''ഏക-മാന മനുഷ്യന്റെ മഹാതിരസ്‌കാരങ്ങള്‍'': കെ അരവിന്ദാക്ഷന്‍ എഴുതുന്നു

ഒരിക്കല്‍, അതിന്റെ ഉച്ചിയില്‍ കാക്കകളുടെ ശബ്ദമുയരുന്നത് കേട്ട് ഞാന്‍ ഓടിയെത്തി. ഒരു മൂങ്ങയെ കാക്കകള്‍ കൊത്തിയോടിക്കുവാനുള്ള ശ്രമത്തിലാണ്. അതിന്റെ കണ്ണുകള്‍ എന്നെ നോക്കി. കണ്ണടച്ചു.
''ഏക-മാന മനുഷ്യന്റെ മഹാതിരസ്‌കാരങ്ങള്‍'': കെ അരവിന്ദാക്ഷന്‍ എഴുതുന്നു

ചുറ്റിനും ചീറിയടിക്കുന്ന ഹിംസയുടേയും വെറുപ്പിന്റേയും തീക്കാറ്റ് ശരീരവും ഹൃദയവും ചുട്ടുപൊള്ളിക്കുന്ന ദിവസങ്ങളില്‍ എന്തുചെയ്യണമെന്നറിയാതെ ഞാനുഴലാറുണ്ട്. അങ്ങനെയൊരു ദിവസം ഉച്ചതിരിഞ്ഞ് നാലുമണിയോടെയാണ്, വാള്‍ഡനെന്ന് പേരിട്ടിട്ടുള്ള പറമ്പിന്റെ തണുപ്പ് നിഴലിക്കുന്ന ഇടങ്ങളിലെത്തിയത്. വേറെയേതോ ലോകത്തില്‍ എത്തിപ്പെട്ടപോലെ. പുല്ലിന്‍തലകള്‍ കാല്‍പ്പാദങ്ങളില്‍ സ്പര്‍ശിക്കുന്നുണ്ട്. ഏകാന്തത എന്നെ പൊതിഞ്ഞു. ഉള്ളില്‍ ഊറിക്കൂടി. ചെറിയ തണുപ്പനുഭവപ്പെട്ടു. ഞാനിപ്പോള്‍ നില്‍ക്കുന്നത് ഒരു പുളിമരത്തിന്റെ ചുവട്ടിലാണ്. ഞാന്‍ ജനിക്കുന്നതിനു മുന്‍പേ അതവിടെ ഉണ്ടായിരിക്കണം. ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു പുളിമരമായി. അതിന്റെ കൊമ്പുകളില്‍ പലജാതി പക്ഷികളെ കണ്ടിട്ടുണ്ട്.

ഒരിക്കല്‍, അതിന്റെ ഉച്ചിയില്‍ കാക്കകളുടെ ശബ്ദമുയരുന്നത് കേട്ട് ഞാന്‍ ഓടിയെത്തി. ഒരു മൂങ്ങയെ കാക്കകള്‍ കൊത്തിയോടിക്കുവാനുള്ള ശ്രമത്തിലാണ്. അതിന്റെ കണ്ണുകള്‍ എന്നെ നോക്കി. കണ്ണടച്ചു. വീണ്ടും മൂങ്ങ മൗനത്തിലായി. പക്ഷേ, കാക്കകള്‍ മൂങ്ങയുടെ മൗനം അനുവദിച്ചില്ല. നീ മാത്രമങ്ങനെ മൗനത്തിലിരിക്കുന്നത് ഞങ്ങള്‍ക്കിഷ്ടമല്ല, കാക്കകള്‍ ശബ്ദിക്കുകയാണ്.

കുറച്ചു നേരത്തിനു ശേഷം കാക്കകള്‍ക്ക് മടുത്തിരിക്കണം. അവ പറന്നകന്നു. മൂങ്ങ വീണ്ടും എന്നെത്തന്നെ നോക്കുകയാണ്. ഇത്തവണ കണ്ണടച്ചത് ഞാനാണ്. അത് മൂങ്ങയ്ക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. മൂങ്ങ, പുളിമരച്ചില്ലകള്‍ക്കിടയിലൂടെ കോള്‍പ്പാടങ്ങളുടെ ഭാഗത്തേയ്ക്ക് പറന്നു.
ശേഷം ഇന്നാണ് ഞാന്‍ പുളിമരം ശ്രദ്ധിക്കുന്നത്. എന്നാല്‍, പുളിമരത്തിന് ഒട്ടുമേ പരിഭവമില്ല. ഞാനിവിടെത്തന്നെയുണ്ടായിരുന്നു സ്‌നേഹിതാ. നിങ്ങള്‍ ജനിക്കുന്നതിനും മുന്‍പ്. എത്രനാള്‍ ഇവിടെയുണ്ടാകും എന്ന് പറയാനറിയില്ല. അത് ഒരു വിഷയമല്ല. അതില്‍ സന്ദേഹവുമില്ല. ഭീതിയും.
മരണഭയം ഒട്ടുമേയില്ല.
പിന്നീട് പുളിമരം എന്നോടുള്ള സ്‌നേഹത്തിലാകാം ഇലകള്‍ പൊഴിച്ചു. അല്പാല്പം മഞ്ഞപ്പുള്ള ഇലകള്‍, എന്റെ മുടിയിലും താടിയിലും തോളുകളിലും കൈകളിലും കാലുകളിലും വീണു. വരണ്ട് കട്ടവിണ്ട ശരീരത്തില്‍ തണുത്ത നീര്‍ത്തുള്ളികള്‍ പതിച്ചു. അവ രോമകൂപങ്ങളിലൂടെ രക്തധമനികളിലേക്കിറങ്ങി.
ഞാന്‍ പുളിമരത്തെ നോക്കി. ഒരു വൃക്ഷമെന്നാണ് പറയേണ്ടത്. മെല്ലെ നടന്നുചെന്നു. മണ്ണിനു മേലുള്ള വേരുകളില്‍ നിന്നു. ഞാനാ വൃക്ഷത്തെ കെട്ടിപ്പിടിച്ചു. എന്റെ രണ്ടാം വയസ്സില്‍ മരിച്ചുപോയ അനാസക്തനായ മുത്തച്ഛനാണിത്; ഞാന്‍ പറഞ്ഞു. മുത്തച്ഛന്റെ തൊലി വിണ്ടിട്ടുണ്ട്. വിണ്ട തൊലികള്‍ക്കിടയിലൂടെ ഉറുമ്പുകള്‍ നദികളായി ഒഴുകുന്നുണ്ട്.
മുത്തച്ഛന്റെ പ്രാകൃതമായ ശ്വാസം എന്റെമേല്‍ താളത്തിലായി. മുത്തച്ഛന്റെ ഉള്ളിലൂടെയുള്ള ഒഴുക്കിന്റെ ആദിമമായ നേര്‍ത്ത ശബ്ദം എന്റെ ശരീരത്തിന്റെ എല്ലാ കാതുകളിലും എത്തി. കോശങ്ങളില്‍ നിറഞ്ഞു.
ഇത്രകാലമായിട്ടും ഞാനിവിടെ എത്തിയില്ലല്ലോയെന്നത് എന്നെ ഖിന്നനാക്കുന്നു.

