ആധുനികാനന്തര മലയാള നോവലിന്റെ പാഠവല്‍ക്കരണം

കേരളത്തിന്റെ സാമൂഹിക സാഹിത്യമണ്ഡലങ്ങളില്‍ മൗലികതകൊണ്ട് അടയാളപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ച് നിരവധി നോവലുകള്‍ ഉണ്ടായിട്ടുണ്ട്.
ആധുനികാനന്തര മലയാള നോവലിന്റെ പാഠവല്‍ക്കരണം

ജീവിതത്തെ സമഗ്രമായി ആവിഷ്‌കരിക്കാന്‍ കഴിയുന്നത് നോവലിലൂടെയാണ് എന്നു പറയാന്‍ കാരണം അതിന്റെ ബൃഹത് പരിസരമാണ്. നോവലിന്റ പരിണാമങ്ങള്‍ പരിശോധിച്ചാല്‍ ഓരോ കാലഘട്ടത്തിലും ഉണ്ടായിട്ടുള്ള ആഖ്യാനപരമായ മാറ്റങ്ങള്‍ വ്യക്തമാകും. സാഹിത്യത്തിലെ വലിയ പ്രസ്ഥാനമായ ആധുനികതയെ മറികടന്നു വന്ന ഉത്തരാധുനികത സൃഷ്ടിച്ച ലോകം നിരവധിയായ നിര്‍വ്വചനങ്ങളാലും വ്യാഖ്യാനങ്ങളാലും ഇന്നും വികസിക്കുകയാണ്. ആധുനികത സൃഷ്ടിച്ച വിഭ്രാന്തികള്‍ ഇപ്പോഴും സാഹിത്യലോകത്തുനിന്നും അപ്രത്യക്ഷമായിട്ടില്ല എന്നു കരുതുന്ന നിരൂപകര്‍ ഇന്നും മലയാളത്തിലുണ്ട്. എഴുപതുകളിലും എണ്‍പതുകളുടെ മധ്യകാലത്തും നിറഞ്ഞുനിന്ന രാഷ്ട്രീയ കാല്‍പ്പനികതയും അതിലൂടെ രൂപപ്പെട്ട ബിംബാധിഷ്ഠിത ഭാഷയും ഇന്നും ഭൂതത്തെപ്പോലെ പലരുടേയും എഴുത്തുകളില്‍ ഒഴിയാബാധയായി നില്‍ക്കുന്നു. എഴുതിയും വായിച്ചും നിറച്ച ഇടങ്ങളിലേക്ക് വീണ്ടും സ്തംഭിച്ചുനില്‍ക്കുന്ന ഇത്തരം എഴുത്തു പരിസരങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ വലിയ ശ്രമങ്ങള്‍ തന്നെ നടക്കുന്നുണ്ട്. ഭാഷയുടെ വരേണ്യതയെ ലഹരിയിലൂടെ നിറയുന്ന ബോറന്‍ പ്രയോഗങ്ങളിലൂടെ വീണ്ടും പ്രതിഷ്ഠിക്കുന്നവര്‍ തിരിച്ചറിയാതെ പോകുന്ന കാര്യം ഉത്തരാധുനികത സൃഷ്ടിച്ച അപരശബ്ദങ്ങളും ഭാഷയിലെ വ്യതിരിക്തതകളുമാണ്. ഇന്നും ആധുനികതയ്ക്ക് ലഭിക്കുന്ന ഇടങ്ങള്‍തന്നെയാണ് കാലഹരണപ്പെട്ടിട്ടും അവയെ നിലനിര്‍ത്തുന്നത്. ഉത്തരാധുനികതയുടെ സൗന്ദര്യ സര്‍ഗ്ഗ പരിസരം രൂപപ്പെടുത്തിയ ആദിവാസി, ദളിത്, പരിസ്ഥിതി, സ്ത്രീ, എല്‍.ജി.ബി.