ഉത്തമദേശത്തെ ഉത്തമപ്പൊരുത്തം: രാജ്യം തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോള്‍

പ്രാദേശിക കക്ഷികള്‍ ഏതൊക്കെ സംസ്ഥാനങ്ങളില്‍ എങ്ങനെ നിര്‍ണായകമാണെന്ന് പരിശോധിക്കുന്നതോടെ  തെരഞ്ഞെടുപ്പ് ചിത്രത്തിന് കൂടുതല്‍ വ്യക്തത കൈവരും. 
ഉത്തമദേശത്തെ ഉത്തമപ്പൊരുത്തം: രാജ്യം തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോള്‍


ത്തര്‍പ്രദേശില്‍ ഇത്തവണ സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും യോജിച്ചാണ് ബിജെപിയെ നേരിടുന്നത്. 38 സീറ്റില്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കും. ചരിത്രപരമെന്നാണ് അഖിലേഷ് യാദവിന്റെ ഈ തീരുമാനത്തെ മായാവതി വിശേഷിപ്പിച്ചത്. കാല്‍നൂറ്റാണ്ടായി പരസ്പരം പോരടിച്ചു നിന്ന രണ്ട് പാര്‍ട്ടികളായിരുന്നു എസ്.പിയും ബി.എസ്.പിയും. സഖ്യം പ്രാവര്‍ത്തികമായാലും 1995-ല്‍ മുലായം സിങ് യാദവിന്റെ ഗുണ്ടകളില്‍ നിന്ന് രക്ഷപെട്ട മായാവതി പെട്ടെന്നൊന്നും കഴിഞ്ഞത് മറക്കാനിടയില്ല. ഉണങ്ങാത്ത മുറുവില്‍ ലേപനം പുരട്ടുന്നതു പോലെ അഖിലേഷ് അതിനൊരു മറുപടിയും നല്‍കിയിട്ടുണ്ട്. അവരെ അപമാനിക്കുന്നത് തന്നെ അപമാനിക്കുന്നതു പോലെയാണെന്ന്. അച്ഛന്റെ രാഷ്ട്രീയത്തെ പലകുറി മറികടന്ന അഖിലേഷ് മായാവതിയോടൊപ്പം ചേര്‍ന്ന് ഒരു മാരത്തണ്‍ ഓട്ടത്തിനാവും തയ്യാറെടുക്കുന്നത്. 

1992 ഡിസംബറില്‍ ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ആദ്യമായി സമാജ്വാദി പാര്‍ട്ടി- ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യം വരുന്നത്. സമാജ്വാദി തലവന്‍ മുലായം സിങ് യാദവും ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമുമായിരുന്നു ഈ സഖ്യത്തിന് പിന്നില്‍. 256 സീറ്റുകളില്‍ സഖ്യം മത്സരിച്ചു. ബാബറി മസ്ജിദ് സംഭവത്തിന് ശേഷം ബി.ജെ.പിക്ക് പിന്നില്‍ 164 സീറ്റുകളുമായി രണ്ടാമതെത്താന്‍ സഖ്യത്തിനായി. രാഷ്ട്രീയ പാര്‍ട്ടിയായതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 109 സീറ്റുകള്‍ നേടാന്‍ എസ്.പിക്കായി. 67 സീറ്റുകള്‍ ബി.എസ്.പിയും നേടി. 
തെരഞ്ഞെടുപ്പില്‍ 177 സീറ്റുകളുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും ആര്‍ക്കും കേവലഭൂരിപക്ഷം നേടാനായില്ല. പിന്നീട് കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് എസ്.പി ബി.എസ്.പി സഖ്യം അധികാരത്തിലേറി. ഉത്തര്‍പ്രദേശില്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം രൂപംകൊണ്ട ആദ്യ സര്‍ക്കാര്‍ ഇത്തരത്തില്‍ സെക്യുലര്‍ സര്‍ക്കറായിരുന്നു. എസ്.പി അദ്ധ്യക്ഷനായിരുന്ന മുലായം സിങ് യാദവായിരുന്നു അന്നത്തെ മുഖ്യമന്ത്രി.