ഞാനെന്നോ നിന്നു!
പ്രേതനഗരത്തിന്റെ വീഥിയിലൂടെ, ഹേ സന്ന്യാസി നിങ്ങള്‍ എന്താണ് നില്‍ക്കാത്തത്, ഞാനെത്ര നേരമായി നിങ്ങളുടെ പിന്നാലെ ഓടുന്നു എന്ന് അടുത്ത കൊലയ്ക്ക് കത്തിയുയര്‍ത്തിയ അംഗുലീമാലയോട് ഗോതമബുദ്ധന്‍ സൗമ്യമായി പറഞ്ഞത് ഞാനോര്‍ത്തു. സ്‌നേഹിതാ, ഞാനെത്ര നേരമായി നില്‍ക്കുന്നു. നിങ്ങളല്ലേ ഓടുന്നത്! വൃക്ഷം എന്നോട് മന്ദഹസിക്കുന്നു.

മുത്തച്ഛനായ വൃക്ഷം പറഞ്ഞു: മകനേ, ഭൂമിയില്‍ വൃക്ഷങ്ങളെപ്പോലെ ഏകാന്തതയുടെ ആത്മീയ കുളിര്‍മ്മ അനുഭവിക്കുന്നവരില്ല. ഞങ്ങളുടെ വേരുകള്‍ മണ്ണിന്റെ അന്തര്‍വനത്തിലുള്ള ചതുപ്പിലെ നീര്‍ത്തുള്ളികളിലെത്തുന്നു. അവിടെ മൗനത്തിന്റെ ഭീകരരൂപികളെന്ന് തോന്നിപ്പിക്കുന്ന നിര്‍ദ്ദോഷികളായ കാട്ടുപോത്തുകളുണ്ട്. സൂക്ഷ്മരൂപികളായ പ്രാണികളുണ്ട്. നീര്‍ത്തുള്ളികള്‍ ഭൂമിയുടെ ഞരമ്പുകളിലൂടെ കടലിലെത്തുന്നു. കടലാഴങ്ങളില്‍ എന്നെക്കാള്‍ നിശ്ശബ്ദരായ പാറകളുണ്ട്. അവയവങ്ങളില്ലാത്ത ഘനീഭവിച്ച മൗനങ്ങള്‍. ആ മൗനങ്ങളുടെ ആനന്ദം   നിനക്ക് മനസ്സിലാവില്ല. നിന്നിലെ ഏഴാം ഇന്ദ്രിയത്തിനേ അത് അനുഭവിക്കാനാവൂ!

ആകാശത്തേയ്ക്കുയര്‍ത്തിയ ഈ കൈകളിലൂടെയും ഇലകളെന്ന വിരലുകളിലൂടെയും  ഞാന്‍ പ്രപഞ്ചത്തെ നിത്യവും സ്പര്‍ശിക്കുന്നത് നിനക്കറിയാമോ? നക്ഷത്രങ്ങളേയും മേഘങ്ങളേയും മഴവില്ലുകളേയും സ്പര്‍ശിക്കുന്ന വിരലുകളുടെ സ്നിഗ്ദ്ധത? പ്രപഞ്ചത്തിന്റെ ആയുസ്സുമായിട്ടാണ് എന്റെ സംവാദം. ഇക്കഥകള്‍ ബൃഹത്തും സൂക്ഷ്മവുമാണ്. സമയത്തെ അതിലംഘിക്കുന്നു. സ്ഥലങ്ങളെ ഇല്ലാതാക്കുന്നു.
ഭൂമിയില്‍ ഞങ്ങളോടൊപ്പം ജലത്തിലും മണ്ണിലുമായി സസ്യങ്ങളുണ്ട്, വള്ളികളുണ്ട്, പുല്ലുകളുണ്ട്. എല്ലാം ഒന്നിനൊന്ന് നിശ്ശബ്ദമാണ്. അവയുടെ ഭാഷ മൗനമാണ്.

അവയുമായി നാളീബന്ധമുള്ള പുഴുക്കളും ശലഭങ്ങളും പറവകളും പാമ്പുകളും മൃഗങ്ങളും മൗനത്തെ അവരോളം അറിയുന്നുണ്ടോയെന്ന് സംശയമാണ്. എങ്കിലും അവയുമായി സാത്മ്യപ്പെടുന്നുണ്ട്.
അതാ, അങ്ങോട്ട് നോക്ക്! വാഴക്കയ്യിന്നടിയിലൂടെ ഇലക്കുടയ്ക്ക് കീഴിലൂടെ നടക്കുന്ന ആ കൂറ്റന്‍ വവ്വാലിനെ കണ്ടോ! ആ വാഴക്കുടപ്പനാണ് അവളുടെ ലക്ഷ്യം.
അവള്‍ മൗനം അറിയുന്നുണ്ടെങ്കിലും, ചിലപ്പോഴെങ്കിലും മൗനം മുറിക്കുന്നുണ്ട്. പക്ഷേ, മുറിവുകള്‍ അടുത്ത നിമിഷം കൂടിച്ചേരുന്നു. ഏതോ മന്ത്രവിദ്യയാല്‍. മൗനത്തിന്റെ തന്നെ മന്ത്രമാവാം.