റ്റി ക്വര്‍ സമൂഹങ്ങളുടെ ജീവിതാവിഷ്‌കാരങ്ങളെ കാണാതെ ഇന്ന് ഏതൊരു സാഹിത്യ ചരിത്ര നിര്‍മ്മിതിയും സാധ്യമല്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ബോധത്തിലും അബോധത്തിലും ഇത്തരത്തില്‍ നടക്കുന്ന വരേണ്യവല്‍ക്കരണത്തിനിടയിലാണ് ഡോ. കുമാര്‍ ജെ., ഡോ. കെ. ഷിബു എന്നിവര്‍ എഡിറ്റ് ചെയ്ത 'ആധുനികാനന്തര മലയാള നോവല്‍' എന്ന പുസ്തകം പ്രസക്തമാകുന്നത്. ആധുനികാനന്തരത്തിലെ അറുപതു നോവലുകളുടെ പഠനമാണ് ഈ പുസ്തകം.
ചരിത്രത്തെ സൂക്ഷ്മമായി കണ്ടെത്താനുള്ള ശ്രമം, ലിംഗസമത്വത്തെ സംബന്ധിച്ച നവ കാഴ്ചപ്പാടുകള്‍, പൊതു ഇടത്തില്‍നിന്ന് പുറന്തള്ളപ്പെട്ട മനുഷ്യരുടെ കര്‍ത്തൃത്വം അന്വേഷിക്കല്‍, പരിസ്ഥിതിയെക്കുറിച്ച് ആഴത്തിലുള്ള അവബോധ നിര്‍മ്മിതി, ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും വളര്‍ച്ച എഴുത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള ബഹുസ്വരതകള്‍ ആധുനികാനന്തര നോവലിന്റെ പ്രത്യേകതകളാണ്. അഞ്ച് ഭാഗങ്ങളായി തിരിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഓരോ കാലഘട്ടത്തിലും നോവലിലുണ്ടായ ആഖ്യാനപരമായ വ്യതിയാനത്തെയാണ് ഇത്തരത്തില്‍ പഠനത്തിനു വിധേയമാക്കുന്നത്. നോവലിന്റെ പരിണാമ ഘട്ടങ്ങളെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. അത് അത്തരം സംവാദമായി നിലനിര്‍ത്തിക്കൊണ്ടുള്ളതാണ് ഇതിലെ ഓരോ പഠനങ്ങളും. 
ആധുനികാനന്തര നോവലുകള്‍ എന്നു സാമാന്യമായി വിശേഷിപ്പിക്കുന്നത് രണ്ടായിരത്തിനു ശേഷമിറങ്ങിയ നോവലുകളെക്കുറിച്ചാണ്. ദേശം, കാലം, ഭാഷ എന്നിവയെയെല്ലാം സമൂര്‍ത്തമായാണ് ആധുനികാനന്തര നോവല്‍ സമീപിക്കാറുള്ളത്. ഭാഷയെത്തന്നെ പുതുക്കിപ്പണിയുന്നു എന്നതാണ് പുതുകാല നോവലിന്റെ പ്രത്യേകത. ഭാവുകത്വപരമായി വിച്ഛേദനം നടത്തുന്നതിനൊപ്പം ആഖ്യാനത്തിലും സൂക്ഷ്മതകള്‍ നിലനിര്‍ത്താന്‍ ആധുനികാനന്തര നോവലുകള്‍ ശ്രമിക്കുന്നുണ്ട്. 

