പത്മരാജന്‍പൂക്കുന്ന ഓര്‍മ്മത്തുരുത്ത് 

പത്മരാജന്‍ എന്ന എഴുത്തുകാരന്/ചലച്ചിത്രകാരന് ലഭിച്ച ഭാഗ്യങ്ങളിലൊന്നാണ് രാധാലക്ഷ്മി എന്ന സഹയാത്രികയുടെ ജീവിത പാരസ്പര്യം
പത്മരാജന്‍പൂക്കുന്ന ഓര്‍മ്മത്തുരുത്ത് 

1992 ജനുവരി 24-നാണ് പി. പത്മരാജന്‍ അന്തരിച്ചത്. ജനപ്രിയ ചലച്ചിത്രകാരനായും ശ്രദ്ധേയ എഴുത്തുകാരനായും ജീവിതം ആഘോഷിക്കുന്നതിനിടയിലാണ് കടന്നുപോയത്. 46 വര്‍ഷങ്ങള്‍കൊണ്ട് ചരിത്രത്തില്‍ കൊത്തിവെച്ച ജീവിതമാണ് അദ്ദേഹം സൃഷ്ടിച്ചത്. രാധാലക്ഷ്മി പത്മരാജന്‍ എന്ന എഴുത്തുകാരിയുടെ ജനനം ആ വിയോഗമുഹൂത്തത്തില്‍നിന്ന് ഉണ്ടായി. പത്മരാജന്റെ ജീവിതം രേഖപ്പെടുത്തിക്കൊണ്ടാണ് രാധാലക്ഷ്മി രചന തുടങ്ങിയത്.

നിരവധി വിഘ്‌നങ്ങള്‍ സംഭവിച്ച അനുരാഗനദിയാണ് 1970 മാര്‍ച്ച് 24-ന് ദാമ്പത്യ സൗഭാഗ്യത്തിലേക്ക് എത്തിയത്. എന്നാല്‍, അതിന് എത്രയോ മുന്‍പുതന്നെ പത്മരാജന്‍ എന്ന എഴുത്തുകാരന്റെ ആത്മവിഹ്വലതകളും ഭാവനാ ഭൂപടങ്ങളും രാധാലക്ഷ്മി മനസ്സിലാക്കിയിരുന്നു. പത്മരാജന്‍ നിരന്തരം എഴുതിയിരുന്ന കത്തുകളിലൂടെ ആ ജീവിതത്തിന്റെ സര്‍ഗ്ഗകാമനകള്‍ തിരിച്ചറിഞ്ഞു. രാധാലക്ഷ്മിക്ക് അയച്ച ഒരു കത്തില്‍ പത്മരാജന്‍ എഴുതി: ''ഹൃദയം മുഴുവന്‍ അമൂര്‍ത്തമായി ഒരുതരം വിഷാദം തളംകെട്ടി നില്‍ക്കുന്നു. കാരണമെന്തന്ന് വ്യവച്ഛേദിക്കാനാവാത്ത ഒരുതരം വിഷാദബോധം എന്നില്‍ ഇടയ്ക്കിടയ്ക്ക് വന്നു നിറയാറുണ്ട്. ഇപ്പോള്‍ അവയുടെ എണ്ണം കുറവാണ്. മുന്‍പ് സ്വപ്നം കാണുന്ന കൗമാരത്തില്‍ ആരുമറിയാതെ, ഏതെങ്കിലും മുറിയില്‍ കയറിക്കിടന്ന് നീലാകാശവും അവിടെ വട്ടംചുറ്റുന്ന പരുന്തുകളും നോക്കി ഞാന്‍ കരയുമായിരുന്നു. കാരണം അന്നുമിന്നും എനിക്കറിയില്ല'' (പത്മരാജന്‍ എന്റെ ഗന്ധര്‍വ്വന്‍, അദ്ധ്യായം 11). കത്തുകളിലൂടെ പകര്‍ന്നുനല്‍കിയ ഇത്തരം അനുഭവങ്ങളും ആകുലതകളും അസ്വസ്ഥതകളും പത്മരാജന്‍ എന്ന സവിശേഷ വ്യക്തിത്വത്തെ, വിവാഹത്തിനു മുന്‍പുതന്നെ മനസ്സിലാക്കാന്‍ സഹായിച്ചു. എഴുത്തുകാരനായി പടര്‍ന്നുപന്തലിച്ചു തുടങ്ങുന്ന സന്ദര്‍ഭമായിരുന്നു അത്. രാധാലക്ഷ്മി അക്കാലത്തെക്കുറിച്ച് എഴുതി: ''ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകുന്ന കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. മനോഹരമായ ഭാഷയില്‍ നാലുവര്‍ഷക്കാലം ആഴ്ചയില്‍ ഒന്നെന്ന കണക്കില്‍ എനിക്ക് അയച്ചിരുന്ന എല്ലാ കത്തുകളും പിന്നീട് വിവാഹശേഷം ഞങ്ങള്‍ തീയതി അനുസരിച്ച് ഫയല്‍ ചെയ്തുവെച്ചപ്പോള്‍ എന്നോട് പറഞ്ഞു: 'ഭാവിയിലേക്ക് ഇതൊരു മുതല്‍ക്കൂട്ടാവും.' നാലുവര്‍ഷത്തെ കത്തുകള്‍ നാലു ഫയലുകളിലാക്കി ഞാന്‍ നിധിപോലെ സൂക്ഷിച്ചുവെച്ചിരുന്നു. ശാരീരികബന്ധത്തെക്കാള്‍ എത്രയോ കെട്ടുറപ്പുള്ള ഒരു ബന്ധമായിരുന്നു ഞങ്ങള്‍ കത്തുകളിലൂടെ ഉണ്ടാക്കിയെടുത്തത്'' (പത്മരാജന്‍ എന്റെ ഗന്ധര്‍വ്വന്‍).

