അഭിനവ ഹിന്ദു ഹൃദയ സാമ്രാട്ടുകള്‍ പറയുന്നു; 'അഭയമരുളുന്നതിനും ചില മാനദണ്ഡങ്ങളുണ്ട്'

അയല്‍ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളെ സഹായിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി ആവര്‍ത്തിക്കുന്നു
അഭിനവ ഹിന്ദു ഹൃദയ സാമ്രാട്ടുകള്‍ പറയുന്നു; 'അഭയമരുളുന്നതിനും ചില മാനദണ്ഡങ്ങളുണ്ട്'

1943-ല്‍ നാഗ്പൂരില്‍ ഹിന്ദുമഹാസഭയുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് വിനായക് ദാമോദര്‍ സവര്‍ക്കര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ''ഇന്ത്യയെ ഐകരൂപ്യമുള്ളതും ഏകീകൃത സ്വഭാവമുള്ളതുമായ ഒരു രാഷ്ട്രമെന്ന സങ്കല്പമായി കാണാനാകില്ല. മറിച്ച് പ്രധാനമായും രണ്ടു രാഷ്ട്രങ്ങളാണ് ഇന്ത്യയില്‍ ഉള്ളത്. ഹിന്ദുക്കളും മുസ്ലിങ്ങളും.'' ഇക്കാര്യത്തില്‍ തനിക്കു ജിന്നയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശേഷം, സ്വാതന്ത്ര്യാനന്തരം, മുസ്ലിങ്ങള്‍ക്കായി പാകിസ്താനുണ്ടായി. അവശിഷ്ട ഭൂഖണ്ഡമാകട്ടെ സവര്‍ക്കര്‍ ആഗ്രഹിച്ചപോലെ ഹിന്ദുത്വരാഷ്ട്രമായില്ല. പകരം ഹിന്ദുത്വവാദികള്‍ക്കു കൊടിയ നൈരാശ്യം സമ്മാനിച്ചുകൊണ്ട് ഒരു മതനിരപേക്ഷ, പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്കായി തുടരാന്‍ തീരുമാനിച്ചു. ഭരണഘടനയുടെ ആമുഖത്തില്‍ അക്കാര്യം എഴുതിവെച്ച് നാഗ്പൂരിലെ വംശീയവിദ്വേഷം പുരണ്ട തിട്ടൂരങ്ങള്‍ക്കു പുല്ലുവില കല്പിച്ച് പോയി പണിനോക്കാന്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു എന്ന കോസ്‌മോപൊളിറ്റന്‍ രാഷ്ട്രനായകനായി.

അക്കാലം മുതല്‍ക്കേ ആര്‍.എസ്.എസ്സും ഹിന്ദുമഹാസഭയും നാട്ടുരാജാക്കന്മാരുടേയും ലാലാ ഹരിചന്ദ് പോലുള്ള മുതലാളിമാരുടേയും പണംപറ്റിയാണ് ഹിന്ദുക്കളെ ഒന്നിപ്പിക്കുകയും ഹിന്ദുത്വരാഷ്ട്ര നിര്‍മ്മിതി എന്ന ലക്ഷ്യം സാധ്യമാക്കാന്‍ പ്രയത്‌നിക്കുകയും ചെയ്തതെന്നു ചരിത്രം പറയുന്നുണ്ട്. പണമില്ലാതെ ഒരു കാര്യവും നടക്കുകയില്ലല്ലോ.