ഈ സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ്  മായാവതിയുടെ നേതൃത്വത്തില്‍ സഖ്യ സര്‍ക്കാറിനുള്ള പിന്തുണ ബി.എസ്.പി പിന്‍വലിക്കുന്നത്. ഈ അവസരത്തില്‍ എസ്.പി പ്രവര്‍ത്തകര്‍ സംഘടിച്ച് ഗവ. വി.ഐ.പി ഗസ്റ്റ് ഹൗസില്‍ യോഗം ചേരുകയായിരുന്ന മായാവതിയെയും മറ്റ് ബി.എസ്.പി അംഗങ്ങളെയും ആക്രമിച്ചു. 1995 ജൂണ്‍ രണ്ടിനായിരുന്നു സംഭവം. ഇവിടെ നിന്നും ബി.ജെ.പി എം.എല്‍.എ ബ്രഹ്മം ദത്ത് ദ്വിവ്വേദി മായാവതിയെ രക്ഷിക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ ബി.ജെ.പി പിന്തുണയോടെ 1995 ല്‍ മായാവതി ഉത്തര്‍പ്രദേശിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മായാവതിയുടെ മുപ്പത്തിയൊമ്പതാം വയസിലാണ് ആദ്യമായി മുഖ്യമന്ത്രിയാവുന്നത്.

മായാവതിയും അഖിലേഷും
മായാവതിയും അഖിലേഷും

അടിതെറ്റാതെ ആനയും സൈക്കിളും
80 സീറ്റുകളാണ് യു.പിയില്‍ ഉള്ളത്. 2014-ല്‍ 71 സീറ്റുകളും ബി.ജെ.പിക്ക് കിട്ടി. എസ്.പി. അഞ്ചിലേക്കും കോണ്‍ഗ്രസ് രണ്ടിലേക്കും ഒതുങ്ങി. ഏറ്റവുമധികം തിരിച്ചടി നേരിട്ടത് മായാവതിക്കായിരുന്നു. ഒരു സീറ്റുപോലും ബി.എസ്.പിക്ക് നേടാനായില്ല. കഴിഞ്ഞതവണ 22.3 ശതമാനം വോട്ടാണ് എസ്.പിക്ക് ലഭിച്ചത്. ബി.എസ്.പിക്ക് 19.8 ശതമാനവും. ഇത്തവണ 0.9 ശതമാനം വോട്ടോടെ ആര്‍.എല്‍.ഡിയും ചിത്രത്തിലുണ്ട്. ഈ മൂന്നു പാര്‍ട്ടികളും കൂടി യോജിച്ചാല്‍ 42% വോട്ടിങ് വിഹിതമുള്ള ബി.ജെ.പിക്ക് അത് കനത്ത വെല്ലുവിളിയാകും. ഗൊരഖ്പൂര്‍, ഫുല്‍പ്പുര്‍, കൈരാന ഉപതെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിജയമോഡല്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരം കടുത്തതാകും. 