പത്മരാജന്‍ പ്രവചിച്ചപോലെ ഈ കത്തുകള്‍ ആ ജീവിതത്തിന്റെ അകത്തളങ്ങള്‍ അവതരിപ്പിക്കാനുള്ള രേഖകളായി പിന്നീട് മാറി. പത്മരാജന്റെ യൗവ്വന ജീവിതത്തിന്റെ തീക്ഷ്ണ മധ്യാഹ്നങ്ങള്‍ കണ്ടെത്തുന്നത് ഈ കത്തുകളില്‍നിന്നാണ്.

വിവാഹാനന്തരവും പത്മരാജന്റെ ജീവിതത്തിന്റെ നിഴലും വെളിച്ചവുമായി രാധാലക്ഷ്മി എന്നും കൂടെനിന്നു. ഓരോ എഴുത്തിന്റേയും ആദ്യ വായനക്കാരിയും പകര്‍ത്തെഴുത്തുകാരിയുമായി മാറി. ചലച്ചിത്രങ്ങള്‍ രൂപപ്പെടുന്നതും അതിന്റെ ഒരുക്കങ്ങള്‍ തയ്യാറാക്കുന്നതും ചിത്രീകരണം നടത്തുന്നതുമെല്ലാം അടുത്തുനിന്നു മനസ്സിലാക്കി. മാത്രമല്ല, അതെല്ലാം ഡയറിയുടെ താളുകളില്‍ വിശദമായി പകര്‍ത്തിവെയ്ക്കുകയും ചെയ്തു. പത്മരാജന്റെ പല ചലച്ചിത്രങ്ങളുടേയും രൂപപ്പെടലിനു പിന്നില്‍ കുടുംബത്തിനുള്ളിലെ ചര്‍ച്ചകള്‍ ബലം നല്‍കിയിരുന്നു. ജീവിതത്തിനുള്ളിലെ ഈ സവിശേഷ പാരസ്പര്യം, പത്മരാജന്റെ മരണശേഷവും അദ്ദേഹത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും നിലനിര്‍ത്താന്‍ കഴിഞ്ഞു.

രാധാലക്ഷ്മി
രാധാലക്ഷ്മി

പത്മരാജന്‍ വിടപറഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, 1993-ല്‍ രാധാലക്ഷ്മി 'പത്മരാജന്‍ എന്റെ ഗന്ധര്‍വ്വന്‍' എന്ന പുസ്തകം പുറത്തിറക്കി. കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഈ പുസ്തകത്തിന് പ്രചോദനമായത് പ്രശസ്ത നിരൂപകനായ കെ.പി. അപ്പനായിരുന്നു. അപ്പന്‍ സാറിന്റെ പ്രേരണയാണ് ഈ പുസ്തകത്തിന്റെ പിന്നിലെന്ന് രാധാലക്ഷ്മി എഴുതിയിട്ടുണ്ട്. പത്മരാജന്‍ എന്ന വ്യക്തിയുടെ സവിശേഷ ജീവിതത്തിലേക്കുള്ള വലിയ വാതായനങ്ങളാണ് പുസ്തകം തുറന്നിട്ടത്. ഈ പുസ്തകത്തിനു മുന്‍പും പിന്‍പും പ്രശസ്തരും പ്രഗത്ഭരുമായ ഭര്‍ത്താക്കന്മാരുടെ ജീവിതത്തെക്കുറിച്ചുള്ള നിരവധി രചനകള്‍ പുറത്തുവന്നിട്ടുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ ജീവിതപഥങ്ങളെക്കുറിച്ച് ബി. കല്യാണിയമ്മ എഴുതിയ 'വ്യാഴവട്ട സ്മരണകള്‍', റോസി തോമസിന്റെ 'ഇവന്‍ എന്റെ പ്രിയ സി.ജെ.', ലീലാ ദാമോദരമേനോന്റെ 'ചേട്ടന്റെ നിഴലില്‍', എന്‍. ശ്രീകണ്ഠന്‍ നായരുടെ ജീവിതത്തെക്കുറിച്ചുള്ള കെ. മഹേശ്വരിയമ്മയുടെ 'മഹാമേരുക്കളുടെ നിഴലില്‍', സീതാലക്ഷ്മി ദേവിന്റെ 'കേശവദേവ് എന്റെ നിത്യകാമുകന്‍', പാര്‍വ്വതി പവനന്റെ 'പവനപര്‍വ്വം', പ്രഭാ നാരായണപ്പിള്ളയുടെ 'ഓര്‍മ്മകള്‍ മഹാനഗരത്തില്‍' തുടങ്ങിയ രചനകള്‍ ആ മഹാജീവിതങ്ങളുടെ അകത്തളത്തിലെ വിജയദൃശ്യങ്ങളാണ് പകര്‍ത്തിവെയ്ക്കുന്നത്. ഈ എഴുത്തുകാരെല്ലാം ജീവിതസഖാക്കളുടെ ആന്തരിക ചോദനകളും ജീവിതകാമനകളും കര്‍മ്മസാക്ഷാല്‍ക്കാരങ്ങളും തിരിച്ചറിഞ്ഞവരാണ്. സമൂഹത്തിലും ചരിത്രത്തിലും അവര്‍ നിര്‍വ്വഹിച്ച പങ്കെന്തെന്ന് മനസ്സിലാക്കിയവരുമുണ്ട്. ഈ ഗ്രന്ഥങ്ങളെല്ലാം തന്നെ മലയാളിയുടെ വായനാലോകത്തെ ദീപ്തസാന്നിധ്യങ്ങളാണ്. ആഖ്യാനത്തിന്റേയും ഭാഷയുടെ വിനിയോഗത്തിന്റേയും അസാധാരണ അനുഭവങ്ങള്‍ തരാന്‍ മിക്ക രചനകള്‍ക്കും കഴിയുന്നു. രാധാലക്ഷ്മി പത്മരാജന്റെ 'പത്മരാജന്‍ എന്റെ ഗന്ധര്‍വ്വന്‍' ഈ നിരയിലെ സവിശേഷ അനുഭവ സമാഹാരമാണ്.