വ്യക്തി, കുടുംബചരിത്രം, ലിംഗനീതിയുടെ കാണാക്കാഴ്ചകള്‍, തിരസ്‌കൃതരുടെ സുവിശേഷങ്ങള്‍, ഹരിത മാനവികതയുടെ നവചിത്രങ്ങള്‍, ആഹ്വാനത്തിന്റെ നവലോകങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തമായ ആശയങ്ങളെയാണ് ആധുനികാനന്തര നോവല്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് എഡിറ്റര്‍മാര്‍ ആമുഖക്കുറിപ്പില്‍ എഴുതുന്നുണ്ട്. 

കൊളോണിയല്‍ ആധുനികതയും പത്തൊന്‍പതാം നൂറ്റാണ്ടിലെ നോവലുകളും   
നോവലിന്റെ ചരിത്രപരമായ വഴികള്‍ അടയാളപ്പെടുത്തുന്നതാണ് ഡോ. ഡി. ബഞ്ചമിന്റെ ഭാവുകത്വ പരിണാമവും ആധുനികാനന്തര നോവലും എന്ന ആമുഖ പഠനം. കൊളോണിയല്‍ ആധുനികത എങ്ങനെയാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പുറത്തിറങ്ങിയ നോവലുകളെ സ്വാധീനിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കുന്നുണ്ട്. സാധാരണയായി ഇന്ദുലേഖയില്‍ തുടങ്ങി ആധുനികതയില്‍ അവസാനിക്കുന്നതാണ് ഇവിടുത്തെ നോവല്‍ പഠനങ്ങള്‍/നിരൂപണങ്ങള്‍. നവ അന്വേഷണങ്ങളും പുതുകാല പഠനങ്ങളും അത്തരം വാര്‍പ്പുകളെ പൊളിക്കുന്നുണ്ട്. കൊളോണിയല്‍ ആധുനികതയും അത് സൃഷ്ടിച്ച സാഹിത്യ അവബോധങ്ങളെക്കുറിച്ചുമുള്ള ഗവേഷണങ്ങളുമാണ് ഇന്ദുലേഖയ്ക്ക് മുന്‍പുള്ള നോവലുകളെ കണ്ടെടുക്കാന്‍ സഹായിച്ച മുഖ്യഘടകം. 

ഡോ. ഡി. ബഞ്ചമിന്‍ എഴുതുന്നു:
നാം ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും നോവലുള്‍പ്പെടെയുള്ള ചില ഗദ്യ സാഹിത്യരൂപങ്ങളും ആദ്യമായി അവതരിപ്പിച്ചത് മിഷനറിമാരായിരുന്നു. അവ മികച്ച കലാശില്പങ്ങളായിരുന്നില്ല. പ്രബോധനപരത പലപ്പോഴും അവയുടെ കലാത്മകതയെ ശിഥിലമാക്കിയിരുന്നു. പക്ഷേ, നോവല്‍ എന്ന സാഹിത്യരൂപം മലയാളത്തില്‍ അവതരിപ്പിച്ചത് അങ്ങനെയാണ്. ഇന്ത്യന്‍ ഭാഷയിലെതന്നെ ആദ്യത്തെ നോവല്‍ എന്നു വിശേഷിപ്പിക്കാവുന്ന ഫുല്‍മോനിഓ കോരുണാര്‍ബിബരണ്‍ എന്ന ബംഗാളി നോവല്‍ എഴുതിയത് കാതറൈന്‍ ഹന്ന മുല്ലന്‍സ്(1858) എന്ന വിദേശ വനിതയാണ്. റവ. ജോസഫ് പിറ്റ് അത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. പ്രബോധനപരത വളരെ പ്രകടമായ ഈ നോവലില്‍ ബംഗാളിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിന്റെ പ്രകാശനമുണ്ട്. ആ ജീവിതത്തില്‍ നാം കാണുന്ന പ്രവണതകളില്‍ പലതും അന്നത്തെ കേരളീയ ജീവിതത്തിലും ദൃശ്യമായിരുന്നുവെന്നത് വിസ്മയകരമായി തോന്നാം. യുക്തിബദ്ധമായി കഥ പറയുക എന്ന നോവലിന്റെ അടിസ്ഥാന ഗുണം ഈ കൃതിക്കുണ്ട്. 
രണ്ടാമതുണ്ടാകുന്ന നോവല്‍ മിസിസ് റിച്ചാര്‍ഡ് കോളിന്‍സ് എഴുതിയ ഘാതകവധമാണ് (1877). സവര്‍ണ്ണ ക്രിസ്ത്യാനികളായിരുന്ന ജന്മികളും അവരുടെ അടിമകളായിരുന്ന ദളിതരും തമ്മിലെ സംഘര്‍ഷമാണ് നോവല്‍ പ്രമേയമാക്കുന്നത്. (ഭാവുകത്വ പരിണാമവും ആധുനികാനന്തര നോവലും). ഈ കാലത്തെ നോവലുകളെക്കുറിച്ച് പല നിരൂപകരും വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

