പ്രളയത്തെ ഇങ്ങനെയും വായിക്കാം.....!

തണുപ്പിന്റെ കൂടപ്പിറപ്പായിരുന്നു എന്റെ ജീവിതം. മലകള്‍, കാടുകള്‍, കായലുകള്‍, കടല്‍ എപ്പോഴും ഉള്ളില്‍ നിറഞ്ഞാടിക്കൊണ്ടിരുന്നു.
പ്രളയത്തെ ഇങ്ങനെയും വായിക്കാം.....!

ര്‍മ്മയില്‍ എന്നും തകര്‍ത്തു പെയ്തത് മഴക്കാലമാണ്. അറബിക്കടലും കനോലിക്കനാലും അതിരിട്ട ദേശമായതിനാല്‍ ജലക്കാഴ്ചകള്‍ക്ക് കുറവുമുണ്ടായിരുന്നില്ല. ഒരുഷ്ണജീവിയെന്ന നിലയില്‍ അകത്തും പുറത്തും ജലം എന്നും ആവശ്യമായിരുന്നു. തണുപ്പിന്റെ കൂടപ്പിറപ്പായിരുന്നു എന്റെ ജീവിതം. മലകള്‍, കാടുകള്‍, കായലുകള്‍, കടല്‍ എപ്പോഴും ഉള്ളില്‍ നിറഞ്ഞാടിക്കൊണ്ടിരുന്നു. അവിടേക്കാണ് എന്റെ ആവേശം മുഴുവന്‍. ചെറുവഞ്ചിയില്‍ ഒറ്റയ്ക്ക് സാന്ദ്രഗംഭീരമായ കായല്‍ മുറിച്ചുകടക്കുമ്പോഴും അലകടലിലേയ്ക്ക് തിരമുറിച്ച് സഞ്ചരിക്കുമ്പോഴും പേടിച്ചില്ല. ജലത്തില്‍ താഴാനും മറികടക്കാനും തോന്നുന്ന നീന്തല്‍ മനസ്സാണ് ഞാന്‍.

മഴക്കാലരാത്രികളില്‍ കുട്ടിക്കാലത്ത് ശബ്ദമായി ആര്‍ത്തലച്ച് വന്ന കടല്‍ തൊട്ടു വിളിക്കുമ്പോഴും അനങ്ങാപ്പാറ പോലെ മനസ്സ് നിന്നിട്ടുണ്ട്. ജലത്തെ പേടിച്ചത് ഒരിക്കല്‍ മാത്രം. കര്‍ണ്ണാടകയിലെ തുംഗഭദ്ര അണക്കെട്ടിനു മുകളില്‍ ഒരുച്ചയില്‍ ഒറ്റയ്ക്ക് നിന്നപ്പോള്‍. അത്രയ്ക്ക് പ്രക്ഷുബ്ധമായിരുന്നു കെട്ടിക്കിടന്ന ജലത്തിന്റെ ഒഴുകാനും അണപൊട്ടാനുമുള്ള ആസക്തി, താഴെ നിഗൂഢമായ ആഴവും.
തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പോക്കം ഒരു മുത്തശ്ശിക്കഥപോലെ കേള്‍വിയില്‍ അനുഭവിച്ച് കാതുകള്‍ കാവ്യാത്മകമായിപ്പോയി. സസ്യലതാദികള്‍, പക്ഷിമൃഗാദികള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്ന ദൃശ്യത്തെ സങ്കല്പത്തില്‍ കണ്ടിട്ടുമുണ്ട്. ചില മനുഷ്യരും മരണത്തിന്റെ അവസാനത്തെ കയം കണ്ടിട്ടുമുണ്ട്.

അങ്ങനെ ഒഴുകിയും ഒലിച്ചും കലങ്ങിയും കാലങ്ങള്‍ പോയിക്കൊണ്ടിരിക്കെ, വെള്ളപ്പൊക്കം ഒരു സത്യമായി മുന്നില്‍ വന്ന് ചോദിക്കയാണ്, എന്നാപ്പിന്നെ നമ്മള്‍ നേരിട്ട് അനുഭവിക്കുകയല്ലെ.