ആസക്തിയുടെ ചുടലപ്പറമ്പ്
മനുഷ്യത്തിലെത്തുമ്പോഴാണ് ഭീകരമായി മൗനം ഛേദിക്കപ്പെടുന്നത്. മാംസക്കഷ്ണങ്ങളായി വെട്ടിമുറിക്കപ്പെടുന്നത്. ചോരയൊഴുക്കപ്പെടുന്നത്. ഇവിടേയ്ക്കാണ് കുമാരനാശാന്‍ ഏതാണ്ട് ഒരു നൂറ്റാണ്ട് മുന്‍പ് നമ്മെ കൊണ്ടുപോയത്. യമുനയില്‍നിന്ന് അല്പം മാറിയുള്ള ഒരു ചുടുകാട്ടിലേക്ക്.
അവയവങ്ങള്‍ ഛേദിക്കപ്പെട്ട് നരകവേദനയനുഭവിക്കുന്ന പിണ്ഡത്തിലേക്കാണ് നമ്മുടെ കണ്ണുകളെത്തുന്നത്.
''ഇലയും കുലയുമരിഞ്ഞിടവെട്ടി മുറിച്ചിട്ട
മലവാഴത്തടിപോലെ മലര്‍ന്നടിഞ്ഞൂ!''    (കരുണ)
വാസവദത്തയുടെ അരിഞ്ഞിട്ട, ചോര വാര്‍ന്നൊഴുകുന്ന അവയവങ്ങള്‍ ജീര്‍ണ്ണിക്കുന്ന ഒരു വലിയ ചുടലക്കളമാണ് ഇന്ന് നമ്മുടെ കേരളം. അത്യാര്‍ത്തിയും ആസക്തിയും അന്ധവിശ്വാസവും അനാചാരങ്ങളും ചതിയും വഞ്ചനയും ഒറ്റും ഹിംസയും ആണ് ചോരയൊഴുകുന്ന നമ്മുടെ തന്നെ മാംസപിണ്ഡങ്ങള്‍ക്കു പിന്നിലുള്ളത്.  പ്രകൃതിയെ നോക്കിയാലും ഇതേ അവസ്ഥയാണ്. കുന്നും മലയും തോടും കാടും പുഴയും വയലും ഛേദിക്കപ്പെട്ടും മാന്തിപ്പൊളിച്ചും രക്തം വാര്‍ന്നൊഴുകുകയാണ്. ബാഹ്യപ്രകൃതി ആന്തരികപ്രകൃതിയുടെ പരിച്ഛേദം തന്നെ! ഈ ദയനീയാവസ്ഥ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് വ്യാപിപ്പിക്കുമ്പോള്‍, ഇതിനേക്കാള്‍ ഒട്ടും ആശ്വാസകരമല്ല അവിടമാകെയും.
ക്രുരകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്; ഭൂമിയില്‍ മനുഷ്യന്റെ അതിജീവനം പോലും അസാധ്യമാകുമോയെന്ന ആശങ്ക! ഈ ആശങ്കയും പിടച്ചിലുമാണ് ഇരുപത്തിനാലുകാരനായ ചൈനീസ് തൊഴിലാളി (ഷെല്‍സണിലെ   ഫോക്സ് കോണ്‍ ഫാക്ടറി) സു ലുഷി (Xu LIZHI) 'തന്റെ മരണക്കിടക്ക'യില്‍ ('ON MY DEATH BED'- 2014) നമ്മോട് പറഞ്ഞത്.
കടലിനുനേരെ ഒരിക്കല്‍ക്കൂടി നോക്കുവാന്‍
ജീവിതപ്പാതിയില്‍ നിന്നുള്ള കണ്ണീരിന്റെ വൈപുല്യം കാണുവാന്‍ 
ഞാനാഗ്രഹിക്കുന്നു.
മറ്റൊരു പര്‍വ്വതം കയറുവാന്‍ 
നഷ്ടപ്പെട്ട എന്റെ ആത്മാവ് തിരിച്ചുവിളിക്കാന്‍
ഞാനാഗ്രഹിക്കുന്നു.
ആകാശം സ്പര്‍ശിക്കുവാന്‍ 
അതിലോലമായ അതിന്റെ നീലാഭ അനുഭവിക്കുവാന്‍
ഞാനാഗ്രഹിക്കുന്നു.
പക്ഷേ, ഇവയൊന്നും ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല, 
അതിനാല്‍ ഞാനീലോകത്തു നിന്നും വിടവാങ്ങുന്നു.
എന്നെ പരിചയമുള്ളവരാരും
എന്റെ വിടവാങ്ങലില്‍ അത്ഭുതപ്പെടരുത്.
നിങ്ങള്‍ ദു:ഖിക്കുകയോ നെടുവീര്‍പ്പിടുകയോ പോലും അരുത്...
വന്നപ്പോള്‍ എനിക്ക് സുഖം,
വിടവാങ്ങുമ്പോഴും സുഖംതന്നെ.''
ജീവിതത്തിന്റെ ഈ പരിപൂര്‍ണ്ണ തിരസ്‌കാരം, ആന്തരികമായ തന്റെ അന്യവല്‍ക്കരണത്തിനു നേരെയുള്ള ഉത്തരാധുനിക മനുഷ്യന്റെ പ്രതിഷേധമാണ്.