പി.പി. രവീന്ദ്രന്‍ എഴുതുന്നു:
അധിനിവേശ ആധുനികതയുടെ ജിഹ്വയായി ഫുല്‍മോനിയെ കാണാന്‍ അഗാധമായ ഉള്‍ക്കാഴ്ചയൊന്നും വേണമെന്നില്ല. ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനഫലമായി പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളത്തില്‍ നടപ്പില്‍ വന്ന സാമൂഹിക പരിവര്‍ത്തനം ആധുനികതയുടെ ആശ്വാസ്യമായ മുഖത്തെയാണ് അവതരിപ്പിക്കുന്നത്. (ഫുല്‍മോനിയുടേയും കോരുണയുടേയും കഥ അനുഭവ വിവര്‍ത്തനവും വിവര്‍ത്തനാനുഭവവും ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ട് സ്ത്രീകളുടെ കഥയ്ക്ക് എഴുതിയ പഠനം).
കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച  സാംസ്‌കാരിക അവബോധം മലയാള സാഹിത്യ ചരിത്രത്തില്‍ നോവലിനെയാണ് കൂടുതല്‍ സ്വാധീനിച്ചത് എന്നാണ് ഇവരുടെ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. 
എസ്.എസ്. ശ്രീകുമാര്‍ എഴുതുന്നു: ഇന്ത്യയിലെഴുതപ്പെട്ട ഇംഗ്ലീഷ് നോവലിന്റെ ചരിത്രമെടുത്താലും മലയാള നോവലിന്റെ ചരിത്രമെടുത്താലും ഒരു മാര്‍ഗ്ഗദര്‍ശകമെന്ന നിലയില്‍ പ്രസക്തി ഘാതകവധത്തിനു തന്നെയാണ്. അത് 1859-ല്‍ രചിക്കപ്പെടുകയും 1864-ല്‍ തന്നെ പ്രസിദ്ധീകൃതമാവുകയും ചെയ്തു. (ഘാതകവധം: ചരിത്രവും രാഷ്ട്രീയവും, ഘാതകവധം നോവലിനെഴുതിയ പഠനം).

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടും സാമൂഹിക പദവിയിലേക്ക് ഉയരാന്‍ കഴിയാത്ത ദളിതരുടെ ജീവിതമാണ് ഈ നോവല്‍ പ്രമേയമാക്കുന്നത്. ഹിന്ദു വരേണ്യ ബോധ്യങ്ങളാല്‍ സാഹിത്യചരിത്രത്തെ രൂപപ്പെടുത്തണം എന്നു വിചാരിക്കുന്നവരാണ് ഇന്ദുലേഖയില്‍നിന്ന് നോവല്‍ സാഹിത്യത്തെ പഠിക്കാന്‍ ആരംഭിച്ചത്.   

സനല്‍ മോഹന്‍ എഴുതുന്നു:

 പുല്ലേലി കുഞ്ചുവിന്റെ പഠനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു കാര്യം സാമ്പ്രദായിക കേരളത്തില്‍ നിലവിലിരുന്ന മതബോധത്തിന്റേയും സാമൂഹ്യ ഘടനയുടേയും വിശകലനമാണ്. അധ:സ്ഥിത അടിമ വിഭാഗങ്ങള്‍, ഇന്നു നാം ഹൈന്ദവര്‍ എന്നു വ്യവഹരിക്കുന്ന മതവിഭാഗത്തില്‍ ഉള്‍പ്പെട്ടവരായിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ വിശുദ്ധ മണ്ഡലം മിഷനറിമാര്‍ക്ക് കടന്നുചെന്ന് മാറ്റിമറിക്കാന്‍ കഴിയുന്നതായിരുന്നു. ജീവനേയും ജീവിതത്തേയും നിര്‍ണ്ണയിക്കുകയും ഉറപ്പാക്കുകയും ചെയ്യുമ്പോള്‍പോലും വരേണ്യശക്തികള്‍ക്ക് കടന്നുചെല്ലാനുള്ള തുറസുകള്‍ ഈ കീഴാളബോധത്തില്‍ ഉണ്ടായിരുന്നു. (പുല്ലേലിക്കുഞ്ചു പുതിയ മനോഘടനയുടെ സങ്കീര്‍ണ്ണതകള്‍-നോവല്‍ പഠനം).

ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായിരുന്ന കേരളീയ സാമൂഹിക ശരീരത്തില്‍ കൊളോണിയല്‍ ആധുനികത ഏല്‍പ്പിച്ച പരിക്കുകളാണ് ഈ നോവലിലൂടെ ആവിഷ്‌കരിക്കപ്പെട്ടത്. തുടര്‍ന്നു മലയാള നോവല്‍ വ്യത്യസ്തമായ ധാരകളിലൂടെയാണ് കടന്നു പോകുന്നത്. പഴയകാല നോവലുകള്‍ പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന സന്ദര്‍ഭമാണിത്. 
ആധുനികതയില്‍നിന്നുള്ള വിച്ഛേദനവും ആധുനികാനന്തര നോവലുകളുടെ ഭാവുകത്വ പരിസരവും രണ്ടായിരത്തിനു ശേഷമിറങ്ങിയ 66 നോവലുകളുടെ പഠനവുമാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആഖ്യാനത്തിലും പരിചരണത്തിലും സവിശേഷതകള്‍ ഉയര്‍ത്തി 18 വര്‍ഷത്തിനുള്ളില്‍ നിരവധി നോവലുകള്‍ ഉണ്ടാകുന്നുണ്ട്. വ്യത്യസ്ത സ്ഥലരാശികളെയാണ് ഇവയെല്ലാം പ്രതിനിധാനം ചെയ്യുന്നത്. 

ചരിത്രവുമായി ചേര്‍ന്നുനില്‍ക്കുന്ന നോവലുകളെ 'ചരിത്രഗാഥകള്‍' എന്ന ഒന്നാം ഭാഗത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തെത്തന്നെ വ്യത്യസ്തമായി സമീപിക്കുന്ന നോവലുകള്‍ എന്ന അര്‍ത്ഥത്തില്‍ വീണ്ടും വിഭജിച്ച് പഠിക്കുന്നു. ജീവചരിത്ര നോവലുകള്‍, ദേശചരിത്രം, രാഷ്ട്രീയചരിത്രം, വ്യക്തി/കുടുംബചരിത്രം എന്നീ സ്വഭാവങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ള നോവലുകളാണ് ഈ ഭാഗത്ത് പഠനത്തിനു തെരഞ്ഞെടുത്തിരിക്കുന്നത്. ജീവചരിത്രം പശ്ചാത്തലമായി വരുന്ന നോവലുകളുടെ പഠനം ശ്രദ്ധേയമാണ്. കേരളത്തിന്റെ സാമൂഹിക സാഹിത്യമണ്ഡലങ്ങളില്‍ മൗലികതകൊണ്ട് അടയാളപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ച് നിരവധി നോവലുകള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്നവരെക്കുറിച്ച് പുതിയ കാലത്ത് നോവല്‍ എഴുതുമ്പോള്‍ ഉണ്ടാകുന്ന പരിമിതികള്‍ ആ കൃതികള്‍ക്കുള്ളതായി പഠനങ്ങള്‍ പറയുന്നു.

