ഈ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കാമോ ജീവിച്ചുകാണിക്കാന്‍

ആരുടെയൊക്കെയോ വഴിവിട്ട മോഹങ്ങളിലേക്ക് ബലമായി വലിച്ചിഴക്കപ്പെട്ട നിസ്സഹായരായ പെണ്‍കുട്ടികളുടെ അഭയകേന്ദ്രമായ മഹിള സമഖ്യയിലെ പ്രകാശം പരത്തുന്ന പെണ്‍കുട്ടികളിലൊരാള്‍.
റെയ്ഹാനത്ത്
റെയ്ഹാനത്ത്

റെയ്ഹാനത്ത് ഇപ്പോള്‍ ജീവിതത്തിലേയ്ക്കു തിരിച്ചുകയറിവന്നു പുഞ്ചിരിച്ചു നില്‍പ്പാണ്; ആരുടെയൊക്കെയോ വഴിവിട്ട മോഹങ്ങളിലേക്ക് ബലമായി വലിച്ചിഴക്കപ്പെട്ട നിസ്സഹായരായ പെണ്‍കുട്ടികളുടെ അഭയകേന്ദ്രമായ മഹിള സമഖ്യയിലെ പ്രകാശം പരത്തുന്ന പെണ്‍കുട്ടികളിലൊരാള്‍. രണ്ടുവട്ടം അര്‍ബ്ബുദം വന്ന് ഉഴുതുമറിച്ചു പോയവള്‍. ചായം മാത്രമല്ല, മനസ്സും കൊടുത്തു വരച്ചുകൂട്ടിയ അതിമനോഹര ചിത്രങ്ങളുടെ ശേഖരവും ജീവിതം വേദനിപ്പിക്കുന്ന അനുഭവമായി മാറിയ വേറെയും കുറേ പെണ്‍കുട്ടികളുമാണ് കൂട്ട്. പടം വരയ്ക്കുന്നതാണ് ഏറ്റവും ഇഷ്ടമുള്ളതും ഏറെ ആശ്വാസം നല്‍കുന്നതും. ''വിഷമം മറക്കാനാണ് വരച്ചുകൂട്ടിയത്. ചിലപ്പോള്‍ രാത്രി പുലരുന്നതുവരെയൊക്കെ വരയ്ക്കുമായിരുന്നു'' റെയ്ഹാനത്തിന്റെ വാക്കുകള്‍. വിഷമം, ജീവിതം കടന്നുവന്ന വഴികളെക്കുറിച്ചും രോഗത്തെക്കുറിച്ചുമാണ്. പക്ഷേ, ഇപ്പഴിപ്പോള്‍ ഈ രണ്ടു വിഷമങ്ങളേയും മറികടക്കുന്ന മനക്കരുത്ത് നേടിയെടുത്തിരിക്കുന്നു. അതുകൊണ്ടാണ് തന്റേതുപോലുള്ള ജീവിതസാഹചര്യങ്ങളില്‍ പെട്ടുപോകുന്ന പെണ്‍കുട്ടികളോട് ഇങ്ങനെ പറയാന്‍ റെയ്ഹാനത്തിനു സാധിക്കുന്നത്: ''തളര്‍ന്നുപോകരുത്, ജീവിതം തീര്‍ന്നുപോയി എന്നു വിചാരിക്കുകയും ചെയ്യരുത്, തന്റേടത്തോടെ ജീവിക്കണം, ജീവിച്ചു കാണിക്കണം.'' സ്വന്തം പേരും അനുഭവങ്ങളും തുറന്നു പറഞ്ഞ്, ഇതാണ് ഞാന്‍ എന്ന ആത്മവിശ്വാസത്തോടെ ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കാന്‍ കഴിയുന്നതും ഈ മനക്കരുത്തുകൊണ്ടുതന്നെ. താന്‍ വരച്ച ചിത്രങ്ങള്‍ മാത്രം ലോകത്തെ കാണിച്ച്, സ്വയം മറഞ്ഞിരിക്കാന്‍ റെയ്ഹാനത്ത് തയ്യാറല്ല. ആ ദുരനുഭവങ്ങളുടെ കാലത്തിലേക്ക് ഓര്‍മ്മകളിലൂടെപ്പോലുമൊന്നു പോകുന്നുമില്ല. തന്നെ ഇരയാക്കിയ പ്രതികള്‍ക്ക് നിയമപരമായ ശിക്ഷ വാങ്ങിക്കൊടുത്തുകഴിഞ്ഞു. ചിത്രങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മറ്റെല്ലാത്തിനും വിട.

കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ പെന്‍സിലും പേനയുംകൊണ്ട് നന്നായി വരയ്ക്കുമായിരുന്നു. അന്നു വരച്ചത് ക്ലാസ്സിലെ റെക്കോഡുകളും മറ്റുമാണെങ്കില്‍ ഇപ്പോള്‍ വരയ്ക്കുന്നത് സ്വന്തം പ്രതിഭയ്ക്ക് മാറ്റുകൂട്ടാന്‍ കൂടിയാണ്. രണ്ടും തമ്മിലുള്ള അന്തരം ചെറുതല്ല. ചിത്രരചന പ്രൊഫഷണലായി പഠിക്കണം എന്നാണ് സ്വപ്നം. പഠനം പതിനൊന്നാം ക്ലാസ്സിന്റെ തുടക്കത്തില്‍ നിലച്ചു. അതുകൊണ്ട് സാക്ഷരതാ മിഷന്റെ തുല്യതാക്ലാസ്സ് വഴി പന്ത്രണ്ടാം ക്ലാസ്സ് പൂര്‍ത്തിയാക്കി ഫൈനാര്‍ട്ട്സ് കോളേജില്‍ ചേര്‍ന്നു ചിത്രരചന പഠിക്കണം എന്നത് ആഗ്രഹവും. പക്ഷേ, അതെത്രത്തോളം സാധിക്കും എന്നുറപ്പില്ല. തല്‍ക്കാലത്തേയ്ക്കു മാറിനില്‍ക്കുന്ന രോഗം മുന്‍പു വന്നുപോയതിന്റെ ഭാഗമായ ചില വല്ലായ്മകള്‍ ബാക്കിയുണ്ട്. തുടര്‍ച്ചയായി ക്ലാസ്സില്‍ പോയി പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റില്ല. അസ്വസ്ഥയാകും, മനസ്സുകൊണ്ടും ശരീരംകൊണ്ടും. അതുകൊണ്ട് പ്രതിസന്ധികളുടെ വേദനക്കാലത്തൊന്നും വീണുപോകാത്ത ഈ ഇരുപത്തിയൊന്നുകാരിക്ക് വേണ്ടത് സ്വപ്നം സഫലമാക്കാനുള്ള പിന്തുണയാണ്. റെയ്ഹാനത്തിന്റെ സ്ഥിതി മനസ്സിലാക്കി ദിവസവും കുറച്ചു സമയം അവള്‍ക്കൊപ്പം ചെലവിട്ട് ചിത്രരചന കൂടുതല്‍ പഠിപ്പിക്കാന്‍ കഴിയുന്ന ആരെങ്കിലുമെത്തിയാല്‍ അതാകും വലിയ പിന്തുണ. 

സ്‌നേഹിക്കുന്നവര്‍

മധ്യകേരളത്തിലെ ഒരു ചെറുപട്ടണമാണ് റെയ്ഹാനത്തിന്റെ നാട്. മാതാപിതാക്കളും സഹോദരനുമുണ്ട്. അമ്മയ്ക്കു കുറേക്കാലമായി മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനു ചികിത്സയ്ക്കായി അവരെക്കൂട്ടി ബന്ധുക്കള്‍ പലപ്പോഴായി പോയപ്പോള്‍ അച്ഛനില്‍നിന്നു തുടര്‍ച്ചയായ ദുരനുഭവമുണ്ടായി, അതു കണ്ടുവന്ന സഹോദരനില്‍നിന്നും. രക്ഷകരാകേണ്ടവരെ പേടിക്കാതെ ജീവിക്കാന്‍ വയ്യെന്നു വന്നു. സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മഹിളാ സമഖ്യ ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തകരോട് റെയ്ഹാനത്തിന്റെ സ്ഥിതി മനസ്സിലാക്കിയ കൂട്ടുകാരിയാണ് സൂചന നല്‍കിയത്. പിന്നെ റെയ്ഹാനത്തും തുറന്നു പറഞ്ഞു, കണ്ണീരോടെയും പതിമൂന്നുകാരിയുടെ അപ്പോഴും മാറാത്ത അമ്പരപ്പോടെയും. വീട് സുരക്ഷിതമല്ല എന്നു വന്നതോടെ സംരക്ഷണം മഹിളാ സമഖ്യ കേന്ദ്രം ഏറ്റെടുത്തു. മലബാറിലെ അവരുടെ ഷോര്‍ട്ട് സ്റ്റേ ഹോമുകളിലൊന്നിലേയ്ക്കു മാറ്റി. 2010-ല്‍ ആയിരുന്നു അത്. 