ഏകമാന മനുഷ്യന്‍
ഹെര്‍ബര്‍ട്ട് മാര്‍ക്കൂസിന്റെ ക്ലാസ്സിക് കൃതിയായ 'ഏകമാന മനുഷ്യനി'ല്‍ (ONE - DIMENSIONAL MAN) (1964) അദ്ദേഹം വ്യവസായവല്‍ക്കരണത്തിന്റെ മുന്‍പന്തിയിലുള്ള സമൂഹങ്ങളില്‍ (1950 - '60) പ്രതിഫലിച്ചിരുന്ന മനുഷ്യാവസ്ഥയെപ്പറ്റിയാണ് വ്യാകുലപ്പെട്ടത്. അന്യവല്‍ക്കരണം വ്യക്തികളില്‍ അതിന്റെ ഭയാനകമായ നിലയിലെത്തിയിരുന്നു. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറിന് ശേഷമുള്ള നവലിബറലിസത്തിന്റേയും സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റേയും കാലം മനുഷ്യന്റെ ബോധത്തിലുണ്ടാക്കിയ മാറ്റം മനുഷ്യന്റെ രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും സാമ്പത്തിക വിനിമയത്തിലും ആത്മീയതയിലും ഭൂകമ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യയിലെ നവീനതകള്‍, ഡിജിറ്റല്‍ വിപ്ലവം, നമ്മുടെ നിത്യജീവിതത്തിന്റെ ഓരോ വിനാഴികയിലും ഉണ്ടാക്കിയിട്ടുള്ള വ്യത്യാസങ്ങള്‍ നമുക്കറിയാം. 
വ്യാജമായ ആവശ്യങ്ങള്‍ നമ്മുടെ തലച്ചോറിനേയും ഇന്ദ്രിയങ്ങളേയും അധിനിവേശപ്പെടുത്തിയിരിക്കുന്നത് നാമറിയുന്നതേയില്ല. ആസക്തികളും ആഗ്രഹങ്ങളും രുചികളും കേള്‍വികളും സ്പര്‍ശസുഖങ്ങളും നമ്മില്‍ നിറഞ്ഞുകവിയുന്നു. വ്യാജമായ ആസക്തികളുടെ പെരുക്കം വൈവിധ്യമായി നാം ആഘോഷിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യം അതാണെന്ന് ഉദ്ഘോഷിക്കുന്നു. അമ്മാതിരിയുള്ള 'സ്വാതന്ത്ര്യം' നിലനിര്‍ത്താന്‍ ആരുമായും എന്തുമായും രാജിയാവാന്‍ നാം ഒരുക്കമാണ്.

ആഗോള മുതലാളിത്ത വ്യവസ്ഥിതിയിലെ മികച്ച സി.ഇ.ഒ. (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) മാരായി മത്സരിക്കാനാണ് ഏത് രാഷ്ട്രീയ വ്യവസ്ഥിതിയുടേയും പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ഇഷ്ടപ്പെടുന്നത്.  കൂടുതല്‍ കൂടുതല്‍ ആസക്തികളും ആഗ്രഹങ്ങളും അത്യാര്‍ത്തികളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു യന്ത്രമായി മനുഷ്യന്‍ മാറുകയാണ്. ആദിവാസികള്‍ക്കും ദളിതര്‍ക്കും ദരിദ്രനും അവകാശപ്പെട്ട പ്രകൃതിവിഭവങ്ങളെല്ലാം തീറെഴുതി കൊടുക്കാം; അതിന് ഏതു തരം നശീകരണായുധങ്ങളും  ഉപയോഗിക്കാം. 

ആഗോളവല്‍ക്കരണം വളരെ ആസൂത്രിതമായ, സംഘടിതമായ മുതലാളിത്ത നയമാണ്. അതാണ് സാമൂഹ്യ - സാമ്പത്തിക അജന്‍ഡകള്‍ രൂപപ്പെടുത്തുന്നത്. ദേശാന്തര കോര്‍പ്പറേറ്റുകളിലൂടെ ദേശീയ ഭരണകൂടങ്ങളിലൂടെ നടപ്പാക്കുന്നത്. ആഗോള ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, ആണവായുധങ്ങളുടെ പെരുക്കം,  പൊലീസ്, പട്ടാളം, ആന്തരിക വികസന ഘടനകള്‍, അവയ്ക്കുവേണ്ടി പുതുപുത്തന്‍ ആശയ രൂപീകരണങ്ങള്‍, അവ ഉപഭോക്താക്കളിലെത്തിക്കാനുള്ള നവീന സാങ്കേതിക ശൃംഖലകള്‍, ആവശ്യമായ രാഷ്ട്രീയ ഘടനകള്‍, എല്ലാം ഇതിന്റെ ഭാഗങ്ങളാണ്. മത്സരാധിഷ്ഠിതമായ ആസക്തി ജീവിതത്തിനുവേണ്ട 'സ്വാതന്ത്ര്യ'-ബോധവും 'ആത്മീയത'യും സൃഷ്ടിക്കപ്പെടുന്നു. ''ആവശ്യമുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന അനാവശ്യ വസ്തുക്കള്‍ കയ്യടക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യമാണ്, സ്വാതന്ത്ര്യമായി ആഘോഷിക്കപ്പെടുന്നത്.'' വ്യക്തിയുടെ യഥാര്‍ത്ഥ സ്വത്വപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം എപ്പോഴും അടിച്ചമര്‍ത്തപ്പെടുന്നു. ഇതിനെതിരായവരെല്ലാം ആദിവാസികളും ദളിതരും ദരിദ്രരും ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും വികസന വിരോധികളാണ്; രാജ്യദ്രോഹികളാണ്.

