'എന്നെന്നും ഓര്‍ക്കപ്പെടാന്‍ ആയിരക്കണക്കിനു പാട്ടുകളൊന്നും വേണ്ട'- ആരായിരുന്നു ദേവരാജന്‍ മാസ്റ്ററുടെ പ്രിയ ഗായിക?

മാധുരിയും സുശീലയുമല്ലാതെ  മറ്റൊരു ഗായികയെ തന്റെ പ്രിയ ശബ്ദമായി ദേവരാജന്‍ മാസ്റ്റര്‍ എടുത്തുപറയുമ്പോള്‍ അമ്പരക്കാതിരിക്കുന്നതെങ്ങനെ?
കെ. റാണി  
കെ. റാണി  


രായിരുന്നു ദേവരാജന്‍ മാസ്റ്ററുടെ പ്രിയ ഗായിക? പാടിയ പാട്ടുകളുടെ എണ്ണം പരിഗണിച്ചാല്‍  മാധുരി തന്നെ. യുഗ്മഗാനങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറിലേറെ  പാട്ടുകള്‍ മാസ്റ്ററുടെ സംഗീതത്തില്‍ മാധുരി പാടിയെന്നാണ് കണക്ക്. ഗുണനിലവാരമാണ്  മാനദണ്ഡമെങ്കില്‍  ചിലപ്പോള്‍ നറുക്ക് വീഴുക പി. സുശീലയ്ക്കാവും. മുന്നൂറോളം  പാട്ടുകള്‍  മാസ്റ്റര്‍ക്കുവേണ്ടി പാടി സുശീല - ഭൂരിഭാഗവും ഹിറ്റുകള്‍. എങ്കിലും ദേവരാജന്റെ  സംഗീതഭൂമികയില്‍ ഇരു ഗായികമാര്‍ക്കും തുല്യ പ്രാധാന്യമായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. 

