'മദ്യം, കേളനെ നിഷ്‌കളങ്കനും കോമനെ കൊടുംക്രൂരനുമാക്കുന്ന സാധനം'

മാറേണ്ട മദ്യസംസ്‌കാരത്തെക്കുറിച്ചും വരിനിര്‍ത്തലിലെ അശ്ലീലതയെക്കുറിച്ചും
'മദ്യം, കേളനെ നിഷ്‌കളങ്കനും കോമനെ കൊടുംക്രൂരനുമാക്കുന്ന സാധനം'

'ലഹരി' എന്ന വാക്കു പ്രണയംപോലെ സുന്ദരമാണ്. ചില്ലയുടെ ശീതളച്ഛായയില്‍ ഒരു കവിത, ''പാനപാത്രം നിറയെ വീഞ്ഞും പിന്നെയാ വന്യതയില്‍ എന്നരികിലിരുന്നു പാടുവാന്‍ നീയും'' എന്നാണ് ഒമര്‍ ഖയ്യാം പാടിയത്. കവിതയുടെ, വീഞ്ഞിന്റെ പ്രണയത്തിന്റേയും ലഹരിയില്‍ മരുഭൂമിപോലും ഏദന്‍തോട്ടമാവുന്ന കവിഭാവനയാണത്. വായന ഒരു ലഹരി, സംഗീതം ഒരു ലഹരി, ഇനി ജീവിതം തന്നെ ലഹരി എന്നൊക്കെ പറയുമ്പോള്‍ ലഹരി അത്ര മോശപ്പെട്ട സംഗതിയൊന്നുമല്ല. ദേവന്മാര്‍ സുരന്മാരാണ്, അതായതു സുരപാനം ചെയ്യുന്നവര്‍. ആ സ്വഭാവം ഇല്ലാത്തവര്‍ അസുരന്മാരുമായതാണ് നമ്മുടെ ചരിത്രം. സുര സുരനു ലഹരിയാണ്. സുരതത്തിലും ഒരു സുരയുണ്ട്. ജലത്തിന്റെ അധിദേവനാണ് വരുണന്‍, വെള്ളത്തില്‍ ഉല്‍ക്കൃഷ്ടമായതാവണം മദ്യം. അല്ലെങ്കില്‍ മദ്യമെന്ന് അര്‍ത്ഥമാവുന്ന സുര എന്ന പേര് വരുണന്റെ ഭാര്യയ്ക്കു വീഴുമായിരുന്നില്ല. വൈക്കോലിനെ ഉണക്കുകയും വെണ്ണയെ ഉരുക്കുകയും ചെയ്യുക ഒരേ സൂര്യന്‍ തന്നെയാണ്. മദ്യവും അതുപോലെയാണ്. ഒരേസമയം കേളനെ നിഷ്‌കളങ്കനും കോമനെ കൊടുംക്രൂരനുമാക്കാന്‍ ശേഷിയുള്ള സാധനമാണ് മദ്യം. സംഗതി ഉപയോഗിക്കുന്നവന്റെ ബോധത്തെ ആശ്രയിച്ചിരിക്കും. ജാതി-മത-രാഷ്ട്രീയ-ലിംഗ ഭേദമന്യേ മനുഷ്യനെ ഉണര്‍ത്തുകയും മയക്കുകയും ചെയ്യുന്ന സാധനമാണ് മദ്യം. മദ്യം എന്ന വാക്കിന്റെ അര്‍ത്ഥം മദമിളക്കുന്നത് എന്നാണ്. അതുകൊണ്ടു വിദ്യാര്‍പ്പണം മാത്രമല്ല, മദ്യാര്‍പ്പണവും പാത്രമറിഞ്ഞുവേണം. വെള്ളമടിച്ചു സര്‍വ്വസ്വം പോയി എന്നു പറയുന്നവന്റെ സര്‍വ്വസ്വവും അടിച്ചുമാറ്റിയവനും മിക്കവാറും വെള്ളമടിക്കുന്നവന്‍ തന്നെയാവാം. പക്ഷേ, വ്യത്യാസം വെള്ളമടിയിലേതാണ്.  ഒന്നു ബോധത്തിനു വളമാണെങ്കില്‍, മറ്റേതു ബോധത്തിന്റെ കൂമ്പുചീയലാണ്. 

