ബദല്‍ ആധുനിക കാലത്തിലെ കീഴാള ജനാധിപത്യം

സാമ്പത്തിക സംവരണ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഇതുവരെ അക്കാദമികമായി നിലനിന്നിരുന്ന ഉത്തരങ്ങള്‍ അല്ല ലഭിക്കുന്നത്.
ബദല്‍ ആധുനിക കാലത്തിലെ കീഴാള ജനാധിപത്യം

ന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-സാമ്പത്തിക അപചയങ്ങള്‍ക്കും അസന്തുലിതയ്ക്കും പിന്നില്‍ വര്‍ത്തിക്കുന്ന അദൃശ്യശക്തി എന്തെന്നുള്ള ചോദ്യത്തിന്, സാമ്പത്തിക സംവരണ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഇതുവരെ അക്കാദമികമായി നിലനിന്നിരുന്ന ഉത്തരങ്ങള്‍ അല്ല ലഭിക്കുന്നത്. ഇടതുപക്ഷങ്ങളും വലതുപക്ഷവും മദ്ധ്യപക്ഷവും സമുദായ രാഷ്ട്രീയത്തിന്റെ മുഖ്യധാരാ അവതാരങ്ങളും എല്ലാം ചേര്‍ന്ന് ഈ ബില്ലിനെ പാര്‍ലമെന്റില്‍ പാസ്സാക്കിയ സാഹചര്യത്തില്‍ സ്വാഭാവികമായും നാം തിരിച്ചറിയുന്ന ഒരു കാര്യം, മേല്‍പ്പറഞ്ഞ അസമത്വങ്ങള്‍ക്കെല്ലാം കാരണം സാമ്പത്തികമായ സംവരണമില്ലായ്മ ആണെന്നാണ്. ഇത് തികച്ചും ഞെട്ടിപ്പിക്കുന്ന ഒരു തിരിച്ചറിവാണ്; കാരണം, ഇന്ത്യയിലെ ഭൂരിപക്ഷം രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ അണികളുടെ വികാരങ്ങളെ അല്പം പോലും മനസ്സിലാക്കാതെ സാമ്പത്തികമായ സംവരണത്തിലൂടെ തുല്യനീതി ഉണ്ടാക്കിയെടുക്കാമെന്ന ലളിതസമവാക്യത്തില്‍ എത്തിച്ചേര്‍ന്നു. സമുദായ രാഷ്ട്രീയത്തെ ഒറ്റയടിയ്ക്ക് റദ്ദുചെയ്യുകയും സമുദായ രാഷ്ട്രീയത്തിന് ആധാരം കൂടിയായിരിക്കുന്ന, ഭരണഘടന ഉറപ്പുനല്‍കുന്ന ജാതിസംവരണത്തെ ക്രമേണ പിന്നിലേക്ക് തള്ളുകയും ചെയ്യുന്ന ഒരു തന്ത്രപരമായ നീക്കമാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. ജാതി സംവരണം എടുത്തുകളയില്ലെന്ന ഉറപ്പ് നല്‍കവേ തന്നെ ഭരണകൂടങ്ങള്‍ (കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍) ജാതിയെ അദൃശ്യവല്‍ക്കരിച്ചുകൊണ്ട് സാമ്പത്തികമായ തുല്യതാവാദം എന്ന പ്രഹേളികയെ പിന്തുടരാം എന്ന വ്യാജ ആസക്തിയെയാണ് സമൂഹത്തില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഈ സവിശേഷ സാഹചര്യത്തിലാണ് ബി. രാജീവന്റെ 'പ്രളയാനന്തര മാനവികത: ശബരിമലയുടെ പശ്ചാത്തലത്തില്‍' എന്ന പുതിയ പുസ്തകത്തിനെ ഞാന്‍ വായിക്കുന്നത്.

