വിപ്ലവത്തിനു വയസ്സാകുമ്പോള്‍: ടിപി രാജീവന്‍ എഴുതുന്നു

പ്രസ്ഥാനത്തിനു കാസ്‌ട്രോ നല്‍കിയ താല്‍ക്കാലിക പേര് അനുകരിച്ച് വേണമെങ്കില്‍, ഈ നേട്ടത്തെ 'ജനുവരി ഒന്നിന്റെ വിജയം' എന്നു വിളിക്കാം.
വിപ്ലവത്തിനു വയസ്സാകുമ്പോള്‍: ടിപി രാജീവന്‍ എഴുതുന്നു

ക്യൂബന്‍ വിപ്ലവത്തിന്റെ ഷഷ്ടിപൂര്‍ത്തി വര്‍ഷമാണ് ഇത്. അമേരിക്കന്‍ പിന്തുണയോടെ ക്യൂബയെ അടക്കിഭരിച്ച ഫുള്‍ഗന്‍സിയോ ബാത്തിസ്തയുടെ സ്വേച്ഛാധിപത്യം അവസാനിപ്പിച്ച്, ഫിദല്‍ കാസ്‌ട്രോ, ചെഗുവേര, ഹുബര്‍ മാറ്റോസ്, റൗള്‍ കാസ്‌ട്രോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 'ജൂലൈ 26 പ്രസ്ഥാനം' എന്ന സായുധജന മുന്നേറ്റം വിജയിച്ചതായി പ്രഖ്യാപിച്ചത്  1959 ജനുവരി ഒന്നിനായിരുന്നു. 1953-ല്‍ മോണ്‍കാഡ പട്ടാളക്ക്യാമ്പ് ആക്രമിച്ചതോടെയാണ് കാസ്‌ട്രോവിന്റെ ജനമുന്നേറ്റം തുടങ്ങിയത്. പരാജയപ്പെടുത്താനുള്ള എല്ലാ സ്വേച്ഛാധിപത്യ തന്ത്രങ്ങളും ചതികളും പരാജയപ്പെടുത്തിയാണ്  'ജൂലൈ 26 പ്രസ്ഥാനം' ആറുവര്‍ഷം കഠിനമായി പൊരുതി 1959 ജനുവരി ഒന്നിന്റെ വിജയരേഖയില്‍ എത്തിയത്. പ്രസ്ഥാനത്തിനു കാസ്‌ട്രോ നല്‍കിയ താല്‍ക്കാലിക പേര് അനുകരിച്ച് വേണമെങ്കില്‍, ഈ നേട്ടത്തെ 'ജനുവരി ഒന്നിന്റെ വിജയം' എന്നു വിളിക്കാം.

കാസ്‌ട്രോയെ ഹവാനയിലേയ്ക്ക് സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നവരില്‍ സമൂഹത്തിലെ എല്ലാ വിഭാഗവും ഉണ്ടായിരുന്നു. തൊഴിലാളികള്‍, തൊഴില്‍രഹിതര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ഇതൊന്നുമില്ലാത്തവര്‍, കുട്ടികള്‍, യുവാക്കള്‍, വൃദ്ധര്‍, സ്ത്രീകള്‍... ക്യൂബന്‍ ജനതയുടെ ഒരു പരിച്ഛേദം തന്നെ. അതില്‍ പ്രത്യേകിച്ച് ശ്രദ്ധിക്കപ്പെട്ടതായിരുന്നു  എഴുത്തുകാരുടേയും കവികളുടേയും സാന്നിധ്യം.