1940-കളില്‍നിന്നു നേരെ 21-ാം നൂറ്റാണ്ടിന്റെ രണ്ടാംദശകത്തിലേയ്ക്കു വരിക. ഹിന്ദുത്വ രാഷ്ട്രീയത്തിനും ഭൂമിക്കും മുതലിനും മറ്റു വിഭവങ്ങള്‍ക്കും ഉടയോന്മാരായവര്‍ക്കും തമ്മിലുള്ള ബന്ധം മുന്‍പെന്നത്തേക്കാളുമധികം ഇപ്പോള്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നാണ് നിരീക്ഷക മതം. അത്തരമൊരു സന്ദര്‍ഭത്തിലാണ് അഭയമര്‍ത്ഥിച്ചുവരുന്ന ഒരന്യദേശക്കാരനു പൗരത്വമനുവദിച്ച് ഇന്ത്യയിലെ സമ്പത്തിലും സ്വത്തിലും ഒരോഹരി സമ്പാദിക്കാന്‍ അവസരമൊരുക്കുന്നത്. ഒരു പരമാധികാര രാഷ്ട്രത്തിലെ അംഗം എന്ന നിയമസാധുത ലഭിക്കുന്നത്. എന്തൊരുദാരതയെന്നു നോക്കുവെന്നു സ്തുതിപാഠകവൃന്ദം. ധര്‍മ്മപരിപാലനം (ധര്‍മ്മം എന്ന ഈ വാക്കിനോട് സൂക്ഷിച്ചു കളിക്കണം. എന്തെന്നാല്‍ ഹിന്ദി സംസാരിക്കുന്നവന്‍ മതം എന്ന അര്‍ത്ഥത്തിലും ഈ വാക്കുപയോഗിക്കും.) ജീവിതവ്രതമായിട്ടുള്ള ഭരതന്റെ പിന്മുറക്കാര്‍ ശിബി ചക്രവര്‍ത്തിയെപ്പോലെ ശരണമര്‍ത്ഥിച്ചു വരുന്നവരെ ഉപേക്ഷിക്കാറില്ലെന്നാണ്.

എന്നാല്‍, ശിബിയുടെ കാലമൊക്കെ കഴിഞ്ഞു. അഭയമരുളുന്നതിനും ചില മാനദണ്ഡങ്ങളുണ്ടെന്ന് അഭിനവ ഹിന്ദുഹൃദയ സാമ്രാട്ടുകള്‍. അഭയാര്‍ത്ഥിക്കായി മുന്‍നിശ്ചയിച്ചുവെച്ച മാനദണ്ഡങ്ങള്‍ എന്തെന്നു സൂക്ഷിച്ചുനോക്കിയാലേ കളി മനസ്സിലാകൂ. വെറും പൗരത്വമല്ല, ദേശീയത്വമാണ് (ചമശേീിമഹശ്യേ) നിര്‍വ്വചിക്കപ്പെടുന്നത് എന്നു തിരിയൂ. ഒരു വിശാല വംശീയസ്വത്വമുള്ള രാഷ്ട്രത്തിലെ അംഗം എന്നതാണ് അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരമുള്ള ദേശീയത്വത്തിന്റെ നിര്‍വ്വചനം.

എന്തായാലും ഒപ്പുവെച്ചില്ലെങ്കിലും 1951-ലെ റഫ്യൂജി കണ്‍വെന്‍ഷന്‍ അനുസരിച്ചു മുന്നോട്ടുപോകാനേ രാജ്യത്തിനു കഴിയൂ എന്നാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പൗരത്വ ഭേദഗതി ബില്ലിനെ (ഇശശ്വേലിവെശു അാലിറാലി േആശഹഹ, 2019) പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നത്. ഒരു സുവര്‍ണ്ണ ഭൂതകാലത്തെക്കുറിച്ചുള്ള സ്മരണകള്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കുന്ന രാഷ്ട്രീയത്തിനാണ് മുന്‍തൂക്കമെങ്കിലും കാലം മാറിയത് അംഗീകരിക്കണമല്ലോ.