പുസ്തകത്തിന്റെ പേര് പ്രസാധനോദ്യമത്തിന്റെ സന്ദര്‍ഭം ഏതെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും (പ്രളയം-ശബരിമല), സംശോധനം ചെയ്തു ശേഖരിച്ചിരിക്കുന്ന ലേഖനങ്ങളില്‍ രണ്ടെണ്ണം ഒഴിച്ചാല്‍ ബാക്കിയെല്ലാം അല്പം നേരത്തെ തന്നെ എഴുതിയവ ആണെങ്കിലും, പൊടുന്നനെ മാറിമറിഞ്ഞ സാമ്പത്തിക സംവരണ ബില്ല്-അനന്തര സന്ദര്‍ഭം ഈ പുസ്തകത്തിനു കൂടുതല്‍ യോജിക്കുമെന്ന് തോന്നുന്നു. തൊട്ടുമുന്‍പ് ചൂണ്ടിക്കാണിച്ചതുപോലെ ഈ ബില്ലിനു സാധുതയും അംഗീകാരവും നല്‍കിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നും തന്നെ അവയുടെ അണികള്‍ ഇക്കാര്യത്തില്‍ എന്തു ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് ആശയസംവാദമോ ആശയ സമീകരണമോ നടത്തിയിട്ടില്ല. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അധികാര ബന്ധത്തില്‍ നിലനില്‍ക്കുന്ന ഏകപക്ഷീയതയെയാണ് ഇതു ചൂണ്ടിക്കാണിക്കുന്നത്. ഒരു കാടോ കാവോ വെട്ടിക്കളയണോ അതോ കാടും കാവും ചുറ്റി റോഡ് പോകണോ എന്ന വികസന സംബന്ധിയായ ചോദ്യം വന്നാല്‍ നിലവിലെ അവസ്ഥയില്‍ മിക്കവാറും ഭരണാധികാരികള്‍ ആ കാടും കാവും നഷ്ടപ്പെടുന്ന മനുഷ്യരുടെ അഭിപ്രായം ചോദിക്കാറില്ല. നേരെ കാടും കാവും പിഴുതു മാറ്റി റോഡ് വരുത്തുകയാണ് ചെയ്യുന്നത്. ഇത് അധികാരത്തിന്റെ ഏകപക്ഷീയമായ പ്രയോഗമാണ്. എന്നാല്‍, ബി. രാജീവന്‍ തന്റെ പുസ്തകത്തില്‍ അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിരിക്കുന്നത് ഭരണകൂടത്തിന്റെ/ഭരണകൂടത്തിനെ സൃഷ്ടിക്കുന്ന ജനപ്രതിനിധികളുടെ അധികാരപ്രയോഗവും അതിനെതിരെയുള്ള ഭരണീയരുടെ അതിജീവനത്തിനായുള്ള അധികാരപ്രയോഗവും ചേര്‍ന്നതാണ് യഥാര്‍ത്ഥത്തിലുള്ള ആധുനികതയെന്ന വാദമാണ്. ആ വാദത്തെ സാധൂകരിക്കാന്‍ പോന്ന സൈദ്ധാന്തിക പ്രായോഗിക യുക്തികള്‍ നിരത്തുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

സാമ്പത്തിക സംവരണ ബില്ലിന്റെ കാര്യത്തില്‍ ഭരണകൂട അധികാരം ജനങ്ങളുടെ അതിജീവനത്തിനുള്ള അധികാരത്തെ തെല്ലും കണക്കിലെടുത്തിട്ടില്ല. എന്നാല്‍, ജനങ്ങളുടെ അതിജീവന അധികാരത്തിന്റെ വിജയവും ആഘോഷവും ആയിരുന്നു പ്രളയനാളുകളില്‍ കേരളം കണ്ടതെന്ന കാര്യം നമുക്ക് മറക്കാന്‍ കഴിയില്ല. പക്ഷേ, അത് ജനങ്ങളുടെ അധികാരപ്രയോഗമായിരുന്നു എന്ന് ബി. രാജീവന്‍ സൈദ്ധാന്തികമായി പറയുമ്പോള്‍ ആ കേവലാഹ്ലാദത്തിനും ആഘോഷത്തിനും രൂപീകൃതമാകാവുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉറപ്പ് ഉണ്ടാകുന്നു. ആ പ്രത്യയശാസ്ത്ര