേര് സ്വീകരിക്കുകയും ആ പേരില്‍ പ്രശസ്തനായിത്തീരുകയും ശിഷ്ടകാലം ക്രിസ്തുമതപ്രചരണവേലയുമായി കഴിയുകയുമാണുണ്ടായത്.  താന്‍ മതം മാത്രമേ മാറിയുള്ളു, ഗുരുവിനെ മാറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. 

1976 ജൂലൈ 19-ന് തിരുവനന്തപുരത്ത് അദ്ദേഹം സമാധിയായി. ക്രിസ്തുമതപ്രകാരമുള്ള ശവസംസ്‌കാരച്ചടങ്ങുകളോടെ ഭൗതികശരീരം തിരുവനന്തപുരത്ത് പാളയം സി.എസ്.ഐ. പള്ളി സെമിത്തേരിയില്‍ അടക്കുകയുമാണ് ചെയ്തത്. പ്രധാന കൃതികള്‍: ശ്രീനാരായണമതം, ഹൈന്ദവ ദുഷ്പ്രഭുത്വചരിത്രം, ശ്രീനാരായണഗുരുദേവ മാഹാത്മ്യം അഥവാ ഗുരുദേവന്‍ ആരാകുന്നു, ഹിന്ദുമതവും  ക്രിസ്തുമതവും, ആത്മകഥ, ജനാധിപത്യത്തിന്റെ ഭാവി, മാതൃഹൃദയം,  History of Hindu Imperialism, A  Prophet of Peace or Sree Narayana Gurudev of Malabar, Prophet of New Order, Hinduism and Christiantiy, Are all religions same ?, Yoga of Christ, Yoga for all, The secret of happy home life, Thet rue way, Hints on presentation of Gospels, Sarvodaya Democracy etc.

പില്‍ക്കാലത്ത് സ്വാമിയുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ സ്‌നേഹിതന്‍ എന്‍. സാമുവല്‍ തിരുവനന്തപുരം ജില്ലയിലെ കരകുളത്തും മൈലാടുംപാറയിലും ഓരോ ക്രിസ്ത്യന്‍ പള്ളികള്‍ പണിയിച്ചു.  സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ മെമ്മോറിയല്‍ സി.എസ്.ഐ ചര്‍ച്ച് എന്നാണ് അവയുടെ പേര്.  ഒരു സംന്യാസിയുടെ സ്മരണയ്ക്കായി ഒരു ക്രിസ്ത്യന്‍ സ്‌നേഹിതന്‍   ക്രിസ്ത്യന്‍ പള്ളികള്‍ പണിതുയര്‍ത്തിയതിലെ അന്യാദൃശ്യത സ്വാമിയുടെ ജീവതംപോലെ തന്നെ തികച്ചും നാടകീയമായ ഒരു സംഭവമാണെന്നു പറയാം.

സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥയെ അടക്കം ചെയ്ത കല്ലറ
സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥയെ അടക്കം ചെയ്ത കല്ലറ

നടരാജഗുരു

1922-ല്‍ എം.എ., എല്‍.റ്റി. ബിരുദങ്ങള്‍ സമ്പാദിച്ചതിനുശേഷമാണ് ഡോ. പല്‍പ്പുവിന്റെ രണ്ടാമത്തെ മകന്‍ പി. നടരാജന്‍ സ്വജീവിതം നാരായണഗുരുവിന് സമര്‍പ്പിച്ച് ഒപ്പം കഴിയാന്‍ തുടങ്ങിയത്. 1926-ല്‍ സിലോണ്‍ സന്ദര്‍ശനവേളയിലാണ് തന്നോടൊപ്പമുണ്ടായിരുന്ന നടരാജന് ഗുരു സംന്യാസദീക്ഷ നല്‍കുന്നതിന്റെ പ്രതീകമായി ഒരു മഞ്ഞ ഷാള്‍ നല്‍കുന്നത്. 1928-ല്‍ ശ്രീ നാരായണ ധര്‍മ്മസംഘം രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തില്‍ നടരാജനും സ്ഥലത്തുണ്ടായിരുന്നെങ്കിലും ഔപചാരികമായി ഒപ്പുവെച്ച് സംഘത്തില്‍ ചേര്‍ന്നില്ല.  എന്നാല്‍ അന്നെടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ അദ്ദേഹം ചമ്രംപടിഞ്ഞിരിക്കുന്നുണ്ട്. പി. നടരാജന്‍ ധര്‍മ്മസംഘത്തില്‍ ചേര്‍ന്നില്ല എന്ന കാര്യം ഗുരുവിന്റേയും  ധര്‍മ്മസംഘത്തിന്റേയും എസ്.എന്‍.ഡി.പി യോഗത്തിന്റേയും ചരിത്രമെഴുതിയവരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.  എന്നാല്‍ അതിനുള്ള കാരണങ്ങള്‍ ആരും വ്യക്തമാക്കിയിട്ടില്ല.  പിന്നീട് നിത്യചൈതന്യയതി എഴുതിയ 'അറിയപ്പെടാത്ത ചരിത്രം - എസ്.എന്‍.ഡി.പിയുടേയും ധര്‍മ്മസംഘത്തിന്റേയും' എന്ന ലേഖനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടെങ്കിലും ഇവിടെ പ്രസക്തമല്ലാത്തതിനാല്‍ പ്രസ്താവിക്കുന്നില്ല. 