ആധുനികാനന്തര നോവലുകളുടെ പ്രത്യേകതയായ ദേശചരിത്ര ആഖ്യാനം കടന്നുവരുന്ന നോവലുകളുടെ പഠനമാണ് 'ദേശചരിത്രം' എന്ന ഭാഗത്തുള്ളത്. എന്‍.എസ്. മാധവന്റെ 'ലത്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍' എന്ന നോവലായിരിക്കും ഒരുപക്ഷേ, ദേശചരിത്രത്തെ കര്‍ത്തൃത്വപരമായി അടയാളപ്പെടുത്തിയ ആദ്യ ആധുനികാനന്തര നോവല്‍. തുടര്‍ന്ന് ആനന്ദ്, ടി. പി. രാജീവന്‍, റഫീക്ക് അഹമ്മദ്, യു.കെ. കുമാരന്‍ തുടങ്ങി ഏറ്റവും പുതിയ തലമുറയിലെ വി.എം. ദേവദാസ് തുടങ്ങിയവരുടെ നോവലുകളെക്കുറിച്ചും പഠിക്കുന്നു. 

രാഷ്ട്രീയ ചരിത്രാധിഷ്ഠിത നോവലുകളെയാണ് അടുത്ത വിഭാഗമെന്ന നിലയില്‍ പഠിക്കുന്നത്. കേവല കക്ഷിരാഷ്ട്രീയം എന്നതിനപ്പുറം ഉത്തരാധുനികതയുടെ സവിശേഷ പഠനമായ സൂക്ഷ്മ രാഷ്ട്രീയം കടന്നുവരുന്ന നോവലുകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ബാബു ഭരദ്വാജിന്റെ കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, ഇ. സന്തോഷ് കുമാറിന്റെ അന്ധകാരനഴി ഇത്തരത്തിലുള്ള നോവലുകളുടെ ആഖ്യാന പരിസരം രാഷ്ട്രീയചരിത്രവുമായി ഏതു തരത്തില്‍ സംവദിക്കുന്നു എന്ന് അന്വേഷിക്കുന്നു ഇതിലെ പഠനങ്ങള്‍.
ആധുനികതയെ സമരോത്സുകമാക്കുകയും ഉത്തരാധുനികര്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന എം. മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി ദേശത്തിന്റെ രാഷ്ട്രീയചരിത്രത്തിന്റെ അവസ്ഥാഭേദങ്ങളെ കണ്ടെത്തുകയാണ്. ഒപ്പം സമകാലിക രാഷ്ട്രീയ സാഹചര്യവും അതിനൊപ്പം ചേര്‍ത്തുവെയ്ക്കുന്നു.
ഓരോ ഭാഗത്തിനും പൊതുവായി പ്രമുഖ നിരൂപകര്‍ പഠനങ്ങള്‍ എഴുതിയിട്ടുണ്ട്. ഒന്നാം ഭാഗത്തിനു പഠനം തയ്യാറാക്കിയ ഇ.വി. രാമകൃഷ്ണന്‍ എഴുതുന്നു: ചരിത്രത്തെക്കുറിച്ചുള്ള ഏതു ചര്‍ച്ചയും അതു നടക്കുന്ന കാലത്തെക്കുറിച്ചുമാണ്. നാം എന്തോര്‍മ്മിക്കുന്നുവെന്നത് നമ്മുടെ ആകുലതകളും ഉല്‍ക്കണ്ഠകളും ആശ്രയിച്ചിരിക്കും. മലയാള നോവലില്‍ ഇന്ന് ചരിത്രം ഒരു മുഖ്യവിഷയമാകുന്നതിന്റെ സൂചനകള്‍ പലതാണ്. ജീവിതത്തിന്റെ ജ്വരവേഗത്തില്‍ നാം നമുക്കു തന്നെ അന്യരാവുകയാണ്. നഗരവല്‍ക്കരണം, പ്രവാസിത്വം, ഡിജിറ്റല്‍ സംസ്‌കാരത്തിന്റെ സ്വകാര്യ ജീവിതങ്ങളിലേക്കുള്ള കടന്നാക്രമണം, കുടുംബത്തിന്റെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നാക്രമണം, കുടുംബഘടനയിലും ലിംഗനീതികളിലും വന്ന മാറ്റങ്ങള്‍, നമുക്കു ചുറ്റും തിരിച്ചറിയാന്‍ ഉതകാതിരുന്ന അടയാളങ്ങള്‍ മാഞ്ഞുപോയിരിക്കുന്നു(ഭൂതകാലങ്ങളുടെ വര്‍ത്തമാന ചരിത്രം ഓര്‍മ്മ നോവല്‍).