കേസ് നടക്കുന്നതിനിടെയാണ് രോഗവിവരം വ്യക്തമായത്. ഹോഡ്കിന്‍സ് ലിംഫോമ എന്ന ഇനം അര്‍ബ്ബുദം. പിന്നെ ചികിത്സയുടെ കാലം. ആദ്യമൊക്കെ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി) ചെന്നു ചികിത്സിച്ചു ദിവസങ്ങള്‍ കഴിഞ്ഞു മടങ്ങുമായിരുന്നു. കീമോ തെറാപ്പിയും റേഡിയേഷനുമെല്ലാമായി മനസ്സും ശരീരവും തളര്‍ന്നു. സ്വന്തക്കാരായി ആരുമില്ലല്ലോ എന്നു ചിലപ്പോഴൊക്കെ വേദനിച്ചെങ്കിലും അതിനെ മറികടക്കുന്ന സ്‌നേഹവും വാത്സല്യവും കരുതലും കിട്ടി. അതിന്റെ തുടര്‍ച്ചയാണ് തിരുവനന്തപുരത്തേയ്ക്കു സ്ഥിരമായി എത്തിയ ശേഷം ചിത്രരചനയ്ക്ക് പലരില്‍നിന്നു ലഭിച്ച ചെറുതും വലുതുമായ സഹായങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ ജെന്‍ഡര്‍ അഡൈ്വസറായിരുന്ന ഗീതാ ഗോപാല്‍, ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്ന ടി.എ. സത്യപാല്‍, ചിത്രകാരി സിന്ധു ദിവാകരന്‍, മഹിളാ സമഖ്യ കേന്ദ്രത്തിലെ (എം.എസ്.കെ) സരോജം അങ്ങനെ പലരും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പിന്തുണച്ചു. റെയ്ഹാനത്ത് നന്ദിയോടെ പറയുന്ന പേരുകളില്‍ ആര്‍.സി.സിയിലെ ഡോ. ശ്രീജിത്ത്, ഐ.ജി ദിനേശ് കശ്യപിന്റെ ഭാര്യ പൂജാ കശ്യപ്, മഹിളാ സമഖ്യ സൊസൈറ്റി (എം.എസ്.എസ്) ഡയറക്ടര്‍ പി.ഇ. ഉഷ, സഹപ്രവര്‍ത്തക ബോബി ജോസഫ് എന്നിവരുമുണ്ട്.

ഗീതാ ഗോപാല്‍ ലോകത്ത് എവിടെപ്പോയി വരുമ്പോഴും ചിത്രരചനയെ സഹായിക്കുന്ന എന്തെങ്കിലുമൊക്കെ വാങ്ങിക്കൊടുത്തു, കൊടുത്തുകൊണ്ടിരിക്കുന്നു, സത്യപാല്‍ തുടര്‍ച്ചയായി പ്രേരണയും പിന്തുണയും നല്‍കി. മഹിളാ സമഖ്യയിലെ പെണ്‍കുട്ടികള്‍ക്കു മാത്രമായി നാലിടത്ത് ലളിതകലാ അക്കാദമി ചിത്രരചനാ പരിശീലന ക്യാമ്പുകള്‍ നടത്തിയത് അദ്ദേഹം ചെയര്‍മാനായിരുന്നപ്പോഴാണ്. സത്യപാലിന്റെ ശിഷ്യയാണ് അദ്ദേഹം വഴിതന്നെ വന്ന സിന്ധു. അവരും പൂജയും ചിത്രകലയില്‍ തങ്ങള്‍ക്ക് അറിയാവുന്നത് കഴിയുന്നത്ര പകര്‍ന്നുകൊടുത്തു. അര്‍ബ്ബുദത്തിന്റെ വിവരിക്കാനാകാത്ത വേദന നിറഞ്ഞ എത്രയോ സന്ദര്‍ഭങ്ങളില്‍ ഡോ. ശ്രീജിത്തും സരോജവും ബോബിയും കരുത്തായി; സ്വന്തം അമ്മയുടെ സ്ഥാനത്തുതന്നെയാകുന്നു പി.ഇ. ഉഷ. തിരുവനന്തപുരം എം.എസ്.എസ്സില്‍ എത്തിയിട്ട് ആറു വര്‍ഷമാകുന്നു. 