എഴുത്തുകാരുടെ കൂട്ടത്തില്‍ രണ്ടുപേരുകള്‍ സവിശേഷമായ പരാമര്‍ശമര്‍ഹിക്കുന്നു. ക്യൂബന്‍ വിപ്ലവാനന്തര ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലേയും രാഷ്ട്രീയത്തിലേയും ഗതി നിര്‍ണ്ണയിക്കുന്നതില്‍ ഇവര്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമാണ് എന്നതാണ് അതിന്റെ കാരണം. ഇതില്‍ ആദ്യം ഓര്‍ക്കേണ്ടത് നോവലിസ്റ്റ് കാര്‍ലോസ് ഫുന്‍ടെസിനെയാണ്. ഇദ്ദേഹമാണ്, 1960-കള്‍ക്കുശേഷം ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ പ്രബലമായി വന്ന ഉച്ചസ്ഥായി തരംഗത്തിനു (Boom Writers) തുടക്കമിട്ടത്. മാത്രമല്ല, ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റേയും സംസ്‌കാരത്തിന്റേയും അനൗദ്യോഗിക അംബാസഡറായും ഫുന്‍ടെസ് പ്രവര്‍ത്തിച്ചു. പല പുതിയ എഴുത്തുകാരേയും അമേരിക്കയിലേയും ഇംഗ്ലണ്ടിലേയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേയും പ്രസാധകര്‍ക്കും സാഹിത്യ ഏജന്റുമാര്‍ക്കും പരിചയപ്പെടുത്തിയതും ഇദ്ദേഹമാണ്.

റഷ്യന്‍ വിപ്ലവവും ചൈനീസ് വിപ്ലവവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്യൂബന്‍ വിപ്ലവത്തിന്റെ സാംസ്‌കാരിക നേട്ടങ്ങള്‍ വളരെ വലുതാണ്. ഏകമാനമായ സോഷ്യല്‍ റിയലിസമാണ് ആദ്യത്തേതിന്റെ സംഭാവനയെങ്കില്‍ ചരിത്രവും മിത്തും ദേശ, വംശസ്മൃതികളും രാഷ്ട്രീയവും ഇടകലര്‍ന്ന ഭാവനയുടെ മാന്ത്രികാവിഷ്‌കാരങ്ങളാണ് ക്യൂബന്‍ വിപ്ലവാനുഭവം എഴുത്തുകാരില്‍ സൃഷ്ടിച്ചത്. ഇത്തരം രചനകളെയാണ് 'ഉച്ചസ്ഥായി തരംഗം' പ്രതിനിധാനം ചെയ്തത്. ആ തരംഗത്തിലാണ് മാര്‍ക്വേസും യോസയും മുഴങ്ങിക്കേട്ടത്. സാഹിത്യത്തിനു പുറമെ രാഷ്ട്രീയത്തിലും സാന്നിധ്യം അടയാളപ്പെടുത്തിയവരായിരുന്നു  ഈ എഴുത്തുകാര്‍.

'ഉച്ചസ്ഥായി' എഴുത്തുകാര്‍ക്ക് സാഹിത്യത്തില്‍നിന്നു വേര്‍പെടുത്തിയെടുക്കാന്‍ കഴിയുന്നതായിരുന്നില്ല  രാഷ്ട്രീയം. എഴുത്തുകാര്‍ക്ക് പുരോഗമന രാഷ്ട്രീയദൗത്യവും നിര്‍വ്വഹിക്കാനുണ്ട് എന്നതായിരുന്നു അവരുടെ നൈതികത. സാഹിത്യരചനകള്‍ ദേശീയവും സാമൂഹികവുമായ യാഥാര്‍ത്ഥ്യങ്ങള്‍ അന്വേഷിക്കാനുള്ള ഉപാധികള്‍ കൂടിയാവണം എന്നത് സൗന്ദര്യശാസ്ത്രവും. അതായത്, സാഹിത്യപ്രതിഭകള്‍ക്ക് വ്യക്തമായ രാഷ്ട്രീയക്കാഴ്ചപ്പാടുകള്‍ കൂടിവേണം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ക്യൂബന്‍ വിപ്ലവം സൃഷ്ടിച്ച പ്രതീക്ഷയില്‍നിന്നും ഉണര്‍വ്വില്‍നിന്നുമാണ്  ഈ സൗന്ദര്യശാസ്ത്ര രാഷ്ട്രീയം രൂപപ്പെട്ടത്. തെക്കേ അമേരിക്കയിലെ പല രാജ്യക്കാരായിരുന്നെങ്കിലും 'ഉച്ചസ്ഥായി' എഴുത്തുകാര്‍ ക്യൂബന്‍ വിപ്ലവത്തേയും ഫിദല്‍ കാസ്‌ട്രോയേയും പിന്തുണച്ചത് ഈ നിലപാടില്‍നിന്നാണ്.