ദേശീയതാ രാഷ്ട്രീയത്തിന്റെ കാലത്തെ പൗരത്വസങ്കല്പം

ഇന്നു ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയപ്രശ്‌നമാണ് അനധികൃത കുടിയേറ്റം. യു.എസ്. തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ 'ട്രംപ് കാര്‍ഡ്' ആയിരുന്നു അനധികൃത കുടിയേറ്റപ്രശ്‌നം. ആ അവസാന തുറുപ്പുചീട്ട് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനു ഗുണം ചെയ്തു. പ്രസിഡന്റായതില്‍ പിന്നെ ചില മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് വീസ നല്‍കരുതെന്നു നിയമമുണ്ടാക്കി. മെക്‌സിക്കോ അതിര്‍ത്തിയില്‍ വലിയൊരു മതിലും കെട്ടി. എന്നാല്‍, റോബര്‍ട്ട് ഫ്രോസ്റ്റിന്റെ 'മെന്‍ഡിംഗ് വോള്‍' എന്ന കവിതയിലെന്നപോലെ ഈ അതിര്‍ത്തിമതില്‍ ഇടയ്ക്കിടയ്ക്ക് അങ്ങുമിങ്ങുമായി തകര്‍ക്കപ്പെടുന്നുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഇമ്മാനുവേല്‍ മാക്രോണ്‍ എന്ന തീവ്ര വലതുപക്ഷ നേതാവിന്റെ കീഴിലുള്ള ഫ്രാന്‍സും കുടിയേറ്റവിരുദ്ധ നിയമമുണ്ടാക്കിയിട്ടുണ്ട്. അനധികൃത (മുസ്ലിം) കുടിയേറ്റത്താല്‍ 'പൊറുതിയില്ലാത്ത' രാജ്യങ്ങളിലൊന്നാണ് ഇന്ന് ബ്രിട്ടനും. എന്നാല്‍, ഈ രാജ്യങ്ങളെല്ലാം വികസിത രാജ്യങ്ങളാണ്. ഇവിടങ്ങളിലേയ്ക്കു മറ്റു രാജ്യങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്നതാകട്ടെ, തൊഴിലിനും മെച്ചപ്പെട്ട ജീവിതത്തിനും സമാധാനാന്തരീക്ഷത്തിനും വേണ്ടിയുള്ള അന്വേഷണമാണ്. അതിനാല്‍ വിശാലാര്‍ത്ഥത്തില്‍ ഇന്ത്യയിലെ കുടിയേറ്റ പ്രശ്‌നവുമായി അവ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു പറയാം.

എന്നിരുന്നാലും അനധികൃത കുടിയേറ്റം എന്ന പ്രശ്‌നം രൂക്ഷമാകുന്നത് ശീതയുദ്ധാനന്തരമാണെന്നതും അതു കൂടുതലായും പ്രയോജനം ചെയ്യുന്നത് അതതു രാജ്യങ്ങളിലെ ഫാസിസ്റ്റ് സ്വഭാവമുള്ള, വലതുപക്ഷ രാഷ്ട്രീയത്തിനാണെന്നതും ശ്രദ്ധേയമാണ്.

ഒരു രാജ്യത്തെ ആദ്യജനത ആരാണെന്ന ചോദ്യം കൂടുതല്‍ വ്യക്തമായി മുഴങ്ങുക ആ രാജ്യത്ത് ദേശീയതാ രാഷ്ട്രീയം ശക്തിപ്പെടുമ്പോഴാണ് എന്നു പറയാറുണ്ട്. അത്തരമൊരു കാലത്ത് ഈ ആദ്യജനതയുടെ വംശീയസ്വത്വമാണ് ദേശീയത്വം (ചമശേീിമഹശ്യേ) എന്ന വാദത്തിനു പ്രാമുഖ്യം ലഭിക്കും. ഈ വിശാല വംശീയസ്വത്വത്തെ അടിസ്ഥാനമാക്കിയ രാഷ്ട്രത്തിലെ അംഗമെന്ന അംഗീകാരമായിരിക്കും അപ്പോള്‍ പൗരത്വം.
 
ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രത്തിന്റെ പ്രണേതാക്കളില്‍ പ്രമുഖനായ സവര്‍ക്കര്‍ 'എസ്സെന്‍ഷ്യല്‍സ് ഒഫ് ഹിന്ദുത്വ' എന്ന പുസ്തകത്തില്‍ ആരാണ് ഹിന്ദു എന്നും എന്താണ് ഹിന്ദുത്വം എന്നും നിര്‍വ്വചിക്കാന്‍ മുതിരുന്നുണ്ട്. ഹിന്ദുക്കളുടെ രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം വാദിക്കുന്നു. എന്തെന്നാല്‍ ഹിന്ദുവിശ്വാസം ഇന്ത്യയില്‍ ആവിര്‍ഭവിച്ചതായതുകൊണ്ട് അവരുടെ വംശീയത (എത്നിസിറ്റി) ഇന്ത്യനാണ്. ഇന്ത്യയില്‍ത്തന്നെ ഉത്ഭവിച്ച സിഖ്, ബുദ്ധ, ജൈന വിശ്വാസങ്ങളെപ്പോലെയുള്ളവയും ഇന്ത്യനാണ്. ഹിന്ദുക്കളായ അച്ഛനമ്മമാര്‍ക്കു ജനിച്ചവരാണെങ്കില്‍പ്പോലും ക്രിസ്തുമതമോ ഇസ്ലാം മതമോ സ്വീകരിച്ചാല്‍ അവര്‍ ഈ രാജ്യത്തിന്റെ അവകാശികളാകില്ല. അതായത് ഹിന്ദുക്കളായ അച്ഛനമ്മമാര്‍ക്കു ജനിച്ച, ഭാരതവര്‍ഷത്തെ മാതൃഭൂമിയും പുണ്യഭൂമിയുമായി കണക്കാക്കുന്ന, തന്റെ മതവിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായി ഈ ഭൂവിഭാഗത്തെ കണക്കാക്കുന്ന ആരും ഹിന്ദുവാണ്. അതായത് സവര്‍ക്കരുടെ നിര്‍വ്വചനപ്രകാരം ഇസ്ലാം മതസ്ഥര്‍ക്ക് ഇന്ത്യക്കാരനെന്ന് അവകാശപ്പെടാനാകില്ല. എന്നാല്‍, ഇസ്ലാമിനോട് എടുക്കുന്ന കടുത്ത നിലപാട് മറ്റു മതസ്ഥരോടില്ല. പാഴ്‌സികളാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഹിന്ദുക്കള്‍ക്ക് ഏറ്റവും സ്വീകാര്യര്‍. ഇസ്ലാം മതസ്ഥരോടുള്ള സമീപനമല്ല ക്രിസ്ത്യാനികളോട് എന്നതും ശ്രദ്ധേയമാണ്. അവരുടെ മതപരിവര്‍ത്തന ശ്രമങ്ങളെ കരുതിയിരിക്കണമെന്നു പറയുന്ന അദ്ദേഹം ക്രിസ്ത്യാനികളെ പരിഷ്‌കൃതരായ ആളുകളായിട്ടാണ് കണ്ടത്.

പ്രഖ്യാപിത സവര്‍ക്കറൈറ്റായ അമിത് ഷാ അന്നത്തെ ഇന്ത്യയിലെ മുസ്ലിങ്ങളേയും ഹിന്ദുക്കളേയും രണ്ടു രാഷ്ട്രങ്ങളായി കാണുന്ന സവര്‍ക്കറെപ്പോലെ ജിന്നയോട് വിയോജിപ്പില്ലാത്ത ആളാണെന്നു വിഖ്യാത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ആരോപിക്കുന്നുണ്ട്. ഈ ആരോപണത്തെ സാധൂകരിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ പൗരത്വബില്‍ നല്‍കുന്നുണ്ടെന്ന് ആര്‍ക്കൊക്കെയാണ് പൗരത്വം നല്‍കാന്‍ കഴിയുക എന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ വ്യക്തമാക്കുന്നുണ്ടെന്നു പറയേണ്ടിവരും. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പീഡിത മതന്യൂനപക്ഷങ്ങളായ ഹിന്ദു വിശ്വാസികള്‍, ബൗദ്ധ-ജൈന വിശ്വാസികള്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കു പൗരത്വം നല്‍കാമെന്നു ബില്‍ പറയുമ്പോള്‍ പാകിസ്താനിലെ 80 ലക്ഷം വരുന്ന അഹമ്മദിയാ മുസ്ലിങ്ങളെക്കുറിച്ച് അതു നിശ്ശബ്ദമാണ്. പാകിസ്താനിലും മറ്റും മതപരമായ പീഡനം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങുന്ന, മുസ്ലിങ്ങളായി കണക്കാക്കപ്പെടാത്ത അഹമ്മദിയ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ മുസ്ലിം വിഭാഗത്തില്‍പ്പെടുന്നവരാണ്. അവരെക്കൂടി ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടിവന്നാല്‍ മുസ്ലിം എന്ന പദം പട്ടികയില്‍ വരും. സൂക്ഷ്മപരിശോധനയില്‍ പ്രത്യയശാസ്ത്രപരമായ നിഷ്‌കര്‍ഷയോടുകൂടി അത്യന്തം ശ്രദ്ധേയമായി തയ്യാറാക്കിയ ഒന്നാണ് ഈ പട്ടികയെന്നു ബോധ്യപ്പെടും. ശാസ്ത്രജ്ഞന്മാരും ചരിത്രകാരന്മാരും ബുദ്ധിജീവികളും ആരോപിക്കുന്നതുപോലെ തൊട്ടടുത്തു കിടക്കുന്ന ചില അയല്‍രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളാണ് ബില്ലിനു പ്രേരകമെന്നു പറയുന്നുണ്ടെങ്കിലും ആത്യന്തികമായി അത് ഇന്ത്യന്‍ മുസ്ലിമിന്റെ പൗരത്വത്തിന്റെ നിയമപരമായ പിന്‍ബലം ഇല്ലാതാക്കുകയെന്നതിലായിരിക്കും ചെന്നെത്തുക എന്നു ന്യായമായും സംശയിക്കേണ്ടിവരും.