ബോധത്തെ  രാജീവന്‍ വിളിക്കുന്നത് 'കീഴാള ജനാധിപത്യമെന്നും' അത് സാധ്യമാക്കുന്ന സൈദ്ധാന്തിക പരിസരത്തെ വിളിക്കുന്നത് 'ആള്‍ട്ടര്‍ മോഡേണിസം' എന്നുമാണ്; അതായത് 'പകര ആധുനികത'. പാശ്ചാത്യ ആധുനികത നല്‍കിയ രാഷ്ട്രീയ രൂപങ്ങളെ കീഴാള പരിപ്രേക്ഷ്യത്തിലൂടെ നോക്കി വിശകലനം ചെയ്തുകൊണ്ട് ആധുനികതയുടെ അതിപാഠങ്ങളേയും അതീതപാഠങ്ങളേയും കടന്നുനില്‍ക്കുകയും എന്നാല്‍, ഉത്തരാധുനികതയുടെ പ്രയോഗമായ ആധുനികമായ ബൃഹദ്പാഠങ്ങളുടെ  തള്ളിക്കളയല്‍ പ്രവണതയേയും ഇന്‍ക്ലൂസിവ് എന്ന പേരില്‍ എന്തിനേയും നൈയാമകവും ധാര്‍മ്മികവുമാക്കുന്ന ലിബറല്‍ അനാര്‍ക്കിസത്തേയും പുനഃപരിശോധനയിലൂടെ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാന്‍ കഴിയുന്ന ജാഗ്രത്തായ ഒരു പ്രത്യയശാസ്ത്രത്തിനാണ് രാജീവന്‍ സ്വരം നല്‍കുന്നത്. ഇത് അദ്ദേഹം തന്നെ രൂപം കൊടുത്ത/കൊടുക്കാന്‍ ആഗ്രഹിക്കുന്ന 'സര്‍വ്വ ധര്‍മ്മ ഭാവന' എന്ന പ്രയോഗവേദിയുമായി ഏറെ അടുത്തുനില്‍ക്കുന്ന പരിപ്രേക്ഷ്യം തന്നെയാണ്.

മതവും ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലില്‍നിന്നുളവായ ബലതന്ത്രമാണ് മതത്തെ ഭരണകൂടത്തില്‍നിന്ന് പൂര്‍ണ്ണമായും മാറ്റിനിറുത്തിക്കൊണ്ടുള്ള പാശ്ചാത്യ മതനിരപേക്ഷത ഉണ്ടായതെങ്കില്‍ ഇന്ത്യയുടെ മതനിരപേക്ഷത എന്നത് വിവിധ മത-ഗോത്ര വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ ഒത്തൊരുമിച്ചു ബ്രിട്ടീഷ് ഭരണകൂടത്തിനെ എതിര്‍ത്തതില്‍ നിന്നൂറി വന്ന ഒരു മൂല്യവ്യവസ്ഥയാണെന്ന് രാജീവന്‍ സര്‍വ്വ ധര്‍മ്മ ഭാവനയുടെ മാനിഫെസ്റ്റോയിലും തുടര്‍ന്നെഴുതിയ ലേഖനങ്ങളിലും പറയുന്നുണ്ട്. അതേ വീക്ഷണം തന്നെയാണ് ഈ പുസ്തകത്തില്‍ ഉടനീളം നിലനില്‍ക്കുന്നത്. 'സ്‌നേഹം' എന്ന ധാര്‍മ്മികമായ ഉള്ളടക്കമാണ് ഭരണകൂടാധികാരത്തെ ചെറുക്കുന്നതെന്നും അതുതന്നെയാണ് ഗാന്ധിജി തന്റെ മതനിരപേക്ഷതയുടെ അടിസ്ഥാനമായി എടുത്തിട്ടുള്ളതെന്നും രാജീവന്‍ എടുത്തുകാട്ടുന്നു. ഇതില്‍ ചെറുതല്ലാത്തൊരു കാല്പനിക വീക്ഷണം ഒളിഞ്ഞിരിപ്പുണ്ട്. എന്നാല്‍, ഈ കാല്പനികതയുടെ പുഷ്പീകരണമാണ് പ്രളയനാളുകളില്‍ നാം കേരളത്തില്‍ കണ്ടത്. മനുഷ്യസ്‌നേഹം അഥവാ അപരനോടുള്ള കരുതല്‍ എന്ന ഗുരുവചനം ഏറ്റവുമധികം സാക്ഷാല്‍ക്കരിക്കപ്പെട്ട ദിനങ്ങളായിരുന്നു പ്രളയത്തില്‍ നാം അനുഭവിച്ചത്. നരന് നരന്‍ അശുദ്ധി പോലും എന്ന് അതിശയിച്ച കുമാരകവിയെ തിരുത്താനാകുമായിരുന്നു അന്ന്; പക്ഷേ, കുമാരകവിയും ഗുരുവും ദുഃഖിക്കുമായിരുന്ന ചില അനുഭവങ്ങളും അക്കാലത്തുണ്ടായത് മറക്കുന്നില്ല. അത്തരം