അതുകൊണ്ടുതന്നെ, മാധുരിയും സുശീലയുമല്ലാതെ  മറ്റൊരു ഗായികയെ തന്റെ പ്രിയ ശബ്ദമായി ദേവരാജന്‍ മാസ്റ്റര്‍ എടുത്തുപറയുമ്പോള്‍ അമ്പരക്കാതിരിക്കുന്നതെങ്ങനെ? അതും, തനിക്ക്  വേണ്ടി  ഒരേയൊരു ശ്രദ്ധേയ ഗാനം - അതും നാടകഗാനം -  മാത്രം പാടിയ ഒരു ഗായികയെ.  കെ. റാണി എന്നാണ്  ആ പാട്ടുകാരിയുടെ പേര്. 'പുതിയ ആകാശം പുതിയ ഭൂമി' എന്ന നാടകത്തില്‍ ഒ.എന്‍.വി - ദേവരാജന്‍ കൂട്ടുകെട്ടിനുവേണ്ടി ''ഒരിടത്തൊരിടത്തൊരു രാജ്യത്തെ രാജകുമാരി, ഒരു മുത്തശ്ശിക്കഥയുടെ മഞ്ചലിലേറിവരൂ നീ'' എന്ന ഗാനം പാടിയ  അതേ റാണി തന്നെ. പെരുമ്പുഴ ഗോപാലകൃഷ്ണന്‍ എഴുതിയ 'സംഗീതത്തിന്റെ രാജശില്പി' എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍  റാണിയെ  ദേവരാജന്‍ മാസ്റ്റര്‍ വിശേഷിപ്പിക്കുന്നത് ജീവിതത്തില്‍ ഒരിക്കലും  മറക്കാനാവാത്ത ശബ്ദത്തിന്റെ ഉടമയായാണ്. ''അന്നും ഇന്നും എന്നും ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതും മനസ്സില്‍ സൂക്ഷിക്കുന്നതും ആ സ്ത്രീയുടെ ശബ്ദമാണ്'' - മാസ്റ്റര്‍ പറയുന്നു. 
ആറു പതിറ്റാണ്ടോളം മുന്‍പ്, സംഗീതജീവിതത്തിന്റെ തുടക്കകാലത്ത്,  ഗ്രാമഫോണ്‍ കമ്പനിക്കുവേണ്ടി റെക്കോര്‍ഡ് ചെയ്ത പാട്ട് എങ്ങനെ മാസ്റ്ററുടെ ഇഷ്ടഗാനമായി?  ആ പാട്ടിനു പിന്നിലെ ശബ്ദത്തില്‍ എന്തു പ്രത്യേകതയാകാം മാസ്റ്റര്‍ കണ്ടത്? ഇഷ്ടപ്പെട്ടിട്ടും റാണിക്ക്   മറ്റൊരവസരം നല്‍കാന്‍ മാസ്റ്റര്‍ മടിച്ചത് എന്തുകൊണ്ടാകാം?  ചോദ്യങ്ങള്‍ അനന്തമായി നീളുന്നു.  നേരിട്ടുതന്നെ  അവയ്ക്ക്  ഉത്തരം തേടിയിട്ടുണ്ട് മാസ്റ്ററോട്. മറുപടി ഇതായിരുന്നു: ''മലയാള ഭാഷ  പഠിച്ചു  പാടുന്ന മറുഭാഷാ ഗായകരോട് എനിക്ക് പ്രത്യേകിച്ചൊരു മമതയുണ്ട് എന്നറിയാമല്ലോ? അര്‍ത്ഥം അറിഞ്ഞുകൊണ്ടും ഉള്‍ക്കൊണ്ടുകൊണ്ടും പാടിയാലേ വരികളോട് പൂര്‍ണ്ണമായി നീതി പുലര്‍ത്താന്‍ കഴിയൂ. മാധുരിയമ്മ കൂടുതലായി എന്റെ പാട്ടുകള്‍ പാടാന്‍ ഇടയായതും അതുകൊണ്ടാണ്. എന്നാല്‍ ആന്ധ്രക്കാരിയായി നമ്മളറിയുന്ന റാണി എന്നെ ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു. മലയാളം പഠിച്ചിട്ടല്ല അവര്‍ എനിക്കുവേണ്ടി പാടിയത്. ഞാന്‍ പാടിക്കൊടുത്തത് അതേപടി പകര്‍ത്തി  എന്നുമാത്രം. പക്ഷേ, ഒരു മലയാളി പാടുന്നയത്ര തന്നെ, ഒരുപക്ഷേ, അതിനേക്കാള്‍  കൃത്യതയോടെയും ഉച്ചാരണശുദ്ധിയോടെയും ഭാവമാധുര്യത്തോടെയുമാണ്  അവര്‍  'ഒരിടത്തൊരിടത്തൊരു രാജ്യത്തെ'  പാടിയത്.  ഒരൊറ്റ തവണയേ അവര്‍ക്കു പാടിക്കൊടുക്കേണ്ടിവന്നുള്ളൂ.  മൂന്ന് സ്ഥായികളിലും  ഒരുപോലെ അനായാസം സഞ്ചരിക്കാന്‍ കഴിയുന്ന ശബ്ദമാണ് അവരുടേത്.   മാത്രമല്ല, ഞാന്‍ പാടിക്കൊടുത്ത നുറുങ്ങുസംഗതികള്‍പോലും  അതേപടി പാട്ടില്‍ കൊണ്ടുവരുകയും ചെയ്തു അവര്‍. അധികം ഗായകരില്‍ ഈ കഴിവുകളെല്ലാം ഒത്തിണങ്ങിക്കണ്ടിട്ടില്ല.'' 
 
 

ദേവരാജന്‍
ദേവരാജന്‍

ഉച്ചാരണ സ്ഫുടതയോടെ  

പ്രശംസയില്‍  ഒട്ടും ധാരാളിത്തം കാണിക്കാറില്ലാത്ത ഒരാളാണ് ഇത് പറയുന്നതെന്നോര്‍ക്കുക. മാസ്റ്ററുടെ വിലയിരുത്തല്‍ എത്രത്തോളം സത്യമെന്നറിയാന്‍ ആ പാട്ട് ഒന്നുകൂടി കേട്ടുനോക്കുകയേ വേണ്ടൂ. കഷ്ടിച്ച് പതിനഞ്ച് വയസ്സേ ഉണ്ടാകൂ റാണിക്ക്  അത് പാടി റെക്കോഡ് ചെയ്യുമ്പോള്‍. കുട്ടിത്തം വിടാത്ത ശബ്ദമാണെങ്കിലും,  അന്നത്തെ പരിചയസമ്പന്നരായ മറുഭാഷാ ഗായികമാരെ അതിശയിക്കുന്ന ഉച്ചാരണ സ്ഫുടതയോടെയാണ് ഗാനത്തിന്റെ വരികളിലൂടെ റാണി ഒഴുകിപ്പോകുന്നത്. ''നാടകത്തില്‍ സുലോചന പാടിയ പാട്ടാണ്. ഗ്രാമഫോണ്‍ റെക്കോഡിലും അവരെക്കൊണ്ട് പാടിക്കണം  എന്നായിരുന്നു ആഗ്രഹം. പക്ഷേ, എച്ച്.എം.വിയുടെ  അന്നത്തെ രീതി അനുസരിച്ച് അവരുടെ സ്ഥിരം ആര്‍ട്ടിസ്റ്റുകളെക്കൊണ്ട്  മാത്രമേ റെക്കോഡില്‍ പാടിക്കാനാകൂ. അങ്ങനെയാണ് കോമളയും റാണിയുമൊക്കെ ആ പാട്ടുകള്‍ പലതും പാടിയത്...'' മാസ്റ്ററുടെ വാക്കുകള്‍. 