അസ്വസ്ഥമാകുന്ന വടക്കുകിഴക്കന്‍ ഇന്ത്യ

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കെതിരെയുള്ള ക്രിമിനല്‍ ആക്രമണമാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ഗാന്ധി കുറിച്ചത്. വടക്കുകിഴക്കിനെ വംശീയമായി തുടച്ചുനീക്കാനുള്ള ശ്രമമാണ് ഇതെന്നും രാഹുല്‍ഗാന്ധി ഒരു ട്വീറ്റിലൂടെ പ്രതികരിച്ചിട്ടുണ്ട്. ബില്ലിനെ ഈ വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ക്രിമിനല്‍ ആക്രമണമായും അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്. ദേശീയ പൗരത്വ റജിസ്റ്ററിനേയും പൗരത്വ ഭേദഗതി ബില്ലിനേയും തുടര്‍ന്നു വടക്കു കിഴക്കന്‍ ഇന്ത്യയില്‍ പൊതുവേ സംജാതമായിട്ടുള്ള വികാരങ്ങളുടെ കൂടെയാണ് തന്റെ പാര്‍ട്ടിയെന്ന് രാഹുല്‍ഗാന്ധി ശങ്കകൂടാതെ വ്യക്തമാക്കുന്നുണ്ട് ഈ പ്രസ്താവന മുഖാന്തരം.

ബംഗ്ലാദേശില്‍നിന്നും മറ്റുമുള്ള കുടിയേറ്റത്തെ കുടിയേറ്റ കോളനിവല്‍ക്കരണമായി കാണുന്നവരാണ് അസ്സമിലെ വിവിധ ഗോത്രവര്‍ഗ്ഗ രാഷ്ട്രീയ ഗ്രൂപ്പുകള്‍. 1985-ലെ അസ്സം ഉടമ്പടിയുടെ അന്തസ്സത്തയ്ക്കു വിരുദ്ധമാണ് പുതിയ ബില്ലെന്നും അതു സംസ്ഥാനത്തെ ഗോത്രവര്‍ഗ്ഗ മേഖലകളെ അനധികൃത കുടിയേറ്റക്കാരുട ഡംപിംഗ് യാര്‍ഡ് ആക്കി മാറ്റുമെന്നുമുള്ള പ്രചരണങ്ങള്‍ വിഘടനവാദ സ്വഭാവമുള്ള അസ്സം സ്റ്റുഡന്‍സ് യൂണിയന്‍പോലുള്ള സംഘടനകള്‍ ശക്തമാക്കിയിട്ടുണ്ട്. കുടിയേറ്റവിരുദ്ധ പ്രക്ഷോഭത്തില്‍ ആയിരത്തോളം പേരെ അത്തരം സംഘടനകള്‍ക്കു നഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ ചോര വെറുതെയാകില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തങ്ങളുടെ കടമയാണെന്ന് ആസു നേതാക്കള്‍ പലവുരു ഇതിനകം ആവര്‍ത്തിച്ചു കഴിഞ്ഞു. ബില്‍ നിലവില്‍ വന്നാല്‍ 1971 മാര്‍ച്ച് 24-നുശേഷം അസ്സമിലേയ്ക്കു കുടിയേറിയവരെ വിദേശികളായി കണക്കാക്കുമെന്നതാണ് അസം ഉടമ്പടിയുടെ കാതല്‍. ബംഗ്ലാദേശികളായ ഹിന്ദു വിദേശികളുടെ ഭാരം തങ്ങളിലേല്പിക്കുന്നതാണ് ബില്ലെന്നും അവര്‍ പറയുന്നു.

കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്സ് ഗവണ്‍മെന്റിന്റെ മൗനാനുവാദത്തോടെ നടന്ന ബംഗാളി-ഗോത്രവര്‍ഗ്ഗ സംഘര്‍ഷം ഏറെക്കാലം സൈ്വര്യജീവിതം തകര്‍ത്ത ത്രിപുരയിലും സ്ഥിതിഗതികള്‍ ബില്ലിനെ തുടര്‍ന്നു വഷളായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രിപുരയിലും സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുകയാണ്. പൗരത്വഭേദഗതി ബില്ലിനെതിരെ നടന്ന ബന്ദിനെ തുടര്‍ന്നും ഗോത്ര-ഗോത്രേതര സംഘര്‍ഷങ്ങള്‍ ശക്തിപ്പെട്ടതിന്റെ പശ്ചാത്തലത്തിലും ആ സംസ്ഥാനത്ത് മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു.

പൗരത്വം സംബന്ധിച്ചു നിയമങ്ങളില്‍ ഇങ്ങനെയൊരു ഭേദഗതി ആലോചിക്കുന്നതിനു മുന്‍പ് ഗോത്ര-മതന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉണ്ടാകാവുന്ന ആശങ്കകളെ അഭിസംബോധന ചെയ്യുന്നതിനു കാര്യമായ ഒരു ശ്രമവും നടന്നിട്ടില്ല എന്ന യാഥാര്‍ത്ഥ്യത്തെയാണ് ഈ വിഭാഗങ്ങളിലും ചില പ്രദേശങ്ങളിലും ശക്തിപ്പെടുന്ന തീവ്ര പ്രതികരണങ്ങള്‍ കാണിക്കുന്നത്. കശ്മീരിനെ വിഭജിക്കുകയും സംസ്ഥാനപദവി എടുത്തുകളയുകയും ചെയ്തതിനുശേഷം ആഭ്യന്തരമന്ത്രി പറഞ്ഞത് ഇനി പൗരത്വം സംബന്ധിച്ച ചില നീക്കങ്ങളാണ് നടത്താനുള്ളത് എന്നതാണ്. രാജ്യം മുഴുവന്‍ ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. സാമ്പത്തികരംഗത്തെ ദേശീയതാ സമീപനങ്ങള്‍ പഴഞ്ചനെന്നു തള്ളി ആഗോളവല്‍ക്കരണത്തേയും ഉദാരവല്‍ക്കരണത്തേയും സ്വകാര്യവല്‍ക്കരണത്തേയും പ്രോത്സാഹിപ്പിക്കുമ്പോള്‍ രാഷ്ട്രീയരംഗത്ത് തീവ്രദേശീയ അജന്‍ഡയുമായി മുന്നോട്ടുപോകാനുള്ള ദൃഢനിശ്ചയം സംഘ്പരിവാറിന്റെ രക്ഷാകര്‍ത്തൃത്വത്തിലുള്ള കേന്ദ്രം ഭരിക്കുന്ന മുന്നണി വ്യക്തമാക്കിക്കഴിഞ്ഞു. പാര്‍ലമെന്റില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതില്‍പ്പോലും പ്രതിപക്ഷം വേണ്ട രീതിയില്‍ വിജയിച്ചോ എന്നത് സംശയമാണ്.

ലോക്‌സഭയില്‍ ഇത്തരത്തില്‍ സുപ്രധാനമായ ഒരു ബില്ലിന്റെ അവതരണം നടക്കുന്ന വേളയില്‍ പ്രതിപക്ഷത്തുനിന്നുള്ളവരുള്‍പ്പെടെ നിരവധി അംഗങ്ങള്‍ സഭയിലുണ്ടായില്ല. ലോക്സഭയുടെ ആകെ അംഗബലം ഇപ്പോള്‍ 545 ആണ്. എന്നാല്‍, പൗരത്വഭേദഗതി ബില്‍ വോട്ടിനിട്ടപ്പോള്‍ ബില്ലിന് അനുകൂലമായി 311 അംഗങ്ങളും എതിര്‍ത്ത് 80 അംഗങ്ങളും നിലകൊണ്ടു. ഒരു സുപ്രധാന ബില്‍ ലോകസഭയില്‍ വോട്ടിനിട്ടപ്പോള്‍ 154 അംഗങ്ങള്‍ സഭയില്‍ ഹാജരുണ്ടായിരുന്നില്ല. ലോക്‌സഭയുടെ ഏതാണ്ട് 30 ശതമാനം. പങ്കെടുക്കാത്തവരില്‍ ഭൂരിഭാഗവും പ്രതിപക്ഷത്തു നിന്നാണെന്നതാണ്  ശ്രദ്ധേയം.