പട്ടാളക്കാര്‍ക്കു ചരിത്രത്തിലുടനീളം മദ്യം റേഷനായി നല്‍കിയതു കാണാം. അതു മദ്യത്താല്‍ പ്രചോദിതരായി അവര്‍ യുദ്ധത്തില്‍ സ്ഥിതപ്രജ്ഞരായി നിന്നു വെട്ടിപ്പിടിക്കാനാണെന്നു കരുതിയാല്‍ തെറ്റി. പണ്ടുകാലങ്ങളിലെ യുദ്ധം ഒന്നോര്‍ത്തെടുത്തു നോക്കണം. ഒരോന്നും ഒരോ തീര്‍ത്ഥയാത്രപോലെയാണ്, തിരിച്ചെത്തിയാല്‍ എത്തി, യാത്രയില്‍ തീര്‍ന്നാല്‍ തീര്‍ന്നു. അലക്‌സാണ്ടര്‍ അങ്ങു യൂറോപ്പില്‍നിന്നും ഇന്ത്യയിലെത്തി യുദ്ധം നടത്തുവാന്‍ സൈന്യസമേതം എത്രകാലം യാത്ര ചെയ്തുകാണും? മറ്റുള്ളവര്‍ പകല്‍ അധ്വാനിച്ചും രാവില്‍ രമിച്ചും ജീവിക്കുമ്പോഴാണ് കത്തുന്ന യൗവ്വനകാലത്തു യോദ്ധാക്കള്‍ വീടും നാടും പ്രിയപ്പെട്ടവരേയും വിട്ടു വാളും കുന്തവുമായി ചാവാനും കൊല്ലാനുമായി നടന്നത്. മനുഷ്യന്‍ ഒരിക്കലും അന്നം കൊണ്ടുമാത്രം തൃപ്തിയടയുന്ന ജീവിയല്ല. ലൈംഗികസുഖം റേഷനായെങ്കിലും ഉറപ്പുവരുത്താനാണ് മനുഷ്യന്‍ കുടുംബമെന്ന സാമൂഹികസ്ഥാപനം തന്നെ ഉണ്ടാക്കിയത്. സന്ന്യാസികള്‍ അതു സ്വയം നിഷേധിക്കുകയാണെങ്കില്‍, സൈനികര്‍ക്കു അതു നിഷേധിക്കപ്പെടുകയാണ്. അവിടെയാണ് ഒരു സുരതം സമം രണ്ടു സുര എന്ന സൈനികസൂത്രവാക്യം വരുന്നത്. അങ്ങനെ യോദ്ധാക്കളിലെ കാമത്തിനു മീതെ തളിക്കുന്ന ശമനത്തിന്റെ പനിനീരായാണു മദ്യം വരുന്നത്. മദ്യം അവരെ മയക്കിക്കിടത്തിയതുകൊണ്ടാവണം പാളയത്തില്‍ പടകളുണ്ടാവാതെ ഭൂഖണ്ഡാന്തര യുദ്ധയാത്രകള്‍ തന്നെ സാദ്ധ്യമായതും ലോകചരിത്രം വേട്ടയാടലിന്റേയും വെട്ടിപ്പിടിക്കലിന്റേയും ചരിത്രമായതും. 