വിലപ്പെട്ട ജീവിതം

ഹോഡ്കിന്‍സ് ലിംഫോമ ചെറിയ കടന്നാക്രമണമല്ല നടത്തിയത്. കീമോ തെറാപ്പി കഴിഞ്ഞപ്പോള്‍ മുടിമുഴുവന്‍ കൊഴിഞ്ഞുപോയി. ശരീരത്തിലെ തൊലിയും കൈകാലുകളിലെ നഖങ്ങളും അടര്‍ന്നുപോയി. വേദനയുടെ അങ്ങേയറ്റം. കൈകാലുകള്‍ക്കുള്ളില്‍ ചുളുചുളുപ്പ് അനുഭവപ്പെടും. പുറമേയ്ക്ക് ചൊറിഞ്ഞാലോ മാന്തിയാല്‍പ്പോലുമോ അതിനൊട്ടും ശമനം വരില്ല. ദിവസങ്ങളോളം ഭക്ഷണം കഴിക്കാന്‍ പറ്റില്ല. കണ്ടുനില്‍ക്കുന്നവര്‍പോലും തകര്‍ന്നു പോകുന്നതായിരുന്നു ആ കാലമെന്നു ബോബി ഓര്‍മ്മിക്കുന്നു. രോഗത്തിന്റെ മൂര്‍ധന്യത്തില്‍ എല്ലാത്തിനോടും എല്ലാവരോടും അകല്‍ച്ച. അത് ദേഷ്യമല്ല; ഒറ്റയ്ക്കായിരിക്കാന്‍ മാത്രം തോന്നുന്ന നിസ്സഹായത, സങ്കടം. മറ്റുള്ളവരില്‍നിന്നൊന്നു മാറിനില്‍ക്കാനുള്ള ആഗ്രഹം പറയാതെ അറിഞ്ഞ് കുറച്ചുകാലം പി.ഇ. ഉഷയ്ക്കൊപ്പം താമസിപ്പിച്ചു. ''അപ്പോഴൊന്നും ഉഷാമ്മ എന്നെ കണ്ണാടി കാണിക്കില്ലായിരുന്നു'' എന്ന് റെയ്ഹാനത്ത്. അവളുടെ രൂപം കണ്ടാല്‍ അവള്‍ക്കുതന്നെ സങ്കടം സഹിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു എന്ന് പി.ഇ. ഉഷ. ഇടയ്ക്കൊരിക്കല്‍ ഗീതാ ഗോപാല്‍ യോജിച്ച വിഗ്ഗ് വാങ്ങിക്കൊടുത്തു.

