സ്വപ്നസഞ്ചാരികളുടെ രാത്രി: 'ദ ഡെ ദ സണ്‍ ഡൈഡ്' എന്ന നോവലിനെക്കുറിച്ച് 

ചൈനീസ് എഴുത്തുകാരന്‍ യാന്‍ ലിയാന്‍കെയുടെ 'ദ ഡെ ദ സണ്‍ ഡൈഡ്' എന്ന നോവലിനെക്കുറിച്ച് 
സ്വപ്നസഞ്ചാരികളുടെ രാത്രി: 'ദ ഡെ ദ സണ്‍ ഡൈഡ്' എന്ന നോവലിനെക്കുറിച്ച് 

ന്റെ രചനകള്‍ ഭരണാധികാരികള്‍ക്ക് കനത്ത പ്രഹരമായി മാറണമെന്ന് നിര്‍ബന്ധമുള്ള എഴുത്തുകാരനാണ് യാന്‍ ലിയാന്‍കെ. ചൈനയിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരനും നിരവധി അന്താരാഷ്ട്ര പുരസ്‌കാര ജേതാവുമാണ് അദ്ദേഹം. പക്ഷേ, അദ്ദേഹത്തിന്റെ നോവലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട ഉടന്‍തന്നെ ചൈനയില്‍ നിരോധിക്കപ്പെടുകയാണ് പതിവ്. അതുകൊണ്ട് തന്നെ തയ്വാനിലാണ് യാന്‍ ലിയാന്‍കെ തന്റെ നോവലുകള്‍ പ്രസിദ്ധീകരിക്കുക. യാന്‍ ലിയാന്‍കെയുടെ പുതിയ നോവല്‍ 'ദ ഡെ ദ സണ്‍ ഡൈഡ്' ചൈനയില്‍ നിരോധിക്കപ്പെടാതിരിക്കാന്‍ കാരണം മുന്‍ കൃതികളെ അപേക്ഷിച്ച് വളരെ ലളിതമായ വിമര്‍ശനമാണ് അദ്ദേഹം ഭരണകൂടത്തിനെതിരെ നടത്തിയിട്ടുള്ളത് എന്നതാണ്. എങ്കിലും ചൈനീസ് പ്രസിഡന്റ് സി ചിന്‍പിങിന്റെ 'ചൈനീസ് ഡ്രീം' എന്ന ആശയത്തിനെതിരെയുള്ള കടുത്ത ആക്ഷേപഹാസ്യമാണ് നോവലില്‍ നിറഞ്ഞുനില്‍ക്കുന്നത്. സ്വപ്നസഞ്ചാരികള്‍ നിറഞ്ഞ ഒരു ഗ്രാമത്തിന്റെ ഒറ്റ രാത്രിയിലെ കഥ അവതരിപ്പിച്ചുകൊണ്ട് 'ചൈനീസ് ഡ്രീം' എന്ന സങ്കല്‍പ്പം എത്രമാത്രം കാല്‍പ്പനികവും അയഥാര്‍ത്ഥവുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായതിന്റെ നൂറാം വാര്‍ഷികമായ 2021-ഓടെ ചൈനയെ ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളുടെ മുന്‍നിരയിലേക്ക് കൊണ്ടുവരിക, പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ നൂറാം വാര്‍ഷികമായ 2049-ല്‍ അമേരിക്കയുടെ മേല്‍ ചൈനീസ് സാമ്പത്തികാധിപത്യം സ്ഥാപിക്കുക എന്നതൊക്കെയാണ് 'ചൈനീസ് ഡ്രീം' ഉള്‍ക്കൊള്ളുന്നത്. മാവോ സേതുങിന്റെ ഭരണകാലത്തെപോലെ ഇതിനായി ജനങ്ങള്‍ വന്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടതുണ്ടെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടിരുന്നു. ഇതെത്രത്തോളം അപഹാസ്യമായ ഒരു സ്വപ്നമാണെന്ന് 'ദ ഡെ ദ സണ്‍ ഡൈഡ്' എന്ന നോവലിലൂടെ യാന്‍ ലിയാന്‍കെ വരച്ചുകാട്ടുന്നു. 