ആത്മീയതയുടേയും ദൈവവിശ്വാസത്തിന്റേയും മേഖലകളിലും ഈ കടന്നുകയറ്റം കാണാനാവും. ഒരു പുതിയ ആത്മീയത നിര്‍മ്മിക്കപ്പെടുകയാണ്. പുതിയ വിശ്വാസങ്ങള്‍. ആചാരങ്ങള്‍. അനുഷ്ഠാനങ്ങള്‍. അവ നൂറോ നൂറ്റമ്പതോ കൊല്ലം മുന്‍പ് സമൂഹം തള്ളിക്കളഞ്ഞതാകാം. അവ പുനരുദ്ധരിക്കപ്പെടുകയാണ്. ആത്മീയത വന്‍ ആള്‍ക്കൂട്ടങ്ങള്‍ വാഴ്ത്തപ്പെടുന്ന ആള്‍ദൈവങ്ങളോടുള്ള ആസക്തിനിറഞ്ഞ ഭക്തിയോ ആസക്തിയുടേയും അത്യാര്‍ത്തിയുടേയും ഫലമായുണ്ടായ നിരാശയും ഭയവും ഉണ്ടാക്കിയ മനോസംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള എസ്‌കേപ്പിസമോ ആണ്. ആഡംബരവും ആസക്തിയും ആര്‍ത്തിയും നിഷേധിച്ച് ജീവിതം വ്യക്തിയുടേയും സമൂഹത്തിന്റേയും യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനായി സമര്‍പ്പിച്ചവരുടെ പിന്‍ഗാമികളല്ല ഇവര്‍. ഇവരില്‍നിന്ന് ഒരു രാമാനുജനെയോ മീരയെയോ സൂര്‍ദാസിനെയോ കബീറിനെയോ രാമകൃഷ്ണപരമഹംസരെയോ  രൈദാസിനെയോ ആണ്ടാളിനെയോ അക്കമഹാദേവിയേയോ തുക്കാറാമിനെയോ ബസവേശ്വരയെയോ സൂഫിമാരെയോ വിശുദ്ധ ഫ്രാന്‍സീസുമാരെയോ കണ്ടെത്തുകയെന്നത് സൂചിക്കുഴയിലൂടെ ഒട്ടകത്തെ കടത്താന്‍ ശ്രമിക്കുന്നതുപോലെയായിരിക്കും.

ഹെര്‍ബര്‍ട്ട് മാര്‍ക്കൂസ്‌
ഹെര്‍ബര്‍ട്ട് മാര്‍ക്കൂസ്‌


വിശ്വാസത്തിന്റേയും ഭക്തിയുടേയും വിഷയങ്ങളില്‍ നവലിബറല്‍ മുതലാളിത്തവും അതിന്റെ ശാസ്ത്ര - സാങ്കേതിക (TECHNOLOGY) രൂപങ്ങളും തമ്മിലുള്ള ബന്ധമെന്താണ്? വിശ്വാസത്തിന്റേയും ഭക്തിയുടേയും യഥാര്‍ത്ഥ ഭാവങ്ങളെ തമസ്‌കരിക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ പരമോന്നത നീതിപീഠം ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന വിധി പ്രസ്താവിക്കുന്നു. തൊട്ടുപിന്നാലെ ഇന്ത്യയുടെ രാഷ്ട്രീയകക്ഷികള്‍ അതിനെതിരെ തെരുവിലിറങ്ങുന്നു. സ്ത്രീകളെ തടയുന്നു. മര്‍ദ്ദിക്കുന്നു. ക്ഷേത്രപരിസരങ്ങള്‍ രക്തക്കളമാക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം ചെയ്യുന്നത് വിശ്വാസിയുടെ പേരിലാണ്, ഭക്തിയുടെ നാമത്തിലാണ്, ആചാരത്തിനുവേണ്ടിയാണ്.

ആരാണ് സ്ത്രീ? ഏതു പ്രായത്തിലുള്ള പുരുഷനും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സ്വാതന്ത്ര്യമുള്ളപ്പോള്‍ സ്ത്രീയ്ക്കത് അവളുടെ ശരീരത്തിന്റെ വെറും ജൈവികമായ രാസപ്രക്രിയകളുടെ പേരില്‍ നിഷേധിക്കപ്പെടുന്നു. ഭൂമിയില്‍ സ്ത്രീയും പുരുഷനും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഒരേ ജീനുകളും ഡി.എന്‍.എയുമൊക്കെക്കൊണ്ടാണ്. പിന്നെയെന്തുകൊണ്ട് സ്ത്രീയ്ക്ക് ഒരു നീതിയും പുരുഷനു മറ്റൊന്നും?  ആചാരങ്ങള്‍ കല്ലുപോലെ ഉറച്ചതാണോ?
ഇതിനുകാരണം, നവലിബറല്‍ മുതലാളിത്തമെന്ന ആണ്‍കരുത്താണ്. പൗരുഷമാണ്, അതിന്റെ മസില്‍ പവര്‍. ആ മസില്‍ പവര്‍ ഉപയോഗിച്ചുള്ള ശാസ്ത്ര - സാങ്കേതിക മാധ്യമങ്ങളിലൂടെ പുരുഷന്‍ തന്റെ കോയ്മ തുടര്‍ന്നും നിലനിര്‍ത്താനായി വിശ്വാസത്തിന്റെയും ഭക്തിയുടേയും ആചാരത്തിന്റേയും പേരില്‍, സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നു. നവലിബറല്‍ മുതലാളിത്തത്തില്‍ സ്ത്രീ എന്നും അധിനിവേശപ്പെടേണ്ടതാണ്, സ്ത്രീക്കൊപ്പം അപരര്‍ വേറെയുമുണ്ട്. ഇന്ത്യയില്‍ അവര്‍ മുസ്ലിമുകളും ക്രിസ്ത്യാനികളും ആദിവാസികളും ദളിതരും ട്രാന്‍സ്ജെന്റേഴ്സും എഴുത്തുകാരും ബുദ്ധിജീവികളുമാണ്. ഇസ്ലാം രാജ്യങ്ങളില്‍ അവര്‍ അമുസ്ലിമുകളാണ്. നവലിബറല്‍ മുതലാളിത്തത്തേയും അതിന്റെ ദല്ലാളുമാരായ ഭരണകൂടത്തേയും ചോദ്യം ചെയ്യുന്ന ആരുമാകാം.  
നമ്മുടെ ജനാധിപത്യം, ജനാധിപത്യം നിലനിര്‍ത്തുന്ന പാര്‍ലമെന്റ്, അസംബ്ലി, ഗ്രാമസഭകള്‍, നീതിന്യായവ്യവസ്ഥ, നിയമവ്യവസ്ഥ, സര്‍വ്വകലാശാലകള്‍, മാധ്യമങ്ങള്‍, സംസ്‌കാരിക സ്ഥാപനങ്ങള്‍ എല്ലാം നവലിബറല്‍ മുതലാളിത്തം നടപ്പാക്കാന്‍ പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗിക്കപ്പെടുന്നു. ചോദ്യങ്ങളില്ല. 