അത് അധികം ദിവസങ്ങള്‍ ഉപയോഗിച്ചില്ല. ശീലമില്ലാത്തതുകൊണ്ടും ചൂടുകൊണ്ടും വേണ്ടെന്നു വച്ചു. രണ്ടു ഘട്ടമാണ് മുടിയത്രയും കൊഴിഞ്ഞും ശരീരം വല്ലാതെ മെലിഞ്ഞുണങ്ങിയും കടന്നുപോയത്. ആദ്യം പതിനഞ്ചാം വയസ്സിലും പിന്നെ പത്തൊന്‍പതാം വയസ്സിലും. ഇപ്പോള്‍ പക്ഷേ, പോയ മുടിയൊക്കെ തിരിച്ചുവന്നു. പക്ഷേ, സംസാരിച്ച് അടുപ്പമായപ്പോള്‍ ഒരു കാര്യം പറഞ്ഞു, നേരത്തെ നല്ല സ്ട്രെയിറ്റ് മുടിയായിരുന്നു, ഇപ്പഴിത്തിരി ചുരുണ്ടതായിപ്പോയി. എന്നാലും സാരമില്ല.'' എന്നിട്ട് ബോബിയെ നോക്കി ചിരിച്ചു: ''ബോബിയാന്റിക്ക് അറിയാം മുടിയില്ലാത്ത എന്റെ കോലം എന്തായിരുന്നൂന്ന്.'' അതു പറയുമ്പോള്‍ നിറയാത്ത അവളുടെ കണ്ണുകളുടെ കരുത്തില്‍ ഇപ്പോള്‍ കണ്ണുനിറയുന്നത് ബോബിക്കാണ്. 

ഇടയ്ക്കൊരിക്കല്‍ റെയ്ഹാനത്തിനെ കാണാന്‍ ബന്ധുക്കളില്‍ ചിലര്‍ വന്നിരുന്നു. അമ്മ, അമ്മയുടെ അനിയത്തി തുടങ്ങി കുറേപ്പേര്‍. തലയിലെന്താ തട്ടമിടാത്തത് എന്നു ചോദിച്ചു അമ്മയുടെ അനിയത്തി. ഇട്ടാലെന്താ ഇല്ലെങ്കിലെന്താ എന്നോ മറ്റോ മറുപടിയും പറഞ്ഞു. തലയില്‍ത്തട്ടമൊക്കെ ഇട്ട് നല്ല 'അടക്കവും ഒതുക്കവു'മായി കഴിഞ്ഞ കാലത്താണ് ദുരനുഭവങ്ങളുടെ തുടക്കം. അന്നുമിന്നും പ്രാര്‍ത്ഥനയൊക്കെയുണ്ട്. അതൊരു സ്വകാര്യ കാര്യമാണെന്നു മാത്രം. ''ഇവിടെ വന്നില്ലായിരുന്നെങ്കില്‍ ജീവിതം എന്താകുമായിരുന്നു എന്ന് ആലോചിച്ചാല്‍ ഒരുത്തരമില്ല. ഭാഗ്യമാണ് ഇവിടെത്തന്നെ എത്തിയത്'' എന്നു പറഞ്ഞിട്ട് റെയ്ഹാനത്ത് അതിനോടു കൂട്ടിച്ചേര്‍ക്കുന്ന മറ്റൊന്നുണ്ട്: ''ആളുകളുടെ മുഖത്തു നോക്കി സംസാരിക്കാന്‍ കഴിയുന്നത് ഇപ്പോഴാണ്. പെണ്‍കുട്ടികള്‍ അധികം സംസാരിക്കരുത് എന്നായിരുന്നു വാപ്പ പറഞ്ഞിരുന്നത്. ആരെങ്കിലും വീട്ടില്‍ വന്നാല്‍ പെണ്‍കുട്ടികള്‍ വീടിന്റെ മുന്‍ഭാഗത്തേക്കു പോകാന്‍ പാടില്ല, സംസാരിക്കാന്‍ പാടില്ല, ചിരിക്കാന്‍ പാടില്ല.'' ദേഷ്യവും കല്‍പ്പനകളുമായിരുന്നു വാപ്പയുടെ പ്രധാന ഭാവങ്ങള്‍ എന്ന് ഓര്‍ക്കുന്ന റെയ്ഹാനത്ത് ജീവിതത്തില്‍ ഇപ്പോള്‍ കാര്യമായിത്തന്നെ ശ്രമിക്കുന്നത് മറ്റുള്ളവരെ മനസ്സിലാക്കാനാണ്. അതുകൊണ്ട് മറ്റു പെണ്‍കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്ന ചേച്ചിയുടെ സ്ഥാനവുമുണ്ട് മിക്കപ്പോഴും. 