തന്റെ നോവലുകള്‍ രാഷ്ട്രീയപരമായി മാത്രം വായിക്കുന്നതിനോട് കടുത്ത എതിര്‍പ്പ് യാന്‍ ലിയാന്‍കെ പ്രകടിപ്പിച്ചിട്ടുണ്ട്. ജനിച്ചുവളര്‍ന്ന ഹനാന്‍ പ്രവിശ്യയുടേയും ബുലു പര്‍വ്വത താഴ്വാരത്തിലെ ജനങ്ങളുടേയും കഥകളാണ് താന്‍ പറയുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാദം. അതില്‍ പക്ഷേ, രാഷ്ട്രീയം കലരാതിരിക്കാന്‍ കഴിയില്ല. ഒരു കാലഘട്ടത്തിന്റെ കഥ പറയുമ്പോള്‍ അന്നത്തെ രാഷ്ട്രീയം അവതരിപ്പിച്ചില്ലെങ്കില്‍ അതൊരിക്കലും നീതീകരിക്കാനാവില്ല. മാവോ സേതുങിന്റെ നയമായ 'ഗ്രേറ്റ് ലീപ് ഫോര്‍വാഡി'ന്റേയും അതിന്റെ ഫലമായുണ്ടായ വന്‍ ക്ഷാമത്തിന്റേയും ജനങ്ങള്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളുടേയും കഥ പറയുന്ന  'ദ ഫോര്‍ ബുക്സ്' എന്ന കൃതിയിലൂടെ ചെയര്‍മാന്‍ മാവോയുടെ വികല നയങ്ങളേയും അത് നടപ്പാക്കിയ രീതിയേയും കടുത്ത സ്വരത്തിലാണ് യാന്‍ ലിയാന്‍കെ ആക്രമിക്കുന്നത്. ഹനാന്‍ പ്രവിശ്യയിലെ ബ്ലഡ് ഡൊണേഷന്‍ പ്രോഗ്രാമിന്റേയും തുടര്‍ന്നുണ്ടായ വ്യാപകമായ എയ്ഡ്സ് ബാധയുടേയും കഥ പറയുന്ന 'ഡ്രീം ഓഫ് ഡിങ് വില്ലേജ്' പ്രസിദ്ധീകരിക്കപ്പെട്ട ഉടന്‍തന്നെ ചൈനയില്‍ നിരോധിക്കുകയായിരുന്നു. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായുണ്ടായ അഴിമതിയുടേയും മൂല്യച്യുതിയുടേയും കഥ പറഞ്ഞ 'ദ എക്സ്പ്ലോഷന്‍ ക്രോണിക്കിള്‍സ്' കടുത്ത വിമര്‍ശനത്തിന് ഇരയായിട്ടുണ്ട്. മിത്തോ-റിയലിസം എന്ന പുതിയൊരു ആവിഷ്‌കാര രീതി തന്നെ ലിയാന്‍കെ ഈ നോവലില്‍ അവതരിപ്പിച്ചു. എന്നാല്‍ തന്റെ പുതിയ നോവലായ 'ദ ഡെ ദ സണ്‍ ഡൈഡി'ല്‍ ലിയാന്‍കെ ഇതിനൊന്നും മുതിരുന്നില്ല. നിദ്രാടനം എന്ന പ്രതിഭാസത്തെക്കുറിച്ച് ഒരു നോവലെഴുതുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത് എന്നാണ് അദ്ദേഹത്തിന്റെ മതം. എന്നാല്‍, ലിയാന്‍കെയുടെ സ്ഥിരം പരിഭാഷകനും ചൈനീസ് സാഹിത്യ പണ്ഡിതനുമായ കാര്‍ലോസ് റോജാസ് ഈ നോവല്‍ ഭാഗികമായെങ്കിലും ചൈനീസ് പ്രസിഡന്റ് ചിന്‍ പെങിന്റെ 'ചൈനീസ് ഡ്രീം' എന്ന ആശയത്തിനെതിരെയുള്ള വിമര്‍ശനമായിക്കൂടി വായിക്കാമെന്ന് നോവലിനെഴുതിയിട്ടുള്ള ആമുഖത്തില്‍ പ്രസ്താവിക്കുന്നുണ്ട്. 

സ്വപ്നാടകരുടെ രാത്രിയിലെ അതീവ ഗുരുതരമായ സംഭവവികാസങ്ങളെക്കുറിച്ച് എഴുതാന്‍ കഴിയാത്ത യാന്‍ ലിയാന്‍കെ സ്വയം ഒരു കഥാപാത്രമായി നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എഴുത്തുകാരന്‍ തന്റെ കൃതികളില്‍ കഥാപാത്രമായി പ്രത്യക്ഷപ്പെടുക എന്നത് നേരത്തെ തന്നെ ഫിലിപ്പ് റോത്ത്, സ്റ്റീഫന്‍ കിങ് തുടങ്ങിയ പ്രശസ്ത എഴുത്തുകാര്‍ തങ്ങളുടെ കൃതികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ 'ദ ഡേ ദ സണ്‍ ഡൈഡി'ല്‍ യാന്‍ ലിയാന്‍കെ സ്വയം ഒരു സ്വപ്നാടകനായി തീരുകയാണ്. റൈറ്റേഴ്സ് ബ്ലോക്ക് എന്ന അവസ്ഥയില്‍പ്പെട്ട അദ്ദേഹം സ്വയം പീഡിപ്പിക്കുന്നു. തന്റെ ഗ്രാമമായ ഗോട്ടിയാനിലെ സംഭവവികാസങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ മരണമാണ് അഭികാമ്യം എന്ന് വിലപിച്ച അദ്ദേഹം തന്റെ ശിരസ് മതിലില്‍ ഇടിക്കുന്നു. ഇതെല്ലാം നാം അറിയുന്നത് നോവലിലെ നായകനായ പന്ത്രണ്ട് വയസ്സുകാരന്‍ ലീനിയിന്നിയാന്‍ എന്ന മന്ദബുദ്ധിയായ ബാലനിലൂടെയാണ്. അവന്റെ അയല്‍പക്കക്കാരനാണ് നോവലിലെ യാന്‍ ലിയാന്‍കെ. സ്വപ്നയാത്രക്കിടയില്‍ നിയാന്നിയാന്റെ പിതാവ് യാന്‍ ലിയാന്‍കെയോട് പറയുന്നു: ''ലിയാന്‍കെ ജ്യേഷ്ഠാ, ഈ രാത്രിയിലെ സംഭവങ്ങള്‍ താങ്കള്‍ക്ക് ഒരു നോവലിന് വിഷയമാക്കാവുന്നതാണ്.'' പക്ഷേ തനിക്ക് ഒന്നുംതന്നെ എഴുതാന്‍ കഴിയുന്നില്ലെന്ന് യാന്‍ ലിയാന്‍കെ (കഥാപാത്രം) തിരിച്ചറിയുന്നു. അയാള്‍ എഴുതാനായി മാത്രം വാങ്ങിയ തടാകക്കരയിലെ കെട്ടിടത്തിലേക്ക് കുതിച്ചുപായുന്നു. പക്ഷേ, താന്‍ സ്വപ്നാടനത്തിലാണെന്ന കാര്യം ലിയാന്‍ കെ എന്ന കഥാപാത്രം തിരിച്ചറിയുന്നില്ല. 