നിലവില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ ചേര്‍ന്നിട്ടില്ല.  ഇപ്പോള്‍ യു.പിയില്‍ കോണ്‍ഗ്രസ് ഒരു ശക്തിയുമല്ല. എന്നാല്‍, 10% വോട്ടാണ് കോണ്‍ഗ്രസിനുണ്ട്. 2014-ല്‍ കിട്ടിയത് 7.5%. നഗര വോട്ടര്‍മാരും മുന്നോക്കക്കാരുമാണ് കോണ്‍ഗ്രസിന്റെ ശേഷിക്കുന്ന വോട്ട് ബാങ്ക്. എസ്.പിയുമായോ ബിഎസ്.പിയുമായോ ചേര്‍ന്നാലും ഈ വോട്ട് ഒരിക്കലും ആ പാര്‍ട്ടികളിലേക്ക് പോകാറില്ല. ജാതി രാഷ്ട്രീയം നിര്‍ണായകമായ യുപിയില്‍ പിന്നാക്ക യാദവ, മുസ്ലിം വോട്ടുകളാണ് എസ്.പിയുടെ വോട്ടുബാങ്ക്. ദളിത്-മുസ്ലീം വോട്ടുകളാണ് ബി.എസ്.പിയുടെ ശക്തി. അതേസമയം , സഖ്യത്തെക്കുറിച്ച് ആകുലതകളില്ലാതെയാണ്  രംഗത്തിറങ്ങുന്നതെന്നാണ് ബി.ജെ.പിയുടെ വാദം. കേന്ദ്രമന്ത്രി ജെ.പി. നദ്ദയ്ക്കാണ് ഇവിടെ ചുമതല. ഗുജറാത്ത് മുന്‍ മന്ത്രി ഗോവര്‍ധന്‍ ജാഥാപിയയെ അമിത്ഷാ നേരിട്ട് നിയോഗിച്ചിട്ടുമുണ്ട്. എ.ജി.പി( ആസം ഗാനാ പരിഷത്ത്, എസ്.ബി.എസ്.പി (സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി), അപ്നാദള്‍ എന്നിവരൊക്കെ എന്‍.ഡി.എ മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. എസ്.ബി.എസ്.പിയുടെ നേതാവും മന്ത്രിയുമായ ഓം പ്രകാശ് രാജ്ബറും അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേലിനും  പരിഭവങ്ങള്‍ ഏറെയാണ്. സംവരണത്തില്‍ തുടങ്ങി അവഗണന വരെ ഇവരുടെ പരിഭവങ്ങളില്‍ പെടുന്നു. 

പ്രിയങ്കാഗാന്ധിക്കാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല. 2009-ല്‍ വിജയിച്ച 21 സീറ്റുകളില്‍ 15 എണ്ണവും കിഴക്കന്‍ യുപിയില്‍ നിന്നായിരുന്നു. രണ്ട് മാസത്തേക്കല്ല, പ്രിയങ്കയെ ഉത്തര്‍പ്രദേശിലേക്ക് അയച്ചതെന്ന് രാഹുലും വ്യക്തമാക്കിയിട്ടുണ്ട്. ജാതി രാഷ്ട്രീയത്തിന് മുമ്പില്‍ അടിപതറിപോയ കോണ്‍ഗ്രസിനെ ഉത്തര്‍പ്രദേശില്‍ പുനഃരുജ്ജീവിപ്പിക്കുക എന്ന ദീര്‍ഘകാല ദൗത്യമാണ് സഹോദരിയെ ഏല്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തം. കോണ്‍ഗ്രസിനെ  ഒഴിവാക്കിയിട്ടുണ്ടെങ്കിലും പൂര്‍ണമായി സഖ്യം അവഗണിച്ചിട്ടുമില്ല. 80 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം . മധ്യപ്രദേശില്‍  കമല്‍നാഥ് മന്ത്രിസഭയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പുവരുത്താന്‍ ബി.എസ്.പിയും എസ്.പിയും പിന്തുണ  നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ മധ്യപ്രേദശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും  വിജയിച്ചതുകൊണ്ടു മാത്രം ബി.ജെ.പി. വിരുദ്ധ മുന്നണിയുടെ നേതൃസ്ഥാനം കോണ്‍ഗ്രസിനു ഏറ്റെടുക്കാനാവില്ലെന്നു  ചുരുക്കം. മധ്യപ്രദേശിലേതിനു പകരത്തിന് പകരമാണ് ഉത്തര്‍പ്രദേശിലേതെന്ന് ചുരുക്കം. രാഹുലിനും സോണിയയ്ക്കുമുള്ള രണ്ട് മണ്ഡലങ്ങളും ചെറുകക്ഷികള്‍ക്കായുള്ള രണ്ട് മണ്ഡലങ്ങളും ഒഴികെ മറ്റെല്ലാ സീറ്റുകളിലും എസ്.പി.-ബി.എസ്.പി. സഖ്യം മത്സരിക്കും. സഖ്യത്തില്‍ പരിഗണിച്ചില്ലെങ്കിലും കോണ്‍ഗ്രസിന് അന്തിമഘട്ടത്തില്‍ സഖ്യത്തെ പിന്തുണയ്ക്കുകയല്ലാതെ വേറെ വഴിയില്ല. ബി.ജെ.പി.വിരുദ്ധ വോട്ട് ചിതറിക്കുക എന്ന ആത്മഹത്യാശ്രമത്തിലേക്ക് രാഹുല്‍ ഏതായാലും പോകില്ല. കഴിഞ്ഞ മൂന്ന് ഉപതിരഞ്ഞെടുപ്പുകളും അത് ശരിവെക്കുന്നുമുണ്ട്. 