മധു എന്ന ആദിവാസി യുവാവും അംബാനിയും
മധു എന്ന ആദിവാസി യുവാവിനെ നിങ്ങളും ഞാനുമടങ്ങുന്ന ആള്‍ക്കൂട്ടം തല്ലിക്കൊന്നതെന്തിനെന്ന് നാം ചോദിച്ചിട്ടുണ്ടോ? കറുത്ത് മെലിഞ്ഞ് വിശന്നു പരവശനായ ആ യുവാവിന്റെ കയ്യിലെ ഒരു പഴയ പ്ലാസ്റ്റിക് ബാഗില്‍ ഒരു പിടി അരിയുണ്ടായിരുന്നു! അതയാള്‍ മോഷ്ടിച്ചതാണത്രെ! 
പുതിയ ആള്‍ക്കൂട്ടം കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ സന്തതികളും അതിന്റെ പങ്ക് പറ്റുന്നവരുമാണ്. അവരുടെ മത്സരത്തില്‍ ഒരു കാരണവശാലും ഓടിയെത്താന്‍ കഴിയാത്തവനാണ് മധു. അവന് അങ്ങനെയൊരു മത്സരം തന്നെ അറിയില്ലായിരുന്നു. മത്സരക്കാരാണ് അവനടങ്ങുന്ന ആദിവാസി സമൂഹത്തിന്റെ മണ്ണും കൃഷിയും ദൈവങ്ങളും തട്ടിയെടുത്തത്.

അവനൊന്നുമില്ലാതായപ്പോള്‍, ബഹിഷ്‌കൃതനായപ്പോള്‍, അവരവനെ വളഞ്ഞിട്ട് തല്ലി. നിയമവ്യവസ്ഥയുടെ ആളുകള്‍ നോക്കിനിന്നു. തല്ലുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ നവലിബറല്‍ സാങ്കേതികവിദ്യയിലൂടെ വൈറലാക്കി. 
മധു ഒരു ഇന്ത്യന്‍ പൗരനാണ്. ഡോ. ബി.ആര്‍. അംബേദ്കറും മറ്റ് സാമൂഹ്യ-നിയമ വിദഗ്ദ്ധരും ചേര്‍ന്നു നിര്‍മ്മിച്ച ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭരണഘടന ഒരു പൗരനായി ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും മധുവിനു നല്‍കുന്നുണ്ട്. അവന്‍ അടങ്ങുന്ന ആദിവാസി ഊരുകള്‍ക്ക് സ്വയംഭരണാവകാശവും. പക്ഷേ, അവനെ തല്ലിക്കൊല്ലുന്നവര്‍ ഒരു പൗരനായിട്ടോ മനുഷ്യനായിട്ടോ പരിഗണിച്ചില്ല അവനെ. അവര്‍ ഇന്ത്യന്‍ ഭരണഘടനയുടെ നേരെ കാര്‍ക്കിച്ചു തുപ്പി. 
സാധാരണക്കാരായ നമ്മളും കോടതി നിയമങ്ങളോ ഭരണഘടനയുടെ അനുച്ഛേദങ്ങളോ അനുസരിക്കാറില്ല. ബസിലും തെരുവിലും.  കൈക്കോഴയും കയ്യൂക്കുമാണ് നമുക്കും നിയമം. തെരുവുകളിലേക്ക് സ്വന്തം മാലിന്യം വലിച്ചെറിയും. ജലസ്രോതസ്സുകള്‍ മലിനമാക്കും. മറ്റുള്ളവരുടെ കണ്ണില്‍പ്പെടില്ലെന്നു കണ്ടാല്‍ ഏതു നിയമവും തെറ്റിക്കാന്‍ നമുക്ക് മടിയില്ല.
ഒരു നിമിഷമെങ്കിലും നാം ഓര്‍ത്തിട്ടുണ്ടോ, മധുവും അംബാനിയും ഇന്ത്യയിലെ പൗരന്മാരാണ്. ഭരണഘടന രണ്ടുപേര്‍ക്കും തുല്യമാണ്.  മധുവിന്റെ ആസ്തിയെത്ര? അംബാനിയുടെ ആസ്തിയെത്ര? ഈ അന്തരം എത്രകോടി പൂജ്യങ്ങളിട്ടാണ് നമുക്ക് പരിഹരിക്കാനാവുക?

<strong>മധു </strong>
മധു

നമ്മുടെ ഭരണാധികാരികള്‍ കാലത്തേയും സ്ഥലത്തേയും സങ്കോചിപ്പിക്കുന്നു. എന്നിട്ട് അതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. അതുകൊണ്ടാണവര്‍ക്ക് ഒരു തെരഞ്ഞെടുപ്പിന്നപ്പുറം ചിന്തിക്കാനാവാത്തത്. ഒരു ചെറിയ ദേശത്തിന്നപ്പുറം സ്വപ്നം കാണാനാവാത്തത്. സങ്കുചിതമായ ദേശസ്‌നേഹത്തിലും മതവീര്യത്തിലും ജാത്യാചാരത്തിലും കുരുങ്ങിപ്പോകുന്നവരുടെ ചക്രവാളങ്ങള്‍ അവരുടെ ഉയരത്തോളമേയുള്ളൂ. അവരുടെ നെഞ്ചളവോളമേ അവരുടെ സ്ഥലക്കാഴ്ചയുള്ളൂ. വരാനിരിക്കുന്ന തലമുറകളും ഭൂമിയുടെ ആരോഗ്യവും അതിജീവനവും അവരുടെ തലച്ചോറിലേക്ക് കടന്നുവരുന്നതേയില്ല. പ്രപഞ്ചസത്യത്തെപ്പറ്റി അവര്‍ക്ക് അറിയുകയേയില്ല. രബീന്ദ്രനാഥ ടാഗോറും ഗാന്ധിയും നെഹ്‌റുവും സഞ്ചരിച്ച വഴികള്‍ ഇവര്‍ തിരിഞ്ഞുനോക്കാറില്ല. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി അംബേദ്കര്‍ അനുഭവിച്ച നീറ്റല്‍ ഇവരെ അലട്ടുന്നുപോലുമില്ല. നവലിബറല്‍ മുതലാളിത്തം ആവശ്യപ്പെടുന്നത് ആസക്തിയുടെ കെട്ടിയുയര്‍ത്തുന്ന ഉരുക്കുകൊണ്ട് നിര്‍മ്മിച്ച നൂറ്റിഎണ്‍പത്തിരണ്ടടിയുള്ള കൂറ്റന്‍ പ്രതിമകളാണ്. മനുഷ്യന്റെ ചോരയ്ക്കും മാംസത്തിനും നഷ്ടപ്പെടുന്ന ആത്മാവിനും ഒരു വിലയുമില്ല. 
ഇപ്പോഴത്തെ നമ്മുടെ ഭരണാധികാരികള്‍ മാന്ത്രികരെപ്പോലെയാണ്. ആള്‍ക്കൂട്ടങ്ങള്‍ക്ക് മുന്‍പിലെ ഉയര്‍ന്ന സ്റ്റേജില്‍ നിന്നവര്‍ തങ്ങളുടെ തൊപ്പികളില്‍നിന്ന് മന്ത്രവടികൊണ്ട് അത്ഭുതങ്ങള്‍ കാട്ടുന്നു. ആസക്തികളില്‍ കണ്ണ് മഞ്ഞളിച്ച ജനം അതു സത്യമാണെന്ന് കരുതി തിരിച്ചു പോകുന്നു. മന്ത്രവടിയാല്‍ സൃഷ്ടിച്ചവയെല്ലാം വ്യാജമാണെന്ന്, നുണകളാണെന്ന് അവര്‍ മനസ്സിലാക്കുന്നതേയില്ല.