മലമുകളിലെ കുമ്പസാരം 
താന്‍ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന യാന്‍ ലിയാന്‍കെ എന്ന പ്രശസ്തനായ എഴുത്തുകാരനാണ് ഗോട്ടിയാനിലെ സ്വപ്നാടക രാത്രിയെക്കുറിച്ച് എഴുതാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ലീനിയാന്നിയാന്‍ മലമുകളിലേക്ക് പാഞ്ഞുചെന്ന് ആ രാത്രിയിലെ സംഭവവികാസങ്ങള്‍ ദൈവങ്ങളോട് വിവരിക്കുന്നത്. ബോധിസത്വനും മറ്റ് ദൈവങ്ങളും ആകാശത്തിലിരുന്ന് തന്റെ വിലാപങ്ങള്‍ കേള്‍ക്കുമെന്നാണ് അവന്റെ വിശ്വാസം. നിയാന്നിയാന്‍ മലമുകളില്‍ മുട്ടുകുത്തിയിരുന്ന് സംഭവങ്ങള്‍ വിവരിക്കുന്നതോടെയാണ് 'ദ ഡേ ദ സണ്‍ ഡൈഡ്' ആരംഭിക്കുന്നത്. ഗോട്ടിയാനില്‍ ശവമഞ്ചങ്ങളും റീത്തുകളും മറ്റ് ശവസംസ്‌കാര വസ്തുക്കളും നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നവരാണ് നിയാന്നിയാന്റെ മാതാപിതാക്കളായ ടിയാന്‍ബൗയും സാറയും. നിയാന്നിയാനും അവരെ സഹായിക്കാനായി കടയില്‍ ചെല്ലാറുണ്ട് - ഇങ്ങനെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ലീനിയാന്നിയാന്‍ ദൈവങ്ങളോട് ഭയാനക രാത്രിയിലെ കഥ പറയാന്‍ തുടങ്ങുന്നത്. 

''ഇക്കാര്യം ഭൂമിയെക്കാളും ആകാശത്തൈക്കാളും വലുതാണ്. ഞങ്ങളുടെ ഗ്രാമത്തില്‍ ഇതുമൂലം എത്ര പേരാണ് മരണപ്പെട്ടത്. പട്ടണത്തില്‍ നിരവധി പേര്‍. ഗോതമ്പുമണികള്‍ ഉതിരുന്നത് പോലെയാണ് ജനങ്ങള്‍ മരിച്ചുവീണത്. എല്ലാം ഒറ്റ രാത്രിയിലെ നിദ്രാടനത്തിന്റെ ഫലം'' ലീനിയാന്നിയാന്‍ ദൈവങ്ങളെ അറിയിക്കുന്നു. 

ഡ്രാഗണ്‍ ഉത്സവം കഴിഞ്ഞ് ഗ്രാമത്തില്‍ വിളവെടുപ്പ് ആരംഭിച്ചുകഴിഞ്ഞിരുന്നു. മുന്‍വര്‍ഷങ്ങളെക്കാള്‍ മികച്ച വിളവാണ് ഇത്തവണ. പകല്‍ മുഴുവന്‍ ഗ്രാമീണര്‍ വയലുകളില്‍ ഗോതമ്പ് കൊയ്തെടുക്കുകയാണ്. സന്ധ്യയ്ക്ക് ക്ഷീണിതരായി കൊയ്തെടുത്ത ഗോതമ്പ് ചാക്കുകള്‍ തോളിലേറ്റി മടങ്ങിയ ഗ്രാമീണര്‍ ഉറക്കം പിടിച്ചുകഴിഞ്ഞു. പെട്ടെന്നാണ് നിയാന്നിയാന്‍ എന്തോ ശബ്ദം കേട്ടത്. നിരവധി കാലടികള്‍ നിലത്ത് പതിയുന്ന ശബ്ദം. നഗ്‌നനായ ഒരാളുടെ പിറകെ ഒരു കൂട്ടം കുട്ടികള്‍ ഓടിവരികയാണ്. വൈകിയും ജോലി ചെയ്തുകൊണ്ടിരുന്ന അച്ഛനും അമ്മയ്ക്കുമരികില്‍നിന്ന് നിയാന്നിയാന്‍ ഓടി പുറത്തേക്ക് വന്നു. അടുത്ത തെരുവില്‍ താമസിക്കുന്ന ഷാങ് അമ്മാവനെ അവന്‍ തിരിച്ചറിഞ്ഞു. ''അയാള്‍ സ്വപ്നത്തില്‍ നടക്കുകയാണ്'' കുട്ടികള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. അത് സത്യം തന്നെയായിരുന്നു. അയാളുടെ കണ്ണുകള്‍ പാതിയടഞ്ഞിരുന്നു. മയക്കത്തിലെന്നപോലെ അയാള്‍ പിറുപിറുത്തു. ''എന്റെ ഗോതമ്പ് ഞാന്‍ കൊയ്തെടുത്തില്ലെങ്കില്‍ ഭാര്യ തിരിച്ചുവരുമ്പോള്‍ അവള്‍ക്ക് എന്ത് കൊടുക്കും?'' വാസ്തവത്തില്‍ മടിയനായ അയാളുടെ കൂടെ കഴിയാനാവാതെ ഭാര്യ മറ്റൊരാളുടെ കൂടെ ഓടിപ്പോയിരുന്നു. അവള്‍ തിരിച്ച് തന്റെ അരികില്‍ത്തന്നെ വരുമെന്നാണ് അയാള്‍ പ്രതീക്ഷിക്കുന്നത്. 