സന്ന്യാസത്തെക്കുറിച്ച് പില്‍ക്കാലത്ത് ആത്മകഥയില്‍ അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്: ''സംന്യാസമെന്നാല്‍ പൂര്‍വ്വാശ്രമം വിട്ടുപോരുക എന്നര്‍ത്ഥമാണ്.  മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരുവന്‍ നിരപേക്ഷ ജീവിതസരണിക്കു ഹൃദയപൂര്‍വ്വം ആത്മാര്‍പ്പണം ചെയ്തു കഴിഞ്ഞാല്‍ സാപേക്ഷസ്വഭാവമുള്ളതോ കുടുംബപരമായോ നേരത്തെയുണ്ടായിരുന്ന എല്ലാ കെട്ടുപാടുകളും ബന്ധങ്ങളും വലിച്ചെറിയണം എന്നത് ഒരു നിയമമാണ്.  സംന്യാസത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ളത് സാപേക്ഷമായ എല്ലാ പൂര്‍വ്വബന്ധങ്ങളും എന്നെന്നേക്കുമായി വലിച്ചെറിഞ്ഞുകളയുക എന്നതാണ്.'' ഈ രീതിയില്‍ ഒരു തികഞ്ഞ ബ്രഹ്മോപാസകനായി (Absolutist എന്ന വാക്കാണ് നടരാജഗുരു ഉപയോഗിച്ചിരിക്കുന്നത്.  ഇംഗ്ലീഷിലെഴുതിയ ആത്മകഥയ്ക്ക് അദ്ദേഹം നല്‍കിയ പേര് Autobiography of an Absolutist എന്നാണ്.) ശിഷ്ടകാലം ജീവിച്ചതിന്റെ സാക്ഷ്യപത്രമാണ് അദ്ദേഹത്തിന്റെ ആത്മകഥ.

നടരാജഗുരു
നടരാജഗുരു

സമാധിയാകുന്നതിനു നാലു മാസം മുന്‍പ് നാരായണഗുരു  നടരാജനെ ഉപരിപഠനത്തിനായി വിദേശത്തേക്ക് അയച്ചു. പാരിസിലെ സോര്‍ബോണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ട്രിപ്പിള്‍ ഓണേഴ്സോടുകൂടി ഡി. ലിറ്റ് ബിരുദം നേടിയശേഷം 1933-ല്‍ മടങ്ങിയെത്തിയ അദ്ദേഹം ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറിയുടെ അഡ്വൈസര്‍ എന്ന സ്ഥാനം വഹിച്ചെങ്കിലും കുറച്ചു കാലത്തിനുശേഷം ശിവഗിരി വിട്ടുപോവുകയാണ് ചെയ്തത്.  തുടര്‍ന്നുള്ള കാലം അദ്ദേഹം സ്വയം നിര്‍വ്വചിച്ച സംന്യാസജീവതം നയിക്കുകയും തന്റേതായ രീതിയില്‍ തപസ്സും ധ്യാനവും ജ്ഞാനസമ്പാദനവും നടത്തുകയും തനിക്ക് കരഗതമായ അദ്ധ്യാത്മവെളിച്ചം അര്‍ഹര്‍ക്കു പകര്‍ന്നു നല്‍കുന്നതിനായി നാരായണ ഗുരുകുലം കെട്ടിപ്പടുക്കുകയും ഗ്രന്ഥരചനകളും ക്ലാസ്സുകളും നടത്തുകയുമാണ് ചെയ്തത്.  ഈയര്‍ത്ഥത്തില്‍ വിമത സംന്യാസജീവിതം തന്നെയായിരുന്നു അദ്ദേഹം നയിച്ചിരുന്നതെന്നു കാണാം. എന്നാലും അദ്ദേഹം നാരായണ ഗുരുകുലം  സ്ഥാപിക്കുകയും അതിന്റെ നടത്തിപ്പിനും നിലനില്‍പ്പിനും വേണ്ടി വ്യവസ്ഥകളും പരമ്പരയുമുണ്ടാക്കുകയും അവയ്ക്കു നിയമസാധുതവരെ ഉറപ്പാക്കുകയും ചെയ്തു. 

നടരാജഗുരുവില്‍ ആകൃഷ്ടനായി വന്നു ശിഷ്യത്വം സ്വീകരിച്ച ആദ്യ വ്യക്തിയായിരുന്നു സ്‌കോട്ട്ലന്റുകാരനായ ജോണ്‍ സ്പിയേഴ്സ്. താന്‍ അന്വേഷിച്ചു നടന്നിരുന്ന ഗുരുവിനെ നടരാജഗുരുവില്‍ കണ്ടെത്തിയതിനെക്കുറിച്ച് അദ്ദേഹം സ്വന്തം മാസികയായ വാല്യൂസിന്റെ 1965 ഫെബ്രുവരി ലക്കത്തില്‍ എഴുതിയ The Birth of a Guru എന്ന ലേഖനത്തില്‍ വിശദമാക്കുന്നുണ്ട്.  നടരാജഗുരു അദ്ദേഹത്തിന് സംന്യാസദീക്ഷ നല്‍കുകയും ഗുരുപരമ്പരയില്‍ അംഗമാക്കിക്കൊണ്ട് ഗുരുകുലത്തിന്റെ നൈരന്തര്യത ഉറപ്പുവരുത്തുന്നതിനു വേണ്ട വ്യവസ്ഥകളുണ്ടാക്കുകയും ചെയ്തു.  എന്നാല്‍, ഏതാണ്ട് 25 വര്‍ത്തോളം നീണ്ട ശിഷ്യത്വം അവസാനിപ്പിച്ചുകൊണ്ട് സ്വാമി ജോണ്‍ സ്പിയേഴ്സ് ശിഷ്യത്വം ഔദ്യോഗികമായി രാജിവെച്ച് ഗുരുകുലം വിട്ടുപോവുകയും ഒരു  സ്വതന്ത്ര മനുഷ്യനായി ജീവിച്ചു കാലഗതി പ്രാപിക്കുകയുമാണ് ചെയ്തത്.  നടരാജ ഗുരുവുമായുണ്ടായ അകല്‍ച്ച തികച്ചും താത്ത്വികമായിരുന്നുവെന്ന് അദ്ദേഹം 1971 ഏപ്രില്‍ ലക്കം വാല്യൂസില്‍ എഴുതിയ മുഖപ്രസംഗം മുഖേനയും ഗുരുവിന്റെ സമാധിയെത്തുടര്‍ന്ന് 1973 ഏപ്രിലില്‍ എഴുതിയ Nataraja Guru Ave Alque Vale എന്ന ലേഖനത്തിലും വ്യക്തമാക്കുന്നുണ്ട്.  അങ്ങനെ നാരായണ ഗുരുവിന്റെ വിമത സംന്യാസ ശിഷ്യനായ നടരാജഗുരുവിന് ഒത്ത വിമത സംന്യാസ ശിഷ്യനായിരുന്നു സ്വാമി ജോണ്‍ സ്പിയേഴ്സ്. (ജോണ്‍ സ്പിയേഴ്സിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭുമി ആഴ്ചപ്പതിപ്പ് 97:24-ല്‍ ഈ ലേഖകന്‍ എഴുതിയ ലേഖനം കാണുക.)