അന്യജില്ലകള്‍ പ്രളയത്തില്‍ മുങ്ങുമ്പോള്‍ അവയൊക്കെ കേരളത്തിന് അപരിചിതമായ ദൃശ്യങ്ങള്‍ എന്ന് ആസ്വദിക്കുന്നതിനപ്പുറം ആഴത്തില്‍ ബാധിച്ചിരുന്നില്ല, ജനങ്ങള്‍ ഒന്നായി കൈകോര്‍ത്തു നിന്നതിനാല്‍ നമുക്കതില്‍ റോളില്ല എന്ന തോന്നലും ഉണ്ടായിരുന്നു.
തൃശൂര്‍ക്കാര്‍ക്കൊരു തോന്നലുണ്ട്, പ്രളയം മാത്രമല്ല, ഒന്നും അവരെ ബാധിക്കില്ലെന്ന്. ഒരോട്ടോറിക്ഷക്കാരന്‍ പറഞ്ഞത്, പ്രളയം വന്നാലും മുല്ലപ്പെരിയാര്‍ പൊട്ടിയാലും പ്രശ്‌നമില്ല, നമുക്ക് വടക്കുംനാഥനുണ്ടല്ലോ. ഏതര്‍ത്ഥത്തിലാണത് പറഞ്ഞതെന്നറിയില്ല.
പക്ഷ, പ്രളയം വന്നു, അത് നഗരത്തോളമെത്തുകയും ചെയ്തു, വടക്കുംനാഥന്‍ സാക്ഷി.
പ്രളയാന്ധകാരം കേരളത്തെ മൂടിയ ഒരു ദിവസം വൈകിട്ട് വീട്ടുപരിസരത്തെ ഇടവഴികളില്‍ വെള്ളം കണ്ടു. അത് കൂടിക്കൂടി വരുന്നു. ഇടവഴിയല്ലേ, വസ്ത്രങ്ങള്‍ പൊക്കി നടക്കാവുന്നതേയുള്ളൂ. സ്‌കൂള്‍ കാലത്ത് ഒരു കുട്ടി നിറഞ്ഞ ഇടവഴികളില്‍ക്കൂടി വെള്ളം തെറിപ്പിച്ച് കൂട്ടുകാര്‍ക്കൊപ്പം മുന്നേറുന്നത് ഓര്‍മ്മയില്‍ വന്നു.
ഇടവഴി വിട്ട് ഗേറ്റും കടന്നു വെള്ളം പ്രവേശിച്ചപ്പോഴും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
കുറച്ച് ഡിപ്രഷന്‍ ഉണ്ടെങ്കില്‍ നമുക്ക് പ്രത്യേകിച്ച് എന്തെങ്കിലും തോന്നുകയോ മുന്‍കരുതല്‍ എടുക്കാന്‍ മുന്നിട്ടിറങ്ങുകയോ ചെയ്യില്ല. മൂങ്ങയെപ്പോലെ തൂങ്ങിയൊരു ഇരിപ്പാണ്. ഇടയ്ക്കിടെ ബാധിക്കുന്ന ഡിപ്രഷനു സ്തുതി. സമയസൂചികപോലെ വെള്ളം ഉയരുകയാണ്. ഒന്നാംപടി, രണ്ടാംപടി, മൂന്നാംപടി എന്ന് എണ്ണിയെണ്ണിക്കളിക്കയാണ്. പലനിലങ്ങളില്‍ തഴുകിവന്നതിന്റെ സാന്ദ്രതയാര്‍ന്ന വെള്ളം. അത്ഭുതം കാണാനെന്ന വണ്ണം ഞാന്‍ വാതിലടക്കും, കുറച്ചു നേരത്തിനുശേഷം തുറക്കും. വെള്ളം മേലോട്ടുതന്നെ പൊങ്ങിക്കൊണ്ടിരുന്നു. അത് വാതില്‍പ്പടിയോളമെത്തി.
യുവാക്കളുടെ സംഘടിതശക്തി പിന്നാലെയെത്തി. ഫോണ്‍ നമ്പര്‍ തന്നിട്ട് അവര്‍ പോയി, എന്തുണ്ടെങ്കിലും വിളിക്കണം.
പിറകെ ബലൂണ്‍ വില്പനക്കാരനായ സന്തോഷും. കാറ്റില്‍ പറന്നുപോകാന്‍ പാകത്തില്‍ എല്ലിച്ച ശരീരമുള്ള സന്തോഷിന് വെള്ളമാണ് ഉപജീവിക്കാന്‍ നല്ലതെന്നു തോന്നി.
കൂടെയുണ്ടെന്നു പറയാനാണ് സന്തോഷ് വന്നത്. ഞാനും സന്തോഷും ചൂടോടെ ഓരോ പെഗ് പങ്കുവെച്ച് പിരിഞ്ഞു.
വെള്ളം അകത്തേക്ക് കയറാന്‍ വെമ്പിനില്പാണ്. ഒഴുക്കിനെതിരെ വാതിലടച്ചു.
ഞാന്‍ കിടന്നു.
ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഷൂട്ട് ചെയ്ത ഡിസ്‌കുകള്‍ എല്ലാം പല സ്ഥലങ്ങളിലായി വെച്ചിട്ടുണ്ട്. അവയെല്ലാം ഭദ്രമാക്കണം. വരട്ടെ, വെള്ളം കയറട്ടെ, അപ്പോ മതിയല്ലോ എന്നൊരു ചിന്തയിലാണ് ഞാന്‍ കിടന്നത്. ഞെട്ടിയുണര്‍ന്നത് ഏകദേശം രണ്ടുമണിക്കാണ്.
 ജലസാന്ദ്രമായ പശ്ചാത്തലത്തിലാണ് കിടക്കുന്നതെന്ന് തോന്നി. കാല്‍ മെല്ലെ താഴേക്കിട്ടു. കാലില്‍ വെള്ളം തൊട്ടു. കിടക്കയോളം വെള്ളമെത്തിയിരിക്കുന്നു. എഴുന്നേല്‍ക്കാതെ കുറച്ചുനേരം കൂടി കിടന്നു, വെള്ളത്തിനോട് എന്തുചെയ്തിട്ടും കാര്യമില്ല, ബഹളം വെച്ചിട്ടെന്തിന്.
എന്തും ചെയ്യാം, ചെയ്യാതിരിക്കാം, ഒറ്റക്കാവുന്നതിന്റെ സൗകര്യം അതാണ്. പവര്‍ ഇല്ലായിരുന്നു. മൊബൈലിന്റെ നിയന്ത്രിത വെളിച്ചത്തില്‍ ഞാന്‍ ഓരോ വസ്തുക്കളേയും കരകയറ്റി സ്ലാബ് നിറച്ചു. വേണ്ടപ്പെട്ടത്, ആവശ്യമുള്ളത്, ഒഴിവാക്കാനാവാത്തത് എന്നിങ്ങനെ.
കാലങ്ങളിലൂടെ അറിഞ്ഞൊരു പാഠമുണ്ട്, പൊസസീവ്നെസിനെതിരെയാണ് മനുഷ്യര്‍ ആദ്യം സമരം ചെയ്യേണ്ടത്.
സോഫ ഒഴുകിനടപ്പുണ്ടായിരുന്നു, അടുത്ത വീട്ടിലെ ഗണേശനും ലളിതയും മക്കളും അവരുടെ ഉമ്മറത്തിരുന്ന് തുറന്നിട്ട ജനവാതിലിലൂടെ ഇതൊക്കെ കാണുന്നുണ്ടായിരുന്നു. ഞാന്‍ വെളിപ്പെട്ടതോടെ അവര്‍ വിളിച്ചു, ഇങ്ങോട്ട് വാ. വാതില്‍ തുറന്നതും വെള്ളപ്പാച്ചില്‍ എന്നെ പിറകോട്ടടിച്ചു. ഞാന്‍ ജനവാതിലില്‍ ചെന്നിടിച്ചു, ജീവന്റെ ജീവനായ മൊബൈല്‍ ഒറ്റക്കൈയുടെ ഉയരത്തില്‍ സംരക്ഷിക്കപ്പെട്ടു.
അപ്പോള്‍ ഞാന്‍ ഓര്‍ത്തത് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെപ്പറ്റി പറയാറുള്ള അമ്മയെയാണ്.