വിപ്ലവം ജയിക്കുകയും കാസ്‌ട്രോ അധികാരത്തില്‍ വരികയും ചെയ്തശേഷം എഴുത്തുകാരുടെ ഈ ഐക്യവും പിന്തുണയും ക്രമേണ ഇല്ലാതാകുന്നതാണ് ലാറ്റിനമേരിക്കന്‍ സാഹിത്യ-സാംസ്‌കാരിക ലോകം കണ്ടത്. കാസ്‌ട്രോ ഭരണത്തില്‍ എഴുത്തുകാര്‍ക്കും കവികള്‍ക്കുമുണ്ടായ പീഡാനുഭവങ്ങളായിരുന്നു  ഈ കൂട്ടംപിരിയലിനുള്ള കാരണം. അതില്‍ പ്രധാനമാണ് 'പാഡില സംഭവം' (Padilla Affair).

ഹെര്‍ബെര്‍ട്ടോ പാഡില
ഹെര്‍ബെര്‍ട്ടോ പാഡില


1959 ജനുവരി ഒന്നിന് ഫിദല്‍ കാസ്‌ട്രോവിനേയും സഹവിപ്ലവകാരികളേയും ഹവാനയില്‍ സ്വീകരിക്കാനെത്തിയവരില്‍ അന്ന് 27 വയസ്സായ ഹെര്‍ബെര്‍ട്ടോ പാഡില എന്ന കവിയുമുണ്ടായിരുന്നു. പതിനേഴാമത്തെ വയസ്സിലാണ് പാഡില തന്റെ ആദ്യ സമാഹാരമായ 'ധാര്‍ഷ്ട്യമുള്ള പനിനീര്‍ പൂക്കള്‍' (Audacious Roses) പ്രസിദ്ധീകരിച്ചത്. കാസ്‌ട്രോയുടെ വിപ്ലവ മുന്നേറ്റത്തെ പിന്തുണച്ചവരില്‍ ഈ കവിയുമുണ്ടായിരുന്നു മുന്‍നിരയില്‍. വിപ്ലവാനന്തരം ക്യൂബ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുമെന്നും ബാത്തിസ്തയുടെ സ്വേച്ഛാധിപത്യം അവസാനിച്ച് സ്വാതന്ത്ര്യം പുന:സ്ഥാപിക്കപ്പെടുമെന്നുമായിരുന്നു  വിശ്വാസം. പക്ഷേ, തന്റെ വിശ്വാസം അസ്ഥാനത്തായിരുന്നു എന്ന് ഹെര്‍ബെര്‍ട്ടോ പാഡിലയ്ക്ക് വൈകാതെ മനസ്സിലായി. ക്യൂബയിലെ എഴുത്തുകാരോടും കലാകാരന്മാരോടും ബുദ്ധിജീവികളോടും കാസ്‌ട്രോ കാണിച്ച അസഹിഷ്ണുതയായിരുന്നു  അതിന്റെ തുടക്കം.
സാഹിത്യരചനകള്‍ വിപ്ലവത്തെ സഹായിക്കുന്നവയായിരിക്കണം എന്ന് എഴുത്തുകാര്‍ക്ക്  കാസ്‌ട്രോ നല്‍കിയ നിര്‍ദ്ദേശമായിരുന്നു പാഡിലയെ പ്രകോപിപ്പിച്ചത്. ഒരു പുതിയ സ്വേച്ഛാധിപത്യത്തിന്റെ ആരംഭമായി കവി ഈ നിര്‍ദ്ദേശത്തെ കണ്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ വിയോജിപ്പ് കൂടുതല്‍ രൂക്ഷമായി.