It provokes the desire, but it takes away the performance എന്നൊരു സര്‍ട്ടിഫിക്കറ്റു മദ്യത്തിന് ഷേക്സ്പിയര്‍ നല്‍കിയത് മാക്ബത്തിലാണ്. പ്രൊവോക് ചെയ്യിപ്പിക്കുകയും പെര്‍ഫോര്‍മെന്‍സ് കുറയാതെ നോക്കുകയും ചെയ്യുന്ന ഒരളവുണ്ട്. അതറിയാത്തവര്‍ വെള്ളമടിച്ചു നശിക്കും, അതറിയുന്നവന്‍ വെള്ളമടിച്ചു തെഴുക്കും. വെളളമടിച്ചു വലിയവായില്‍ മലമറിക്കുന്ന പലരും രാവിലെ ഉറങ്ങിയുണരുന്നത് തലേന്നത്തെ അധ്വാനത്തിന്റെ മൊത്തം കാശു ചെലവിട്ടു മേടിച്ച തെറിയും തലവേദനയുമായിട്ടായിരിക്കും. 

മദ്യത്തിന്റെ സാമ്പത്തികശാസ്ത്രം 

നാടെന്തുകൊണ്ടു നാലുകാലില്‍ എന്ന ചോദ്യത്തിനു ഉത്തരം ഒന്നുമാത്രമാണ്. മനുഷ്യനെ ലഹരിയില്‍ തളച്ചിട്ടു കൊള്ളയടിക്കുന്ന ഒരു സാമ്പത്തികശാസ്ത്രം. പത്തു മദ്യപിച്ചവരെ എടുത്താല്‍ എട്ടിന്റേയും തലയും കാലും രണ്ടു നാട്ടിലാവുന്ന പ്രദേശമാണ് നമ്മുടേത്. കുടിയന്മാരെന്നു അവരുടെ ചെലവില്‍ ജീവിക്കുന്നവര്‍ വിളിക്കുന്നവര്‍ സത്യത്തില്‍ ആരാണ്? പ്രസ്തുത സാമ്പത്തിക ശാസ്ത്രം ജീവിക്കുന്ന രക്തസാക്ഷികളാക്കിയവരാണ്. കണ്ണും കരളും കുപ്പിക്കു കൊടുത്തു ചത്തുപോയവരാവട്ടെ, ആ സാമ്പത്തികശാസ്ത്രത്തിന്റെ ആക്രമണത്തില്‍ രക്തസാക്ഷികളായവരും.. സത്യമായും അവരുടെ ചുടലപ്പറമ്പില്‍ പണിതതാണ് നിന്റെ, എന്റേയും സ്വര്‍ഗ്ഗം എന്നറിയാത്ത നമ്മള്‍ നന്ദികെട്ടവരാണ്. പത്തില്‍ എട്ടു മാറ്റിയാല്‍ പിന്നെയുള്ള രണ്ടാണ് ബോധമുള്ള കുടിയന്മാര്‍. അവര്‍ ഈ എട്ടിന്റേയും അടിച്ചുമാറ്റുന്ന ഗണത്തില്‍ വരും. പരമാവധി ജനതയെ ആദ്യം കുടിപ്പിച്ചു കിടത്തി, പിന്നെ കുളിപ്പിച്ചു കിടത്തുന്ന പരുവത്തിലേയ്‌ക്കെത്തിക്കുന്ന സാമ്പത്തികശാസ്ത്ര ബുദ്ധിക്കു കയ്യും കാലും വെച്ചതാണ് പത്തില്‍ ആ രണ്ടുപേര്‍. എന്തുകൊണ്ടിതു സംഭവിക്കുന്നു എന്നു ചോദിച്ചാല്‍ ഈ സെറ്റപ്പില്‍ അങ്ങനെയേ സംഭവിക്കൂ. കുടിയന്മാരെന്നു മുദ്രകുത്തപ്പെട്ടവര്‍ കൂടി മൂവന്തിയോളം പണിതതത്രയും കരിഞ്ചന്തയില്‍ മദ്യത്തിനായി ചെലവിട്ടതാണ് നമ്മുടെ 2018-2019 ലെ 14504.67 കോടി റവന്യൂ. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1,567.58 കോടി രൂപ അധികം. (ടൈംസ് ഓഫ് ഇന്ത്യ കണക്ക്, മെയ് 5, 2019).