അനുഭവങ്ങളെ അപചയങ്ങളാണെന്നു കരുതി മാറ്റിനിറുത്തിയാലും ജാതി എന്ന സംവര്‍ഗ്ഗം മാഞ്ഞുപോയിട്ടില്ലെന്നും അതിന്റെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പലതലങ്ങളില്‍ ഇപ്പോഴും കേരളസമൂഹത്തില്‍ പ്രളയകാലത്തുപോലും തെളിഞ്ഞു വന്നേക്കാമെന്നും നമ്മള്‍ കണ്ടു. ഇതിനെയൊക്കെയും മറികടക്കാവുന്ന ഒന്നായി കീഴാള ജനാധിപത്യത്തിനും പകരം ആധുനികതയ്ക്കും കഴിയും എന്ന ശുഭാപ്തി വിശ്വാസം രാജീവന്‍ ഈ പുസ്തകത്തില്‍ വെച്ചുപുലര്‍ത്തുന്നു.

പലപ്പോഴും എം.എന്‍. വിജയന്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ക്ക് സമമോ എവിടെയെങ്കിലും പോയി യോജിക്കാമെന്നു തോന്നുന്ന വഴികളോ ആണ് രാജീവനും സ്വീകരിച്ചിട്ടുള്ളത്. ഉദാഹരണത്തിന് ''കീഴാള ജനാധിപത്യത്തെ മാറ്റിനിറുത്തിക്കൊണ്ട് ഫാസിസത്തോടുള്ള ഭയം കാരണം ലിബറല്‍ മുതലാളിത്ത ഭരണഘടനയെ ആഘോഷിക്കുകയും ലിബറല്‍ വ്യക്തിവാദത്തിനും മൂലധന സ്വാതന്ത്ര്യത്തിനും സ്തുതിപാടുകയും ചെയ്യുന്ന രാഷ്ട്രീയം യഥാര്‍ത്ഥത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വര്‍ഗ്ഗാടിത്തറയ്ക്കു വേണ്ടിത്തന്നെയാണ് നിലകൊള്ളുന്നത്,'' എന്ന് രാജീവന്‍ പറയുമ്പോള്‍, ഇന്ത്യയിലെ ഇടതും മധ്യ-ഇടതും  പാര്‍ട്ടികള്‍ മധ്യവര്‍ഗ്ഗ ബൂര്‍ഷ്വകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവരിലൂടെ സാമൂഹിക വിപ്ലവം സാധ്യമാണെന്നു കരുതി കീഴാള ജനതയെ പാടെ അവഗണിക്കുകയോ അവരെ കേവലം അസംസ്‌കൃത വസ്തുക്കള്‍ ആയി മാത്രം കാണുകയോ ചെയ്തപ്പോള്‍ ആ ജനങ്ങള്‍ക്കിടയിലേക്ക് വളരെ കൃത്യമായുള്ള  ക്രമാനുഗതമായ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുചെല്ലാനും ഏതൊന്നില്‍ നിന്നാണോ അവര്‍ പുറത്താക്കപ്പെട്ടിരുന്നത് അതിന്റെ തന്നെ അധികാര യുക്തികളിലേക്ക് ആഗിരണം ചെയ്യാനും ഹിന്ദുത്വയ്ക്കു കഴിഞ്ഞു എന്ന വസ്തുത എം.എന്‍. വിജയന്‍ വ്യക്തമാക്കുന്നതില്‍ രാജീവന്റെ ആശയത്തിന്റെ ആമുഖമുണ്ട്. ''കീഴാള ജനസഞ്ചയ ജനാധിപത്യത്തിന്റെ ഇക്കാലത്ത് പഴയ ലിബറല്‍ ജനാധിപത്യ പൗരസമൂഹത്തിന്റെ യുക്തികള്‍ക്കു പ്രസക്തിയില്ല. നാമിന്നു ജീവിക്കുന്നത് ഒരു പൗരസമൂഹാനന്തര രാഷ്ട്രീയത്തിന്റെ ലോകത്താണ്. വ്യക്തിപരമായതിനേയും രാഷ്ട്രീയമായതിനേയും രണ്ടു വ്യത്യസ്ത ലോകങ്ങളിലേക്ക് വേര്‍തിരിച്ചു നിറുത്തുന്ന പഴയ സിവില്‍ സമൂഹത്തെ വ്യക്തിപരമായതും രാഷ്ട്രീയമായതും ഒന്നുതന്നെയായ പുതിയ യുവാക്കളുടെ ലോകം പിന്തള്ളിക്കളഞ്ഞിരിക്കുന്നു'' എന്ന് രാജീവന്‍ തുടര്‍ന്നെഴുതുന്നു.