പ്രതിപക്ഷ ജാഗ്രത അനിവാര്യം- ശബ്‌നം ഹഷ്മി

ഒറ്റവാക്കില്‍ പറഞ്ഞാല്‍ പൗരത്വ ഭേദഗതി ബില്‍ മതപരമായ വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതും നിയമത്തിനു മുന്‍പാകെ തുല്യാവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 14-ന്റെ അന്തസ്സത്തയ്ക്കു നിരക്കാത്ത, ഭരണഘടനാ വിരുദ്ധമായ ഒന്നുമാണ്. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിന്റെ മറവില്‍ ഇന്ത്യന്‍ മുസ്ലിം പൗരനുള്ള നിയമപരമായ സാധുത ചോദ്യം ചെയ്യുകയാണ് ഉദ്ദേശ്യം. ബംഗ്ലാദേശില്‍ത്തന്നെ പീഡിപ്പിക്കപ്പെടുന്ന ഇസ്ലാം മതവിശ്വാസികള്‍, പാകിസ്താനിലെ അഹമ്മദിയാ വിഭാഗക്കാര്‍, റോഹിംഗ്യകള്‍, ശ്രീലങ്കന്‍ തമിഴര്‍ തുടങ്ങിയവരുടെ കാര്യത്തിലൊക്കെ ഈ ബില്‍ നിശ്ശബ്ദമാണ്. ഇതു കാണിക്കുന്നത് കേന്ദ്രഭരണകൂടത്തിന്റെ ദുരുദ്ദേശ്യമാണ്. കുടിയേറ്റം സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനം കൂടിയാണ് ഈ ബില്‍.

അതേസമയം പ്രതിപക്ഷ കക്ഷികളുടെ ഉദാസീന സമീപനം ഖേദകരമാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച ഉണ്ടായെങ്കിലും പല കക്ഷികളും പലതട്ടിലാണ്. പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സിനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരം പറേയണ്ട ബാധ്യത. ലോകത്തെവിടെയും ഫാസിസം ശക്തിപ്പെടുന്നത് ഇത്തരത്തില്‍ ജനാധിപത്യശക്തികളില്‍ വളരുന്ന അനൈക്യത്തെ മുതലെടുത്തുകൊണ്ടാണെന്നു കാണാം. 370-ാം വകുപ്പ് എടുത്തുകളയുമ്പോള്‍ അതിനെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നാം കണ്ട അനൈക്യം ഉദാഹരണമാണ്. ചിദംബരവും ശശി തരൂരും മറ്റും ഗവണ്മെന്റ് നീക്കത്തെ ആ സന്ദര്‍ഭത്തില്‍ എതിര്‍ത്തപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യയും മറ്റു ചില നേതാക്കളും എതിര്‍പ്പിന്റെ കൂടെ ഉണ്ടാകാതിരിക്കുകയോ ചാഞ്ചാടിക്കളിക്കുകയോ ചെയ്തു. മറ്റു പ്രതിപക്ഷ കക്ഷികളുടേയും കാര്യം വ്യത്യസ്തമല്ല. അവരുടെ അണികളേയും ഇടത്തരം നേതാക്കളേയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഈ പാര്‍ട്ടികളുടെ ഉന്നത നേതൃത്വം പരാജയപ്പെടുകയാണ്. ഏതായാലും ഈ ബില്‍ രാജ്യത്തിന്റെ ശിഥിലീകരണത്തിനും സാമൂഹ്യ അതൃപ്തിക്കും ആക്കംകൂട്ടുക തന്നെ ചെയ്യും.