പണ്ടുപണ്ടേ എന്തുകൊണ്ടായിരിക്കാം മനുഷ്യന്‍ മദ്യത്തോടു അത്രമേല്‍ ഇഷ്ടം കൂടിയത്? യന്ത്രങ്ങള്‍ക്കു ഗ്രീസുപോലെയാണ് ബന്ധങ്ങള്‍ക്കു മദ്യം. അതൊരു സോഷ്യല്‍ ലൂബ്രിക്കന്റാണ്. വിവാഹത്തിനു സദ്യയുണ്ടാവും, മരണത്തിനു സദ്യയുണ്ടാവില്ല. ഒന്നു സന്തോഷത്തിന്റെ ആഘോഷമാണ്, മറ്റത് ദു:ഖത്തിന്റെ ആചരണമാണ്. എന്നാല്‍, രണ്ടിടത്തും മദ്യമുണ്ടാവും. ഈയൊരു തിരച്ചറിവാകണം മദ്യത്തെ ഒരു പ്രഖ്യാപിത സാമ്പത്തിക സ്രോതസ്സാക്കി മാറ്റിയത്. ഒരു കൂട്ടര്‍ക്കു പരസ്പരം മടിച്ചുനില്ക്കുന്നതു പറയുവാനും അറച്ചുനില്‍ക്കുന്നതു ചെയ്യുവാനും മനസ്സിനെ ഒന്നയച്ചുവിടാനും മനുഷ്യന്‍ കണ്ടെത്തിയ സാധനമാവണം മദ്യം. മറ്റൊരു കൂട്ടര്‍ക്കു അതൊരു സാമൂഹിക മറയാണ്, സ്വന്തം പരാജയങ്ങളെ, ദുരിതങ്ങളെ മറച്ചുപിടിക്കാനുള്ള വഴി. വേറൊരു കൂട്ടരുണ്ട്. ആണത്തത്തിന്റെ അടയാളവാക്യം അല്പസമയത്തിനുള്ളില്‍ അധികം അകത്താക്കലാണെന്നു കരുതുന്നവര്‍. കൂടുതല്‍ കുടിക്കുന്നത് തന്റെ മിടുക്കാണെന്നും ആരോഗ്യത്തിന്റെ കഴിവാണെന്നും മറ്റുള്ളവര്‍ വിശ്വസിച്ചോളുമെന്നു കരുതുന്ന വിഡ്ഢികള്‍. ഇവരൊക്കെയും ഈ സമൂഹത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ഇവരെയൊക്കെയും ചേര്‍ത്തുനിര്‍ത്തുന്ന സമീപനമല്ലാതെ, ഇവരുടെയൊക്കെയും ദൗര്‍ബ്ബല്യങ്ങള്‍ ഖജനാവിലേയ്ക്കു മുതല്‍ക്കൂട്ടുന്ന സാമ്പത്തികശാസ്ത്രമാണ് നമ്മുടേതെങ്കില്‍ ഭേദം ഗസ്നി മോഡലായിപ്പോവും. 

ക്യൂ പാലിക്കാന്‍ വിധിക്കപ്പെട്ടവര്‍ 

സാമൂഹിക സുരക്ഷയ്ക്കും ജനതയുടെ അന്തസ്സിനും സുതാര്യതയ്ക്കും ഒക്കെ വലിയ വില കല്പിക്കുന്ന രാജ്യങ്ങളൊന്നും തന്നെ മദ്യത്തെ കൊള്ളലാഭമുണ്ടാക്കി ഖജനാവിലേയ്ക്കു മുതല്‍ക്കൂട്ടാനുള്ള സംഗതിയായി കാണുന്നില്ല. ഖജനാവിലേയ്ക്കു അസാരം ദ്രവ്യത്തിനുള്ള കുറുക്കുവഴിയായി ഈ ദ്രാവകത്തെ കണ്ടെത്തിയ തലകളാണ് മദ്യത്തിനു പൊതുവിടങ്ങളില്‍ ഭ്രഷ്ടു കല്പിക്കുന്ന ഒരവസ്ഥ ഉണ്ടാക്കിയത്. മറവിലിരുന്നു ഒറ്റവലിക്കു കുടിച്ചു കിട്ടിയതു നക്കേണ്ടതാണെന്ന ബോധമുണ്ടായത് അങ്ങനെയാണ്. രഹസ്യമായി കുടിച്ചതു പരസ്യമായി നാട്ടുകാരെ മൊത്തം അറിയിക്കേണ്ടതാണെന്നുമുള്ള ബോധം അതിന്റെ ഉപോല്പന്നവുമാണ്. ഇങ്ങനെ മദ്യത്തെ ഒരു സാമൂഹിക വിപത്താക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും മദ്യപാനികളെ കാമധേനുക്കളായി കാണുന്ന സാമ്പത്തിക ബോധത്തിനാണ്. 