ആത്മവിശ്വാസത്തോടെയാണ് ബി.ജെ.പി ഇറങ്ങുന്നതെങ്കിലും കാര്യങ്ങള്‍ അത്ര ശുഭസൂചകമല്ല. യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്നു ഗോരഖ് പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യഒഴിഞ്ഞുകൊടുത്ത ഫൂല്‍പ്പൂരിലും ബി.ജെ.പിക്ക് ചരിത്രത്തിലെ വലിയ തിരിച്ചടിയാണ് നേരിട്ടത്. സഖ്യത്തെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടെന്ന് യോഗി ആദിത്യനാഥ് തുറന്നുസമ്മതിച്ചിരുന്നു. 403 നിയമസഭാ മണ്ഡലങ്ങളില്‍ 312 ലും ബി.ജെ.പിയാണ് ജയിച്ചത്. പക്ഷേ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായപ്പോള്‍ ഒഴിവു വന്ന സീറ്റുകളിലാണ് അന്ന് ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടത്. തുടര്‍ന്ന് കൈരാന ഉപതെരഞ്ഞെടുപ്പില്‍ അജിത് സിങ്ങിന്റെ പേരില്‍ ആദ്യ മുസ്ലീം എം.പിയെ ഈ സഖ്യം ലോക്സഭയിലെത്തിച്ചു. കൈരാനയില്‍ ഹുക്കുംസിങ് മരിച്ച ഒഴിവില്‍ മകള്‍ മൃഗങ്കയെയാണ് ബി.ജെ.പി. മത്സരിപ്പിച്ചത്. എന്നിട്ടും സഹതാപതരംഗം ലഭിച്ചില്ല. ബി.ജെ.പി എം.പി. ഹുക്കുംസിങ് രണ്ടരലക്ഷം ഭൂരിപക്ഷത്തിന് ജയിച്ച സീറ്റാണ് ഏതാണ്ട് അരലക്ഷം വോട്ടിനടുത്ത് ഭൂരിപക്ഷത്തില്‍ പ്രതിപക്ഷം പിടിച്ചെടുത്തത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 50 ശതമാനം വോട്ട് നേടിയെങ്കില്‍ ഇത്തവണ 46 ശതമാനമായി. 2014 മുതല്‍ ഒരൊറ്റ മുസ്ലിം നാമധാരിയെ പോലും ലോക്സഭയിലേക്ക് എത്തിക്കാന്‍ കഴിയാതിരുന്ന യു.പി.ക്ക് കൈരാന മുസ്ലിം എം.പി.യെയും നല്‍കി. 