അതിനിടയിലാണ് ഹെര്‍ബെര്‍ട്ടോ പാഡിലയുടെ 'കളിക്കു പുറത്ത്' എന്ന കവിതാസമാഹാരത്തിന്  ദേശീയ സമ്മാനം ലഭിച്ചത്. കാസ്‌ട്രോവിന്റെ അഭിപ്രായത്തിനും ആഗ്രഹത്തിനും എതിരായിരുന്നു ഈ പുരസ്‌കാരം. അതുകൊണ്ട്, കവിതകളില്‍ ഏതെങ്കിലും തരത്തിലുള്ള വിപ്ലവവിരുദ്ധ സന്ദേശങ്ങളുണ്ടെങ്കില്‍ അതിനെ വിമര്‍ശിച്ചും നിഷേധിച്ചും കൊണ്ടുള്ള ഒരു 'അനുബന്ധം' കൂടി ചേര്‍ക്കേണ്ടി വന്നു കവിക്കു സമാഹാരം പ്രസിദ്ധീകരിക്കാന്‍.
കവിതാസമാഹാരം അനുബന്ധത്തോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും കവിയുടെ വീട്ടുതടങ്കലിലേക്കാണ് ഈ പുസ്തകവും പുരസ്‌കാരവും ഹെര്‍ബെര്‍ട്ടോ പാഡിലയെ എത്തിച്ചത്. കവി എഴുതുന്നു:
കവി! അവനെ ചവിട്ടി പുറത്താക്കൂ!
അവന് ഇവിടെ ഒരു കാര്യവുമില്ല
അവന്‍ ഒരു കളിയിലും പങ്കാളിയാകുന്നില്ല
അവന്‍ ആവേശഭരിതനാകുകയോ
വ്യക്തമായി സംസാരിക്കുകയോ ചെയ്യുന്നില്ല.
അവന്‍ ഒരിക്കലും അദ്ഭുതങ്ങള്‍ കാണുന്നില്ല.''
അതുവരെ ക്യൂബയില്‍ മാത്രം ഒതുങ്ങിനിന്ന പാഡില സംഭവം 1971-ല്‍ നടന്ന അറസ്റ്റോടെ ലോകശ്രദ്ധയിലേയ്ക്കു വന്നു. രഹസ്യപൊലീസിന്റെ ഒരു മാസത്തോളം നീണ്ടുനിന്ന കഠിനമായ ചോദ്യം ചെയ്യലുകള്‍ക്കു വിധേയനാകേണ്ടിവന്നു കവിക്ക്. പാഡില മാത്രമല്ല പീഡനങ്ങള്‍ക്ക് വിധേയമായത്. കവിയുടെ ഭാര്യ ബല്‍കിസ് കുസ മലെ, സഹപ്രവര്‍ത്തകരായ സീസര്‍ ലോപസ്, പാബ്ലോ അര്‍ണാഡോ ഫെര്‍ണാണ്ടസ്, മാന്വല്‍ ഡിയാസ് മാര്‍ട്ടിനസ് എന്നിവരും തടവിലാക്കപ്പെട്ടു. 'ഉച്ചസ്ഥായി' എഴുത്തുകാരില്‍ ഗാര്‍ഷ്യ ഗബ്രിയേല്‍ മാര്‍ക്വേസ് മാത്രമാണ് അപ്പോഴും ഫിദല്‍ കാസ്‌ട്രോയുമായി സൗഹൃദം നിലനിര്‍ത്തിയത്.