വിദേശ സര്‍വ്വകലാശാലകളോട് അനുബന്ധിച്ച് കാമ്പസ് ബാറുകള്‍ തന്നെയുള്ള ലോകത്താണ് നമ്മള്‍ 14504.67 കോടി രൂപ റവന്യൂ തന്ന മാന്യ ഇടപാടുകാരോടു സാധനത്തിനു ക്യൂ പാലിച്ചു നിന്നോളാന്‍ പറയുന്നത്.  കലാലയ ജീവിതാനുഭവങ്ങളുടെ അവിഭാജ്യഘടകമായി തുച്ഛമായ വിലയ്ക്കു മെച്ചമായ ബിയറും ഭക്ഷണവും നല്‍കുന്ന കലാലയബാറുകളുടെ ലോകത്താണ് സുരന്റെ, സുരയുടേയും സ്വന്തം നാട്ടില്‍ ഒരു ബിയറിനായി അതിന്റെ തുകയുടെ പലമടങ്ങു നികുതിയൊടുക്കിയിട്ടും വാങ്ങിക്കാന്‍ ഉപഭോക്താവിനും ക്യൂ നില്‍ക്കേണ്ടിവരുന്നത്, കുടിക്കാതെ തന്നെ ബോധമില്ലാത്തവരുടെ മുന്നില്‍ അപമാനിതരാവേണ്ടിവരുന്നത്.  

ബ്രിട്ടനില്‍ പാലും ബിയറും അളക്കുന്നത് പൈന്റിലാണ്. രണ്ടും ജനജീവിതത്തിനു ആവശ്യമായ രണ്ടു വസ്തുക്കളായി അവര്‍ കാണുന്നു. വേണ്ടതു നല്ല മദ്യം ഉറപ്പാക്കുകയും ഉപഭോഗം റഗുലേറ്റു ചെയ്യുകയുമാണ്. ആവശ്യത്തിനു ലഭ്യതയില്ലാത്തതു കാരണം എല്ലാവര്‍ക്കും കൊടുക്കാന്‍ എണ്ണം തികയാത്ത കോഹിനൂര്‍ രത്‌നത്തിനൊന്നുമല്ല ജനങ്ങള്‍ ക്യൂ നില്‍ക്കുന്നത്, ഇഷ്ടംപോലെ ഉല്പാദനമുള്ള ഒരു സാധനത്തിനാണ്, അതും വിലയുടെ പലമടങ്ങു നികുതിയായി നല്‍കിയിട്ടുമാണ്. ഉപഭോക്താവിനെ ദൈവമായി കാണുന്ന ഇടമാവണം വിപണി. ഇവിടെ പ്രത്യേകിച്ചു കാണേണ്ട കാര്യമൊന്നുമില്ല ദൈവം തന്നെയാണ്, സംശയമുള്ളവര്‍ അവര്‍ ഒടുക്കുന്ന നികുതിയുടെ കണക്കു നോക്കണം. 