തെരുവോരത്തുള്ള തന്റെ വയലിലെത്തിയ ഷാങ് അമ്മാവന്‍ ഗോതമ്പ് കറ്റകള്‍ കൊയ്യാന്‍ തുടങ്ങി. പെട്ടെന്നാണ് വയലില്‍നിന്ന് ഒരു കാടന്‍പൂച്ച അയാളുടെ തോളിലേക്ക് ചാടിക്കയറിയത്. ഗാഢനിദ്രയില്‍നിന്നുണരുന്നപോലെ ഷാങ് ഞെട്ടിയുണര്‍ന്നു. ''ഞാന്‍ എങ്ങനെ ഇവിടെ എത്തിച്ചേര്‍ന്നു? ഇതെന്റെ വയലാണല്ലോ. ഞാന്‍ എങ്ങനെ ഇവിടെ എത്തിച്ചേര്‍ന്നു?'' അയാള്‍ അലറിക്കൊണ്ടിരുന്നു. 

ഇതിനകം ഗ്രാമം മുഴുവന്‍ സ്വപ്നാടകരാല്‍ നിറഞ്ഞിരുന്നു. കടകള്‍ അടച്ചുപൂട്ടാന്‍ മറന്ന് ഉടമസ്ഥര്‍ നിദ്രയില്‍ പലയിടങ്ങളിലേക്കായി നടക്കാന്‍ തുടങ്ങി. അവര്‍ അര്‍ത്ഥശൂന്യമായ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. സ്വപ്നാടനത്തിനിടെ തൊട്ടടുത്തുള്ള കനാലില്‍ പലരും മുങ്ങിച്ചത്തു. നിയാന്നിയാന്റെ പിതാവിന്റെ ശവമഞ്ചക്കടയില്‍ മഞ്ചങ്ങള്‍ക്കും അലങ്കാര വസ്തുക്കള്‍ക്കുമുള്ള ഓര്‍ഡറുകള്‍ വര്‍ദ്ധിച്ചു. ഉറക്കം വെടിഞ്ഞ് അവര്‍ പണികളിലേര്‍പ്പെട്ടു. ഇതിനിടെ ഉറങ്ങിയാല്‍ മാത്രമേ സ്വപ്നാടനത്തിന് അടിമപ്പെടുകയുള്ളൂ എന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. 
സ്വപ്നാടനം എന്ന പ്രതിഭാസത്തിന് തന്റേതായ ഒരു നിര്‍വ്വചനം കൊടുക്കാന്‍ ലീനിയാന്നിയാന്‍ ശ്രമിക്കുന്നുണ്ട്. ഉണര്‍ന്നിരിക്കുമ്പോള്‍ തങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സ്വപ്നാടന വേളയില്‍ ഒരാള്‍ ചെയ്യും. അത് പക്ഷേ, സഫലമായിക്കൊള്ളണമെന്നില്ല. ഉദ്യോഗസ്ഥ മേധാവികള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ (ഔദ്യോഗിക ഭാഷയില്‍ നടപ്പാക്കാന്‍) ശ്രമിക്കുന്ന നയങ്ങളോട് നിയാന്നിയാന്‍ ഇതിനെ താരതമ്യപ്പെടുത്തുന്നു. മന്ദബുദ്ധിയാണെങ്കിലും അധികാര വര്‍ഗ്ഗത്തോടുള്ള ജനങ്ങളുടെ രോഷമാണ് നിയാന്നിയാന്റെ ഈ താരതമ്യപ്പെടുത്തലിലൂടെ യാന്‍ ലിയാന്‍കെ അവതരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ നോവലില്‍ പലയിടത്തും കണ്ടെത്താന്‍ കഴിയും. 

യാന്‍ ലിയാന്‍കെ
യാന്‍ ലിയാന്‍കെ


മരണമാണ് 'ദ ഡെ ദ സണ്‍ ഡൈഡ്' എന്ന നോവലില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഗ്രാമത്തിലെ സാധാരണക്കാരനായ ഷാങ് മുട്ടൗ ബോസ് വാങ് എന്നൊരാളെ നിയാന്നിയാന്റെ പിതാവിന്റെ കടയില്‍വെച്ച് കൊലപ്പെടുത്തുന്നു. പകല്‍സമയത്ത് അവര്‍ തമ്മിലുണ്ടായ എന്തോ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കടയില്‍ രക്തം തളം കെട്ടി. എന്നാല്‍ ഇതൊന്നും വകവെക്കാതെ നിയാന്നിയാന്റെ മാതാവ് അലങ്കാരപ്പണികളില്‍ ഏര്‍പ്പെട്ടിരിക്കയാണ്. അവര്‍ നിദ്രയിലാണ് തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഒരു ഞെട്ടലോടെയാണ് അവന്‍ മനസ്സിലാക്കിയത്. 
ഇതിനിടെ ഗോട്ടിയാനിലേക്ക് സമീപ ഗ്രാമങ്ങളില്‍നിന്നും പട്ടണങ്ങളില്‍നിന്നും കടകളും വീടുകളും കൊള്ളയടിക്കാന്‍ ജനങ്ങള്‍ കൂട്ടം കൂട്ടമായി എത്തിക്കൊണ്ടിരുന്നു. ഗോട്ടിയാന്‍ പൂര്‍ണ്ണമായും നിദ്രാടകരെക്കൊണ്ടും അവരെ കൊള്ളയടിക്കാന്‍ എത്തിയവരെക്കൊണ്ടും നിറഞ്ഞു കഴിഞ്ഞിരുന്നു. 

കച്ചവടച്ചരക്കാകുന്ന മൃതദേഹങ്ങള്‍
സ്ഥലലഭ്യത വിപുലീകരിക്കാന്‍ മാവോ സേതുങിന്റെ കാലത്തുതന്നെ വിപുലമായ തോതില്‍ ചൈനയില്‍ വൈദ്യുതി ശ്മശാനങ്ങള്‍ ആരംഭിച്ചിരുന്നു. വ്യവസായവല്‍ക്കരണത്തിനായി കൂടുതല്‍ ഭൂമി ആവശ്യമായി വന്നപ്പോഴാണ് ഇത് വ്യാപകമായത്. എന്നാല്‍ പുരാതന ചൈനീസ് ആചാരപ്രകാരം ശവശരീരം അഗ്‌നിക്കിരയാക്കുക എന്നത് അചിന്തനീയമായിരുന്നു. യാന്‍ ലിയാന്‍കെയുടെ 'ദ ഫോര്‍ ബുക്സ്' എന്ന നോവലില്‍ ഇതിനെക്കുറിച്ച് വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. 