ഉപഗുപ്തന്റെ മൊഴി
വാസവദത്തയുടെ ചോരയൊലിക്കുന്ന കബന്ധങ്ങള്‍ ചുടുകാട്ടില്‍ത്തന്നെയാണ്. വാസവദത്തയെന്ന മാംസപിണ്ഡം മരണശ്വാസം വലിക്കുകയാണ്. അത് നിങ്ങളും ഞാനുമാണ്. നമ്മുടെ ഈ ദേശമാണ്. ഈ ഭൂമിയാണ്. നമ്മുടെ കാലവുമാണ്.
''ഭാനുമാനില്‍നിന്ന് കാറ്റില്‍ കടപൊട്ടിപ്പറന്നെത്തും കതിരുപോലെ'' ഒരു ഉപഗുപ്തന്‍ നമ്മുടെ ഈ ചുടുകാട്ടിലേക്ക് സ്ഥലകാലങ്ങളുടെ പരിമിതികള്‍ അധ:കരിച്ച് വന്നെത്തുമെന്ന  പ്രതീക്ഷ നമുക്ക് കൈവിടാനാവില്ല. 
ആഗോള മുതലാളിത്തം അതിന്റെ ബൃഹദാഖ്യാനങ്ങള്‍ ക്രൂരമായി നടത്തിക്കൊണ്ടിരിക്കുമ്പോള്‍, അതിനെ ക്രിയാത്മകമായി പ്രതിരോധിക്കുന്ന വ്യക്തികളും മുന്നേറ്റങ്ങളും ലോകത്തിന്റെ അനേകം പ്രദേശങ്ങളില്‍ സജീവമാണ്. സു ലിഷി എന്ന ചൈനീസ് തൊഴിലാളിയുടെ  'മരണക്കിടക്ക'യിലെ വിടവാങ്ങലില്‍, തിരസ്‌കാരത്തിന്റെ ഋണാത്മകതയ്ക്കൊപ്പം തന്നെ സചേതനമായ ക്രിയയുടെ ഊര്‍ജ്ജമുണ്ട്. നഷ്ടപ്പെട്ട ആത്മാവ് വീണ്ടെടുക്കാനുള്ള ധ്വനിയുണ്ട്. വാസവദത്ത അത് കൃത്യമായും, സ്ഥലകാലങ്ങള്‍ക്കപ്പുറെ ചുടുകാട്ടില്‍ മരണാസന്നയായി കിടന്നുകൊണ്ട് വര്‍ത്തമാനകാലത്തെ നമ്മളോടും, ഭാവിയില്‍ ഭൂമിയിലധിവസിക്കാനുള്ള മനുഷ്യനടക്കമുള്ള ജീവജാലങ്ങളോടും നിറഞ്ഞ മൗനത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്.

ഭീരുത്വം വെടിഞ്ഞ് അഹിംസയിലൂടെ വ്യക്തിയുടേയും സമൂഹത്തിന്റേയും ഭൂമിയുടേയും ശാശ്വത ശാന്തിക്കായി മുന്നേറാനുള്ള ക്രിയാമന്ത്രമാണ് തഥാഗതന്റെ ശിഷ്യന്‍ ഉപഗുപ്തന്‍ മരണത്തിലേക്ക് നീങ്ങുന്ന വാസവദത്തയോട് മൊഴിയുന്നത്. ആ മൊഴി നമുക്കും കൂടിയാണ്. വരാനിരിക്കുന്ന മനുഷ്യനും. കാലത്തിനും. തൃഷ്ണയാണ് ദു:ഖം. ആസക്തിയും അധികാരവും ആര്‍ത്തിയും തൃഷ്ണയാണ്. തൃഷ്ണയാണ് മനുഷ്യനേയും ഭൂമിയേയും കബന്ധങ്ങളാക്കി ഛേദിക്കുന്നത്.