​ഗുരു നിത്യചൈതന്യ യതി, നടരാജ​ഗുരു, ജോൺ സ്പിയേഴ്സ്
​ഗുരു നിത്യചൈതന്യ യതി, നടരാജ​ഗുരു, ജോൺ സ്പിയേഴ്സ്

വിമത സംന്യാസത്തിന്റെ മാതൃകകള്‍

വിമത സംന്യാസത്തിനു പുതിയ പന്ഥാവുകള്‍ തുറന്നു കാണിച്ച നാരായണഗുരുവിനു ലഭിച്ച യഥാര്‍ത്ഥ വിമത ശിഷ്യന്മാരായിരുന്നു സ്വാമി ഏണസ്റ്റ് കിര്‍ക്കും സ്വാമി ആനന്ദതീര്‍ത്ഥരും സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥരും നടരാജഗുരുവും എന്നു കാണാവുന്നതാണ്.

ഈ നാലു വിമത നാരായണഗുരു ശിഷ്യന്മാരിലും കാണുന്ന മറ്റൊരു പൊതുഘടകമുണ്ട്.  ഇവരെല്ലാവരും - കിര്‍ക്ക് സ്വാമിയുടെ കാര്യം അത്ര വ്യക്തമല്ലെങ്കിലും - ഉന്നത അക്കാദമിക യോഗ്യത നേടിയവരും തികച്ചും വ്യത്യസ്തമായ ജീവിത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരുമായിരുന്നു.  ഗുരുവിന്റെ ജീവിതത്തിലും ദര്‍ശനത്തിലും പ്രവൃത്തികളിലും ആകൃഷ്ടരായി, തങ്ങളുടെ സാമൂഹികനിലയും വിദ്യാഭ്യാസയോഗ്യതയുംകൊണ്ട്  നേടാമായിരുന്ന സൗഭാഗ്യങ്ങളെല്ലാം ത്യജിച്ച് ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചവരായിരുന്നു ഇവര്‍. ശ്രീ നാരായണ ധര്‍മ്മസംഘം പോലെയുള്ള വ്യവസ്ഥാപിതമായ ഒരു സംന്യാസ ചട്ടക്കൂട്ടില്‍ അവര്‍ അംഗങ്ങളായിത്തീര്‍ന്നെങ്കിലും തങ്ങളുടെ ചിന്തയിലും വിശ്വാസത്തിലും പില്‍ക്കാലത്തുണ്ടായ മാറ്റങ്ങളുടെ ഫലമായി ആ ചട്ടക്കൂട് തൃണവല്‍ഗണിച്ച് ഇറങ്ങിപ്പോവുകയാണ് ഇവര്‍ ചെയ്തത്.  ഇവരെപ്പോലെയുള്ള സ്വതന്ത്ര മനീഷികളെ ഉള്‍ക്കൊള്ളാന്‍ ധര്‍മ്മസംഘം പോലെ ഔദ്യോഗിക സ്വഭാവമുള്ള ചട്ടക്കൂടുകള്‍ക്കുള്ള അപര്യാപ്തതയുടെ തെളിവുകൂടിയാണ് ഇവരെന്നു പറയാം.  ഈ ഇറങ്ങിപ്പോക്ക് ഇവരുടെ പില്‍ക്കാല ജീവിതത്തില്‍ ഗുണകരമായി ഭവിക്കുകയും അവരില്‍നിന്നു ധൈഷണികമായ സംഭാവനകള്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. 

സ്വാമി ജോണ്‍ സ്പിയേഴ്സിനാകട്ടെ, നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലംപോലും സഹിക്കാനാവാത്ത ചട്ടക്കൂടായി അനുഭവപ്പെട്ടതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹവും അതുപേക്ഷിച്ചത്.  