നോവലിന്റെ ആഖ്യാനചാരുതയോടെ

'പത്മരാജന്‍ എന്റെ ഗന്ധര്‍വ്വന്‍' എന്ന ഗ്രന്ഥത്തിനു നിരവധി അടരുകളുണ്ട്. ആത്മകഥയും ഓര്‍മ്മക്കുറിപ്പുകളും പരസ്പരം ലയിച്ചുചേര്‍ന്നതാണിത്. രാധാലക്ഷ്മിയുടെ ജീവിതവീഥിയിലേക്ക് പത്മരാജന്‍ കടന്നുവരുന്നതും പിന്നെ പത്മരാജനെ കണ്ടെത്തുന്നതുമാണിത്. പത്മരാജന്റെ ബാല്യകൗമാര ജീവിതത്തിന്റെ രേഖാചിത്രങ്ങളും സ്വന്തം ജീവിതാനുഭവങ്ങളും ഇഴപിണച്ച് സൃഷ്ടിച്ചതാണീ പുസ്തകം. ഒരു നോവലിന്റെ ആഖ്യാന ചാരുതയോടെയാണ് ഗ്രന്ഥം രൂപപ്പെടുത്തിയിരിക്കുന്നത്. ഭൂതവും വര്‍ത്തമാനവും ഇടകലര്‍ന്നാണ് വരുന്നത്. ഓരോ അനുഭവവും പകര്‍ത്തിവെയ്ക്കുമ്പോള്‍, അതിന്റെ പിന്നില്‍ ആധികാരികതയുടെ നീലമഷിയുണ്ട്. കത്തുകള്‍, സംഭാഷണങ്ങള്‍, ഡയറിക്കുറിപ്പുകള്‍ എന്നിവ ചേര്‍ത്തുവെച്ചാണ് ഓര്‍മ്മകള്‍ നിര്‍മ്മിക്കുന്നത്. കേട്ടറിവിന്റെ ആലേഖനമല്ല, നേരറിവിന്റെ മുദ്രണങ്ങളാണിത്. പത്മരാജന്റെ വായനാനുഭവങ്ങള്‍, സൗഹൃദസത്രങ്ങള്‍, ജീവിതസന്ദേശങ്ങള്‍, ആകാശവാണി ജീവിതം, അഭിലാഷങ്ങള്‍, ആലോചനകള്‍, ആകുലതകള്‍, സ്വപ്നങ്ങള്‍ എല്ലാം ഇതില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. സവിശേഷമായ ആത്മകഥയ്ക്ക് സാധ്യതയുള്ള വലിയ ജീവിതമായിരുന്നു പത്മരാജന്റേത്. എഴുത്തിന്റെ ആസക്തി എന്നും തുടര്‍ന്നിരുന്ന പത്മരാജന്‍ ജീവിതസായാഹ്നത്തില്‍ അത്തരമൊരു ആത്മചരിതം എഴുതുമായിരുന്നു എന്ന്  സങ്കല്പിക്കാന്‍ തോന്നുന്നു. ആ സാധ്യതകള്‍ കൂടിയാണ് ജീവിതമധ്യാഹ്നത്തില്‍ തകര്‍ന്നുപോയത്. അതിന്റെ മറ്റൊരു വീണ്ടെടുപ്പാണ് രാധാലക്ഷ്മി നിര്‍വ്വഹിക്കുന്നത്.