മലയാളത്തില്‍ രണ്ടുമൂന്ന് പാട്ടുകള്‍ കൂടി പാടിയിട്ടുണ്ട് കിഷന്‍ റാണി എന്ന കെ. റാണി. ഉദയഭാനുവിനൊപ്പം 'വേലുത്തമ്പിദളവ'യില്‍ പാടിയ ''ഇന്ന് നല്ല ലാക്കാ'' (സംഗീതം: പാര്‍ത്ഥസാരഥി) എന്ന ഹാസ്യഗാനം ആണ് കൂട്ടത്തില്‍  ശ്രദ്ധേയം. 'അച്ഛനും മകനും' (1957) എന്ന ചിത്രത്തില്‍ എ.എം. രാജക്കൊപ്പവും (ആ മലര്‍ക്കാവില്‍) 'കലയും കാമിനി'യും (1963) എന്ന ചിത്രത്തില്‍ യേശുദാസിന് ഒപ്പവും (കാലത്തീ പൂമരച്ചോട്ടില്‍) പാടി അവര്‍. ''യേശുദാസിന്റെ തുടക്കകാലത്താണ് ഞാന്‍ അദ്ദേഹത്തോടൊപ്പം പാടിയത്. ഒരു സീനിയര്‍ ഗായികയോടുള്ള  എല്ലാ ആദരവോടെയുമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.  യേശുദാസ് ഇന്ത്യ മുഴുവന്‍ പ്രശസ്തനായിക്കഴിഞ്ഞശേഷം മറ്റൊരു യുഗ്മഗാനം അദ്ദേഹത്തോടൊപ്പം പാടാന്‍ കഴിഞ്ഞില്ല എന്നത് എന്റെ സ്വകാര്യ ദുഃഖം''- റാണിയുടെ വാക്കുകള്‍ ഓര്‍മ്മവരുന്നു. 

ഇരുപത് വയസ്സു പോലും തികയും മുന്‍പ്  സിനിമയില്‍നിന്ന് സ്വയം പിന്‍വാങ്ങി കുടുംബ ജീവിതവുമായി ഒതുങ്ങിക്കൂടിയ റാണിയെ ദീര്‍ഘനാളത്തെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് ആന്ധ്രക്കാരനായ പത്രപ്രവര്‍ത്തക സുഹൃത്തിന്റെ സഹായത്തോടെയാണ്. ഹൈദരാബാദില്‍ മകള്‍ക്കൊപ്പം വിശ്രമജീവിതത്തിലായിരുന്നു അവര്‍. ''ഏതു ഭാഷയില്‍ പാടുമ്പോഴും ഉച്ചാരണത്തില്‍ കൃത്യത പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്.'' റാണി പറഞ്ഞു.  ഉത്തരേന്ത്യയില്‍ കുടുംബവേരുകളുള്ള റാണി ജനിച്ചത് കര്‍ണാടകത്തിലെ തുംകൂറിലാണ്.  അച്ഛന്‍   റെയില്‍വേ ഉദ്യോഗസ്ഥന്‍ ആയിരുന്നതിനാല്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലായിട്ടായിരുന്നു  റാണിയുടെ  വിദ്യാഭ്യാസം. ആദ്യം പാടിപ്പഠിച്ചത് ഹിന്ദി ഗാനങ്ങളാണ്. ആറു വയസ്സ് മുതലേ സ്റ്റേജില്‍ പാടും. വൈജയന്തിമാലയുടെ നൃത്തപരിപാടികളുടെ ഇടവേളകളില്‍ പാടിക്കൊണ്ടായിരുന്നു തുടക്കം.
 