ഗുരുവും കുമാരനാശാനും തമ്മിലുള്ള ബന്ധത്തിലും വേറൊരു തരത്തില്‍ വിമത സംന്യാസത്തിന്റെ ലാഞ്ഛന കാണാവുന്നതാണ്. കുമാരുവിന് ഏതാണ്ട് 17 വയസ്സുള്ളപ്പോഴാണ് (മിക്കവാറും 1891-ല്‍) അന്ന് നാണുസ്വാമിയെന്ന് അറിയപ്പെട്ടിരുന്ന ഗുരുവും കുമാരുവും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്.  കുമാരുവിലെ കവിതാവാസന കണ്ടറിഞ്ഞ ഗുരു ആ യുവാവിനെ കൂടെക്കൂട്ടുകയും  ബാംഗ്ലൂരിലും കല്‍ക്കത്തയിലും അയച്ചു ഉപരിപഠനം നടത്തിക്കുകയും ചെയ്തു. മടങ്ങിയെത്തിയ കുമാരു അതിനകം കവി എന്ന് പേരെടുത്ത് കുമാരനാശാനായിത്തീരുകയും ഗുരുവിനൊപ്പം കഴിയുകയും എസ്.എന്‍.ഡി.പി യോഗം സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍മ്മപരിപാടികളില്‍ മുഴുകുകയുമാണ് ചെയ്തത്.  ഗുരുവുമായുള്ള നിരന്തര സഹവാസം നിമിത്തം ചിന്നസ്വാമി എന്ന വിളിപ്പേര് നേടിയെടുത്തുവെങ്കിലും ഗുരു ആശാന് സംന്യാസദീക്ഷ നല്‍കുന്ന കാര്യം എപ്പോഴെങ്കിലും ആലോചിച്ചിരുന്നുവോ എന്ന കാര്യം ഇവരിരുവരുടേയും ജീവചരിത്രങ്ങളിലൊന്നും കാണുന്നില്ല.  മറിച്ച്, 1918-ല്‍ 45-ാം വയസ്സില്‍ ആശാന്‍ ഭാനുമതിയമ്മയെ വിവാഹം കഴിച്ചു എന്നറിഞ്ഞപ്പോള്‍ ഗുരു എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, 'ഇന്നലെവരെ അരിയാഹാരം, ഇനി മുതല്‍  ഗോതമ്പാഹാരമാക്കി', എന്ന് ധ്വന്യാത്മകമായി പ്രതികരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗുരു ആശാനു നല്‍കിയിരുന്ന ഉപാധികളില്ലാത്ത പരിഗണനയ്ക്ക് ഉദാഹരണമായി ഈ പ്രതികരണത്തെ കാണാവുന്നതാണ്.  സംന്യാസജീവിതം നയിക്കണമെന്നാഗ്രഹിച്ചു മുന്നോട്ടു വന്ന പലരേയും അതിനു യോഗ്യരല്ല എന്നു അന്തര്‍ജ്ഞാനം കൊണ്ട് മനസ്സിലാക്കി തിരിച്ചയച്ചതിന് ഒരുപാട് ഉദാഹരണങ്ങള്‍ ഗുരുവിന്റെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

തന്റെ അനുയായികളായി കൂടിയവരെ സംന്യാസി ശിഷ്യന്മാരെന്നോ ഗൃഹസ്ഥശിഷ്യന്മാരെന്നോ ഗുരു ഒരിക്കലും വേര്‍തിരിച്ചു കണ്ടിരുന്നില്ലെന്നും കാണാം. നാസ്തികനായിരുന്ന സഹോദരന്‍ അയ്യപ്പനും ഹിന്ദുമത തത്ത്വങ്ങളെ പരസ്യമായി അധിക്ഷേപിക്കുന്നതിന് മടിക്കാതിരുന്ന സി.വി. കുഞ്ഞുരാമനേയും ബുദ്ധമതപക്ഷക്കാരനായിരുന്ന മിതവാദി കൃഷ്ണനേയുമൊക്കെ ഗുരു ഒരേപോലെ കരുതി കൂടെ നിറുത്തിയിരുന്നു.  ഒരവസരത്തില്‍ മിതവാദി കൃഷ്ണനേയും വിവാഹാനന്തരം കുമാരനാശാനേയും ഗുരു ആലുവാ അദൈ്വതാശ്രമത്തിന്റെ ഭരണച്ചുമതല രേഖാമൂലം ഏല്പിക്കുകപോലും ചെയ്തിട്ടുണ്ട്. 

വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനത്തില്‍ ഗുരു എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തില്‍ ആശാന് വലിയ സന്ദേഹങ്ങളൊന്നുമില്ലായിരുന്നു എന്നതിന് തെളിവാണ് വിവാഹാനുമതി ചോദിച്ചുകൊണ്ട് ആശാന്‍ എഴുതി 'ഒരു സമര്‍പ്പണം' എന്ന നാലു സംസ്‌കൃത പദ്യങ്ങളുള്ള  കവിത.  വിശ്വത്തോളം വികസിച്ച ഗുരുമനസ്സിനു മുന്നില്‍ ഒരു ശിഷ്യമനസ്സ് നടത്തുന്ന ഹൃദയസമര്‍പ്പണമായി ഇതിനെ കാണാം.  
വിവാഹം കഴിക്കാന്‍ തീരുമാനിച്ചതില്‍ ആശാന്റെ മനസ്സില്‍ കുറ്റബോധം ഉണ്ടായിരുന്നുവെന്നതിന് ആശാന്‍ ഗുരുവിനെഴുതിവെച്ച സമര്‍പ്പണം തന്നെ തെളിവാണ്. (ഡോ. എസ്. ഓമന രചിച്ച 'ഒരു മഹാഗുരു' എന്ന ഗുരുവിന്റെ ജീവചരിത്രത്തില്‍ പുറം 357-ല്‍ ഇതു കാണാം. പ്രസാധകര്‍ - നാരായണ ഗുരുകുലം, വര്‍ക്കല.)  വിവാഹിതനായെങ്കിലും ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന ഗുരുശിഷ്യ ബന്ധത്തിന് യാതൊരു ഉലച്ചിലും സംഭവിച്ചിരുന്നില്ല എന്നതിന് പില്‍ക്കാല സംഭവങ്ങള്‍ തെളിവാണ്. ഗുരുവിന്റെ വിമതസംന്യാസത്തിന്റെ മറ്റൊരു ദൃഷ്ടാന്തമായി ഇതിനെ കാണാവുന്നതാണ്. 