തൂത്തുക്കുടിയില്‍ സ്റ്റാര്‍ലൈറ്റ് ചെമ്പ് സംസ്‌കരണശാലയുടെ വിഷക്കാറ്റിനെതിരെ അഹിംസാത്മകമായി പ്രതിരോധിച്ച് കൊല്ലപ്പെട്ട സഹോദരീസഹോദരന്മാര്‍ കാലത്തിലൂടെ തുടര്‍ന്നുവരുന്ന മുന്നേറ്റത്തിന്റെ ഭാഗമാണ്. പ്ലാച്ചിമടയില്‍ കൊക്കോ കോള കമ്പനിക്കെതിരെ നാമിത് കണ്ടതാണ്. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ വിഷത്തിനെതിരെ അമ്മമാരും കുഞ്ഞുങ്ങളും നടത്തുന്ന ജീവന്മരണസമരം; പശ്ചിമഘട്ടത്തിലെ പാറകള്‍ പൊട്ടിക്കുന്നതിനെതിരെ; കീഴാറ്റൂരില്‍ നെല്‍വയലുകള്‍ അന്യാധീനപ്പെടുത്തുന്നതിനെതിരെ; ജീവിക്കാനായി അട്ടപ്പാടിയിലും വയനാട്ടിലും ആദിവാസികള്‍ ഏര്‍പ്പെട്ടിരിക്കുന്ന അതിജീവനത്തിന്റെ ബദ്ധപ്പാടുകള്‍, നര്‍മദയില്‍, നിയാമഗിരിക്കുന്നുകളില്‍, ...കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നവലിബറല്‍ മുതലാളിത്തത്തിന്റെ കൊടിയ ആര്‍ത്തിക്കെതിരെ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ചിലപ്പോഴത് മതാധിഷ്ഠിത ഭരണക്കൂടങ്ങള്‍ക്കെതിരായിട്ടാവാം. ജനാധിപത്യ ധ്വംസനങ്ങളുടെ നേരെയാവാം. ജനിച്ച മണ്ണില്‍ നിന്ന് കടപുഴക്കിയെറിയപ്പെട്ടവരുടെ രോദനങ്ങളില്‍നിന്നുള്ള അഗ്‌നിയാവാം.  വംശീയ ഹത്യകളില്‍ കൊല്ലപ്പെട്ടവരുടെ നിലവിളിയാവാം. ആത്മാവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള  എഴുത്തുകാരന്റെ പേനയില്‍നിന്നുള്ള വാക്കുകളാവാം... ഹെര്‍ബര്‍ട്ട് മാര്‍ക്ക്യൂസ് രേഖപ്പെടുത്തിയതുപോലെ 'The Great Refusal takes a Variety of Forms' (പുറം 17,18,19 - Economic & Political Weekly- 07-01-2017)
ഇത് വ്യക്തിതലത്തിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. രക്തരൂക്ഷിത വിപ്ലവങ്ങളായിട്ടല്ല. (REVOLUTIONS) ചോര, ഇനിയും ചോര, കുറെക്കൂടി ചോര എന്നാണ് വിപ്ലവത്തിന്റെ ആവര്‍ത്തന ഗണിതങ്ങള്‍. ക്രൂരതയാണ് അതിന്റെ വയറ്റാട്ടി. ഭൂമിയിലെ എല്ലാ രക്തരൂക്ഷിത വിപ്ലവങ്ങളുടേയും ബാക്കിപത്രങ്ങളില്‍ നമുക്കിതു വായിക്കാം.
ആത്മീയ വിപ്ലവത്തില്‍ (REBELLION) രക്തച്ചൊരിച്ചിലില്ല. അത് സമൂഹത്തിനെതിരല്ല. സമൂഹം മരിച്ചു. പുതിയൊരു മനുഷ്യനു ജന്മം നല്‍കാന്‍ അതിനു കഴിയില്ല എന്ന ധിഷണയില്‍ നിന്നാണ് അത് ഉയിരെടുക്കുന്നത്. ആഗോള ആത്മഹത്യയുടെ വക്കിലെത്തിയ സമൂഹത്തിനിനി ഒന്നും ചെയ്യാനാവില്ലയെന്ന തിരിച്ചറിവിലാണത് രൂപം കൊള്ളുന്നത്. കോപമല്ല അതാവശ്യപ്പെടുന്നത്. കരുണയാണ്. (പുറം: 9,10,11: OSHO: LIVING ON YOUR OWN TERMS) മനുഷ്യബോധത്തിലാണ് ആ വിപ്ലവം നാമ്പിടുന്നത്.
ഈ വിപ്ലവത്തില്‍ ക്രിയ മാത്രമേയുള്ളൂ. പ്രതിക്രിയ ഇല്ല. ഇവര്‍ക്കൊന്നിച്ച് കൂടാം. ഒരു സംഘടനയുമില്ലാതെ. അധികാര ശ്രേണികളില്ലാതെ. ബുദ്ധമണ്ഡലത്തിലേക്കുണരാം. സൂര്യോദയത്തിന്റെ അന്വേഷകരാണവര്‍.

വൃക്ഷച്ചുവട്ടില്‍ ഞാന്‍
പുളിമരച്ചുവട്ടില്‍ തിരിച്ചെത്തി ഞാന്‍. അങ്ങനെയല്ല പറയേണ്ടത്. കാരണം, ഇന്നേരമത്രയും പുളിമരച്ചുവട്ടില്‍ തന്നെയായിരുന്നു. എവിടേയ്ക്കും പോയിരുന്നില്ല. എന്റെ മനസ്സാണ് വ്യാപരിച്ചിരുന്നത്, പല ദേശങ്ങളിലേക്കും കാലങ്ങളിലേക്കും. 

മുത്തച്ഛന്റെ കുളിര്‍മ്മയില്‍ ഞാന്‍ ആണ്ടിരിക്കേ, വ്യക്തമായ ശബ്ദം കേട്ടു.
''കുഞ്ഞേ, നീയെന്നെ ഇതുവരെയായും മുത്തച്ഛന്‍ എന്നാണ് സംബോധന ചെയ്തു കൊണ്ടിരുന്നത്. എനിക്കതില്‍ സന്തോഷമില്ലാതില്ല. നീയെന്നെ പുരുഷലിംഗത്തില്‍ സംബോധന ചെയ്തത് ശരിയല്ല. നാളിതുവരെ നിന്നില്‍ അടിഞ്ഞുകൂടിയ അറിവിന്റെ മലം നിമിത്തമാണത്. ഞാന്‍ നിന്റെ മുത്തശ്ശിയാണ്. ഇനിയെങ്കിലും നിന്നില്‍ അറിവ് പോയി വാഴ്വ് തെളിയട്ടെ. ഭൂമിയുടെ സ്ത്രൈണതയിലേ അത് വിരിയൂ.''

'വാസവദത്തയെ' എന്നിലേക്ക് സന്ധിപ്പിച്ച സുഹൃത്ത് എ. രാധാകൃഷ്ണന് നന്ദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com