കെ. റാണി 1960-കളില്‍
കെ. റാണി 1960-കളില്‍

എട്ടാം വയസ്സില്‍ തുടക്കം  

സിനിമയില്‍ അരങ്ങേറിയത് തികച്ചും യാദൃച്ഛികമായി. ചെന്നൈയിലെ പ്രശസ്ത ഓഡിറ്റോറിയമായ രാജാ അണ്ണാമലൈ മണ്‍ട്രത്തിലെ ഒരു സംഗീതപരിപാടിയില്‍ തമിഴിലെ പ്രശസ്ത  ചലച്ചിത്ര ഗാനങ്ങള്‍ പാടി സദസ്സിനെ കയ്യിലെടുത്ത എട്ടു വയസ്സുകാരിയെ തേടി സി. ആര്‍. സുബ്ബരാമന്‍ എന്ന സംഗീത സംവിധായകന്‍ എത്തുന്നു. കെ. പ്രഭാകര്‍ റാവു സംവിധാനം ചെയ്ത 'രൂപവതി' എന്ന തെലുങ്ക് ചിത്രത്തില്‍ ഒരു ബാലകഥാപത്രത്തിനുവേണ്ടിയായിരുന്നു ആദ്യ പിന്നണിഗാനം. തൊട്ടുപിന്നാലെ ടി.ജി. ലിംഗപ്പ സംഗീത സംവിധായകനായി അരങ്ങേറിയ 'മോഹന സുന്ദരം' എന്ന തമിഴ് ചിത്രത്തിലും പാടി റാണി - പി ലീലയുമൊത്ത്  'ഒയിലാന മയിലാട്ടം' എന്ന ഗാനം.  ജി. രാമനാഥന്‍, ഘണ്ടശാല, വിശ്വനാഥന്‍ രാമമൂര്‍ത്തി, കെ.വി. മഹാദേവന്‍, എസ്. ദക്ഷിണാമൂര്‍ത്തി തുടങ്ങി അക്കാലത്തെ എല്ലാ പ്രമുഖ സംഗീത സംവിധായകരും റാണിയുടെ പ്രതിഭ സ്വന്തം ഗാനങ്ങളില്‍ പ്രയോജനപ്പെടുത്തി. സി.ആര്‍. സുബ്ബുരാമനും വിശ്വനാഥന്‍ രാമമൂര്‍ത്തിയും ചേര്‍ന്നൊരുക്കിയ ദേവദാസിലെ ഗാനങ്ങളാണ് റാണിയെ തെന്നിന്ത്യ മുഴുക്കെ പ്രശസ്തയാക്കിയത്. ഇടയ്ക്ക് 'സുജാത' പോലുള്ള സിംഹള ചിത്രങ്ങളിലും ഹിറ്റ് ഗാനങ്ങള്‍ പാടി അവര്‍. 'ധര്‍മ്മദേവത' (1952) എന്ന തെലുങ്ക് ചിത്രത്തിനു വേണ്ടി  സി.ആര്‍. സുബ്ബുരാമന്റെ സംഗീതത്തില്‍ റാണി പാടിയ  'ലംബാഡി ലംബാഡി'  ആണ്  തെന്നിന്ത്യന്‍ സിനിമയിലെ ആദ്യ പാശ്ചാത്യ നൃത്തഗാനം. തിരുവിതാംകൂര്‍ സഹോദരിമാരിലെ ലളിതയാണ് ഈ രംഗത്ത് പ്രത്യക്ഷപ്പെട്ടത്. 

ശ്രീലങ്കന്‍ ദേശീയ ഗീതമായ 'ശ്രീലങ്കാ മാത' ആദ്യമായി പാടി റെക്കോര്‍ഡ് ചെയ്ത ഗായകസംഘത്തിലും  ഉണ്ടായിരുന്നു റാണി. ദ്രാവിഡ മുന്നേറ്റ കഴകത്തിനുവേണ്ടി റെക്കോര്‍ഡ് ചെയ്ത തെരഞ്ഞെടുപ്പു ഗാനങ്ങളും നാഗൂര്‍ ഇ.എം. ഹനീഫയ്‌ക്കൊപ്പം പാടിയ മുസ്ലിം ഭക്തിഗാനങ്ങളും വേറെ. അരുള്‍ മേവും ആണ്ടവരേ, വാഴവാഴ നല്ലവഴികള്‍ തുടങ്ങിയ ഭക്തിഗാനങ്ങള്‍ക്ക് ഇന്നുമുണ്ട് ആരാധകര്‍. മറക്കാനാവാത്ത മറ്റൊരു അനുഭവം ഹിന്ദി സിനിമയിലെ അതികായന്മാര്‍ക്കൊപ്പം വേദി പങ്കിട്ടതാണ്. രാജ് കപൂറും നര്‍ഗീസും ഉള്‍പ്പെടെയുള്ള പ്രഗത്ഭ താരങ്ങളുടെ സാന്നിധ്യത്തില്‍ ലതാ മങ്കേഷ്‌കറുടെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പാടി അരങ്ങുതകര്‍ത്തു റാണി. ''സംഗം  എന്ന ചിത്രത്തിലെ 'ബുഡ്ഡാ മില്‍ ഗയാ' എന്ന ഗാനം ഞാന്‍ സ്റ്റേജില്‍ പാടുമ്പോള്‍ പശ്ചാത്തലത്തില്‍ രാജ് കപൂര്‍ ഡോലക് വായിച്ചത് എങ്ങനെ മറക്കാന്‍?''- റാണി.  മുന്‍ രാഷ്ടപതി ഡോ. എസ്. രാധാകൃഷ്ണനും കെ. കാമരാജിനും  മുന്നില്‍ പാടിയതാണ്  മറ്റൊരു നല്ല ഓര്‍മ്മ. 'ഇന്നിശൈവാണി' എന്ന പട്ടം നല്‍കി റാണിയെ ആദരിച്ചതും കാമരാജ് തന്നെ. 