കടക്കാനുള്ളത് കടന്നപ്പോള്‍ വെള്ളം ശാന്തമായി, വെള്ളത്തെ കെട്ടിനിര്‍ത്തരുത്, വെള്ളത്തെ മാത്രമല്ല, ഒന്നിനേയും.
മൊബൈല്‍ കയ്യുയര്‍ത്തി അടുത്ത വീട്ടിലേക്ക് നടന്നു. മുകളിലെ മുറിയില്‍ കിടന്നു, എല്ലാറ്റിനുമുപരി ഉറക്കത്തെ സ്‌നേഹിക്കുന്നതിനാല്‍. കിടന്നെങ്കിലും ഉറക്കം വന്നില്ല.
രാവിലെ സ്ഥിതിഗതികള്‍ രൂക്ഷമായി. വീട്ടിലേക്ക് ഒന്നുകൂടി പോയി സ്ഥിതിഗതികള്‍ കാണാന്‍ തീരുമാനിച്ചു. വെള്ളം എല്ലാറ്റിനേയും ജീവന്‍ വെപ്പിച്ചിരിക്കുന്നു. പുറത്തു വെച്ചിരുന്ന രാജന്റെ തെങ്ങിന്‍കടയില്‍ തീര്‍ത്ത ശില്പം പ്രതിബിംബം ഉണ്ടാക്കിക്കൊണ്ട് ഒഴുകിനടക്കുന്നു. മുന്‍പെങ്ങുമില്ലാത്തവിധം ശില്പഭംഗി കണ്ടപ്പോള്‍ ഒരു എക്‌സിബിഷന്‍ വെള്ളത്തില്‍ വെച്ച് നടത്തിയാലോ എന്നും ചിന്തിച്ചു, പ്രതിബിംബങ്ങള്‍ക്ക് പലപ്പോഴും യാഥാര്‍ത്ഥ്യത്തിനെക്കാള്‍ മിഴിവ് വരും.
നാളികേരം, പാത്രങ്ങള്‍, കുപ്പികള്‍ എല്ലാറ്റിനും ജീവന്‍ വെച്ചു, ആലോലമാടി. എല്ലാറ്റിന്റേയും അതിരുകള്‍ നഷ്ടമായിരിക്കുന്നു, എല്ലാറ്റിന്റേയും ആരൂഢം പിഴുതെറിയപ്പെട്ടിരിക്കുന്നു. സ്ഥാവരം ജംഗമമാവുന്നു, ജംഗമം സ്ഥാവരമാകുന്നു.
വീടിനകം ഒരു ജലാശയം, ക്ലോസറ്റിന് രണ്ടടിമേലെ വെള്ളം ഉയര്‍ന്നിരിക്കുന്നു. ഞാന്‍ സങ്കല്പക്ലോസറ്റിലേക്ക് മൂത്രമൊഴിച്ചു. ഗ്യാസ് കുറ്റി വെള്ളത്തില്‍ ആടിക്കളിക്കുന്നു, ഞാന്‍ പിടിച്ചുകെട്ടി ഒരു ചായയുണ്ടാക്കി അട്ടത്തിരുന്ന് കുടിച്ചു, ജനലിനപ്പുറം ഒരു എലിക്കുഞ്ഞ് വെള്ളത്തില്‍നിന്ന് ഏന്തിവലിഞ്ഞ് മതിലില്‍ വെയില്‍ കായുന്നു. കൈനീട്ടി ഒരു ചെറുപഴം മുന്നിലേക്ക് വെച്ചുകൊടുത്തു. അത്യാഹിത സമയങ്ങളില്‍ കൈകാലുകള്‍ക്ക് വലിപ്പം കൂടുന്നു, അതിനനുസരിച്ച് ഊര്‍ജ്ജവും കൂടുന്നു.
മൊബൈലില്‍ വിളിച്ചവരെ ജലസമൃദ്ധിയെക്കുറിച്ച് പറഞ്ഞ് ഭ്രാന്ത് പിടിപ്പിച്ചു.