ശവശരീരങ്ങള്‍ വൈദ്യുതി ശ്മശാനത്തിലേക്ക് കൊണ്ടുപോകാതെ രഹസ്യമായി സ്വന്തം സ്ഥലത്ത് മറവ് ചെയ്യുക എന്ന പതിവ് ഇപ്പോഴും ചിലരൊക്കെ അനുവര്‍ത്തിച്ചു വന്നിരുന്നു. ലീനിയാന്നിയാന്റെ അമ്മാവന്‍ ഷാവോ ആണ് വൈദ്യുതി ശ്മശാനത്തിന്റെ ചുമതലക്കാരന്‍. കടുത്ത അഴിമതിക്കാരനായിരുന്നു അയാള്‍. ഗ്രാമത്തില്‍ എവിടെ മരണം നടന്നാലും വിവരം തന്നെ അറിയിക്കാന്‍ അയാള്‍ പലരേയും ചുമതലപ്പെടുത്തിയിരുന്നു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു നിയാന്നിയാന്റെ പിതാവ്. എന്നാല്‍, വളരെ രഹസ്യമായാണ് അയാള്‍ ഇക്കാര്യം നിര്‍വ്വഹിച്ചിരുന്നത്. 

ഷാവോ മൃതദേഹങ്ങള്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുക മാത്രമല്ല, അവ പൂര്‍ണ്ണമായും ചാരമാകും മുന്‍പ് ഒരു പ്രത്യേക അളവില്‍ വൈദ്യുതി ക്രമീകരിച്ച് ശവശരീരങ്ങളില്‍നിന്ന് മജ്ജ ഊറ്റിയെടുത്ത് വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. വന്‍ വ്യവസായശാലകള്‍ക്കാണ് അയാള്‍ ഇത് കൈമാറിയിരുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന എണ്ണ വീപ്പകളില്‍ നിറച്ച് സീല്‍ ചെയ്ത് നിയാന്നിയാന്റെ പിതാവ് വഴിയാണ് അയാള്‍ കച്ചവടം നടത്തിയിരുന്നത്. ആദ്യകാലങ്ങളില്‍ ലാഭകരമായ ഈ തൊഴില്‍ ടിയാന്‍ബൗ ഉത്സാഹത്തോടെ തന്നെ നടത്തിയിരുന്നെങ്കിലും പിന്നീടയാളെ കുറ്റബോധം പിടികൂടി. അവസാന നാളുകളില്‍ അയാള്‍ എണ്ണ വീപ്പകള്‍ റിസര്‍വോയറിന് സമീപമുള്ള ഒരു ഗുഹയില്‍ ഒളിച്ചുവെക്കാനും കൃത്യമായ തുക ഷാവോക്ക് നല്‍കാനും തുടങ്ങി. 

തങ്ങള്‍ രഹസ്യമായി ചെയ്യുന്ന ശവസംസ്‌കാരച്ചടങ്ങുകള്‍ വൈദ്യുതി ശ്മശാന ഡയറക്ടറായ ഷാവോ അറിയുന്നതെങ്ങനെ എന്ന് ഗ്രാമീണര്‍ ആവലാതിപ്പെട്ടിരുന്നു. ആരെങ്കിലും സ്വന്തം സ്ഥലത്ത് സംസ്‌കാരച്ചടങ്ങ് നടത്തിയാല്‍ ഉടന്‍തന്നെ ഷാവോ അതറിയുകയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് തന്റെ ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ രണ്ട് ദിവസം പഴകിയ ഒരു മൃതദേഹം അവിടെ വെച്ചുതന്നെ അയാള്‍ കത്തിച്ചുകളഞ്ഞു. താന്‍ ഭരണകര്‍ത്താക്കളുടെ ആജ്ഞ അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് അയാളുടെ വാദം. 


വളരെ അവിചാരിതമായാണ് ലീനിയാന്നിയാന്‍ തന്റെ അമ്മാവന്റെ ദുഷ്ചെയ്തികള്‍ മനസ്സിലാക്കിയത്. ഒരിക്കല്‍ വൈദ്യുതി ശ്മശാനത്തിലെത്തിയ അവന്‍ മൃതദേഹങ്ങള്‍ സംസ്‌കരണത്തിനായി കിടത്തുന്ന ഫലകത്തിനടിയില്‍ ചെറിയ ട്യൂബുകള്‍ ഘടിപ്പിച്ചിരിക്കുന്നത് കണ്ടു. ഇതിന്റെ അറ്റം അവസാനിക്കുന്നത് പുറത്ത് നിരത്തിവെച്ചിരിക്കുന്ന വീപ്പയിലാണ്. വീപ്പയിലേക്ക് എത്തിനോക്കിയ അവന്‍ കണ്ടത് തവിട്ടുനിറത്തിലുള്ള ഒരു ദ്രാവകം വീപ്പയിലേക്ക് ഒഴുകിവീഴുന്നതായിരുന്നു. ശ്മശാനത്തിലെ തൂപ്പുകാരിയായ ലിറ്റില്‍ ഹുവാനാണ് അത് മനുഷ്യശരീരത്തില്‍ നിന്നൂറിവരുന്ന കൊഴുപ്പാണെന്നും വന്‍തുകയ്ക്ക് ഷാവോ ഈ കൊഴുപ്പ് വില്‍പ്പന നടത്തുകയാണെന്നും പറഞ്ഞുകൊടുത്തത്. ഇതോടെ അവന്‍ അമ്മാവനെ വെറുക്കാന്‍ തുടങ്ങി. ഈ വെറുപ്പു മൂലമാണ് ഗ്രാമത്തിലെത്തിയ കൊള്ളക്കാര്‍ക്ക് തന്റെ അമ്മാവന്റെ പക്കല്‍ ധാരാളം സ്വര്‍ണ്ണാഭരണങ്ങളും പണവുമുണ്ടെന്ന് പറഞ്ഞുകൊടുത്തതും അയാള്‍ എവിടെയാണ് താമസമെന്ന് ചൂണ്ടിക്കാട്ടിയതും. 