ഗുരു ആശീര്‍വദിച്ച രാജ്യാന്തര വിവാഹം

നാരായണഗുരുവിന്റെ വിമത സംന്യാസത്തിന് മറ്റൊരു നല്ല ദൃഷ്ടാന്തമാണ് ഒരുപാട് അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ട് അദ്ദേഹം ആശീര്‍വദിച്ചു നടത്തിയ ഒരു വിവാഹം.  

ഉപരിപഠനത്തിനായി യൂറോപ്പില്‍ പോയ കരുണാകരന്‍ എന്ന ഒരു മലയാളിയുവാവ് ജര്‍മന്‍കാരിയായ മാര്‍ഗരറ്റ് എന്ന ഒരു യുവതിയുമായി പ്രേമബന്ധത്തിലാവുകയും വിവാഹിതരായി ഒന്നിച്ചു ജീവിക്കുന്നതിനായി 1927-ല്‍ കേരളത്തിലെത്തുകയും ചെയ്തു. അന്നത്തെ കാലത്ത് തീര്‍ത്തും അചിന്ത്യമായിരുന്ന ആ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കുന്നതിനുവേണ്ടി ആ യുവാവിന്റെ മാതാപിതാക്കള്‍ ഗുരുവിനെയാണ് സമീപിച്ചത്. മനുഷ്യര്‍ക്കിടയിലുള്ള ജാതി, മതം, വര്‍ഗ്ഗം, വര്‍ണ്ണം, ദേശീയത തുടങ്ങിയ അതിര്‍വരമ്പുകളുടെ അര്‍ത്ഥശൂന്യത നന്നായി ബോധ്യമുള്ള ഗുരുവിന് അവര്‍ തമ്മില്‍ വിവാഹിതരാകുന്നതില്‍ ഒരപാകതയും കാണാന്‍ കഴിഞ്ഞില്ല.  ഗുരു തന്നെ ആ വിവാഹം ശാരദാമഠത്തില്‍വെച്ച് നടത്തിക്കൊടുക്കുകകയാണ് ചെയ്തത്. ഇതും അക്കാലത്ത് ഒരു വലിയ സാമൂഹ്യവിപ്ലവം തന്നെയായിരുന്നു എന്നു കാണാം.

ആ വിവാഹാവസരത്തില്‍ സ്വന്തക്കാര്‍ ആരും കൂടെയില്ലാതിരുന്ന വധുവിന് തുണയാളായി നില്‍ക്കുന്നതിനും ഒരു ആശംസാപ്രസംഗം നടത്തുന്നതും ഗുരു കിര്‍ക്കിനെയാണ് നിയോഗിച്ചത്. ആലപ്പുഴയിലെ പ്രശസ്ത ബിസിനസ്സുകാരനായിരുന്ന രവി കരുണാകരന്റെ മാതാപിതാക്കളായിരുന്നു ആ നവദമ്പതികള്‍. 

സ്വാമി ജോണ്‍ സ്പിയേഴ്സ്
സ്വാമി ജോണ്‍ സ്പിയേഴ്സ്

കിര്‍ക്ക് സ്വാമിയും സ്വാമി ജോണ്‍ സ്പിയേഴ്സും

സ്വാമി ജോണ്‍ സ്പിയേഴ്സ് വാല്യൂസ് മാസികയില്‍ എഴുതിയ ആത്മകഥയായ World of Memoryയില്‍ കിര്‍ക്ക് സ്വാമിയെക്കുറിച്ച് ചില പരാമര്‍ശങ്ങളുള്ളത്  ഈയിടെ ഈ ലേഖകന്‍ കണ്ടെത്തിയിട്ടുണ്ട്.  1972 നവംബര്‍ മുതല്‍ 1973 ജനുവരി വരെയുള്ള ലക്കങ്ങളിലാണ് ഇതുള്ളത്.  അതു പ്രകാരം കിര്‍ക്കിനെക്കുറിച്ച് ഇതുവരെ ആര്‍ക്കും അറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരുപാടു കാര്യങ്ങള്‍ വെളിവാകുന്നുണ്ട്.  അവ താഴെ ചുരുക്കിപ്പറയുന്നു. 

1935-ല്‍ ഊട്ടിയില്‍വെച്ചാണ് ഇവരിരുവരും ആദ്യമായി കണ്ടുമുട്ടിയത്. അതായത് നാരായണ ഗുരുവിന്റെ സമാധിക്കുശേഷം കിര്‍ക്ക് തിരുവനന്തപുരവും വിട്ടു കഴിയുന്ന കാലത്ത്. വലിയ ആകാരമുള്ള, ആത്മവിശ്വാസമുള്ള, വായാടിയായ, നിരന്തരം ക്ലീഷേകള്‍ പ്രയോഗിക്കുന്ന ഒരാളായിരുന്നു കിര്‍ക്ക്.  യൗവ്വനകാലത്ത് അദ്ദേഹം സാല്‍വേഷന്‍ ആര്‍മിയിലെ ജനറല്‍ ബൂത്തിന്റെ പി.ആര്‍.ഒയും അവരുടെ ഔദ്യോഗിക ജിഹ്വയായിരുന്ന 'ദി വാര്‍ ക്രൈ'യുടെ സ്റ്റാഫംഗമായിരുന്നു. നേരത്തെതന്നെ തിയോസഫിയിലേക്ക് പരിവര്‍ത്തനപ്പെട്ട ഒരാളായിരുന്ന കിര്‍ക്കിനെ തന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് ആനി ബസന്റായിരുന്നു ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നത്. അദ്ദേഹം സാവകാശം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ എത്തിച്ചേരുകയും പില്‍ക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രപതിയായിത്തീര്‍ന്ന ഗിരിയുടെ റെയില്‍വേ തൊഴിലാളി യൂണിയന്‍ ഓഫീസില്‍ ഒരു ഔദ്യോഗിക സ്ഥാനം വഹിക്കുകയും ചെയ്തു.  