പാഡില ഭാര്യ ബല്‍കിസ് കസമലയോടൊപ്പം
പാഡില ഭാര്യ ബല്‍കിസ് കസമലയോടൊപ്പം

ക്യൂബയ്ക്കു പുറത്തുള്ള എഴുത്തുകാരില്‍ കാസ്‌ട്രോയുടെ സാംസ്‌കാരിക ഫാസിസത്തിനെതിരെ ആദ്യം ശബ്ദിച്ചത് 'ഉച്ചസ്ഥായി'യിലുള്ള മറ്റൊരു എഴുത്തുകാരനായ മരിയോ വര്‍ഗസ് യോസയായിരുന്നു. ഹെര്‍ബെര്‍ട്ടോ പാഡിലയുടെ തടവിനെതിരെയും അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും യോസ ഒരു തുറന്ന കത്ത് കാസ്‌ട്രോയ്ക്ക് അയച്ചു. ഴാങ്ങ് പോള്‍ സാത്ര്, സൂസന്‍ സൊന്‍ടാഗ് തുടങ്ങിയവരും ആ കത്തില്‍ ഒപ്പുവെച്ചവരില്‍ ഉണ്ടായിരുന്നു. എന്നിട്ടും പാഡിലയ്ക്കും ഭാര്യയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്വതന്ത്രരാകാന്‍ 'വിപ്ലവവിരുദ്ധ പ്രവര്‍ത്തനം നടത്തി' എന്ന കുറ്റസമ്മതം പരസ്യമായി നടത്തേണ്ടിവന്നു.
പുറത്തുവന്നെങ്കിലും ഹെര്‍ബെര്‍ട്ടോ പാഡില പൊലീസ് നിരീക്ഷണത്തിലായിരുന്നു. അതുകൊണ്ട് തന്നെ ജീവിതവും എഴുത്തും അസ്വതന്ത്രവും. ഈ കാലത്തെപ്പറ്റിയായിരിക്കണം പാഡില ഇങ്ങനെ എഴുതിയത്:
ക്യൂബന്‍ കവികള്‍ സ്വപ്നം കാണാറേയില്ല
(രാത്ര്യയില്‍ പോലും).
യഥേഷ്ടം എഴുതുവാന്‍ അവര്‍ വാതിലടക്കുന്നു
പെട്ടെന്ന്, മരം ഒച്ചവെക്കുമ്പോള്‍;
കാറ്റ് ലക്ഷ്യമില്ലാതെ അവരെ
പറത്തിക്കൊണ്ടുപോകുമ്പോള്‍;
കൈകള്‍ അവരുടെ തോളില്‍
പിടിച്ചു വലിക്കുന്നു.
ജന്മനാട്ടില്‍ ജീവിതം അസഹ്യമായപ്പോള്‍, 1980-ല്‍ ഹെര്‍ബെര്‍ട്ടോ പാഡില അമേരിക്കയിലേക്ക് കുടിയേറി. ക്യൂബന്‍ ഭരണകൂടം ആദ്യം അതിനും സമ്മതിച്ചിരുന്നില്ല. വ്യക്തിപരമായ ബന്ധം ഉപയോഗിച്ച് മാര്‍ക്വേസാണ് കാസ്‌ട്രോയില്‍നിന്ന് അനുമതി വാങ്ങിച്ചുകൊടുത്തത്. അമേരിക്കയില്‍ വിവിധ സര്‍വ്വകലാശാലകളില്‍  സാഹിത്യാദ്ധ്യാപകനായി കവി ജോലിചെയ്തു. പക്ഷേ, നാടുകടത്തപ്പെട്ട ജീവിതവും പാഡില ഇഷ്ടപ്പെട്ടില്ല. ജന്മാനാട്ടില്‍ത്തന്നെ ജീവിച്ച് കവിത എഴുതണമെന്നായിരുന്നു ആഗ്രഹം. ഏറ്റവും അവസാനം അലബാമയിലായിരുന്നു നിയമനം. 1980 സെപ്റ്റംബര്‍ 25-ന് ഹെര്‍ബെര്‍ട്ടോ പാഡില പഠിപ്പിക്കാന്‍ സമയത്തിനു ക്ലാസ്സിലെത്തിയില്ല. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചെന്ന് അദ്ദേഹത്തിന്റെ മുറി തുറന്നുനോക്കിയപ്പോള്‍ കണ്ടത് മരിച്ചു കിടക്കുന്ന കവിയെയാണ്. കവിയുടെ തന്നെ ചില വരികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്:
നിങ്ങള്‍ കവിയെ മറന്നോ?
നിങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയോ
സഹിക്കുകയോ ചെയ്യുന്നത്
ഏത് കാലത്തിലായാലും
സ്ഥലത്തായാലും
ഒളിപ്പോരിലെന്നപോലെ
അവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും
അപകടകരമായ ഒരു കവിത.
മുതലാളിത്തമായാലും രാജഭരണമായാലും കമ്യൂണിസമോ സോഷ്യലിസമോ ആയാലും അധികാരത്തിന്റെ പ്രതിപക്ഷത്തായിരിക്കും  കവിതയും സ്വാതന്ത്ര്യവും എന്ന് ക്യൂബന്‍ വിപ്ലവവും തെളിയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com