താന്‍ താമസിക്കുന്ന സമ്പന്നരുടെ ഗ്രാമത്തിലെ എല്ലാവരേയും വിഷാംശം കലര്‍ന്ന ഭക്ഷണപാനീയങ്ങള്‍ നല്‍കി കൊന്നൊടുക്കാനും അവരുടെ സമ്പത്ത് മുഴുവന്‍ കവര്‍ന്നെടുക്കാനും പദ്ധതിയിട്ടിരിക്കുന്ന സമയത്താണ് കവര്‍ച്ചക്കാര്‍ അയാളുടെ താമസസ്ഥലത്തെത്തിയതും സ്വപ്നാടകരായി തീര്‍ന്ന എല്ലാവരേയും കവര്‍ച്ച ചെയ്തതും കൊലപ്പെടുത്തുകയും ചെയ്തത്. കൂടാതെ അവര്‍ വൈദ്യുതി ശ്മശാനത്തിലെത്തി ഉപകരണങ്ങള്‍ മുഴുവന്‍ നശിപ്പിക്കുകയും ഓഫീസ് കെട്ടിടം അഗ്‌നിക്കിരയാക്കുകയും ചെയ്തു. 

ഭരണാധികാരികളുടെ നാടകം 
ഗോട്ടിയാന്‍ ഗ്രാമമുഖ്യന്റെ വസതിയില്‍ രസകരങ്ങളായ സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരുന്നത്. ഗ്രാമമുഖ്യനും ഭാര്യയും സ്വപ്നാടനത്തിനിടെ തങ്ങള്‍ക്കിഷ്ടപ്പെട്ട ആഹാരങ്ങള്‍ ഉണ്ടാക്കുകയും അവ ഭക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒപ്പം ധാരാളം വൈനും കുടിച്ചുകൊണ്ടിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് ഗ്രാമത്തിലെ സുന്ദരിയായ വിധവയെ താന്‍ വിവാഹം കഴിക്കുമെന്ന് ഗ്രാമമുഖ്യന്‍ പ്രസ്താവിക്കുന്നു. ഗോട്ടിയാനിലെ സംഭവവികാസങ്ങള്‍ അറിയിക്കാന്‍ ചെന്ന നിയാന്നിയാനും പിതാവും ഈ കാഴ്ചയാണ് കാണുന്നത്. 
നയങ്ങള്‍ ആവിഷ്‌കരിക്കുകയും അവ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയുമല്ലാതെ വര്‍ഷങ്ങളായി ചൈനീസ് ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്ന് യാന്‍ ലിയാന്‍കെ വിവിധ അഭിമുഖങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്. സത്യസന്ധനായ എഴുത്തുകാരന് ചൈനയില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് ജീവിച്ചുപോവുക ദുഷ്‌കരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ദിനേന കര്‍ശനമാക്കുന്നു. എങ്കിലും എഴുത്തുകാരന് നിശ്ശബ്ദനായിരിക്കാന്‍ കഴിയുകയില്ലെന്നും അദ്ദേഹം 'ദ ഗാര്‍ഡിയന്' നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. 

വാസ്തവത്തില്‍ ഗോട്ടിയാന്‍ എന്ന സാങ്കല്‍പ്പിക ഗ്രാമം ചൈനയുടെ ഒരു പരിച്ഛേദമാണ്. ചൈനാ വന്‍കരയില്‍ എല്ലാ ദിവസവും നടമാടുന്ന കാര്യങ്ങള്‍ മാത്രമാണ് ഒറ്റ രാത്രിയില്‍ ഗോട്ടിയാന്‍ ഗ്രാമത്തില്‍ അരങ്ങേറിയത്. എങ്ങനേയും പണം സമ്പാദിക്കുക എന്നത് മാത്രമായിരിക്കുന്നു ഇന്ന് ഓരോ പൗരന്റേയും ലക്ഷ്യം. പൊലീസും ഭരണാധികാരികളും ഇക്കാര്യത്തില്‍ വിഭിന്നരല്ല. ഗോട്ടിയാനില്‍ കൊള്ളയും കൊലപാതകങ്ങളും അരങ്ങേറുമ്പോഴും പൊലീസ് സ്വപ്നാടകരാണ്. അവര്‍ ഉറക്കത്തില്‍ നിന്നുണരാന്‍ വിസമ്മതിക്കുന്നു.

ഗ്രാമത്തിന്റെ മുഴുവന്‍ ചുമതലയുമുള്ള ഗ്രാമമുഖ്യനാകട്ടെ, എങ്ങനെ തന്റെ വെപ്പാട്ടിയെ സ്വന്തമാക്കാം എന്ന ചിന്തയില്‍ത്തന്നെ മുഴുകിയിരിക്കുകയാണ്. 
ഗ്രാമത്തെ മുഴുവന്‍ ഉണര്‍ത്താന്‍ ടിയാന്‍ ബൗയും കുടുംബവും തീവ്രശ്രമം നടത്തുന്നുണ്ട്. സ്വപ്നാടകരെ ഉണര്‍ത്തി പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഗ്രാമചത്വരത്തില്‍ അവര്‍ കടുപ്പമേറിയ ചായ വിതരണം ചെയ്യുന്നു. ചിലരൊക്കെ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേര്‍ നിദ്രാടനത്തിന് അടിപ്പെടുകയാണ്. 