അദ്ദേഹം അക്കാലത്ത് ഒരു ചെറിയ പ്രതിവാരപത്രിക നടത്തിയിരുന്നു.  ആരെയെങ്കിലും പുതിയതായി പരിചയപ്പെടുമ്പോള്‍, 'ഞാന്‍ കിര്‍ക്ക്, ലൈഫിന്റെ എഡിറ്റര്‍' എന്നു സാഭിമാനം പറയുകയും ചെയ്യും. കേള്‍ക്കുന്ന ആള്‍ അദ്ദേഹത്തിന്റെ ചുക്കിച്ചുളിഞ്ഞ ടൈയും സെക്കന്റ് ഹാന്റ് സ്യൂട്ടും തേഞ്ഞമ്പിയ ഷൂസും കണ്ട് അതിശയത്തോടെ നോക്കുമ്പോള്‍, ''അമേരിക്കന്‍ പ്രസിദ്ധീകരണമല്ല, എന്റെ ലൈഫ് അതിലും പഴയതാണ്'' എന്നു പറയുകയും ചെയ്യുമായിരുന്നുവത്രെ.  

കിര്‍ക്ക് അക്കാലത്ത് ബാംഗ്ലൂരിലെ സെന്റ് ജോണ്‍സ് റോഡിലുണ്ടായിരുന്ന തിയോസഫി ലോഡ്ജ് വളപ്പിലെ സെര്‍വന്റ്സ് ക്വാര്‍ട്ടേഴ്സില്‍ സൗജന്യമായിട്ട് താമസിക്കുകയായിരുന്നു.  കാവലറി റോഡില്‍ അദ്ദേഹത്തിന് ചെറിയൊരു പ്രിന്റിങ്ങ് പ്രസ്സ് സ്വന്തമായുണ്ടായിരുന്നു.  വളരെ പഴക്കമുള്ള വലിയൊരു ബംഗ്ലാവായിരുന്നു ബാംഗ്ലൂരിലെ തിയോസഫി ലോഡ്ജ്.  അതിലെ ഹാളിലായിരുന്നു കിര്‍ക്കിന്റെ ബാംഗ്ലൂര്‍ ചര്‍ച്ചാസംഘം എല്ലാ ആഴ്ചയും സമ്മേളിച്ചിരുന്നത്. കിര്‍ക്ക് വന്ദ്യവയോധികനായ ഒരു കുലീന മാന്യനെപ്പോലെ ഈ യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിക്കുകയും 19-ാം നൂറ്റാണ്ടിലെ പ്രാസംഗികരുടെ ശൈലിയില്‍ എതിരാളികളുടെ വാദമുഖങ്ങളെ കീറിമുറിക്കുകയും ചെയ്യുമായിരുന്നു.  ഈ ചര്‍ച്ചകളുടെ റിപ്പോര്‍ട്ടിനായി കിര്‍ക്ക് തന്റെ വാരികയില്‍ ഒന്നോ രണ്ടോ പേജ് നീക്കിവെച്ചിരുന്നു. ഈ ഗ്രൂപ്പുമായുള്ള സമ്പര്‍ക്കം തന്റെ സാമൂഹ്യജീവിതം വികസിക്കുന്നതിന്  സാവകാശം ഒരു ഉള്‍പ്രേരകമായിത്തീര്‍ന്നുവെന്നു സ്പിയേഴ്സ കൃതജ്ഞതാപൂര്‍വ്വം അനുസ്മരിക്കുന്നുണ്ട്. 

കിര്‍ക്കിന്റെ വാരികയില്‍ താന്‍ എഴുതിയവ നിമിത്തം ഈ ചര്‍ച്ചായോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ താന്‍ അല്പസ്വല്പം അറിയപ്പെടാന്‍ തുടങ്ങിയെന്നും വിവിധ തരക്കാരായ ഒട്ടേറെ പേരെ കണ്ടുമുട്ടുന്നതിനും അവരുടെ ചിന്തയിലും പെരുമാറ്റത്തിലുമുള്ള വൈചിത്ര്യങ്ങള്‍ കണ്ടു മനസ്സിലാക്കുന്നതിനും സ്പിയേഴ്സിന് അവസരം ലഭിച്ചുവെന്നും സ്പിയേഴ്സ് പറയുന്നു.  ഒന്നോ രണ്ടോ തവണ ഡോ. പി. നടരാജന്‍ ഈ മീറ്റിങ്ങുകളില്‍ പങ്കെടുത്തതായും അദ്ദേഹം ആ അവസരത്തില്‍ ബര്‍ഗ്സണ്‍ന്റെ Two Sources of Moraltiy and Religion-നെക്കുറിച്ച് സംസാരിച്ചതായും സ്പിയേഴ്സ സ്മരിക്കുന്നുണ്ട്.  