ലിംഗനീതിയുടെ കാണാക്കാഴ്ചകള്‍ എന്ന രണ്ടാം ഭാഗത്തിനു പഠനം തയ്യാറാക്കിയിരിക്കുന്നത് ഡോ. പി.എസ്. ജ്യോതിലക്ഷ്മിയാണ്. ''മുഖ്യധാരാ സാഹിത്യമെന്നാല്‍ പുരുഷന്മാരുടെ രചനാലോകം എന്ന പരമ്പരാഗത മിഥ്യാധാരണയെ തിരുത്തിയെഴുതാന്‍ സമകാലിക എഴുത്തുകാരികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. പെണ്‍പക്ഷം പ്രപഞ്ചപക്ഷത്തിലേക്കുയരുന്ന കാഴ്ച സ്ത്രീപക്ഷ നോവല്‍ നല്‍കുന്നുവെന്നത് മലയാള നോവലിനെ പുതിയ ആകാശങ്ങളിലേക്കുയര്‍ത്താന്‍ സ്ത്രീപക്ഷ രചനകള്‍ക്കുള്ള കരുത്ത് വിളിച്ചറിയിക്കുന്നതാണ്(ലിംഗനീതിക്കുവേണ്ടിയുള്ള പോരാട്ട ചരിത്രം).
വിശാലമായൊരു സാംസ്‌കാരിക ഭൂമികയാണ് നോവലിന്റേത്. ഒരേ സമയം ഭാവനയേയും ചരിത്രത്തേയും സ്വീകരിക്കാന്‍ നോവലിനു സാധിക്കുന്നു. സമൂഹത്തിലുണ്ടാകുന്ന എല്ലാത്തരം മാറ്റങ്ങളേയും വളരെ വേഗത്തില്‍ തിരിച്ചറിയാന്‍ നോവലുകള്‍ക്കു സാധിക്കുന്നു. നോവലിന്റെ രചനാലോകം അതുകൊണ്ടുതന്നെ വികസിതമാണ്. 

തിരസ്‌കൃതരുടെ സുവിശേഷങ്ങള്‍ എന്ന മൂന്നാം ഭാഗത്തിന് പഠനം നടത്തിയ ഡോ. ഒ.കെ. സന്തോഷ് വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ''ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട മലയാള നോവലിന്റെ ചരിത്രം തുടങ്ങുന്നതുതന്നെ ജാതിയിലധിഷ്ഠിത സാമൂഹിക വ്യവസ്ഥയുടെ വിമര്‍ശനമെന്ന ആശയത്തിലും ഭാവനയിലുമാണ്. കൊളോണിയല്‍ മോഡേനിറ്റിയുമായുള്ള മുഖാമുഖത്തിലൂടെ അതിന്റെ തീര്‍ച്ചയും മൂര്‍ച്ചയും ആദ്യകാല നോവലുകളില്‍ വൈവിധ്യങ്ങളോടെയാണെങ്കിലും കാണാം. എന്നാല്‍, നവോത്ഥാന കാലത്തേക്ക് എത്തുമ്പോഴാവട്ടെ, ഉപരിപ്ലവമായ ഭാവനയും അതിനെ പിന്തുണയ്ക്കുന്ന നിരൂപണ വ്യവഹാരങ്ങളും നമുക്ക് കാണാന്‍ കഴിയും'' (സര്‍ഗ്ഗഭാവനയുടെ ചരിത്രവും സമകാലികതയും).