പത്മരാജന്റെ പ്രണയകാല ജീവിതത്തില്‍നിന്നാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങുന്നത്. പ്രണയത്തിനിടയിലെ നിരവധി സന്ദിഗ്ദ്ധതകള്‍ അതിന്റെ തീക്ഷ്ണത ചോരാതെ തന്നെ രാധാലക്ഷ്മി അവതരിപ്പിക്കുന്നു. കുടുംബത്തിനിടയിലെ അസ്വസ്ഥതകള്‍, രക്ഷിതാക്കളുടെ ആഭിമുഖ്യമില്ലായ്മ, ഭാവിയെക്കുറിച്ചുള്ള ആകുലതകള്‍ എല്ലാം തുറന്നെഴുതുന്നു. എന്നാല്‍, ഈ പ്രണയത്തെ സാന്ദ്രവും സഫലവുമാക്കിയത് പരസ്പരം പങ്കിട്ട സര്‍ഗ്ഗാത്മക അനുഭവങ്ങളാണ്. പത്മരാജന്റെ കത്തുകളിലധികവും വായനയെക്കുറിച്ചുള്ള ആവിഷ്‌കാരങ്ങളായിരുന്നു. തന്റെ വിശാലമായ വായനാലോകത്തെക്കുറിച്ച് പത്മരാജന്‍ എഴുതിയിരുന്നു. വായിച്ച പുസ്തകങ്ങള്‍, വായിക്കേണ്ട പുസ്തകങ്ങള്‍ തുടങ്ങിയവ അറിയിച്ചിരുന്നു. പ്രണയത്തെ ഒരു സര്‍ഗ്ഗാത്മക അനുഭവമാക്കി മാറ്റുകയാണ് പത്മരാജന്‍ ചെയ്തത്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്റെ വായനയ്ക്കിടയില്‍ പത്മരാജന്‍ രാധാലക്ഷ്മിക്ക് എഴുതി: ''ഖസാക്ക് എങ്ങനെ? അവിടെ അടുത്തെവിടെയോ ഉള്ള സ്ഥലമാണിതെന്ന് എം. സുകുമാരന്‍ പറഞ്ഞു. ഞാന്‍ സാധാരണയായി നീണ്ടകഥകളൊന്നും വായിക്കാത്തവനാണ്. പക്ഷേ, ഈ നോവല്‍ എനിക്ക് വളരെ വളരെ ഇഷ്ടപ്പെടുന്നു. ഒരു ജീനിയസ്സിനു മാത്രം എഴുതാന്‍ ഒക്കുന്ന കഥ. ഇത്തരം കഥകളും നോവലുകളും എഴുതുന്നവരോടാണ് എനിക്ക് ഇഷ്ടം. മലയാളത്തില്‍ നിര്‍ഭാഗ്യവശാല്‍ അത്തരക്കാര്‍ എണ്ണത്തില്‍ കുറവും. അതിന്റെ ആസ്വാദകര്‍ അതിനേക്കാള്‍ കുറവും.'' പിന്നീട് വന്ന വിജയന്റെ കൃതികളെല്ലാം പത്മരാജന്‍ ശ്രദ്ധിച്ചിരുന്നു. 'ഗുരുസാഗരം' ദൂരദര്‍ശനില്‍ സീരിയലായി അവതരിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിനുള്ള നിരവധി ശ്രമങ്ങളും നടത്തി. രാജലക്ഷ്മിയുടെ കഥകള്‍, റോസി തോമസിന്റെ 'ഇവന്‍ എന്റെ പ്രിയ സി.ജെ' തുടങ്ങിയ കൃതികള്‍ വായിച്ച് പരസ്പരം ആസ്വദിച്ച കാലത്തെക്കുറിച്ച് രാധാലക്ഷ്മി എഴുതിയിട്ടുണ്ട്.

ചലച്ചിത്രത്തിന്റെ മാസ്മരിക ലോകത്ത് നില്‍ക്കുമ്പോഴും എഴുത്തുകാരനായി ജീവിക്കാനാണ് പത്മരാജന്‍ ആഗ്രഹിച്ചതെന്ന് രാധാലക്ഷ്മി എഴുതുന്നു. ചലച്ചിത്രനിര്‍മ്മിതിയുടെ പിരിമുറുക്കങ്ങളില്‍നിന്നും സന്ദര്‍ഭങ്ങളില്‍നിന്നും വിമുക്തനാവാന്‍ പലപ്പോഴും താല്പര്യപ്പെട്ടിരുന്നു. രാധാലക്ഷ്മി എഴുതുന്നു: ''അദ്ദേഹത്തിന്റെ ഉള്ളിലെ എഴുത്തുകാരന്‍ എന്നും അതൃപ്തനായിരുന്നു. മനസ്സു ദാഹിച്ചപോലെ ഒരു കൃതി രചിക്കാന്‍ ഒരിക്കലും അദ്ദേഹത്തിനു കഴിഞ്ഞില്ല. പൂര്‍ണ്ണതയെക്കുറിച്ചുള്ള സ്വപ്നം അദ്ദേഹത്തോടൊപ്പം തന്നെ പൊലിഞ്ഞുപോയി.'' കെ.പി. അപ്പന്‍ തൊണ്ണൂറുകളിലെ മികച്ച കൃതികളിലൊന്നായി തെരഞ്ഞെടുത്തത്  'പ്രതിമയും രാജകുമാരിയും' എന്ന നോവലായിരുന്നു. കെ.പി. അപ്പന്‍ മനോരമ പത്രത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പത്മരാജനെ കൂടുതല്‍ ഉത്സാഹഭരിതനാക്കി. പക്ഷേ, മറ്റൊരു രചന ആലോചിക്കും മുന്‍പ് യാത്ര പറഞ്ഞു. അവസാന നോവലായ 'പ്രതിമയും രാജകുമാരിയും' മലയാള നോവലിലെ ദീപ്തനക്ഷത്രങ്ങളിലൊന്നാണ്. പത്മരാജന്റെ സാഹിത്യ ജീവിതത്തെക്കുറിച്ച് വലിയ പഠനങ്ങളും നിരീക്ഷണങ്ങളും ഇനിയും പുറത്തുവന്നിട്ടില്ല. ആധുനികതയുടെ പ്രഭാതകാലത്തുതന്നെയാണ് പത്മരാജന്‍ എഴുതിത്തുടങ്ങിയത്. എന്നാല്‍, വേറിട്ട സര്‍ഗ്ഗപഥങ്ങളാണ് തീര്‍ന്നത്. ആ വലിയ കഥാലോകത്തിന്റെ ജീവിത ഭൂപടങ്ങളിലൂടെ നിരവധി യാത്ര ചെയ്യാനുള്ള സാധ്യതകള്‍ ഇന്നും നിലനില്‍ക്കുന്നു.