തുടര്‍ന്ന് കിര്‍ക്കിന് നാരായണഗുരുവുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് വളരെ കാര്യമാത്രപ്രസക്തമായി സ്പിയേഴ്സ് അനുസ്മരിക്കുന്നുണ്ട്. അതിങ്ങനെയാണ്: കേരളത്തിലെ പ്രായോഗിക മിസ്റ്റിക്കും യോഗിയുമായ നാരായണഗുരുവുമായി സമ്പര്‍ക്കപ്പെടാന്‍ അവസരം ലഭിച്ച അപൂര്‍വ്വം പാശ്ചാത്യരില്‍ ഒരാളായിരുന്നു കിര്‍ക്ക്. ഗുരുവും അദ്ദേഹവും നല്ല അടുപ്പത്തിലായിരുന്നു കഴിഞ്ഞിരുന്നത്.  ലളിതമനസ്‌കനായ ഈ വലിയ ഇംഗ്ലീഷുകാരനെ ഗുരു മനസ്സിലാക്കുകയും അദ്ദേഹത്തോട് അനുതപിക്കുകയും ചെയ്തിരുന്നു.  എന്നാല്‍, കിര്‍ക്കാകട്ടെ, തനിക്കു പൂര്‍ണ്ണമായും ആരാധിക്കാന്‍ കഴിയുന്ന ഒരേയൊരാളെ ഗുരുവില്‍ കണ്ടെത്തുകയാണുണ്ടായത്.  ഗുരുവിന്റെ കാരുണ്യവും മൃദുവായ പെരുമാറ്റവും തന്നെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നു കിര്‍ക്ക് പലപ്പോഴും തന്നോടു പറഞ്ഞിട്ടുള്ളതായും സ്പിയേഴ്സ് പറയുന്നുണ്ട്.  

മൈസൂര്‍ മഹാരാജാവ് ദസറ ആഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള ദര്‍ബാറിലേക്ക് 1938 ഒക്ടോബറില്‍ തനിക്കും കിര്‍ക്കിനും ക്ഷണം ലഭിച്ചതിനെക്കുറിച്ചും അതില്‍ മോടിയായി വസ്ത്രം ധരിച്ച് പങ്കെടുക്കുന്നതിന് അവര്‍ കാണിച്ച പങ്കപ്പാടിനെക്കുറിച്ചും രസകരമയി സ്പിയേഴ്സ് വിവരിക്കുന്നുണ്ട്. 

ആത്മകഥയില്‍ സ്പിയേഴ്സ് കിര്‍ക്കിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇത്രമാത്രമാണ്. 1971 ആഗസ്റ്റ് ലക്കം വാല്യൂസിലാണ് കിര്‍ക്ക് സ്വാമിയെക്കുറിച്ച് മറ്റൊരു പരാമര്‍ശമുള്ളത്. 1930-ല്‍ ഇന്ത്യയിലെത്തിയ സ്പിയേഴ്സ് 1936-ല്‍ ഊട്ടിയില്‍വെച്ച് നടരാജഗുരുവിനെ കണ്ടുമുട്ടിയപ്പോഴാണത്രെ നാരായണഗുരുവിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്.  പിന്നീടുള്ള പത്തു വര്‍ഷങ്ങളില്‍, 1961-ല്‍ 85-ാം വയസ്സില്‍ മരണമടഞ്ഞ ഏണസ്റ്റ് കിര്‍ക്ക് എന്ന ഇംഗ്ലീഷുകാരനെപ്പോലെയുള്ള പലരില്‍നിന്നും താന്‍ നാരായണഗുരുവിനെക്കുറിച്ച് ധാരാളം കേട്ടതായി സ്പിയേഴ്സ് പറയുന്നുണ്ട്.  ഈ പ്രസ്താവന മാത്രമാണ് കിര്‍ക്ക് സ്വാമിയുടെ അന്ത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഏക രേഖപ്പെടുത്തല്‍. എവിടെവെച്ചായിരുന്നു അന്ത്യമെന്നോ എവിടെയാണ് സംസ്‌കരിച്ചതെന്നോ ഒരു വിവരവും മറ്റു പലരോടും ഈ ലേഖകന്‍ തിരക്കിയിട്ടുണ്ടെങ്കിലും ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. ജീവിതകാലം മുഴുവന്‍ കിര്‍ക്ക് സ്വാമി ടൈ ധരിച്ചുകൊണ്ട് നടന്നിരുന്നതായി  പലരും രേഖപ്പെടുത്തിയിട്ടുണ്ട്. നിത്യചൈതന്യയതി അദ്ദേഹത്തെ കൂനൂരിലെ വീട്ടില്‍ സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹം ടൈ ധരിച്ചിരുന്നതായി വിവരിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തന്റെ ഗുരു തനിക്കു നല്‍കിയ സംന്യാദീക്ഷാ വസ്ത്രമാണ് ഈ ടൈയെന്നും താങ്കള്‍ കാവി ധരിക്കുന്നതുപോലെതന്നെയാണ് താനിത് ധരിക്കുന്നതെന്നും അദ്ദേഹം യതിയോട് പറഞ്ഞത്രെ. 

സ്വാമി ധർമ്മതീർത്ഥരുടെ നാരായണ​ഗുരു പഠനം, സി പരമേശ്വരൻ എഴുതിയ 'ശ്രീനാരായണമതം'
സ്വാമി ധർമ്മതീർത്ഥരുടെ നാരായണ​ഗുരു പഠനം, സി പരമേശ്വരൻ എഴുതിയ 'ശ്രീനാരായണമതം'