അധികവരുമാനവും അന്തസ്സും 

ലോകത്തു കൂടുതല്‍ ആളോഹരി മദ്യം കഴിക്കുന്നത് വികസിത രാജ്യങ്ങളാണ്. ഫ്രാന്‍സിനെ നോക്കൂ. കേരളത്തിന്റെ 16 മടങ്ങു വലിപ്പമുണ്ട്, ജനസംഖ്യയാണെങ്കില്‍ കേരളത്തിന്റെ ഇരട്ടിമാത്രവും. ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കണക്കു പ്രകാരം 2016-ലെ ഫ്രാന്‍സിന്റെ ആളോഹരി മദ്യോപഭോഗം 12.6 ലിറ്ററാണ്. ഇന്ത്യയുടേത് 5.7 ലിറ്ററും. ഏറെ കുടിക്കുന്ന ഫ്രാന്‍സില്‍ മദ്യം ഒരു സാമൂഹിക ഭീഷണിയായി മാറുന്നില്ല. ഫ്രാന്‍സിന്റെ സാംസ്‌കാരിക പാരമ്പര്യം ഇന്നു മദ്യത്തില്‍ മാത്രം അവകാശപ്പെടാവുന്ന മയ്യഴിയിലും പരിസര പ്രദേശങ്ങളിലും മദ്യം കൊണ്ടുള്ള മരണമില്ലാത്ത ഒരു ദിവസമെങ്കിലുമുണ്ടോ എന്നു സംശയമാണ്. സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ പഠനവിഷയമാക്കേണ്ടതാണ് മയ്യഴിയിലും പരിസരത്തുമുള്ള മദ്യമരണങ്ങള്‍. ഒറ്റയടിക്ക് അമ്പതാളു മരിച്ചാല്‍ നമ്മളതിനെ മദ്യദുരന്തം എന്നു വിളിക്കും. ഒന്നു വീതം മൂന്നു നേരം 16 ദിവസമായി മരിച്ചാല്‍ നമുക്കതു മദ്യദുരന്തമല്ല, കുടുംബദുരന്തമാണ് എന്നതാണ് അവസഥ. കേരളത്തിന്റെ ഇരട്ടി ജനതയ്ക്ക് കേരളത്തിന്റെ 16 മടങ്ങു സ്ഥലവിസ്തൃതിയാണ് ഫ്രാന്‍സില്‍. എന്നിട്ടും അവിടെ മദ്യപിക്കുന്നവര്‍ വീട്ടിലാണ്. ഇവിടെ മദ്യപിക്കുന്നവര്‍ റോഡിലും. അവിടെ വീട്ടില്‍ത്തന്നെ മിനി ബാറുള്ളവരെ ആരും കുടിയന്‍ എന്നു വിളിക്കുന്നില്ല. ഇവിടെ ഒരു കുഞ്ഞിക്കുപ്പിയും വാങ്ങിപ്പോവുന്നവന്‍ കുടിയനാണ്. മദ്യപാനത്തെ ഒരു മഹാപാതകമായി കാണുന്ന പൊതുബോധത്തിന്റെ സംഭാവനയാണത്.

ഈ സാഹചര്യത്തിന്റെ വിളവെടുക്കുന്നത് മദ്യരാജാക്കന്‍മാരാണ്. വീട്ടില്‍നിന്നും മാനം മര്യാദയായി ഏറിയാല്‍ രണ്ടെണ്ണം വിട്ട് ഉള്ളതും കഴിച്ച് കിടക്കുമായിരുന്നവര്‍ കയ്യിലുള്ളതിനു മുഴുവന്‍ കുടിച്ചു കിടപ്പു തന്നെ റോഡിലാക്കിയതിന്റെ കാരണം തെറ്റായ മദ്യസാക്ഷരതയാണ്. അതു മറന്നുകൊണ്ടാണ് നമ്മള്‍ മദ്യം കൊണ്ടുള്ള റോഡപകടങ്ങളെ പഴിക്കുന്നത്. മദ്യത്തിന്റെ രക്തസാക്ഷികളായ ഒരു ഡസന്‍ സുഹൃത്തുക്കളുടെ പേരു ഒറ്റ ശ്വാസത്തില്‍ പറയാനാവുന്നവരായിരിക്കും മയ്യഴിയിലും പരിസരപ്രദേശങ്ങളിലുമുള്ള പലരും. മദ്യപാനരീതികളെ മാറ്റിയെടുക്കാവുന്ന അയവുകളും നിയന്ത്രണങ്ങളും വരുത്താതെയുള്ള വാചാടോപങ്ങള്‍ നിരര്‍ത്ഥകമാണ്. മദ്യോപഭോഗത്തിന്റെ നൂറ്റാണ്ടിലെ കണക്കെടുത്താല്‍ ഉപഭോഗം എവിടെയും കൂടുന്നതു മാത്രമേയുള്ളൂ, കുറയുന്ന പതിവില്ല. സ്വാഭാവികമായി ഇവിടെയും കുറയില്ല. അപ്പോള്‍ നമുക്കു വേണ്ടത് അതിനെ നിയന്ത്രിക്കാനുള്ള, മദ്യം ഉപയോഗിക്കുന്നയാള്‍ക്കും സമൂഹത്തിനും അപകടം വരാത്ത രീതിയിലുള്ള ക്രമീകരണങ്ങളാണ്. 