ചലച്ചിത്രകാരനെന്ന നിലക്കും വലിയ സംഘര്‍ഷങ്ങളിലൂടെയാണ് പത്മരാജന്‍ യാത്ര ചെയ്തത്. രാധാലക്ഷ്മി എഴുതുന്നു: ''സിനിമ അദ്ദേഹത്തിന് ഗ്ലാമറും പണവും ഉണ്ടാക്കിക്കൊടുത്തു. പക്ഷേ, സിനിമാക്കാരന്റെ ജീവിതം, അത് എപ്പോഴും സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും  നിറഞ്ഞതാണ്. അവര്‍ക്ക് ഒരിക്കലും സ്വസ്ഥതയില്ല. രാവും പകലും മിനക്കെട്ട് ഊണും ഉറക്കവും ഉപേക്ഷിച്ച് മാസങ്ങളിലെ അദ്ധ്വാനത്തിനുശേഷം പുറത്തുവരുന്ന സിനിമ നന്നായിരിക്കുന്നു എന്നു നാട്ടുകാര്‍ പറയുമ്പോഴോ നിറഞ്ഞൊഴുകുന്ന തിയേറ്റര്‍ കാണുമ്പോഴോ മാത്രമാണ് അവരുടെ മനസ്സിനു കുറേയെങ്കിലും ശാന്തത കിട്ടുന്നത്. അങ്ങനെയല്ലാതെ വന്ന അവസരങ്ങളിലൊക്കെ 'ഇതങ്ങു നിര്‍ത്തിയാലോ' എന്ന് അദ്ദേഹം ദുഃഖത്തോടെ എന്നോട് ചോദിച്ചിട്ടുണ്ട്.'' 'പെരുവഴിയമ്പലം' മുതല്‍ 'ഞാന്‍ ഗന്ധര്‍വ്വന്‍' വരെയുള്ള ചിത്രങ്ങളുടെ നിര്‍മ്മിതിയുടെ ഓരോ ഘട്ടങ്ങളും രാധാലക്ഷ്മിക്ക് അറിയാം. കഥകള്‍ കേള്‍ക്കാനും അഭിനേതാക്കളെ നിര്‍ദ്ദേശിക്കാനും കഴിഞ്ഞിരുന്നു. ചിത്രനിര്‍മ്മാണവേളയില്‍ പത്മരാജന്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ തിരിച്ചറിയാനും സാന്ത്വനിപ്പിക്കാനും ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് പത്മരാജന്റെ മനസ്സിന്റെ സ്വസ്ഥതകളും അസ്വസ്ഥതകളും പിന്നീട് പകര്‍ത്താനായതു്.

ആത്മബന്ധം രേഖപ്പെടുത്തുമ്പോള്‍

കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും 'പത്മരാജന്‍ എന്റെ ഗന്ധര്‍വ്വന്‍' വായനയിലെ ഊഷ്മള സാന്നിധ്യമാണ്. ഓര്‍മ്മകളുടെ നിരവധി അറകളിലൂടെ യാത്ര സാധ്യമാണ്. പത്മരാജന്റെ കൃതികളും ചലച്ചിത്രങ്ങളും നിരന്തരം അനുഭവിക്കുന്ന മലയാളിക്ക് ഈ പുസ്തകത്തിന്റെ താളുകള്‍ സവിശേഷമായ അനുബന്ധമാണ്. സാഹിത്യരചനയുടെ വ്യാകരണഘടനകൊണ്ടല്ല, ആത്മബന്ധത്തിന്റെ സ്‌നേഹാക്ഷരങ്ങള്‍കൊണ്ടാണ് പുസ്തകം രൂപപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ഒരു എഴുത്തുകാരിയുടെ ആദ്യരചനയുടെ അപക്വതയോ അപരിചിതത്വമോ ഇതിനെ ബാധിക്കുന്നില്ല. എഴുത്തുകാരിയായിത്തന്നെ മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജവും ഉന്മേഷവുമാണ് ഈ കൃതി പകര്‍ന്നത്.