ഏറ്റുപറച്ചിലുകളുടെ രാത്രി 
ഡ്രാഗണ്‍ ഉത്സവം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് ഗ്രാമത്തില്‍ നിദ്രാടകരുടെ രാത്രിയുടെ തുടക്കം. കാലഗണന വ്യക്തമായി രേഖപ്പെടുത്തുന്നില്ലെങ്കിലും പ്രസിഡന്റിന്റെ 'ചൈനീസ് ഡ്രീം' പ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസങ്ങളിലൊന്നാണിതെന്ന് പരിഭാഷകനും യാന്‍ ലിയാന്‍കെയുടെ വ്യാഖ്യാതാവുമായ കാര്‍ലോസ് റോജാസ് അഭിപ്രായപ്പെടുന്നു. 

ലീനിയാന്നിയാന്റെ പിതാവ് ടിയാന്‍ ബൗ യാദൃച്ഛികമായാണ് നിദ്രാടകനായി തീരുന്നത്. മുന്‍കാലങ്ങളില്‍ തന്റെ ഭാര്യാസഹോദരന് ഗ്രാമത്തിലെ മരണങ്ങളെക്കുറിച്ച് അറിവ് നല്‍കിയതില്‍ അയാള്‍ ദുഃഖിതനായിരുന്നു. ഈ കുറ്റബോധം മൂലമാണ് മനുഷ്യക്കൊഴുപ്പ് വില്‍പ്പന നടത്താതെ അയാള്‍ റിസര്‍വോയറിന് സമീപത്തെ ഗുഹയില്‍ സൂക്ഷിച്ചതും. നിദ്രാടനത്തില്‍ അകപ്പെട്ടതോടെ അയാള്‍ താന്‍ ചതിച്ച് മരണത്തെക്കുറിച്ച് അറിവ് കൊടുത്ത ഓരോ ഗൃഹത്തിലും ചെന്ന് അയാള്‍ മാപ്പിരന്നു. ചിലര്‍ കാലങ്ങള്‍ ഏറെ കഴിഞ്ഞതുകൊണ്ട് അത് മറന്നുകളയാനും വീട്ടില്‍ ചെന്ന് വിശ്രമിക്കാനും ഉപദേശിച്ചു. മറ്റു ചിലര്‍ അയാളെ ഭര്‍ത്സിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. അതെല്ലാം അയാളുടെ ബന്ധുക്കളായിരുന്നു. ബന്ധുക്കളല്ലാത്ത അയല്‍പക്കക്കാരാകട്ടെ, അയാളെ മൃഗീയമായിത്തന്നെ മര്‍ദ്ദിച്ചു. ടിയാന്‍ ബൗയാകട്ടെ, ഇതെല്ലാം താന്‍ അര്‍ഹിക്കുന്നതാണ് എന്ന ഭാവത്തില്‍ നിശ്ശബ്ദനായി മര്‍ദ്ദനങ്ങളെല്ലാം ഏറ്റുവാങ്ങി. ദൃക്സാക്ഷിയായ നിയാന്നിയാന്‍ വളരെ പാടുപെട്ടാണ് അയാളെ വീട്ടിലെത്തിച്ചത്. 

വീട്ടിലെത്തിയ ടിയാന്‍ ബൗ ഇതെല്ലാം മറന്നുകഴിഞ്ഞിരുന്നു. അതിനിടെ അവര്‍ നോവലിലെ കഥാപാത്രങ്ങളിലൊരാളായ എഴുത്തുകാരന്‍ യാന്‍ ലിയാന്‍കെയെ കണ്ടുമുട്ടിയിരുന്നു. അദ്ദേഹവും സ്വപ്നസഞ്ചാരിയായിരുന്നു. കണ്ണുകള്‍ പാതിയടഞ്ഞിരുന്നു. തനിക്കിനി ഒന്നും എഴുതാന്‍ കഴിയില്ലെന്നും അല്‍പ്പം പ്രചോദനം ലഭിക്കാനായി താന്‍ റിസര്‍വോയറിന് സമീപത്തെ വീട്ടിലേക്ക് പോവുകയാണെന്നും അയാള്‍ പറഞ്ഞു. 