''ഒരിടത്തൊരിടത്തൊരു രാജ്യത്തെ  രാജകുമാരി'' എന്ന ഗാനത്തിന്റെ ഈണം  മൂളിക്കേള്‍പ്പിച്ചപ്പോള്‍ ഫോണിനപ്പുറത്ത് 'മുഴങ്ങിയ' നിശ്ശബ്ദത ഓര്‍മ്മവരുന്നു.  മാഞ്ഞുപോയ ഒരു കാലത്തേക്ക് മടങ്ങിപ്പോയിരിക്കണം റാണിയുടെ  മനസ്സ്.  ''ഞാന്‍ പോലും മറന്നുപോയ പാട്ടാണ്. വളരെ ചെറുപ്പത്തില്‍ പാടിയതല്ലേ? മലയാളികള്‍ എന്റെ പാട്ട് ഇപ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു എന്ന അറിവ് അത്ഭുതകരം തന്നെ''- റാണി പറഞ്ഞു.  കെ.എസ്. പ്രകാശ് റാവുവിന്റെ സംവിധാനത്തില്‍ 1968-ല്‍ പുറത്തുവന്ന 'ഹരിശ്ചന്ദ്ര' എന്ന തമിഴ് ചിത്രത്തിലാണ്  റാണിയുടെ ശബ്ദം  അവസാനമായി കേട്ടത്-  യു. സരോജിനിക്കൊപ്പം പാടിയ 'ആടും മയില്‍' എന്ന ഗാനത്തില്‍. എന്നാല്‍, അതിനും ആറു വര്‍ഷം മുന്‍പു തന്നെ അവര്‍ സിനിമാജീവിതത്തോട്  ഏറെക്കുറെ വിടവാങ്ങിക്കഴിഞ്ഞിരുന്നു.  ഇരുപതു തികയും മുന്‍പ് ചലച്ചിത്ര ജീവിതം  അവസാനിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ എന്തായിരുന്നുവെന്ന ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം മൗനിയായി റാണി. എന്നിട്ട് ഇത്രമാത്രം പറഞ്ഞു: ''കുടുംബജീവിതമാണ് അതിലും പ്രധാനം എന്നു തോന്നി. പിന്നെ, സ്വരം നന്നാകുമ്പോള്‍ വേണമല്ലോ പാട്ട് നിര്‍ത്താന്‍, അല്ലേ?''  ചെറിയൊരു നഷ്ടബോധത്തിന്റെ ഇടര്‍ച്ചയുണ്ടായിരുന്നോ അവരുടെ ശബ്ദത്തില്‍?  2018 ജൂലൈ 14-നായിരുന്നു റാണിയുടെ വേര്‍പാട്. മലയാള പത്രങ്ങളുടെ ചരമക്കോളത്തില്‍പ്പോലും ഇടം നേടാതെപോയ വാര്‍ത്ത. 

ദേവരാജന്‍ മാസ്റ്ററുടെ വാക്കുകളാണ് ഓര്‍മ്മയില്‍: ''എന്നെന്നും ഓര്‍ക്കപ്പെടാന്‍ ആയിരക്കണക്കിനു പാട്ടുകളൊന്നും വേണ്ട. ഒരൊറ്റ ഗാനം മതി. റാണിയുടെ പാട്ട് ഇത്രകാലം കഴിഞ്ഞും നിങ്ങള്‍ ഓര്‍ക്കുന്നുവെങ്കില്‍ അവരുടെ സംഗീതജീവിതം സാര്‍ത്ഥകമായി എന്നാണ് അര്‍ത്ഥം...''
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com