'പേഴ്സണല്‍ ഈസ് പൊളിറ്റിക്കല്‍' എന്ന നിലപാട് മുന്നോട്ടുവെച്ചത് പ്രധാനമായും പാശ്ചാത്യ ഫെമിനിസ്റ്റുകള്‍ ആണ്. ഇതിന്റെ ഫലമായി ഓരോ സ്ത്രീയും ഓരോ രാഷ്ട്രീയ നിലപാടുകള്‍ ആയി. ഇത് ഫെമിനിസത്തെ പുനര്‍നിര്‍വ്വചിക്കുകയും ശാക്തീകരിക്കുന്നതിനൊപ്പം ദുര്‍ബ്ബലപ്പെടുത്തുകയും ചെയ്തു. സ്ത്രീവാദം എന്ന ഏകശിലാത്മകതയില്‍നിന്ന് വര്‍ഗ്ഗപരവും സമുദായപരവും ആയ നിലകളിലേക്ക് പിളര്‍ന്ന ഫെമിനിസം, തുടര്‍ന്ന് ദേശം, പ്രദേശം, നിറം, മുടിയുടേയും കണ്ണിന്റേയും നിറം, തൊഴില്‍, സാമൂഹികമായ സ്ഥാനം, കുട്ടികളുടെ എണ്ണം, വിധവ, വിവാഹമോചനം നേടിയവള്‍, ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ വളര്‍ത്തുന്ന അമ്മ, തൊഴിലെടുക്കുന്ന സ്ത്രീ, വീട്ടു ജോലിക്കാരി, ചേരിനിവാസി, വിദ്യാഭ്യാസമുള്ളവള്‍, ഇല്ലാത്തവള്‍, വലിയ ശമ്പളമുള്ളവള്‍, കമ്പനിയുടെ തലവി, രാഷ്ട്രീയക്കാരി തുടങ്ങി നൂറായി പിളര്‍ന്നു. ഇത് ഫെമിനിസത്തെ ഉള്ളില്‍നിന്നു ശക്തിപ്പെടുത്തുകയും ഒരു സംഘടിത ശ്രമം എന്ന നിലയില്‍ മുന്നേറുന്നതില്‍നിന്ന് പരാജയപ്പെടുത്തുകയും ചെയ്തു. ഇത് രാജീവന്‍ മുന്നോട്ടുവെയ്ക്കുന്ന കീഴാള ജനാധിപത്യ മാതൃകയ്ക്കും ബാധകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അംബേദ്കര്‍ സാഹിത്യത്തിലൂടെ ഒന്നിക്കപ്പെട്ട ഇന്ത്യന്‍ ദളിതുകള്‍ ഇന്ന് പലതായി പിളരുകയും സംഘടിതമായി മുന്നേറുന്ന ഒരു അവസ്ഥയില്‍നിന്ന് അവരെ പലപ്പോഴും പിന്തിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ ദളിത് വാദത്തില്‍ ഇന്ന് വളരെ പ്രസക്തവും ദൃശ്യവുമായ വിഘടനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയമായി ആര്‍ട്ടിക്കുലേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ദളിത് പാര്‍ട്ടികളില്‍ നേരിട്ടോ അല്ലാതെയോ അംഗത്വമുള്ള ദളിത് ബുദ്ധിജീവികളോ കവികളോ ദളിത് ഫെമിനിസ്റ്റുകളോ ഇല്ലെന്നു തന്നെ പറയാം. അവര്‍ ഓപ്പറേറ്റ് ചെയ്യുന്നത്, രാജീവന്‍ ചൂണ്ടിക്കാണിക്കുന്ന ഒരു ലിബറല്‍ ഇടത്തിലാണ്. ഈ ലിബറല്‍ ഇടം മറ്റു പല സമ്മര്‍ദ്ദങ്ങളേയും നേരിടുന്നുണ്ട്. അതില്‍ പ്രധാനം ദളിതരും ന്യൂനപക്ഷങ്ങളും തമ്മിലുള്ള ബന്ധമാണ്; അതിനായി വാദിക്കുന്ന ഒരു വിഭാഗവും അതിന്റെ ആവശ്യമില്ലെന്നു വാദിക്കുന്ന മറ്റൊരു വിഭാഗവും ദളിത് ബൗദ്ധിക വ്യവഹാരങ്ങളെ പലപ്പോഴും കാലുഷ്യപ്പെടുത്താറുണ്ട്. ഈ സന്ദര്‍ഭത്തിലാണ് ഓരോ വ്യക്തിയും രാഷ്ട്രീയമാകുന്ന കീഴാള ജനാധിപത്യം ഉണ്ടാകേണ്ടതും നിലനില്‍ക്കേണ്ടതും എന്ന വസ്തുത നമ്മെ തുറിച്ചു നോക്കുന്നുണ്ട്. ബദല്‍ ആധുനികതയില്‍ കീഴാള ജനാധിപത്യത്തിന് 'സംഘാടനം' ആവശ്യമുണ്ടോ എന്ന ചോദ്യം അപ്പോള്‍ വരുന്നുണ്ട്. ആവശ്യമില്ല, കേവല സൈദ്ധാന്തികതയില്‍ അത് പൂര്‍ണ്ണത കണ്ടെത്തിക്കൊള്ളും എന്ന് കരുതാനും വയ്യ. ഈ ഒരു സന്ദിഗ്ദ്ധതയിലേക്ക് രാജീവന്‍ അടുത്ത പുസ്തകത്തിലെങ്കിലും കടന്നേയ്ക്കും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

'പ്രളയാനന്തര മാനവികത' കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ പ്രധാനം കേരളത്തില്‍ സംഘപരിവാറിന്റെ സ്വാധീനമാണ്. പൊതുവെ നാം മനസ്സിലാക്കുന്നത് സംഘപരിവാര്‍ രാഷ്ട്രീയം കേരളത്തില്‍ ഏറ്റവും അധികം പ്രാന്തവല്‍ക്കരിക്കപ്പെട്ടു കിടന്ന ഒരു പ്രതിലോമ രാഷ്ട്രീയ ഭാഷ എന്ന നിലയിലാണ്. എന്നാല്‍, കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ സംഘപരിവാര്‍ കേരളത്തിലുണ്ടാക്കിയ സ്വാധീനം ഞെട്ടിപ്പിക്കുന്നതാണ്. ശോഭായാത്രയിലൂടെയും പൊങ്കാലകളിലൂടെയും മാത്രമല്ല സംഘപരിവാര്‍ വളര്‍ന്നതെന്ന് ചരിത്രപരമായി വ്യക്തമാക്കിത്തരികയാണ് രാജീവന്‍ ചെയ്യുന്നത്. ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍ ചുവടുറപ്പിക്കുന്നത് (ഇവിടെ എം.എന്‍. വിജയന്‍ പോയതിലും ആഴത്തില്‍ രാജീവന്‍ സഞ്ചരിക്കുന്നുണ്ട്) നായര്‍-ഈഴവ സംഘര്‍ഷത്തിന്റെ ഭാഗമായും കോണ്‍ഗ്രസ്സിന്റെ ചില ആദ്യരൂപങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗമായിട്ടുമാണ് എന്നും രാജീവന്‍ ചരിത്രവസ്തുതകളുടെ സഹായത്തോടെ വ്യക്തമാക്കുന്നു. ഒരു ഹിന്ദു ഐക്യമുന്നണി രൂപപ്പെടുത്തുന്നതില്‍ മന്നത്തു പദ്മനാഭനും ആര്‍. ശങ്കറും വഹിച്ച പങ്ക് രാജീവന്‍ എടുത്തുകാട്ടുന്നു. എം.എസ്. ഗോള്‍വാക്കറുമായി കേരളത്തില്‍വെച്ച് വേദി പങ്കിട്ട മനുഷ്യനായിരുന്നു മന്നത്ത് പത്മനാഭന്‍. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയം എന്നത് ഇത്രയും കാലം കോണ്‍ഗ്രസ് ആയും എന്‍.എസ്.എസ് ആയും എസ്.എന്‍.ഡി.