എഴുത്തുകാരന്‍ യാന്‍ ലിയാന്‍കെയുടെ കടുത്ത ആരാധകനാണ് ലീനിയാന്നിയാന്‍. ലിയാന്‍കെയുടെ എല്ലാ നോവലുകളും അവന്‍ പല പ്രാവശ്യം വായിച്ചിട്ടുണ്ട്. എന്നാല്‍ നോവലിസ്റ്റ് കഥാപാത്രമായ തന്റെ പുസ്തകങ്ങള്‍ക്ക് വിചിത്രമായ പേരുകളാണ് നല്‍കിയിരിക്കുന്നത്. ലിയാന്‍കെയുടെ പ്രശസ്ത നോവലായ 'ദ ഫോര്‍ ബുക്സ്' ഇവിടെ ഡെഡ് ബുക്സ് ആയി രൂപാന്തരം പ്രാപിക്കുന്നു. ലെനിന്‍സ് കിസ്സസ് കിസ്സിങ് ലെനിന്‍ ആയും, ഡ്രീം ഓഫ് ദ ഡിങ് വില്ലേജ്, ഡിങ് ഓഫ് ദ ഡ്രീം വില്ലേജ് ആയും തീരുകയാണ് 'ദ ഡെ ദ സണ്‍ ഡൈഡ്' എന്ന നോവലില്‍. സ്വയം പുകഴ്ത്തുക എന്ന ലക്ഷ്യം ലിയാന്‍ കെക്ക് ഇത്തരം വികല കല്‍പ്പനകളിലൂടെ ഇല്ലെന്നു തന്നെയാണ് കരുതേണ്ടത്. കിസ്സിങ് ലെനിനിലെ പല ഭാഗങ്ങളും ലീനിയാന്നിയാന്‍ തന്റെ ദൈവങ്ങളോടുള്ള സംഭാഷണത്തില്‍ ഉദ്ധരിക്കുന്നുണ്ടെങ്കിലും അവയെ കുറിച്ചൊക്കെ വളരെ മെച്ചപ്പെട്ട അഭിപ്രായമല്ല അവനുള്ളത്. ലിയാന്‍കെ എഴുതുന്നത് യഥാര്‍ത്ഥമായി തോന്നിപ്പിക്കുന്നുണ്ടെങ്കിലും ഇതെല്ലാം യഥാര്‍ത്ഥമാണോ എന്ന് നിയാന്നിയാന്‍ അത്ഭുതപ്പെടുന്നുമുണ്ട്. ''നല്ലതോ ചീത്തയോ ആകട്ടെ, അദ്ദേഹം എഴുതുന്നതൊക്കെ വായിക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്.'' അവന്‍ പറയുന്നു. 
നേരം പുലരാറായിട്ടും ഗ്രാമത്തില്‍ നിദ്രാടകരുടേയും കൊള്ളക്കാരുടേയും താണ്ഡവം തുടരുക തന്നെയായിരുന്നു. ഗ്രാമവാസികളെ ഉണര്‍ത്താന്‍ വീണ്ടും നിയാന്നിയാനും പിതാവും ശ്രമമാരംഭിച്ചു. എന്നാല്‍ ഗ്രാമീണരും കൊള്ളക്കാരില്‍ ചിലരും സ്വപ്നസഞ്ചാരികള്‍ തന്നെയായി തുടര്‍ന്നു. സൂര്യന്‍ ഉദിച്ചുയരുന്ന ലക്ഷണം കണ്ടതേയില്ല. സൂര്യവെളിച്ചം പരക്കുന്നതോടെ ഗ്രാമീണര്‍ സ്വപ്നാടനത്തില്‍ നിന്നുണരുമെന്ന് അയാള്‍ക്കറിയാമായിരുന്നു. പെട്ടെന്ന് ഒരു വെളിപാട് പോലെ അയാള്‍ റിസര്‍വോയറിന് പിറകിലെ ഗുഹയിലേക്കോടി. മറ്റ് പലരുടേയും സഹായത്തോടെ മനുഷ്യക്കൊഴുപ്പ് നിറച്ച വീപ്പകള്‍ അയാള്‍ താഴ്വാരത്തിലെ തടാകക്കരയിലെത്തിച്ചു. ഒന്നൊന്നായി നൂറുകണക്കിന് വീപ്പകള്‍ തുറന്ന് ദ്രാവകം അയാള്‍ തടാകത്തിലേക്കൊഴുക്കി. എല്ലാ വീപ്പകളും കാലിയായതോടെ സൂര്യന്റെ ആദ്യരശ്മികള്‍ പര്‍വ്വതത്തിന് മുകളില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ ഗ്രാമത്തേയും പട്ടണത്തേയും ഗ്രന്ഥകര്‍ത്താവ് യാന്‍ ലിയാന്‍കെയും രക്ഷിക്കണമെന്ന് ദൈവങ്ങളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് നിയാന്നിയാന്‍ തന്റെ ഭാഷണം അവസാനിപ്പിക്കുന്നത്. 

പോയ കാലത്തെ ദുഷ്ചെയ്തികള്‍ക്ക് പരിഹാരം കാണാതെ ഒരു രാഷ്ട്രമോ ജനതയോ വ്യക്തിയോ രക്ഷപ്പെടുകയില്ലെന്നാണ് നിയാന്നിയാന്റെ പിതാവിന്റെ കുറ്റബോധത്തോടെയുള്ള ഏറ്റുപറച്ചില്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. മുന്‍ സര്‍ക്കാരുകളുടെ വികല നയങ്ങള്‍ തിരുത്താന്‍ പിന്നീട് വന്ന ഭരണകൂടം മുതിര്‍ന്നില്ല എന്ന് കുറ്റപ്പെടുത്തുകയാണ് യാന്‍ ലിയാന്‍കെ. 
തന്റെ മുന്‍ നോവലുകളെപ്പോലെ മോഹിപ്പിക്കുന്ന രചനാതന്ത്രമാണ് യാന്‍ ലിയാന്‍കെ ഈ നോവലിലും സ്വീകരിച്ചിരിക്കുന്നത്. ഒറ്റ രാത്രിയിലെ സംഭവവികാസങ്ങള്‍ തികച്ചും കാവ്യാത്മകമായാണ് ലിയാന്‍കെ ആവിഷ്‌കരിക്കുന്നത്. 

1979-ല്‍ തന്റെ 21-ാം വയസ്സില്‍ എഴുതി തുടങ്ങിയ യാന്‍ ലിയാന്‍കെ ചൈനയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരനാണ്. മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയില്‍ രണ്ട് പ്രാവശ്യം അദ്ദേഹം ഇടം പിടിച്ചിട്ടുണ്ട്. 2014-ലെ ഫ്രന്‍സ് കഫ്ക പ്രൈസും യാന്‍ ലിയാന്‍കെ നേടിയിട്ടുണ്ട്. ചൈനയില്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും അതിപ്രശസ്തമായ ഹോങ്ങ്കോങ് ലിറ്റററി പ്രൈസ് നേടിയ നോവല്‍ കൂടിയാണ് 'ദ ഡെ ദ സണ്‍ ഡൈഡ്.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com