'പത്മരാജന്‍ എന്റെ ഗന്ധര്‍വ്വന്‍' എന്ന കൃതിയുടെ ആമുഖത്തില്‍ ഇങ്ങനെ എഴുതി: ''സാഹിത്യകാരനായ  പത്മരാജനേയും സിനിമാക്കാരനായ പത്മരാജനേയും കുറിച്ച് കൂടുതലായിട്ടൊന്നും ഈ ഓര്‍മ്മക്കുറിപ്പുകളില്‍ സ്പര്‍ശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സാഹിത്യ-സിനിമാരംഗത്തെ ജീവിതത്തെ പരാമര്‍ശിക്കുന്ന ഓരോ പുസ്തകങ്ങള്‍ കൂടി തമാസിയാതെ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു.'' ആ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞത് 2003-ലാണ്. പത്മരാജന്റെ ചലച്ചിത്ര ജീവിതത്തെ സമഗ്രമായി അവതരിപ്പിക്കുന്ന ഒരു പരമ്പര എഴുതിത്തുടങ്ങി. 'വസന്തത്തിന്റെ അഭ്രജാലകം' എന്ന പേരില്‍ കലാകൗമുദിയിലാണ് അത് പ്രസിദ്ധീകരിച്ചത്. 2013-ല്‍ 'വസന്തത്തിന്റെ  അഭ്രജാലകം' പുസ്തകമായി പുറത്തിറങ്ങി. പത്മരാജന്റെ ചലച്ചിത്രജീവിതത്തെക്കുറിച്ച് സമഗ്രമായി പഠിക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്കുള്ള ഒരു വലിയ ഡോക്കുമെന്റാണ് ഈ പുസ്തകം.
'വസന്തത്തിന്റെ  അഭ്രജാലക'ത്തിന് രണ്ട് ഭാഗങ്ങളുണ്ട്. മുതുകുളം എന്ന ഗ്രാമത്തില്‍  പത്മരാജന്‍ എങ്ങനെ വളര്‍ന്നു, ബാല്യകാല ജീവിതബന്ധങ്ങള്‍, തിരുവനന്തപുരത്തെ സൗഹൃദങ്ങള്‍, ചലച്ചിത്ര രചനയിലേക്ക് എത്താനിടയായ സാഹചര്യങ്ങള്‍, കഥാകൃത്തില്‍നിന്നും തിരക്കഥാകൃത്തിലേക്കുള്ള വളര്‍ച്ച തുടങ്ങിയവ വിശദമായി അവതരിപ്പിക്കുന്ന ലേഖനങ്ങളാണ് പുസ്തകത്തിന്റെ തുടക്കത്തിലുള്ളത്.  പത്മരാജന്റെ കലാവ്യക്തിത്വത്തിലേക്കും  ജീവിത പരിണാമങ്ങളിലേക്കും വാതില്‍ തുറക്കുന്ന അനുഭവങ്ങളാണ് ഈ ലേഖനങ്ങളില്‍ ആവിഷ്‌കരിക്കുന്നത്. ആദ്യ പുസ്തകത്തില്‍ വിട്ടുപോയ നിരവധി ജീവചരിത്രഭാഗങ്ങള്‍ പൂരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍ ചെയ്യുന്നത്. അറുപത് എഴുപതുകളിലെ തിരുവനന്തപുരത്തെ കലാ-സാംസ്‌കാരിക ജീവിതത്തിന്റെ നിരവധി സന്ദര്‍ഭങ്ങള്‍ ഈ ലേഖനങ്ങളില്‍നിന്ന് കണ്ടെത്താം. പിന്നീട് സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് എത്തിയ വ്യക്തികള്‍, സൃഷ്ടികളുടെ സാഹചര്യങ്ങള്‍, വ്യക്തിബന്ധങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങിയവ ഇതിലുണ്ട്. ഒരു കാലത്തിന്റെ ആത്മരേഖകളാണ് ഈ ലേഖനങ്ങള്‍.
'പ്രയാണം' മുതല്‍ 'നവംബറിന്റെ നഷ്ടം' വരെയുള്ള ചലച്ചിത്രങ്ങളുടെ രൂപ്പെടലും അതിന്റെ സാക്ഷാല്‍ക്കാരവും അവതരിപ്പിക്കുന്ന പതിന്നാല് ലേഖനങ്ങളുണ്ട്. ഓരോ ചലച്ചിത്രത്തേയും കുറിച്ചുള്ള സമഗ്ര അറിവുതരുന്ന ലേഖനങ്ങളാണിത്. ചലച്ചിത്രത്തിന്റെ നാള്‍വഴികളെല്ലാം സൂക്ഷ്മതയോടെ അടയാളപ്പെടുത്തുന്നു. ചലച്ചിത്രത്തിന്റെ സാക്ഷാല്‍ക്കാരങ്ങള്‍ എന്നതിലുപരി പത്മരാജന്‍ എന്ന ചലച്ചിത്രകാരന്റെ പരിണാമത്തിന്റെ സൂക്ഷ്മരേഖകള്‍ ഈ ലേഖനങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോള്‍ കണ്ടെത്താനാവും. ഓരോ വ്യക്തികളുമായുള്ള കലാപരമായ സൗഹൃദത്തിന്റെ അസാധാരണ സന്ദര്‍ഭങ്ങളും ഇതില്‍ ഉണ്ട്. അരവിന്ദന്റെ 'കാഞ്ചനസീത'യുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായിരുന്ന പത്മരാജന്റെ ചിത്രം ഇതിലുമുണ്ട്. രാധാലക്ഷ്മി എഴുതുന്നു: ''അരവിന്ദനുമായി അദ്ദേഹം ഒരുപാട് അടുത്തു. അരവിന്ദന്‍ അദ്ദേഹത്തിന് ഗുരുജിയായി. അതുകൊണ്ടുതന്നെ 1976 നവംബര്‍ 16-ന് അരവിന്ദന്റെ 'കാഞ്ചനസീത'യുടെ ഷൂട്ടിംഗിനായി അദ്ദേഹം ഹൈദരാബാദിലേക്ക് പോയി.'' ആ ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുംവരെ ആ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. രാധാലക്ഷ്മി എഴുതുന്നു: ''ഒരുപക്ഷേ, പത്മരാജന്‍ ഒരു സംവിധായകനായിത്തീര്‍ന്നതിനു പിന്നില്‍ അരവിന്ദനോടൊപ്പമുള്ള ഷൂട്ടിംഗ് എക്‌സിപീരിയന്‍സ് സഹായകമായിരുന്നിരിക്കാം.'' അരവിന്ദന്റെ ചലച്ചിത്ര പാരമ്പര്യം തുടര്‍ന്നില്ലെങ്കിലും അത്തരം ചലച്ചിത്ര സംസ്‌കാരത്തിന്റെ അടിത്തറ പത്മരാജന്റെ ചിത്രങ്ങളിലെല്ലാം ഉണ്ടായിരുന്നു. അതിഭാവുകത്വത്തിന്റെ വര്‍ണ്ണപ്പൊലിമയേറ്റ് ചിത്രങ്ങള്‍ പാളിവീഴാതിരുന്നത് ഈ അനുഭവങ്ങളുടെ ബലം കൊണ്ടാവാം.