പി ആയും പ്രച്ഛന്നവേഷം കെട്ടുകയായിരുന്നു. ശബരിമല വിഷയം വന്നതോടെ ഇത് പൂര്‍ണ്ണമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തില്‍ മറനീക്കി പുറത്തുവരികയും ചെയ്തു. പ്രളയാനന്തര കേരളത്തില്‍ ഉണ്ടായ ഏറ്റവും വലിയ അപകടം എന്നത് ഇടതുപക്ഷത്തിന് ''സുപ്രീംകോടതി വിധി നടപ്പിലാക്കുക മാത്രമാണ്, അമ്പലത്തില്‍ സ്ത്രീകള്‍ പ്രവേശിക്കേണ്ട എന്നാണ് കോടതി പറഞ്ഞതെങ്കില്‍ അതും നടപ്പാക്കുമായിരുന്നു'' എന്ന് പറയേണ്ടിവന്നതിലാണ്. ഇവിടെ ഇടതുപക്ഷം വലതുപക്ഷം നിശ്ചയിച്ച ഒരു അജണ്ടയുടെ ഉള്ളിലെ ഒരു കരു മാത്രമായിപ്പോയി.
പുസ്തകത്തിന്റെ ഒന്നാം ഭാഗത്തു തന്നെ, എങ്ങനെയാണ് വലതുപക്ഷ അജന്‍ഡ അഥവാ ഹിന്ദുത്വ വിമോചനസമരത്തിന്റെ സന്ദര്‍ഭത്തിലും പ്രസക്തമായതെന്ന് രാജീവന്‍ വെളിപ്പെടുത്തുന്നു. 1957-ലെ വിമോചനസമരം ആദ്യത്തേതായിരുന്നില്ലെന്നും സമാനമായ ഒരു സമരം സര്‍ സി.പി. രാമസ്വാമി അയ്യര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിനുള്ളില്‍ സൃഷ്ടിക്കുകയും കേരളത്തിലെ കത്തോലിക്കാ സമൂഹത്തെ പ്രതിരോധത്തില്‍ ആക്കുകയും ചെയ്തു. വിദ്യാഭ്യാസം ദേശസാല്‍ക്കരിക്കുക എന്ന പുരോഗമന അജന്‍ഡ കോണ്‍ഗ്രസ്സിലേക്ക് ഒരു ബോംബ് പോലെ ഇട്ടുകൊടുത്തിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്ന ന്യൂനപക്ഷ മതങ്ങളെ കോണ്‍ഗ്രസ്സില്‍നിന്ന് മാറ്റുകയും അങ്ങനെ കോണ്‍ഗ്രസ്സിനെ ശിഥിലീകരിക്കുകയും ചെയ്യാനാണ് സി.പി. ആഗ്രഹിച്ചത്. ഇതേ ഭീതിയാണ് ശരിക്കും പുരോഗമനപരമായ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ നിയമവും ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ അത് ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് അപകടമാണെന്ന പ്രചാരണം കോണ്‍ഗ്രസ്സും കത്തോലിക്കരും ഏറ്റെടുത്തത്. അങ്ങനെ രണ്ടു വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ രണ്ടു വ്യത്യസ്ത ലക്ഷ്യങ്ങളുമായി ചെയ്ത സമാനമായ കാരണം കേരളത്തിലെ കീഴാളരേയും ന്യൂനപക്ഷങ്ങളേയും ആശയക്കുഴപ്പത്തിലാക്കുകയും പ്രതിരോധത്തിലൂന്നിയ നിലപാടുകള്‍ എടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇവിടെയും പക്ഷേ, വിലപേശലില്‍നിന്നു പുറത്താക്കപ്പെട്ടത് രാഷ്ട്രീയപരമായി ശക്തിപ്പെടാതിരുന്ന ദളിത് സമൂഹങ്ങളാണ്; കാരണം, ദളിത് സമൂഹങ്ങളെല്ലാം കര്‍ഷകത്തൊഴിലാളി വര്‍ഗ്ഗം എന്ന പൊതു ബ്രാക്കറ്റിലുള്‍പ്പെടുത്തപ്പെട്ട് 'ഭരണപക്ഷത്തായിരുന്നു' അന്ന്.