മലയാള നോവലില്‍ കീഴാള സമൂഹങ്ങള്‍ എത്രമാത്രം പ്രതിനിധാനപരമായി അടയാളപ്പെടുന്നുവെന്നത് പരിശോധിക്കുന്ന നോവലുകളെക്കുറിച്ചുള്ള പഠനമാണ് ഈ ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹരിതമാനവികതയുടെ നഖചിത്രങ്ങള്‍ എന്ന നാലാം ഭാഗത്ത് പരിസ്ഥിതി സംബന്ധമായ നോവലുകളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. പൊതു പഠനമെഴുതിയിരിക്കുന്നത് ജി. മധുസൂദനനാണ്. ''കാല്‍പ്പനികതയുടെ ഉത്ഭവകാലത്തുതന്നെ പരിസ്ഥിതി പ്രമേയങ്ങള്‍ വിശ്വ നോവലിനെ സ്വാധീനിക്കുന്നുണ്ട്. വിശ്വനോവലില്‍ മികച്ച പാരിസ്ഥിതിക നോവലുകളുടെ സമൃദ്ധമായ ലോകമുണ്ട്. ആധുനികതയ്ക്ക് ശേഷമുള്ള കാലഘട്ടത്തില്‍, 1980-കളുടെ രണ്ടാം പകുതിയിലാണ് മലയാള നോവലില്‍ പരിസ്ഥിതി സ്വാധീനങ്ങള്‍ ദൃശ്യമായത്''. (ഹരിത മാനവികതയുടെ നഖചിത്രങ്ങള്‍, മൂലധന യുഗത്തിലിരുന്ന് നോവലെഴുതുമ്പോള്‍). 

കേവല പരിസ്ഥിതിവാദം എന്നതിനപ്പുറം പരിസ്ഥിതിയെ സംബന്ധിച്ച് അവബോധം നല്‍കുന്ന തരത്തിലുള്ള ഭാവനാമണ്ഡലത്തെ വികസിപ്പിച്ച നോവലുകളെക്കുറിച്ചുള്ള പഠനമാണ് ഈ ഭാഗത്തുള്ളത്. 
അവസാന ഭാഗത്ത് സയന്‍സ് ഫിക്ഷന്‍, സൈബര്‍, പ്രവാസം പശ്ചാത്തലമായി വരുന്ന നോവലുകളുടെ പഠനമാണുള്ളത്. സയന്‍സ് ഫിക്ഷന്‍ എഴുതണമെങ്കില്‍ ഒരു ശാസ്ത്രകാരന്റെ മനസ്സും വീക്ഷണവും ആവശ്യമാണെന്ന് ഈ വിഭാഗത്തിനു പൊതു പഠനം നിര്‍വ്വഹിച്ച് ഡോ. സൗമ്യ ബേബി ചൂണ്ടിക്കാണിക്കുന്നുണ്ട് (ആഖ്യാനത്തിന്റെ നവലോകങ്ങള്‍).  
ശാസ്ത്രം പശ്ചാത്തലമാകുന്ന രചനകളും സൈബര്‍ ഇടങ്ങളിലെ ആവിഷ്‌കാരങ്ങളും ഉത്തരാധുനിക നോവലിന്റെ സമകാലിക സംവാദ പരിസരത്തെയാണ് അടയാളപ്പെടുത്തുന്നത്. ആധുനികാനന്തര മലയാള നോവലിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തുതന്നെ നിരവധി നോവലുകള്‍ പുറത്തിറങ്ങുന്നുണ്ട്. ഇനിയും വികസിക്കേണ്ട പഠനങ്ങളെയാണ് അവ ആവശ്യപ്പെടുന്നത്. ആധുനികാനന്തരത സൃഷ്ടിക്കുന്ന എഴുത്തിന്റെ പരിസരം പല എഴുത്തുകാരേയും മൗനത്തിലേക്ക് നയിച്ചിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടാണ് അവര്‍ ഈ എഴുത്തിനെ പല തരത്തില്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നത്. ഇതുവരെ കാണാത്ത ഭാഷയും ദേശവും മനുഷ്യരും ജീവജാലങ്ങളും സൈബര്‍ലോകങ്ങളും ആധുനികാനന്തര എഴുത്തില്‍ കടന്നുവരുന്നു എന്നതാണ് യാഥാസ്ഥിതികരേയും പാരമ്പര്യവാദികളേയും അസ്വസ്ഥരാക്കുന്നത്. അതിനു പ്രേരകമാകുന്നതാണ് ഈ പുസ്തകം.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com