രാധാലക്ഷ്മി പത്മരാജന്‍ 'വസന്തത്തിന്റെ അഭ്രജാലകം' പത്മരാജന്റെ ചലച്ചിത്രങ്ങളെ സൂക്ഷ്മമായി പഠിക്കുന്നവര്‍ക്കുള്ള പാഠപുസ്തകമാണ്. മലയാള ചലച്ചിത്രങ്ങളെക്കുറിച്ച് ഇത്ര സൂക്ഷ്മമായ വിവരങ്ങള്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകം ഇതുവരേയും ഉണ്ടായിട്ടില്ല. ചലച്ചിത്ര പഠനമേഖലയില്‍ ഇത്തരം പുസ്തങ്ങള്‍ അനിവാര്യമാണ്. പുതിയ പഠനസമ്പ്രദായങ്ങള്‍ക്ക് തുടക്കം കുറിക്കാനും അത് ആധികാരികമാക്കാനും ഇത് സഹായിക്കും. മലയാള ചലച്ചിത്ര പഠനമേഖലയ്ക്ക് കിട്ടിയ അസാധാരണ രചനയാണിത്. ഈ പുസ്തകത്തിന് ഇനിയും ഒരു തുടര്‍ച്ച അനിവാര്യമാണ്. 'ഞാന്‍ ഗന്ധര്‍വ്വന്‍' വരെയുള്ള ചിത്രങ്ങളുടെ പശ്ചാത്തലം അവതരിപ്പിക്കും എന്നു വിശ്വസിക്കുന്നു. പത്മരാജന്റെ ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളെക്കുറിച്ച് അനുസ്മരിക്കുന്ന നിരവധി ലേഖനങ്ങള്‍ രാധാലക്ഷ്മി പലപ്പോഴായി എഴുതിയിട്ടുണ്ട്. പത്മരാജന്റെ സുഹൃത്തുക്കള്‍, വിചിത്ര സ്വഭാവങ്ങള്‍, ജീവിതരീതികള്‍ എല്ലാം പലപ്പോഴും അവതരിപ്പിച്ചു. അത്തരം ലേഖനങ്ങളുടെ സമാഹാരമാണ് 'ഓര്‍മ്മയില്‍ തൂവാനമായി പത്മരാജന്‍' ഇത്തരം അനുഭവാവിഷ്‌കാരങ്ങള്‍ ഇനിയും രാധാലക്ഷ്മിയില്‍നിന്നു  പ്രതീക്ഷിക്കാം.