ഈ വിവരണങ്ങളില്‍നിന്ന് മനസ്സിലാവുക കേരളം വിട്ടശേഷം കിര്‍ക്ക് സ്വാമി നാരായണ ഗുരുവില്‍നിന്ന് താന്‍ സ്വീകരിച്ച സംന്യാദീക്ഷയ്ക്ക് വലിയ പ്രാധാന്യമൊന്നും കല്പിക്കാതെ വീണ്ടും തിയോസഫി പ്രസ്ഥാനവും മറ്റുമായി ചേര്‍ന്ന് കഴിഞ്ഞുകൂടുകയാണ് ഉണ്ടായത് എന്നാണ്.  ഗുരുശിഷ്യ പാരസ്പര്യത്തിനും ബന്ധത്തിനും അതിയായ വില കല്പിക്കുകയും ഇരുപതാം നൂറ്റാണ്ടില്‍ അതിന് പുതിയ മാനങ്ങളും നിര്‍വ്വചനങ്ങളും തീര്‍ത്ത സ്വാമി ജോണ്‍ സ്പിയേഴ്സ് കിര്‍ക്കിന്റെ നാരായണഗുരു പശ്ചാത്തലത്തോട് ഇത്ര ഉദാസീനത പുലര്‍ത്തിയതിനു കാരണമെന്തെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല.  ഒരുപക്ഷേ, അവരെപ്പോലെയുള്ള മാനസികനിലയിലും സാഹചര്യങ്ങളിലും കഴിഞ്ഞിരുന്നവര്‍ക്ക് ഇതിനൊക്കെ നമ്മള്‍ കൊടുക്കുന്ന അര്‍ത്ഥമല്ലായിരിക്കും തോന്നിയിട്ടുണ്ടാവുക എന്ന് അനുമാനിക്കാം. ഈയടുത്ത കാലത്ത് പ്രശസ്തമായിത്തീര്‍ന്ന ജയമോഹന്റെ 'നൂറു സിംഹാസനങ്ങള്‍' എന്ന നോവലില്‍ സ്വാമി ഏണസ്റ്റ് കിര്‍ക്കിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.  

നായാടി വിഭാഗത്തില്‍ പിറന്ന് ഏഴു വയസ്സുവരെ നഗ്‌നനായി തിരുവനന്തപുരത്തെ തെരുവുകളില്‍ അമ്മയോടൊപ്പം തെണ്ടിനടന്നിരുന്ന കാപ്പന്‍ എന്ന ബാലനെ തെരുവില്‍നിന്ന് രക്ഷിച്ച് അന്നവും വസ്ത്രവും വിദ്യയും നല്‍കി വളര്‍ത്തിവലുതാക്കി ധര്‍മ്മപാലന്‍ എന്ന ഐ.എ.എസ്. ഓഫീസറാക്കുന്നത് നാരായണഗുരുവിന്റെ ശിഷ്യനായ സ്വാമി ഏണസ്റ്റ് കിര്‍ക്കിന്റെ ശിഷ്യനായ സ്വാമി പ്രജാനന്ദനാണ്.  കരമനയാറിന്റെ തീരത്ത് അദ്ദേഹം നടത്തിയിരുന്ന നാരായണമന്ദിറില്‍ ചോറ് കിട്ടുമെന്നു കേട്ട് എത്തിയതായിരുന്നു കാപ്പന്‍.  സ്വാമി പ്രജാനന്ദന്‍ അവനെ കുളിപ്പിച്ചു വൃത്തിയാക്കിയശേഷം വയറുനിറച്ച് ചോറു നല്‍കി. പിന്നീട് അദ്ദേഹം വളരെ കരുതലോടെ അവന്റെ ഭാവി കരുപ്പിടിപ്പിക്കുന്നതിനു വേണ്ടതൊക്കെ ചെയ്തു കൊടുത്തു. ഈഴവര്‍ക്ക് മനസ്സിലാകുന്ന നാരായണഗുരുവല്ലായിരുന്നു അദ്ദേഹം അവന് പരിചയപ്പെടുത്തിക്കൊടുത്ത നാരായണഗുരു എന്നാണ് ഗുരുവിനെക്കുറിച്ചുള്ള നായകന്റെ വാക്കുകള്‍.  ശ്രീനാരായണഗുരു മലയാളിയില്‍ ഉണ്ടാക്കിയ ഉണര്‍വ്വിന്റെ, മാറ്റത്തിന്റെ ഏറ്റവും മികച്ച ആവിഷ്‌കരണം എന്നാണ് അവതാരികയില്‍ കല്പറ്റ നാരായണന്‍ ഈ നോവലിനെ വിശേഷിപ്പിക്കുന്നത്.  ഇതൊരു വെറും കഥയല്ലെന്നും ഇതിലെ സംഭവങ്ങള്‍ ഭാവനകൊണ്ട് പുന:സൃഷ്ടിച്ച സത്യങ്ങളാണെന്നും നായകന്റെ അനുവാദത്തോടെ അദ്ദേഹത്തിന്റെ പേരും മറ്റു വിവരങ്ങളും മാറ്റിയെഴുതിയതാണെന്നും അദ്ദേഹം ഇതു വായിച്ച് അനുഗ്രഹിക്കുകയുണ്ടായെന്നും ജയമോഹന്‍ സാക്ഷ്യപ്പെടുത്തുന്നു.

ഏതാനും നാള്‍ മുന്‍പ് ജയമോഹനുമായി സംസാരിക്കാന്‍ ഈ ലേഖകന് അവസരം ലഭിച്ചിരുന്നു. കിര്‍ക്ക് സ്വാമിയെക്കുറിച്ച് കൂടുതലെന്തെങ്കിലും അറിയാമോ എന്ന ചോദ്യത്തിന്, ഏല്ലാവര്‍ക്കും അറിയുന്ന, ഒരു ഫുള്‍സ്‌കാപ്പ് പേജിലൊതുങ്ങുന്ന കാര്യങ്ങള്‍ മാത്രമേ തനിക്കറിയാന്‍ കഴിഞ്ഞിട്ടുള്ളു എന്നായിരുന്നു ജയമോഹന്റെ മറുപടി. കരമനയാറിന്റെ തീരത്ത് നാരായണമന്ദിര്‍ നിന്നിരുന്ന സ്ഥാനം ഏകദേശം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അവിടെ ഒന്നും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com