കോണ്‍ഗ്രസിന് അടിത്തറയില്ലെന്ന തിരിച്ചറിവില്‍നിന്നാണ് അഖിലേഷ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് മായാവതിയുമായി അടുത്തത്. തനിച്ച് മത്സരിച്ചപ്പോഴും മായാവതിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് വിഹിതം നിലനിര്‍ത്താനായിട്ടുണ്ട്. ഈ വോട്ട് വിഹിതവും ചേര്‍ത്ത് എസ്.പിക്കൊപ്പം ചേര്‍ന്ന സീറ്റുകള്‍ നേടുകയെന്ന നീക്കമാണ് സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്. പരമാവധി സീറ്റുകള്‍ ലോക്സഭയിലേക്ക് സ്വന്തമാക്കാനായാല്‍ ദേശീയ തലത്തില്‍ നിര്‍ണായകമാകാനുള്ള സാധ്യതകള്‍ ഇരുപാര്‍ട്ടികളും കാണുന്നു. മായാവതി പ്രധാനമന്ത്രിയാകുകയെന്നത് സന്തോഷകരമാണെന്ന അഖിലേഷിന്റെ പ്രഖ്യാപനം ഇതിന്റെ തുടര്‍ച്ചയാണ്. 2014-ലെ യു.പി.എ. സര്‍ക്കാരിനെതിരായ വികാരവും മോദിതരംഗവും സൃഷ്ടിച്ച അലയില്‍ അധികാരം പിടിച്ച ബി.ജെ.പി.ക്ക് യു.പി.യില്‍ വിധാന്‍സഭാവിജയം പ്രതീക്ഷ നല്‍കുമ്പോഴും 2018-ലെ മൂന്ന് ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും മഹാസഖ്യത്തിനുമുന്നില്‍ അടിയറവ് പറയേണ്ടിവന്നിരുന്നു. തിരഞ്ഞെടുപ്പില്‍ വോട്ട് ഭിന്നിച്ചില്ലെങ്കില്‍ ബി.ജെ.പി.ക്ക് അത് തിരിച്ചടിയാവുമെന്നുറപ്പ്. എന്നാല്‍, മോദിപ്രഭാവത്തില്‍ വിജയമാവര്‍ത്തിക്കുമെന്നും വികസനപ്രവര്‍ത്തനങ്ങള്‍ ജനം മറക്കില്ലെന്നുമാണ് ബി.ജെ.പി. ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
തീവ്രഹിന്ദുത്വ വികാരം ആളിക്കത്തിക്കല്‍ മാത്രമായിരിക്കും അഭിമാനപോരാട്ടം നടത്തുന്ന  ബി.ജെ.പിക്ക് മുന്നിലുള്ള ഏക പോംവഴി. എന്നാല്‍ 2014-ലേതിനു സമാനമല്ല ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍. അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം മാത്രമാണ് പോളറൈസേഷനുള്ള ഒരു വഴി. കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ കുറച്ചുനാള്‍ പ്രതികരണത്തിന് ശ്രദ്ധപുലര്‍ത്തിയെങ്കിലും രാമക്ഷേത്രം പണിയുമെന്ന് കഴിഞ്ഞദിവസം അമിത് ഷാ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.  പടിഞ്ഞാറന്‍ മേഖലകളിലും ലഖിംപുര്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലും കരിമ്പുകര്‍ഷകരുടെ നിലപാടാണ് നിര്‍ണായമാകുക. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ജ്യോതിരാദിത്യ സിന്ധ്യയാണ് കോണ്‍ഗ്രസിനെ നയിക്കുക. 2014-ല്‍ ആര്‍.എല്‍.ഡിക്ക് പതിനൊന്ന് സീറ്റുകളും എസ്.പിക്ക് രണ്ട് സീറ്റുകളുമാണ് ലഭിച്ചത്. നാലു പ്രവിശ്യകളായാണ് ഉത്തര്‍പ്രദേശിനെ വിഭജിക്കുന്നത്. പടിഞ്ഞാറും കിഴക്കും മധ്യ യുപിയും. ഇത് കൂടാതെ ബുന്ദേല്‍ഖണ്ഡും. 


സീറ്റ് നില
ഉത്തര്‍പ്രദേശ്
ബി.ജെ.പി 71
എസ്.പി 5
ബി.എസ്. പി 0
മറ്റുള്ളവര്‍ 2

അഭിപ്രായ സര്‍വേകള്‍ പറയുന്നത്
സഖ്യം നിലവില്‍ വന്നാല്‍ ബി.ജെ.പി അഞ്ചില്‍ താഴെ
കോണ്‍ഗ്രസിന്റെയും അവസ്ഥ പരിതാപകരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com