നാടിന്റെ അവസ്ഥ ഒന്നു നോക്കിയാല്‍ ഇന്നത്തെ മദ്യത്തിന്റെ നികുതി ഇനി ഇരു-നാലു ചക്രവാഹനങ്ങളുമായി വച്ചുമാറുകയാണ് വേണ്ടത്. പുത്തന്‍ കാര്‍ ഒരു ലഹരിയായി കൊണ്ടുനടക്കുന്നവരുണ്ട്. വാഹനനികുതി കുത്തനെ ഉയരുന്നതു പൊതുഗതാഗതത്തെ ശക്തിപ്പെടുത്തും, മലിനീകരണം കുറയ്ക്കും, വാഹനാപകടങ്ങളും മരണവും കുറയും. മദ്യം ആവശ്യക്കാര്‍ക്കു ലഭ്യമാവാന്‍ ഇക്കാലത്ത് എന്തൊക്കെ മാര്‍ഗ്ഗങ്ങളുപയോഗിക്കാം. അന്നത്തിനായി അഭയാര്‍ത്ഥികളെന്നപോലെ ക്യൂ നിര്‍ത്തി പിടിച്ചുപറിക്കുന്ന സംവിധാനം അവസാനിപ്പിച്ച് ഓണ്‍ലൈന്‍ വ്യാപാരം പ്രമോട്ടു ചെയ്യണം. ലോകം ഇത്രമേല്‍ വികസിച്ചിട്ടും ക്യൂ എന്നതു പോംവഴിയായി ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അവരുടെ തല പരിശോധിക്കേണ്ടതാണ്. കാര്യമായ തകരാറുണ്ടാവാതെ അങ്ങനെയൊരു ചിന്ത വരാന്‍ വഴിയില്ല. കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും വരുന്നതോടൊപ്പം സ്വകാര്യ ബാറുകളെ ആശ്രയിക്കാതെ സാധാരണക്കാര്‍ക്കു ന്യായമായ വിലയില്‍ നല്ല മദ്യം ലഭ്യമാക്കാവുന്നതാണ്, കൃത്യമായ നികുതി സര്‍ക്കാരിനു ഉറപ്പുവരുത്തുകയും ചെയ്യാം. സൂപ്പര്‍മാര്‍ക്കറ്റു വഴി വിതരണം ചെയ്യാം. സ്വന്തം ജനതയെ ക്യൂ നിര്‍ത്തി കൊള്ളയടിക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനും ചേര്‍ന്നതല്ല. ഇത്രയും സൗകര്യങ്ങളുണ്ടാവുന്ന പക്ഷം ആരും ബാര്‍ കൊള്ളയ്ക്ക് തലവെയ്ക്കാനും പോവുകയില്ല. അതും ലാഭമായി വരിക സര്‍ക്കാരിലേയ്ക്കു തന്നെയാണ്. മദ്യത്തിനു വില കുറയട്ടെ, ഗുണം കൂടട്ടെ, നികുതി വരുമാനം കൂടട്ടെ, ഉപഭോക്താവിന്റെ അന്തസ്സും ഉയരട്ടെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com