തൊട്ടടുത്ത വീട്ടുകാരേയും കൂട്ടി ജലപലായനം ആരംഭിച്ചു, അരക്കിലോ മീറ്റര്‍ ജലശക്തിയെ നേരിടണം. റോഡരികില്‍ നാട്ടുകാര്‍ നട്ട മരങ്ങള്‍ ഞങ്ങള്‍ക്ക് വഴികാട്ടിയായി. സുഖമില്ലാത്ത വല്യമ്മയെ വലിയൊരു വട്ടകയിലാക്കി വെള്ളത്തിലൂടെ വലിച്ചു. അവരുടെ ജീവിതത്തിലെ നല്ലൊരു യാത്രയായിരിക്കണം അത്, എല്ലാവരുടേയും കരുതലില്‍ പൂകിയിരിക്കാന്‍ വേറെ സാഹചര്യമുണ്ടാവണമെന്നില്ല.
വഴിനിറയെ ജീവികളുടെ പാച്ചിലായിരുന്നു. പാമ്പിന്‍ കുഞ്ഞുങ്ങള്‍, പാറ്റകള്‍, എലികള്‍, പൂച്ചകള്‍, അരണകള്‍, ഓന്തുകള്‍, പഴുതാരകള്‍, നായകള്‍. നീര്‍ക്കോലികള്‍ മുങ്ങിയും പൊങ്ങിയും ഞങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. പലതരം ഉറുമ്പുകള്‍ കൂട്ടത്തോടെ മരത്തുഞ്ചത്ത് കയറിയിരിപ്പുണ്ട്. ഒരു കഴുകന്‍ താഴ്ന്നുപറക്കുന്നു.
ദുരന്തങ്ങളെ കൈകോര്‍ത്ത് ഒന്നിച്ച് നേരിടുമ്പോള്‍ അത് ദുരന്തമല്ലാതായിത്തീരും, അതിന് ശേഷമേ ദൈവങ്ങള്‍ വരികയുള്ളു.
ഈ മനോനിലയിലാണ് മനുഷ്യജന്മം മനോഹരമായിത്തീരുന്നത്.
കരപറ്റിയതോടെ ഞങ്ങള്‍ പലതായി പിരിഞ്ഞു. ഞാന്‍ രാമവര്‍മ്മപുരം വില്ലടം ഭാഗത്തെ സുഹൃത്തുക്കളുടെ ലിസ്റ്റെടുത്തു, പോകാന്‍ പറ്റിയ ഇടം ഏതാണ്. രാജന്‍ പെരുമ്പിള്ളി എന്ന സുഹൃത്ത് എന്നെ ഹരിതഗോപിയുടെ വീട്ടില്‍ക്കൊണ്ടുവിട്ടു. പിന്നെ അതായി വെള്ളമിറങ്ങുന്നത് വരെ എന്റെ സ്ഥലം.
വീട്ടിലേക്ക് ഒരാഴ്ചയ്ക്കുശേഷം കടക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ഉല്‍ക്കണ്ഠ എന്നെ പൊതിഞ്ഞിരുന്നു. അകത്ത് എന്തൊക്കെ കാഴ്ചകള്‍ കാണേണ്ടിവരും. ചെറിയ തോതിലുള്ള ചെളിപറ്റി തറ മനോഹരമായ പെയിന്റിംഗ് പോലെ കിടന്നിരുന്നു. ഞാനത് ഫോട്ടോയാക്കി ഫെയിസ് ബുക്കില്‍ ഇട്ടു, വെള്ളം കേറാത്ത ഒരു സ്ഥലമതാണല്ലോ.
സോഫയില്‍ കണ്ട കാഴ്ചയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഒരു ചെറിയ നീര്‍ക്കോലിയും തവളയും മുഖാമുഖം.
പാമ്പിനെ പേടിക്കാതെ തവളയും തവളയെ പിടിക്കാതെ നീര്‍ക്കോലിയും.
ഞാന്‍ പാമ്പിനെ വടിയില്‍ കോര്‍ത്ത് പുറത്തേക്കിട്ടു, തവളയെ ചാടിച്ച് ചാടിച്ച് അതിന് പിറകെ വിട്ടു.
ഞാന്‍ അകം പൂകി, എല്ലാം പഴയ പടി.
ഇനിയിതില്‍ തൂങ്ങിക്കിടക്കരുത്, എഴുതി എല്ലാം അവസാനിപ്പിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com