പ്രകൃതിയുടെ ഭംഗിയും പക്ഷികളും ചിത്രശലഭങ്ങളുമൊന്നുമല്ല, ജീവിതത്തോടുള്ള പ്രസാദാത്മകമായ സമീപനം പ്രകടമാകുന്നവയാണ് റെയ്ഹാനത്തിന്റെ വരകള്‍. ചിത്രരചന മാത്രമല്ല, കരകൗശല സാധനങ്ങള്‍ നിര്‍മ്മിക്കുന്നതിലുമുണ്ട് പ്രതിഭാത്തിളക്കം. എന്തുമേതും കരവിരുതിന് ഉപകരണമാക്കിക്കളയും. ശബരിമലയിലെ ഒഴിഞ്ഞ അരവണപ്പായസപ്പാത്രം ഫ്‌ലവര്‍ വേസ് ആകുന്നതും ആവശ്യം കഴിഞ്ഞ ഡിവിഡികളില്‍ മനോഹരമായ ഷോക്കേസ് ഇനം രൂപം കൊള്ളുന്നതുമൊക്കെ അതിന്റെ ഭാഗം. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് കരകൗശല ഉല്പന്ന നിര്‍മ്മാണം പഠിപ്പിക്കാന്‍ പോയിട്ടുണ്ട്. 

രണ്ട് വര്‍ഷം മുന്‍പ് തിരുവനന്തപുരം മ്യൂസിയം ഹാളില്‍ റെയ്ഹാനത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തിയിരുന്നു. നിരവധിയാളുകള്‍ അത് കണ്ടു, കുറേ ചിത്രങ്ങള്‍ വിറ്റുപോവുകയും ചെയ്തു. സ്വന്തം ബാങ്ക് അക്കൗണ്ട് തുടങ്ങി പണം അവിടെ നിക്ഷേപിച്ചു 'സമ്പാദ്യക്കാരി'യാകാനും പഠിച്ചു. അതിനുശേഷമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കുറച്ചുകൂടി വിപുലമായ ഒരു ചിത്രപ്രദര്‍ശനവും ആഗ്രഹങ്ങളുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് വിമന്‍സ് കോളേജില്‍ എം.എസ്.എസ് സംഘടിപ്പിച്ച നിര്‍ഭയ ദിനാഘോഷ പരിപാടികളില്‍ റെയ്ഹാനത്തിന്റെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. മഹിളാ സമഖ്യയിലെ അന്തേവാസി എന്ന ഘട്ടം കഴിഞ്ഞ് ഓഫീസ് ജോലികളില്‍ സഹായിക്കുന്ന ജീവനക്കാരിയായി മാറിയിരിക്കുന്നു ഇപ്പോള്‍. ചെറിയ ശമ്പളവുമുണ്ട്.
പാട്ടുകള്‍ കേള്‍ക്കുന്നതാണ് ജീവിതത്തെ നിറവോടെ നിലനിര്‍ത്തുന്ന മറ്റൊരു ഇഷ്ടം. വരയ്ക്കാനും പാട്ടുകേള്‍ക്കാനും മാത്രമല്ല, തനിച്ചിരുന്നു വായിക്കാനും സ്വകാര്യമായ ഒരിടം എന്ന ആഗ്രഹം സഫലമാക്കി ഇവിടെ അവള്‍ക്കൊരു കൊച്ചുമുറിയുണ്ട്. ചിത്രങ്ങള്‍ നിറഞ്ഞ മുറി. കീമോയുടെ വേദനക്കാലത്തെ മറികടക്കാനും ഈ സ്വന്തം മുറിയുടെ സ്വകാര്യത വലിയ തണലായിരുന്നു. 
വിലപ്പെട്ടത് എന്ന് അര്‍ത്ഥമുള്ള ഈ പേരിട്ടത് വാപ്പയുടെ വാപ്പയാണ്. അദ്ദേഹം ഇപ്പോഴില്ല. പക്ഷേ, കൊച്ചുമകള്‍ ഊര്‍ജ്ജവും പ്രകാശവും പ്രസരിപ്പിച്ച് ജീവിതമൊരു വിലപ്പെട്ട നിധിതന്നെയായി മാറ്റിയിരിക്കുന്നു. ജീവിതംതന്നെയാണ് മഹാഭാഗ്യം എന്നു ജീവിതംകൊണ്ട് സന്ദേശം നല്‍കുന്ന നിധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com