മതവിവേചനം അക്കാദമിക സമൂഹത്തേയും തകര്‍ക്കും- രാമചന്ദ്ര ഗുഹ

രണ്ടുതരത്തിലാണ് ഞാന്‍ ഈ പൗരത്വ ഭേദഗതി ബില്ലിനെ കാണുന്നത്. ഒന്ന്, അത് മതപരമായ ശാഠ്യങ്ങളുടെ ഭാഗമായിട്ട്. മറ്റൊന്ന് മാധ്യമ തലക്കെട്ടുകള്‍ കയ്യടക്കാനുള്ള ശ്രമമായിട്ട്. തീര്‍ച്ചയായും ഈ ഭരണത്തെ ബാധിച്ചിട്ടുള്ള മുസ്ലിം വിരുദ്ധത എന്ന രോഗത്തിന്റെ ലക്ഷണമാണ് ഇതെന്നും പറയാം. നമ്മുടെ സമ്പദ്വ്യവസ്ഥ നേരിടുന്ന തകര്‍ച്ചയില്‍നിന്നു ജനശ്രദ്ധ തിരിക്കാന്‍ അതു പരിഭ്രാന്തമായ ശ്രമത്തിലാണ് എന്നും ഈ സന്ദര്‍ഭത്തില്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. മതപരമായ വിവേചനങ്ങളുടെ അങ്ങേയറ്റമാണ് ഇത്.

ഇങ്ങനെയുള്ള മതപരമായ മര്‍ക്കടമുഷ്ടികളുടെ ഫലം ദൂരവ്യാപകമാണ്. നമ്മുടെ ബൗദ്ധികതലത്തില്‍പ്പോലും ഇതു വലിയ പ്രത്യാഘാതം ഉണ്ടാക്കും. പൗരത്വ ഭേദഗതി ബില്ലും ഹിന്ദു ഭൂരിപക്ഷവാദവും മസ്തിഷ്‌കച്ചോര്‍ച്ച (ആൃമശി റൃമശി) എന്ന സാമൂഹ്യാവസ്ഥയുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കും. വെറുപ്പും മതഭ്രാന്തും കൊണ്ടുമാത്രം ശ്രദ്ധിക്കപ്പെടുന്ന ഒരു രാജ്യത്തേയ്ക്ക് വിദേശത്ത് വിദ്യാഭ്യാസം നേടുന്ന ശാസ്ത്രജ്ഞര്‍ ആരും തന്നെ മടങ്ങിവരികയില്ല. നമ്മുടെ ശാസ്ത്രമേഖലയെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമാണ് ഇപ്പോഴത്തെ കേന്ദ്രഭരണം. ഇതിനകം തന്നെ മാനവവിഭവശേഷി വകുപ്പുമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന അറിവില്ലായ്മയെ ആഘോഷിക്കുന്ന പിത്തലാട്ടങ്ങളില്‍ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാര്‍ നടുങ്ങിയിരിക്കുകയാണ്. പൗരത്വ ഭേദഗതി ബില്‍ അവരുടെ ആശങ്കകളെ ശരിവയ്ക്കുന്നുണ്ട്. നൊബേല്‍ സമ്മാനജേതാവായ വെങ്കടരാമന്‍ രാമകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചതുപോലെ മുന്‍വിധികളില്ലാതെ താന്താങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുന്ന ഒരന്തരീക്ഷമാണ് ശാസ്ത്രജ്ഞരുള്‍പ്പെടെയുള്ള വൈജ്ഞാനിക സമൂഹത്തിനു വളര്‍ച്ചയ്ക്കു വേണ്ടത്. ഹിറ്റ്‌ലര്‍ വരുത്തിവച്ച നാശനഷ്ടങ്ങളില്‍നിന്നു കരകയറാന്‍ അമ്പതുവര്‍ഷം വേണ്ടിവന്നുവെന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ പറയുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലൂന്നി ജനിതകശാസ്ത്രം എതിര്‍ക്കപ്പെട്ട സോവിയറ്റ് യൂണിയനും ഇതേ അനുഭവമാണെന്നു കാണാന്‍ കഴിയും. ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയ പ്രത്യയശാസ്ത്രങ്ങളുള്ള രാഷ്ട്രങ്ങളെല്ലാം തന്നെ ശാസ്ത്രത്തെ തകര്‍ക്കുന്നതിലാണ് എത്തിച്ചേര്‍ന്നത്. ദേശീയതയുടെ മണ്ഡലത്തില്‍ മുന്‍വിധികളും പ്രത്യയശാസ്ത്രവും അടിച്ചേല്പിക്കുന്നതിനോട് എളുപ്പം പ്രതികരിക്കുന്നവരാണ് വിശേഷിച്ചും ശാസ്ത്രജ്ഞര്‍. അത്തരം നിലപാടുകള്‍ അവര്‍ ജോലി ചെയ്യുന്ന അന്തരീക്ഷത്തെ ബാധിക്കുമെന്നുള്ളതുകൊണ്ടാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com