പുസ്തകത്തിന്റെ മൂന്നാം ഭാഗത്തില്‍ 'സ്വാതന്ത്ര്യം തന്നെ ജീവിതം' എന്ന ലേഖനത്തില്‍ അദ്ദേഹം ഹെഗല്‍, മാര്‍ക്സ്, സ്പിനോസ തുടങ്ങിയ സൈദ്ധാന്തികരുടെ ചിന്തനങ്ങളിലൂടെ സ്പിനോസ അവതരിപ്പിച്ച 'ഭാവശക്തി അഥവാ അഫക്ട്' എന്നൊരു സംവര്‍ഗ്ഗത്തില്‍ എത്തിച്ചേരുന്നു. 'മാനസികമെന്നോ ശാരീരികമെന്നോ വേര്‍തിരിക്കാനാവാത്ത' ഒരു അതിജീവന ശക്തിയാണത്. അതുപയോഗിച്ചുകൊണ്ട് മാത്രമേ പുതിയൊരു കര്‍ത്തൃഘടനയെ സൃഷ്ടിക്കാനാകൂ എന്ന് രാജീവന്‍ പറയുന്നു. ഒരു പരിഹാരമാര്‍ഗ്ഗം അദ്ദേഹം നിര്‍ദ്ദേശിക്കുന്നത് പ്രസക്തമാണ്: '...അതിനാല്‍ ആശയവൈപരീത്യത്തിന്റെ മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച് പുതിയ കര്‍ത്തൃഘടനകളുടെ അതീന്ദ്രിയമെങ്കിലും യഥാര്‍ത്ഥമായ പുനര്‍നിര്‍മ്മിതിയില്‍ നമുക്ക് ഏര്‍പ്പെടേണ്ടിയിരിക്കുന്നു.'' മതത്തിന്റെ സൗന്ദര്യവല്‍ക്കരണം എന്ന് ഞാനുള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെച്ചിട്ടുള്ള ആശയം ഒരു പക്ഷേ, സൈദ്ധാന്തികമായ അടിത്തറ രാജീവനില്‍ കണ്ടെത്തുന്നുണ്ട് ഇവിടെ. ''കലാസൃഷ്ടികളും സാഹിത്യസൃഷ്ടികളും മനുഷ്യജീവിതത്തില്‍ പുതിയ ഭാവശക്തികളെ സൃഷ്ടിക്കുന്ന സര്‍ഗ്ഗാത്മക യന്ത്രങ്ങളാണ്. കലയും സാഹിത്യവും മനുഷ്യജീവിതത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള മുന്നേറ്റത്തിന് അനിവാര്യമായ അതീന്ദ്രിയ തീവ്രശക്തികളുടെ സമരമുഖമാണെന്ന് ഇന്ന് പറയേണ്ടിവരുന്നത് അതുകൊണ്ടാണ്'' എന്നു പറഞ്ഞാണ് അദ്ദേഹം ഈ ഭാഗം അവസാനിപ്പിക്കുന്നത്. പ്രൗഢമായ രണ്ടു അഭിമുഖങ്ങള്‍ കൂടി പുസ്തകത്തിലുണ്ട്. രാജീവനുമായി എം.പി. ചന്ദ്രശേഖരനും പി.പി. സത്യനും രാജേഷ് കെ. എരുമേലിയും നടത്തിയിട്ടുള്ള ഈ അഭിമുഖങ്ങള്‍ പുസ്തകത്തിനു മുതല്‍ക്കൂട്ടാണ്. രാഷ്ട്രീയ വ്യവഹാരത്തോടൊപ്പം സൈദ്ധാന്തിക വ്യക്തതയും പാരായണസുഖവും നല്‍കുന്ന പുസ്തകമാണ് 'പ്രളയാനന്തര മാനവികത: ശബരിമലയുടെ പശ്ചാത്തലത്തില്‍.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com