ഇത്തരം ജീവിതചിത്രങ്ങളുടെ മറ്റൊരു തുടര്‍ച്ചയാണ് 'തണലിടം' എന്ന രാധാലക്ഷ്മിയുടെ നോവല്‍. നിരവധി സ്ത്രീ ജീവിതങ്ങളുടെ ആഖ്യാനമാണ് ഇതില്‍ നിര്‍വ്വഹിക്കുന്നത്. ആഹ്ലാദത്തില്‍നിന്നും ദുരന്തങ്ങളിലേക്ക് പതിക്കുന്ന ജീവിതങ്ങളുടെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങള്‍. സന്തോഷത്തിന്റേയും സമൃദ്ധിയുടേയും തറവാട് എങ്ങനെ ഇരുട്ടിന്റെ ആവാസമുറി എന്ന് അവതരിപ്പിക്കുന്നു. എഴുത്തുകാരിയുടെ നേര്‍ അനുഭവങ്ങളുടേയും ഭാവനയുടേയും സാക്ഷ്യമായി ഈ നോവല്‍ വായിക്കാമെന്ന് കരുതുന്നു. രാധാലക്ഷ്മി ആമുഖത്തില്‍ എഴുതുന്നു: ''ഇതിനെ നോവല്‍ എന്ന് വിളിക്കാന്‍ എനിക്ക് ധൈര്യം പോര. എഴുതിയതെല്ലാം തികച്ചും അനുഭവങ്ങള്‍ മാത്രമാണെന്ന് എനിക്ക് പറയാന്‍ വയ്യ. അതുകൊണ്ടുതന്നെ, എന്റെ മനസ്സിന്റെ ഭാരം കുറയ്ക്കാനായി കുറിച്ചിട്ട ഏതാനും കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് നോവല്‍ എന്ന പേരില്‍ അവതരിപ്പിക്കുകയാണ്.'' ഈ നോവലിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരോ ജീവിച്ചവരോ ആണെന്ന് കരുതാം. നേര്‍ജീവിതത്തില്‍നിന്നു ചീന്തിയെടുത്ത സന്ദര്‍ഭങ്ങളും അനുഭവങ്ങളുമാണ് നോവലായി രൂപാന്തരപ്പെട്ടതെന്ന്  മനസ്സിലാക്കാം.

ചിത്രീകരണത്തിനിടെ
ചിത്രീകരണത്തിനിടെ

'തണലിടം' എന്ന ഈ നോവലില്‍ ഒരു കാലഘട്ടത്തിലെ നായര്‍ തറവാടുകളുടെ പതനത്തിന്റെ നേര്‍ച്ചിത്രം അവതരിപ്പിക്കുന്നു. തറവാടിന്റെ സമ്പല്‍സമൃദ്ധി എങ്ങനെ തകര്‍ന്നുവെന്നും അതിനുള്ളില്‍ അകപ്പെട്ടുപോയ മനുഷ്യരുടെ ജീവിതത്തിന് എന്തു സംഭവിച്ചുവെന്നും ഇതില്‍ രേഖപ്പെടുത്തുന്നു. തറവാടിനെ മുന്നോട്ട് നയിക്കേണ്ട പുരുഷന്മാരുടെ അലസത, ദീര്‍ഘവീക്ഷണമില്ലായ്മ, കെടുകാര്യസ്ഥത, പാരമ്പര്യത്തോടുള്ള അഭിനിവേശം തുടങ്ങിയവയും അവതരിപ്പിക്കുന്നു. അതുപോലെ വള്ളുവനാടന്‍ നായര്‍ തറവാടുകളിലെ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയുടെ രേഖാചിത്രങ്ങള്‍  ഈ നോവലിലുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ വള്ളുവനാടന്‍ നായര്‍ തറവാടിന്റെ ജീവിതവീഥികളുടെ ഡോക്കുമെന്റേഷനാണ് ഈ നോവലിലൂടെ നിര്‍വ്വഹിക്കുന്നത്.

ലീല, സീത, മീനാക്ഷി, മാലതി തുടങ്ങിയ നിരവധി സ്ത്രീ ജീവിതപഥങ്ങളിലൂടെയാണ് നോവല്‍ കടന്നുപോകുന്നത്. ഓരോ കഥാപാത്രങ്ങളും നേരിടുന്നത് വ്യത്യസ്തമായ ജീവിത പ്രതിസന്ധികളാണ്. വിഭിന്നമായ ജീവിതസാഹചര്യങ്ങളാണ് അവരുടെ ഭാവിയെ നിര്‍ണ്ണയിക്കുന്നത്. എല്ലാ സ്ത്രീ ജീവിതങ്ങളും ഒടുവില്‍ ഒരേ വിധിയാണ് പങ്കിടുന്നത്. തകര്‍ച്ചയുടേയും തളര്‍ച്ചയുടേയും ജീവചരിത്രമാണ് അവര്‍ തേടുന്നത്. ഉറൂബ്, സി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വള്ളുവനാടന്‍ ജീവിതത്തിലെ ഇത്തരം നിരവധി സന്ദര്‍ഭങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അത്തരം രചനകളോട് ചേര്‍ത്തുനിര്‍ത്താവുന്ന ആന്തരിക ബലമുള്ള കൃതിയാണിത്.
നോവലിന്റെ ആഖ്യാനത്തിലും ചില സവിശേഷതകള്‍ ഉണ്ട്. സമൃദ്ധമായ സംഭാഷണങ്ങള്‍ കൊണ്ടാണ് ഈ നോവല്‍ രൂപപ്പെടുത്തിയിരിക്കുന്നത്. വള്ളുവനാടന്‍ സംഭാഷണത്തിന്റെ ചാരുതയും സാന്ദ്രതയുമാണ് ഈ നോവലിന്റെ പാരായണക്ഷമത വര്‍ദ്ധിപ്പിക്കുന്നത്. ഒരു തറവാടിന്റെ ദൈനംദിന ജീവിത വിനിമയങ്ങളില്‍ പങ്കെടുത്ത അനുഭവമാണ് നോവല്‍ സൃഷ്ടിക്കുന്നത്. രാധാലക്ഷ്മിയുടെ സ്വന്തം അനുഭവങ്ങളിലേക്കാണ് നോവല്‍ അധ്യായങ്ങളായി പ്രകാശിക്കുന്നതെന്ന് പറയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com